ഓസ്ട്രേലിയയിൽ നടന്ന സംഭവമാണ്.
പശ്ചാത്തല വിവരം.
'ഓവർസ്പീഡിന് കാറിന്റെ രജിസ്ട്രേഷൻ നമ്പർ വെച്ച് ചാർജ്ജ് ചെയ്യപ്പെട്ടാൽ സ്വാഭാവികമായി വാഹന ഉടമയുടെ പേരിലാണ് Infringement നോട്ടീസ് വരുന്നത്.
താനല്ല ഓടിച്ചതെങ്കിൽ ഉടമയ്ക്ക് ആരാണ് ഓടിച്ചെതെന്നുള്ള വിശദവിവരം കാണിച്ച് ഒരു സ്റ്റാറ്റ്യൂട്ടറി ഡിക്ലറേഷൻ സമർപ്പിക്കാവുന്നതാണ്. അപ്പോൾ ഫൈൻ/പണിഷ്മെന്റ് ഓടിച്ച ആൾക്ക് പോകും.
കളവായിട്ടുള്ള കാര്യങ്ങളാണ് സ്റ്റാറ്റ്യൂട്ടറി ഡിക്ലറേഷനിൽ കൊടുത്തതെന്ന് തെളിഞ്ഞാൽ പരമാവധി നാല് വർഷം വരെ ജയിൽ ശിക്ഷ കിട്ടും'
ഇനി ട്രൂ സ്റ്റോറിയിലേക്ക്.
മാർക്കസ് ഐൻഫീൽഡ് (Marcus Einfeld) എന്നൊരു മനുഷ്യൻ. 1938-ൽ ജനനം.
പിതാവ് പാർലമെന്റ് അംഗമായിരുന്നു. മാർക്കസും സാധാരണക്കാരനല്ല. ലോകത്തെ ഏറ്റവും നല്ല യൂണിവേഴ്സിറ്റികളിലൊന്നായ യൂണിവേഴ്സിറ്റി ഓഫ് സിഡ്നിയിൽ നിന്ന് നിയമബിരുദം.
ഓസ്‌ട്രേലിയൻ ഹ്യൂമൻ റൈറ്റ്സ് ആൻഡ് ഈക്വൽ ഓപ്പർച്യൂണിറ്റി കമ്മീഷൻ, ഓസ്‌ട്രേലിയൻ പാരാഒളിമ്പിക് കമ്മിറ്റി എന്നിവയുടെ സ്ഥാപക പ്രസിഡന്റ്, അഭയാർത്ഥികളുടെയും കുട്ടികളുടെയും UN പ്രതിനിധി, 2002-ലെ United Nations Peace Award ജേതാവ്, വികസ്വരരാജ്യങ്ങളിൽ നീതിയും ജനാധിപത്യവും നടപ്പിലാക്കാൻ വേണ്ടിയുള്ള അന്താരാഷ്ട്രസംഘടനകളുടെ ഉപദേഷ്ടാവ്, പലസ്തീനിയൻ നിയമവ്യസ്ഥ കെട്ടിപ്പടുക്കുന്നതിൽ യാസർ അറഫാത്തിന്റെ സഹായി, Holocaust അതിജീവിച്ചവർക്ക് വേണ്ടിയുള്ള സംഘടനയുടെ രക്ഷാധികാരി, ഓസ്‌ട്രേലിയൻ സുപ്രീം കോടതി ജഡ്ജ്, സാമൂഹ്യസേവനത്തിന് നൽകുന്ന ഉന്നത ബഹുമതിയായ ഓർഡർ ഓഫ് ഓസ്ട്രേലിയ നൽകി രാജ്യം ആദരിച്ച വ്യക്തി!

അങ്ങനെ നിരവധി പ്രവർത്തനമേഖലകൾ, അനവധി അംഗീകാരങ്ങൾ, ബഹുമതികൾ…
അങ്ങനെയുള്ള മാർക്കസ് ഓടിച്ച കാറിന് ഓവർ സ്പീഡ് ഫൈൻ കിട്ടുന്നു. 2006-ലാണ് സംഭവം. നിയമപ്രകാരമുള്ളതിൽ നിന്ന് പത്ത് കിലോമീറ്റർ കൂടുതൽ സ്പീഡ്. 77 ഡോളറായിരുന്നു ഫൈൻ, ഡ്രൈവിംഗ് ലൈസൻസിൽ നിന്ന് മൂന്ന് പോയിന്റും പോകും (ഒരു നിശ്ചിത കാലയളവ് ട്രാഫിക് റൂൾസ് തെറ്റിക്കാതിരുന്നാൽ ഇത് തിരികെ കിട്ടും, ആകെ പന്ത്രണ്ട് പോയിന്റാണ്, പന്ത്രണ്ടും പോയാൽ ലൈസൻസ് റദ്ദാകും). മാർക്കസിന് അന്ന് ആകെ നാല് പോയിന്റ് മാത്രമേ ലൈസൻസിൽ ബാക്കിയുണ്ടായിരുന്നുള്ളൂ.
തന്നെ സന്ദർശിക്കാൻ വന്ന അമേരിക്കൻ സുഹൃത്ത് പ്രൊഫസർ തെരേസ ബ്രണ്ണൻ ആണ് വണ്ടിയോടിച്ചിരുന്നതെന്ന് കാണിച്ച് മാർക്കസ് സ്റ്റാറ്റ്യൂട്ടറി ഡിക്ലറേഷൻ കൊടുക്കുന്നു. സമയത്തിന് കൊടുക്കാത്തതുകൊണ്ടോ മറ്റോ കേസ് കോടതിയിലോട്ട് റഫർ ചെയ്യപ്പെട്ടു. ഒരു പ്രാദേശിക കോടതിയിൽ under oath ലും മാർക്കസ് ഇതേ കാര്യം ആവർത്തിക്കുന്നു. സ്റ്റേറ്റ്മെന്റും സത്യവാങ്മൂലവും കണക്കിലെടുത്ത് മജിസ്ട്രേറ്റ് പുള്ളിയെ വെറുതെ വിടുന്നു.
ഈ സമയത്ത് കോടതിയിലുണ്ടായിരുന്ന ഒരു പത്രലേഖകൻ മറ്റു കോടതിക്കാര്യങ്ങൾക്കൊപ്പം മാർക്കസിന്റെ കേസും റിപ്പോർട്ട് ചെയ്യുന്നു. പത്രത്തിന്റെ എഡിറ്റർക്ക് ഒരു കുതൂഹലം. പ്രൊഫസർ തെരേസ ബ്രണ്ണൻ മൂന്ന് കൊല്ലങ്ങൾക്ക് മുമ്പ് അമേരിക്കയിൽ വെച്ച് മരിച്ചുപോയതായി അയാൾ കണ്ടെത്തുന്നു. പോലീസ് പുനരന്വേഷണത്തിലേക്ക് കാര്യങ്ങൾ നീങ്ങുന്നു.
താൻ പറഞ്ഞത് മറ്റൊരു തെരേസയാണെന്ന് കാണിച്ച്, അതിനെ ന്യായീകരിക്കാൻ വേണ്ടി മാർക്കസ് 22 പേജ് ഉള്ള മറ്റൊരു സ്റ്റേറ്റ്മെന്റ് ഹാജരാക്കുന്നു. വിശദമായ പോലീസ് അന്വേഷണത്തിനും കോടതി നടപടികളിലേക്കും കാര്യങ്ങൾ നീങ്ങുന്നു. അവസാനം കള്ള സത്യവാങ്മൂലം, അസത്യമായ രേഖ ചമയ്ക്കൽ എന്നീ വകുപ്പുകളിൽ മാർക്കസ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. കോടതിയിൽ കുറ്റങ്ങൾ സമ്മതിച്ചു, നിയമവിരുദ്ധ പ്രവർത്തികളുടെ ഉത്തരവാദിത്വം ഏറ്റെടുത്തു (കുറ്റം സമ്മതിക്കുന്നത്, pleaded guilty ശിക്ഷയിൽ ചില ഇളവുകൾ കിട്ടാൻ സഹായിച്ചേക്കാം).
2009-ൽ മാർക്കസ് മൂന്ന് വർഷത്തേക്ക് ശിക്ഷിക്കപ്പെട്ടു. രണ്ട് വർഷത്തിനുശേഷം പരോളിൽ മോചിപ്പിക്കപ്പെട്ടു. 70 വയസ്സിലാണ് ജയിലിൽ പോയത്. ആ സമയം പ്രോസ്റ്റേറ്റ് കാൻസറിന് ചികിത്സയിലുമായിരുന്നു. ഇതിനിടയിൽ മാർക്കസിന് വേണ്ടി കള്ളസാക്ഷി പറയാൻ ശ്രമിച്ച ഒരു സ്ത്രീക്ക് ഒരു കൊല്ലത്തെ നല്ലനടപ്പ് ശിക്ഷ കിട്ടി.
കോടതിയിൽ കേസ് നടന്നുകൊണ്ടിരുന്ന സമയത്ത് നാഷണൽ ടി.വി ഇന്റർവ്യൂവിൽ മാർക്കസ് ഇങ്ങനെ പറയുകയുണ്ടായി:
"No, I'm not dishonest, no.… I don't think I'm the slightest bit dishonest. I just made a mistake."
ജയിൽ മോചിതനായതിന് ശേഷവും മാർക്കസ് സാമൂഹത്തിന്റെ പല മേഖലകളിലുമുള്ള പരിഷ്കരണത്തിനും, നവീകരണത്തിനും വേണ്ടി സജീവമായി തന്നെ പ്രവർത്തിച്ചിരുന്നു. മാർക്കസിന്റെ കേസിനെ കുറിച്ച് പല പ്രതികരണങ്ങളും conspiracy theories-ഉം ഉണ്ടായി.
അഭയാർത്ഥി പ്രശ്നത്തിൽ അന്നത്തെ ഓസ്‌ട്രേലിയൻ ഗവൺമെന്റിന്റെ പല നയങ്ങൾക്കുമെതിരെ നിലകൊണ്ട അന്താരാഷ്ട്ര സ്വാധീനമുള്ള വ്യക്തിയായിരുന്നു മാർക്കസ്. ഇക്കാര്യത്തിൽ പ്രധാനമന്ത്രിയുടെ നിശിത വിമർശകനുമായിരുന്നു. ആരും അറിയാതെ പോകുമായിരുന്ന കുറ്റം അതുകൊണ്ടാണ് സർക്കാർ അനുകൂലപത്രം ആഴത്തിൽ അന്വേഷിക്കാൻ തുനിഞ്ഞതെന്ന വാദഗതികൾ വന്നു.
മാർക്കസ് പണ്ടും ചില്ലറ തട്ടിപ്പുകൾ നടത്തിയിട്ടുണ്ടെന്ന് പറഞ്ഞ് രംഗത്ത് വന്നവരുമുണ്ട്. സമാനമായ കുറ്റങ്ങൾ ചെയ്ത പല സെലിബ്രിറ്റികൾക്കും കിട്ടാത്ത കടുത്ത ശിക്ഷയാണ് മാർക്കസിന് കൊടുത്തതെന്ന് നിയമവിദഗ്ധർ തന്നെ അഭിപ്രായപ്പെട്ടു. മാർക്കസ് അതുവരെ ചെയ്ത സൽപ്രവർത്തികൾ പരിഗണിച്ച് ജയിൽ ശിക്ഷ ഒഴിവാക്കേണ്ടതായിരുന്നു എന്ന അഭിപ്രായവും ശക്തമായിരുന്നു.
ഫിയോന ഹരാരി എന്ന പത്രപ്രവർത്തക ‘A Tragedy in Two Acts: Marcus Einfeld & Teresa Brennan’ എന്നൊരു പുസ്തകമെഴുതി. അതിൽ ഈ സംഭവമൊക്കെ ഉണ്ടാകുന്നതിന് വളരെക്കാലം മുമ്പ് മാർക്കസ് തന്നെ പറഞ്ഞ ഒരു കാര്യം ചേർത്തിട്ടുണ്ട്,
'People do not expect leaders to be without error or to get everything right. Like with judges and everyone else in society, we accept fallibility and trust our leaders to be guided by the best of motives, even when they fall into manifest mistake. But we do expect the tone, the social parameters and the sense of values to be right. We expect mistakes to be corrected, not persisted with'
(തങ്ങളുടെ നേതാക്കൾ തെറ്റുകൾ ചെയ്യില്ലെന്നോ അല്ലെങ്കിൽ ചെയ്യുന്നതെല്ലാം ശരികളാകണമെന്നോ ജനങ്ങൾ പ്രതീക്ഷിക്കുന്നില്ല. എന്നാൽ അവർ പുലർത്തുന്ന ആശയങ്ങളും, കാഴ്ചപ്പാടുകളും മൂല്യബോധവുമാണ് വിലയിരുത്തപ്പെടുന്നത്. തെറ്റുകൾ തിരുത്തപ്പെടണമെന്നും, ആവർത്തിക്കാതിരിക്കണമെന്നും ജനങ്ങൾ ആഗ്രഹിക്കുന്നു.)

എന്നാലും ചോദ്യങ്ങൾ ബാക്കിയാകുന്നു. 'ഇത്രയും നിയമപരിജ്ഞാനമുള്ള, അന്താരാഷ് ട്രതലത്തിൽ അതും വൈവിധ്യമാർന്ന മേഖലകളിൽ പ്രവർത്തിച്ച് പരിചയമുള്ള, തന്റെ ജീവിതത്തിന്റെ നല്ലൊരു കാലയളവ് അഭയാർത്ഥികൾ, ഓസ്‌ട്രേലിയയിലെ അബൊറിജിനൽസ് അടക്കമുള്ള സമൂഹത്തിലെ ഒറ്റപ്പെട്ടുപോയവരുടെ ഉന്നമനത്തിന് വേണ്ടി യത്നിച്ച, 'One of 100 national living treasures' ആയി ആദരിക്കപ്പെട്ട ഒരാൾ ഒരു ചെറിയ ശിക്ഷ ഒഴിവാക്കാൻ വേണ്ടി എന്തിന് നിയമവിരുദ്ധമായ വഴി തിരഞ്ഞെടുത്തു? അതിന് വേണ്ടി ഒരപകടത്തിൽ ദാരുണമായി മരണപ്പെട്ട തന്റെ സുഹൃത്തിന്റെ പേര് ഒരു മനസ്താപവുമില്ലാതെ എങ്ങിനെ ഉപയോഗിക്കാൻ കഴിഞ്ഞു?'
ചോദ്യങ്ങൾക്കൊപ്പം 'ക്രൈം അത് ചെയ്യുന്നവന്റെ rational choice ആണെന്നും ഭവിഷ്യത്തിനെ കുറിച്ചോർത്തുള്ള ഭയവും, ശിക്ഷയും മാത്രമേ പരിഹാരമുള്ളൂ എന്ന് പറഞ്ഞ ക്ലാസ്സിക്കൽ തിയറി ഓഫ് ക്രിമിനോളജി, ജീനുകൾ (genetic inheritance) മാത്രമാണ് ഉത്തരവാദി എന്ന നിഗമനത്തിയ Cesare Lombroso, അത് തെറ്റെന്ന് തെളിയിച്ച Charles Goring, സാമൂഹ്യമായ കാരണങ്ങൾ മാത്രം ക്രിമിനൽ സ്വഭാവത്തിന് കാരണമായി പരിഗണിച്ച strain theory യുടെ ഉപജ്ഞാതാവ് Robert K. Merton, George L. Engelന്റെ Bio (ജൈവ) psycho (മാനസിക) social (സാമൂഹ്യ) model' തിയറികളുമുണ്ട്.
Cheers!
