ലോകത്തെ എണ്ണം പറഞ്ഞ പത്തോ പതിനഞ്ചോ അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ ഒന്നായിരുന്നു ഇന്ത്യയുടെ അഭിമാന ചലച്ചിത്രമേളയായ (The International Film Festival of India- IFFI). 1952- ൽ മത്സരവിഭാഗം ഇല്ലാതെ ബോംബെയിൽ സംഘടിപ്പിക്കപ്പെട്ട ആദ്യ ചലച്ചിത്രമേളയുടെ രക്ഷാധികാരി പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്റുവായിരുന്നു. ലോകത്തെമ്പാടുമുള്ള വൈവിധ്യമാർന്ന ആഖ്യാനങ്ങളും, സർഗ്ഗാത്മകതയും, സംസ്കാരവും പങ്കുവെക്കപ്പെടുന്ന ഏറ്റവും ശ്രദ്ധേയമായ വേദിയായി ചുരുങ്ങിയ വർഷങ്ങൾകൊണ്ടുതന്നെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യ സ്ഥിരപ്രതിഷ്ഠ നേടി. I965 മുതൽ മത്സരാധിഷ്ഠിത ചലച്ചിത്രമേളയായി ‘ഇഫി’ മാറി.
എല്ലാത്തിനെയും കച്ചവടം ചെയ്യുക എന്ന മുതലാളിത്ത യുക്തി ആഗോളവത്കരണ ഉദാരവത്കരണ നയങ്ങളുടെ ഉദയത്തോടെ തൊണ്ണൂറുകളിൽ ഇന്ത്യയിലും ആവേഗം കൈവരിച്ചുകഴിഞ്ഞതോടെ ‘ഇഫി’യും കച്ചവടത്തിന്റെ വേദിയായി മാറി. 2004 മുതൽ സ്ഥിരവേദിയായി ഗോവ മാറുന്നതോടെ കച്ചവട സിനിമക്കാർക്കും ‘ഇഫി’ പ്രിയവേദിയായി. ബോളിവുഡ് താരങ്ങൾ മേളയുടെ ഉദ്ഘാടന വേദികളിൽ മുഖ്യ ആകർഷണമായി മാറാൻ തുടങ്ങി. സമാന്തര സിനിമകളുടെ ഏറ്റവും വലിയ വേദി കച്ചവട സിനിമാക്കാർ കയ്യടക്കുകയായിരുന്നു, പതിയെപ്പതിയെ.
ലോകത്തിലെ ആദ്യ അന്താരാഷ്ട്ര ചലച്ചിത്രമേളയായി കരുതപ്പെടുന്ന, 1932- ൽ ആരംഭിച്ച വെനീസ് ചലച്ചിത്രമേളയുടെ അധ്യക്ഷൻ മുസോളിനിയുടെ ഫാഷിസ്റ്റ് പാർട്ടി മന്ത്രിസഭയിലെ ധനകാര്യമന്ത്രിയായിരുന്ന ഗുസിപെ വോൾപി ആയിരുന്നു.
ചലച്ചിത്രത്തിന്റെ ചരിത്രത്തിൽ ആദ്യകാലം മുതൽ രാഷ്ട്രീയ പ്രചാരണം ഒരു ലക്ഷ്യമായിരുന്നു എന്ന് അതിന്റെ ചരിത്രം മനസ്സിലാക്കിയവർ തിരിച്ചറിഞ്ഞുകാണും. സാഹിത്യ ഗ്രന്ഥങ്ങൾപോലെ വ്യക്തികളോടല്ല ചലച്ചിത്രം സംവദിക്കുന്നത്, അത് ആൾക്കൂട്ടത്തെയാണ് അഭിസംബോധന ചെയ്യുന്നത്. യന്ത്രസഹായത്താലും ഒരുകൂട്ടം ആളുകളുടെ പ്രയത്നത്താലുമാണ് ഒരു ചലച്ചിത്രം സാധ്യമാവുന്നത്. ജനമനസ്സുകളെ സ്വാധീനിക്കുന്ന കാര്യത്തിലാവട്ടെ സാഹിത്യത്തെക്കാൾ വളരെ ഉയരെയാണ് സിനിമയുടെ സ്ഥാനം. ഈ കാരണം കൊണ്ടുതന്നെ ചലച്ചിത്രത്തെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് ഉപയോഗിക്കാം എന്ന ധാരണ 1920-കളിൽ തന്നെ റഷ്യൻ മാസ്റ്റേഴ്സായ ഐസൻസ്റ്റിനെയും വെർട്ടോവിനെയും പുഡോഫികിനെയും പോലുള്ളവർ തിരിച്ചറിഞ്ഞിരുന്നു. വിപ്ലവാനന്തര റഷ്യയിൽ മാർക്സിസ്റ്റ് ഡയലക്ടികൽ സമീപനം സാധാരണ ജനങ്ങളിലെത്തിക്കാനുള്ള ഏറ്റവും ശക്തമായ മാധ്യമമായി സിനിമയെ അവർ ഉപയോഗിച്ചു.
“എല്ലാ കലകളിലും വച്ച് നമ്മെ സംബന്ധിച്ച് സിനിമയാണ് ഏറ്റവും മുഖ്യം” എന്ന ലെനിന്റെ പ്രശസ്തമായ പ്രഖ്യാപനമാണ് സിനിമയെ ജനകീയ വിദ്യാഭ്യാസത്തിനും രാഷ്ട്രീയ പ്രചാരണത്തിനുമുള്ള ഉപാധിയായി സ്വീകരിക്കാൻ അവരെ പ്രേരിപ്പിച്ചത്. അതേസമയം ഫാഷിസ്റ്റുകൾ അവരുടെ വിദ്വേഷ പ്രചാരണത്തിനും ആൻ്റി സെമിറ്റിക് വികാരം ആളിക്കത്തിക്കാനും സിനിമ ഉപയോഗിച്ചിരുന്നു എന്നതിനും നിരവധി ഉദാഹരണങ്ങളുണ്ട്.
ലോകത്തിലെ ആദ്യ അന്താരാഷ്ട്ര ചലച്ചിത്രമേളയായി കരുതപ്പെടുന്ന, 1932- ൽ ആരംഭിച്ച വെനീസ് ചലച്ചിത്രമേളയുടെ അധ്യക്ഷൻ മുസോളിനിയുടെ ഫാഷിസ്റ്റ് പാർട്ടി മന്ത്രിസഭയിലെ ധനകാര്യമന്ത്രിയായിരുന്ന ഗുസിപെ വോൾപി ആയിരുന്നു. മേളയിലെ ജൂതവിരുദ്ധ പ്രചാരണ സിനിമകൾക്കുമാത്രം പുരസ്ക്കാരം നൽകുക എന്നത് അദ്ദേഹം ഉറപ്പുവരുത്തി.
ഗോവയിലെത്തുന്ന ‘വീർ സവർക്കർ’
ചങ്ങാത്ത മുതലാളിത്തത്തിന്റെ ഏറ്റവും കരുത്തരായ വക്താക്കളായ ഇന്നത്തെ കേന്ദ്ര സർക്കാർ അവരുടെ വർഗീയ- രാഷ്ട്രീയ അജണ്ട കൂടി ഇന്ത്യയുടെ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ കലർത്താൻ ശ്രമിക്കുന്ന കാഴ്ച്ചയാണ് രൺദീപ് ഹൂഡ സംവിധാനം ചെയ്ത 'സ്വാതന്ത്ര്യ വീർ സവർക്കർ' (Swatantrya Veer Savarkar) എന്ന, കലാമൂല്യം ഒട്ടുമേ അവകാശപ്പെടാനില്ലാത്ത ഒരു രാഷ്ട്രീയ പ്രചാരണ സിനിമ ഐ എഫ് എഫ് ഐയുടെ ഇന്ത്യൻ പനോരമ വിഭാഗത്തിലെ ഉദ്‌ഘാടന ചലച്ചിത്രമായി പ്രഖ്യാപിച്ചതിലൂടെ നമുക്ക് കാണാൻ കഴിയുന്നത്.
റിച്ചാർഡ് അറ്റൻബറോ സംവിധാനം ചെയ്ത 'ഗാന്ധി' എന്ന ബയോപിക്കും മിലോസ് ഫോർമാൻ സംവിധാനം ചെയ്ത 'അമദിയൂസ്' എന്ന മ്യൂസിക്കൽ മാസ്റ്ററോ മൊസാർട്ടിനെക്കുറിച്ചുള്ള ബയോപിക്കും സ്റ്റീഫൻ സ്പിൽബർഗിന്റെ 'ഷിന്റ് ലേഴ്‌സ് ലിസ്റ്റും' ഡേവിഡ് ലീൻ സംവിധാനം ചെയ്ത 'ലോറൻസ് ഓഫ് അറേബിയ’യും പോലുള്ള ചലച്ചിത്രങ്ങൾ ചരിത്ര സത്യങ്ങളോട് കൂറ് പുലർത്തുന്നതിൽ (fidelity) ഏറെ പ്രശംസ പിടിച്ചുപറ്റിയവയാണ്. ശ്രമകരമായ ഗവേഷണത്തിലൂടെ ചരിത്രസത്യങ്ങൾ കണ്ടെത്തുകയും അവ കലാപരമായി ചലച്ചിത്രം എന്ന മാധ്യമത്തിലൂടെ ജനങ്ങളിലെത്തിക്കുകയും ചെയ്യുക എന്നതിൽ ഈ സംവിധായകർ വിജയം കൈവരിച്ചു എന്നതാണ്, ഇവയ്ക്കു ലഭിച്ച അംഗീകാരങ്ങൾ കാണിക്കുന്നത്. എന്നാൽ ചരിത്ര സത്യങ്ങളെ ഒരുതരം സ്പൂഫിൽ (spoof) എന്ന പോലെ വക്രീകരിക്കുന്ന, യാതോരു കലാമേന്മയും അവകാശപ്പെടാനില്ലാത്ത സവർക്കർ ചിത്രം ഇന്ത്യൻ പനോരമ വിഭാഗത്തിൽ ഉൾപ്പെടുത്തിയ ചാണകർക്ക് സ്തോത്രം എന്നേ പറഞ്ഞുകൂടൂ.
മുൻ ഐ ഐ ടി പ്രഫസറും സോഷ്യൽ ആക്ടിവിസ്റ്റുമായ രാം പുനിയാനി 'ദ വയർ' എന്ന ഓൺലൈൻ മാധ്യമത്തിൽ ഈ ചിത്രത്തെ ഇങ്ങനെ നിരീക്ഷിക്കുന്നു: "ഹിന്ദു ദേശീയതയുടെ പ്രത്യയശാസ്ത്രത്തെ കേന്ദ്രീകരിച്ച് ഉടലെടുത്ത ഭൂരിപക്ഷവാദത്തിന്റെയും സ്വത്വരാഷ്ട്രീയത്തിന്റെയും ഉയർച്ചയോടെ, ഭിന്നിപ്പിനെ പ്രോത്സാഹിപ്പിക്കുന്ന സിനിമകൾ നിർമ്മിക്കാൻ ചില കന്നി നിർമ്മാതാക്കളും സംവിധായകരും ശ്രമം തുടങ്ങി. ഇത്തരം സിനിമകളുടെ പൊതുവായ വിഷയം സത്യത്തെ വളച്ചൊടിക്കലാണ്. മിക്ക കേസുകളിലും ഹിന്ദു ദേശീയതയെ മഹത്വവൽക്കരിക്കുക എന്നതാണ് ഇവ ലക്ഷ്യമിടുന്നത്. സത്യത്തെ സമർത്ഥമായി തുരങ്കം വയ്ക്കുന്നതും ഫിക്ഷനെ 'വാസ്‌തവമായി’ കെട്ടിപ്പടുക്കുന്നതുമാണ് ഇത്തരം മിക്ക സിനിമകളുടെയും അടിസ്ഥാന പ്രമേയം’’.
'കാശ്മീർ ഫയൽസ്', 'കേരള സ്റ്റോറി' തുടങ്ങിയ സിനിമകൾ നവ ഫാഷിസ്റ്റുകളുടെ വർഗീയ വിഭജന അജണ്ട ഏതുവിധേനയും നടപ്പാക്കാനുള്ള ശ്രമമാണെന്ന് ചലച്ചിത്രകലയെ നെഞ്ചേറ്റിയവർ തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആർ. എസ്. എസ്. മേധാവി മോഹൻ ഭാഗവതും വൻതോതിൽ പ്രോത്സാഹിപ്പിച്ച സിനിമയാണ് 'കാശ്മീർ ഫയൽസ് '. ഈ സിനിമകൾ കാണാനായി ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിന് ബി. ജെ. പി. നേതാക്കൾ ടിക്കറ്റുകൾ മൊത്തമായി വാങ്ങി അവരവരുടെ പ്രദേശങ്ങളിൽ വിതരണം ചെയ്തു എന്നതും ഇതിനോട് ചേർത്തുവായിക്കേണ്ടതുണ്ട്. ഇസ്ലാം സ്വീകരിച്ചവരുടെയും ഐ.എസിലേക്ക് റിക്രൂട്ട് ചെയ്യപ്പെടുന്നവരുടെയും കണക്കുകൾ ആകാശത്തോളം പെരുപ്പിച്ചുകാട്ടിയ 'കേരള സ്റ്റോറി' ഇത്തരം മാനിപ്പുലേഷന്റെ ഞെട്ടിക്കുന്ന മറ്റൊരു ഉദാഹരണം മാത്രം. ഇസ്ലാമോഫോബിയയെ പ്രോത്സാഹിപ്പിക്കുക എന്നതായിരുന്നു ഈ സിനിമകളുടെ ലക്ഷ്യം. 'ഗോഡ്‌സെ' (2022) എന്ന ചിത്രം ഗാന്ധിയുടെ ഘാതകനെ മഹത്വവത്കരിക്കാനുള്ള ശ്രമമായിരുന്നു. അനേകം അസത്യങ്ങൾ കൂട്ടിച്ചേർത്ത് മഹാത്മാഗാന്ധിയുടെ സർവാദരണീയ ഇമേജിൽ ചെളിപുരട്ടുക എന്ന ലക്ഷ്യത്തിൽ നിർമിക്കപ്പെട്ടതാണ് ഈ ചിത്രം. 'ഗോഡ്‌സെ' ചിത്രത്തിന്റെ ആഖ്യാനം സത്യത്തിൽനിന്ന് എത്ര അകലെയാണ് എന്ന് ചരിത്രബോധമുള്ള ഏതൊരു പ്രേക്ഷകർക്കും ബോധ്യപ്പെടും. ഭഗത് സിങ്ങിനെ വധശിക്ഷയ്ക്ക് വിധിച്ചപ്പോൾ അദ്ദേഹത്തെ രക്ഷിക്കാൻ ഗാന്ധി ശ്രമിച്ചില്ലെന്നും ആ യുവ വിപ്ലവകാരിയുടെ വധശിക്ഷയെ അപലപിക്കുന്ന കോൺഗ്രസ് പ്രമേയത്തെ അദ്ദേഹം എതിർത്തുവെന്നും ഈ സിനിമ പറഞ്ഞുവെക്കുന്നു.
നാഷണൽ ഫിലിം ഡവലപ്മെന്റ് കോർപറേഷനും ഇന്ത്യ ഗവൺമെന്റിന്റെ മിനിസ്ട്രി ഓഫ് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്‌കാസ്റ്റിംഗും എന്റർടൈൻമെന്റ് സൊസൈറ്റി ഓഫ് ഗോവയും ചേർന്നാണ് ‘ഇഫി’ സംഘടിപ്പിക്കുന്നത്. ഈ മൂന്ന് സർക്കാർ സംവിധാനങ്ങളിലെ ഉദ്യോഗസ്ഥ തലത്തിലാണ് സിനിമയുടെ തിരഞ്ഞെടുപ്പുൾപ്പടെയുള്ള തീരുമാനങ്ങൾ കൈക്കൊള്ളുന്നത്.
ഇപ്പോഴിതാ രൺദീപ് ഹൂഡയുടെ 'സ്വാതന്ത്ര്യ വീർ സവർക്കർ' എന്ന ചിത്രം വരുന്നു. ഫിക്ഷനെ സത്യമായി അവതരിപ്പിക്കുകയാണ് ഈ ചിത്രം. സവർക്കറെ കാണാൻ പോയ ഭഗത് സിംഗ് ‘ഒന്നാം സ്വാതന്ത്ര്യസമരം’ എന്ന സവർക്കറുടെ പുസ്തകം മറാത്തിയിൽ നിന്ന് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞതായി ഈ ചിത്രം അവകാശപ്പെടുന്നു.
എന്താണ് സത്യം? നിരവധി വിപ്ലവകാരികൾ ഈ പുസ്തകം വായിക്കുകയും അഭിനന്ദിക്കുകയും ചെയ്തിരിക്കാം. 1908- ലോ മറ്റോ മറാത്തിയിൽ എഴുതിയ പുസ്തകം ഒരു വർഷത്തിനുശേഷം ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു എന്നതാണ് വസ്തുത. 1907- ലാണ് ഭഗത് സിംഗ് ജനിച്ചത്. ജീവിതത്തിൽ ഒരിക്കലും അദ്ദേഹം സവർക്കറെ കണ്ടിട്ടില്ല. ഈ വിധത്തിൽ കളവുകൾ പ്രചരിപ്പിക്കാൻ ഒരു ഉളുപ്പുമില്ലാത്ത ഒരു ചലച്ചിത്രാവിഷ്കാരത്തെ എങ്ങനെയാണ് കലയുടെ ഗണത്തിൽപെടുത്താൻ കഴിയുക? ഈ വിധത്തിൽ ചരിത്രത്തിന്റെ വക്രീകരണവും അസത്യപ്രചാരണവും മാത്രം മുന്നോട്ടുവെക്കുന്ന 'സ്വാതന്ത്ര്യ വീർസവർക്കർ' സിനിമ രാജ്യത്തിന്റെ അഭിമാന ചലച്ചിത്രമേളയുടെ ഇന്ത്യൻ പനോരമയിലേക്കു തിരഞ്ഞെടുക്കുകയും ആ ചിത്രത്തെ ഇന്ത്യൻ പനോരമ വിഭാഗത്തിന്റെ ഉദ്‌ഘാടന ചിത്രമായി പ്രതിഷ്ഠിക്കുകയും ചെയ്യുക എന്നത് എന്തിനെയാണ് സൂചിപ്പിക്കുന്നത് എന്ന് നാം ആലോചിക്കേണ്ടതുണ്ട്.
സർക്കാർ തന്നെ ക്യുറേറ്ററാകുന്ന മേള
ഏറ്റവും വിചിത്രമായ കാര്യം, ‘ഇഫി’യ്ക്ക് ഒരു ക്യുറേറ്റർ ഇല്ല എന്നതാണ്. ചലച്ചിത്രത്തെ ആഴത്തിൽ പഠിച്ചിട്ടുള്ള പ്രഗൽഭ ക്യൂറേറ്റർമാരാണ് ലോകത്തിലെ വിഖ്യാത ചലച്ചിത്രമേളകൾ ക്യുറേറ്റ് ചെയ്യുക. എന്നാൽ ‘ഇഫി’യിൽ ഇങ്ങനെയൊരു ക്യുറേറ്റർ ഇല്ല. നാഷണൽ ഫിലിം ഡവലപ്മെന്റ് കോർപറേഷനും (NFDC) ഇന്ത്യ ഗവൺമെന്റിന്റെ മിനിസ്ട്രി ഓഫ് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്‌കാസ്റ്റിംഗും എന്റർടൈൻമെന്റ് സൊസൈറ്റി ഓഫ് ഗോവയും ചേർന്നാണ് ‘ഇഫി’ സംഘടിപ്പിക്കുന്നത്. ഈ മൂന്ന് സർക്കാർ സംവിധാനങ്ങളിലെ ഉദ്യോഗസ്ഥ തലത്തിലാണ് സിനിമയുടെ തിരഞ്ഞെടുപ്പുൾപ്പടെയുള്ള തീരുമാനങ്ങൾ കൈക്കൊള്ളുന്നത് എന്നതുകൊണ്ട് രാഷ്ട്രീയലക്ഷ്യം വച്ചുള്ള ഇടപെടൽ എളുപ്പം സാധ്യമാവുന്നു.
കല കച്ചവടം മാത്രമാവുകയും പിന്നീട് ഫാഷിസ്റ്റ് പ്രചാരണത്തിനുള്ള ഉപാധിയായി മാറുന്നതുമാണ് 55-ാം എഡിഷനിലെത്തിനിൽക്കുന്ന ‘ഇഫി’യുടെ പരിണാമചരിത്രം. ഡിജിറ്റൽ സിനിമയുടെ വരവോടെ കൈവരിച്ച സാങ്കേതിക തികവും പ്രേക്ഷകരുടെ അവബോധത്തിൽ സംഭവിച്ച വലിയ മാറ്റങ്ങൾക്കുമിടയിൽ സമാന്തര സിനിമ (Parallel Cinema), മൂന്നാംലോക സിനിമ (Third World Cinema) തുടങ്ങിയ ചലച്ചിത്ര പദ്ധതികളൊക്കെ പതിയെ പിൻവാങ്ങുകയാണ്. എല്ലാവരും ജനപ്രിയ മുഖ്യധാരയിൽ അലിഞ്ഞുചേരാൻ വ്യഗ്രരരായി നിലയുറപ്പിച്ചിരിക്കുകയാണ്. രൂക്ഷമായ രാഷ്ട്രീയ വിമർശനങ്ങളും വിട്ടുവീഴ്ച്ചയില്ലാത്ത കലാ ആവിഷ്കാരങ്ങളും മൂലധന താത്പര്യങ്ങൾക്ക് വഴങ്ങി മൂർച്ച കുറഞ്ഞുവരുന്ന കാഴ്ച്ചയാണ് പൊതുവിൽ കണ്ടുവരുന്നത്. വലിയതോതിൽ പണം മുടക്കി മാത്രം സാധ്യമാവുന്ന സിനിമ എന്ന കലാരൂപം മൂലധനശക്തികൾക്ക് വഴങ്ങിക്കൊടുക്കേണ്ടിവരും എന്ന പൊതുബോധം സൃഷ്ടിക്കപ്പെട്ടിരിക്കുകയാണ്. കലയേയും കലാകാരരെയും എന്നും ചൊൽപ്പടിക്ക് നിർത്താൻ ശ്രമിക്കുന്ന, അല്ലെങ്കിൽ അവരെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്ന ഫാഷിസ്റ്റുകൾ ലോകത്ത് പിടി മുറുക്കുമ്പോൾ ചലച്ചിത്രമേളകളിലും അവർ ഇടപെടുന്നതിന്റെ നേർചിത്രമാണ് ഗോവയിലും കാണാൻ കഴിയുന്നത്.