നിങ്ങൾ ഇന്നുവരെ രുചിച്ചവയിൽ വെച്ച് ഏറ്റവും സ്വാദിഷ്ഠമായതെന്താണ്? ഓർമയിൽ വീണ്ടും വീണ്ടും നുണയുന്ന ഒരു രുചി എന്താണ്?
ഇതുവരെയുള്ള ജീവിതത്തിന് എന്തുസ്വാദാണ് നിങ്ങൾ കൊടുക്കുന്നത്? വൈലോപ്പള്ളി പറഞ്ഞതുപോലെ, കണ്ണീരുപ്പ് കലരാത്ത ജീവിതപ്പലഹാരമുണ്ടോ? ഒരുപരിധിവരെ എല്ലാവരും അങ്ങനെയാണെന്ന് തോന്നുന്നു. ഞാനും.
എന്റെ നാടുകൾ, ഞാൻ പോയ ഇടങ്ങൾ, അതിന്റെ നേർമയായ ഉണ്ണിസ്വാദുകൾ..! ആർത്തി പെരുത്ത ഗർഭദശാസന്ധികൾ..!
എന്നെ ഛർദിപ്പിക്കുന്ന മധുരങ്ങൾ...!
എന്റെ രുചിയോർമകളാണിവയൊക്കെ...!
കുട്ടിക്കാലത്ത് വീട്ടിൽ നാനാതരം പുഴുക്കുകൾ സുലഭമായിരുന്നു.
പച്ചക്കപ്പ...
ഉണക്ക കപ്പ...
വയലറ്റ് നിറമുള്ള കാച്ചിൽ...
സ്വർണനിറമുള്ള ചക്കപ്പുഴുക്കുകൾ...
ഇളം വെള്ളനിറമുള്ള ചേമ്പു പുഴുങ്ങിയത്...
ഇതൊക്കെയും മലയോര നാടിന്റെ തനതുരുചികളും പ്രിയപ്പെട്ടതുമാണെന്ന് തിരിച്ചറിയാൻ പിന്നെയും കുറെ നാളെടുത്തു. ഇവയ്ക്കൊപ്പം ചേർക്കുന്ന മറ്റൊന്ന് കൂടിയുണ്ട് ഓർമയിൽ. നല്ല പച്ചമീൻ കഴുകി വൃത്തിയാക്കി ഉപ്പും മഞ്ഞൾപ്പൊടിയും തിരുമ്മിവെക്കണം, എന്നിട്ട് ഇഞ്ചി നേർമയായി അരിഞ്ഞതും രണ്ടു വെളുത്തുള്ളി അല്ലിയും പച്ച വെളിച്ചെണ്ണയിൽ മൂപ്പിച്ച് അല്പം മഞ്ഞപ്പൊടിയും അതിലേറെ മുളകുപൊടിയും ചേർത്ത് പുളി പിഴിഞ്ഞൊഴിച്ച് മീൻ ചേർത്ത് വേവിച്ചു വറ്റിച്ചെടുത്ത് മേൽ പറഞ്ഞപുഴുക്കുകൾക്കൊപ്പം കഴിക്കണം. അഹങ്കാരത്തിന് ഒരു തണ്ട് കറിവേപ്പിലയും ഒരു സ്പൂൺ വെളിച്ചെണ്ണയും. ഈ വക ശീലങ്ങളൊക്കെയും എന്റെ പൂർവപിതാക്കന്മാരുടെ രക്തത്തിൽ അലിഞ്ഞുചേർന്നതാവാം. മണ്ണിനോടും മഴയോടും മല്ലിട്ട അവരുടെ സ്വാദുമുകുളങ്ങളെ നിറച്ച ആ ഇഷ്ടം ഇങ്ങേയറ്റത്തു വന്നുനിൽക്കുന്നു. ആ പഞ്ഞകാലങ്ങളിലെ അതിജീവനത്തിന്റെ ഓർമപ്പെടുത്തലായി അവ എന്റെ നാവിൽ ഉറഞ്ഞുകിടക്കുന്നു. ജീവിതമിങ്ങനെ ആരോടും പറയാതെ ചോദിക്കാതെ ഒഴുകുമ്പോൾ എന്തൊക്കെ രുചികൾ വന്നു നാവിൽ തൊടുമ്പോഴും, വീട്ടിലെയും നാട്ടിലേയും രുചികളിൽ ഒരു പ്രത്യേക സന്തോഷമാണ്.
നല്ല നെയ്യുള്ള കൊഴുവ നന്നായി വൃത്തിയാക്കി വരഞ്ഞതിലേയ്ക്ക്, പച്ചക്കാന്താരിയും വാളൻപുളിയുടെ തളിരിലകളും ഒരല്പം മഞ്ഞളും ഉപ്പും കൂടി അരച്ചത് ഒരു വാഴയിലയിൽ വച്ച് അതിനുമീതെ കൊഴുവ വെച്ച് മൺചട്ടിയിൽ വെളിച്ചെണ്ണ ചേർത്ത് ചുട്ടെടുക്കണം
ഭക്ഷണങ്ങളിൽ എല്ലായെപ്പോഴും പ്രിയം മീനിനോടാണെന്ന് തോന്നുന്നു. ചെറിയ കുഞ്ഞായിരിക്കുമ്പോൾ ഒറ്റാൽ കൊണ്ട് മീനിനെ പിടിച്ചുകൊണ്ടുവരുന്ന വല്യപ്പൻ പറയുന്ന ഒരു കഥയുണ്ട്. ആയുസ്സെത്തുന്ന മീനുകൾ മുക്കുവനു മുന്നിൽ വന്നുനിൽക്കും, എന്നെ ആഹാരമാക്കൂ എന്നുപറഞ്ഞ്. അങ്ങനെയുള്ള മത്സ്യങ്ങളെ മാത്രമേ ഭക്ഷിക്കാവൂ അത്രേ. ഇപ്പോൾ ഓർമിക്കുമ്പോൾ അതിലൊരു പ്രപഞ്ചസത്യമുണ്ട്...!
ഏതുകാലത്തും ഞങ്ങളുടെ നാട്ടിൽ ഒരു സ്വന്തം മീൻ രുചിയുണ്ടായിരുന്നു, പുളിയേല മീൻ.
നല്ല നെയ്യുള്ള കൊഴുവ നന്നായി വൃത്തിയാക്കി വരഞ്ഞതിലേയ്ക്ക്, പച്ചക്കാന്താരിയും വാളൻപുളിയുടെ തളിരിലകളും ഒരല്പം മഞ്ഞളും ഉപ്പും കൂടി അരച്ചത് ഒരു വാഴയിലയിൽ വച്ച് അതിനുമീതെ കൊഴുവ വെച്ച് മൺചട്ടിയിൽ വെളിച്ചെണ്ണ ചേർത്ത് ചുട്ടെടുക്കണം. ഇല മാറ്റുമ്പോൾ തെളിഞ്ഞുവരുന്ന മണവും സ്വാദും; ആരും പറയും ആഹാ..!
‘മലയിൽ നിന്നൊരു പങ്ക്
കടലിൽ നിന്നൊരു പങ്ക് '
കൊച്ചു ടോട്ടോയെ പോലെ ഞാനും ഉറക്കെ പറയുന്നു.‘മലയിൽ നിന്നിതാ
കടലിൽ നിന്നിതാ '
ഇടക്കാലത്തു പ്രവാസിയായപ്പോഴാണ് ഞാൻ പുതിയ രുചികൾ കണ്ടെത്തിയത്. അവിടുത്തെ രുചികളൊന്നും എന്നെ മുട്ടിവിളിച്ചില്ല. പകരം ഞാൻ കടലിന്റെ ഇങ്ങേ മുനമ്പത്തു വന്നുകയറി. ഇവിടുത്തെ മീൻരുചികളൊക്കെ എന്നെ കൊതിപ്പിച്ചു, രസിപ്പിച്ചു. അതിൽ ഒരിക്കലും മട്ടിപ്പിക്കാത്ത ഒരു സ്വാദുണ്ട്,
കരിമീനോ നെയ്മീനോ അധികം മസാല ഇല്ലാതെ വറുത്തുകോരുക, എന്നിട്ട് ഒരൽപ്പം സവാള, പച്ചമുളക്, വെളുത്തുള്ളി, ഇഞ്ചി ഇവയൊക്കെ റെഡിയാക്കി വെയ്ക്കുക. ഒപ്പം കശുവണ്ടി അരച്ചതും മക്രോണി വേവിച്ചതും (വേണമെങ്കിൽ). എന്നിട്ട് സവാളയും ഇഞ്ചിയും പച്ചമുളകും വഴക്കുക. വഴന്നുവരുമ്പോൾ അല്പം ഗരം മസാലയും രണ്ടാം പാലും ചേർക്കുക. ഒപ്പം മീനിന്റെ തലയും. വെന്തുകഴിയുമ്പോൾ മീൻതല മാറ്റുക, എന്നിട്ട് വറുത്തുവെച്ച മീൻകഷ്ണങ്ങളും, കശുവണ്ടിയും മക്രോണിയും ചേർക്കുക. കുറുകിവരുമ്പോൾ ഒന്നാം പാലൊഴിച്ച് വാങ്ങിവെച്ചിട്ട് അല്പം ഏലക്കാപൊടി വിതറുക. കഴിഞ്ഞു. എന്റെ എക്കാലവും പ്രിയതരമായ രുചിയാണിത്. എന്റെ ജീവിതപങ്കാളി, ഞങ്ങൾ പ്രേമത്തിലായിരുന്നപ്പോഴാണ് ഈ രുചികളൊക്കെയും എന്നെ പരിചയപ്പെടുത്തിയത്. അവന്റെ നാടാണിത്. അതുകൊണ്ടുതന്നെ ഇതെന്റെ പ്രേമത്തിന്റെ സ്വാദാണ്.
എല്ലാ ആഘോഷങ്ങൾക്കും പൂർണത കൊടുക്കുന്ന ഒന്നുണ്ട്. നല്ല പോത്ത് വരട്ടിയത്, പെരുംജീരകവും കുരുമുളകുമിട്ടു വെളിച്ചെണ്ണയിൽ വരട്ടിയെടുക്കുന്ന ഒരു തനത് രീതി. വെറുതെ തിന്നാൻ തോന്നുന്ന ഒന്ന്.
എരിവ് പ്രിയമെങ്കിലും, എല്ലാക്കാലവും എല്ലാനേരവും ഞാനൊരു മധുരപ്രാന്തിയായിരുന്നു. എല്ലാ മധുരങ്ങളും എന്നെ വശീകരിച്ചു. വൈൻ ഇറ്റുന്ന ഒരു പ്ലം കേയ്ക്കും പഞ്ചാരമധുരങ്ങളും എന്നെ വിടാതെ പിടികൂടി. അതിൽ
വീട്ടുമധുരങ്ങളിൽ ഏറ്റവും സ്‌പെഷ്യലായ ഒന്നുണ്ട്- എലാഞ്ചി. മുട്ടയും മൈദയും കൂടി കലക്കി അതു നേർമയായ പത്തിരി പോലെ ചുട്ടെടുത്ത്, അതിനുള്ളിൽ തേങ്ങാപീരയും പഞ്ചസാരയും നിറച്ച് മേമ്പോടിയായി എലക്കാപൊടിയും ചേർത്ത് ചുരുട്ടിയെടുക്കുന്ന ഒന്നുണ്ട്. അതാണ് മുട്ട കുഴലപ്പം അഥവാ എലാഞ്ചി..!
ഒരു രുചികളും എന്നെ കൈവിട്ടുകളയില്ലെന്ന് ഞാൻ ഓർത്തിരുന്നു. പക്ഷെ അങ്ങനെ ആയിരുന്നില്ല, എല്ലാ രുചികളും അരുചികളായ ഒരു കാലമുണ്ടായി. ഇതുവരെ രുചിച്ച രുചികളൊക്കെ ഒന്നുമല്ലെന്ന് ഉള്ളിലിരുന്ന് ഒരാൾ പറയുന്നു.
ഇതുവരെ കഴിച്ച സ്വാദുകളൊക്കെയും അയാൾ പുറത്തേയ്ക്ക് തള്ളുന്നു.
മുൻപ് പ്രിയമില്ലാതിരുന്ന പുളിപ്പുകൾ, എരിവുകൾ തുടങ്ങിയ സമ്മിശ്ര രുചികളിലേക്ക് നാവ് വീണുപോകുന്നു. അങ്ങനെയും മധുരിതമായ ഒരു കാലം..!
ഒരുപക്ഷെ ഏറ്റവും കൂടുതൽ രുചി ആസ്വദിച്ച നാളുകൾ..!
ഇന്നുവരെ രുചിച്ച എല്ലാ സ്വാദുകളെയും നെഞ്ചോടുചേർക്കുന്നു. അതിനോട് കൂടെയുള്ള ഓർമകൾ, ചില പൊള്ളലുകൾ, അതിലേറെ ചവർപ്പുകൾ. നാരങ്ങ പിഴിഞ്ഞ് സ്മിർണ്ഓഫിൽ ഒഴിക്കുമ്പോൾ മാത്രം നുരയുന്ന ഹൃദയം.
വഴുതിപ്പോകുന്ന കൊക്കോ കായുടെ മധുരം...!
എനിയ്ക്കുതോന്നുന്നു, എന്റെ രുചികളൊക്കെ കുടുങ്ങിക്കിടക്കുന്നത് നാടുകളിലും വീടുകളിലുമല്ല, അതൊക്കെയും പ്രിയമുള്ള ഓരോ വ്യക്തികളിലാണ്. അവരുടെ സ്‌നേഹത്തിന്റെയും കരുതലിന്റെയും തലോടലിലാണ്. ചിലവയുടെ മണവും രസവും നമ്മളെ ആശിപ്പിക്കും. എന്നാലോ തൊടാനാവാതെ കഴിക്കാനാവാതെ, അവ്യക്തമായ ആശങ്കയിൽ കുടുങ്ങിക്കിടക്കും. കല്യാണവീടുകളിലെ അത്താഴമൂട്ടിന്റെ സുപ്രധാനമായ ഒരു വിഭവമായ കുടൽക്കറി (ബോട്ടി) അങ്ങനെ ഒന്നാണെനിയ്ക്ക്. ഇതുകൂടി ചേർന്നതാണ് എന്റെ രുചിയോർമകൾ.
സത്യത്തിൽ ഇതൊന്നുമായിരുന്നില്ല ഏറ്റവും രുചികരമായി കഴിച്ചത്, അത് വിശന്നുവലഞ്ഞ ദുഃഖവെള്ളിയാഴ്ചകളിൽ പള്ളിയിലെ ചടങ്ങുകളെല്ലാം കഴിഞ്ഞ്ക്ഷീണിച്ചു വയ്യാതെയിരിക്കുമ്പോൾ, ഒരു മൂന്നുമൂന്നരയാവുമ്പോൾ നല്ല ചൂടു കഞ്ഞിയും വൻ പയർ തോരനും മാങ്ങാ അച്ചാറും കിട്ടും.
വിശപ്പിനോളം വരില്ല ഒന്നും എന്നോർമിപ്പിച്ച്,
ജീവിതം അതിസുന്ദരമധുരിതമായയൊരു നാലുമണി പലഹാരം മാത്രമാവുന്നു.
നന്ദി നൽരുചികളെ...!▮
വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം