ഇന്നത്തെ ഭാഗ്യം, നാളത്തെ ഭാഗ്യം,
തത്തമ്മ ഭാഗ്യം, ഭാഗ്യമേ ഭാഗ്യം…

ഇന്നല്ലെങ്കിൽ നാളെ ഭാഗ്യക്കുറി അടിക്കുമെന്ന് സ്വപ്നം കാണുന്നവരുടെയും ആ സ്വപ്നം വിൽക്കുന്നവരുടെയും ലോകത്തെക്കുറിച്ചാണ് കെ.സി. ജോസ് എഴുതുന്നത്. കാശിന് ചെലവില്ലാത്ത ആ സ്വപ്നങ്ങളുടെ ലോകം തൃശ്ശൂരു മുതൽ ബോംബെ വരെ പടർന്നുപന്തലിച്ചു കിടക്കുന്നു.

1966–67 കാലങ്ങളിലാണ് ഞങ്ങളുടെ പട്ടണത്തിൽ ‘ലോട്ടറി ഭാഗ്യം’ ആദ്യമായി കടന്നുവരുന്നത്. അത് ‘മടിച്ചും ശങ്കിച്ചും’ ‘ഒളിച്ചും പതുങ്ങി’യുമായിരുന്നില്ല. സാക്ഷാൽ കൊച്ചി മഹാരാജാവിന്റെ എം.ഒ. റോഡിലുള്ള പ്രതിമയ്ക്ക് ഏതാണ്ട് അഭിമുഖമായുള്ള തേക്കിൻകാട് മൈതാനത്തിന്റെ കിഴക്കേ ഗോപുരനടയിൽ, ഇനാമൽ പെയ്ൻ്റടിച്ച കൂറ്റൻ ബോർഡും തൊട്ടടുത്തായി ഉയരത്തിൽ മരത്തടികൾ കൊണ്ട് കെട്ടിപ്പൊക്കിയ പ്ലാറ്റ്ഫോമിൽ കണ്ടാൽ കൊതിക്കുന്ന, കറുത്ത ഒരംബാസിഡർ കാറും കാണാമായിരുന്നു. ബോർഡിന്റെ രത്നച്ചുരുക്കം: ‘ഒരു രൂപ മുടക്കി ടിക്കറ്റെടക്കൂ, അംബാസിഡർ കാർ സ്വന്തമാക്കൂ’ എന്നായിരുന്നു.

ആളുകൾ അന്തംവിട്ടു. അന്നേവരെ ഈ പറയുന്ന ഞാനടക്കം ഇത്തരമൊരു ഏർപ്പാട് കേട്ടിട്ടില്ല, കണ്ടിട്ടുമില്ല. ആളുകൾ കൂടി അത് ചർച്ചയാക്കി. ചർച്ചയുടെ വിശദാംശങ്ങൾ എക്സ്​പ്രസ് പത്രത്തിൽ ‘തേക്കിൻകാടിന് ചുറ്റും’ എന്ന കോളത്തിൽ വന്നുവോ എന്ന് നിശ്ചയമില്ല.

മൈതാനത്തിൽത്തന്നെ കാർ ലോട്ടറിക്ക് അല്പംമാറി വിരേചന ഗുളിക വില്ക്കുന്ന പാട്ടുകാരൻ വേലായുധനും സഹായി അങ്ങാടി ഔസേപ്പും ആ പരിപാടിയെക്കുറിച്ച് അന്ന് അറിവുണ്ടായിരുന്നില്ലത്രേ. അവർ പരസ്പരം നോക്കി ആദ്യം മിഴിച്ചുനിന്ന് തങ്ങളുടെ കർട്ടൻ റെയ്സർ തുടങ്ങി: ‘‘മാൻമഹാ ജനങ്ങളേ, ഈ കുളിഗാ ‘രാസ്​ത്രി’ കഞ്ഞി, ചോറ് കഴിച്ച് ഉറങ്ങുന്നതിന് മുമ്പ് മിണുങ്ങിയാൽ വയറ്റിൽ കെടക്കുന്ന തലമുടി മുതൽ എല്ലുംകഷണം വരെ തൂറിപ്പോകും’’ എന്നായിരുന്നു അയാളുടെ വിജ്ഞാപനം. അത് ഏറ്റുപിടിച്ച പാട്ടുകാരൻ, അല്പം സ്ത്രൈണസ്വഭാവം തോന്നിപ്പിക്കുന്ന അങ്ങാടി ഔസേപ്പ്, പിന്നെ തന്റെ കണ്ഠക്ഷോഭം തീർക്കുന്നത്, ‘‘പമ്പരക്കണ്ണാലേ, കാതൽ സംങ്കതി ചൊന്നാളേ കാണാത കട്ടഴകി, തൊട്ടാല് പൂ മണക്കും ചിങ്കാരി ഓ, ഓ ചിങ്കാരി’’ എന്ന ചന്ദ്രബാബുവിന്റെ പാട്ടോടെയാണ്. പൊതുജനം കയ്യടിക്കുന്നു. ചില കാർഷികതൊഴിലാളി പെണ്ണുങ്ങൾ കുടുകുടെ ചിരിച്ചുമറിയുന്നു, വിസ്​പി വിരേചന ഗുളിക ചിലർ വാങ്ങുന്നു എന്നതാണ് രണ്ടാം രംഗം.

മുച്ചീട്ടുകളിക്കും സാധാരണ ചീട്ടുകളിക്കും പാമ്പാട്ടിയുടെ കളിവിളയാട്ടങ്ങളും ചുറ്റും ജനം കൂടിനിൽക്കുന്ന ചരിത്രപ്രസിദ്ധമൈതാനമാണ് തേക്കിൻകാട്. / Digitally Manipulated Image
മുച്ചീട്ടുകളിക്കും സാധാരണ ചീട്ടുകളിക്കും പാമ്പാട്ടിയുടെ കളിവിളയാട്ടങ്ങളും ചുറ്റും ജനം കൂടിനിൽക്കുന്ന ചരിത്രപ്രസിദ്ധമൈതാനമാണ് തേക്കിൻകാട്. / Digitally Manipulated Image

പിന്നീട് ഇരുമ്പുവളയങ്ങൾ എറിഞ്ഞുപിടിക്കുക, ന്യൂസ്പേപ്പർ വലിയ കുമ്പിളുകളാക്കി (കൂമ്പാള) ‘വെർക്കനെ’ നിലത്തുവെച്ച് അവയിലൊന്ന് കത്തിച്ചുകാണിക്കുക, ‘മായമില്ല, മന്ത്രമില്ല’ എന്നൊക്കെ അനൗൺസ്മെൻ്റുകൾ തൊണ്ടകീറി ആൾ അലറുന്നതും കേൾക്കാം. ഞങ്ങളുടെ പട്ടണത്തിലെ തെരുവിന്റെ മകനും തെരുവുഗായകരുമായ പാട്ടുകാരൻ വേലായുധനെയോ അങ്ങാടി ഔസേപ്പിനേയോ ഫേസ്ബുക്കിലെ LA MUSICA, KALAAKAR എന്ന് പോസ്റ്റ് വഴി പരിചയപ്പെടുത്തിയില്ല എന്നത് ഖേദകരമായി തോന്നുന്നു.

ഹോ, അന്ന് ഇൻ്റർനെറ്റ് പരിപാടിയും നിലവിലുണ്ടായിരുന്നില്ലല്ലോ. ആളുകൾ ബാക്കിയുള്ള കൂമ്പാളകളിൽ എന്തെങ്കിലും ‘രഹസിയം’ ഉണ്ടോ എന്ന ജിജ്ഞാസയിൽ അവിടെ കുറ്റിയടിച്ച് നില്ക്കുന്നതിന്നിടയിൽ വേലായുധേട്ടൻ വിസ്​പി ഗുളികതൻ മാഹാത്മ്യം വീണ്ടും വിളമ്പുന്നു. മുച്ചീട്ടുകളിക്കും സാധാരണ ചീട്ടുകളിക്കും പാമ്പാട്ടിയുടെ കളിവിളയാട്ടങ്ങളും ചുറ്റും ജനം കൂടിനിൽക്കുന്ന ചരിത്രപ്രസിദ്ധമൈതാനമാണ് തേക്കിൻകാട്. എല്ലാറ്റിലുമുപരി തൃശൂർ പൂരത്തിന്റെ മാറ്റു കൂട്ടുന്ന കുടമാറ്റം ആഘോഷവും വടക്കേ ഗോപുരനടയിൽ അരങ്ങേറുന്നുണ്ട്; കാലാകാലങ്ങളായി.

കേവലം ഒരു രൂപക്ക് വിറ്റുകൊണ്ടിരുന്ന ലോട്ടറി ടിക്കറ്റിന് സമ്മാനം ഒരു ലക്ഷം രൂപയായിരുന്നു വാഗ്ദാനമെങ്കിൽ ഇന്ന് ടിക്കറ്റൊന്നിന് 50/– രൂപയായിരിക്കുന്നു. സമ്മാനങ്ങൾ ലക്ഷവും കടന്ന് കോടികളിലെത്തി.

ഞാൻ എന്നും ‘റൗണ്ടിൽ റൗണ്ടടി’ക്കും. സഞ്ചാരിയായിരുന്നു. വൈകുന്നേരം നാലഞ്ച് മണിയോടെ അലക്കിത്തേച്ച ഷർട്ടും മുണ്ടുമണിഞ്ഞ് പാലിയം റോഡിലെ ചില കൂട്ടുകാരുമൊത്ത് ഇടവഴിയായ ഇടവഴികളിലൂടെ കറങ്ങിക്കറങ്ങി നടുവിലാൽ പരിസരത്തുണ്ടായിരുന്ന എസ്​.എൻ. കേഫിൽ കയറി കായ ബജ്ജി–ചട്ണിയും ചിലപ്പോൾ ഉഴുന്നുവടയും ചായയുമടിക്കുക പതിവായിരുന്നു.

സുഹൃത്ത് റ്റി. എസ്​. ഗോപാലകൃഷ്ണൻ (ഗുരു: ഗുരുവായൂരപ്പൻ) രണ്ടു മസാലദോശ ഒരുമിച്ച് ഓർഡർ ചെയ്ത് ഒന്നിടവിട്ട് രണ്ടും കഴിക്കുക എന്ന പെരുവയറനായിരുന്നു. ഫിൽറ്റർ കോഫിയും രണ്ടെണ്ണം വീശിയാലേ അയാൾക്ക് സമാധാനമുണ്ടാകൂ. ഞങ്ങൾ അഞ്ചാറു പേർ സ്വരാജ് റൗണ്ടിലെ പാത്രക്കട, എറണാകുളം റേഡിയോ കമ്പനി, മുതൽ സ്​പോർട്സ് ലാൻ്റ്, വെളുത്തു പൊറിഞ്ചുവിന്റെ പലചരക്കുകട, കെ.ആർ. ബിസ്​കറ്റ് കമ്പനി തുടങ്ങിയവ നോക്കിക്കണ്ട് (വിന്റോ ഷോപ്പിങ്ങ്) നടന്ന് കുറുപ്പം റോഡിലെ ബാലുവിന്റെ മുറുക്കാൻ കടയിൽ ഹാൾട്ടടിക്കും.

സ്വരാജ് റൗണ്ട്, തൃശ്ശൂർ / Photo: Wikimedia Commons
സ്വരാജ് റൗണ്ട്, തൃശ്ശൂർ / Photo: Wikimedia Commons

ബാലു, സഹൃദയനായ ആ കച്ചവടക്കാരൻ ഇന്നില്ല. അവിടെ ചായ പലഹാരങ്ങൾ വില്ക്കുന്നവർ മലപ്പുറം സ്വദേശികളാണ്. ബീഡി, മുറുക്കാൻ, പത്രമാസികകൾ വില്ക്കുന്ന പെരിങ്ങാവുകാരൻ സായ്‍വിന്റെ കച്ചവടം ഇപ്പോൾ അല്പം മോഡിഫൈ ചെയ്തിട്ടുണ്ട്. ഗുരു (ഗുരുവായൂരപ്പൻ) റ്റി.എസ്സ്. രത്നം മൂക്കുപൊടി തന്റെ കുഞ്ഞുമരപ്പെട്ടിയിൽ നിറക്കുക, ബാലുവിന്റെ കടയിൽ നിന്നാണ്. അല്ലെങ്കിൽ പാട്ടുരായ്ക്കലിലെ എൻ.റ്റി. രാമൻനമ്പ്യാർ പുകയില കച്ചവടത്തിൽ നിന്നോ മാത്രം.

അയാൾക്ക് ഒരു റ്റീസ്​പൂൺ പൊടി (മിനിമം) മൂക്കിൽ വലിച്ചുകേറ്റണമെന്ന നിർബ്ബന്ധ ബുദ്ധിയുമുണ്ട്. ഞങ്ങൾ ചാർമിനാർ, ബർക്കിലി, നേവീബ്ലൂ സിഗരറ്റ് പുകച്ചുതള്ളി നടന്ന് ജോസ് തിയേറ്ററിനു മുന്നിൽനിന്ന് തിരിഞ്ഞ് സിനിമാ പോസ്റ്ററുകളും കർട്ടൺ ബ്ലോക്കും (അവ സിനിമകളുടെ സ്റ്റിൽ ഫോട്ടോഗ്രാഫ് പ്രിൻ്റുകളാണ്) നോക്കി വിലയിരുത്തും. പുതിയ സിനിമ പൊളിയുമോ അല്ലെങ്കിൽ രക്ഷപ്പെടുമോ എന്ന് ആ പോസ്റ്ററും കർട്ടൺ ബ്ലോക്കും കണ്ടാൽ തരംതിരിക്കാനാകുമെന്ന പ്രത്യേക വിമർശനബുദ്ധിക്കാരുമാണ് ഞങ്ങൾ. അത് സത്യമാകാറുണ്ടെന്നാണ് സവിശേഷത.

അപ്പോഴും വടക്കേ ഗോപുരനടയിൽ പ്രൈവറ്റ് ലോട്ടറി വില്പന തകൃതിയാണ്. അംബാസിഡർ കാർ വഴിപോക്കരെ നോക്കി പുഞ്ചിരിക്കുകയോ സൈറ്റടിക്കുകയോ കൈമാടി വിളിക്കുകയോ ചെയ്തിരുന്നതായി അറിവില്ലെങ്കിലും മഴ നനഞ്ഞും വെയിൽ കാഞ്ഞും അതവിടെ കുറേക്കാലം ഉണ്ടായിരുന്നു. ​പ്രൈവറ്റ് ലോട്ടറി കുടുക്ക എപ്പോഴാണ് പൊളിച്ച് നറുക്കെടുപ്പ് നടത്തിയതെന്നോ ആരാണ് ആ പരിപാടിക്ക് നേതൃത്വം വഹിച്ചതെന്നോ ആർക്കാണ് ലോട്ടറിയടിച്ചതെന്നോ മറ്റോ ഇവിടെ പ്രസകതമല്ല.

 പ്രൈവറ്റ് ലോട്ടറി കുടുക്ക എപ്പോഴാണ് പൊളിച്ച് നറുക്കെടുപ്പ് നടത്തിയതെന്നോ ആർക്കാണ് അംബാസിഡർ കാർ അടിച്ചതെന്നോ മറ്റോ ഇവിടെ പ്രസകതമല്ല. / Representational Image
പ്രൈവറ്റ് ലോട്ടറി കുടുക്ക എപ്പോഴാണ് പൊളിച്ച് നറുക്കെടുപ്പ് നടത്തിയതെന്നോ ആർക്കാണ് അംബാസിഡർ കാർ അടിച്ചതെന്നോ മറ്റോ ഇവിടെ പ്രസകതമല്ല. / Representational Image

അല്പകാലം കഴിഞ്ഞാണ് കേരള ഗവ. ലോട്ടറി എന്ന എമണ്ടൻ പരിപാടി ആരംഭിക്കുന്നത്. അന്ന് കേവലം ഒരു രൂപക്ക് വിറ്റുകൊണ്ടിരുന്ന ലോട്ടറി ടിക്കറ്റിന് സമ്മാനം ഒരു ലക്ഷം രൂപയായിരുന്നു വാഗ്ദാനമെങ്കിൽ ഇന്ന് ടിക്കറ്റൊന്നിന് 50/– രൂപയായിരിക്കുന്നു. സമ്മാനങ്ങൾ ലക്ഷവും കടന്ന് കോടികളിലെത്തി. ഞാൻ ഭാഗ്യമില്ലാത്തയാളാണെന്ന പൊതുധാരണ ഇവിടെയുള്ളവർക്ക് പൊതുവെയുണ്ട്. വ്യക്തിപരമായി ഭാഗ്യക്കുറിയിൽ വിശ്വസിക്കാത്ത ആളുമാണ്. ഒന്നോ രണ്ടോ പ്രാവശ്യം മാത്രം ‘ലോട്ടറി ടിക്കറ്റ് വാങ്ങിയ ആൾ’ എന്ന ബഹുമതിയും സുഹൃത്തുക്കളായ ലോട്ടറിക്കച്ചവടക്കാരൻ സതീശനും മോഹനനും കല്പിച്ചുതന്നിരിക്കുന്നു. എന്നാൽ തൊഴിലില്ലാതെ വലയുന്നവർക്ക് അല്പമെങ്കിലും വരുമാനം നേടിക്കൊടുക്കുന്ന പാവപ്പെട്ട ലോട്ടറി വില്പനക്കാരെ ഞാൻ സപ്പോർട്ട് ചെയ്യുന്നുവെന്ന സത്യം ഇവിടെയുള്ളവർക്കറിയാം.

മന്ത്രി പി.കെ. കുഞ്ഞും
മഹാരാഷ്ട്ര ലോട്ടറിയും

ധനമന്ത്രിയായിരുന്ന പി.കെ. കുഞ്ഞിന്റെ(P. K. Kunju) ആദ്യ പരിപാടിയായ സർക്കാർ ലോട്ടറിയുടെ വില്പന ജനകീയമാകുന്നതിനുമുമ്പ് എന്റെ അപ്പൻ പ്രൈവറ്റ് ലോട്ടറി ടിക്കറ്റ് വാങ്ങാറുണ്ട്. ദൈവങ്ങളുടെ ഛായാചിത്രങ്ങൾ ചുമരിൽ തറിച്ചിരിക്കുന്ന ‘നടേലക’ത്തിന് (വീടിന്റെ നടുവിലുള്ള മുറി) താഴെയുള്ള ജനലിന്നരികിലാണ് ടിക്കറ്റ് സൂക്ഷിക്കുക. അപ്പന് ദൈവവിശ്വാസം ഉണ്ടായാലും ഇല്ലേലും ഈ കലാപരിപാടിയിൽ ചുമരിൽ തറച്ച യേശു, ഔസേപ്പ് പിതാവ്, മകൻ ഉണ്ണിയേശു, പരിശുദ്ധ കന്യകാമാതാവ്, അന്തോണീസ് പുണ്യാളൻ തുടങ്ങിയവരുടെ ഛായാചിത്രങ്ങൾ ലോട്ടറിയടിക്കുന്നതിൽ അപ്പനെ സഹായിച്ചിട്ടില്ല എന്നാണ് ഊഹം.

പി.കെ. കുഞ്ഞ്
പി.കെ. കുഞ്ഞ്

അതായത് അദ്ദേഹം മുടക്കിയ ടിക്കറ്റു​കാശ് അടിച്ചുപോയി എന്നു സാരം. ചേട്ടൻ ഫ്രാൻസിസ്​, സെൻ്റ് ഫ്രാൻസിസ് സേവിയർ പുണ്യാളനെ ആരാധിക്കുന്ന വ്യക്തിയാണെന്ന് ഞങ്ങൾക്കറിയാം. ഇദ്ദേഹം പക്ഷിമൃഗങ്ങളോട് ആശയസംവാദം നടത്തുന്ന പുണ്യാളനാണെന്നും കേട്ടിട്ടുണ്ട്. വേറൊരു പുണ്യാളൻ സെൻ്റ് തോമസ് ഗുഹയിലകപ്പെട്ടപ്പോൾ കൈകൊണ്ടടിച്ച് ഗുഹയുടെ മുകൾഭാഗം തകർത്ത് പുറത്തുവന്നുവെന്ന അൽഭുതകരമായ സംഭവമാകാം ആശാനെ ഈ പുണ്യാളന്റെയും ആരാധകനോ ഭക്തനോ ആക്കി മാറ്റിയതെന്ന് തോന്നുന്നു.

എന്തായാലും നിലത്തുവീണുടഞ്ഞു തല പോയ സെൻ്റ് ഫ്രാൻസിസ് സേവിയറുടെ കൊച്ചുപ്രതിമയ്ക്കു താഴെ ഈ ചേട്ടനും ലോട്ടറി ടിക്കറ്റ് സൂക്ഷിക്കുന്നതും ശ്രദ്ധിച്ചിട്ടുണ്ട്. പിന്നീട് പുണ്യാളന്റെ തല ഫെവിക്കോൾകൊണ്ട് ഒട്ടിച്ച് വെച്ചതും ഞാനായിരുന്നു. ലോട്ടറിടിക്കറ്റ് ഈ സ്റ്റാച്യുവിന് മുമ്പിൽ സമർപ്പിച്ചശേഷം, ‘ഈശോയെ, ശൗര്യാരേ’ എന്ന് പിറുപിറുക്കുന്നത് ലോട്ടറി തനിക്കുതന്നെ വീഴണേ എന്നൊന്നും വ്യാഖ്യാനിക്കേണ്ടതില്ല. അത് ആളുടെ സ്വഭാവത്തിന്റെ ഒരു പതിവുശൈലി മാത്രമാണ്.

മദ്രാസിലെ സെൻ്റ് തോമസ് കത്തീഡ്രലിൽ വെറുമൊരു സന്ദർശനത്തിന്നായി ഞാൻ പോയിട്ടുണ്ട്. പുണ്യാളന്റെ പ്രതിമക്കുമുമ്പിൽ കത്തിച്ചുനിർത്തിയ ചന്ദനത്തിരികളും മെഴുകുതിരികളും പൂമാലകൾക്കുമിടയിൽ 50 പൈസ നാണയം മുതൽ 100–രൂപ വരെ സമർപ്പിച്ച ഭകതർക്കും സലാം. സെൻ്റ് തോമസ് മൗണ്ട് എന്ന പുണ്യസ്​ഥലം അന്വേഷിച്ചു പോകാൻ ബഹുദൂരം സഞ്ചരിച്ചുവേണമെത്ര. അപ്പോൾത്തന്നെ ആ പരിപാടി റദ്ദുചെയ്തു.

കേരളത്തിലെ ആദ്യത്തെ സർക്കാർ ലോട്ടറി ടിക്കറ്റ്
കേരളത്തിലെ ആദ്യത്തെ സർക്കാർ ലോട്ടറി ടിക്കറ്റ്

ഞാൻ ആദ്യമായി ബോംബെയിലെത്തിപ്പെട്ടിരിക്കുന്നു. ഭാഗ്യാന്വേഷികളും തൊഴിലന്വേഷകരുമായി മഹാനഗരത്തിലെത്തുന്നവരിൽ വിനോദസഞ്ചാരികളുമടങ്ങിയിട്ടുണ്ട്. പല മതവിശ്വാസികളുണ്ട്. പല ഭാഷകൾ സംസാരിക്കുന്ന മെട്രോ ആണ് അന്നത്തെ ബോംബെ അഥവാ ഇന്നത്തെ മുംബൈയ്.

കേരള ലോട്ടറിയുടെ മഹാവിജയത്തിൽനിന്ന് ഊർജ്ജം നേടിയ മഹാരാഷ്ട്ര ഭരണകൂടവും ലോട്ടറിവ്യാപാരരംഗത്തിറങ്ങിയത് 1980–ലാകണമെന്ന് തോന്നുന്നു, മിനി ലോട്ടറി അല്ലെങ്കിൽ സ്​മോൾ എക്സ്​പൻസിൽ അന്നത്തെ ബിഗ് സമ്മാനം. അതായത് ഒന്നാം സമ്മാനമായി 5000–രൂപ, ടിക്കറ്റൊന്നിന് ഓൺലി റ്റു റുപ്പീസ്. ‘എ’യിൽ തുടങ്ങി ‘എഫിൽ അവസാനിക്കുന്ന സീരിയലുകളാണുള്ളത്.

ജഗ്ജീവൻറാമിന്റെ ആശയങ്ങളിലൊന്നായ, വികലാംഗരെ സ്വയംപര്യാപ്തരാക്കാനുള്ള ബോംബെ ഭരണകൂടത്തിന്റെ പരിശ്രമം ഏറെക്കുറെ അഭിനന്ദനാർഹമായിരുന്നു.

നരിമാൻ പോയിൻ്റിലാണ് എന്റെ ജോലി. ഒരിക്കൽ മന്ത്രാലയ പരിസരത്തുള്ള ഒരു വില്പനക്കാരനിൽനിന്ന് (അയാൾ അന്ധനാണ്) നിന്ന് രണ്ടുരൂപാ കൊടുത്ത് ടിക്കറ്റ് ഞാൻ വാങ്ങിയിട്ടുണ്ട്. ദിവസവും വൈകീട്ട് അഞ്ച് മണിക്കാണ് ആ ലോട്ടറി ഓഫീസിന്റെ നട തുറക്കുക. മന്ത്രാലയയുടെ എതിർഭാഗത്തുള്ള അവരുടെ കാൻ്റീൻ കെട്ടിടത്തിനു മുകളിലെ നിലയിലായിരുന്നു പരിപാടി. മൈക്ക് സെറ്റ്, ബാൻഡുമേളം, ഇതര എൻ്റർടൈൻമെൻ്റുകൾ താരതമ്യേന കുറവായിരുന്നു. ചടങ്ങ് തുടങ്ങുന്നതിനുമുമ്പ് ഒരു മഹാരാഷ്ട്രീയ സുന്ദരിമണി മന്ദഹസിച്ചെത്തി അവിടെ കൂടിയ പത്തിരുപതുപേരെ വാക്കാൽ എന്തൊക്കെയോ പറഞ്ഞാണ് വിഷയം അവതരിപ്പിക്കുക.

ഒരു വി.ഐ.പി ഉദ്യോഗസ്​ഥൻ (മന്ത്രാലയയിലെ ഒരു ബഹുമാന്യവ്യക്തി) രണ്ട് അസിസ്റ്റൻ്റുമാരുമൊത്ത് അവിടെ ഉപവിഷ്​ടരായി ലഘുവർത്താനം പറയുന്നു. വർണ്ണപ്പകിട്ടുള്ള വസ്​ത്രമണിഞ്ഞ മറ്റൊരു മഹാരാഷ്ട്രീയൻ സൊസൈറ്റി ലേഡി സദസ്യരെ കൈകൂപ്പി വണങ്ങി സ്റ്റീൽ നിർമ്മിതമായ രണ്ട് ഭാഗങ്ങളും അടച്ച നിലയിലുള്ള, ഏകദേശം 5:3 അടി നീളവും വീതിയും ഉള്ള റോളർ പോലൊന്ന് തിരിക്കുന്നു. (അത് തിരിക്കാൻ ഒരുഭാഗത്ത് ഹാൻ്റിലും പിടിപ്പിച്ചിട്ടുണ്ട്). ഒന്നുരണ്ടാവർത്തി ഈ തിരിക്കൽ നടത്തി ഒന്നുകിൽ ബഹുമാന്യ വനിതയോ അല്ലെങ്കിൽ ആ കൂട്ടത്തിൽ നിന്ന് ഒരാളോ സിലിണ്ടറിന്റെ മുകളിലുള്ള ദ്വാരത്തിൽ കയ്യിട്ട് തപ്പി വിറ്റുപോയ ലോട്ടറിടിക്കറ്റിെൻ്റ കടക്കുറ്റികളിൽ ഒരെണ്ണം വലിച്ചെടുക്കുന്നു. സദസ്സിനെ അത് കാണിക്കുന്നു. ആദ്യമെത്തിയ വനിത അത് പ്രഖ്യാപിച്ച് ബോർഡിൽ ആ നമ്പർ എഴുതുകയായി. എല്ലാ സീരിസിലുള്ള വിറ്റുപോയ ടിക്കറ്റുകളിൽ നിന്ന് ലോട്ടറി അടിച്ചവ തിരഞ്ഞെടുത്ത് അവ ബോർഡിലെഴുതിക്കഴിഞ്ഞാൽ അന്നത്തെ നറുക്കെടുപ്പ് അവസാനിക്കുന്നു (സംപ്ലാ എന്നാണ് മറാഠി പദം). ഇതോടെ മന്ത്രാലയ കാൻ്റീൻ നിർമ്മിത ചായ, പൊട്ടറ്റോ വട, കൊത്തിമ്പില്ലി (കൊത്തമല്ലി) വട ആവശ്യാനുസരണം കാണികൾക്ക് വീശാം. അതിന് കാശ് വേണ്ട.

കേരള ലോട്ടറിയുടെ മഹാവിജയത്തിൽനിന്ന് ഊർജ്ജം നേടിയ മഹാരാഷ്ട്ര ഭരണകൂടവും ലോട്ടറിവ്യാപാരരംഗത്തിറങ്ങിയത് 1980–ലാകണമെന്ന് തോന്നുന്നു.
കേരള ലോട്ടറിയുടെ മഹാവിജയത്തിൽനിന്ന് ഊർജ്ജം നേടിയ മഹാരാഷ്ട്ര ഭരണകൂടവും ലോട്ടറിവ്യാപാരരംഗത്തിറങ്ങിയത് 1980–ലാകണമെന്ന് തോന്നുന്നു.

ജഗ്ജീവൻറാമിന്റെ ആശയങ്ങളിലൊന്നായ, വികലാംഗരെ സ്വയംപര്യാപ്തരാക്കാനുള്ള ബോംബെ ഭരണകൂടത്തിന്റെ പരിശ്രമം ഏറെക്കുറെ അഭിനന്ദനാർഹമായിരുന്നു. അന്ധർ, ബധിരർ, മൂകർ എന്നിവരുൾപ്പെട്ട ഫിസിക്കലി ചലഞ്ച്ഡ് ആയ സ്​ത്രീകളും പുരുഷന്മാരും റെയിൽവേ സ്റ്റേഷനുകളിൽനിന്ന് പ്ലാറ്റ്ഫോമുകളിലേക്കിറങ്ങുന്ന / കയറുന്ന ബ്രിഡ്ജിലാണ് ഇവരുടെ കച്ചവടം കേന്ദ്രീകരിച്ചിരിക്കുന്നത്.

കുട്ടികൾക്കായുള്ള കളിക്കോപ്പുകളും അവർ കയ്യിൽ കരുതിയിരിക്കും. അവ ഞെക്കിയോ കിലുക്കിയോ യാത്രികരെ ആകർഷിക്കാൻ ശ്രമിക്കുമ്പോൾ, നാമോർക്കേണ്ടത് ഈ സാധുക്കളെ അംഗീകരിക്കാത്ത, തൊഴിലോ പാർപ്പിടമോ നല്കി ചേർത്തുപിടിക്കാൻ സന്നദ്ധരായി അധികമാരും മുന്നോട്ടുവരുന്നില്ലല്ലോ എന്നാണ്. ധാരാവിയിലെ ചേരികളിലും ചെമ്പൂർ, ഗോവണ്ടി, നല്ലസൊപ്പാറ തുടങ്ങിയ പ്രദേശങ്ങളിലെ ജോപ്ഡകളിലും പാർക്കുന്ന ഇവർക്ക് ഒരു സംഘടനയുമുണ്ട്. പ്രവർത്തനം കാര്യക്ഷമമാണോ എന്നറിയില്ലെങ്കിലും ചിലപ്പോഴൊക്കെ ജാഥകളിൽ ഇവർ പങ്കെടുക്കുന്നു; അത് രാഷ്ട്രീയപാർട്ടികളുടെ കൊടിക്കീഴിലല്ല എന്ന വ്യത്യാസം വേർതിരിച്ചുവേണം കാണേണ്ടത്. പലരുടേയും ഉള്ളുരുക്കുന്ന കഥകളും നീറുന്ന സംഭവങ്ങളും കേട്ടാൽ ‘കണ്ണുണ്ടായാൽ പോരാ നാം കാണണം’ എന്ന ചൊല്ലിന് കൂടുതൽ അർത്ഥവ്യാപ്തിയുണ്ടെന്ന് മനസ്സിലാക്കാം.

1991–കളിൽ ഏഴിടത്ത് അരങ്ങേറിയ ബോംബ് സ്​ഫോടനങ്ങൾ, 1993–ൽ വർഗ്ഗീയ സംഘടനകൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ ധാരാവി ലഹള, 2004–ൽ മഹാനഗരത്തെ മുക്കിക്കൊന്ന പ്രളയം, നാടിനെ നടുക്കിയ കസബിന്റെ ഭീകരാക്രമണം, വഴിയെ വന്ന കോവിഡ്–19 വ്യാപനം എന്നിവ ലോട്ടറിക്കാരുടെ ജീവിതം താറുമാറാക്കി. ടിഫിൻ ബോക്സുകളിൽ ഒളിപ്പിച്ചുവെച്ച RDX ടൈംബോംബുകൾ റിമോട്ട് കൺേട്രാൾ ഉപയോഗിച്ച് ആയിരക്കണക്കിന് യാത്രികരെ വഹിച്ചു വൈകുന്നേരങ്ങളിൽ പാഞ്ഞിരുന്ന സബർബൻ ട്രെയിനുകൾ തകർക്കുന്ന 2005–ലെ കലാപരിപാടി കൂടി കൂട്ടിച്ചേർത്താൽ ഈ പാവങ്ങളുടെ ജീവിതത്തിൽ അവശേഷിക്കുന്ന തിരുശേഷിപ്പുകളുടെ യഥാതഥ ചിത്രമായി.

1992-ലെ ബോംബെ കലാപത്തെക്കുറിച്ച് വന്ന പത്രവാർത്തകൾ
1992-ലെ ബോംബെ കലാപത്തെക്കുറിച്ച് വന്ന പത്രവാർത്തകൾ

പാഠൺകറുടെ അവിനാശ് പബ്ലിസിറ്റി,
ഫിലോമിനയുടെ ബീറടി

കൊളാബ പോഷ് ലൊക്കാലിറ്റിയിൽ ഒരു ‘എ’ ഗ്രേഡ് ആഡ് ഏജൻസീസിൽ ജോലി ചെയ്തിരുന്ന കാലം 1978–79 ൽ ആരംഭിക്കുന്നു. അവിടെ പതിവായി സന്ദർശിക്കുന്ന പലരുണ്ട്. അവർ നാഷണൽ കുത്തക പത്രങ്ങളുടെ പ്രതിനിധികൾ മുതൽ ‘അസ്സം ട്രിബ്യൂൺ’ വരെയുള്ള പ്രാദേശിക കൊച്ചുപത്രങ്ങളിൽ നിന്നുള്ളവരും എത്തി സ്വന്തം പത്രമാഹാത്മ്യം വിളമ്പി മീഡിയ ഡിപ്പാർട്ട്മെൻ്റിൽ ജോലി ചെയ്യുന്ന പെമ്പിള്ളേരെ പഞ്ചാരയടിച്ചും സുഖിപ്പിച്ചും ചിലപ്പോൾ ‘ഡേറ്റ്’ ചോദിച്ചും പിരിയുന്ന പൊതുസ്വഭാവമുള്ളവരാണ്. പോകുന്ന പോക്കിൽ ഗണേശ് സത്പൽ, സാവ്ളാറാം, ശാന്താറാം, ഘോർപഡെ, ബബൻ എന്നീ ശിപായിമാരെ പത്തിരുപത് രൂപ നല്കി സന്തോഷിപ്പിക്കുന്ന പതിവുമുണ്ട്. ഇവരാണ് ആഡ് മെറ്റീരിയലുകൾ (ബ്രോമൈഡ്, മാറ്റ്, ബ്ലോക്ക്) പത്രമോഫീസിൽ എത്തിക്കേണ്ട ചുമതലക്കാർ. അതുകൊണ്ട് ഈ ‘സുഖിപ്പീര്’ വകയിൽ പത്തിരുപതു രൂപ പോയാൽ ആഡ് എക്സിക്യുട്ടീവിനൊരു ചുക്കുമില്ല. ആ മാന്യൻ പത്ത് എന്ന സംഖ്യ നൂറ് രൂപയാക്കി വൗച്ചർ എഴുതി പത്രമാപ്പീസിൽനിന്ന് അത് വസൂലാക്കും.

ടിക്കറ്റ് വാങ്ങി കോടീശ്വരന്മാരായവരുടെ പേരുവിവരം വഴിയാത്രക്കാർക്കു മുമ്പിൽ മൈക്കിലൂടെ വിളിച്ചുപറയുന്ന ആളുടെ ശബ്ദം ഞാൻ തിരിച്ചറിഞ്ഞു. അയാൾ കേരളവർമ കോളേജ് പരിസരവാസിയായിരുന്ന വാസുവാണ്.

ആഡ് ഏജൻസികളുടെ സുവർണകാലമായിരുന്നു അത്. ആഡ് കാംപെയ്നുകൾ, അതുക്കും മേലെ കാംപെയ്നുകൾ. പോരാതെ ഔട്ട്ഡോർ പബ്ലിസിറ്റി, റേഡിയോ ജിംഗിൾ പരിപാടി എന്നിവ കാംപെയിനുകൾക്ക് ആക്കം കൂട്ടും. ബോംബെ ടെലിവിഷനിൽ കമ്മേഴ്സ്യൽ ആഡ്സ് അന്ന് നിലവിലുണ്ടായിരുന്നില്ല.

ഞങ്ങളുടെ ഏജൻസിയിൽ പതിവായി എത്താറുള്ള ഒരാൾ, അവിനാശ് പാഠൺകർ മഹാരാഷ്ട്ര ബ്രാഹ്മണരുടെ തട്ടകമായ ഗീർഗാവ് കോഠാച്ചി വാഡിയിലെ താമസക്കാരനും അവിടെ സ്വന്തം വീട്ടിലെ അവിനാശ് പബ്ലിസിറ്റി ഉടമയുമാണ്. മറാഠിപത്രങ്ങളായ ലോക് സത്ത, മഹാരാഷ്ട്ര ടൈംസ്​, നവകാൾ, സക്കാൾ (ഫ്രീ പ്രസ് ജേണൽ ഗ്രൂപ്പ് പ്രസിദ്ധീകരണങ്ങൾ) തുടങ്ങിയവയിൽ മഹാരാഷ്ട്ര ലോട്ടറിയുടെ പരസ്യങ്ങളാണ് അദ്ദേഹം റിലീസ് ചെയ്തിരുന്നത്. അവിനാശ് പബ്ലിസിറ്റിക്ക് IENS അക്രഡിറ്റേഷനില്ല. അതുകൊണ്ട് 15 ശതമാനം കിഴിവ് പത്രങ്ങൾ അയാൾക്ക് നല്കേണ്ടതില്ല. പാഠൺകർ ഞങ്ങളുടെ ഏജൻസിയിലൂടെ അവ റിലീസ് ചെയ്ത് 10 ശതമാനം കമ്മീഷൻ വാങ്ങുമ്പോൾ ഞാൻ ജോലി ചെയ്തിരുന്ന ആഡ് ഏജൻസിക്ക് 5 ശതമാനം ലഭിക്കുന്നത് ഒരു റിലീസ് ഓർഡർ അച്ചടിച്ച ചെലവു മാത്രമാണ്.

പാഠൺകർ സംസാരപ്രിയനും തീറ്റിപ്രിയനുമാണ്. മാറിമോ മിറാൻ്റാ സ്വന്തം കൈകളാൽ ചിത്രങ്ങൾ വരച്ച കഫേ മോണ്ടിഗോയിലോ അല്ലെങ്കിൽ ജഹാംഗീർ ആർട്ട് ഗാലറിയിൽ പ്രവർത്തിച്ചിരുന്ന സമോവ (സമോർ) റിലോയിലോ ആണ് എന്നേയും സന്ധ്യരാജേ, വനിത ഫെർണാണ്ടസ്​, ഫിലോമിന ഡിക്കോസ്റ്റ, ഫോട്ടോഗ്രാഫർ മൈക്കിൾ ഡിസൂസ എന്നീ ഏജൻസി മീഡിയ വിഭാഗത്തിലെ വിദ്വാൻ- വിദുഷികളെയും സൽക്കരിക്കാൻ കൊണ്ടുപോകുക. പാഠൺകർ ബ്രാഹ്മണനാകയാൽ ഞങ്ങൾ ബീറടിക്കുന്നതും മട്ടൺ കട്ട്ലെറ്റും ചിക്കൻ ഝക്കുട്ടിയും (ഗോവൻ ഡിഷ്) വെട്ടിവിഴുങ്ങുന്നത് നോക്കിയിരുന്നു വെള്ളമിറക്കും. പാഠൺകർ ലോട്ടറി വില്പനക്കാരുടെ സംഘടനയുടെ നേതാവുമായിരുന്നു. മാട്ടുംഗ ഈസ്റ്റിലെ ‘കർണ്ണാടക ഹാളിൽ’ ഇവരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള വാർഷികാഘോഷത്തിൽ ഗാനമേളയും പാഠൺകറുടെ ഗാനാലാപനവും ‘‘അപ്സരാ ആലി, അപ്സരാ ആലി’’ എന്ന പോപ്പുലർ ഗാനത്തോടെ മറാഠിപ്പെണ്ണുങ്ങളുടെ ലാവണിനൃത്തവും ഉണ്ടായിരുന്നു. സദ്യക്കുശേഷം സെല്ലോ കമ്പനിയുടെ ‘കാസറോൾ’ ഞങ്ങൾ പത്രക്കാർക്കും ഏജൻസിയിലെ ചിലർക്കും സമ്മാനവുമായി നൽകും.

കാലത്തിനൊത്ത് അവിനാശ് പബ്ലിസിറ്റിയുടെ ചിന്താഗതിയും ലൊക്കേഷനും മാറി. ദാദറിലെ ‘കബൂത്തർ ഖാന’ പരിസരത്താണ് അദ്ദേഹം പുതിയ ഓഫീസ് തുറന്നത്. വേറെയും ഒരു പബ്ലിസിറ്റിയായ ‘മറാഠി മാണുസിന്റെ’ പരസ്യങ്ങളും സിനിമ, നാടക പരസ്യങ്ങളും മാത്രം റിലീസ് ചെയ്തിരുന്നത് ശിവസേനയുടെ ആശീർവാദത്തോടെയായിരുന്നു. തങ്ങളുടെ തട്ടകത്തിൽ അവിനാശ് ആഡ് ഏജൻസിയുടെ കടന്നുകയറ്റം മറ്റേ കക്ഷിക്ക് അത്ര ഇഷ്​ടപ്പെട്ടില്ലയെന്നും പത്രപ്രവർത്തക സുഹൃത്തുക്കളായ വിനോദ് കപൂറും സന്തോഷ് ശൃംഗാരേയും സ്വകാര്യമായി എന്നെ ധരിപ്പിച്ചിട്ടുണ്ട്.

ഒരു കോടിയുടെ ഉറപ്പുകൾ

ബോംബെ ജീവിതവും ജോലിയും അവസാനിപ്പിക്കാൻ നിർബ്ബന്ധിതനായി ഇവിടെ ‘ഹോം സ്വീറ്റ് ഹോമി’ലെത്തിയ കാലത്തിനിടെ കേരള ലോട്ടറി ടിക്കറ്റ് വില്പന വിപുലമായി. പലർക്കും തൊഴിലവസരങ്ങൾ കണ്ടെത്താനായി. സ്വരാജ് റൗണ്ടിൽനിന്ന് വടക്കേ സ്റ്റാൻ്റിലേക്ക് പോകുന്ന വഴിയുടെ ഇടതുഭാഗത്തെ ആദ്യകാലങ്ങളിൽ ‘പള്ളിത്താമം’ എന്നാണ് ഞങ്ങൾ വിളിച്ചിരുന്നത്. ദേവസ്വം വക ആനകളെ തളയ്ക്കുന്ന സ്​ഥലം. ഇന്നവിടെ ഫോട്ടോസ്റ്റാറ്റ് കടകളുടെ നീണ്ട നിരയും കയർ ഉല്പന്നങ്ങളുടെ ഷോറൂമും ഇന്ത്യൻ കോഫീ ഹൗസും കച്ചവടം പൊടിപൊടിക്കുന്ന ബിസിനസ്സ് ഹബ്ബാണ്. ഇവിടെയും കുറച്ചുമാറിയുള്ള തണലോരങ്ങളിലുമായി ലോട്ടറി ടിക്കറ്റ് വില്പനക്കാർ ധാരാളമാണ്.

ഇന്നല്ലെങ്കിൽ നാളെ, നാളെ, നാളെ ഭാഗ്യക്കുറി വീഴുമെന്ന സ്വപ്നം കാണുന്നവരുടെ ഈ ലോകത്തിന് അതിരുകളില്ല. / Photo: davidbaxendale.com
ഇന്നല്ലെങ്കിൽ നാളെ, നാളെ, നാളെ ഭാഗ്യക്കുറി വീഴുമെന്ന സ്വപ്നം കാണുന്നവരുടെ ഈ ലോകത്തിന് അതിരുകളില്ല. / Photo: davidbaxendale.com

ഭാഗ്യവാന്മാരെ തിരഞ്ഞുപിടിച്ച് സമ്മാനം ഒരു കോടി രൂപ വാക്കാൽ വാഗ്ദാനമായി വിളിച്ചു പറയുന്ന ഒരു കാർ. അവരിൽനിന്ന് ടിക്കറ്റ് വാങ്ങി കോടീശ്വരന്മാരായവരുടെ പേരുവിവരം വഴിയാത്രക്കാർക്കു മുമ്പിൽ മൈക്കിലൂടെ വിളിച്ചുപറയുന്ന ആളുടെ ശബ്ദം ഞാൻ തിരിച്ചറിഞ്ഞു. അയാൾ കേരളവർമ കോളേജ് പരിസരവാസിയായിരുന്ന വാസുവാണ്.

കാനാട്ടുകര, പടിഞ്ഞാറേക്കോട്ട മുതൽ നടുവിലാൽ വരെയുള്ള റോഡിൽ കപ്പലണ്ടിക്കച്ചോടം നടത്തിയിരുന്ന വാസു കേരളവർമ്മ കാൻ്റീനിലെ ‘ചായ മാഷാ’യിരുന്നു. നടത്തിപ്പുകാരൻ കഥാവശേഷനായപ്പോൾ വാസു തൊഴിൽരഹിതനായി. കപ്പലണ്ടി ഉന്തുവണ്ടിയിൽത്തന്നെ വറുത്തെടുത്തു പൊതികളാക്കി അയാൾ ഒരു രൂപയ്ക്ക് വിറ്റിരുന്ന കാലം എനിക്കോർമ്മയുണ്ട്. അപ്പോഴാണ് വാസുവിനെ ‘ബഡാ’ ലോട്ടറി ഏജന്റിന്റെ കാറിൽ ലോട്ടറിവില്പനക്കാരനായതേത്ര... അങ്ങനെ ചായ മാഷിൽ നിന്നാരംഭിച്ച വാസു ലോട്ടറിവില്പനക്കാരനായി സ്വന്തം വഴി സ്വയം തിരിച്ചുവിട്ടിരിക്കുന്നു.

സുഹൃത്തും സമീപവാസിയുമായ സതീശൻ ആദ്യം ഇലക്ട്രീഷ്യനായിരുന്നു. കോവിഡ് പിടികൂടിയ അയാൾക്ക് ശാരീരിക പ്രയാസങ്ങൾ അടിക്കടിയുണ്ടായി. സാധാരണക്കാരുടെ ആശാകേന്ദ്രമായ ജില്ലാ ആശുപത്രിയിലെ മരുന്നും മന്ത്രവും കാര്യമായി ഫലിക്കാതെ വന്നപ്പോൾ സതീശന് ലോട്ടറി വില്പന ഏറ്റെടുക്കുകയല്ലാതെ വേറെ വഴിയില്ലാതായി. അയാളുടെ ലോട്ടറി വില്പനയ്ക്ക് പൊട്ടൻഷ്യലായ സ്​ഥലം അത്ര മോശമല്ല. റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ ഹാൾട്ടടിക്കുമ്പോഴും അവിടെ സ്റ്റോപ്പുള്ള വണ്ടികൾ നിർത്തുമ്പോഴുമൊക്കെ സതീശ​ന്റെ ടിക്കറ്റുകൾ നന്നായി വിറ്റുപോകും.

എന്റെ ബാല്യത്തിൽ ‘തത്തമ്മ ഭാഗ്യ’വുമായി ഈ പ്രദേശങ്ങളിൽ പാലക്കാട് സ്വദേശികളായ ചില സ്​ത്രീകൾ വരുമായിരുന്നു. തേക്കിൻകാട് മൈതാനത്തിൽ പതിവായി കസ്റ്റമറെ കാത്തിരിക്കുന്ന തത്തമ്മഭാഗ്യക്കാരെ ഇപ്പോൾ കാണാറില്ല.

അയാൾ പത്താം ക്ലാസ് പാസ്സായിട്ടുമുണ്ട്. മൊബെയ്ലിൽ പകർത്തുന്ന ലോട്ടറി വില്പനയുടെ പടങ്ങൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യാറുള്ള സതീശനെ രസികൻ അടിക്കുറിപ്പുകളുമെഴുതി ഞാൻ സന്തോഷിപ്പിക്കുക പതിവാണ്. ‘ജോസേട്ടൻ എന്റെ കട്ട സപ്പോർട്ടറാണ്’ എന്ന് അയാൾ സുഹൃത്തുക്കളോട് പറയാറുണ്ട്. അമ്മയ്ക്ക് വാർദ്ധക്യകാലാസുഖങ്ങൾ ക്രമാതീതമായി വർദ്ധിച്ചതോടെ സതീശൻ ലോട്ടറി ബിസിനസ്സ് അവസാനിപ്പിച്ചിരിക്കുന്നു.

ആലപ്പുഴ സ്വദേശി രാജി തൃശ്ശൂർക്കാരൻ ബാബുവിനെ വിവാഹം കഴിച്ചതോടെ ഇവിടെ സ്വന്തം നാടായി കണക്കാക്കിയ സ്​ത്രീയാണ്. ഉദ്ദേശം 40+ വയസ്സ് പ്രായമുള്ള അവർ മെഡിക്കൽ കോളേജ് പരിസരത്തുള്ള വെളപ്പായ പ്രദേശത്താണ് താമസം. ഭർത്താവ് ബാബു ലോണെടുത്ത് ആദ്യം സ്വന്തം ക്വാളിസ് കാർ ഡ്രൈവറായി ജീവിതം തുടങ്ങി. കണ്ണുകൾക്കു ബാധിച്ച തിമിരം ശസ്​ത്രക്രിയ നടത്തി കണ്ണട വെച്ച് വണ്ടിയോടിച്ച് വീണ്ടും ജീവിതം തുടർന്നു. അപ്പോഴാണ് അയാളെ അസുഖങ്ങൾ ഒഴിയാബാധയായി കൂടെക്കൂടുന്നത്. ബാബു ക്വാളിസ് വിറ്റ് ഓട്ടോ വാങ്ങി രാപകലെന്യേ ഓടിച്ച് ജീവിതത്തിനോട് മല്ലടിച്ച് രണ്ടുനേരത്തെ ആഹാരത്തിന് വഴിയുണ്ടാക്കി. പ്രതിസന്ധികൾ മറികടന്ന് നിശ്ചയദാർഢ്യത്തോടെയായിരുന്നു ഈ പ്രയാണം.

Photo: Roy Joseph
Photo: Roy Joseph

വീടിന് സമീപമായി ലോട്ടറി ടിക്കറ്റും മറ്റു ചില്ലറ സാധനങ്ങളും വിറ്റുപോന്നിരുന്ന രാജിയുടെ കടയ്ക്ക്, ദൗർഭാഗ്യകരമായെന്ന് പറയട്ടെ, കോവിഡിനോടൊപ്പം ഫുൾസ്റ്റോപ്പിട്ടു. ബാബുവിന്റെ അസുഖങ്ങളും അടിക്കടി വർദ്ധിച്ചു. ഇപ്പോൾ രാജി ലോട്ടറിടിക്കറ്റുകൾ കൈയിലെടുത്ത് ജീവിതപ്പോരാട്ടത്തിന് തയ്യാറായിരിക്കുകയാണ്. മുനിസിപ്പിൽ കോർപ്പരേഷൻ കെട്ടിടത്തിനു താഴെ ബാബു ലോട്ടറി ടിക്കറ്റുകൾ വിറ്റുകൊണ്ടിരുന്ന അതേ സ്​ഥലത്ത് അയാളുടെ ഭാര്യ രാജി ചെറിയ തോതിൽ ടിക്കറ്റ് വില്പന തുടരുന്നു. അത് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള, തളരാത്ത സ്​ത്രീസമൂഹത്തിന്റെ കഥകളിൽ ഒന്നുമാത്രം.

പൂതൂർക്കര രമേശന്റെ വഴി...

ലോട്ടറി ടിക്കറ്റ് വില്പനക്കാരായി ഇവിടെ പരിചയപ്പെടുത്തിയവരിൽ എല്ലാവരും സ്വന്തം ജീവിതമാർഗ്ഗമായാണ് ഈ രംഗത്ത് കാലൂന്നിയതും തുടരുന്നതും. എന്നാൽ കേരളവർമയിലെ എന്റെ പഠനകാലശേഷം അവിടെനിന്ന് ബി.എ (മലയാളം) ബിരുദം നേടുകയും ഇടതുപക്ഷ വിദ്യാർത്ഥിസംഘടനയോട് ചേർന്ന് പ്രവർത്തിക്കുകയും പിന്നീട് സ്ഥിരവരുമാനമാർഗ്ഗത്തിനായി ഇതര ജോലികൾ ചെയ്ത വ്യക്തിയുമാണ് പുതൂർക്കര സ്വദേശി രമേശൻ.

ബോംബെ മന്ത്രാലയ പരിസരം, ആസാദ് മൈതാനം, ദാദർ പ്ലാസ തിയേറ്ററിന് സമീപം എന്നിവിടങ്ങളിലുണ്ടായിരുന്ന തത്തമ്മ ഭാഗ്യക്കാർ നൊമാഡിക് ട്രൈബിൽ പെട്ട കർണാടക–ആന്ധ്ര അതിർത്തിപ്രദേശമായ ഗുൽബർഗ പഹാഡി (കുന്ന്) ഗ്രാമവാസികളായിരുന്നു.

അദ്ദേഹത്തിന് സ്വന്തം വീടും പറമ്പും മറ്റു ചുറ്റുപാടുകളുമൊക്കെയുണ്ടെങ്കിലും ഇപ്പോൾ പാർട്ട് ടൈമായി ലോട്ടറി വില്പന നടത്തിവരുന്നു, പീടികയുടെ ഒരു ചായ്പിൽ. അതിൽനിന്ന് ലഭിക്കുന്ന പണം വരുമാനമായി കണക്കാക്കാതെ ബോറടിയിൽനിന്ന് സ്വയം ഒഴിവാകാനുള്ള ‘ടൈംപാസ്​’ രീതിയിലായി വേണം കാണേണ്ടത്.

കേൾക്കുമ്പോൾ കൗതുകകരമായി തോന്നാമെങ്കിലും രമേശനെ ചുറ്റിപ്പറ്റി ജീവിക്കുന്ന രണ്ടുപേരുണ്ട്. ഒരാൾ രാമുവും മറ്റേയാൾ സുരേന്ദ്രനും. ഇരുവരുടെയും സ്വദേശം എനിക്കജ്ഞാതമാണെങ്കിലും എന്റെ സുഹൃത്ത് പണം നല്കി വാങ്ങുന്ന ടിക്കറ്റുകൾ നടന്നുവില്ക്കുന്ന പാവങ്ങളാണ് ഇവർ രണ്ടുപേരും.

രാമുവിനെയും സുരേന്ദ്രനേയും ടിക്കറ്റ് വില്പന വഴി സഹായിക്കുന്ന ‘പൊട്ട സുഭാവം’ അയാളുടെ വീട്ടുകാർക്ക് ദഹിക്കുന്നില്ലായിരിക്കാം. എങ്കിലും നമ്മുടെ സമൂഹത്തിൽ അവശരെ ചേർത്തുപിടിക്കാനുള്ള സ്നേഹവും ഉത്സാഹവും അന്യംനിന്നുപോകുന്ന ഈ കാലത്ത് എന്റെ സുഹൃത്തിന്റെ ‘ടൈംപാസി’ലൂടെ രണ്ടുപേർ അവരുടെ ആഹാരത്തിന് വക കണ്ടെത്തുന്നത് സന്തോഷകരമായി തോന്നുന്നു.
ഒരുതരത്തിൽ രമേശൻ അയാളുടെ സുഹൃത്തുക്കളും ലോട്ടറിവില്പനക്കാരുമായ രാജുവിന്റെയും സുരേന്ദ്രന്റെയും ജീവിതപ്രശ്നങ്ങൾ തീർക്കാൻ ശ്രമിക്കുന്ന ട്രബിൾ ഷൂട്ടറാണെന്ന് പറയാം.

Photo: Ayyare Narayan
Photo: Ayyare Narayan

രാജു മെഡിക്കൽ കോളേജിൽ ചികിത്സക്കെത്തി ‘ഹെർണിയ’ ഓപ്പറേഷനും കഴിഞ്ഞ് ഗതിയില്ലാതെ അവിടെത്തന്നെ ചുറ്റിപ്പറ്റി ജീവിച്ചിരുന്ന കാലത്താണ് രമേശൻ അയാളെ കണ്ടെത്തിയതേത്ര. സുരേന്ദ്രൻ വഴിയേ ഇവരുടെ കൂടെ കൂടുകയായിരുന്നു. ‘ചാരിറ്റി ബിഗിൻസ് അറ്റ് ഹോം’ എന്ന ഇംഗ്ലീഷ് പ്രയോഗം ഇവിടെ അതിന്റെ എല്ലാ അർത്ഥങ്ങളിലും തെളിഞ്ഞുകാണുന്നവർ കുറവാണ്. ചുരുങ്ങിയ പക്ഷം ‘കണ്ണടച്ച് ഇരുട്ടാക്കാതിരിക്കുക’ എന്ന നടപ്പ് സമ്പ്രദായം ഒഴിവാക്കേണ്ടതാണെന്നാണ് എന്റെ എളിയ പക്ഷം.

ഇവരിൽ പലരും ഈ വില്പന രംഗം വിട്ടുപോയിട്ടില്ല എന്നതിന്റെ മനഃശ്ശാസ്​ത്രവശം, വേറെ വരുമാനമാർഗ്ഗം അവർക്ക് കണ്ടെത്താനാകാത്തതാകാം. അല്ലെങ്കിൽ ഭാഗ്യാന്വേഷികൾ പെരുകുന്നതുകൊണ്ടുമാകാം.

എന്റെ ബാല്യത്തിൽ ‘തത്തമ്മ ഭാഗ്യ’വുമായി ഈ പ്രദേശങ്ങളിൽ പാലക്കാട് സ്വദേശികളായ ചില സ്​ത്രീകൾ വരുമായിരുന്നു. ചിറകു മുറിച്ച തത്തയെ കൊച്ചു കൂട്ടിലടച്ച് ഹിന്ദുപുരാണങ്ങളിലെ ദേവീദേവന്മാരുടെ ഛായാചിത്രങ്ങൾ തിരഞ്ഞെടുക്കാൻ പഠിപ്പിച്ച്, പാവം കിളി അവയിലൊന്ന് കൊത്തിയെടുക്കുമ്പോൾ, ഈശ്വരന്മാരെ ധ്യാനിച്ചെന്നപോലെ ആ പാലക്കാടൻ സ്​ത്രീ ചിത്രത്തിന്റെ വ്യാഖ്യാനങ്ങൾ കേൾപ്പിക്കുകയായി. ഇവരുടെ ശ്രോതാക്കൾ വീട്ടമ്മമാരും കാർഷികത്തൊഴിലാളി സ്​ത്രീകളുമായിരുന്നു. തേക്കിൻകാട് മൈതാനത്തിൽ പതിവായി കസ്റ്റമറെ കാത്തിരിക്കുന്ന തത്തമ്മഭാഗ്യക്കാരെ ഇപ്പോൾ കാണാറില്ല.

ലോട്ടറി ഭാഗ്യവിളംബരം ഇപ്പോൾ മൊബൈൽഫോണുകളിലേക്ക് മാറിയിരിക്കുന്നു. ഭാഗ്യാന്വേഷികൾ ഭാഗ്യം കാണുന്നതും സന്തോഷിക്കുന്നതും ദുഃഖിക്കുന്നതുമെല്ലാം മൊബൈലിലാണ്.

ബോംബെ മന്ത്രാലയ പരിസരം, ആസാദ് മൈതാനം, ദാദർ പ്ലാസ തിയേറ്ററിന് സമീപം എന്നിവിടങ്ങളിലുണ്ടായിരുന്ന തത്തമ്മ ഭാഗ്യക്കാർ നൊമാഡിക് ട്രൈബിൽ പെട്ട കർണാടക–ആന്ധ്ര അതിർത്തിപ്രദേശമായ ഗുൽബർഗ പഹാഡി (കുന്ന്) ഗ്രാമവാസികളായിരുന്നു. കുരങ്ങിനെ കളിപ്പിക്കുക, (മറാഠിയിൽ –മദാരികൾ) ഹസ്​തരേഖാ‘ശാസ്​ത്രം’, നാഡീചികിത്സാസമ്പ്രദായം എന്നിവയിൽ ഏർപ്പെട്ട് ജീവിച്ചുപോന്ന ഗോന്ധാലീ സമൂഹം ഇപ്പോൾ ഇത്തരം ഭാഗ്യപരീക്ഷണം അവസാനിപ്പിച്ചിരിക്കുന്നു. മഹാരാഷ്ട്ര ഭരണകൂടം തത്തമ്മ ഭാഗ്യവും കുരങ്ങുകളിയുമൊക്കെ ബോംബെയിൽ നിയമപരമായി നിരോധിച്ചിട്ടുമുണ്ട്.

ലോട്ടറി ഭാഗ്യവിളംബരം ഇപ്പോൾ മൊബൈൽഫോണുകളിലേക്ക് മാറിയിരിക്കുന്നു. ഭാഗ്യാന്വേഷികൾ ഭാഗ്യം കാണുന്നതും സന്തോഷിക്കുന്നതും ദുഃഖിക്കുന്നതുമെല്ലാം മൊബൈലിലാണ്. പതിവായി ടിക്കറ്റ് വാങ്ങുന്നവരിൽ സ്​ത്രീകളും പുരുഷന്മാരും ഉൾപ്പെടുന്നു. വീട്ടമ്മമാരും തമിഴ് തൊഴിലാളി സ്​ത്രീകളും ബംഗാളികളും അഭ്യസ്തവിദ്യരും വിദ്യാഭ്യാസം അശേഷം തൊട്ടുതീണ്ടാത്തവരും ഭക്തരും യുക്തിവാദികളും രാഷ്ട്രീയക്കാരും ധാരാളമാണ്.

ഇന്നല്ലെങ്കിൽ നാളെ, നാളെ, നാളെ ഭാഗ്യക്കുറി വീഴുമെന്ന സ്വപ്നം കാണുന്നവരുടെ ഈ ലോകത്തിന് അതിരുകളില്ല. അത് അനന്തമില്ലാത്ത ആകാശം പോലെയാണ്. പ്രത്യാശ അവർ കൈവിടാതിരിക്കട്ടെ. അവരുടെ സ്വപ്നം സാക്ഷാൽക്കരിക്കപ്പെടട്ടേയെന്ന് പാവപ്പെട്ട ലോട്ടറി വില്പനക്കാരെപ്പോലെ ഞാനും ആഗ്രഹിക്കുന്നു. നിങ്ങൾക്കും ആ ആഗ്രഹമാകാം, അതിന് കാശിന്റെ ചെലവുമില്ലല്ലോ.


Summary: Kerala Lottery History and the Life of Lottery Workers in Thrissur, Kerala, and Mumbai. KC Jose writes about his experiences and observations regarding changes in lottery selling over the past years.


കെ.സി. ജോസ്​

തൃശൂർ സ്വദേശി. ദീർഘകാലം മുംബൈയിൽ പരസ്യമേഖലയിൽ ജോലി ചെയ്തു. അക്കാല ബോംബെ ജീവിതങ്ങളെക്കുറിച്ച് ധാരാളം ലേഖനങ്ങൾ എഴുതി. മുംബൈ മേരി ജാൻ എന്ന പുസ്തകം പ്രസിദ്ധീകരിച്ചു.

Comments