പോണോഗ്രഫിയിലെ മലയാളി സൈക്കി

ഇന്റർനെറ്റിന്റെയും സ്മാർട്ട്‌ഫോണുകളുടെയും വരവോടെ ഇത്തരം ലൈംഗികാന്വേഷണങ്ങൾ കൂടുതൽ എളുപ്പമായി മാറിയെന്നത് കഴിഞ്ഞ ഒരു ദശാബ്ദത്തിൽ സംഭവിച്ച പ്രധാന മാറ്റമാണ്. സ്ത്രീപക്ഷ എഴുത്തുകാർ പലരും പോണോഗ്രഫിയുടെ അടിസ്ഥാനമൂല്യങ്ങൾ സ്ത്രീവിരുദ്ധതയാണെന്ന് പറയുന്നുണ്ടെങ്കിലും പുരുഷൻ മാത്രം അനുഭവിച്ചുകൊണ്ടിരുന്ന ഇത്തരം സുഖോപാധികൾ സ്ത്രീകൾക്കും സുലഭമായി എന്നുള്ളത് പ്രാധാന്യത്തോടെയാണ് കാണുന്നത്.

രുകാലത്ത് അശ്ലീലമെന്നുപറഞ്ഞ് മാറ്റിനിർത്തിയ പോണോഗ്രഫി വീഡിയോകൾ ഇന്ന് മലയാളിയുടെ നിത്യജീവിതത്തിന്റെ ഭാഗമായെന്നു പറയുന്നതിൽ തെറ്റില്ല. ലോകത്തെ ഏറ്റവും വലിയ പോണോഗ്രഫി വെബ്‌സൈറ്റായ പോൺ ഹബ് (Porn Hub) പുറത്തുവിട്ട വിവരങ്ങൾ വ്യക്തമാക്കുന്നത് കേരളത്തിലെ വലിയൊരു ശതമാനം ആളുകളും നിരന്തരം പോണോഗ്രഫി സൈറ്റുകൾ സന്ദർശിക്കുന്നവരാണ് എന്നാണ്. ഇത്തരം വെബ്‌സൈറ്റുകൾ സന്ദർശിക്കുന്നവരിൽ 71% പുരുഷന്മാരും 29% സ്ത്രീകളുമാണ്. ഇതിൽ തന്നെ 3%ത്തിൽ കൂടുതൽ ആളുകൾ 65വയസിനുമീതെ പ്രായമുള്ളവരാണ്. ഇത് ഞെട്ടിക്കുന്ന കണക്കാണെന്നും അടിയന്തര സാമൂഹ്യ ഇടപെടൽ ആവശ്യമാണെന്നുമുള്ള മുറവിളി ഒരുവശത്ത് ഉയരുന്നുമുണ്ട്. കുടുംബബന്ധങ്ങളുടെ "പവിത്രത' കളങ്കപ്പെടുത്തുന്ന ഇത്തരം വീഡിയോകൾ ഉടൻ നിരോധിക്കണമെന്നതുവരെ എത്തി ഈ വാദഗതികൾ. എന്നാൽ കേരളസമൂഹത്തിന് ഒട്ടും പുതിയതല്ല ഇത്തരം കണക്കുകൾ എന്നതാണ് വസ്തുത.

അശ്ലീലസാഹിത്യത്തിന്റെ ജനപ്രിയത

പോണോഗ്രാഫി വീഡിയോകൾ സന്തതസഹചാരിയായി മാറുന്നത് ഇന്റർനെറ്റിന്റെയും മൊബൈൽ ഫോണുകളുടെയും, പ്രത്യേകിച്ച് സ്മാർട്ട്‌ഫോണുകളുടെയും വരവോടെയാണ്. അതിനുമുമ്പ് സിഡികളുടെയും വീഡിയോ കാസറ്റുകളുടെയും രൂപത്തിലായിരുന്നു ഇത്തരം വീഡിയോകൾ പ്രചരിച്ചിരുന്നത്. എ പടങ്ങൾ, ബ്ലൂ ഫിലിമുകൾ എന്നൊക്കെ വിളിക്കാറുണ്ടായിരുന്ന സിനിമകൾ മലയാളികളുടെ ലൈംഗികചോദനകളെ ഒരുകാലഘട്ടത്തിൽ ആളിക്കത്തിച്ചിട്ടുണ്ട്. മുമ്പൊരിക്കൽ ഒരു സുഹൃത്ത് പറഞ്ഞത് ഓർക്കുന്നു, ഒരുതരത്തിൽ ഒരു എ പടം കാണാൻ മുഖത്ത് മുണ്ടിട്ട് തിയേറ്ററിൽ ചെന്നിരുന്നപ്പോഴാണ് ഞെട്ടിക്കുന്ന ആ കാഴ്ച കണ്ടത്.

പോൺഹബ് ബ്രാൻഡ് ലോഗോ

തൊട്ടുമുമ്പിലെ സീറ്റിൽ സ്വന്തം അപ്പനും ഒരു മുണ്ടിട്ടിരിക്കുന്നു. ഒടുവിൽ അപ്പൻ കാണാതിരിക്കാൻ ഇടവേള സമയത്ത് ഒരുപാട് "ചൂടേറിയ' സീനുകൾ വേണ്ടെന്നുവെച്ച് ഇറങ്ങിപ്പോയി. ഇത് ഒരു സുഹൃത്തിന്റെ മാത്രം അനുഭവമാണെന്ന് പറയാൻ വയ്യ. കുറച്ചുകൂടി പിന്നോട്ടു സഞ്ചരിച്ചാൽ, കൊച്ചുപുസ്തകങ്ങൾ, കമ്പി പുസ്തകങ്ങൾ എന്നൊക്കെ ഓമനപ്പേരിട്ടുവിളിക്കുന്ന അശ്ലീലസാഹിത്യത്തിന്റെ അനുഭവങ്ങളും കേരളീയർക്ക് പരിചിതമാണ്. ബസ്സ്റ്റാന്റുകളുടെയും റെയിൽവേ സ്റ്റേഷനുകളുടെയുമെല്ലാം കോർണറുകളിലെ പുസ്തകങ്ങൾക്കിടയിൽ ഒരുകാലഘട്ടത്തിൽ ഇത്തരം പുസ്തകങ്ങൾ സുലഭമായിരുന്നു. വാങ്ങാൻ സാമ്പത്തികശേഷിയുള്ളവർ വരികയും പെട്ടെന്ന് പുസ്തകങ്ങൾ വാങ്ങി കൊടുങ്കാറ്റുപോലെ ബാഗനുള്ളിലിട്ടു പോകുകയും വാങ്ങാൻ കഴിയാത്തവർ അവിടെയും ഇവിടെയും നിന്ന് കൊച്ചുപുസ്തകങ്ങളെ നോക്കി വെള്ളമിറക്കുന്നതും പതിവു കാഴ്ചകളായിരുന്നു. കേരളത്തിൽ എത്രയാളുകൾ കൊച്ചുപുസ്തകവും ബ്ലൂഫിലിമുകളും കണ്ടിട്ടുണ്ട് എന്നതിന്റെ കണക്കെടുക്കുകയെന്നത് ദുഷ്‌കരമായതിനാൽ ആരും അതിന് മുതിർന്നതായി കണ്ടിട്ടില്ല. അതുകൊണ്ടുതന്നെ കേരളത്തിൽ അശ്ലീലസാഹിത്യത്തിന്റെ ജനപ്രിയത കണക്കുകളിൽ വെളിവാക്കപ്പെടാതെ പോയി. എന്നാൽ ഇന്റർനെറ്റുവഴി നടത്തപ്പെടുന്ന എല്ലാ ഇടപാടും കൃത്യമായ ഡിജിറ്റൾ ഫുട്പ്രിന്റ് (Digital Footprint) ആയി അവശേഷിക്കുന്നുവെന്നുള്ളതിനാൽ എല്ലാതരം കണക്കെടുക്കലും ലളിതമായി മാറിയെന്നത് വസ്തുതയാണ്. അതുകൊണ്ടുതന്നെ പരസ്യവും രഹസ്യവുമായി നമ്മൾ പുലർത്തുന്ന രണ്ടുതരം സദാചാര ചിന്തകൾ വളരെ വ്യക്തമായ കണക്കുവിവരങ്ങളായി പുറത്തുവന്നുവെന്നുമാത്രമേയുള്ളൂ. അതുകൊണ്ടുതന്നെ ലൈംഗികതയുടെ കാര്യത്തിൽ കേരളസമൂഹം പുലർത്തുന്ന സദാചാരബോധവും അതിന്റെ അടിസ്ഥാനങ്ങളുമാണ് ചർച്ചാവിധേയമാക്കേണ്ട വസ്തുത. ഇത് കേരളത്തിന്റെ മാത്രം പ്രത്യേകതയായി കാണാൻ കഴിയുന്ന ഒന്നല്ല. ആധുനിക ഇന്ത്യയുടെ പൊതുവായ ഒരു സ്വഭാവ സവിശേഷതയായി ഇതിനെ കാണാമെങ്കിലും കേരളത്തിന്റേതായ ചില പ്രത്യേകതകൾ ഇക്കാര്യത്തിലും പ്രകടമാണ്.

നിർവിഘ്‌നമായ ലൈംഗികതയുടെ ഭൂതകാലം

ഇന്ത്യയുടെ പൊതുവായ സാംസ്‌കാര പരിസരം പരിശോധിക്കുകയാണെങ്കിൽ മറ്റുപല ഏഷ്യൻ രാജ്യങ്ങളെയും പോലെ വളരെ നിർവിഘ്‌നമായ (Unprohibited) ലൈംഗികതയുടെ ചരിത്രം പറയാനുണ്ട്. നിലവിലുള്ള പഠനങ്ങൾ സൂചിപ്പിക്കുന്നത്, ആധുനിക ഇന്ത്യയേക്കാൾ തുറന്ന മനസ്ഥിതിയായിരുന്നു ലൈംഗികതയോട് പൗരാണിക കാലഘട്ടം പുലർത്തിയിരുന്നത് എന്നതാണ്. ലൈംഗിക അടിച്ചമർത്തലുകൾ (Sexual Repressions) താരതമ്യേന കുറവായിരുന്നു എന്നു പറയാം. ഖജ്രാവോയിലെയും കൊണാർക്കിലെയും ക്ഷേത്രങ്ങളുടെ ഭിത്തിയിൽ കൊരുത്തിട്ട കാമകേളികൾ നിർവിഘ്‌നമായ ലൈംഗികതയുടെ സുഖകരമായ ഓർമപ്പെടുത്തലാണ്. ലൈംഗികതയുടെ സുഖത്തെ തപസിന്റെയോ ബ്രഹ്മചര്യത്തിന്റെയോ മീതെയോ അതല്ലെങ്കിൽ അതിനോടൊപ്പമെങ്കിലും അടയാളപ്പെടുത്തുന്നവ ആണിവ. ലൈംഗികതയുടെ ആഴത്തിലുള്ള സുഖത്തെയും സൗന്ദര്യാനുഭൂതികളെയും വിവരിക്കുന്നവയാണീ ശിൽപങ്ങൾ. ലൈംഗികതയുടെ ആർദ്രതയെയും വിനോദകരമായ വേദനിപ്പിക്കലിനെയും (Playful Aggression) ഒരുപോലെ വിശദമാക്കുന്ന കാമസൂത്ര പോലെയുളള ഗ്രന്ഥങ്ങൾ പൗരാണിക ഇന്ത്യയുടെ ലൈംഗിക ബോധങ്ങൾ വ്യക്തമാക്കുന്നതാണ്.

ഖജുരാഹോയിലെ രതിശിൽപങ്ങളിലൊന്ന്. / Photo: Wikimedia Commons

കേരളത്തിന്റെ പശ്ചാത്തലം പ്രത്യേകമായി പരിശോധിക്കുമ്പോൾ കാമസൂത്ര പോലെയോ ഖജ്രാവോയിലെയോ കൊണാർക്കിലെയോ ക്ഷേത്രശിൽപങ്ങൾ പോലെയോ എടുത്തുപറയത്തക്ക ലൈംഗിക സ്വാതന്ത്ര്യങ്ങളുടെ തുറന്ന പ്രഖ്യാപനങ്ങൾ കാണാൻ കഴിയില്ലെങ്കിലും ആധുനിക കേരളത്തേക്കാൾ തുറന്ന മനസ്ഥിതിയായിരുന്നു ലൈംഗികതയോട് പൗരാണിക കേരളം പുലർത്തിയിരുന്നത് എന്ന് പറയാൻ കഴിയും. 19ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതി വരെ ബഹുഭാര്യത്വം (Polygamy), ബഹുഭർതൃത്വം (Polyandry)ഒരു സദാചാരപ്രശ്‌നമായി കണക്കാക്കാത്ത സമൂഹമായിരുന്നു കേരളം. 20ാം നൂറ്റാണ്ടിന്റെ ആദ്യഘട്ടംവരെ ഒളിഞ്ഞും തെളിഞ്ഞും ബഹുഭാര്യത്വവും ബഹുഭർതൃത്വവും പലസമുദായങ്ങളും പിന്തുടർന്നതായി പഠനങ്ങൾ സൂചിപ്പിക്കുന്നു. മരുമക്കത്തായവും സംബന്ധവുമെല്ലാം വലിയ സദാചാരപ്രശ്‌നമായി കണക്കാക്കിയിരുന്നില്ല. ലൈംഗികമായ അടിച്ചമർത്തൽ (Sexual Repression) താരതമ്യേന കുറവായിരുന്നുവെന്നതാണ് ഇത്തരം സമ്പ്രദായങ്ങൾ വ്യക്തമാക്കുന്നത്. ലൈംഗികത സൃഷ്ടിക്കുന്ന അസൂയകളോ അക്രമോത്സുകതകളോ ലിംഗവ്യത്യാസങ്ങളോ പൂർണമായി നിലനിന്നിരുന്നില്ല എന്നല്ല ഇതിനർത്ഥം. മറിച്ച്, ലൈംഗികതയുടെ അടിച്ചമർത്തലിന് ഉപരിയായി ചില അനുരജ്ഞനകൾ സംഭവിച്ചിരുന്നുവെന്ന് പറയാൻ കഴിയും.

കേരളത്തിന്റെ ആധുനിക ലൈംഗിക വിചാരങ്ങൾ

ഏറ്റവും ആനന്ദപൂർണമായി ഒരു സമൂഹം അനുഭവിച്ചുപോന്നിരുന്ന ലൈംഗിക സ്വാതന്ത്ര്യത്തിന് 19ാം നൂറ്റാണ്ടിലും 20ാം നൂറ്റാണ്ടിലും സംഭവിച്ച വ്യതിയാനങ്ങൾ എന്തൊക്കെയായിരുന്നുവെന്നതു സംബന്ധിച്ച വ്യത്യസ്തമായ അഭിപ്രായങ്ങൾ നിലവിലുണ്ട്. ബ്രിട്ടീഷ് അധിനിവേശം അതിന് ഏറ്റവും മുഖ്യമായ കാരണങ്ങളിൽ ഒന്നാണെന്നുള്ളതിൽ ഗവേഷകരുടെ ഇടയിൽ തർക്കമില്ല. തദ്ദേശ ജന്യമായ പല സമ്പ്രദായങ്ങളും യുക്തിസഹമല്ലെന്നും സംസ്‌കാര സമ്പന്നമായ സമൂഹത്തിന് യോജിച്ചതവയല്ലെന്നുമുള്ള സംഘടിതമായ പ്രചാരണം ഈ ആശയധാരയുടെ ഭാഗമാണ്.

ബഹുഭാര്യത്വവും ബഹുഭർതൃത്വവും സംബന്ധവും മരുമക്കത്തായവുമെല്ലാം സാവധാനത്തിൽ കേരളത്തിന്റെ വിവിധ സമുദായങ്ങളിൽ നിന്ന് അപ്രത്യക്ഷമാകുന്നതിനാണ് 20ാം നൂറ്റാണ്ട് സാക്ഷ്യംവഹിച്ചത്. കെട്ടുറപ്പുള്ള സാമൂഹിക ഘടന വഴി ശരീരത്തിന്റെ മേൽ പുലർത്തുന്ന ഒരു അധീശത്വം പിന്നീട് പൂർണമായ ലൈംഗിക അടിച്ചമർത്തലിലേക്ക് നീങ്ങിയെന്നുള്ളതാണ് വാദഗതികൾ. ശരീരത്തിന്റെ മേൽ സ്ഥാപിച്ചെടുക്കേണ്ട ചിട്ടയാണ് സംസ്‌കാര സമ്പന്നമായ ഒരു സമൂഹത്തിന് വേണ്ടതെന്ന ധാരണ പൊതുവെ അംഗീകരിക്കപ്പെട്ടു.

ക്രിസ്തീയതകൾ മുമ്പോട്ടുവെച്ച സാന്മാർഗികതയെക്കുറിച്ചുള്ള പുതിയ പാഠങ്ങളും ഇത്തരത്തിലേക്കുള്ള ലൈംഗികമായ അടിച്ചമർത്തലിനുള്ള കാരണങ്ങളായി മാറി. ലൈംഗികതയിൽ അടിസ്ഥാനമാക്കിയുള്ള പാപഭാരവും പശ്ചാത്താപവും കൊണ്ടുവന്നതിൽ ക്രിസ്ത്യൻ മതത്തിനുള്ള പങ്ക് നിർണായകമാണ്. ലൈംഗിക തൃഷ്ണകളെ എതിർലിംഗത്തോട് മാത്രം തോന്നുന്ന ആകർഷണമായി (heterosexual) ചുരുക്കുന്നതിനും അതിന്റെ ശരികളെ സ്ഥാപിച്ചെടുക്കുന്നതിനുമായുള്ള സംഘടിത പ്രചാരണം വ്യക്തമായി കാണുവാൻ കഴിയും. കേരളത്തിന്റെ ആധുനിക ചിന്തയുടെ ഭാഗമായി ഉരുത്തിരിഞ്ഞുവന്ന നവോത്ഥാന പ്രസ്ഥാനങ്ങളും നിലവിലുണ്ടായിരുന്ന ലൈംഗിക ധാരണകളെ പുനർവിചാരം ചെയ്തിട്ടുണ്ട്. ലൈംഗികത നിയന്ത്രണ വിധേയമാക്കേണ്ട വികാരമാണെന്നു സ്ഥാപിക്കുന്നതിൽ നവോത്ഥാന ബോധങ്ങളും പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.

ഇടതുചിന്തകൾ

കേരളത്തിന്റെ സാമൂഹ്യ മണ്ഡലത്തെ നിർണായകമായി സ്വാധീനിച്ച ഇടതുപക്ഷ രാഷ്ട്രീയം വരെ കേരളത്തിന്റെ ലൈംഗികതയെന്ന പ്രധാന വിഷയത്തെ കാര്യമായി ശ്രദ്ധിച്ചില്ല എന്നു പറയാൻ കഴിയും. വ്യക്തിയുടെ സ്വകാര്യ ഇടപാടായി ലൈംഗിക തൃഷ്ണകളെ കരുതുകയും അതിനേക്കാൾ പ്രധാനമായി, സാമൂഹികവും സാമ്പത്തികവുമായി അനുഭവിക്കുന്ന ഉച്ഛനീചത്വങ്ങളോട് പോരാടുകയാണ് വേണ്ടതെന്നുമുള്ള ബോധം ഇടതുചിന്താഗതിയുടെ പ്രധാന അനന്തരഫലമാണ്.

വ്യക്തിയുടെ ശാരീരികമായ ആനന്ദത്തിന്റെ പ്രാധാന്യത്തിൽ നിന്ന് പൊതുവായി ശ്രദ്ധകൊടുക്കേണ്ട രാഷ്ട്രീയ സാമൂഹിക ഉത്തരവാദിത്വങ്ങളിലേക്ക് കേരള സമൂഹത്തെ നയിക്കാൻ പര്യാപ്തമായിരുന്നു ഈ ചിന്തകൾ. ചുംബനസമരം ചൂടുപിടിച്ച സമയത്ത് മുറിക്കുള്ളിൽ അടച്ചിട്ട് ചെയ്യേണ്ട കാര്യം പുറത്തു ചെയ്താൽ സമൂഹം നോക്കിയിരിക്കുകയില്ലയെന്ന തരത്തിലുള്ള വാദങ്ങൾ ഈ ചിന്താഗതിയുടെ ബാക്കിപത്രമാണ്. ഒരു നല്ല രാഷ്ട്രീയക്കാരനെയും സാമൂഹ്യ പ്രവർത്തകനെയും നിർവചിക്കുന്നതിൽ ലൈംഗികത ഒരു പ്രധാന ഘടകമായിട്ടാണ് പൊതുവായി കണക്കാക്കപ്പെടുന്നത്. ഉത്തരവാദിത്തമുള്ള ഒരു രാഷ്ട്രീയക്കാരൻ ചിട്ടയായ ജീവിതം നയിക്കുകയും സ്വന്തം കുടുംബമുണ്ടെങ്കിൽ അതിനെ ഏറ്റവും നന്നായി പരിരക്ഷിക്കുകയും ആ കുടുംബത്തിൽ നിന്നുകൊണ്ടുമാത്രം ലൈംഗികതയെ അന്വേഷിക്കേണ്ടവരും ആകുന്നു. അബദ്ധത്തിലെങ്ങാനും ഇതിലേതെങ്കിലുമൊന്ന് പിടിവിട്ടു പോയാൽ അവർ പെട്ടെന്ന് രാഷ്ട്രീയ മണ്ഡലത്തിനും പൊതുസമൂഹത്തിനും കൊള്ളരുതാത്തവരായി തീരുന്നു.

അബോധമനസ്സിന്റെ സംഘർഷം

കേരളത്തെ ലൈംഗിക ദാരിദ്ര്യത്തിന്റെയും ലൈംഗിക അടിച്ചമർത്തലിന്റെയും തരിശുഭൂമിയാക്കി മാറ്റുന്നതിൽ അധിനിവേശത്തിന്റെ മൂല്യബോധങ്ങൾക്കൊപ്പം തദ്ദേശീയമായ ആത്മീയ ചിന്തകൾക്കും രാഷ്ട്രീയ വിചാരങ്ങൾക്കും ഏകദേശം തുല്യമായ ഉത്തരവാദിത്തമാണുള്ളത്. ബോധപൂർവമായി നാം മാറ്റിനിർത്തുന്ന ലൈംഗികതയെക്കുറിച്ചുള്ള ചിന്തകൾ അബോധതലത്തിൽ സൃഷ്ടിക്കുന്ന സംഘർഷം വളരെ വലുതാണ്.

സമൂഹത്തിന്റെ അംഗീകൃതമായ ലൈംഗികവിചാരങ്ങൾക്കനുസരിച്ച് ജീവിക്കാൻ ഒരുവശത്ത് ഓരോ വ്യക്തിയും നിർബന്ധിതമാകുമ്പോൾ തന്നെ വ്യക്തിയുടെ ഉള്ളിൽ നിലനിൽക്കുന്ന ലൈംഗികതയെക്കുറിച്ചുളള വ്യത്യസ്തമായ ഭാവനകൾ അവസാനിക്കുന്നില്ല. അത് ചിറകുവിരിച്ച് പറക്കുകതന്നെ ചെയ്യും. പലപ്പോഴും യാഥാർത്ഥത്തിലെത്തിച്ചേരാൻ കഴിയാത്തത്ര അപരിഷ്‌കൃതവും വിചിത്രവുമായ ഇത്തരം ഭാവനകളാണ് മുമ്പ് പ്രതിപാദിച്ച പോണോഗ്രഫിയിലൂടെയും കൊച്ചുപുസ്തകങ്ങളിലൂടെയുമെല്ലാം നാം അന്വേഷിക്കുന്നത്. മറ്റൊരുതരത്തിൽ പറഞ്ഞാൽ നമ്മുടെ മാനസികമായ യാഥാർത്ഥ്യങ്ങളും പുറംലോകത്തിന്റെ യാഥാർത്ഥ്യങ്ങളും രണ്ടായി തുടരുന്നു. നമ്മുടെ മനോവ്യാപാരത്തിൽ സംഭവിക്കുന്ന ഒരുതരം പിളർപ്പാണിത് (split).

പോണോഗ്രഫി സൈറ്റിൽ മലയാളിക്ക് ഏറെ പ്രിയങ്കരമായ ചില ഉള്ളടക്കങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പോൺഹബ് പുറത്തുവിട്ടിരുന്നു. അതിൽ പ്രധാനമായവ മൂന്നാൾ ചേർന്നുള്ള ലൈംഗിക ബന്ധം (threesome) , കൗമാര ലൈംഗികത, സ്വവർഗാനുരാഗിയായ സ്ത്രീയുടെ ലൈംഗികത (lesbian) , ലൈംഗിക ആകർഷണമുള്ള മധ്യവയസ്‌കയായ സ്ത്രീ (MILF), വിചിത്രവും ഭ്രമാത്മകവുമായ ലൈംഗിക ചോദനകളെ പ്രകടമാക്കുന്ന ഹെന്റൈ (Hentai) തുടങ്ങിയവാണ്. ബോധപൂർവമായി കേരളസമൂഹം പൊതുവെ തുറന്ന് സംസാരിക്കാൻ വിമുഖത കാട്ടുന്ന ലൈംഗികാനുഭവങ്ങളോ കാഴ്ചകളോ ആണ് ഇത്തരം ഉള്ളടക്കങ്ങളുടെ അന്വേഷണത്തിലൂടെ വ്യക്തമാകുന്നത്. ഇന്റർനെറ്റിന്റെയും സ്മാർട്ട്‌ഫോണുകളുടെയും വരവോടെ ഇത്തരം ലൈംഗികാന്വേഷണങ്ങൾ കൂടുതൽ എളുപ്പമായി മാറിയെന്നത് കഴിഞ്ഞ ഒരു ദശാബ്ദത്തിൽ സംഭവിച്ച പ്രധാന മാറ്റമാണ്. സ്ത്രീപക്ഷ എഴുത്തുകാർ പലരും പോണോഗ്രഫിയുടെ അടിസ്ഥാനമൂല്യങ്ങൾ സ്ത്രീവിരുദ്ധതയാണെന്ന് പറയുന്നുണ്ടെങ്കിലും പുരുഷൻ മാത്രം അനുഭവിച്ചുകൊണ്ടിരുന്ന ഇത്തരം സുഖോപാധികൾ സ്ത്രീകൾക്കും സുലഭമായി എന്നുള്ളത് പ്രാധാന്യത്തോടെയാണ് കാണുന്നത്.

നിർബന്ധ പ്രേരണകൾ (Compulsion)

മലയാളിയുടെ പോണോഗ്രഫി അന്വേഷണങ്ങളിൽ നിറഞ്ഞുനിൽക്കുന്ന ചില കീവേർഡുകൾ ഇപ്രകാരമാണ്- ഇന്ത്യൻ, ഇന്ത്യൻ ഭാര്യ, ഇന്ത്യൻ ബാബി, ഇന്ത്യൻ കോളജ്, ഇന്ത്യൻ ആന്റി, ദേശി, ഇന്ത്യൻ ആക്ട്രസ്. വളരെ കൃത്യമായ ചില ലൈംഗിക ഭാവനകളെയാണ് ഇത്തരം വീഡിയോ കാണുന്നതിലൂടെ അന്വേഷിക്കുന്നതെന്ന് ഇത് വ്യക്തമാക്കുന്നു. ഒരുതരം നിർബന്ധ പ്രേരണ പോലെയാണ് ഈ അന്വേഷണങ്ങൾ നടക്കുന്നത്. അബോധമനസിന്റെ ഒരു പ്രവർത്തനമായിട്ടാണ് മനോവിശ്ലേഷകർ ഇതിനെ വിവരിക്കുന്നത്. ഒരു പ്രത്യേക ഇച്ഛാപൂർത്തീകരണമാണ് ഈ അന്വേഷണങ്ങൾക്കു പിന്നിൽ.

അബോധമനസ്സ് അന്വേഷിക്കുന്നത് വളരെ കൃത്യമായ ചില ലൈംഗിക പൂർത്തീകരണത്തിനുള്ള കാര്യങ്ങളെയാണ് (object). അതേസമയം അത് കണ്ടെത്താൻ കഴിയുന്നില്ലയെന്നതുകൊണ്ട് ഈ അന്വേഷണം അവസാനമില്ലാതെ തുടരുകയും ചെയ്യുന്നു. കാഴ്ചയിൽ മാത്രം ഒതുങ്ങി നിൽക്കുമെന്നുള്ളതുകൊണ്ടും ശാരീരികമായ ഇടപെടൽ സാധ്യമല്ല എന്നതുകൊണ്ടും വീണ്ടും വീണ്ടും കാണുന്നതിനുള്ള ആവേശമായി ഇത്തരം വീഡിയോകൾ മാറുന്നു. അനുഭവവും കാഴ്ചയും തമ്മിലുള്ളൊരു ചേർച്ചയില്ലായ്മയായി ഇത് തുടരുന്നു. ഇത്തരം വീഡിയോകൾ നൽകുന്ന പാഠങ്ങൾ ലൈംഗിക ജീവിതത്തിന്റെ ഭാഗമാക്കാൻ ശ്രമിക്കുന്നത് പലതരത്തിലുള്ള ആക്രമണോത്സുകമായ വൈകൃതങ്ങളിലേക്ക് പോകാനും സാധ്യതയുണ്ടെന്ന കാര്യത്തെ തള്ളിക്കളയാനാവില്ല.

ലൈംഗികതയിൽ ഏർപ്പെടുമ്പോൾ നമ്മൾ വീണ്ടും ശിശുക്കളായി മാറുന്നു. നമ്മൾ വിശ്വസിക്കുന്ന, നമ്മളെ കരങ്ങളാൽ താലോലിക്കുന്ന മറ്റൊരാളുടെ ശരീരത്തെ വാകൊണ്ടും ശരീരംകൊണ്ടും നമ്മൾ തേടുന്നു. നമ്മുടെ ശരീരം വാക്കുകൾക്ക് മീതെ സഞ്ചരിക്കുന്നു. ശരീരത്തിന്റെ നിയന്ത്രണങ്ങളെക്കുറിച്ച് പഠിച്ചുവെച്ച പാഠങ്ങളെല്ലാം നിഷ്പ്രഭമാകുന്നു

വലിപ്പവും ഏറ്റവും ഉദ്ധാരണശേഷിയുള്ളതുമായ ലിംഗം, ഒരു രാത്രി മുഴുവൻ നിർബാധം തുടരാൻ കഴിയുന്ന ലൈംഗികവേഴ്ച തുടങ്ങിയ ഒട്ടനവധി മോഹങ്ങളാണ് പോണോഗ്രഫി വീഡിയോകൾ നൽകുന്നത്. ലൈംഗികമായ ദാരിദ്രവും അടിച്ചമർത്തലും വളരെക്കാലമനുഭവിക്കുന്ന ഒരു സമൂഹത്തിന്റെ കയ്യിൽ വലിയ ചെലവൊന്നുമില്ലാതെ കിട്ടുന്ന ഇത്തരം താൽക്കാലിക ശമനങ്ങൾ തലമുറകളായി നമ്മൾ അനുഭവിച്ചു പോരുന്ന ലൈംഗിക അടിച്ചമർത്തലുകൾക്ക് പരിഹാരമാവില്ലയെന്ന കാര്യത്തിന് സംശയമൊന്നുമില്ല. ടെലിവിഷന്റെ മുമ്പിൽ കണ്ട വാർത്ത വീണ്ടും വീണ്ടും കണ്ട് സംതൃപ്തിയടയുകയും ഓരോ വാർത്തയെക്കുറിച്ചും കൂലംകഷമായി വിശകലനം ചെയ്യുന്നതിനുമൊപ്പം ലൈംഗികതയെക്കുറിച്ചുള്ള ചർച്ചകളും ശീലമാക്കേണ്ടതുണ്ട്. കാരണം എത്രത്തോളം ശക്തിയോടെ അടക്കി നിർത്തുമ്പോഴും അതിലേറെ ശക്തിയോടെ മനുഷ്യന്റെ മനസിനെയും ചിന്തയേയും പ്രവൃത്തികളേയും കീഴ്‌പ്പെടുത്താൻ കഴിയുന്ന വിചിത്രസ്വഭാവമുള്ള വികാരമാണ് ലൈംഗികത.

അത് ശരീരത്തിന്റെയും മനസ്സിന്റെയും ആഘോഷമാണ്. പ്രശസ്ത മനോവിശ്ലേഷകയായ സൂസൻ ജഫ്രി മനോഹരമായി അതിനെകുറിച്ച് പറഞ്ഞുവച്ചിട്ടുണ്ട്: "ലൈംഗികതയിൽ ഏർപ്പെടുമ്പോൾ നമ്മൾ വീണ്ടും ശിശുക്കളായി മാറുന്നു. നമ്മൾ വിശ്വസിക്കുന്ന, നമ്മളെ കരങ്ങളാൽ താലോലിക്കുന്ന മറ്റൊരാളുടെ ശരീരത്തെ വാകൊണ്ടും ശരീരംകൊണ്ടും നമ്മൾ തേടുന്നു. നമ്മുടെ ശരീരം വാക്കുകൾക്ക് മീതെ സഞ്ചരിക്കുന്നു. ശരീരത്തിന്റെ നിയന്ത്രണങ്ങളെക്കുറിച്ച് പഠിച്ചുവെച്ച പാഠങ്ങളെല്ലാം നിഷ്പ്രഭമാകുന്നു. ആനന്ദോന്മാദത്തിൽ പുളകിതരായി നാം നിലവിളിക്കുന്നു. സംസ്‌കാരം സഹജമായ അനുഭവങ്ങളെ തുടച്ചുമാറ്റുന്നതിനു മുമ്പ് നമ്മൾ നമ്മുടെ നൈസർഗികമായ ലോകത്തേക്ക് മടങ്ങിവന്നിരിക്കുകയാണ്.'(ജഫ്രി, 1982).

Comments