കുഴിമന്തി; അരുചിയിലെ രാഷ്ട്രീയ സന്ദർഭം

അബോധത്തിൽ കിടക്കുന്ന അധീശചിന്ത വാക്കിനോടുള്ള അലർജിയായി മാറുന്നത് ഇങ്ങനെയൊക്കെയാണ് എന്നു തിരിച്ചറിയേണ്ട രാഷ്ട്രീയസന്ദർഭമാണ് ഈ കുഴിമന്തി വിവാദം.

കുഴിമന്തി(Kuzhimanthi) എന്ന വാക്ക് അത്ര നല്ലതല്ല എന്ന് തോന്നുന്നതെന്തുകൊണ്ടാവും? രുചികരമായ ഭക്ഷണത്തിന് അരുചികരമായ പേരെന്തിന് എന്ന ചോദ്യമുയരുന്നു. എന്താണ് ആ പേരിലെ അരുചി? കുഴി എന്ന വാക്ക് കേൾക്കുമ്പോൾ ചിലർക്ക് കക്കൂസ് ഓർമ വരുന്നു; മറ്റു ചിലർക്ക് കുഴിമന്തി, പെരുച്ചാഴിയെപ്പോലെ പരുപരുത്ത രോമമുള്ള ഒരു ജീവിയായായി തോന്നുന്നു. സാധാരണയായി അത്തരം അർത്ഥങ്ങളൊന്നും ഉല്പാദിപ്പിക്കാത്ത ആ വാക്ക്, പക്ഷേ ചിലർക്ക് വൈരൂപ്യമുള്ളതാവുന്നതെങ്ങനെ എന്ന് അന്വേഷിക്കേണ്ടതുണ്ട്.

രുചി ആഗോളവൽക്കരിക്കപ്പെട്ട ദശാബ്ദമാണ് കഴിഞ്ഞു പോയത്. ലോകത്തിലെവിടെയുമുള്ള രുചികൾ വിപണി നമ്മുടെ രുചിശീലങ്ങളുടെ ഭാഗമാക്കി മാറ്റിയിട്ടുണ്ട്. പീസയും പാസ്തയും മോമോസും കബാബും മന്തിയും കബ്‌സയും ഇന്ന് കേരളത്തിലെ ചെറിയ അങ്ങാടികളിൽ പോലും സുലഭമായതങ്ങനെയാണ്. വിപണിയുടെ ഭാഗമാവുമ്പോൾ അവയുടെ സ്വാഭാവിക രുചികളിൽ ദേശാനുസൃതമായി ചില മാറ്റങ്ങളുണ്ടാവാറുണ്ട്. ഡോമിനോസ് പോലുള്ള ബ്രാൻഡുകൾ ദക്ഷിണേന്ത്യയിൽ വിൽക്കുന്ന പീസ, ഇറ്റാലിയൻ പീസയുടെ തനത് രുചിക്കൂട്ടിലല്ല. ചെന്നെത്തുന്ന ദേശത്തിന്റെ രുചിബോധങ്ങളെക്കൂടി കണക്കിലെടുത്ത് ചെറിയ തോതിലുള്ള അപ്രോപ്രിയേഷൻസ് വിപണി വരുത്താറുണ്ട്. മന്തി എന്ന യമനീസ് ഭക്ഷണവും ഇത്തരത്തിലാണ് കേരളത്തിന്റെ ജനകീയ രുചിയായി മാറിയത്.

മന്തിയുടെ കാര്യത്തിലാവട്ടെ, രുചിയിൽ മാത്രമല്ല, പേരിലും ഒരു നാട്ടുപരുവം വരുത്തിയിട്ടുണ്ട്. കുഴിയിലിറക്കി വെച്ച് തീയിൽ വേവിച്ചാണ് മന്തി ഉണ്ടാക്കുന്നതെന്നതിനാൽ അതിന് കുഴി എന്ന ഒരു മലയാളവിശേഷണം കൂടി നൽകി. അലി എന്ന അറബിപ്പേര് അലിക്കുട്ടിയും കുഞ്ഞാലിയുമൊക്കെ ആകുന്ന മട്ട് തന്നെയാണിത്. കുഴി എന്ന വാക്ക് സാധാരണഗതിയിൽ പ്രകോപനമുണ്ടാക്കേണ്ട കാര്യമില്ല. കുഴിയപ്പമൊക്കെ കേരളത്തിൽ പലയിടത്തും സാധാരണമായ പലഹാരമാണല്ലോ. അപ്പോൾ പ്രശ്‌നം മന്തി എന്ന വാക്കാവണം. കുഴി കൂടി അതിനോട് ചേർന്നു നിന്നുള്ള പ്രയോഗം ചില അരുചികരമായ ഓർമകൾ ചിലരിലുണ്ടാക്കുന്നുണ്ടാവണം.

മന്തി നമ്മുടെ ഭാഷയിൽ മറ്റൊരർത്ഥത്തിലുള്ള വാക്കാണ്. ഇവിടെ മന്തി എന്നാൽ കരിങ്കുരങ്ങ് എന്നാണർത്ഥം. ദക്ഷിണേന്ത്യക്കാർ മുഴുവൻ കരിമന്തികളായി വിഭാവനം ചെയ്യപ്പെട്ട ഒരു കാലം നമ്മുടെ ഇതിഹാസഭാവനകളിലുണ്ട്. ബ്രാഹ്മണ്യം ഭാവന ചെയ്ത വംശീയ ശ്രേണീകരണത്തിന്റെ ഭാഗമാണത്. നിറവും രൂപവും അടിസ്ഥാനമാക്കിയുള്ള രാക്ഷസർ, ദസ്യുക്കൾ തുടങ്ങിയ വിശേഷണങ്ങൾ ദക്ഷിണേന്ത്യയിലെ ആദിമജനതയെ മനുഷ്യപദവിയിൽ നിന്നു തന്നെ പുറത്താക്കിക്കളഞ്ഞവയാണ്. പിന്നീട് മന്തൻ, മന്തി എന്നീ വാക്കുകളൊക്കെ 'ബുദ്ധി കുറഞ്ഞ ആൾ', ബുദ്ധി വളർച്ചയില്ലാതെ ശരീരം മാത്രം വലുതായ ആൾ എന്നൊക്കെയുള്ള അർത്ഥത്തിൽ പ്രചരിച്ചു തുടങ്ങി. അർത്ഥം വരുന്നത് കുരങ്ങിൽ നിന്നു തന്നെയാവണം. അതിനു പിന്നിൽ ശ്രേണീകരിക്കപ്പെട്ട ഈ വംശീയ ബോധത്തിന്റെ കൂടി പ്രേരണയുണ്ട്.

ബ്രാഹ്മണ്യമെന്നാൽ ബ്രാഹ്മണരെന്നല്ല അർത്ഥം. മറിച്ച് വംശീയമായ ഒരു അധീശചിന്ത (ഹെജിമണി) പങ്കിടുന്നവർ ചേർന്ന ഒരു സാമൂഹ്യവ്യവസ്ഥയാണത്. അവർ അധീശവർഗ്ഗമാവണമെന്നില്ല. പക്ഷേ അബോധത്തിൽ അത്തരമൊരു ഹെജിമണി പ്രവർത്തിച്ചേക്കാം. പുരാതനമായ ആ സാമ്പ്രദായികബോധമാണ് രുചി /അരുചികളെ നിർണയിക്കുന്ന സാംസ്‌കാരികഘടകം. നാം പുലർത്തുന്ന രാഷ്ട്രീയബോധത്തിനൊപ്പമാവണമെന്നില്ല അത്തരം രുചികൾ. നമ്മുടെ ഇടതുപക്ഷപ്രസ്ഥാനങ്ങളുടെ തുടക്കകാലത്ത് നേതൃനിരയിൽ ഉണ്ടായിരുന്നവർ പുലർത്തിയിരുന്ന ക്‌ളാസിക്കൽ കലാഭിരുചികളെ മുൻനിർത്തി ജോസഫ് മുണ്ടശ്ശേരി ഒരിക്കൽ ഇത് വിശദീകരിക്കുന്നുണ്ട്. ഇത് സ്വാഭാവികമാണ്. പക്ഷേ, ഈ രുചിബോധത്തെ മുൻനിർത്തി വാക്കുകളെ /അനുഭവങ്ങളെ നിരോധിക്കണമെന്ന വാദം ഫാസിസത്തോടു ചേർന്നു നിൽക്കുന്നതു തന്നെയാണ്.

വാക്കുകളെ പുറത്താക്കിയുള്ള ഈ കളി പുതിയതല്ല. മലയാളത്തിലെ ലിറ്റററി മോഡേണിറ്റി വികസിക്കുന്ന കാലത്ത് ഭാഷയെ സ്റ്റാൻഡേഡൈസ് ചെയ്യുന്നതിന്റെ ഭാഗമായി, കേരളത്തിന്റെ കീഴാള ജീവിതപാരമ്പര്യത്തിൽ നിന്നുള്ള ഒട്ടേറെ വാക്കുകളെ തമ്പുരാക്കൻമാർ പുറത്താക്കിയിട്ടുണ്ട്. നല്ല മലയാളം വിശദീകരിച്ചു കൊണ്ട് എ.ആർ. രാജരാജവർമ്മ എഴുതുന്നതിങ്ങനെ. 'എല്ലാ സമുദായങ്ങളിലും വിഭവം, സ്ഥാനമാനം, അവസ്ഥ, മുതലായവയിലുള്ള വ്യത്യാസം കൊണ്ട് ഉയർന്നവർ എന്നും താഴ്ന്നവർ എന്നും സംഘഭേദം ഉണ്ടല്ലോ. ഈ ഭേദം അതതു സംഘക്കാർ ഉപയോഗിക്കുന്ന ഭാഷയിലുമുണ്ട്. ചില പദങ്ങളും വാചകങ്ങളും എളിയോരുടെ ഇടയിൽ മാത്രം പ്രചാരമുള്ളവയായിട്ടുണ്ട്. ഇവയാണ് നീചം എന്ന വിഭാഗത്തിലുൾപ്പെടുന്നത്.

എ.ആർ. രാജരാജവർമ്മ

പ്രൗഢിയേറിയ സംഗതികളിൽ നീചഭാഷ അത്യന്തം ദോഷകരമായിരിക്കും. 'നീചം, ഗ്രാമ്യം, അസഭ്യം, എന്നൊക്കെയുള്ള പേരുകളിൽ തമ്പുരാൻമാർ എടുത്തു പുറത്തു കളഞ്ഞ വാക്കുകൾ ഇന്നാട്ടിലെ സവിശേഷാവകാശങ്ങളില്ലാത്ത മനുഷ്യരുടെ നിത്യജീവിതവുമായി ബന്ധപ്പെട്ടവയായിരുന്നു. എളിയോരുടെ ഒരു വാക്ക് എന്നാൽ ഒരു വസ്തുവിനെക്കുറിക്കാൻ ഉയർന്നവർ ഉപയോഗിക്കുന്ന വാക്കിന്റെ ബദൽ വാക്ക് എന്നല്ല മനസ്സിലാക്കേണ്ടത്. മറിച്ച് ഉയർന്നവരിൽ നിന്ന് വേറിട്ട ഒരു ജീവിതബോധത്തിന്റേയും അനുഭൂതി ലോകത്തിന്റേയും നിർമിതിയും പ്രകാശനവുമാണത്. തീരദേശ ജീവിതം ആവിഷ്‌ക്കരിച്ച കവി ഡി. അനിൽകുമാർ പലപ്പോഴായി പ്രയോഗിച്ച ഒരു പദമാണ് 'മുട്ടാങ്കിയിട്ടിരിക്കുക' എന്നത്. മുഖം മുട്ടുകാലിലേക്ക് ചേർത്തുള്ള ഇരിപ്പാണത്. പക്ഷേ കടപ്പുറത്തുള്ള മനുഷ്യർ അങ്ങനെയിരിക്കുമ്പോൾ കടൽ നൽകുന്ന അനിശ്ചിതത്വവും പ്രതീക്ഷയും ഒന്നു ചേരുന്ന ഒരു ആരോഹണാവരോഹണം ആ വാക്കിൽ സംഭവിക്കുന്നുണ്ട്. ആ അനുഭവത്തിൽ നിന്ന് അവരുണ്ടാക്കിയ വാക്കാണത്. അതിന് നിങ്ങളുണ്ടാക്കുന്ന ഏതു ബദൽ പദവും അവരുടെ അനുഭവത്തിന് പുറത്തായിരിക്കും. അത്തരം വാക്കുകളെ തള്ളിക്കളഞ്ഞപ്പോൾ ഒരു ജനതയെ അവരുടെ മാതൃഭാഷയിൽ നിന്ന് തള്ളിപ്പുറത്താക്കുക കൂടിയാണ് ചെയ്തത്. അബോധത്തിൽ കിടക്കുന്ന അധീശചിന്ത വാക്കിനോടുള്ള അലർജിയായി മാറുന്നത് ഇങ്ങനെയൊക്കെയാണ് എന്നു തിരിച്ചറിയേണ്ട രാഷ്ട്രീയസന്ദർഭമാണ് ഈ കുഴിമന്തി വിവാദം.

Comments