കുഞ്ഞുണ്ണി സജീവ്​

രക്തസാക്ഷിത്വങ്ങളെക്കുറിച്ച്​,
​സന്ദേഹത്തോടെ

പ്രതിഷേധങ്ങളും, രാഷ്ട്രീയപ്രയോഗങ്ങളും ഇന്ന് ഇടതുപക്ഷത്തിന് ജീവിക്കുന്നതോ മരിച്ചതോ ആയ രക്തസാക്ഷികളെ നിർമിച്ചെടുക്കാനുള്ള വഴികൾ മാത്രമായി ചുരുങ്ങിപ്പോകുന്നുണ്ട്. മർദ്ദനമേറ്റുവാങ്ങുന്നവർ അധികവും ദലിത്- ആദിവാസി സ്ത്രീകളുമാണെന്നതാണ് ദുരവസ്​ഥ.

‘ചൂടാല്ലേ?', തളികയിൽ കോരിവച്ചിരുന്ന ചുവന്ന ദ്രാവകം തൊട്ടുനോക്കി, വിരലുകൾ കുടഞ്ഞ്​ ഞാൻ ചോദിച്ചു.

‘കോഴിയെ ഇപ്പൊ അറുത്തതല്ലേ ഉള്ളൂ, അതോണ്ടാടാ’, വലിയ രഹസ്യമൊന്ന് പറയുംപോലെ ചിരിച്ച്​ അമ്പലത്തിലെ ശാന്തിക്കാരൻ പറഞ്ഞു.

വളരെ ചെറുപ്രായത്തിൽ അമ്പലത്തിലും പള്ളിയിലും നടക്കുന്ന ചടങ്ങുകളെ കുറിച്ച് ഭക്തിയെക്കാൾ യുക്തിയുടെ ജിജ്ഞാസയ്ക്കാവും പ്രാധാന്യം. അങ്ങനെ കൂടിപ്പറ്റിയതാണ് കുരുതിയോടുള്ള താൽപര്യം. കുരുതിനാളിൽ അമ്പലത്തിൽ നിന്നുണർന്നുപൊങ്ങിയ അലർച്ചകളും, പാതിരാത്രിയിലും ഉയർന്നുകേൾക്കാറുള്ള ചെണ്ടകൊട്ടും എന്നെ ആകർഷിച്ചു. കുരുതി പറഞ്ഞിട്ടുള്ള തീയതികളിൽ അമ്പലത്തിലേക്കുള്ള പോക്കും, ഒളിഞ്ഞുനോട്ടവും കൂടി. കോഴിയെ അറക്കുന്നത് കാണണം, തരപ്പെട്ടാൽ കാളിയും കൂളിയും ചേർന്ന് കുരുതി സേവിക്കുന്നതും.

കോഴിയെ അറുത്ത് വീരഭദ്രൻ തെയ്യത്തിനു കുരുതി നൽകുന്ന മാവിലൻ / Photo : Wikimedia Commons

ആദ്യത്തേത് എന്തായാലും സാധ്യമാണ്, രണ്ടാമത്തേത് ഭാഗ്യമുണ്ടെങ്കിൽ മാത്രം. പാതിരാത്രിയാണ് വരവ്. പക്ഷെ അതുവരെ ഉറക്കമുണർന്നിരിക്കാൻ അമ്മ സമ്മതിക്കുമെന്ന് തോന്നുന്നില്ല. ഇങ്ങനെ പല വിചാരങ്ങളുമായി നടന്നിരുന്ന ഞാൻ കാര്യങ്ങൾ വിശദമായി മനസിലാക്കുവാനാണ് ശാന്തിക്കാരൻ ചേട്ടനെ കൂട്ടുപിടിച്ചത്. ഇത്തിരി ബഹുമാനവും, ‘ചേട്ടാ' വിളിയും മതിയായിരുന്നു, പെട്ടെന്നുതന്നെ അയാളുടെ സഹായിയായി മാറി.

കോഴികൾ നേർച്ചയായി നല്കപ്പെടുന്നതാണ്, പത്താം ക്ലാസ്​ പാസാകാൻ മുതൽ വീടുവെക്കാൻ വരെയുള്ള അനുഗ്രഹത്തിന് ഭക്തരുടെ കുരുതി. കോഴികൾ വരുന്നതും, തളികയിലെ രക്തം കാണുന്നതുമല്ലാതെ കൂടുതലൊന്നും ഭക്തി അഭിനയിച്ചുനടന്ന എനിക്ക് ആദ്യകാലങ്ങളിൽ കാണാൻ സാധിച്ചില്ല, അങ്ങനെയാണ് ഒളിഞ്ഞുനോട്ടം കൂടിയത്. പക്ഷെ ഒളിഞ്ഞുനോട്ടം അതുവരെ അനുഭവിച്ചിരുന്ന ആകാംഷ ഇല്ലാതാക്കി. ചുണ്ണാമ്പും മഞ്ഞളും ചേർന്ന മിശ്രിതമാണ് ചുടുരക്തം എന്നായി അന്തിമ നിഗമനം. മിശ്രിതത്തിനുണ്ടാകുന്ന ചൂടിന്റെ കാരണം പിന്നീട് കെമിസ്ട്രി മാഷും വ്യക്തമാക്കി. ഉള്ളിലേക്കുപോകുന്ന ഒരു കോഴിയും കുരുതിക്കായി കൊല്ലപ്പെടുന്നില്ല, മറിച്ച് അടുത്ത ഹോട്ടലുകളിലേക്ക് വിൽക്കപ്പെടുകയാണ്.

‘ജീവിച്ചിരിക്കുന്ന കമ്യൂണിസ്റ്റ് സഖാക്കളെ നമുക്ക് ഇഷ്ടമല്ല', ഹോണസ് മനോവേൽ, എന്ന ബ്രസീലിയൻ കമ്യൂണിസ്റ്റ് ചരിത്രകാരൻ ഇടതുപക്ഷത്തിനെതിരെ അത്തരമൊരു വിമർശനം ഉയർത്തുന്നുണ്ട്.

അതുവരെ, മനസ്സിൽ വളർത്തിയെടുത്ത ഒരു വലിയ നിഗൂഢത ഇല്ലാതായി. ഒരേ സമയം ഇഷ്ടപ്പെടുകയും, എന്നാൽ ഇല്ലാതാക്കണമെന്ന് കരുതുകയും ചെയ്ത നിഗൂഢത. കാളികൂളികളെ മാത്രമല്ല, കുട്ടിയായിരുന്ന എന്നെയും ചുണ്ണാമ്പ്- മഞ്ഞൾ മിശ്രിതം കബളിപ്പിച്ചു. നേർച്ചയായി വരുന്ന കോഴികൾ ബലി കഴിപ്പിക്കപ്പെട്ടാൽ അതൊരു നഷ്​ടമല്ലേടാ എന്ന് ശാന്തിക്കാരൻ പിന്നീടൊരിക്കൽ പറഞ്ഞു. ‘‘എന്തിന് കോഴികളെ വെറുതെ ബലി കഴിച്ചു കളയണം?, നേർച്ച തരുന്നവർക്ക് പ്രസാദം ‘രക്തം' ഒഴിച്ച് കൂളിയെ ഊട്ടുന്ന തളിക മാത്രമാണ്. മാത്രമല്ല, ബലി കൊടുക്കുന്ന ഏർപ്പാട് എന്ത് ക്രൂരമാണ്’’, അതുവരെ കുരുതിയുടെ സവിശേഷതകൾ വിവരിക്കുന്നതിൽ തൽപ്പരനായ ശാന്തിക്കാരൻ പെട്ടെന്ന് ഉത്തരവാദിത്വമുള്ള ആധുനിക മനുഷ്യനായി.

Photo : Wikimedia Commons

ബലി പ്രതീകാത്മകമാണ്. ഭക്തൻ തന്നെ സ്വയം ത്യജിക്കുന്ന ബലിയുടെ നവീകരിച്ച രൂപം തന്നെയാണ് മൃഗബലി എന്ന് ക്രിസ് ഫുള്ളറിനെ പോലുള്ള നരവംശശാസ്ത്രതജ്ഞർ വിശദീകരിക്കുന്നുണ്ട്. ബലി സ്വീകരിക്കുന്ന ദൈവവും, ഭക്തർക്കുമിടയിൽ മധ്യസ്ഥത വഹിക്കുന്നു കുരുതി. സ്വയം ഇല്ലാതാകുന്ന ത്യാഗത്തിന്റെ നവീകരിച്ച രൂപം. കൊല്ലപ്പെടുന്ന മൃഗവും ഭക്തരും തമ്മിലുള്ള വ്യത്യാസം ഇല്ലാതാകുന്ന അവസ്ഥയിൽ നടക്കുന്ന ചടങ്ങ് ഇന്ന് പിന്നെയും നവീകരിക്കപ്പെട്ട് ചുരുക്കം ചിലയിടങ്ങളിൽ രക്തച്ചൊരിച്ചിലില്ലാതെ നടക്കുന്നു. ഇന്ന് വിശ്വസിച്ചുപോരുന്ന പല വിശ്വാസങ്ങളുടെയും വൈരുധ്യങ്ങളുടെ ഒരു സ്വഭാവമാണ് മേല്പറഞ്ഞ ശാന്തിക്കാരന്റെ പ്രതികരണങ്ങൾ. അവ ഒരേസമയം പ്രാചീനവും ആധുനികവുമാണ്. പ്രാചീനരീതികളെ പ്രതീകാത്മകമായി ചുരുക്കുമ്പോൾ പ്രയോഗത്തിൽ ആധുനികതയുടെ ധാർമികബോധവും, വിഭവം പാഴാക്കി കളയരുത് എന്ന ചിന്തയും കൂട്ടിക്കെട്ടപ്പെടുന്നു. ഇവ രണ്ടും തമ്മിലുള്ള വൈരുധ്യം ഇന്ത്യയിൽ ഇന്ന് മനുഷ്യർ വിശ്വസിച്ചുപോരുന്ന എല്ലാ മതങ്ങളുടെയും രാഷ്ട്രീയ ആശയങ്ങളുടെയും കാതലാണ്. അവ തമ്മിലുള്ള സംഘർഷത്തിന്റെ ഫലം നിർണയിക്കുന്നത് അതാത് കുരുതികൾ നടക്കുന്ന രാഷ്ട്രീയകാലത്തെയും കുറിക്കുന്നു.

ഇന്ത്യൻ മതങ്ങൾ നേരിടുന്ന ആന്തരിക വൈരുധ്യങ്ങൾ തന്നെ ഇന്ത്യൻ രാഷ്ട്രീയം പൊതുവായും, ഇടതുപക്ഷം പ്രത്യേകിച്ചും നേരിടുന്നുണ്ട്.

‘പോസ്റ്ററിൽ കുറച്ചുകൂടി ചുവപ്പാകാം. അയ്ഷെ ഘോഷിന്റെ തലപൊട്ടിയ ഫോട്ടോയും വേണം. എ.ബി.വി.പി പ്രവർത്തകർക്കെതിരെ നടക്കുവാൻ പോകുന്ന ജാഥയിൽ ഉപയോഗിക്കാൻ പോകുന്ന പോസ്റ്ററുകളിലെല്ലാം ഇടതുപക്ഷ വിദ്യാർത്ഥി സംഘടനകൾ ഉപയോഗിക്കേണ്ട ഫോട്ടോ ഇതായിരിക്കണം’, തനിക്കുവന്ന മെസേജ് കാണിച്ച്​ വൈഭവ് ചിരിച്ചു. ‘ചെ ഗുവേരെ കൂടാതെ ഇനീം രക്തസാക്ഷികൾ നമുക്ക് ആവശ്യമാണോ? മർദിക്കുന്ന എ.ബി.വി.പി പ്രവർത്തകരെ ചെറുത്തുനിൽക്കേണ്ട സമയത്ത് സഖാക്കൾ പലരും തങ്ങൾക്കേറ്റ മുറിവുകൾ ഫോണിൽ റെക്കോർഡ് ചെയ്യുകയായിരുന്നു'- 2020ൽ ജെ.എൻ. യു കാമ്പസ് എ.ബി.വി.പി ഗുണ്ടകൾ ആക്രമിച്ചപ്പോൾ സഖാക്കളുടെ പ്രതികരണം വൈഭവിനെ ഒരേസമയം ചിരിപ്പിക്കുകയും വിഷമിപ്പിക്കുകയും ചെയ്യും. സ്വയം ബലികൊടുത്തതിന്റെ തെളിവുകൾ നിലനിർത്തുവാൻ ശ്രമിക്കുന്ന തന്റെ സുഹൃത്തുക്കളായ സഖാക്കൾ.

‘ജീവിച്ചിരിക്കുന്ന കമ്യൂണിസ്റ്റ് സഖാക്കളെ നമുക്ക് ഇഷ്ടമല്ല', ഹോണസ് മനോവേൽ, എന്ന ബ്രസീലിയൻ കമ്യൂണിസ്റ്റ് ചരിത്രകാരൻ ഇടതുപക്ഷത്തിനെതിരെ അത്തരമൊരു വിമർശനം ഉയർത്തുന്നുണ്ട്. ചെ ഗുവേരയും ഫിദൽ കാസ്‌ട്രോയും ഇടതുപക്ഷ അനുഭാവികൾക്കിടയിൽ ഒരേപോലെ സ്നേഹത്തിന് പാത്രമാവുന്നില്ല എന്നതിൽ തുടങ്ങുന്ന വിമർശനം എത്തിനിൽക്കുന്നത് കമ്യൂണിസത്തിന് ക്രിസ്ത്യൻ മതവിശ്വാസവുമായുള്ള അടുപ്പത്തിലാണ്. ലാറ്റിനമേരിക്കൻ ക്രിസ്തു എന്നറിയപ്പെടുന്ന ചെ എന്നും ഇടതുപക്ഷ വിദ്യാർത്ഥി സംഘടനകൾക്ക് പ്രിയപ്പെട്ടതാകുന്നത്, വളരെ ചെറിയ പ്രായത്തിൽ നേടിയ രക്തസാക്ഷിത്വം കൊണ്ടുകൂടിയാണ്. ആശയധാരയുടെ മൂലധനമായി മാറുന്ന കുരുതി. രാഷ്ട്രീയ കൊലപാതകങ്ങൾ കുരുതികളായി കാണുന്ന കാലത്ത് മതവും രാഷ്ട്രീയവും ഒന്നാവുമ്പോൾ നാം ഭക്തരാകണോ?. അതോ ജിജ്ഞാസയോടെ ഒളിഞ്ഞുനോക്കണോ?. ജിജ്ഞാസയോടെ, ഒരു ദൈവത്തിന്റെയും ഭാഗം പിടിക്കാതെ, ഒളിഞ്ഞുനോക്കണം എന്ന് പറഞ്ഞുവെക്കാനാണ് ഈ ലേഖനം.

ഇടതുപക്ഷ രാഷ്ട്രീയ പാർട്ടികളുടെ വിദ്യാർത്ഥി സംഘടനകളിലെ വലിയൊരു കൂട്ടം ഇടതുപക്ഷ ആശയങ്ങൾ കാമ്പസുകളിൽ പ്രചരിപ്പിക്കുന്നതിൽ വിജയിക്കുമ്പോഴും വലിയ തോതിൽ രാഷ്ട്രീയപ്രയോഗത്തിൽ പരാജയപ്പെടുന്നത് നമുക്കുകാണാം.

ഇന്ത്യൻ മതങ്ങൾ നേരിടുന്ന ആന്തരിക വൈരുധ്യങ്ങൾ തന്നെ ഇന്ത്യൻ രാഷ്ട്രീയം പൊതുവായും, ഇടതുപക്ഷം പ്രത്യേകിച്ചും നേരിടുന്നുണ്ട്. വൈവിധ്യത്തെയും, ന്യൂനപക്ഷവിഭാഗങ്ങളെയും അടിച്ചമർത്തുന്ന തീവ്ര വലതുപക്ഷ ഭരണകൂടവും, സെക്യുലർ ആശയങ്ങൾ പേരിനായി മാത്രം നയങ്ങളുടെ ഭാഗമാകുന്ന പ്രതിപക്ഷപാർട്ടികളും, അവ തമ്മിൽ നിലനിൽക്കുന്ന പ്രാചീന- ആധുനിക ബോധത്തിന്റെ സംഘട്ടനം. ഇവ തമ്മിലുള്ള വൈരുധ്യം മതവിശ്വാസികൾ നേരിടുന്ന വൈരുധ്യത്തെക്കാൾ സങ്കീർണമാണ്. പ്രധാനമായും ഇടതുപക്ഷ രാഷ്ട്രീയ പാർട്ടികളുടെ വിദ്യാർത്ഥി സംഘടനകളിലെ വലിയൊരു കൂട്ടം ഇടതുപക്ഷ ആശയങ്ങൾ കാമ്പസുകളിൽ പ്രചരിപ്പിക്കുന്നതിൽ വിജയിക്കുമ്പോഴും വലിയ തോതിൽ രാഷ്ട്രീയപ്രയോഗത്തിൽ പരാജയപ്പെടുന്നത് നമുക്കുകാണാം. സംസ്‌ക്കാരികമായതും ജൻഡർ വിഷയങ്ങളുമായി ബന്ധപ്പെട്ടു നടത്തുന്ന ആശയപ്രചാരണങ്ങളും മാത്രമാണ് ഇന്ന് ഇടതുപക്ഷ വിദ്യാർത്ഥി സംഘടനകൾക്ക് കൈമുതലായുള്ളത്. പ്രതിഷേധങ്ങളും, രാഷ്ട്രീയപ്രയോഗങ്ങളും ഇന്ന് ഇടതുപക്ഷത്തിന് ജീവിക്കുന്നതോ മരിച്ചതോ ആയ രക്തസാക്ഷികളെ നിർമിച്ചെടുക്കാനുള്ള വഴികൾ മാത്രമായി ചുരുങ്ങിപ്പോകുന്നുമുണ്ട്. ഇതിലേറ്റവും വിഷമകരമായ അവസ്ഥ മർദ്ദനമേറ്റുവാങ്ങുന്നവർ അധികവും ദലിത്- ആദിവാസി വിദ്യാർത്ഥികളും, സ്ത്രീകളുമാണെന്നതാണ്. ആ മർദ്ദനത്തെ ചെറുക്കുന്നതിനേക്കാൾ കൂടുതൽ, ഏറ്റുവാങ്ങിയ വേദന പ്രദർശിപ്പിക്കാൻ കാണിക്കുന്ന നേതൃത്വം മറ്റൊരു വലിയ അപകടവും. ഇടതുപക്ഷത്തുനിന്ന്​ ഭൂരിഭാഗം വരുന്ന വിദ്യാർത്ഥികൾ മാറിചിന്തിക്കുന്നതിന് കാരണമായി മറ്റൊരു ഉദാഹരണം നൽകാനാവില്ല.

ഇടതുപക്ഷ ബോധ്യം പാലിക്കുന്ന യുവാക്കൾ ഇന്ന് പൂർണമായും ജനകീയമായ കലകളെ വിശകലനം ചെയ്യുവാനാണ് സമയവും ഊർജ്ജവും ചെലവഴിക്കുന്നത്. സിനിമകളിലും, ഗാനങ്ങളിലും പൊളിറ്റിക്കൽ കറക്​റ്റ്​നെസ്​ തേടുന്ന രാഷ്ട്രീയചിന്തകർ ഒരിക്കലെങ്കിലും രാഷ്ട്രീയത്തെ അതിന്റെ യാഥാർഥ്യത്തിൽ അറിയുവാൻ ശ്രമിച്ചിരുന്നെങ്കിൽ എന്ന് ഇടതുപക്ഷ അനുഭാവികൾ എത്രയോ പേർ ആഗ്രഹിച്ചിരിക്കുന്നു. രാഷ്ട്രീയമായി ശരി എന്നുതോന്നുന്ന സിനിമകൾ കണ്ട് കോരിത്തരിക്കുന്ന പുരോഗമനവാദികൾ മഞ്ഞൾ -ചുണ്ണാമ്പ് മിശ്രിതം രക്തമാണെന്ന് തെറ്റിദ്ധരിച്ച് ആവേശം കൊള്ളുന്ന ഭക്തജനങ്ങളിൽ നിന്നും വ്യത്യസ്ഥരല്ല. ‘രക്തം' ശരിക്കും രക്തമല്ല എന്നതിൽ തുടങ്ങി എല്ലാ കുരുതികളുടെയും അന്തഃസത്ത തിരിച്ചറിയുന്ന, അവയെ ഇല്ലാതാക്കുന്ന തലത്തിലേക്ക് ഇടതുപക്ഷ ബോധം പങ്കിടുന്ന യുവാക്കൾ ശ്രമിക്കേണ്ടതുണ്ട്.

മതത്തിലും രാഷ്ട്രീയത്തിലും ബലികൾ സാധാരണമാകുന്ന കാലത്ത്, ആധുനിക സമൂഹത്തിൽ ഹിംസയുടെ കുത്തകാവകാശം നിലനിർത്തുന്ന ഭരണകൂടത്തിന്റെ ഹിംസകൾ ചിലർക്കെതിരെ മാത്രമായി ചുരുങ്ങിയാൽ, സാമൂഹത്തിൽ മതവും രാഷ്ട്രീയവും പ്രയോഗിക്കുന്ന ഹിംസയുടെ അളവ് കൂടും.

2014-നുശേഷം ഇന്ത്യയിൽ രാഷ്ട്രീയം അതിന്റെ യാഥാർഥ്യരൂപത്തിൽ ഭരിക്കുന്നത് തീവ്രവലതുപക്ഷമാകുമ്പോൾ, ഇടതുപക്ഷം പൂർണമായും രാഷ്ട്രീയത്തെ സംസ്‌ക്കാരികമായാണ് കാണുന്നത്. ഇന്ന് കേരളത്തിൽ ഉയർന്നുവരുന്ന രാഷ്ട്രീയ ചോദ്യങ്ങൾ പൂർണമായും വിനോദമേഖലയുമായി ബന്ധപ്പെട്ടതാണ്. തുല്യ വേതനം, സ്ത്രീ- പുരുഷ അസമത്വം, ലൈംഗിക ന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങൾ എന്നിവ പൂർണമായും വെള്ളിത്തിരയിലും, സിനിമാവ്യവസായത്തിനുമുള്ളിൽ തീർക്കാം എന്നുകരുതുന്ന യുവാക്കളായ ഇടതുപക്ഷ അനുഭാവികളും രാഷ്ട്രീയത്തെ അതിന്റെ യാഥാർഥ്യത്തിൽ നിന്ന്​ വേർപെടുത്തി തിയറികളിലും, സാംസ്‌കാരിക വിമർശനത്തിലും പ്രതിഷ്ഠിക്കുന്നുണ്ട്. യഥാർത്ഥ രാഷ്ട്രീയത്തിന്റെ പ്രശ്‌നങ്ങൾ നേരിടേണ്ടിവരുമ്പോൾ അവർ പലരും കനയ്യ കുമാറിനെ പോലെ സ്വകാര്യ ലാഭത്തിനായി രാഷ്ട്രീയവ്യക്തിത്വം തന്നെ മാറ്റിയേക്കാം. ഉമർ ഖാലിദിനെ പോലെയുള്ളവർ ജയിലിൽ രാഷ്ട്രീയത്തിന്റെ പേരിൽ ബലി കൊടുക്കുന്നത് സ്വന്തം യുവത്വവും. യുവാക്കൾക്കിടയിൽ തന്നെ നിലനിൽക്കുന്ന വൈരുധ്യവും അവർ ആശയങ്ങളോട് പാലിച്ചുപോന്ന വിശ്വാസത്തിന്റെ ഫലങ്ങളും ശ്രദ്ധിക്കുക. രാഷ്ട്രീയ ശരികൾ സിനിമയിൽ നിന്നുമാറി യഥാർത്ഥ ജിവിതത്തിൽ പാലിക്കപ്പെടുമ്പോൾ സ്വയം കുരുതിയായി മാറുന്ന കാഴ്ച.

ഉമർ ഖാലിദ് / Photo : El Alboroto, FB Page

മതത്തിലും രാഷ്ട്രീയത്തിലും ബലികൾ സാധാരണമാകുന്ന കാലത്ത്, ആധുനിക സമൂഹത്തിൽ ഹിംസയുടെ കുത്തകാവകാശം നിലനിർത്തുന്ന ഭരണകൂടത്തിന്റെ ഹിംസകൾ ചിലർക്കെതിരെ മാത്രമായി ചുരുങ്ങിയാൽ, സാമൂഹത്തിൽ മതവും രാഷ്ട്രീയവും പ്രയോഗിക്കുന്ന ഹിംസയുടെ അളവ് കൂടും. അതിന്റെ ഫലം സ്വാഭാവികമായും അടിസ്ഥാനവർഗമാണ് അനുഭവിക്കുന്നത്. ഗുജറാത്ത് കലാപം മുതലിങ്ങോട്ട് അനേകം കുരുതികൾ നമുക്ക് ഓർത്തെടുക്കുവാൻ സാധിക്കും. കുരുതികളിലൂടെ അധികാരം പിടിക്കുന്ന പാർട്ടികൾ മതങ്ങളിൽ നിന്ന്​ വ്യത്യസ്തമല്ല. ഇടതു വലതു ആശയ വ്യത്യാസമില്ലാതെ പ്രവർത്തിക്കുന്ന അത്തരം മതങ്ങളിൽ നിന്ന്​ മോചനം നേടാത്ത ഇന്ത്യൻ സമൂഹത്തിന് ജനാധിപത്യവും, മതേതരത്വവും, സാഹോദര്യവും നിലനിർത്തുവാൻ സാധിക്കില്ല. അധികാര കസേരകളിൽ നരഹത്യ നടത്തിയ ഐ.എ.എസ്​ ഓഫീസർമാരും, വംശഹത്യയ്ക്ക് ആഹ്വാനം നൽകിയ മന്ത്രിമാരും, വിദ്വേഷ പ്രസംഗങ്ങൾ നടത്തിയ ജനപ്രതിനിധികളും അഭിവൃദ്ധി നേടുന്ന രാജ്യത്ത്, കുരുതി നടത്തിയാൽ ജീവിതം രക്ഷപ്പെടും എന്ന് ജനം വിശ്വസിക്കുന്നതിൽ അത്ഭുതമില്ല. നരഹത്യയും, പീഡനവും ചെയ്തവർ ആഘോഷത്തോടെ ജയിലിൽ നിന്ന്​ പുറത്തിറങ്ങുമ്പോൾ തകരുന്നത് വ്യവസ്ഥിതിയുടെമേലുള്ള വിശ്വാസമാണ്. ആ വിശ്വാസം വീണ്ടെടുക്കുമോ എന്ന ചോദ്യമാണ് ഇന്ത്യൻ ഭരണകൂടത്തിന്റെ ഭാവി നിശ്ചയിക്കുന്നത്.

ഹിംസ പ്രവർത്തിക്കുവാനുള്ള അവകാശം മതങ്ങളിൽ നിന്ന് വേർതിരിച്ചെടുത്തതുപോലെ മതം ഇന്നും മനുഷ്യന് നൽകി​പ്പോരുന്ന സുരക്ഷിതത്വവും, വിശ്വാസവും നല്കുന്നിടത്താണ് ഭരണകൂടം ആധുനികമാകുന്നത്.

ഒരു ആധുനിക ഭരണകൂടം ശ്രമിക്കേണ്ട പല പദ്ധതികളിൽ ഒന്നുമാത്രമാണ് മതത്തിന്റെ സ്വാധീനം ജനങ്ങളിൽ പരമാവധി കുറച്ചെടുക്കുക എന്നത്. ശാസ്ത്രബോധവും, അന്വേഷണത്വരയും ജനകീയമാകുന്ന കാലത്തേക്ക് ഭരണകൂടം ഇന്ത്യൻ സമൂഹത്തെ നടത്തേണ്ടതാണ്.എന്നാൽ മതവും രാഷ്ട്രീയവും രണ്ടല്ലാത്ത ഒരവസ്ഥയാണ് ഇന്നത്തേത്. രണ്ടിനും കുരുതികൾ സാധാരണമാകുന്നു. ഹിംസയും, വിശ്വാസവും ചേർന്ന് ഇന്ത്യൻ ജനതയ്ക്ക് കൊടുക്കുന്ന തീർച്ചകളിൽ നിന്നാണ് അന്ധവിശ്വാസങ്ങൾ തുടങ്ങുന്നത്. കോറോണയെ തുരത്തുവാൻ പാത്രം കൊട്ടിയ പ്രധാനമന്ത്രി, കാർമേഘങ്ങൾ റഡാർ മറയ്ക്കുമ്പോൾ ആ തണലുപയോഗിച്ച് പറക്കുവാൻ ഫയിറ്റർ പൈലറ്റുകൾക്ക് ഉപദേശം നൽകും, ഇന്ത്യയുടെ ജൈവവൈവിധ്യത്തെ കുറിച്ച് പഠിക്കുന്ന ശാസ്ത്രജ്ഞരുടെ ആരുടെയും വാക്ക് കേൾക്കാതെ സ്വന്തം പിറന്നാൾ ദിനത്തിന് ആഫ്രിക്കൻ ചീറ്റകളെ ഇന്ത്യയിൽ തുറന്നുവിട്ട മോദി ശാസ്ത്രീയമായ ഒരറിവിനേയും വിലവയ്ക്കാത്ത ഭക്തൻ മാത്രമാണ്. മതം രാഷ്ട്രീയമായി കാണുന്ന നമ്മുടെ പ്രധാനമന്ത്രി.

ഇത്തരമൊരു സാഹചര്യത്തിൽ നിന്ന്​ വളരെ വ്യത്യസ്തമായ ഒരു കാലമാണ് ഭരണകൂടത്തിന്റെ നിർമാണത്തിൽ പങ്കാളികളായ അംബേദ്കർ അടക്കമുള്ളവർ ആഗ്രഹിച്ചിരുന്നത്. ഭൗതികസാഹചര്യങ്ങളുടെ മെച്ചപ്പടുത്തലിൽ തുടങ്ങി ശിപാർശകളില്ലാതെ മാന്യവും, യോഗ്യവുമായ തൊഴിൽ ലഭിക്കുന്ന സാഹചര്യവും. ‘ഭാഗ്യത്തിലും', ‘വിധിയിലും', ‘വിശ്വാസത്തിലും' ശ്രദ്ധ ചെലുത്തുവാൻ പ്രേരിപ്പിക്കുന്ന എല്ലാ രീതികളെയും ചടങ്ങുകളെയും ഭരണകൂടം ചെറിയ പദ്ധതികളിലൂടെ കുറച്ചുകൊണ്ട് വരുന്നതുമായ കാലം. ആധുനിക ഭരണകൂടം ഹിംസയെ മതത്തിൽ നിന്ന് കണ്ടെത്തി വേർതിരിച്ചെടുക്കുന്നതാണ് മനുഷ്യന്റെ രാഷ്ട്രീയചരിത്രത്തിൽ ആധുനികതയുടെ തുടക്കമായി കണക്കാക്കുന്നത്. ഹിംസ പ്രവർത്തിക്കുവാനുള്ള അവകാശം മതങ്ങളിൽ നിന്ന് വേർതിരിച്ചെടുത്തതുപോലെ മതം ഇന്നും മനുഷ്യന് നൽകി​പ്പോരുന്ന സുരക്ഷിതത്വവും, വിശ്വാസവും നല്കുന്നിടത്താണ് ഭരണകൂടം ആധുനികമാകുന്നത്. അത്തരമൊരു സമൂഹത്തിൽ ഭക്തന്മാരെക്കാൾ യുക്തിയ്ക്ക് മൂല്യം കൊടുക്കുന്ന, സംവാദത്തിന് സാധ്യതകളുള്ള തുറന്ന മനുഷ്യരായിരിക്കും സമൂഹത്തിൽ ഭൂരിഭാഗമുണ്ടാകുക. ▮ ,

Comments