ചാറ്റൽ മഴയോടൊപ്പം ഇരുട്ടും പെയ്യാൻ തുടങ്ങിയ അഞ്ച് മണിനേരത്താണ് ഹോസ്പിറ്റലിൽ നിന്ന് വീട്ടിലേക്ക് പോകാൻ ഞാൻ കാറിനടുത്തേക്ക് നടന്നത്. ആറ് സെന്റിഗ്രേഡ് തണുപ്പിലേക്ക് നനവും കൂടിയായപ്പോൾ നടത്തത്തിന്റെ സ്പീഡ് താനേ കൂടി. അതുകൊണ്ട് സൈഡിലൂടെ വന്നിരുന്ന ആളെ ഞാൻ കണ്ടില്ല.
"പ്രസ് സിറ്റി ഡിറക്ഷനിലേക്കാണെങ്കിൽ ഒരു ലിഫ്റ്റ് തരാമോ?"
തിരിഞ്ഞുനോക്കിയതും എനിക്ക് അയാളെ മനസ്സിലായി. ഹോസ്പിറ്റലിൽ കണ്ടിട്ടുണ്ട്. രോഗികൾക്ക് വായിക്കാൻ പുസ്തകങ്ങൾ കൊണ്ട് വന്ന് കൊടുക്കുക, ഡിസ്ചാർജ് ആവുമ്പോൾ കൂട്ടികൊണ്ട് പോകാൻ ആരുമില്ലെങ്കിൽ ഹോസ്പിറ്റൽ കാറിൽ വീട്ടിൽ കൊണ്ട് ചെന്നാക്കുക ഇതൊക്കെയാണ് സാധാരണ അയാൾ ചെയ്യാറുള്ളത്. ഇടക്ക് സ്റ്റാഫിനെ സഹായിക്കുന്നതും കാണാം. രണ്ടോ മൂന്നോ മാസങ്ങൾ കൂടുമ്പോഴാണ് അയാളെ കാണുക. നല്ല പരിചയമുണ്ടെങ്കിലും അയാളുടെ പേര് എനിക്ക് അറിയില്ല. കടന്നു പോകുമ്പോൾ ഒരു ഗുഡ് മോർണിംഗ്, അല്ലെങ്കിൽ ഒരു ഹൗ ആർ യു അത്രയേ സംസാരിക്കാറുളളൂ.
എന്റെ പേരാണെങ്കിൽ ഒരു കിലോമീറ്റർ നീളത്തിൽ ഓഫീസിന് പുറത്ത് എഴുതി വച്ചിട്ടുള്ളത് കൊണ്ട് ആരും ഒന്ന് ശ്രദ്ധിക്കും. നാട്ടിൽ പ്രസന്നൻ. പി.എ. എന്ന് കോലാഹലങ്ങളില്ലാതെ പോയിരുന്ന പേരിനെ ഓസ്‌ട്രേലിയയിലെത്തി വികസിപ്പിച്ചപ്പോൾ ഏതാണ്ട് നാല്പത്തിയഞ്ച് അക്ഷരങ്ങളായി. പേരെഴുതുന്ന ബോർഡിൽ സ്ഥലമില്ലാത്തത് കൊണ്ട് ക്ലർക്കും ഞാനും കൂടി ഒരു ഒത്ത് തീർപ്പിലെത്തി. അച്ഛന്റെ പേര് ഒഴിവാക്കി. എന്നാലും വരും അക്ഷരം ഇരുപത്തിയഞ്ച്. ഓസ്‌ട്രേലിയയിലാണെങ്കിൽ സർ നെയിം ആണ് പ്രധാനം. ശരിക്കുള്ള പേര് ഒരു 'പേരി'ന് മാത്രം. എന്തെങ്കിലും കാര്യത്തിന് ഫോൺ ചെയ്‌താൽ പേര് പറഞ്ഞു കഴിയുമ്പോഴേക്കും അപ്പുറത്ത് ഒരു ചിരി, അല്ലെങ്കിൽ ഒരു ദീർഘ നിശ്വാസം. ആദ്യമൊക്കെ ഒരു ചമ്മലുണ്ടായിരുന്നു. പിന്നെ പിന്നെ അവരുടെ കൂടെ ഞാനും ചിരിക്കാൻ തുടങ്ങി. കൂടെ ജോലിചെയ്യുന്നവർ ചുരുക്കി ഇംഗ്ലീഷിൽ നാലക്ഷരമാക്കി വിളിക്കുന്ന പേരാണ് പ്രസ്.
എന്നെ പേര് വിളിച്ച നിലക്ക് അയാളുടെ പേര് അറിയില്ല എന്ന് പറയാനൊരു വൈക്ലബ്യം. ജോൺ, ഡേവിഡ്, പീറ്റർ, ആൻഡ്രൂ, വില്യം (ബിൽ) മൈക്കേൽ, മാർക്ക് ഇതൊക്കയാണ് അയാളുടെ പ്രായത്തിലുള്ളവരുടെ സാധാരണ പേരുകൾ. തെറ്റിയാൽ നല്ല ഡെപ്ത്തിൽ ഒരു സോറി പറയാം എന്ന തീരുമാനമെടുത്തു.

"യെസ് ഡേവിഡ്, യു ക്യാൻ കം വിത്ത് മി"
ബൈ ചാൻസിന് അത് ശരിയായിരുന്നു, അയാളുടെ ചിരി നിറയെ പേര് പറഞ്ഞതിലുള്ള സന്തോഷമായിരുന്നു,
"എന്റെ പേര് അറിയുമെന്ന് ഞാൻ പ്രതീക്ഷിച്ചില്ല"
തൃശ്ശൂർക്കാർക്ക് അങ്ങനെ ചില കഴിവുകളുണ്ടെന്ന മട്ടിൽ ഞാനും ചിരിച്ചു. ഡേവിഡിന് പോകേണ്ട സ്ഥലം എന്റെ വീടിനടുത്താണ്. എന്ന് വെച്ചാൽ ഏതാണ്ട് 100 കിലോമീറ്റർ ഡേവിഡ് സഹയാത്രികനായിരിക്കും. ഹോസ്പിറ്റൽ കടന്ന് മെയിൻ റോഡിൽ എത്തും മുമ്പുള്ള ആദ്യത്തെ ട്രാഫിക് ലൈറ്റിൽ വെച്ച് ഡേവിഡാണ് സംസാരം തുടങ്ങിയത്.
"ഇന്ത്യയിൽ എവിടെ നിന്നാണ് പ്രസ്?"
"മേടത്തറ എന്ന ഉൾനാടൻ ഗ്രാമത്തിൽ നിന്ന്"
"സൗത്ത്?"
"തെക്ക് പടിഞ്ഞാറ്, 50 കിലോമീറ്റർ അത്രേ വരൂ അറേബ്യൻ കടലിൽ നിന്ന്"
"കേരളം?"
"അതിന്റെ ഒത്തനടുവിൽ"
"കേരളം എനിക്കറിയാം"
കാർ 110 km/hr സ്പീഡിലായിട്ടും അൺകൺവെൻഷണൽ ആയതൊന്നും എനിക്ക് വന്നില്ല, അതുകൊണ്ട് സാധാരണ ചോദ്യം തന്നെയാകട്ടെയെന്ന് കരുതി,
"കേരളം എങ്ങനെ അറിയാം?"
"ഗാന്ധി പീസ് പ്രൈസ് കിട്ടിയ Bill McKibben നെ കേട്ടിട്ടുണ്ടോ?"
"ഇല്ല"
"അദ്ദേഹമെഴുതിയ Enigma of Kerala ഞാൻ വായിച്ചിട്ടുണ്ട്, പിന്നെ ഓസ്‌ട്രേലിയൻ നാഷണൽ യൂണിവേഴ്സിറ്റി പബ്ലിഷ് ചെയ്ത Politics, Women and Well-Being: How Kerala Became 'a Model'- ഉം"
ഇനിയിപ്പോൾ ഞാൻ ഹോസ്പിറ്റലിൽ കണ്ട ആളല്ലേ ഈ ഡേവിഡ്? കേരളത്തെ കുറിച്ചുള്ള എന്റെ അറിവില്ലായ്‍മകൾ പുറത്തുകൊണ്ടുവരാൻ ആരെങ്കിലും പറഞ്ഞുവിട്ടതാണോ ഇയാളെ? ആലോചനകൾക്കിടയിൽ, "ഡേവിഡ് ഏഴുത്തുകാരനാണോ?" എന്ന ചോദ്യമാണ് എന്നിൽ നിന്ന് പുറത്തുവന്നത്.

"നല്ലൊരു വായനക്കാരനാണ്" ഡേവിഡ് ചിരിക്കുന്നു.
"എങ്കിൽ വായനക്കാരൻ ഇനി അമേരിക്കയെ പറ്റി പറയൂ" ഓസ്‌ട്രേലിയയും കേരളവും വേണ്ട എന്ന തീരുമാനത്തിലാണ് ഞാൻ സംസാരം അറ്റ്ലാന്റിക് മഹാസമുദ്രം കടന്ന് പൊയ്ക്കോട്ടേയെന്ന് വെച്ചത്. എന്റെ സ്ട്രാറ്റജി ഡേവിഡിന് മനസ്സിലായിട്ടുണ്ടാകും. മൂപ്പരതൊരു പ്രശ്നമായെടുത്തില്ല. സരസമായി തന്നെ തുടർന്നു,
"ഇറ്റിറ്റു വീഴുക സിദ്ധാന്തം (trickle down theory) വഴിയേ അമേരിക്കയിലേക്ക് പോകാൻ പറ്റൂ".
"അത് മതി" വിഷയം മാറിയല്ലോ എന്നതാണ് എന്റെ ആശ്വാസം.
"വലിയ കോർപ്പറേറ്റുകൾക്കും, അതിസമ്പന്നർക്കും ധാരാളം ബെനിഫിറ്റുകളും, ടാക്സ് ഇളവുകളും കൊടുത്താൽ അവരുടെ സമ്പത്ത് വർദ്ധിക്കുകയും, അതിന്റെ ഗുണം താഴെക്കിടയിലുള്ള മനുഷ്യരിലേക്ക് തുള്ളി തുള്ളിയായി വന്നു ചേരുമെന്നുമുള്ള വിശ്വാസത്തെയാണ് അമേരിക്ക എന്ന് പറയുന്നത്".
"അത്രേയുള്ളൂ അമേരിക്ക?"
"അല്ല, വിശ്വാസത്തിനനുസരിച്ചുള്ള ആഭിചാരവുമുണ്ട്".
"അതെന്താണ്?" ഡേവിഡ് ആള് കൊള്ളാമല്ലോ എന്ന ടോൺ എന്റെ ചോദ്യത്തിലുണ്ടായിരുന്നു.
"അതിനെ too big to fail (TBTF) എന്ന് പറയും. ഒരു പ്രൈവറ്റ് സ്ഥാപനം ബാങ്കോ, വ്യവസായമോ ഏതായാലും, വളർന്ന് വലുതായി കഴിഞ്ഞാൽ, അതിനെ ഒരിക്കലും തളരാൻ സമ്മതിക്കരുത്. അതിനി അവരുടെ പിടിപ്പുകേടും, ദുർനടത്തവും കൊണ്ടാണെങ്കിൽ പോലും. അങ്ങിനെ എന്തെങ്കിലും സൂചന കണ്ടാൽ ഉടനെ public money will be pumped into private chambers. അതാണ് ആഭിചാരം".
"നിങ്ങളൊരു അമേരിക്കൻ വിരുദ്ധനാണോ ഡേവിഡ്?"
"കുറച്ച് കണക്ക് കൂടെ പറയാനുണ്ട്. എന്നിട്ട് തീരുമാനിക്കാം. ശരാശരി ഒരു ദിവസം രണ്ട് മാസ്സ് ഷൂട്ടിംഗാണ് ഇക്കൊല്ലം അവിടെ നടന്നിരിക്കുന്നത്. പോലീസ് അതിക്രമത്തിൽ ഒരു വർഷം അമേരിക്കയിൽ കൊല്ലപ്പെടുന്നത് ആയിരത്തിൽ പരം പേരാണ്. കോവിഡ് തുടങ്ങിയതിന് ശേഷം മോർഫിൻ അടങ്ങിയ വേദനാസംഹാരികളുടെ (opioids) അമിത ഉപയോഗം മൂലം മരിച്ചവർ ഒരു ലക്ഷം വരും. 20 ലക്ഷം ആളുകൾ അമേരിക്കയിൽ ജയിലുകളിലാണ്, ലോകത്ത് ഏറ്റവും അധികം പ്രിസണേഴ്‌സ് ഉള്ള രാജ്യം, തൊട്ടു പിന്നിലുള്ളത് ചൈനയാണ്. തൽക്കാലം ഇത്ര വിരുദ്ധത മതി, പോരേ?".
അനന്തരം കാർ നിറയെ ഡേവിഡിന്റെ ചിരിയായിരുന്നു. പുറത്ത് നല്ല മഴയും.
"എന്നിട്ടും അമേരിക്ക സ്ട്രോങ്ങ് അല്ലേ?"
"സ്ട്രോങ്ങ് ആണ്".
"അതെന്തുകൊണ്ടാണെന്ന് പറ".
"ഞാൻ ഒരു കാര്യം ചോദിക്കട്ടെ, പ്രസന്നൻ ഇവിടത്തെ ഒരു കടയിൽ പോകുന്നു. മേടിക്കേണ്ട സാധനം; മെയ്ഡ് ഇൻ ഓസ്ട്രേലിയ ഉണ്ട് , മെയ്ഡ് ഇൻ തായ്‌ലൻഡ്/ഇൻഡോനേഷ്യ ഉണ്ട് ഏത് വാങ്ങും? I know, വില ഇത്തിരി കൂടിയാലും ഓസ്‌ട്രേലിയയിൽ ഉണ്ടാക്കിയത് വാങ്ങും. ആം ഐ റൈറ്റ്?'
"ശരിയാണ്".
"അതിനെ Made-In-Country-Index എന്ന് പറയും. 2017 ൽ അത് ഏറ്റവും കൂടുതൽ ജർമ്മനിക്കായിരുന്നു. വാഹനങ്ങളുടെ കാര്യത്തിൽ പ്രത്യേകിച്ചും ജർമ്മൻ മെയ്ഡ് ആണോ, 100 ആണ് ഇൻഡക്സ്. അമേരിക്കക്ക് പത്താം സ്ഥാനമുണ്ട്. ഒരു ജനതക്ക് സ്വന്തം രാജ്യമുണ്ടാക്കുന്ന പ്രൊഡക്ടിൽ കോൺഫിഡൻസ് ഉണ്ടോ, രാജ്യം ശക്തിപ്പെടും. സമൃദ്ധമായ പ്രകൃതി വിഭവങ്ങളും, പൊളിറ്റിക്കൽ സ്റ്റെബിലിറ്റിയും ഉണ്ടെങ്കിൽ തീർച്ചയായും. Made-In-Country-Index ൽ വരും വർഷങ്ങളിൽ വലിയ മാറ്റങ്ങൾ ഉണ്ടാകാം. അമേരിക്ക താഴേക്ക് പോകാം. ചൈന മേലോട്ടും’’.
"അല്ല ഡേവിഡ് നിങ്ങൾ ശരിക്കും ആരാണ്?"
"ഒരു ഇറ്റലിക്കാരനും ഒരു എൽ സാൽവഡോർകാരിയും അമേരിക്കയിൽ വെച്ച് കണ്ടുമുട്ടിയതിന്റെ അനന്തരഫലമാണ് ഞാൻ. ഒരു ഓസ്‌ട്രേലിയക്കാരിയെ പ്രേമിച്ച് ഇവിടെയെത്തി. ഇപ്പോൾ 72 വയസ്സുള്ള ഒരു മനുഷ്യൻ".
"ഞാൻ ചോദ്യമൊന്ന് മാറ്റിപിടിക്കാം, അമ്പത് വയസ്സുള്ളപ്പോൾ നിങ്ങൾ ആരായിരുന്നു?"
"ടീച്ചർ, പ്രൊഫസർ ഓഫ് പൊളിറ്റിക്കൽ സയൻസ്".
സ്ഥലമെത്തി ഡേവിഡ് ഇറങ്ങിപ്പോകുമ്പോൾ ലാസ്റ്റ് ചോദ്യത്തിന് മൂപ്പര് പറഞ്ഞ ഉത്തരത്തിന്റെ ബാക്കിഭാഗം ആലോചിക്കുകയായിരുന്നു ഞാൻ.
"പത്ത് കൊല്ലം മുമ്പ് റിട്ടയർ ചെയ്തു. ഇപ്പോൾ വളണ്ടറി വർക്ക് ആണ്. ആശുപത്രിയിൽ, എയ്‌ജ്ഡ് കെയർ ഹോമിൽ, ഇടക്ക് ആഫ്രിക്കയിൽ. കേരളത്തിലേക്കുള്ള യാത്ര പ്ലാൻ ചെയ്തിരിക്കുമ്പോഴാണ് കോവിഡ് വന്നത്’’.
തിരിച്ച് ഹൈവേയിലേക്ക് കയറിയപ്പോൾ ഗ്ലാസ്സിലേക്ക് വീണ് കിടന്നിരുന്ന മഴയെ വൈപ്പർ തുടച്ചു കളഞ്ഞു. മെട്രോ ലാമ്പുകൾക്ക് താഴെ കഴുകി വൃത്തിയാക്കിയിട്ടതുപോലെ റോഡ് നീണ്ടുകിടന്നു.
മഴ മാറിയിരിക്കുന്നു.
മനസ്സിൽ അപ്പോഴും ഡേവിഡിന്റെ വാക്കുകൾ പെയ്തുകൊണ്ടേയിരുന്നു. ഇനി ഹോസ്പിറ്റൽ ഇടനാഴികളിൽ വെച്ച് കണ്ടുമുട്ടുമ്പോൾ ഡേവിഡ് എനിക്ക് ഒരു പുതിയ മനുഷ്യനായിരിക്കും.
Cheers!