ചിത്രീകരണം : ജാസില ലുലു

മനവലിവിനുള്ള ഗുളികകളും അദൃശ്യമാക്കപ്പെട്ട ഗൾഫ് പെൺകത്തുകളും

മലയാളിയുടെ ഗൾഫ് പ്രവാസത്തിൽ പെൺ ശബ്ദങ്ങൾ എങ്ങനെ നിശ്ശബ്ദമാക്കപ്പെട്ടു എന്ന അന്വേഷണം

‘മയക്കുഗുളികയാണ്, ഉറക്ക ഗുളികയല്ല. ആയിശക്ക് മനവലിവ് വന്നപ്പൊ ആസ്പത്രീ പോയി. അവളുടെ കുറിപ്പടി കൊടുത്ത് ഞാനും മരുന്നുപീടിയയിൽ നിന്ന് മൂന്നോ നാലോ ഗുളിക വാങ്ങും. മനവലിവ് കുറയും. ഇപ്പൊ ഞങ്ങൾ ചെങ്ങായിച്ചികൾ ഇങ്ങനെ മനവലിവ് കുറക്കും. (1981 മാർച്ച് 14ന് മലബാറിൽ നിന്ന് കുവൈത്തിലെ ഭർത്താവിനയച്ച കത്തിൽ നിന്ന്). ഗൾഫ് കത്തുകളെക്കുറിച്ചുള്ള പഠനാന്വേഷണങ്ങളുടെ ഭാഗമായി ഞാൻ കണ്ടെത്തിയ കത്തുകളിലൊന്നിലെ പരാർമശമാണിത്.

കത്തിന്റെ കർത്താവ്, കൈപ്പട, സ്ഥലം തുടങ്ങിയവയൊന്നും പുനഃപ്രകാശിപ്പിക്കില്ല എന്ന ഉറപ്പിലാണ് കത്തിന്റെ പകർപ്പ് എനിക്കു തന്നത്. 1960 കളുടെ അവസാനത്തോടെ ആരംഭിക്കുകയും ഇന്നും തുടരുകയും ചെയ്യുന്ന മലയാളിയുടെ ഗൾഫ് പ്രവാസത്തിൽ ഇരയാക്കപ്പെട്ട സ്ത്രീയുടെ അങ്ങേയറ്റം സത്യസന്ധമായ ശബ്ദമാണ് കത്തിലെ ഈ വരികളിൽ നാം കേൾക്കുന്നത്. വിഷാദരോഗത്തിന് ആൻറി ഡിപ്രസൻറ്​ ഗുളിക കഴിക്കുന്ന കൂട്ടുകാരിയുടെ മരുന്നുകുറിപ്പടി ഉപയോഗിച്ച് മരുന്നുഷാപ്പിൽ നിന്ന് ഗുളിക വാങ്ങി സ്വയം ചികിൽസിച്ച സ്ത്രീകളുടെ ഞെട്ടിക്കുന്ന ചരിത്രത്തിലേക്ക് ഈ യഥാർഥ കത്ത് നമ്മെ നയിക്കുന്നു. വിഷാദം ഗ്രസിക്കുമ്പോൾ ഒരു ഗുളിക വിഴുങ്ങുകയും അതുവഴി അൽപം സമാധാനം കിട്ടിയിരുന്നുവെന്നും പിന്നെപ്പിന്നെ ഗുളിക ഒഴിവാക്കി ‘ബാച്ചിലർ ദാമ്പത്യം' എന്ന യാഥാർഥ്യവുമായി പൊരുത്തപ്പെട്ടതായും കത്തിന്റെ ‘ഉടമ' എന്നോട് പറഞ്ഞു (ഭർത്താവാണ് ഈ കത്ത് എനിക്ക് കൈമാറിയത്, ഭാര്യയുമായി സംസാരിക്കാൻ അദ്ദേഹം അനുവദിച്ചു. ഗൾഫിലേക്കയച്ച കത്തുകൾ കളയാതെ സൂക്ഷിച്ച് നാട്ടിലേക്ക് കൊണ്ടു വന്നതിനാലാണ് ഈ അപൂർവ്വ രേഖ എനിക്ക് കാണാനായത്).
‘ഗൾഫ് സിൻഡ്രോം' ചികിൽസിച്ചിരുന്ന ഒരു മനഃശാസ്ത്രജ്ഞനാണ് ഈ കത്തുകൾ സൂക്ഷിച്ചിരുന്ന ദമ്പതികളെ കണ്ടെത്താൻ എന്നെ സഹായിച്ചത്. ഈ യാഥാർഥ്യത്തിൽ നിന്നുകൊണ്ട് മലയാളിയുടെ ഗൾഫ് പ്രവാസത്തിൽ പെൺ ശബ്ദങ്ങൾ എങ്ങനെ നിശ്ശബ്ദമാക്കപ്പെട്ടു എന്നന്വേഷിക്കാനാണ് ഇവിടെ ശ്രമിക്കുന്നത്.

വിരഹിണികളായ യുവതികൾ എഴുതിയ ആ കത്തുകൾക്ക് എന്തുസംഭവിച്ചു?
കേരളീയ സമൂഹത്തിൽ എക്കാലത്തും നിശ്ശബ്ദമാക്കപ്പെട്ട, അദൃശ്യമാക്കപ്പെട്ട പെൺശബ്ദത്തിന്റെ ചരിത്രത്തിലേക്ക് ഈ കത്തുകളും വിലയം പ്രാപിക്കുകയാണോ ചെയ്തത്?

‘‘ഗൾഫിലേക്കുള്ള മലയാളിയുടെ ‘പുറപ്പാടുകാലം' എന്നു വിശേഷിപ്പിക്കുന്ന കഴിഞ്ഞ ദശകങ്ങളിൽ കേരളീയ ഗ്രാമങ്ങളിലെ വിരഹിണികൾ മരുഭൂമിയിലേക്കയച്ച കത്തുകൾ സമാഹരിക്കപ്പെടുകയാണെങ്കിൽ മലയാളത്തിൽ എഴുതപ്പെട്ട ഏറ്റവും സമ്പന്നമായ സാഹിത്യസൃഷ്ടി അതായിരിക്കും. അക്ഷരത്തെറ്റും വ്യാകരണപ്പിശകും നിറഞ്ഞ ആ ബൃഹത് സാഹിത്യം കേരളത്തിന്റെ സമകാലിക ചരിത്രവുമായിരിക്കും. മാത്രമല്ല, അത് കേരളീയമനസ്സ് രൂപപ്പെടുത്തുന്നതിന്റെ വൈകാരിക ചരിത്രവുമായിരിക്കും. മനുഷ്യന്റെ മനസ്സിനെ ഇതു പോലെ കുഴച്ചുമറിച്ച് അക്ഷരങ്ങളാക്കി മാറ്റുന്നതിൽ ഈ യുവതികളേക്കാൾ സാഫല്യം ഒരു സാഹിത്യപടുവും നേടിക്കാണില്ല. നമ്മളറിയാതെ നഷ്ടപ്പെട്ടു പോവുന്ന ഒരു സാഹിത്യ സംഭവമാണ് ഈ മരുഭൂമിക്കത്തുകൾ’’- (പ്രവാസിയുടെ കുറിപ്പുകൾ, ബാബു ഭരദ്വാജ്, മാതൃഭൂമി ബുക്സ്, 2013).

വിരഹിണികളായ യുവതികൾ എഴുതിയ ആ കത്തുകൾക്ക് എന്തുസംഭവിച്ചു?
ആ കത്തുകളിലൂടെ അവർ വിനിമയം ചെയ്ത കാര്യങ്ങൾ എന്തൊക്കെയായിരുന്നു? കേരളീയ സമൂഹത്തിൽ എക്കാലത്തും നിശ്ശബ്ദമാക്കപ്പെട്ട, അദൃശ്യമാക്കപ്പെട്ട പെൺശബ്ദത്തിന്റെ ചരിത്രത്തിലേക്ക് ഈ കത്തുകളും വിലയം പ്രാപിക്കുകയാണോ ചെയ്തത്? മലയാള സാഹിത്യത്തിൽ പ്രത്യക്ഷപ്പെട്ട ഗൾഫ് കത്തുകളെ അടിസ്ഥാനപ്പെടുത്തി ബാബു ഭരദ്വാജ് ഉന്നയിച്ച അച്ചടിക്കപ്പെടാതെ പോയ പെൺ ഗൾഫ് കത്തുകളെക്കുറിച്ച് പെൺവാദികൾ പോലും അന്വേഷിച്ചിട്ടുണ്ടോ?

മലയാളിയുടെ ഗൾഫ് ജീവിതത്തിലെ ഒരു വലിയ അധ്യായമാണ് ഭർത്താവ് ഗൾഫിൽ ജോലിസ്ഥലത്തും ഭാര്യയും മക്കളും നാട്ടിലെ വീട്ടിലും എന്ന അവസ്ഥ. ബാച്ചിലർ ജീവിതം എന്നാണ് ഗൾഫുകാർ പൊതുവായി ഈ ജീവിതത്തെ വിളിച്ചുവന്നത്. വിവാഹിതരായിട്ടും ബാച്ചിലർമാരായി ജീവിക്കുന്ന അവസ്ഥയെയാണ് ഈ പ്രയോഗം ചിത്രീകരിക്കാൻ ശ്രമിച്ചത്. ഭാര്യയേയും മക്കളേയും കൂടെക്കൊണ്ടു പോകാൻ സാമ്പത്തിക സ്ഥിതിയില്ലാത്ത (കുറഞ്ഞ വേതനത്തിന് ജോലി ചെയ്യുന്ന) ഗൾഫ് മലയാളിത്തൊഴിലാളിയുടെ ഈ ജീവിതാവസ്ഥ, കേരളത്തിൽ നിന്ന് ഗൾഫ് പ്രവാസം ആരംഭിച്ച 60 കളുടെ അവസാനം മുതൽ 90 കളുടെ ഒടുക്കം വരെ, നിലനിന്നു. ഈ ജീവിതാവസ്ഥയെ ശശി തരൂർ ‘അസന്തുലിതവും അശാസ്ത്രീയവുമായ വികസന മാതൃക’ എന്നാണ്​ വിശേഷിപ്പിച്ചത്​. (അഭിമുഖം- ശശി തരൂർ /പി.എ.എം. ഹാരിസ് / മലയാളം ന്യൂസ് ദിനപത്രം, ജിദ്ദ, സൗദി അറേബ്യ / 2006 ജൂലൈ 11).
ഒന്നിച്ചുള്ള കുടുംബ ജീവിതം സാധ്യമാകാതെ ഭാര്യയും ഭർത്താവും പിരിഞ്ഞ് ജീവിക്കുകയും ഇങ്ങിനെയുള്ള ജീവിതത്തിനിടയിൽ ഭർത്താവ് ജോലി ചെയ്തുണ്ടാക്കുന്ന പണം നാട്ടിലേക്കയക്കുകയും അതുവഴി സാമ്പത്തികമായി വികസിക്കുകയും ചെയ്ത കേരള വികസന മാതൃകയെ തന്നെ തരൂർ ഈ അഭിമുഖത്തിൽ ചോദ്യം ചെയ്യുന്നു. മനുഷ്യന്റെ ജൈവചോദനകളെ അടിച്ചമർത്തി നേടിയ സാമ്പത്തിക വികസനത്തെ ‘റിയൽ ടേം വികസനം' എന്നു വിളിക്കാൻ സാധ്യമല്ലെന്നും ശശി തരൂർ ചൂണ്ടിക്കാട്ടുന്നുണ്ട്. മനുഷ്യർ അടിസ്ഥാനപരമായി ഒരു ജൈവിക യൂണിറ്റാണെന്ന സങ്കൽപ്പമാണ് ശശി തരൂർ ഈ അഭിമുഖത്തിൽ പ്രധാനമായും മുന്നോട്ടുവെക്കുന്നത്. ലോകത്ത് ഒരു പക്ഷെ മറ്റെവിടെയും കുടിയേറ്റ / പ്രവാസ ചരിത്രത്തിൽ ദമ്പതികൾ ഇവ്വിധം പിരിഞ്ഞു ജീവിച്ചിട്ടുണ്ടാവില്ലെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നുണ്ട്. അങ്ങേയറ്റം വിചിത്രവും അസാധാരണവുമായ സ്ത്രീ പുരുഷ ബന്ധത്തിന്റെ കഥ കൂടിയാണ് മലയാളിയുടെ ഗൾഫ് കുടിയേറ്റത്തിന്റെ ആദ്യ മൂന്നു പതിറ്റാണ്ടുകൾക്ക് യഥാർഥത്തിൽ പങ്കുവെക്കാനുള്ളത്. ഇന്ന് ഗൾഫിൽ കുടുംബങ്ങൾക്കൊപ്പം ജീവിക്കുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ടെങ്കിലും ‘ബാച്ചിലർ' പ്രവാസികൾ എന്ന പ്രതിഭാസം പൂർണമായും ഇല്ലാതായിട്ടില്ല. കോവിഡ് ഗൾഫ് പ്രവാസത്തിൽ തന്നെ കരിനിഴൽ വീഴ്​ത്തിയിരിക്കുന്നു എന്നത് കാണുമ്പോഴും ഇപ്പറഞ്ഞ പ്രവാസ സ്വഭാവം പൂർണമായും മലയാളിയെ വിട്ടുപോയിട്ടില്ല.

കേരളത്തിലേയോ ഇന്ത്യയുടെ മറ്റു ഭാഗങ്ങളിൽ നിന്നുള്ളവരോ ഗൾഫ് സിൻഡ്രോമിനെക്കുറിച്ച് ഗൗരവത്തിൽ പഠിച്ചതായോ, അതു സംബന്ധിച്ച് എഴുതുകയോ രേഖപ്പെടുത്തുകയോ ചെയ്തതായോ ഇന്നും കാണാൻ കഴിയില്ല.

മലയാളി ഗൾഫ് കുടിയേറ്റത്തിനു മുമ്പു തന്നെ ഈ പ്രശ്നം ഗുരുതരമായി നേരിട്ടു തുടങ്ങിയിരുന്നുവെന്നതിന്റെ ശക്തമായ തെളിവാണ് കവിയും ചിന്തകനും എഴുത്തുകാരനുമായിരുന്ന എം. ഗോവിന്ദൻ 1952ൽ എഴുതിയ എങ്കിലും സാറാമ്മേ ഇത്! എന്ന ലേഖനം. (എം. ഗോവിന്ദന്റെ ഉപന്യാസങ്ങൾ, എൻ.ബി.എസ്- സാഹിത്യ പ്രവർത്തക സഹകരണ സംഘം, കോട്ടയം, 1986). ഈ ദാമ്പത്യ പ്രതിന്ധന്ധിയെ അദ്ദേഹം ‘വിദൂര ഭർതൃത്വം' എന്നാണ് പേരിട്ടു വിളിക്കുന്നത്. സി.ജെ. തോമസിന്റെ അവൻ വീണ്ടും വരുന്നു എന്ന നാടകത്തിനെക്കുറിച്ചെഴുതിയ ലേഖനത്തിലാണ് അദ്ദേഹം ഈ പ്രയോഗം നടത്തിയിട്ടുള്ളത്. പട്ടാളക്കാരായി സ്വന്തം കുടുംബങ്ങളിൽ നിന്നകന്നു ജീവിക്കുന്നവരുടെ പ്രശ്നങ്ങളെക്കുറിച്ചുള്ളതാണ് സി.ജെ. തോമസിന്റെ നാടകം. 1950കളുടെ തുടക്കം മുതൽ ‘വിദൂര ഭർതൃത്വം' എന്ന പ്രതിഭാസം മലയാളിയുടെ കുടുംബ വ്യവസ്ഥയെ സങ്കീർണമാക്കിത്തുടങ്ങിയിരുന്നു എന്ന് ഗോവിന്ദന്റെ ലേഖനത്തിൽ നിന്ന് മനസ്സിലാക്കാം.

ഇതേ പ്രശ്നത്തെക്കുറിച്ച് ഗൾഫ് ബൂം കത്തി നിന്ന എൺപതുകളുടെ തുടക്കത്തിലെ ചില അനുഭവങ്ങളിലൂടെ മുതിർന്ന മാധ്യമ പ്രവർത്തകൻ ബി.ആർ.പി. ഭാസ്‌ക്കറും വിശദീകരിക്കുന്നുണ്ട്. അദ്ദേഹം ന്യൂസ് റൂം എന്ന ആത്മകഥയിൽ എഴുതുന്നു: ‘‘ഒരു കേരള യാത്രക്കിടയിൽ കോഴിക്കോട്ടു വെച്ച് റിപ്പോർട്ടർ പി.എം. മൊയ്തീൻ തന്റെ ശ്രദ്ധയിൽ പെട്ട ഒരു കാര്യത്തെക്കുറിച്ച് എന്നോടുപറഞ്ഞു. ഗൾഫ് പ്രവാസം അതിവേഗം വളർന്നു കൊണ്ടിരിക്കുകയാണ്. ഗൾഫ് രാജ്യങ്ങളിൽ ജോലി കിട്ടിയ പല ചെറുപ്പക്കാരും അവധിക്കു വരുമ്പോൾ വിവാഹിതരാകുന്നു. കുടുംബ വിസ തരപ്പെടുത്താൻ സമയമെടുക്കുന്നതു കൊണ്ട് അവധി തീരുമ്പോൾ ഭാര്യയെ വീട്ടിൽ നിർത്തി തിരിച്ചു പോകാൻ ഭർത്താവ് നിർബന്ധിതനാകുന്നു. ഇങ്ങനെ വേർപെട്ട് കഴിയുന്ന പല നവവധുക്കളും കടുത്ത മാനസിക സംഘർഷം അനുഭവിക്കുന്നു. ചിലർ വൈദ്യ സഹായം തേടുന്നുമുണ്ട്. ഇതേക്കുറിച്ച് എനിക്കെഴുതാനാകുമോ? മൊയ്തീൻ ചോദിച്ചു. വിഷയം കൈകാര്യം ചെയ്യുന്നതിന് ഒരു തടസവും ഞാൻ കണ്ടില്ല. എന്നാൽ, സൂക്ഷിച്ചു കൈകാര്യം ചെയ്യേണ്ടതുണ്ട്. വൈദ്യസഹായം നൽകുന്ന ഡോക്ടർമാർ അതേക്കുറിച്ച് സംസാരിക്കാൻ തയ്യാറാണെങ്കിൽ പ്രധാനമായും അവരെ ആശ്രയിച്ച് വിഷയം അവതരിപ്പിക്കാം എന്നു ഞാൻ പറഞ്ഞു. വൈകാതെ മൊയ്തീൻ ഏതാനും മനഃശാസ്ത്രജ്ഞൻമാരുമായി സംസാരിച്ച് ഒരു റിപ്പോർട്ട് തയ്യാറാക്കി. ഇന്ത്യയിലെന്ന പോലെ ഗൾഫ് രാജ്യങ്ങളിലും ആ റിപ്പോർട്ട് ശ്രദ്ധിക്കപ്പെട്ടു. ഏതാനും ആഴ്ച്ചക്കുള്ളിൽ കുവൈത്ത് സർവകലാശാലയിലെ രണ്ട് ഗവേഷകർ പ്രവാസി കുടുംബങ്ങളിലെ "ഗൾഫ് സിൻഡ്രോമി'നെ കുറിച്ച് പഠിക്കാൻ കേരളത്തിലെത്തി. ഇന്ത്യയിലെ ഒരു അക്കാദമിക സ്ഥാപനവും അതുവരെ ഗൾഫ് പ്രവാസത്തെക്കുറിച്ച് പഠനം നടത്തിയതായി അറിവില്ല.’’ (ന്യൂസ് റൂം, ഗൾഫ് ബന്ധങ്ങൾ എന്ന അധ്യായം, ഡി.സി ബുക്സ്, 2021).

മലയാളിയുടെ ഗൾഫ് പ്രവാസവുമായി ബന്ധപ്പെട്ട് നാട്ടിൽ കഴിയേണ്ടി വന്ന സ്ത്രീകളുടെ പ്രശ്നങ്ങൾ പൊതുവിൽ അവഗണിക്കപ്പെടുകയോ നിശ്ശബ്ദമാക്കപ്പെടുകയോ ചെയ്യുകയായിരുന്നു

വാർത്താ ഏജൻസി യു.എൻ.ഐയിൽ ഉയർന്ന പദവിയിലിരുന്ന കാലത്ത് കോഴിക്കോട്ടെ യു.എൻ.ഐ ലേഖകൻ മൊയ്തീനെക്കുറിച്ചും അദ്ദേഹമെഴുതിയ ഗൾഫ് ലേഖനത്തെക്കുറിച്ചുമാണ് ബി.ആർ.പി വിശദീകരിക്കുന്നത്. കുവൈത്ത് യൂണിവേഴ്സിറ്റിയിലെ രണ്ടു ഗവേഷകർ ഇക്കാര്യത്തെക്കുറിച്ച് പഠിച്ചുവെങ്കിലും കേരളത്തിലേയോ ഇന്ത്യയുടെ മറ്റു ഭാഗങ്ങളിൽ നിന്നുള്ളവരോ ഗൾഫ് സിൻഡ്രോമിനെക്കുറിച്ച് ഗൗരവത്തിൽ പഠിച്ചതായോ, അതു സംബന്ധിച്ച് എഴുതുകയോ രേഖപ്പെടുത്തുകയോ ചെയ്തതായോ ഇന്നും കാണാൻ കഴിയില്ല. ഗൾഫുകാരുടെ നാട്ടിൽ കഴിയേണ്ടിവന്ന ഭാര്യമാരുടെ മാനസിക സംഘർഷങ്ങളെ കേരളം എങ്ങനെയാണ് കണ്ടത് എന്നതിന്റെ ഏറ്റവും വ്യക്തമായ ഉദാഹരണമായി ഈ സന്ദർഭത്തെ ചൂണ്ടിക്കാട്ടാൻ കഴിയും. ഏകാന്തതയും ഉത്തരവാദിത്ത കൂടുതലും ഉൽക്കണ്ഠകളും ഭർത്താവുമായി വേണ്ട വിധം ആശയ വിനിമയം സാധ്യമാകാത്തതും അക്കാലത്തെ ഗൾഫുകാരുടെ ഭാര്യമാരിൽ നിരവധി മാനസിക വ്യതിയാനങ്ങൾക്കും സങ്കീർണതകൾക്കും കാരണമായതായി മനഃശാസ്ത്രജ്ഞൻ സൈക്കോ എഴുതിയിട്ടുണ്ട്. (വീടുമാറുന്നവർ, എഡിറ്റർ ഡോ. വി. ശോഭ/പ്രവാസം ഒരു മനഃശാസ്ത്രാധിഷ്ഠിത പഠനം എന്ന സൈക്കോയുടെ ലേഖനം, ഗ്രീൻ ബുക്സ് തൃശൂർ, 2014 നവംബർ).

ഇത്തരത്തിലുള്ള പൊതുവായ ചില ലേഖനങ്ങളല്ലാതെ ഈ പ്രശ്നത്തെ സവിശേഷമായി കണ്ടുകൊണ്ടുള്ള പഠനങ്ങളോ പരിഹാരങ്ങളോ ഉണ്ടായിട്ടില്ലെന്ന് മലയാളിയുടെ ഗൾഫ് പ്രവാസ ചരിത്രം സംബന്ധിച്ച് ലഭ്യമായ പുസ്തകങ്ങളും ലേഖനങ്ങളും ഇതര പ്രസിദ്ധീകരണങ്ങളും പരിശോധിച്ചാൽ വ്യക്തമാകും. മലയാളിയുടെ ഗൾഫ് പ്രവാസവുമായി ബന്ധപ്പെട്ട് നാട്ടിൽ കഴിയേണ്ടി വന്ന സ്ത്രീകളുടെ പ്രശ്നങ്ങൾ പൊതുവിൽ അവഗണിക്കപ്പെടുകയോ നിശ്ശബ്ദമാക്കപ്പെടുകയോ ചെയ്യുകയായിരുന്നുവെന്ന് ഇതിൽ നിന്ന് വ്യക്തമാകുന്നു.

ആണുങ്ങളുടെ ‘നുണ/നിസ്സഹായക്കത്തുകൾ'

മലയാളത്തിലെ പുസ്തകവിൽപ്പനയുടെ റെക്കോർഡ് ഭേദിച്ച് മുന്നേറുന്ന ബെന്യാമിന്റെ ആടുജീവിതത്തിൽ ഒരു കത്ത് വായനക്കാരനുമുന്നിൽ പ്രത്യക്ഷപ്പെടുന്നു. ആ കത്ത് ഇങ്ങനെയാണ്:എന്റെ എത്രയും പ്രിയപ്പെട്ട സൈനു, ഞാനിവിടെ സുഖമായി എത്തിച്ചേർന്നു. എന്നാൽ ജോലിത്തിരക്കുമൂലം എനിക്ക് ഒരു കത്തെഴുതാൻ പോലും പറ്റിയില്ല. നീ അവിടെ സങ്കടപ്പെട്ടിരിക്കുകയാണെന്ന് എനിക്കറിയാം. വിഷമിക്കേണ്ട. നിന്റെ ഇക്ക ഇവിടെ സുഖമായിരിക്കുന്നു. പാലും കമ്പിളിയും ഉണ്ടാക്കുന്ന ഒരു വലിയ കമ്പനിയിലാണ് എനിക്കു ജോലി. നല്ല ജോലിയാണ്. നമ്മളൊന്നും ചെയ്യണ്ട. എല്ലാം മെഷീൻ ചെയ്തോളും. എനിക്കാണ് കമ്പനിയുടെ മേൽനോട്ടം. എന്റെ അർബാബിന് എന്നെ വലിയ ഇഷ്ടമായി. എന്റെ ജോലി ഇഷ്ടമായി. എനിക്കിടക്കിടെ നല്ല സമ്മാനങ്ങൾ തരാറുണ്ട്. ഇവിടെ വിശാലമായ ഒരു സ്ഥലത്താണ് എന്റെ മുറിയും താമസവും. എന്റെ കട്ടിലിലിരുന്നാൽ എനിക്ക് അടുത്ത പ്രദേശങ്ങൾ മുഴുവൻ കാണാം. അത്ര സുന്ദരമായ സ്ഥലമാണ്. പിന്നെ ആഹാരം; ഞാനിതുവരെ കഴിച്ചിട്ടില്ലാത്ത എന്തൊക്കെ ആഹാരങ്ങളാണെന്നോ അർബാബ് എനിക്ക് കൊണ്ടുതരുന്നത്. ഇപ്പൊത്തന്നെ ഖുബ്ബൂസും ചിക്കൻ കറിയും മട്ടൻ മസാലയും കഴിച്ച് ഒരു ഗ്ലാസ് കട്ടിപ്പാലും കുടിച്ച ശേഷമാണ് ഈ കത്തെഴുതാനിരിക്കുന്നത്. ഇത്ര ദിവസം കൊണ്ടു തന്നെ എനിക്ക് വല്ലാതെ തടി വെച്ചോ എന്നൊരു സംശയം. ഇപ്പോ ഉച്ചക്കത്തെ വിശ്രമസമയമാണ്. ഇനി കുറച്ചു കഴിഞ്ഞ് എനിക്ക് ജോലിയിൽ പ്രവേശിച്ചാൽ മതി. അതുവരെ സുഖമുള്ള കാറ്റേറ്റു കിടന്നുറങ്ങാം. നമ്മുടെ നാട്ടുകാരായ കുറച്ചുപേരൊക്കെ എനിക്കൊപ്പം ഇവിടെയുണ്ട്. റാവുത്തർ, രാഘവൻ, വിജയൻ, പോക്കർ എന്നിങ്ങനെ കുറച്ചുപേർ. എനിക്കവരുമായി അധികം സഹവാസവും മിണ്ടാട്ടവുമൊന്നുമില്ല. അർബാബിന് അത് ഇഷ്ടമല്ല. അർബാബിന് ഹൂറിയായ ഒരു മകളുണ്ട്. വൈകുന്നേരത്ത് ഞാൻ അവളോടൊപ്പം നടക്കാൻ പോകും. ഞാൻ തന്നെ ചെല്ലണമെന്ന് അവൾക്ക് നല്ല നിർബന്ധമാണ്. മേരി മൈമൂന എന്നാണവളുടെ പേര്. ഇത്രയൊക്കെയാണ് എന്റെ വിശേഷങ്ങൾ. അവിടെ നിനക്കും ഉമ്മക്കും സുഖമെന്ന് വിചാരിക്കുന്നു. ഇനിയും സമയം കിട്ടുമ്പോൾ എഴുതാം. എന്ന് നിന്റെ സ്വന്തം ഇക്ക നജീബ്.
(ആടുജീവിതം, ബെന്യാമിൻ, 100-ാം പതിപ്പ്, മാർച്ച് 2015, ഗ്രീൻ ബുക്സ്, തൃശൂർ).

ബെന്യാമിന്റെ ആടുജീവിതത്തിൽ,​ നജീബിന്റെ ഒരു കത്തിനെക്കുറിച്ച് പറയുകയും സൈനയുടെ കത്തുകൾ, അല്ലെങ്കിൽ അവൾ നിശ്ശബ്ദമാക്കപ്പെടുകയും ചെയ്യുന്നതാണ് നാം കാണുന്നത്.

ആടുജീവിതത്തിലെ നായകൻ, അതായത് ഭാര്യ സൈനക്ക് ഈ കത്തെഴുതിയ നജീബിന്റെ യഥാർഥ അവസ്ഥ എന്താണ്? ആടുജീവിതത്തിന്റെ ഇതേ പതിപ്പിൽ ചേർത്തിട്ടുള്ള എൻ.എസ്. മാധവന്റെ ‘അറേബ്യൻ പേക്കിനാവ്' എന്ന ലേഖനത്തിൽ ഇങ്ങനെ വായിക്കാം: ‘‘ബെന്യാമിന്റെ ആടുജീവിതം ഗൾഫ് കുടിയേറ്റം എന്നതിനേക്കാൾ സ്വാതന്ത്ര്യത്തിന്റെ അഭാവത്തെക്കുറിച്ചുള്ള നോവലാണ്. കേരളത്തിലെ പുഴയിൽ മുങ്ങാംകുഴിയിട്ട് മണലെടുക്കുന്ന നജീബ് എന്ന തൊഴിലാളിയെ സൗദി അറേബ്യയിൽ എത്തിയ ഉടൻ ഒരു അറബി തട്ടിക്കൊണ്ടുപോയി അടിമയാക്കുന്നു. അടുത്ത മൂന്നു വർഷം അയാൾ അജ്ഞാത മരുഭൂമിയിൽ എവിടെയോ ആട്ടിൻപറ്റങ്ങൾക്ക് ഇടയനാവുന്നു. അഗാധമായ ഏകാന്തത; ഉത്തേജനങ്ങളില്ലാത്ത ദിനസരി; ഇടപെടുന്ന മൃഗങ്ങളിൽ അയാൾ മനുഷ്യഭാവങ്ങൾ കാണുന്നു. ആടുകളിൽ മനുഷ്യരൂപങ്ങൾ തോന്നിപ്പിക്കുന്ന വിഭ്രാന്തികൾക്കിടയിൽ താൻ തീർത്തും സന്തുഷ്ടനാണെന്നു വരെ അയാൾക്കു തോന്നി. അടിമ-ഉടമ ആശ്രിതത്വത്തെക്കുറിച്ചും തൊഴിലും ജീവിതവും തമ്മിലുള്ള സന്തുലനത്തിന്റെ നൈതികതയെക്കുറിച്ചും ബെന്യാമിൻ അനായാസേന വിവരിക്കുന്നു.’’

അവിശ്വസനീയമായ അടിമ ജീവിത കെണിയിൽപെട്ട് കഴിയുമ്പോഴും ഭക്ഷണമോ എന്തിന് കുടിവെള്ളം പോലുമോ കിട്ടാതെ, തൊഴിലുടമയുടെ ശാരീരിക പീഡനങ്ങൾ അടക്കം ഏറ്റു കഴിയുമ്പോഴും ഭാര്യ സൈനക്ക് എഴുതുന്ന കത്തിൽ (ഈ കത്ത് നജീബ് പോസ്റ്റ് ചെയ്യുകയോ ഭാര്യക്ക് എത്തിക്കാനായി ആരുടെയെങ്കിലും കയ്യിൽ കൊടുത്തു വിടുകയോ ചെയ്യുന്നില്ല) തന്റെ യഥാർഥ ചിത്രത്തിന്റെ നേർ വിപരീതമായ, ക്ഷേമവും സൗഖ്യവും പുലരുന്ന തൊഴിൽ ജീവിതത്തിന്റേയും കരുണയുള്ള തൊഴിൽ ഉടമയുടേയും അദ്ദേഹത്തിന്റെ സുന്ദരിയായ മകളുടേയും ആഖ്യാനമാണ് നജീബ് രേഖപ്പെടുത്തുന്നത്. ഗൾഫിൽ ജീവിച്ച ബാച്ചിലർ മലയാളി പുരുഷൻമാർ തങ്ങളുടെ തൊഴിലിടത്തെ പ്രശ്നങ്ങളും പ്രതിസന്ധികളും ഒരിക്കലും തങ്ങളുടെ വീടുകളിൽ അറിയാതിരിക്കാൻ ശ്രദ്ധിച്ചിരുന്നുവെന്നതിന്റെ തെളിവുകൂടിയാണ് നജീബിന്റെ ഈ കത്ത്.
ഈ കത്ത്​ മലയാള നോവൽ സാഹിത്യത്തിൽ രേഖപ്പെടുത്തപ്പെട്ട പ്രധാന കത്തുകളിലൊന്നാണ്​. ഗൾഫ് ജീവിതത്തിന്റെ ഒരടര്. യഥാർഥ്യം മറച്ചു വെച്ച് നാട്ടിലുള്ളവരെ സന്തോഷിപ്പിക്കാൻ ശ്രമിക്കുന്നത് എങ്ങനെ എന്ന് നജീബിന്റെ കത്ത് വ്യക്തമാക്കുന്നു. നജീബ് ഈ കത്ത് അയക്കുന്നില്ല. അതിനാൽ തന്നെ സൈനയുടെ മറുപടിക്കത്ത് വായനക്കാരനുമുന്നിലെത്തുന്നുമില്ല. സൈന നജീബിന് കത്തുകൾ എഴുതാൻ ശ്രമിച്ചിരുന്നുവോ, വിലാസം കിട്ടാത്തതിനാൽ അയക്കാതിരുന്നതാണോ എന്നും നോവലിൽ നിന്ന്​ കണ്ടെത്താനാവില്ല. അഥവാ നജീബിന്റെ ഒരു കത്തിനെക്കുറിച്ച് പറയുകയും സൈനയുടെ കത്തുകൾ, അല്ലെങ്കിൽ അവൾ നിശ്ശബ്ദമാക്കപ്പെടുകയും ചെയ്യുന്നതാണ് നാം കാണുന്നത്. അഥവാ ഗൾഫ് പുരുഷന്റെ മറുപാതിയുടെ ശബ്ദം, നജീബിന്റെ ഭാര്യയുടെ ശബ്ദം നോവലിന്റെ അവസാനത്തിൽ ഒരു ഫോൺകോളിലൂടെയാണ് വായനക്കാരൻ കേൾക്കുന്നത്. ആ വാക്കുകൾ ഇങ്ങനെയാണ്: ബെല്ലടിച്ചു, കുഞ്ഞിക്ക ഫോൺ എന്റെ കയ്യിൽ തന്നു. ഞാൻ ഹലോ എന്നു വിളിച്ചതേയുള്ളൂ. അപ്പുറത്ത് എന്റെ സൈനുവിന്റെ ഒരു വലിയ നിലവിളി ഞാൻ കേട്ടു. പിന്നെ ഏറെ നേരം ഞങ്ങളിരുവരും കരയുക മാത്രം ചെയ്തു. അവളൊന്നും ചോദിച്ചില്ല. എവിടെയായിരുന്നു, എന്താണ് ഇതുവരെ വിളിക്കാഞ്ഞത്... അവിടെയിരുന്ന് അവളെന്റെ മനസ്സ് വായിച്ചിരിക്കണം. കുറെ കരച്ചിലിനു ശേഷം അവൾ പറഞ്ഞു, നമ്മുടെ മോൻ നബീൽ ഈ വർഷം മുതൽ ബാലവാടിയിൽ പോയിത്തുടങ്ങി. അവനെ കാണേണ്ടേ, ഇക്കാ എന്നാ വരുന്നേ..? ഇക്കാ പിന്നെ...പിന്നെ നമ്മുടമ്മാ പോയി... കഴിഞ്ഞ വർഷം... ഇക്കയെപ്പറ്റി ഒരു വാക്കറിയാതെ നെഞ്ചു വിങ്ങിവിങ്ങി.. (ആടുജീവിതം, അതേ പതിപ്പ്).
നജീബിന്റെ ജീവിതാഖ്യാനത്തിൽ സൈനു അവസാനം മാത്രം കടന്നുവരുന്നു. ഒരിക്കലും മൂന്നു വർഷത്തോളം ഒരു വിവരവുമറിയാത്ത ഭർത്താവിനെക്കുറിച്ച് അന്വേഷിച്ച് ഒരു കത്ത് എഴുതുന്നതു പോലും സൈനു ഭാവനയിൽ പോലും കാണുന്നില്ല. ഗൾഫുകാരന്റെ ഭാര്യ ഭർത്താവിന് എഴുതാനിടയുളള ഒരു കത്ത് അങ്ങിനെ സാഹിത്യത്തിൽ അദൃശ്യമാക്കപ്പെടുന്നു.

അങ്ങേയറ്റം പുരുഷാധിപത്യപരവും ഒപ്പം കുടുംബ-ദാമ്പത്യ വ്യവസ്ഥയിൽ പ്രവർത്തിക്കുകയും ചെയ്തു പോന്ന കേരളീയ സമൂഹത്തിന് പെൺ ശബ്ദങ്ങളെ തീർത്തും നിശ്ശബ്ദമാക്കാൻ കഴിഞ്ഞു എന്നു തന്നെ കരുതണം.

ഈ പ്രബന്ധത്തിന്റെ തുടക്കത്തിലുദ്ധരിച്ച ബാബു ഭരദ്വാജിന്റെ ലേഖനത്തിൽ ഗൾഫിലേക്ക് കേരളത്തിൽ നിന്ന് പോയ പെൺകത്തുകളുടെ സ്വഭാവത്തെ സ്വന്തം അനുഭവത്തിന്റെ പശ്ചാത്തലത്തിൽ (ഭാര്യ അദ്ദേഹത്തിനയച്ച കത്തുകളുടെ ഉള്ളടക്കം സൂചിപ്പിച്ച്) അദ്ദേഹം ഇങ്ങനെ എഴുതുന്നു: ‘‘കുഞ്ഞുങ്ങൾ ശാന്തരായി ഉറങ്ങുന്നു. എനിക്കുറക്കം വരുന്നില്ല. നമ്മുടെ തൊടിയിലെ ഇലഞ്ഞി മരം ഇക്കുറി നിറയെ പൂത്തിരിക്കുന്നു. നിലാവ് വഴിഞ്ഞൊഴുകിയ ഒരു രാത്രി മൂന്നാം യാമം കഴിയുന്നതു വരെ അതിനു ചുവട്ടിലിരുന്ന് നമ്മൾ ജീവിതത്തെ ഹരിക്കാനും ഗുണിക്കാനും ശ്രമിച്ച് കുഴങ്ങിയത് എന്തോ ഞാൻ പെട്ടെന്നോർത്തുപോയി. അതേ പോലെ ഞാൻ നിങ്ങളുമായി സംസാരിക്കാനിരിക്കുന്ന ഈ രാത്രിയിലും തൊടിയിലാകെ നിലാവലിഞ്ഞൊഴുകിക്കൊണ്ടിരിക്കുന്നു. ഓർമകൾ എന്നെ ഭ്രാന്ത് പിടിപ്പിക്കുന്നതു പോലെ തോന്നുന്നു. ചിലപ്പോൾ ഇതൊരു തോന്നലല്ലെന്ന് തോന്നും. ശരിക്കും എനിക്ക് ഭ്രാന്ത് തന്നെയായിരിക്കും. നിങ്ങൾ തിരിച്ചെത്തുമ്പോഴേക്കും ഞാനൊരു മുഴുഭ്രാന്തിയായി തീർന്നിരിക്കും. എനിക്കുറങ്ങാനാവുന്നില്ല. നിങ്ങളുടെ ചൂട് പറ്റിക്കിടന്നാലേ എനിക്കുറക്കം വരൂ. തിരിച്ചുവരൂ ’’ (അതേ ലേഖനം, അതേ പുസ്തകം, പുറം 144).

ഭാര്യയുടെ കത്തുകളൊന്നിലെ വരികൾ എടുത്തെഴുതുകയാണ് ബാബു ഭരദ്വാജ് ചെയ്തിരിക്കുന്നത്. അതിനാൽ ഇത് യഥാർഥ കത്തിലെ വരികളായി തന്നെ പരിഗണിക്കാം. ഇവിടെ അദ്ദേഹത്തിന്റെ ഭാര്യ താനൊരു മുഴുഭ്രാന്തിയായി മാറിയേക്കുമെന്ന മുന്നറിയിപ്പ് നൽകുന്നു. ഭർത്താവിനൊപ്പമല്ലാത്ത ജീവിതം ഭ്രാന്തൻ ജീവിതമാണെന്നും തിരിച്ചുവരൂ എന്നുമുള്ള വാക്കുകളാണ് ആ കത്തിൽ മുഴങ്ങുന്നത്. ഭ്രാന്ത് എന്ന പദം, വിഷാദരോഗവും ഏകാന്തതയും തീർക്കുന്ന പ്രശ്നങ്ങൾ എന്ന് മനഃശ്ശാസ്ത്രജ്ഞരും വിളിച്ച ‘ഗൾഫ് സിൻഡ്രോമി'ലേക്ക് ഈ കത്തിലെ വരികൾ നമ്മെ യഥാർഥത്തിലേക്കു കൊണ്ടുപോകുന്നു. ഇത് വിശദമാക്കപ്പെടുന്നില്ല എന്നു മാത്രം. 1970കൾ മുതൽ 1990കൾ വരെ സാമാന്യമായി മാത്രം ഈ പ്രശ്നത്തെക്കുറിച്ച് കേരളീയ സമൂഹം അതിരഹസ്യമായി പറയുക മാത്രമാണുണ്ടായത്. അതൊരിക്കലും രേഖപ്പെടുത്തപ്പെട്ടില്ല. ഇക്കാര്യം നിശ്ശബ്ദമാക്കപ്പെട്ടു. അങ്ങേയറ്റം പുരുഷാധിപത്യപരവും ഒപ്പം കുടുംബ-ദാമ്പത്യ വ്യവസ്ഥയിൽ പ്രവർത്തിക്കുകയും ചെയ്തു പോന്ന കേരളീയ സമൂഹത്തിന് (ഇന്നും ഇക്കാര്യത്തിൽ വലിയ മാറ്റമുണ്ടായിട്ടില്ല) ഈ പെൺ ശബ്ദങ്ങളെ തീർത്തും നിശ്ശബ്ദമാക്കാൻ കഴിഞ്ഞു എന്നു തന്നെ കരുതണം.

പെൺ വികാരങ്ങൾ ‘പകർത്തി' ആണെഴുതിയ ദുബായ് കത്തുപാട്ട്

നേരത്തെ ചൂണ്ടിക്കാട്ടാൻ ശ്രമിച്ച പെൺ വികാരങ്ങൾ പകർത്തിയെഴുതുവാൻ, 1977ൽ ഒരു പുരുഷ ശ്രമമുണ്ടായി. അത് വലിയ തോതിൽ ജനപ്രിയത നേടുകയും ചെയ്തു. ദുബായ് കത്തുപാട്ട് എന്ന പേരിൽ എസ്.എ. ജമീൽ എഴുതിയ മാപ്പിളപ്പാട്ടായിരുന്നു അത് (എസ്.എ. ജമീലിന്റെ തെരഞ്ഞെടുത്ത കൃതികൾ, കേരള സാഹിത്യ അക്കാദമി, 2010). ഭാര്യ ഭർത്താവിനെഴുതുകയും അതിന് ഭർത്താവ് മറുപടി എഴുതുകയും ചെയ്യുന്ന രീതിയിലാണ് ഈ മാപ്പിട്ടപ്പാട്ടിന്റെ ഘടന. കേരളത്തിൽ, പ്രത്യേകിച്ചും മലബാറിൽ ഏറെ ജനപ്രിയത നേടിയ പാട്ടായിരുന്നു ഇത്. വിവാഹ വീടുകളിൽ പോലും ഈ പാട്ട് കോളാമ്പി മൈക്കിലൂടെ കേൾപ്പിക്കുന്ന പതിവ് 70കളുടെ ഒടുവിൽ തുടങ്ങി 80കളുടെ മധ്യം വരെയുണ്ടായിരുന്നു. ഒരിക്കലും പുറത്തു വരില്ലെന്ന കരുതിയ ഗൾഫ് ഭാര്യയുടെ വികാരങ്ങൾ രേഖപ്പെടുത്താനുള്ള ശ്രമമാണ് ജമീൽ നടത്തിയത്.

1977ൽ ആദ്യ വിദേശ (ഗൾഫ്) യാത്രയുടെ തലേന്നായിരുന്നു ദുബായ്ക്കത്തിന്റെ-കത്തുപാട്ടിന്റെ പിറവി എന്ന് ജമീൽ വ്യക്തമാക്കുന്നു. (ജമീലിന്റെ തെരഞ്ഞെടുത്ത കൃതികൾ). അക്കാലത്ത് യു.എ.ഇയിൽ ബിസിനസുകാരനും പിൽക്കാലത്ത് മുസ്ലിംലീഗിന്റെ പാർലമെന്റംഗവുമായ പി.വി. അബ്ദുൽ വഹാബാണ് തന്നെ ഗാനമേള നടത്താൻ അബുദാബിയിലേക്ക് കൊണ്ടുപോയതെന്നും അവിടെയുള്ള മനുഷ്യരുടെ വികാരങ്ങളുൾക്കൊള്ളുന്ന പാട്ടുകൾ പരിപാടിയിൽ ഉണ്ടായിരിക്കണമെന്ന ഉറച്ച ബോധ്യത്തിൽ നിന്നാണ് കത്തുപാട്ടെഴുതുന്നതിലേക്കും പിന്നീടത് വേദിയിൽ അവതരിപ്പിക്കുന്നതിലേക്കും താനെത്തിയതെന്നും ജമീൽ വ്യക്തമാക്കുന്നു (അതേ പുസ്തകം).​

പാട്ടിന്റെ മറ്റു വിശദാംശങ്ങളിലേക്കും സാമൂഹിക പ്രതികരണങ്ങളിലേക്കും കടക്കുന്നതിനു മുമ്പ് പാട്ടിന്റെ പൂർണ രൂപത്തിലൂടെ തന്നെ ഇതു സംബന്ധിച്ച ആലോചനകൾ നടത്താമെന്ന് കരുതുന്നു.ദുബായ് കത്തുപാട്ടിന്റെ ആദ്യ ഭാഗം, ഭാര്യ ഭർത്താവിനെഴുതുന്ന വരികളാണ്. അത് ഇങ്ങനെയാണ്:

എത്രയും ബഹുമാനപ്പെട്ടയെന്റെ- പ്രിയ
ഭർത്താവ് വായിക്കുവാൻ- സ്വന്തം ഭാര്യ
എഴുതുന്നതെന്തെന്നാലെറെപ്പിരിശത്തിൽ
ചൊല്ലിടുന്നു വസ്സലാം.
ഞങ്ങൾക്കെല്ലാം സുഖമാണിവിടെ- എന്നു തന്നെ
എഴുതിടട്ടെ- മറുനാട്ടിൽ
നിങ്ങൾക്കുമതിലേറെ ക്ഷേമമാണെന്നു
കരുതി സന്തോഷിക്കട്ടെ.
എഴുതി അറിയിക്കാൻ കാര്യങ്ങൾ നൂറുണ്ട്.
എഴുതുകയല്ലാതെ വേറെന്തു വഴിയുണ്ട്
എൻ മിഴികൾ തൂകും കണ്ണുനീരതു കണ്ട്
എൻ കരൾ വേദന കാണുവാനാരുണ്ട്
എങ്ങനെ ഞാൻ പറയും- എല്ലാം
ഓർത്ത് എന്നെന്നും ഞാൻ കരയും ഈ- കത്തിന്
ഉടനടിയൊരു മറുപടി തന്ന്
സങ്കടം തീർത്തീടണേ- ഇടയ്ക്കിടെ
എന്നേയും ഓർത്തീടണേ
മധുവിധു നാളുകൾ മനസ്സിൽ കളിക്കുന്നു
മദനക്കിനാവുകൾ മാറോടണയ്ക്കുന്നു
മലരണി രാത്രികൾ മഞ്ഞിൽ കളിക്കുന്നു
മണിയറക്കട്ടിലോ മാടിവിളിക്കുന്നു
എങ്ങനെ ഞാനുറങ്ങും- കിടന്നാലും
എങ്ങനെയുറക്കം വരും- ഉറങ്ങ്യാലും
മധുവിധുവതിൻ പുതുപുതു സ്വപ്നം
കണ്ടു ഞെട്ടിയുണരും- തലയണ
കൊണ്ട് കെട്ടിപ്പുണരും.
പൊന്നും മുതലും പണ്ടോം പണോം പങ്കാസും
ഫോറീൻ തുണികൾ അണിഞ്ഞുള്ള പത്രാസും
നാലു പേർ കാണേ നടിക്കുന്ന നാമൂസും
നാട്ടിലേറ്റം വല്യോരു വീടിന്റെ അന്തസ്സും
ഉണ്ടെനിക്ക് സകലം- എല്ലാമെല്ലാം
ഉണ്ടായിട്ടെന്തു ഫലം- അനാഥമായ്
ഇണതുണയറ്റ ഗുണമണമുള്ള
പെൺമലരായ് വിരിഞ്ഞ- വിരഹത്തിൻ
വെണ്ണീറായ് വെന്തെരിഞ്ഞ് (എത്രയും...)
രണ്ടോ നാലോ വർഷം മുമ്പു നിങ്ങൾ വന്നു
എട്ടോ പത്തോ നാളുകൾ മാത്രം വീട്ടിൽ നിന്ന്
അതിലുണ്ടായൊരു കുഞ്ഞിന് മൂന്നു വയസ്സായിന്ന്
അവനെന്നും ചോദിക്കും ബാപ്പ എവിടെയെന്ന്
ഓടിച്ചാടി കളിക്കും, മോൻ ബാപ്പാനെ
മാടിമാടി വിളിക്കും- അത് കാണുമ്പോൾ
ഉടഞ്ഞിടും ഇടനെഞ്ചു പിടഞ്ഞിടും
പൂ കുഞ്ഞു പൈതലല്ലേ- ആ മുഖം
കാണാൻ പൂതി നിങ്ങൾക്കും ഇല്ലെ (എത്രയും...)
എൻ പ്രിയ മാരൻ ഈ ദുനിയാവിനക്കര
ഏങ്ങിക്കരഞ്ഞു തുടിക്കും ഞാനിക്കര
ഇടയിലെൻ ഖൽബുപോലലറും കടൽത്തിര
ഈ ജീവിതം വെറും നരഗാഗ്‌നിത്താഴ്വര
എന്തിന് ജീവിക്കുന്നു- നിങ്ങൾ തിയ്യിൽ
ഇട്ടെന്നെ വേവിക്കുന്നു- വില്ലമ്പേറ്റ്
ചിറകൊടിഞ്ഞൊരു ചെറുകുരുവിയായ്
മണ്ണിൽ വീണു പതിച്ചേ- പാവം പെണ്ണ്
എന്നെ വിധി ചതിച്ചേ... (എത്രയും...)
അന്നു നാം മധുരം നുകർന്നൊരീ മണിയറ
ഇന്നു ഞാൻ പാർക്കും തടങ്കൽ തടവറ
മണവാട്ടിയായ് വന്ന് കയറിയൊരിപ്പുര
മനമോഹങ്ങൾ കൊന്നു കുഴിച്ചിട്ട കല്ലറ
കണ്ണീരിൻ പൂവിരിഞ്ഞെ-കദനക്കനലിൽ
ഖൽബു കത്തിക്കരിഞ്ഞെ- കരകാണാതെ
കുടുങ്ങിടും നടുക്കടലിടുക്കിൽ ഞാൻ
നീന്തി നീന്തിത്തുടിക്കും- അങ്ങിനെ
ഞാൻ നീറി നീറി മരിക്കും. (എത്രയും...)
മധുരം നിറച്ചൊരെൻ മാംസപ്പൂന്തേൻ പഴം
മറ്റാർക്കും തിന്നാൻ കൊടുക്കൂലൊരിക്കലും
മരിക്കോളമീ നിധി കാക്കും ഞാനെങ്കിലും
മലക്കല്ല ഞാൻ പെണ്ണെന്നോർക്കണം നിങ്ങളും
യൗവ്വനത്തേൻ വഴിഞ്ഞേ- പതിനേഴിന്റെ
പൂവനപ്പൂ കൊഴിഞ്ഞേ- താരുണ്യത്തിൻ
കടഞ്ഞെടുത്ത പൊൻകുടമൊടുവിൽ-ഞാൻ
കാഴ്ച്ചപ്പണ്ടം മാത്രമായ്, ഉഴിഞ്ഞിട്ട
നേർച്ചക്കോഴി പോലെയായ് (എത്രയും....)
അറബി പൊൻ വിളയും മരുമണൽ കാട്ടില്
അകലെയബുദാബി ഗൾഫിന്റെ നാട്ടില്
അദ്ധ്വാനിക്കും നിങ്ങൾ സൂര്യന്റെ ചോട്ടില്
അനുഭവിക്കാൻ ഞാനും കുട്ടിയും ഈ വീട്ടില്
ഞാനൊന്ന് ചോദിക്കുന്നു- ഈ കോലത്തിൽ
എന്തിനു സമ്പാദിക്കുന്നു- ഒന്നുമല്ലെങ്കിലും
തമ്മിൽ കണ്ടു കൊണ്ട് നമ്മൾ രണ്ടും ഒരു
പാത്രത്തിൽ ഉണ്ണാമല്ലോ-ഒരു പായ്
വിരിച്ചൊന്നിച്ചുറങ്ങാമല്ലോ (എത്രയും...)
കത്തുവായിച്ചുടൻ കണ്ണുനീർ വാർക്കണ്ട
കഴിഞ്ഞ പോയതിനെയൊന്നുമേ ഓർക്കണ്ട
ഖൽബില് കദനപപ്പൂ മാല്യങ്ങൾ കോർക്കണ്ട
കഴിവുള്ള കാലം കളഞ്ഞിനി തീർക്കണ്ട
യാത്ര തിരിക്കുമല്ലോ-എനിക്കാമുഖം
കണ്ടു മരിക്കാമല്ലോ-നിങ്ങൾക്കായി
തട്ടിക്കൊട്ടി കട്ടിലിട്ട് പട്ടുവിരി
ച്ചറയൊന്നൊരുക്കിടട്ടെ-തൽക്കാലം ഞാൻ
കത്തു ചുരുക്കിടട്ടെ
എത്രയും ബഹുമാനപ്പെട്ടയെന്റെ- പ്രിയ
ഭർത്താവ് വായിക്കുവാൻ- സ്വന്തം ഭാര്യ
എഴുതുന്നതെന്തെന്നാലെറെപ്പിരിശത്തിൽ
ചൊല്ലിടുന്നു വസ്സലാം.
(അതേ പുസ്തകം)

ഈ കത്തിനു മറുപടിയായി ഭർത്താവ് എഴുതുന്ന മറുപടിക്കത്ത്:

അബുദാബിയിലുള്ളൊരെഴുത്തുപെട്ടി
അന്നു തുറന്നപ്പോൾ കത്തുകിട്ടി
എൻ പ്രിയേ നീ നിന്റെ ഹൃദയം പൊട്ടി
എഴുതിയ കത്തു ഞാൻ കണ്ടു ഞെട്ടി!
മധുരാനുഭൂതികൾ അയവിറക്കി
മനസ്സിൽ വീണടിയും പൂ പെറുക്കി
കരളിന്റെ ചുടുരക്ത മഷിയിൽ മുക്കി
കത്തിന്റെ കതിർമാല കോർത്തൊരുക്കി
വാക്കുകൾ കൂരമ്പായ് കുത്തിത്തറയ്ക്കുന്നു
വാക്യങ്ങളൊരീർച്ചവാളായറുക്കുന്നു
കരളിനെ നൂറു കഷ്ണം നുറുക്കുന്നു
കത്തുപിടിച്ച എൻ കൈകൾ വിറയ്ക്കുന്നു
ഞെട്ടിപ്പോയി, ഹൃദയം പൊട്ടിപ്പോയി-കത്തിന്
മറുപടി തരാനൊരുപിടിയില്ല- മുട്ടിപ്പോയി
ഉത്തരം മുട്ടിപ്പോയി.
അന്നു നീ തുന്നിയ സ്വപ്നപ്പൂവേലകൾ
ഇന്നവിടെങ്ങും ദു:ഖത്തിൻ മാറാലകൾ
കത്തിൽ നീ എഴുതിയൊരക്ഷരമാലകൾ
കത്തിയെരിയും നിൻ ഖൽബിന്റെ ജ്വാലകൾ
തളരുന്നല്ലോ-ദു:ഖം വളരുന്നല്ലോ-ഹൃദയം
അടിമുടി ഇടിപൊട്ടി താമരയായ്, പിളരുന്നല്ലോ
പൊട്ടിപ്പിളരുന്നല്ലൊ....
എന്തെന്ത് സുഗഭോഗൈശ്വര്യമുണ്ടെന്നാലും
എന്നും സ്വർണ്ണം വെച്ച് വിളമ്പി നീ തിന്നാലും
ഏറെ ഫോറിൻ പണം ഗൾഫീന്ന് വന്നാലും
എത്രയും സൂക്ഷിച്ച് വീട്ടിൽ നീ നിന്നാലും
പറ്റിപ്പോകും- നീയും തെറ്റിപ്പോകും- അയലത്ത്
കടമെടുത്തിടുമൊടു ഗഡുവിൽ പെട്ടും പോകും
നീയും പെട്ടും പോകും.....
പെണ്ണിന്റെ ആവശ്യമറിയാത്തൊരു ഭർത്താവ്
പൊണ്ണൻ അവനാണവളുടെ തെറ്റിന്റെ കർത്താവ്
അവസരമാണാവശ്യത്തിന്റെ മാതാവ്
അതിന്നിടം കൊടുക്കുന്നവൻ വിഡ്ഡികളുടെ നേതാവ്
കേൾക്കുന്നില്ലേ, നമ്മൾ കാണുന്നില്ലേ സംഭവം
അതുമിതുമവിഹിതം പലതും നടന്നിട്ടില്ലെ
ഇപ്പഴും നടക്കുന്നില്ലെ, ഇനിയും നടക്കുകില്ലേ....?
മലക്കല്ല ഞാൻ എന്നത് വല്ലാത്തൊരു വാക്കാണ്
മനസ്സിൽ വെടിപൊട്ടിച്ചരൊരിട്ടക്കുഴൽ തോക്കാണ്
മാനാഭിമാനമുള്ള പുരുഷന്റെ നേർക്കാണ്
മറുപടി പറയാൻ കഴിയുന്നത് ആർക്കാണ്
തരിച്ചുപോകും, പൗരുഷം തെറിച്ചു പോകും പണത്തിന്റെ
കൊടുമുടി ഞൊടിയിട കിടുകിടെ വിറച്ചു പോകും
കിടുകിടെ വിറച്ചു പോകും
മറുന്യായങ്ങൾ പലർക്കും പലതും പറയാൻ കാണും
മനസ്സാക്ഷിക്കുത്തേറ്റു മടങ്ങിപ്പോരാൻ തോന്നും
മതിയായ ന്യായങ്ങൾക്ക് മറുലോകത്തിൽ പോണം
മറുപടി എഴുതാൻ മറ്റൊരാൺകുട്ടി ജനിക്കേണം.
തിളയ്ക്കുന്നു നീ, വെല്ലുവിളിക്കുന്നു നീ
തിളയ്ക്കുന്നു നീ, വെല്ലുവിളിക്കുന്നു നീ പ്രേമത്തിൻ
നെടും കൊടുമുടി പിടിച്ചെടുത്തെന്നെ തളയ്ക്കുന്നു നീ
വെല്ലുവിളിക്കുന്നു നീ......
കൊല്ലങ്ങളോളമിണങ്ങിയ വേർപിരിഞ്ഞു ഈ വിധം
കൊല്ലാതെ കൊല്ലും പുരുഷൻ ചെയ്യുമീ ഭാര്യാവധം
പാടില്ലെന്നോതുന്നു നമ്മുടെ ഇസ്ലാം മതം
പാവം പെണ്ണിനും ഉണ്ടല്ലോ ഒരു ജീവിതം
കുതിച്ചോടുന്നേ കുഴിയിൽ പതിച്ചിടുന്നേ, വെറും പണ
ക്കൊതിയത് ചതിവിതച്ചത് കൊയ്ത് മെതിച്ചിടുന്നേ
അധ:പതിച്ചിടുന്നേ......
പൂട്ടാതെ തന്തയായി മണ്ണാന്റെ ഒരു മൂരി....
ഗൾഫിലെ പുരുഷനും വെറും മണ്ണാന്റെ ഒരു മൂരി
കറക്കാതെ കറവ വറ്റിയൊരു പശുവായ് നീ മാറി.
ഇരുവരുമിരുകരയിൽ യൗവ്വനച്ചുമടും പേറി
ഇരിപ്പതിലെന്തർഥം ഞാൻ അടുത്ത പ്ലെയിൻ കേറി
ഉടനെത്തന്നെ, തമ്മിൽ കാണാം പൊന്നേ, അല്ലെങ്കിൽ
തട്ടിമുട്ടി കുട്ടിച്ചട്ടയിട്ട് പൊട്ടിപ്പോകും പെണ്ണേ....
ചട്ടിമണ്ണാകും പെണ്ണേ.....
മകനെ എടുത്ത് മതിയാവോളം മുത്താനും
മണിയറയിൽ വീണ്ടും മണിവിളക്കു കത്താനും
മധുവിധു ലഹരിയുള്ള മധുരക്കള്ള് ചെത്താനും
മണിക്കൂറുകൊണ്ട് നാട്ടിൽ പറന്നെത്താനും
വിധി തേടുന്നേ ഖൽബ് ശ്രുതി പാടുന്നേ
വിധി തേടുന്നേ ഖൽബ് ശ്രുതി പാടുന്നേ
വിധി തേടുന്നേ ഖൽബ് ശ്രുതി പാടുന്നേ,
വിധി തേടുന്ന ഖൽബ് ശ്രുതി പാടുന്നേ,
ഗൾഫിന് വിടകൊടുത്തുടൻ കടൽ കടന്നീടാൻ
കൊതികൂടുന്നേ, എനിയ്ക്ക് കൊതി കൂടുന്നേ
കണ്ണീർ കൊണ്ടെൻ കരൾ കഴുകിത്തുടച്ചു നീ
ഖൽബിൻ പുതുപൊൻ വിളക്കു കത്തിച്ചു നീ
കണ്ണും നട്ടെന്റെ കത്തും കാത്തിരിക്കും കാമിനി
കത്തിലെ വാക്കുകൾ ചുരുക്കട്ടെ ഞാനിനി
മൊഴിയാം ഞാനേ, ഒന്നിച്ച് കഴിയാം മൈനേ-തോണി
ഇരുവരുമൊരു മറുകരവരെ തുഴയാം തേനേ....
നമുക്ക് തുഴയാം തേനേ
എന്നും തുഴയാം തേനേ
ഒന്നിച്ച് കഴിയാം മൈനേ
അബുദാബിയിലുള്ളൊരെഴുത്തുപെട്ടി
അന്നു തുറന്നപ്പോൾ കത്തുകിട്ടി
എൻ പ്രിയേ നീ നിന്റെ ഹൃദയം പൊട്ടി
എഴുതിയ കത്തു ഞാൻ കണ്ടു ഞെട്ടി!
(അതേ പുസ്തകം).

എസ്.എ. ജമീലിന്റെ കത്തുപാട്ടിനെക്കുറിച്ച് എൻ.പി. മുഹമ്മദ് എഴുതുന്നു: ‘‘പ്രാണപ്രേയസി എഴുതിയ ഈ പ്രണയകാവ്യം യഥാർഥത്തിൽ എഴുതിയത് പ്രാണനാഥനാണ്. മരുഭൂമിയിൽ നിന്നുവരുന്ന വാക്കുകളാണവ. ശീതക്കാറ്റ് രോമകൂപങ്ങളിൽ നീർക്കട്ടകൾ കൊണ്ടുരസുമ്പോൾ, ചൂടുകാറ്റ് ശരീരത്തെ വേവിക്കുമ്പോൾ, ഈ യുവാക്കൾ ഭാര്യമാരെ ഓർമിക്കുന്നു. നാളയെ ഉന്തിനീക്കാനുള്ള ഇന്നിന്റെ വേദന. ഈ വേദന മറക്കുവാൻ അവർ ആത്മാവിഷ്‌ക്കാരത്തിൽ, കവിതയിൽ അഭയം തേടുന്നു. കാവ്യമാണ് ശാന്തിപർവം. ഈ സന്ദേശകാവ്യത്തിന് മറ്റുള്ള സന്ദേശകാവ്യങ്ങളിൽ നിന്നും വ്യതിരിക്തമായ സ്വഭാവ സവിശേഷതയുണ്ട്. മണൽക്കാടുകളിൽ സ്നേഹത്തിന്റെ കുരിശുകൾ പേറി നടക്കുന്ന യുവാക്കളുടെ മാനസിക ഘടനയിലുണ്ടായ അതിസൂക്ഷ്മമായ വികാരഭാവം കൂടി ഈ കത്ത് പ്രകാശിപ്പിക്കുന്നു. ഇവിടെ ആർക്കും ആരേയും മനസ്സിലാകാത്ത ‘ആധുനികത'യൊന്നുമില്ല. എല്ലാം എല്ലാവർക്ക് കൂടുതൽ മനസ്സിലായതാണ് പ്രശ്നം. ഭർത്താവ് ഭാര്യയുടെ ദുഃഖങ്ങൾ മുഴുവൻ കാണുന്നു. അത് സ്വകീയാനുഭവമായി ശുദ്ധിചെയ്യുന്നു. ഇതാണ് കാവ്യമായി രൂപപ്പെട്ടു വന്നിട്ടുള്ളത്. ഇതിന്റെ അനുവാചക സദസ്സ് ഭാഷാ സ്നേഹികൾ അല്ല. ഭാര്യമാരാണ്. ഗൾഫ് നാടുകളിൽ ഭർത്താക്കൻമാരുള്ള മിക്കവീടുകളിലും ഈ കാവ്യം സംഗീതമായുഴലുന്നു’’ (കുരിശുപേറുന്ന യുവാക്കൾ, എസ്. എ. ജമീലിന്റെ തെരഞ്ഞെടുത്ത കൃതികൾ, കേരള സാഹിത്യ അക്കാദമി- എൻ.പി. മുഹമ്മദ് 1977ൽ കലാകൗമുദി ആഴ്ച്ചപ്പതിപ്പിൽ എഴുതിയ സുദീർഘമായ ലേഖനത്തിലെ ഏതാനും വരികൾ മാത്രമാണിത് എന്ന് പുസ്തകത്തിലുള്ള ലേഖനത്തിന് അടിക്കുറിപ്പായി ചേർത്തിട്ടുണ്ട്).

1977ൽ അബുദാബിയിൽ കത്തുപാട്ട് ആദ്യമായി അവതരിപ്പിക്കുമ്പോൾ ശ്രോതാക്കളിൽ മഹാഭൂരിഭാഗവും ‘ബാച്ചിലർ പുരുഷൻ’മാരായിരുന്നു.

എൻ.പി. മുഹമ്മദ് കത്തുപാട്ടിനെക്കുറിച്ച് രണ്ടു കാര്യങ്ങൾ പറയുന്നു. ഇത് ഭർത്താക്കൻമാരുടെ ശബ്ദമാണ്, ഇതിന്റെ കേൾവിക്കാരാണ് ഭാര്യമാർ. ഇത് വാസ്തവത്തിൽ കത്തുപാട്ടിനെക്കുറിച്ച് മറ്റൊരു ദിശയിലുള്ള ചർച്ചകൾക്കുള്ള സൂചനയായി മാറുന്നുണ്ട്.

കുടുംബജീവിതത്തിൽ അടിയുറച്ച് വിശ്വസിക്കുകയും എന്നാൽ ഗൾഫ് പ്രവാസം മൂലം ഭാര്യയും ഭർത്താവും പിരിഞ്ഞു ജീവിക്കേണ്ടി വരികയും ചെയ്യുന്ന (അളവിൽ കുറഞ്ഞെങ്കിലും ഇന്നും തുടരുന്ന) വൈകാരിക-സാമൂഹിക പ്രശ്നത്തെ ഈ കത്തുപാട്ടുകളിലൂടെ അഭിസംബോധന ചെയ്യാനാണ് എസ്.എ. ജമീൽ ശ്രമിക്കുന്നത്. അശ്ലീലച്ചുവയുള്ള പാട്ടുകൾ, ധാർമികതയെ ക്ഷയിപ്പിക്കുന്ന പാട്ടുകൾ എന്നിങ്ങനെ കത്തുപാട്ട് വിമർശിക്കപ്പെട്ടതായി ഇബ്രാഹിം കോട്ടക്കൽ നിരീക്ഷിക്കുന്നു (അതേ പുസ്തകം, നിഗൂഡതകളുടെ കവി; കത്തുപാട്ടിന്റെ ശിൽപി). ഡോ. ഉമർ തറമേൽ എസ്.എ.ജമീലുമായി നടത്തിയ അഭിമുഖത്തിൽ ജമീൽ കത്തുപാട്ടിനെക്കുറിച്ച് ഇങ്ങനെ പറയുന്നു: ‘‘കത്തുപാട്ടിന്റെ അനുഭവങ്ങൾ വിവരണാതീതമാണ്. പാട്ടുകേട്ട് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി സ്ത്രീകളുടെ കത്തുകൾ എനിക്ക് കിട്ടി. പലേടത്തും ഗാനമേളക്കു ചെന്നപ്പോൾ പുരുഷൻമാരുടെ വിലക്കുണ്ടായി. ചിലേടത്ത് കത്തുപാട്ട് പാടണമെന്ന സ്ത്രീകളുടെ ആവശ്യവും സമ്മർദവും തടുത്തുനിർത്താൻ കഴിയാത്തതായിരുന്നു. അതിനെക്കുറിച്ച് അവിശ്വസനീയമായെന്ന് തോന്നാവുന്ന നിരവധി കഥകളുമുണ്ട്. ഗൾഫ് പോക്കറ്റുകളായിരുന്ന കണ്ണൂർ, തലശ്ശേരി, ചാവക്കാട് തുടങ്ങിയ പ്രദേശങ്ങളിൽ ഈ പാട്ടു കേട്ട പല ഭർത്താക്കൻമാരും ഗൾഫ് ഉപേക്ഷിച്ചു വന്ന കഥയാണ് അതിലൊന്ന്. മറ്റൊന്ന് ഗൾഫിൽ ജോലിയുള്ളവരുടെ ഭാര്യമാരുടെ പ്രതികരണങ്ങളാണ്. അതിൽ ഒരു കത്ത് ഇപ്പോഴും ഓർക്കുന്നു. ""മഹാനായ ഗായകാ, ഞങ്ങൾ, സ്ത്രീകളുടെ വികാരവിചാരങ്ങളെ, പ്രതീക്ഷകളെ, പുതുമോഹന സങ്കൽപ്പങ്ങളെ എല്ലാം ഒരു സ്ത്രീ മനസ്സിലാക്കുന്നതിനുപരിയായി ഗാനത്തിൽ ആവിഷ്‌ക്കരിച്ച താങ്കളെ എങ്ങനെ വാഴ്ത്തണം, ഞങ്ങൾക്ക് വാക്കുകളില്ല’'... ഈ വരികൾക്ക് താഴെ ഏതാണ്ട് പത്തോളം സ്ത്രീകൾ (എല്ലാവരും ഗൾഫുകാരുടെ ഭാര്യമാർ) പേരെഴുതി ഒപ്പിട്ട ഒരു മെമ്മോറാണ്ടമായിരുന്നു. ഇങ്ങനെ ഈ പാട്ടിന്റെ ലഹരിയിൽ സ്ത്രീകൾക്ക് ഒറ്റക്കും തെറ്റക്കും നിരവധി കത്തുകളയച്ചിരുന്നു. ചിലർ കൂടെ തങ്ങളുടെ ഫോട്ടോകളും വെക്കുമായിരുന്നു’’ ( അതേ പുസ്തകം: കത്തുപാട്ടിന്റെ കവി ജീവിതം പറയുന്നു: എസ്.എ. ജമീൽ / ഡോ. ഉമർ തറമേൽ).

1977ൽ അബുദാബിയിൽ കത്തുപാട്ട് ആദ്യമായി അവതരിപ്പിക്കുമ്പോൾ ശ്രോതാക്കളിൽ മഹാഭൂരിഭാഗവും ‘ബാച്ചിലർ പുരുഷൻ’മാരായിരുന്നു. ആ ആദ്യ അവതരണത്തിന്റെ അനുഭവത്തെക്കുറിച്ച് ജമീൽ പറയുന്നു: ‘‘അത് ഗൾഫ് മലയാളികളുടെ ഉള്ളം നൊമ്പരപ്പെടുത്തുന്നതായിരുന്നു. ഗൾഫുകാരുടെ വികാര വിക്ഷോഭങ്ങൾ എന്റെ ഹൃദയത്തിൽ തൊട്ടു. പിന്നെ കത്തുപാട്ടിന്റെ ഒരു ആരവമായിരുന്നു. തലങ്ങും വിലങ്ങും കത്തു പാട്ടുകൾ പറന്നു. കത്തുപാട്ടുയർത്തിയ ആത്മനൊമ്പരങ്ങൾ താങ്ങാനാവാതെ ഗൾഫുകാർ പലരും നാട്ടിലേക്ക് വിമാനം കയറി. ഞാൻ ആദ്യ പരിപാടി കഴിഞ്ഞ് നാട്ടിലെത്തുമ്പോൾ എന്നെ സ്വീകരിക്കാൻ കത്തുപാട്ടും നാട്ടിലെങ്ങും നിറഞ്ഞു നിന്നിരുന്നു’’ (അതെ പുസ്തകം, നിഗൂഢതകളുടെ കവി; കത്തുപാട്ടിന്റെ ശിൽപ്പി).
ഇത്തരത്തിൽ ഗൾഫുകാർക്കിടയിൽ (സ്ത്രീക്കും പുരുഷനുമിടയിൽ) വലിയ ആഘാതമായി പതിച്ചവയായിരുന്നു ദുബായ് കത്തു പാട്ട്. പാട്ട് വന്ന കാലത്ത് ഗൾഫിൽ നിന്ന് കാസറ്റുകളും ടേപ്പ് റെക്കോർഡറുകളും കേരളത്തിലേക്ക്, പ്രത്യേകിച്ച് മലബാറിലേക്ക് എത്താൻ തുടങ്ങുകയും ചെയ്തതോടെ ഈ പാട്ടുകൾ വൻ തോതിൽ പ്രചരിപ്പിക്കപ്പെടുകയും അവിശ്വസനീയമായ വിധത്തിലുള്ള ജനപ്രിയത കൈവരിക്കുകയും ചെയ്തു. ഇതേ തുടർന്നാണ് സ്ത്രീകൾ തങ്ങളുടെ ഭർത്താക്കൻമാർക്ക് കാസറ്റു കത്തുകൾ അയക്കാൻ ആരംഭിക്കുന്നതെന്നും കാണാം.

സ്ത്രീകളുടെ സങ്കീർണമായ വൈകാരിക പ്രശ്നത്തെക്കുറിച്ച് ഒരു പുരുഷൻ എഴുതിയതാണ് കത്തുപാട്ട്. സ്ത്രീകളെക്കുറിച്ച് പുരുഷൻ എഴുതുമ്പോഴുണ്ടാകുന്ന എല്ലാ പ്രശ്നങ്ങളും കത്തുപാട്ടിലുണ്ടെന്ന് ഇന്ന് ആ പാട്ടിലൂടെ കടന്നു പോകുമ്പോൾ തീർച്ചയായും അനുഭവപ്പെടും.

മാപ്പിളപ്പാട്ടു പോലുള്ള ഒരു കലാരൂപത്തിൽ വിലക്കപ്പെട്ടത് എന്നു കരുതുന്ന പ്രമേയമാണ് കത്തുപാട്ടിൽ ജമീൽ ആവിഷ്‌ക്കരിച്ചത്. അതിനെ സംബന്ധിച്ച് ഇതേ പുസ്തകത്തിൽ ഇബ്രാഹിം കോട്ടക്കൽ ജമീലിന്റെ വാക്കുകൾ ഉദ്ധരിച്ച് എഴുതുന്നു: ‘‘ദുബായ് കത്തുപാട്ട് മാപ്പിളപ്പാട്ട് രംഗത്ത് സ്ഫോടനം തന്നെയായിരുന്നു. മാപ്പിളപ്പാട്ടിന്റെ ശുദ്ധത എന്നു പറയുന്നത് എന്താണ്? കത്തുപാട്ടിൽ പറയാൻ ശ്രമിച്ച കാര്യങ്ങൾ ഒതുക്കത്തിൽ പറയാൻ ആർക്കു സാധിക്കും, ഞാൻ വെല്ലുവിളിക്കുന്നു’’ (നിഗൂഡതകളുടെ കവി, കത്തുപാട്ടിന്റെ ശിൽപ്പി, പേജ് 140). അബ്ദുസമദ് സമദാനി എന്ന സാമുദായിക /രാഷ്ട്രീയ നേതാവ് കത്തുപാട്ടിനെ തന്റെ പൊതുപ്രസംഗങ്ങളിലും മതപ്രഭാഷണങ്ങളിലും നിരന്തരമായി വിമർശിച്ച കാര്യവും ജമീൽ പറയുന്നുണ്ട് (അതേ പുസ്തകം, കത്തുപാട്ടിന്റെ കവി ജീവിതം പറയുന്നു; എസ്.എ. ജമീൽ/ ഡോ. ഉമർ തറമേൽ).

ഗായകൻ, ഗാനരചയിതാവ്, സംഗീത സംവിധായകൻ എന്നിവക്കു പുറമെ ജമീൽ മനോരോഗ ചികിൽസകൻ കൂടിയായിരുന്നു. കത്തുപാട്ടിലെ പ്രമേയത്തിലേക്ക് താനെത്തിയതിനെക്കുറിച്ച് കെ.പി. റഷീദിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കുന്നു. (ഒറ്റക്കൊരു സിംഫണി, നിശാഗന്ധി ബ്ലോഗ് സ്പോട്ട്.കോം, 2013 സപ്തംബർ, 28- ലിങ്ക്- http://nisaagandhi.blogspot.com/2013/09/blog-post_5500.html, നേരത്തെ പ്രസിദ്ധീകരിച്ച ഈ അഭിമുഖം ജമീലിന്റെ മരണത്തിനു ശേഷം ബ്ലോഗിൽ റഷീദ് പുനഃപ്രസിദ്ധീകരിക്കുകയായിരുന്നു). അബുദാബിയിൽ ഒരു സദസ്സിൽ അദ്ദേഹം പറഞ്ഞ വാക്കുകൾ ഓർമയിൽ നിന്നെടുത്ത് കൊണ്ടുള്ള ഭാഗം ഇങ്ങനെ വായിക്കാം: ‘‘സുഹൃത്തുക്കളെ, എല്ലാവർക്കും വേണ്ടി ഒരു കത്ത് ഞാൻ കൊണ്ടുവന്നിട്ടുണ്ട്. നിങ്ങളുടെ ഭാര്യമാർ എഴുതിയ കത്ത്. അതെത്തിക്കുന്ന പോസ്റ്റുമാൻ മാത്രമാണ് ഞാൻ. ഇവിടെ ഭയങ്കര ചൂടാണ്. അത് എന്തുകൊണ്ടെന്ന് എനിക്കറിയാം. പ്രിയപ്പെട്ടവർ നാട്ടിലിരിക്കെ ഇവിടെ തനിച്ചു കഴിയേണ്ടി വരുന്ന നിങ്ങളോരോരുത്തരുടേയും നിശ്വാസങ്ങളുടെ ചൂടാണ് ഇവിടെ കത്തിയെരിയുന്നത്.’’
പാട്ട് എഴുതിയതിനെക്കുറിച്ചും അതിലെ പ്രമേയ സന്ദർഭത്തെക്കുറിച്ചും അതേ അഭിമുഖത്തിൽ അദ്ദേഹം പറയുന്നു: ‘‘ഗൾഫിലുള്ള ഭർത്താവിന് ഭാര്യ എഴുതുന്ന കത്തുപോലെ ഒരു ഗാനമെഴുതാം എന്നതായിരുന്നു ആശയം. കിഴക്കൻ ഏറനാട്ടിലെ മാപ്പിളപ്പെണ്ണിന് ഗൾഫിലെ ഭർത്താവിനോട് പറയാൻ എന്താണുണ്ടാവുക എന്ന് എനിക്കറിയാമായിരുന്നു. വിരഹവും മറ്റു സാമൂഹിക അവസ്ഥകളും ചേർന്ന് മനോരോഗികളായ ധാരാളം സ്ത്രീകൾ എന്റെയടുത്ത് കൗൺസലിംഗിനു വരാറുണ്ടായിരുന്നു. അവരുടെ വിഷാദവും തീക്ഷ്ണ വികാരങ്ങളും ഇഴ ചേർന്ന കത്ത് എഴുതാനുറച്ചു. ആശയം കിട്ടിയ അന്നു തന്നെ അതെഴുതി.’’

കത്തുകളിലെ ഉള്ളടക്കം ഒരു പൊതുവ്യവഹാരത്തിന് നൽകാൻ ജമീൽ തയ്യാറായതിന് തെളിവില്ല. 2011 ഫെബ്രുവരി അഞ്ചിന് അദ്ദേഹം മരിക്കുവോളം ആ കത്തുകളിലെ ഉള്ളടക്കം പുറത്തുവന്നില്ല. അതിനെക്കുറിച്ച് സാമാന്യ പ്രസ്താവന നടത്തുക മാത്രമാണ് ജമീൽ ചെയ്തത്​

ഇങ്ങനെ സ്ത്രീകളുടെ സങ്കീർണമായ വൈകാരിക പ്രശ്നത്തെക്കുറിച്ച് ഒരു പുരുഷൻ എഴുതിയതാണ് കത്തുപാട്ട്. കൗൺസിലിംഗ് സമയത്ത് ലഭിച്ച അനുഭവങ്ങൾ ജമീലിനെ ഗാനരചനയിൽ കാര്യമായി സഹായിച്ചിട്ടുണ്ടാകും എന്ന കാര്യത്തിൽ തർക്കമില്ല. എന്നാൽ സ്ത്രീകളെക്കുറിച്ച് പുരുഷൻ എഴുതുമ്പോഴുണ്ടാകുന്ന എല്ലാ പ്രശ്നങ്ങളും കത്തുപാട്ടിലുണ്ടെന്ന് ഇന്ന് ആ പാട്ടിലൂടെ കടന്നു പോകുമ്പോൾ തീർച്ചയായും അനുഭവപ്പെടും. എങ്കിലും സ്ത്രീകളുടെ വൈയക്തിക ലോകത്തെ അടയാളപ്പെടുത്തിയ പ്രധാന സാഹിത്യ സംരംഭമായി ദുബായ് കത്തുപാട്ടുകൾ ഇന്നും നിലനിൽക്കുന്നു. ഒരു പക്ഷെ മറ്റൊരു സാഹിത്യ രൂപത്തിലും ഇക്കാര്യം ഇത്രയും തീവ്രമായ ഇന്നും അടയാളപ്പെടുത്തപ്പെട്ടിട്ടില്ല എന്നത് വസ്തുതയുമാണ്.
ജമീലിന്റെ ഇവിടെ ഉദ്ധരിച്ച രണ്ട് അഭിമുഖങ്ങളിലും അദ്ദേഹം ആവർത്തിക്കുന്ന ഒരു കാര്യം, കത്തുപാട്ടു കേട്ട് കേരളത്തിന്റെ പല ഭാഗത്തു നിന്നും സ്ത്രീകൾ തനിക്ക് നൂറു കണക്കിന് കത്തുകൾ അയച്ചിരുന്നു എന്നതാണ്. എന്നാൽ ഈ കത്തുകളിലെ ഉള്ളടക്കം ഒരു പൊതുവ്യവഹാരത്തിന് നൽകാൻ ജമീൽ തയ്യാറായതിന് തെളിവില്ല. 2011 ഫെബ്രുവരി അഞ്ചിന് അദ്ദേഹം മരിക്കുവോളം ആ കത്തുകളിലെ ഉള്ളടക്കം പുറത്തുവന്നില്ല. അതിനെക്കുറിച്ച് സാമാന്യ പ്രസ്താവന നടത്തുക മാത്രമാണ് ജമീൽ ചെയ്തത്. പെൺസ്വരങ്ങൾ നിശ്ശബ്ദമാക്കപ്പെട്ടതു പോലെ, ഈ കത്തിലെ വികാരങ്ങൾ, വിചാരങ്ങൾ, വിമർശനങ്ങൾ, തുറന്നെഴുത്തുകൾ എല്ലാം നിശ്ശബ്ദമാക്കപ്പെടുകയായിരുന്നുവെന്നേ ഇപ്പോൾ കരുതാൻ കഴിയൂ. കത്തുപാട്ട് പ്രചുര പ്രചാരത്തിലേക്ക് വളർന്നപ്പോൾ അതിലെ നായികമാർ എഴുതിയ യഥാർഥ കത്തുകൾ സാമൂഹികമായ ആവശ്യത്തിനുകൂടി ഉപയോഗിക്കപ്പെടേണ്ടതാണെന്ന ബോധ്യം പാട്ടിന്റെ രചയിതാവ് പുലർത്തിയില്ല. കത്തുകൾ സ്വകാര്യ രേഖകൾ ആണെന്ന ഉറച്ച വിശ്വാസമായിരുന്നിരിക്കണം തീർച്ചയായും ഇതിനു പിന്നിൽ. എന്നാൽ കേരളം നേരിട്ട അതിഗുരുതരമായ വൈയക്തികാഘാതത്തിന്റെ പഠനത്തിന്, അതിൽ നിന്നും പുറത്തു കടക്കാനുള്ള വഴിതേടലിന് ആ കത്തുകളിലെ ഉള്ളടക്കം പൊതു വ്യവഹാരത്തിലേക്ക് വരേണ്ടതായിരുന്നുവെന്ന് കരുതുന്നതിൽ ഒരു അപാകതയുമില്ല. അറിവ്, വിവരശേഖരണം എന്നിവ എന്തു മാത്രം സ്വകാര്യമായിരിക്കാം, എന്തു മാത്രം പൊതുവായിരിക്കണം എന്ന പ്രശ്നത്തിലേക്കും ഉപേക്ഷിക്കപ്പെട്ട ഈ കത്തുകളെക്കുറിച്ച് സാമൂഹികമായി ആലോചിക്കുമ്പോൾ നാം എത്തിച്ചേരുന്നുണ്ട്.

സ്ത്രീകൾ തങ്ങൾക്ക് പറയാനുണ്ടായിരുന്ന കാര്യങ്ങൾ അതിശക്തമായി തന്നെ അവരെഴുതിയ സ്വകാര്യ കത്തുകളിൽ ആവിഷ്‌ക്കരിച്ചുവെന്ന് ദുബായ് കത്തുപാട്ടിലെ വരികളിൽ നിന്ന് അനുമാനിക്കാം. കാരണം മനോരോഗ ചികിൽസകൻ/കൗൺസിലർ എന്ന നിലയിൽ തന്നെ കാണാനെത്തിയ ഗൾഫുകാരുടെ ഭാര്യമാരുമായി നടത്തിയ ആശയ വിനിമയങ്ങൾ ഗാനരചനയിൽ സഹായിച്ചതായി ജമീൽ പറയുന്നതിൽ നിന്നും അവർ തങ്ങളുടെ ഭർത്താക്കൻമാരുടെ പങ്കുവെച്ച കാര്യങ്ങൾ- കത്തുകളിലൂടെയും കാസറ്റ് കത്തുകളിലൂടെയും- ഇന്ന് ഊഹിച്ചെടുക്കാൻ മാത്രമേ കഴിയൂ. ആ കത്തുകളുടെ യഥാർഥ ഭാഷ, ഊന്നലുകൾ, സ്ത്രീ ജീവിത ലോകങ്ങൾ എന്നിവ കൃത്യമായും എന്തായിരുന്നുവെന്ന് മനസ്സിലാക്കാൻ പൊതുമണ്ഡലത്തിൽ ആ കത്തുകളുടെ ശേഖരണമോ ലഭ്യമാക്കലോ നടന്നില്ലെന്ന് ഈ മേഖലയിൽ ആഴത്തിൽ പഠനം നടത്തുന്ന, നടത്താൻ ശ്രമിക്കുന്ന ആർക്കും എളുപ്പത്തിൽ മനസ്സിലാക്കാം. അതിനുള്ള പ്രധാന കാരണം സ്വകാര്യ കത്തുകൾ ആര്, എങ്ങനെ ഒരു സാമൂഹികാവശ്യത്തിന് ലഭ്യമാക്കുമെന്ന ചോദ്യത്തെ അഭിസംബോധന ചെയ്യാൻ മലയാളി സമൂഹം പൊതുവിലും അക്കാദമിക സമൂഹം സവിശേഷമായും തയ്യാറായിട്ടില്ലാത്തതാണ് കാരണമെന്ന് കണ്ടെത്താനും കഴിയും.

ഗൾഫ്- മലയാളി പഠനത്തെ ഗുരുതരമായി ബാധിക്കുന്ന പ്രധാന പ്രതിസന്ധിയും ഇതു തന്നെയാണ്; ആവശ്യമായ രേഖകൾ ലഭ്യമല്ല എന്നത്. ഈ പ്രതിസന്ധിയെ മറികടക്കാൻ ഗവേഷകർക്കും അക്കാദമിക്കുകൾക്കും ചരിത്രകാരൻമാർക്കും സാധിക്കേണ്ടതുണ്ട്. ഇല്ലെങ്കിൽ മലയാളിയുടെ ഗൾഫ് കുടിയേറ്റത്തിന്റെ മാനുഷിക പ്രശ്നങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു അധ്യായം വെളിച്ചം കിട്ടാതെ എക്കാലത്തും ഇരുളിൽ പുതഞ്ഞു പോകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
എന്നുമാത്രമല്ല, സ്ത്രീകൾ അനുഭവിച്ച ഈ അതിവൈകാരികാഘാതത്തെ സാമൂഹ്യ ശാസ്ത്രജ്ഞർ മറ്റൊരു നിലയിലാണ് നോക്കിക്കണ്ടത്. In the absence of Their men: The impact of Male Migration on women (Leela Gulati , sage Publication, Delhi, 1993) എന്ന പുസ്തകം പുരുഷനെ ഗൾഫിലയക്കാൻ ക്ലേശിക്കുകയും പിന്നീട് സാമ്പത്തിക സ്വാശ്രയത്തിലേക്ക് പച്ചപിടിക്കുകയും ചെയ്ത കുടുംബങ്ങളുടെ കഥയാണ് വിശദീകരിക്കുന്നത്. ഈ പുസ്തകത്തിൽ കത്തുപാട്ടിൽ പറയുന്ന പ്രശ്നങ്ങളെയല്ല നാം അഭിമുഖീകരിക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ അകലാട്, ഭീമാപള്ളി വില്ലേജുകളിലെ 37 ഗൾഫ് കുടുംബങ്ങളിലെ സ്ത്രീകളെ നേരിൽ കണ്ട് അഭിമുഖം നടത്തിയും വിവരങ്ങൾ ശേഖരിച്ചുമാണ് ഈ പുസ്തകം എഴുതിയിട്ടുള്ളത്.

മലബാറിലെ ഗൾഫ് കുടിയേറ്റം സ്ത്രീകൾ അനുഭവിച്ച വൈയക്തിക പ്രശ്നങ്ങളെ മൂടിവെക്കാൻ ശ്രമിച്ചെങ്കിലും ദുബായ് കത്തുപാട്ടു പോലുള്ള ശ്രമങ്ങൾ ഈ വിഷയത്തെ സമൂഹത്തിന് പൂർണമായും അവഗണിക്കാൻ പറ്റാത്ത ഒന്നാക്കി മാറ്റി എന്നത് വസ്തുതയാണ്.

പുസ്തകത്തിൽ വരുന്ന സ്ത്രീകൾ പ്രധാനമായും പറയുന്നത് ഭർത്താക്കൻമാരെ ഗൾഫിലേക്കയക്കാൻ വായ്പകൾ സംഘടിപ്പിച്ചതിനെക്കുറിച്ചാണ്. വിസക്കും ടിക്കറ്റിനുമുള്ള പണം ഏജൻറുമാരെ ഏൽപ്പിക്കുന്നതിൽ മുൻകൈയെടുത്തത് കുടുംബിനികളായിരുന്നുവെന്ന് ഭാര്യമാർ നൽകുന്ന വിവരങ്ങളിൽ വ്യക്തമാണ്. കുടുംബത്തിലെ പുരുഷൻ ഗൾഫിലെത്തുകയും ജോലി നേടി സമ്പാദിക്കാൻ തുടങ്ങുകയും ചെയ്യുന്നതോടെ ചുരുങ്ങിയത് താനുമായി ബന്ധപ്പെട്ടു നിൽക്കുന്ന രണ്ടു പേരെയെങ്കിലും ഗൾഫിൽ എത്തിച്ചതായും സ്ത്രീകൾ വ്യക്തമാക്കുന്നു. വീട്ടിലേക്ക് അയച്ചുകിട്ടുന്ന പണത്തിൽ നിന്ന് വായ്പകൾ (ഇവയിൽ ചിലത് ബാങ്ക് വായ്പകളും മറ്റു ചിലത് സ്വകാര്യ ഫൈനാൻസിയേഴ്സിൽ നിന്നും കൊള്ളപ്പലിശക്കെടുത്ത പണവുമായിരുന്നു) ഗഡുക്കളായി അടച്ചു തീർക്കുകയും കുടുംബിനികളിൽ മൂന്നുപേർ വീടിനടുത്ത് ചെറിയ കടകൾ തുടങ്ങി കുടുംബ വരുമാനം വർധിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തതിനെക്കുറിച്ചും നമുക്ക് പുസ്തകത്തിൽ വായിക്കാം. ഇതോടൊപ്പം ഗൾഫിലേക്ക് പോകുന്നതിനു മൂന്നോ നാലോ വർഷം മുമ്പ് വിവാഹിതരാവുകയും സ്ത്രീധനവും ഭാര്യക്ക് വിവാഹ വേളയിൽ ലഭിച്ച ആഭരണങ്ങളും വിറ്റോ പണയം വെച്ചോ ഗൾഫ് യാത്രക്കുള്ള പണമുണ്ടാക്കിയവരെക്കുറിച്ചും പുസ്തകത്തിൽ കാണാം. ഇത്തരത്തിലുള്ള സംഭവങ്ങളിൽ ഭർത്താവ് നാട്ടിലേയക്കുന്ന പണത്തിൽ പൂർണാധികാരം ഭാര്യമാർക്കായിരുന്നുവെന്നും ലീലാ ഗുലാത്തി എഴുതുന്നു (ഭർത്താവിന്റെ മാതാപിതാക്കൾ വഴി പണം അയക്കുന്ന പൊതുരീതിയായിരുന്നില്ല ഇത്തരം കുടുംബങ്ങളിൽ നില നിന്നിരുന്നത്).

കുടുംബിനികൾ ഭർത്താക്കൻമാർക്ക് കത്തുകളെഴുതി, (ഈ കത്തുകളിൽ അവർ എന്തു പങ്കുവെക്കാൻ ശ്രമിച്ചുവെന്നത് ലീലാ ഗുലാത്തിയുടെ പുസ്തകത്തിലും പറയുന്നില്ല) സ്വന്തമായി ബാങ്ക് അക്കൗണ്ട്​ തുടങ്ങി, കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങൾ സാധിച്ചു, കുടുംബത്തിലെ എല്ലാ കാര്യങ്ങളും സ്വന്തമായി നടത്താനുള്ള (പുരുഷ സഹായമില്ലാതെ) പെൺ ശാക്തീകരണത്തിലേക്ക് അവർ വളരുകയും ചെയ്തു. ഭർത്താക്കൻമാർ കൂടെയുണ്ടായിരുന്ന കാലത്ത് എഴുതാനും വായിക്കാനുമറിയാത്തവരായിരുന്നു ഈ സ്ത്രീകൾ. ഭർത്താക്കൻമാർക്കു കത്തുകളെഴുതാൻ വേണ്ടി ഇവർ എഴുത്തും വായനയും പഠിക്കുകയും ചെയ്യുന്നു (അതേ പുസ്​തകം).

കത്തുകൾ തന്നെയായിരുന്നു അക്കാലത്ത് ഇവരും ഭർത്താക്കൻമാരുമായുള്ള വിനിമയത്തിന്​ ഉപയോഗിച്ചിരുന്നത്. അതിനായി സാക്ഷരരാകാൻ ഇവർ നിർബന്ധിതരായി. ഗൾഫിലെത്തിയ പുരുഷൻമാരും ഇതേ പോലെ തങ്ങൾക്ക് ലഭിച്ച ജോലി ചെയ്യാനുള്ള അറിവും പ്രാപ്തിയും തൊഴിലിടങ്ങളിൽ നിന്നാണ് സമ്പാദിച്ചതെന്നും വ്യക്തമാക്കുന്നുണ്ട്. ഇത്തരത്തിൽ അറിവും സാമ്പത്തിക അഭിവൃദ്ധിയും ഒന്നു ചേരുന്ന ഒരു ഗൾഫ് കഥയാണ് ഗുലാത്തിയുടെ പുസ്തകം നമുക്കു നൽകുന്നത്. എന്നാൽ ‘ഗൾഫ് ഭാര്യമാർ’ അനുഭവിച്ച വൈയക്തിക പ്രശ്നങ്ങൾ ഈ പുസ്തകം ചർച്ചക്കെടുക്കുന്നില്ല. മലബാറിലെ ഗൾഫ് കുടിയേറ്റം സ്ത്രീകൾ അനുഭവിച്ച വൈയക്തിക പ്രശ്നങ്ങളെ മൂടിവെക്കാൻ ശ്രമിച്ചെങ്കിലും ദുബായ് കത്തുപാട്ടു പോലുള്ള ശ്രമങ്ങൾ ഈ വിഷയത്തെ സമൂഹത്തിന് പൂർണമായും അവഗണിക്കാൻ പറ്റാത്ത ഒന്നാക്കി മാറ്റി എന്നത് വസ്തുതയാണ്.

ഈ പ്രശ്നത്തെക്കുറിച്ച് തിരുവനന്തപുരം സെന്റർ ഫോർ ഡവലപ്മെൻറ്​ സ്റ്റഡീസിലെ പ്രൊഫ. ഇരുദയ രാജൻ ഇങ്ങനെ പ്രതികരിച്ചു: The financial contribution of migration to Kerala is unimaginable. The men's wives, locally known as ‘Gulf wives’, number around one million. Left behind, they struggle with loneliness. Their husbands might visit once every three years. 80 percent of women do not travel to visit their partners abroad. (In Kerala, the glittering Gulf's appeal is losing shine- Sebastian Castelier, 18 March 2019, https:// www.aljazeera.com / features /2019/3/18/in-kerala-the-glittering-gulfs-appeal-is-losing-shine).
ഇതേ ലേഖനത്തിൽ മലപ്പുറത്തു നിന്നുള്ള 19കാരിയായ മുസ്​ലിം യുവതി താൻ ഗൾഫുകാരനായ ഒരാളെ വിവാഹം കഴിക്കാൻ വിസമ്മതിക്കുന്നതായി പറയുന്നു. അവരുടെ വാക്കുകളിലേക്ക്: ‘‘ a ‘modern husband’ should be a ‘best friend’ who is physically and emotionally available. In the framework of arranged marriages, no attention was given to the girl's feelings, but things are changing as we have become more educated. I am not married, yet, I'd refuse any migrant man asking for my hand.’’

ഗൾഫിലേക്കുള്ള മലയാളി കുടിയേറ്റം പുരുഷ കുടിയേറ്റമായാണ് പൊതുവിൽ വിശ്വസിക്കപ്പെടുന്നതും വ്യാഖ്യാനിക്കപ്പെടുന്നതും. എന്നാൽ ഈ കുടിയേറ്റത്തിന് തുടക്കം കുറിച്ചത് സ്ത്രീകളാണെന്നതാണ് യാഥാർഥ്യം

ഒരിക്കൽ സമ്പത്തിനുടമയോ, അല്ലെങ്കിൽ സമ്പത്തു കൊണ്ടു വരാൻ കഴിയുന്നയാളോ ആയ ഗൾഫുകാരൻ പല യുവതികളുടേയും ‘ഐഡിയൽ' ഭർത്താവായിരുന്നെങ്കിൽ പുതിയ തലമുറയിൽ ഒട്ടുമേ അങ്ങനെ അല്ല എന്ന് ഈ അഭിപ്രായ പ്രകടനം വ്യക്തമാക്കുന്നു. മൂന്നു പതിറ്റാണ്ടോ അതിൽ കൂടുതലോ ആയി ‘ഗൾഫ് ഭാര്യമാരുടെ' പ്രശ്നങ്ങൾ കാണാനോ പരിഹരിക്കാനോ ശ്രമമില്ലാത്തത് കണ്ടും അനുഭവിച്ചു വളർന്ന പുതു തലമുറ മലയാളി യുവതികൾ ഗൾഫുകാരെ വിവാഹം കഴിക്കാൻ തന്നെ വിസമ്മതിക്കുന്നത് ദീർഘകാലത്തെ പെൺസ്വരങ്ങളെ നിശ്ശബ്ദമാക്കിയതിന്റെ ഫലമാണെന്നു തന്നെ കാണാം.
ഈ പ്രശ്നത്തെ അതിന്റെ എല്ലാ സങ്കീർണതകളോടും കൂടി ബെന്യാമിൻ ചുരുങ്ങിയ വാക്കുകളിൽ ഇങ്ങനെ ആവിഷ്‌ക്കരിച്ചു: ‘‘പുരുഷൻ വിദേശത്ത് അനുഭവിച്ച ഏകാന്തതയും വിരസതയും ഒറ്റപ്പെടലും വിരഹവും അവരുടെ സ്ത്രീകൾ നാട്ടിലെ കോൺക്രീറ്റ് കെട്ടിടത്തിനുള്ളിൽ കിടന്ന് അനുഭവിക്കുകയായിരുന്നു’’ (കുടിയേറ്റം, പ്രവാസത്തിന്റെ മലയാളി വഴികൾ, പെണ്ണിറങ്ങിപ്പോയ വഴികൾ എന്ന അധ്യായത്തിൽ നിന്ന്, ബെന്യാമിൻ, 2016, ഡി.സി ബുക്‌സ്).
​ആ കോൺക്രീറ്റ് കെട്ടിടം സാമ്പത്തിക ഉന്നമനത്തിന്റെ സൂചകമായി പൊതു സമൂഹം കണ്ടപ്പോൾ കത്തുപാട്ടിൽ പറയുമ്പോലെ അത് തടവറയായിത്തന്നെയാണ് സ്ത്രീകൾ അനുഭവിച്ചു തീർത്തത്.

മലയാളി സ്ത്രീയുടെ ഗൾഫ് സഞ്ചാരങ്ങൾ

ഗൾഫിലേക്കുള്ള മലയാളി കുടിയേറ്റം പുരുഷ കുടിയേറ്റമായാണ് പൊതുവിൽ വിശ്വസിക്കപ്പെടുന്നതും വ്യാഖ്യാനിക്കപ്പെടുന്നതും. എന്നാൽ ഈ കുടിയേറ്റത്തിന് തുടക്കം കുറിച്ചത് സ്ത്രീകളാണെന്നതാണ് യാഥാർഥ്യം. തൊട്ടു മുമ്പ് ഉദ്ധരിച്ച ബെന്യാമിന്റെ പുസ്തകം ഇക്കാര്യം അടിവരയിട്ട് പറയുന്നു: ‘‘അറുപതുകളിലും എഴുപതുകളിലും നഴ്സുമാരുടെ നേതൃത്വത്തിലുള്ള കുടിയേറ്റം ശക്തമാകുന്നതെങ്കിലും അതിനും ഏറെ മുൻപുതന്നെ അതിനു തുടക്കം കുറിച്ചു കഴിഞ്ഞിരുന്നു. രണ്ടാം ലോകമഹായുദ്ധാനന്തരം യൂറോപ്പിലെ ആരോഗ്യ മേഖലയിലുണ്ടായ വൻ തൊഴിൽ സാധ്യത മുതലെടുത്തു കൊണ്ട് നാൽപ്പതുകളുടെ അവസാനമാണ് അതിന്റെ തുടക്കമെന്ന് അനുമാനിക്കാം. കേരളത്തിൽ അന്ന് മെച്ചപ്പെട്ട പഠന സൗകര്യങ്ങൾ ഇല്ലാതിരുന്നതു മൂലം ദില്ലിയിലും ബോംബെയിലും ഹൈദ്രാബാദിലും പഞ്ചാബിലും പോയി പഠിക്കുകയും അവിടെ നിന്നു കൊണ്ട് വിദേശത്തെ തൊഴിൽ സാധ്യത ഉപയോഗപ്പെടുത്തുകയും ചെയ്തവരായിരുന്നു അവർ. ഇറ്റലി, ജർമനി, സ്വിറ്റ്സർലൻറ്​, ബ്രിട്ടൺ തുടങ്ങിയ രാജ്യങ്ങളിൽ എല്ലാം അവർ എത്തപ്പെട്ടു. എന്നാൽ അത് യൂറോപ്പിലേക്കു മാത്രം പരിമിതപ്പെട്ട ഒരു കുടിയേറ്റമായിരുന്നില്ല. സിംഗപ്പൂർ, ആഫ്രിക്കൻ രാജ്യങ്ങൾ, എന്തിന് ഗൾഫു നാടുകളിലേക്കു പോലും അന്ന് നഴ്സുമാർ പോയിട്ടുണ്ട്. ഗൾഫു നാടുകളിൽ ആദ്യമായി മലയാളികളുടെ ഒരു ക്രിസ്തീയ ദേവാലയം ഉണ്ടാവുന്നത് ബഹ്റൈനിൽ ആണ്. അത് സ്ഥാപിതമാകുന്നത് 1954ൽ ആണ്. സ്ത്രീകളുടെ പണം കൊണ്ടും അധ്വാനം കൊണ്ടും പണിതത് എന്ന നിലയിലും ആരാധനക്കു വരുന്നവരിൽ ഭൂരിപക്ഷവും സ്ത്രീകൾ ആയിരുന്നതു കൊണ്ടും അന്നതിനെ "പെൺപള്ളി' എന്നായിരുന്നു വിളിച്ചിരുന്നത് എന്ന് പഴയ കുടിയേറ്റക്കാർ പറഞ്ഞു കേട്ടിട്ടുണ്ട്. എഴുപതുകൾക്കു ശേഷമാണ് അത് ‘ആൺപള്ളി'യായി മാറുന്നത്. അപ്പോഴേക്കും നേഴ്സുമാർ നേതൃത്വം കൊടുക്കുന്ന കുടിയേറ്റം വ്യാപകമായിക്കഴിഞ്ഞിരുന്നു.’’ (അതേ പുസ്തകം).

സ്ത്രീകളാണ് ഗൾഫിലേക്കുള്ള കുടിയേറ്റത്തിന് തുടക്കമിട്ടത് എന്ന് ബെന്യാമിൻ പറഞ്ഞ കാര്യങ്ങളിൽ നിന്ന് വ്യക്തമാണ്. അതായത്, മലയാളി സ്ത്രീകൾ ഒറ്റക്കു നടത്തിയ തൊഴിൽ യാത്രകളാണ് ഗൾഫ് കുടിയേറ്റത്തിന് തുടക്കം കുറിച്ചത്. ഇന്ന് ലഭ്യമായ വിവരങ്ങൾ വെച്ചുനോക്കുമ്പോൾ 1950കളുടെ ഒടുവിലാണ് പുരുഷൻമാരുടെ ഗൾഫിലേക്കുള്ള യാത്രാ രേഖകളില്ലാത്ത ‘ലോഞ്ച്/പത്തേമാരി' യാത്രകൾ ആരംഭിക്കുന്നത്. അതിനും മുമ്പെ യാത്രാ രേഖകളും തൊഴിൽ വിസയും നേടി മലയാളി നഴ്സുമാർ ബഹ്റൈനിൽ എത്തിക്കഴിഞ്ഞിരുന്നുവെന്ന് ബെന്യാമിന്റെ നിരീക്ഷണം വ്യക്തമാക്കുന്നു. മലയാളി നഴ്സുമാരുടെ കുടിയേറ്റങ്ങൾ കേന്ദ്രീകരിച്ച് ബെന്യാമിൻ എഴുതിയ പുതിയ നോവൽ നിശബ്ദ സഞ്ചാരങ്ങളുടെ (ഡി.സി.ബുക്സ് കോട്ടയം, 2020) ആമുഖത്തിൽ അദ്ദേഹം എഴുതുന്നു: ‘‘എത്രയധികം രാജ്യങ്ങളിലേക്ക് എത്രയധികം പ്രതിബന്ധങ്ങൾ താണ്ടിയാണ് നമ്മുടെ ധീരരായ സ്ത്രീകൾ സഞ്ചരിച്ചത്. കാനഡയിലെ മഞ്ഞു വീണ ആർട്ടിക്ക് പ്രദേശങ്ങളിലും മരുഭൂമിയിലെ ബദുക്കളുടെ ഗ്രാമങ്ങളിലും ആഫ്രിക്കയിലെ ഉൾ നാടുകളിലും യൂറോപ്പിൽ പരക്കെയും അവർ എത്തിപ്പെട്ടു. അതിൽ ഭൂരിപക്ഷവും പുരുഷനു മുൻപെയുള്ള യാത്രകളായിരുന്നു. അവ പക്ഷെ എവിടെയും വേണ്ടവണ്ണം രേഖപ്പെടുത്തപ്പെട്ടിട്ടില്ല എന്നു മാത്രം.’’
കുടിയേറ്റ ചരിത്രത്തിലെ സ്ത്രീകളുടെ സാന്നിധ്യം ഇവ്വിധം രേഖപ്പെടുത്തപ്പെടാതെ പോയി. ഗൾഫ് ഭാര്യമാരുമാരുടെ ചരിത്രവും രേഖപ്പെടുത്തപ്പെട്ടില്ല. ഇത്തരത്തിൽ സ്ത്രീകളുടെ അതി സവിശേഷമായ കേരളീയ ചരിത്രം തന്നെ മായ്ക്കപ്പെട്ടിരിക്കുന്നു എന്നു മനസ്സിലാക്കാം.

അറബികൾ കേരളത്തിൽ പ്രത്യേകിച്ചും മലബാറിൽ വന്ന് മലയാളി സ്ത്രീകളെ വിവാഹം കഴിക്കുകയും കുറച്ചു മാസങ്ങൾക്കു ശേഷം കേരളത്തിൽ തന്നെ ഉപേക്ഷിച്ചു പോവുകയും ചെയ്യുന്ന രീതിയാണ് അറബിക്കല്യാണങ്ങൾക്കുണ്ടായിരുന്നത്

ജീവിതത്തിന്റെ അരങ്ങ് എന്ന ശീർഷകത്തിലുള്ള നിലമ്പൂർ ആയിഷയുടെ ആത്മകഥയിൽ (കറൻറ്​ ബുക്സ്, കോട്ടയം, 2005) സൗദി അറേബ്യയുടെ തലസ്ഥാന നഗരമായ റിയാദിൽ ഒരു അറബി വീട്ടിൽ 20 വർഷം ജോലി (ആയ) ചെയ്ത് ജീവിച്ചതിനെക്കുറിച്ച് എഴുതിയിട്ടുണ്ട്. മലയാള നാടക-സിനിമാ രംഗത്ത് അറിയപ്പെടുന്ന നടിയായി നിൽക്കുന്ന കാലത്ത് കടുത്ത സാമ്പത്തിക വൈഷമ്യം മൂലം അവർ റിയാദിലേക്ക് പോവുകയായിരുന്നു. ഒരു മലയാളി സ്ത്രീയുടെ ഗൾഫ് പ്രവാസം അൽപ്പമെങ്കിലും കടന്നു വരുന്ന ഒരാത്മകഥ നിലമ്പൂർ ആയിഷയുടേതാണ്. വി.പി. സുഹ്റയുടെ ആത്മകഥ, ജോറയുടെ കഥയിലും ഒറ്റക്കു ജോലി ചെയ്യാൻ സൗദി അറേബ്യയിൽ പോയതിന്റെ ജീവിതാനുഭവങ്ങൾ പകർത്തപ്പെട്ടിട്ടുണ്ട്.

എന്നാൽ ഇതിൽ നിന്ന് വിഭിന്നമായ ചില യാത്രകളും മലയാളി സ്ത്രീകൾക്ക് ഗൾഫിലേക്കുണ്ടായിട്ടുണ്ട്. അത് അറബിക്കല്യാണങ്ങളുടെ ഭാഗമായുള്ളതായിരുന്നു. അറബികൾ കേരളത്തിൽ പ്രത്യേകിച്ചും മലബാറിൽ വന്ന് മലയാളി സ്ത്രീകളെ വിവാഹം കഴിക്കുകയും കുറച്ചു മാസങ്ങൾക്കു ശേഷം കേരളത്തിൽ തന്നെ ഉപേക്ഷിച്ചു പോവുകയും ചെയ്യുന്ന രീതിയാണ് അറബിക്കല്യാണങ്ങൾക്കുണ്ടായിരുന്നത്. അപൂർവമായി സ്ത്രീകളെ അറബി നാട്ടിലേക്കു കൊണ്ടുപോകുന്ന രീതിയുമുണ്ടായിരുന്നു. അത്തരത്തിൽ അറബി വിവാഹം ചെയ്തു കൊണ്ടുപോയ കുഞ്ഞാമിയുടെ ജീവിത കഥ (റാണിമാർ, പത്മിനിമാർ, ഡി.സി.ബുക്സ്, എഡിറ്റർ: ദിലീപ് രാജ്, 2018, കേട്ടെഴുതിയത് വി.പി. റജീന, എനിക്ക് പേടിയാണ്, ആ യാത്രയുടെ ഓർമകൾ പോലും....' എന്ന അധ്യായം) ഇപ്പോൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു പക്ഷെ ഏറെക്കുറെ പൂർണമായി എഴുതപ്പെടുന്ന ഗൾഫിലേക്ക് പോയ സ്ത്രീയുടെ ആത്മകഥാഭാഗമായി ഇതിനെ കാണാം. അത് ഇങ്ങനെയാണ്: ഓർമകൾ തിരിച്ചറിവായി വരുന്നതിനുമുമ്പ് അഞ്ചാം വയസ്സിൽ കോഴിക്കോട്ടുനിന്ന് ഉമ്മയുടെ കൈവിരൽ തുമ്പ് പിടിച്ച് തുടങ്ങിയതാണ് കുഞ്ഞാമിയുടെ യാത്ര. കോഴിക്കോട്ടെ ഒരു ഗ്രാമത്തിൽ നിന്ന് തലശ്ശേരിയിലെ ഒരു വലിയ വീട്ടിലേക്ക്. ആരാന്റെ വീട്ടിലെ അടുക്കളപ്പുകയിൽ സദാ വെന്തെരിയുന്ന ഖൽബുമായി പണി ചെയ്ത് തള്ളക്കോഴി കുഞ്ഞുങ്ങളെ കാക്കുന്ന വണ്ണം കുഞ്ഞാമിയുടെ ഉമ്മ ആറു പെൺമക്കളെ കാത്തുപോന്ന നാളുകളിൽ ഒന്നായിരുന്നു അത്- ‘ഓർമയുറയ്ക്കും മുമ്പെ ഉപ്പ ഞങ്ങളെ വിട്ടു പരലോകം പൂകി. എന്റെ മൂത്ത മൂന്ന് ഇത്താത്തമാർ. ഇളയ രണ്ട് അനിയത്തിമാർ. ഞങ്ങളുടെ കുഞ്ഞു വയറുകൾ നിറയ്ക്കാൻ ഉമ്മയ്ക്കാവാതെ വന്നപ്പോഴാണ് ആ ചിറകിൽ നിന്ന് എന്നെ വേർപെടുത്തിയത്. മുറിഞ്ഞുപോയ സ്‌കൂൾ പഠനം ആ വലിയ വീട്ടിലെ നല്ല മനസ്സു കാരണം രണ്ട് വർഷം കൂടി തുടർന്നു. പിന്നീട് സമപ്രായക്കാരായ അവിടുത്തെ കുട്ടികളെ നോക്കുന്ന ആയയായി എന്റെ ജീവിത വേഷം.’
മോഹങ്ങളുടെ മരുപ്പറമ്പിലേക്കായിരുന്നു കുഞ്ഞാമിയുടെ പിന്നീടുള്ള യാത്രകൾ. ആരാലും എവിടെയും പരിഗണിക്കപ്പെടാതെ പോയ ഒരു ബാല്യം. അത് കൗമാരത്തിലും യൗവ്വനത്തിലും പിന്തുടർന്നു. എട്ടു വർഷക്കാലം അങ്ങനെ പോയി. 13ാം വയസ്സിൽ ഉമ്മയുടെ അടുത്തേക്ക് പോരണമെന്ന് തോന്നിയപ്പോൾ സ്വന്തം വീട്ടിലേക്ക് മടങ്ങി. വലിയ വീട്ടിലെ അടുക്കളയിലെ അമ്മിക്കല്ലുകളും ഉലക്കയും പിടിച്ച് പിടിച്ച് ഉമ്മയുടെ കൈ പൊട്ടിയ കാഴ്ചയായിരുന്നു കുഞ്ഞാമിയെ അവിടെ എതിരേറ്റവയിൽ ഒന്ന്.‘കണ്ടു നിൽക്കാനാവാതെ ഞാനും ഇറങ്ങി. അങ്ങനെയൊരു വീട്ടിലെ അടുക്കളപ്പണിക്കാരിയായി. ഇതിനിടയിൽ വർഷം മൂന്നു പിന്നിട്ടു. കളിച്ചു നടക്കേണ്ട പ്രായം, സ്‌കൂളിൽ പോവുന്ന കുട്ടികൾ. നല്ല ഉടുപ്പിട്ട് ഉപ്പച്ചിക്കും വാപ്പച്ചിക്കും ഒപ്പം ചിരിച്ചുല്ലസിച്ച് പുറത്തുപോവുന്ന വലിയ വീട്ടിലെ കുട്ടികൾ. എല്ലാം കൊതിച്ചു കൊതിച്ചു നോക്കി നിൽക്കാൻ മാത്രമായിരുന്നു എന്റെ യോഗം. ആയിടക്കാണ് 16ാം വയസ്സിൽ ഞാൻ ആദ്യം നിന്ന വലിയ വീട്ടുകാർ എനിക്കായി ഒരു കല്യാണാലോചനയും കൊണ്ട് ഉമ്മയുടെ അടുത്ത് വരുന്നത്. കടലിനക്കരെ നിന്നാണ് പുതിയാപ്പിള. ആത്മാഭിമാനം കളഞ്ഞ് ആരാന്റെ മുന്നിൽ കൈ നീട്ടി കിട്ടിയ പൈസ കൊണ്ട് മൂന്നു ഇത്താത്തമാരെ ഉമ്മ പുരയിൽ നിന്നിറക്കി. ഇനിയും അവർക്കാവില്ല. അവരുടെ നിസഹായവാസ്ഥയിൽ എന്റെ കല്യാണം ഒരുങ്ങി. യു.എ.ഇക്കാരനായിരുന്നു വരൻ. ഡ്രൈവറാണ്. ഇതൊക്കെ കേട്ടപ്പോൾ എന്റെ മോള് കയ്ച്ചിലാവുകയാണെന്ന് ഉമ്മയും കരുതി. അങ്ങനെ ഒരു ദിവസം കല്യാണം നടന്നു. അന്നു തന്നെ എന്നെ കൊണ്ടു പോവണമത്രെ! ഉമ്മക്കും മറ്റുള്ളോർക്കും ആകെ അങ്കലാപ്പായി. എട്ടും പൊട്ടും തിരിയാത്ത എന്റെ മോളെ എങ്ങനെ അന്യ നാട്ടിൽ അയക്കും. പക്ഷെ, മൂന്നു ദിവസം കഴിഞ്ഞ് അറബി പോയി. പിന്നീട് ഒരു വിവരവുമില്ല. എഴുത്തില്ല. ‘അറബിയല്ലേ...അയാള് പോയി. ഇനി നോക്കണ്ട.' -നാട്ടുകാരുടെ വക പരിഹാസ കമൻറ്​. അപ്പോഴത്തെ എന്റെ അവസ്ഥ പറഞ്ഞറിയിക്കാൻ വാക്കുകളില്ല. അറബി കെട്ടിയ പെണ്ണിനെ കെട്ടാൻ പിന്നെ നാട്ടിലാരെയും കിട്ടില്ല. ആ പ്രായത്തിൽ ഇതൊന്നും എനിക്കറിയില്ല. നാട്ടുകാരുടെ വക സഹതാപം കലർന്ന നോട്ടം എന്തിനാണെന്നു പോലും എന്നിലെ കുട്ടിക്ക് മനസ്സിലായില്ല പിന്നെയതാ നാലു മാസം കഴിഞ്ഞ് ഒരു ഫോൺ വിളി. പണ്ടത്തെ വലിയ വീട്ടിലേക്ക്. അറബി വരുന്നുണ്ടത്രെ, എന്നെ കൊണ്ടു പോവാൻ. എനിക്ക് പേടിയായി തുടങ്ങി. പറഞ്ഞപോലെ വന്നു. പിറ്റേന്ന് തന്നെ എന്നെയും കൊണ്ട് പുറപ്പെട്ടു. ആദ്യം കോയമ്പത്തൂരിലേക്ക് ബസിൽ. അവിടെ നിന്ന് ബോംബെയിലേക്ക്. ഭാഷയറിയില്ല. എങ്ങോട്ടാണ് കൊണ്ടു പോവുന്നതെന്നറിയില്ല. അയാളുടെ പിറകെ ഒരു രൂപം പോലെ ഞാൻ നടന്നു. അവിടെ നിന്ന് വിമാനത്തിൽ കയറി. മുപ്പതു വർഷങ്ങൾക്ക് മുമ്പാണിതെന്നോർക്കണം. ആണുങ്ങൾ പോലും അക്കാലത്ത് ഗൾഫിൽ പോവുന്നത് അപൂർവം. ആ കാലത്ത് ഒരു എട്ടുംപൊട്ടും തിരിയാത്ത ഒരു പെൺകുട്ടി പുതിയാപ്പിളയെന്ന് പറയുന്ന ഒരു പുരുഷനൊപ്പം കടൽ കടക്കുകയാണ്. എന്റെ നാടും ഞാൻ നിന്ന വലിയ വീടുമല്ലാത്ത ഒരു ലോകം അതുവരെ എന്റെ കൺമുന്നിലില്ല. അവിടെയത്തെി. ധാരാളം കോഴികളും ആടുകളും ഒക്കെയുള്ള ഒരു വീട്. സത്യത്തിൽ അനാഥനായിരുന്നു എന്നെ കല്യാണം കഴിച്ച അറബി. അയാൾ യു.എ.ഇ പൗരൻ പോലുമല്ല. യമനിയാണ്. ഈ വീട്ടുകാർ അദ്ദേഹത്തെ എടുത്തു വളർത്തുകയായിരുന്നു. അവിടുത്തെ കുട്ടികൾ വലുതായപ്പോൾ ആ വീട്ടിലെ വേലക്കാരനെപോലെ ആയി അയാളുടെ സ്ഥാനം. സ്വന്തം നിലക്ക് ഡ്രൈവിങ് പഠിച്ചു. അതൊരു തൊഴിലാക്കി...അങ്ങനെ ആ വീട്ടിലെ ഒരു മുറിയിൽ എന്നെ പൂട്ടിയിട്ടു. നേരത്തിന് ഭക്ഷണം കൊണ്ട് തരും. ആരും ഒന്നും മിണ്ടാനില്ല. ഞാൻ ഒറ്റക്ക് ഇരുന്നു കരയും. അങ്ങനെയുള്ള ഏതോ ഒരു ദിവസം പിന്നെ ആ വീടിന്റെ അടുക്കളയിലേക്കും പുറം പണിയിലേക്കും എന്റെ സ്ഥാനങ്ങൾ വികസിക്കാൻ തുടങ്ങി. അഥവാ ഞാനൊരു ജോലിക്കാരിയായി. ആടിനെയും കോഴിയേയും നോക്കുന്നതടക്കം. ഒന്നും ആരോടും പങ്കുവെക്കാൻ കഴിയാത്ത നാളുകൾ. ഉമ്മയെവിടെ? ഇത്താത്തമാരും അനിയത്തിമാരും എവിടെ? കരകാണാ കടലിക്കരെയുള്ള ഓർമകളിൽ ഞാൻ വെന്തു നീറി. അതിനിടക്ക് എനിക്ക് അടിവയറ്റിൽ കലശലായ വേദന വന്നു. ആ വീട്ടുകാരി ഭാരമുള്ള ജോലികൾ എന്നെക്കൊണ്ടു എടുപ്പിക്കുമായിരുന്നു. ഒരിക്കൽ കല്ല് പൊക്കിച്ചു. അന്നാണ് വേദന തുടങ്ങിയത്. ഭർത്താവ് ഡോക്ടറെ കാണിച്ചു. അപ്പോൾ അറിഞ്ഞു. ഗർഭിണിയാണെന്ന്. പിന്നീട് ഞങ്ങൾ ആ വീട്ടിൽ നിന്നും മാറിത്താമസിച്ചു. അവിടെ നിന്ന് രണ്ടു കുട്ടികൾ പറന്നു. ഭർത്താവെന്ന നിലയിൽ തികച്ചും ഔദ്യോഗികമായിരുന്നു അദ്ദേഹത്തിന്റെ പെരുമാറ്റം. കാലമെത്ര കഴിഞ്ഞിട്ടും അതിനൊരു മാറ്റവുമില്ല. അദ്ദേഹം ഒരിക്കലും എന്നെ ഉപദ്രവിച്ചിട്ടില്ല. പക്ഷെ, സംസ്‌കാരങ്ങൾ തമ്മിലെ വലിയ അന്തരം പിന്നീടുള്ള കാലം ഓരോ നിമിഷത്തിലും എന്റെ ജീവിതത്തെ മാറ്റിമറിച്ചിരുന്നു. അതുകൊണ്ട് തന്നെ ഒരിക്കൽ പോലും സംതൃപ്തയായിരുന്നില്ല ഞാൻ. അതെന്നെ മരണം വരെ പിന്തുടർന്നുകൊണ്ടിരിക്കും. ഒരിക്കലും ഒരു പെൺകുട്ടിയെയും അറബിക്കല്യാണം അടക്കമുള്ള ഇത്തരം ജീവിത പരിസരങ്ങളിലേക്ക് തള്ളിവിടരുതെന്ന അപേക്ഷയാണെനിക്ക്. അത് ഞങ്ങളുടെ സ്വപ്നങ്ങളുടെ ശവപ്പറമ്പാണ്. എന്നെ പോലുള്ള എത്രയെത്ര പെൺകുട്ടികളുടെ ഉറഞ്ഞുപോയ കണ്ണീർ കടലുകൾ ആരും കാണാതെ ഇവിടെ ഉണ്ടെന്നറിയാമോ? ഒരിക്കൽ പോലും ആഗ്രഹിച്ച ജീവിതം കിട്ടാതെ ഇങ്ങനെ മണ്ണടിഞ്ഞുപോയവർ എത്രയെത്ര ഉണ്ടാവുമെന്നറിയാമോ? അങ്ങനെയുള്ള ആരോടു ചോദിച്ചാലും അവർ പറയുന്ന ഒരു കാര്യം ഇനിയൊരു പെണ്ണിനും എന്റെ ഈ ഗതി വരരുതെന്നായിരിക്കും. എനിക്കും പറയാനുള്ളത് അതു തന്നെയാണ്. ഞാനിപ്പോഴും എന്റെ ഉമ്മയെ കുറ്റപ്പെടുത്തും. നിങ്ങക്ക് എന്നെ കെട്ടിച്ചുവിടാതെ ഇവിടത്തന്നെ കഴിയാൻ സമ്മതിച്ചാൽ പോരായിരുന്നോ എന്ന്...എനിക്ക് കഴിഞ്ഞതൊന്നും ഓർക്കാൻ ഇഷ്ടമില്ല. ആ യാത്രകൾ ഇന്നും എന്നെ പേടിപ്പിക്കുന്നു...’

മലയാളിയുടെ ഗൾഫ് ബന്ധത്തിലെ സ്ത്രീ എത്ര കുറച്ചു മാത്രമാണ് സാഹിത്യത്തിലും എഴുത്തു രേഖകളിലും പ്രത്യക്ഷപ്പെട്ടത് എന്ന് വ്യക്തമാക്കാനാണ് ഇക്കാര്യങ്ങൾ ഇവിടെ പ്രതിപാദിച്ചത്. സ്ത്രീ ശബ്ദം എങ്ങനെ നേർത്തില്ലാതാകുന്നു എന്ന് ഈ ഉദാഹരണങ്ങൾ വ്യക്തമാക്കുന്നു. കത്തുകളുടെ ഉള്ളടക്കങ്ങളിലും സാഹിത്യ ഉള്ളടക്കങ്ങളിലും ഗൾഫുമായി ബന്ധപ്പെട്ട നിൽക്കുന്ന മലയാളി സ്ത്രീയുടെ സ്വരം കേൾക്കാൻ കഴിയാത്ത വിധം നേർത്തതും സാന്നിധ്യം അദൃശ്യവുമാക്കിമാറ്റപ്പെട്ടിരിക്കുന്നു.

സ്ത്രീയുടെ കത്തു പുസ്തകത്തിലും പുരുഷന്റെ കത്തു പരമ്പരയിലും
ഒരേപോലെ അദൃശ്യയായവൾ

സ്ത്രീയുടെ കത്തുപുസ്തകത്തിലും പുരുഷന്റെ കത്തുപുസ്തകത്തിലും ഒരേ പോലെ സ്ത്രീയുടെ ശബ്ദം എങ്ങിനെ നിശ്ശബ്ദമാക്കപ്പെട്ടുവെന്ന് പരിശോധിക്കാനാണ് ഈ ഭാഗത്തു ശ്രമിക്കുന്നത്. ഇതിനായി ആനന്ദി രാമചന്ദ്രൻ രചിച്ച വിജയന്റെ കത്തുകൾ വിചാര വിനിമയങ്ങൾ- ഒ.വി. വിജയൻ ആനന്ദി രാമചന്ദ്രന് എഴുതിയ കത്തുകൾ എന്ന പുസ്തകവും (ആനന്ദി രാമചന്ദ്രൻ, 2018, ലോഗോസ് ബുക്‌സ്, വിളയൂർ) മോഹൻ പാലക്കാഴി എഴുതിയ (ചന്ദ്രിക ആഴ്ചപ്പതിപ്പ്, 2020 ഫെബ്രുവരി 7- 2020 ആഗസ്റ്റ് 2) ഒമാൻ കത്തുകൾ എന്ന പരമ്പരയുമാണ് ഉപയോഗപ്പെടുത്തുന്നത്.
ഒ.വി. വിജയൻ എന്ന വിഖ്യാത മലയാളി എഴുത്തുകാരനുമായി 1982 മുതൽ രണ്ടരപ്പതിറ്റാണ്ടു കാലത്തോളമുണ്ടായ സൗഹൃദത്തിന്റെ പശ്ചാത്തലത്തിൽ എഴുതപ്പെട്ട കത്തുകളാണ് ഈ പുസ്തകത്തിൽ ശേഖരിച്ചിട്ടുള്ളത്. ആനന്ദി രാമചന്ദ്രൻ ദുബായിൽ കഴിയുന്ന കാലത്താണ് വിജയനുമായി കത്തിടപാടുകൾ ആരംഭിക്കുന്നത്. അസാധാരണവും അങ്ങേയറ്റം ഉൾക്കാഴ്ചയോടെ ലോകത്തെ മനസ്സിലാക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്ന ഒ.വി. വിജയനെ ഓരോ കത്തിലും വായനക്കാരന് കണ്ടെത്താം. പുസ്തകത്തിൽ ശേഖരിച്ചിരിക്കുന്ന കത്തുകൾ തുടങ്ങുന്നത് 22.9.82നാണ്. ഇത് ആദ്യ കത്തായിരിക്കുകയില്ല. ആദ്യ കത്തുകൾ തന്റെ കയ്യിൽ നിന്ന് നഷ്ടമായതായി ആനന്ദി രാമചന്ദ്രൻ പുസ്തകത്തിൽ വ്യക്തമാക്കുന്നുണ്ട്. പുസ്തകത്തിലുള്ള വിജയന്റെ ആദ്യ കത്ത് മറുപടിക്കത്താണ് എന്ന് വ്യക്തമാണ്. അതായത് കത്ത് ആദ്യമായി എഴുതുന്നത് ആനന്ദിയാണ്. ദുബായിൽ നിന്ന് ദൽഹിയിലെ വിജയന്റെ വിലാസത്തിലാണ് കത്തുകൾ അയച്ചിരുന്നത്. ആനന്ദി തന്നെ തയ്യാറാക്കിയ ഈ കത്തു പുസ്തകത്തിൽ അവരെഴുതിയ ഒരു കത്തും നമുക്ക് കാണാനാവില്ല. വിജയനയച്ച ആ കത്തുകൾ അദ്ദേഹത്തിന്റെ കൈവശമായിരിക്കുമല്ലോ ഉണ്ടായിരിന്നിരിക്കുക. എന്നാൽ വിജയന്റെ ഓരോ കത്തുകൾക്കുമൊപ്പം താനെഴുതിയ കത്തിന്റെ ഉള്ളടക്കം ആനന്ദി വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ അത് അവരുടെ യഥാർഥ കത്തുകളുടെ രൂപത്തിലല്ല. പലപ്പോഴും സ്വതന്ത്ര ലേഖനങ്ങളുടെ രൂപത്തിലാണ്. കത്തുകളുടെ കോപ്പി സൂക്ഷിക്കുക എന്ന പതിവ് പൊതുവെ ഉള്ളതല്ലാത്തതു കൊണ്ടു കൂടിയായിരിക്കും ഇങ്ങിനെ സംഭവിക്കുന്നത്.

ആനന്ദി രാമചന്ദ്രനും ഒ.വി.വിജയനും തമ്മിൽ നടത്തിയ കത്തിടപാടുകളിൽ ഒരാളുടെ കത്തുകൾ മാത്രമാണ്, പുരുഷന്റെ കത്തുകൾ മാത്രമാണ് ശേഖരിക്കപ്പെട്ടിരിക്കുന്നത്, പ്രസിദ്ധീകരിക്കപ്പെട്ടത്.

ഈ പുസ്തകത്തിൽ പലപ്പോഴും ഗൾഫിലെ ജീവിതം അങ്ങനെ കാര്യമായി കടന്നു വരുന്നില്ല എന്നു കാണാം. വിജയന്റെ രചനകളോടാണ് പൊതുവിൽ ആനന്ദി പ്രതികരിക്കുന്നത്. ഗൾഫ് പരാമർശമുള്ള വിജയന്റെ ഒരു കത്ത് ഇങ്ങനെയാണ്: ‘‘പ്രിയപ്പെട്ട ആനന്ദി, ക്ഷമിക്കുക-ക്ഷമിക്കുക. ആനന്ദിക്ക് എഴുതാൻ വെച്ച കത്തുകൾ മനസ്സിൽ എഴുതിത്തീർത്തു. ഗൾഫ് യുദ്ധകാലത്ത് ഞാൻ ആനന്ദിയെയോർത്ത് സ്വൽപം വിഷമിച്ചു. ഈശ്വരൻ കൃപ കാണിച്ചു. ആ യുദ്ധത്തിന്റെ അതിരുകൾ എന്തുമാകാമായിരുന്നു. കുട്ടികളുടെ കാര്യമൊക്കെ എങ്ങിനെ? മധുവിന്റെ ഗ്രാജുവേഷൻ കഴിഞ്ഞു. അവിടെ തുടരുന്നു. എനിക്ക് ശരീരത്തിന് ഒരു വിധം സുഖമുണ്ട്. മനസ്സിന് അതുണ്ടെന്ന് പറഞ്ഞുകൂടാ. ഒരു പുതിയ നോവലിന്റെ പണിയിലാണ്- ‘പ്രവാചകന്റെ വഴി'. കുറേ എഴുതണമെന്നുണ്ട്. എരിഞ്ഞ് ചാരമാകുന്നതിനു മുമ്പ്. എഴുതുക, എന്റെ കർമ്മ വിമുഖതക്ക് മാപ്പു തന്നുകൊണ്ട്. സ്നേഹത്തോടെ, വിജയൻ, 29/7/91.’’

ഗൾഫ് യുദ്ധത്തെക്കുറിച്ച് ആനന്ദി വിജയന് എഴുതിയിരുന്നോ എന്നു വ്യക്തമല്ല. ആ യുദ്ധത്തെക്കുറിച്ച് ഡൽഹിയിലിരുന്ന് മനസ്സിലാക്കിയ കാര്യങ്ങൾ വെച്ച്​ തന്റെ സുഹൃത്തിന്റെ സുരക്ഷയിൽ ഉൽക്കണ്ഠ ഉണ്ടായിരുന്നതായി വിജയൻ എഴുതിയെന്നേ പുസ്തകത്തിൽ നിന്ന് മനസ്സിലാക്കാൻ കഴിയൂ. യുദ്ധത്തെക്കുറിച്ച് പുരുഷനും സ്ത്രീയും എഴുതുന്നതിൽ വലിയ വ്യത്യാസമുണ്ട്. ഈ കത്തിന് തൊട്ടു മുമ്പായി ആനന്ദി ഗൾഫ് യുദ്ധത്തെക്കുറിച്ച് ഇങ്ങനെ എഴുതുന്നു:‘‘1991 ഫെബ്രുവരി അവസാനത്തോടെ യുദ്ധം അവസാനിച്ചു. പക്ഷെ അതിന്റെ അനന്തരഫലങ്ങൾ ഇന്നും ഇറാക്കിനെ ഒരു പ്രേതബാധയായി വേട്ടയാടുന്നു. ഒരു പ്രവാസി, പ്രത്യേകിച്ച് അറബി നാടുകളിൽ എന്നും ഭയപ്പെടുത്തുന്ന ഒന്നാണ് ഇത്തരം സാഹചര്യങ്ങൾ. മുമ്പൊരിക്കൽ ഞാൻ പറഞ്ഞതു പോലെ സ്വന്തമെന്ന് പറയാൻ ഇവിടെ ഒന്നും ഇല്ലാത്തവരാണ് ഗൾഫ് പ്രവാസികൾ. പണവും ബിസിനസ്സും ഫാക്ടറിയും എല്ലാം അവർക്കിവിടെ ഉണ്ടായിരിക്കാം. യുദ്ധമോ പ്രകൃതി ദുരന്തമോ ഉണ്ടായാൽ എല്ലാം ഉപേക്ഷിച്ച് നാട്ടിൽ പോരേണ്ടവർ. അമേരിക്കയിലോ, മറ്റേതെങ്കിലും യൂറോപ്യൻ രാജ്യങ്ങളിലോ ഉള്ള പ്രവാസികൾക്ക് ഈ സ്ഥിതി വരില്ല. അവർ അവിടത്തുകാരാണ്. ഒന്നും ഉപേക്ഷിച്ച് എങ്ങോട്ടും അവർക്ക് പോകേണ്ടതില്ല. ഒരു മനുഷ്യായുസ്സ് മുഴുവൻ കഷ്ടപ്പെട്ട് നേടിയെടുത്തതൊക്കെ വലിച്ചെറിഞ്ഞ് പോകേണ്ട ഗതികേട് അവർക്കില്ല. പ്രവാസിയുടെ വിയർപ്പും രക്തവും കൊടുത്ത് പടുത്തുയർത്തിയ ആർഭാടങ്ങളാണ് ഗൾഫിലുള്ളത്. എങ്കിലും പ്രവാസി ഇന്നും അവിടെ അന്യനാണ്.’’

എന്നാൽ രണ്ടുപേർ തമ്മിലുള്ള ആശയ വിനിമയങ്ങളിൽ ഒരാൾ, അതും സ്ത്രീ അദൃശ്യയും നിശ്ശബ്ദയും ആക്കപ്പെട്ടത് എന്തുകൊണ്ടാണെന്ന് വിജയന്റെ കത്തുകൾ വിചാര വിനിമയങ്ങൾ- ഒ.വി. വിജയൻ ആനന്ദി രാമചന്ദ്രന് എഴുതിയ കത്തുകൾ എന്ന പുസ്തകത്തിന്റെ പശ്ചാത്തലത്തിൽ നമുക്ക് ചിന്തിക്കേണ്ടി വരുന്നു.

ആനന്ദി രാമചന്ദ്രന്റെ ഈ അഭിപ്രായം ഗൾഫ് പ്രവാസത്തെക്കുറിച്ചുള്ള ഏറ്റവും ശക്തമായ നിരീക്ഷണങ്ങളിൽ ഒന്നാണ്. ഇത്തരം നിരവധി നിരീക്ഷണങ്ങളും സമീപനങ്ങളും കൊണ്ട് സമ്പന്നമാണ് ഈ പുസ്തകം. എന്നാൽ ഇത്തരത്തിലുള്ള വിഷയങ്ങളിൽ അവർ വിജയനുമായി കത്തുകളിൽ സംസാരിച്ചിരുന്നുവോ എന്ന് വ്യക്തമല്ല. കാരണം ഈ കത്തുപുസ്തകത്തിൽ അവരുടെ കത്തുകൾ പൂർണമായും അദൃശ്യമാണ്. രണ്ടു പേർ തമ്മിൽ നടത്തിയ കത്തിടപാടുകളിൽ ഒരാളുടെ കത്തുകൾ മാത്രമാണ്, പുരുഷന്റെ കത്തുകൾ മാത്രമാണ് ശേഖരിക്കപ്പെട്ടിരിക്കുന്നത്, പ്രസിദ്ധീകരിക്കപ്പെട്ടിരിക്കുന്നത് എന്നു ചുരുക്കം. ഗൾഫ്- മലയാളി ബന്ധത്തിൽ തന്റെ തന്നെ കത്തുകളിലൂടെ ആനന്ദി രാമചന്ദ്രൻ കേൾപ്പിക്കാൻ ആഗ്രഹിച്ച യഥാർഥത്തിലുള്ള അവരുടെ ശബ്ദം നമുക്ക് കേൾക്കാനാവില്ല എന്നർഥം. എന്നുമാത്രമല്ല, ആനന്ദി രാമചന്ദ്രനാണ് വിജയന് ആദ്യം കത്തെഴുതുന്നത്. പക്ഷെ പുസ്തകത്തിന്റെ ഉപശീർഷകം ഒ.വി. വിജയൻ ആനന്ദി രാമചന്ദ്രന് എഴുതിയ കത്തുകൾ എന്നാണ്. കത്ത് എഴുതിത്തുടങ്ങിയയാൾ ശീർഷകം മുതലേ അസാന്നിധ്യമായി മാറുന്ന പ്രവണതയാണ് ഇതിലൂടെ നാം കാണുന്നത്.

വിജയന്റെ പ്രശസ്തി, മലയാള വായനക്കാർക്കിടയിലെ സ്വീകാര്യത തുടങ്ങിയ കാര്യങ്ങളായിരിക്കും വിജയന്റെ കത്തുകൾ എന്ന ശീർഷകത്തിലേക്ക് ആനന്ദിയേയും പ്രസാധകനേയും നയിച്ചിരിക്കുക. എന്നാൽ രണ്ടുപേർ തമ്മിലുള്ള ആശയ വിനിമയങ്ങളിൽ ഒരാൾ, അതും സ്ത്രീ അദൃശ്യയും നിശ്ശബ്ദയും ആക്കപ്പെട്ടത് എന്തുകൊണ്ടാണെന്ന് ഈ പുസ്തകത്തിന്റെ പശ്ചാത്തലത്തിൽ നമുക്ക് ചിന്തിക്കേണ്ടി വരുന്നു. എന്തു കൊണ്ട് വിജയന്റെ (പുരുഷന്റെ) മാത്രം കത്തുകൾ പൊതുവ്യവഹാരത്തിൽ വന്നു, സ്ത്രീയുടെ കത്തുകൾ വന്നില്ല? ഈ ചോദ്യത്തെ ഈ പുസ്തകം വാസ്തവത്തിൽ കൂടുതൽ ശക്തമാക്കുന്നു.

ഇനി പറയാനുള്ളത് ഇതിന്റെ നേർ വിപരീതമായ കാര്യമാണ്, എന്നാൽ അവിടെയും നിശ്ശബ്ദമാക്കപ്പെട്ടിരിക്കുന്നത് സ്ത്രീയുടെ ശബ്ദമാണ്. മോഹൻ പാലക്കാഴിയുടെ ഒമാൻ കത്തുകൾ നേരത്തെ പറഞ്ഞ അതേ പ്രശ്​നപരിസരത്ത് നമ്മെ വീണ്ടും എത്തിക്കുന്നു. ആ കത്തുകളിൽ പ്രതിനിധാന സ്വഭാവമുള്ള ഒന്ന് ഉദ്ധരിക്കാം:
‘‘1978 നവംബർ എന്റെ ഗിരിജക്ക്, അവിടെ നിന്ന് അയക്കുന്ന കത്തുകൾ ഹ്രസ്വമെങ്കിലും കാര്യമാത്ര പ്രസക്തമാണ്. വീട്ടുകാര്യങ്ങൾക്കു പുറമെ, നാട്ടിലെ രാഷ്ട്രീയ കാലാവസ്ഥയുടെ നിറഭേദങ്ങളും, കലാ സാംസ്‌ക്കാരിക രംഗങ്ങളിലെ വ്യതിയാനങ്ങളും ഗതിവിഗതികളും എനിക്കാ കത്തുകളിൽ നിന്ന് വായിച്ചെടുക്കാനാവുന്നുണ്ട്. എങ്കിലും സ്വകാര്യ ദുഃഖങ്ങൾക്കാണ് നീ കൂടുതൽ ഇടം നൽകുന്നത്. ആ ദുഃഖത്തിന് ശാശ്വതമായ ഒരു പരിഹാരം നിർദേശിക്കുക എനിക്കസാധ്യമാണ്. എല്ലാ ദുഃഖങ്ങൾക്കും കാലം ഒരു നാൾ വിരാമമിടും എന്ന പ്രത്യാശയാണ് ജീവിതം മുന്നോട്ടു നയിക്കുവാൻ നമ്മെ പ്രാപ്തരാക്കുന്നത്. നൻമ നിറഞ്ഞതും ശോഭനമായതും ദുഃഖഹീനവുമായ ഒരു ഭാവി നമുക്കുണ്ടാകാൻ പ്രാർഥിക്കാനല്ലേ കഴിയൂ. അതോടൊപ്പം കഠിനാധ്വാനം ചെയ്യാനും. അനന്തരഫലം എന്തായാലും അനുഭവിക്കാൻ നാം ബാധ്യസ്ഥരാണ്. ഇവിടെ ഇപ്പോൾ പുസ്തകങ്ങളോ, പത്രങ്ങളോ മറ്റാനുകാലിക പ്രസിദ്ധീകരണങ്ങളോ ഒന്നും തന്നെ ലഭിക്കുന്നില്ല. ഇവിടുത്തെ ജീവിതം എത്ര ശോചനീയവും, ഇരുളടഞ്ഞതുമാണെന്ന് ഞാൻ മനസ്സിലാക്കുന്നു. ലോകത്തിന്റെ ഗതിവിഗതികളെക്കുറിച്ചോ, നാട്ടിലെ ചെറുതും വലുതുമായ രാഷ്ട്രീയ ചലനങ്ങളെക്കുറിച്ചോ, മറ്റു കലാ സാംസ്‌ക്കാരിക രംഗങ്ങളിലെ പുതിയ പ്രവണതകളെക്കുറിച്ചോ മറ്റോ അറിയാൻ പത്രങ്ങളെ ആശ്രയിക്കണമല്ലോ. ഇവിടെ എത്തിച്ചേരുന്ന ഭൂരിപക്ഷം മലയാളികൾക്കും വായനാശീലം നന്നേ കുറവാണ്. നാട്ടിൽ നിന്നും തികച്ചും വ്യത്യസ്തമായ രീതികളാണ് പലരും ഇവിടെ അനുവർത്തിക്കുന്നത്. പ്രാതലിനൊപ്പം അൽപ്പം വാർത്ത കൂടി നുണഞ്ഞിറക്കാത്ത മലയാളികൾ അപൂർവ്വമാണെന്നിരിക്കെ ഇവിടെ എത്തിച്ചേരുന്നവരിൽ എത്ര വലിയ പരിവർത്തനമാണ് നമുക്ക് കാണാൻ കഴിയുക?! എല്ലാവരിലും പണമുണ്ടാക്കാനുള്ള വ്യഗ്രത മാത്രമാണ് മുന്നിട്ടു നിൽക്കുന്നത്. പണത്തിനു വേണ്ടി കുറുക്കുവഴികൾ തേടുന്നവരും, കഠിനമായി അധ്വാനിച്ചുണ്ടാക്കണമെന്ന് ചിന്തിക്കുന്നവരുമുണ്ട്. എത്ര കഠിനാധ്വാനം ചെയ്​താലും വരുമാനത്തിന് പരിമിതികളേറെയാണ്. പിന്നെയുളളത് കുറുക്കു വഴികളാണ്. ലക്ഷ്മിയും സരസ്വതിയും ഒരുമിച്ചു വാഴുവാൻ പ്രയാസമാണെന്നാരോ പറഞ്ഞതു പോലെ, അക്ഷരദേവതയെ മറന്ന് ലക്ഷ്മീപൂജ നടത്തുന്നവരാണേറെയും.’’ (ഒമാൻ കത്തുകൾ/, ചന്ദ്രിക ആഴ്ചപ്പതിപ്പ്, 21 മാർച്ച്, 2020).

ഇത് ഭർത്താവ് ഭാര്യക്കെഴുതിയ കത്തിൽ നിന്നുള്ളതാണ്. ഭർത്താവ് കത്തുകൾ സമാഹരിച്ചപ്പോൾ അതിൽ തന്റെ കത്തുകൾ മാത്രമേ ഉള്ളൂ. അതായത് ഒന്നുകിൽ അയാൾ തന്റെ കത്തുകളുടെ കോപ്പികൾ സൂക്ഷിച്ചുവെച്ചു, അല്ലെങ്കിൽ വീട്ടിൽ കത്തുകൾ കളയാതെ സൂക്ഷിക്കണമെന്ന് ഭാര്യക്ക് നിർദേശം നൽകി. നേരത്തെ സ്ത്രീയും പുരുഷനും തമ്മിലുള്ള കത്തുകളിൽ സ്ത്രീയുടെ കത്തുകൾ ഇല്ലാതാകുന്നു, ഇവിടെ പുരുഷനും സ്ത്രീയും തമ്മിലുള്ള കത്തിടപാടുകളിലും സ്ത്രീയുടെ കത്തുകൾ അദൃശ്യമാകുന്നു. മോഹൻ പാലക്കാഴി ഭാര്യ അയക്കുന്ന കത്തുകളിൽ സ്വകാര്യ ദുഃഖങ്ങളാണ് മുന്നിട്ടു നിൽക്കുന്നത് എന്നുപറയുന്നു. എന്തായിരുന്നു ആ സ്വകാര്യ ദുഃഖങ്ങൾ, അത് എഴുതപ്പെട്ടത് ഏതു ഭാഷയിലാണ്? അതിന് ദുബായ്ക്കത്തുപാട്ടിന്റെ ഘടന തന്നെയായിരുന്നുവോ? ഇങ്ങിനെയുളള നിരവധി ചോദ്യങ്ങൾ ഉത്തരം കിട്ടാതെ അവശേഷിക്കുക തന്നെയാണ്. പൊതുവ്യവഹാര മണ്ഡലത്തിലേക്ക് ലഭ്യമാക്കപ്പെടുന്ന ഗൾഫ് കത്തുകളിൽ നിന്ന്​ എന്തു കൊണ്ട് സ്ത്രീകളുടെ കത്തുകൾ ഒഴിവാക്കപ്പെട്ടു എന്ന ചോദ്യം ആവർത്തിക്കാൻ ഒമാൻ കത്തുകളും ഒരു അന്വേഷകനെ നിർബന്ധിതനാക്കുന്നു.

ഗൾഫിൽ ജീവിച്ച കുടുംബിനിയുടെ കത്ത്

ഗൾഫിൽ നിന്നുള്ള തപാൽ കത്തെഴുത്ത് 21-ാം നൂറ്റാണ്ടിന്റെ തുടക്കത്തോടെ ദുർബലമാകാൻ തുടങ്ങി. നൂറ്റാണ്ടിന്റെ ആദ്യ ദശകത്തോടെ കത്തെഴുത്ത് പൂർണമായും നിലച്ചുവെന്ന് കാണാം. മൊബൈൽ ഫോൺ, ഇന്റർനെറ്റ് എന്നീ സൗകര്യങ്ങൾ എപ്പോൾ വേണമെങ്കിലും പരസ്പരം സ്‌ക്രീനിൽ കണ്ട് സംസാരിക്കാനുള്ള സൗകര്യമൊരുക്കിയതോടെയാണ് തപാൽ കത്തുകൾ അവസാനിച്ചത്. ഇലക്​ട്രാണിക്​ കത്തുകൾ, ഡിജിറ്റൽ കത്തുകൾ എന്നിവ ഉപയോഗപ്പെടുത്തിയാണ് ആശയ-വിവര വിനിമയങ്ങൾ ഇന്ന് നടക്കുന്നത്. എന്നാൽ മലയാളി പൊതുസമൂഹം ഇന്നും അവസാനിപ്പിക്കാത്തത് ‘വായനക്കാരുടെ കത്തുകൾ' എന്ന പംക്തിയിലേക്കുള്ള കത്തെഴുത്താണ്. അച്ചടി പത്രങ്ങൾ, ആഴ്ചപ്പതിപ്പുകൾ, മാസികകൾ എന്നിവയിലേക്കാണ് മലയാളി വായനക്കാർ ഇന്നും കത്തെഴുതുന്നത്.

കത്തുകളിലൂടെ ഗൾഫ് ഭാര്യയായ മലയാളി സ്ത്രീ ആവിഷ്‌ക്കരിച്ച പ്രശ്നങ്ങൾ ഇന്ന് ഊഹങ്ങൾക്കുവിട്ടു കൊടുക്കാൻ മാത്രമേ നിവൃത്തിയുള്ളൂ. കാരണം ആ കത്തുകൾ അവ്വിധം അദൃശ്യമാക്കപ്പെട്ടിരിക്കുന്നു, നിശ്ശബ്ദമാക്കപ്പെട്ടിരിക്കുന്നു.

1999 മുതൽ ഗൾഫിൽ വിവിധ മലയാള പത്രങ്ങൾ എഡീഷൻ ആരംഭിച്ചതോടെ വായനക്കാരുടെ കത്തുകളിൽ ഗൾഫുകാർ സജീവമായി എഴുതാൻ തുടങ്ങി. തപാൽ കത്തുകളുടെ പാരമ്പര്യമാണ് ‘വായനക്കാരുടെ കത്തുകൾ’ വിശദമായി പരിശോധിച്ചാൽ കാണാൻ കഴിയുക. വൈകാരിക പ്രശ്നങ്ങൾ, ഗൾഫ് അനുഭവങ്ങൾ, രാഷ്ട്രീയ-സാമൂഹിക പ്രശ്നങ്ങൾ, ഡയസ്പോറ ആഖ്യാനങ്ങൾ തുടങ്ങി നിരവധി കാര്യങ്ങൾ വായനക്കാരുടെ കത്തുകളിലൂടെ ദൃശ്യപ്പെട്ടു. ഗൾഫ് കുടിയേറ്റത്തിന്റെ തുടക്കക്കാലത്തുനിന്ന് വ്യത്യസ്തമായി ഒരു വിഭാഗം മലയാളി പ്രവാസികൾ കുടുംബത്തോടൊപ്പം ഗൾഫിലെ തൊഴിൽ സ്ഥലങ്ങളിൽ ജീവിക്കാനും തുടങ്ങി. ഇത്തരത്തിൽ ഗൾഫിൽ കഴിയുന്ന ഒരു മലയാളി കുടുംബിനി വായനക്കാരുടെ കത്തുകളിൽ എഴുതിയ കത്ത് ഇവിടെ ഉദ്ധരിക്കുന്നു:‘‘മരണത്തിന്റെ ഗന്ധം സൗദിയിൽ ഫ്ളാറ്റ്​ ജീവിതം തുടങ്ങിയിട്ട് കുറച്ചായെങ്കിലും ആകെ പരിചയമുള്ളത് രണ്ടു ഫ്ളാറ്റ് അപ്പുറത്തുള്ള തമിഴ്നാട് സ്വദേശികളെ മാത്രം. അതിനപ്പുറം എല്ലാ വാതിലുകളും കൊട്ടിയടക്കപ്പെട്ടതാണ്. പല നാടുകളിൽ നിന്ന വന്നവർ. പല ഭാഷകൾ സംസാരിക്കുന്നവർ. ആർക്കും കൂടുതൽ അടുക്കേണ്ടതില്ല. എന്തു സംഭവിച്ചാലും ആരും ഒന്നുമറിയാത്ത അവസ്ഥ. ആദ്യമാദ്യം ഭയമായിരുന്നു. പിന്നെയതൊരു ശീലമായിത്തുടങ്ങി. ഒരു രാത്രിയിൽ കുന്തിരക്കത്തിന്റെ നിലക്കാത്ത മണം. നാട്ടിലെ മരണവീടുകളെയാണ് അത് ഓർമ്മിപ്പിച്ചത്. ഇതേക്കുറിച്ച് ഭർത്താവിനോട് ചോദിച്ചപ്പോൾ ഇവിടെ ആളുകൾ വ്യാഴാഴ്ച രാത്രികളിൽ കുന്തിരിക്കം പുകക്കാറുണ്ടെന്നായിരുന്നു മറുപടി. ശരിയാണ് ചില വ്യാഴാഴ്ചകളിൽ കുന്തിരിക്കം മണക്കാറുണ്ട്. പക്ഷെ അതൊന്നും ഇത്തരം മണങ്ങളായിരുന്നില്ല. സുഗന്ധമുള്ള ഊദോ മറ്റോ ആയിരുന്നു. എന്തായാലും കുന്തിരിക്കം അതിന്റെ സുഗന്ധം പരത്തിക്കൊണ്ടിരുന്നു. പുറത്ത് കുട്ടികളുടെ കളികളുടേയും ഉച്ചത്തിലുള്ള സംസാരത്തിന്റേയും ശബ്ദം മാത്രം. കാലത്ത് പതിനൊന്നരയോടെ മകനെ സ്കൂൾ വാൻ കയറ്റി വിടാൻ പോയപ്പോഴാണ് എന്റെ മുന്നിലൂടെ ആരുടെയോ മൃതദേഹവുമായി കുറേ പേർ അകത്തേക്ക് കയറിപ്പോകുന്നത് ശ്രദ്ധയിൽ പെട്ടത്. പല കാറുകളിലായി വന്ന സ്ത്രീകളും കുഞ്ഞുങ്ങളും പുരുഷൻമാരുമടങ്ങുന്ന സംഘങ്ങൾ ഫ്ളാറ്റിനകത്തേക്ക് കയറിക്കൊണ്ടേയിരുന്നു. മകനെ വാനിൽ കയറ്റി ഫ്ളാറ്റിലെത്തിയപ്പോൾ മാത്രമാണ് എന്റെ വീടുള്ള നിലയിലെ അങ്ങേ തലക്കൽ മരണം നടന്ന വിവരം അറിയുന്നത്. ഇന്നലെ മുതൽ പ്രവഹിച്ചു കൊണ്ടിരുന്ന ആ ഗന്ധം ശരിക്കും മരണ വീട്ടിലേതായിരുന്നുവെന്ന യാഥാർഥ്യം തിരിച്ചറിയുകയായിരുന്നു ഞാൻ.’’- റിസ്വാന ഹബീബ്, ജിദ്ദ. (ഗൾഫ് മാധ്യമം ദിനപത്രം/സൗദി അറേബ്യ എഡിഷൻ, വായനക്കാരുടെ കത്തുകളുടെ പംക്തിയായ ഇൻബോക്സ്, 2015 ഡിസംബർ 5).

ഡയസ്പോറ ജീവിതത്തിൽ തനിക്കു ചുറ്റും നടക്കുന്ന കാര്യങ്ങൾ ഒന്നും മനസ്സിലാക്കാൻ കഴിയാതെ ജീവിക്കേണ്ടി വരുന്ന മലയാളി സ്ത്രീയുടെ ശബ്ദമാണ് ഈ കത്തിലൂടെ നാം കേൾക്കുന്നത്. എന്നാൽ വായനക്കാരുടെ കത്തുകളിലൂടെ സ്ത്രീകൾക്ക് തങ്ങളെ പൊതുവ്യവഹാരത്തിൽ പൂർണമായും ആവിഷ്കരിക്കാൻ കഴിയുമോ? സോഷ്യൽ മീഡിയ, ന്യൂ മീഡിയ എന്നിവയിൽ നിന്ന് വിഭിന്നമായി അച്ചടി മാധ്യമങ്ങളിൽ എഡിറ്റർമാരുണ്ട്. അവർ തീരുമാനിക്കുന്ന വിഷയങ്ങൾ, അതുൾക്കൊള്ളുന്ന കത്തുകൾ മാത്രമാണ് തീർച്ചയായും അച്ചടിച്ചു വരിക.

കത്തുകളിലൂടെ ഗൾഫ് ഭാര്യയായ മലയാളി സ്ത്രീ ആവിഷ്‌ക്കരിച്ച പ്രശ്നങ്ങൾ ഇന്ന് ഊഹങ്ങൾക്കുവിട്ടു കൊടുക്കാൻ മാത്രമേ നിവൃത്തിയുള്ളൂ. കാരണം ആ കത്തുകൾ അവ്വിധം അദൃശ്യമാക്കപ്പെട്ടിരിക്കുന്നു, നിശ്ശബ്ദമാക്കപ്പെട്ടിരിക്കുന്നു. ഗൾഫ് കേരളത്തിനു നൽകിയ സാമ്പത്തിക മുന്നേറ്റത്തിന്റെ കഥകൾ പറയുമ്പോൾ, നാലു പതിറ്റാണ്ടിലേറെയായി സ്ത്രീകൾ അനുഭവിക്കുന്ന വൈയക്തിതാഘാതങ്ങളുടേയും അതു നൽകുന്ന മുറിവുകളുടേയും യഥാർഥ ചിത്രങ്ങൾ മറച്ചുവെക്കപ്പെടുക തന്നെയാണ് എന്ന് മനസ്സിലാക്കാൻ ഒട്ടും വിഷമിക്കേണ്ടി വരില്ല. മലയാളിയുടെ ഗൾഫ് ജീവിതത്തിൽ അദൃശ്യയാക്കപ്പെട്ട സ്ത്രീയുടെ ശബ്ദങ്ങൾ കണ്ടെത്താനും രേഖപ്പെടുത്താനും ഈ വിചാരങ്ങൾ ഗവേഷകരെ പ്രേരിപ്പിക്കുമെന്ന് തന്നെ വിചാരിക്കാം. സമകാലിക കേരള ചരിത്രത്തിന്റെ പൂർണ അടയാളപ്പെടുത്തലിൽ ഈ കാര്യം മാറ്റി നിർത്താനാവില്ലെന്നത് ഇന്ന് ലോകമെങ്ങും സജീവമായിക്കഴിഞ്ഞ ഡയസ്പോറ പഠനങ്ങളിൽ നിന്ന് വ്യക്തമാണ്.▮


വി. മുസഫർ അഹമ്മദ്​

കവി, വിവർത്തകൻ, യാത്രികൻ, ‘കേരളീയം’ മാസികയുടെ എഡിറ്റർ. ​​​​​​​മരുഭൂമിയുടെ ആത്മകഥ, മരുമരങ്ങൾ, മരിച്ചവരുടെ നോട്ടുപുസ്​തകം, കുടിയേറ്റക്കാരന്റെ വീട്​ തുടങ്ങിയവ പ്രധാന പുസ്​തകങ്ങൾ.

Comments