മലബാർ കുടിയേറ്റം അഥവാ അതിജീവനത്തിന്റെ സമരസന്ദർഭങ്ങൾ

ഭൂരഹിതരിൽനിന്ന് ഭൂമിയുടെ അവകാശികളെന്ന തലത്തിലേക്ക് കീഴാള ജനതയുടെ ഉയിർപ്പ് ഹൈറേഞ്ച് കുടിയേറ്റത്തിൽ കാണാം. കാർഷിക കുടിയേറ്റങ്ങളിൽ ഭൂരിഭാഗവും ദളിതരും ഈഴവരും ക്രിസ്ത്യൻ, മുസ്ലിം ന്യൂനപക്ഷങ്ങളുമായിരുന്നു. കുടിയേറ്റത്തിന്റെ രാഷ്ട്രീയ- സാമ്പത്തിക- ജാതീയ കാരണങ്ങളിലേക്ക് ഒരന്വേഷണം, ഡോ.കെ.പി. ജയകുമാർ എഴുതുന്നു.

കേരളത്തിലെ സാമൂഹിക- സാമ്പത്തിക- രാഷ്ട്രീയ- സാംസ്കാരിക ഉള്ളടക്കങ്ങളെ നിരന്തരം പുനർനിർമ്മിക്കുന്നതിൽ തിരുവിതാംകൂറിൽ നിന്ന് മലബാറിലേക്കും ഹൈറേഞ്ചിലേക്കും നടന്ന കുടിയേറ്റങ്ങൾ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ഭാഷയുടെയും ദേശത്തിന്റെയും ജാതിയുടെയും സ്വത്വങ്ങൾ ഉടയുകയും പുനർനിർമ്മിക്കപ്പെടുകയും ചെയ്യുന്ന അനുഭവങ്ങൾ കുടിയേറ്റങ്ങളിൽ കാണാം. ജാതീയവും സാമ്പത്തികവുമായി പിന്നാക്കം നിൽക്കുന്നവരും ന്യൂനപക്ഷമെന്ന നിർവചനത്തിൽപ്പെടുന്നവരുമായ ഭൂരിപക്ഷത്തെയാണ് കുടിയേറ്റചരിത്രത്തിൽ കാണാനാവുക.

സ്വാതന്ത്ര്യപൂർവ്വ ഘട്ടങ്ങളിൽ തിരുവിതാകൂറിൽ നിന്ന് മലബാറിലേക്ക് നടന്ന കുടിയേറ്റത്തെ വിശാലമായ ചരിത്രപ്രക്രിയയുടെ ഭാഗമായ സാംസ്കാരിക രാഷ്ട്രീയ ചലനമായി കാണേണ്ടതുണ്ട്. തൊള്ളായിരത്തി ഇരുപതുകൾ മുതലാരംഭിക്കുന്ന ഈ കാർഷിക കുടിയേറ്റം ഒരു ജനതയുടെ അതിജീവനത്തിന്റെ വികാരസാന്ദ്രമായ ചരിത്രമാണ്. ദേശസ്വത്വത്തിന്റെ പാരമ്പര്യ ബോധ്യങ്ങളെ അത് പലപാട് ശിഥിലമാക്കുന്നു. വരത്തൻ, കുടിയേറ്റക്കാരൻ, അച്ചായൻ, കപ്പക്കാർ, ചേട്ടൻമാർ എന്നിങ്ങനെയുള്ള അപരത്വ പരികൽപനകളെ പ്രശ്നവൽക്കരിച്ചാണ് മലബാർ കാർഷിക കുടിയേറ്റ ജീവിതം മുഖ്യധാരയെ പിടിച്ചെടുക്കുന്നത്.

‘കുടി’ തേടിപ്പോയവർ

'കുടി' അഥവാ ആവാസവ്യവസ്ഥയിൽ നിന്നുള്ള അടരൽ അല്ലെങ്കിൽ അടർത്തലിനെയാണ് കുടിയിറക്കം എന്ന വാക്കുകൊണ്ട് അർത്ഥമാക്കുന്നത്. മറ്റൊരു 'കുടി'തേടൽ അഥവാ കുടിയേറ്റം അതിന്റെ തുടർച്ചയാണ്. അതോടെ കുടിയേറ്റം എന്ന വാക്കിന് അതിജീവനം എന്ന അനുഭവാർത്ഥം കൂടി വന്നുചേരുന്നു. കുടിയിറക്കവും കുടിയേറ്റവും ഒന്നിനൊന്ന് കലർന്നുകിടക്കുന്ന അതിജീവനത്തിന്റെ സമരസന്ദർഭങ്ങളാണ്. 'സ്വദേശം' എന്ന ആവാസവ്യവസ്ഥയിൽ നിന്ന് മൂന്നു തരത്തിലുള്ള അടരലുകൾ അഥവാ അടർത്തലുകൾ കേരള ചരിത്രത്തിൽ കാണാം.

തിരുവിതാകൂറിൽ നിന്ന് മലബാറിലേക്ക് നടന്ന കുടിയേറ്റത്തെ വിശാലമായ ചരിത്രപ്രക്രിയയുടെ ഭാഗമായ സാംസ്കാരിക രാഷ്ട്രീയ ചലനമായി കാണേണ്ടതുണ്ട്.  / Representational Image
തിരുവിതാകൂറിൽ നിന്ന് മലബാറിലേക്ക് നടന്ന കുടിയേറ്റത്തെ വിശാലമായ ചരിത്രപ്രക്രിയയുടെ ഭാഗമായ സാംസ്കാരിക രാഷ്ട്രീയ ചലനമായി കാണേണ്ടതുണ്ട്. / Representational Image

ഒന്ന്: പുരോഗതിയുടെയും ആധുനികതയുടെയും ഭാഗമായി കാണാവുന്ന വികസനത്തിനു വേണ്ടിയുള്ള കുടിയൊഴിക്കലും പുനരധിവാസവും.
രണ്ട്: ഭാഷാസംസ്ഥാന രൂപീകരണത്തിന്റെ ഭാഗമായി കിഴക്കൻ മലയോരങ്ങളിലേക്ക് ഭരണകൂടം പ്രോത്സാഹിപ്പിച്ച കുടിയേറ്റം.
മൂന്ന്: മലബാർ കാർഷിക കുടിയേറ്റം

വികസനത്തിനുവേണ്ടി കുടിയിറക്കപ്പെടുന്നവരുടെ പുനരധിവാസം ഒരു രാഷ്ട്രീയ- സാമ്പത്തിക പ്രശ്നമായി നമ്മൾ മനസ്സിലാക്കിയിട്ടുണ്ട്. വ്യവസായം, വികസനം തുടങ്ങിയ പദാവലികളുമായി കെട്ടുപിണഞ്ഞതാണതിന്റെ നിൽപ്പ്. പുരോഗതി (reform), ആധുനികത (modernity) തുടങ്ങിയ സങ്കൽപ്പങ്ങളെപ്പോലെയല്ല 'വികസനം' എന്ന സങ്കൽപ്പം സമൂഹത്തിൽ ഇടപെടുന്നത്. അത് നമ്മുടെ വർത്തമാനകാല ജീവിതപരിസരങ്ങളെ ദുഃഖവും ദരിദ്രവും ജീർണവും നിഷ്ക്രിയവുമായി സങ്കൽപ്പിക്കുന്നു. മറ്റു 'വികസിത' മാതൃകകളുമായി താരതമ്യപ്പെടുത്തി ആത്മപുച്ഛത്തിന്റെയും സ്വയംകുറ്റപ്പെടുത്തലിന്റെയും അവസ്ഥ സൃഷ്ടിക്കുന്നു. വികസനത്തിന്റെ ഈ മനഃശാസ്ത്രം നേട്ടത്തിലല്ല, മറിച്ച് അവസ്ഥയുടെ താൽക്കാലിക പരിഹാരത്തിലാണ് ഊന്നുന്നത്.

ഭൂരഹിതരിൽനിന്ന് ഭൂമിയുടെ അവകാശികളെന്ന തലത്തിലേക്ക് കീഴാള ജനതയുടെ ഉയിർപ്പ് ഹൈറേഞ്ച് കുടിയേറ്റത്തിൽ കാണാം. കാർഷിക കുടിയേറ്റങ്ങളിൽ ഭൂരിഭാഗവും ദളിതരും ഈഴവരും ക്രിസ്ത്യൻ, മുസ്ലിം ന്യൂനപക്ഷങ്ങളുമായിരുന്നു.

കേരളത്തിന്റെ വികസനത്തിന് വൻകിട വ്യവസായം വരണം എന്നതായിരുന്നു ആദ്യകാല ഭരണകൂട സമീപനം. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ 'വികസനമോഹം' കേന്ദ്രീകരിച്ചതുതന്നെ വൻ വ്യവസായ പദ്ധതികളിലായിരുന്നു. യൂറോപ്യൻ വ്യവസായ വിപ്ലവത്തിന്റെ മാതൃകയായിരുന്നു നമുക്കു മുന്നിലുണ്ടായിരുന്നത്. സമ്പത്തിന്റെ ഉത്പാദനത്തെ രാഷ്ട്രവുമായി ബന്ധിപ്പിച്ച് ജനങ്ങൾക്ക് മുഴുവൻ ബാധകമാക്കുന്നതിലൂടെ അത് സാർവ്വലൗകികമായ പൊതുപ്രക്രിയയായിത്തീരുന്നു.

അതിനുമുമ്പ് സാമ്പത്തിക ഉത്പാദനത്തിന് മഹത്വമോ മതേതരപദവിയോ ഉണ്ടായിരുന്നില്ല. വ്യക്തിയെ സംബന്ധിച്ച് ധനത്തിനാണോ ജ്ഞാനത്തിനാണോ കൂടുതൽ പ്രാധാന്യം എന്ന തരത്തിലുള്ള ചർച്ചകൾ ലോകത്ത് ധാരാളം നടന്നിട്ടുമുണ്ട്. ചരിത്രപരമായ നിരവധി കാരണങ്ങളാൽ പിൽക്കാലത്ത് 'രാഷ്ട്രസമ്പത്ത്' എന്ന ആശയം, സാമ്പത്തിക ഉത്പാദനത്തെ വ്യക്തിയുടെ സ്വകാര്യ താത്പര്യം എന്നതിൽ നിന്ന് അടർത്തി സമൂഹത്തിന്റെയോ രാഷ്ട്രത്തിന്റെയോ പൊതുതാത്പര്യം എന്ന നിലയിലേക്കുമാറ്റി. സമൂഹത്തിന്റെയും രാജ്യത്തിന്റെയും ഭാവിയെ നിർണയിക്കുന്ന ദേശാഭിമാനപരവും പ്രതിജ്ഞാബദ്ധവുമായ കർമ്മമായി സാമ്പത്തികോത്പാദനത്തിലുള്ള പങ്കാളിത്തത്തെ കാണാൻ തുടങ്ങി. അത് വ്യക്തിപരമല്ലാതായി. സമ്പത്ത് സമാഹരിക്കാനുള്ള വ്യക്തിപരമായ താത്പര്യം നിഴലിൽ നിൽക്കുകയും രാജ്യതാത്പര്യം വെളിച്ചപ്പെടുകയും ചെയ്തു. മാത്രമല്ല, യൂറോപ്യൻ വ്യവസായ വിപ്ലവത്തെ മാതൃകയാക്കുമ്പോൾ സാമൂഹ്യവും സാമ്പത്തികവും രാഷ്ട്രീയവും സാംസ്കാരികവുമായി അത് സൃഷ്ടിച്ച സങ്കീർണമായ ജീവിതസാഹചര്യങ്ങളെ കാണാതെ പോയെന്നുള്ളതാണ് ഇന്ത്യൻ വ്യവസായ പുരോഗതിക്ക് പൊതുവേയും കേരള വികസനത്തിന് സവിശേഷമായും സംഭവിച്ചത്.

ഒന്നാം ലോകയുദ്ധം സമ്മാനിച്ച സാമ്പത്തിക മാന്ദ്യവും തിരുവിതാംകൂറിന്റെ രാഷ്ട്രീയ കാലാവസ്ഥയും ഉളവാക്കിയ ഭാവിയെക്കുറിച്ചുള്ള ആശങ്കകളാണ് കുടിയേറ്റത്തിലേക്ക് നയിച്ചത്.  / Photo: Wikimedia Commons
ഒന്നാം ലോകയുദ്ധം സമ്മാനിച്ച സാമ്പത്തിക മാന്ദ്യവും തിരുവിതാംകൂറിന്റെ രാഷ്ട്രീയ കാലാവസ്ഥയും ഉളവാക്കിയ ഭാവിയെക്കുറിച്ചുള്ള ആശങ്കകളാണ് കുടിയേറ്റത്തിലേക്ക് നയിച്ചത്. / Photo: Wikimedia Commons

തൊള്ളായിരത്തി അമ്പതുകളിൽ ഹൈറേഞ്ചിലേക്ക് നടന്ന കാർഷിക കുടിയേറ്റം ഭരണകൂട സാമ്പത്തിക താത്പര്യങ്ങളാൽ മെനഞ്ഞെടുത്ത ദേശ ഭൂപടമായിരുന്നു. കേരളത്തിന്റെ, പ്രത്യേകിച്ച് തിരുവിതാംകൂറിന്റെ, ദേശസ്വത്വവുമായി ആഴത്തിൽ കെട്ടുപിണഞ്ഞുകിടക്കുന്ന തെക്കൻ പ്രദേശങ്ങൾ തമിഴകത്തിന് വിട്ടുകൊടുത്തുകൊണ്ടാണ് പൊന്നുവിളയുന്ന ഹൈറേഞ്ചിന്റെ കാർഷിക ഭൂപ്രദേശത്തെ ഭൂപടത്തോട് ചേർക്കാൻ അന്നത്തെ ഭരണകൂടം ശ്രമിച്ചത്. അതിന്റെ ഭാഗമായിരുന്നു ഹൈറേഞ്ചിലേക്കുള്ള മലയാളി കാർഷിക കുടിയേറ്റം. തൊള്ളായിരത്തി നാൽപതുകളുടെ ആദ്യപകുതി മുതൽ ആരംഭിക്കുന്ന ഈ കാർഷിക കുടിയേറ്റമാണ് ഹൈറേഞ്ചിനെ ജനസാന്ദ്രമാക്കിയത്.

കുടിയേറ്റം സ്വയം ഒഴിഞ്ഞുപോയവരുടെ, തേടിപ്പോയവരുടെ മാത്രം ജീവിതമായിരുന്നോ? അന്വേഷണങ്ങളധികവും കുടിയേറ്റത്തിന്റെ രാഷ്ട്രീയ- സാമ്പത്തിക- ജാതീയ കാരണങ്ങളെ വിട്ടുകളയുന്നു. ഭൂരഹിതരിൽനിന്ന് ഭൂമിയുടെ അവകാശികളെന്ന തലത്തിലേക്ക് കീഴാള ജനതയുടെ ഉയിർപ്പ് ഹൈറേഞ്ച് കുടിയേറ്റത്തിൽ കാണാം. കാർഷിക കുടിയേറ്റങ്ങളിൽ ഭൂരിഭാഗവും ദളിതരും ഈഴവരും ക്രിസ്ത്യൻ, മുസ്ലിം ന്യൂനപക്ഷങ്ങളുമായിരുന്നു. കേരളത്തിൽ മറ്റെവിടെയും സ്വന്തം പേരിൽ ഒരു തുണ്ട് ഭൂമിയില്ലാത്തവർ എന്ന 'യോഗ്യത'യായിരുന്നു അപേക്ഷകർക്കാവശ്യം. അങ്ങനെയാണ് സ്വന്തമായി ഭൂമിയെന്ന സ്വപ്നവുമായി സമതലങ്ങളിൽനിന്ന് കിഴക്കൻ മലയിലെ കൊടുതണുപ്പിലേക്ക് മനുഷ്യർ വന്നുചേർന്നത്.

ഒരു ഭൂപ്രദേശത്തെ പരദേശികളായ കുടിയേറ്റക്കാർ വിഷമയമാക്കിയെന്ന ബോധ്യമാണ് വിഷകന്യക നോവൽ പങ്കിടുന്നത്. 'തീണ്ടിമുടിച്ചു' എന്ന ജാതിയുക്തിയെത്തന്നെയാണ് നോവൽ പറഞ്ഞുവെയ്ക്കുന്നത്.

ഈ രണ്ട് അനുഭവങ്ങളിൽ നിന്ന് ഭിന്നമായിരുന്നു മലബാർ കുടിയേറ്റം. തൊള്ളായിരത്തി ഇരുപതുകൾ മുതൽ ആരംഭിക്കുന്ന മലബാർ കുടിയേറ്റത്തിലും അതിജീവനത്തിന്റെ മനുഷ്യഗാഥകൾ തന്നെയാണ് കാണാനാവുക. എന്നാൽ സ്വയം ഒഴിഞ്ഞുപോകുന്നവരുടെ അധിവാസവും അതിജീവനവും നമ്മുടെ സാംസ്‌കാരിക- രാഷ്ട്രീയ സംവാദങ്ങളിലേക്ക് എന്തുകൊണ്ടോ കയറിനിൽക്കുന്നില്ല. 'സ്വയം ഒഴിഞ്ഞുപോകൽ' തികച്ചും വ്യക്തിപരമാണ്. പരമാവധി ഒരു കുടുംബത്തിന്റെ മാത്രം പ്രശ്നവും. എന്നാൽ തികച്ചും വ്യക്തിപരമായ ഒന്നിന്റെ രാഷ്ട്രീയ വിവക്ഷകൾ കാണാതിരുന്നുകൂടാ. അതിന്റെ സാമൂഹിക- സാമ്പത്തിക കാരണങ്ങൾ അതുകൊണ്ടുതന്നെ രാഷ്ട്രീയമായ അർത്ഥങ്ങൾ വഹിക്കുന്നു. ഓരോ വ്യക്തിയും മറ്റൊരുപാട് വ്യക്തികളാൽ നിർണയിക്കപ്പെടുന്ന ഒരു സാമൂഹ്യ വ്യവസ്ഥക്കുള്ളിൽ, ജീവിതം തേടിയുള്ള ഓരോ അടർന്നുപോകലും കുടിയേറ്റവും വലിയൊരു സാംസ്കാരിക പ്രശ്നമായി മാറുന്നുണ്ട്. അത്തരമൊരു പാരായണത്തിന്റെ വിപുലമായ സാധ്യതകളിലാണ് മലബാർ കുടിയേറ്റ ചരിത്രവും അനുഭവങ്ങളും നിലകൊള്ളുന്നത്.

മലബാർ രേഖകൾ

ഒന്നാം ലോകയുദ്ധം സമ്മാനിച്ച സാമ്പത്തിക മാന്ദ്യവും തിരുവിതാംകൂറിന്റെ രാഷ്ട്രീയ കാലാവസ്ഥയും ന്യൂനപക്ഷ വിഭാഗങ്ങളിൽ, പ്രത്യേകിച്ച് ക്രിസ്ത്യാനികളിൽ, ഉളവാക്കിയ ഭാവിയെക്കുറിച്ചുള്ള ആശങ്കകളാണ് കുടിയേറ്റത്തിലേക്ക് നയിച്ചത്.

സർ സി.പി. രാമസ്വാമി അയ്യരുടെ ദിവാൻ ഭരണം (1936-47) ന്യൂനപക്ഷങ്ങളുടെ സ്വത്തിനും ജീവിതത്തിനും ഭീഷണി പരത്തിയ സാഹചര്യത്തിൽ അതിജീവനത്തിനായുള്ള പലായനമായിരുന്നു മലബാർ കുടിയേറ്റം / Photo: 1956 Central Travancore Movie
സർ സി.പി. രാമസ്വാമി അയ്യരുടെ ദിവാൻ ഭരണം (1936-47) ന്യൂനപക്ഷങ്ങളുടെ സ്വത്തിനും ജീവിതത്തിനും ഭീഷണി പരത്തിയ സാഹചര്യത്തിൽ അതിജീവനത്തിനായുള്ള പലായനമായിരുന്നു മലബാർ കുടിയേറ്റം / Photo: 1956 Central Travancore Movie

''വാണിജ്യവത്കൃത കൃഷിയിലിറക്കിയ മുതൽമുടക്ക് നഷ്ടപ്പെട്ട് കടത്തിനുമേൽ കടം വാങ്ങേണ്ടിവന്ന പലരുമുണ്ടായി. അവരിൽ ചിലർക്ക് നാട്ടിൽ നിൽക്കക്കള്ളിയില്ലാതെ വന്നു. മറ്റു ചിലർക്ക് നേരത്തെ ജീവിച്ചിരുന്ന രീതിയിൽ ഇനി മുന്നോട്ട് പോവാൻ സാധിക്കില്ലെന്നുമായി. ഇങ്ങനെ ബുദ്ധിമുട്ടിനിന്ന അവസരത്തിലാണ് മലബാറിൽ പുതിയ അവസരം തെളിഞ്ഞുവന്നത്. അത് ചാടിപ്പിടിക്കാൻ സാഹസികമായിത്തന്നെ തിരുവിതാംകൂർ കർഷകർ തങ്ങളുടെ റബ്ബറും കുരുമുളകും മരച്ചീനിയുമായി മലചവിട്ടി’’ -
ഒന്നാം ലോകമഹായുദ്ധാനന്തര സാമ്പത്തിക കാർഷിക തകർച്ചയെ അതിജീവിക്കാൻ മധ്യവർഗ കർഷകരുടെ കുടിയേറ്റമാണ് ഡോ. പി.കെ. മൈക്കിൾ തരകന്റെ ഈ നിരീക്ഷണത്തിൽ തെളിയുന്നത്. മധ്യവർഗ കാർഷിക വ്യവസ്ഥയുടെ തകർച്ച ചെറുകിട കർഷക - കർഷകതൊഴിലാളി ജീവിതങ്ങളെ കടപുഴക്കി. ഉള്ളത് വിറ്റുപെറക്കി നാടുവിടാൻ അവരെ പ്രേരിപ്പച്ചത് ഈ സാമ്പത്തിക സാഹചര്യമാണ്.

എസ്.കെ. പൊറ്റെക്കാട്ടിന്റെ വിഷകന്യക, കാക്കനാടന്റെ ഒറോത, തോമസ് വർക്കിയുടെ ചുരം, കെ.ജെ. ബേബിയുടെ ബസ്പുർക്കാന, പി.സി. എറികാടിന്റെ ആദാമിന്റെ മക്കൾ, ജോസഫ് കുറവിലങ്ങാടിന്റെ ചുള്ളി, കാനം ഇ.ജെയുടെ കാമുകി, വിനോയ് തോമസിന്റെ കരിക്കോട്ടക്കരി തുടങ്ങിയ നോവലുകൾ മലബാർ കുടിയേറ്റത്തിന്റെ ജീവിതസന്ദർഭങ്ങളെ പലപാടെഴുതി. സക്കറിയയുടെ ഭാസ്കര പട്ടേലരും എന്റെ ജീവിതവും സി.വി. ബാലകൃഷ്ണന്റെ ആയുസിന്റെ പുസ്തകവും കുടിയേറ്റ ജീവിതത്തെ മറ്റൊരു വിതാനത്തിൽ ആവിഷ്കരിക്കുന്നു. വയനാടൻ കുടിയേറ്റത്തിന്റെ ആത്മകഥാഖ്യാനമാണ് കൽപ്പറ്റ നാരായണന്റെ കോന്തല.

സി.പി. രാമസ്വാമി അയ്യര്‍
സി.പി. രാമസ്വാമി അയ്യര്‍

തിരുവിതാംകൂറിന്റെ സാമൂഹ്യ- രാഷ്ട്രീയ സാഹചര്യങ്ങൾ ഈ പലായനങ്ങൾക്ക് ആക്കം കൂട്ടി. സർ സി.പി. രാമസ്വാമി അയ്യരുടെ ദിവാൻ ഭരണം (1936-47) ന്യൂനപക്ഷങ്ങളുടെ സ്വത്തിനും ജീവിതത്തിനും ഭീഷണി പരത്തിയ സാഹചര്യത്തിൽ അതിജീവനത്തിനായുള്ള പലായനമായിരുന്നു മലബാർ കുടിയേറ്റമെന്ന് എസ്.കെ. പൊറ്റെക്കാട് വിഷകന്യകയിൽ നിരീക്ഷിക്കുന്നു: ''അവരുടെ പൈതൃകമായ പറമ്പുകളും നിലങ്ങളും പാർപ്പിടങ്ങളും പുതിയ പണക്കാർക്ക് തീറെഴുതിക്കിട്ടിയ പ്രതിഫലങ്ങൾ- അജ്ഞാത മനോഹരവും ഫലഭൂയിഷ്ഠവുമായ മലബാറിലെ മലയോരങ്ങൾ അവർക്ക് സ്വാഗതമരുളാൻ കാത്തുനിൽക്കുന്നു. അവിടെ മതപരമായ മർദ്ദനമില്ല. സാമുദായിക സംഘടനകളില്ല. രാജകീയ ദുഷ്പ്രഭുത്വത്തിന്റെ ചെരുപ്പുനക്കി ശംഖുമുദ്രയുടെ മുമ്പിൽ പഞ്ചപുച്ഛമടക്കി ആശങ്കാകുലമായ നാളുകൾ കഴിക്കേണ്ട.''

മലബാർ കുടിയേറ്റത്തിൽ അതിജീവനത്തിന്റെയും അഭിമാനത്തിന്റെയും മുദ്രകകൾ കണ്ടെടുക്കുന്നതാണ് എസ്.കെയുടെ നോവൽ. മലബാറിലേക്കുള്ള മനുഷ്യപ്രവാഹത്തെ അതിജീവനത്തിന്റെ വീരഗാഥയായി രേഖപ്പെടുത്തുകയാണ് ഒറോത. കുടിയേറ്റ ചരിത്രത്തിൽ ലീനമായിരുന്ന സ്വത്വസംഘർഷത്തിന്റെ വംശാവലീചരിത്രമാണ് കരിക്കോട്ടക്കരി. വയനാടൻ കുടിയേറ്റത്തിന്റെ ആത്മകഥാഖ്യാനത്തിൽ വൈകാരികമായ ആഴവും വിസ്തൃതിയും കോന്തലയ്ക്കുണ്ട്.

അപരർ

അപരത്വങ്ങളിൽനിന്ന് മലബാറിൽ തങ്ങളുടെ സാമൂഹ്യസ്വത്വം ഉറപ്പിച്ചുകിട്ടാനുള്ള സമരമായിരുന്നു കുടിയേറ്റത്തിന്റെ കാതൽ. ഈ സ്വത്വ സംഘർഷങ്ങളുടെ സന്ദർഭങ്ങൾ വിഷകന്യകയിലുണ്ട്: ''എന്തായാലും ഒരു കാര്യം തീർച്ചയാണ് സ്വാമിയുടെ ബാധ അവിടെയുണ്ടാവില്ല.''
വിഷകന്യക കുടിയേറ്റത്തിന്റെ രാഷ്ട്രീയ കാരണങ്ങളെ കേവലമായി സ്പർശിക്കുമ്പോഴും സ്വാമിയുടെ ബാധ ആഖ്യാനത്തെ പിന്തുടരുക തന്നെ ചെയ്തു. കുടിയേറ്റത്തോട് പിൽക്കാല മുഖ്യധാരാ ഹിന്ദു സമൂഹം പുലർത്തിയ പൊതുബോധമായിരുന്നു എസ്.കെയുടെ ആഖ്യാനത്തിന്റെ അന്തർധാര.

ഒരു ഭൂപ്രദേശത്തെ പരദേശികളായ കുടിയേറ്റക്കാർ വിഷമയമാക്കിയെന്ന ബോധ്യമാണ് നോവൽ പങ്കിടുന്നത്. 'തീണ്ടിമുടിച്ചു' എന്ന ജാതിയുക്തിയെത്തന്നെയാണ് നോവൽ പറഞ്ഞുവെയ്ക്കുന്നത്. ഭൂമിയും അതിൻമേലുള്ള അവകാശവും അത് നിർമ്മിച്ചുറപ്പിച്ചിട്ടുള്ള വർഗ്ഗ, വർണ്ണ, ശ്രേണീവ്യവസ്ഥയും സുസ്ഥിരമാണെന്ന പരമ്പരാഗത ജാതിബോധമാണ് ആഖ്യാനം പിൻപറ്റുന്നത്. സാമ്പത്തിക ഭൂബന്ധങ്ങളുടെ മാറി മറിയൽ, ഭൂമിയിലേക്ക് (ഭൂമി എന്ന മൂലധനവ്യവസ്ഥയിലേക്ക്) വ്യത്യസ്ത ജാതി സമൂഹങ്ങളുടെ കടന്നുവരവ്, ഇവ സൃഷ്ടിക്കുന്ന സാമ്പത്തിക- ജാതി ശ്രേണിയുടെ ഉടയലുകൾ തുടങ്ങി നിരവധി പ്രശ്നസ്ഥലങ്ങളെ അഭിസംബോധന ചെയ്യാൻ നോവൽ മടിക്കുന്നു. പകരം ‘വരത്തരാൽ’ ‘അശുദ്ധ’മാക്കപ്പെട്ട ‘ശുദ്ധി’സ്മാരകമായി കുടിയേറ്റ ഭൂമി മാറുന്നു. ഭൂമിയുടെ ഈ തരംമാറ്റലിൽ ജാതിവരേണ്യതയുടെ യുക്തിയാണ് പ്രവർത്തിച്ചത്.

സമ്പദ് കേന്ദ്രിതമായ വീക്ഷണത്തിന്റെ തീവ്രമായ ഭാഷാന്തരങ്ങൾ ചരിത്രത്തെയൊന്നടങ്കം ഭൂസ്വത്തിനും ലാഭത്തിനും വേണ്ടിയുള്ള യുദ്ധമായി ചുരുക്കുന്നുണ്ട്. ഇരകളുടെ സമരങ്ങളെ കൊള്ളയായും സമ്പത്ത് പിടിച്ചെടുക്കുന്നതിനായുള്ള കലാപങ്ങളായും ചുരുക്കുന്ന അനുഭവങ്ങൾ നിരവധിയാണ്. എന്നാൽ ഇത്തരം ലളിതവത്ക്കരണത്തിനുമപ്പുറത്തായിരുന്നു ആദിവാസി, കാർഷിക കുടിയേറ്റ ജനതയുടെ ദൈനംദിന ജീവിതം മുന്നോട്ടുവെയ്ക്കുന്ന സന്ദിഗ്ധതകൾ.

എസ്.കെ. പൊറ്റക്കാട്
എസ്.കെ. പൊറ്റക്കാട്

ഇത്തരം സന്ദർഭങ്ങൾക്ക് നോവലിൽ തീവ്രത ലഭിക്കുന്നില്ല. സാമൂഹ്യശാസ്ത്രങ്ങളിലെ ഏറ്റവും പരിഷ്കൃതമായ രചനകളിൽപോലും സ്ത്രീപുരുഷൻമാരുടെ ജീവിതങ്ങളെ ഭൗതിക താത്പര്യങ്ങളുടെ പ്രവർത്തനങ്ങളിലേക്ക്, അല്ലെങ്കിൽ മനുഷ്യർക്ക് യാതൊരു നിയന്ത്രണവുമില്ലാത്ത സമ്പദ് വ്യവസ്ഥയിലെ വൻ വ്യക്ത്യേതര പ്രസ്ഥാനങ്ങളിലേക്ക് ചുരുക്കുന്ന പതിവുണ്ട്. അത്തരമൊരു ചുരുക്കെഴുത്തിലൂടെ പുത്തൻപണക്കാർ എന്ന സംജ്ഞയിലേക്ക് കുടിയേറ്റക്കാർ വളരെവേഗം നിർവചിക്കപ്പെടുന്നു. ഇത് പുതിയ സാമ്പത്തിക വർഗത്തിന്റെ ഉദയത്തെപ്രതിയുള്ള സാമൂഹിക സംഘർഷമായിരുന്നില്ല. മറിച്ച്, പുത്തൻ പണക്കാർക്ക് ചരിത്രത്തിന്റെയോ പാരമ്പര്യങ്ങളുടെയോ പിൻബലമില്ലെന്ന വരേണ്യബോധത്തിന്റെ പ്രകടനമായിരുന്നു. ഭൂമിയുടെ 'പൈതൃകാവകാശത്തെ' തീണ്ടിമുടിച്ച വിഷസാന്നിധ്യമായി അനുഷ്ഠാനതലത്തിലും ഈ ബോധം പ്രവർത്തിക്കുന്നു.

അതിജീവനത്തിനായി ശരീരത്തിന്റെയും മനസ്സിന്റെയും സൗഖ്യങ്ങളും സ്വപ്നങ്ങളും ഉപേക്ഷിച്ച മനുഷ്യാധ്വാനത്തിന്റെ തീവ്രസന്ദർഭങ്ങളാണ് ഓറോതയിൽ തെളിയുന്നത്. അവരുടെ ജീവിതത്തിന്റെ അർത്ഥമെന്തായിരുന്നു?

നോവൽ ആദ്യ അധ്യായങ്ങളിൽ സൂചിപ്പിക്കുന്ന അതിജീവനത്തിന്റെയും അഭിമാനത്തിന്റെയും സന്ദർഭങ്ങളെ വിട്ടുകളഞ്ഞുകൊണ്ടാണ് കുടിയേറ്റത്തെ ഏകപക്ഷീയമായി അപരവൽക്കരിക്കുന്ന ഈ അനുഷ്ഠാനതലം പൊതുബോധത്തെ പിടിച്ചെടുക്കുന്നത്. ഈ അപരത്വ നിർമ്മിതി ജനതയുടെ പലായനങ്ങളെ അതിനിടയാക്കിയ രാഷ്ട്രീയവും സാമ്പത്തികവും സാമൂഹികവുമായ കാരണങ്ങളെ അവഗണിക്കുന്നു.

കുടിയേറ്റ ജനതയുടെ സഹനത്തെ, മണ്ണിനോടും കാലാവസ്ഥയോടും പ്രകൃതിയോടും രോഗങ്ങളോടും സ്വന്തം ശരീരത്തോടും അതിന്റെ വികാരലോകത്തോടുതന്നെയും ഏറ്റുമുട്ടി മൃതിയടഞ്ഞ മനുഷ്യജീവിതങ്ങളെ കണ്ടെടുക്കാൻ നോവലിനാകുന്നില്ല. കാർഷിക കുടിയേറ്റ ജനതയുടെ സഹനത്തെ, അതിജീവന സമരങ്ങളെ അത് നിസാരവൽക്കരിക്കുന്നു. അങ്ങനെ ഒരു ജനതയുടെ അനുഭവങ്ങളത്രയും അരികിലാക്കപ്പെടുന്നു. കുടിയേറ്റത്തെ, കുടിയേറ്റക്കാരെ, കേവലം കയ്യേറ്റക്കാരാക്കി, വെട്ടിപ്പിടുത്തക്കാരാക്കി പ്രാന്തവൽക്കരിച്ച പൊതുബോധത്തിനൊപ്പമായിരുന്നു വിഷകന്യകയുടെ നിൽപ്പ്.

കുടിയേറ്റത്തെ, കുടിയേറ്റക്കാരെ, കേവലം കയ്യേറ്റക്കാരാക്കി, വെട്ടിപ്പിടുത്തക്കാരാക്കി പ്രാന്തവൽക്കരിച്ച പൊതുബോധത്തിനൊപ്പമായിരുന്നു വിഷകന്യകയുടെ നിൽപ്പ്.  Photo: 1956 Central Travancore Movie
കുടിയേറ്റത്തെ, കുടിയേറ്റക്കാരെ, കേവലം കയ്യേറ്റക്കാരാക്കി, വെട്ടിപ്പിടുത്തക്കാരാക്കി പ്രാന്തവൽക്കരിച്ച പൊതുബോധത്തിനൊപ്പമായിരുന്നു വിഷകന്യകയുടെ നിൽപ്പ്. Photo: 1956 Central Travancore Movie

ചരിത്രമെഴുതിയ ശരീരം

എന്നാൽ, ഒറോത കുടിയേറ്റ ജീവിതങ്ങളെ മനുഷ്യ പ്രവാഹത്തിന്റെ തീവ്രസന്ദർഭങ്ങളായി പരിഗണിക്കുന്നു: ''കാലിഫോർണിയൻ ഗോൾഡ് റഷിനോട് ഉപമിക്കാവുന്ന ഈ വലിയ മനുഷ്യ പ്രവാഹത്തെക്കുരിച്ച് എത്രയെത്ര വീരസമര ഗാഥകൾ ഉണ്ടാവേണ്ടിയിരുന്നു'' എന്ന് നോവിന്റെ ആമുഖത്തിൽ കാക്കനാടൻ എഴുതുന്നുണ്ട്.

അമേരിക്കൻ തെക്കു- പടിഞ്ഞാറൻ, മധ്യ-പടിഞ്ഞാറൻ പ്രദേശങ്ങളിൽനിന്നും കാലിഫോർണിയൻ സ്വർണഖനികളിലേക്ക് നടന്ന കുടിയേറ്റവും 1930- കളിലാണ് സംഭവിച്ചത്. അതിലപ്പുറം മലബാർ കുടിയേറ്റവുമായി സമാനതയോ താരതമ്യമോ കാലിഫോർണിയൻ ഗോൾഡ് റഷിന് കൽപ്പിക്കാനാവില്ല. എന്നാൽ, അമേരിക്കൻ കുടിയേറ്റം ജോൺസ്റ്റീൻ ബെക്കിന്റെ വിഖ്യാതമായ ക്രോധത്തിന്റെ മുന്തിരിപ്പഴങ്ങൾ എന്ന കൃതിക്ക് പ്രമേയമായി.

അമേരിക്കൻ പൊതുസമൂഹം ആ കൃതിക്ക് നൽകിയ സ്വീകാര്യത മലബാർ കുടിയേറ്റത്തെക്കുറിച്ചുള്ള ആഖ്യാനങ്ങൾക്കൊന്നിനും ലഭിച്ചില്ല. മുപ്പതുകളിലെ അമേരിക്കൻ മുതലാളിത്ത സമ്പദ്‌വ്യവസ്ഥ ഭൂ ഉടമകളായിരുന്ന കർഷകരെ ഭൂരഹിതരാക്കിത്തീർത്തു. ഈ ഭൂരഹിത കർഷകത്തൊഴിലാളികളാണ് കാലിഫോർണിയയിലേക്ക് കുടിയേറിയത്. ഈ അരക്ഷിതമായ ഈ സാമ്പത്തിക സന്ദർഭത്തിലൂടെ കടന്നുപോയവരായിരുന്നു അമേരിക്കൻ ജനത. ആ കാലത്തെക്കുറിച്ചുള്ള രചന എന്നനിലയിലാണ് ക്രോധത്തിന്റെ മുന്തിരിപ്പഴങ്ങൾ സ്വീകരിക്കപ്പെട്ടത്.

മലബാറിലേക്കുള്ള മലയാളി കുടിയേറ്റത്തിന് ഇത്തരം പൊതുവായ അനുഭവമണ്ഡലം ഉണ്ടായിരുന്നില്ല. നേരത്തെ സൂചിപ്പിച്ചതുപോലെ സ്വയം ഒഴിഞ്ഞുപോകലിന്റെ, വ്യക്തിപരമായൊരു തിരഞ്ഞെടുപ്പിലാണ് ഈ പലായനങ്ങൾ നിലകൊണ്ടത്. മറ്റൊന്ന്, ഇവരാരും ഭൂരഹിതരായ കർഷകരായിരുന്നില്ല. ഭൂരഹിതരാക്കപ്പെടരുതെന്ന് ഉദ്ദേശ്യത്തോടെ ഉള്ളത് വിറ്റുപെറുക്കി നടത്തിയ സാഹസിക യാത്രയായിരുന്നു മലബാർ കുടിയേറ്റം. അതിൽ തിരുവിതാംകൂറിന്റെ ഭരണാധികാരം സൃഷ്ടിച്ച അരക്ഷിതമായ സാമൂഹ്യ- സാമ്പത്തിക-സാമുദായിക കാരണങ്ങളുണ്ടായിരുന്നു.

മധ്യതിരുവിതാംകൂറിൽനിന്ന് ആരംഭിക്കുന്ന ഒറോതയുടെ സഞ്ചാരത്തിന് വേരുപറിഞ്ഞുപോകുന്ന ഈ മനുഷ്യപ്രവാഹത്തിന്റെ നീറ്റലാണുള്ളത്. ചെമ്പേരിപ്പുഴയുടെ തീരത്തിരുന്ന് ആദിമ കുടിയേറ്റക്കാർ ഒറോതയെ ഓർത്തു കരഞ്ഞു. പുഴയുടെ തീരത്ത് പച്ച നിറത്തിൽ കൊഴുത്തു കിടക്കുന്ന വിളഭൂമിയുടെ സമൃദ്ധിയിൽ ഒരുപാട് മനുഷ്യശരീരങ്ങളുടെ ചോരയും വിയർപ്പും കലർന്നുകിടന്നിരുന്നു.
''ചെമ്പേരിക്കിന്ന് പള്ളിയുണ്ട്, പള്ളിക്കൂടമുണ്ട്, ആശുപത്രിയുണ്ട്, കമ്പിത്തപാലാപ്പീസുണ്ട്, ടെലിഫോണുണ്ട്, കടകമ്പോളങ്ങളുണ്ട്...” ചെമ്പേരിക്ക് ബാഹ്യജീവിതം മാത്രമല്ല, ആന്തരികജീവിതവുമുണ്ട്.
''ഹിപ്പികളുണ്ട്, പാശ്ചാത്യസംഗീതമുണ്ട്, യെഹൂദിമെനൂഹിനുണ്ട്, രവിശങ്കറുണ്ട്, ഉഷാ ഉതുപ്പുണ്ട്, അബ്ബായുണ്ട്...''
ചെമ്പേരിയുടെ ബാഹ്യവും ആഭ്യന്തരവുമായ ജീവിതസമൃദ്ധിയുടെ ചരിത്രമാണ് ഒറോതയുടെ ജീവിതം.

മുപ്പതുകളിലെ അമേരിക്കൻ മുതലാളിത്ത സമ്പദ്‌വ്യവസ്ഥ ഭൂ ഉടമകളായിരുന്ന കർഷകരെ ഭൂരഹിതരാക്കിത്തീർത്തു. ഈ ഭൂരഹിത കർഷകത്തൊഴിലാളികളാണ് കാലിഫോർണിയയിലേക്ക് കുടിയേറിയത്. / Photo: Three men and one woman panning for gold during the California Gold Rush
മുപ്പതുകളിലെ അമേരിക്കൻ മുതലാളിത്ത സമ്പദ്‌വ്യവസ്ഥ ഭൂ ഉടമകളായിരുന്ന കർഷകരെ ഭൂരഹിതരാക്കിത്തീർത്തു. ഈ ഭൂരഹിത കർഷകത്തൊഴിലാളികളാണ് കാലിഫോർണിയയിലേക്ക് കുടിയേറിയത്. / Photo: Three men and one woman panning for gold during the California Gold Rush

അതിജീവനത്തിനായി ശരീരത്തിന്റെയും മനസ്സിന്റെയും സൗഖ്യങ്ങളും സ്വപ്നങ്ങളും ഉപേക്ഷിച്ച മനുഷ്യാധ്വാനത്തിന്റെ തീവ്രസന്ദർഭങ്ങളാണ് ഓറോതയിൽ തെളിയുന്നത്. അവരുടെ ജീവിതത്തിന്റെ അർത്ഥമെന്തായിരുന്നു? പട്ടിണിയിലും കൊടും തണുപ്പിലും മലമ്പനിയും കോളറയും പോലുള്ള രോഗങ്ങളിലും വീണുമരിച്ചവരെത്ര? അതിജീവനത്തിന്റെ കുതറലുകളിൽ ചിതറിപ്പോയ കാമനകളിൽ ഒരു ജനതയുടെ സാഹസിക ജീവിതം കുറിക്കപ്പെട്ടിരിക്കുന്നു. ചരിത്രം ആലേഖനം ചെയ്ത ഉടലായിരുന്നു ഒറോത. പ്രകൃതിയോട് നേർക്കുനേർ നിന്ന് ജീവിതം പടുത്ത പെണ്ണാളുടെ വീരഗാഥയായി ഓറോത മാറുന്നത് അങ്ങനെയാണ്. അത് കുടിയേറ്റത്തെക്കുറിച്ച് വേരുറച്ചുപോയ പൊതുബോധത്തിന്റെ എതിർദിശയിലാണ് സഞ്ചരിക്കുന്നത്. ചെമ്പേരിയുടെ തീരത്തിരുന്ന കുടിയേറ്റ ജനതയുടെ പിൽക്കാല തലമുറ ഒറോതയെയോർത്ത് കരയുന്നതും അതുകൊണ്ടാണ്.

സങ്കടഗാഥ

ഓർമ്മകളെ പുനരാനയിക്കൽ രീതീശാസ്ത്രപരമായി നിർണായകമാണ്. ഭൂതകാലത്തെക്കുറിച്ച് വസ്തുതാപരമായ വിശകലനത്തിനാണ് ചരിത്രം ശ്രമിക്കുന്നത്. ചരിത്രപരമായ ഓർമ്മകൾ, അവയുടെ പിശകുകളോടെതന്നെ ചരിത്രത്തിനുനേരെ ചില ചോദ്യങ്ങൾ ഉന്നയിക്കും. ഈ ചോദ്യങ്ങൾ ഏറെ മൂല്യപരവും വൈകാരികവുമായിരിക്കും. ഓർമ്മക്കുറിപ്പുകൾ പൂർണമായ അർത്ഥത്തിൽ ആത്മകഥകളല്ല. എന്നാൽ ആത്മകഥയുടെ ചില അടരുകളാണത്. മുഴുവൻ ജീവിതത്തിൽനിന്നും ഏറെ വൈകാരികവും ആത്മനിഷ്ടവുമായ ചില കാഴ്ചകൾ പുനരാനയിക്കുന്നതാണ് ഓർമ്മക്കുറിപ്പുകൾ. സാമൂഹ്യ രാഷ്ട്രീയ ചരിത്രത്തോടൊപ്പമാണ് ഓർമ്മകൾ സഞ്ചരിക്കുന്നത്. ആത്മനിഷ്ടമായത് അതുകൊണ്ടുതന്നെ അങ്ങേയറ്റം സാമൂഹികവുമാണ്. മലബാർ കുടിയേറ്റത്തിന്റെ അത്രയൊന്നും ആവിഷ്കരിക്കപ്പെട്ടിട്ടില്ലാത്ത ചരിത്രവും കഥകളും ജീവിത സമരവുമാണ് കോന്തല.

''അച്ഛനും അമ്മയും നാട്ടിലേത് വിറ്റുപെറുക്കി, മൂത്ത ഏടത്തിയെ കൈപിടിച്ചും ഏട്ടനെ എടുത്തും നടന്ന് ചുരം കയറിയാണ് വയനാട്ടിലെത്തിയത്.''
കുടിയേറ്റം ഒരു തരം അടർന്നുപോകലാണ്. ജനിച്ചുജീവിച്ച പരിസരങ്ങളിൽ നിന്ന് പറിഞ്ഞുപോകുന്നതിന്റെ സങ്കടം വയനാട്ടിലേക്കും ഇടുക്കിയിലേക്കും നടന്ന പഴയകാല കുടിയേറ്റങ്ങൾക്കുണ്ടായിരുന്നു. മുറിഞ്ഞുപോയ ഒരു സാംസ്കാരികധാരയുടെ തുടരാനാവാത്ത ഒഴുക്ക് അവരുടെ ഉള്ളിൽ കെട്ടിക്കിടന്നിരുന്നു. ''നഷ്ടക്കച്ചവടമായിരുന്നു എന്നും അവരുടേത്. എന്തെല്ലാമോ നഷ്ടപ്പെടുത്തിയതിന്റെ സങ്കടം അമ്മയുടെ തുടങ്ങിയാൽ നിയന്ത്രിക്കാനാവാത്ത ശകാരത്തിലും അച്ഛന്റെ നിശബ്ദതയിലുമുണ്ടായിരുന്നു.''
കുടിയേറ്റങ്ങളെ മൊത്തത്തിൽ 'അധിനിവേശത്തിന്റെ' ബൃഹത് പരിസരത്തിൽ നോക്കിക്കാണാൻ ശ്രമിച്ചവർ മനസിലാക്കാതെപോയ അതിജീവനത്തിന്റെ ചരിത്രത്തിലേക്കു കൂടിയാണ് കോന്തല നയിക്കുന്നത്.

ഓർമ്മകൾക്ക് ഒരുപാട് ചരിത്രദൗത്യങ്ങളുണ്ട്. വ്യവസ്ഥാപിത ചരിത്രമെഴുത്തിന്റെ യുക്തിയെ നിരന്തരം ചോദ്യം ചെയ്തുകൊണ്ടാണത് സാധ്യമാകുന്നത്. കരിഞ്ചിയുടെയോ പൊട്ടൻ മാണിയുടെയോ കഥ ചരിത്രത്തിൽ കാണാനാവില്ല. എന്നാൽ ഓർമ്മകൾക്ക് അവയെ മായ്ച്ചു കളയാനാവുകയില്ല.

''അച്ഛൻ നടാൻ പാകമാക്കിയ കണ്ടത്തിലിറങ്ങി നടാൻ തോന്നില്ലന്ന് പണിച്ചി കറപ്പി പറയാറുണ്ട്. അത്ര സങ്കടം തോന്നിക്കുന്ന പരിപൂർണത മറ്റാരുടെ പ്രവൃത്തിയിലും ഞാൻ കണ്ടിട്ടില്ല. വിശേഷ ദിവസങ്ങളിൽ അമ്മ കോലായിലും മുറ്റത്തും നടുവകത്തും കോലങ്ങൾ വരച്ചുകൊണ്ട് അയൽപക്കത്തെ സ്ത്രീകളിൽ നിന്ന് തനിക്കുള്ള വ്യത്യാസം ആവിഷ്ക്കരിച്ചു. അമ്മ പാട്ടിൽ പഴയ പഴയ സങ്കടങ്ങൾ കേട്ടു. 'വീര വീരാട' എന്നു തുടങ്ങുന്ന കൈകൊട്ടിക്കളിപ്പാട്ടിൽ അമ്മ പാടുമ്പോൾ സങ്കടം ഇരമ്പി. ഓർമ്മകൾ വാതുക്കൽ വന്നു നിൽക്കും, അമ്മ പാടുമ്പോൾ. വഴുക്കി വീണും ആത്തിക്കണ്ടത്തിൽ അരവരെ താണും വീട്ടിൽ നനഞ്ഞൊലിച്ചെത്തിയ നാട്ടിലെ പഴയ ബന്ധുക്കളെ വീട്ടിലെത്തിയ പാടെ സൽക്കരിക്കാൻ അമ്മ കാണിക്കുന്ന ഉത്സാഹത്തിലും അധികം വൈകാതെ കാണിച്ചു തുടങ്ങുന്ന അസഹ്യതയിലും ഓർമ്മകളുടെ സമ്മർദ്ദങ്ങൾ ഉണ്ടായിരിക്കണം.'' അറ്റുപോയ സാംസ്കാരിക ധാരയെ തിരികെപ്പിടിക്കാനുള്ള പരാജിത ശ്രമങ്ങളായി ഈ ആവിഷ്കാരങ്ങളായിരുന്നു ഈ ആവിഷ്കാരങ്ങൾ.

ഓർമ്മകൾക്ക് ഒരുപാട് ചരിത്രദൗത്യങ്ങളുണ്ട്. വ്യവസ്ഥാപിത ചരിത്രമെഴുത്തിന്റെ യുക്തിയെ നിരന്തരം ചോദ്യം ചെയ്തുകൊണ്ടാണത് സാധ്യമാകുന്നത്. കരിഞ്ചിയുടെയോ പൊട്ടൻ മാണിയുടെയോ കഥ ചരിത്രത്തിൽ കാണാനാവില്ല. എന്നാൽ ഓർമ്മകൾക്ക് അവയെ മായ്ച്ചു കളയാനാവുകയില്ല.
''പൊട്ടൻ മാണിയെപ്പോലെ ഇത്രയധികം നേരം കുന്തിച്ചിരിക്കാൻ കഴിയുന്ന ഒരാളെയും ഞാൻ കണ്ടിട്ടില്ല’’ എന്നും ''മാണിയുടെ പെങ്ങൾ കരിഞ്ചി കുള്ളത്തിയായിരുന്നു'' എന്നും ചില ഓർമ്മകൾ. ''രണ്ടോ രണ്ടരയോ ഇഞ്ച് കഷ്ടിവരുന്ന വയറുള്ള കരിഞ്ചി ഗർഭിണിയായപ്പോൾ ഒട്ടാകെ വീർത്തു. കയ്യും കാലും കഴുത്തുമൊക്കെ ഗർഭം ധരിച്ചു.'' എന്ന് ഓർമ്മയുടെ ഭാരം. കരിഞ്ചിയുടെ ഗർഭത്തിന് ഉത്തരവാദിയായവരൊക്ക ചേർന്ന് മാണിയെ തല്ലി. ഗർഭത്തിന്റെ ഭാരവും സദാചാരത്തിന്റെ വീർപ്പും ഒരു നിശബ്ദന്റെ മേൽ കയറ്റിവയ്ക്കുന്നു.

ജനിച്ചുജീവിച്ച പരിസരങ്ങളിൽ നിന്ന് പറിഞ്ഞുപോകുന്നതിന്റെ സങ്കടം വയനാട്ടിലേക്കും ഇടുക്കിയിലേക്കും നടന്ന പഴയകാല കുടിയേറ്റങ്ങൾക്കുണ്ടായിരുന്നു.
ജനിച്ചുജീവിച്ച പരിസരങ്ങളിൽ നിന്ന് പറിഞ്ഞുപോകുന്നതിന്റെ സങ്കടം വയനാട്ടിലേക്കും ഇടുക്കിയിലേക്കും നടന്ന പഴയകാല കുടിയേറ്റങ്ങൾക്കുണ്ടായിരുന്നു.

''ഒരവധിക്കാലത്ത് നാട്ടിലെത്തിയപ്പോൾ മാണി മരിച്ചുപോയതറിഞ്ഞു. അപകടമരണമായിരുന്നു. തലച്ചുമടുമായി പോകുമ്പോൾ പിന്നാലെ വന്ന ലോറിയുടെ വശത്തെ ഇരുമ്പുകൊളുത്തിൽ ചുമട് കുടുങ്ങി, മുന്നോട്ടാഞ്ഞ് ടയറിനടിയിലേക്ക് മറിഞ്ഞു.'' നിശ്ശബ്ദനായ മാണിയുടെ ജീവിത ഭാരത്തേക്കുറിച്ച് നമുക്കൊന്നും അറിയില്ല. ജീവിക്കാനുള്ള ഭാരവുമായിപ്പോയ മാണിയുടെ മരണം ചരിത്രത്തിൽ ഉണ്ടാവുകയുമില്ല. മാണിയുടെ മരണത്തിനും മുമ്പേ അവന്റെ പെങ്ങൾ കരിഞ്ചി മരിച്ചുപോയിരുന്നു.
''കരിഞ്ചി പ്രസവത്തോടെ മരിച്ചു. ദൈവമേ ഇവളെങ്ങനെയാണ് പ്രസവിക്കുക എന്ന് സ്ത്രീകളൊക്കെ അവളെ നോക്കി ഭയപ്പെട്ടു. അവൾ പ്രസവിക്കുന്നത് സങ്കൽപ്പിച്ച് ഇരുന്നേടത്തുനിന്ന് അറിയാതെ എണീറ്റുപോയിരിക്കണം അവർ.'' എവിടെയും രേഖപ്പെടാതെപോകുന്ന നിശ്ശബ്ദ ഭയങ്ങളാൽ മുഖരിതമാണ് ഈ ഓർമ്മകൾ. ജോൺ എബ്രഹാമിന്റെ അഗ്രഹാരത്തിലെ കഴുതയിൽ നിശ്ശബ്ദമായ മറ്റൊരു ഗർഭമുണ്ട്. പുരുഷനാൽ 'ആക്രമിക്കപ്പെട്ട്' ചാപിള്ളയെ ഗർഭം ധരിക്കുന്ന ഊമപ്പെണ്ണ്. അവൾക്കും സന്തതിക്കും ഭാഷയില്ല, സഹനം മാത്രമേയുള്ളു. ഒരു ദേശത്തിന്റെ ജനതയുടെ സഹനത്തിന്റെയും അതിജീവനത്തിന്റെയുമൊക്കെ കഥയായി ചരിത്രമായി കോന്തല വായിക്കപ്പെടുന്നു.

കാർഷിക കുടിയേറ്റത്തിന്റെ ഒരു വിഭാഗം ദലിതരും ദലിത് ക്രിസ്ത്യാനികളുമായിരുന്നു. സ്വന്തമായി കൃഷി എന്ന സ്വപ്നം മാത്രമായിരുന്നില്ല, ജാതിയുടെ ഉച്ചനീചത്വത്തിൽനിന്നുള്ള കുടിയിറക്കം ഈ യാത്രകളിലുണ്ടായിരുന്നു.

ചുരം കയറിവന്ന സുന്ദരിയായ രോഹിണിയും ഈ സഹനത്തിന്റെ തുടർച്ചയായിരുന്നു. ''മോനെത്രയിലാണ് പഠിക്കുന്നത് എന്ന അവരുടെ ചോദ്യം പോലെ മധുരമായതൊന്നും ഞാൻ കേട്ടിട്ടില്ല'' എന്നതിന്റെ തുടർച്ച ''ഒരു രാവിലെ രോഹിണിയും അമ്മാളുവിന്റെ അപ്പുവും വിഷം കഴിച്ച് മരിച്ചു കിടക്കുന്നു റബ്ബർ തോട്ടത്തിൽ’’ എന്നു കേട്ടിടത്താണ് തടഞ്ഞുനിൽക്കുന്നത്. ''ഇത്ര ധൃതിപിടിച്ച് അവസാനിപ്പിച്ച ആ പ്രണയനാടകം ആർക്കും ഉൾക്കൊള്ളാൻ കഴിഞ്ഞില്ല.''

ചില മരണങ്ങൾ ജീവിതത്തേക്കാൾ ആഴം അവശേഷിപ്പിച്ചുകടന്നു പോകുന്നു. അത് ആവിഷ്‌കരിക്കാൻ മറ്റൊന്നിനും ആവുകയില്ല, ഓർമ്മകൾക്കല്ലാതെ. ''പതിനേഴ് വർഷം ഞാനില്ലാത്ത ലോകത്ത് കഴിഞ്ഞ ശീലത്തോടെ ഏട്ടൻ പിന്നീട് കഴിഞ്ഞു'' എന്ന് ഏട്ടന്റെ മരണത്തെക്കുറിച്ച് എഴുതുമ്പോൾ തൊണ്ടയിൽ തടഞ്ഞുപോയ ഒരു തേങ്ങലിൽ വായന നനയുന്നുണ്ട്.
''എന്റേതുപോലെ കൂടെക്കൂടെ മരണം കയറിവന്ന ഒരു വീട് സമീപ പ്രദേശങ്ങളിലെങ്ങുമില്ല. എല്ലാദുരന്തങ്ങളും വഴിതെറ്റാതെ അങ്ങോട്ട് വന്നു. ചെറിയ ഇടവേളകളിൽ അവിടെ ആൾക്കൂട്ടമുണ്ടായി. മുറ്റത്തും കാപ്പിച്ചെടികൾക്കിടയിലും കൂടി നിൽക്കുന്ന ആളുകൾ. അമ്മ, അച്ഛൻ, ഏട്ടൻ, ഏട്ടന്റെ രണ്ടു മക്കൾ, മകളുടെ ഭർത്താവ് അങ്ങനെ ധാരമുറിയാതെ എന്റെ വീട്ടിലുള്ളവർ പൊയ്കൊണ്ടിരുന്നു.''
സങ്കടങ്ങളിലൂടെ സംസ്കരിച്ചെടുക്കുന്ന വായനാനുഭവമാണ് കോന്തല. ജീവിതം തേടി കുടിയേറിപ്പോയവർ. ഒരു ദേശത്തുനിന്നും മറ്റൊന്നിലേക്ക് സ്വയം അടർന്നും ചേർന്നും തുടർന്നുപോകുന്ന സഞ്ചാരങ്ങളുടെ നീറ്റൽ. മലയിറങ്ങി സമതലത്തിലെ ജീവിതത്തിന്റെ പരപ്പിൽ, ആഴങ്ങളിൽ ഇനിയും വേരാഴ്ത്തി നിൽക്കാനാവാത്തതിന്റെ വേദന പേറുന്ന ഒരു വൃക്ഷത്തിന്റെ നെടുവീർപ്പ്.

സ്വത്വ സംഘർഷം

കുടിയേറ്റം സ്വയം ഒഴിഞ്ഞുപോയവരുടെ, തേടിപ്പോയവരുടെ മാത്രം ജീവിതമായിരുന്നോ? അന്വേഷണങ്ങളധികവും കുടിയേറ്റത്തിന്റെ രാഷ്ട്രീയ, സാമ്പത്തിക, ജാതീയ കാരണങ്ങളെ വിട്ടുകളയുന്നു. ഭൂരഹിതരിൽനിന്ന് ഭൂമിയുടെ അവകാശികൾ എന്ന തലത്തിലേക്കുള്ള കീഴാള ജനതയുടെ ഉയിർപ്പും കുടിയേറ്റത്തിൽ കാണാം.

കാർഷിക കുടിയേറ്റത്തിന്റെ ഒരു വിഭാഗം ദലിതരും ദലിത് ക്രിസ്ത്യാനികളുമായിരുന്നു. സ്വന്തമായി കൃഷി എന്ന സ്വപ്നം മാത്രമായിരുന്നില്ല, ജാതിയുടെ ഉച്ചനീചത്വത്തിൽനിന്നുള്ള കുടിയിറക്കം ഈ യാത്രകളിലുണ്ടായിരുന്നു. വിനോയ് തോമസിന്റെ നോവൽ പുലയരുടെ കാനാൻ ദേശമെന്നു വിളിക്കപ്പെടുന്ന കാഞ്ഞങ്ങാടിനടുത്തുള്ള കരിക്കോട്ടക്കരി എന്ന കുടിയേറ്റ ഗ്രാമത്തിന്റെ കഥയാണ് പറയുന്നത്.

മലബാറിലേക്ക് കുടിയേറിയെത്തിയ പുലയ- ക്രിസ്ത്യൻ ജീവിതം പറയുന്ന നോവൽ ചരിത്രത്തിലേക്ക്, മണ്ണിന്റെ യഥാർത്ഥ ഉടമയിലേക്ക് ഒരു ജനിതകരേഖ വരക്കുന്നു.
‘‘മറ്റു കുടിയേറ്റക്കാരെപ്പോലെ കെട്ടുംഭാണ്ഡവും മുറുക്കി കുഞ്ഞുകുട്ടി പരാതീനങ്ങളുമായി കാര്യസ്ഥന്റെ വീട്ടുപടിക്കൽ വന്ന് ഭൂമി ഇരന്നുവാങ്ങുകയല്ല കുഞ്ചെറിയാ വല്യപ്പൻ ചെയ്തത്.
തിരുവിതാംകൂറിൽ നിന്ന് രണ്ട് പരിചാരകൻമാർക്കൊപ്പം കാഞ്ഞങ്ങാട് തീവണ്ടിയിറങ്ങി സത്രത്തിൽ മുറിയെടുത്തു താമസിച്ചു. പിറ്റേന്ന് വില്ലുവണ്ടിയിൽ നായനാരുടെ ഇടത്തിലെത്തി. തുല്യനിലയിലാണ് സംസാരിച്ചത്. തിരുവിതാംകൂറിലെ ഒരു ജൻമി മലബാറിലെ ഒരു ജൻമിയുമായി ഇടപാട് നടത്തുന്നു.’’
പത്തോ ഇരുപതോ ഏക്കറല്ല, എസ്റ്റേറ്റ് സ്ഥാപിക്കാൻ അഞ്ച് മലകളാണ് അധികാരത്തിൽ കുഞ്ചെറിയാവല്യപ്പൻ ആവശ്യപ്പെട്ടത്. ഭൂമി എന്ന മൂലധനവും അത് ആർജ്ജിക്കുന്നതിലൂടെ കൈവരിക്കുന്ന തുല്യതയും അധികാരവും കുടിയേറ്റക്കാർക്ക് സാമുദായിക സമത്വം നേടിക്കൊടുക്കുന്നുണ്ടോ?

മലബാറിൽ തങ്ങളുടെ സാമൂഹികസ്വത്വം ഉറപ്പിച്ചുകിട്ടുവാൻ കുടിയേറ്റ ജനതക്ക് നന്നായി പാടുപെടേണ്ടിവന്നിട്ടുണ്ട്.
ഏതാണ്ട് ഒരേ സാംസ്‌കാരിക സാമൂഹിക സാമ്പത്തിക ചുറ്റുപാടുകളിൽ നിന്നും വന്നവരെന്ന നിലയ്ക്ക് 'തിരുവിതാകൂർ ചേട്ടൻമാരും, ചേട്ടത്തിമാരും’ വ്യക്തമായി ഒരു സാമൂഹ്യ വിഭാഗമായി കണക്കാക്കപ്പെട്ടു. മലബാറിലേക്കുള്ള കുടിയേറ്റത്തെ സംഘടിതമായി കാണാനാവില്ലങ്കിലും മധ്യതിരുവിതാംകൂറിന്റെ കിഴക്കൻമേഖലയിൽനിന്നുമുള്ള സീറോ മലബാർ റീത്തിൽപ്പെട്ട കത്തോലിക്കരായിരുന്നു ഭൂരിപക്ഷവും. വടക്കോട്ട് കുടിയേറിയ അവരെ സഹായിക്കാൻ അവരുൾപ്പെട്ടിരുന്ന സമുദായവും സംഘടനകളുമേ ഉണ്ടായിരുന്നുള്ളു. സാമ്പത്തികമായ അസന്തുലിതാവസ്ഥ നിലനിന്നപ്പോഴും സാമുദായികമായ ഒരേകത്വം കുടിയേറ്റക്കാരിലുണ്ടായിരുന്നു. കായികമായ അധ്വാനത്തിലൂടെ പൊന്നുവിളയുന്ന കൃഷിയിടങ്ങളാക്കി ഭൂമിയെ മാറ്റിയെടുക്കുന്നതിലൂടെ, പള്ളിയും, പള്ളിക്കൂടവും കോളേജും ആശുപത്രിയും സ്ഥാപിക്കുന്നതിലൂടെ കുടിയേറ്റ ജനത സമാന്തര സാമൂഹ്യസ്വത്വം ആർജ്ജിച്ചെടുക്കുന്നു. സാമ്പത്തികമായി വിജയിച്ച കുടിയേറ്റം ക്രമേണ സാമൂഹ്യമായ ബഹുമാന്യസ്ഥാനത്തേക്ക് ഉയർന്നുവന്നു.

കായികമായ അധ്വാനത്തിലൂടെ പൊന്നുവിളയുന്ന കൃഷിയിടങ്ങളാക്കി ഭൂമിയെ മാറ്റിയെടുക്കുന്നതിലൂടെ, പള്ളിയും, പള്ളിക്കൂടവും കോളേജും ആശുപത്രിയും സ്ഥാപിക്കുന്നതിലൂടെ കുടിയേറ്റ ജനത സമാന്തര സാമൂഹ്യസ്വത്വം ആർജ്ജിച്ചെടുക്കുന്നു.
കായികമായ അധ്വാനത്തിലൂടെ പൊന്നുവിളയുന്ന കൃഷിയിടങ്ങളാക്കി ഭൂമിയെ മാറ്റിയെടുക്കുന്നതിലൂടെ, പള്ളിയും, പള്ളിക്കൂടവും കോളേജും ആശുപത്രിയും സ്ഥാപിക്കുന്നതിലൂടെ കുടിയേറ്റ ജനത സമാന്തര സാമൂഹ്യസ്വത്വം ആർജ്ജിച്ചെടുക്കുന്നു.

ഭൗതികമായ ഇടം പിടിച്ചെടുക്കലിന്റെ ഈ സാമൂഹ്യ പ്രക്രിയക്കുള്ളിൽ ആന്തരികവൈരുധ്യങ്ങളുടെ ഭൂകമ്പരേഖകൾ മറഞ്ഞുകിടന്നു. സമുദായം എന്ന ഒറ്റക്കുടക്കീഴിൽ ഒതുങ്ങാൻ മടിക്കുന്ന ശിഥിലസ്വത്വങ്ങളുടെ വംശവരവുകളുകൾ കൂട്ടായ്മയെത്തന്നെ ചോദ്യം ചെയ്യുന്നു. സമുദായം, ദേശം, കുടുംബം എന്നിങ്ങനെയുള്ള സാംസ്കാരിക ഏകശിലകൾ അതിന്റെ ഉള്ളിൽനിന്നുതന്നെ ചോദ്യം ചെയ്യപ്പെടുന്നു.

കരിക്കോട്ടക്കരി എന്ന നോവലിൽ, അധികാരത്തിൽ കുടുംബത്തിലെ ഇളമുറക്കാരനായ ഇറാനി മോസ് വെളുത്തുവരുടെ കൂട്ടത്തിൽ കറുമ്പനായി പിറക്കുന്നിടത്ത് സംഘർഷം കുറിക്കപ്പെട്ടിരിക്കുന്നു. തന്റെ കറുപ്പിന്റെ ചരിത്രം തേടിപ്പോകുന്ന ഇറാനി മോസ് തന്റെ പുലയസ്വത്വവും ദേശവും കണ്ടെടുക്കുന്നു. പുരാതനമായ കുടുംബയോഗങ്ങളുടെ ചിട്ടവട്ടങ്ങളെപ്പറ്റി പറയുന്നുണ്ടെങ്കിലും ഇന്നുകാണുന്ന രീതിയിൽ കുടുംബയോഗം ക്രമപ്പെടുത്തിയത് 1870- കളിൽ തിരുവിതാംകൂറിലെ ഉഴവൂർ ദേശത്ത് താമസിച്ചിരുന്ന വർക്കയവിര എന്ന കഠിനാധ്വാനിയായ കാരണവരായിരുന്നുവെന്ന് കുടുംബചരിത്രത്തിൽ വായിക്കാം.

കുടുംബത്തിന് രാഷ്ട്രത്തിന്റെ രൂപകബന്ധം ആരോപിക്കാമെങ്കിൽ അധികാരത്തിൽ കുടുംബം നിരന്തരമായ ചരിത്രപ്രക്രിയയിലൂടെ ഉറപ്പിച്ചെടുത്ത പഴമയുടെയും വർണബോധത്തിന്റെയും ദേശ-ഭൂബന്ധങ്ങളുടെയും പുരാവൃത്തങ്ങളെയാണ് ഇറാനി മോസ് അസ്ഥിരമാക്കുന്നത്. 'ദേശരാഷ്ട്രങ്ങൾ പ്രാക്തനമായ വിശ്വസ്തതകളെ സംശയദൃഷ്ടിയോടെ വീക്ഷിക്കുന്നു' (ഇ.വി. രാമകൃഷ്ണൻ: 19) എന്നൊരു നിരീക്ഷണമുണ്ട്. ഇവിടെ അധികാരത്തിൽ കുടുംബത്തിനും ഇത് ബാധകമാണ്. ഇറാനിമോസിന്റെ കറുപ്പിനെ അത് സംശയത്തോടെയാണ് വീക്ഷിക്കുന്നത്.

വിനോയ് തോമസ്
വിനോയ് തോമസ്

ഗോത്രബന്ധങ്ങൾ, വംശം, ഭാഷ, പ്രാദേശികത്വം, മതം, ആചാരങ്ങൾ എന്നിങ്ങനെയുള്ള സ്വത്വ-സാംസ്‌കാരിക വൈവിധ്യങ്ങളെ, അവയുടെ തുറസുകളെ മനസ്സിലാക്കാൻ കുടുംബത്തിന്റെ യുക്തിക്ക് കഴിയാതെ വരുന്നു. കുടുംബയോഗത്തിൽ ഇറാനി മോസ് പാടുന്ന പന്നിപ്പാട്ട്, അധികാരത്തിൽ കുടുംബത്തിൽ ആഴത്തിലുള്ള അസ്വസ്ഥതകളാണ് സൃഷിടിച്ചത്. ‘‘പിരിയാൻനേരം പേരാവൂരുന്നുവന്ന ഔതക്കുട്ടിപ്പാപ്പൻ ഒരഭിപ്രായം പറഞ്ഞു: ഫിലിപ്പോസേ നിന്റെ ചെറുക്കന്റെ പാട്ടൊക്കെ കൊള്ളാരുന്ന്. എന്നാലും അത് നമ്മുടെ സദസ്സിന് പറ്റീതല്ല. ഒരുമാതിരി പെലക്കൂട്ടം പെരുന്നാള് നടത്തിയപോലെ.''

ഔദ്യോഗിക കുടിയേറ്റ സമുദായ സമൂഹ കുടുംബ വൃത്തങ്ങൾക്ക് പുറത്ത് ബാക്കിയായ ദലിത- കീഴാള ജീവിതങ്ങളെക്കുറിച്ചുള്ള പൊതുബോധമാണ് ഔതക്കുട്ടിപ്പാപ്പൻ പങ്കുവെക്കുന്നത്. വംശം, ഭാഷ, ദേശം എന്നീ മൂന്ന് ഘടകങ്ങളാണ് ഇവിടെ തെളിഞ്ഞുകിട്ടുന്നത്. പാട്ട് നന്നായിരിക്കുമ്പോഴും അതിന് അതിന് 'സദസ്സിൽ' പ്രവേശനം കിട്ടാതെ പോകുന്നു. കാരണം അത് പുലയരുടെ പാട്ടാണ്, അഥവാ ഭാഷയാണ്. അത് കടന്നുവരുന്നത് കരിക്കോട്ടക്കരി എന്ന പുലയ ദേശത്തുനിന്നുമാണ്. പുലയ വംശസ്വത്വത്തെ കൂടുതൽ അപരമാക്കുന്നത് 'പെലക്കൂട്ടം പെരുന്നാള് നടത്തിയപോലെ' എന്ന പ്രയോഗമാണ്. ജാതിസ്വത്വം മാഞ്ഞുപോകാതെ അവശേഷിക്കുന്ന ദലിത് ക്രിസ്ത്യാനികളുടെ നിതാന്ത അപരത്വത്തെയാണ് നോവൽ അടയാളപ്പെടുത്തുന്നത്.

സ്വന്തം അസ്തിത്വം തിരഞ്ഞുള്ള യാത്രയിൽ ഇറാനി മോസ് എത്തിച്ചേരുന്നത് ആലപ്പുഴയിലെ അർത്തുങ്കലിൽ പുലയർ താമസിക്കുന്ന ഭൂപ്രദേശത്താണ്. കുട്ടികളുണ്ടാകാതിരുന്ന ഫിലിപ്പോസും റോസമ്മയും പിതാവായ കുഞ്ഞേപ്പിന്റെ നിർദ്ദേശപ്രകാരം അർത്തുങ്കൽ പള്ളിയിലെ വെളുത്തച്ചന്റെ മുന്നിൽ തിരികത്തിച്ചു പ്രാർത്ഥിച്ചതിന്റെ ഫലമായാണ് ഇറാനി മോസ് പിറന്നത്. ഉഴവൂർ ദേശത്തെ പ്രമാണികളായിരുന്ന അധികാരത്തിൽ കുടുംബത്തെ അർത്തുങ്കൽ പള്ളിയിലെ വെളുത്തച്ചനുമായി ബന്ധിപ്പിക്കുന്ന ജനിതക വഴികളിലൂടെയാണ് ഇറാനി മോസ് പുലയരുടെ മണ്ണിലെത്തുന്നത്. നോവലിന്റെ ഒടുവിൽ അനാഥനായിത്തീരുന്ന ഇറാനിമോസ് തന്റെ തറവാട്ട് സ്ഥലത്ത് എത്തിച്ചേരുമ്പോൾ തറവാട്ട് ഭൂമി പുലയർ കയ്യേറുന്നതാണ് കാണുന്നത്. അയാളും അവരോടൊപ്പം ചേരുന്നു. പിറ്റേന്ന് ഫിലിപ്പോസെത്തി. പോലീസും പരിവാരങ്ങളുമില്ലാതെ ഒറ്റക്ക്.
‘‘വർഷങ്ങൾക്ക് മുമ്പ് എന്റെ വല്യപ്പൻ കുഞ്ചെറിയാ ഈ മണ്ണ് വളഞ്ഞുപിടിച്ചു. ഇവിടെയുണ്ടായിരുന്ന യഥാർത്ഥ അവകാശികളെ തല്ലിയോടിച്ചു. പക്ഷെ, കാലം നിങ്ങളുടെ ഭൂമി നിങ്ങൾക്ക് തിരിച്ചുതന്നു. എനിക്ക്, ഒരപേക്ഷയേയുള്ളു. നിങ്ങളെപ്പോലെ ഇതിൽ ഒരുവീതം എന്റെ മകനുമുണ്ടാകണം.’’

ഈ കഥാന്ത്യം ഒരു കുടുംബപുരാവൃത്തത്തെക്കൂടി റദ്ദ് ചെയ്യുന്നുണ്ട്. കുഞ്ചെറിയാ വല്യപ്പനും ഭൂവുടമായ നായനാരും തുല്യനിലയിൽ നടത്തിയ ഭൂമി കൈമാറ്റത്തിൽ, അവിടെ അധിവസിച്ചിരുന്ന ആദിമനിവാസികളുടെ ഭാഗധേയം എന്തായിരുന്നു എന്നതിനുള്ള ഉത്തരം കൂടിയാണത്. ഈ ഭൂമി കൈമാറ്റത്തിൽ അക്കാലത്ത് മലനാട്ടിൽ അധിവസിച്ചിരുന്ന ഗോത്രമനുഷ്യരുടെ ഭാഗധേയം ഏതുവിധമാണ് അടയാളപ്പെടുന്നതെന്ന ചോദ്യവും പ്രസക്തമാണ്. ജന്മിത്വത്തിന്റെ ഈ കൊടുക്കൽ വാങ്ങലുകൾക്കിടയിൽ ഗോത്ര ജനതയുടെ പ്രാതിനിധ്യവും ജീവിതവും രേഖപ്പെടാതെ പോകുന്നുണ്ട്. കുടിയേറ്റങ്ങളുടെ ചരിത്രത്തിലുടനീളം ഇത്തരം അപരപ്രതിനിധാനങ്ങൾ കാണാം. സ്വാതന്ത്ര്യത്തിന് മുമ്പ് മലബാറിലേക്ക് നടന്ന കുടിയേറ്റത്തിന്റെ കഥപറയുന്ന വിഷകന്യകയിൽ തിരുവിതാകൂറിൽ നിന്നെത്തിയ ഔസേപ്പ് 3500 രൂപയുമായി ഭൂമിവാങ്ങാൻ ചെല്ലുന്നത് പാലങ്ങോട്ട് ജൻമിയുടെ കാര്യസ്ഥൻ രാമക്കിടാവിന്റെ അടുത്താണ്.
‘‘കിടാവ് ഒരു പാറക്കെട്ടിൽ കയറിനിന്ന്, കൈയിലെ മുളവടി കിഴക്കോട്ട് നീട്ടിയൊന്നു വീശി. അക്കാണുന്നതെല്ലാം ചാർത്തിക്കൊടുക്കാനുള്ളതാണ്. അക്കാണുന്നത് ഒരു വനസാമ്രാജ്യമാണ്. ഔസേപ്പ് മിഴിച്ച് നിന്നുപോയി’’.
എത്രവേണമെങ്കിലും ഇഷ്ടംപോലെ ഭാഗിച്ചെടുക്കാം. ആ വനസാമ്രാജ്യത്തിൽ അധിവസിച്ചിരുന്ന ഗോത്രമനുഷ്യർക്ക് ഭൂവിനിമയത്തിൽ ഇടമില്ല.

ഇനിയും അവസാനിക്കാത്ത കുടിയേറ്റ- ഗോത്ര സംഘർങ്ങളുടെ ചരിത്രം ഇവിടെ നിന്നാരംഭിക്കുന്നു. ഈ സംഘർഷാത്മക ബന്ധത്തെ മുഖ്യധാരയിലേക്ക് ആനയിക്കുന്നു എന്നതാണ് കരിക്കോട്ടക്കരിയുടെ ചരിത്രപരമായ സവിശേഷത. ഇന്ന് കുടിയേറ്റ സമൂഹം പൊതുവെ സമ്പന്നമാണെന്നു പറയാം. ഒരു വിജയകഥയാണ് കുടിയേറ്റത്തിന് പറയാനുള്ളത്. അവിടെ സംസ്കാരങ്ങളുടെയും പൈതൃകങ്ങളുടെയും പാരമ്പര്യങ്ങളുടെയും തുടർച്ചകളെ അതിന്റെ സൂക്ഷ്മകോശങ്ങളിൽ നിന്ന് വീണ്ടെടുക്കുന്ന മറ്റൊരു ചരിവിലേക്കാണ് കുടിയേറ്റ ആഖ്യാനങ്ങളുടെ പുതുകാലം നോട്ടമെറിയുന്നത്. പലായനത്തിന്റെ പീഢിതവും സാഹസികവുമായ ഭൂതകാലമല്ല, മറിച്ച് ആന്തരിക വൈരുധ്യങ്ങളാൽ സമൃദ്ധമായ ആന്തരിക ജീവിതമാണ് ആവിഷ്‌കാരം തേടുന്നത്. ഔദ്യേഗിക ചരിത്ര- പുരാവൃത്ത-കുടുംബയോഗ അധികാരങ്ങളെ വ്യാഖ്യാനിക്കുമ്പോൾ അവക്കെതിരായ പ്രതിവ്യവഹാരങ്ങളാണ് കുടിയേറ്റ ആഖ്യാനങ്ങളിൽ പ്രവർത്തിക്കുന്നത്.

സവിശേഷമായ ഈ സാമൂഹിക- സാംസ്കാരിക സന്ദർഭത്തെ മനസ്സിലാക്കാൻ വരേണ്യ വലത് പൊതുബോധത്തിന് കഴിയില്ല. ആഫ്രിക്കൻ- അടിമ-കുടിയേറ്റ പിൽക്കാല തലമുറയെക്കുറിച്ചുള്ള അമേരിക്കൻ- യൂറോപ്യൻ വംശീയ വ്യാഖ്യാനങ്ങളിൽ ലീനമായിരിക്കുന്ന ‘വർണ്ണ- ശുദ്ധി’ വിചാരമാതൃകയാണ് ഈ പൊതുബോധത്തിന്റെ പ്രത്യയശാസ്ത്ര ഘടന. ദേശീയവരേണ്യതയും പ്രാദേശിക കുലീനതയും ഈ ആശയാവലികളാൽ പ്രചോദിതമാണ്. അതുകൊണ്ടാണ് കാർഷിക കുടിയേറ്റവും അതിജീവനത്തിനായുള്ള മനുഷ്യസഞ്ചാരവും ചരിത്രവും വികാരലോകവും അത്രമേൽ അപരമാകുന്നത്. ഈ ശുദ്ധിവാദത്തിന്റെ ജീനിൽ തന്നെയാണ് വരേണ്യപരിസ്ഥിതിവാദത്തിന്റെ വിത്തുകള്ളത്. അത് അതീവ ലളിതമായി മനുഷ്യരെയും അവരുടെ അതിജീവന ചരിത്രത്തെയും ജീവിത ദുരന്തങ്ങളെയും ഭൂമിയുടെ കന്യാകാത്വ പരികല്പനയിലും പ്രകൃതിയുടെ ജൈവ സ്വാഭാവികതയിലും നിരന്തരം നിർവചിക്കുന്നു. അങ്ങനെ കുടിയേറ്റക്കാർ കന്യകാത്വം കവർന്നവരും പ്രകൃതിയുടെ ജൈവസ്വച്ഛത തകർത്തവരും കുറ്റവാളികളുമായിത്തീരുന്നു. അവർ മരണയോഗ്യരുമായിത്തീരുന്നു.

അടിക്കുറിപ്പുകൾ:

1. ഡോ. പി. കെ. മൈക്കിൾ തരകൻ മലബാർ കുടിയേറ്റം എന്ന പുസ്തകത്തിന് എഴുതിയ അവതാരിക. 'കുടിയിറങ്ങാത്ത സ്മരണകൾ ഒരു അവതരണം’ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്. പുറം: 21.
2. ഗ്യാനേന്ദ്ര പാണ്ഡേ- ശകലത്തെ ന്യായീകരിച്ചുകൊണ്ട്: ഹിംസയും ചരിത്രമെഴുത്തും. പുറം: 129 (കീഴാള പഠനങ്ങൾ. ഡി.സി. ബുക്‌സ്, കോട്ടയം): പുറം 107.
3. പി. കെ. മൈക്കിൾ തരകൻ. പുറം: 23.
4. പി. കെ. മൈക്കിൾ തരകൻ. പുറം: 23

സഹായഗ്രന്ഥങ്ങൾ:

1. വർഗീസ് തോട്ടയ്ക്കാട് (പഠനസമാഹരണം). മലബാർ കുടിയേറ്റം. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 2015.
2. എസ്.കെ. പൊറ്റെക്കാട്, വിഷകന്യക, ഡി.സി. ബുക്ക്‌സ്, കോട്ടയം, 2010.
3. കാക്കനാടൻ, ഒറോത, സങ്കീർത്തനം പബ്ലിക്കേഷൻസ്, 2002.
4. കൽപ്പറ്റ നാരായണൻ, കോന്തല (ഓർമ്മ), കറന്റ് ബുക്‌സ്, തൃശൂർ.
5. വിനോയ് തോമസ്, കരിക്കോട്ടക്കരി, ഡി സി ബുക്ക്‌സ്, കോട്ടയം, 2014.
6. രാമകൃഷ്ണൻ ഇ.വി, ദേശീയതകളും സാഹിത്യവും, ഡി.സി. ബുക്ക്‌സ്, കോട്ടയം, 2001.
7. ജയകുമാർ കെ.പി. ഹൈറേഞ്ച് അപരദേശത്തിന്റെ ഭൂപടം, ഗ്രന്ഥാലോകം, ആഗസ്റ്റ് 2015.
8. വി.ജെ. വർഗീസ്, മൈഗ്രന്റ് നരേറ്റീവ്സ്: റീഡിംഗ് ലിറ്റററി റെപ്രസസെന്റേഷൻസ് ഓഫ് ക്രിസ്ത്യൻ മൈഗ്രേഷൻ ഇൻ കേരള, 1920–70. ഇന്ത്യൻ ഇക്കണോമിക് സോഷ്യൽ ഹിസ്റ്ററി 2006; 43.


Summary: analysis of the Malabar Migration as portrayed in Malayalam literature, Vishakanyaka by S.K. Pottekkatt, Orotha by Kakkanadan, Konthala by Kalpetta Narayanan, and Karikkottakkari by Vinoy Thomas.


കെ. പി. ജയകുമാർ

ഗവേഷകൻ, എഴുത്തുകാരൻ. സിനിമയിലും സാമൂഹികശാസ്​ത്ര വിഷയങ്ങളിലും അന്വേഷണം നടത്തുന്നു. ചേർത്തല എൻ.എസ്.എസ് കോളേജിൽ മലയാള വിഭാഗം അസിസ്റ്റൻറ്​ പ്രൊഫസർ. ജാതിവ്യവസ്ഥയും മലയാള സിനിമയും, ഉടലിൽ കൊത്തിയ ചരിത്ര സ്മരണകൾ, ആ ചുവന്ന കാലത്തിന്റെ ഓർമ്മയ്ക്ക് എന്നിവ പ്രധാന പുസ്​തകങ്ങൾ.

Comments