സാമ്പത്തിക സംവരണം നയമല്ല, നയരാഹിത്യമാണ്​

ദാരിദ്ര്യമില്ലാതാക്കാൻ എന്തുകൊണ്ട് മാറിമാറി ഭരിച്ച എൽ.ഡി.എഫിനും യു.ഡി.എഫിനും കഴിഞ്ഞില്ല? സമ്പത്തിന്റെ പുനർവിതരണത്തിലൂടെ പാവപ്പെട്ടവർക്ക് സമ്പത്ത് കൊടുത്തില്ല? പാവപ്പെട്ടവരെയും സമ്പന്നരെയും സൃഷ്ടിച്ച് നിലനിർത്തിയ ആളുകൾക്ക് ഘടനാപരമായ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയില്ല. സംവരണം ഒരു നയസമീപനമല്ല, തന്ത്രമാണ്. സാമ്പത്തിക സംവരണം നയരാഹിത്യത്തെ കാണിക്കുന്നു, നയത്തെയല്ല. സർക്കാർ നിയമനങ്ങളിലും വിദ്യാലയ പ്രവേശനത്തിലും മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് പത്തുശതമാനം സംവരണം നൽകാനുള്ള സർക്കാർ തീരുമാനം കടുത്ത വിമർശനത്തിനിടയാക്കിയ സന്ദർഭത്തിൽ സംവരണവുമായി ബന്ധപ്പെട്ട എം. കുഞ്ഞാമന്റെ വിശകലനം

സാമൂഹിക നീതിയുടെ ഭാഗമായാണ് സംവരണം എന്ന ആശയം ആദ്യമായി ഉന്നയിക്കപ്പെടുന്നത്. ഒഴിവാക്കപ്പെട്ട സാമൂഹിക വിഭാഗങ്ങൾക്ക് പ്രാതിനിധ്യവും പങ്കാളിത്തവും നൽകുകയായിരുന്നു ഉദ്ദേശ്യം. വിദ്യാഭ്യാസത്തിൽ, തൊഴിലിൽ, രാഷ്ട്രീയത്തിൽ - ഈ മൂന്നുമേഖലകളിലാണ് സംവരണം വന്നത്. വ്യവസ്ഥിതിയിൽ പങ്കെടുക്കാനും ജനങ്ങളെ പ്രതിനിധീകരിക്കാനുള്ള അവകാശത്തിന്റെ അംഗീകാരവുമായിരുന്നു അത്.

സാമൂഹിക നീതിയുടെ തലത്തിൽ സംവരണത്തെ കാണാനാകില്ല. അങ്ങനെ കാണണമെങ്കിൽ, ദളിത്- ആദിവാസി വിഭാഗങ്ങളുടെ മൊത്തത്തിലുള്ള അവസ്ഥയിൽ എന്ത് മാറ്റം വരുന്നു എന്നുനോക്കിയേ പറയാനാകൂ. സാമൂഹിക നീതിയുടെ പ്രശ്‌നമായി എടുക്കണമെങ്കിൽ സാമൂഹിക വിഭാഗങ്ങൾക്ക് മൊത്തത്തിൽ എന്ത് സംഭവിച്ചു എന്ന് പരിശോധിക്കണം.

സംവരണത്തിലൂടെ വിദ്യാഭ്യാസവും തൊഴിലും കിട്ടിയത് കുറെ വ്യക്തികൾക്കാണ്. രാഷ്ട്രീയത്തിൽ നോക്കൂ. സംവരണ മണ്ഡലങ്ങളിലാണ് ദളിത്- ആദിവാസി ആളുകൾ മൽസരിക്കുന്നത്. ഇവരെ തെരഞ്ഞെടുക്കുന്നത് മറ്റുള്ളവരാണ്. നമ്മുടെ തെരഞ്ഞെടുപ്പുവ്യവസ്ഥയിൽ ജനപ്രതിനിധികളെ തെരഞ്ഞെടുക്കുന്നത് ജനങ്ങളാണ്, വോട്ടുചെയ്ത്. എന്നാൽ, സ്ഥാനാർഥികളെ തെരഞ്ഞെടുക്കുന്നത് രാഷ്ട്രീയ പാർട്ടികളാണ്. അവരുടെ മാനദണ്ഡങ്ങൾക്കനുസരിച്ച് ആളുകളെ സെലക്റ്റ് ചെയ്യുകയാണ്. ഇവരാണ് തെരഞ്ഞെടുപ്പിൽ മൽസരിക്കുന്നത്. അവരെ തെരഞ്ഞെടുക്കുന്ന അവകാശം മാത്രമാണ് ജനങ്ങൾക്കുള്ളത്.

മൂന്ന് സ്ഥാനാർഥികളാണ് ഉള്ളതെങ്കിൽ, ഈ മൂന്നുപേരെയും നിശ്ചയിക്കാനുള്ള അവകാശം പാർട്ടികളുടെ കുത്തകയാണ്. മേലാളന്മാർ തീരുമാനിക്കുന്നു. അതുകൊണ്ടാണ്, അത്തരത്തിലുള്ള രാഷ്ട്രീയസംവിധാനം അധഃകൃതർക്ക് ഗുണം ചെയ്യില്ല എന്ന് അംബേദ്കർ പറഞ്ഞത്. തെരഞ്ഞെടുപ്പിലൂടെ ജയിക്കുന്നവർ പാർട്ടി സ്ഥാനാർഥികളായാണ് വരുന്നത്, അല്ലാതെ ദളിത്- ആദിവാസി വിഭാഗങ്ങളുടെ പ്രശ്‌നം പറയാനുള്ള ആളുകളായല്ല വരുന്നത്. അവർ പാർട്ടി നയങ്ങളും പരിപാടികളും ജനങ്ങളിലേക്ക് എത്തിക്കുന്നവരാണ്, അതുകൊണ്ട് ഇവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടില്ല.

പാർട്ടിയുടെ ബൂർഷ്വ ജാതീയ നേതൃത്വം

ഇന്ത്യയിൽ ദളിത് പ്രസിഡന്റുണ്ടായി. ദളിതർക്ക് ഏറെ മുന്നോട്ടുപോകാൻ കഴിഞ്ഞു എന്ന് പറയാം. ദളിതർ എല്ലാ ദേശീയ പാർട്ടികളിലുമുണ്ട്. അത് ഒന്നിന്റെയും ഒരു മാനദണ്ഡമായി എടുക്കാൻ പറ്റില്ല. പാർട്ടിയുടെ ഉന്നത സ്ഥാനങ്ങളിലേക്ക് അവർക്ക് എത്താൻ കഴിയാതിരിക്കുന്നത് കഴിവിന്റെ പ്രശ്‌നമല്ല, അത് നേതൃസ്ഥാനവും നിയന്ത്രണവും കൈയാളുന്നവരുടെ വിവേചനമനോഭാവം കൊണ്ടാണ്.

മാർക്‌സിസ്റ്റ് പാർട്ടിയുടെ പൊളിറ്റ്ബ്യൂറോയിൽ ഒരു ദളിതന് അംഗമാകാൻ കഴിഞ്ഞിട്ടില്ല, ആ പാർട്ടിക്ക് ജാതീയ സമീപനം ഉണ്ട് എന്നാണ് ഇത് കാണിക്കുന്നത്. അവർ എന്തുതന്നെ സാങ്കേതിക ന്യായീകരണം പറഞ്ഞാലും അവരിലുള്ള ജാതീയമനോഭാവത്തെയാണ് ഇത് കാണിക്കുന്നത്. മാർക്‌സിസം അറിയുന്ന ദളിതർ ഇല്ലാഞ്ഞിട്ടല്ല. അവരെ അകറ്റിനിർത്തുന്നു. അവരെ ഒപ്പം നിർത്തി, അവരുടെ പ്രാതിനിധ്യം പാർട്ടിക്കുണ്ട് എന്നൊരു ധാരണയുണ്ടാക്കുക മാത്രമാണ് ലക്ഷ്യം. അതിനാണ്, പാർട്ടി ദളിതരെ ഒപ്പം നിർത്തുന്നത്.

1925ൽ കമ്യൂണിസ്റ്റ് പാർട്ടി രൂപീകൃതമായി, നൂറുവർഷം തികയാൻ പോകുന്നു, എന്നിട്ടും ഒരു ദളിതനെ നേതൃസ്ഥാനത്ത് കൊണ്ടുവരാൻ മാർക്‌സിസ്റ്റ് പാർട്ടിക്ക് കഴിയാത്തത് എന്തുകൊണ്ടാണ്? അത് അവരുടെ പരിമിതിയായി അവർ കാണണം. ഇത് സാമൂഹിക വിവേചനത്തിന്റെ പ്രശ്‌നമാണ്.
കമ്യൂണിസ്റ്റുകാരേക്കാൾ കോൺഗ്രസ് ഇക്കാര്യത്തിൽ അനുഭാവപൂർണമായ സമീപനം സ്വീകരിച്ചിട്ടുണ്ട്. ദളിത് പ്രസിഡന്റും ചീഫ് ജസ്റ്റിസും ഉണ്ടായത് കോൺഗ്രസിന്റെ ഇടപെടലോടെയാണ്. ജഗ്ജീവന്റാമിനെ ഉപ പ്രധാനമന്ത്രിവരെയാക്കി. അതിന്റെ ലക്ഷ്യം, അംബേദ്കറെ തടഞ്ഞുനിർത്തുക എന്നതായിരുന്നുവെങ്കിലും അവർ അത് ചെയ്തു. കോൺഗ്രസും ബി.ജെ.പിയും ഇത്തരത്തിൽ വ്യക്തികളെ ഉയർത്തിക്കൊണ്ടുവന്നിട്ടുണ്ട്. എന്നാൽ, ഞങ്ങൾ ഇവരുടെ ആളുകളാണ് എന്നു പറയുന്ന കമ്യൂണിസ്റ്റ് പാർട്ടികൾ ചെയ്തിട്ടില്ല. കാരണം, ബൂർഷ്വ ജാതീയ നേതൃത്വമാണ് കമ്യൂണിസ്റ്റ് പാർട്ടികളെ നിയന്ത്രിക്കുന്നത്.

മലബാറിലെ ഏറ്റവും വലിയ ഫ്യൂഡൽ കുടുംബത്തിൽനിന്നുള്ളയാളായിരുന്നു ഇ.എം.എസ് നമ്പൂതിരിപ്പാട്. ‘നമ്പൂതിരിപ്പാട്' എന്നത് എടുത്തുകളയാൻ അദ്ദേഹം ശ്രമിച്ചിട്ടില്ല. ഉയർന്ന ജാതിക്കാർക്ക് ജാതി എപ്പോഴും മേൽക്കോയ്മയുടെ അടയാളമായിരിക്കും, താഴ്ന്ന ജാതിക്കാർക്ക് അത് അപമാനത്തിന്റെയും അപകർഷതയുടെയും.
പ്രായോഗികാർഥത്തിൽ ഇ.എം.എസ് ദലിതർക്കെതിരായി എന്തെങ്കിലും ചെയ്തിട്ടുണ്ടോ എന്ന് മനസ്സിലാക്കാനുള്ള, പരിശോധിക്കാനുള്ള അവസരം എനിക്കുണ്ടായിട്ടില്ല. പക്ഷെ, എന്തുകൊണ്ട് നമ്പൂതിരിപ്പാട്? സഖാവ് നമ്പൂതിരിപ്പാട്? സഖാവ് നായനാർ?, സഖാവ് എസ്.ആർ.പി?...

സഖാവാണെന്നുപറയുമ്പോഴും നായരും പിള്ളയുമൊക്കെ ഇവർക്കുവേണം. അതവർ അവരുടെ മേൽക്കോയ്മ കാണിക്കാൻ തന്നെയാണ് ഉപയോഗിച്ചിരുന്നത്. ഞാൻ അതിന് അക്കാദമിക്കായ വ്യാഖ്യാനമാണ് കൊടുക്കുന്നത്. ഉയർന്ന ജാതിക്കാർ നായർ, പിള്ള, നമ്പൂതിരി എന്നിവ നിലനിർത്തുന്നത് മേൽക്കോയ്മ കാണിക്കാൻ വേണ്ടിതന്നെയാണ്. ഇന്ത്യയിലെ മാർക്‌സിസ്റ്റുകാർ ജാതിയിൽനിന്ന് മുക്തരല്ല. അവർ ജാതിയെ പ്രത്യക്ഷമായും പരോക്ഷമായും ഉപയോഗപ്പെടുത്തുന്നു. ഇല്ല എന്നു പറയുന്നത് അവരുടെ സത്യസന്ധതയില്ലായ്മയെ കാണിക്കുന്നു.

സംവരണത്തിലൂടെ ഉയർന്നുവരുന്ന വരേണ്യവർഗം വ്യവസ്ഥിതിയെ പിന്തുണക്കുന്നവരാണ്

മൂർത്തമായ രീതിയിൽ കമ്യൂണിസ്റ്റ്പാർട്ടി ജാതിയെ സമീപിക്കുന്നില്ല. ജാതിയെ ഭൂപ്രശ്‌നവുമായി ബന്ധപ്പെടുത്തി കാണുന്നില്ല. ഭൂബന്ധങ്ങളുടെ അടിസ്ഥാനത്തിലാണ് ഞാൻ ജാതിപ്രശ്‌നത്തെ കാണുന്നത്. ജാതീയത എന്നത് സവർണരിൽ മാത്രം ഒതുങ്ങിനിൽക്കുന്നതല്ല, പിന്നാക്ക വിഭാഗക്കാരും ദലിതരും അത് വച്ചുപുലർത്തുന്നുണ്ട്.

മറ്റു സമൂഹങ്ങളിൽ ഉൽപാദന ബന്ധങ്ങളാണ് സാമൂഹിക ബന്ധങ്ങളെ നിശ്ചയിച്ചിരുന്നത്. ഇന്ത്യയിലാകട്ടെ, സാമൂഹിക ബന്ധങ്ങളാണ് ഉൽപാദന ബന്ധങ്ങളെ നിശ്ചയിച്ചിരുന്നത്. ആർക്ക് ഭൂസ്വത്ത് അവകാശം പാടില്ല, ആർക്ക് ഏത് ജോലി ചെയ്യാം, വരുമാനത്തിന്റെ വിതരണം ഇതെല്ലാം ഇവിടെ സാമൂഹികമായാണ് നിശ്ചയിക്കപ്പെട്ടത്. മറ്റു രാജ്യങ്ങളിലും സമൂഹങ്ങളിലും അങ്ങനെയായിരുന്നില്ല. ഈ വ്യത്യാസം ഇവിടെ കമ്യുണിസ്റ്റുകാർ അംഗീകരിക്കുന്നില്ല. ഉൽപാദന ബന്ധങ്ങളുമായി ബന്ധപ്പെടുത്തിയല്ല അവർ ജാതിയെ കാണുന്നത്. അവർ ജാതി പ്രശ്‌നത്തെ ഉപരിതല പ്രതിഭാസമായാണ് കാണുന്നത്. അത് ചരിത്രപരമായി ശരിയല്ല.

ശരിക്കും രാഷ്ടീയത്തിൽ സംവരണം പാടില്ലാത്തതാണ്. രാഷ്ട്രീയം ഒരു താത്വിക പ്രശ്‌നമാണ്. ദളിത് രാഷ്ട്രീയം തുറന്ന പ്രക്രിയയിലൂടെ വരേണ്ടതാണ്. സംവരണ മണ്ഡലം പാടില്ല. അതിലൂടെ വരുന്നവർ മഹാസഭക്കാരാണ്, അവർ ദളിതരെ സാമൂഹികമായോ രാഷ്ട്രീയമായോ പ്രതിനിധീകരിക്കുന്നില്ല.
അംബേദ്കർ അടിയുറച്ചുവിശ്വസിച്ചത്, ദളിത് രാഷ്ട്രീയം വളരണം എന്നാണ്, അതിനർഥം, അധഃകൃതവർഗക്കാർ മറ്റു പാർട്ടികളിലൂടെ വളർന്നുവരണം എന്നായിരുന്നില്ല. ഇവർ അവരുടെ രാഷ്ട്രീയത്തിലൂടെ വന്ന് രാഷ്ട്രീയാധികാരം പിടിച്ചെടുത്ത് സമ്പത്ത് പുനർവിതരണം ചെയ്യണം. രാഷ്ട്രീയത്തെ അംബേദ്കർ കണ്ടത് വ്യത്യസ്തമായാണ്, അത് അധികാരത്തിലെ പ്രതിനിധ്യത്തിനോ പങ്കാളിത്തത്തിനോ അല്ല, പകരം, അധികാരം പിടിച്ചെടുക്കാനും അത് സമ്പത്തിന്റെ പുനർവിതരണത്തിന് ഉപയോഗപ്പെടുത്താനുമാണ്. അതാണ് ഉണ്ടാകാതിരുന്നതും.

ആ രീതിയിൽ പ്രത്യയശാസ്ത്രാധിഷ്ഠിതമായി രാഷ്ട്രീയത്തെ കാണാൻ ശ്രമിച്ചയാൾ കാൻഷിറാമാണ്. പിന്നീട് മായാവതി അവർക്കുകിട്ടിയ രാഷ്ട്രീയാധികാരം സമ്പത്തിന്റെ പുനർവിതരണത്തിനും സാമൂഹിക വ്യവസ്ഥിതിയുടെ പുനഃസംവിധാനത്തിനും ഉപയോഗിച്ചില്ല. ഉയർന്നുവരാൻ കഴിവുണ്ടായിരുന്ന ഒരാൾ അതുമൂലം നിഷ്പ്രഭയായി. ദളിതർ തന്നെ അവരെ ഇപ്പോൾ അംഗീകരിക്കുന്നില്ല. അത് സ്വഭാവികമാണ്. ഏതെങ്കിലും വ്യക്തികൾ പരിപാടിയുടെ അടിസ്ഥാനത്തിൽ വരികയാണെങ്കിൽ ആളുകൾ അംഗീകരിക്കും.

സംവരണത്തെ അംബേദ്കർ സാമൂഹിക നീതിക്കുള്ള ആയുധമായാണ് കണ്ടത്. പക്ഷെ, അതിലൂടെ വന്നവർ സാമൂഹിക പരിഷ്‌കരണത്തിനുള്ള രാസത്വരകമായി മാറിയില്ല. ഇതിൽ അംബേദ്കർക്കും പാശ്ചാത്താപമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ അവസാനപ്രസംഗങ്ങളിൽ ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്- ഞാൻ പ്രവർത്തിക്കേണ്ടിയിരുന്നത് വിദ്യാഭ്യാസമുള്ളവർക്കിടയില്ല, തൊഴിലാളികൾക്കിടയിലായിരുന്നു. അവരുടെ പ്രശ്‌നം വ്യത്യസ്തമായിരുന്നു. ഇത് അദ്ദേഹം ജീവിതാവസാനത്തിൽ മനസ്സിലാക്കിയിരുന്നു.

സംവരണത്തിലൂടെ ദളിതരിൽനിന്ന് ഉയർന്നുവരുന്ന വരേണ്യവർഗം പലപ്പോഴും വ്യവസ്ഥിതിയെ പിന്തുണക്കുന്നവരാണ്. അവർ അധികാരം പങ്കിടുന്നവരാണ്, എന്നാൽ, അധികാരത്തെ എതിർക്കുന്നവരാണ് അടിച്ചമർത്തപ്പെടുന്നവർക്കുവേണ്ടത്. ഇവിടെ സംഭവിച്ചത്, അധികാരഘടനയെ പ്രതിനിധാനം ചെയ്ത് അവരെ ശക്തിപ്പെടുത്തുന്നവരായി മാറി- അതായത്, സംവരണത്തിലൂടെ രാഷ്ട്രീയത്തിൽ വരേണ്യതയാണുണ്ടായത്, രാഷ്ട്രീയത്തിൽ മാത്രമല്ല തൊഴിലിലും സംവരണം വരേണ്യതയുണ്ടാക്കി. അവർ ഒരു പ്രത്യേക വിഭാഗമായി, അവർ ദളിതർക്കൊപ്പമല്ല, മേലാളർക്കൊപ്പമല്ല, അത്തരമൊരു പ്രത്യേക വിഭാഗം.

സംവരണത്തിലൂടെ നിരവധി ദളിതർക്ക് വിദ്യാഭ്യാസവും ജോലിയും കിട്ടിയിട്ടുണ്ട്. അത് അനുകൂലമായ കാര്യമാണ്. അല്ലെങ്കിൽ അവർക്ക് വരാൻ കഴിയുമായിരുന്നില്ല, അർഹതയില്ല എന്നു പറഞ്ഞ് അവരെ പുറന്തള്ളിയേനേ. സംവരണമില്ലാതെ ദളിത്- ആദിവാസി വിഭാഗങ്ങൾക്ക് ഇന്നത്തെ സാമൂഹിക പ്രക്രിയയിൽ പങ്കെടുക്കാൻ കഴിയില്ല. അതൊരു വസ്തുതയാണ്. എന്നാൽ, സംവരണത്തിലൂടെ നല്ല വിദ്യാഭ്യാസവും തൊഴിലും നേടി ഉന്നത സ്ഥാനത്തെത്തുന്ന ഒരു ദളിതന് തന്റെ ജനതയെ പ്രതിനിധീകരിക്കാൻ കഴിയാത്ത ഒരു വസ്തുനിഷ്ഠ സാഹചര്യം ഇന്ന് ഇന്ത്യയിലുണ്ട്.

മോചനത്തിനുതകാത്ത പ്രാതിനിധ്യവും പങ്കാളിത്തവും

ഈ സാഹചര്യത്തിൽ മാറിയ, വ്യത്യസ്തമായ ഒരു വീക്ഷണതലത്തിലാകണം സംവരണം ഇടപെടേണ്ടത്. സംവരണം ആനുകൂല്യമായി കാണാതെ അവകാശമായി കാണാൻ കഴിയണം. ചരിത്രപരമായി സംഭവിച്ച ചില തെറ്റുകൾ തിരുത്തുമ്പോൾ അതൊരു അവകാശമായി മാറണം. ആനുകൂല്യം ശക്തൻ അശക്തന് കൊടുക്കുന്ന ദാക്ഷിണ്യമാണ്.

സംവരണത്തിലൂടെ വരുന്നവരെ താഴ്ന്നവരായി കാണുന്ന പ്രവണത മേലാളവിഭാഗത്തിനുണ്ട്. സ്‌റ്റൈപ്പന്റ് കിട്ടി പഠിക്കുന്ന വിദ്യാർഥികളോടും മറ്റുമുള്ള വിവേചനം കൂടിവരികയാണ്. ഞാൻ പഠിക്കുന്ന കാലത്തും ഇതുണ്ടായിരുന്നു. ഹോസ്റ്റലിൽ ക്യൂ നിൽക്കുമ്പോൾ, വെറുതെ തിന്നാൻ കിട്ടുന്നതല്ലേ, വെറുതെ എന്തിനാ ബഹളം വെക്കുന്നേ എന്ന പുച്ഛമുണ്ടായിരുന്നു. ഇതൊരു സാമൂഹിക മനോഭാവത്തിന്റെ പ്രതിഫലനമാണ്.

ഇവർ മോശക്കാരാണ്, ബുദ്ധിയില്ലാത്തവരാണ്- ഇങ്ങനെ ഇപ്പോഴും വിശ്വസിക്കുന്നവർ കമ്യൂണിസ്റ്റുകാരാണ്. മറ്റുള്ളവർ അംഗീകരിക്കാൻ തുടങ്ങിയിട്ടുണ്ട്, ഇവർ കഴിവുള്ളവരാണ് എന്ന്.
അധഃസ്ഥിത സമൂഹത്തെ മുന്നോട്ടുനയിക്കാനുള്ള ഒരു ചാലകശക്തിയായി സംവരണത്തിന് പ്രവർത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്. ചില വ്യക്തികൾ ഇതിലൂടെ വന്നതുകൊണ്ട്, മറ്റുള്ളവർക്കും വരാൻ കഴിയുമെന്ന തോന്നലുണ്ടാക്കി. പക്ഷെ, അത് വ്യവസ്ഥിതിയെ പൊളിച്ചെഴുതാനുള്ള ശക്തിയായി മാറിയില്ല. അത് പുറത്താണ് നടക്കേണ്ടത്.

ഇപ്പോഴും മൗലികമായി ചിന്തിക്കുന്ന പല ദളിത് നേതാക്കളും കരുതുന്നത്, നിലവിലെ സാമൂഹിക വ്യവസ്ഥയുടെയും ഭരണവ്യവസ്ഥയുടെയും നിയമവ്യവസ്ഥയുടെയും ചട്ടക്കൂടിൽനിന്നുകൊണ്ട് തങ്ങളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ കഴിയില്ല എന്നാണ്. അവർ പരിഹാരം അന്വേഷിക്കുന്നത് വ്യവസ്ഥിതിക്കുപുറത്താണ്, സ്വതന്ത്രമായിട്ടാണ്.

ആദിവാസികളെ എടുത്തുനോക്കൂ. അവരുടെ ചരിത്രം സമരങ്ങളുടെ ചരിത്രമാണ്. ഇന്ത്യയിൽ ആദ്യത്തെ ആദിവാസി സമരം നടക്കുന്നത് 1773ലാണ്. സ്വതന്ത്ര്യസമരം നയിച്ച ഇന്ത്യൻ നാഷനൽ കോൺഗ്രസ് വരുന്നതിനും നൂറുവർഷം മുമ്പ്. ഭൂമി, വനം, വെള്ളം, ഇവ നിലനിർത്താനാവശ്യമായ സ്വയംഭരണാവകാശം- ഈ മൂന്നുകാര്യങ്ങൾക്കാണ് അവർ ഇന്നും സമരം ചെയ്യുന്നത്. അവരുടെ മൗലിക പ്രശ്‌നങ്ങളിൽ മാറ്റമുണ്ടായിട്ടില്ല. സ്വയംഭരണാവകാശം ഭരണഘടന നൽകുന്നുണ്ട്, അഞ്ചും ആറും ഷെഡ്യൂളുകളിൽ. കേരളം രൂപീകരിക്കപ്പെടുന്നതിനുമുമ്പ്, തിരുവിതാംകൂറിൽ ആദിവാസികളുടെ സംരക്ഷണത്തിന് പ്രത്യേക നിയമമുണ്ടായിരുന്നു- 1903ൽ നിലവിൽവന്ന ഹിൽമെൻ സെറ്റിൽമെന്റ് ആക്റ്റ് (The Hillmen Settlement Act). അതനുസരിച്ച്, ആദിവാസികളുടെ സാമൂഹിക സാമ്പത്തിക സാംസ്‌കാരിക കാര്യങ്ങളിൽ മറ്റുള്ളവർ ഇടപെടരുത്. ആദിവാസി മേഖലകളിൽ മറ്റുള്ളവർക്ക് പ്രവേശനമുണ്ടായിരുന്നില്ല. കച്ചവടത്തിനും മറ്റും മറ്റുള്ളവർ പോകുന്നത് അനുമതിയോടെയായിരിക്കണം. ഈ നിയമം നടപ്പാക്കാൻ സായുധ പൊലിസിനെ ആദിവാസി മേഖലകളിൽ നിയമിച്ചു.

തിരുവനന്തപുരത്ത് സി.കെ. ജാനുവിന്റെ നേതൃത്വത്തിൽ ആദ്യ ഭൂസമരം നടക്കുമ്പോൾ, സ്വയംഭരണം എന്ന അവകാശത്തെ പരിഹസിച്ച് അന്നത്തെ സ്പീക്കർ ചോദിച്ചു, ഇതെന്താ, റിപ്പബ്ലിക്കിന് അകത്ത് ഒരു റിപ്പബ്ലിക്കോ?. മാധ്യമപ്രവർത്തകർ ഇതേക്കുറിച്ച് പ്രതികരണം ചോദിച്ചപ്പോൾ ഞാൻ പറഞ്ഞു, ആദിമനിവാസികളുള്ള പ്രദേശങ്ങളിൽ റിപ്പബ്ലിക്കിന് അകത്ത് റിപ്പബ്ലിക്കിന് സാംഗത്യമുണ്ട്. നിയമം അതിന് അനുശാസിക്കുന്നുണ്ട്, ഒരുപക്ഷെ, സ്പീക്കർക്ക് അറിയാത്തതുകൊണ്ടാകാം. ഒരു രാഷ്ട്രീയക്കാരും ഇത് പറഞ്ഞില്ല. ലോകത്ത് മിക്ക രാജ്യങ്ങളിലുണ്ട്, ഇന്ത്യൻ ഭരണഘടനയിലുണ്ട്, തിരുവിതാംകൂറിൽ ഉണ്ടായിരുന്നു.

ജനകീയാസൂത്രണത്തിന്റെ കാലത്ത് ഒരു സ്ഥിതിവിവരക്കണക്ക് പരിശോധിച്ചപ്പോൾ, കേരളത്തിൽ ഏറ്റവും ധനികരായ കുടുംബങ്ങളിൽ മൂന്നുശതമാനം ആദിവാസി കുടുംബങ്ങളായിരുന്നു. ഈ കുടുംബങ്ങൾ പഴയ തിരുവിതാംകൂർ സംസ്ഥാനത്തുള്ളവരായിരുന്നു, പ്രത്യേകിച്ച് മലയരയർ. ഇടുക്കി, പത്തനംതിട്ട പ്രദേശങ്ങളിലുള്ളവർ.

പഴയ തിരുവിതാംകൂർ വനങ്ങളിലുണ്ടായിരുന്ന ആദിവാസികൾ, ആദിവാസികളല്ലാതിരുന്നവരേക്കാൾ മുന്നിലായിരുന്നു. അതിന് അവരെ സഹായിച്ചത് രണ്ടുകാര്യങ്ങളാണ്: ഒന്ന്, മൗലികമായ സ്വത്തവകാശം, അത് ഭരണകൂടം നൽകി സംരക്ഷിച്ചതാണ്. രണ്ട്, കമ്പോള പങ്കാളിത്തം. തൊഴിലാളികളെന്ന നിലക്കല്ല, ഉൽപാദകർ എന്ന നിലക്ക്. അവർ ഏലം ഉൽപാദിപ്പിച്ച് കോയമ്പത്തൂരിൽ വിറ്റ് സാധനങ്ങൾ വാങ്ങി ഊരുകളിൽ കൊണ്ടുവന്നു. അവർക്ക് സാമ്പത്തിക അടിത്തറയും വിപുലമായ സാമൂഹിക ഇടപെടലുമുണ്ടായിരുന്നു. ഇതിന്റെ ഫലമായി തെക്കൻ ജില്ലകളിലെ ആദിവാസികൾ സാമ്പത്തികമായി ഏറെ മുന്നോട്ടുപോയി.

ഞാൻ പല ഇന്റർവ്യൂബോർഡുകളിലുണ്ടാകാറുണ്ട്. ആദിവാസികൾക്ക് സംവരണം ചെയ്ത തസ്തികകളിൽവരുന്നവർ ഭൂരിപക്ഷവും മലയരയർ, മണ്ണാൻ വിഭാഗക്കാരായിരുന്നു. അവർക്ക് ഒരു പിന്നാക്കാവസ്ഥയുമില്ല. അവർക്ക് ഏറെ മുന്നോട്ടുപോകാൻ കഴിഞ്ഞു. എന്നാൽ, അട്ടപ്പാടിയിലെയും വയനാട്ടിലെയും ആദിവാസികൾക്ക് ഈ അവസരമുണ്ടായില്ല. ഇവിടെ, ഭൂമി സ്വന്തമായുണ്ടായിരുന്നു കുറിച്യരെ ഒഴിച്ചുനിർത്തിയാൽ ആദിവാസികൾ അടിമകളായിരുന്നു.

ദളിതർക്കും ആദിവാസികൾക്കും സംവരണത്തിലൂടെ പ്രാതിനിധ്യവും പങ്കാളിത്തവും കിട്ടിയിട്ടുണ്ട്. എന്നാൽ, അത് ഈ വിഭാഗങ്ങളുടെ മോചനത്തിന് വഴിതെളിയിച്ചിട്ടില്ല. ഇന്ത്യയുടെ സാമ്പത്തിക നയ രൂപീകരണത്തിൽ അംബേദ്കർക്കുപോലും പങ്കുവഹിക്കാൻ കഴിഞ്ഞിട്ടില്ല. അദ്ദേഹത്തിന്റെ ദർശനങ്ങളും ആശയങ്ങളും രാഷ്ട്രമീമാംസാപരവും തത്വശാസ്ത്രപരവുമായ രംഗങ്ങളിൽ ഒതുങ്ങിനിൽക്കുകയാണുണ്ടായത്.

നയരൂപീകരണം, നയങ്ങളുണ്ടാക്കുന്നവരുടെ ആശയങ്ങളെയും ചിന്താഗതികളെയും വിജ്ഞാനത്തെയും ആശ്രയിച്ചിരിക്കുന്നു. അശക്തന്റെ വിജ്ഞാനം അശക്തമാണ്. ആദിവാസികൾക്ക് വിജ്ഞാനമുണ്ടെങ്കിലും അത് നയരൂപീകരണരംഗത്ത് പ്രതിഫലിക്കുന്നില്ല, കാരണം അവർക്ക് അധികാരമില്ല. അധികാരത്തിലിരിക്കുന്നവരുടെ വിജ്ഞാനത്തിനാണ് സാംഗത്യം. അവരുടെ വിമർശിക്കുന്ന ആശയങ്ങൾ അവഗണിക്കപ്പെടും. എന്ത് പറയുന്നു എന്നതിനല്ല, ആരു പറയുന്നു എന്നതിനാണ് പ്രാധാന്യം.

ഭരണാധികാരികളല്ല സമൂഹത്തിൽ മാറ്റം കൊണ്ടുവരുന്നത്. സാമൂഹിക ഘടനയെ ചോദ്യം ചെയ്യുന്നവരും വെല്ലുവിളിക്കുന്നവരുമാണ്. അതായത്, രാഷ്ട്രീയനേതാക്കളും ചിന്തകരും. മറ്റുള്ളവർ ഘടനയെ ബലപ്പെടുത്തുന്നവരാണ്. അവർ വ്യക്തിപരമായ കഴിവിന്റെ അടിസ്ഥാനത്തിൽവന്ന് വ്യവസ്ഥിതിയുടെ വക്താക്കളായി മാറുകയാണ് ചെയ്യുന്നത്. അതുകൊണ്ട്, വ്യവസ്ഥിതിയെ നിലനിർത്തുന്നവർക്കും ശക്തമാക്കുന്നവർക്കും ഒരുവിധ പ്രതികൂല സാഹചര്യങ്ങളും ഉണ്ടാകുന്നില്ല. രാഷ്ട്രീയത്തിലൂടെ വന്ന് വ്യവസ്ഥിതിയെ ചോദ്യം ചെയ്യുന്നവർക്കാണ് വെല്ലുവിളിയുള്ളത്.

പ്രാതിനിധ്യവും പങ്കാളിത്തവും കിട്ടുന്നുണ്ട്. പക്ഷെ, പങ്കാളിത്തം വളരെ യാന്ത്രികമാണ്. പാർട്ടി അച്ചടക്കത്തിന് വിധേയരായതിനാൽ ഈ സ്ഥാനാർഥികൾ ജയിച്ചുവന്നാൽ, ആദിവാസി ഭൂമി അന്യാധീനപ്പെടുന്നതിനെക്കുറിച്ച് സംസാരിക്കാൻ കഴിയില്ല. ദളിതർക്കും ആദിവാസികൾക്കും ലഭിച്ച പ്രാതിനിധ്യം അവരുടെ സ്വാതന്ത്ര്യത്തെ ശക്തിപ്പെടുത്തിയിട്ടുണ്ടോ എന്നതാണ് ചോദ്യം. സ്വാതന്ത്ര്യം എന്നു പറയുന്നത് ഒരു പദവിയിൽനിന്ന് വരേണ്ടതല്ല. പദവി എന്നു പറയുന്നത് ശക്തിയുടെ മാനദണ്ഡമല്ല, സാമ്പത്തികമായി കഴിവുള്ളവരാണ് കാര്യങ്ങൾ നിയന്ത്രിക്കുന്നത്.

തൊഴിലുറപ്പു പദ്ധതിയിൽ കൂടുതലും ദളിത്- ആദിവാസി വിഭാഗങ്ങളാണ്. എന്തുകൊണ്ട് അവർക്ക് വ്യവസായം തുടങ്ങാനുള്ള സഹായം കൊടുത്തുകൂടാ? ദളിതൻ എന്നു പറഞ്ഞാൽ കായികാധ്വാനവുമായി ബന്ധപ്പെടുത്തി കാണുന്ന വ്യവസ്ഥിതി തന്നെ തെറ്റാണ്. നായർക്കും പിള്ളക്കും ഈഴവനുമൊന്നും ചേറിലിറങ്ങി പണിയെടുക്കാൻ പറ്റില്ല, അതിന് ദളിതൻ വേണം. ഈയൊരു കാഴ്ചപ്പാടിനെയാണ് നമ്മൾ എതിർക്കുന്നത്. ഇത് ചരിത്രപരമായി ഉണ്ടായ കാഴ്ചപ്പാടാണ്.

അധഃകൃതർക്ക് അഭിമുഖീകരിക്കേണ്ടിവന്ന പ്രശ്‌നങ്ങൾ ഈഴവർക്ക് അഭിമുഖീകരിക്കേണ്ടിവന്നിട്ടില്ല. സംവരണത്തിൽ റോസ്റ്റർ വ്യവസ്ഥയനുസരിച്ച് ഈഴവർക്ക് ഇപ്പോഴും ഒന്നാം സ്ഥാനമാണ്. അവർക്കാണ് സംവരണത്തിൽ മേൽക്കൈ കിട്ടുന്നത്. ആദിവാസികൾക്ക് എട്ടാം സ്ഥാനമാണ്. ഏഴ് പോസ്‌റ്റേ ഉള്ളൂ എങ്കിൽ ആദിവാസിക്ക് നിയമനം കിട്ടില്ല. സർവകലാശാലയിൽ ഒരു പോസ്റ്റുണ്ടെങ്കിൽ, അത് റെട്ടേറ്റ് ചെയ്യണം എന്ന് ഒരു സുപ്രീംകോടതി വിധി തന്നെയുണ്ട്. കേരള ഗവർണറായിരുന്ന ബി. രാച്ചയ്യയോട് ഞാൻ ഒരിക്കൽ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. അദ്ദേഹത്തിന്റെ ഇടപെടലിനെതുടർന്നാണ് കേരള സർവകലാശാല രജിസ്ട്രാർ തസ്തിക പട്ടികവിഭാഗങ്ങൾക്കായി റൊട്ടേറ്റ് ചെയ്തത്.

സാമ്പത്തിക സംവരണം നയരാഹിത്യം

ജാതിവ്യവസ്ഥ എന്നത് ശ്രേണീബദ്ധമായ കാര്യമാണ്. നാല് സാമ്പത്തിക കാര്യങ്ങൾ ജാതിവ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് ഇന്ത്യയിൽ തീരുമാനിക്കുന്നത്- സ്വത്തവകാശം ആർക്കായിരിക്കണം, ആർക്കുപാടില്ല, തൊഴിൽവിഭജനം, സാമൂഹിക ഉൽപ്പന്നത്തിന്റെ വിതരണം, സാമൂഹിക മിച്ചം ആർക്ക് ഉപയോഗിക്കാം. ഈ നാലു വ്യവസ്ഥകളിലെ സ്വാധീനം മൂലമാണ് ജാതിവ്യവസ്ഥ മൗലികമായി വരുന്നത്. ജാതിവ്യവസ്ഥ എന്നു പറയുന്നത് ഇന്ത്യയിൽ ഒരു ഉപരിഘടന പ്രതിഭാസമല്ല. മറിച്ച് മൗലിക ഘടന പ്രതിഭാസമാണ്.

ഭരണഘടന നിലവിൽ വന്നതോടെ വലിയൊരു മാറ്റം സംഭവിക്കുന്നുണ്ട്. ദളിതരെ മനുഷ്യജീവികളായി ആദ്യമായി പരിഗണിച്ചത് ഭരണഘടനയാണ്. നവലിബറൽ സാമ്പത്തിക ക്രമം വന്നതോടെയാണ് മറ്റൊരു ഘട്ടം തുടങ്ങുന്നത്. അതുവരെ ഉൽപാദകന്റെ സ്വത്വമാണ് ഉൽപ്പന്നത്തിന്റെ സ്വത്വമായി നിശ്ചയിച്ചിരുന്നത്. അതൊരു ഫ്യൂഡൽ സംവിധാനം കൂടിയായിരുന്നു. നവലിബറൽ സാമ്പത്തികക്രമം വന്നപ്പോൾ ഉൽപാദകന്റെ സ്വത്വത്തിന് പ്രാധാന്യമില്ല, ഉൽപ്പന്നത്തിന്റെ ഗുണത്തിനാണ് പ്രാധാന്യം എന്നുവന്നു. ഉൽപ്പന്നം എന്നത് വളരെ മതേതരമായ ഒന്നാണ്.

ഇന്ന് ദളിത് വിഭാഗത്തിന് വിപണിയിൽ ഇടപെടാൻ കഴിയും. നിങ്ങളുടെ ഉൽപ്പന്നത്തിന്റെ ഗുണമാണ് അവിടെ നോക്കുന്നത്. വിപണി എന്നുപറയുന്നത് മതേതര സ്വഭാവമുള്ള സാമൂഹിക അന്തരീക്ഷമാണ്. മാർക്‌സും ഏംഗൽസുമാണ് വിപണിയുടെ മതേതര സ്വഭാവം ആദ്യം കണ്ടെത്തുന്നത്. മൽസരാധിഷ്ഠിതമായതിനാൽ, വിപണിക്ക് ഉൽപാദനം വർധിപ്പിക്കാനുള്ള കഴിവുണ്ട്. ഈ രണ്ടു കാര്യങ്ങളും മാനിഫെസ്‌റ്റോയിൽ ഊന്നിപ്പറയുന്നു.

എന്നാൽ, അവിടെ ജാതിയുടെ പ്രശ്‌നം വരുന്നത് എവിടെയാണ് നഗരത്തിൽ ഹോട്ടൽ നടത്താൻ പണം വേണം. പണമുണ്ടാക്കാൻ ദളിതന് പരിമിതിയുണ്ട്. ഭൂപരിഷ്‌കരത്തിലൂടെ കിട്ടിയ രണ്ടുസെന്റ് ഭൂമി വച്ച് ഏത് ബാങ്ക് വായ്പ കൊടുക്കും ഇവർ ജാതീയമായാണ് രണ്ടുസെന്റിലേക്ക് ഒതുങ്ങിയത്. അതുകൊണ്ടാണ് ഇന്ന് അവർക്ക് വിപണിയിൽ ഇടപെടാനും ബിസിനസ് തുടങ്ങാനും കഴിയാത്തത്. ഇതൊരു സാമൂഹിക പ്രശ്നമല്ല, സാമ്പത്തിക പ്രശ്നമാണ്. പക്ഷെ, സാമൂഹിക പ്രശ്‌നമാണ് അവരുടെ സാമ്പത്തികവിധി നിശ്ചയിച്ചത്.

ബിസിനസിലേക്കുവരുന്നവരിൽ ഭൂരിഭാഗവും പരമ്പരാഗതമായി സ്വത്ത് കിട്ടിയവരാണ്. ദളിത് ഉദ്യോഗസ്ഥന് അഞ്ചുസെന്റ് ഭൂമി വേണമെങ്കിൽ പണം കൊടുത്ത് വാങ്ങണം. എന്നാൽ, ഭൂപരിഷ്‌കരണം കൊണ്ട് ഭൂമി കിട്ടിയവർക്ക് ബാങ്കുകൾ വായ്പ കൊടുക്കും. അവർക്ക് വ്യവസായം തുടങ്ങാൻ എളുപ്പമാണ്. ഇത് ജാതീയമായി തീരുമാനിക്കപ്പെട്ട കാര്യമാണ്.

പരമ്പരാഗത സ്വത്തവകാശം മൂലം ഇന്ത്യയിലെ മുതലാളിത്ത കമ്പോള സാഹചര്യത്തിൽ മൽസരമില്ല. ഒരു പുരോഗമന സമൂഹമെന്ന നിലക്ക് പരമ്പരാഗത സ്വത്തവകാശം ഇല്ലതാക്കപ്പെടണം. സ്വത്ത് വേണമെങ്കിൽ അധ്വാനിച്ച് ഉണ്ടാക്കുകയാണ് വേണ്ടത്. അച്ഛനും അമ്മയും തന്നതാകരുത് സ്വത്ത്. ഇങ്ങനെ വരുമ്പോഴാണ് സമൂഹത്തിൽ മൽസരം വരുന്നത്. ഓരോ വ്യക്തിക്കും അവരുടെ കഴിവ് ഉപയോഗപ്പെടുത്താൻ അവസരമുണ്ടാകണം. അത് സാമൂഹികമായി സൃഷ്ടിക്കേണ്ടതാണ്.

അവസര സമത്വം, നിയമത്തിനുമുന്നിലെ സമത്വം തുടങ്ങിയവ നീതിയുടെ സൂചകങ്ങളായി നാം പറയാറുണ്ട്. ഒരു ഭിക്ഷക്കാരനും വലിയ ഒരു ബിസിനസുകാരനും റോഡരികിൽ കിടന്നുറങ്ങാൻ സ്വാതന്ത്ര്യമുണ്ട്. എന്നാൽ, പ്രശ്‌നം അതല്ല, കോടീശ്വരന് അതിന്റെ ആവശ്യമില്ല. പക്ഷെ, ഭിക്ഷക്കാരന് അവിടെ മാത്രമേ കിടക്കാനാകൂ. ഒരു സമാന അവസരം വ്യത്യസ്ത രീതിയിലാണ് പ്രയോഗിക്കപ്പെടുന്നത്.

ഇതോടൊപ്പം സാമ്പത്തിക സംവരണവാദം പ്രബലമാകുകയാണ്. കേരളം പോലുള്ള സ്ഥലം എടുത്തുനോക്കൂ. ദാരിദ്ര്യമില്ലാതാക്കാൻ എന്തുകൊണ്ട് മാറിമാറി ഭരിച്ച എൽ.ഡി.എഫിനും യു.ഡി.എഫിനും കഴിഞ്ഞില്ല സമ്പത്തിന്റെ പുനർവിതരണത്തിലൂടെ പാവപ്പെട്ടവർക്ക് സമ്പത്ത് കൊടുത്തില്ല പാവപ്പെട്ടവരെയും സമ്പന്നരെയും സൃഷ്ടിച്ച് നിലനിർത്തിയ ആളുകൾക്ക് ഘടനാപരമായ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയില്ല. വളരെ വൈകാരികമായ ആയ വിഷയം ആണ് സംവരണം. അവിടെ മിതമായി കാര്യങ്ങൾ ചർച്ച ചെയ്യാറില്ല.

ഒരു സംസ്ഥാന സർക്കാർ എന്നു പറയുന്നത് ബൂർഷ്വാ നിയമത്തിന്റെ ചില്ലറ കച്ചവടക്കാരാണ്. അവർക്ക് സാമ്പത്തികരംഗം നിയന്ത്രിക്കുന്ന സമ്പന്നരെ തൊടാൻ കഴിയില്ല. എന്നാൽ, തങ്ങൾ പാവപ്പെട്ടവർക്ക് ഒപ്പമാണെന്ന ഒരു ധാരണ ഉണ്ടാക്കുകയും വേണം, അതിനാണ് സംവരണം ഒരു തന്ത്രമായി ഉപയോഗിക്കുന്നത്. അതൊരു നയസമീപനമല്ല, തന്ത്രമാണ്. സാമ്പത്തിക സംവരണം നയരാഹിത്യത്തെ കാണിക്കുന്നു, നയത്തെയല്ല.

(ഡി.സി ബുക്​സ്​ പ്രസിദ്ധീകരിച്ച ‘എതിര്​- ചൊറോണയുടെയും അയ്യപ്പ​ന്റെയും മകന്റെ ജീവിതസമരം’ എന്ന കൃതിയിൽനിന്ന്​)


എം. കുഞ്ഞാമൻ

പ്രമുഖ സാമ്പത്തികശാസ്​ത്ര വിദഗ്​ധൻ. സബാൾട്ടൻ സ്​റ്റഡീസിൽ മൗലിക അന്വേഷണം നടത്തുന്ന ചിന്തകൻ. മഹാരാഷ്​ട്രയിലെ തുൽജാപുരിൽ ടാറ്റ ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ സോഷ്യൽ സയൻസസിൽ പ്രഫസറായിരുന്നു. ഇപ്പോൾ നെൽസൺ മണ്ടേല ചെയർ പ്രൊഫസർ, എം.ജി യൂണിവേഴ്​സിറ്റി. ​​​​​​​Development of Tribal Economy, State Level Planning In India, Globalization: A Subaltern Perspective, Economic Development and Social change, കേരളത്തിന്റെ വികസന പ്രതിസന്ധി, എതിര്​: ചെറോണയുടെയും അയ്യപ്പന്റെയും മകന്റെ ജീവിതസമരം എന്നിവയാണ്​ പ്രധാന കൃതികൾ.

Comments