ലഹരിയെയും സിനിമയെയും പഴിച്ച്
ഉള്ളിലെ ഹിംസയെ താലോലിക്കുന്ന
അഹിംസാവാദികൾ

പരമ്പരാഗത ജൻഡർ റോളുകളിൽ നിന്ന് പെൺകുട്ടികൾ സ്വാതന്ത്ര്യം നേടുന്ന സാഹചര്യത്തിലും ആൺകുട്ടികളുടെ ജൻഡർ റോളുകൾ മാറ്റമില്ലാതെ തുടരുന്നു. ഇന്ന് കാണുന്ന ഹിംസയുടെ തുറന്ന പ്രദർശനങ്ങൾക്ക് പിന്നിൽ ആൺസ്വത്വബോധ സംശയങ്ങളും, അരക്ഷിതാവസ്ഥയും അടിസ്ഥാനമായി നിലകൊള്ളുന്നു- കൗമാരക്കാർക്കിടയിൽ, പ്രത്യേകിച്ച്, ആൺകുട്ടികൾക്കിടയിൽ, വളർന്നുവരുന്ന ഹിംസാവാസനയെ കുറിച്ചുള്ള ചർച്ചകളുടെ ​ചില പ്രശ്നങ്ങൾ വിശകലനം ​ചെയ്യുകയാണ് കുഞ്ഞുണ്ണി സജീവ്.

‘‘കൊല്ലാനറിയുന്നവനേ അഹിംസ അനുഷ്ഠിക്കാനാവൂ’’
- മഹാത്മാഗാന്ധി, ഗുജറാത്തിലെ റാസിൽ ചെയ്ത പ്രസംഗത്തിൽനിന്ന് -1918.

ഹിംസയെപ്പറ്റി നടക്കാറുള്ള ചർച്ചകൾ പൊതുവെ നിഷേധത്തിലാണ് ആരംഭിക്കുക. ചർച്ചയിൽ പങ്കെടുക്കുന്നവരും ചർച്ച നടത്തുന്നവരും ജീവിതത്തിൽ ഒരിക്കലും ഹിംസ ചിന്തിക്കുകയോ പ്രവർത്തിക്കുകയോ ചെയ്തിട്ടില്ലാത്ത മനുഷ്യരായാണ് അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നത്. ഒരുപക്ഷെ ഇന്ത്യയിൽ നടക്കാറുള്ള എല്ലാ ചർച്ചകളുടേയും ഒരു പൊതു സ്വഭാവമാകാം ഇതും. ചർച്ച ചെയ്യപ്പെടുന്ന പ്രശ്നങ്ങളെ നാം എന്നും പുറത്താണ് പ്രതിഷ്ഠിക്കുക.

പുറത്തുനിന്നു വരുന്ന ഏതോ ചില ഘടകങ്ങളുടെ (external elements) സ്വാധീനത്താൽ സമൂഹത്തിലും മനുഷ്യർക്കിടയിലും ഹിംസ കൂടുന്നുവെന്ന് നാം തിടുക്കത്തിൽ വിധിയെഴുതും. ഹിംസ ചിന്തിക്കുന്നതോ പ്രവർത്തിക്കുന്നതോ മനുഷ്യന്റെ സ്വഭാവത്തിലോ, ചിന്തയിലോ, പ്രവൃത്തിയിലോ സംഭവിച്ച ഒരു അപഭ്രംശമായി (aberration) നാം വിശ്വസിക്കുന്നു. മതവിശ്വാസം പോലെ തന്നെ തച്ചുതകർക്കേണ്ട വിശ്വാസമാണിത്. മനുഷ്യൻ സത്താപരമായി തന്നെ അഹിംസാവാദികളും സ്നേഹസമ്പന്നരും പരസ്പരം സഹിഷ്ണുതയോടെ ജീവിക്കുന്നവരുമാണെന്ന ചരിത്രവിരുദ്ധധാരണയിൽ അഭിരമിക്കാൻ ഇത്തരം ചർച്ചകൾ അവസരമൊരുക്കുന്നു. ശാന്തസുന്ദരമായിരുന്ന ഒരു ഭൂതകാലം നമുക്കുണ്ടായിരുന്നുവെന്നും വർത്തമാനത്തിൽ എന്തോ ജീർണത സംഭവിച്ചിരിക്കുന്നുവെന്ന തെറ്റിദ്ധാരണയും പൊതുസമൂഹത്തിൽ പ്രബലമാവുന്നു.

ചരിത്രം പരിശോധിച്ചാൽ മനുഷ്യന് വെളിയിലല്ല, ഉള്ളിലാണ് ഹിംസയെന്ന ബോധ്യമുണ്ടാകും. മനുഷ്യനുള്ളിലെ ഹിംസയെ അംഗീകരിക്കുകയും, മനസിലാക്കുകയും ചെയ്തതിനുശേഷം മാത്രമേ അഹിംസ അനുഷ്ഠിക്കുവാൻ സാധിക്കൂ എന്ന് ഗാന്ധിയുടെ പക്ഷത്തെ കേൾക്കുവാൻ ഇന്നാരുണ്ട്?
ചരിത്രം പരിശോധിച്ചാൽ മനുഷ്യന് വെളിയിലല്ല, ഉള്ളിലാണ് ഹിംസയെന്ന ബോധ്യമുണ്ടാകും. മനുഷ്യനുള്ളിലെ ഹിംസയെ അംഗീകരിക്കുകയും, മനസിലാക്കുകയും ചെയ്തതിനുശേഷം മാത്രമേ അഹിംസ അനുഷ്ഠിക്കുവാൻ സാധിക്കൂ എന്ന് ഗാന്ധിയുടെ പക്ഷത്തെ കേൾക്കുവാൻ ഇന്നാരുണ്ട്?

കേരളത്തിൽ കൗമാരക്കാർക്കിടയിൽ, പ്രത്യേകിച്ച്, ആൺകുട്ടികൾക്കിടയിൽ, വളർന്നുവരുന്ന ഹിംസാവാസനയെ കുറിച്ചുള്ള ചർച്ചകളുടെ സ്ഥിതിയും വ്യത്യസ്തമല്ല. ചിലർ സിനിമയേയും ഗെയിമുകളേയും പഴിച്ചു. ചിലർ സാമൂഹിക മാധ്യമങ്ങളേയും, സ്മാർട്ട് ഫോണുകളുടേയും വർധിച്ചുവരുന്ന ഉപയോഗത്തെ പഴിച്ചു. ചിലർ പുതു തലമുറകൾക്കിടയിലെ ലഹരി ഉപയോഗത്തേയും, തകരുന്ന മനുഷ്യബന്ധങ്ങളേയും പഴിച്ചു. ചിലർ ആധുനിക ജീവിതശൈലിയാൽ ഉണ്ടാകുന്ന മാനസികരോഗങ്ങളെ പഴിച്ചു. പല തലമുറകൾ തമ്മിലുള്ള പക വീട്ടലായി മാറിയ ചർച്ചകളിൽ എല്ലാവരും അവരവർക്ക് കണ്ടെത്താവുന്ന കാരണങ്ങൾ കണ്ടെത്തി ഹിംസയെ മനുഷ്യജീവിതത്തിനുവെളിയിൽ പ്രതിഷ്ഠിച്ചു. ചരിത്രം പരിശോധിച്ചാൽ മനുഷ്യന് വെളിയിലല്ല, ഉള്ളിലാണ് ഹിംസയെന്ന ബോധ്യമുണ്ടാകും. മനുഷ്യനുള്ളിലെ ഹിംസയെ അംഗീകരിക്കുകയും, മനസിലാക്കുകയും ചെയ്തതിനുശേഷം മാത്രമേ അഹിംസ അനുഷ്ഠിക്കുവാൻ സാധിക്കൂ എന്ന് ഗാന്ധിയുടെ പക്ഷത്തെ കേൾക്കുവാൻ ഇന്നാരുണ്ട്?. ഹിംസയെ ചെറുക്കാനുള്ള, നിയന്ത്രിക്കുവാനുള്ള ചിന്തകളും നടപടികളും ഹിംസയെ അംഗീകരിക്കുന്നതിലാണ് ആരംഭിക്കേണ്ടതെന്ന ബാലപാഠം നമ്മെന്ന് പഠിക്കും?.

ഏതാണ് ഹിംസ?

മറ്റൊരു ജീവനെ ഇല്ലാതാക്കുന്നതോ ഹിംസ?.
പ്രയോഗത്തിലുള്ള ഹിംസയെ മാത്രം നാം ഹിംസയായി കണ്ട് തിരിച്ചറിയുന്നു. ഹിംസാത്മകമായ വാക്കുകളേയും, പ്രഭാഷണങ്ങളേയും ചിന്തകളേയും, വികാരങ്ങളേയും ഉദ്ദേശ്യങ്ങളേയുമെല്ലാം നാം എങ്ങനെ വേർതിരിക്കും?.

യുദ്ധത്തേയും ഹിംസയേയും സാംസ്കാരികമായി അംഗീകരിച്ച ജനതയാണ് നമ്മുടേത്. ഹിംസയെ വളരെ വിദഗ്‌ദ്ധമായി സംസ്കാരം ആധുനിക മനുഷ്യജീവിതത്തിൽ ഉൾച്ചേർത്തിട്ടുമുണ്ട്. ചെസ്സ് ബോർഡിൽ വെട്ടിയെറിയുന്ന കരുക്കൾക്ക് രക്തമോ വേദനയോ ഇല്ലാത്തതിനാൽ ചെസ്സ് നമുക്ക് ഹിംസാത്മകമല്ല. കാലുകളാൽ മെരുക്കിയ പന്തിനെ പീരങ്കിയുണ്ടകണക്കെ എതിരാളിയുടെ കോട്ട കവാടത്തിലേയ്ക്കായി ആഞ്ഞടിക്കുമ്പോൾ നാം ഹിംസയെ ഭയക്കുന്നില്ല. യുദ്ധത്തെ നിയമങ്ങളാൽ നിയന്ത്രിക്കപ്പെട്ട മത്സരങ്ങളായി മനുഷ്യൻ മാറ്റുമ്പോൾ ഹിംസയും മത്സരങ്ങളുടെ അരികിലായി മറഞ്ഞിരിക്കുന്നു. ഓരോ മത്സരവും (contest) ആധുനിക മനുഷ്യന് ആരാധനയാണ്. തന്റെ പിതൃക്കളുടെ അതിജീവനം സാധ്യമാക്കിയ ഹിംസവാസനയോടുള്ള ആരാധന. മത്സരമെന്നാൽ രണ്ട് വിരുദ്ധ ചേരികൾ തമ്മിലുള്ള എതിർപ്പല്ല, മറിച്ച് പരസ്പര ബഹുമാനത്തോടെ നടക്കുന്ന, പരസ്പരം ആസ്വദിച്ച് നടക്കുന്ന ജയത്തിനുവേണ്ടിയുള്ള ശ്രമമാണ്. മത്സരത്തിലൂടെയാണ് രണ്ട് കൂട്ടരുടേയും സ്വത്വം നിർണയിക്കപ്പെടുക. നിശ്ചിത സമയത്തിനുള്ളിൽ, നിയന്ത്രിക്കപ്പെട്ട രീതിയിൽ ആധുനിക മനുഷ്യന് ഹിംസ പ്രയോഗിച്ച് പിന്മാറുവാനുള്ള അവസരമാണ് ഓരോ കായികമത്സരവും. ബോക്‌സിംഗും, ജൂഡോയും, കരാട്ടെയും, കളരിയും ചേർന്ന് തീർക്കുന്ന ആയോധനകലകളുടെ ലോകവും മനുഷ്യനെ തന്റെയുള്ളിൽ ഉറങ്ങുന്ന പ്രാചീന ഹിംസാവാസനയെ മെരുക്കുവാനും, അവനെ ജീവിതത്തിൽ അഹിംസ അനുഷ്ഠിക്കുവാൻ പ്രാപ്‌തനാക്കുകയും ചെയ്യുന്നു.

നിശ്ചിത സമയത്തിനുള്ളിൽ, നിയന്ത്രിക്കപ്പെട്ട രീതിയിൽ ആധുനിക മനുഷ്യന് ഹിംസ പ്രയോഗിച്ച് പിന്മാറുവാനുള്ള അവസരമാണ് ഓരോ കായികമത്സരവും.
നിശ്ചിത സമയത്തിനുള്ളിൽ, നിയന്ത്രിക്കപ്പെട്ട രീതിയിൽ ആധുനിക മനുഷ്യന് ഹിംസ പ്രയോഗിച്ച് പിന്മാറുവാനുള്ള അവസരമാണ് ഓരോ കായികമത്സരവും.

മത്സരങ്ങളോട് ചേർന്നുനിൽക്കുന്ന മൂല്യങ്ങളും വളരെ പ്രധാനമാണ്. സംഘകാല കവിതകളിൽ യുദ്ധങ്ങളിൽ പങ്കെടുത്ത് വീരചരമം നേടാതെ ഭയന്നോടിയ മകനെ ശപിക്കുന്ന അമ്മയെ കാണാം. ദക്ഷിണേന്ത്യൻ സംസ്‌കാരിക പൈതൃകം തന്നെ നിലകൊള്ളുന്നത് ഗോത്രങ്ങൾക്ക് വേണ്ടി വീരമരണം നേടിയ യോദ്ധാക്കളുടെ വീരകല്ലുകളേയും കല്ലു വെട്ടുകളെയും (Hero Stone- നാട്ടുക്കൽ എന്ന് തമിഴ്, വീരാഗല്ലു എന്ന കന്നഡ) അടിസ്ഥാനപ്പെടുത്തിയാണ്. യുദ്ധങ്ങളേയും ഹിംസയേയും യോദ്ധാക്കളുടെ മൂല്യങ്ങളുമായി ബന്ധിപ്പിച്ച് ആണുങ്ങളെ യുദ്ധത്തിന് സജ്ജരാക്കിയിരുന്ന ഒരു സമൂഹം ആധുനിക കാലത്തേയ്ക്ക് വരുമ്പോൾ മൂല്യബോധമുള്ള ആരോഗ്യകരമായ മത്സരങ്ങളിലേക്ക് ലിംഗഭേദമില്ലാതെ വളരുകയാണ് വേണ്ടിയിരുന്നത്. എന്നാൽ അത്തരമൊരു മാറ്റമല്ല ആധുനികകാലത്ത് സംഭവിച്ചത്.

രണ്ട് തരത്തിലുള്ള പ്രശ്നങ്ങളാണ് ഹിംസയെ സംബന്ധിച്ച് നാം നേരിടുന്നത്:

ഒന്ന്: മൂല്യബോധമുള്ള മത്സരങ്ങൾ ചുരുങ്ങിവരുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്‌. കളികളായി കണ്ടിരുന്ന മത്സരങ്ങൾ ഇന്ന് പൂർണമായും ട്രെയിനിങ്ങിനുശേഷം നടത്തുന്ന പരീക്ഷണങ്ങൾ മാത്രമായി ചുരുങ്ങിയിരിക്കുന്നു. നിങ്ങൾ ഒരു പ്രത്യേക കായിക ഇനത്തിൽ കരിയർ വളർത്തുന്നില്ല എങ്കിൽ മത്സരങ്ങളിൽ പങ്കെടുക്കേണ്ട കാര്യമില്ല എന്ന പൊതുബോധം ഇന്ന് ശക്തമാണ്. യുവാക്കൾക്ക് തങ്ങളുടെ മത്സരബുദ്ധി പ്രയോഗിക്കാവുന്ന ഏക മേഖല മത്സരപരീക്ഷകളായി മാറിയിരിക്കുന്നു. ഒരിടത്ത് തന്നെ ഏറെ നേരമിരിന്ന് പഠിക്കുന്ന വിദ്യർത്ഥികൾ ആരോഗ്യകരമായ മത്സരങ്ങൾക്കല്ല, അനാരോഗ്യകരമായ മത്സരങ്ങൾക്കാണ് തയ്യാറെടുക്കുന്നത്. മത്സരപരീക്ഷ നേരിടുന്ന വിദ്യാർത്ഥികൾ പലപ്പോഴും തങ്ങളിൽ നിറയുന്ന മത്സരോൽസുക ഹിംസയെ തങ്ങളിൽ തന്നെ പ്രയോഗിച്ച് ആത്മഹത്യ ചെയ്യുന്നതും പതിവാണ്.

 സാംസ്കാരികമായി തന്നെ ഹിംസയെ ആണത്തത്തോട് ബന്ധിപ്പിച്ച സമൂഹമാണ് നമ്മുടേത്. പ്രാചീനകാലം മുതൽക്കേ നിലനിൽക്കുന്ന സാംസ്‌കാരികതുടർച്ചകൾ ആണത്തവും ഹിംസയും തമ്മിലുള്ള ബന്ധത്തെ ഇഴപിരിയാതെ നിലനിർത്തുന്നുണ്ട്.
സാംസ്കാരികമായി തന്നെ ഹിംസയെ ആണത്തത്തോട് ബന്ധിപ്പിച്ച സമൂഹമാണ് നമ്മുടേത്. പ്രാചീനകാലം മുതൽക്കേ നിലനിൽക്കുന്ന സാംസ്‌കാരികതുടർച്ചകൾ ആണത്തവും ഹിംസയും തമ്മിലുള്ള ബന്ധത്തെ ഇഴപിരിയാതെ നിലനിർത്തുന്നുണ്ട്.

രണ്ട്: സാംസ്കാരികമായി തന്നെ ഹിംസയെ ആണത്തത്തോട് ബന്ധിപ്പിച്ച സമൂഹമാണ് നമ്മുടേത്. പ്രാചീനകാലം മുതൽക്കേ നിലനിൽക്കുന്ന സാംസ്‌കാരികതുടർച്ചകൾ ആണത്തവും ഹിംസയും തമ്മിലുള്ള ബന്ധത്തെ ഇഴപിരിയാതെ നിലനിർത്തുന്നുണ്ട്. ആണത്തം എന്ന സ്വത്വബോധത്തെ പ്രാചീനകാലം യുദ്ധവും, ഹിംസയുമായി ചേർത്തുനിർത്തിയപ്പോൾ ആധുനിക കാലം ശ്രമിച്ചിരുന്നത് ആണത്തത്തെ കുടുംബവുമായി ചേർത്ത് നിർത്തുവാനാണ്. ഗൃഹസ്ഥനാവുക എന്ന ദൗത്യം ആണത്ത സ്വത്വബോധത്തെ ഉറപ്പിക്കുന്നതായി പല ചിന്തകരും കണ്ടെത്തുന്നുണ്ട്. കേരളത്തിന്റെ സവിശേഷ സാഹചര്യത്തിൽ കുടുംബം എന്ന വ്യവസ്ഥ ഇന്ന് ധാരാളം മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. പെൺകുട്ടികൾ കുടുംബം എന്ന വ്യവസ്ഥയെ അധികാരത്തിന്റെയും, അടിമത്തത്തിൻെറയുമൊക്കെ വ്യവസ്ഥയായി കാണുമ്പോൾ ആധുനിക കുടുംബവുമായി ബന്ധിച്ചിരിക്കുന്ന ആൺസ്വത്വബോധം കൂടിയാണ് ചോദ്യം ചെയ്യപ്പെടുന്നത്. ഈ സ്വത്വബോധ പ്രശ്നത്തെയാണ് പലപ്പോഴും ആൺകുട്ടികൾ ഹിംസയിലൂടെ വീണ്ടെടുക്കുവാൻ ശ്രമിക്കുന്നത്. ആൺകൂട്ടങ്ങളിൽ കണ്ടുവന്നിരുന്ന ‘സൗഹൃദപരമായ അതിക്രമങ്ങൾ’ (friendly aggressions) പോലും അതിരുകടന്ന് കൊലപാതകങ്ങളിൽ അവസാനിക്കുന്നതിന് കാരണം, ആരോഗ്യകകരമായ മത്സരങ്ങളുടെ അഭാവവും, ആൺകുട്ടികൾ ഇന്ന് നേരിടുന്ന സ്വത്വബോധ സംശയങ്ങളുമാണ്. പരമ്പരാഗത ജൻഡർ റോളുകളിൽ നിന്ന് പെൺകുട്ടികൾ സ്വാതന്ത്ര്യം നേടുന്ന സാഹചര്യങ്ങമുണ്ടാകുമ്പോഴും ആൺകുട്ടികളുടെ ജൻഡർ റോളുകൾ മാറ്റമില്ലാതെ തുടരുന്നു. ചുരുക്കത്തിൽ ഇന്ന് കാണുന്ന ഹിംസയുടെ തുറന്ന പ്രദർശനങ്ങൾക്ക് പിന്നിൽ ആൺസ്വത്വബോധ സംശയങ്ങളും, അരക്ഷിതാവസ്ഥയും അടിസ്ഥാനമായി നിലകൊള്ളുന്നു.


Summary: Drugs and Movies are not real reason behind violence in Kerala's young generation, Kunjunni Sajeev explains with recent incidents.


കുഞ്ഞുണ്ണി സജീവ്

പോണ്ടിച്ചേരി ഫ്രഞ്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ റിസർച്ച് അസിസ്റ്റന്റ്.  

Comments