ശരിയാണ് ഞങ്ങളിവിടെ കറി എന്ന് പറയാറില്ല കൂട്ടാനാണ് ശരി.
രണ്ടായിരം കാലം വരെയൊക്കെ സാധാരണ കർഷകരുടെ, കർഷകത്തൊഴിലാളിയുടെ വീട്ടിലെ പ്രഭാത ഭക്ഷണം പഴങ്കഞ്ഞിയായിരുന്നല്ലോ. ഓണാട്ടുകര കൊല്ലം ഭാഗങ്ങളിൽ പഴഞ്ചോറിനാണ് പഴങ്കഞ്ഞി എന്ന് പറഞ്ഞിരുന്നത്. കഞ്ഞി എന്നത് വെറും ഒരു പ്രയോഗം മാത്രമായിരുന്നു.
മൺകലത്തിലെ കട്ടയുടയാത്ത ചോറിന് പുളീം മൊളോം ആയിരുന്നു മിക്കവാറും കൂട്ടാൻ.
അഞ്ചും ആറും അംഗങ്ങളുള്ള വീട്ടിൽ അത്താഴത്തിന് വിളമ്പിക്കഴിഞ്ഞാൽ മീൻകൂട്ടാനോ അവിയലോ തോരനോ ഒന്നും രാവിലത്തേക്ക് ബാക്കി കാണില്ല. അന്നൊക്കെ പ്രഭാതഭക്ഷണം പഴങ്കഞ്ഞിയായിരുന്നു.
ഇഢലി, പുട്ട്, ദോശ തുടങ്ങിയ വരേണ്യ വിഭവങ്ങളൊക്കെ ചായക്കടകളിലോ ഹോട്ടലുകളിലോ മാത്രം കഴിക്കാൻ കിട്ടുന്നവയായിരുന്നു. സാധാരണക്കാർ ഓണം, വിഷു, ഉൽസവങ്ങൾ തുടങ്ങി വിശേഷ ദിവസങ്ങളിൽ മാത്രമാണ് അവ വീട്ടിലുണ്ടാക്കി കഴിച്ചിരുന്നത്.
പഴങ്കഞ്ഞിക്ക്, ചീനി വേവിച്ചതിന്, ചക്ക വേവിച്ചതിന്, ചീനി പുഴുങ്ങിയതിന്, എന്തിന് ചിലപ്പോഴൊക്കെ ഉച്ചയ്ക്കത്തെ ചോറിനുപോലും കൂട്ടാൻ പുളീം മൊളോം ആയിരുന്നു.
നാല് പിരിയൻ മൊളക്, നാല് ചൊവന്നുള്ളി, കുറച്ച് പുളി, പാകത്തിന് ഉപ്പ്... ഇത്രയും കുഴമ്പ് പരുവത്തിൽ കല്ലിൽ വടുകെ അരച്ചെടുക്കുന്നതാണ് മേൽപ്പറഞ്ഞ കൂട്ടാൻ. അരച്ചു കഴിഞ്ഞ് കൊഴവി അരകല്ലിൽ നിർത്തി ചൂണ്ടുവിരൽ കൊണ്ട് വടിച്ചെടുത്ത് ചെറുനാരങ്ങാ വലിപ്പത്തിൽ ഉരുട്ടി ഒരു കൂട്ടാൻ പിഞ്ഞാണത്തിൽ വച്ചാൽ പണി കഴിഞ്ഞു.
പല്ലുതേച്ചിട്ട് വന്ന് ചമ്രം പടിഞ്ഞിരിക്കുമ്പോൾ ചോറിന് സൈഡിലായി പുളീം മൊളോം ആയിരിക്കും കൂട്ടാൻ.
കഴിച്ച് തുടങ്ങുന്നതിനുമുമ്പ് വിരൽ കൊണ്ട് തൊട്ട് നാക്കിൽ തേക്കുമ്പോൾ രുചി മുകുളങ്ങളേ മുഴുവൻ ഉണർത്തി നാവും മേലേ അണ്ണാക്കും ചേർത്ത് ‘ഠ' എന്ന ശബ്ദം ഉണ്ടായി വരുന്ന മാജിക്ക് പുളീം മൊളോമിനുണ്ട്.
തൈരോ മോരോ പോലും ആഡംബരമായിരുന്ന ഒരു കാലത്തേക്കുറിച്ചാണ് പറയുന്നത്. അന്ന് പഴങ്കഞ്ഞിക്ക്, ചീനി വേവിച്ചതിന്, ചക്ക വേവിച്ചതിന്, ചീനി പുഴുങ്ങിയതിന്, എന്തിന് ചിലപ്പോഴൊക്കെ ഉച്ചയ്ക്കത്തെ ചോറിനുപോലും കൂട്ടാൻ പുളീം മൊളോം ആയിരുന്നു. കപ്പക്കോ ചക്കക്കോ കൂട്ടാനാണെങ്കിൽ കുറച്ച് വെളിച്ചെണ്ണ കൂടി ചേർക്കും എന്നൊരു അധിക സാധ്യത കൂടി ഉണ്ടായിരുന്നു.
രുചിവൈവിധ്യങ്ങളോ രുചിപരീക്ഷണങ്ങളോ ജീവിതപുസ്തകത്തിന്റെ ഒരേടുകളിലും ഇല്ലാതിരുന്നവരുണ്ട്. അവർ വേവിച്ച് തിന്നുന്നത് വിശപ്പടക്കാൻ വേണ്ടി മാത്രമായിരുന്നു. ‘എന്നും ഇതേയൊള്ളോ’ എന്ന ചോദ്യം മറികടക്കാൻ പെണ്ണുങ്ങൾ പറമ്പിലിറങ്ങി നടന്ന് വേലിച്ചീരയും തകരയും ചേമ്പിൻ താളും മുരിങ്ങയിലയും തരം പോലെ പറിച്ച് കൂട്ടാൻ വച്ചു. അതിൽ മനസ്സിൽ തങ്ങി നിൽക്കുന്ന ഒന്നാണ് നാരകത്തെല തീയൽ. കറി നാരകത്തിന്റെ ഇളം ഇലകൾ പിച്ചി കുനുകുനെ അരിഞ്ഞ് തേങ്ങ വറുത്തരച്ചുണ്ടാക്കുന്ന അതിന്റെ സ്വാദ് മറ്റൊന്നിനോടും ഉപമിക്കാനാവാത്ത ഒന്നായിരുന്നു. അമ്മമരണങ്ങൾ ഭൂമിയിൽ നിന്ന് മായ്ച്ചുകളയുന്നത് അവരെ മാത്രമല്ല, ഇത്തരം രുചി വൈവിധ്യങ്ങളെക്കൂടിയാണ്.
മുരിങ്ങപ്പൂ തോരൻ ജീവകങ്ങളുടെ ഒരു അസാധ്യ കലവറയാണ്.
വാഴക്കൂമ്പ് തോരൻ, വാഴപ്പിണ്ടി തോരൻ, വാഴക്കാത്തോരൻ, വാഴക്കാത്തൊലി തോരൻ... എന്തിന് മുതുപിലാക്കാട് ഭാഗങ്ങളിൽ വാഴമാണം പോലും തോരൻ വച്ച് കഴിച്ചിരുന്നു.
ഓണാട്ടുകരയിൽ തോരൻ എന്ന പദത്തോട് ചേർത്തുവയ്ക്കാൻ സാധ്യതകൾ ധാരാളമായിരുന്നു. ചീര, മുരിങ്ങയില, മത്തയില, വേലിച്ചീര, തകരയില, പയറില, പ്ലാവില തുടങ്ങി കയർപ്പോ വിഷമോ ഇല്ലാത്ത പലതരം ഇലകളും തേങ്ങയും മാങ്ങയുമൊഴിച്ച് ഭക്ഷ്യയോഗ്യമായ മിക്കവാറും എല്ലാ കായകളും കൊത്തിയരിഞ്ഞ് തോരൻ വച്ചിരുന്നു.
അതിൽ ഒന്നാണ് ഉള്ളിത്തോരൻ.
ഉള്ളി സാധാരണ കറിയിൽ ചേർക്കാറുള്ള ഒരു വസ്തുവാണ്. എന്നാൽ അതിനെപ്പോലും കറിയായി മാറ്റാനുള്ള കലാപരത കാണാതെ പോകരുത്.
മുരിങ്ങപ്പൂ തോരൻ ജീവകങ്ങളുടെ ഒരു അസാധ്യ കലവറയാണ്.
വാഴക്കൂമ്പ് തോരൻ, വാഴപ്പിണ്ടി തോരൻ, വാഴക്കാത്തോരൻ, വാഴക്കാത്തൊലി തോരൻ... എന്തിന് മുതുപിലാക്കാട് ഭാഗങ്ങളിൽ വാഴമാണം പോലും തോരൻ വച്ച് കഴിച്ചിരുന്നു.
രസത്തിന്റെ വരവ് തമിഴ്‌നാട്ടിൽ നിന്നാണെന്നാണ് കേട്ടിട്ടുള്ളത്. എന്നാൽ രസത്തിന് ഒരു തനി നാടൻ രൂപമുണ്ട് പിഴിഞ്ഞ പുളി എന്നാണതിന്റെ പേര്.
പെട്ടെന്നൊരു കറിയുണ്ടാക്കാനുള്ള പരീക്ഷണ നിരീക്ഷണങ്ങൾക്കൊടുവിൽ എതോ വീട്ടമ്മ കണ്ടെത്തിയതാവാനാണ് സാധ്യത. പുളി പിഴിഞ്ഞ് അതിൽ ഉപ്പും കുരുമുളകും കായവും ചേർത്തുണ്ടാക്കുന്ന പാവം കറിയാണിത്. കൂട്ടാൻ കിണ്ണത്തിലിരിക്കുമ്പോൾ ഇളം പച്ച നിറം ഒക്കെ തോന്നുമെങ്കിലും ചോറിലൊഴിച്ച് കഴിഞ്ഞാൽ ഒഴിച്ചതായിപ്പോലും അറിയാൻ സാധ്യതയില്ല. പക്ഷേ രുചിയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചക്കും തയാറല്ലാത്ത കറിയാണ് പിഴിഞ്ഞ പുളി.
വൻപയർ പുഴുങ്ങിക്കഴിക്കുന്ന ദിവസങ്ങളിൽ വീടുകളിലുണ്ടാവുന്ന ഒരു വിഭവമാണ് പയറ്റ് പുളി. പയർ പുഴുങ്ങിയ വെള്ളം കളയാതെ തേങ്ങയരച്ചുചേർത്തുണ്ടാക്കുന്ന ഒന്നാണത്. പയർ പുഴുങ്ങുമ്പോൾ അതിലെ ജീവകങ്ങൾ നഷ്ടപ്പെടാതെയിരിക്കാൻ കണ്ടെത്തിയ വഴിയാവാം അത്.
ചക്ക വെട്ടിയാൽ അൽപം പോലും പാഴേ പോയിരുന്നില്ല.
ചക്ക മടലും ചക്കച്ചവിണിയും കന്നാലിക്കും ചക്കയരക്കുപോലും ഓട്ട വീണ കലങ്ങൾ അടക്കാനും എടുത്തുപോന്നു.
വറുതിയുടെ കാലങ്ങളിൽ ഗൃഹനാഥനെപ്പോലെ വീടു കാത്ത മരമാണ് പ്ലാവ്.
പണിയില്ലാത്ത വീടുള്ളിടത്ത് പ്ലാവുണ്ടെങ്കിൽ പകുതി സമാധാനമുള്ളതായിരുന്നു ചക്കക്കാലം. വിളഞ്ഞ ചക്ക വെട്ടി ഒരു തുണ്ടം നാളത്തേക്ക് വച്ചിട്ട് ബാക്കി പകുതിയെ പകുത്ത് ചക്ക വേവിച്ചത്, ചക്ക അവിയൽ, ചക്ക എരിശേരി ഇവയിലേതെങ്കിലുമായി വെന്ത് മാറി. ചക്കയുള്ള ദിവസം അരി പകുതിയിട്ടാൽ മതി എന്ന സൗകര്യമുണ്ടായിരുന്നു. ചക്കക്കൂഞ്ഞ് തോരൻ, ചക്കക്കുരു മാങ്ങക്കറി, ചക്കക്കുരു ചീരക്കറി ഇവയൊക്കെ സ്വാദൂറുന്ന ചക്ക വിഭവങ്ങളാണ്. പൊട്ടുചക്ക കൊണ്ട് ഇടിച്ചക്കത്തോരൻ എന്ന വിഭവമുണ്ടാക്കുന്നതുപോലെ ചക്കച്ചുള ആവിയിൽ പുഴുങ്ങി നാലുമണി പലഹാരമായി കഴിച്ചിരുന്നു. പഴുത്ത ചക്കയും, ചക്കയപ്പവും, തെരളിയും, ചക്ക വരട്ടിയതും ഒഴിച്ച് കൂടാനാവാത്ത പലഹാരങ്ങളായിരുന്നു. ചക്ക വെട്ടിയാൽ അൽപം പോലും പാഴേ പോയിരുന്നില്ല.
ചക്ക മടലും ചക്കച്ചവിണിയും കന്നാലിക്കും ചക്കയരക്കുപോലും ഓട്ട വീണ കലങ്ങൾ അടക്കാനും എടുത്തുപോന്നു. ഏതില്ലായ്മയിലും ഒള്ളതിൽ നിന്ന് ഒരു തുണ്ടം അയൽപക്കത്തും എത്തിയിരുന്നു എന്നതാണ് ആ കാലത്തിന്റെ നന്മ.
മാമ്പഴപ്പുളിശേരിയും അടമാങ്ങാക്കറിയുമൊക്കെ അൽപം ആഡംബരം തോന്നിക്കുന്ന സീസണൽ കറികളായിരുന്നു. കൊല്ലം ഭാഗത്ത് മീൻ കറി ഒഴിച്ചുകൂടാനാവാത്ത വിഭവമായിരുന്നു. കോട്ടയം, പാലാ ഭാഗങ്ങളിൽ മീൻ കറിയിൽ കുടംപുളിക്കുള്ള സ്ഥാനം കൊല്ലം ജില്ലയിൽ മാങ്ങയാണ് നിർവഹിച്ചിരുന്നത്. അയലയും മത്തിയും ചൂരയുമൊക്കെ തേങ്ങയരച്ച് മേമ്പൊടിയായി മാങ്ങയിട്ട് വച്ചിരുന്നു.
ഇറച്ചി വിഭവങ്ങൾ എന്നത് അന്നൊക്കെ താരതമ്യേന കുറവായിരുന്നു എന്നു തന്നെ പറയാം. കോഴിക്കറി, പോത്തുകറി ഒക്കെ വിരുന്നുകാർ വരുന്ന ദിവസങ്ങളിൽ സംഭവിക്കുന്ന ആഡംബരങ്ങളായിരുന്നു.
എൺപതും എൺപത്തഞ്ചും വയസ്സുള്ളവർ ആരോഗ്യത്തോടെ നടന്ന് നീങ്ങുമ്പോൾ ‘കണ്ടോ, അന്ന് ചക്കേം ചീനീവൊക്കെ തിന്ന് കഴിഞ്ഞേന്റെയാ പയറ് പോലെ പോകുന്ന കണ്ടോ’ എന്നൊരു പറച്ചിലിവിടൊക്കെയുണ്ട്. കപ്പ അഥവാ മരച്ചീനിക്ക് ദൈനം ദിന ആഹാരക്രമത്തിൽ പ്രത്യേക സ്ഥാനമുണ്ടായിരുന്നു. ബ്ലോക്ക് ചീനി, നെടുമങ്ങാടൻ, ആറുമാസക്കമ്പ് എന്നിങ്ങനെ നിരവധി ചീനി ഇനങ്ങളുണ്ടായിരുന്നു. അതിൽ കട്ടുള്ള ഇനങ്ങളെ മാറ്റിനിർത്തി വേവ് കുറവുള്ളവയ്ക്കായിരുന്നു പ്രിയം. ചീനി വേവിച്ചത്, ചീനി പുഴുങ്ങിയത്, ചീനിത്തോരൻ എന്നിവയാണ് കപ്പയിൽ പ്രധാനമായ കറികൾ. ചീനി വെന്തുകഴിയുമ്പോൾ ഊറ്റുന്ന കൂട്ടത്തിൽ രണ്ടു തവി പിഞ്ഞാണത്തിൽ കോരിയിട്ട് ഉപ്പും തേങ്ങ ചിരകിയതും കൊച്ചുള്ളിയുമിട്ട് കഴിച്ചിട്ടുണ്ടോ? ഇതെഴുതുമ്പോൾ തന്നെ ഉമിനീർ ഗ്രന്ഥികൾ ആ ഓർമയിൽ ഉണരുന്നു.
വർഷകാലത്തേക്കായി ചീനി ചെറുകഷ്ണങ്ങളാക്കി പുഴുങ്ങിയും അല്ലാതെയും ഒണക്കി സൂക്ഷിക്കും. ചീനി ഒരലിൽ കുത്തി പൊടിച്ചെടുത്ത് ചീനിപ്പുട്ടും ഉണ്ടാക്കാറുണ്ട്. കാഴ്ചയിൽ ഗോതമ്പ് പുട്ടിനോട് സാമ്യം തോന്നുമെങ്കിലും. രുചികരമായ വിഭവമായിരുന്നു അത്.
നാലു മണി പലഹാരങ്ങൾ എന്ന സങ്കൽപ്പം വരേണ്യമായിരുന്നെങ്കിലും വൈകിട്ടത്തെ ചായക്ക് കൂടെ കൊറിക്കാൻ എന്തെങ്കിലും എന്നത് എല്ലായിടത്തും പതിവുള്ള ഒന്നായിരുന്നു. കുറച്ചു കൂടി നല്ല ജീവിതാവസ്ഥയിലുള്ളവർ എലയപ്പം, ഓട്ടട, കൊഴുക്കട്ട ഒക്കെ ചായക്കൊപ്പം കഴിച്ചപ്പോൾ, സാധാരണക്കാർ ഒണക്കക്കപ്പ വേവിച്ചത്, ചക്ക പുഴുങ്ങിയത്, ആഞ്ഞിലിക്കുരു വറുത്തത്, പുളിങ്കുരു വറുത്തത്, അവലോസ് പൊടി ഒക്കെ ഉണ്ടാക്കി കഴിച്ചു.
വിളഞ്ഞ ഏത്തക്കായകളും കാച്ചിലും ചേമ്പും ഒക്കെ ഒന്നിച്ച് പുഴുങ്ങി മൊളക് ചമ്മന്തിയും ചേർത്ത് സമയക്രമം നോക്കാതെ കഴിക്കുന്ന പതിവും ഉണ്ടായിരുന്നു.
ആഹാരം എന്നത് ആഹരിക്കുന്നവർക്ക് ഹാനികരമല്ലാത്തതാവണമെന്ന് ബോധ്യം ഇന്നും നിലനിൽക്കുന്നുണ്ടോ എന്നത് സംശയമാണ്. ആഗ്രഹിച്ചാൽ ക്ഷണനേരം കൊണ്ട് ആ ഗ്രഹിച്ചത് മുന്നിലെത്തുന്ന ഭക്ഷണസംസ്‌ക്കാരത്തിലാണ് നാമിന്ന്.
മാറിയ ഭക്ഷണ രീതി ജീവിതശൈലീ രോഗങ്ങളിലേക്ക് നമ്മളെ കൈപിടിച്ച് നടത്തുന്നത് കണ്ടില്ലെന്നുനടിക്കേണ്ടി വരുന്നതാണ് പുതിയ കാലഘട്ടത്തിന്റെ കോട്ടം.▮
വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം