21-ാം നൂറ്റാണ്ടിലെ
ആദ്യ 25 വർഷങ്ങളിലെ
മലയാളി; ഭാഗം 20
▮
ഡേറ്റയുടെ ചിരപുരാതനത്വം നരവംശത്തിന്റെ സാമൂഹികജീവിതത്തോളം പഴക്കമുളളതാണ്. ഡേറ്റ എന്നാൽ അസംസ്കൃതവും ക്രമരഹിതവുമായ വസ്തുതകൾ, കണക്കുകൾ, നിരീക്ഷണങ്ങൾ അല്ലെങ്കിൽ ചിഹ്നങ്ങൾ എന്നിവയുടെ ശേഖരമാണ് എന്നു സാമാന്യേന നിർവചിക്കാം.
ഡേറ്റ ബഹുവചനമാണ്. ഡേറ്റയ്ക്ക് സന്ദർഭരഹിതമായൊരു നിലനില്പില്ല. അർത്ഥനിർമാണ ജീവിവംശമാണ് മനുഷ്യരെന്നതുപോലെ ഡേറ്റാ ഉത്പാദകരുമാണ് മനുഷ്യവംശം. ഭാഷയുടെ ഒരു ക്രമത്തിലാണ് ഡേറ്റയും സങ്കല്പിക്കപ്പെട്ടിരിക്കുന്നത്.
മറ്റ് ഭാഗങ്ങൾ വായിക്കാം, കേൾക്കാം
മനുഷ്യരുടെ ഡേറ്റാസംസ്കാരത്തിൽ സംഭവിച്ച വലിയ വ്യതിയാനം, ഡേറ്റാശേഖരണത്തിലും വിശകലനത്തിലും ഡിജിറ്റൽ കംപ്യൂട്ടിങ് സംഭവിപ്പിച്ച മാറ്റമാണ്. ‘ബിഗ് ഡേറ്റ’ എന്ന പ്രയോഗം തന്നെ മനുഷ്യവ്യവഹാരങ്ങളിൽ സുപ്രധാന ഇടം നേടിയിട്ട് ഇരുപതുവർഷത്തിലേറെയായിട്ടില്ല. തൊണ്ണൂറുകളിൽ ബിഗ് ഡേറ്റ എന്ന് ആദ്യമായി വിളിക്കപ്പെട്ടിരുന്നുവെന്നും അതല്ല 2010 -ലാണ് സമകാലികമായി വ്യവഹരിക്കുന്ന വിധത്തിൽ നിർവചനമുണ്ടായതെന്നും, ഗൂഗ്ൾ തിരച്ചിൽ വ്യക്തമാക്കിതരും.
ചരിത്രപരമായി സമീപിക്കുമ്പോൾ ഒരു കാര്യം നിശ്ചിതമാണ്- ഡേറ്റ ഇന്നത്തെപ്പോലെ സമൃദ്ധമായി ഒരിക്കലും ഉണ്ടായിട്ടില്ല. അവയുടെ അഭൂതപൂർവമായ അളവും തോതും ജീവിവംശചരിത്രത്തിന് ഇത്രമേൽ ആഘാതമേൽപ്പിക്കുന്ന ഘട്ടം മുൻ നൂറ്റാണ്ടുകളിൽ ഉണ്ടായിട്ടില്ല.
മുൻകാലങ്ങളിൽ, മനുഷ്യനിരീക്ഷണങ്ങളാണ് ലോകത്തിലെ സംഭവങ്ങളെ ഡേറ്റയാക്കി മാറ്റിയെങ്കിൽ, ഇന്ന്, ഡിജിറ്റൽ കമ്പ്യൂട്ടിംഗ് ശൃംഖലയിലെ മനുഷ്യേതരപ്രവർത്തനങ്ങളാണ് മെഷീൻ- റീഡബിൾ ഡേറ്റ സൃഷ്ടിക്കുന്നത്. മനുഷ്യരുടെ തനതായ മസ്തിഷ്കപ്രവർത്തനത്തിനു പുറത്താണ് വൻതോതിലുള്ള ഈ ഡേറ്റാഉല്പാദനവും ശേഖരണവും വിശകലനവും. മനുഷ്യബാഹ്യമായിരിക്കേ, നരവംശത്തിന്റെ ധിഷണയെ, വിജ്ഞാനത്തെ, സംസ്കാരത്തെ, പെരുമാറ്റത്തെ -എല്ലാം നിർണയിക്കുന്നതാവുന്നു ബിഗ് ഡേറ്റ സംസ്കാരം.
ഡേറ്റയെക്കുറിച്ചുള്ള പൊതുചർച്ച പ്രധാനമായും രണ്ട് കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു; സർക്കാർ ചാരവൃത്തിയും വാണിജ്യ ഉപയോഗവും.
ഡേറ്റയെക്കുറിച്ചുള്ള പൊതുചർച്ച പ്രധാനമായും രണ്ട് കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു; സർക്കാർ ചാരവൃത്തിയും വാണിജ്യ ഉപയോഗവും. സർക്കാർ ചാരവൃത്തി വളരെ ഗൗരവമായി ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ്. അമേരിക്കൻ സുരക്ഷാ ഏജൻസി- എൻ എസ് എ -ആഗോളീയമായി നടത്തുന്ന ഡേറ്റാചാരവൃത്തിയെപ്പറ്റി ആദ്യം ലോകത്തോട് വിളിച്ചുപറയുന്നത് എഡ്വേഡ് സ്‌നോഡനാണ്. അതിനുശേഷം ഡേറ്റാ ചോർത്തലിനെക്കുറിച്ചുള്ള അനേകം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.
ഭരണകൂടം യാതൊരു ലജ്‌ജയുമില്ലാതെ പൗരരുടെ ജീവിതത്തിലേക്ക് ഒളിച്ചുനോട്ടം നടത്തുന്നു എന്നത് അംഗീകരിക്കപ്പെട്ട യാഥാർഥ്യമാണെങ്കിലും ഭരണകൂടങ്ങൾ അത് ഏകസ്വരത്തിൽ നിഷേധിച്ചുകൊണ്ടിരിക്കുകയാണ്. ഡിജിറ്റൽ മാധ്യമങ്ങളിൽ അതിന്റെ ഉപഭോക്താക്കൾ തന്നെ ഉല്പാദിപ്പിക്കുന്ന ഡേറ്റയാണ് ടെക് കോർപറേറ്റുകൾ വ്യക്തിയുടെ തുറന്ന സമ്മതിയില്ലാതെ (open consent) ഭരണകൂടങ്ങൾക്ക് വിൽക്കുന്നത്. ഇതിനുപുറമെ സൂക്ഷ്മ ഉപാധികളിലൂടെയും പരമ്പരാഗത ചാണക്യസൂത്രങ്ങൾ ആധാരമാക്കി ഡിജിറ്റൽ നൂതനവൽക്കരണത്തിലൂടെയും പോലീസ് സൈബർ ഡ്രോമുകളിലൂടെ വ്യക്തികളെ നീരിക്ഷിക്കുന്നു.
സമകാലിക സാങ്കേതികവിദ്യകൾക്ക് അധിനിവേശസ്വഭാവം (invasive) സഹജമായതിനാൽ സൂക്ഷ്മനീരീക്ഷണം സാങ്കേതികമായി അത്രതന്നെ സങ്കീർണമല്ല. സൂക്ഷ്മനിരീക്ഷണം CCTV മാതൃകയിൽ മാത്രമല്ല ഒരു വ്യക്തിയെ ഡിജിറ്റലായി ഉല്പാദിപ്പിക്കുന്നത്. എന്തും നീരിക്ഷിച്ചുകൊണ്ടുള്ള ഡേറ്റാവൈലൻസാണ് (dataveillance) നിർവഹിക്കുന്നത്.

ഈ ഡേറ്റ അനേകം ഡേറ്റയുടെ ഭാഗമാണ്. ഇത് അൽഗോരിതമിക് യന്ത്രങ്ങൾക്ക് ഓരോ സവിശേഷ സന്ദർഭങ്ങൾക്കനുസരിച്ചും വായിക്കാനറിയാം. സംസ്കാരം ഉപരിഘടനയാണെങ്കിൽ ഡേറ്റയുടെ ഇൻഫ്രാസ്ട്രക്ചറാണ് അതിനെ താങ്ങിനിർത്തുന്നത്. വാണിജ്യഡേറ്റയുടെ കാര്യത്തിലാണെങ്കിൽ ഓരോ വ്യക്തിയും ഇതിന്റെ അനുഭവസ്ഥരാണ്. വ്യക്തിഗതവിവരങ്ങൾ മുതൽ ഓരോ വ്യക്തിയുടെയും സവിശേഷമായ സാന്ദർഭിക വിവരങ്ങൾ വരെ ഡേറ്റാഉപഭോഗവിപണയിൽ ലഭ്യമായിരിക്കും. അതായത്, തികച്ചും സ്വകാര്യമായി, അവരവരിൽനിന്നുപോലും മറച്ചുവയ്ക്കുന്ന വ്യക്തിഗത അന്ധവിശ്വാസങ്ങളുണ്ടല്ലോ, അതുപോലും ആ വ്യക്തി ഉത്പാദിപ്പിച്ച ഡേറ്റയിൽനിന്ന് മെഷീൻ വായിച്ചെടുക്കും.
‘വായിച്ചെടുക്കൽ'വിദ്യ മലയാളിക്ക് സുപരിചിതമായത്, മലയാള സാഹിത്യ നിരൂപണത്തിൽ അപനിർമാണത്തിന്റെ എൻട്രിക്കു ശേഷം, തൊണ്ണൂറുകളിൽ വി. സി. ശ്രീജൻ തുടങ്ങിവെച്ച പ്രവണതയോടെയാണ്. അപനിർമാണവുമായി വിദൂരബന്ധം മാത്രമേയുള്ളൂ എങ്കിലും അൽഗോരിതം മെഷീൻ മഹാ അപനിർമാതാവാണ്. വായിച്ചെടുക്കുക മാത്രമല്ല, വായിച്ചൊഴുക്കുകയും ചെയ്യും. ‘മരണത്തിനുശേഷം ആത്മാവുണ്ടോ’ എന്ന ആദ്ധ്യാത്‌മിക ചോദ്യത്തിന്, മരണത്തിനുശേഷവും ഡേറ്റയായി അതിന്റെ അനേക രൂപാന്തരീകരണങ്ങളായി ഉണ്മ അവശേഷിക്കുമെന്നാണ് ഡേറ്റാസംസ്കാരം വ്യക്തമാക്കുന്നത്.
യഥാർത്ഥത്തിൽ ആഗോള ടെക് അൽഗോരിതം വഴി പരുവപ്പെടുത്തിയ മനസുള്ളപ്പോൾ തന്നെ, പരമശൂന്യമായ നവോത്ഥാനതറവാടിത്ത ഭോഷത്തവുമായി നടക്കുന്നതാണ് മലയാളിയുടെ പുരോഗമനപൊതുബോധം.
മനുഷ്യന്റെ പെരുമാറ്റം പ്രവചിക്കാനും തീരുമാനമെടുക്കൽ പ്രക്രിയകളെ ഓട്ടോമേറ്റ് ചെയ്യാനുമാണ് ഡേറ്റ ഉപയുക്തമാക്കുന്നത്. സങ്കീർണ്ണവും ചലനാത്മകവുമായ യാഥാർത്ഥ്യത്തെ ഗ്രഹിക്കുന്നതിനുള്ള ‘വസ്തുനിഷ്ഠമായ' മാർഗം ഡേറ്റാവിശകലനം വാഗ്ദാനം ചെയ്യുന്നു. ഡേറ്റയെക്കുറിച്ചുള്ള സാമൂഹ്യശാസ്ത്രപരമായ പൂർവനിശ്ചിതധാരണ, ഡേറ്റ വസ്തുനിഷ്ഠമാണ് (objective) എന്നാണ്. ലാബുകളിലെന്നതുപോലെ കൃത്രിമമായി ഉല്പാദിക്കപ്പെട്ടിട്ടില്ല എന്ന ധാരണയിലാണ്, ഡേറ്റയെ വസ്തുനിഷ്ഠമായി പരിഗണിക്കുന്നത്.
ഉദാഹാരണത്തിന്, ദൃശ്യമാധ്യമങ്ങൾ നടത്തുന്ന പ്രീ- പോൾ സർവേകൾ നോക്കുക. അവരുടെ വ്യാഖ്യാനമോ അനുമാനമോ തെറ്റുന്നതുവരെ, പ്രസ്തുത വ്യാഖ്യാനത്തോട് വിയോജിക്കുമ്പോൾ പോലും, അത്തരം സാധ്യത തള്ളിക്കളയാത്തത്, ഡേറ്റയിലുള്ള സാമൂഹ്യശാസ്ത്രപരമായ പൂർവനിശ്ചിതവിശ്വാസം കൊണ്ടാണ്. ഡേറ്റ വസ്തുനിഷ്ഠമാണെന്ന അന്ധവിശ്വാസമാണ് ഇതിനു പ്രേരിപ്പിക്കുന്ന ഘടകം. വസ്തുനിഷ്ഠതയുടെ ആകർഷണീയത (lure of objectivity) സാമൂഹ്യശാസ്ത്രപരമായ ദൗർബല്യമാണ്.
വ്യാഖ്യാനം നരവംശപരമായ സർഗാത്മകതയോ ദൗർബല്യമോ ആണ്. ഡിജിറ്റൽ കംപ്യൂട്ടേഷൻ ഇതിനെ അതിവർത്തിക്കുന്നു. കാരണം, മനുഷ്യേതരമായ ഉപാധികളാണ് ഇവിടെ ഡേറ്റ ശേഖരിക്കുന്നതും അതിൽനിന്ന് അനുമാനങ്ങളിലേക്കെത്തുന്നതും. ഡേറ്റയുടെയും കംപ്യൂട്ടേഷണൽ ഉപാധികളുടെയും മനസ്സിലാക്കലിന് ആന്തരികമായി വർത്തിക്കുന്ന പക്ഷപാതം, വസ്തുനിഷ്ഠതയുടെ ആകർഷണീയതയിൽ തിരിച്ചറിയപ്പെടാതെ പോവുകയാണ്.

പ്ലാറ്റോണിക് ഡേറ്റ എന്നൊന്നില്ല. അത് നരവംശത്തിന്റെ ഭാവന മാത്രമാണ്. മനസ്സിലാക്കലിന്റെ പ്ലാറ്റോണിക് തലം (platonic realm of understanding), വ്യാഖ്യാനാത്മക ശാസ്ത്രത്തിനെതിരെ ശുദ്ധമായ ശാസ്ത്രം മനുഷ്യാതീതമായി നിലനിൽക്കുന്നുവെന്ന നരവംശബോധ്യത്തിൽ നിന്നാണ് ഉറവെടുക്കുന്നത്. നിയമവ്യവഹാരങ്ങളിലാണ് ഇത് കൂടുതൽ പ്രത്യക്ഷമായിരിക്കുന്നത്. നിയമം വസ്തുനിഷ്ഠമെന്നാണല്ലോ ധാരണ. വസ്തുനിഷ്ഠമാകുന്നതുകൊണ്ടാണ് നിയമത്തിനു മുമ്പിൽ സമന്മാരാകുന്നത്. എന്നാൽ നിയമം തന്നെ ആന്തരികമായി പക്ഷപാതപരമാണ്. എന്നാൽ പക്ഷപാതനിരപേക്ഷമാണെന്ന മുൻവിധിയുടെ അടിസ്ഥാനത്തിൽ മാത്രമേ നിയമസംവിധാനത്തിന് പ്രവർത്തിക്കാനാകൂ. അതായത്, ഒരു ഫിക്ഷന്റെ ബലത്തിലാണ് നീതിന്യായസംവിധാനം നിലനിൽക്കുന്നത്. ഇത് ഡേറ്റയുടെ കാര്യത്തിലും സമാനമാണ്.
ഡേറ്റയെക്കുറിച്ചുള്ള പൂർവകല്പിത ധാരണയാണ് പ്രവർത്തനക്ഷമമാകുന്നത്. യോസ് വാൻ-ജിക്ക് അവകാശപ്പെടുന്നതുപോലെ, ‘ആളുകളുടെ പെരുമാറ്റം ആക്‌സസ് ചെയ്യാനും മനസ്സിലാക്കാനും നിരീക്ഷിക്കാനുമുള്ള നിയമാനുസൃതമാർഗമെന്ന നിലയിൽ ഡേറ്റാഫിക്കേഷൻ (datafication) ഒരു പ്രധാന തത്വമായി മാറുകയാണ്. സാങ്കേതിക വിദഗ്ദ്ധർക്കിടയിൽ മാത്രമല്ല, മനുഷ്യപെരുമാറ്റം അന്വേഷിക്കുന്നതിനുള്ള വിപ്ലവകരമായ ഗവേഷണ അവസരമായി ഡേറ്റാഫിക്കേഷനെ കാണുന്ന പണ്ഡിതർക്കിടയിലും’.
ചില സമൂഹങ്ങൾക്ക് ഇന്റർനെറ്റ് ഒരിക്കലും സങ്കൽപ്പിക്കാത്ത അളവിൽ ഡേറ്റാപങ്കിടൽ സാധ്യമാക്കിയെങ്കിലും, ഡേറ്റാപങ്കിടലിൽ മൊത്തത്തിലുള്ള സ്വാധീനം വളരെ ചെറുതായിരുന്നു.
‘ഡേറ്റാസംസ്കാരം" (Data Culture) എന്ന പുസ്തകത്തിൽ ബിസിനസ് അനലിസ്റ്റ് അലക്സ് വേയിൽ പറയുന്നത്, ഡേറ്റ എന്നാൽ തികച്ചും വ്യക്തിഗതമായ ഒന്നായാണ് നമ്മൾ, ഉപഭോക്താക്കൾ കാണുന്നതെന്നാണ്. ബന്ധപ്പെടാനുള്ള മേൽവിലാസം, താമസിക്കുന്ന സ്ഥലം, ബയോ മെട്രിക് വിവരങ്ങൾ എന്നിവ. ഇത് തികച്ചും സ്വകാര്യമായി സൂക്ഷിക്കാൻ കരുതലെടുക്കുന്നു. യഥാർത്ഥത്തിൽ ഇത്രമേൽ സ്വകാര്യമായ വിവരങ്ങൾ തന്നെയാണ് ഡിജിറ്റൽ മാധ്യമങ്ങളിലൂടെ വിനിമയം ചെയ്യുന്നത്. ഇന്റർനെറ്റ് ഓഫ് തിങ്ങ്സ് (internet of things) വന്നതോടെ കൂടുതൽ സൂക്ഷ്മമായ വിവരങ്ങളാണ് ശൃംഖലാ സംവിധാനത്തിലൂടെ വിനിമയം ചെയ്യുന്നത്.
ബിസിനസ് കാഴ്ചപ്പാടിൽ ഡേറ്റാ സ്‌പ്രെഡ് ഷീറ്റും ഡേറ്റാബേസുമാണ് ഡേറ്റ ഉപാധികൾ. ഓരോ പ്രവർത്തനമേഖലയ്ക്കനുസരിച്ചും വ്യത്യസ്ത ഡേറ്റ ഉല്പാദിക്കപ്പെടുകയും വിനിമയം ചെയ്യപ്പെടുകയും ചെയ്യുന്നു. അനേക സ്രോതസ്സുകളിൽനിന്ന് ഉത്‌ഭവിക്കുന്ന ഡേറ്റയാണ് മെഷീൻവായനയിലൂടെ സവിശേഷഅർഥം ഉല്പാദിപ്പിക്കുന്നത്. ഇത് നരവംശസംസ്കാരത്തെക്കുറിച്ചും പ്രകൃതിയെക്കുറിച്ചും പ്രപഞ്ചത്തെക്കുറിച്ചും കൂടുതൽ അറിവ് പകരുന്നു. നരവംശപരമായ കാഴ്ചപ്പാടിൽ ഡേറ്റ സാംസ്കാരികമായ അർത്ഥം ഉൾക്കൊള്ളുന്നതാണ്.

ഡേറ്റാ വിജ്ഞാനീയം
അക്കാദമിക് ഗവേഷണമേഖലയിൽ പണ്ടേതന്നെ വളരെയധികം വിലപിടിപ്പുള്ള ചരക്കാണ് ഡേറ്റ. ഡേറ്റാമോഷണം ഗുരുതരമായ കുറ്റകൃത്യമാകുന്നത്, ഡേറ്റയുടെ സ്വരൂപണത്തിലെ സൈദ്ധാന്തികവും പ്രായോഗികവുമായ ബുദ്ധിമുട്ടുകൾ കാരണമാണ്. കഠിനാധ്വാനത്തിനുശേഷമാണ് ഡേറ്റ ലഭ്യമാകുന്നത്. ഇങ്ങനെ സ്വരൂപിക്കപ്പെട്ട ഡേറ്റ അടിച്ചുമാറ്റപ്പെടുമ്പോൾ അത് സങ്കീർണ പ്രശ്നങ്ങൾക്ക് കാരണമാകുന്നു.
ഇന്റർനെറ്റിന്റെ ആവിർഭാവം ഡേറ്റാപങ്കിടൽ എളുപ്പമാക്കി. ഇത് നമ്മുടെ ഗവേഷണരീതിയെ മാറ്റുമെന്ന പ്രതീക്ഷയുണ്ടാക്കി. ചില സമൂഹങ്ങൾക്ക് ഇന്റർനെറ്റ് ഒരിക്കലും സങ്കൽപ്പിക്കാത്ത അളവിൽ ഡേറ്റാപങ്കിടൽ സാധ്യമാക്കിയെങ്കിലും, ഡേറ്റാപങ്കിടലിൽ മൊത്തത്തിലുള്ള സ്വാധീനം വളരെ ചെറുതായിരുന്നു. അക്കാദമിക് മേഖലയിൽ തുറന്ന ഡേറ്റ എന്നത് ഒരു പ്രധാന ആവശ്യമാണ്. ഗവേഷണവിഷയങ്ങളിൽ ഡേറ്റയുടെ അസുന്തലിതാവസ്ഥ വൈജ്ഞാനികമായ അന്തരത്തിനു കാരണമാകുന്നു. തുറന്ന ഡേറ്റയെ (open data) വൈജ്ഞാനിക അസമത്വം പരിഹരിക്കാനുള്ള ഒരുപാധിയായി കാണുന്നുന്നുമുണ്ട്.
വൻകിട ഡേറ്റയുടെ വിശകലനവും ഇതുപോലെ ഗവേഷണമേഖലയിൽ വളരെ പ്രാധാന്യമുള്ളതാണ്. തോമസ് പിക്കെറ്റി കഴിഞ്ഞ മൂന്നാല് നൂറ്റാണ്ടുകളിലെ സാമ്പത്തിക അസമത്വത്തെക്കുറിച്ചു പഠിക്കാൻ ബിഗ് ഡേറ്റയുടെ കംപ്യൂട്ടേഷണൽ വിശകലനമാണ് ഉപാധിയാക്കിയത്.
ഇന്ന് AI ഉപാധികൾ ഉപയോഗപ്പെടുത്തി കൂടുതൽ കൃത്യമായ വിശകലനം നടത്താനാകുന്നു. പൊതുധനകാര്യ മാനേജ്‌മെന്റിനെക്കുറിച്ചു സാമ്പത്തിക വിദഗ്ദ്ധർ ‘വെള്ളക്കടലാസ്സ്’ (സംസ്കൃതം: ധവളപത്രം, ആംഗലത്തിൽ white paper) തയ്യാറാക്കുമ്പോൾ ലഭ്യമായ ഡേറ്റ, AI ഉപാധികളിലൂടെ കൂടുതൽ സൂക്ഷ്മ വിശകലനത്തിന് ഉപകാരപ്പെടുന്നു.
കവിത, നോവൽ പഠനങ്ങളിൽ ഡേറ്റയ്ക്ക് എന്താണ് പ്രസക്തി എന്നത് പഴയ മാനവികപഠനത്തിന്റെ സാമാന്യബോധത്തിൽ നിന്നുയരുന്ന ചോദ്യമാണ്.
UDF സർക്കാർ ഇന്നലെ നിയമസഭയിൽ അവതരിപ്പിച്ച 'വെള്ളക്കടലാസ്സ്' കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ഔദ്യോഗിക ഡേറ്റയാണ്. തികച്ചും ധനകാര്യ മാനേജ്‌മെന്റ് ആവശ്യങ്ങൾക്കാണ് ഈ ഡേറ്റ ഉപയോഗിക്കുന്നതെന്നാണ് പൊതുവെയുള്ള ധാരണ. എന്നാൽ, ഈ ഡേറ്റ ഉപയോഗിച്ച് ChatGPT പോലുള്ള AI ഉപാധികളിലൂടെ സാംസ്കാരികമായ വിനിമയങ്ങളെക്കുറിച്ചും പഠിക്കാനാകും. വൈദഗ്ദ്ധ്യമുള്ള പ്രോംപ്റ്റിലൂടെ കേരളീയരുടെ ഉപഭോഗ പെരുമാറ്റത്തെക്കുറിച്ചും സർക്കാരിന്റെ രാഷ്ട്രീയ സ്വഭാവത്തെക്കുറിച്ചും സർക്കാരുകൾ തീരുമാനമെടുക്കുന്ന രീതിയെക്കുറിച്ചും പഠിക്കാൻ ഈ സാമ്പത്തിക ഡേറ്റ ഉപകരിക്കും. ഈ ഡേറ്റ ആർക്കും ChatGPT- യിൽ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കാം. കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളെക്കുറിച്ചുള്ള അന്വേഷണങ്ങൾക്കും പബ്ലിക് ഫൈനാൻസിനെക്കുറിച്ചും ഈ ഡേറ്റയിലൂടെ എളുപ്പം മനസ്സിലാക്കാം. AI ഉപാധികളിൽ ലഭ്യമായ ഫീഡ് ചെയ്ത് ഉപയോക്താവിനാവശ്യമായ പ്രോംപ്റ്റുകൾ നൽകിയാൽ മതി. ഉത്തരം റെഡി. ലഭിച്ച ഉത്തരം സാമൂഹ്യമായി പ്രയോജനകരമാണോ എന്നു നോക്കാൻ സ്വന്തം മസ്തിഷ്ക്കത്തെ തന്നെ ആശ്രയിക്കുന്നതായിരിക്കും ഉചിതം.

പരമ്പരാഗത മാനവികപഠനത്തിന്റെ കാഴ്ചപ്പാടിൽ ഡേറ്റ വികാരരഹിതവും അർത്ഥശൂന്യവുമായ എണ്ണംപെറുക്കലുകളാണ്. വിമർശനാത്മക മാനവികപഠനം ഡേറ്റയെ ഇന്ന് അങ്ങനെയല്ല സമീപിക്കുന്നത്. വികാരം എന്നതുതന്നെ മനുഷ്യരുടെ നാഡിവ്യൂഹവ്യവസ്ഥയുടെ വീക്ഷണത്തിൽ ‘ക്വാണ്ട’ങ്ങളാണ് (quanta). അത് സൂക്ഷ്മമായി ഭേദിക്കപ്പെട്ട വിവരങ്ങളാണ്. ഇതാണ് മസ്തിഷകത്തിലെ സവിശേഷപ്രദേശങ്ങൾ വ്യാഖ്യാനിക്കുന്നത്. കണ്ണിൽ തുളുമ്പുന്ന സൗന്ദര്യം യാഥാർത്ഥത്തിൽ അനേകം വിവരങ്ങളാണ്. ഇതിനെ ‘ക്വാണ്ട’ എന്നുവിളിക്കാം. ഇതിനെ ഒരു സംയുക്തകമാക്കി ചേർത്തുകൊണ്ടാണ് മസ്തിഷ്‌കം വ്യാഖ്യാനിക്കുന്നത്. അതുകൊണ്ട് കണ്ണുകളിൽ സൗന്ദര്യമല്ല, ഏതാനും വിവരങ്ങൾ മാത്രമാണ് പതിയുന്നത്.
ഡേറ്റയുടെ അന്തിമ വിശകലനത്തിലാണ്, മസ്തിഷ്കത്തിൽ ലഭ്യമായ വിവരങ്ങൾ ചേർത്തുവെച്ച് വ്യാഖ്യാനിക്കുമ്പോൾ, സംസ്കാരം അർത്ഥത്തിന്റെ ഉത്പാദനത്തിൽ ഒരു ചേരുവയാകുന്നത്. അതുകൊണ്ടാണ് നാഡികളുടെ പുനഃക്രമീകരണത്തിലൂടെ അർത്ഥ ഉല്പാദന വ്യവസ്ഥ തന്നെ മാറ്റാം എന്ന് നാഡീവിദഗ്ദ്ധർ കണക്കാക്കുന്നത്.
സമാന പ്രതിഭാസം തന്നെയാണ് ഡിജിറ്റൽ കംപ്യൂട്ടേഷനിൽ ബിഗ് ഡേറ്റയ്ക്ക് സംഭവിക്കുന്നത്. ഡേറ്റാവിശകലനം മാനവികപഠനത്തിൽ പ്രാതിഭാസികമായ (phenomenal) മാറ്റം കൊണ്ടുവന്നിട്ടുണ്ട്. അനുഭവൈകപരമായ ഡേറ്റയുടെയും ഡേറ്റാശേഖരണത്തിനും വിശകലനത്തിനുമുള്ള ലഭ്യമായ ഉപകരണങ്ങളുടെയും വലിയ ശേഖരം അറിവ് ഉൽപാദിപ്പിക്കുന്ന രീതികളെ മാറ്റുന്നു. മാനവികപഠനത്തെ സംബന്ധിച്ച് സാങ്കേതികവിദ്യ പ്രസ്തുത പഠനമേഖലയുടെ ജ്ഞാനമണ്ഡലത്തെ നിർണായകമായ രീതിയിൽ മാറ്റിയിട്ടുണ്ട്. മാനവികപഠനത്തിന്റെ വിശേഷാൽ ജ്ഞാനം എങ്ങനെ രൂപപ്പെടുന്നു എന്നതിനെ വിമർശനാത്മകമായി അന്വേഷിക്കുക മാത്രമല്ല, പുതിയ ഡേറ്റാഉറവിടങ്ങളും സാങ്കേതികവിദ്യകളും പണ്ഡിതോചിതമായ അന്വേഷണത്തിന്റെ പുതിയ രീതികളിലൂടെ എങ്ങനെ പാഠവിശകലനങ്ങൾക്കായി ഉപയുക്തമാക്കാം എന്ന പ്രായോഗിക പര്യവേഷണവും മാനവികപഠനത്തിന്റെ ജ്ഞാനമണ്ഡലത്തെ വിപുലീകരിച്ചിട്ടുണ്ട്.
ഡിജിറ്റൽ ഹ്യൂമാനിറ്റിസ്
(digital humanities)
കവിത, നോവൽ പഠനങ്ങളിൽ ഡേറ്റയ്ക്ക് എന്താണ് പ്രസക്തി എന്നത് പഴയ മാനവികപഠനത്തിന്റെ സാമാന്യബോധത്തിൽ നിന്നുയരുന്ന ചോദ്യമാണ്. പ്രതിഭ, ശൈലീവല്ലഭത്വം, അന്തരാത്മാവിന്റെ വിളികൾ തുടങ്ങിയ മാനവികപഠനബോധ്യങ്ങളിൽ നിന്ന് മുക്തമാണെങ്കിലും സാഹിത്യപഠനം ഏറെക്കുറെ പഴയ പാഠത്തിന്റെ സമീപവായന (close reading) എന്ന അധ്യയനരീതി തന്നെയാണ് പിന്തുടരുന്നത്. കഴിഞ്ഞ നൂറ്റാണ്ടിന്റെ സാഹിത്യ ചിന്തകളിൽ ഇന്നും പരിലസിക്കുന്ന സാഹിത്യനിപുണന്മാർ ഈ പാരായണരീതിയുടെ അടിയുറച്ച വിശ്വാസികളാണ്. എന്തോ ഗർവ്വിഷ്ടമായ പ്രവർത്തനം നടത്തുന്നുവെന്ന ഭാവേന, ഒറ്റപാഠങ്ങളിൽ (single text) നിന്ന് ഗഹനമായ സാമൂഹിക ജീവിതദർശനങ്ങളാണ് എഴുത്തുകളിൽ ഇന്നും വിളമ്പുന്നത്. ഓരോ ഡേറ്റയിലും സമൃദ്ധമായ ലോകവീക്ഷണമുണ്ട്. സാഹിത്യപഠനം കംപ്യൂട്ടേഷണൽ വായന അർഹിക്കുന്നു.
AI വരുന്നതോടെ സാംസ്കാരിക പാഠങ്ങളുടെ യന്ത്രവായന വളരെ എളുപ്പമായിരിക്കുന്നു. നരവംശാർജ്ജിതമായ സർഗാത്മകത നഷ്ടപ്പെടുമോ എന്നത് നിർമിത ബുദ്ധിയെക്കുറിച്ചുള്ള സാമാന്യ ചോദ്യമാണ്.
ജോഡി അർച്ചറും മാത്യു എൽ. ജോക്കേഴ്‌സും ചേർന്നെഴുതിയ "ബെസ്റ്റ്സെല്ലർ കോഡ്" (Bestseller code, 2017) എന്ന പഠനം, ഒരു പുസ്തകം എന്തുകൊണ്ട് ബെസ്റ്റ്സെല്ലറാകുന്നുവെന്ന് അന്വേഷിക്കുന്നു. വില്പനഡേറ്റയിൽ നിന്ന് അഭിരുചിഡേറ്റയെ വേർതിരിച്ചെടുക്കുകയാണ് ഇവർ. ന്യൂയോർക്ക് ടൈംസിന്റെ 20,000 ബെസ്റ്റ് സെല്ലിംഗ് നോവലുകളെക്കുറിച്ചുള്ള ഡേറ്റ ഇവർ ടെക്സ്റ്റ്-മൈനിംഗ് (text-mining) അൽഗോരിതം ഉപയോഗപ്പെടുത്തിയാണ് വിശലകനം ചെയ്യുന്നത്.
സാഹിത്യാഭിരുചി പാവനമെന്നു കരുതുന്നവർ പ്രതിഭയുടെ മൂല്യമണ്ഡലത്തിൽ തന്നെ തുടരട്ടെ. പക്ഷെ ഇങ്ങനെ ചില അന്വേഷണ- വിശകലന രീതികൾ ഡിജിറ്റൽ ഹ്യുമാനിറ്റിസ് എന്ന മാനവികപഠനത്തിലെ നവവിജ്ഞാനശാഖ പരിചയപ്പെടുത്തിയിട്ടുണ്ട്. പരിചയപ്പെടുത്തി എന്നു ഇപ്പോൾ പറയുമ്പോൾ അതിലൊരു കാലപ്പഴക്കത്തെ ഒളിച്ചുവെയ്ക്കുന്നുണ്ട്. ഡിജിറ്റൽ ഹ്യുമാനിറ്റിസ് പഠനകേന്ദ്രങ്ങൾ പല സർവകലാശാലകളിലും ഗവേഷണ സ്ഥാപനങ്ങളിലും സ്ഥാപിതമായിട്ട് വർഷങ്ങളായി. കഴിഞ്ഞൊരു ദശാബ്ദത്തിൽ കംപ്യൂട്ടേഷനിലുണ്ടായ പരിവർത്തനങ്ങളാണ് ഇതിലേക്ക് നയിച്ചത്. ഡിജിറ്റൽ മാനവികപഠന വിജ്ഞാനീയം വിരസമായ പഠനരീതിയായും വിലയിരുത്തപ്പെട്ടിട്ടുണ്ട്. മനുഷ്യേതര (non-human) ഘടകങ്ങളാണ് ഈ പഠനത്തിൽ പ്രധാനമാകുന്നത്.

AI വരുന്നതോടെ സാംസ്കാരിക പാഠങ്ങളുടെ യന്ത്രവായന വളരെ എളുപ്പമായിരിക്കുന്നു. നരവംശാർജ്ജിതമായ സർഗാത്മകത നഷ്ടപ്പെടുമോ എന്നത് നിർമിത ബുദ്ധിയെക്കുറിച്ചുള്ള സാമാന്യ ചോദ്യമാണ്. തത്വചിന്താപരമായും പ്രായോഗികമായും ഇതൊരു വിരസ (banal) ചോദ്യമാണ്. അതീവ മുഷിപ്പൻ ചിന്ത. പഴയ ആശയവാദത്തിന്റെ കങ്കാളം ആധുനികോത്തരവേഷമിട്ടുവന്ന് നടത്തുന്ന പ്രേതഭാഷണം മാത്രം. AI- യെ സംബന്ധിച്ച കഴിഞ്ഞ നൂറ്റാണ്ടിന്റെ വ്യാകുലതകളാണ് ഇതിൽ നിഴലിക്കുന്നത്. യഥാർത്ഥത്തിൽ ‘പാരായണം’ തന്നെ മാറിപ്പോയിരിക്കുന്നു, പിന്നെയാണോ പാരായണൻ! സമീപവായന (close reading) എന്നതിൽനിന്ന് വിദൂരവായനയിലേക്ക് (distant reading) പഠനം മാറിക്കഴിഞ്ഞിട്ടുതന്നെ രണ്ടു ദശാബ്ദമായി. AI വിദൂരവായനയെ ഏതൊരാൾക്കും പ്രാപ്യമാക്കുന്നു.
ഇതൊക്കെയാണെങ്കിലും ഇന്നും കഴിഞ്ഞ നൂറ്റാണ്ടുകളിൽ പ്രണയാതുരരായ എഴുത്തുകാരുടെ ഡയറിയും കത്തുകളുമൊക്കെ വായിച്ച് ആനന്ദം കൊള്ളുന്നതിൽ തെറ്റൊന്നുമില്ല. ഈ പഴയ പാഠങ്ങളുടെ ഇ- എഡിഷനുകൾ ഇന്ന് ഇന്റർനെറ്റിൽ പൊടുന്നനെ ലഭ്യമാണ്. ഇന്റർനെറ്റിലെ ഇ -ശ്ലഥപാഠങ്ങൾ സ്വകാര്യ ഡയറിയെ ഡേറ്റയാക്കി ചുരുക്കി സംഗ്രഹിച്ചുതരും.
വിദൂരവായന, 'ഡിജിറ്റൽ ഹ്യുമാനിറ്റീസിൽ' സുപ്രധാന പാരായണരീതിയാണ്. ഇറ്റാലിയൻ മാർക്സിസ്റ്റ് നിരൂപകൻ ഫ്രാങ്കോ മൊറേറ്റിയാണ് (Franco Moretti) ഇതിന്റെ ഉപജ്ഞാതാവ്. വ്യക്തികളുടെ ഗർവിഷ്ഠതയ്ക്ക് അത്രതന്നെ പ്രാധാന്യം കൊടുക്കാത്ത ഡിജിറ്റൽ മാനവികപഠനത്തിന്റെ പരിപ്രേക്ഷ്യത്തിൽ, പഴയമട്ടിൽ 'ഉപജ്ഞാതാവ്' എന്നുപറയുന്നത് ശരിയാണോ എന്ന് സംശയമാണ്. മഹാഭാരത പഠനങ്ങൾ നോക്കുക. സൂക്തങ്കർ മുതൽ കെ. സി. നാരായണൻ വരെയുള്ളവരുടെ (അതിലും പ്രാചീനരുണ്ടെങ്കിൽ അവരും) സുപ്രസിദ്ധകൃതികളുടെ (!) പാഠങ്ങൾ ഡിജിറ്റൽവൽക്കരിച്ചിട്ടുണ്ടാകണം. ഇതെല്ലാം യന്ത്രവായനയ്ക്ക് വിധേയമാക്കിയാൽ വിസ്‌മയകരമായ വിവരങ്ങൾ ലഭ്യമാകും. അത്രതന്നെ സങ്കീർണവും ക്ലേശകരവുമായ ദൗത്യമായി ഇതിഹാസപഠനങ്ങളെ കാണണമെന്നില്ല.
ലോകരാമായണങ്ങളെ മുഴുവൻ ഏതാനും നിമിഷങ്ങളുടെ വേളയിൽ അനവധി പഠനങ്ങളുടെയും ഉപപഠനങ്ങളുടെയും ഭാഗമായി ബഹുസഹസ്രം ചോദ്യങ്ങളുടെ അടിസ്ഥാനത്തിൽ വിഭജിച്ച് പുതിയ വിവരങ്ങൾ പ്രാപ്യമാക്കാൻ കംപ്യൂട്ടേഷണൽ ഹ്യൂമാനിറ്റീസിന് കഴിയുന്നു. സാഹിത്യത്തിൽ എക്കാലത്തെയും 'കോപ്പിയടി’ ആരോപണത്തിന്റെ കാര്യത്തിലാണെങ്കിലോ?. സമകാലികമായ ഡേറ്റാവിജ്ഞാനീയത്തിന്റെ കാഴ്ചപ്പാടിൽ, കഴിഞ്ഞ നൂറ്റാണ്ടിന്റെ സാഹിത്യ ഭാവുകത്വഭാസുരന്മാരായ വരിഷ്ഠ നിരൂപകരുടെ അഭിപ്രായങ്ങൾക്ക് തെല്ലും വിലയില്ലപോൽ. അവരുടെ ഭാവുകത്വനിദർശനങ്ങളെ പഴിക്കുന്നില്ല, കാരണം, അവരുടെ അന്തരാത്മാവിന്റെ പ്രചോദനത്താൽ തീർപ്പാക്കപ്പെട്ട സാഹിത്യ സമ്മതികൾ (consent) നിർമ്മിതമാണെന്നാണ് ഡേറ്റ വെളിപ്പെടുത്തുക.

ഏതായാലും അന്തരാത്മാവിനെ നോവിക്കുന്നതാകയാൽ യന്ത്രവായന മനുഷ്യത്വമില്ലാത്തതാണെന്നു തീർച്ച. ഡേറ്റാ വിജ്ഞാനീയം കിറുകൃത്യം പഠനാന്തരബന്ധവും അകൽച്ചയും വസ്തുതകളും പുറത്തുകൊണ്ടുവരും. ഡേറ്റ പക്ഷപാതരഹിതമാണെന്നൊരു വാദമില്ല എന്നും സൂചിപ്പിക്കട്ടെ. എങ്കിലും സാഹിത്യത്തിന്റെ സൗന്ദര്യശാസ്ത്രചിന്തനത്തിന്റെ ദീർഘായുസ്സിനുവേണ്ടി പ്രതിഭ, അന്തരാത്മാവ് തുടങ്ങിയ മനോലീലകളിൽ വിഭ്രമിക്കുന്ന പഴയശീലങ്ങൾ തുടരുന്നതുതന്നെയാണ് നല്ലത്. സാഹിത്യസ്ഥാപനം നിലനിന്നുപോകാൻ സൗന്ദര്യശാസ്ത്രം, പ്രതിഭ തുടങ്ങിയ ഉഡായിപ്പുകൾ ആവശ്യമാണ്. സാഹിത്യസ്ഥാപനങ്ങൾ ഒരു വിപണി-വരുമാന സ്രോതസ്സായിരിക്കെ അതിന്റെ പാവനത്വം ഡേറ്റയാൽ ദംശിക്കപ്പെടേണ്ടതില്ല. എങ്കിലും കംപ്യൂട്ടേഷണൽ പഠനരീതികൾ ഏവർക്കും ലഭ്യമാണ് എന്നതാണ് വസ്തുത.
വിദൂരവായന സംസ്കാരത്തെക്കുറിച്ചുള്ള അന്വേഷണങ്ങൾക്ക് കൂടുതൽ തെളിച്ചം നൽകുന്നുണ്ട്. വിദൂരവായനയുടെ സാധ്യതകളെ വിശദീകരിച്ച് ഫ്രാങ്കോ മൊറേറ്റി പറയുന്നത്, ഡേറ്റാ അധിഷ്ഠിത പഠനരീതികൾ സാമൂഹ്യശാസ്ത്ര പഠനത്തിൽ വളരെ മുമ്പേ അവലംബിതമാണ് എന്നാണ്. ദീർഘകാല ചരിത്രപഠനങ്ങളുടെ ഭാഗമായി അന്നലൈസ് (Annales) സ്കൂൾ ഇത്, ചരിത്രപഠനത്തിലെ ഒരു രീതിശാസ്ത്രമായി വികസിപ്പിച്ചിട്ടുണ്ട്. തോമസ് പിക്കെറ്റി അസമത്വത്തിന്റെ ചരിത്രം അന്വേഷിക്കുന്നത് ഈ രീതിശാസ്ത്രം പിൻപറ്റിതന്നെയാണ്. 2013-ൽ പ്രസിദ്ധീകൃതമായ ഫ്രാങ്കോ മൊറേറ്റിയുടെ The Bourgeois: Between History and Literature ഈ ദിശയിലുള്ള സുപ്രധാന പഠനമാണ്. ഫ്രാങ്കോ മൊറേറ്റി ഡിജിറ്റൽ ഹ്യൂമാനിറ്റിസിനെക്കുറിച്ച് വിശദീകരിക്കുന്നത് ഇപ്രകാരമാണ്:
‘‘എന്റെ പ്രവർത്തനത്തിലെ ഒരു പ്രധാന വശത്തെയും ഒരു പ്രധാന മാതൃകയെയും ക്വാണ്ടിറ്റേറ്റീവ് (Quantitative) പ്രതിഫലിപ്പിക്കുന്നു. കാരണം, സാമൂഹിക ചരിത്രത്തിൽ ക്വാണ്ടിറ്റേറ്റീവ് സിദ്ധാന്തം വലിയ അളവിൽ അവതരിപ്പിച്ച അന്നലെസ് സ്കൂൾ ഒരു പ്രത്യേക ഘട്ടത്തിൽ എന്നെ വളരെയധികം സ്വാധീനിച്ചു.“ക്വാണ്ടിറ്റേറ്റീവ്” പൂർണ്ണമായും നിലനിൽക്കുന്നു. “കമ്പ്യൂട്ടേഷണൽ” മറ്റൊരു മാനം ചേർക്കുന്നു. വലിയ ആർക്കൈവുകളുടെ മാനം മാത്രമല്ല, ഡേറ്റ ക്രമീകരിക്കാൻ കഴിയുന്ന അൽഗോരിതങ്ങളുടെയും മാനം ഇത് ചേർക്കുന്നു. ഡിജിറ്റൽ ഹ്യുമാനിറ്റീസ് എന്നത് ഒരു ഫോർമുല മാത്രമാണ്."
സർവ മലയാളികളും ഇന്ത്യക്കാരെപോലെ ആധാർ ഡേറ്റാബേസിലേക്ക് ആഗിരണം ചെയ്യപ്പെട്ടപ്പോഴാണ്, തന്റെ തിരിച്ചറിയൽശേഷിയും ഒരു ഡേറ്റയാണെന്ന് തിരിച്ചറിഞ്ഞത്.
കംപ്യൂട്ടേഷണൽ മാനവികപഠനം ശൈലിയുടെ രൂപീകരണത്തെക്കുറിച്ചും അത് വ്യവസ്ഥപ്പെടുന്നതിനെക്കുറിച്ചും കൂടുതൽ വ്യക്തത നൽകുന്ന പഠനങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. കുറ്റാന്വേഷണസാഹിത്യം എങ്ങനെ പത്തൊൻപതാം നൂറ്റാണ്ടിൽ ഒരു സാഹിത്യശാഖയായി രൂപപ്പെട്ടു എന്നതിനെക്കുറിച്ച് വിശദപഠനമുണ്ട്. ഒരു വ്യക്തിക്കു വായിക്കാൻ കഴിയുന്ന ഏതാനും ചില ഗ്രന്ഥങ്ങളെ മുൻനിർത്തിയാണ് സാംസ്കാരിക തീർപ്പുകളിൽ അവരെത്തുന്നത്.
ഒരു വർഷം മലയാളത്തിൽ 200 നോവലുകൾ പ്രസിദ്ധീകരിക്കുന്നുണ്ടെന്നു കരുതുക (ചിലപ്പോൾ കൂടുതലുമുണ്ടാകാം). ഇതിൽ ‘ഭാഷാപണ്ഡിറ്റ് നിരൂപകൻ’ വായിക്കുന്നത് പത്തെണ്ണമായിരിക്കും, അല്ലെങ്കിൽ, അമ്പതെണ്ണം. ഇതിൽനിന്ന് ‘പണ്ഡിറ്റി’ന് എന്ത് അനുമാനത്തിലാണ് എത്തിച്ചേരാനാകുക?.
വായിക്കപ്പെടാത്ത രചനകളെ ഫ്രാങ്കോ മൊറേറ്റി വിളിക്കുന്നത് ‘Great Unread’ എന്നാണ്. സാഹിത്യപഠനത്തിലെ Cannon രൂപീകരണവും ഇതുപോലെ ഒരു വലിയ ഒഴിവാക്കലിന്റെ (exclusion) പരിണിതഫലമാണ്. അക്കാദമിക് പക്ഷപാതപരമായ അഭിരുചിയുടെ അടിസ്ഥാനത്തിൽ അടുക്കിവെച്ചിരിക്കുന്ന പാഠങ്ങളാണുപോലും സംസ്കാരത്തിന്റെ അളവുകോൽ. ഡേറ്റാവിജ്ഞാനീയം ഇതിനെ ഉടച്ചുവാർക്കുന്നു. ഡേറ്റാസംസ്കാരം മാനവികപഠനത്തിന് പഴയ സാഹിത്യവരേണ്യശുംഭത്വത്തിൽനിന്ന് മുക്തി നൽകുകയാണ്.
മലയാളികളുടെ
ഡേറ്റാസംസ്കാരം
സർവ മലയാളികളും ഇന്ത്യക്കാരെപോലെ ആധാർ ഡേറ്റാബേസിലേക്ക് ആഗിരണം ചെയ്യപ്പെട്ടപ്പോഴാണ്, തന്റെ തിരിച്ചറിയൽശേഷിയും ഒരു ഡേറ്റയാണെന്ന് തിരിച്ചറിഞ്ഞത്. ഡേറ്റാപൗരരുടെ ഉദയമായിരുന്നു നന്ദൻ നിലക്കേനിയുടെ ആധാർ തിരിയച്ചറിയൽ കാർഡ്. സ്വകാര്യത മൗലികാവകാശമാണ്, ആർട്ടിക്കിൾ- 21 ന്റെ ഭാഗമാണ്, എന്നു പ്രഖ്യാപിച്ച സുപ്രീംകോടതി വിധിക്ക് കാരണമായതും ആധാർ സംരംഭമാണ്. വിരോധാഭാസമെന്തെന്നാൽ, സുപ്രീംകോടതിയുടെ ഈ പ്രഖ്യാതവിധിക്കുശേഷമാണ് സോഷ്യൽ മീഡിയ അക്കൗണ്ട് തുടങ്ങാൻ വരെ ആധാർ ലിങ്ക് ചെയ്യേണ്ട സ്ഥിതിയുണ്ടായത്. ആധാർ ഡേറ്റാബേസ് സുരക്ഷിതമല്ലെന്ന വാദമുണ്ട്. ആധാർ ഡേറ്റ ചോർന്നതിനെക്കുറിച്ചുള്ള വാർത്തകൾ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കാറുമുണ്ട്. ആധാർ ഡേറ്റാബേസ് മാത്രമല്ല, റെമിറ്റൻസ് സമ്പദ് വ്യവസ്ഥയുടെ (remittance) ഗുണഭോക്താക്കളായ മലയാളികൾ ബാങ്ക് അക്കൗണ്ട് തുടങ്ങുമ്പോഴും പാസ് ബുക്ക് പുതുക്കുന്തോറും KYC ഡേറ്റാ ബേസിലേക്ക് വിവരങ്ങൾ കുന്നുകൂട്ടുകയാണ് എന്ന് ഏതൊരു ഉപഭോക്താവിനും അറിയാം. ATM കൗണ്ടറുകളിൽ വളരെ കൂളായാണ് നമ്മൾ 'പിൻ' നൽകി പണം പിൻവലിക്കുന്നത്. യന്ത്രവും ഡേറ്റാബേസും വ്യക്തിഗത ഡേറ്റയെല്ലാം നമുക്ക് നിസ്സാരമായ വിജ്ഞാനമാണ്. മലയാളിക്ക് ഡേറ്റാ അപരിചിത്വമില്ലാത്തതിനു കാരണം ബാങ്കിങ് ഇടപെടുകളും ശക്തമായ പൊതുവിതരണസമ്പ്രദായവുമാണ്. ഡേറ്റാ ഉപയോഗവുമായി ബന്ധപ്പെട്ട ഏതൊരു പ്രക്രിയയോടും സാങ്കേതിക ഉപാധിയോടും മലയാളികൾ അകലം പാലിക്കാറില്ല. ഇതിന്റെ മറുവശമാണ് ഡേറ്റയുടെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയം. പണ്ഡിതമാന്യനായ വാണിജ്യശാസ്ത്രവിദഗദ്ധൻ പോലും ഡേറ്റയിലുള്ള അപാരമായ വിശ്വാസത്താലോ ജ്ഞാനത്താലോ ഒ.ടി.പി കൈമാറാൻ മടിക്കില്ല.
ഡേറ്റയുടെ മായികലോകത്തിൽ മതിഭ്രമിക്കുന്നവർ സാധാരണഗതിയിൽ പ്രത്യയശാസ്ത്രാധിഷ്ഠിത സാമൂഹ്യശാസ്ത്ര പഠിതാക്കളാണ് (ideological social science). എംപിരിക്കൽ ശാസ്ത്രത്തോട് അടുപ്പം കാണിക്കുന്നതുകൊണ്ട് കൂടുതൽ വസ്തുനിഷ്ഠമാണ് തങ്ങളുടെ വെളിപാടുകൾ എന്ന് മലയാളി സാമൂഹ്യശാസ്ത്രജ്ഞർ കരുതുന്നു. മാനവിക വ്യാഖ്യാനാത്മക പഠനരീതികളെക്കാൾ വിശ്വാസജന്യമാണ് ഇതെന്ന തെറ്റിദ്ധാരണ മൂലമോ അല്ലെങ്കിൽ തങ്ങളുടെ സദസ്സിനെ തെറ്റിദ്ധരിപ്പിക്കാമെന്നോ കരുതിയാണ് എംപിരിക്കൽ ഡേറ്റാശാസ്ത്രത്തിൽ വലിയ വിശ്വാസവും മതിപ്പും കാണിക്കുന്നത്.

കേരളത്തിലെ മാധ്യമങ്ങളിൽ ചിലതും വിശ്വാസമുറപ്പിക്കാനായി ഇത്തരം എംപിരിക്കൽ ചെപ്പടിവിദ്യകൾ ഉപയോഗിക്കുന്നതു കാണാം. കറക്കിക്കുത്തുന്നത് കാരുണ്യലോട്ടറിയെ പോലെയെങ്ങാനും ശരിയായി വന്നാൽ സത്യത്തിന്റെ ഉടമ തങ്ങളാകുമല്ലോ എന്ന അഭിലാഷവും, ഈ കൃത്രിമ ഡേറ്റാനിർമിതി ഒരു പബ്ലിക് റിലേഷൻസ് ഉപാധിയാക്കാമെന്ന വ്യാമോഹത്തിനു കാരണമാണ്. ‘ഡേറ്റയിലാണ് വിശ്വാസം, കീശയിലാണ് ആശ്വാസം’ എന്ന്, പബ്ലിക് റിലേഷൻസ് ഉപജീവിതമാർഗമാക്കിയ ജേണലിസ്റ്റുകൾ ഡേറ്റാഅധിഷ്ഠിത നീരിക്ഷണങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നത് ഈയടിസ്ഥാനത്തിലാകണം.
കണക്കുനോക്കിയാൽ ലോട്ടറിയേക്കാൾ കഷ്ടമാണ് സ്കോർ. ഒരു അര തവണ പോലും ശരിയാകാഞ്ഞിട്ടും, ഡേറ്റയുടെ പിൻബലമില്ലാതെ വായ്ത്താരിയില്ല എന്നാണ് മാധ്യമപ്രവർത്തകരുടെ പ്രമാണം. ഡേറ്റയുടെ പെരുപ്പിച്ച കണക്കും വ്യക്തിഗതമായ തന്റെ വിശ്വാസവർധനയ്ക്ക് അടിയാധാരമാണ് എന്നു വിശ്വസിക്കുന്ന രാഷ്ട്രീയക്കാരും ഈ ഭൂമിമലയാളത്തിലുണ്ട്.
കേരളത്തിൽ ഇടതുപക്ഷ പൊതുബോധം നിർമിത ഡേറ്റയിൽ അഭിരമിക്കമ്പോൾ, സാഹിത്യവ്യാഖ്യാനങ്ങളുടെ അപ്രമാദിത്വമുള്ളതുകൊണ്ടാകാം, മുഖ്യധാരാ ബുദ്ധിജീവികൾ ഡേറ്റയോട് വലിയ അനുരഞ്ജനം പ്രകടമാക്കാറില്ല. കേരളത്തിന്റെ പൈതൃകബുദ്ധിജീവികളെല്ലാം താനെന്ന ഡേറ്റാവിരുദ്ധമായ കാവ്യബോധത്തിന്റെ വക്താക്കളാണ്. കാവ്യശില്പത്തിൽ രാഷ്ട്രീയ വിമർശനം നടത്തിയാൽ സാംസ്കാരിക അംഗീകാരം ഉടനടിയാണ്. അക്കാദമികളും ലിറ്റററി ഫെസ്റ്റിവലും വിളിച്ചാദരിക്കും. കാവ്യഅലങ്കാരം കൂടുതൽ കാല്പനികവും അതിലേറെ പൈങ്കിളിയുമായാൽ, കേരളത്തിൽ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വം വരെ ഉറപ്പാണ്. ഡേറ്റാവിരുദ്ധമായ കാവ്യസാമൂഹ്യശാസ്ത്രം ഭരിക്കുന്ന മണ്ഡലമാണ് പരിസ്ഥിതിവാദം, സ്ത്രീവാദം എന്നിവ. ശാസ്ത്രസാഹിത്യ പരിഷത്താണ് ഇതിനെ രണ്ടിനെയും മേളനം ചെയ്യാൻ ശ്രമിച്ചൊരു വിഭാഗം. പക്ഷെ മേളനം വേണ്ടപോലെ പരിപാകമാകാത്തതു കൊണ്ടാകണം, പരിഷത്ത് വ്യവഹാരം പരിമിതമായ മണ്ഡലങ്ങളിൽ മാത്രമേ ഗണ്യമായ സ്വാധീനമായുളളൂ.
ഉപഭോഗസമൂഹമായി മലയാളികൾ ആഗോള ഡേറ്റാകൃഷിയിലേക്ക് (data farming) വൻസംഭാവന നൽകുന്നവരാണ്. ഡിജിറ്റൽ വാണിജ്യത്തിന്റെയും ഏറ്റവും നല്ല ഉപഭോക്താക്കൾ മലയാളി മധ്യവർഗമാകണം.
കേരളത്തിന്റെ ബൗദ്ധികമണ്ഡലത്തിൽ കാലങ്ങളായി ഡേറ്റാവിജ്ഞാനീയവും കാവ്യഭാവനയും തമ്മിൽ നിതാന്തസംഘർഷത്തിലാണ്. ബൗദ്ധികവ്യവഹാരങ്ങളിൽ ഡേറ്റാവാദികൾ പൊതുവെ സൈദ്ധാന്തികമായി പിന്നാക്കമായതിനാൽ സൈദ്ധാന്തിക അപ്‍ഡേഷനു മുൻതൂക്കം കൊടുക്കുന്ന കാവ്യഭാവനക്കാർക്കാണ് അപ്രമാദിത്വം. വാസ്തവത്തിൽ ഡേറ്റാവാദികൾക്കാണ് പ്രവചനശേഷി അവകാശപ്പെടാൻ പറ്റുക. എന്നാൽ ഭാവനാസമ്പന്നമായ മലയാളത്തിലെ മാനവികവിജ്ഞാനീയർ ഒരിഞ്ചുപോലും വിട്ടുകൊടുക്കില്ല- ഭാവനാത്മക പ്രവചനങ്ങളിൽ അഗ്രഗാമികൾ കാവ്യഭാവനക്കാരാണല്ലോ എന്നാണ്.
എംപിരിക്കൽ ഡേറ്റയുടെ കാര്യമാണ് മേല്പറഞ്ഞത്, എന്നാൽ ഡിജിറ്റൽ മാധ്യമങ്ങളിലൂടെ വിനിമയം ചെയ്യപ്പെടുന്ന അൽഗോരിതഡേറ്റയുടെ പ്രലോഭനങ്ങൾ മലയാളിക്ക് തടുക്കാൻ പറ്റുന്നതല്ല. ഉപഭോഗസമൂഹമായി മലയാളികൾ ആഗോള ഡേറ്റാകൃഷിയിലേക്ക് (data farming) വൻസംഭാവന നൽകുന്നവരാണ്. ഡിജിറ്റൽ വാണിജ്യത്തിന്റെയും ഏറ്റവും നല്ല ഉപഭോക്താക്കൾ മലയാളി മധ്യവർഗമാകണം.

ഡേറ്റ അനുനിമിഷം സപ്ലൈ ചെയ്ത് വൻകിട ടെക് കമ്പനികളുടെ അൽഗോരിതമിക് കുതന്ത്രങ്ങളിൽ സ്വയം തലവെച്ചുകൊടുക്കുന്നത് ഡിജിറ്റൽ മലയാളിയുടെ ശീലമാണ്. തങ്ങൾ ഉത്പാദിപ്പിക്കുകയും ഉപഭോഗം ചെയ്യുകയും ചെയ്യുന്ന ഡേറ്റയാണ് സാമൂഹ്യബോധത്തെ നിർണയിക്കുന്നതെന്നു തിരിച്ചറിയാതെയോ തിരിച്ചറിഞ്ഞോ പെരുമാറുമ്പോഴും, കേരളത്തിന്റെ നവോത്ഥാനപൈതൃകത്തിന്റെ ഏറ്റവും നല്ല അനുകർത്താക്കൾ എന്ന മട്ടിലാണ് ഡിജിറ്റൽ മാധ്യമങ്ങളിലെ പ്രകടനപരത.
യഥാർത്ഥത്തിൽ ആഗോള ടെക് അൽഗോരിതം വഴി പരുവപ്പെടുത്തിയ മനസുള്ളപ്പോൾ തന്നെ, പരമശൂന്യമായ നവോത്ഥാനതറവാടിത്ത ഭോഷത്തവുമായി നടക്കുന്നതാണ് മലയാളിയുടെ പുരോഗമനപൊതുബോധം. എങ്കിലും ഫാഷിസത്തെ പ്രതിരോധിക്കുന്നുണ്ടല്ലോ എന്നാണ് മറുവാദം. അത് ശരിയാണ്. ഉത്തരേന്ത്യൻ ഹിന്ദുത്വത്തിനു നേരിട്ടോ പരകായപ്രവേശത്തിനോ ബുദ്ധിമുട്ടേറെയാണ്. അങ്ങനെയാണെങ്കിലും, പുരോഗമന തറവാടിത്ത അൽഗോരിതത്തിലുമുണ്ട്, ആവോളം മൂർച്ചയുള്ള അപരത്വഡേറ്റ. അത് ചില ഘട്ടങ്ങളിലേ ദംഷ്ട്ര നീട്ടാറുള്ളൂ എന്നുമാത്രം.
(അവസാനിക്കുന്നില്ല)
