മൈന ഉമൈബാൻ

പൊതുവിടങ്ങളുടെ
ലിംഗഭൂപടം

ആൺകുട്ടികൾ മാത്രം പങ്കിട്ടിരുന്ന, ആൺകഥകൾ മാത്രം കേട്ടിരുന്ന പാലത്തിന്റെ കൈവരികൾ. ആൺകുട്ടികൾ മാത്രം കാരംസ് കളിച്ചിരുന്ന ശിൽപി ലൈബ്രറി. രാത്രി പ്രേതത്തിനെയും യക്ഷിയെയും കാണുന്നതുപോലും ആണുങ്ങൾ. ഈ ഇടങ്ങളിൽനിന്ന്, ഒറ്റയ്ക്ക്, ആരുടെയും അനുവാദം ആവശ്യമില്ലാതെ എവിടേക്കും യാത്ര ചെയ്യുന്ന പെൺകാലത്തിലേക്കുള്ള സഞ്ചാരത്തെക്കുറിച്ച് എഴുതുന്നു, മൈന ഉമൈബാൻ.

കൗമാരകാലത്ത് ഒരു പാലത്തിനോടും അതിന്റെ കൈവരിയോടും കടുത്ത അസൂയയായിരുന്നു എനിക്ക്. അവിടെയിരിക്കുന്ന എന്റെ സഹപാഠികളടക്കം ചെറുപ്പക്കാരാണ് ആ അസൂയ വളർത്തിയതിനുപിന്നിൽ.

വീട്ടിൽനിന്ന് കവലയിലെത്താൻ രണ്ട് വഴികളുണ്ടായിരുന്നു. അടുത്തുളള ചെറിയ പാലം കടന്ന് ദേശീയപാതയിലേക്ക് കയറി താഴോട്ട് നടക്കണമായിരുന്നു. ചീറിപ്പായുന്ന വാഹനങ്ങളെ കണ്ട് പേടിച്ച് പേടിച്ച് നടക്കണമായിരുന്നു.

മറ്റൊന്ന് നാട്ടുവഴിയാണ്.
സ്വസ്ഥവും സമാധാനവുമായി പലവിധ ആലോചനകളുമായി നടക്കാം. നാട്ടുവഴി തീരുന്നിടത്താണ് ആശുപത്രിയും സ്കൂളുമൊക്കെ. സർക്കാർ സ്ഥാപനങ്ങൾ ഇവയായിരുന്നു. നാട്ടിലെ പക്ഷേ, എന്താവശ്യത്തിനും അക്കരെ കവലയിലെത്തണം.

നടുവിലൊരു പുഴയുള്ളത് പണ്ട് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. മഴക്കാലത്ത് സ്‌കൂളിലെത്താൻ രണ്ടുകിലോമീറ്റർ മുകളിലുള്ള തടിപ്പാലം കടക്കേണ്ടിയിരുന്നു. ചിലപ്പോൾ ചങ്ങാടമുണ്ടാവും. ഇല്ലിയോ വാഴത്തടയോ കൊണ്ടുണ്ടാക്കിയ ചങ്ങാടങ്ങൾ. മലവെള്ളപ്പാച്ചിൽ കൂടുന്ന ദിവസങ്ങളിൽ ചങ്ങാടങ്ങൾ അപ്രത്യക്ഷമാവും.

ഈ അവസ്ഥയിൽ അനുഗ്രഹമായാണ് പാലം വന്നത്‌. മൂന്നുനാലു വർഷമെടുത്തു പാലം പണി കഴിയാൻ. പുഴയ്‌ക്കു കുറുകെ പാലം വന്നു. വടക്കുനിന്ന് തെക്കോട്ട് ഇരുവശത്തും കൈവരിയും. കറുപ്പും വെളുപ്പും പെയിന്റടിച്ചിരുന്നു കൈവരിക്ക്‌.

മിക്ക ദിവസവും കവലയിൽ പോകേണ്ടി വരുമായിരുന്നു. പലചരക്ക് വാങ്ങാൻ, പച്ചക്കറി വാങ്ങാൻ, സൊസൈറ്റിയിൽ പാലു കൊടുക്കാൻ, കാപ്പി, കൊക്കോ, കശുവണ്ടി, കുരുമുളക് തുടങ്ങിയ മലഞ്ചരക്കുകൾ വില്ക്കാൻ, എങ്ങോട്ടെങ്കിലും പോകാൻ ബസു കയറാൻ...

ഞാനാണെങ്കിൽ വീട്ടിലെ മൂത്ത പെൺകുട്ടിയാണ്. ആൺകുട്ടികളില്ല. അതുകൊണ്ടുതന്നെ പെണ്ണാണ്, വീട്ടിലിരുന്നോ എന്ന് കേട്ടിട്ടില്ല. കുട്ടിക്കാലം മുതൽ കവലയിലേക്ക് പോവുകയും വരികയും ചെയ്യുന്നുണ്ട്.

നാട്ടുവഴിയിലൂടെ സ്വസ്ഥവും സമാധാനവുമായി പലവിധ ആലോചനകളുമായി നടക്കാം.
നാട്ടുവഴിയിലൂടെ സ്വസ്ഥവും സമാധാനവുമായി പലവിധ ആലോചനകളുമായി നടക്കാം.

പാലം വന്നതോടെ നാട്ടിലെ ചെറുപ്പക്കാർക്ക് ആഘോഷമായി. അവർ കൈവരി കൈയ്യേറിയിരുന്നു. കൗമാരകാലത്ത് ആ വഴി പോകുമ്പോൾ കുനിഞ്ഞ് അങ്ങോട്ടുമിങ്ങോട്ടും നോക്കാതെ ഒറ്റ നടത്തമാണ്. അതിനിടയിൽ ചൂളം വിളിയും പേര് വിളിയുമൊക്കെ അവ്യക്തമായി കേൾക്കുന്നുമുണ്ട്.

പിറ്റേന്ന്, ക്ലാസിൽ ചെല്ലുമ്പോൾ സഹപാഠികളിൽ ചിലർ എന്റെ നടത്തത്തെ അനുകരിച്ച് കാണിക്കും. വിളിച്ചിട്ട് നോക്കിയില്ലല്ലോ, മിണ്ടിയില്ലല്ലോ എന്നൊക്കെ പറയും.

‘നീയുണ്ടായിരുന്നോ, ഞാൻ കണ്ടില്ല’ - മറുപടി പറയും.

അപ്പോൾ, പാലമാകുന്ന പൊതുവിടത്തെക്കുറിച്ച് അവർ വാചാലമാകും. ഏതുനേരവും പാലം അവരെ സ്വീകരിക്കും. കൈവരിയിലിരുന്ന് അവർക്ക് എന്തിനെപ്പറ്റിയും സംസാരിക്കാം; ലോകകാര്യങ്ങൾ മുതൽ ഗോസിപ്പുവരെ. ഇതൊക്കെ കേൾക്കുമ്പോൾ എനിക്ക് കലശലായ അസൂയ തോന്നും, ഒപ്പം നിരാശയും.

ആണുങ്ങളെ മാത്രം സ്വീകരിക്കുന്ന ഒരു പാലവും കൈവരിയുമോ? എത്രയായി നീ ആൺകഥകൾ മാത്രം കേൾക്കുന്നു പാലമേ...?
എനിക്കും ആ കൈവരിയിലിരിക്കണം. എനിക്കും പലതും പറയണം, പക്ഷേ, എന്ന്?

ഞങ്ങളുടെ പൊതുവിടം എന്ന് അല്പമെങ്കിലും പറയാമായിരുന്നത് ആറ്റിലെ കുളിക്കടവാണ്. പണിക്കുപോകുന്ന സകലപെണ്ണുങ്ങളും വൈകുന്നേരമാണ് കുളിക്കാനെത്തുന്നത്‌.

ഇടയ്ക്ക് കുറച്ചുനാൾ ശില്പി ലൈബ്രറിയിൽ ലൈബ്രേറിയനായിരുന്നു. വൈകീട്ട് കുറച്ചുസമയം ഇരുന്നാൽ മതിയായിരുന്നു. പക്ഷേ, ലൈബ്രറിയും ക്ലബ്ബും ഒറ്റമുറിയാണ്. അവിടെ കാരംസ് കളിക്കാനും ചെസ്സുകളിക്കാനും ആൺകുട്ടികൾ. അവിടെയുമുണ്ട് വർത്തമാനങ്ങൾ. 'വാസ്തുഹാര' വായിക്കുന്നതിനിടയിൽ ഞാൻ അവരുടെ ശബ്ദത്തിന് ചെവിയോർത്തു.

അക്കാലത്ത് എഴുത്തു തുടങ്ങിയിരുന്നു. അതിനെപ്പറ്റി അറിയുന്ന സുഹൃത്ത് ലൈബ്രേറിയൻ ജോലിയെപ്പറ്റി പറഞ്ഞു.
"എഴുതുന്ന നിനക്ക് ഒരുപാട് പുസ്തകങ്ങൾ ഇനി വായിക്കാമല്ലോ’’ എന്ന്.

''ആണുങ്ങളുടെ ഇടത്തിലിരുന്ന് എന്തിനാ പേരുദോഷം വരുത്തുന്നതെന്ന്’’ മറ്റൊരാൾ ചോദിച്ചു.

ഞങ്ങളുടെ പൊതുവിടം എന്ന് അല്പമെങ്കിലും പറയാമായിരുന്നത് ആറ്റിലെ കുളിക്കടവാണ്. പണിക്കുപോകുന്ന സകലപെണ്ണുങ്ങളും വൈകുന്നേരമാണ് കുളിക്കാനെത്തുന്നത്‌. പൊടിക്കമ്പനിയിലെ പണി കഴിഞ്ഞുവരുന്ന ചെറുപ്പക്കാരികൾ അവരുടെ മുളകും മഞ്ഞളും മണക്കുന്ന പാവാടകൾ കുത്തിപ്പിഴിഞ്ഞു തുടങ്ങുന്നതും, അടക്ക പൊളിക്കാനും ഇഞ്ചി ചുരണ്ടാനും പോയവർ പുകച്ചിലൊന്നു മാറാൻ വെള്ളത്തിൽ മുങ്ങിക്കിടക്കുന്നതും അപ്പോഴാണ്‌. അന്നേരം ആറിന് മസാലമണമാണ്‌. അവർ ഓരോരോ കഥകൾ പറയും. ഗ്രാമത്തിലെ സംഭവങ്ങളെക്കുറിച്ചായിരുന്നു കുളക്കടവിലെ വാർത്തകളത്രയും.

ആണുങ്ങളെ മാത്രം സ്വീകരിക്കുന്ന ഒരു പാലവും കൈവരിയും. എത്രയായി നീ ആൺകഥകൾ മാത്രം കേൾക്കുന്നു പാലമേ...? എനിക്കും ആ കൈവരിയിലിരിക്കണം. എനിക്കും പലതും പറയണം, പക്ഷേ, എന്ന്?
ആണുങ്ങളെ മാത്രം സ്വീകരിക്കുന്ന ഒരു പാലവും കൈവരിയും. എത്രയായി നീ ആൺകഥകൾ മാത്രം കേൾക്കുന്നു പാലമേ...? എനിക്കും ആ കൈവരിയിലിരിക്കണം. എനിക്കും പലതും പറയണം, പക്ഷേ, എന്ന്?

നാടിന്റെ നാനാദിക്കുകളിലുള്ള വാർത്തകളും ചർച്ചകളും ചൂടുപിടിക്കാൻ തുടങ്ങുമ്പോൾ അവരുടെ ശരീരം തണുക്കാൻ തുടങ്ങും. ഈ നേരത്താണ് ഞാനും വെള്ളത്തിലൂളിയിടുക. വേനലായാൽ വെളളം കുറവാണ്‌. പെണ്ണുങ്ങൾ കുളിക്കുന്ന കടവിനു മുകളിൽ കുറച്ചു വെള്ളം കൂടുതലുണ്ട്‌. നീന്തുന്നതിനിടയ്‌ക്ക് ആഴത്തിൽ കാലു തട്ടിയാൽ ചേറു പൊങ്ങും. വെളളം കലങ്ങി മറിയും. പെണ്ണുങ്ങളുടെ മേലുചൊറിയും. അക്കാലത്ത് ചേറിലെത്ര നീന്തിയാലും ചൊറിച്ചിലെന്താണെന്ന് ഞാനറിഞ്ഞതുമില്ല.

‘വെള്ളം കലക്കാതെ കേറീപ്പോ കൊച്ചേ’, പെണ്ണുങ്ങൾ ഒച്ചവെക്കും. എനിക്കാണെങ്കിൽ നീന്തലും കുളിയേക്കാളും പ്രധാനം ഈ വാർത്ത കേൾക്കലാണ്‌. പലരുടേയും പ്രണയകഥകൾ ഞാനങ്ങനെയാണ് അറിയുന്നത്‌. മസാലവച്ച പല പല കഥകൾ... അതിനപ്പുറം സ്ത്രീയുടെ പൊതുവിടം എന്തായിരുന്നു? അമ്പലപ്പറമ്പോ പള്ളിപ്പറമ്പോ ഒക്കെയാണ് സ്ത്രീ അനുഭവിച്ച പൊതു ഇടങ്ങൾ.

സ്ത്രീയുടെ പൊതുവിടം ഇന്നും ഒരു അനാവശ്യ ഇടമായിട്ടാണ് സമൂഹം കാണുന്നത്. വീട്ടിന്റെ നാലു ചുവരുകൾക്കുള്ളിലെ സുരക്ഷിതത്വമല്ലേ മഹനീയം എന്നവർ പ്രഖ്യാപിക്കുന്നു.

കോഴിക്കോട് കുറ്റിച്ചിറയിലും കല്ലായിയിലുമുള്ള ചില പെൺസുഹൃത്തുക്കൾ രാത്രി പത്തു മണിക്കുശേഷം ബീച്ചിൽപോയിരുന്ന് കാറ്റുകൊള്ളുകയും ആകാശം കാണുകയും ചെയ്യുന്നതിനെക്കുറിച്ച് പറഞ്ഞു കേട്ടിട്ടുണ്ട്. ഇത് അപൂർവ്വം സ്ത്രീകൾക്കുമാത്രം കിട്ടുന്നതാണെന്നറിയാം. കുട്ടിക്കാലത്ത് നല്ലൊരു ആകാശനോക്കിയായിരുന്നിട്ടും എനിക്കവരുടെ വാക്കുകൾ കേൾക്കുമ്പോൾ അസൂയ തോന്നി.

ഒരു കാലത്ത് വീടിന്റെ പൂമുഖം കടക്കണമെങ്കിൽപ്പോലും അനുവാദം കാത്തുനിന്നിരുന്ന സ്ത്രീസമൂഹം ഇന്ന് കളിസ്ഥലങ്ങളിലും വിനോദസഞ്ചാരകേന്ദ്രങ്ങളിലും നയരൂപീകരണ വേദികളിലും ഒരുപോലെ സാന്നിധ്യമറിയിച്ചു തുടങ്ങിയിരിക്കുന്നു

രാത്രി പ്രേതത്തെയും പിശാചിനെയും കണ്ടത് അധികവും ആണുങ്ങളായിരുന്നു. അവരെ അപായപ്പെടുത്താൻ വന്ന യക്ഷി മുന്നിലും പിന്നിലുമായി നടന്നു. അവൾ കരിമ്പനയുടെ അടുത്തെത്തി മറഞ്ഞുപോയി. അല്ലെങ്കിൽ പുഴയോരത്തെത്തിയപ്പോൾ ആഴത്തിലേക്ക് മുങ്ങിത്താണുപോയി. കല്ലുവെച്ച നുണകളോ മിത്തോ സത്യമോ?

കേൾക്കുമ്പോൾ സത്യമെന്നപോലെ നമ്മളും ഇരുട്ടത്ത് ചൂട്ടുവെട്ടത്തിൽ വയൽവക്കത്തുകൂടിയും ഇടവഴിയിലൂടെയും നടക്കുകയാണ്. മനസ്സിന്റെ സഞ്ചാരം. പണ്ടൊക്കെ മുറ്റത്തേക്കിറങ്ങിയാൽ പെണ്ണുങ്ങൾ കൈയ്യിൽ ഇരുമ്പു കരുതണം. ഭൂതപ്രേതാദികളിൽ നിന്ന്, രക്തദാഹിയായ യക്ഷികളിൽ നിന്ന് രക്ഷനേടാൻ...
ആ ചുടലയക്ഷികൾ എങ്ങോ പോയിയൊളിച്ചു. പെണ്ണിനു ഭയം ആണിനെ മാത്രമാണ്.

വിലക്കുകൾ, ഭയപ്പെടുത്തൽ അവൾക്കെന്നും. എവിടെയും ലക്ഷ്മണരേഖകൾ. സീതാദേവി പോലും ലക്ഷ്മണരേഖ മുറിച്ചുകടന്നു പോയതാണല്ലോ സർവ കുഴപ്പങ്ങൾക്കും കാരണമായത്. അതുകൊണ്ടവർക്ക് പുഷ്പകവിമാനത്തിൽ കയറി യാത്രചെയ്യാൻ പറ്റി, കടലു കാണാൻ പറ്റി, ലങ്ക കാണാൻ പറ്റി എന്നിങ്ങനെയും പറയാം.

കേൾക്കുമ്പോൾ സത്യമെന്നപോലെ നമ്മളും ഇരുട്ടത്ത് ചൂട്ടുവെട്ടത്തിൽ വയൽവക്കത്തുകൂടിയും ഇടവഴിയിലൂടെയും നടക്കുകയാണ്.  മനസ്സിന്റെ സഞ്ചാരം.
കേൾക്കുമ്പോൾ സത്യമെന്നപോലെ നമ്മളും ഇരുട്ടത്ത് ചൂട്ടുവെട്ടത്തിൽ വയൽവക്കത്തുകൂടിയും ഇടവഴിയിലൂടെയും നടക്കുകയാണ്. മനസ്സിന്റെ സഞ്ചാരം.

അമ്പലപറമ്പിൽ ഉത്സവത്തിനുപോയതും പള്ളിയിൽ പോയതുമാവണം ചില ഭക്തകൾക്കു കിട്ടിയ രാത്രിയുടെ ബഹളത്തിൽ മുങ്ങിയ ഉപഹാരം.

നിശ്ശബ്ദതയിൽ ഒരു നടത്തം.
നത്തിന്റെ മൂളൽ,
പുഴയൊഴുകുന്നതിന്റെ സംഗീതം, യക്ഷിപ്രേതാദികളുടെ പാദസരകിലുക്കങ്ങൾ, ആകാശത്തെ തേരോട്ടം
എല്ലാം നഷ്ടം നഷ്ടം...!

ഒരു കാലത്ത് വീടിന്റെ പൂമുഖം കടക്കണമെങ്കിൽപ്പോലും അനുവാദം കാത്തുനിന്നിരുന്ന സ്ത്രീസമൂഹം ഇന്ന് കളിസ്ഥലങ്ങളിലും വിനോദസഞ്ചാരകേന്ദ്രങ്ങളിലും നയരൂപീകരണ വേദികളിലും ഒരുപോലെ സാന്നിധ്യമറിയിച്ചു തുടങ്ങിയിരിക്കുന്നു. ഇത് അത്ര വലുതാണോ എന്ന് ചോദിച്ചേക്കാം. പക്ഷേ, നൂറ്റാണ്ടുകളായി നിലനിന്നിരുന്ന 'പൊതുവിടങ്ങൾ പുരുഷന്റേതാണ്' എന്ന പൊതുബോധത്തെ പൊളിക്കുകയാണത്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ സ്ത്രീകൾക്ക് നൽകിയിട്ടുള്ള സംവരണം ഭരണരംഗത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. കുടുംബശ്രീ പോലുള്ള കൂട്ടായ്മകൾ കേരളത്തിലെ സ്ത്രീകളുടെ സാമൂഹികവും സാമ്പത്തികവുമായ നിലവാരം ഉയർത്തുന്നതിൽ പ്രധാന പങ്ക് വഹിച്ചിട്ടുമുണ്ട്. വീടിന് പുറത്തിറങ്ങി പൊതുപ്രശ്നങ്ങളിൽ ഇടപെടാനും ചർച്ചകൾ നടത്താനും സ്ത്രീകൾക്ക് നല്കിയ ആത്മവിശ്വാസം ചെറുതല്ല.

കളിസ്ഥലങ്ങളെപ്പറ്റി ഓർക്കുന്നു. വീടിനടുത്ത് 'പള്ളിക്കൂടംപറമ്പ് ' എന്ന് ഞങ്ങൾ വിളിക്കുന്ന വലിയൊരു മൈതാനമുണ്ട്. ഫുട്ബോൾ, ക്രിക്കറ്റ് മത്സരങ്ങൾ നടക്കുന്ന ഇടമാണ്. മുമ്പ് അവിടം ചെരിഞ്ഞു കിടന്ന ഇടമാണ്. സ്ത്രീകളടക്കം പണിയെടുത്ത് മണ്ണു മാറ്റിയാണ് ഇന്നത്തെ മൈതാനമായത്. വർഷങ്ങളുടെ പ്രയത്നമുണ്ടായിരുന്നു അതിന്. ക്രിസ്തുമസ് അവധിക്കാലത്തെ എൻ എസ് എസ് ക്യാമ്പുകൾ വലിയ തോതിൽ സഹായിച്ചിട്ടുണ്ട്. അവർക്കൊപ്പം പരിസരത്തെ ഞങ്ങളും സഹായിച്ചിട്ടുണ്ട്.

ഫുട്ബോൾ മൈതാനങ്ങളിലും വോളിബോൾ കോർട്ടുകളിലും ജേഴ്സിയണിഞ്ഞ് ഇറങ്ങുന്ന പെൺകുട്ടികൾ തകർക്കുന്നത് ശാരീരിക ബലത്തെക്കുറിച്ചുള്ള മിഥ്യാധാരണകൾ കൂടിയാണ്.

മൈതാനത്തിന് കുറച്ചപ്പുറത്തു നിന്ന് മല തുടങ്ങുന്നു. മലയുടെ പകുതിയോളം മുകളിൽ കയറിയാൽ മൈതാനം നന്നായി കാണാം. അവിടെ ഇരുന്നാണ് ഞങ്ങൾ പെൺകുട്ടികൾ പക്ഷേ, മൈതാനം കണ്ടത്. അടുത്തകാലത്താണ് മത്സരങ്ങൾ കാണാനുള്ള കാണികളായിട്ടെങ്കിലും സ്ത്രീകൾ അങ്ങോട്ടേക്ക് പോയി തുടങ്ങിയത്. ഇന്ന് ജേഴ്സിയണിഞ്ഞ പെൺകുട്ടികൾ അവിടെ കളിച്ചു തുടങ്ങിയത്.

കളിസ്ഥലങ്ങൾ ഇന്ന് ആൺകുട്ടികൾക്ക് മാത്രം അവകാശപ്പെട്ട ഇടങ്ങളല്ല. ഫുട്ബോൾ മൈതാനങ്ങളിലും വോളിബോൾ കോർട്ടുകളിലും ജേഴ്സിയണിഞ്ഞ് ഇറങ്ങുന്ന പെൺകുട്ടികൾ തകർക്കുന്നത് ശാരീരിക ബലത്തെക്കുറിച്ചുള്ള മിഥ്യാധാരണകൾ കൂടിയാണ്.

യാത്രകൾ എന്നും മനുഷ്യന്റെ ജിജ്ഞാസയെ തൃപ്തിപ്പെടുത്തുന്ന ഒന്നായിരുന്നു. എന്നാൽ ചരിത്രത്തിൽ മിക്കവാറും യാത്രകൾ പുരുഷന്മാരുടേത് മാത്രമായിരുന്നു. പഴയകാലത്ത് ഒരു സ്ത്രീയുടെ യാത്ര എന്നത് കുടുംബത്തോടൊപ്പമോ ഭർത്താവിനോടൊപ്പമോ ഉള്ള തീർത്ഥാടനങ്ങളിലോ സന്ദർശനങ്ങളിലോ ഒതുങ്ങിയിരുന്നു. എന്നാൽ ഇന്ന് അവൾക്ക് തനിച്ചോ സുഹൃത്തുക്കളോടൊപ്പമോ യാത്ര ചെയ്യാൻ സാധിക്കുന്നു. വിദ്യാഭ്യാസവും തൊഴിലും നൽകിയ സാമ്പത്തിക സ്വാതന്ത്ര്യമാണ് ഇതിന് ഏറ്റവും വലിയ കരുത്ത് നൽകിയത്. ഇന്ന് സ്വന്തമായി അധ്വാനിച്ചുണ്ടാക്കുന്ന പണം കൊണ്ട് ഇഷ്ടമുള്ള ഇടങ്ങളിലേക്ക് ടിക്കറ്റ് എടുക്കാൻ അവൾക്ക് ആരുടെയും അനുവാദം കാത്തുനിൽക്കേണ്ടതില്ല.

സ്ത്രീയുടെ പൊതുവിടം ഇന്നും ഒരു അനാവശ്യ ഇടമായിട്ടാണ് സമൂഹം കാണുന്നത്. വീട്ടിന്റെ നാലു ചുവരുകൾക്കുള്ളിലെ സുരക്ഷിതത്വമല്ലേ മഹനീയം എന്നവർ പ്രഖ്യാപിക്കുന്നു.
സ്ത്രീയുടെ പൊതുവിടം ഇന്നും ഒരു അനാവശ്യ ഇടമായിട്ടാണ് സമൂഹം കാണുന്നത്. വീട്ടിന്റെ നാലു ചുവരുകൾക്കുള്ളിലെ സുരക്ഷിതത്വമല്ലേ മഹനീയം എന്നവർ പ്രഖ്യാപിക്കുന്നു.

കേരളത്തിൽ അടുത്ത കാലത്തായി 'വനിതാ ട്രാവൽ ഗ്രൂപ്പുകൾ' സജീവമായിട്ടുണ്ട്. പ്രായഭേദമന്യേ ദൂരദേശങ്ങളിലേക്ക് യാത്ര പോകുന്നു. വീട്ടിലെ ഉത്തരവാദിത്തങ്ങളിൽ നിന്ന് കുറച്ച് ദിവസത്തേക്ക് അവധിയെടുത്ത്, സ്വന്തം സന്തോഷത്തിന് വേണ്ടി സമയം മാറ്റിവെക്കുന്നത് അവരുടെ മാനസികാരോഗ്യത്തെയും പോസിറ്റീവായി ബാധിക്കുന്നുണ്ട്. കാടും മലയും കടലും കയറുന്ന സ്ത്രീകളുടെ ചിത്രങ്ങൾ ഇന്ന് സോഷ്യൽ മീഡിയയിൽ നിറയുന്നത് മറ്റനേകം സ്ത്രീകൾക്ക് പ്രചോദനവുമാകുന്നുമുണ്ട്.

സ്ത്രീകൾ പൊതുവിടങ്ങളിലേക്ക് വരുന്നത് കേവലം വ്യക്തിപരമായ നേട്ടമല്ല, മറിച്ച് ഒരു സമൂഹത്തിന്റെയാകെ പുരോഗതിയുടെ സൂചനയാണ്. സ്ത്രീയാത്രകൾ വർദ്ധിക്കുമ്പോഴും നമ്മുടെ പൊതുവിടങ്ങൾ എത്രത്തോളം സുരക്ഷിതമാണ് എന്ന ചോദ്യം നിലനിൽക്കുന്നു. വൃത്തിയുള്ള ശുചിമുറികളുടെ അഭാവം, രാത്രികാലങ്ങളിലെ സുരക്ഷാ ആശങ്കകൾ, ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീയോടുള്ള സമൂഹത്തിന്റെ ചിലപ്പോഴൊക്കെയുള്ള വിചിത്രമായ നോട്ടങ്ങൾ എന്നിവ ഇന്നും വെല്ലുവിളികളാണ്. എങ്കിലും ഇത്തരം തടസ്സങ്ങളെല്ലാം മറികടന്ന് മുന്നോട്ട് പോകാനുള്ള ധൈര്യം ഇന്നത്തെ സ്ത്രീകൾ പ്രകടിപ്പിക്കുന്നു എന്നത് നിസ്സാരമല്ല.

എന്നാലും, ആ പഴയപാലം ഇപ്പോഴുമുണ്ട്. അവിടെ പഴയ പോലെ ഇരിക്കുന്നവരുമുണ്ട്. അതിലെ ഞാനിപ്പോൾ കടന്നു പോകുന്നുവെന്നിരിക്കട്ടെ. ഒരുകാലത്ത് തലകുനിച്ച് എവിടെയും നോക്കാതെ നടന്നവൾ തലയുയർത്തിപ്പിടിച്ച് ചുറ്റിനും നോക്കി നടക്കാറായി. പക്ഷേ, ആ കൈവരി ഇന്നും എനിക്കന്യമാണ്!


Summary: Maina Umaiban writes about the journey from male-dominated spaces to a womanhood that travels freely, alone, and without seeking anyone’s permission.


മൈന ഉമൈബാൻ

കഥാകൃത്ത്, നോവലിസ്റ്റ്, എഴുത്തുകാരി. മമ്പാട് എം. ഇ.എസ് കോളേജിൽ മലയാള വിഭാഗം മേധാവി. ചന്ദനഗ്രാമം, വിഷചികിത്സ, ആത്മദംശനം, പെൺനോട്ടങ്ങൾ, ഒരുത്തി, ഹൈറേഞ്ച് തീവണ്ടി എന്നിവ പ്രധാന പുസ്തകങ്ങൾ

Comments