സംഘപരിവാർ കൗശലത്തെ ലഘൂകരിച്ചുകാണുകയാണ്​ മേയർ ബീന ഫിലിപ്പ്​

ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായി ബാലഗോകുലം സംഘടിപ്പിച്ച മാതൃ സംരക്ഷണ പരിപാടിയിൽ പങ്കെടുത്ത കോഴിക്കോട് മേയർ ബീന ഫിലിപ്പ്​ നടത്തിയ പ്രസംഗവും പിന്നീട് മാധ്യമങ്ങളിലൂടെ നടത്തിയ വിശദീകരണവും ഹിന്ദുത്വ അജണ്ടയുടെ ഭീഷണിയെയും അവരുടെ കൗശലപൂർവ്വമായ ഇടപെടലുകളെയും സംബന്ധിച്ച ലഘൂകരണവും കുറ്റകരമായ ജാഗ്രതക്കുറവുമാണ് കാണിക്കുന്നതെന്ന്​ സി.പി.എം കോഴിക്കോട്​ ജില്ലാ കമ്മിറ്റി അംഗവും ​കേളു ഏട്ടൻ പഠന ഗവേഷണ കേന്ദ്രം ഡയറക്​ടറുമായ കെ.ടി. കുഞ്ഞിക്കണ്ണൻ.

ബാലഗോകുലം, ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായി സംഘടിപ്പിച്ച മാതൃ സംരക്ഷണ പരിപാടിയിൽ പങ്കെടുത്ത കോഴിക്കോട് മേയർ ബീന ഫിലിപ്പിന്റെ നടപടി സി.പി.എമ്മിന്റെ പ്രഖ്യാപിത നയങ്ങൾക്ക് വിരുദ്ധമാണ്. വളരെ നിർഭാഗ്യകരവും അപലപനീയവുമായ നടപടിയാണ് മേയറുടെ ഭാഗത്തുനിന്നുണ്ടായത്. രാജ്യമിന്ന് അഭിമുഖീകരിക്കുന്ന ഹിന്ദുത്വ ഭീഷണിയെയും സംഘപരിവാറിന്റെ കൗശലപൂർവ്വമായ നീക്കങ്ങളെയും മനസിലാക്കാനും ജാഗ്രത പുലർത്താനും മേയർക്ക് കഴിയാതെ പോയി. അത് രാഷ്ട്രീയ എതിരാളികൾ ഇടതുപക്ഷത്തിന്റെ മതനിരപേക്ഷ നിലപാടുകളിൽ അവിശ്വാസം സൃഷ്ടിക്കാനുള്ള അവസരമാക്കുമെന്നവർ ചിന്തിക്കേണ്ടതായിരുന്നു തനിക്കുണ്ടായ ജാഗ്രതക്കുറവ് മനസ്സിലാക്കി അവരത് ആത്മവിമർശനപരമായി കാണുകയും തിരുത്തുകയും ചെയ്യുമെന്നാണ് കരുതുന്നത്.

അവിടെ അവർ നടത്തിയ പ്രസംഗവും പിന്നീട് മാധ്യമങ്ങളിലൂടെ നടത്തിയ വിശദീകരണവും ഹിന്ദുത്വ അജണ്ടയുടെ ഭീഷണിയെയും അവരുടെ കൗശലപൂർവ്വമായ ഇടപെടലുകളെയും സംബന്ധിച്ച ലഘൂകരണവും കുറ്റകരമായ ജാഗ്രതക്കുറവുമാണ് കാണിക്കുന്നത്.

കേരളീയ സമൂഹത്തെ കാവിവൽക്കരിക്കാനുള്ള ക്രമബദ്ധമായ ഹിന്ദുത്വ അജണ്ടയുടെ ഭാഗമാണ് ബാലഗോകുലത്തെ മുൻനിർത്തി ആർ. എസ്. എസ് കേരളീയ സമൂഹത്തിൽ നടത്തിക്കൊണ്ടിരിക്കുന്ന ശോഭായാത്ര ഇടപെടലുകൾ.
കൃഷ്ണലീലകളുടെയും കൃഷ്ണകഥകളുടെയും കെട്ടിയെഴുന്നേല്പുകളിലൂടെ സൃഷ്ടിക്കുന്ന ഭക്തിസാന്ദ്രമായ പരിസരങ്ങളിലൂടെ സാധാരണ സ്ത്രീകളെയും കുട്ടികളെയും തങ്ങളുടെ ഹിന്ദുത്വ അജണ്ടയിലേക്കടുപ്പിക്കാനാണ് ആർ. എസ്. എസ് ദശകങ്ങളായി ബാലഗോകുലം വഴി ശ്രമിക്കുന്നത്.
വളരെ നിഷ്‌ക്കളങ്കമോ സാധാരണമോ ആയ കൃഷ്ണഭക്തിയല്ല ആർ. എസ്. എസ് ബാലഗോകുലം വഴി കുഞ്ഞുമനസുകളിലേക്ക് കടത്തിവിടുന്നത്, മറിച്ച്​, ദലിതരെയും സ്ത്രീകളെയും നീച ജന്മങ്ങളായും മുസ്​ലിംകളെ പരമശത്രുക്കളുമായും കാണുന്ന വിദ്വേഷ സംസ്‌ക്കാരമാണ്. ഹിന്ദുത്വത്തിന്റെ കൗടില്യങ്ങളെ തിരിച്ചറിയാതെ ഇന്ന്​ സൗഹൃദത്തിന്റെയും സ്‌നേഹത്തിന്റെയും ജനാധിപത്യസംസ്‌കാരത്തെ സംരക്ഷിക്കാനാവില്ല.

ബാലഗോകുലം ഘോഷയാത്രകളിലൂടെ ഹിന്ദുത്വത്തിന് പൊതുസമ്മതിയും സ്വീകാര്യതയും ഉണ്ടാക്കുകയാണ് ആർ. എസ്​.എസ്​ ലക്ഷ്യം. ഹിന്ദുത്വത്തെ പൊതുബോധത്തിന്റെ ഭാഗമാക്കി തങ്ങളുടെ വർഗീയ അജണ്ടക്ക് സമ്മതിനിർമിക്കാനുള്ള കൗശലപൂർവ്വമായ ആസൂത്രണമാണ് ബാലഗോകുലം പരിപാടികൾ. ഇത് തിരിച്ചറിഞ്ഞുകൊണ്ടാണ് സി. പി.എം പലയിടങ്ങളിലും പ്രതിരോധപരമായ ഇടപെടലുകൾക്ക് ശ്രമിച്ചിട്ടുള്ളത്. അത്തരം ഇടപെടലുകളിലൂടെ ശോഭയാത്രകളിലുള്ള കുട്ടികളുടെയും സ്ത്രീകളുടെയും പങ്കാളിത്തം കുറക്കാനും സംഘപരിവാർ അജണ്ട തുറന്നുകാണിക്കാനും കഴിഞ്ഞിട്ടുമുണ്ട്.

ഫാസിസ്റ്റുകളുടെ രാഷ്ടീയതന്ത്രമാണ് കുഞ്ഞുങ്ങളെ പിടികൂടുകയെന്നതും മനുഷ്യത്വരഹിതമായ തങ്ങളുടെ മതരാഷ്ട്ര അജണ്ടക്ക് ബഹു പിന്തുണയുണ്ടാക്കാനായി വിശ്വാസത്തെയും മിത്തുകളെയും ഉപയോഗിച്ചുള്ള കാർണിവലുകൾ സംഘടിപ്പിക്കുകയെന്നത്. ദിമിത്രോവ് പറഞ്ഞതുപോലെ കമ്യൂണിസ്റ്റുകാർ ഭയപ്പെടേണ്ടത് ഫാസിസത്തിന്റെ കോൺസൻട്രേഷൻ ക്യാമ്പുകളെയല്ല, അതാർജ്ജിക്കുന്ന ബഹുജന പിന്തുണയെയും അതിനായി അവർ ആസൂത്രണം ചെയ്യുന്ന ആഘോഷപൂർണ്ണമായ അഷ്ടമിരോഹിണിനാളുകളിൽ ഒളിപ്പിച്ചു വെച്ചിരിക്കുന്ന, ജനങ്ങളെ തങ്ങളിലേക്കടുപ്പിക്കുന്ന, ഭക്തിമാസ്മരികത വിതക്കുന്ന പുരാണകഥകളുടെയും മിത്തുകളുടെയും ഇന്ദ്രജാലപരമായ വിന്യാസങ്ങളെയുമാണ്.

Comments