കുഞ്ഞുണ്ണി സജീവ്

ചില അറിയിപ്പുകൾ നമ്മെ വേർപ്പെടുത്തുമ്പോൾ?

സമൂഹത്തിൽതന്നെ ഒരു ‘other' / പുറത്തുനിന്നുവന്ന / തദ്ദേശീയമല്ലാത്ത / പരിചയമില്ലാത്ത വിഭാഗത്തെ ഉണ്ടാക്കിയെടുക്കുക എന്നതാണ് ഹിന്ദുത്വത്തിന്റെ ലക്ഷ്യം. അതുകൊണ്ടുതന്നെ അതിനെതിരെയുള്ള പ്രതിരോധം ശ്രദ്ധയോടെ നിർമിക്കപ്പെടേണ്ട ഒന്നാണ്; വീണ്ടും വീണ്ടും മതവേർതിരിവിന്റെ കെണിയിൽ ചെന്നുപെടാതെ

‘‘ഈ അടുത്തിടെ പ്രവർത്തനമാരംഭിച്ച നിങ്ങളുടെ സ്ഥാപനത്തിൽ ‘ഹലാൽ' എന്ന സ്റ്റിക്കർ പതിക്കുകയും അതുവഴി ‘ഹലാൽ' ഉൽപന്നങ്ങൾ ലഭ്യമാണ് എന്ന സന്ദേശം ജനങ്ങൾക്ക് നൽകുകയും ചെയ്യുന്നതായി ശ്രദ്ധയിൽപെട്ടു. ഏതെങ്കിലും മതത്തിന്റെ പേരിലുള്ള ഭക്ഷണത്തിലുള്ള വേർതിരിവ് അയിത്താചരണവും ആയത് കുറ്റകരവുമാണ്, ആയതിനാൽ ‘ഹലാൽ' എന്ന വാക്ക് ഇനി മുതൽ പരസ്യങ്ങളിൽ നിന്നും ഒഴിവാക്കണം.’’

ഈയിടെ, എറണാകുളം ജില്ലയിലെ പാറക്കടവ് പഞ്ചായത്തിൽ പ്രവർത്തനമാരംഭിച്ച ഒരു ബേക്കറിക്ക് ഹിന്ദു ഐക്യവേദിയിൽ നിന്ന് ലഭിച്ച അറിയിപ്പിന്റെ തുടക്കമാണിത്. ‘ഹലാൽ' എന്നെഴുതിയ നോട്ടീസ് ഇനി മുതൽ കടയിൽ പതിക്കുന്നത് ഒഴിവാക്കണം എന്ന് പറഞ്ഞതിനൊപ്പം, ഒരു ഹിന്ദു ഐക്യവേദി പ്രവർത്തകൻ ചോദിച്ചത് ‘ഹലാൽ ഉൽപ്പന്നങ്ങൾ ഉപയോഗിക്കാൻ ആ മതവിഭാഗത്തിൽ നിന്ന് ആരും ഈ പ്രദേശത്ത് ഇല്ലല്ലോ? ഇല്ലാത്തവർക്കുവേണ്ടി എന്തിനാണീ അറിയിപ്പ്’ എന്നായിരുന്നു (ദി ഹിന്ദു, Jan 1, 2021). വളരെ ബാലിശമായി തോന്നാവുന്ന, എന്നാൽ വളരെ തീക്ഷ്ണതയോടെ മതത്തിന്റെ അടിസ്ഥാനത്തിൽ ജനങ്ങളെ വേർതിരിക്കുന്ന ഇത്തരം പ്രസ്താവനകൾ വേണെമെങ്കിൽ ശ്രദ്ധിക്കാതെ തള്ളികളയാം, മലയാളത്തിലെ മുഖ്യധാരാമാധ്യമങ്ങൾ തള്ളിക്കളഞ്ഞതുപോലെ.

പാലക്കാട് മുനിസിപ്പാലിറ്റി ഓഫീസിൽ ബി.ജെ.പി പ്രവർത്തകർ മറാത്താ നേതാവ് ശിവജിയുടെ ചിത്രത്തിനൊപ്പം 'ജയ് ശ്രീറാം' എന്നെഴുതിയ ബാനർ ഉയർത്തിയപ്പോൾ / Photo:Sumesh Kodiyath/Facebook

എന്നാൽ ഇത്തരത്തിൽ പല രീതിയിൽ വർഗീയബോധം പടർന്നു പിടിക്കുന്ന രാഷ്ട്രീയാന്തരീക്ഷത്തിലാണ് നാം ഇന്ന് ജീവിക്കുന്നത്. കൊറോണയുടെ വ്യാപനത്തെ ‘കൊറോണ ജിഹാദാ’യി കണ്ടതുമുതൽ ‘ലൗ ജിഹാദ്' വരെ എത്തി നിൽക്കുന്ന രാഷ്ട്രീയാന്തരീക്ഷം നമ്മുടെ രാജ്യത്തിന്റെ സാമൂഹികാരോഗ്യം തകർക്കും എന്നതിൽ സംശയമില്ല. പാലക്കാട് മുനിസിപ്പാലിറ്റി ഓഫീസിൽ ‘ജയ് ശ്രീ റാം' ബാനർ ഉയർന്നതും, ഭരണഘടനയോടൊപ്പം തന്നെ മതചിഹ്നങ്ങളും ബിംബങ്ങളും ചേർത്തുവെക്കുന്നതുമെല്ലാം ഇന്ത്യക്ക് സാംസ്‌കാരികമായി തന്നെ ഒരു ഹിന്ദുത്വ സ്വഭാവമാണെന്ന മിത്ത് ഉണ്ടാക്കി തീർക്കുന്നതിനാണ് ശ്രമിക്കുന്നത്, അത്തരമൊരു മിത്തിൽ മറ്റ് മതവിഭാഗങ്ങൾക്ക് സ്ഥാനമില്ല എന്നത് ഹിന്ദുത്വവാദികൾ പറയാതെ പറയുന്നുമുണ്ട്. ബി.ജെ.പിയുടെ കടന്നു വരവോടെ മതം ഇന്ത്യൻ ജനതയുടെ പൊതുബോധത്തെ ഭരിക്കുന്നു എന്നത് തർക്കമില്ലാത്ത കാര്യമാണ്. ഇന്ന് ഏതു സാമൂഹിക - രാഷ്ട്രീയ ചർച്ചകളിലും മതമാണ് മുന്നിട്ടുനിൽക്കുന്നത്. സ്വർണക്കടത്ത് മുതൽ കൊലക്കുറ്റങ്ങളിൽ വരെ മതം ഒരു വിഷയമാകുമ്പോൾ, അത്തരം ചർച്ചകളിലൂടെ തന്നെ സമൂഹം ഭിന്നിക്കപ്പെടുകയാണ്.

മതം, ഭരണകൂടം, രാഷ്ട്രീയ പാർട്ടി

കേന്ദ്രാധികാരത്തിലും പൊതുബോധത്തിലും ഒരുപോലെ ആധിപത്യം ഹിന്ദുത്വശക്തികൾ നേടിയെടുക്കുമ്പോൾ അതിനെതിരെയുള്ള പ്രതിരോധമെന്നോണം മറ്റു ന്യൂനപക്ഷ മതങ്ങൾ തങ്ങളുടെ ആശയങ്ങളും അജണ്ടകളും ചേർത്തുപിടിക്കുന്നത് സ്വാഭാവിക പ്രതികരണമാണ്. അത്തരമൊരു പ്രതിരോധം ഉയരുമ്പോൾ പക്ഷെ ഇല്ലാതാകുന്നത് ഇന്ത്യയുടെ മതേതര ബോധമാണ്. വളരെ ജാഗ്രതയോടെ കാണേണ്ട ഈ വിഷയത്തെ, പക്ഷെ നമ്മുടെ നേതാക്കളും രാഷ്ട്രീയ പാർട്ടികളും അടുത്ത തെരഞ്ഞെടുപ്പിനുള്ള ഏറ്റവും നല്ല ഉപാധിയായിട്ടാണ് ഇന്ന് കാണുന്നത്. താൽകാലിക രാഷ്ട്രീയലക്ഷ്യങ്ങൾ മുന്നിൽക്കണ്ട് നടത്തുന്ന അത്തരം നടപടികളാൽ മുറിവേൽക്കുന്നത് രാജ്യത്തിന്റെ മതേതരകാഴ്ചപ്പാടിനും ജനാധിപത്യത്തിനുമാണ്.

സാമൂഹിക അകലം പാലിക്കുന്നതിനെ ലക്ഷ്മണരേഖയുമായി ബന്ധപ്പെടുത്തുകയും, കോവിഡിനോടുള്ള പ്രതിരോധം മഹാഭാരതയുദ്ധമായി കാണുവാനും പ്രസ്താവനകൾ നടത്തിയത് നിഷ്‌ക്കളങ്കമായ മതവിശ്വാസമല്ല, മറിച്ച് കൃത്യമായി നടത്തുന്ന സംസ്‌ക്കാര നിർമാണമാണ്. ഇങ്ങനെ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ മാത്രമല്ല നയതന്ത്ര നിലപാടുകളിലും മഹാഭാരതം കടന്നുവരുന്നുണ്ട്.

‘മതം' ഇന്ന് സങ്കുചിതമായി നിർവചിക്കപ്പെടുന്ന ഒരു കൂട്ടമാണ്. വ്യക്തിപരമായ നിർവ്വചനങ്ങൾ ഇനി മുതൽ മതത്തെ കുറിച്ച് നമുക്ക് നടത്താനാവില്ല, ഇന്ത്യയിൽ ജീവിക്കുന്നു എന്നതുകൊണ്ട് തന്നെ നമ്മൾ ഓരോരുത്തരും പല മതവിഭാഗത്തിന്റെ ഭാഗമായും, മതത്തിന്റെ കണ്ണുകളിലൂടെ മാത്രം രാഷ്ട്രീയം വീക്ഷിക്കുന്ന ജനവിഭാഗമായും പരിണമിക്കുകയാണ്. ഈ പരിണാമത്തെ മനസ്സിലാക്കുകയാണ് ഈ ലേഖനം. ആധുനിക സമൂഹത്തിൽ അധികാരം നിലനിർത്തപ്പെടുന്നത് മതം, ഭരണകൂടം (ഘടന), രാഷ്ട്രീയ പാർട്ടി എന്നീ മൂന്ന് ഘടകങ്ങൾക്കിടയിൽ നടക്കുന്ന ആശയപരമായ കൈമാറ്റങ്ങളും, അത്തരം കൈമാറ്റങ്ങളിലൂടെ അവക്കുമൂന്നിനും സംഭവിക്കുന്ന സ്വഭാവസമത്വവുമാണ് എന്ന് മാർക്‌സിസ്റ്റ് ചിന്തകൻ അന്തോണിയോ ഗ്രാംഷി കണ്ടെത്തുന്നുണ്ട്. എത്രത്തോളം ഈ മൂന്ന് ഘടകങ്ങൾ സ്വഭാവത്തിൽ സമത്വം പുലർത്തുന്നുവോ അത്രത്തോളം തന്നെ ഭരണകൂടം ശക്തമാകും. ഇന്ത്യയിൽ ബി.ജെ.പിയെ ഒഴിവാക്കാനാവാത്ത സാന്നിധ്യമായി മാറ്റുന്നത് മറ്റു പാർട്ടികളെ അപേക്ഷിച്ച് അവർക്ക് നേടുവാൻ സാധിക്കുന്ന ഈ സ്വഭാവസമത്വമാണ്. രാഷ്ട്രത്തെ ഏകീകരിക്കുന്നത് ഭരണകൂടത്തിന്റെ ഘടനയിൽ വരുന്ന മാറ്റങ്ങളിലൂടെ ( ഒരു രാജ്യം - ഒരു റേഷൻ കാർഡ്, ഒരു രാജ്യം - ഒരു വോട്ടർ പട്ടിക) മാത്രമല്ല, അത് മതപരമായും സാംസ്‌കാരികമായും കൂടി നടക്കുമ്പോൾ (ഒരു രാജ്യം - ഒരു ഭാഷ), പൗരത്വത്തിനുവേണ്ടിയുള്ള രജിസ്‌ട്രേഷനിൽ മതം ഒരു ഘടകമായി മാറിയത് യാദൃശ്ചികമല്ല. രാമക്ഷേത്ര ശിലാസ്ഥാപനം മുതൽ ഇപ്പോൾ മിശ്ര വിവാഹത്തിനെതിരെ നടക്കുന്ന ഭരണകൂടനീക്കങ്ങൾ വരെ ഇതുവരെ നടന്നകൊണ്ടിരിക്കുന്ന ഹിന്ദുത്വവൽക്കരണത്തിന്റെ ചരിത്രപരമായ ഉദാഹരണങ്ങളാണ്.

എം. സ്വരാജ്​ നടത്തുന്ന രാമായണ പ്രഭാഷണവുമായി ബന്ധപ്പെട്ട പോസ്റ്റർ

രാമായണവും ‘രാമൻ' എന്ന കഥാപാത്രവും ഇന്ന് ഇന്ത്യയിൽ പ്രധാനപ്പെട്ട സ്ഥാനം വഹിക്കുന്ന ബിംബങ്ങളാണ്. ആധുനിക ഇന്ത്യയിൽ പെട്ടെന്ന് രാമായണത്തിന് ശ്രദ്ധ ലഭിക്കുന്നത് രാമജന്മഭൂമിയുമായി ബന്ധപ്പെട്ട മുന്നേറ്റത്തിനുശേഷവും. അതുകൊണ്ട് തന്നെ ഇന്ന് പൊതുവെ എല്ലാ രാഷ്ട്രീയപാർട്ടികളും രാമായണത്തയും രാമനെയും ഏറ്റെടുക്കുന്നുണ്ട്. കോവിഡ് പോലൊരു രോഗം ഉയരുമ്പോഴും അതിനെതിരെയുള്ള പ്രതികരണങ്ങളും മതത്തിന്റെ സ്വാധീനമുള്ള പ്രഖ്യാപനങ്ങളായിരുന്നു. സാമൂഹിക അകലം പാലിക്കുന്നതിനെ ലക്ഷ്മണരേഖയുമായി ബന്ധപ്പെടുത്തുകയും, കോവിഡിനോടുള്ള പ്രതിരോധം മഹാഭാരതയുദ്ധമായി കാണുവാനും പ്രസ്താവനകൾ നടത്തിയത് നിഷ്‌ക്കളങ്കമായ മതവിശ്വാസമല്ല, മറിച്ച് കൃത്യമായി നടത്തുന്ന സംസ്‌ക്കാര നിർമാണമാണ്. ഇങ്ങനെ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ മാത്രമല്ല നയതന്ത്ര നിലപാടുകളിലും മഹാഭാരതം കടന്നുവരുന്നുണ്ട്. ചൈനയുമായി നടന്നുകൊണ്ടെിരിക്കുന്ന സൈനിക നീക്കങ്ങളിൽ പോലും നയങ്ങളുടെ കാര്യത്തിൽ സർക്കാരും, നയതന്ത്ര ഗവേഷകരും സ്വീകരിക്കുന്നത് ഭഗവത്ഗീതയാണ് (ദ ഹിന്ദു. 16 Sept 2020). അതിലൂടെ ലക്ഷ്യമാകുന്നതാകട്ടെ ധർമസംരക്ഷണവും. തീർത്തും മതേതരമായി കാണേണ്ട ഇടങ്ങളിലെല്ലാം ഹിന്ദു ബിംബങ്ങൾ കുത്തി നിറക്കുന്നത് ഒരിക്കലും നിഷ്‌കളങ്കമായി കാണുവാൻ സാധിക്കില്ല. മറ്റു മതങ്ങൾ ഇന്ത്യൻ സംസ്‌കാരത്തിൽ ഉളവാക്കിയ സ്വാധീനങ്ങളെ പൊതുബോധത്തിൽ നിന്ന് പൂർണമായും മറച്ചുവെക്കുന്നതോടെ രാജ്യം സാംസ്‌കാരികമായും മതപരമായും ഹിന്ദുവിന്റെതാകുന്നു. മറ്റു മതവിശ്വാസികൾ എപ്പോഴും തങ്ങളുടെ രാജ്യസ്‌നേഹം തെളിയിച്ചുകൊണ്ടിരിക്കേണ്ട അവസ്ഥയിലും എത്തുന്നു.

സി.പി.എമ്മിന്റെ രാമായണ പാരായണം

രാമായണവുമായി ബന്ധപ്പെട്ട് കേരളത്തിൽ കഴിഞ്ഞ കൊല്ലം ഏറ്റവും കൂടുതൽ ചർച്ച നടത്തിയത് ഇടതു പക്ഷമായിരുന്നു. കർക്കിടക മാസത്തിലെ രാമായണ പാരായണം ഹിന്ദുത്വശക്തികളുടെ രാമായണ വായനയ്ക്ക് പ്രതിരോധം തീർക്കുവാനുള്ളതാണോ അതോ അടുത്ത് നേരിടുവാൻ പോകുന്ന തെരഞ്ഞെടുപ്പിനെ ഉന്നംവെച്ചുകൊണ്ടാണോ എന്ന് ആലോചിക്കേണ്ടതാണ്. സി.പി.എം എം.എൽ.എ എം. സ്വരാജ്, പന്ന്യൻ രവീന്ദ്രൻ എന്നിവർ രാമായണത്തെ കുറിച്ച് പ്രഭാഷണങ്ങൾ നടത്തിയപ്പോൾ മുല്ലക്കര രത്നാകരനെ പോലുള്ളവർ മഹാഭാരതത്തെ കുറിച്ചും ഗീതയെ കുറിച്ചും എഴുതി. ചരിത്രപരമായ ഭൗതികവാദം പ്രഘോഷിക്കുന്ന മാർക്‌സിസ്റ്റുകാർ എന്തുകൊണ്ട് പ്രാചീന ഭാരതത്തിലെ ഭൗതികവാദികളായ ചാർവാകന്മാരെ കുറിച്ച് സംസാരിക്കില്ല? എന്തുകൊണ്ടെന്നാൽ വരുന്ന തെരഞ്ഞെടുപ്പിൽ രാമായണവും ഹിന്ദുക്കളും പ്രധാനമാകുന്ന രാഷ്ട്രീയ പശ്ചാത്തലമാണ് നിലനിൽക്കുന്നത്. കോൺഗ്രസ് അപ്പോൾ ശബരിമലയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. ഭരണത്തിലെത്തിയാൽ ശബരിമലയിലെ പുരാതന രീതികൾ സംരക്ഷിക്കുന്ന തരത്തിലുള്ള നിയമങ്ങൾ കൊണ്ടുവരുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രഖ്യാപിച്ചിരുന്നു. ഐക്യ ജനാധിപത്യ മുന്നണി കൺവീനർ എം.എം. ഹസ്സനും ഇതേപ്രഖ്യാപനം ഏറ്റുപിടിക്കുന്നുണ്ട് (ദ ഹിന്ദു, Dec 2020).

മുസ്‌ലിം ലീഗിനെയും കോൺഗ്രസിനെയും പരാമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിലിട്ട രാഷ്ട്രീയമണ്ഡലത്തിൽ ഏറെ ചർച്ചയായ പോസ്റ്റ്‌

തദ്ദേശ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുവരെ നടന്നുകൊണ്ടിരുന്ന രാഷ്ട്രീയ പാർട്ടികളുടെ ഈ കാവിവൽക്കരണം പതിയെ വർഗീയതയായി പരിണമിക്കുന്നുണ്ട് തദ്ദേശ തെരഞ്ഞെടുപ്പിനുശേഷം. മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിൽ മുസ്‌ലിംലീഗിനെയും കോൺഗ്രസിനെയും പരാമർശിച്ച് ഇട്ട ഒരു പോസ്റ്റിനെതുടർന്നാണ് വർഗീയത വളരെ വേഗം വീണ്ടും നമ്മുടെ രാഷ്ട്രീയമണ്ഡലത്തിൽ ചർച്ചാവിഷയമാകുന്നത്. ‘ലീഗാണ് ഇനി മുതൽ ഐക്യ ജനാധിപത്യ മുന്നണിയെ നയിക്കുക' എന്ന പരാമർശം, വളരെ പെട്ടെന്ന് വിമർശിക്കപ്പെട്ടിരുന്നു. അതൊരു രാഷ്ട്രീയമത്സരത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്ന പ്രസ്താവനയല്ല, മറിച്ച് വീണ്ടും നമ്മുടെ രാഷ്ട്രീയാന്തരീക്ഷത്തെ മതവുമായി ബന്ധപ്പെട്ട ചർച്ചകളിലേക്ക് കൊണ്ടുപോകുകയാണ് ചെയ്യുക. അത് തീർച്ചയായും ഹിന്ദുത്വ ശക്തികൾക്ക് വളരുവാനുള്ള അവസരം നൽകുകയാണ് ചെയ്യുക.

ഒവൈസി ചൂണ്ടിക്കാണിക്കുന്ന പ്രശ്‌നങ്ങൾ ഗുരുതരമാകുമ്പോഴും അതിന് അദ്ദേഹം മുന്നോട്ട് വെക്കുന്ന രാഷ്ട്രീയം പൂർണമായും മതാടിസ്ഥാനത്തിലുള്ളതാകുമ്പോൾ രാജ്യത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന വർഗീയ ധ്രൂവീകരണം ഉറപ്പാക്കപ്പെടുകയും, പതിയെ തെരഞ്ഞെടുപ്പുകളിൽ നിന്ന് മതേതര പാർട്ടികൾ ഇല്ലാതാവുകയും ചെയ്യും.

കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് അടയാളപ്പെടുത്തേണ്ടത് ഐക്യ ജനാധിപത്യ മുന്നണി വെൽഫെയർ പാർട്ടിയുമായി ചേർന്ന് മത്സരിച്ചതാണെങ്കിൽ ബീഹാർ തെരഞ്ഞെടുപ്പിൽ മുസ്‌ലിം സാന്നിധ്യമായി നിറഞ്ഞു നിന്നിരുന്ന അസദുദിൻ ഒവൈസിയുടെ ഓൾ ഇന്ത്യ മജ്​ലിസ്​ -ഇ-ഇത്തേഹാദുൽ മുസ്​ലിമീൻ എന്ന പാർട്ടിയുടെ വിജയമാണ്. ബിഹാറിലെ അഞ്ചു നിയോജകമണ്ഡലങ്ങളിൽ ജയിച്ച ഈ പാർട്ടി വരുന്ന ബംഗാൾ, ഉത്തർ പ്രദേശ് തെരഞ്ഞെടുപ്പുകളിൽ മത്സരിക്കും എന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാൽ വളരെ വലിയ ജാഗ്രതയാണ് അത്തരമൊരു പാർട്ടിയെ കുറിച്ച് രാഷ്ട്രീയ നിരീക്ഷകർ മുന്നോട്ട് വെക്കുന്നത്.

ബി.ജെ.പിയുടെ തീവ്ര ഹിന്ദുത്വവാദത്തെ പ്രതിരോധിക്കാൻ പൂർണമായും മുസ്‌ലിം മതവിശ്വാസികളെ ലക്ഷ്യംവെച്ചുള്ള ഒരു പാർട്ടിയാണ് ഒവൈസി ലക്ഷ്യമിടുന്നത് എന്നാണ് മുഹമ്മദ് അയൂബിനെ പോലുള്ള രാഷ്ട്രീയചിന്തകർ നിരീക്ഷിക്കുന്നത്. ഒവൈസിയുടെ രാഷ്ട്രീയം ഇന്ത്യയിലെ സെക്കുലർവാദികൾ എന്ന് സ്വയം വിശേഷിപ്പിക്കുന്ന കോൺഗ്രസിനെതിരായ രാഷ്ട്രീയമാണ്, അത്തരമൊരു രാഷ്ട്രീയത്തിന് സഹായകമാകുന്നത് സച്ചാർ കമ്മിറ്റി റിപ്പോർട്ടും. 2006 -ൽ പുറത്തുവന്ന ഈ റിപ്പോർട്ട് ഇന്ത്യയിലെ മുസ്‌ലിം ജനവിഭാഗം നേരിടുന്ന പ്രശ്‌നങ്ങളെ വ്യക്തമായി ചൂണ്ടിക്കാട്ടുന്നു (സർക്കാർ ജോലികളിലെ അവരുടെ അസാന്നിധ്യം മുതൽ ഗുരുതരമായ സാമ്പത്തിക പ്രശ്‌നങ്ങൾ വരെ). ഒവൈസി ചൂണ്ടിക്കാണിക്കുന്ന പ്രശ്‌നങ്ങൾ ഗുരുതരമാകുമ്പോഴും അതിന് അദ്ദേഹം മുന്നോട്ട് വെക്കുന്ന രാഷ്ട്രീയം പൂർണമായും മതാടിസ്ഥാനത്തിലുള്ളതാകുമ്പോൾ രാജ്യത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന വർഗീയ ധ്രൂവീകരണം ഉറപ്പാക്കപ്പെടുകയും, പതിയെ തെരഞ്ഞെടുപ്പുകളിൽ നിന്ന് മതേതര പാർട്ടികൾ ഇല്ലാതാവുകയും ചെയ്യും.

ബിഹാറിലെ ബഹദൂർഗഞ്ചിൽ തെരഞ്ഞെടുപ്പുറാലിയെ അഭിസംബോധന ചെയ്യുന്ന അസദുദീൻ ഒവൈസി / Photo: facebook

ഇത്തരത്തിൽ മതം വളരെ പ്രധാന്യം അർഹിക്കുന്ന ഘടകമായി രാഷ്ട്രീയത്തിൽ മാറുന്ന കാഴ്ചയാണ് ഇന്ത്യൻ രാഷ്ട്രീയത്തിൽ കാണാൻ കഴിയുക. മതങ്ങൾ തമ്മിലുള്ള പോരാട്ടമായി രാഷ്ട്രീയം മാറുമ്പോൾ അതിന്റെ ഏറ്റവും ഭയാനകമായ മുഖം കാണുക രാജ്യത്തെ സാധാരണ ജനങ്ങളാണ്. ദൈനംദിന ജീവിതത്തിൽ ഭക്ഷണത്തിന്റെയും വിവാഹത്തിന്റെയും പേരിലെല്ലാം മനുഷ്യർ വേട്ടയാടപ്പെടുന്നത്, രാഷ്ട്രീയത്തിൽ നിലനിൽക്കുന്ന ഈ വർഗീയതയുടെ അംശങ്ങൾ മൂലമാണ്. പക്ഷെ അതിനെതിരെ പ്രതിരോധം നടക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാനകാര്യം, പ്രതിരോധം ഒരിക്കലും അത്തരത്തിൽ ഒരു വിഘടനത്തിലേക്ക് നയിക്കരുത് എന്നതാണ്. കാരണം അത്തരമൊരു വിഘടനം തന്നെയാണ് അവർ ലക്ഷ്യം വെക്കുന്നതും.

തിരുത്തിയെഴുതേണ്ട ഇടതുപക്ഷ അജണ്ട

ഇവിടെ നിർബന്ധമായും തിരിച്ചറിയേണ്ടുന്ന കാര്യം, ഇന്ന് വലിയ അഭിമാനത്തോടെ ചർച്ച ചെയ്യപ്പെടുന്ന നവോത്ഥാനത്തിന്റെ ഉദയം മതത്തെയും രാഷ്ട്രീയത്തെയും വേർതിരിക്കലിൽ നിന്നായിരുന്നു എന്നതാണ്. ദൈവത്തിനുള്ളത് ദൈവത്തിനും സീസറിനുള്ളത് സീസറിനും എന്ന് പ്രസിദ്ധമായി വേർത്തിരിക്കപ്പെട്ട നിലപാടിൽ നിന്നാണ് രാഷ്ട്രീയം അതിന്റെ വഴി കണ്ടെത്തിയതും. ആ വഴിയാണ് ഇന്ന് കറങ്ങിത്തിരിഞ്ഞ് മതത്തിൽ ചെന്ന് മുട്ടുകയും അതിലേക്ക് അലിയാൻ തന്ത്രപ്പെടുന്നതും. അതുകൊണ്ടുതന്നെ ഹിന്ദുത്വ ഫാസിസത്തെ നേരിടാൻ ആഗ്രഹിക്കുന്നവരൊക്കെയും ചെയ്യേണ്ടത്, മഹാഭാരതവും രാമായണവും പേർത്തും പേർത്തും പറഞ്ഞ് മൃദുഹിന്ദുത്വത്തെ ഏറ്റെടുക്കലല്ല, മറിച്ച് അതിനെ എതിരിടാൻ സാസ്‌കാരിക മൂലധനം ഉൽപാദിപ്പിക്കുകയാണ്. പഞ്ചായത്തിലും നിയമസഭയിൽ തന്നെയോ ഭൂരിപക്ഷം നേടിക്കൊണ്ട് ചെയ്യാവുന്ന ഒന്നല്ല ഇത്. കൃത്യമായി പറഞ്ഞാൽ ഏതു അധികാരസ്ഥാനം ഏറ്റെടുക്കുന്നതും ഈ പോരാട്ടത്തെ ദുർബലപ്പെടുത്തുകയാവും ചെയ്യുക. അധികാരത്തിൽ എത്തുകയല്ല മറിച്ച്, സമൂഹത്തെ മുന്നോട്ടു നയിക്കലാണ് ലക്ഷ്യമെന്ന് തിരിച്ചറിയുക എന്നതാണ് പ്രധാനം. അധികാരത്തിലെത്തുക എന്നത് ഇക്കാലത്തു നിലനിൽക്കുന്ന എല്ലാത്തിനെയും ന്യായീകരിക്കാനും നിലവിൽ പ്രശ്‌നങ്ങൾ ഒന്നുമില്ല എന്ന് നിരന്തരം പറഞ്ഞുകൊണ്ടിരുക്കുവാനും മാത്രം കഴിയുന്ന ഗതികെട്ട അവസ്ഥയാണ്. അതുകൊണ്ടു തന്നെ ഡൽഹിയിലെ കർഷകസമരം ഒരു മാസം പിന്നിടുന്ന ഈ സമയത്ത്, ഇന്ത്യൻ ഇടതുപക്ഷത്തിന്റെ അജണ്ട തിരുത്തിയെഴുതുക എന്നത് പ്രധാനമാണ്.

കടയുടെ മുമ്പിൽ ഹലാൽ എന്ന സ്റ്റിക്കർ പതിച്ചതിന് പാറക്കടവ് പഞ്ചായത്തിൽ പ്രവർത്തനമാരംഭിച്ച ബേക്കറിക്ക് ഹിന്ദു ഐക്യവേദിയിൽ നിന്നുലഭിച്ച നോട്ടീസ്‌.

ലേഖനത്തിന്റെ തുടക്കത്തിൽ പറഞ്ഞ അറിയിപ്പ് ഒരു ഉദാഹരണം മാത്രമാണ്. അന്വേഷിച്ചാൽ ഇത്തരത്തിൽ അനേകം പ്രാദേശികമായ അറിയിപ്പുകൾ കണ്ടെത്തുവാൻ സാധിക്കും. അത്തരം പല അറിയിപ്പുകൾ കൂടി ചേർന്നാണ് രാജ്യത്ത് ഇന്ന് ആരാണ് ജീവിക്കേണ്ടത് എന്ന് തീരുമാനിക്കപ്പെടുന്നത്. സമൂഹത്തിൽ തന്നെ ഒരു ‘other' / പുറത്തുനിന്നുവന്ന / തദ്ദേശീയമല്ലാത്ത / പരിചയമില്ലാത്ത വിഭാഗത്തെ ഉണ്ടാക്കിയെടുക്കുക എന്നതാണ് ഹിന്ദുത്വത്തിന്റെ ലക്ഷ്യവും. അതുകൊണ്ട് തന്നെ അതിനെതിരെയുള്ള പ്രതിരോധം ശ്രദ്ധയോടെ നിർമിക്കപ്പെടേണ്ട ഒന്നാണ്; വീണ്ടും വീണ്ടും മതവേർതിരിവിന്റെ കെണിയിൽ ചെന്നുപെടാതെ.▮

Comments