Photo: pexels.com

സർവൈലൻസ്​ ടൂൾ ഉപയോഗിക്കുന്ന ഭരണകൂടം
​എത്ര ജനാധിപത്യപരമാണ്​?

അധികാരം ദുരുപയോഗം ചെയ്യാൻ സാധ്യതയില്ലാത്ത ഒരു രാഷ്ട്രീയ വ്യവസ്ഥ സാധ്യമാണോ? അത്തരം ഒരു രാഷ്ട്രീയ വ്യവസ്ഥിതിയിലെ സാമ്പത്തിക വ്യവസ്ഥ എന്തായിരിക്കും? ഈ ചോദ്യങ്ങൾ കൂടി ഉയർത്തിയാലേ പെഗാസസ് പോലുള്ള സർവൈലൻസ് ടൂളുകൾ ഉപയോഗിക്കുന്ന ഒരു അധികാര വ്യവസ്ഥയെ ചോദ്യം ചെയ്യൽ പൂർണമാവൂ.

പെഗാസസ് സ്‌പൈ വെയർ ഉപയോഗിച്ച് പത്ത് രാജ്യങ്ങളിലെ സർക്കാരുകൾ രാഷ്ട്രീയ പ്രതിയോഗികളുടെയും ആക്ടിവിസ്റ്റുകളുടെയും പത്രപ്രവർത്തകരുടെയും ഫോണുകളിൽ നിന്ന് വിവരശേഖരണം നടത്തി എന്ന ആരോപണം ഞെട്ടിക്കുന്ന ഒന്നായിരുന്നു.
ഒരുപക്ഷേ അമേരിക്കയിലെ നാഷണൽ സെക്യൂരിറ്റി ഏജൻസി നടത്തിയിരുന്ന സർവൈലൻസിനെ പറ്റി എഡ്വേഡ് സ്‌നോഡൻ പുറത്തുവിട്ട വിവരങ്ങൾക്കുശേഷം സമാന വിഷയത്തിലുണ്ടാകുന്ന വലിയൊരു വെളിപ്പെടുത്തലായിരുന്നു ഇത്. പൗരന്മാരെ അവരറിയാതെ നിരീക്ഷിക്കാൻ ജനാധിപത്യരീതിയിൽ തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകൾ പോലും തയ്യാറാവുന്നു എന്നത് ഞെട്ടൽ ഉണ്ടാക്കുന്നു; എങ്കിലും ഇത്തരമൊരു വിഷയത്തിന്റെ ഗൗരവം ഉൾക്കൊണ്ട് പ്രതികരിക്കാൻ പോലും പലപ്പോഴും നമുക്ക് കഴിയുന്നില്ല എന്നതാണ്​ സത്യം.

സർവൈലൻസ് എന്നത് ആവശ്യക്കാരുള്ള ഒരു ഉൽപ്പന്നം ആവുമ്പോൾ അത് നിർമിക്കാനും ആ മേഖലയിൽ ലാഭം കൊയ്യാനും സ്വകാര്യമേഖല മുന്നോട്ടുവരും.

സാങ്കേതിക വിദ്യയുടെ വളർച്ചയുടെ വേഗത്തിനനുസരിച്ച് ഭരണസംവിധാനങ്ങൾക്ക് അവയെ നിയന്ത്രിക്കാൻ കഴിയുന്നില്ല എന്നത് ഗൗരവത്തോടെ കാണേണ്ടതുണ്ട്. എന്നാൽ ജനാധിപത്യ ഭരണകൂടങ്ങൾ ഇവയെ അവരുടെ അധികാരം ശക്തിപ്പെടുത്താനുള്ള ഉപകരണങ്ങളായി ഉപയോഗിക്കുമ്പോൾ അവർക്ക് ഈ നിയന്ത്രണങ്ങളിൽ എത്ര താല്പര്യം ഉണ്ടാകും എന്നത് വേറൊരു വിഷയമാണ്​.
സർവൈലൻസ് എന്നത് ആവശ്യക്കാരുള്ള ഒരു ഉൽപ്പന്നം ആവുമ്പോൾ അത് നിർമിക്കാനും ആ മേഖലയിൽ ലാഭം കൊയ്യാനും സ്വകാര്യമേഖല മുന്നോട്ടുവരും. അവർക്കുവേണ്ടത് ലാഭവും സർക്കാരുകൾക്കുവേണ്ടത് പൗരന്മാരുടെ മേലുള്ള നിയന്ത്രണവും ആകുമ്പോൾ ഇതിനായി ഒരു കമ്പോളം തന്നെ സൃഷ്ടിക്കപ്പെടുകയാണ്​. ഇന്ന് സാമാന്യ ജനത്തിനു മേൽ എറ്റവും കൂടുതൽ നിയന്ത്രണം ഉള്ള രണ്ട് ശക്തികൾ കൈ കോർക്കുന്ന ഒരു മേഖലയാണ്​ ഇത്തരം നിരീക്ഷണം അഥവാ സർവൈലൻസ്.

എഡ്വേഡ് സ്‌നോഡൻ
എഡ്വേഡ് സ്‌നോഡൻ

വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ ശേഖരിക്കാനും അവയിൽ നിന്ന് അനുമാനങ്ങൾ നടത്താനും അതുവഴി ആ വ്യക്തിയെ കൂടുതൽ മനസ്സിലാക്കാനും സാധിക്കുന്ന ഒരു ഇൻഫ്രാസ്ട്രക്ച്ചർ ഉണ്ടാക്കിയെടുക്കുക എന്നതാണ്​ ഇതിലെ ഒരു വശം. ഇത്തരം ചട്ടക്കൂടുകൾ ഏതാണ്ട് മുഴുവനായും സാങ്കേതികവിദ്യയാണ്​നിയന്ത്രിക്കുന്നത്. ഈ സാങ്കേതികവിദ്യ കൈവശമുള്ള സർക്കാർ സംവിധാനങ്ങളോ സ്വകാര്യ കമ്പനികളോ ഇതിന്​ വഴിയൊരുക്കുന്നു. ഈ സംവിധാനങ്ങളുടെ നൈതികത എന്തെന്നും ഈ സംവിധാനങ്ങൾ പിന്തുടരാൻ ശമിക്കുന്ന നൈതികതയുടെ ചട്ടക്കൂടിനെ നിയന്ത്രിക്കുന്നത് എന്ത് എന്നതും പ്രസക്തമായ ചില ചോദ്യങ്ങളാണ്​. ഏകാധിപത്യഭരണ സംവിധാനങ്ങൾ രാഷ്ട്രീയ എതിർപ്പുകളെ ഇല്ലായ്മ ചെയ്യാനും പ്രതിയോഗികളെ നിശബ്ദരാക്കാനും ഉപയോഗിക്കുന്ന സംവിധാനങ്ങൾ എന്തുകൊണ്ട് ലിബറൽ ജനാധിപത്യ സംവിധാനങ്ങൾ ഉപയോഗിക്കുന്നു എന്നത് സർവൈലൻസ് സംബന്ധിച്ച അന്വേഷണങ്ങളിൽ പ്രസക്തമായി ഉയരുന്ന മറ്റൊരു ചോദ്യമാണ്​. മേൽപ്പറഞ്ഞ ചോദ്യങ്ങളിലൂടെ ഭരണകൂടങ്ങൾ ഏർപ്പെട്ടുകൊണ്ടിരിക്കുന്ന സർവൈലൻസ് എന്ന പ്രതിഭാസത്തെ കൂടുതൽ മനസ്സിലാക്കാൻ ശ്രമിക്കുകയാണ്​ ഈ ലേഖനം.

വിവരശേഖരണം, സംഭരണം , വിതരണം

നിരീക്ഷിക്കപ്പെടാൻ അവശ്യം വേണ്ട ഒന്ന് വ്യക്തികൾ സ്വകാര്യമായി സൂക്ഷിക്കുന്ന വിവരങ്ങളാണ്​. ആരോട് സംസാരിക്കുന്നു, എന്തുതരം സാമൂഹ്യ ഇടപെടലുകൾ നടത്തുന്നു, എന്തുതരം പുസ്തകങ്ങൾ വായിക്കുന്നു, എന്തുതരം സൗഹൃദങ്ങൾ സൃഷ്ടിക്കുന്നു, എന്ത് വാങ്ങുന്നു എന്നിങ്ങനെ സ്വകാര്യമായി സൂക്ഷിക്കുന്ന വിവരങ്ങൾ. ഇവ രഹസ്യങ്ങൾ അല്ല, എങ്കിലും വളരെ ചെറിയ ഒരു സുഹൃദ് വലയത്തിൽ മാത്രം ഭൂരിഭാഗം ആളുകളൂം പങ്കുവെക്കുന്ന കാര്യങ്ങളാണ്​. ഈ വിവരങ്ങൾ ഇവ ഉപയോഗിച്ച് നിർമിക്കുന്ന പ്രൊഡക്ടുകൾക്ക് അവശ്യം വേണ്ട അസംസ്‌കൃത വസ്തുവാണ്​. പുതിയ കാലത്തിന്റെ എണ്ണ (ഫോസിൽ ഇന്ധനങ്ങൾക്ക് സമാനമായി) യാണ്​ ഡാറ്റ എന്നൊരു പ്രയോഗം ആവർത്തിച്ച് നമ്മുടെ മുൻപിൽ എത്തുന്നുണ്ട്. എത്ര കണ്ട് ഡാറ്റ ശേഖരിക്കുവാൻ കഴിയുന്നുവോ അത്രയും ബുദ്ധിയുള്ള സംവിധാനങ്ങൾ ഉണ്ടാക്കാൻ കഴിയും എന്നതാണ്​ സാങ്കേതിക വിദഗ്ദരുടെ അഭിപ്രായം.

പരമ്പരാഗത രീതിയിലുള്ള നിരീക്ഷണത്തിൽ നിന്ന് വ്യത്യസ്തമായി ഡിജിറ്റൽ സാങ്കേതികവിദ്യ നിരീക്ഷിക്കുന്ന വ്യക്തിയെ തന്നെ സ്വന്തം നിരീക്ഷണത്തിൽ പങ്കാളിയാക്കുന്നതിൽ വിജയിക്കുന്നു

നിർമിത ബുദ്ധി ആവശ്യപ്പെടുന്നത് സ്വാഭാവിക ബുദ്ധിയെ കൃത്രിമമായി സൃഷ്ടിക്കാൻ വേണ്ടത്രയും ഡാറ്റ ശേഖരിക്കുകയും വിശകലനം ചെയ്യുകയും ചെയ്യുക എന്നതാണ്​. സാങ്കേതികവിദ്യയിൽ ഇത്തരം കുതിപ്പുകൾ നേടാൻ വലിയ സംവിധാനങ്ങൾ നാം കണ്ടെത്തിയിട്ടുണ്ട്. വലിയ രീതിയിൽ ഡിജിറ്റൽ ആക്കപ്പെട്ടു കഴിഞ്ഞ നമ്മുടെ സാമൂഹ്യ ഇടപെടലുകളെ ഇത്തരം സാങ്കേതിക സംവിധാനങ്ങൾക്ക് രേഖപ്പെടുത്താനും നിരീക്ഷിക്കാനും എളുപ്പം സാധിക്കുന്നു. ഡിജിറ്റൽ സാധ്യതകൾ സർവൈലൻസിനെ വലിയ രീതിയിൽ ശക്തിപ്പെടുത്തുന്നു എന്നുകാണാം. പരമ്പരാഗത രീതിയിലുള്ള നിരീക്ഷണത്തിൽ നിന്ന് വ്യത്യസ്തമായി ഡിജിറ്റൽ സാങ്കേതികവിദ്യ നിരീക്ഷിക്കുന്ന വ്യക്തിയെ തന്നെ സ്വന്തം നിരീക്ഷണത്തിൽ പങ്കാളിയാക്കുന്നതിൽ വിജയിക്കുന്നു എന്നുകാണാം. സ്വമേധയാ പൊതുമണ്ഡലത്തിൽ സ്വകാര്യ വിവരങ്ങൾ പങ്കുവെക്കാൻ ഒരു വ്യക്തിയെ ഒരുക്കിയെടുക്കുന്ന സോഷ്യൽ മീഡിയ സംവിധാനങ്ങൾ ഇന്ന് പ്രചാരത്തിലുണ്ട്. ഇത്തരം മാധ്യമങ്ങളിൽ അവ ആവശ്യപ്പെടാതെ തന്നെ നമ്മൾ വിവരങ്ങൾ പങ്കുവെക്കുന്നു. ഇവയുടെ ഉടമസ്ഥരായ കോർപ്പറേഷനുകൾക്ക് ആകെ ചെയ്യേണ്ടത് വ്യക്തികൾ പങ്കുവെക്കുന്ന വിവരങ്ങൾ രേഖപ്പെടുത്തി സൂക്ഷിക്കാനുള്ള സംവിധാനമൊരുക്കുക , കൂടുതൽ വിവരങ്ങൾ പങ്ക് വെക്കാനുള്ള പ്രേരണ നൽകുക എന്നിവ മാത്രം.

 പരമ്പരാഗത രീതിയിലുള്ള നിരീക്ഷണത്തിൽ നിന്ന് വ്യത്യസ്തമായി ഡിജിറ്റൽ സാങ്കേതികവിദ്യ, നിരീക്ഷിക്കുന്ന വ്യക്തിയെ തന്നെ സ്വന്തം നിരീക്ഷണത്തിൽ പങ്കാളിയാക്കുന്നതിൽ വിജയിക്കുന്നു എന്നുകാണാം.
പരമ്പരാഗത രീതിയിലുള്ള നിരീക്ഷണത്തിൽ നിന്ന് വ്യത്യസ്തമായി ഡിജിറ്റൽ സാങ്കേതികവിദ്യ, നിരീക്ഷിക്കുന്ന വ്യക്തിയെ തന്നെ സ്വന്തം നിരീക്ഷണത്തിൽ പങ്കാളിയാക്കുന്നതിൽ വിജയിക്കുന്നു എന്നുകാണാം.

കൂടുതൽ വിവരങ്ങൾ വ്യക്തികൾ പങ്കുവെക്കുന്നതിനനുസരിച്ച് അതിൽ നിന്ന് പണമുണ്ടാക്കാനും ആ പണം കൂടുതൽ വിവരങ്ങൾ സൂക്ഷിച്ച് വെക്കാനുള്ള സൗകര്യം ഒരുക്കാൻ ഉപയോഗിക്കാനും സാധിക്കുന്നു. ഇത്തരത്തിൽ വിവര ശേഖരണം, വിവര സംഭരണം, വിതരണം ഈ പ്രക്രിയകൾ നിരന്തരം തുടർന്നുപോകാനുള്ള ഒരു സാധ്യത കമ്പോളം നിലനിർത്തുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതോടെ അതിനുമുകളിൽ നിർമിക്കാവുന്ന സോഫ്റ്റ് വെയർ സർവീസ് സാധ്യതകൾ വർദ്ധിക്കുന്നു, അതിനനുസരിച്ച് ആവശ്യക്കാരും കൂടുന്നു.

ഇങ്ങനെ ശേഖരിക്കുന്ന വിവരങ്ങളിൽ വലിയൊരു പങ്ക് ഭരണകൂടത്തിന്റെ സർവൈലൻസ് ആവശ്യത്തിന്​ ഉപയോഗമില്ല. എന്നാൽ സ്വകാര്യ വിവരങ്ങളെ പൊതുമണ്ഡലത്തിൽ പങ്കുവെക്കുക എന്ന ഒരു സ്വഭാവമാറ്റം വ്യക്തികളിൽ കൊണ്ടുവരാൻ ഈ സംവിധാനത്തിനു സാധിക്കുന്നു. പബ്ലിക്- പ്രൈവറ്റ് തമ്മിലുള്ള ദൂരം കുറച്ചുകൊണ്ടുവരുന്നതിൽ ഡിജിറ്റൽ ഇടങ്ങൾ വലിയ പങ്ക് വഹിക്കുന്നു എന്നു സാരം. ഇത് സർവൈലൻസിന്റെ സാധ്യതകളെ തുറന്നിടുകയാണ്​. സാങ്കേതികവിദ്യയുടെ പങ്ക് പ്രധാനമാകുന്നത് എന്തുകൊണ്ടെന്നാൽ അത് നിരീക്ഷിക്കപ്പെടുന്ന ആൾ അറിയാതെ; എന്നാൽ ഒട്ടൊക്കെ അയാളുടെ സമ്മതത്തോടെ അയാളിൽ നിന്ന് പരമാവധി വിവരങ്ങൾ ചോർത്തിയെടുക്കുന്നു എന്നതാണ്​. ഇത്തരം സാങ്കേതികവിദ്യകളിൽ നാം നേടുന്ന പുരോഗതി ആവട്ടെ അവയുമായി നിരന്തരം ബന്ധപ്പെടുന്ന മറ്റ് സംവിധാനങ്ങൾക്ക് സ്വയം പരിഷ്‌കരിക്കാൻ അവസരം നൽകുന്നുമില്ല.

നിയന്ത്രണം ( Regulation )

വേഗത്തിലുണ്ടാകുന്ന മാറ്റങ്ങളാണ്​ പുതുസാങ്കേതികവിദ്യയെ നിയന്ത്രിച്ച് നിർത്തുന്നതിന്​ ഭരണസംവിധാനത്തിന്​ കഴിയാതെ പോകുന്നതിനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. സാങ്കേതികവിദ്യ ദ്രുതഗതിയിൽ തന്നെ ലോകത്തെ മാറ്റിമറിക്കുന്നു എന്നത് യാഥാർത്ഥ്യമാണ്​. ഇത് സാമൂഹ്യവ്യവഹാരങ്ങളിൽ വരുത്തുന്ന മാറ്റങ്ങൾ വ്യക്തിക്കും സമൂഹത്തിനും ഉചിതമോ എന്ന ചർച്ച തുടങ്ങും മുൻപ് അത് വലിയ തോതിലുള്ള മാറ്റങ്ങൾ ഉണ്ടാക്കുന്നു എന്നുകാണാം. അതിനാൽ തന്നെ ഭരണ സംവിധാനങ്ങൾ വഴിയുള്ള നിയന്ത്രണം എന്നത് സമയോചിതമായി ചെയ്യാൻ സാധിക്കുന്നുമില്ല. റെഗുലേഷൻ അഥവാ നിയന്ത്രണങ്ങളിലുള്ള ഈ വേഗതക്കുറവ് ബോധപൂർവമാണോ എന്ന ചോദ്യവും പ്രസക്തമാണ്​.

ഒരാളുടെ അറിവോ സമ്മതമോ ഇല്ലാതെ ശേഖരിക്കപ്പെടുന്ന ഡാറ്റ ഉപയോഗിച്ച് അയാളുടെ ഉപഭോഗ മാതൃകയെ ഏതാണ്ട് പൂർണമായി തന്നെ നിയന്ത്രിക്കാൻ കമ്പോളത്തിന്​ സാധിക്കുന്നു

നിയന്ത്രണങ്ങൾ ഇല്ലാത്ത ഇന്നൊവേഷൻ എന്നത് കമ്പോള മുതലാളിത്തത്തിന്റെ മുദ്രവാക്യമാണ്​. ഇന്നൊവേഷനുമേൽ ചെലുത്തുന്ന ഏത് നിയന്ത്രണവും പുരോഗതിയെ തടസ്സപ്പെടുത്തുന്നു എന്നതാണ്​ പ്രധാന വാദം. എന്നാൽ പുരോഗതി എന്നത് നൂതന സാങ്കേതിക സംവിധാനങ്ങൾ ഉൽപ്പാദിപ്പിക്കാനും ഉപയോഗിക്കാനും കഴിവ് ആർജിക്കുക എന്നതുമാത്രമാണോ? സ്വതന്ത്രമായ സാങ്കേതിക പുരോഗതിയും ഇന്നൊവേഷനും അധികാരം എന്നത് ആരിൽ നിന്ന് ആരിലേക്ക് കൈമാറ്റം ചെയ്യുന്നു എന്നത് ചിന്തിക്കേണ്ടതില്ലേ? ഉണ്ട് എന്നാണ്​സമീപകാല സംഭവങ്ങൾ, വിശേഷിച്ച് സർവൈലൻസ് സംബന്ധിയായി മുൻപ് സൂചിപ്പിച്ച ഉദാഹരണങ്ങൾ നമ്മോട് പറയുന്നത്.

ഒരാളുടെ അറിവോ സമ്മതമോ ഇല്ലാതെ ശേഖരിക്കപ്പെടുന്ന ഡാറ്റ ഉപയോഗിച്ച് അയാളുടെ ഉപഭോഗ മാതൃകയെ ഏതാണ്ട് പൂർണമായി തന്നെ നിയന്ത്രിക്കാൻ കമ്പോളത്തിന്​ സാധിക്കുന്നു. ഭരണകൂടത്തിനാവട്ടെ എതിരഭിപ്രായങ്ങൾ മുളയിലേ നുള്ളാനും പ്രതികരിക്കുന്നവരെ പ്രതിരോധിക്കാനും ഇതുകൊണ്ട് സാധിക്കുന്നു. ഇവിടെ വ്യക്തിയുടെയും സമൂഹത്തിന്റെയും നിയന്ത്രണം ചുരുക്കം ചില അധികാര കേന്ദ്രങ്ങളിലേക്ക് ഒതുക്കപ്പെടുകയാണ്​. ഇത്തരം ഒരു സാമൂഹ്യ സംവിധാനത്തിൽ ലിബറൽ ജനാധിപത്യം എന്ന രാഷ്ട്രീയ വ്യവസ്ഥക്ക് നിലനിൽക്കാൻ സാധിക്കുമോ? അർധസത്യങ്ങളും പ്രൊപ്പഗാണ്ടയും ഉപയോഗിച്ച് ഒരു ജനതയുടെ തന്നെ അഭിപ്രായത്തെ സ്വാധീനിക്കാൻ സാധിക്കുന്ന ഒരു സംവിധാനം ജനാധിപത്യത്തിൽ അറിഞ്ഞുകൊണ്ടുള്ള തിരഞ്ഞെടുപ്പ് അസാധ്യമാക്കുന്നു. പൂർണമായും അറിയാതെയുള്ള തിരഞ്ഞെടുപ്പ് അല്ല ഇത് എങ്കിലും അറിവിന്റെ അസമത്വം നിലവിലുണ്ട് എന്നതാണ്​ ഈ തിരഞ്ഞെടുപ്പിനെ ചോദ്യത്തിൽ നിർത്തുന്നത്.

ഒരാളുടെ അറിവോ സമ്മതമോ ഇല്ലാതെ ശേഖരിക്കപ്പെടുന്ന ഡാറ്റ ഉപയോഗിച്ച് അയാളുടെ ഉപഭോഗ മാതൃകയെ ഏതാണ്ട് പൂർണമായി തന്നെ നിയന്ത്രിക്കാൻ കമ്പോളത്തിന്​ സാധിക്കുന്നു. / Photo: pxfuel.com
ഒരാളുടെ അറിവോ സമ്മതമോ ഇല്ലാതെ ശേഖരിക്കപ്പെടുന്ന ഡാറ്റ ഉപയോഗിച്ച് അയാളുടെ ഉപഭോഗ മാതൃകയെ ഏതാണ്ട് പൂർണമായി തന്നെ നിയന്ത്രിക്കാൻ കമ്പോളത്തിന്​ സാധിക്കുന്നു. / Photo: pxfuel.com

ജനങ്ങളിലേക്ക് അധികാരം എത്തുക എന്ന ജനാധിപത്യത്തിന്റെ അടിസ്ഥാന ലക്ഷ്യം ഇത്തരമൊരു തിരഞ്ഞെടുപ്പിൽ കൈവരിക്കുന്നുണ്ടോ എന്നത് സംശയമാണ്​. ശരിയായ ഭരണകൂടത്തെ തിരഞ്ഞെടുക്കാൻ കഴിയാത്ത ജനത അവരിൽ ഭരണകൂടങ്ങൾ അടിച്ചേൽപ്പിക്കുന്ന ദുരിതങ്ങൾക്ക് ഉത്തരവാദിയാണ്​എന്നൊരു അഭിപ്രായം നമ്മൾ ഇടക്കിടെ കേൾക്കുന്നതാണ്​. എന്നാൽ ഈ അഭിപ്രായത്തിലെ പ്രധാനമായ പിഴവ് അഭിപ്രായ നിർമിതിക്കുള്ള കഴിവിനെ, ആധുനികമായ സാങ്കേതിക- സാമൂഹ്യ സംവിധാനങ്ങളുടെ കഴിവിനെ അത് കുറച്ചുകാണുന്നു എന്നതാണ്​. ജനങ്ങൾ ഭരണകൂടത്തെ അറിയുന്നതിനേക്കാൾ കൂടുതൽ ഭരണകൂടം ജനങ്ങളെ അറീയുന്നു. ഈ അറിവിന്റെ അസമത്വം മുതലെടുത്ത് അധികാരം അതിനുവേണ്ട അറിവിനെ നിർമിച്ച് ജനങ്ങളിൽ വിതരണം ചെയ്യുന്നു. ഈ അറിവിലൂടെ അധികാരം കൂടുതൽ അധികാരം നേടുകയും അത് ജനങ്ങളുടെ അധികാരം എന്ന സങ്കൽപ്പത്തെ ദുർബലപ്പെടുത്തുകയും ചെയ്യുന്നു. ഇത്തരമൊരു സംവിധാനത്തെ നിയന്ത്രിക്കുക എന്നത് അധികാര ഘടനകൾക്ക് വലിയ താൽപര്യം തോന്നേണ്ട ഒന്നല്ല.

ഭരണകൂടം എന്ന അധികാര കേന്ദ്രവും കമ്പോളം എന്ന അധികാര കേന്ദ്രവും കൈകോർക്കുമ്പോൾ കമ്പോളത്തിന്റെ വളർച്ചയെ അനിയന്ത്രിതമായി വിടുന്നതിൽ നിന്ന് ഭരണ സംവിധാനത്തിനു ഗുണമുണ്ട് എന്നുകാണാം. അത് പ്രധാനമായും നിയന്ത്രണത്തിന്റെതാണ്​. സ്റ്റേറ്റ് - കമ്പോളം - സമൂഹം എന്ന ത്രയത്തിൽ ജനാധിപത്യം ശാക്തീകരിക്കേണ്ടത് ജനങ്ങളുടെ അധികാരത്തെയാണ്​, എന്നാൽ കമ്പോളത്തെ നിയന്ത്രിക്കാതിരിക്കുന്നതിലൂടെ സ്റ്റേറ്റിനും സ്റ്റേറ്റിനു സമൂഹത്തെ നിയന്ത്രിക്കാനുള്ള സഹായങ്ങൾ ചെയ്യുന്നതിലൂടെ കമ്പോളത്തിനും നേട്ടങ്ങൾ ഉണ്ടാകുന്നു എങ്കിൽ അധികാരത്തിന്റെ അനാരോഗ്യകരമായ പ്രവണതകളെ നിയന്ത്രിക്കുക എന്നത് ജനങ്ങളുടെ ആവശ്യമായി തീരുന്നു. എന്തുതരം സംഘടിതമായ രൂപത്തിനാണ്​ അത്തരം അധികാര കേന്ദ്രീകരണത്തെ ചെറുക്കാൻ സാധിക്കുക എന്നത് സാമാന്യ ജനത്തിനുമുന്നിലുള്ള ഏറ്റവും വലിയ ചോദ്യമായി അവശേഷിക്കുകയും ചെയ്യുന്നു.

പൗരന്റെ ക്ഷേമത്തിന്​ സ്റ്റേറ്റ് വിവരശേഖരണം നടത്തുന്നത് നൈതികമാണ്​ എന്ന് കരുതിയാലും ശേഖരിക്കപ്പെടുന്ന വിവരങ്ങൾ ദുരുപയോഗം ചെയ്യുകയില്ല എന്ന ഉറപ്പ് എങ്ങനെ ലഭിക്കും എന്നത് ഗൗരവമേറിയ ഒരു ചോദ്യമാണ്​.

ഭരണകൂടം എന്തിനു നമ്മെ നിരീക്ഷിക്കണം?

നമ്മെ നിരീക്ഷിക്കാനും നമ്മെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാനും സർക്കാരുകളെ അധികാരപ്പെടുത്തുമ്പോൾ ഭരണകൂടം നമുക്ക് വാഗ്ദാനം ചെയ്യുന്നത് സുരക്ഷയാണ്​. സ്വാതന്ത്ര്യത്തിന്റെ ഈ കൊടുക്കൽ വാങ്ങലിൽ പൗരന്മാർ നേടുന്നത് പ്രാഥമികമായി ജീവനു ഭീഷണിയാവുന്ന പ്രശ്‌നങ്ങളെ നേരിടാൻ ഭരണ സംവിധാനത്തിന്റെ പിന്തുണയാണ്​. അല്ലെങ്കിൽ അത്തരം ഒരു പിന്തുണ വാഗ്ദാനം ചെയ്താണ്​ ഭരണകൂടം ജനങ്ങളെ നിയമാനുസൃതമായി നിരീക്ഷിക്കാനുള്ള അവകാശം നേടിയെടുക്കുന്നത് എന്നുപറയാം. ഇതിൽ ചില പ്രസക്തമായ കാര്യങ്ങളുണ്ട്.

ഉദാഹരണത്തിന്​, ആധാർ നോക്കുക. ജനങ്ങളെ സംബന്ധിക്കുന്ന വിവരങ്ങളിലേക്ക് എത്താൻ കഴിയുന്ന സൂചകങ്ങൾ ഒരു ഡാറ്റാബേസിൽ സൂക്ഷിച്ചു വെക്കുകയാണ്​ ആധാർ ചെയ്യുന്നത്. ആധാർ വഴി സർക്കാർ സംവിധാനങ്ങൾ നൽകുന്ന ആനുകൂല്യങ്ങൾ വിതരണം ചെയ്യുക വഴി ആധാർ ഉണ്ടായിരിക്കുക എന്നത് ജിവനോപാധിക്കുവേണ്ടി സർക്കാർ സഹായം ആവശ്യമുള്ള എല്ലാവരുടെയും ആവശ്യമായി മാറുന്നു. അതിനായി സ്വന്തം വിരലടയാളവും റെറ്റിനയും നൽകാൻ പൗരന്മാർ സന്നദ്ധരാവുകയാണ്​. ഇവിടെ പരോക്ഷമായി വിശ്വാസ്യത എന്നൊരു ഘടകം പ്രവർത്തിക്കുന്നുണ്ട്. ജനായത്ത ഭരണകൂടങ്ങൾ പൗരന്റെ ക്ഷേമത്തെ ലക്ഷ്യമാക്കി പ്രവർത്തിക്കുന്നവയാണെന്ന വിശ്വാസത്തിന്റെ പുറത്താണ്​ ഇത്തരം ഒരു കൊടുക്കൽ വാങ്ങൽ സാധ്യമാകുന്നത്. പൗരന്റെ ക്ഷേമത്തിന്​ സ്റ്റേറ്റ് വിവരശേഖരണം നടത്തുന്നത് നൈതികമാണ്​ എന്ന് കരുതിയാലും ഇങ്ങനെ ശേഖരിക്കപ്പെടുന്ന വിവരങ്ങൾ ഒരിക്കലും ദുരുപയോഗം ചെയ്യുകയില്ല എന്ന ഉറപ്പ് എങ്ങനെ ലഭിക്കും എന്നത് ഗൗരവമേറിയ ഒരു ചോദ്യമാണ്​. വിശേഷിച്ച് ഇത്തരം വിവരശേഖരണത്തെ നിയന്ത്രിക്കാനുള്ള ശക്തമായ നിയമങ്ങൾ നിലവിലില്ലാത്ത ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ.

ആധാർ എന്നത് സർക്കാർ സഹായത്തിനുള്ള മുന്നുപാധിയായി മാറുന്നു. അതിനായി സ്വന്തം വിരലടയാളവും റെറ്റിനയും നൽകാൻ പൗരന്മാർ സന്നദ്ധരാവുകയാണു.  / Photo: uidai.gov.in
ആധാർ എന്നത് സർക്കാർ സഹായത്തിനുള്ള മുന്നുപാധിയായി മാറുന്നു. അതിനായി സ്വന്തം വിരലടയാളവും റെറ്റിനയും നൽകാൻ പൗരന്മാർ സന്നദ്ധരാവുകയാണു. / Photo: uidai.gov.in

ഭീകരാക്രമണ സാധ്യത, കോവിഡ് പോലുള്ള പകർച്ചാരോഗങ്ങൾ മൂലമുണ്ടാകുന്ന പ്രത്യേക സാഹചര്യം ഇവയിലെല്ലാം ഭരണകൂടം അതിന്റെ അധികാരം ഉപയോഗിച്ച് പൗരന്മാരോട് സ്വകാര്യവിവരങ്ങൾ പങ്ക് വെക്കാൻ ആവശ്യപ്പെടുന്നു. പൗരന്റെ ക്ഷേമം ലക്ഷ്യമാക്കിയുള്ള പദ്ധതികൾക്ക് ആവശ്യപ്പെടുന്ന വിവരങ്ങളിൽ നിന്ന് ഒരല്പം വ്യത്യാസമുള്ള ഒന്നാണ്​ പ്രത്യേക സാഹചര്യങ്ങളിൽ നടക്കുന്ന ഈ വിവരശേഖരണം. സുരക്ഷക്കുവേണ്ടി വ്യക്തി സ്വന്തം അവകാശങ്ങൾ ഉപേക്ഷിച്ച് സ്റ്റേറ്റിന്റെ പരമാധികാരത്തിന്​ സ്വയം അടിയറവ് പറയുന്ന ഒരു സാഹചര്യമാണ്​ഇത്. ഇത്തരം സാഹചര്യങ്ങളിൽ ഒരു പരിധി വരെ സർവൈലൻസ് എന്ന ആശയം ന്യായീകരിക്കാനും ഭരണകൂടങ്ങൾക്ക് സാധിക്കുന്നു. എന്നാൽ ഇത്തരം വിവരശേഖരണത്തിനും പരിധികൾ നിർണയിക്കാൻ ഭരണകൂടങ്ങൾ ബാധ്യസ്ഥരാണ്​.

സാങ്കേതിക വിദ്യ നിർമിക്കുന്ന ചില ചട്ടക്കൂടുകൾ ജനങ്ങൾ അറിയാതെ ഇത്തരം വിവരങ്ങൾ ശേഖരിക്കാൻ ഭരണകൂടങ്ങളെ പ്രാപ്തരാക്കുമ്പോൾ ഒരേ സമയം സ്റ്റേറ്റ് അതിന്റെ അധികാര പരിധി വർദ്ധിപ്പിക്കുകയും ജനാധിപത്യം ആവശ്യപ്പെടുന്ന ഉത്തരവാദിത്വങ്ങളിൽ നിന്ന് പിന്മാറുകയുമാണ്​ ചെയ്യുന്നത്. നിങ്ങൾക്ക് മറച്ചുവെക്കാൻ ഒന്നും ഇല്ലെങ്കിൽ പിന്നെ എന്തിനാണ്​ നിങ്ങൾ സർക്കാർ നടത്തുന്ന വിവരശേഖരണത്തെ ഭയപ്പെടുന്നത് എന്നൊരു ചോദ്യം നിലവിലുണ്ട്. സ്വകാര്യതയും രഹസ്യവും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയുന്നത് ഈ ചോദ്യത്തിന്​ ഉത്തരമാവും.

സ്വകാര്യതാ ലംഘനത്തിന്​ സ്റ്റേറ്റ് നിരത്തുന്ന കാരണങ്ങൾ പലതും രഹസ്യങ്ങൾ സൂക്ഷിക്കുന്ന പൗരന്മാർ സാധാരണ പൗരന്മാർക്ക് അപകടമാവുന്നു എന്നും അതിനാൽ പൗരക്ഷേമ തൽപ്പരരായ ഒരു ഭരണകൂടത്തിന്​ ഇത്തരം രഹസ്യങ്ങൾ അറിഞ്ഞേ മതിയാവൂ എന്നതുമാണ്​. എന്തുകൊണ്ടാണ്​ പൗരന്മാരെ ഭരണകൂടം അവിശ്വസിക്കേണ്ടി വരുന്നത് എന്നതിന്​ ലളിതമായ ഒരു ഉത്തരം കണ്ടെത്തുക സാധ്യമല്ല.

പനോപ്ടിക്കോണുകൾ നിർമിക്കപ്പെടുന്നതിന്റെ ഭീഷണികൾ പരിചിതമായ ഒരു ജനതയെ അവരറിയാതെ ഒരു പനോപ്ടിക്കോണിനുള്ളിൽ പിടിച്ചു നിർത്താനുള്ള സാധ്യതയാണ്​ സാങ്കേതികവിദ്യ തുറന്നിടുന്നത്.

പരാജയപ്പെടുന്ന ലിബറൽ ജനാധിപത്യം(?)

ലിബറൽ ജനാധിപത്യ ഭരണകൂടങ്ങൾ ജനക്ഷേമം നടപ്പിലാക്കുന്നതിലും സുരക്ഷ ഉറപ്പുവരുത്തുന്നതിലും പരാജയപ്പെടുന്ന നിരവധി സന്ദഭങ്ങൾ ഉണ്ടാവുന്നു. സാമ്പത്തിക മാന്ദ്യങ്ങൾ, തുടർന്നുണ്ടാവുന്ന തൊഴിലില്ലായ്മ, വർദ്ധിച്ച് വരുന്ന സാമ്പത്തിക അസമത്വം, ക്ഷേമരാഷ്ട്ര നിർമാണത്തിൽ നിന്ന് സ്റ്റേറ്റിന്റെ പിൻവാങ്ങൽ, വൻതോതിലുള്ള സ്വകാര്യവൽക്കരണം മൂലം അവസരങ്ങൾ നിഷേധിക്കപ്പെടുന്ന അവസ്ഥ - ഇവയെല്ലാം ചേർന്ന് അസംതൃപ്തരായ ഒരു ജനസമൂഹത്തെ സൃഷ്ടിച്ചിരിക്കുന്നു എന്നുകാണാം. കമ്പോളത്തിന്റെ പ്രാധാന്യം, സർക്കാരുകൾക്ക് അവയെ നിയന്ത്രിക്കുന്നതിനുള്ള കഴിവ് അല്ലെങ്കിൽ ആഗ്രഹം ഇല്ലാത്ത അവസ്ഥ ഇവയെല്ലാം പലപ്പോഴും അരികുവൽക്കരിക്കപ്പെടുന്ന ജനങ്ങളുടെ പ്രശ്‌നങ്ങൾക്ക് അർഹിക്കുന്ന പ്രാധാന്യം നൽകുന്നതിൽ നിന്ന് ജനാധിപത്യ സർക്കാരുകളെ പിന്തിരിപ്പിക്കുന്നു. സർക്കാർ എന്ന സംവിധാനത്തിനകത്ത് കോർപ്പറേഷനുകൾ ചെലുത്തുന്ന ഭീമമായ സമ്മർദ്ദം ജനജീവിതത്തെ ദോഷകരമായി ബാധിക്കുന്ന നയങ്ങളിലാണ്​ ചെന്നെത്തുന്നത്. സാമൂഹ്യമായ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ സാങ്കേതിക വിദ്യക്കുള്ള അമിത പ്രാധാന്യം സർക്കാരിന്റെ കടമകൾ നിർവഹിക്കുന്നതിൽ പോലും ഇത്തരം സ്വകാര്യ കോർപ്പറേഷനുകളെ ആശ്രയിക്കാൻ നിർബന്ധിക്കുന്നു. ഇത്തരമൊരു സാമൂഹ്യ അന്തരീക്ഷത്തിലാണ്​ ജനകീയ പ്രതിഷേധങ്ങൾ , നിയമ സംവിധാനങ്ങൾ, ആക്ടിവിസ്റ്റുകൾ ഇവരെല്ലാം സർക്കാരുകളെ ചോദ്യത്തിന്റെ നിഴലിൽ നിർത്തുന്നത്. ഇത് അധികാരത്തിനു തന്നെയുള്ള ഭീഷണിയായി ഭരണകൂടം കാണുന്നു. ഇവിടെയാണ്​ സർവൈലൻസ് പോലുള്ള മാർഗങ്ങൾ പ്രസക്തമാവുന്നത്. പനോപ്ടിക്കോണുകൾ നിർമിക്കപ്പെടുന്നതിന്റെ ഭീഷണികൾ പരിചിതമായ ഒരു ജനതയെ അവരറിയാതെ ഒരു പനോപ്ടിക്കോണിനുള്ളിൽ പിടിച്ചു നിർത്താനുള്ള സാധ്യതയാണ്​ സാങ്കേതികവിദ്യ തുറന്നിടുന്നത്. അതിനുള്ള ഉപകരണങ്ങൾ അത് യഥേഷ്ടം നിർമിക്കുകയും ചെയ്യുന്നു.

അധികാരം അധികാരത്തെ സൃഷ്ടിക്കുമ്പോൾ

മനുഷ്യർ ശക്തിയുള്ള ഉപകരണങ്ങൾ നിർമിക്കുമ്പോൾ അധികാരം ആ ഉപകരണങ്ങളെ കൈവശപ്പെടുത്താൻ ശ്രമിക്കും. അത്തരം ഉപകരണങ്ങളുടെ നിയന്ത്രണം ആരുടെ കയ്യിലാണോ അവർക്ക് ജനതകളുടെ മേൽ വ്യക്തമായ അധികാരം സ്ഥാപിക്കാനും കഴിയും. സമ്പത്ത് കൂടുതൽ സമ്പത്തിന്റെ സൃഷ്ടിക്കുന്നു എന്ന തത്വത്തിനു സമാനമായ ഒരു രീതിയാണ്​ അധികാരത്തിനും. അധികാരം കൂടുതൽ അധികാരം സൃഷ്ടിക്കുകയും അറിവിനെ അധികാരത്തിന്റെ നിയന്ത്രണത്തിൽ നിർത്തുകയും ചെയ്യുന്നു. ശാസ്ത്രവും സാങ്കേതികവിദ്യയും അധികാരത്തിന്റെ ഉപകരണങ്ങളാക്കി നിർത്തുകയും അവയിൽ നിന്ന് നൈതികത നീക്കം ചെയ്യപ്പെടുകയും ചെയ്യുന്നു. ഇത്തരം ഒരു ലോകത്താണ്​ പെഗാസസ് പോലുള്ള ഉപകരണങ്ങൾ ഭരണകൂടങ്ങളുടെ കയ്യിൽ ചെന്നുചേരുന്നത്.

പെഗാസസ് വിവാദത്തെ തുടർന്ന്, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ആഭ്യന്തരമന്ത്രി അമിത്ഷായുടെയും മുഖംമൂടി അണിഞ്ഞ് കോൺഗ്രസ് പ്രവർത്തകർ ബംഗളൂരുവിൽ നടത്തിയ പ്രതിഷേധത്തിൽ നിന്ന്. / Photo: @Neerajkundan, Twitter
പെഗാസസ് വിവാദത്തെ തുടർന്ന്, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ആഭ്യന്തരമന്ത്രി അമിത്ഷായുടെയും മുഖംമൂടി അണിഞ്ഞ് കോൺഗ്രസ് പ്രവർത്തകർ ബംഗളൂരുവിൽ നടത്തിയ പ്രതിഷേധത്തിൽ നിന്ന്. / Photo: @Neerajkundan, Twitter

ഗൗരവമുള്ള ചർച്ചകൾക്ക് പോലും ഇടം നൽകാൻ കഴിയാത്ത രീതിയിലുള്ള ഒരു സാമൂഹ്യ അന്തരീക്ഷം സൃഷ്ടിച്ചു കഴിഞ്ഞാൽ ഭരണകൂടത്തിന്​ വലിയ ചോദ്യങ്ങൾ നേരിടേണ്ടി വരില്ല എന്നതാണ്​ പെഗാസസ് പോലുള്ള ഒരു സംഭവം ആഴത്തിൽ വിമർശിക്കപ്പെടാതെ പോകുന്നു എന്ന ദുരവസ്ഥ കാണിക്കുന്നത്. അധികാരത്തിന്റെ മേൽ കടിഞ്ഞാണിടാൻ കഴിയുക എന്ന സാധ്യതയാണ്​ ജനാധിപത്യത്തിന്റെ മേന്മയായി നമ്മൾ പലപ്പോഴും കാണുന്നത്. എന്നാൽ മൂലധന താൽപ്പര്യങ്ങൾ നിർമിക്കുന്ന ടൂളുകളെ സാധ്യമായ രീതിയിൽ സ്വന്തം അധികാരത്തെ അർക്കിട്ടുറപ്പിക്കാൻ ഉപയോഗിക്കുന്ന ഭരണകൂടങ്ങൾ അവ അവകാശപ്പെടുന്ന പോലെ ജനാധിപത്യപരമാണോ എന്നതാണ്​ നമ്മുടെ മുൻപിലുള്ള ചോദ്യം. അധികാരം ദുരുപയോഗം ചെയ്യാൻ സാധ്യതയില്ലാത്ത ഒരു രാഷ്ട്രീയ വ്യവസ്ഥ സാധ്യമാണോ? അത്തരം ഒരു രാഷ്ട്രീയ വ്യവസ്ഥിതിയിലെ സാമ്പത്തിക വ്യവസ്ഥ എന്തായിരിക്കും? ഈ ചോദ്യങ്ങൾ കൂടി ഉയർത്തിയാലേ പെഗാസസ് പോലുള്ള സർവൈലൻസ് ടൂളുകൾ ഉപയോഗിക്കുന്ന ഒരു അധികാര വ്യവസ്ഥയെ ചോദ്യം ചെയ്യൽ പൂർണമാവൂ. അതിന്​ സാങ്കേതികവിദ്യയുടെ സമൂഹത്തിലുള്ള ഉപയോഗത്തെ വിമർശനാത്മകമായി വിശകലനം ചെയ്യേണ്ടതുണ്ട്. ക്രിയാത്മകമായ ഇടപെടലുകൾ ഉണ്ടായില്ലെങ്കിൽ ഭരണകൂടവും മാർക്കറ്റും തമ്മിലൂള്ള ചില ഒത്തുതീർപ്പുകൾ പൗരസ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റത്തെ പ്രോൽസാഹിപ്പിക്കുന്ന വിപണികൾക്ക് രൂപം നൽകുക തന്നെ ചെയ്യും. ​▮


രാജേഷ്​ കെ. പരമേശ്വരൻ

ഗവേഷണ വിദ്യാർഥി. കോഴിക്കോട്​ എൻ.ഐ.ടി, ബംഗളൂരു അസിം പ്രേംജി യൂണിവേഴ്​സിറ്റി എന്നിവിടങ്ങളിൽ പഠനം. ​ശാസ്​ത്രം, സാങ്കേതികവിദ്യ, സമൂഹം, പബ്ലിക്​ പോളിസി തുടങ്ങിയ മേഖലകളിൽ അന്വേഷണം നടത്തുന്നു

Comments