രണ്ട് റെയിലുകൾ ചാടിക്കടന്ന് ജീവിതത്തിലേക്കു പായുന്നു, കമ്യൂണിസ്റ്റായി ജനിച്ച ശാന്ത

ശാന്ത പി.സി എന്ന സ്​കൂൾ പാചകത്തൊഴിലാളിയുടെ കഥയാണിത്. ചെങ്കൊടിയേന്തി സമരം ചെയ്തിരുന്ന കർഷകതൊഴിലാളി ദമ്പതികളുടെ മകൾ. മാസം 12–13 ദിവസങ്ങൾ മാത്രമാണ് ശാന്തക്ക് ജോലി. ദിവസം 600 രൂപ ശമ്പളം. അവധിദിവസങ്ങളിൽ പൈസയില്ല. ശരിക്കും ജീവിതമെന്തെന്ന് അനുഭവിച്ചറിഞ്ഞ ഒരു സാധാരണക്കാരിയുടെ പായുന്ന പോരാട്ടകഥ എഴുതുന്നു, കെ.സി. ജോസ്.

ത് ശാന്ത. പരിചയക്കാരികളിൽ ഒരുവൾ. രണ്ടുമൂന്ന് വർഷം മുമ്പ് ഭർത്താവ് മരിച്ചു, മക്കളില്ല. ഞങ്ങളുടെ പ്രദേശത്തെ സർക്കാർ സ്​കൂളിൽ കൊച്ചുകുട്ടികൾക്ക് ഭക്ഷണം വെച്ചുവിളമ്പുന്നു. ദിവസവേതനാടിസ്​ഥാനത്തിലാണ് ജോലി, അതും 25-ലേറെ വർഷങ്ങളായി. ശാന്തയുടെ അമ്മയും അച്ഛനും തൃശൂർ പൂങ്കുന്നം കുട്ടൻകുളങ്ങര ഭാഗത്തായിരുന്നു, അവരും വർഷങ്ങൾക്കുമുമ്പ് മരിച്ചു.

രാവിലെ ആറു മണിക്ക് ഉണരുന്ന ശാന്ത സാമാന്യം നല്ല വേഗത്തിൽ വീടുപണിയെല്ലാം തീർക്കും. ഒമ്പതുമണിയ്ക്ക് സ്കൂളിലെത്തി ഉച്ചഭക്ഷണത്തിന്റെ പണി തുടങ്ങണമല്ലോ. അതുകൊണ്ട്, ചിട്ടയോടെ വേണം എല്ലാം ചെയ്യാൻ. സിനിമയിൽ വലിയ ഭ്രമമില്ലെങ്കിലും വീട്ടിൽവന്നാൽ ട്രാൻസിസ്റ്ററിൽ നിന്നൊഴുകിയെത്തുന്ന സിനിമാഗാനങ്ങളാണ് അധികവും കേൾക്കുക. ശാന്തയുടെ ഒരു ടി.വിയുണ്ടായിരുന്നു. പിക്ചർ ട്യൂബ് അടിച്ചുപോയതിനാൽ അത് കെട്ടിപ്പൂട്ടിവെച്ചിരിക്കുന്നു.

കർഷകതൊഴിലാളികളായിരുന്ന അച്ഛനുമമ്മയും സമീപവാസികളും ചെങ്കൊടിയേന്തിയവരാണ്. അതുകൊണ്ടുതന്നെ ശാന്ത കമ്യൂണിസ്റ്റായാണ് ജനിച്ചതെന്ന് പറയാം. ജാഥകളിലും യോഗങ്ങളിലും പതിവായി പങ്കെടുക്കുന്ന ഇവർ ഒരു രാഷ്ട്രീയ നിരീക്ഷകയെന്നപോലെ ഇപ്പോഴ​​ത്തെ രാഷ്ട്രീയസ്​ഥിതികളെക്കുറിച്ച് എന്നോട് സംസാരിക്കാറുണ്ട്.

ദിവസവും പാർട്ടിപത്രത്തിന്റെ മാസ്റ്റർ ഹെഡ് മുതൽ ‘പ്രിൻ്റഡ് ആൻ്റ് പബ്ലിഷ്ഡ് ബൈ’ വരെ വായിക്കുന്നത് രാഷ്ട്രീയത്തെ വളരെ തിട്ടമായി അറിയാനാണെന്നാണ് ശാന്തയുടെ ഭാഷ്യം. സ്​ത്രീ സ്വാതന്ത്ര്യം, തുല്യത, സാമൂഹ്യനീതി തുടങ്ങിയ വിഷയങ്ങളെ കുറിച്ച് സംസാരിക്കുമ്പോൾ ശാന്ത ആവേശഭരിതയാകും.

വല്ലാതെ മേയ്ക്കപ്പിട്ട് നടക്കാൻ താല്പര്യമില്ലാത്ത ശാന്ത കോട്ടൺ വോയിൽ സാരിയും ജാക്കറ്റും കഞ്ഞിപ്പശമുക്കി ഇസ്ത്രിയിട്ടേ ധരിക്കൂ. വീട്ടിൽ മാക്സി ധരിക്കുന്ന ഇവർ തോർത്തുമുണ്ട് അരയിൽ മുറുക്കിക്കെട്ടുന്നത് ശരീരത്തിന് ‘ഒരു ബലം’ കിട്ടാനാണേത്ര. ഒരിക്കൽ അവരോട് ഞാൻ ഈ വീക്ഷണങ്ങളുടെ പൊരുൾ എന്താണെന്ന് ചോദിച്ചു. വിത്തെറിഞ്ഞും ഞാറു നട്ടും പുല്ലു പറിച്ചും പൊലിയളന്നുകിട്ടുന്ന വിഹിതത്തിലും മാത്രം ജീവിതമൊതുക്കേണ്ടിവന്ന ശാന്തയുടെ വാക്കുകൾ ശ്രദ്ധിക്കുക:

‘‘അമ്മയും അച്ഛനും അച്ചാച്ചന്മാരുമെല്ലാം കൃഷിത്തൊഴിലാളികളായിരുന്നു. ഇന്നിപ്പോൾ വയലായ വയലുകളെല്ലാം മണ്ണിട്ട് മൂടി കൂറ്റൻ കെട്ടിടങ്ങൾ വന്നു. തോടുകളിൽ വെള്ളമില്ല, കുളവാഴകളും ചണ്ടിയും പായലും വരെ അപ്രത്യക്ഷമായി. വീടിന്റെ പിൻഭാഗത്തുള്ള നെൽവയലിന്നോരത്ത് സാമാന്യം വലിയൊരു കുളമുണ്ടായിരുന്നു. വയലുടമസ്​ഥർ അതിൽ നിന്ന് ആദ്യകാലങ്ങളിൽ കൈകൊട്ട കൊണ്ട് തേവിയും പിന്നെ മോട്ടോർപമ്പ് ഉപയോഗിച്ചുമാണ് വെള്ളം പാടങ്ങളിലെത്തിച്ചിരുന്നത്. മുശുവും ബ്രാലും കരിപ്പിടിയും പരൽമീനുകളും സുലഭമായുണ്ടായിരുന്ന ആ തണ്ണിർത്തടം മണ്ണിട്ട് നികത്തി മതിലും കെട്ടി തന്റെ പറമ്പിനോട് ചേർത്തിരിക്കുകയാണ് ഒരാൾ’’ ശാന്ത ആ ഇരുനിലകെട്ടിടത്തിലേക്ക് അൽപനേരം നിസ്സഹായയായി നോക്കിനിന്നു.

‘‘അത് പുറമ്പോക്കിൽപെട്ടതാണെന്ന് എല്ലാവർക്കുമറിയാം. ഇവിടെ 2018-ൽ വെള്ളപ്പൊക്കമുണ്ടായപ്പോൾ കുളവും വയലും നിറഞ്ഞുകവിഞ്ഞ് വീടിരിക്കുന്ന ഉയർന്ന സ്ഥലം വരെ വെള്ളം കയറി. ഞങ്ങളിൽ കുറെപ്പേർ അടുത്തുള്ള സ്​കൂളിലേക്ക് മാറി. രണ്ടാഴ്ചയ്ക്ക് ശേഷം വെള്ളമിറങ്ങി തിരിച്ചെത്തിയപ്പോൾ വീടുകളിലെ പാത്രങ്ങളും മറ്റു പലതും ഒഴുകിപ്പോയിരുന്നു’’.

മണ്ണിട്ട് മൂടുന്നതിനെക്കുറിച്ച് ആരോടും പരാതി പറഞ്ഞില്ലേ എന്നു ഞാൻ ചോദിച്ചു.
അവർ ആ ചോദ്യം ചിരിച്ചുതള്ളി.
‘‘ഇപ്പോഴാ കുളം വില്ലേജ്കാരുടെ സ്​കെച്ചിൽ പറമ്പ് എന്നാണെത്ര കണ്ടത്’’.
ഇപ്പോൾ സ്​കെച്ചിൽ കുളമില്ല, നാളെ ഈ പ്രദേശം തന്നെ ഉണ്ടാകുമോ എന്തോ?

സമയം രാവിലെ എട്ടാവാറായി. റേഡിയോയിൽ വാർത്താപ്രക്ഷേപണം താൽക്കാലികമായി അവസാനിച്ചു. അത് ഓഫാക്കി ശാന്ത ഫ്ലാസ്കിൽ കരുതിയിരുന്ന കട്ടൻ ഗ്ലാസ്സിലൊഴിച്ച് എനിക്കുതന്നു, കൂട്ടത്തിൽ ആരോ റൂട്ട് ബിസ്​കറ്റുകളും.

പിന്നെ, ബാല്യം അവർ ഓർത്തെടുത്തു: ‘‘അമ്മയും അച്ഛനും പണിയെടുത്തിരുന്ന നെൽവയലിന്റെ ഉടമ ജന്മിയൊന്നുമല്ലായിരുന്നു. ഒരേക്കർ മാത്രമുളള നെൽപാടത്തിന്റെ പാട്ടക്കാർ മാത്രമായിരുന്നു അവർ. കൃഷിയിൽ താല്പര്യമുള്ള ആ ചേട്ത്തിയാർ ഉദാരമതിയുമായിരുന്നു’’.

‘‘കൊയ്ത്തുകാലത്ത് ഞങ്ങളുടെ അച്ഛനമ്മമാർ കളമുണ്ടാക്കും. വെള്ളം തളിച്ച് നിലം കൊത്തിക്കിളച്ച് മന്ത് (മരംകൊണ്ടുള്ള വലിയ ഉപകരണം) കൊണ്ട് ഇളകിയ മണ്ണിടിച്ച് നിരപ്പാക്കും. വീണ്ടും വെള്ളം തളിച്ച് നിലംതല്ലികൊണ്ട് അടിച്ചടിച്ച് നിരപ്പാക്കി മിനുസപ്പെടുത്തും. ചാണകം മെഴുകലിനും മറ്റു അനുബന്ധ ജോലികൾക്കും ശേഷംകളം തയ്യാറാകും. പിന്നീടാണ് കൊയ്ത്ത്. കൊയ്ത്തിന് ഒരു മര്യാദയൊക്കെയുണ്ട്. ഒരാളുടെ കൊയ്ത്ത് നിരയിൽ മറ്റൊരാൾ കയറി കൊയ്യില്ല. അലിഖിത ചട്ടമാണ്. ഞങ്ങൾ ആറു പേർ കൊയ്ത്തുകാരായുണ്ടായിരുന്നു. അമ്മ, കാളിയേച്ചി, അയ്യമ്മായി, കുപ്പമ്മാൾ ചെട്ടിച്ച്യാർ, റോസിയ്യേച്ചി, സെലിനേച്ചി. ഇവരിൽ ആരും ജീവിച്ചിരിപ്പില്ല.
ഞാനും ചേട്ടനും കുപ്പമ്മാളുടെ മകൻ ലക്ഷ്മണനും കതിര് പെറുക്കും. ഉതിര് മണി അടിച്ചുകൂട്ടി കൊണ്ടുപോകുന്ന ചില നാടോടികളായ തമിഴ്സ്​ത്രീകളും പാടങ്ങളിലെത്താറുണ്ട്. കണ്ടത്തിൽ വീണ നെൽമണി കൊത്തിതിന്നാൻ പ്രാവുകൾ നിരനിരയായെത്തും, ചെറുകിളികളും ധാരാളം വരും. കൊയ്ത്തു കഴിഞ്ഞ പാടങ്ങളിൽ താറാവുകളെ തീറ്റാൻ തെക്കുനിന്ന് താറാവുകാരെത്തും. ഒരു പറ നിലത്തിന് അഞ്ച് മുട്ട എന്ന നിരക്കിലാണ് ഉടമകൾ ചാർജ്ജ് ഈടാക്കുക’’.

‘‘കറ്റകൾ തലച്ചുമടായി വേണം ഉടമയുടെ വീട്ടിലെത്തിക്കാൻ. ടെമ്പോ, പെട്ടി ഓട്ടോ സൗകര്യങ്ങൾ അന്നില്ല. ഓരോ കൊയ്ത്തുകാരിയുടേയും കറ്റകളുടെ കെട്ടിൽ കൊയ്ത്തുകാരുടെ അടയാളമായി അത് മുറുക്കികെട്ടുന്ന ഒരു രീതിയുണ്ട്. ഒരു ‘ടിപ്പിക്കൽ ലോക്ക്’. അത് ആർക്കും അനുകരിക്കാനാവില്ല. കറ്റകൾ തമ്മിൽ മാറിപ്പോകാതിരിക്കാനാണ് ഈ ലോക്ക്. വാഴപ്പോള വെള്ളത്തിലിട്ട് കുതിർത്തി പതം വരുത്തിയാണ് കറ്റകെട്ടുക’’.
‘‘ഞാനും ചേട്ടനും ലക്ഷ്മണനും കറ്റകൾ തലയിൽവെച്ച് റെയിൽപാളം ​ക്രോസ് ചെയ്യണം. അന്ന് പുകതുപ്പുന്ന തീവണ്ടിയാണ്. ഡ്രൈവർമാർക്കും ഗാർഡിനും ഞങ്ങൾ കുട്ടികൾ സല്യൂട്ടടിക്കും. കറ്റ നിലത്തിട്ട് അറ്റൻഷനായി നിന്നാണ് ആ പരിപാടി. തിരികെ അവരും സല്യൂട്ടടിക്കും. തീ കോരിയിടുന്നയാൾ തലയിൽ തൂവാല കെട്ടിയിട്ടുണ്ടാകും’’.

‘‘എനിക്ക് എട്ടാം ക്ലാസ് വരെ മാത്രം പഠിക്കാനേ യോഗമുണ്ടായുള്ളൂ. കൊയ്ത്തുകാലങ്ങളിൽ സ്​കൂളിനോട് ഞാൻ താല്ക്കാലിക അവധി പറയും. ചുറ്റുവട്ടത്തുള്ള കുട്ടികളും അങ്ങനെത്തന്നെ’’.

‘‘ഇതിനിടെ അച്ഛൻ മരിച്ചു. കുടുംബഭാരം അമ്മയുടെ തലയിലായി. ചേച്ചിയെ പീച്ചി – പട്ടിക്കാട് ഭാഗത്തേക്ക് കല്യാണം കഴിച്ചയച്ചു. അവർക്ക് മൂന്ന് കുട്ടികളായി’’.

മിടുക്കിയായ ശാന്തക്ക് പഠിക്കാൻ ആഗ്രഹമുണ്ടായിരുന്നു. എന്നാൽ അത് തുടരാൻ കഴിഞ്ഞില്ല. കുഞ്ഞുകുട്ടികൾക്ക് സ്​കൂളിൽ ഭക്ഷണം തയ്യാറാക്കുമ്പോൾ, അത് വിളമ്പിക്കൊടുമ്പോൾ ശാന്ത ഒരുപക്ഷെ, അതൊരു നിയോഗമായി കാണുന്നുണ്ടാകും.

അവർ കൊയ്ത്തുകഥകൾ വീണ്ടും പങ്കിട്ടു: ‘‘കളത്തിൽ കറ്റകൾ ഞങ്ങൾ അട്ടിയിടുന്നു. കാലുകൊണ്ട് ചവിട്ടിയാണ് മെതിക്കുക. കല്ലിൽ കറ്റ തല്ലുന്ന കലാപരിപാടി അന്നു കണ്ടിട്ടില്ല. മെതി രാത്രിയിലാണ് നടത്തുക. പകൽ സമീപത്തുള്ള ചിലരുടെ വീട്ടിൽ എന്തെങ്കിലും ജോലിയൊക്കെ പാർട്ട്ടൈമായി ചെയ്യാറുണ്ട്. അത് തീരുമ്പോൾ പത്ത് പന്ത്രണ്ട് മണിയാകും. അമ്മയുടെ ‘മൂഡ്’ അനുസരിച്ച് വീട്ടിൽ തയ്യാറാക്കിയ കഞ്ഞിയോ ചോറോ അല്ലെങ്കിൽ കൊള്ളിക്കൂട്ടാനും (കപ്പ) ചിലപ്പോൾ പയറുപ്പേരിയുമാണ് ഭക്ഷണം. ഉണക്ക മാന്തൾ ചുട്ടതുണ്ടെങ്കിൽ അന്നത്തെ ശാപ്പാട് ഉഷാർ. കർഷകത്തൊഴിലാളികളുടെ റസിപ്പീ ശാന്ത വിവരിച്ചു. ശാന്ത നൂറുശതമാനം വെജിറ്റേറിയനാണെന്നത് ആ സംഭാഷണത്തിൽ നിന്നാണ് ഞാനറിഞ്ഞത്.

അവർ മെതിയുടെ വിശദവിവരങ്ങൾ തുടർന്ന് പറഞ്ഞു. “ആ ചേടത്ത്യാർ കട്ടൻകാപ്പി അലുമിനിയും കലത്തിൽ ഒഴിച്ചുവെച്ചിരിക്കും. ആവശ്യക്കാർ പൊടിക്കട്ടൻക്കാപ്പി കുടിക്കും. മെതി കഴിഞ്ഞാൽ ചോറുണ്ട് കറ്റക്കെട്ടുകൾക്ക് മുകളിൽ പനമ്പ് വിരിച്ച് ഉറങ്ങാൻ ശ്രമിക്കും. നെൽപ്പാറ്റകളുടെ ഭീകരാക്രമണവും കൊതുകുകളുടെ സംഘഗാനവും കൂട്ടിനുണ്ടാകും.
അമ്മ പാട്ടുപാടും, 'കോഴ്യങ്കത്തില് ജയിച്ചാലോ, ആളങ്കത്തില് ജയിക്കണലോ’” നാടൻപാട്ടിലെ ആ വരികൾ ശാന്ത മൂളി, എന്നിട്ട് പറഞ്ഞു, ‘‘എനിക്ക് പാടാനറിയില്ല, ജോസേട്ടാ’’.
ഞാൻ പറഞ്ഞു, ‘‘നിനക്കിപ്പോൾ റേഡിയോ ഉണ്ടല്ലോ, തത്ക്കാലം അതുമതി’’. ശാന്ത ചിരിച്ചു. ‘‘നേരം വെളുക്കുമ്പോൾ വടക്കോട്ടുള്ള തീവണ്ടി പായും. കൂകിവിളിച്ചുള്ള അതിന്റെ പോക്കിൽ ഞങ്ങളുണരും.’’

മേശമേൽ പഴയൊരു ടൈംപീസ് സ്​ഥാനം പിടിച്ചിട്ടുണ്ട്. ടിക് ടിക് ശബ്ദമുണ്ടാക്കി സൂചികൾ ചലിക്കുന്ന ആ കുഞ്ഞ് ടൈംപീസിലെ സൂചികൾ സമയം 8.10 എന്നുകാണിച്ചു. സമയവും കാലവും പിടിച്ചുകെട്ടാനാകാത്ത പ്രതിഭാസമാണ്.

ശാന്ത സംഭാഷണം തുടർന്നു; ‘‘പിറ്റേന്നാണ് കൊയ്ത് മെതിച്ച നെല്ല് അളക്കുക. അതിന് പൊലി എന്ന് പറയും, ആറ് പറ പൊലി അളന്നാൽ ഒരുപറ കൊയ്ത്തുകാരിക്കുണ്ടായിരുന്നു. പിന്നീടത് 5:1 എന്ന അനുപാതമാക്കിയത് ആരാണാവോ? പറയിൽ നിറയെ നെല്ല് ‘കൊമ്പോറം’ കൊണ്ട് കോരിനിറച്ച് അളക്കുന്നയാൾ അത് സർവ്വശകതിയുമുപയോഗിച്ച് രണ്ട് കൈകൾകൊണ്ടും അമർത്തി നെല്ല് ഒരുഭാഗത്ത് ചെരിഞ്ഞ് കൂട്ടിയിടുന്നു. അളക്കുന്ന ആ മനുഷ്യൻ ചിലപ്പോൾ വളിവിടുന്നതും കേൾക്കാം.’’ ശാന്ത ചിരിച്ചു.

‘‘പിന്നീട് ചേട്ടത്തിയാർ അയാളോട് തന്നെ നെല്ലളന്ന് ഞങ്ങൾ കൊയ്ത്തുകാരുടെ ചാക്കിലേയ്ക്ക് ചെരിയാൻ നിർദ്ദേശിക്കുന്നു. ശരാശരി പന്ത്രണ്ട് മുതൽ പതിനഞ്ച് പറവരെ നെല്ല് ഒരു സീസണിൽ ഒരാൾക്ക് ലഭിക്കാറുണ്ട്. ഇടങ്ങഴി, നാഴി, ഉരി തുടങ്ങിയ അളവ് പാത്രങ്ങളും പറ തന്നെയും ഇപ്പോൾ കാണാറില്ല. തവളക്കണ്ണൻ, ചെമ്പാവ് എന്നീ നെല്ലിനിങ്ങളാണ് കൃഷി ചെയ്തിരുന്നത്. പിന്നീട് ഐ.ആർ–8 എന്ന ഇനം വന്നു. ഇപ്പോൾ ഇവയൊന്നുമില്ല. കൃഷിയുമില്ല, കൃഷിത്തൊഴിലാളികളുമില്ലാതായി.’’ ശാന്ത നെടുവീർപ്പിട്ടു.

തരിശുകിടക്കുന്നതും പുല്ലുപടർന്ന് കിടക്കുന്നതുമായ നെൽവയലുകളിൽ ഇപ്പോൾ ബഹുനിലക്കെട്ടിടങ്ങൾ ഉയർന്നു വന്നിരിക്കുന്ന യാഥാർത്ഥ്യം ശാന്തയേയും അവരെപ്പോലുള്ളവരുടേയും അന്നം മുട്ടിച്ചതും കേരളത്തിലെ കാലാവസ്​ഥാ വ്യതിയാനത്തെകുറിച്ചും ശാന്തയ്ക്ക് ധാരാളമായറിയാമെന്ന് തോന്നുന്നു.

‘‘ഞാറ്റട്ടിയിൽ (ഞാറ്റടി) തേവി വയലിൽ വെള്ളം കെട്ടിവറ്റിച്ച് മുളപ്പിച്ച വിത്തെറിയുന്ന അച്ഛന്റെയും ശങ്കരമാമന്റെയും കൈത്തഴക്കവും കൈപ്പുണ്യവും പലർക്കുമില്ല. നെൽവിത്തുകൾ കട്ട പിടിക്കാതെ വേണം അതെറിയാൻ. അല്ലെങ്കിൽ കണ്ടത്തിന്റെ ചില ഭാഗത്തുമാത്രമെ അവ മുളയ്ക്കൂ’’, ശാന്ത ശാസ്​ത്രീയവശം പറഞ്ഞു. ഞാറു പറിച്ച് പുഴു ചാകാൻ അവ പാടവരമ്പത്തു കൂട്ടിവെയ്ക്കും.
‘‘ഞാറ് നടുമ്പോൾ അമ്മയും ചില പാട്ടൊക്കെ പാടും. അഞ്ചരയുടെ വണ്ടി റെയിലിലൂടെ പായുമ്പോഴാണ് ഞങ്ങൾ അന്നത്തെ പണി നിർത്തുക’’, ശാന്ത പറഞ്ഞു നിർത്തി.

‘‘കന്നു പൂട്ടുന്നത് നടേശൻ ചെട്ട്യാരും (കുപ്പമ്മാളുടെ ഭർത്താവ്) എന്റെ അപ്പനുമായിരുന്നു. പിന്നീട് ട്രാക്ടറെത്തി. അതോടെ ഇത്തരക്കാരുടെ പണിയും പോയിക്കിട്ടി’’,
ശാന്തയുടെ പിതാമഹന്മാർക്ക് ദാനമെന്നോണം ലഭിച്ച ഒന്നര സെൻ്റ് ഭൂമിയിൽ നാലുകാലോലപ്പുരയായിരുന്നു. അമ്മയുടെ മരണശേഷം ശാന്ത സമീപത്തുള്ള താണ്ടമ്മായിയുടെ വീട്ടിലെ സഹായിയായതോടെ പഠിപ്പും നിർത്തി.

‘‘ഡ്യേ, നെന്റെ കല്യാണണ്ടഡീ’’ എന്ന് യുവതികളോടും ‘‘ഡാ നെെൻ്റ കല്യാണണ്ടടാ’’ എന്ന് ചെറുവാല്യക്കാരോടും സദാ പഞ്ചാരവാക്ക് ചോദിക്കാറുള്ള താണ്ടമ്മായിയുടെ പറമ്പിലെ ചപ്പ്ചവറുകൾ അടിക്കുക, അവയ്ക്ക് തീയിടുക, കവുങ്ങും തെങ്ങും തിങ്ങിനിറഞ്ഞ സസ്യശ്യാമളകോമളമായ ആ വീട്ടിലെ പച്ചക്കറികൾക്കും പൂച്ചെടികൾക്കും വെളളം നനയ്ക്കുക തുടങ്ങിയ ജോലികളാണ് അന്ന് ചെറിയ കുട്ടി മാത്രമായിരുന്ന ശാന്ത ചെയ്തിരുന്നത്. മോണിംഗ് റോസ്​, പ്രിൻസ്​, ചുരുൾവാലൻ തുടങ്ങിയ അക്കാലത്തെ അലങ്കാരചെടികളും ഇന്ന് അപ്രത്യക്ഷമായിരിക്കുന്നു.

ശാന്ത ഓർമ്മിച്ചു, 30 രൂപയായിരുന്നു അവർ നല്കിയിരുന്നത്. ശാന്ത ആദ്യ ശമ്പളത്തുക എത്രയെന്ന് ഓർത്തെടുത്തുപറഞ്ഞു. താണ്ടമ്മായിക്ക് ഒരു ഡസനിലധികം ആടുകളും ഒന്നു രണ്ട് ഡസനോളം കോഴി–താറാവുകളും ഉണ്ടായിരുന്നു. ഇവയെ ആവശ്യാനുസരണം കശാപ്പു ചെയ്തിരുന്നത് തൊട്ടടുത്ത വീട്ടിലെ കൊച്ചാപ്പു വല്ല്യപ്പനായിരുന്നു. ചെറുപ്പത്തിൽത്തന്നെ നാടുവിട്ട് തമിഴ്നാട്ടിൽ ജോലി ചെയ്ത് മടുത്ത് നാട്ടിൽ തിരിച്ചെത്തി. അദ്ദേഹം കോഴിക്കശാപ്പിനുശേഷം ‘കൊന്നാൽ പാപം തിന്നാൽ തീരും’ എന്ന ഡയലോഗും കാച്ചാറുണ്ട്, ശാന്ത ചിരിച്ചുകൊണ്ട് പറഞ്ഞു.

ഇവയെക്കൂടാതെ കുട്ടൻ എന്നും കിങ്ങിണിയെന്നും പേരുള്ള രണ്ടാടുകളും ഉണ്ടായിരുന്നു. കിങ്ങിണി പെറ്റുപെരുകി അവളുടെ വംശപാരമ്പര്യം നിലനിർത്തുമ്പോൾ ചില കൊച്ചുകുട്ടന്മാരും അവയിലുണ്ടാകാറുണ്ട്. ഇവന്മാർ കശാപ്പുകാരുടെ ചട്ടിയിലുമാകും. ഇതിനിടെ ഒരു കുട്ടനെ ആരോ പിടിച്ചുകൊണ്ടുപോയി. താണ്ടമ്മായി ബുദ്ധിമതിയാണ്. അവരുടെ തിരച്ചിൽ വിയ്യൂരിലുള്ള കോനാരുടെ നാടൻ ആട്ടിറച്ചി വ്യാപാരക്കടയിൽ അവസാനിച്ചു. അവിടെ അറുത്തുമാറ്റിയ നിലയിൽ കുട്ടന്റെ തല കണ്ടു, കശപിശയായി. പിന്നെ പണം നൽകി കോനാർ ആ കേസുകെട്ട് അവസാനിപ്പിച്ചു. താണ്ടമ്മായിയുടെ മരണശേഷം അവരുടെ രണ്ടുമക്കളും ഭാഗം വെച്ച് പിരിഞ്ഞു. ഇപ്പോൾ അവിടെ വേറെ ചിലർ കെട്ടിടം നിർമ്മിച്ച് താമസിക്കുന്നു.

ഇതിനു ശേഷമാണ് ത്രേസ്യകുട്ടിയേച്ചി എന്ന വയലുടമയുടെ മകൾക്ക് ഭാഗമായി കിട്ടിയ പറമ്പിന്റെ കെയർടേക്കറായി ശാന്ത മാറുന്നത്. വാഴയും തെങ്ങുകളും കശുമാവും ‘ളൂവി’യും മറ്റും വെച്ചുപിടിപ്പിക്കാൻ സഹായിച്ചും, ചാല് കോരി വെള്ളം തിരിച്ചും ആ പറമ്പ് ശാന്ത കണ്ണിലെണ്ണതൊഴിച്ചെന്നോണമാണ് നോക്കിപ്പോന്നത് എന്ന പ്രയോഗം ഒട്ടും ഇവിടെ അതിശയോക്തിയല്ല. പയറും കൂർക്കയുമെല്ലാം കൃഷി ചെയ്തിരുന്ന ആ സ്​ഥലത്ത് ഇപ്പോൾ അവരുടെ സഹോദരന്റെ രമ്യഹർമ്മ്യം ഉയർന്നുവന്നിരിക്കുന്നതു കാണാം. ആ ചേച്ചിക്കില്ലാത്ത അസുഖങ്ങളില്ല. ബാങ്ക് ക്ലർക്കായിരുന്നു ആ അവിവാഹിത. നാലഞ്ച്കൊല്ലങ്ങൾക്ക് മുമ്പ് അവരും മരണമടഞ്ഞു, ശാന്ത പറഞ്ഞു.
അങ്ങനെ ഒരു കാലം കടന്നുപോയി, ശാന്തയുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾക്കൊപ്പം. ജീവിതപ്പോരാട്ടം തന്നെ നടത്തേണ്ടിവന്ന ശാന്ത പി.സി. ഇന്നൊരു സ്​കൂൾ പാചകത്തൊഴിലാളിയാണ്.

കേരളത്തിലെ ആദ്യ കമ്യൂണിസ്​റ്റ് സർക്കാർ ഭൂപരിഷ്കരണ നിയമം ​കൊണ്ടുവന്നപ്പോൾ പലരും അതിെൻ്റ ഗുണഭോകതാക്കളായി. എന്നാൽ കുറുമ്പയെപ്പോലെയോ കാളിചേച്ചിയെയൊ പോലുള്ളവർക്ക് ഒരാനുകൂല്യവും ലഭിച്ചില്ല. ‘കൃഷിഭൂമി കർഷകന്’ എന്ന മുദ്രാവാക്യവും, ‘ഞങ്ങളു കൊയ്യും വയലെല്ലാം ഞങ്ങടേതാകും പൈങ്കിളിയേ’ എന്ന ചൊല്ലും ഇപ്പോൾ കാറ്റിൽ പറന്നിരിക്കുന്നു. നിയമം നിർമിക്കുന്ന ഭരണകൂടം അതിൽ നിന്ന് ആവശ്യക്കാർക്ക് പുറത്തുചാടാനുള്ള ലൂപ്ഹോളുകളും തയ്യാറാക്കുന്നത് കൗതുകകരമാണ്. ശാന്തയുടെ അസുഖങ്ങളുടെ പ്രിസ്​ക്രിപ്ഷനുകൾ കൂട്ടിവെച്ചാൽ അതിനൊരു പത്രത്തിലെ ഫുൾപേജ് പരസ്യത്തിന്റെ വലുപ്പം വരും. അവർ കഴിക്കുന്ന മരുന്നുകളുടെ വിവരണങ്ങൾ എന്നെ ശാന്ത കാണിച്ചു. രോഗങ്ങളുടെ കേസുകെട്ടുകളുമായി ജില്ലാ ആശുപത്രി മുതൽ മെഡിക്കൽ കോളേള് വരെയും ആയുർവേദ ആശുപത്രിയിലും ചികിത്സ തേടാറുള്ള ഇവർ ഇപ്പോൾ സ്വകാര്യ ആശുപത്രിയിലാണ് അഭയം കണ്ടെത്തുന്നത്.

വിമോചനസമരവും പൂങ്കുന്നം സീതാറാം മിൽസമരവും അന്തിക്കാട്ട് ചെത്തുതൊഴിലാളി സമരങ്ങളും ഞാൻ ശാന്തയെ ഓർമപ്പെടുത്തിയപ്പോൾ, ഇപ്പോൾ അമ്പത്തെട്ടിൽ എത്തിനില്ക്കുന്ന അവർക്ക് അതേക്കുറിച്ച് കേട്ടറിവ് മാത്രമാണുള്ളത്. പക്ഷെ സമരങ്ങളിൽ പങ്കെടുത്ത് പോലീസിന്റെയും ഗുണ്ടകളുടെയും ക്രൂരമർദ്ദനങ്ങൾ ഏറ്റുവാങ്ങിയ ഞങ്ങളുടെ ചുറ്റുവട്ടത്തുള്ള ഔസേപ്പേട്ടൻ, കൊച്ചുവറീതേട്ടൻ, ഇറ്റ്യേനേടത്തിയാർ, റോതേച്ചി, അന്നമ്മേച്ചി തുടങ്ങിയവരുടെ ജീവചരിത്രം ശാന്തയ്ക്ക് ഹൃദ്യസ്​ഥമാണ്.

ഗവ. ഹെൽത്ത് സർവ്വീസിൽ മിനിസ്റ്റീരിയൽ സ്​റ്റാഫായിരുന്ന ശാന്തയുടെ ഭർത്താവ് സുബ്രഹ്ണ്യൻ വൃക്കരോഗം ബാധിച്ചാണ് മരിച്ചത്. പെൻഷൻ പറ്റി പിരിഞ്ഞശേഷമായിരുന്നു ആ വിയോഗം. സുബ്രഹ്മണ്യന്റെ പെൻഷൻ തുകയും മറ്റാനുകൂല്യങ്ങളും നേടിയെടുക്കാൻ പാടുപെട്ട കഥകളും അവർ വള്ളിപുള്ളി തെറ്റാതെ വിവരിച്ചു. ആ തുകയിൽ നിന്ന് ഭൂരിഭാഗവും ബി.പി.എൽ. വിഭാഗക്കാർക്ക് ഗവൺമെൻ്റിൽ നിന്ന് വീടുവെയ്ക്കാൻ നല്കിയ സാമ്പത്തിക സഹായവും ചില്ലറ ബാങ്ക് ലോണും എടുത്ത് ഓലമേഞ്ഞ ആ നാലുകാലോപ്പുരയെ ശാന്ത ഇന്നൊരു ചെറിയ ടെറസ് വീടാക്കി മാറ്റിയിട്ടുണ്ട്. അതൊരു അന്തസ്സിന്റെ ഭാഗമല്ല, അടച്ചുറപ്പുള്ള വീടെന്ന ആശയുടെ സാക്ഷാത്ക്കാരം മാത്രം.

ആ കൊച്ചുവീട്ടിൽ അവരുടെ അമ്മ കുറുമ്പയുടെ ഫോട്ടോ ഫ്രെയിം ചെയ്തുവെച്ചിരിക്കുന്നത് ഒരു കാലഘട്ടത്തിന്റെ ഓർമപ്പെടുത്തലാണ്. ആയുർവേദ പച്ചമരുന്ന് ശേഖരണം അപൂർവ്വ തൊഴിലായി അന്യം നിന്ന ഇന്നത്തെ സാഹചര്യത്തിൽ തഴുതാമയും ചങ്ങലംപെരണ്ടയും കുറുന്തോട്ടിയും മുയൽചെവിയനും ചെറുളയും കറുകപ്പുല്ലും പാടവരമ്പുകളിൽ നിന്ന് പറിച്ച് തൃശൂർ എം.ഒ.റോഡിലെ ഓവുങ്ങൽ അന്തോണി പൈലോത് – പച്ചമരുന്ന് കച്ചവടത്തിനും തൊട്ടുമാറിയുള്ള ഇമ്മട്ടി ലോന പച്ചമരുന്ന് കച്ചവടത്തിനും നല്കിപ്പോന്ന കുറുമ്പയെപ്പോലുള്ളവർ ഇന്നില്ല. പ്രസവാനന്തര ശുശ്രൂഷയായ വെള്ളം വീഴ്ത്തലിലും (മുക്കൂട്ട് എണ്ണ തേപ്പിച്ച് സ്​ത്രീകളെ കുളിപ്പിക്കുന്ന രീതി) കുഞ്ഞിനെ നീട്ടിവെച്ച സ്വന്തം കാലിൽ മലർത്തിയും കമഴ്ത്തിയും കിടത്തി ദേഹമാസകലം എണ്ണപുരട്ടി കൈകാലുകൾ ഉഴിഞ്ഞ് ഷേപ്പ് വരുത്തി അവളെ / അവനെ ഇളം ചൂടുവെള്ളത്തിൽ കുളിപ്പിക്കുന്ന പഴയ പാരമ്പര്യവും കൈമുതലായുള്ള കുറുമ്പയെ ഞങ്ങളടെ പരിസരവാസികളെങ്കിലും മറന്നുപോകാതിരിക്കട്ടെ. ചുക്കും ചക്കരയും തെങ്ങിൻപൂക്കുല ലേഹ്യവും തയ്യാറാക്കി പ്രസവിച്ച സ്​ത്രീകൾക്കു നൽകി പരിപാലിക്കുന്ന കുറുമ്പയെപോലുള്ളവരെ ഇന്നത്തെ സമൂഹത്തിന് എങ്ങിനെ മറക്കാനാകും. ക്രിസ്​ത്യൻ വീടുകളിലെ പെരുന്നാളുകൾക്ക് അച്ചപ്പം, കുഴലപ്പം, കാരോലപ്പം (ഉണ്ണിയപ്പം) എന്നിവയുടെ നിർമ്മിതിയെകുറിച്ച് ഇന്നുള്ളവർക്ക് വലിയ പിടിപാടൊന്നുമില്ല. അവർ ഇന്ന് ‘ബേക്കറി റെഡിമെയ്ഡ് ഐറ്റങ്ങ’ളാണ് വാങ്ങുക. നാടൻ പലഹാരമുണ്ടാക്കുന്നതിൽ എക്സ്​പേർട്ടായ കുറുമ്പയെ എന്നെപ്പോലുള്ള പഴേ പരിചയക്കാർ മറക്കാനിടയില്ല, അവരുടെ പാരമ്പര്യത്തേയും.

അലക്കിത്തേച്ച വസ്​ത്രം ധരിച്ച് ശാന്ത സ്​കൂളിലേയ്ക്ക് പോകാൻ തയ്യാറായി. വാതിൽ പൂട്ടി താക്കോൽ ബാഗിൽ വെച്ച് കണ്ണട ഫിറ്റ് ചെയ്ത് രണ്ട് റെയിലുകളും ചാടിക്കടന്ന് ആ കൃശഗാത്രി സ്​കൂളിലേക്ക് പായുന്നത് ഞാൻ നോക്കിനിന്നു. അത് ജീവിതമെന്തെന്ന് അനുഭവിച്ചറിഞ്ഞ ഒരു സാധാരണക്കാരിയുടെ പായുന്ന പോരാട്ടം കൂടിയാണെന്ന് അറിയാതെ തോന്നിപ്പോകുന്നു.

സ്​കൂൾ കുട്ടികൾക്കായുള്ള ഭക്ഷണസാധനങ്ങൾ സൂക്ഷിക്കുന്ന കലവറക്കാരിയാണ് ശാന്ത. മാസം 12–13 ദിവസങ്ങൾ മാത്രമാണ് ജോലി. ദിവസം 600 രൂപയാണ് ശമ്പളം. അവധി ദിവസങ്ങളിൽ പൈസയില്ല. ലീവെടുത്താൽ പകരം ആളെ ഏർപ്പാടാക്കണമെന്ന വ്യവസ്​ഥ ശാന്ത തെറ്റിക്കാറില്ല. പിഞ്ചുകുട്ടികൾ പട്ടിണിയാകാതിരിക്കാൻ ശാഠ്യമുള്ള ഈ അമ്പത്തെട്ടുകാരി ഒരു ചെറിയ തൊഴിലാളി സമൂഹത്തിലെ കരുത്തുറ്റ അംഗമാണ്. സാധാരണക്കാരായ ഇവരെപ്പോലുള്ളവരുടെ ജീവിതം സുന്ദരമാകട്ടെ, സുഭിക്ഷമാകട്ടെ എന്ന് പ്രത്യാശിക്കാം.

പിന്നെക്കാണാം, ശാന്തേ എന്നു പറഞ്ഞ് ഞാൻ പാട്ടുരായ്ക്കൽ സെൻ്ററിലേയ്ക്ക് വെച്ചടിച്ചു. സെൽഫോണിലിപ്പോൾ ഹേമന്ദ്കുമാർ പാടുന്നു, ബഹൂത്ത് കഠിൻ ഹേ, യെ സഫർ...
യേ സഫർ’’ മേരേ ഹം സഫർ…
സഹയാത്രികരേ, ഈ ജീവിതയാത്ര ദുഷ്കരമെന്ന് ഗായകൻ നമ്മെ വീണ്ടും വീണ്ടും ഓർപ്പിക്കുകയാണ്.


Summary: ശരിക്കും ജീവിതമെന്തെന്ന് അനുഭവിച്ചറിഞ്ഞ ഒരു സാധാരണക്കാരിയുടെ പായുന്ന പോരാട്ടകഥ എഴുതുന്നു, കെ.സി. ജോസ്.


കെ.സി. ജോസ്​

തൃശൂർ സ്വദേശി. ദീർഘകാലം മുംബൈയിൽ പരസ്യമേഖലയിൽ ജോലി ചെയ്തു. അക്കാല ബോംബെ ജീവിതങ്ങളെക്കുറിച്ച് ധാരാളം ലേഖനങ്ങൾ എഴുതി. മുംബൈ മേരി ജാൻ എന്ന പുസ്തകം പ്രസിദ്ധീകരിച്ചു.

Comments