വൈറസ്സിനെക്കാൾ മാരകമാണ് വിശപ്പിന്റെ വേദന

ഇരുപത്തിയഞ്ച് റോഹിങ്ക്യൻ വംശജർ ബോട്ടിൽ വിശന്നു മരിച്ച വാർത്ത വന്നത് ഇന്ന് രാവിലെയാണ്. ഇന്ത്യയിൽ കൊറോണക്കാലം, ലേക്ഡൗണിലായ തൊഴിലാളികളുടെ, ദരിദ്രരായ കോടിക്കണക്കിന് മനുഷ്യരുടെ വിശപ്പിനെ ആളിക്കത്തിക്കുന്നുണ്ട്. പോഷകാഹാരം കഴിച്ച് പ്രതിരോധശേഷി കൂട്ടണമെന്ന് പട്ടിണിപ്പാവങ്ങളോട് ആവശ്യപ്പെടുന്നുണ്ട് പ്രധാനമന്ത്രി. പക്ഷേ തെരുവിലെ തൊഴിലാളികൾക്ക്, കർഷകർക്ക് ശുദ്ധജലം പോലും കിട്ടുന്നില്ല എന്നതാണ് വാസ്തവം. വൈറ സിന്റെ വ്യാപനത്തേക്കാൾ സംഹാരശേഷിയുണ്ട് വിശപ്പിനെന്ന് ഡൽഹിയിലെ തൊഴിലാളികളുടെ ഉദാഹരണത്തിലൂടെ പറയുകയാണ് ടി.വി.ഷാമിൽ

Delhi Lens

വിശപ്പ് പടരുന്ന ഇന്ത്യൻ ഗ്രാമങ്ങൾ

ഉറങ്ങാത്ത തെരുവുകൾ ഇപ്പോൾ നീണ്ട നിദ്രയിലാണ്. നിലക്കാതെ ഒഴുകിയിരുന്ന മനുഷ്യ ജീവിതം എങ്ങും അടിമുടി മാറിയിരിക്കുന്നു. മഹാഭൂരിപക്ഷം ദരിദ്രരും കർഷക തൊഴിലാളികളുമുള്ള ഇന്ത്യക്ക് കാലങ്ങളെടുക്കും എല്ലാം പഴയപടിയാക്കാൻ. അത്രമേൽ ആഴങ്ങളിലേക്ക് കൂപ്പുകുത്തിയിട്ടുണ്ട് സാധാരണക്കാരന്റെ ജീവിതം. സാമ്പത്തിക വളർച്ച അരശതമാനമായി കുറയും എന്നാണ് OECD രാജ്യങ്ങളുടെ പ്രാഥമിക വിശകലനം. വൻ കോർപ്പറേറ്റുകളുടെ ലാഭത്തിൽ ഉണ്ടായ കുറവിൽ മാത്രം വേവലാതിപ്പെടുന്ന ഭരണസംവിധാനങ്ങൾ സാധാരണക്കാരന്റെ വീഴ്ച്ചയുടെ ആക്കം കൂട്ടും. അതുകൊണ്ട് തന്നെ കർഷകരെയും തൊഴിലാളികളെയും സംബന്ധിച്ചിടത്തോളം പ്രവചനങ്ങൾക്ക് അതീതമാകും വരും കാലങ്ങൾ.

പേടിപ്പെടുത്തുന്ന നിശബ്ദതയാണ് ഇന്ന് ഡൽഹിയിലെ രാജവീഥികൾക്ക്. ഇന്ത്യയുടെ നാനാ ഭാഗത്തുനിന്നുമുള്ള എല്ലാത്തരം മനുഷ്യരും വന്നടിഞ്ഞ മഹാതീരമാണ് രാജ്യതലസ്ഥാനമായ ഡൽഹി. ഉപജീവനത്തിനായി നാടുപേക്ഷിച്ചു വന്നവരാണ് അതിൽ ഭൂരിപക്ഷവും. രാപ്പകൽ അധ്വാനത്തിന് 20 രൂപ ദിവസക്കൂലിയുള്ള ബിഹാറിൽ നിന്നും, മനുഷ്യരെക്കാൾ പശുവിന് പ്രിവിലേജുള്ള ഉത്തർ പ്രദേശിൽ നിന്നുള്ളവരുമാണ് അധികവും. പട്ടിണി മാത്രം പകരം തന്ന കൃഷിയിടങ്ങൾ ഉപേക്ഷിച്ചു വന്ന കർഷകരാണ് ഇതിൽ മിക്ക ആളുകളും. ഡിജിറ്റൽ ഇന്ത്യയിൽ ലഭ്യമായ കണക്കുകൾ പ്രകാരം 2018-ൽ മാത്രം ആത്മഹത്യ ചെയ്ത കർഷകരുടെ എണ്ണം 10,655 ആണ്. മരണത്തിന് പ്രധാന കാരണം പട്ടിണിയായിരുന്നു.
കോവിഡ് പ്രതിരോധത്തിനായി രാജ്യം അടച്ചിടുമ്പോൾ ഭരണകൂടം ഇന്നേവരെ വേണ്ടവിധം പരിഗണിച്ചിട്ടില്ലാത്ത, കണ്ടിട്ടില്ലാത്ത ആ ജനത അക്ഷരാർത്ഥത്തിൽ ആത്മഹത്യാ മുനമ്പിൽ നിൽക്കുകയാണ്.

ഉപജീവനത്തിനായി നാടുപേക്ഷിച്ച് ഡൽഹിയിലേക്ക് വന്ന റിക്ഷാക്കാരൻ നാഗേന്ദർ ചച്ചറിനും, ഉന്തുവണ്ടിയിൽ പച്ചക്കറി വിൽക്കുന്ന ഉത്തർ പ്രദേശുകാരനായ ധർമേന്ദറിനും, മാലിന്യം നീക്കുന്ന കുമാറിനും പറയാനുള്ളത് പലതരം ജീവിത കഥകളാണ്. എങ്കിലും അവരൊക്കെ ഇവിടെ എത്തിയതിന് പിന്നിൽ വിശപ്പെന്ന ഒറ്റക്കാരണമെ ഉള്ളൂ. കോടിക്കണക്കിന് വരുന്ന തൊഴിലാളി ജനതയുടെ പ്രതിനിധികളാണ് ഇവർ.
രാജ്യം അടച്ചിടുമ്പോൾ തെരുവിലെ ഈ മനുഷ്യർക്ക് എന്ത് സംഭവിക്കും എന്നത് ഒരിക്കൽ പോലും ഭരണകൂടത്തെ അസ്വസ്ഥമാക്കുന്നില്ല. കുറ്റകരമായ മൗനമാണ് ഇത്തരം മനുഷ്യരോട് ഇപ്പോഴും ഭരണകൂടം പുലർത്തുന്നത്.
കയ്യകലത്തിൽ ഇത്രനാൾ ഉണ്ടായിട്ടും കാണാതിരുന്നവരോടാണ് ഭരണകൂടം ഒരു മീറ്റർ അകലം പാലിക്കണമെന്നും സാമൂഹിക ഐക്യം വേണമെന്നും പറയുന്നത്. ഇന്നേവരെ കൂടെനിന്നിട്ടില്ലാത്ത ഭരണകൂടങ്ങൾക്ക് ഒപ്പം തന്നെയാണ് കൊടും പട്ടിണിക്ക് മുന്നിലും അവർ പ്രതീക്ഷയോടെ നിൽക്കുന്നത്. മഹാമാരിക്ക് മുന്നിൽ സാധാരണക്കാരൻ നടത്തുന്നത് അക്ഷരാർത്ഥത്തിൽ ജീവൻ മരണ പോരാട്ടമാണ്.

ആമുഖമില്ലാത്ത മനുഷ്യർ

'സിഖ് ഗുരുദ്വാര കൂടി ഇല്ലായിരുന്നെങ്കിൽ ഞങ്ങളൊക്കെ എന്നോ ഭഗവാന്റെ അടുത്ത് എത്തുമായിരുന്നു'. റിക്ഷാക്കാരനായ നാഗേന്ദർ ചച്ചർ ഇത് പറയുമ്പോൾ നിസ്സഹായതയുടെ നിഴൽ അദ്ദേഹത്തിന്റെ മുഖത്ത് കാണാമായിരുന്നു. അസ്ഥികൂടമായ ശരീരത്തിനുള്ളിലെ വിശപ്പിന്റെ വേദന പുറം കാഴ്ചയിൽ തന്നെ വ്യക്തമാണ്.

നാഗേന്ദർ ചച്ചർ
നാഗേന്ദർ ചച്ചർ

ബിഹാറിലെ ഭോജ്പുർ ജില്ലക്കാരനാണ് നാഗേന്ദർ ചച്ചർ. ഡൽഹിയിലെ രാജവീഥികളിൽ മുച്ചക്ര സൈക്കിൾ ഓടിക്കാൻ തുടങ്ങിയിട്ട് 26 വർഷങ്ങളായി. നഗരത്തിന്റെ ഓരോ വളർച്ചയും ജീവിതം കൊണ്ട് അനുഭവിച്ചിട്ടുണ്ട് അദ്ദേഹം. വെള്ളകെട്ടുകൾ നികത്തി കൂറ്റൻ ബിൽഡിങ്ങുകൾ വന്നതും, ജാതി രാഷ്ട്രീയം അധികാരത്തിന്റെ പടവുകൾ കയറിയതും കണ്ടു നിന്നിട്ടുണ്ട്. എന്നാൽ കാലത്തിനൊപ്പം പരിഷ്‌ക്കാരങ്ങൾ ഏതുമില്ലാതെ ആ മനുഷ്യനും സൈക്കിൾ റിക്ഷയും അതുപോലെ ഉണ്ട്. ചില മനുഷ്യ ജീവിതങ്ങൾക്ക് മുന്നിൽ വൈവിധ്യങ്ങളുടെ ഇന്ത്യ എന്നത് ഒരു ചെറിയ പ്രയോഗമേ അല്ല.
ഒരു സവാരിക്ക് 10 രൂപമുതൽ 40 രൂപ വരെയാണ് പരമാവധി ലഭിക്കുക. 100 മുതൽ 250 രൂപവരെയാണ് രാപ്പകൽ അധ്വാനത്തിന് ശേഷം ബാക്കിയാവുക. അവധി ദിവസങ്ങളിൽ അതും ഇല്ല.

കർഷകനായ അച്ഛൻ പട്ടിണി സഹിക്കാൻ കഴിയാതെ പാടത്ത് സ്വയം ജീവിതം അവസാനിപ്പിച്ചപ്പോൾ അമ്മയുടെയും സഹോദരങ്ങളുടെയും വിശപ്പകറ്റാൻ വണ്ടി കയറിയതാണ് ഡൽഹിയിലേക്ക്. കൊടും ചൂടും തണുപ്പും പലതവണ വന്നു. എല്ലാം അവസാനിപ്പിച്ച് ഗ്രാമത്തിലേക്ക് വണ്ടി കയറണം എന്ന് പലതവണ തോന്നിയതാണ്. അപ്പോഴൊക്കെ പാടത്തിനരികിലെ മാവിൻ കൊമ്പിൽ തൂങ്ങിയാടുന്ന അച്ഛന്റെ ശരീരമാണ് ഓർമ്മവരിക. പിന്നെ എങ്ങോട്ടെന്നില്ലാതെ റിക്ഷയെടുത്ത് കുറെ ദൂരം പോകും. ഇത്രയും കാലത്തിനിടക്ക് ഗ്രാമത്തിൽ പോയത് വിരലിലെണ്ണാവുന്ന തവണ മാത്രമാണ്. സ്വന്തമെന്ന് പറയാൻ ആകെയുള്ളത് സൈക്കിൾ റിക്ഷയാണ്. അതിൽ തന്നെയാണ് ഇരിപ്പും കിടപ്പും. രാത്രിയായാൽ ഏതെങ്കിലും മരച്ചുവട്ടിൽ സൈക്കിൾ ഒതുക്കി ഷീറ്റ് വിരിച്ചുറങ്ങും. ഒരിക്കൽ ആരൊക്കെയോ സൈക്കിൾ കട്ടുകൊണ്ട് പോകാൻ ശ്രമിച്ചതിന് ശേഷം രാത്രിയിലെ കിടപ്പും സൈക്കിൾ റിക്ഷക്ക് മുകളിൽ തന്നെയാക്കി. വിശന്നു വളഞ്ഞ ശരീരത്തിന് സൈക്കിളിന്റെ ഘടനയോട് പൊരുത്തപ്പെടാൻ എളുപ്പമായിരുന്നു.

കൊറോണയെ പ്രതിരോധിക്കാനായി രാജ്യം അടച്ചിട്ടിട്ട് 16 ദിവസങ്ങൾ പിന്നിട്ടിരിക്കുകയാണ്. വരാൻ പോകുന്ന പട്ടിണിയിൽ ഭയന്ന് കൂടെ ഉണ്ടായിരുന്ന പലരും ഗ്രാമങ്ങളിലേക്ക് നടന്നു പോകാൻ തീരുമാനിച്ചു. ആയിരങ്ങളാണ് അത്തരത്തിൽ പലായനം ചെയ്തത്. വിശപ്പായിരുന്നു പ്രധാന കാരണം. സ്വന്തം ഗ്രാമത്തിൽ എത്തിയാൽ ശുദ്ധമായ വെള്ളമെങ്കിലും കുടിക്കാമല്ലോ എന്ന സമാധാനമായിരുന്നു അവർക്ക്. യഥാർത്ഥ പ്രശ്‌നവും അത് തന്നെയാണ്. ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന് ശുദ്ധമായ കുടിവെള്ളം പോലും സാധാരണക്കാരനിലേക്ക് എത്തിക്കാൻ ആകുന്നില്ല എന്നതാണ് വാസ്തവം. സുഹൃത്തുക്കളുടെ കൂടെ ഗ്രാമത്തിലേക്ക് രക്ഷപ്പെടണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും രോഗങ്ങൾ തളർത്തിയ ശരീരം അത്തരമൊരു പലായനത്തിന് അനുവദിച്ചില്ല. പിന്നീടാണ് അറിഞ്ഞത് വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്ന്. എല്ലാം അറിഞ്ഞ് അവിടെ എത്തിയപ്പോഴേക്കും ഏറെ വൈകിയിരുന്നു.

കുറച്ചു ദിവസം മുൻപാണ് ആ വാർത്തയും നാഗേന്ദർ ചച്ചറിനെ തേടി എത്തിയത്. ഗ്രമത്തിൽ മറ്റൊരു പട്ടിണി മരണം കൂടി നടന്നിരിക്കുന്നു.
രാകേഷ് മുഷർ എന്ന എട്ടുവയസ്സുകാരനാണ് വിശന്നു മരിച്ചത്. അച്ഛനായ ചുമട്ടുതൊഴിലാളി ദുർഗ മുഷറിന് ജോലിയില്ലാതെയായിട്ട് ദിവസങ്ങൾ ആയിരുന്നു. മകന്റെ വിശപ്പിന്റെ ആഴം മരണത്തോളം എത്തും എന്ന് ആ നിസ്സഹായനായ മനുഷ്യന് ഒരു പക്ഷെ ചിന്തിക്കാൻ സാധിച്ചു കാണില്ല. അറിഞ്ഞതിലും എത്രയോ ഇരട്ടിയാണ് അടച്ചിട്ട ഗ്രാമങ്ങളിലെ രോദനങ്ങൾ. നാഗേന്ദർ ചച്ചർ ഇനിയൊന്നും പറയാനില്ല എന്ന ഭാവത്തിൽ റിക്ഷക്ക് ഉള്ളിലേക്ക് ചുരുണ്ടു കിടന്നു.

മഹാനദിയും മനുഷ്യരും

പുറമെ മനോഹരമായ കെട്ടുകാഴ്ചകളുള്ള നഗരമാണ് ഡൽഹി എങ്കിലും ചീഞ്ഞു നാറുന്ന ഒരു അകവും അതിനുണ്ട്. നദികളെ ദൈവതുല്യം ആരാധിക്കുന്നവരാണ് ഇവിടുത്തെ മനുഷ്യർ. എന്നാൽ അതേ നദിയുടെ മാറിലേക്ക് തന്നെയാണ് സകല മാലിന്യങ്ങളും തള്ളുന്നത് എന്നതാണ് യാഥാർഥ്യം. ലോക രാജ്യങ്ങളുടെ പട്ടികയിൽ ഏറ്റവും മലിനീകരിക്കപ്പെട്ട രാജ്യ തലസ്ഥാനം ഡൽഹിയാണ്. ടൺ കണക്കിന് മാലിന്യമാണ് സംസ്‌കരിക്കപെടാതെ തലസ്ഥാന നഗരിയുടെ പല ഭാഗങ്ങളിലായി കൂട്ടിയിട്ടിരിക്കുന്നത്.

മാലിന്യം ശേഖരിക്കുന്ന കരാർ തൊഴിലാളിയായ കുമാറിനെ കാണുന്നത് മയൂർ വിഹാറിൽ നിന്നാണ്. ക്ഷീണിച്ച് അവശനായിട്ടുണ്ടായിരുന്നു അദ്ദേഹം. അതിരാവിലെ കിഷന്റെ ചായക്കടയിൽ നിന്നും ചായയും റസ്‌ക്കും കഴിച്ചു തുടങ്ങുന്ന ജോലി മൂന്ന് മണിക്ക് ശേഷമാണ് നിർത്തുക. അപ്പോഴേക്കും മാലിന്യത്തിന്റെ ദുർഗന്ധമേറ്റ് മനം മടുത്തുകാണും. ഉച്ച ഭക്ഷണം എന്നത് വല്ലപ്പോഴും മാത്രം സംഭവിക്കുന്ന ഒന്നാണ്. ലോക്ക് ഡൗൺ ആയതിന് ശേഷം ചായ കുടിക്കാൻ പോലും സംവിധാനം ഇല്ല.

കുമാർ
കുമാർ

വർഷങ്ങൾക്ക് മുൻപ് ഹരിയാനയിൽ നിന്നും കുടുംബ സുഹൃത്താണ് ഡൽഹിയിലേക്ക് കൊണ്ടുവന്നത്. അന്ന് തുടങ്ങിയതാണ് തെരുവ് വൃത്തിയാക്കൽ. ദുർഗന്ധമേറ്റ് ആയുസ്സ് പകുതിയായി എന്ന് കുമാർ പറയുമ്പോൾ കണ്ണുകളിൽ നിസ്സഹായത മാത്രമായിരുന്നു. തുച്ഛമായ തുകയാണ് സമാനതകളില്ലാത്ത ഈ അധ്വാനത്തിന്റെ കൂലി. എങ്കിലും കുടുംബത്തിന് വേണ്ടി ഇത് ചെയ്യാൻ സന്തോഷമേ ഉള്ളൂ എന്നാണ് കുമാർ പറയുന്നത്. സകല മാലിന്യങ്ങളും യാതൊരു വിധ സുരക്ഷാ സംവിധാനങ്ങളും ഇല്ലാതെയാണ് കൈകാര്യം ചെയ്യുന്നത്. മിക്ക തൊഴിലാളികൾക്കും എണ്ണമറ്റ അസുഖങ്ങളുമുണ്ട്. രോഗം വന്നാൽ മരിക്കുക എന്നല്ലാതെ മറ്റൊരു മാർഗ്ഗവും ഇല്ല. രാജ്യത്തെ സകല മാലിന്യങ്ങളും വൃത്തിയാക്കുന്ന ഈ മനുഷ്യർക്ക് യാതൊരു വിധ ആരോഗ്യ പരിരക്ഷയും ഭരണകൂടങ്ങൾ ഇന്നേവരെ നൽകിയിട്ടില്ല എന്നതാണ് മറ്റൊരു വസ്തുത.

ലോക്ക്ഡൗൺ ആയതു കാരണം എല്ലാ ദിവസവും ജോലിക്ക് പോകേണ്ടതില്ല. തെരുവുകളിൽ മാലിന്യം കുറയുന്നതിനാൽ വിളിക്കുമ്പോൾ മാത്രം പോയാൽ മതി. അതുകൊണ്ട് ഇപ്പോൾ മിക്ക ദിവസങ്ങളും പട്ടിണിയാണ്. മാലിന്യം എടുക്കുന്ന ആയിരക്കണക്കിന് വരുന്ന മറ്റു തൊഴിലാളികളുടെ അവസ്ഥയും വ്യത്യസ്തമല്ല. വിശപ്പും ദാഹവും അദ്ദേഹത്തെ വല്ലാതെ വലച്ചിട്ടുണ്ട് എന്ന് മനസ്സിലായതിനാൽ കൂടുതലായി ഒന്നും ചോദിക്കാൻ തോന്നിയില്ല. സമീപത്തുകൂടി ഒഴുകുന്ന യമുനയിൽ നിന്നും ദുർഗന്ധം മാസ്‌ക്കിനുള്ളിലൂടെ കടന്നു ശ്വാസം മുട്ടിക്കുന്നുമുണ്ട്. അത്രമേൽ മലിനപ്പെട്ടിട്ടുണ്ട് ഡൽഹിയിലൂടെ ഒഴുകുന്ന ഓരോ നദികളും.
പർവ്വതങ്ങളിൽ നിന്നും തെളിനീരായി വരുന്ന യമുനാ നദി ഡൽഹി പിന്നിടുമ്പോൾ കറുത്തിരുണ്ട് വിഷവാഹിനിയായി രൂപംമാറ്റപ്പെടുകയാണ്. യമുനയിപ്പോൾ അക്ഷരാർത്ഥത്തിൽ മരണവും കാത്തു കിടക്കുന്ന മഹാനദിയാണ്. കുമാറിനെ പോലെയുള്ള ആയിരകണക്കിന് മനുഷ്യരുടെ ജീവന്റെ തെളിനീരാണ് ഡൽഹി ജീവിതത്തിലൂടെ കറുത്തിരുണ്ട് മൃതരൂപം ആകുന്നത്.

വിശപ്പിന്റെ വേദന

ബിഹാറിൽ നിന്നും ഹരിയാനയിൽ നിന്നും ഒട്ടും വിഭിന്നമല്ല ഡൽഹിയോട് ചേർന്ന് കിടക്കുന്ന ഉത്തർപ്രദേശ്. പട്ടിണി മരണങ്ങൾ പോലും പലപ്പോഴും അസാധാരണമായ വാർത്തയല്ലാതാകുന്ന സംസ്ഥാനമാണിത്. അവിടെ നിന്നാണ് ധർമേന്ദർ ഡൽഹിയിലേക്ക് പച്ചക്കറി കച്ചവടത്തിനായി വന്നത്. പരമ്പരാഗത കർഷക കുടുംബത്തിലാണ് അദ്ദേഹം ജനിച്ചതെങ്കിലും കൃഷി ഉപേക്ഷിച്ചു വന്നത് ഒരു നേരത്തെ ആഹാരം പോലും അതുകൊണ്ട് സാധിക്കാത്തതിനാലാണ്. അധ്വാനത്തിന്റെ എല്ലാ ഗുണങ്ങളും ഇടനിലക്കാരനാണ്. കർഷകന് പലപ്പോഴും ഒരു കിലോ തക്കാളിക്ക് ഒരു രൂപ പോലും കിട്ടാത്ത അവസ്ഥ. ചൂഷണം സഹിക്കാൻ പറ്റാതെയാണ് കൃഷി ഉപേക്ഷിച്ചത്. ഗ്രാമത്തിലെ മറ്റ് സമപ്രായക്കാരെ പോലെ ധർമേന്ദറും അഞ്ചാം ക്ലാസ്സ് വരെ മാത്രമാണ് പഠിച്ചത്. ഗ്രാമത്തെ സംബന്ധിച്ച് അതൊരു വലിയ വിദ്യാഭ്യാസമാണ്. മറ്റ് ജോലികൾ ഒന്നും കിട്ടാതെ വന്നപ്പോഴാണ് അകന്ന ബന്ധത്തിലെ ഒരാളുടെ സഹായത്തോടെ ഡൽഹിയിൽ എത്തിയത്. പച്ചക്കറി വിൽപ്പനയ്ക്കായി ഉന്തുവണ്ടി വാടകക്കെടുക്കാൻ സഹായിച്ചതും അദ്ദേഹം തന്നെ ആയിരുന്നു.

മൂന്ന് വർഷത്തോളമായി പച്ചക്കറി കച്ചവടം തുടങ്ങിയിട്ട്. വണ്ടി വാടകയും പച്ചക്കറിയുടെ വിലയും കഴിഞ്ഞാൽ ബാക്കിയാവുക പരമാവധി 350 രൂപയാണ്. സ്വന്തമായി ഒരു ഉന്തുവണ്ടി വാങ്ങിക്കലാണ് ഏറ്റവും വലിയ ആഗ്രഹം. എന്നാൽ രണ്ട് സഹോദരിമാരും അച്ഛനും അമ്മയും അടങ്ങുന്ന കുടുംബത്തിന്റെ വിശപ്പ് മാറ്റാൻ പോലുമുള്ള തുക മിക്ക ദിവസങ്ങളിലും കിട്ടാറില്ല. ബന്ധുവിന്റെ ഇടുങ്ങിയ വാടക വീടിന്റെ മുകളിൽ തലചായ്ക്കാൻ ഇടമുള്ളത് മാത്രമാണ് സമാധാനം. ആളുകൾ വിരളമായാണ് പുറത്തിറങ്ങുന്നത്. അതുകൊണ്ട് തന്നെ കച്ചവടം നാലിൽ ഒന്നുപോലും ഇപ്പോൾ നടക്കുന്നില്ല. വലിയ വിലകൊടുത്ത് വാങ്ങുന്ന പച്ചക്കറികൾ പലതും വാങ്ങാൻ ആളില്ലാതെ നശിച്ചു പോകുന്ന അവസ്ഥയാണ്. കുറച്ചു ദിവസങ്ങളായി ഒരു നേരം മാത്രമാണ് ഭക്ഷണം കഴിക്കുന്നത്. രണ്ടു ദിവസം കൂടെ കഴിഞ്ഞാൽ ഗോതമ്പ് പൊടിയും കഴിയും. അതോടെ മുഴു പട്ടിണിയാവും. ധർമേന്ദർ ഏറെ നേരം നിശബ്ദനായി. മാസ്‌ക്കിനുള്ളിലൂടെ അയാൾ അടക്കി പിടിച്ച് നിലവിളിക്കുന്നത് പോലെ തോന്നി.

ധർമേന്ദർ
ധർമേന്ദർ

പ്രതിരോധ ശേഷി കൂട്ടാൻ സാധിക്കുന്ന ഭക്ഷണം കഴിക്കണമെന്ന് പ്രധാനമന്ത്രി ഇടവിട്ട് പറയുമ്പോഴും ശുദ്ധജലം പോലും കിട്ടാതെ ഗ്രാമങ്ങളിൽ മനുഷ്യർ ആർത്തു കരയുന്നുണ്ട്. വിശപ്പ് സഹിക്കാൻ പറ്റാതെ മരിച്ചു വീഴുന്നുമുണ്ട്.
നാഗേന്ദർ ചച്ചറും, കുമാറും, ധർമേന്ദറും ഇവരുടെയൊക്കെ ഡൽഹിയിലെ ജീവിച്ചിരിക്കുന്ന പ്രതിനിധികളാണ്. കോടിക്കണക്കിന് വരുന്ന മനുഷ്യ ജീവിതമാണ് ഇവരിലൂടെ കാണാൻ സാധിക്കുക. അടച്ചിടലിന് അവർക്ക് പകരം നൽകേണ്ടി വരുന്നത് ജീവനാണ്. എങ്കിലും വൈറസ്സ് പ്രതിരോധത്തിനായി ഈ നാടിന് ഒപ്പമുണ്ട് അവർ.
മൂവർക്കും ഒരേസ്വരത്തിൽ പറയാനുള്ളത് ഒന്നു മാത്രമാണ് വൈറസ്സിനെക്കാൾ മാരകമാണ് വിശപ്പിന്റെ വേദന.


Summary: ഇരുപത്തിയഞ്ച് റോഹിങ്ക്യൻ വംശജർ ബോട്ടിൽ വിശന്നു മരിച്ച വാർത്ത വന്നത് ഇന്ന് രാവിലെയാണ്. ഇന്ത്യയിൽ കൊറോണക്കാലം, ലേക്ഡൗണിലായ തൊഴിലാളികളുടെ, ദരിദ്രരായ കോടിക്കണക്കിന് മനുഷ്യരുടെ വിശപ്പിനെ ആളിക്കത്തിക്കുന്നുണ്ട്. പോഷകാഹാരം കഴിച്ച് പ്രതിരോധശേഷി കൂട്ടണമെന്ന് പട്ടിണിപ്പാവങ്ങളോട് ആവശ്യപ്പെടുന്നുണ്ട് പ്രധാനമന്ത്രി. പക്ഷേ തെരുവിലെ തൊഴിലാളികൾക്ക്, കർഷകർക്ക് ശുദ്ധജലം പോലും കിട്ടുന്നില്ല എന്നതാണ് വാസ്തവം. വൈറ സിന്റെ വ്യാപനത്തേക്കാൾ സംഹാരശേഷിയുണ്ട് വിശപ്പിനെന്ന് ഡൽഹിയിലെ തൊഴിലാളികളുടെ ഉദാഹരണത്തിലൂടെ പറയുകയാണ് ടി.വി.ഷാമിൽ


Comments