ഈയിടെ പത്രത്തിന്റെ ലോക്കൽ പേജിൽ വന്ന പ്രധാന വാർത്ത: “സിറ്റിയിൽ വിവിധ സ്ഥലങ്ങളിലായി ലൈംഗിക കുറ്റകൃത്യങ്ങൾ നടത്തിയ അഞ്ചു പേർ പിടിയിലായി.”
ഒരു ദിവസം റിപ്പോർട്ട് ചെയ്യപ്പെട്ട, നടപടിയെടുക്കപ്പെട്ട കേസുകൾ മാത്രമാണിത്. പരാതിക്കാരിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളുണ്ട്, 14 വയസ്സുള്ള പെൺകുട്ടി ഉൾപ്പെടെ. ഒറ്റക്കും ആരുടെയെങ്കിലും കൂടെയും യാത്ര ചെയ്തിരുന്നവർ.
അടുത്തുതന്നെയുള്ള കോളത്തിലെ വാർത്ത: കർണാടകയിലെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ തന്റെ ഓഫീസിൽ, യൂണിഫോമിൽ, സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്ന വീഡിയോ മാധ്യമങ്ങളിൽ വൈറലാകുന്നു.
രണ്ടു മാസം മുൻപ് ചെന്നൈയിൽ നിന്നുവന്ന ന്യൂസിൽ ഒരു പോലീസുകാരന്റെ രോഷം: “രാത്രി ഒറ്റയ്ക്ക് പുറത്തിറങ്ങുന്ന സ്ത്രീകൾ ഹരാസ്സ് ചെയ്യപ്പെടും. അത് സ്വാഭാവികമാണ്.”
കഴിഞ്ഞയാഴ്ച ഒരു പതിനാലുകാരി കൊല്ലപ്പെട്ട വാർത്ത കണ്ടവരുടെ സമൂഹ്യമാധ്യങ്ങളിലെ പ്രതികരണം: “എന്തിനാണ് ഈ കുട്ടി ഒറ്റയ്ക്ക് അവന്റെ കൂടെ പോയത്?”.
ഇനി 25 വർഷം പിന്നിലേയ്ക്ക്…
“ബസ് ഇവിടെ വരെയുള്ളൂ, നിങ്ങളെ കൂട്ടാൻ ആളുണ്ടല്ലോ അല്ലേ?”, ഒരു ബസ് സ്റ്റാന്റ് എത്തിയപ്പോൾ ആളെ മുഴുവൻ ഇറക്കിയിട്ട് ആ കണ്ടക്ടർ എന്റെ നേരെ തിരിഞ്ഞു ചോദിച്ചു.
കൂട്ടിരുട്ടാണ് ചുറ്റും. ബസ് സ്റ്റാന്റ് എന്ന് പറഞ്ഞാലും പൊടിപിടിച്ച ഒന്നോ രണ്ടോ ബസുകൾ ഏതോ കോണിൽ കിടപ്പുണ്ട്. അടച്ചിട്ട മൂന്നാല് തട്ടുകടകളുടെ രൂപങ്ങൾ നിഴലുപോലെ കാണാം.
“ഇതേതാ സ്ഥലം?” നട്ടപ്പാരായ്ക്ക് മയങ്ങി വീണുകൊണ്ടിരുന്ന ഞാൻ കണ്ണുമിഴിച്ച് ചോദിച്ചു. അയാൾ ആകെ കൺഫ്യൂഷനായി, ഏതോ ഒരു പേര് പറഞ്ഞു; സ്ഥലം ഏതാണെന്നറിയാത്ത ഞാൻ എങ്ങനെ ഇവിടെയെത്തിയെന്ന മട്ടിൽ.
“അപ്പോൾ ബെല്ലാരിക്കുള്ള ബസോ?” ഞാൻ ചോദിച്ചു.
“ഇറങ്ങിക്കോ, ഇവിടെ കിട്ടും,” ശല്യം ഒഴിവാക്കൂ എന്ന മട്ടിൽ അയാൾ എന്റെ ബാഗെടുത്ത് താഴെ വച്ചു; “ഞങ്ങൾക്ക് പാർക്ക് ചെയ്യാൻ മാർക്കറ്റിൽ പോകണം.”
പൊടി നിറഞ്ഞ നിലത്തിറങ്ങി, വാച്ചു നോക്കിയപ്പോൾ രാത്രി 12 കഴിഞ്ഞതേയുള്ളൂ. റായ്ച്ചുരിനടുത്തുള്ള ഗ്രാമത്തിൽനിന്ന് ബസ് കേറിയിട്ട് മൂന്നാലു മണിക്കൂറായി. അവിടെ ഒരു സംഘടന വിസിറ്റ് ചെയ്യാൻ പോയതാണ്. 1999 കാലം, മൊബൈൽ ഫോൺ പ്രചാരത്തിലില്ല.
അന്തസ്സും മനുഷ്യത്വവുമില്ലാത്തവരുടെ മുന്നിൽ അസമയത്ത് പെട്ടുപോയെന്ന വെറും ഭാഗ്യ-നിർഭാഗ്യത്തിന്റെ ഇരകളായി, പീഡനമനുഭവിച്ചവരെ കാണുന്നത് സമൂഹത്തിന്റെ തോൽവിയാണ്.
മുൻകൂട്ടി അയച്ച കത്തിന്റെയും ലാൻഡ് ഫോൺ വഴി നൽകിയ മെസ്സേജിന്റെയും ഉറപ്പിലാണ് ഉച്ച കഴിഞ്ഞപ്പോഴേയ്ക്കും അവിടെയെത്തിയത്. അടച്ചു കിടക്കുന്ന ഓഫീസാണ് വരവേറ്റത്. ഡയറക്ടർ എവിടെയോ യാത്ര പോയിരിക്കുന്നു പോലും. എന്നു തിരിച്ചുവരുമെന്ന് അറിയില്ല.
ആദ്യമായിട്ട് എത്തുന്ന, ഒരു പരിചയക്കാരും ഇല്ലാത്ത സ്ഥലം. ആ പട്ടിക്കാട്ടിൽനിന്ന് പുറത്തു കടക്കണമെങ്കിൽ വൈകീട്ട് വരുന്ന ഒറ്റ ബസ് മാത്രമേയുള്ളൂ; ബെല്ലാരിക്കുള്ളത്. അവിടെനിന്ന് ഗുണ്ടക്കൽ എത്താം. ഓഫീസിന്റെ അടുത്തുള്ള കവലയിൽ കൂടിയിരിക്കുന്നവർ പറഞ്ഞതനുസരിച്ചാണ് ആ ബസ്സിൽ കയറിയത്. ഓരോ കിലോമീറ്ററും നിർത്തിനിർത്തി, ആട്, കോഴി, പച്ചക്കറി ഉൾപ്പെടെ സകല സാധനസാമഗ്രികളും കയറ്റുന്ന ഒരു ബസ്.
“അടുത്ത ടൗണിൽ പെട്ടെന്ന് എത്തും, കയറിക്കോ,” എന്റെ ബാഗും എന്നെയും ബസ്സിൽ സ്ഥാപിച്ച് ഗ്രാമക്കാർ പറഞ്ഞിരുന്നു. എല്ലായ്പ്പോഴും സംഭവിക്കുന്നതുപോലെ, ‘പെട്ടെന്ന്’ എന്നു പറഞ്ഞപ്പോൾ അവർ ഉദ്ദേശിച്ചത് 5-6 മണിക്കൂർ ആയിരുന്നു. അങ്ങനെയാണ് പാതിരാത്രിയിൽ ആ ബസ് സ്റ്റാൻഡിലെത്തിയത്.
പരിചയിച്ചുവരുന്ന ഇരുട്ടിൽ ചുറ്റും നോക്കി. ചായയും സിഗരറ്റും പാൻ മസാലയും വിൽക്കുന്ന ഒരു കടയുടെ മേശയ്ക്കുപിന്നിൽ ഒരാൾ നിൽപ്പുണ്ട്. അതിന്റെ വശത്ത് ഒരു വിളക്ക് തൂക്കിയിരിക്കുന്നു. അതിനടുത്തായി ബെഞ്ചിൽ അഞ്ചെട്ടു പേർ നിരന്നിരിക്കുന്നു. വെളുത്ത പാളത്താറും ലുങ്കിയും മുഷിഞ്ഞ ഷർട്ടുമിട്ട ഗ്രാമീണർ. പ്രദേശത്തെ പൊടിയുടെ ഒരു പാളി അവരുടെ മുഖത്തും തലമുടിയിലും അടിഞ്ഞിട്ടുണ്ട്.
മുതുപാതിരായ്ക്ക് അവരുടെ മുമ്പിൽ അവതരിച്ച രൂപം ഭൂതപ്രേതമാണോ, വെളിവില്ലാത്തതാണോ എന്ന കൺഫ്യൂഷനിൽ എന്നെ നോക്കുന്നുണ്ട്; പിന്നെ പരസ്പരവും.

“അടുത്ത ബസ് എപ്പോഴാ?”, അടഞ്ഞു കിടക്കുന്ന കടകളുടെ മുന്നിൽ നിൽക്കുന്ന ഒരാളോട് അറിയാവുന്ന കന്നടയിൽ തട്ടിമുട്ടി ചോദിച്ചു. എങ്ങോട്ട് വേണമെങ്കിലും കയറിപ്പോകാൻ റെഡിയായാണ് ചോദ്യം. രാവിലെ 6 മണി എന്നാണ് അയാൾ പറഞ്ഞതെന്നു തോന്നി. കോണിൽ കിടക്കുന്ന ഏതോ ബസ് ചൂണ്ടിക്കാണിച്ചു.
അവിടെ നിന്നിറങ്ങാൻ മറ്റൊരു മാർഗവുമില്ലെന്ന് മനസ്സിലായി. ചായക്കാരന്റെ അടുത്തുള്ള ഒരു സ്റ്റൂളിൽ ഇരുപ്പുറപ്പിച്ചു. കാലൊടിയാറായ സ്റ്റൂൾ ഇടയ്ക്കിടെ ഇളകുന്നുണ്ട്.
ചുറ്റുമുള്ളവരുടെ കൺഫ്യൂഷൻ പിന്നെയും കൂടി. ചുളിഞ്ഞ മുഖത്തോടെ നോക്കുന്നുണ്ട്. എന്നാൽ ആരും അടുത്തുവന്ന് എന്തെങ്കിലും ചോദിക്കുന്നുമില്ല. ഇടയ്ക്കിടെ അതുവഴി പോകുന്ന ലോറികൾ നിർത്തി ഡ്രൈവർമാർ ചായ കുടിക്കാനിറങ്ങുന്നുണ്ട്. അവരും നോട്ടത്തിൽ പങ്കു ചേർന്നു.
രാത്രി മുഴുവൻ അവിടെയിരിക്കുന്നതോർത്തപ്പോൾ ദേഹം വിറയ്ക്കാൻ തുടങ്ങി. പക്ഷെ പേടി മുഖത്ത് കാണിക്കരുതെന്ന വാശിയോടെ മുഖം കനപ്പിച്ച് ഇരുന്നു.
സമീപഗ്രാമങ്ങളിലേക്കുള്ള ജീപ്പിൽ അവിടെയിരുന്ന രണ്ടുമൂന്നുപേർ കയറിപ്പോയി. ബാക്കിയുള്ളവർക്ക് പോകാനുള്ള വണ്ടിയെങ്ങാനും ഇപ്പോൾ വന്ന് അവരും കൂടി അവിടം വിട്ടാലോ എന്നാചിച്ചപ്പോൾ അഭിനയത്തിനും അപ്പുറം പേടി കയറി. അപ്പോഴേയ്ക്കും ഇളകുന്ന സ്റ്റൂൾ ചെരിയാൻ തുടങ്ങി. പിന്നെ എഴുന്നേറ്റുനിന്നു, നേരം വെളുപ്പിക്കാനുള്ള തയ്യാറെടുപ്പിൽ.
രണ്ടുമൂന്നു മണിക്കൂർ കഴിഞ്ഞുകാണും, ഒരു ടെമ്പോ വാൻ ബസ് സ്റ്റാന്റിലേക്ക് കയറിവന്നു. അതിൽ നിന്ന് മൂന്നു ചെറുപ്പക്കാർ ചായ കുടിക്കാനിറങ്ങി. ടൗണിൽ നിന്നു വന്നവർ എന്നുതോന്നുന്ന രീതിയിലുള്ള വസ്ത്രവും സംസാരവും. അടുത്തുപോയി സംസാരിക്കണോ വേണ്ടയോ എന്ന കൺഫ്യൂഷനോടെ ഞാൻ അവർക്കുനേരെ തിരിഞ്ഞു.
എന്റെ നില്പും പരുങ്ങലും കണ്ട് അവർ അടുത്തു വന്നു: “എവിടുന്നാണ് നിങ്ങൾ? എങ്ങോട്ടു പോകാനാണ്?” കന്നടയും ഇംഗ്ലീഷും ചേർന്ന് അവർ ചോദിച്ചു. അവിടുത്തെ ന്യൂസ്‌പേപ്പർ ഓഫീസിലെ സ്റ്റാഫ് ആണ്. പ്രാദേശിക ലേഖകനും കൂടെയുള്ള ജോലിക്കാരും. പ്രിൻറ് ചെയ്ത ന്യൂസ്‌പേപ്പറും കൊണ്ട് അടുത്തുള്ള ബെല്ലാരിയിലേക്കു പോകുന്ന വഴിയാണ്. വെളുപ്പിന് മൂന്നര ആകുന്നേയുള്ളൂ.
ബസ് കാത്തുനിൽക്കുന്ന കാര്യം പറഞ്ഞപ്പോൾ അവർ പറഞ്ഞു, “ബസ് രാവിലെ ആറു മണിക്കൊന്നും പുറപ്പെടാൻ പോകുന്നില്ല, ഞങ്ങളുടെ ഒപ്പം കയറിക്കോളൂ, വെളിച്ചമാകുമ്പോൾ ബെല്ലാരി എത്തും.”
തികച്ചും അപരിചിതർ, പറഞ്ഞത് സത്യമാണോ എന്നുപോലും ഉറപ്പില്ല. പക്ഷെ കാലിയായിക്കൊണ്ടിരിക്കുന്ന ആ ബസ് സ്റ്റാൻറ്റും അവിടിവിടെ ബസ്സിൽ നിന്നും ട്രക്കുകളിൽ നിന്നും എത്തിനോക്കുന്ന കണ്ണുകളും കണ്ടപ്പോൾ വേറൊന്നും ആലോചിച്ചില്ല. അവർക്കൊപ്പം വാനിൽ കേറി.
വാനിന്റെ പുറകിൽ പത്രക്കെട്ടുകളുണ്ട്. അതിനിടയിൽ മൂന്നു പേരുടെ ഒപ്പം ഞെരുങ്ങിയിരുന്നു. രണ്ടു മണിക്കൂർ യാത്ര കഴിഞ്ഞ് ബെല്ലാരിയിലെത്തിയപ്പോൾ നേരം വെളുത്തു വരുന്നു. അവിടെനിന്നാണ് അടുത്ത ബസ് കിട്ടുന്നത്, ഗുണ്ടക്കൽ വരെ. അവിടെയ്ക്കുള്ള ബസ് സ്റ്റോപ്പിൽ എന്നെ ഇറക്കി അവർ പോയി.
ഊരും പേരുമറിയാത്ത, പിന്നീടൊരിക്കലും കാണാൻ സാദ്ധ്യതയില്ലാത്ത, എന്നെ സഹായിക്കാൻ യാതൊരു ബാധ്യതയുമില്ലാത്ത മനുഷ്യർ. ഒറ്റപ്പെട്ടുപോകുന്ന ഇടങ്ങളിൽ സ്ത്രീകൾ ആക്രമിക്കപ്പെടുന്നതിന്റെ വാർത്തകൾ കാണുമ്പോൾ, അത്തരമൊരു സന്ദർഭമുണ്ടാക്കിയതിന് ആ സ്ത്രീകൾ കുറ്റക്കാരായി പ്രഖ്യാപിക്കപ്പെടുമ്പോൾ, ആ രാത്രിയും ആ മനുഷ്യരെയും ഇടയ്ക്കിടെ ഓർക്കാറുണ്ട്.
National Crime Records Bureau- യുടെ 2022-ലെ ഡേറ്റ അനുസരിച്ച് 96.6% പീഡനക്കേസുകളിൽ ഇരയ്ക്ക് അടുത്തറിയാവുന്ന ആളുകളാണ് കുറ്റവാളികൾ.
ഇരുളോ പകലോ എന്നതല്ല, ഒറ്റക്കോ കൂട്ടമായോ എന്നതല്ല, ശക്തയോ ദുർബലയോ എന്നതല്ല, എതിരെയുള്ള ആണിന്റെ സ്വഭാവവിശേഷങ്ങളും മനോഭാവവുമാണ് ഇത്തരം സാഹചര്യങ്ങളിൽ കാതൽ എന്ന് തോന്നാറുണ്ട്. സുരക്ഷ ഉറപ്പാക്കാൻ നിയമവ്യവസ്ഥകൾക്കും സമൂഹത്തിനുമുണ്ടായ പരാജയവും. പ്രത്യേകിച്ച്, ഇത്തരം അപകടസാധ്യതയുള്ള സാഹചര്യങ്ങളില്ലെങ്കിൽ കൂടി, സ്ത്രീകൾ അനുഭവിക്കേണ്ടിവരുന്ന പീഡനങ്ങൾ കണക്കിലെടുക്കുമ്പോൾ.
National Crime Records Bureau- യുടെ 2022-ലെ ഡേറ്റ അനുസരിച്ച് 96.6% പീഡനക്കേസുകളിൽ ഇരയ്ക്ക് അടുത്തറിയാവുന്ന ആളുകളാണ് കുറ്റവാളികൾ. അതായത് കുടുബാംഗങ്ങൾ, കുടുംബ സുഹൃത്തുക്കൾ, ബന്ധുക്കൾ, അയൽക്കാർ, സഹപ്രവർത്തകർ എന്നിങ്ങനെ നേരിട്ട് പരിചയമുള്ളവർ. സുരക്ഷിതമെന്ന് പുറത്ത് ആർക്കും തോന്നുന്ന ഇടങ്ങളിലെ നിരന്തരമായ കടന്നുകയറ്റങ്ങൾ അനുഭവിച്ചവർക്കു മാത്രം മനസ്സിലാകുന്നതാണ്. അത്തരമൊരു അനുഭവം ജീവിതം തന്നെ മാറ്റിമറിക്കും.
വീണ്ടും 30 വർഷം പിന്നിലേയ്ക്ക്…
JNU പണ്ടേയുള്ള സ്വപ്നമായിരുന്നു. പോസ്റ്റ് ഗ്രാജുവേഷൻ കഴിഞ്ഞ് എം.ഫിൽ അഡ്മിഷന് ശ്രമിക്കാൻ ദൽഹിക്കു പോകാൻ തീരുമാനിച്ചു. അഥവാ അഡ്മിഷനായില്ലെങ്കിലും ജോലിക്ക് ശ്രമിക്കാമല്ലോ. ഇന്റർനാഷണൽ / യു എൻ ജോലിക്കും ദൽഹി തന്നെ ബെസ്റ്റ്.
അങ്ങനെയാണ് സ്വന്തക്കാരിയും അയൽക്കാരിയുമായ ചേച്ചിയുടെ വീട്ടിലെത്തിയത്. അവർ വർഷങ്ങളായി ദൽഹിയിൽ സ്ഥിര താമസമാണ്. രണ്ടുപേരും ജോലിക്കാർ. ചെറിയൊരു മകൾ, ചേച്ചി രണ്ടാമത് പ്രെഗ്നന്റ്.
“നീ വന്നാൽ എനിക്കൊരു കൂട്ടും ആകുവല്ലോ,” ചേച്ചി പറഞ്ഞിരുന്നു.
ആദ്യമൊക്കെ എല്ലാം സുഖം, സന്തോഷം. അവിടെ പഠിക്കുന്ന ഫ്രണ്ട്സ് വഴി JNU അഡ്മിഷന്, അല്ലെങ്കിൽ ജോലിക്ക് ശ്രമം.
അതിനിടയിൽ ചേച്ചിയുടെ ഭർത്താവിന്റെ രീതികൾക്ക് ചെറിയ മാറ്റം തോന്നിത്തുടങ്ങി. ആവശ്യമില്ലാതെ ദേഹത്ത് തൊടാനും ചേച്ചി എവിടെയെങ്കിലും മാറുമ്പോൾ അടുത്തുവരാനും തുടങ്ങി. ആദ്യം അത് സ്വന്തം പാരനോയ ആണെന്ന് കരുതി. അല്ലെങ്കിൽതന്നെ കോളേജ് യാത്രയുടെ ഇടയിലെ തോണ്ടലും കുത്തലുമൊക്കെ അനുഭവിച്ചതിന്റെ ആഘാതം ഉള്ളിൽ കിടക്കുന്നതുകൊണ്ട് ഫോബിയ കുറച്ച് കൂടുതലുമാണ്.

പക്ഷെ അയാളുടെ സ്വഭാവമാറ്റം പ്രകടമാകാൻ തുടങ്ങിയപ്പോൾ എതിർത്തു പറഞ്ഞു. സ്വന്തം അനിയത്തിയാണെന്ന് കരുതി കാണിച്ച അടുപ്പമാണെന്ന് ഇമോഷണൽ മറുപടി. അതിന്റെ ഇടയിൽ ഹിന്ദിയിലെ വൃത്തികെട്ട ഡയലോഗും “സാലി ആഥാ ഘർവാലി’’ (ഭാര്യയുടെ അനിയത്തി പാതി ഭാര്യ).
അതോടെ മാറിത്താമസിക്കാൻ ഒരു സ്ഥലം അന്വേഷിക്കാൻ തുടങ്ങി. വർക്കിംഗ് വിമൻസ് ഹോസ്റ്റലുകൾ കേറിയിറങ്ങി. ജോലിയില്ലാത്തവർക്ക് എങ്ങനെ അവിടെ അഡ്മിഷൻ കിട്ടാനാണ്; അതും വളരെ ലിമിറ്റഡായി മാത്രം വേക്കൻസിയുള്ള ഹോസ്റ്റലുകളിൽ?
ദിവസങ്ങൾ നീളുന്നു. അയാളുടെ ശല്യം കൂടുന്നു. ചേച്ചിയുടെയും മകളുടെയും മുന്നിൽ വച്ചു തന്നെ തമാശ എന്ന നിലയിൽ തൊടാനും പിടിക്കാനും തുടങ്ങുന്നു. ഭാഗ്യത്തിന് ഒരു ഇന്റർവ്യൂ വഴി യു എൻ പ്രോജെക്റ്റിൽ ജോലി കിട്ടി. ഇനിയെങ്കിലും വർക്കിംഗ് വിമൻസ് ഹോസ്റ്റൽ കിട്ടുമല്ലോ എന്നാശ്വസിച്ചപ്പോൾ അതാ അടുത്ത കടമ്പ. ആകെ ഒഴിവുള്ള ഒരിടത്ത് ലോക്കൽ ഗാർഡിയനില്ലാതെ അഡ്മിഷൻ കൊടുക്കില്ല.
ചേച്ചിയെയും കൂട്ടിക്കൊണ്ടു പോകാൻ നോക്കിയപ്പോൾ, “എനിക്ക് തീരെ വയ്യാ, ചേട്ടൻ വന്നോളും” എന്ന് അവർ. ഇത്തരം ഒഫീഷ്യൽ കാര്യങ്ങൾ ആണിന്റെ കുത്തകയാണെന്ന് വിശ്വസിക്കുന്ന പരമ്പരയിൽ പെടുന്ന ഒന്നാണ് അവരും. ഒടുവിൽ അയാൾ കൂടെ വന്നു. വാർഡൻ കാര്യങ്ങൾ ചോദിക്കുമ്പോൾ ഇയാളുടെ വക നീണ്ട ഉത്തരം: “ഞങ്ങൾ സ്വന്തം അനിയത്തിയെ പോലെയാ നോക്കുന്നത്. ഇവർക്കൊക്കെ താന്തോന്നിത്തരം കാണിക്കാനുള്ള ഫ്രീഡം വേണം, അതിനുവേണ്ടിയാ ഹോസ്റ്റൽ എന്നും പറഞ്ഞു ഇറങ്ങുന്നത്.”
അതോടെ ആ വാതിലും അടഞ്ഞു. പിന്നെയുള്ള ഓരോ ദിവസവും നരകം. മാക്സിമം വീട്ടിൽ കേറാതെ റെയിൽവേ സ്റ്റേഷനിൽ പോയി ഇരുന്ന പകലുകൾ, ഏതെങ്കിലും മാർക്കറ്റിൽ വെറുതെ നടന്നു സമയം കളഞ്ഞ സന്ധ്യകൾ, ജോലിയും കഴിഞ്ഞ് ചേച്ചി തളർന്നുറങ്ങുന്ന സമയത്ത് അയാൾ മുറിയിൽ കേറിവരുന്നത് പേടിച്ച് ഫ്ലാറ്റിന്റെ കോറിഡോറിലിരുന്നു വെളുപ്പിച്ച രാത്രികൾ.
ഇരുളോ പകലോ എന്നതല്ല, ഒറ്റക്കോ കൂട്ടമായോ എന്നതല്ല, ശക്തയോ ദുർബലയോ എന്നതല്ല, എതിരെയുള്ള ആണിന്റെ സ്വഭാവവിശേഷങ്ങളും മനോഭാവവുമാണ് ഇത്തരം സാഹചര്യങ്ങളിൽ കാതൽ എന്ന് തോന്നാറുണ്ട്.
മറ്റു ബന്ധുക്കളുടെ അടുത്തേയ്ക്ക് മാറാൻ വയ്യ; വീട്ടിലും പറയാൻ വയ്യ, സത്യമറിഞ്ഞാൽ ആ പാവം ചേച്ചിയുടെ കുടുംബം തകരുമെന്ന വിഷമം. പറയുന്നത് ആരെങ്കിലും വിശ്വസിക്കുമോ എന്നുറപ്പുമില്ല. അത്രയ്ക്ക് നല്ല ആളാണ് എല്ലാവരുടെയും മുന്നിൽ.
ഒരു ദിവസം കൂടി പിടിച്ചുനില്ക്കാൻ പറ്റില്ല എന്നു വന്നപ്പോൾ തിരികെ നാട്ടിലേയ്ക്ക്; ഒരു കരിയറും ഒരു സ്വപ്നവും സ്വസ്ഥതയോളം വലുതല്ല എന്നുറപ്പിച്ചുകൊണ്ട്, ദൽഹിയിലെ കാലാവസ്ഥ പിടിക്കുന്നില്ല എന്ന കാരണവും പറഞ്ഞ്.
ഇഷ്ടങ്ങൾക്ക് തടസ്സം നിൽക്കാത്ത അപ്പനും അമ്മയും ആയിരുന്നതുകൊണ്ട് കൂടുതൽ സംസാരം വേണ്ടിവന്നില്ല. ദൽഹി ചാപ്റ്റർ അതോടെ അവസാനിച്ചു.
പെണ്ണുങ്ങളുടെ അധിക(?) സ്വാതന്ത്ര്യം, അവരുടെ വസ്ത്രധാരണം ഇതൊക്കെയാണ് സ്ത്രീപീഡനങ്ങളുടെ കാരണം എന്ന (സ്ത്രീകളുടെ അടക്കം) വാദം കേൾക്കുമ്പോൾ ആ ദിവസങ്ങൾ ഓർക്കും.
കണക്കനുസരിച്ച് ഒരു മണിക്കൂറിൽ ഇന്ത്യയിൽ നാല് സ്ത്രീകൾ ലൈംഗികപീഡനത്തിനിരയാകുന്നുണ്ട്. റിപ്പോർട്ട് ചെയ്യപ്പെട്ടവ മാത്രമാണിവ. അതും പീഡനം നടന്നു കഴിഞ്ഞവ. പേടിയും അപമാനവും നിസ്സഹായതയും കൊണ്ട് പുറത്തുപറയാത്ത സ്ത്രീകളുടെ എണ്ണം ഇതിലും എത്രയോ ഇരട്ടിയാകും. പരാതി കൊടുത്തിട്ടും പോലീസ് റിപ്പോർട്ടിൽ വരാത്ത എത്രയോ സംഭവങ്ങൾ വേറെയും.
ദൽഹി പോലീസ് ഡേറ്റ അനുസരിച്ച് 44% കുറ്റവാളികളും അടുത്ത ബന്ധുക്കളാണ്. ഇവയിൽ ഏറ്റവും അലട്ടുന്ന കാര്യം കുട്ടികളുടെ ലൈംഗിക പീഡനത്തിൽ 35% സ്വന്തം അച്ഛന്മാരും 22% അമ്മാവന്മാരും ആണെന്ന കണക്കാണ്. അതായത്, പുറത്തില്ലാത്ത അപകടവും ദുരിതവും പെൺകുട്ടികൾ സ്വന്തം വീട്ടിൽ നേരിടുന്നു. അതും ആപത്തുകളിൽനിന്ന് അഭയത്തിനായി ഓടിയെത്തുന്നവരിൽനിന്നുതന്നെ.
ഇതൊന്നും ഒരു ദിവസം, അല്ലെങ്കിൽ ഒരു പ്രാവശ്യം മാത്രം സംഭവിക്കുന്ന കാര്യമല്ല. കാലങ്ങളോളം തുടരുന്ന ശാരീരിക, മാനസിക പീഡനങ്ങളുടെ ഒടുവിലാകും ആരെങ്കിലുംവഴി ഇത് പുറത്തുവരിക. അല്ലെങ്കിൽ കുട്ടികളുടെ ആരോഗ്യസ്ഥിതി വഷളാകുമ്പോൾ. എന്നിട്ടും, അപരിചിതസ്ഥലത്ത്, ഒറ്റയ്ക്ക്, അസമയത്ത് ഇറങ്ങുന്ന സ്ത്രീകളാണ് ഇതെല്ലാം വരുത്തിവെക്കുന്നതെന്ന് ഇപ്പോഴും വിശ്വസിക്കുന്ന ഒരു വലിയ ജനസമൂഹമാണ് നമ്മുടെ ചുറ്റിലും.

ഇത്തരം അനുഭവങ്ങൾ സ്ത്രീകളിൽ / കുട്ടികളിൽ ഉണ്ടാക്കുന്ന ശാരീരിക- മാനസിക ആഘാതത്തെ ഒരു കോളം വാർത്തയ്ക്കപ്പുറം കാണാൻ കഴിയാത്ത ജനം. സംരക്ഷിക്കേണ്ടവർ, അഭയമാകേണ്ടവർ. ക്രൂരമായ അക്രമം നടത്തുമ്പോഴും നാണക്കേട് പെൺകുട്ടിക്ക്. മുഖം മറയുന്നത് അവളുടേത്. ‘സ്വയം നിയന്ത്രിക്കാൻ കഴിയാത്ത’, ‘പാവങ്ങളായ ആണുങ്ങളുടെ’ ദൗർബല്യത്തെ ന്യായീകരിച്ച് പ്രസ്താവനകളിറക്കുന്ന നേതാക്കൾ.
അന്തസ്സും മനുഷ്യത്വവുമില്ലാത്തവരുടെ മുന്നിൽ അസമയത്ത് പെട്ടുപോയെന്ന വെറും ഭാഗ്യ-നിർഭാഗ്യത്തിന്റെ ഇരകളായി, പീഡനമനുഭവിച്ചവരെ കാണുന്നത് സമൂഹത്തിന്റെ തോൽവിയാണ്. ഏതു സമയത്തും ഏതവസ്ഥയിലും ആർക്കും അവകാശമുള്ളതാണ് സംരക്ഷണം എന്ന ബോധ്യവും സാമൂഹ്യനീതിയും നടപ്പാകുന്നിടത്തോളം ഈ തോൽവി തുടരും…
