എം. കുഞ്ഞാമൻ / ഫോട്ടോ: ധനൂജ്

കീഴാളന്റെ അവകാശമാണ് സ്വത്ത്

ലോകത്തിൽ എല്ലായിടത്തുമുള്ള പുറന്തള്ളപ്പെട്ടവർക്കായി സ്വത്തുടമസ്ഥതയുമായി ബന്ധപ്പെട്ട ഒരു സാർവദേശീയ പ്രഖ്യാപനം ഉണ്ടാകണം. കേരളത്തിലും അതാണ് ആവശ്യം. ഭാവിയിലേക്കുവേണ്ട കീഴാള പരിപ്രേക്ഷ്യം അവതരിപ്പിക്കപ്പെടുന്നു

We Demand It

കീഴാളർക്കുവേണ്ടിയുളള ഒരു ഭാവി പരിപ്രേക്ഷ്യത്തെക്കുറിച്ച് ആലോചിക്കേണ്ട സമയമാണിത്. കാരണം, വൈജ്ഞാനികമായും രാഷ്ട്രീയമായും സബാൾട്ടൻ ഡിസ്‌കോഴ്‌സ് ആശയതലത്തിൽനിന്ന് ഒരു സാമൂഹികമാറ്റമായി പരിണമിക്കാനുള്ള സാധ്യത ഇന്നുണ്ട്. കേരളത്തിലും ഇന്ത്യയിലും ആഗോളീയമായും ഈ വിഷയം ഈയൊരു ആംഗിളിൽ വികസിച്ചുവരികയാണ്. ഇത്തരമൊരു വികാസത്തെക്കുറിച്ച് പറയുമ്പോൾ ഒരു കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. പുരോഗതി എന്നു പറയുന്നതിനെ ഒരു നേർരേഖാ പ്രതിഭാസം (Linear) ആയി നാം കാണരുത്. അതായത്, ഭൂതകാലത്തിന്റെ തുടർച്ചയാണ് വർത്തമാനകാലം, അതിന്റെ തുടർച്ചയാണ് ഭാവി എന്ന തരത്തിലുള്ള വിശകലനം ചോദ്യം ചെയ്യപ്പെടാവുന്നതാണ്. പലപ്പോഴും ശക്തിയുമായുള്ള ഇടപെടലിലൂടെ ആ നേർരേഖ പ്രതിഭാസം പൊളിക്കാൻ കഴിയും. അതിനുപക്ഷേ, പ്രകടമായ പരിപാടിയും പ്രവർത്തനവും വേണം. സാമൂഹികമാറ്റം വരുന്നു എന്നതാണ്, അല്ലാതെ, വന്നു എന്ന കാഴ്ചപ്പാട് പാടില്ല.

കേരളത്തിന്റെ സമര രാഷ്ട്രീയം

കീഴാളരുടെ കാര്യത്തിൽ സംഭവിച്ചത് എന്താണ്? അവർക്ക് വീടുണ്ടാക്കി കൊടുക്കുന്നു, വിദ്യാഭ്യാസ സൗകര്യം ലഭ്യമാക്കുന്നു... അവർക്കുവേണ്ടി ആരോ ഇതെല്ലാം ചെയ്യുകയാണ്, ചിലത് അവർക്കുവേണ്ടി സംഭവിക്കുകയാണ്. സംഭവിക്കലിൽ അവരുടെ കർതൃത്വമില്ല. പകരം, അത് അവർ തന്നെ ചെയ്താലേ അവരുടെ കർതൃത്വമുണ്ടാകൂ. നമ്മുടെ ജീവിതം നമ്മൾ നിയന്ത്രിക്കുമ്പോൾ തെറ്റും ശരിയുമുണ്ടാകും, അത് കാര്യമാക്കേണ്ടതില്ല. നമുക്ക് അതിന് സ്വാതന്ത്ര്യം വേണം. തെറ്റായത് ചെയ്യാനുള്ള സ്വാതന്ത്ര്യം പോലും വിലമതിക്കപ്പെടേണ്ടതാണ്. പ്രാന്തവൽക്കരിക്കപ്പെടുന്ന വിഭാഗങ്ങൾ ഈയൊരു കാഴ്ചപ്പാടിൽ പലപ്പോഴും ചിന്തിച്ചിട്ടില്ല. എല്ലാത്തിനും അവർ സർക്കാറിനെ ആശ്രയിക്കുകയാണ്. അത് ആശ്രിതത്വം ഉണ്ടാക്കുന്നു. സർക്കാറുണ്ടാക്കുന്ന രാഷ്ട്രീയപാർട്ടികൾ "ഞങ്ങൾ ഇന്നത് ചെയ്തു' എന്നു പറയുന്നത് വികല കാഴ്ചപ്പാടാണ്. ആ കാഴ്ചപ്പാടിനെ ചോദ്യം ചെയ്യണം.

‘വിദ്യാഭ്യാസം ജന്മാവകാശമാണ്’ എന്ന മുദ്രാവാക്യമുയർത്തി വയനാട്ടിൽ ആദിവാസി വിദ്യാർഥികൾ നടത്തുന്ന സമരത്തിൽ നിന്ന്‌

കഴിഞ്ഞ 50 വർഷങ്ങളെക്കുറിച്ച് ചരിത്രപരമായ പരിപ്രേക്ഷ്യത്തിൽ നോക്കിയാൽ, ചില പ്രത്യേക കാര്യങ്ങൾ കാണാൻ കഴിയും. മാനവിക വികസന സൂചികയുടെ പേരിലാണ് കേരളം പ്രകീർത്തിക്കപ്പെട്ടിരുന്നത്. ജോൺ മെഞ്ചർ (Joan P Mencher) എന്ന സാമൂഹിക ശാസ്ത്രജ്ഞ 1983ൽ എഴുതിയ പ്രബന്ധത്തിൽ പറയുന്നത്, തമിഴ്‌നാട്ടിൽ പല പ്രൈമറി ഹെൽത്ത് സെന്ററുകളിലും ഡോക്ടറോ നഴ്‌സോ വരാറില്ല, അല്ലെങ്കിൽ വിദ്യാലയങ്ങളിൽ അധ്യാപകരും. പക്ഷെ, കേരളത്തിലാണ് രണ്ടുദിവസം ഇങ്ങനെ സംഭവിക്കുന്നത് എങ്കിൽ, മൂന്നാമത്തെ ദിവസം ഒരു സമരം കാണും. ഈ സമരം, അതിനിടയാക്കുന്ന Agitational Politics, കേരളത്തിന്റെ മാനവിക വികസന സൂചിക വർധിപ്പിച്ചതിൽ ഒരു ഘടകം തന്നെയായിരുന്നു.

കേരളത്തിന്റെ സമര രാഷ്​ട്രീയം രൂപപ്പെടുത്തിയതിൽ അധഃസ്​ഥിതർക്ക്​ നേതൃപരമായ പങ്കുണ്ട്​. കേരളത്തിൽ ഏറ്റവും വിപ്ലവകരമായ സമരങ്ങളിലൊന്ന് ആദിവാസികളുടെ നേതൃത്വത്തിലായിരുന്നു, 1812ൽ കുറിച്യരുടെ നേതൃത്വത്തിൽ. അവർ ബ്രിട്ടീഷ് പട്ടാളത്തെയും പൊലീസിനെയും പരാജയപ്പെടുത്തി. എന്നാൽ, ചരിത്രത്തിൽ ഇത് ‘കുറിച്യലഹള' എന്നപേരിൽ നിർവീര്യമാക്കപ്പെടുകയാണുണ്ടായത്. പഴശ്ശിയുടെ നേതൃത്വത്തിലൊന്നുമല്ല ഇവിടെ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടം നടന്നത്, പഴശ്ശി ഇവരെ ഉപയോഗപ്പെടുത്തുകയായിരുന്നു. 1905ൽ അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന സമരം, മേൽമുണ്ട് സമരം തുടങ്ങി സമര രാഷ്​ട്രീയത്തിന്റെ വികാസത്തോട്​ ചേർത്തുവെക്കാവുന്ന നിരവധി സമരങ്ങൾ കേരളത്തിലുണ്ടായിട്ടുണ്ട്.​അവകാശത്തെക്കുറിച്ചുള്ള ബോധവും ജനാധിപത്യബോധവും സാർഥകമാക്കുന്നതിനുള്ള കൂട്ടായ പ്രവർത്തനം കൂടിയായിരുന്നു ഈ സമരങ്ങൾ. സമരം അനിവാര്യമാണ്, കാരണം, സമരത്തിലൂടെയാണ് വ്യക്തി വികസിക്കുന്നത്, സമൂഹം വികസിക്കുന്നത്.

കമ്യൂണിസ്റ്റുകാരുടെ വർഗതാൽപര്യം

കേരളത്തിന്റെ വികസന പ്രക്രിയയെക്കുറിച്ച് ആലോചിക്കാം. അതിൽ, അർധസത്യങ്ങളും അസത്യങ്ങളും നിലനിൽക്കുന്നു. പ്രാന്തവൽക്കരിക്കപ്പെട്ട പല വിഭാഗങ്ങളും വികസന പ്രക്രിയയിൽനിന്ന് മാറ്റിനിർത്തപ്പെട്ടു. ആദിവാസി- ദളിത് വിഭാഗങ്ങൾ, ചേരിനിവാസികൾ, മത്സ്യത്തൊഴിലാളി വിഭാഗങ്ങൾ- കേരളത്തെ സംബന്ധിച്ച് മൊത്തം വികസനത്തിന്റെ ഗുണഭോക്താക്കളാകാനും അതിന്റെ നേട്ടം ഉപയോഗപ്പെടുത്താനും ഇവർക്ക് കഴിഞ്ഞില്ല. ഈ ദരിദ്ര വിഭാഗങ്ങളെ പുറംതള്ളിയും പിന്തള്ളിയുമാണ് വികസനപ്രക്രിയ മുന്നോട്ടുപോയത്. ഈയൊരു പുറന്തള്ളലിലെ എതിർക്കാനുള്ള രാഷ്ട്രീയശക്തിയായി തീരാൻ ഈ വിഭാഗങ്ങൾക്ക് കഴിഞ്ഞില്ല. അത്തരമൊരു ശക്തമായ രാഷ്ട്രീയ പ്രക്രിയയുടെ അഭാവത്തിൽ, എപ്പോഴും ഒരാശ്രിതത്വത്തിൽ- മറ്റുള്ളവർ കൊടുക്കുന്നത് പ്രതീക്ഷിച്ച്- കഴിയേണ്ടിവന്നു ഇവർക്ക്. നിലവിലെ രാഷ്ട്രീയ- സാമ്പത്തിക മാറ്റങ്ങൾക്കും വരേണ്യവർഗ സ്വഭാവമുണ്ട്- അതായത്, മേലാളന്റെ വർഗതാൽപര്യവും മേൽക്കോയ്മയും നിലനിർത്തുന്നതിന് ഉപയുക്​തമായ ഒരു വികസന പന്ഥാവുണ്ടാക്കുക എന്നതാണത്.

കേരളത്തെ സംബന്ധിച്ച വലിയൊരു അവകാശവാദമാണ് ഭൂപരിഷ്‌കരണം. ഭൂപരിഷ്‌കരണം കൊണ്ട് നമ്മൾ ഉദ്ദേശിച്ചത് എന്താണ്? ഭൂജന്മിത്വം അവസാനിപ്പിക്കൽ, ഭൂപരിധി നിശ്ചയിക്കൽ, ഭൂമി പുനർവിതരണം ചെയ്യൽ- ഇതിലൂടെ സാമൂഹികനീതി ഉറപ്പാക്കലും അതിലൂടെ സാമ്പത്തിക വളർച്ച കൈവരിക്കലുമായിരുന്നു ലക്ഷ്യം. എന്നാൽ, പരമ്പരാഗത ഭൂരഹിത കർഷകത്തൊഴിലാളികൾക്ക് കൃഷി ഭൂമി കിട്ടത്തക്കവിധം ഭൂപരിഷ്‌കരണം നടന്നില്ല. ഇ.എം.എസിന്റെ ചില വാക്കുകൾ ചിലപ്പോൾ പലയിടത്തും ഉദ്ധരിക്കുന്നതായി കാണാം: ""കമ്യൂണിസ്റ്റ് ഗവൺമെന്റ് നടപ്പാക്കിയ ഭൂപരിഷ്‌കരണത്തിന്റെ ഭാഗമായി ഈ രാജ്യത്തെ പാവങ്ങൾക്കൊരു അസ്തിത്വമുണ്ടായി''. ഇങ്ങനെയൊരു ശാക്തീകരണം, അസ്തിത്വവൽക്കരണം സംഭവിച്ചിട്ടില്ല.

ദരിദ്രർക്ക് ഭൂമി ലഭിച്ചോ എന്നത് ആരും അന്വേഷിക്കുന്നില്ല. സംവരണത്തിന്റെ കാര്യത്തിലും അദ്ദേഹം പറഞ്ഞതാണ് നടപ്പാക്കുന്നത്. ഇ.എം.എസിനെ സംബന്ധിച്ച്, ഒരു രാഷ്ട്രീയ പാർട്ടിയെ ബിൽഡ് ചെയ്യുന്നതിന്റെ ഭാഗമായി, ആ പാർട്ടിയുടെ പ്രവർത്തനത്തിന്റെ ഭാഗമായാണ് ഇത്തരം കാര്യങ്ങൾ പറഞ്ഞത്. അദ്ദേഹം പരന്ന വായനയുള്ള പണ്ഡിതനായിരുന്നു. പക്ഷെ, ഒരു പ്രശ്‌നത്തെക്കുറിച്ചും ആഴത്തിൽ അദ്ദേഹം പഠിച്ചിട്ടില്ല. മാർക്‌സിസം എന്ന അതിഗഹനമായ വിഷയം, കാലോചിതവും അവസരോചിതവുമായ മാറ്റം
വരുത്താതെ ലാഘവത്തോടെയും ഉപരിപ്ലവവുമായാണ് ഇ.എം.എസ് കൈകാര്യം ചെയ്തത്. അത് അദ്ദേഹം അവതരിപ്പിച്ചത് നിരക്ഷരർക്കിടയിലായിരുന്നു. മാർക്​സിസത്തിന്റെ ഇവാഞ്ചലിക്കലായ അവതരണം കുറെ ഭക്തന്മാരെയും അനുയായികളെയും നേടിക്കൊടുക്കാൻ സഹായിച്ചു. എന്നാൽ, ഇവിടുത്തെ മർദ്ദിതരും ചൂഷിതരുമായ ജനവിഭാഗത്തിന് മാർക്‌സിസത്തിന്റെ സാംഗത്യവും പ്രാധാന്യവും മനസ്സിലാക്കാൻ കഴിഞ്ഞില്ല. അത് തങ്ങളെ സംബന്ധിച്ച് പ്രസക്തമായ ഒരു പ്രത്യയശാസ്ത്രമാണെന്ന് അവർക്ക് തോന്നിയില്ല. എന്തുകൊണ്ടാണ് അധഃസ്ഥിതർ ഇവർക്കാപ്പമില്ലാത്തത് എന്ന് ചിന്തിക്കുമ്പോൾ, ഈ ഘടകം കൂടി കണക്കിലെടുക്കേണ്ടതുണ്ട്.

ഇ.എം.എസ്​ രാഷ്​ട്രീയക്കാർക്കിടയിലെ പണ്ഡിതനും പണ്ഡിതർക്കിടയിലെ രാഷ്​ട്രീയക്കാരനുമായിരുന്നു. അന്ന് പാർട്ടിക്ക് ആവശ്യം പരത്തിപ്പറയലായിരുന്നു. ജനങ്ങൾക്ക് മനസ്സിലാകുന്ന കാര്യങ്ങൾ പരത്തിപ്പറയുക. തിരിഞ്ഞുനോക്കുമ്പോൾ കാണാനാകുന്നത്, ഒരു ഉയർന്ന തലത്തിൽ, പീഠത്തിൽ ഇരുന്നുകൊണ്ട് താഴേക്കുനോക്കിക്കാണുന്ന രീതിയിലാണ് അദ്ദേഹം പരിപാടികൾ ആവിഷ്‌കരിച്ചത്. അത് അദ്ദേഹത്തിന്റെ പാർട്ടിക്കും അദ്ദേഹത്തിന്റെ വർഗ പാശ്ചാത്തലത്തിനും അനുസൃതമായ രീതിയിലായിരുന്നു. ഇങ്ങനെ ഒഴുക്കൻ മട്ടിൽ, പരിശോധിക്കപ്പെടാതെ പറയുന്ന കാര്യങ്ങൾ, ഞങ്ങൾ സാമൂഹിക ശാസ്ത്രപരമായി പരിശോധിക്കും; അതിനൊരു മാനദണ്ഡം നിശ്ചയിച്ചുകൊണ്ട്. ഭൂമിയുടെയും സംവരണത്തിന്റെയും കാര്യത്തിലൊക്കെ അദ്ദേഹം എടുത്ത നിലപാടുകൾ തെറ്റായിരുന്നുവെന്ന് പിന്നീട് കാലം തെളിയിച്ചു.

കേരളത്തിൽ ഒരു രാഷ്ട്രീയപാർട്ടിയും കൃഷിഭൂമി ഭൂരഹിത കർഷകതൊഴിലാളിക്ക് കൊടുക്കണം എന്നുപറഞ്ഞിട്ടില്ല. അവിടെ അവരുടെ പൊതുവായ വർഗതാൽപര്യം പ്രവർത്തിച്ചിട്ടുണ്ട്. കമ്യൂണിസ്റ്റ് പാർട്ടികളും ഇങ്ങനെ പറയുന്നു എന്നതുകൊണ്ട്, മറ്റു പാർട്ടികൾക്കും തങ്ങളുടെ വർഗതാൽപര്യത്തിന് ഒരു പുരോഗമന മുഖം നൽകാൻ കഴിഞ്ഞു.

എന്നാൽ, ഇവർ പറയുന്നത് വേദവാക്യമായാണ് കണക്കാക്കപ്പെടുന്നത്. ഇതൊന്നും സൂക്ഷ്മമായ അക്കാദമിക്/സാമൂഹിക സ്‌ക്രൂട്ടിനിക്ക് വിധേയമാകാവുന്ന കാര്യങ്ങളല്ല. തങ്ങൾക്ക് രാഷ്ട്രീയത്തിലുള്ള സ്വാധീനമനുസരിച്ച് രാഷ്ട്രീയ ഭാഷയിൽ പറഞ്ഞുപോകുകയാണ്, അതുകൊണ്ടുതന്നെ അത് ഒരു പ്രൊപ്പഗാൻഡയാണ്. അതിന്റെ യാഥാർഥ്യമില്ലായ്മ കൂടുതൽ വ്യക്തമായപ്പോഴാണ് ഇവിടെ വർഗരാഷ്ട്രീയം ക്ഷയിച്ചുപോയത്. അപ്പോഴാണ് അധികാരത്തിൽ തുടരാൻ അവർ മുന്നണി രാഷ്ട്രീയം കൊണ്ടുവന്നത്.

എന്നാൽ, ഭൂപരിഷ്‌കരണവുമായി ബന്ധപ്പെട്ട് കമ്യൂണിസ്റ്റ് പാർട്ടികളെ മാത്രം കുറ്റം പറയാൻ പറ്റില്ല. കേരളത്തിൽ ഒരു രാഷ്ട്രീയപാർട്ടിയും കൃഷിഭൂമി ഭൂരഹിത കർഷകതൊഴിലാളിക്ക് കൊടുക്കണം എന്നുപറഞ്ഞിട്ടില്ല. അവിടെ അവരുടെ പൊതുവായ വർഗതാൽപര്യം പ്രവർത്തിച്ചിട്ടുണ്ട്. കമ്യൂണിസ്റ്റ് പാർട്ടികളും ഇങ്ങനെ പറയുന്നു എന്നതുകൊണ്ട്, മറ്റു പാർട്ടികൾക്കും തങ്ങളുടെ വർഗതാൽപര്യത്തിന് ഒരു പുരോഗമന മുഖം നൽകാൻ കഴിഞ്ഞു.

എഴുപതുകളുടെ ഏകദേശം മധ്യത്തോടെ ഭൂപരിഷ്‌കരണം ഫിനിഷ് ചെയ്തു. അതുകഴിഞ്ഞ് ഇവിടെ സാമ്പത്തിക വളർച്ചയുണ്ടായില്ല, ഭൂമിയുടെ പുനർവിതരണം നടന്നില്ല, സാമൂഹിക നീതിയും സാമ്പത്തിക വളർച്ചയും ഉണ്ടായില്ല. ഭൂമി ഒരു ക്ലാസിന്റെ കൈയിലായി. റിയൽ എസ്‌റ്റേറ്റ് മാഫിയ ശക്തമായി. ഉൽപാദക ശക്തികൾ വളരണം, എങ്കിലേ സാമ്പത്തിക വളർച്ചയുണ്ടാക്കാൻ പറ്റൂ. അതിന് വിജ്ഞാനം ഉപയോഗപ്പെടുത്തണം. മാർക്‌സിയൻ കാഴ്ചപ്പാടിൽ നോക്കുമ്പോൾ സാമ്പത്തിക വളർച്ചക്ക് ഉൽപാദക ഘടകങ്ങൾ മാത്രം വളർന്നാൽ പോരാ, ഉൽപാദന ബന്ധങ്ങൾ മാറണം. വിഭവങ്ങളുടെ- ഭൂമിയും വെള്ളവും വനവും അടക്കമുള്ളവ- നിയന്ത്രണം ആർക്കാണ്? ആ നിയന്ത്രണത്തിൽ മാറ്റം വന്നില്ലെങ്കിൽ, ഉൽപാദനബന്ധത്തിൽ മാറ്റം വന്നില്ലെങ്കിൽ സാമ്പത്തിക വളർച്ചയുണ്ടാകില്ല.

ഈയൊരു കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിൽ സംഘാടനം നടത്തേണ്ടതും മുന്നോട്ടുകൊണ്ടുപോകേണ്ടതും കമ്യൂണിസ്റ്റുകാരായിരുന്നു. അവരുടെ വർഗതാൽപര്യം ഇങ്ങനെയൊരു നിലപാടെടുക്കാൻ അവരെ അനുവദിച്ചില്ല. അതുകൊണ്ടുതന്നെ കേരളത്തിൽ അങ്ങനെയൊരു സാമൂഹിക വളർച്ചയും ഉണ്ടായില്ല.

ചർച്ചും സമ്പന്നരും പിന്തുണക്കുന്ന പാർട്ടി

അന്ന്, രാഷ്ട്രീയപരമായി മറ്റൊരു മാറ്റമുണ്ടാകുന്നുണ്ട്. വർഗരാഷ്ട്രീയം ക്ഷയിക്കുകയും മുന്നണി രാഷ്ട്രീയം ശക്തമാകാൻ തുടങ്ങുകയും ചെയ്തു. മുന്നണി രാഷ്ട്രീയം വർഗരാഷ്ട്രീയത്തിന് സബ്‌സ്റ്റിറ്റിയൂട്ട് ആകുന്നില്ല. അത് ഇലക്ഷനിൽ മൽസരിക്കാനും അധികാരം പങ്കിടാനുമുള്ള ഭരണസംവിധാനമാണ്. അത് ഒരു വർഗ പരിപ്രേക്ഷ്യത്തിലോ സമൂഹത്തിൽ അടിച്ചമർത്തപ്പെടുന്നവരുടെ കാഴ്ചപ്പാടിൽനിന്നോ ഉണ്ടാകുന്ന രാഷ്ട്രീയമല്ല. മർദ്ദിത- അധഃസ്ഥിത വിഭാഗങ്ങളിൽനിന്ന് ഓർഗാനിക് ആയി വരേണ്ടിയിരുന്ന ഒരു രാഷ്ട്രീയ പ്രക്രിയയെ മുന്നണി രാഷ്ട്രീയം തടഞ്ഞുനിർത്തി. വർഗരാഷ്ട്രീയം ക്ഷയിച്ചുകൊണ്ടിരുന്നപ്പോൾ അധികാരത്തിൽ തുടരാൻ കൊണ്ടുവന്നതാണ് മുന്നണി രാഷ്ട്രീയം. കേരളത്തിൽ, ഇ.എം.എസ് ആണ് അത് കൊണ്ടുവന്നത്. അസത്യമായ പലതും പറഞ്ഞാണ് അവർ മുന്നണി രാഷ്ട്രീയം സ്ഥാപിച്ചെടുത്തത്.

ഭൂമിയടക്കമുള്ള അടിസ്ഥാന ആവശ്യങ്ങളുയർത്തി 2014ൽ ആദിവാസികൾ സെക്രട്ടറിയേറ്റ് പടിക്കൽ നടത്തിയ നിൽപ്പുസമരത്തിൽ നിന്ന്‌

മൾട്ടി ക്ലാസ് പൊളിറ്റിക്‌സ് വർഗനിരപേക്ഷമാണ്. അങ്ങനെ വർഗ പരിപ്രേക്ഷ്യമോ പ്രത്യയശാസ്ത്രമോ ഇല്ലാത്ത ഒരു രാഷ്ട്രീയം കേരളത്തിലുണ്ടാകുകയാണ്. ആ പൊളിറ്റിക്‌സിൽ ആരാണുള്ളത്? കാടും കടലും വെട്ടിപ്പിടിച്ച് മറിച്ചുവിൽക്കുന്നവർ, ഭൂമി കൈയേറുന്നവർ, അങ്ങനെ സമ്പന്നരായവർ. പ്രത്യേകിച്ച്, മാർക്‌സിസ്റ്റ് പാർട്ടിയുടെ ആളുകളും ചർച്ചും. ചർച്ച് ധാരാളം ഭൂമി കൈയേറുന്നുണ്ട്, അവർക്ക് ഒരു പ്രശ്‌നവുമുണ്ടാകുന്നില്ല, അവർ രക്ഷപ്പെടുന്നു.

സവർണ സംവരണം കൊണ്ടുവന്നപ്പോൾ സംസ്ഥാന സർക്കാറിന്, അതായത്, മാർക്‌സിസ്റ്റ് പാർട്ടിക്ക് കിട്ടിയ പിന്തുണ ചർച്ചിന്റേതാണ്, സമ്പന്നരുടേതാണ്, ഉയർന്ന സമുദായക്കാരുടേതാണ്. ഭൂമി കൈയേറാനും വെട്ടിപ്പിടിക്കാനും അങ്ങനെ സാമ്പത്തിക ശക്തി വളർത്താനും പാർട്ടി ചർച്ചിനെ പിന്തുണച്ചു, ഇതിനുള്ള പ്രതിഫലമായിട്ടുവേണം സർക്കാറിനുള്ള അവരുടെ പിന്തുണയെ കാണാൻ

സവർണ സംവരണം കൊണ്ടുവന്നപ്പോൾ സംസ്ഥാന സർക്കാറിന്, അതായത്, മാർക്‌സിസ്റ്റ് പാർട്ടിക്ക് കിട്ടിയ പിന്തുണ ചർച്ചിന്റേതാണ്, സമ്പന്നരുടേതാണ്, ഉയർന്ന സമുദായക്കാരുടേതാണ്. മറ്റു വിഭാഗങ്ങളിലെ ദരിദ്രരിൽനിന്നും പാവപ്പെട്ടവരിൽനിന്നുമല്ല ഇവർക്ക് സപ്പോർട്ട് കിട്ടിയത്. ഇതെല്ലാം കണ്ണിചേർത്ത് കാണേണ്ട കാര്യങ്ങളാണ്. ഭൂമി കൈയേറാനും വെട്ടിപ്പിടിക്കാനും അങ്ങനെ സാമ്പത്തിക ശക്തി വളർത്താനും പാർട്ടി ചർച്ചിനെ പിന്തുണച്ചു, ഇതിനുള്ള പ്രതിഫലമായിട്ടുവേണം സർക്കാറിനുള്ള അവരുടെ പിന്തുണയെ കാണാൻ. ഉദാഹരണത്തിന്, കേരള കോൺഗ്രസിലെ ജോസ് കെ. മാണി വിഭാഗത്തെ ഇടതുമുന്നണിയിലേക്ക് കൊണ്ടുവന്നത്, അവർക്ക് എന്തെങ്കിലും വർഗ പരിപ്രേക്ഷ്യമോ പ്രത്യയശാസ്ത്രപരമായ കമ്മിറ്റ്‌മെന്റോ ഉള്ളതുകൊണ്ടല്ല. അവർ സമ്പന്നരായതുകൊണ്ടാണ്. അവർക്ക് കേരള സമൂഹത്തിൽ ഒരു മാറ്റവും കൊണ്ടുവരാൻ കഴിയില്ല. ഇതുവഴി, പുതിയൊരു വർഗ രൂപീകരണം നടക്കുകയാണ്. അതിൽ മതം വരുന്നു, പ്രത്യേക ചില മതങ്ങളുടെ പാർട്ടികൾ വരുന്നു. ഇവ പരസ്പരം സഹായിച്ചതിന്റെയും പിന്തുണച്ചതിന്റെയും പ്രതിഫലമെന്നോണം ചില കൂട്ടുകെട്ടുകളും ധാരണകളുമുണ്ടാകുന്നു. ഈ രീതിയിൽ ഉയർന്നുവന്നവർ അരാഷ്ട്രീയമായാണ് ചിന്തിക്കുന്നത്.
മുന്നണി രാഷ്ട്രീയത്തിലൂടെ സമ്പന്നർക്ക് അവരുടെ സാമൂഹിക നിയന്ത്രണവും മേൽക്കോയ്മയും നിലനിർത്താൻ കഴിയുന്നു.

കേരളത്തിലെ ദളിതരെ എടുത്തുനോക്കൂ. അവർ എല്ലാ രാഷ്ട്രീയ പാർട്ടികളിലുമുണ്ട്. കാരണം, എല്ലാ രാഷ്ട്രീയ പാർട്ടികളിലും വെള്ളം കോരാനും വിറക് വെട്ടാനും ആളുവേണം. അതുകൊണ്ടുതന്നെ, ക്യൂവിന്റെ അവസാനഭാഗത്ത് നിൽക്കാൻ അവരുണ്ട്. ഏതെങ്കിലും രാഷ്ട്രീയ പാർട്ടി, ഞങ്ങൾക്കൊപ്പം ഇത്ര ദളിതരുണ്ട് എന്നു പറയുന്നതിൽ ഒരർഥവുമില്ല. ഇവിടെ പ്രസക്തമായ ചോദ്യം, നിർണായക സ്ഥാനങ്ങളിൽ എത്രപേരുണ്ട്, കാര്യങ്ങൾ തീരുമാനിക്കുന്നതിൽ എത്രപേരുണ്ട് എന്നതാണ്. പ്രാതിനിധ്യവും പങ്കാളിത്തവും കിട്ടുന്നുണ്ട്. പക്ഷെ, പങ്കാളിത്തം യാന്ത്രികമാണ്. പാർട്ടി അച്ചടക്കത്തിന് വിധേയരായതിനാൽ ഈ സ്ഥാനാർഥികൾ ജയിച്ചുവന്നാൽ, ആദിവാസി ഭൂമി അന്യാധീനപ്പെടുന്നതിനെക്കുറിച്ച് സംസാരിക്കാൻ കഴിയില്ല. ദളിതർക്കും ആദിവാസികൾക്കും ലഭിച്ച പ്രാതിനിധ്യം അവരുടെ സ്വാതന്ത്ര്യത്തെ ശക്തിപ്പെടുത്തിയിട്ടുണ്ടോ എന്നതാണ് ചോദ്യം. സ്വാതന്ത്ര്യം എന്നു പറയുന്നത് ഒരു പദവിയിൽനിന്ന് വരേണ്ടതല്ല. പദവി എന്നു പറയുന്നത് ശക്തിയുടെ മാനദണ്ഡമല്ല, സാമ്പത്തികമായി കഴിവുള്ളവരാണ് കാര്യങ്ങൾ നിയന്ത്രിക്കുന്നത്.

വയനാട്ടിൽ വിദ്യാർഥികൾ സമരത്തിലാണ്

ഇത്തരത്തിലുള്ള വികസന പന്ഥാവിൽനിന്ന് ചില സാമൂഹിക വിഭാഗങ്ങൾ പുറന്തള്ളപ്പെടുകയും പിന്തള്ളപ്പെടുകയും ചെയ്തു, പ്രാന്തവൽക്കരിക്കപ്പെട്ടു. പോഷകാഹാരക്കുറവുകൊണ്ട് മരിക്കുന്ന കുഞ്ഞുങ്ങളും ഗർഭിണികളും ഈ വിഭാഗത്തിൽനിന്നുള്ളവരാണ്. ഭക്ഷണം മോഷ്ടിച്ചെന്നുപറഞ്ഞ് തല്ലിക്കൊന്ന മധുവിനെപ്പോലൊരാൾ ഈ വിഭാഗത്തിലേ കാണാൻ കഴിയൂ.

വിഭ്യാഭ്യാസവും ജോലിയും കിട്ടുന്നുണ്ട്, സ്ഥിതി മാറിയിട്ടുണ്ട്. എന്നാൽ, ഒരു കാര്യം ഓർക്കണം; എല്ലാവരുടെയും സ്ഥിതിയും മാറിയിട്ടുണ്ട്. ചിരട്ട ഉപയോഗിച്ചുള്ള ഭിക്ഷാടനമാണ് ഞാൻ ചെറുപ്പത്തിലൊക്കെ കണ്ടിട്ടുള്ളത്, പിന്നെ അലുമിനിയം പ്ലേറ്റും സ്റ്റീൽ പ്ലേറ്റുമായി. ഇന്ന് വേണമെങ്കിൽ ഇ- ബെഗ്ഗിംഗ് കൊണ്ടുവരാം. ഭിക്ഷക്കാരെ കമ്പ്യൂട്ടറിന്റെ ഉപയോഗം പഠിപ്പിച്ചാൽ മതി. എന്നാൽ, അത് അവരുടെ വർഗപാശ്ചാത്തലത്തിലുണ്ടായ ഒരു മാറ്റമാണെന്ന് പറയാനാകില്ല. അതൊരു ഇംപ്രൂവ്‌മെന്റാണ്. ഇംപ്രൂവ്‌മെന്റ് മാറ്റമല്ല. അവരുടെ ജീവിതത്തിൽ മാറ്റം വരണമെങ്കിൽ ഭിക്ഷാടനം ആവശ്യമില്ലാത്ത സ്ഥിതി വരണം. അതിൽനിന്ന് അവർ മോചിപ്പിക്കപ്പെടുമ്പോഴാണ് മാറ്റമെന്ന് പറയാനാകുക. മറിച്ച്, ഞങ്ങൾ ഭിക്ഷക്കാരെ കമ്പ്യൂട്ടർ പഠിപ്പിച്ച് ഇ- ബെഗ്ഗിംഗിന് പ്രാപ്തരാക്കി എന്നു പറയുന്നതിൽ അർഥമില്ല. ഇംപ്രൂവ്‌മെന്റ് എല്ലാവരുടെയും ജീവിതത്തിലുണ്ടായിട്ടുണ്ട്. ഇപ്പോൾ, ഡിജിറ്റൽ ഡിവൈഡിനെക്കുറിച്ച് പറയുന്നുണ്ടല്ലോ. അത് യഥാർഥത്തിൽ മേലാള- കീഴാള വിഭജനം തന്നെയാണ്. അതൊരു പഴയ പ്രശ്‌നത്തിന്റെ പുതിയ പ്രതിഫലനമാണ്. പുസ്തമുള്ളവരും ഇല്ലാത്തവരും തമ്മിലുള്ള ഡിവൈഡാണ് പണ്ടുണ്ടായിരുന്നത്, ഇപ്പോൾ, ഡിജിറ്റൽ ഡിവൈഡായി, അത് പുതിയ വിഭജനമല്ല.

മാറ്റങ്ങളുടെ ഭാഗമായി ആനയുടെ ഭാരം ഇരട്ടിയായി, ഉറുമ്പിന്റെയും എന്നു കരുതുക. എന്നാൽ, ആന ആനയും ഉറുമ്പ് ഉറുമ്പും തന്നെയായി തുടരും. ഒരാളുടെ പുരോഗതി, വളർച്ച എന്നു പറയുന്നത് എന്താണ്? മറ്റുള്ളവരെപ്പോലെ വളരുന്നുണ്ടോ എന്ന് നോക്കി വ്യാകുലപ്പെടേണ്ടതല്ല വളർച്ച. ആ വ്യക്തിയുടെ സാധ്യതകൾ ഉപയോഗപ്പെടുത്താൻ കഴിയുന്നുണ്ടോ? അതിനുള്ള ശ്രമമാണ് പുരോഗതി. അതിനുള്ള സംരംഭങ്ങളുണ്ടോ, പരിപാടികളുണ്ടോ എന്നതാണ് ചോദ്യം. കഴിവുകൊണ്ടല്ല ആളുകൾ വികസിക്കുന്നത്. കഴിവ് ഉപയോഗപ്പെടുത്താനുള്ള സാമൂഹിക സാഹചര്യം വേണം. അത്തരം സാമൂഹിക സാഹചര്യങ്ങളുണ്ടാകുമ്പോഴാണ് വികസനം നടക്കുന്നുവെന്ന് പറയാനാകുക.
കീഴാള വിഭാഗങ്ങളുടെ, പ്രത്യേകിച്ച് ദളിതരുടെയും ആദിവാസികളുടെയും സാമ്പത്തിക അടിത്തറക്ക് ശാക്തീകരണം സംഭവിക്കുന്നില്ല. അവരിൽനിന്ന് കുറെപേർ ഉയർന്നുവന്നിട്ടുണ്ട്. അത്, ഭരണഘടനാപരമായ സംവരണ ആനുകൂല്യത്തിലൂടെയാണ്, അല്ലാതെ, അവരുടെ ക്ലാസ് പൊസിഷനിലോ വിഭവാധികാരവുമായി ബന്ധപ്പെട്ടോ മാറ്റം സംഭവിച്ചിട്ടല്ല.

വൈജ്ഞാനിക രംഗത്ത് ശോഭിക്കണമെങ്കിൽ നല്ല ഉയർന്ന വിദ്യാഭ്യാസം വേണം. കായികാധ്വാനത്തിൽ മുഴുകി ജീവിക്കുന്നവർക്ക് ധൈഷണികമായ ഉയർച്ച സാധ്യമല്ല. അതുകൊണ്ടാണ്, ഇവർക്കിടയിൽ ധൈഷണിക രംഗങ്ങളിൽ മുന്നിൽനിൽക്കുന്നവരെ കാണാത്തത്- വലിയ ബുദ്ധിജീവികൾ, ടെക്‌നോളജിസ്റ്റുകൾ, സാമൂഹിക ശാസ്ത്രജ്ഞർ, കലാകാരന്മാർ... ബുദ്ധിപരമായ അഭിപ്രായാന്തരീക്ഷം നിയന്ത്രിക്കുന്നത് ഇത്തരത്തിലുള്ളവരാണ്- സക്രിയമായ കാര്യങ്ങൾ ചെയ്യുന്നവർ. ഇവരാണ് വരേണ്യതയുടെ സ്വഭാവം നിർണയിക്കുന്നത്. ഇതിന് സ്വഭാവികമായ കാരണം സാമ്പത്തിക പിന്നാക്കാവസ്ഥയും അടിച്ചമർത്തലുമാണ്.

കഠിനാധ്വാനം ചെയ്തവരല്ലല്ലോ മുന്നിൽ വന്നിട്ടുള്ളത്. എന്റെ ഒരു അനുഭവം പറയാം. ഞാൻ മഹാരാഷ്ട്രയിലെ തുൽജാപുർ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് കാമ്പസ് ഹെഡായിരിക്കുമ്പോൾ കുട്ടികൾക്ക് ക്ലാസെടുക്കാൻ ഒരു അക്കാദമിക് പണ്ഡിതൻ വന്നു, അദ്ദേഹം വേൾഡ് ക്ലാസ് യൂണിവേഴ്‌സിറ്റികളിലൊക്കെ പഠിച്ചയാളാണ്. വിദ്യാർഥികളോട് അദ്ദേഹം പറഞ്ഞു, നന്നായി ഹാർഡ്‌വർക്ക് ചെയ്യണം. അപ്പോൾ ഒരു വിദ്യാർഥി ചോദിച്ചു; എന്റെ അച്ഛനും അമ്മയും 13- 14 മണിക്കൂർ ജോലി ചെയ്യുന്നു. എന്നിട്ടും ഞങ്ങൾക്ക് എന്നും പട്ടിണിയാണ്. ഞങ്ങളെക്കൊണ്ട് പണിയെടുപ്പിക്കുന്ന ജന്മി ഒരു ജോലിയും ചെയ്യുന്നില്ല. വയലിൽ ഇറങ്ങുന്നില്ല. എന്നിട്ടും അവർക്ക് വലിയ വീടുണ്ട്, ഭൂമിയുണ്ട്, നല്ല ഭക്ഷണമുണ്ട്, കാറുണ്ട്... ഇതെങ്ങനെയാണ് ശരിയാകുക?

പണ്ഡിതൻ ഒന്നും പറഞ്ഞില്ല.
തിരിച്ചുപോകുമ്പോൾ അദ്ദേഹം എന്നോടു പറഞ്ഞു, ആ ചോദ്യം ചോദിച്ച കുട്ടിയെ മനഃശാസ്ത്രജ്ഞനെ കാണിച്ച് ഉടൻ കൗൺസലിംഗ് നൽകണം. ഞാൻ അതിനോട് പ്രതികരിച്ചില്ല. ആരെയാണ് മനഃശാസ്ത്രജ്ഞനെ കാണിക്കേണ്ടത് എന്നോർത്ത് ഞാൻ ചിരിക്കുക മാത്രം ചെയ്തു.

മലബാറിൽ എഴുപതുകളിലും എൺപതുകളിൽ പോലും ഫ്യൂഡൽ ബന്ധങ്ങൾ നിലനിന്നിരുന്നു, മലപ്പുറം, വയനാടൻ പ്രദേശങ്ങളിൽ പ്രത്യേകിച്ച്. എന്റെ ചെറുപ്പത്തിൽ ജോലി ചെയ്യാൻ പോകുന്നിടത്ത്, ജന്മി അച്ഛനോട് പറയും, മകനെ കന്നിനെ നോക്കാൻ വിടാൻ. സ്‌കൂളിൽ പോകുന്നത് തടയും. ഈ കുട്ടി പഠിച്ചുവന്നാൽ ആധിപത്യം ചോദ്യം ചെയ്യപ്പെടും എന്ന് അവർക്ക് അറിയാമായിരുന്നു. അതായിരുന്നു വിവേചനത്തിന്റെ അടിസ്ഥാനം. വിദ്യാഭ്യാസം ജന്മാവകാശമാണ് എന്ന മുദ്രാവാക്യവുമായി വയനാട്ടിൽ ഇപ്പോഴും വിദ്യാർഥികൾ നിൽപ് സമരം നടത്തുകയാണല്ലോ.

സാങ്കേതിക- പ്രഫഷനൽ വിദ്യാഭ്യാസരംഗത്തേക്ക് കുറെപ്പേർക്ക് പ്രവേശിക്കാൻ കഴിഞ്ഞു. അതിന്റെ ഫലമായി മെച്ചപ്പെട്ട തൊഴിൽ ലഭിച്ചു. വരുമാനമുണ്ടായി.
ഇത്തരത്തിലുള്ള വിഭാഗങ്ങളുടെ വികസനത്തിനും വളർച്ചക്കും പുരോഗതിക്കും കാരണമായത് സമ്പത്തിന്റെ പുനർവിതരണമല്ല, അവർക്ക് അനുകൂലമായി സമ്പത്തിന്റെ പുനർവിതരണം നടന്നിട്ടില്ല. അത് നടക്കാൻ സാധ്യതയുമില്ല. പരിമിതമായ ചില അവസരങ്ങളുണ്ടായതുകൊണ്ട് വന്നതാണ്, അതിൽ ആർക്കും ക്രെഡിറ്റ് എടുക്കാനാകില്ല. അതൊരു ഇംപ്രൂവ്‌മെന്റാണ്.

ആദിവാസികളുടെ കാര്യത്തിൽ ഇത് പ്രകടമാണ്. കേരളത്തിൽ ആദിവാസി പ്രദേശങ്ങളില്ല. കൈയേറ്റമേഖലകളിൽ കാണുന്ന ചെറിയ വിഭാഗം മാത്രമാണ് ആദിവാസികൾ. അവിടെ വിഭവത്തിന്റെ നിയന്ത്രണം ആദിവാസികളിൽനിന്ന് കുടിയേറ്റക്കാരിലേക്ക് പോയതാണ്. കുടിയേറ്റക്കാർ ശക്തരാണ്. അവർക്ക് ചർച്ചിന്റെയും സർക്കാറിന്റെയും രാഷ്ട്രീയ പാർട്ടികളുടെയും പിന്തുണയുണ്ട്.
ഒരു വികസന പരിപ്രേക്ഷ്യത്തിൽ നോക്കിക്കാണുമ്പോൾ, ആദിവാസി ചരിത്രം കേരളത്തിൽ എന്താണ്? അവകാശികൾ എന്ന നിലയിൽനിന്ന് അപേക്ഷകർ എന്ന നിലയിലേക്ക് തളർന്നതിന്റെ ചരിത്രമാണത്. അവർക്ക് വിഭവം നഷ്ടമായി. പണ്ട് അവർ അവകാശികളാണ്. ഇപ്പോൾ വിദ്യാഭ്യാസത്തിന്, വീടിന്, സാമ്പത്തിക ആനുകൂല്യങ്ങൾക്ക് അപേക്ഷയുമായി നിൽക്കേണ്ടിവരുന്നു. ഇവയെല്ലാം നിയന്ത്രിക്കുന്ന മേലാള വിഭാഗമാണ് അവരെ അപേക്ഷകരായി നിലനിർത്തുന്നത്. എല്ലാ കാര്യങ്ങൾക്കും സർക്കാറിനെയും രാഷ്ട്രീയ പാർട്ടികളെയും ആശ്രയിക്കേണ്ട തരത്തിൽ ഈ വിഭാഗങ്ങളിൽ ഒരു ആശ്രിതത്വം സൃഷ്ടിച്ചു. സ്വതന്ത്രമായി വളരാനുള്ള അവസരം നിഷേധിച്ചുകൊണ്ടുള്ള പ്രക്രിയയാണ് കേരളത്തിൽ നടന്നത്.

ഭരണഘടനയിൽ ആദിവാസി സംരക്ഷണം അഞ്ചും ആറും ഷെഡ്യൂളുകളിലും

മുത്തങ്ങ സമരകാലത്ത് സി.കെ ജാനു പൊലീസ് കസ്റ്റഡിയിൽ മർദ്ദനത്തിന് ഇരയായപ്പോൾ

ഏകദേശം 20 വകുപ്പുകളിലുമാണുള്ളത്. അഞ്ചിലും ആറിലും കേരളം വരുന്നില്ല. ആദിവാസി സംരക്ഷണത്തിനുള്ള നിയമമുണ്ടായത് അടിയന്തരാവസ്ഥക്കാലത്താണ്. ഇന്ദിരാഗാന്ധിയുടെ ഇരുപതിന പരിപാടിയുടെ ഭാഗമായി ഒരു നിയമം കൊണ്ടുവന്നു. 1960 ജനുവരി ഒന്നു മുതൽ അന്യാധീനപ്പെട്ട ആദിവാസി ഭൂമി തിരിച്ചെടുത്ത് ഇവർക്ക് കൊടുക്കണം. ഇത് ചരിത്രപരമായ കാര്യമാണ്. ആ ബില്ല് പാസാക്കിയപ്പോൾ കേരള നിയമസഭയിൽ ഒരു പാർട്ടിയും അതിനെ എതിർത്തില്ല. എന്നാൽ, ആ നിയമം ഒരിക്കലും നടപ്പാക്കിയുമില്ല. അത് നടപ്പാക്കാതിരിക്കാനും അഭിപ്രായ ഐക്യമുണ്ടായിരുന്നു. ഒരു രാഷ്ട്രീയ പാർട്ടിയും പറഞ്ഞില്ല, ആദിവാസിക്ക് നഷ്ടപ്പെട്ട ഭൂമി തിരിച്ചുകൊടുക്കണമെന്ന്.

ആദിവാസി ഭൂമി പ്രശ്‌നത്തിൽ അൽപം പുരോഗമന സമീപനമെടുത്തത് എ.കെ.ആന്റണിയാണ്. അദ്ദേഹം മുഖ്യമന്ത്രിയായിരുന്ന സമയത്ത്, ആദിവാസികളിലെ ഭൂരാഹിത്യം ചൂണ്ടിക്കാണിച്ച് സി.കെ. ജാനുവും എം. ഗീതാനന്ദനും നിവേദനം നൽകിയിരുന്നു. 23,000 കുടുംബങ്ങൾക്ക് ഭൂമിയില്ല, 22000 കുടുംബങ്ങൾക്ക് ഒരക്കേറിൽ താഴെയാണ് ഭൂമി തുടങ്ങിയ കാര്യങ്ങൾ അതിൽ ചൂണ്ടിക്കാട്ടിയിരുന്നു. എ.കെ. ആന്റണിക്ക് അന്ന് അത് മനസ്സിലായി. അദ്ദേഹം ആദിവാസി മിഷനുണ്ടാക്കി. ഒന്നര വർഷം മുമ്പ് കോഴിക്കോടുനടന്ന ചർച്ചാ സമ്മേളനത്തിൽ ഗീതാനന്ദൻ പറഞ്ഞത്, 10,000 കുടുംബങ്ങൾക്ക് ഈ നിയമത്തിന്റെ പരിരക്ഷ കിട്ടി, ഭൂമി കിട്ടി എന്നാണ്. അത് മാറ്റിനിർത്തിയാൽ വേറൊരു സർക്കാറും അവർക്ക് അനുകൂലമായ രീതിയിൽ പുരോഗനമപരമായ നിയമം കൊണ്ടുവന്നില്ല.

കൂലിക്ക് സമരമാകാം, ഭൂമിക്ക് പാടില്ല

കീഴാളർ കൂടി പങ്കാളികളായ സമരങ്ങളെക്കുറിച്ച് ഇതോടൊപ്പം പ്രത്യേകമായി വിശകലനം ചെയ്യേണ്ടതുണ്ട്. കൂലിക്കൂടുതലിന് കർഷക തൊഴിലാളികളെ സംഘടിപ്പിക്കുകയും സമരം ചെയ്യിപ്പിക്കുകയും കേരളത്തിലുണ്ടായിട്ടുണ്ട്. എന്നാൽ, ഇതേ ആളുകൾ ഭൂമിക്ക് സമരം ചെയ്തപ്പോൾ അടിച്ചമർത്തിയിട്ടുമുണ്ട്.

കീഴാളരെ സംഘടിപ്പിക്കുന്ന രാഷ്ട്രീയപാർട്ടികൾക്ക് വ്യക്തമായ അജണ്ടയുണ്ട്. അതായത്, കീഴാളർ ഭൂമിക്കുവേണ്ടിയും വിഭവാധികാരത്തിനുവേണ്ടിയും സംഘടിക്കരുത്. അത് രാഷ്ട്രീയപാർട്ടികളുടെ വ്യക്തമായ അജണ്ടയാണ്. ഈ പാർട്ടികൾ അധികാരത്തിൽ വരുമ്പോൾ ഉപയോഗിക്കുന്ന ഭാഷ അധികാരിയുടേതാണ്

കൂലിക്കൂടുതലിന് സമരം ചെയ്യാൻ ഇവരെ പ്രേരിപ്പിക്കുന്നവർ തന്നെയാണ്, കൃഷിഭൂമിക്കുവേണ്ടിയുള്ള അവരുടെ സമരത്തെ തകർത്തുകളഞ്ഞത്. ഭൂമിക്കുവേണ്ടി ശബ്ദമുയർത്തിയ ദളിത് നേതാക്കളെ രാഷ്ട്രീയ പാർട്ടികൾ പൊലീസിനെ ഉപയോഗിച്ച് അതിക്രൂരമായി മർദ്ദിച്ചൊതുക്കുകയായിരുന്നു.
ഭൂപരിഷ്‌കരണത്തിന്റെ ഫലമായി കേരളത്തിൽ അവശരും ദുർബലരുമായ പ്രത്യേക സോഷ്യൽ ക്ലാസുകൾ രൂപപ്പെട്ടു- പുറമ്പോക്കുനിവാസികൾ, കുടികിടപ്പാവകാശക്കാർ, ചേരിനിവാസികൾ, കോളനിവാസികൾ, ഭൂരഹിതർ. ഇവർക്ക് കുടികിടപ്പിന്റെ ഉടമസ്ഥാവകാശം കിട്ടി, പുറമ്പോക്ക് അവകാശം കിട്ടി. കോളനിവൽക്കരണം വലിയ ദ്രോഹം ചെയ്തു. കോളനികളിലൂടെ അവരെ സെഗ്രിഗേറ്റ് ചെയ്തു, വേറൊരു വിഭാഗമായി കണ്ടു, മറ്റുള്ളവരുമായി ഇടപഴകാനുള്ള അവസരമില്ലാതാക്കി.

ഇവർ കൂലിക്കൂടുതലിന് സമരം ചെയ്താൽ ഇടതുപക്ഷ പാർട്ടികൾ പിന്തുണക്കും, എന്നാൽ, കൃഷിഭൂമിക്ക് സമരം ചെയ്താൽ കാണാം, ഇടതുപക്ഷ രാഷ്ട്രീയക്കാരന്റെ വലതുപക്ഷ സ്വഭാവം പുറത്തുവരുന്നത്. ഭൂബന്ധങ്ങളുടെ കാര്യത്തിൽ ചെയ്യേണ്ടതെല്ലാം ചെയ്തു, ഈ ആ വിഷയം ഓപ്പൺ ചെയ്യേണ്ടതില്ല എന്നാണ് അവരുടെ വിവക്ഷ. ആ വിഷയം ഓപ്പൺ ചെയ്യാൻ അവർ ഒരിക്കലും സമ്മതിക്കില്ല.
ഗൾഫ് കൂടിയേറ്റത്തിന്റെ ഫലം കൂടി ഇതോടൊപ്പം ചേർത്തുവെക്കാം. ഗൾഫ് മൈഗ്രേഷന്റെ ഫലമായി കേരളത്തിലേക്ക് ധാരാളം പണം ഒഴുകി. എഴുപതുകളിൽ ഉണ്ടായിരുന്ന ഒരു എസ്റ്റിമേറ്റ്, സംസ്ഥാന വരുമാനത്തിന്റെ ഏകദേശം 30 ശതമാനം പുറമേനിന്നുവരുന്ന പണമാണ് എന്നാണ്. ഈ പണം പക്ഷെ, ഉൽപാദനക്ഷമമായ രീതിയിലല്ല വിനിയോഗിക്കപ്പെട്ടത്, മറിച്ച് ഭൂമി വാങ്ങാനും വീട് നിർമാണം പോലുള്ള നിർമാണപ്രവർത്തനങ്ങൾക്കുമാണ്. അതിന്റെ ഭാഗമായി ഒരു മാറ്റം വന്നു. പരമ്പരാഗത കർഷക തൊഴിലാളികൾ കൺസ്ട്രക്ഷൻ രംഗത്തേക്കുമാറി. കൂലിവേല കൂടി. നിർമാണ തൊഴിലാളികളും കർഷക തൊഴിലാളികളും സംഘടിച്ച് കൂലിക്കൂടുതലിന് സമരം ചെയ്തു. ഇതിന്റെ ഭാഗമായി കൂലി കൂടുതൽ കിട്ടി. കാരണം, രാഷ്ട്രീയ പാർട്ടികൾ അവരെ പിന്തുണച്ചു. അതേസമയം, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭൂരഹിത കർഷക തൊഴിലാളികൾ ഭൂമിക്ക് സമരം ചെയ്തപ്പോൾ അവരെ അടിച്ചമർത്തുകയാണുണ്ടായത്. കൂലിക്കൂടുതലിനുള്ള സമരത്തെ പിന്തുണച്ച അതേ രാഷ്ട്രീയ പാർട്ടികൾ. അങ്ങയൊരു ആവശ്യം ഉന്നയിക്കാൻ അവരെ അനുവദിച്ചില്ല.

കീഴാളരെ സംഘടിപ്പിക്കുന്ന രാഷ്ട്രീയപാർട്ടികൾക്ക് വ്യക്തമായ അജണ്ടയുണ്ട്. അതായത്, കീഴാളർ ഭൂമിക്കുവേണ്ടിയും വിഭവാധികാരത്തിനുവേണ്ടിയും സംഘടിക്കരുത്. അത് രാഷ്ട്രീയപാർട്ടികളുടെ വ്യക്തമായ അജണ്ടയാണ്. ഈ പാർട്ടികൾ അധികാരത്തിൽ വരുമ്പോൾ ഉപയോഗിക്കുന്ന ഭാഷ അധികാരിയുടേതാണ്. അതുകൊണ്ടാണ് "എന്തിനാണ് ഇവർ സമരം ചെയ്യുന്നത്' എന്ന ചോദ്യം ഇവരിൽനിന്നുതന്നെ ഉയരുന്നത്. മേലാളന്റെ ഭാഷയാണ് അവർ സംസാരിക്കുന്നത്.

വാളയാറിൽ രണ്ടു പിഞ്ചു പെൺകുട്ടികൾ ലൈംഗികാതിക്രമത്തിന് ഇരയായ സംഭവത്തിൽ നീതി ആവശ്യപ്പെട്ട് ജസ്റ്റിസ് ഫോർ വാളയാർ കിഡ്‌സ് ഫോറം നടത്തിയ സമരത്തിൽ നിന്ന്‌

എന്താണ് വാളയാർ പ്രശ്‌നമെന്ന് ചില രാഷ്ട്രീയ നേതാക്കൾക്ക് മനസ്സിലാകാത്തത് അതുകൊണ്ടാണ്. കൊല്ലപ്പെട്ട പെൺകുട്ടികളുടെ അമ്മയും അച്ഛനും എന്തിനാണ് സമരം ചെയ്യുന്നത് എന്ന് ചോദിക്കുന്നത്, ആ വിഭാഗങ്ങളിൽനിന്ന് അത്രയധികം അവർ അന്യവൽക്കരിക്കപ്പെട്ടു എന്നാണ് കാണിക്കുന്നത്. ഇവർ തന്നെ സമരം ചെയ്ത ആളുകളാണ്, എന്നാൽ, ഇവർ അധികാരികളാകുമ്പോൾ സമരം പാടില്ല. ഇത്തരത്തിലുള്ള രാഷ്ട്രീയക്കാർ ഭരണാധികാരികളാകുമ്പോൾ ഈ ചോദ്യം ചോദിക്കുന്നത് അവർ ജനങ്ങളിൽനിന്ന് അന്യവൽക്കരിക്കപ്പെടുന്നതുകൊണ്ടാണ്. അവരുടെ മാൻഡേറ്റ് അവർ മറക്കുന്നു. സമൂഹത്തിൽനിന്നും അവരുടെ നിയോജകമണ്ഡലത്തിൽനിന്നും അത്രയധികം അവർ അകന്നുപോയിരിക്കുന്നു. അവർ ഉൾക്കൊണ്ടത് മേലാളന്റെ മൂല്യങ്ങളാണ്. അത് വർഗപരമായ മാറ്റമാണ്. അതുകൊണ്ടാണ് തെരഞ്ഞെടുപ്പിൽ സംവരണം ആവശ്യമില്ല എന്നു പറയുന്നത്. രാഷ്ട്രീയം എന്നാൽ മൽസരിച്ച് നേടിയെടുക്കേണ്ട ചില പൊസിഷനുകളാണ്. ഇത് ജനാധിപത്യത്തിന്റെ ദാരുണമായ അവസ്ഥയാണ്. ഇവിടെ, ഭരണഘടന കൊണ്ട് എന്താണ് ഉദ്ദേശിച്ചത് അത് യാഥാർഥ്യമായില്ല.

സംഘടിത തൊഴിലാളി വർഗം മുന്നണി പോരാളികളായാണ് വിവക്ഷിക്കപ്പെടുന്നത്. എന്നാൽ, അവർ ഒരിക്കലും മുതലാളിത്തത്തിനെതിരെ സമരം ചെയ്തിട്ടില്ല. മാത്രമല്ല, അവരുടെ ആഗ്രഹങ്ങൾ തന്നെയും മുതലാളിമാരുടെ ആഗ്രഹങ്ങളായിരുന്നു. അവസരം കിട്ടിയാൽ അവരും മുതലാളിമാരാകാനാണ് ആഗ്രഹിച്ചിരുന്നത്.

വയനാട്ടിൽ ആദിവാസികൾക്കിടയിൽ അടിമത്തൊഴിലുണ്ടായിരുന്നു. അവരിൽ തൊഴിലാളിവൽക്കരണം നടന്നില്ല, അവരെ അടിമത്തൊഴിലാളികളായി നിലനിർത്തിയിരുന്നത് ചില തൊഴിലാളി നേതാക്കളായിരുന്നു. ബോണ്ടഡ് ലേബർ തൊഴിലാളികളെക്കൊണ്ട് ചെയ്യിച്ചതുതന്നെ തൊഴിലാളി നേതാക്കളായിരുന്നു.
അതേസമയം, കേരളത്തിൽ, വർഗ സമരങ്ങളെന്ന് തെറ്റിധരിപ്പിക്കപ്പെട്ട മറ്റു ചില സമരങ്ങളും നടന്നിട്ടുണ്ട്. ഉദാഹരണത്തിന്, എൻ.ജി.ഒ സമരം, യു.ജി.സി സ്‌കെയിലിനുവേണ്ടി കോളജ് അധ്യാപകരുടെ സമരം. ഇതൊന്നും വർഗസമരങ്ങളായിരുന്നില്ല. അവയെ അങ്ങനെ കണ്ടവർക്ക് തെറ്റുപറ്റി. അതെല്ലാം പ്രത്യേക താൽപര്യങ്ങൾക്കുവേണ്ടിയുള്ളവയായിരുന്നു. ആർക്കെതിരാണ് അവരുടെ സമരം എന്നുപോലും വ്യക്തമല്ല.

മെച്ചപ്പെട്ട വേതനത്തിനും തൊഴിൽ സാഹചര്യത്തിനും സാമൂഹിക സുരക്ഷക്കും വേണ്ടിയാണ് ട്രേഡ് യൂണിയനിസം വളർന്നുവന്നത്. അല്ലാതെ അത് മുതലാളിത്തത്തിനോ വ്യവസ്ഥിതിക്കോ എതിരായ ഒന്നല്ല. ആഗോളതലത്തിൽ തന്നെ കാണുന്ന പ്രതിഭാസമാണിത്. സംഘടിത തൊഴിലാളി വർഗം മുന്നണി പോരാളികളായാണ് വിവക്ഷിക്കപ്പെടുന്നത്. എന്നാൽ, അവർ ഒരിക്കലും മുതലാളിത്തത്തിനെതിരെ സമരം ചെയ്തിട്ടില്ല. മാത്രമല്ല, അവരുടെ ആഗ്രഹങ്ങൾ തന്നെയും മുതലാളിമാരുടെ ആഗ്രഹങ്ങളായിരുന്നു. അവസരം കിട്ടിയാൽ അവരും മുതലാളിമാരാകാനാണ് ആഗ്രഹിച്ചിരുന്നത്. സംഘടിത തൊഴിലാളിവർഗത്തിലൂടെ വ്യവസ്ഥിതിയിൽ ഒരു മാറ്റം പ്രതീക്ഷിക്കാനാകില്ല. ട്രേഡ് യൂണിയനിസത്തെ വർഗസമരമായി കാണാൻ കഴിയുമോ എന്നത് ചർച്ചാവിഷയമായി മാറേണ്ടതുണ്ട്. കേരളത്തിൽ നടന്ന പല സമരങ്ങളും അങ്ങനെയായിരുന്നു.

പ്രസ്ഥാനങ്ങൾക്കില്ല, പ്രോ ആക്റ്റീവ് അജണ്ട

നമുക്ക് നിരവധി ദളിത് പ്രസ്ഥാനങ്ങളുണ്ട്. ഇവരെല്ലാം റീ ആക്ടീവാണ്, പ്രോ ആക്ടീവല്ല. അവർ ഒരു പരിപാടി മുന്നോട്ടുവെച്ച് അതിനായി ആളുകളെ മൊബിലൈസ് ചെയ്യുന്നില്ല. ബി.എസ്.പി അടക്കം. സവർണ സംവരണം വന്നപ്പോൾ, അല്ലെങ്കിൽ ദളിതർക്കെതിരെ അതിക്രമങ്ങളുണ്ടാകുമ്പോൾ അതിനോട് പ്രതികരിക്കുന്നു. പക്ഷെ, ഞങ്ങൾക്കുവേണ്ട അജണ്ട ഇതാണ്, അത് നടപ്പാക്കണം എന്ന ആവശ്യമുയരുന്നില്ല. പ്രോ ആക്ടീവായ ഒരു അജണ്ട ഇപ്പോഴുള്ള പ്രസ്ഥാനങ്ങൾക്കില്ല.

ആദിവാസി ഗോത്രമഹാസഭ നേതാവ് ഗീതാനന്ദൻ 2016ൽ തൃശൂരിൽ നടന്ന ഭൂ അധികാര പ്രഖ്യാപന കൺവൻഷനിൽ

കാര്യങ്ങളെ വിപുലമായി കാണേണ്ട അവസ്ഥയുണ്ട്. സി.കെ. ജാനുവും ഗീതാനന്ദനും ഇവിടെ പ്രത്യേകം പരാമർശം അർഹിക്കുന്നവരാണ്. അവർ വളരെ മൗലികമായ പ്രശ്‌നങ്ങളാണ് ഉയർത്തിക്കൊണ്ടുവന്നത്. വ്യവസ്ഥിതിയോട് സമരം ചെയ്യുകയായിരുന്നു അവർ. മറ്റുള്ളവർ അങ്ങനെയായിരുന്നില്ല. അവർ ഒരു സംഘടനയുണ്ടാക്കി അതിന്റെ നേതൃത്വത്തിലെത്തുകയാണ് ചെയ്തത്. അത് കരിയറിസമാണ്. ഗീതാനന്ദനും ജാനുവും കരിയറിസ്റ്റുകളല്ല, അവർ മൗലികമായ അവബോധത്തിന്റെ പേരിൽ ആളുകളെ ശാക്തീകരിക്കുന്നവരാണ്. മറ്റു പല രാഷ്ട്രീയ പാർട്ടികളിലും നേതാക്കൾ ഉയർന്നുവന്നിട്ടുണ്ട്, അവർ കരിയറിസ്റ്റുകളാണ്. അവർക്ക് ഈ വിഭാഗങ്ങളുടെ മൗലികമായ പ്രശ്‌നങ്ങൾ ഉയർത്തിക്കൊണ്ടുവരാൻ കഴിയില്ല, കാരണം, അതിന് ആ രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വങ്ങൾ സമ്മതിക്കില്ല. കീഴാള വിഭാഗങ്ങളെക്കുറിച്ച് ഇവർക്കുണ്ടായിരുന്നത് സഹതാപം മാത്രമാണ്. ഇപ്പോഴും കാണിക്കുന്നത് അതാണ്, അതിന് തുല്യതയുടെ പരിപ്രേക്ഷ്യമില്ല.

നമുക്ക് നിരവധി ദളിത് പ്രസ്ഥാനങ്ങളുണ്ട്. ഇവരെല്ലാം റീ ആക്ടീവാണ്, പ്രോ ആക്ടീവല്ല. അവർ ഒരു പരിപാടി മുന്നോട്ടുവെച്ച് അതിനായി ആളുകളെ മൊബിലൈസ് ചെയ്യുന്നില്ല

എനിക്കുതന്നെ ഒരനുഭവമുണ്ടായിട്ടുണ്ട്. രണ്ടുമൂന്നു തവണ എം.എൽ.എ ആയിരുന്ന ഒരാൾ, ഒരു സെമിനാറിൽ പങ്കെടുക്കാമോ എന്ന് ചോദിച്ചു. എന്താണ് നിങ്ങൾ ചെയ്യുന്നത്, നിങ്ങൾ മൗലികമായ എന്തെങ്കിലും പ്രശ്‌നങ്ങൾ ഉയർത്താറുണ്ടോ എന്ന് ഞാൻ അദ്ദേഹത്തോട് ചോദിച്ചു. അന്ന് ഞാൻ കേരള യൂണിവേഴ്‌സിറ്റിയിൽ പഠിപ്പിക്കുകയാണ്.
അദ്ദേഹം പറഞ്ഞ മറുപടി എനിക്കിഷ്ടമായി: ""താങ്കൾക്ക് യു.ജി.സി റേറ്റിലുള്ള ശമ്പളമുണ്ട്. ആരും നിയന്ത്രിക്കാനില്ല. എന്റെ കാര്യം അതല്ല. എന്റെ പാർട്ടി ടിക്കറ്റ് തന്നാലേ എനിക്ക് മൽസരിക്കാൻ കഴിയൂ. ജയിച്ചുവന്നാൽ, അസംബ്ലിയിൽ എനിക്ക് സംസാരിക്കാൻ രണ്ടോ മൂന്നോ മിനിറ്റ് കിട്ടും. അവിടെ ഞാൻ പൊതുപ്രശ്‌നങ്ങൾ പറയണോ അതോ ഈ ആളുകളുടെ കാര്യം പറയണോ? ഈ ആളുകളല്ല എനിക്ക് മൽസരിക്കാൻ ടിക്കറ്റ് തരുന്നത്. പാർട്ടി നേതൃത്വത്തിനെ വെറുപ്പിച്ചാൽ ടിക്കറ്റുകിട്ടില്ല.''

അദ്ദേഹം പറഞ്ഞതാണ് ശരി. എന്റെ ഭാഗധേയം നിശ്ചയിച്ചിരുന്നത് മറ്റുള്ളവരായിരുന്നില്ല. എനിക്ക് വായിക്കാം, ചിന്തിക്കാം, എഴുതാം. അതിന് സ്വാതന്ത്ര്യം എനിക്കുണ്ടായിരുന്നു, എന്റെ ജോലിയുടെ സെക്യൂരിറ്റി എനിക്കുണ്ടായിരുന്നു. അദ്ദേഹത്തിന് അതുണ്ടായിരുന്നില്ല.
ജനങ്ങൾക്ക് ജനാധിപത്യത്തിൽ എന്താണ് കാര്യം. അവർ ജനപ്രതിനിധികളെ ഇലക്റ്റ് ചെയ്യുന്നു. ഇലക്ഷനുമുമ്പ് വരുന്നത് സെലക്ഷനാണ്. ആര് മൽസരിക്കണം എന്ന സെലക്ഷൻ. ആ സെലക്ഷൻ, ഏത് രാഷ്ട്രീയ പാർട്ടിയിലായാലും നടത്തുന്നത് സമ്പന്നരും മേലാളരും ആയിരിക്കും. അവരെ പിണക്കി ഇവർക്ക് നിൽക്കാൻ കഴിയില്ല. "എന്തിനാണ് ഈ സമരം, എനിക്ക് മനസ്സിലാകുന്നില്ല'; ഈ ഭാഷയിൽ സംസാരിച്ചാലേ അവർക്ക് അവരുടെ നേതാക്കന്മാരെ തൃപ്തിപ്പെടുത്താൻ കഴിയൂ. അല്ലെങ്കിൽ അടുത്ത തവണ ഒരു സീറ്റ്, പൊസിഷൻ കിട്ടില്ല. അതുകൊണ്ടാണ് സംവരണ നിയോജകമണ്ഡലങ്ങളെ എതിർക്കുന്നത്. അത് ഒരു നിസ്സഹായാവസ്ഥ, ആശ്രിതത്വം സൃഷ്ടിക്കുന്നു. ഒരു രാഷ്ട്രീയവൽക്കരണം അതുകൊണ്ട് നടക്കുന്നില്ല. സംവരണ മണ്ഡലങ്ങൾ അപകടകരമായ സംഗതിയാണ്, അവ ഇല്ലാതായാലേ രാഷ്ട്രീയ അവബോധവും സന്നദ്ധതയുമുള്ളവർ ആദിവാസി- ദളിത് വിഭാഗങ്ങളിൽനിന്ന് ഉയർന്നുവരൂ. ഇതിന് ഉടൻ ഭരണഘടനാഭേദഗതി കൊണ്ടുവരണം.

നവോത്ഥാനപരമായ മുന്നേറ്റങ്ങളുടെ തുടർച്ചയായി ഒരു കീഴാള സംഘാടനം ഉണ്ടായില്ല എന്നത് കേരളത്തിന്റെ പൊളിറ്റിക്കൽ ഹിസ്റ്ററിയിലെ ഒരു മിസ്സിംഗ് ലിങ്കാണ്. ഇവിടെ ശ്രീനാരായണ ഗുരു, അയ്യങ്കാളി തുടങ്ങിയവരുടെ മുൻകൈയുണ്ടായിരുന്നു. ഇതുപക്ഷെ, ചില രാഷ്ട്രീയ പാർട്ടികൾ ഹൈജാക്ക് ചെയ്തു. ഇതിൽനിന്ന് ഓർഗാനിക്കായ ഒരു പൊളിറ്റിക്കൽ പ്രോസസ് വളർന്നുവരാൻ അവർ അനുവദിച്ചില്ല. അയ്യങ്കാളിയെപ്പോലൊരു ദാർശനികനായ ഒരാളുടെ ദർശനങ്ങൾ ഉയർന്നുവരാൻ സമ്മതിച്ചില്ല. അത് മേലാളന്മാർ ഹൈജാക്ക് ചെയ്തു. ഗുരുവിനെ തന്നെ എല്ലാവരും അപ്രോപ്രിയേറ്റ് ചെയ്യുകയാണിപ്പോൾ. കമ്യൂണിസ്റ്റ് പാർട്ടികളാണ് ഈ കോൺസിസ്​റ്റ്യുവൻസി അവകാശപ്പെടുന്നത് എന്നതിനാൽ അവർക്ക് ഇതിൽ കൂടുതൽ ഉത്തരവാദിത്തമുണ്ട്. കമ്യൂണിസ്റ്റ് പാർട്ടികൾ അധികാരത്തിലിരുന്നതുകൊണ്ട് ഒരു അധികാരിവർഗമായി മാറി.
അയ്യങ്കാളി ജനാധിപത്യവ്യവസ്ഥിതിയിലായിരുന്നില്ല പ്രവർത്തിച്ചത് എന്നോർക്കണം. മഹാരാജാവിനോടാണ് അദ്ദേഹം പറഞ്ഞത്.

അയ്യങ്കാളി ഇന്നാണ് അത്തരം വിഷയങ്ങൾ ഉയർത്തിയിരുന്നത് എങ്കിൽ, ദളിത് പ്രതിനിധ്യവും പങ്കാളിത്തവുമുള്ള ഇന്നത്തെ ഭരണകൂടം യു.എ.പി.എ ചുമത്തി അദ്ദേഹത്തെ ജയിലിൽ അടച്ചിട്ടുണ്ടാകും. ജനാധിപത്യ പ്രക്രിയ പലപ്പോഴും ഇത്തരം സാമൂഹികവിഭാഗങ്ങളിൽനിന്ന് വരുന്ന വ്യക്തികളുടെ സ്വാതന്ത്ര്യബോധത്തെയും മുന്നോട്ടുളള പോക്കിനെയും തടഞ്ഞുനിർത്തുന്നു

അയ്യങ്കാളി ഇന്നാണ് അത്തരം വിഷയങ്ങൾ ഉയർത്തിയിരുന്നത് എങ്കിൽ, ദളിത് പ്രതിനിധ്യവും പങ്കാളിത്തവുമുള്ള ഇന്നത്തെ ഭരണകൂടം യു.എ.പി.എ ചുമത്തി അദ്ദേഹത്തെ ജയിലിൽ അടച്ചിട്ടുണ്ടാകും. ജനാധിപത്യ പ്രക്രിയ പലപ്പോഴും ഇത്തരം സാമൂഹികവിഭാഗങ്ങളിൽനിന്ന് വരുന്ന വ്യക്തികളുടെ സ്വാതന്ത്ര്യബോധത്തെയും മുന്നോട്ടുളള പോക്കിനെയും തടഞ്ഞുനിർത്തുന്നു. ഇവർക്ക് പ്രാതിനിധ്യവും പങ്കാളിത്തവുമുള്ള അതേ ഭരണകൂടം തന്നെ ഇത്തരം വ്യക്തികളെയും പ്രസ്ഥാനങ്ങളെയും ഉന്മൂലനം ചെയ്യും. എന്തിന്, ഗാന്ധിജിക്കുപോലും സാധിക്കില്ലായിരുന്നു ഇന്നത്തെ ജനാധിപത്യത്തിലായിരുന്നുവെങ്കിൽ. ഇന്നായിരുന്നുവെങ്കിൽ ഗാന്ധിജിക്ക് ഒരു എൻകൗണ്ടർ ഡെത്തായിരിക്കും സംഭവിക്കുക.

കൊല്ലത്തുള്ള അയ്യങ്കാളിയുടെ പ്രതിമ

കമ്യൂണിസ്റ്റ് പാർട്ടികൾക്കുമുമ്പും ദളിതരുടെ, ഈഴവരുടെ സമരങ്ങളുണ്ടായിരുന്നു കേരളത്തിൽ. സ്വന്തം വിഭാഗങ്ങളിലെ പഴഞ്ചൻ ചിന്താഗതികളെ ചോദ്യം ചെയ്യുന്നവർ അവരിൽതന്നെ ഉണ്ടായിട്ടുണ്ട്. ഒരുപക്ഷെ, ഇവരിൽനിന്നുതന്നെ വലിയ ചിന്തകരും താത്വികന്മാരും സൈദ്ധാന്തികന്മാരും ഉണ്ടാകുമായിരുന്നു. ഗുരു എന്താണ് ചെയ്തത്. സ്വന്തം പരിശ്രമം കൊണ്ട് പാണ്ഡിത്യം ആർജിച്ച് അതിനെ രാഷ്ട്രീയമായ ആയുധമാക്കി ഉപയോഗിച്ചു. അന്ന് സാധാരണ ഗതിയിൽ സംഭവ്യമായ കാര്യമല്ല ഇത്. ഗ്രാംഷിയൊക്കെ പറഞ്ഞതുപോലുള്ള ഓർഗാനിക് ഇന്റലക്ച്വൽസ് ഇവരിൽനിന്ന് ഉണ്ടാകുമായിരുന്നു. ആ ഒരു പ്രക്രിയ റദ്ദാക്കപ്പെട്ടു.
ഫ്യൂഡൽ കാലഘട്ടത്തിൽ നിയന്ത്രണം കൈയാളിയിരുന്ന മേലാളന്മാർ തന്നെ ജനാധിപത്യത്തിൽ രാഷ്ട്രീയ അധികാരികളായി മാറി. എല്ലാ നേതാക്കന്മാരും അവരിൽനിന്നുതന്നെയാണ് വന്നത്. അവർക്കൊരിക്കലും താഴേക്കുപോകേണ്ടിവന്നിട്ടില്ല. ഇതൊരു സ്ട്രക്ചറൽ ബ്രേക്ക് അല്ല, ചരിത്രത്തിൽ അത്തരം ഒരു ബ്രേക്ക് ഉണ്ടായിട്ടില്ല. ഇന്ന് എടുത്തുനോക്കൂ, ഇടതുപക്ഷ പ്രസ്ഥാനത്തിലുള്ള നേതാക്കൾ ആരാണ്? പഴയ ഫ്യൂഡൽ കുടുംബങ്ങളിലുള്ളവരാണ്. സ്വത്തുടമസ്ഥതയുണ്ടായിരുന്ന വീടുകളിൽനിന്നും കുടുംബങ്ങളിൽനിന്നും വിഭാഗങ്ങളിൽനിന്നും വന്നവരാണ്. ഏത് ഫീൽഡ് എടുത്താലും- ഇക്കോണമി, ബ്യൂറോക്രസി, മതം, മീഡിയ, അക്കാദമീയ- അവയെയെല്ലാം ഇന്ന് നിയന്ത്രിക്കുന്നവർ തന്നെയായിരുന്നു ഫ്യൂഡൽ കാലഘട്ടത്തിലെയും അധികാരികൾ. ആധുനിക കാലഘട്ടത്തിൽ അവരുടെ അധീശത്വം തുടരുക എന്നത് താരതമ്യേന ഈസിയാണ്. അതിലേക്ക് മറ്റു ചിലർക്ക് കടന്നുകൂടാൻ കഴിഞ്ഞത് ഭരണഘടനയിലുള്ള സംവരണം എന്ന ആനുകൂല്യം ഉപയോഗിച്ചുകൊണ്ടാണ്. അല്ലാതെ മൽസരത്തിലൂടെയല്ല.
ഇത്തരമൊരു വ്യവസ്ഥിതിയാണ് ഇന്ത്യ സൃഷ്ടിച്ചത്, അതായത് ഒന്ന്, ഇൻഡിവിജ്വൽ ഇൻക്ലൂഷൻ, പക്ഷെ, ഗ്രൂപ്പ് എക്‌സ്‌ക്ലൂഷൻ. വ്യക്തികളെ ഉൾക്കൊള്ളുകയും ഗ്രൂപ്പുകളെ പുറന്തള്ളുകയും ചെയ്യുന്ന വ്യവസ്ഥിതി കേരളത്തിലും നിലവിൽ വരികയാണ് ചെയ്തത്.

Do it, otherwise...

കീഴാളരെ പ്രതിനിധീകരിക്കുന്നു എന്ന് അവകാശപ്പെടുന്ന പ്രസ്ഥാനങ്ങൾക്ക് ഇതുവരെ പ്രോ ആക്റ്റീവായ ഒരു അജണ്ടയുണ്ടാക്കാനോ രാഷ്ട്രീയമായി അംഗീകരിച്ച് കിട്ടാനോ കഴിഞ്ഞിട്ടില്ല. അതിന് അവർ ശ്രമിച്ചില്ല എന്നുകൂടി കൂട്ടിച്ചേർക്കണം. ഇങ്ങനെയൊരു അജണ്ടയുണ്ടായിരുന്നത് അംബേദ്കർക്കാണ്. ഒരു ബൂർഷ്വാ ഭൂപരിഷ്‌കരണമായിരുന്നില്ല, സോഷ്യലിസ്റ്റ് ഭൂപരിഷ്‌കരണമായിരുന്നു അദ്ദേഹം വിഭാവനം ചെയ്തത്. അതിനുശേഷം ഒരു പ്രോ ആക്റ്റീവ് അജണ്ട വരുന്നില്ല. പ്രോ ആക്റ്റീവ് അജണ്ടയുണ്ടാകുന്നത് എപ്പോഴും ഒരു വിഭാഗത്തിന്റെ കഴിവിലൂന്നിയും അവരുടെ ആശകളെയും അഭിലാഷങ്ങളെയും ആസ്പദമാക്കിയുമാണ്. ആശയും അഭിലാഷങ്ങളുമാണ് കൂടുതൽ പ്രസക്തം. അവരുടെ കഴിവ് എന്താണ്, അവർ ഇനി എന്ത് പ്രതീക്ഷിക്കണം? പ്രതീക്ഷയില്ലാത്ത ഒരാൾക്ക് വികസനത്തിന്റെ പ്രശ്‌നം വരുന്നില്ല. അട്ടപ്പാടിയിൽ ആദിവാസികൾക്ക് അതിജീവനത്തിന്റെ, ഭക്ഷണത്തിന്റെ പ്രശ്​നമായിരുന്നു മുഖ്യം. ഭക്ഷണം, പാർപ്പിടം, വസ്ത്രം, ആരോഗ്യസുരക്ഷ തുടങ്ങിയ കാര്യങ്ങളാണ് അവരെ സംബന്ധിച്ച് മൗലികമായി വരുന്നത്. അങ്ങനെ നോക്കുമ്പോൾ, അതിലൂന്നിക്കൊണ്ടുള്ള ഒരു വികസന സമീപനമില്ല, കേരളത്തിൽ.

ദരിദ്രരിൽനിന്ന് ഒരു പ്രബലവിഭാഗം വിഭാഗം ഉയർന്നുവന്നിട്ടുണ്ട്. ഈ വിഭാഗങ്ങൾക്കായി മാറ്റിവെച്ചിരുന്ന എല്ലാ ആനുകൂല്യങ്ങളും ഈ പ്രബലവിഭാഗമാണ് കൈയടക്കിയത്. അല്ലെങ്കിൽ, അത് അവർക്ക് ലഭിക്കുന്നു. അത് സ്വഭാവികമാണ്. കാരണം, കുറച്ച് നേട്ടങ്ങളുണ്ടായിക്കഴിഞ്ഞാൽ, പീന്നിടുള്ള എല്ലാ നേട്ടങ്ങളും നേടിയവർക്കുതന്നെയായിരിക്കും ലഭിക്കുക

ആദിവാസികളെയും ദളിതരെയും സംബന്ധിച്ച് പ്രധാനപ്പെട്ട ഒരു വ്യത്യാസമുണ്ട്. ആദിവാസികൾക്ക് നിലനിൽപ് എന്നത് വിഭവാധിഷ്ഠിതമായിരുന്നു. ദളിതർ എന്നത് കായികാധ്വാനത്തിൽ അധിഷ്ഠിതമാണ്. മൗലികമായ വ്യത്യാസമാണിത്. ആദിവാസികൾക്ക് അന്യാധീനപ്പെട്ട ഭൂമി തിരിച്ചുകിട്ടുന്ന നിയമനിർമാണമോ ദളിത് വിഭാഗങ്ങൾക്ക് കൃഷിഭൂമി കിട്ടത്തക്കവിധമുള്ള ഭൂപരിഷ്‌കരണമോ ഇനി ഉണ്ടാകാനിടയില്ല. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ അത് അസാധ്യമാക്കുന്നു.
ഇവിടെയാണ് യൂണിവേഴ്‌സൽ പ്രോപ്പർട്ടി റൈറ്റ്- സ്വത്തുടമസ്ഥത അവകാശമായി ഉയർത്തേണ്ടത്. പ്രോപർട്ടി റൈറ്റ് ജസ്റ്റിഷ്യബ്ൾ ആകണം. ഭരണഘടനയിലെ മൗലികാവകാശം ജസ്റ്റീഷ്യബ്ൾ ആയ പോലെ സ്വത്തുടമാവകാശവും അങ്ങനെയായിരിക്കണം, അത് ഭരണകൂടത്തിനോ മറ്റോ നിഷേധിക്കാൻ കഴിയരുത്. സ്വത്തുടമസ്ഥത എല്ലാ ദരിദ്രവിഭാഗങ്ങളെയും സംബന്ധിച്ച ഒരവകാശമാണ്.
ദരിദ്രരിൽനിന്ന് ഒരു പ്രബലവിഭാഗം വിഭാഗം ഉയർന്നുവന്നിട്ടുണ്ട്. ഈ വിഭാഗങ്ങൾക്കായി മാറ്റിവെച്ചിരുന്ന എല്ലാ ആനുകൂല്യങ്ങളും ഈ പ്രബലവിഭാഗമാണ് കൈയടക്കിയത്. അല്ലെങ്കിൽ, അത് അവർക്ക് ലഭിക്കുന്നു. അത് സ്വഭാവികമാണ്. കാരണം, കുറച്ച് നേട്ടങ്ങളുണ്ടായിക്കഴിഞ്ഞാൽ, പീന്നിടുള്ള എല്ലാ നേട്ടങ്ങളും നേടിയവർക്കുതന്നെയായിരിക്കും ലഭിക്കുക. The Winner gets all. ഇത്തരത്തിലുള്ള സമ്പന്ന വരേണ്യവർഗത്തെ മാറ്റിനിർത്തിക്കൊണ്ടായിരിക്കണം നമ്മൾ ഒരു വികസന പന്ഥാവിനെക്കുറിച്ച് ആലോചിക്കേണ്ടത്. അതിൽ പാർശ്വവൽക്കരിക്കപ്പെട്ട എല്ലാ സാമൂഹിക വിഭാഗത്തിൽ പെട്ട വ്യക്തികൾക്കും അനുകൂലമായ ഒരു സമീപനം വേണം. അവിടെയാണ് നമ്മൾ സ്വത്തുടമസ്ഥത അവകാശത്തിന്റെ പ്രാധാന്യം എടുത്തുപറയുന്നത്. അതൊരു മൗലികാവകാശമായിരിക്കണം.

സണ്ണി എം. കപിക്കാട്

ഇന്ത്യൻ ഭരണഘടനയുടെ 21ാം വകുപ്പ് ജീവിക്കാൻ അവകാശം കൊടുക്കുന്നു. ജീവിതോപാധിയില്ലെങ്കിൽ ജീവിക്കാനുള്ള അവകാശത്തിന് അർഥമില്ല. ഇത് 1980കളിൽ സുപ്രീംകോടതി ആവർത്തിച്ചുപറഞ്ഞ കാര്യമാണ്. അന്ന് സുപ്രീംകോടതി ജഡ്ജിയായിരുന്ന വൈ.വി. ചന്ദ്രചൂഡ്, റൈറ്റ് ടു ലൈവ്‌ലിഹുഡ് ഇല്ലെങ്കിൽ റൈറ്റ് ടു ലൈഫ് സാർഥകമല്ല എന്ന് വ്യക്തമാക്കി. ജീവിക്കാൻ ജീവനോപാധി വേണം. റൈറ്റ് ടു ലൈവ്‌ലിഹുഡ് നൽകേണ്ടത് ഭരണകൂടത്തിന്റെ ചുമതലയാണ്. ഭക്ഷണം അടക്കമുള്ള കാര്യങ്ങൾ. അതുകൊണ്ട്, വികസനത്തിൽനിന്ന് പുറന്തള്ളപ്പെട്ട എല്ലാവരെയും സഹായിക്കുന്ന സ്വത്തുടമസ്ഥത അവകാശം ആർട്ടിക്കിൾ 21ന്റെ ഭാഗമായി കൊണ്ടുവരണം. സ്വത്തുടമസ്ഥതാവകാശം ജസ്റ്റിഷ്യബ്ൾ ആയ ഒരു ഫണ്ടമെന്റൽ റൈറ്റായി മാറ്റുന്നതിനുവേണ്ടിയുള്ള മൂവ്‌മെന്റാണ് ഇനി വേണ്ടത്. സാർവദേശീയ മനുഷ്യാവകാശത്തെക്കുറിച്ച് യു.എൻ പറഞ്ഞിട്ടുണ്ടല്ലോ. യു.എൻ ഇപ്പോൾ ഇറക്കേണ്ട ഒരു പ്രഖ്യാപനം, Universal Declaration of Property Right ആണ്. അതിനായി ആഗോളതലത്തിൽ തന്നെ കീഴാള വിഭാഗങ്ങളിൽനിന്ന് യു.എന്നിനുമേൽ സമ്മർദം ചെലുത്തണം. ലോകത്തിൽ എല്ലായിടത്തുമുള്ള പുറന്തള്ളപ്പെട്ടവർക്കായി സ്വത്തുടമസ്ഥതയുമായി ബന്ധപ്പെട്ട ഒരു സാർവദേശീയ പ്രഖ്യാപനം ഉണ്ടാകണം. കേരളത്തിലും അതാണ് ആവശ്യം.
കേരളത്തിൽ ഒരു രാഷ്ട്രീയപാർട്ടിയും ഭൂരഹിതർക്ക് ഭൂമി കൊടുക്കണം എന്ന് പറഞ്ഞിട്ടില്ല. എല്ലാ രാഷ്ട്രീയ പാർട്ടികളും അനുവർത്തിക്കുന്ന ഒരു നയത്തിന്റെയും സമീപനത്തിന്റെയും ഫലമാണിത്. കീഴാള വിഭാഗങ്ങളിൽനിന്ന് ഒരു സ്വതന്ത്രവിഭാഗം വളർന്നുവരുന്നുണ്ട്, അവർ ഈ പ്രശ്‌നങ്ങൾ ഉന്നയിക്കുന്നുണ്ട്, ചോദ്യം ചെയ്യുന്നുണ്ട്. ഒരു കാര്യം ഓർക്കുന്നു, ആദിവാസി സമരങ്ങളോട് ഇവിടുത്തെ രാഷ്ട്രീയ പാർട്ടികൾ, പ്രത്യേകിച്ച് മാർക്‌സിസ്റ്റ് പാർട്ടി മുഖംതിരിക്കുകയാണ് പതിവ്. സി.കെ. ജാനുവിന്റെ ആദ്യ സമരത്തോട് പൊതുസമൂഹത്തിന്റേത് തെറ്റായ സമീപനമായിരുന്നുവെങ്കിൽ രണ്ടാമത്തെ ഘട്ടത്തിൽ, വലിയ പിന്തുണ ലഭിച്ചു- മാധ്യമങ്ങൾ, എഴുത്തുകാർ,

കെ.കെ കൊച്ച് ഫോട്ടോ: ബാൻശ്രീ

അക്കാദമിക്കുകൾ, സിനിമാ സംവിധായകർ തുടങ്ങിയവർ ഇടപെട്ടു.
അകത്തുനിന്നും പുറത്തുനിന്നും ഓർഗാനിക്കായി, പാർട്ടി രാഷ്ട്രീയത്തെ എതിർക്കുന്ന, സ്വതന്ത്രവിഭാഗം ഉയർന്നുവരുന്നുണ്ട്. അവർ ഈ പ്രശ്‌നങ്ങളെ പൊതുജനശ്രദ്ധയിൽ കൊണ്ടുവരുന്നുണ്ട്. അവർക്ക് ഒരു നിലപാടെടുക്കാൻ കഴിയുന്നുണ്ട്. അതുകൊണ്ടാണ്, കെ. കെ. കൊച്ചിനെയും സണ്ണി എം. കപിക്കാടിനെയും പോലുള്ളവരെ രാഷ്ട്രീയ പാർട്ടികൾക്ക് ചലഞ്ച് ചെയ്യാനോ സ്വാധീനിക്കാനോ കഴിയാത്തത്. രാഷ്ട്രീയപാർട്ടികളുടെ വലിയ വെല്ലുവിളിയാണിത്. അവർക്ക് ഇവരെ നിയന്ത്രിക്കാൻ കഴിയില്ല. ഈ സ്വതന്ത്ര ചിന്താധാരയെ അടിച്ചമർത്താൻ കഴിയില്ല.

ഇവരിൽനിന്ന് സ്വത്തുവാദമുയരണം. മൗലികമായ ഒരു ബേസ്, അടിത്തറക്കുവേണ്ടിയുള്ള ആവശ്യമുയരണം. ധൈഷണികമായ അന്വേഷണങ്ങളിൽനിന്നും ചിന്തകളിൽനിന്നും ഈ ആവശ്യത്തെ രാഷ്ട്രീയമായി വികസിപ്പിച്ചെടുക്കണം. ആശയം സാർഥകമാകുന്നത് ആക്റ്റിവിസത്തിലൂടെയാണ്, അത് പ്രായോഗികമാക്കേണ്ടത് ആക്റ്റിവിസ്റ്റുകളാണ്.

What is the way forward?

ഇനി എന്താണ് വേണ്ടത് എന്ന് മുൻകൂട്ടി കണ്ട് പ്ലാൻ ചെയ്യണം. ഈ വിഭാഗങ്ങളുടെ ക്രിയേറ്റീവ് ആയ ആവശ്യങ്ങളെന്താണ് എന്ന് തിരിച്ചറിയണം. അതിന് പഴയ കാര്യങ്ങൾ ആവർത്തിച്ചതുകൊണ്ട് കാര്യമില്ല. അവർക്കുമേൽ കായികാധ്വാനം അടിച്ചേൽപ്പിക്കുന്നത് ഇതുവരെ അവരെ സഹായിച്ചിട്ടില്ലാത്ത ഒരു സമീപനമാണ്. തൊഴിലല്ല അവരുടെ പ്രശ്‌നം, തൊഴിലില്ലായ്മയല്ല പ്രശ്‌നം. ഇപ്പോൾ അവർ കൂലിക്കുവേണ്ടിയല്ല സമരം ചെയ്യുന്നത്, സ്വത്തിനുവേണ്ടിയാണ്. അതുകൊണ്ടുതന്നെ, അവർക്ക് ഇന്നുവേണ്ടത് സ്വത്തുടമസ്ഥത അവകാശമാണ്. കാരണം, പ്രോപ്പർട്ടീഡ് ക്ലാസിൽനിന്നാണ് എല്ലാ ശക്തന്മാരും ഉയർന്നുവരുന്നത്.
തെരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വരുന്നത് സർവാധികാരിയായ ഒരു ഭരണാധികാരിയാണ്. ഈ റൂളർക്ക് മൊത്തം സമൂഹത്തെ നിയന്ത്രിക്കാൻ കഴിയുന്നു. രണ്ടു കാര്യങ്ങളാണ് അദ്ദേഹത്തെ സഹായിക്കുന്നത്. ഒന്ന്, ത്രിതല പഞ്ചായത്ത് രാജ് വ്യവസ്ഥ. സെക്രട്ടേറിയേറ്റിലിരുന്ന് ഏതെങ്കിലുമൊരു പഞ്ചായത്തിലെ കാര്യങ്ങൾ നിയന്ത്രിക്കാൻ അദ്ദേഹത്തിന് കഴിയുന്നു. പെട്ടെന്നുതന്നെ, അദ്ദേഹത്തിന് സ്റ്റാറ്റിസ്റ്റിക്‌സ് കിട്ടുന്നു. ഭരണപരമായ കൽപ്പനയിറക്കി അത് നടപ്പാക്കാൻ പെട്ടെന്ന് കഴിയുന്നു. ഒരു പുതിയ ആവശ്യം ഉന്നയിക്കപ്പെട്ടാൽ അതിനെ ഈ ഭരണാധികാരികൾ രാഷ്ട്രീയമായിട്ടല്ല, ഭരണപരമായാണ് നേരിടുന്നത്, പൊലീസിനെയാണ് അങ്ങോട്ട് അയക്കുന്നത്. പുതിയ പ്രസ്ഥാനങ്ങളുടെ ആവിർഭാവത്തെ ക്രമസമാധാനപ്രശ്‌നമായിട്ടാണ് കാണുന്നത്. അതിനെ ഭരണപരമായി അടിച്ചമർത്തുകയാണ്. പുരോഗമനപരമായ ചിന്താധാരകളെയാണ് ഇങ്ങനെ നശിപ്പിക്കുന്നത്. ഭരണയന്ത്രം സ്വാതന്ത്ര്യത്തെ ഹനിക്കുന്നു.

ആദിവാസി മേഖലകളിൽ പ്രവർത്തിക്കുന്നവർ ഇവിടുത്തെ യഥാർഥ പ്രശ്‌നം ചൂണ്ടിക്കാണിക്കാൻ മടിക്കുകയാണ്, കാരണം, കുറ്റമാരോപിച്ച് അവരെ അറസ്റ്റുചെയ്യാൻ ഇന്ന് എളുപ്പമാണ്. മാവോയിസം നിർവചിക്കപ്പെടുന്നത് രാഷ്ട്രീയമായും അക്കാദമിക്കുമായിട്ടാണ്. പക്ഷെ, ഒരു മാവോവാദിയെ സൃഷ്ടിക്കുന്നത് ഭരണാധികാരികളാണ്. അവർക്ക് ഇഷ്ടമില്ലാത്തവരെ കേസുകളിൽ കുടുക്കുന്നു, സ്വതന്ത്രചിന്ത ഉയർന്നുവരരുത്. ആദിവാസികളോ കീഴാളരോ ആയവർ, അവരുടെ പ്രശ്‌നങ്ങൾക്ക് ഭരണഘടനയുടെ അകത്തുനിന്ന് പരിഹാരം കണ്ടെത്താൻ ശ്രമിച്ചാൽ, അതിന്റെ പേരിൽ അവരെ മുദ്ര കുത്തുന്നതും ശിക്ഷിക്കുന്നതും തെറ്റായ സമീപനമാണ്. മനുഷ്യാവകാശ പ്രവർത്തകനായിരുന്ന കണ്ണബീരാൻ മദ്രാസ് ഹൈകോടതിയിൽ ഒരു കേസ് വാദിക്കുമ്പോൾ ഒരു വാചകം പറഞ്ഞു: Crime is defined by law, but the criminal is determined by the state ആരാണ് കുറ്റവാളി എന്നത് ഭരണകൂടമാണ് നിശ്ചയിക്കുന്നത്. നിയമവ്യവസ്ഥക്കുപുറത്ത് പ്രവർത്തിക്കുന്നത് ശരിക്കും സർക്കാറാണ്. അതുകൊണ്ടാണ് ഇത്തരം ചൂഷിത വിഭാഗങ്ങൾക്ക് അവസരങ്ങൾ നിഷേധിക്കപ്പെടുന്നത്.

നാം ഇന്ന് ഒരു തുറന്ന സമൂഹത്തിലാണ് ജീവിക്കുന്നത്. ഇപ്പോൾ നമുക്ക് വെർച്വൽ കോടതികളുണ്ട്. മുമ്പ് ഞാൻ എഴുതിയിരുന്നു, മൊബൈൽ കോടതികളുണ്ടാക്കണം. കോടതികൾ ആദിവാസികൾക്കരികിലേക്ക് പോകണം, ആദിവാസികൾ കോടതിയിലേക്ക് വരികയല്ല വേണ്ടത്. അന്ന് സർക്കാർ വിളിച്ചുചേർത്ത കലക്ടർമാരുടെ ഒരു യോഗത്തിൽ ഞാൻ ഈ വിഷയം അവതരിപ്പിച്ചു. ഇന്നിതാ വെർച്വൽ കോടതി യാഥാർഥ്യമായി.
അതേസമയം, ഏതു പ്രശ്‌നം വന്നാലും നിലവിലുള്ള ഭരണ- നിയമ സംവിധാനത്തെയാണ് മർദ്ദിത വിഭാഗങ്ങൾ ആശ്രയിക്കുന്നത്. കീഴാള വിഭാഗങ്ങൾക്ക് ഭരണകൂടത്തിലുള്ള ആശ്രിതത്വം കൂടിവരികയാണ്. കീഴാള വിഭാഗങ്ങൾക്കുമാത്രമായി ഒരു വികസന സമീപനം സാധ്യമല്ല, അത് അഭിലഷണീയവുമല്ല. ദരിദ്രരായവരെ മൊത്തം ആളുകളെയും ഉൾക്കൊള്ളാൻ കഴിയുന്ന ഒരു സമീപനമാണ് ആവശ്യം. അതിനാണ് യൂണിവേഴ്‌സൽ പ്രോപ്പർട്ടി റൈറ്റ് എന്ന ആവശ്യം മുന്നോട്ടുവെക്കുന്നത്. സ്വതന്ത്രമായി തീരുമാനങ്ങളെടുക്കാനും സ്വതന്തമായി സാമ്പത്തിക കാര്യങ്ങൾ ചെയ്യാനും ഇവർക്കുസാധിക്കുന്നു.

മാർക്‌സ് പറഞ്ഞല്ലോ, ഉൽപാദകരുടെ സമൂഹമാണ് നമ്മൾ ഉണ്ടാക്കേണ്ടത് എന്ന്. കാർഷിക രംഗത്തായാലും വ്യവസായിക രംഗത്തായാലും ഇവർ ഉൽപാദകരാകണം, തൊഴിലാളികളല്ല. ഇവർ കൂലിക്കൂടുതലിനുവേണ്ടിയല്ല സമരം ചെയ്യേണ്ടത്, സ്വതന്ത്രരായ ഉൽപാദകരായി സ്വതന്ത്രമായി ജീവിക്കാനുള്ള അവകാശമാണ് അവർ നേടിയെടുക്കേണ്ടത്. അങ്ങനെ വരുമ്പോൾ Workers of the world, unite എന്നല്ല, producers of the world unite എന്നാകണം മുദ്രാവാക്യം. ഉൽപാദന രംഗത്തും ബിസിനസിലും സംരംഭകത്വം വളർത്തിയെടുക്കാൻ കഴിയണം. ഇവരിൽനിന്ന് സംരംഭകരുണ്ടാകണം. ഓണർഷിപ്പ്, എന്റർപ്രണർഷിപ്പ്, സ്‌കോളർഷിപ്പ്- ഇതാണ് ആവശ്യം. സകോളർഷിപ്പ് എന്നാൽ റാഡിക്കലായ വിജ്ഞാനം. ഇതിന്-perspectives from the margins- അരികുകളിൽനിന്നുള്ള, പാർശ്വങ്ങളിൽനിന്നുള്ള പരിപ്രേക്ഷ്യം വളർന്നുവരണം.

എല്ലാവരെയും ഉൾക്കൊണ്ടുകൊണ്ടുള്ള വികസനത്തെക്കുറിച്ച്- inclusive growth-പറയുമ്പോൾ, മുതലാളിത്തം, from the centre to the margins എന്നാണ് ആലോചിക്കുന്നത്. അതല്ല ഇനി വേണ്ടത്. മാർജിനുകളിലെ സാധ്യതകൾ എന്തെല്ലാമാണ്? അവരുടെ കഴിവ് പരിശോധിച്ച് ഒരു സ്‌കിൽ മാട്രിക്‌സ് മുന്നോട്ടുവെക്കണം. അവർ ഇനിമേൽ കൂലിപ്പണിക്കാരാകരുത്. തൊഴിലാളികൾ എന്ന നിലയിൽനിന്ന് തൊഴിൽ ദായകർ എന്ന നിലയിലേക്ക് ഉയരണം. അപ്പോഴാണ് സമൂഹത്തിൽ അവരുടെ ശബ്ദം ശ്രദ്ധിക്കപ്പെടുക. ഒരു പുതിയ വികസന സമീപനം- അത് കീഴാളരുടെ കായികാധ്വാനത്തിൽ അധിഷ്ഠിതമായ ഒന്നാകരുത്, അവരിൽനിന്ന് അത്യന്താധുനിക സാങ്കേതിക വിദ്യയും വിപണിയും (വിപണിയും സാങ്കേതിക വിദ്യയുമാണ് ആഗോളതലത്തിൽ തന്നെ ഇന്ന് സമൂഹത്തെ രൂപപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ഇത് റവലൂഷനൈസ് ചെയ്തുകൊണ്ടിരിക്കുകയാണ്) ഉപയോഗപ്പെടുത്തുന്ന ഉൽപാദകർ, ഉൽപാദക സമൂഹം ഉണ്ടാകണം.

ഉദാഹരണത്തിന്, ബിസിനസ് സാധ്യത ആരായണം- ചെറുകിട സംരംഭങ്ങളാകാം, ചെറിയ ഉൽപാദന യൂണിറ്റുകളാകാം, ഹോട്ടൽ, മൊബൈൽ റിപ്പയറിംഗ് പോലുള്ള സംരംഭങ്ങളാകാം, സ്റ്റാർട്ടപ്പുകളായിരിക്കാം. TSP, SCP ഫണ്ടുകൾ ഉപയോഗിക്കുന്നത് ഇപ്പോൾ പ്രദേശങ്ങളെ കേന്ദ്രീകരിച്ചാണ്. പ്രദേശങ്ങളെ വികസിപ്പിക്കേണ്ടത് പൊതുഖജനാവിൽനിന്ന് എടുത്തിട്ടായിരിക്കണം.

ഭൗതികമായ അടിച്ചമർത്തലും ഭീഷണിപ്പെടുത്തലും ഇനി തുടരാനാകില്ല. ഈ വിഭാഗങ്ങൾ സ്വതന്ത്രരായാണ് ജനിച്ചതെങ്കിലും സ്വാതന്ത്ര്യത്തോടെ ജീവിക്കാൻ കഴിയുന്നില്ല. അതിന് കാരണം, മേലാളന്മാർ സമ്പത്ത് കൈയടക്കിവക്കുന്നതാണ്, അവർ മർദ്ദകരാകുന്നു.

രണ്ടു തരത്തിലാണ് കാര്യങ്ങളെ കാണേണ്ടത്. ഒന്ന്; ഭരണവ്യവസ്ഥക്കും നിയമവ്യവസ്ഥക്കും അകത്തുനിന്ന് ചെയ്യാൻ പറ്റാത്ത ചില കാര്യങ്ങളുണ്ട്. അത്

ആൾക്കൂട്ട ആക്രമണത്തെ തുടർന്ന് അട്ടപ്പാടിയിൽ കൊല്ലപ്പെട്ട ആദിവാസി യുവാവ് മധു

മനുഷ്യരാശിയെ മൊത്തത്തിൽ ബാധിക്കുന്ന പ്രശ്‌നങ്ങളാണ്. കാലാവസ്ഥ വ്യതിയാനം, സമ്പത്തിന്റെയും വരുമാനത്തിന്റെയും അടിസ്ഥാനത്തിലുള്ള അസമത്വം... ഇവയൊന്നും നിലവിലെ നിയമവ്യവസ്ഥക്ക് അകത്തുനിന്ന് പരിഹരിക്കാൻ പറ്റില്ല. കാലാവസ്ഥ വ്യതിയാനം പരിഹരിക്കേണ്ടത്, ഗ്ലോബൽ പ്രോട്ടോക്കോളിലൂടെയാണ്. സാമ്പത്തിക അസമത്വം നിർമാർജനം ചെയ്യാൻ ഒരു വിപ്ലവം തന്നെ വേണ്ടിവരും. അതായത്, സമ്പന്നന്റെ സമ്പത്ത് പിടിച്ചെടുത്ത് പുനർവിതരണം ചെയ്യേണ്ടിവരും. അത് നിയമപരമായി, കോടതിയുടെ സഹായത്തോടെയൊന്നും പറ്റില്ല. അത് ലോംഗ്‌ടേമായ ഒരു കാര്യമാണ്.

അതേസമയം, ഇന്ന് കീഴാളർക്ക് ആവശ്യം അവർ അനുഭവിക്കുന്ന പ്രശ്‌നങ്ങൾ നിലവിലെ നിയമ-ഭരണവ്യവസ്ഥക്ക് അകത്തുനിന്ന് പരിഹരിക്കുകയാണ്. ജീവിതത്തിന്റെ മൗലികമായ പ്രശ്‌നങ്ങളാണ് അവരുയർത്തുന്നത്. അത് ഭരണാധികാരികൾക്ക് പരിഹരിക്കാൻ കഴിയുന്നവയുമാണ്. ഉദാഹരണത്തിന്, അട്ടപ്പാടിയിലെ മധു ഉയർത്തിയത് സാമ്പത്തികമായ അസമത്വത്തിന്റെ പ്രശ്‌നമല്ല, വാളയാറിൽ കൊല്ലപ്പെട്ട പെൺകുട്ടികളുടെ അമ്മയും അച്ഛനും ഉയർത്തുന്നത് കാലാവസ്ഥ വ്യതിയാനത്തിന്റെ പ്രശ്‌നമല്ല. ഇത്തരം ആവശ്യങ്ങൾ പരിഹരിക്കാൻ ഭരണാധികാരികൾ തയാറാകണം.

ഞങ്ങൾക്ക് പ്രോപ്പർട്ടി വേണം. പ്രോപ്പർട്ടി എന്നു പറഞ്ഞാൽ, ബാത്ത് അറ്റാച്ച്ഡ് ആയ മൂന്നുനാലുമുറികളുള്ള വീട്, ടി.വി, മൊബൈൽ ഫോൺ, കമ്പ്യൂട്ടർ എന്നീ സൗകര്യങ്ങൾ. കുട്ടികൾക്ക് അത്യന്താധുനിക സാങ്കേതിക വിദ്യകളുപയോഗിച്ച് പഠിക്കാനും മുന്നോട്ടുപോകാനുമുള്ള സൗകര്യം

വികസന അജണ്ട ഉണ്ടാക്കുന്നതിനും അംഗീകരിച്ചുകിട്ടുന്നതിനും- അതൊരു രാഷ്ട്രീയ പ്രക്രിയയുടെ ഭാഗമാണ്; ഈ അജണ്ട അംഗീകരിക്കുന്ന രാഷ്ട്രീയപാർട്ടികളെ മാത്രം കീഴാള വിഭാഗങ്ങൾ അംഗീകരിക്കുക, പിന്തുണ കൊടുക്കുക. അംഗീകരിക്കാത്തവർക്കൊപ്പം നിൽക്കാതിരിക്കുക. "ഞങ്ങൾക്ക് പ്രോപ്പർട്ടി വേണം. പ്രോപ്പർട്ടി എന്നു പറഞ്ഞാൽ, ബാത്ത് അറ്റാച്ച്ഡ് ആയ മൂന്നുനാലുമുറികളുള്ള വീട്, ടി.വി, മൊബൈൽ ഫോൺ, കമ്പ്യൂട്ടർ എന്നീ സൗകര്യങ്ങൾ. കുട്ടികൾക്ക് അത്യന്താധുനിക സാങ്കേതിക വിദ്യകളുപയോഗിച്ച് പഠിക്കാനും മുന്നോട്ടുപോകാനുമുള്ള സൗകര്യം'- ഇതൊന്നും അസാധ്യമായ കാര്യങ്ങളല്ല. സാധാരണ ജീവിതത്തിന് അത്യന്താപേക്ഷിതമാണ് ഇവയൊക്കെ. ഇന്ന് ഒരു മൊബൈൽ ഫോണും പേഴ്‌സണൽ കമ്പ്യൂട്ടറും എ.ടി.എം കാർഡുമുള്ള ഒരാൾക്ക് കിട്ടുന്ന സ്വാതന്ത്ര്യമുണ്ട്. ആ സ്വാതന്ത്ര്യം മുമ്പില്ലാത്ത ഒന്നാണ്, ഇതുള്ള ഒരാൾ സ്വയം പര്യാപ്തമാകുകയാണ്. ഇങ്ങനെ സ്വതന്ത്രമായി ജീവിക്കാനും കാര്യങ്ങൾ തീരുമാനിക്കാനും കഴിയണം. ഇതിനൊന്നും അവർ അപേക്ഷിക്കേണ്ട കാര്യമില്ല, അവകാശപ്പെടുകയാണ് വേണ്ടത്. കാരണം, സമൂഹത്തിന്റെ ഉപജീവനത്തിനുള്ള കാര്യങ്ങൾ നൂറ്റാണ്ടുകളായി ഉൽപ്പാദിപ്പിക്കുന്ന വ്യക്തികളാണിവർ. ആ വിഭാഗങ്ങളെന്ന നിലക്ക് അവർക്ക് ഇത്തരം മിനിമം സൗകര്യങ്ങൾക്ക് അവകാശമുണ്ട്. ഇതെല്ലാം അവകാശമായി തന്നെ അവർ കാണുകയും വേണം, ഭരണകൂടം അത് അംഗീകരിക്കണം. ഇതാണ് പ്രോ ആക്റ്റീവ് അജണ്ടയായി വരേണ്ടത്.

ഈ ആവശ്യം വിപ്ലവകരമായ ഒന്നല്ല. ഈ ആവശ്യം ഉന്നയിക്കുമ്പോൾ, സമൂഹത്തിലെ പുരോഗമന വിഭാഗങ്ങൾ പിന്തുണക്കും. ഇത് ഒരു കാമ്പയിനായി അവർ വളർത്തിയെടുക്കണം. ഇത് ജനങ്ങളിലെത്തിക്കാനും ജനങ്ങളെ മൊബിലൈസ് ചെയ്യാനും ആക്റ്റിവിസ്റ്റുകൾ വേണം. അംബേദ്കറെ ആരും സൃഷ്ടിച്ചതല്ല. അതൊരു സാമൂഹിക അവബോധത്തിന്റെ ഫലമായി, പ്രശ്‌നങ്ങൾ മനസ്സിലാക്കി, വിജ്ഞാനമാർജിച്ച് ഉരുത്തിരിഞ്ഞുവന്നതാണ്. ഒരു അവബോധത്തിന്റെയും വിജ്ഞാനത്തിന്റെയും ചിന്തയുടെയും അടിസ്ഥാനത്തിലുണ്ടാകേണ്ടതാണ് ആക്റ്റിവിസം എന്നത്. ഒരു സാമൂഹിക നിർമിതിയാണത്. ഇത്തരമൊരു ആക്റ്റിവിസം രൂപപ്പെടാനുള്ള സാധ്യത ഞാൻ കാണുന്നുണ്ട്, കേരളത്തിലും. എന്ന് ഉണ്ടാകും എന്ന് ഇപ്പോൾ പറയാനാകില്ല.
തൊഴിലാളി വിപ്ലവത്തെക്കുറിച്ച് മാർക്‌സ് പറഞ്ഞപ്പോൾ, അത് എന്നുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞിട്ടില്ല. ചില സാമൂഹിക പ്രതിഭാസങ്ങൾ രാഷ്ട്രീയവൽക്കരിക്കപ്പെട്ട് ചില പ്രത്യേക ഘട്ടത്തിലെത്തുമ്പോഴാണ് അത് സംഭവിക്കുക. ഇതിന് ടൈടേബിൾ ഉണ്ടാക്കാൻ പറ്റില്ല. അതേസമയം, ഇത് പോപ്പുലറൈസ് ചെയ്യപ്പെടണം, കാമ്പയിനായി വരണം, സമൂഹം ചർച്ച ചെയ്യണം. പുതിയ അവബോധം സൃഷ്ടിക്കുമ്പോഴാണ് മേലാളന്മാരും ഇതേക്കുറിച്ച് ചിന്തിക്കാൻ തുടങ്ങുക.
ആശയങ്ങൾ സാമൂഹിക മാറ്റത്തിലേക്ക് പരിവർത്തനം ചെയ്യുന്നത് എങ്ങനെയാണ് എന്നത് പ്രധാനമാണ്. ആശയങ്ങളില്ലാതെ പ്രയോഗത്തിലേക്കുപോകരുത്. ആശയങ്ങൾ സാമൂഹിക മാറ്റമായി രൂപപ്പെടണമെങ്കിൽ സോഷ്യൽ ആക്ഷൻ വേണം. വ്യവസ്ഥിതിയല്ല വിപ്ലവം സൃഷ്ടിക്കുന്നത്, വിപ്ലവമാണ് വ്യവസ്ഥിതിയെ സൃഷ്ടിക്കുന്നത്. വ്യവസ്ഥിതിക്ക് വിപ്ലവം സൃഷ്ടിക്കാൻ കഴിയാത്തതുകൊണ്ടാണ്, അടിമ സമ്പ്രദായത്തിലും ഫ്യൂഡൽ സിസ്റ്റത്തിലും അതിക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങളും അടിച്ചമർത്തലുകളുമുണ്ടായിട്ടും ഒരു വിപ്ലവം നടക്കാതെപോയത്.

കമ്യൂണിസം എന്ന ആശയം പ്ലാറ്റോവിന്റെ കാലത്തുണ്ടായിരുന്നു. എന്നാൽ, അത് ഒരു വിപ്ലവത്തിലോ കമ്യൂണിസ്റ്റ് വ്യവസ്ഥിതിയുടെ സ്ഥാപനത്തിലോ കലാശിച്ചില്ല. വ്യവസ്ഥിതിയിൽനിന്നാണ് ചിന്ത ഉരുത്തിരിയുന്നത്, അവിടെനിന്നാണ് മാറ്റങ്ങളുണ്ടാകുന്നത് എന്ന് പറയാൻ പറ്റില്ല. പലപ്പോഴും മാറ്റങ്ങൾ വിഭാവനം ചെയ്യുന്ന വ്യക്തികളാണ് വ്യവസ്ഥിതിയിൽ മാറ്റം കൊണ്ടുവരുന്നത്. വ്യക്തികൾ വ്യവസ്ഥിതിയെ സൃഷ്ടിക്കുന്നു, കാരണം അവരാണ് അത് വിഭാവനം ചെയ്യുന്നത്. അതുകൊണ്ടാണ്, വ്യവസ്ഥിതിയിൽ ചൂഷണമുണ്ട് എന്നതുകൊണ്ട് അവിടെ വിപ്ലവമുണ്ടാകാത്തത്. വിപ്ലവത്തിലൂടെ ചൂഷണാത്മകമായ മർദ്ദകരുടെ സമൂഹം തൂത്തെറിയപ്പെടുകയാണ് ചെയ്യുന്നത്.

സ്വത്തവകാശം എന്ന ആവശ്യം ഭരണഘടനക്കകത്തുനിന്ന് ഒരു പരിപാടിയായി മുന്നോട്ടുവക്കുമ്പോൾ ആദ്യം രാഷ്ട്രീയ പാർട്ടികൾ പിന്തിരിഞ്ഞുനിൽക്കും. ഇത് അംഗീകരിക്കാത്തവരെ ഞങ്ങൾ അംഗീകരിക്കില്ല എന്ന് ഇവർ പറയുമ്പോൾ ഈ ആവശ്യം അംഗീകരിക്കാൻ പാർട്ടികൾ നിർബന്ധിതരാകും. അങ്ങനെയാണ് രാഷ്ട്രീയ പ്രക്രിയ ഉരുത്തിരിഞ്ഞുവരുന്നത്. സംവരണ നിയോജകമണ്ഡലങ്ങൾ നിർത്തണമെന്നു പറഞ്ഞത് ഇതുകൊണ്ടാണ്, കാരണം, അവിടെനിന്ന് ജയിച്ചുവരുന്നവർ ഇത്തരമൊരു ആവശ്യം ഉന്നയിക്കില്ല, ഉന്നയിച്ചാൽ, പാർട്ടികൾ അത് അനുവദിക്കില്ല.

ഇത് ചിന്താതലത്തിൽനിന്ന് വളർന്നുവന്ന് ജനങ്ങളുടെ അവബോധമായി മാറി പിന്നെ ഒരു കാമ്പയിനായി വളർന്നുവരേണ്ട ഒന്നാണ്. അപ്പോൾ അതിനെ അംഗീകരിച്ചേ മതിയാകൂ. അതുകൊണ്ട്, ഇത് ഒരു അവകാശമായി ഉന്നയിക്കപ്പെടുകയും ഒരു പരിപാടിയായി വളർത്തിയെടുക്കുകയും വേണം.
നാം ഒരു കാര്യത്തിനിറങ്ങമ്പോൾ, നമ്മുടെ ദൗർബല്യങ്ങളെക്കുറിച്ചല്ല, ശക്തിയെക്കുറിച്ചാണ് ചിന്തിക്കേണ്ടത്. ഒരു അശക്തന് എപ്പോഴും അഭ്യർഥിക്കാനേ പറ്റൂ, ശക്തന് അവകാശപ്പെടാൻ പറ്റും. Do it, otherwise... ഈയൊരു ശക്തിയാണ് ഇവിടെ മൗലികമായി വരേണ്ടത്. പ്രശ്‌നങ്ങളെ അവകാശമായി ആർട്ടിക്കുലേറ്റ് ചെയ്യാനുള്ള കഴിവാണ് ഈ ശക്തിയെന്നു പറയുന്നത്. അധികാരം എന്നാൽ ഭരണാധികാരമല്ല, ഭരണാധികാരത്തിൽ ഇവർക്ക് പങ്കാളികളാകാൻ കഴിഞ്ഞിട്ടുണ്ട്, പ്രാതിനിധ്യം കിട്ടിയിട്ടുണ്ട്, അവിടെയല്ല ശരിയായ ശക്തി. ശരിയായ ശക്തി ബ്യൂറോക്രസിയിലും പൊളിറ്റിക്കൽ പാർട്ടിയിലും മതത്തിലും അക്കാദമിയയിലും മീഡിയയിലുമാണ്. ഇവരാണ് ശക്തി നിയന്ത്രിക്കുന്നത്. കീഴാള വിഭാഗങ്ങളുടെ ശക്തി അവർ മനസ്സിലാക്കണം. അത് സാമൂഹികമായതാണോ രാഷ്ട്രീയപരമായതാണോ വിജ്ഞാനപരമാണോ എന്നത് മനസ്സിലാക്കി ആ ശക്തിയിൽനിന്നുകൊണ്ടുവേണം അവകാശങ്ങൾ ഉന്നയിക്കാൻ. അപ്പോൾ We Demand എന്ന് അവർക്ക് ആവശ്യപ്പെടാൻ പറ്റും.▮


എം. കുഞ്ഞാമൻ

പ്രമുഖ സാമ്പത്തികശാസ്​ത്ര വിദഗ്​ധൻ. സബാൾട്ടൻ സ്​റ്റഡീസിൽ മൗലിക അന്വേഷണം നടത്തുന്ന ചിന്തകൻ. മഹാരാഷ്​ട്രയിലെ തുൽജാപുരിൽ ടാറ്റ ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ സോഷ്യൽ സയൻസസിൽ പ്രഫസറായിരുന്നു. ഇപ്പോൾ നെൽസൺ മണ്ടേല ചെയർ പ്രൊഫസർ, എം.ജി യൂണിവേഴ്​സിറ്റി. ​​​​​​​Development of Tribal Economy, State Level Planning In India, Globalization: A Subaltern Perspective, Economic Development and Social change, കേരളത്തിന്റെ വികസന പ്രതിസന്ധി, എതിര്​: ചെറോണയുടെയും അയ്യപ്പന്റെയും മകന്റെ ജീവിതസമരം എന്നിവയാണ്​ പ്രധാന കൃതികൾ.

Comments