21-ാം നൂറ്റാണ്ടിലെ
ആദ്യ 25 വർഷങ്ങളിലെ
മലയാളി; ഭാഗം 12
▮
ലജ്ജ അല്ലെങ്കിൽ നാണക്കേട് എന്നാണ് Shame എന്ന ഇംഗ്ലീഷ് വാക്കിന്റെ മലയാള സമാനപദം. ഒരാൾ ചെയ്യുന്ന പ്രവൃത്തി പൊതുഹിതകരമല്ല എങ്കിലാണ് അത് ലജ്ജാകരമാകുന്നത്. അറിവിന്റെ ഫലം ഭക്ഷിച്ച ആദത്തിനും ഹവ്വയ്ക്കും ലജ്ജനുഭവപ്പെട്ടത്, സൃഷ്ടികർത്താവിനു നിരക്കാത്തതെന്തോ തങ്ങളുടെ ശരീരം സൃഷ്ടിക്കുന്നു എന്നതിനാലാണല്ലോ.
ഒരു പ്രവൃത്തിയെ ലജ്ജാകരമെന്നു വിളിക്കുന്നത് സാമൂഹ്യപരമായ അവഹേളനത്തെ ഉദ്ദേശിച്ചാണ്. ചരിത്രപരവും സാംസ്കാരികവുമായ നിഹിതാർത്ഥങ്ങളുള്ളതാണ് ലജ്ജ. സാമൂഹികമായ നിന്ദാസൂചനകൂടിയാണ് ലജ്ജ അല്ലെങ്കിൽ നാണക്കേട്. വിവസ്ത്രമാകുന്നതും ലജ്ജാകരമായ പ്രവൃത്തിയാകുന്നതും ശരീരം മറച്ചുവെയ്ക്കപ്പെടേണ്ടതാണ് എന്ന സാംസ്കാരിക ബോധത്തിൽനിന്നാണ്. ശരീരാസ്പദമാണ് ലജ്‌ജയും മറച്ചുവെയ്ക്കലും. മറച്ചുവെയ്ക്കുന്നതെന്തോ അതാണ് ലജ്ജയ്ക്ക് കാരണമാകുന്നത്.
എന്നാൽ, ശരീരം ഓരോ വ്യക്തിയുടെയും സ്വച്ഛന്ദഭൂമികയാണെന്ന മനുഷ്യാവകാശപരമായ തിരിച്ചറിവാണ്, ശരീരം ഓരോ വ്യക്തിയുടെയും സ്വകാര്യതയാണ് എന്ന ബോധ്യമായി മാറുന്നത്. സ്വശരീരം സ്വച്ഛന്ദമാണെന്ന ബോധ്യമാണ് ശരീരത്തെപ്രതി സ്വകാര്യതയെ ഭഞ്ജിക്കുന്ന ഏതൊരു നോട്ടമോ പരാമർശമോ ലംഘനമോ അധിനിവേശമാകുന്നതിന് അടിസ്ഥാനം. സ്വച്ഛന്ദമായ ഒരാളുടെ ശരീരത്തെക്കുറിച്ചുള്ള അയാൾക്ക് ഹിതകരമല്ലാത്ത ഏതൊരു നോട്ടവും പരാമർശവും ശരീരലംഘനത്തിന്റെ അതേ നിലയുള്ള നിന്ദയാകുന്നു. ശരീരത്തെ അധിക്ഷേപിക്കുകയെന്നാൽ ശരീരത്തിനെതിരെയുള ലംഘനമാകുന്നു. ശരീരലംഘനാപരാമർശങ്ങളെ ശരീരനിന്ദയായി മനസിലാക്കപ്പെടുന്നു.
ശരീരനിന്ദയുടെ സാമൂഹികസമ്മതി ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നുവെന്നു മാത്രമല്ല സാമൂഹ്യകുറ്റകൃത്യവുമായി ഇന്നു മനസിലാക്കപ്പെടുന്നു.
ആത്മാവിന്റെ നിന്ദ പണ്ടേ നിയമലംഘനത്തിന്റെ പരിധികളിൽ വന്നിരുന്നു. വ്യക്തിഹത്യയും തേജോവധവും അംഗീകൃത സാമൂഹ്യ കുറ്റകൃത്യങ്ങളാണ്. തേജസ്സും വ്യക്തിത്വവും സമൂഹം പൂർവകല്പിതമായി വ്യക്തികളുടെ അംഗീകാരവും അവകാശവുമായി കണക്കാക്കുന്നു. തനിക്കെതിരെ വ്യക്തിത്വലംഘനങ്ങൾക്ക് പ്രതിവിധി നിയമപരമായി തേടാൻ പറ്റും. അപ്പോഴും ആത്മാവിന്റെ തേജസ്സിനോളം മിഴിവ് ശരീരത്തിനില്ല. ഒരാൾ അഴിമതിക്കരാണെന്നോ സ്വജനപക്ഷപാതിയെന്നോ ആരോപിക്കപ്പെടുന്നത് നിന്ദയാണെങ്കിൽ അതേ വ്യക്തിയുടെ സംസാരത്തിന്റെയോ ശരീരത്തിന്റെയോ ദൗർബല്യങ്ങൾ നിന്ദിക്കപ്പെടുന്നത്, സാമൂഹ്യമായ ലംഘനമല്ലെന്നു മാത്രമല്ല, ഒരാളുടെ വ്യക്തിത്വസൂചനയായി ഇതിനെ പ്രതിപാദിക്കുന്നതിൽ തെറ്റില്ലെന്നുമാണ്, സഹസ്രാബ്ദങ്ങൾ പഴക്കമുള്ള ശരീരനിന്ദയുടെ സാമൂഹ്യലംഘനത്തിനുള്ള സാമൂഹികസമ്മതി. ഇത് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നുവെന്നു മാത്രമല്ല സാമൂഹ്യകുറ്റകൃത്യവുമായി ഇന്നു മനസിലാക്കപ്പെടുന്നു. ഇതൊരു പുതിയ കാലത്തെ രാഷ്ട്രീയവും സാമൂഹ്യ ഭാവുകത്വപരവുമായ മാറ്റമാണ്.

ബോഡി ഷേമിങ് അഥവാ ശരീരനിന്ദ സാമൂഹ്യമായ കുറ്റകൃത്യമാണെന്ന് ലോകവും മലയാളികളും മനസ്സിലാക്കി തുടങ്ങിയിട്ട് പക്ഷെ അധികകാലമായിട്ടില്ല. നിർവചനമനുസരിച്ച് ശരീരനിന്ദ എന്നത്, ശാരീരികമായ ദൗർബല്യങ്ങളെയോ അപൂർണതകളെയോ വിമർശിക്കുന്നതോ പരിഹസിക്കുന്നതോ ആയ പരാമർശങ്ങളാണ്. മറ്റൊരാളുടെ പ്രവൃത്തിയെയോ പെരുമാറ്റത്തെയോ അവഹേളിക്കാൻ ശരീരത്തെക്കുറിച്ച് നിന്ദയോടെ സംസാരിക്കുന്നതും ബോഡി ഷേമിങ്ങാകുന്നു. വളരെ ബോധപൂർവമായ ശരീരനിന്ദയായാലും അല്ലെങ്കിൽ ആനുഷംഗികമായ പരാമർശങ്ങളിലൂടെ ആക്ഷേപിക്കുന്നതായാലും ശരീരനിന്ദ തന്നെയാണ്.
അമിതവണ്ണം പലപ്പോഴും ആക്ഷേപത്തിനു കാരണമാകുന്നു. അമിതം എന്ന വാക്ക് തന്നെ സാംസ്കാരികമായി എത്ര അനുയോജ്യമാകുമെന്ന് വ്യക്തമല്ല. എങ്കിലും ഫിറ്റ്നസ് പരിപ്രേക്ഷ്യത്തിൽ, ശരീരഭാര (body mass) സൂചികയനുസരിച്ച് അമിതത്വം നിശ്‌ചയിക്കപ്പെടാറുണ്ട്. എങ്കിലും സാംസ്കാരികമായ സൗന്ദര്യബോധത്തിന്റെ അടിസ്ഥാനത്തിൽ നിശ്ച്ചയിക്കപ്പെട്ടതല്ല ഇത്. പുരുഷന്മാരെക്കൾ സ്ത്രീകളാണ് ശരീരനിന്ദയ്ക്ക് ശരവ്യമാകാറുള്ളത്. ശരീരവണ്ണം മാത്രമല്ല നിറം, ആകൃതി, ദൗർബല്യങ്ങൾ -ഇതെല്ലാം പഴയ മനുഷ്യരുടെ കാഴ്ചയിൽ അവമതിക്കപ്പെടേണ്ടതാണ്.
ശരീരത്തിന്റെ ആകൃതിയിലും പ്രകൃതിയിലും പെരുമാറ്റവ്യതിരിക്തതയിലും രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക പ്രശ്നങ്ങൾ കെട്ടുപിണഞ്ഞുകിടക്കുന്നു. ശരീരത്തിന്റെ ചൂഷണം തന്നെയാണ് അധ്വാനശക്തിയുടെ ചൂഷണമായി പരിവർത്തിക്കപ്പെടുന്നത്.
ശാരീരിക ദൗർബല്യങ്ങളെ നയപരമായി സർക്കാരുകൾ അഭിസംബോധന ചെയ്യാൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകൾ കഴിഞ്ഞിരിക്കുന്നു. ശാരീരിക ദൗർബല്യങ്ങളെ വ്യത്യസ്തമായ കഴിവുകളുള്ളവർ (differently abled) എന്ന നിലയ്ക്ക് കാഴ്ചപ്പാടിൽ മാറ്റം വരുത്തുവാനും പ്രേരിപ്പിച്ചിരുന്നു. ശാരീരിക ദൗർബല്യങ്ങൾ മാത്രമല്ല ശരീരനിന്ദയ്ക്ക് വിധേയമാകുന്നത്. നിറം ശാരീരിക ദൗർബല്യമല്ല. എങ്കിലും നിറം നിന്ദിക്കപ്പെടുന്നത് സാമാന്യബോധത്തിന്റെ ഭാഗമാണ്. ശാരീരികദൗർബല്യമായ വിക്ക് ശരീരനിന്ദയുടെ ഭാഷയിൽ പുരോഗമന സാഹിത്യങ്ങളിൽ പഴയബോധ്യങ്ങളുടെ അടിസ്ഥാനത്തിൽ ആക്ഷേപിക്കപ്പെട്ടിട്ടുണ്ട്. ഏറ്റവും പുത്തൻ ജാർഗണുകളുടെ അകമ്പടിയോടെ ഇ.എം. എസിനെ വിമർശിക്കാൻ തുനിയുമ്പോഴും, വിമർശിക്കുന്ന വ്യക്തിയുടെ അകായിയിൽ ഒളിച്ചിരിക്കുന്ന ആ പഴയ മനുഷ്യൻ, പഴയ ബോധ്യങ്ങളുടെ ഉർവ്വങ്ങളിൽ നിന്ന്, വിക്ക് എന്നത് ഇ.എം.എസിന്റെ ചിന്തയുടെ സ്വഭാവവ്യതിരിക്തയായി ആക്ഷേപിച്ചിട്ടുണ്ട്. ശരീരനിന്ദയുടെ ഭാഷ പുരോഗമന ഉത്പതിഷ്ണുക്കളിൽ പോലും കടന്നുവരുന്നത് അകങ്ങളിലെ പഴയ ബോധ്യങ്ങളിൽനിന്നാണ്.
ഫെമിനിസ്റ്റ് ചിന്തക സാറാ അഹമ്മദ് നിന്ദയുടെ (shame) സാംസ്കാരിക രാഷ്ട്രീയത്തിന്റെ സവിശേഷ സ്വഭാവം വിശദീകരിക്കുന്നുണ്ട്. വൈകാരികതയുടെ സാംസ്‌കാരിക രാഷ്ട്രീയം, മറച്ചുവെക്കലിന്റെയും തുറന്നുകാട്ടലിന്റെയും ഇരട്ടലീലയാണ്. മറച്ചുവെയ്ക്കാൻ വെമ്പുന്തോറും തുറന്നുകാട്ടപ്പെടുമെന്ന ഭീതി ശരീരത്തെയും മനസ്സിനെയും ദുർബലപ്പെടുത്തുന്നു. മറച്ചുവെയ്ക്കപ്പെടേണ്ടതാണെന്ന ഉൾപ്രേരണയ്ക്ക് കാരണമാകുന്നത്, തുറന്നുകാട്ടപ്പെടുമെന്ന ഭീതിയാണ്. തുറന്നുകാട്ടപ്പെടുകയെന്നതാണ് നിന്ദയുടെ ലക്ഷ്യം. ശരീരത്തിന്റെ മാനകഘടനയിൽ നിന്ന് മാറിനിൽക്കുന്നതാണ് തുറന്നുകാട്ടപ്പെടുന്നുവെന്ന നിന്ദയക്ക് നിദാനമാകുന്നത്. ‘നാണിക്കപ്പെടുക’ (shame) എന്ന വാക്ക് ‘മൂടുക’ എന്നതിന്റെ ഇന്തോ- യൂറോപ്യൻ ക്രിയാപദത്തിൽ തദ്ഭഭിച്ചതാണ്. ഇതിനോടു ചേർന്നുപോകുന്ന വാക്കുകളാണ് മറച്ചുവയ്ക്കുക (hide), കസ്റ്റഡി (custody), കുടിൽ (hut), വീട് (house) എന്നിവയൊക്കെ.

ലജ്ജയിൽ (shame) തീർച്ചയായും ‘മറയ്ക്കാനും’ ‘സ്വയം മൂടാനും’ ഉള്ള പ്രേരണ ഉൾപ്പെടുന്നു. എന്നാൽ, മറയ്ക്കാനും മൂടപ്പെടാനുമുള്ള ആഗ്രഹം മറയ്ക്കലിന്റെ പരാജയത്തെ മുൻനിർത്തിയാണ്. തുറന്നുകാട്ടൽ- ദുർബലത, മുറിവേൽപ്പിക്കൽ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഒരു വശത്ത്, നാണക്കേട് തുറന്നുകാട്ടപ്പെടുന്നതിനെ മൂടുന്നു (നാം മുഖം താഴ്ത്തുന്നു, നമ്മുടെ നോട്ടം ഒഴിവാക്കുന്നു), മറുവശത്ത്, നാണക്കേട് മൂടിവെച്ചതിനെ തുറന്നുകാട്ടുന്നു. മൂടിവച്ചത് തുറന്നുകാട്ടുന്നതിലെ ലജ്ജയാണ് വീണ്ടും മറയ്ക്കാൻ ആവശ്യപ്പെടുന്നത്.
മൂടിവെയ്ക്കാനുള്ള വെമ്പൽ ലജ്ജയിൽ നിന്നും മറ്റൊരാളുടെ നോട്ടത്തിലെ നിന്ദയിൽ നിന്നുള്ള ഒരു മോചനമാണ്. ചർമ്മത്തിന്റെ ഉപരിതലത്തിൽ അനുഭവപ്പെടുന്ന നാണക്കേട് വ്യക്തിയെ കീഴടക്കുകയും വിഴുങ്ങുകയും ചെയ്യുന്നു. സാർത്രിന്റെ ഒരു നീരിക്ഷണമാണ് അപരന്റെ മുന്നിൽ ഒരാൾ പ്രത്യക്ഷപ്പെടുമ്പോൾ അയാൾക്ക് അയാളെക്കുറിച്ചു ലജ്ജ തോന്നുന്നു എന്നത്. ലജ്ജ അവരവർക്ക് അനുഭവപ്പെടുന്നത്, അപരരുടെ നോട്ടത്തിലൂടെ സ്വയം നോക്കാൻ വിധിക്കപ്പെടുമ്പോഴാണ്. അപരരുടെ നോട്ടം കടമെടുക്കപ്പെട്ട നോട്ടമാകാതെ സ്വയമേയുള്ള കാഴ്ചയായി മാറുമ്പോൾ ശരീരത്തിനുമേലുള്ള സ്വാച്ഛന്ദ്യം നഷ്ടമാകുന്നു. ശരീരം സൂക്ഷ്മപരിശോധനയ്ക്കും വിധിനിർണ്ണയത്തിനും വിധേയമായ ഒരു അസാധാരണ സാംസ്കാരിക കാഴ്ചയായി തുടരുന്നു.
ചർമ്മത്തിന്റെ ഉപരിതലത്തിൽ അനുഭവപ്പെടുന്ന നാണക്കേട് വ്യക്തിയെ കീഴടക്കുകയും വിഴുങ്ങുകയും ചെയ്യുന്നു. സാർത്രിന്റെ ഒരു നീരിക്ഷണമാണ് അപരന്റെ മുന്നിൽ ഒരാൾ പ്രത്യക്ഷപ്പെടുമ്പോൾ അയാൾക്ക് അയാളെക്കുറിച്ചു ലജ്ജ തോന്നുന്നു എന്നത്.
സ്വശരീരത്തെക്കുറിച്ചുള്ള ആത്മനിഷ്ഠമായ അനുരണനത്തിനു (subjective resonance) പകരം അനുമാനിക്കപ്പെട്ട കപട- വസ്തുനിഷ്ഠതയുടെ (pseudo-objectivity) അളവുകോൽവെച്ചാണ് ശരീരം അപരനോട്ടത്തിന് വിധേയപ്പെടുന്നത്. സ്ത്രീകളും ട്രാൻസ് മനുഷ്യരുമാണ് ഈ കപട-വസ്തുനിഷ്ഠതയുടെ ഇരകൾ. ഈ കപട-വസ്തുനിഷ്ഠത സാമൂഹ്യമായ അഭിലഷണീയതയുടെ മാനദണ്ഡമായി മാറുന്നു. ഈ അഭിലഷണീയതയാണ് ഒരു വ്യക്തിയെ ഒരേസമയം അതിദൃശ്യാത്മകവും (hyper-visible) അദൃശ്യവുമാക്കുന്നത് (invisible). സംസ്കാരത്തിന്റെ ഇരട്ട ബന്ധനമായി (double bind) ഇത് ശരീരത്തെ തന്നെ കാരാഗാരമാക്കുന്നു. ശരീരത്തിന്റെ വ്യതിരിക്ത ആകൃതിയോ പ്രകൃതിയെ അഭിരുചിയോ ഭീഷണിക്ക് ഹേതുവാകുന്നു. ബെൽ ഹൂക്സ് പ്രണയത്തെക്കുറിച്ചു പറയുമ്പോൾ നീരിക്ഷിക്കുന്നതുപോലെ, സുരക്ഷ എല്ലായ്പ്പോഴും സമാനതയിലാണ് എന്ന് നമ്മെ പഠിപ്പിക്കുമ്പോൾ, ഏതു തരത്തിലുള്ള വ്യത്യാസവും ഭീഷണിയായി പ്രകടമാകുന്നു.

ശരീരത്തിന്റെ
സൂക്ഷ്മരാഷ്ട്രീയം
സ്വന്തം ശരീരത്തിന്റ സ്വാച്ഛന്ദ്യം വീണ്ടെടുക്കലാണ് ശരീരത്തിന്റെ സൂക്ഷ്മ രാഷ്ട്രീയം. ശരീരത്തിന്റെ ആകൃതിയിലും പ്രകൃതിയിലും പെരുമാറ്റവ്യതിരിക്തതയിലും രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക പ്രശ്നങ്ങൾ കെട്ടുപിണഞ്ഞുകിടക്കുന്നു. ശരീരത്തിന്റെ ചൂഷണം തന്നെയാണ് അധ്വാനശക്തിയുടെ ചൂഷണമായി പരിവർത്തിക്കപ്പെടുന്നത്. ശരീരത്തിന്റെ സൂക്ഷ്മ രാഷ്ട്രീയം- ജാതി, വർണ്ണം, മതം, പ്രായം, ലിംഗഭേദം, ലൈംഗികാഭിമുഖ്യം എന്നിങ്ങനെയുള്ള നമ്മുടെ ശരീരഉണ്മയുടെ നിരവധിയായ ആവിഷ്ക്കാരങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.
ഫെമിനിസ്റ്റ് നിയമപണ്ഡിതയായ കിംബെറെലി ക്രെൻഷാ ഇതിനെ "ഇന്റർസെക്ഷണാലിറ്റി" (intersectionality) എന്ന് നിർവചിക്കുന്നു. പരസ്പരം ഇടമുറിഞ്ഞും (intersect) മേൽക്കവിഞ്ഞുമായി (overlap) നിൽക്കുന്ന സാമൂഹിക തന്മകളും (identities) മർദ്ദന വ്യവസ്ഥകളും അധീശത്വ അധികാരങ്ങളും തമ്മിലുള്ള സംഘർഷാത്മക ബന്ധത്തെയാണ് ഇന്റർസെക്ഷനാലിറ്റി വിശകലനം ചെയ്യുന്നത്. ലിംഗഭേദം, വംശം, വർഗം, താല്പര്യങ്ങൾ, ലൈംഗികാഭിമുഖ്യം, മതം, ജാതി, പ്രായം തുടങ്ങിയ ജൈവശാസ്ത്രപരമായ സാമൂഹിക, സാംസ്കാരിക വിഭാഗങ്ങളിൽ ഉൾപ്പെടുന്ന ഒന്നിലധികം തലങ്ങളിൽ പലപ്പോഴും ഒരേസമയം എങ്ങനെ ഇടചേരുന്നുവെന്നാണ് ഈ സിദ്ധാന്തം സൂചിപ്പിക്കുന്നത്. ഒരാളുടെ വ്യക്തിത്വം പൂർണ്ണമായി മനസ്സിലാക്കുന്നതിന് ഒരു വ്യക്തിയുടെ ഓരോ ഘടകത്തിന്റെയും സ്വഭാവസവിശേഷതയെ മറ്റെല്ലാ ഘടകങ്ങളുമായും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് തിരിച്ചറിയേണ്ടതുണ്ട്.
തൊഴിൽ വിപണിയിൽ കറുത്ത കുടിയേറ്റക്കാരിയായ അമിതവണ്ണമുള്ള ഒരു സ്ത്രീയ്ക്ക് നിയമനം ലഭിക്കാനോ, സ്ഥാനക്കയറ്റം ലഭിക്കാനോ, പോസിറ്റീവ് പ്രകടന റേറ്റിംഗ് ലഭിക്കാനോ സാധ്യത കുറവാണ്.
2010 -ൽ ഇന്റർസെക്ഷാനിലിറ്റിയെ കൂടുതൽ കൃത്യതയോടെ കിംബെർലി ക്രെൻഷോ നിർവചിച്ചു: "വിവിധ തരത്തിലുള്ള അസമത്വങ്ങൾ പലപ്പോഴും ഒരുമിച്ച് പ്രവർത്തിക്കുകയും പരസ്പരം സങ്കീർണ്ണമാക്കുകയും ചെയ്യുന്ന രീതി സൂക്ഷ്മമായി നോക്കാനുള്ള ഒരു ലെൻസ് അല്ലെങ്കിൽ പ്രിസമാകുന്നു ഇന്റർസെക്ഷനാലിറ്റി. ലിംഗഭേദം, വർഗം, ലൈംഗികത അല്ലെങ്കിൽ കുടിയേറ്റം എന്നിവയെ അടിസ്ഥാനമാക്കിയുള്ള അസമത്വത്തിൽനിന്ന് വേറിട്ട ഒരു വംശീയ അസമത്വത്തെക്കുറിച്ച് നമ്മൾ സംസാരിക്കാറുണ്ട്. എന്നാൽ കാണാതെ പോകുന്നത്, അധീശത്വ അധികാരം സമമായി എങ്ങനെ ഓരോ സ്വത്വത്തിനുമേലും മർദ്ദനമേൽപ്പിക്കുന്നു എന്നാണ്. അനുഭവം എല്ലാ ഭാഗങ്ങളുടെയും ആകെത്തുകയല്ല."
മർദ്ദകസംവിധാനമായ ശരീരനിന്ദ വ്യതിരിക്തമായ സാമൂഹിക തന്മകളെ മുഴുവൻ ആഗിരണം ചെയ്യുന്നതാണ്. അതേസമയം, വ്യത്യസ്ത അളവുകളിൽ വ്യത്യസ്തമായ തന്മകളിൽ മർദ്ദനമേൽപ്പിക്കപ്പെടുന്നു. കുടിയേറ്റക്കാരി എന്ന നിരാലംബ (precarity) അവസ്ഥയെ ആക്രമിക്കുന്നതോടൊപ്പം നിറവും വംശീയതയും ശരീരആകൃതിയും പ്രകൃതിയും ലൈംഗികാഭിരുചികളെല്ലാം അതിക്രമത്തിനു വിധേയമാക്കപ്പെടുന്നു, ഓരോ നിലയിൽ. നിന്ദ അപമാനവീകരണത്തിനു ആക്കം കൂട്ടുന്നു. വിവേചനമാണ് നിന്ദയുടെ പ്രാഥമിക ലക്‌ഷ്യം. കൂട്ടത്തിൽ നിന്ന് ഒറ്റപ്പെടുത്തുക.
ശരീരനിന്ദ അധികാരത്തിന്റെ നിയന്ത്രണത്തിനും കേന്ദ്രീകരണത്തിനുമായി ഉപയോഗിക്കപ്പെടുന്നു. തൊഴിൽ വിപണിയിൽ കറുത്ത കുടിയേറ്റക്കാരിയായ അമിതവണ്ണമുള്ള ഒരു സ്ത്രീയ്ക്ക് നിയമനം ലഭിക്കാനോ, സ്ഥാനക്കയറ്റം ലഭിക്കാനോ, പോസിറ്റീവ് പ്രകടന റേറ്റിംഗ് ലഭിക്കാനോ സാധ്യത കുറവാണ്; മറ്റെല്ലാ കാര്യങ്ങളും തുല്യമായിരിക്കെ തന്നെ. സാമൂഹ്യമുൻവിധികളും സ്റ്റീരിയോടൈപ്പുമാണ് ഇവിടെ പ്രവർത്തനക്ഷമമാകുന്നത്. ശരീരനിന്ദയ്ക്ക് വിധേയമാകുന്ന അമിതവണ്ണത്തിനോ നിറത്തിനോ ശാരീരികമായ - ശാരീരിക ദൗർബല്യം അല്ലെങ്കിൽ വൈകല്യം എന്ന നിലയ്ക്ക് നിയമപരമായ പരിരക്ഷ ലഭിക്കുന്നില്ല. എങ്കിലും അമിതവണ്ണം (പൊണ്ണതടിച്ചി / തടിയൻ) സാമൂഹ്യമായ വൈകല്യമായാണ് മുൻവിധിയുടെ അടിസ്ഥാനത്തിൽ അധീശത്വ വ്യവസ്ഥ കാണുന്നത്. ഇത് പ്രായഭേദമന്യേ സംഭവിക്കുന്ന ഒന്നാണ്.

സ്കൂൾ കുട്ടികൾ ശാരീരിക പീഡനങ്ങളും വിവേചനങ്ങളും നേരിടുന്നു, ഇത് വൈകാരിക പ്രതിസന്ധികളിലേക്ക് നയിക്കുന്നു. വിഷാദം, ഉത്കണ്ഠ, സമ്മർദ്ദം, ശ്രദ്ധക്കുറവ് എന്നിവയ്ക്ക് കാരണമാകും. വിഷാദം, ഉത്കണ്ഠ, സമ്മർദ്ദം എന്നിവയുടെ ഫലമായി തന്നെത്തന്നെ സ്വയം വെറുക്കാനുള്ള പ്രവണത കാണിക്കുന്നു. സ്വയം വെറുപ്പ് ആളുകളെ സാമൂഹിക പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള നിരന്തരമായ ഭയത്തിലേക്ക് നയിക്കുന്നു. ബെൽ ഹൂക്സ് പറയുന്നതുപോലെ, ആധിപത്യ ഘടനകളെ നിലനിർത്തുന്ന പ്രാഥമിക ശക്തി ഭയമാണ്. ആധിപത്യ സംസ്കാരം അനുസരണം ഉറപ്പാക്കുന്നതിനുള്ള ഒരു മാർഗമായി ഭയത്തെ വളർത്തിയെടുക്കുന്നു.
മലയാളികളുടെ സമീപകാല അനുഭവങ്ങളിൽ ശരീരനിന്ദയ്‌ക്കെതിരെ ശക്തമായി പ്രതിരോധം സാധ്യമാകുന്നത്, ഫെമിനിസ്റ്റ് ഇടപെടലുകളുടെയും ലൈംഗിക ന്യൂനപക്ഷങ്ങളുടെയും അവകാശസമരങ്ങളിലൂടെ സംഭവിച്ച ഭാവുകത്വപരമായ വിച്ഛേദത്തിലൂടെയാണ്.
ശരീരത്തിന്റെ സൂക്ഷ്മരാഷ്ട്രീയം എന്നാൽ നമ്മുടെ ശരീരം ഒരു ക്ഷമാപണമല്ല (apology) എന്ന തിരിച്ചറിവാണ്. ശരീരത്തിന്റെ വ്യത്യാസങ്ങളെക്കുറിച്ചുള്ള വികലമായ അവബോധത്തിന്റെ ഫലമാണ് പലപ്പോഴും ശരീരനിന്ദയ്ക്ക് കാരണമാകുന്നത്. മലയാളികളുടെ സമീപകാല അനുഭവങ്ങളിൽ ശരീരനിന്ദയ്‌ക്കെതിരെ ശക്തമായി പ്രതിരോധം സാധ്യമാകുന്നത്, ഫെമിനിസ്റ്റ് ഇടപെടലുകളുടെയും ലൈംഗിക ന്യൂനപക്ഷങ്ങളുടെയും അവകാശസമരങ്ങളിലൂടെ സംഭവിച്ച ഭാവുകത്വപരമായ വിച്ഛേദത്തിലൂടെയാണ്. ഇത്, അനുകൂല ഫലങ്ങളുണ്ടാക്കാൻ തുടങ്ങിയിട്ട് (21-ാം നൂറ്റാണ്ടിൽ) ചുരുങ്ങിയ വർഷങ്ങളോ ആയിട്ടുള്ളൂ. കേരളത്തിൽ സംഭവിച്ച സൂക്ഷ്മതല മാറ്റമാണിത്. ക്യുർ പ്രൈഡ് (Queer Pride) പോലുള്ള ആഗോള ലൈംഗിക ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ അനുരണനങ്ങൾ ഈ മാറ്റത്തിൽ പ്രതിഫലിക്കുന്നു. ഇത് യുവതലമുറയിലാണ് വമ്പിച്ച സ്വാധീനം സൃഷ്ടിച്ചിരിക്കുന്നത്.
നമ്മൾ ജീവിക്കുന്നത് സ്വതസിദ്ധമായ ശരീരങ്ങളുടെ ലോകത്താണ്. ശരീരത്തിന്റെ പ്രകൃതിയും ആകൃതിയും സ്വയംസിദ്ധമാണ്. ഇന്ന് മെഡിക്കൽ സാങ്കേതികവിദ്യ കൊണ്ട് ശരീരത്തെ കൃത്രിമമായി (prosthetic) പുനരാവിഷ്‌ക്കരിക്കാം. ഓരോത്തർക്കും ആഭിമുഖ്യത്തിനനുസരിച്ച് സ്വയം ആവിഷ്‌ക്കരിക്കാൻ വേണ്ടിയാണിത്. സമീപദിവസങ്ങളിൽ പാർലമെന്റിൽ അവതരിപ്പിച്ച ട്രാൻസ്ജൻഡർ ബിൽ ഈയൊരു മാറിയ പരിപ്രേക്ഷ്യത്തെ ഉൾക്കൊള്ളുന്നതല്ല എന്ന വിമർശനം ഉയർന്നിട്ടുണ്ട്.

നമ്മുടെയും മറ്റുള്ളവരുടെയും വ്യത്യാസം മായ്‌ക്കാൻ നമ്മളാഗ്രഹിക്കുന്ന ഒരേയൊരു കാരണം, വ്യത്യാസത്തെ അനഭിലഷണീയതയുമായി തുലനം ചെയ്യുന്നതിനാലാണ്. ശരീരത്തിന്റെ തീവ്രദൃശ്യാത്മകതയും (hypervisibility) അദൃശ്യാത്മകതയും (invisibility) സ്വതസിദ്ധ ശരീരങ്ങളുടെ വ്യത്യാസങ്ങളെ മായ്ച്ച് ഒരു മാനക ശരീരത്തിനൊപ്പം സ്ഥിതപ്പെടുത്താനുള്ള വെമ്പലിൽ നിന്നുരുവം കൊള്ളുന്നതാണ്. കറുപ്പ് അഴകാണെന്നു പറയുമ്പോഴും കറുപ്പിനെക്കുറിച്ചുള്ള അധീശത്വപരമായ സാമാന്യബോധം സ്വതസിദ്ധശരീരങ്ങളുടെ വ്യത്യാസത്തെ അന്യവൽക്കരണത്തിന്റെ തലത്തിലാണ് നിർത്തുന്നത്. സമൂഹത്തിന്റെ വരേണ്യശ്രേണികളിലാണ് ഇതേറ്റവും പ്രകടമാവുക. നിറം ഒരു അപരിചിത്വത്തെ സൃഷ്ടിക്കുന്നു. അതേസമയം സാമൂഹികാധികാരത്തിന്റെ കീഴ് തട്ടുകളിൽ കറുപ്പിന്റെ സ്വതസിദ്ധത അപരിചിത്വത്തിനു കാരണമാകുന്നില്ല. ഉയർന്ന തലങ്ങളിൽ പ്രവൃത്തിക്കുന്ന ഒരു വ്യക്തി നിറത്തിന്റെ പേരിൽ നിന്ദിക്കപ്പെടുമ്പോൾ നിറത്തിന്റെ വ്യത്യസ്തത അപരിചിത്വമായാണ് അനുഭവപ്പെടുന്നത്. ഇത് വരേണ്യതയുടെ ഒരു പ്രശ്നമാണ്. ഒരു തൊഴിലാളിസ്ത്രീക്കോ പുരുഷനോ നിറം അപരിചിത്വത്തിന്റെ പ്രശ്നമായോ നിന്ദാർഹമായ കാര്യമായോ അവരുടെ സാമൂഹ്യഇടങ്ങളിൽ അനുഭവപ്പെടുന്നില്ല. സ്ത്രീ തൊഴിലാളികൾ സമരം ചെയ്യുന്നുവെന്നതാണ് നിന്ദാർഹമാകുന്നത്. സ്ത്രീതൊഴിലാളികൾ വർണ്ണബാഹ്യരാണ്. ഉന്നതകുലജാതയും ഉന്നതോദ്യോഗസ്ഥയും വർണ്ണത്തിന്റെ കാരണത്താൽ നിന്ദിക്കപ്പെടുമ്പോൾ തൊഴിലാളി സ്ത്രീക്ക് വർണ്ണം മാത്രമായി ഒരു അധികബാധ്യതയയാകുന്നില്ല. സ്ത്രീതൊഴിലാളി എന്ന നിലയ്ക്കു തന്നെയാണ് നിന്ദിക്കപ്പെടുന്നത്.
വർണ്ണാന്ധതയും വർണ്ണ ഹൈപ്പർ വിസിബിലിറ്റിയും ഒരു മായ്ക്കൽ പ്രവൃത്തിയാണ്. ഒരു വ്യക്തിയെ ആദരിക്കണമെങ്കിൽ അവരുടെ ശരീരത്തിന്റെ വ്യത്യാസങ്ങളെ മായ്ച്ചുകളയുകയോ മറച്ചുവെയ്ക്കുകയോ വേണം. ശരീരത്തിന്റെ സ്വതസിദ്ധത മറച്ചുവെയ്ക്കാൻ സാധിക്കുന്നതല്ല. നിറം മാത്രമല്ല ആകൃതിയും സ്വതസിദ്ധമാണ്. അമിതവണ്ണത്തെ നിന്ദിക്കുന്നതിന് ആരോഗ്യ ശാസ്ത്രത്തിന്റെ യുക്തികളും ഇന്നു ഉപയോഗിക്കപ്പെടുന്നു. ഇന്ത്യ ഏറ്റവും പ്രധാനമായി അഭിമുഖീകരിക്കുന്ന ജീവിതശൈലീരോഗമാണ് അമിതവണ്ണം എന്നാണ് സർക്കാർ പരിപ്രേക്ഷ്യം. പലപ്പോഴും നയപരമായ ഈ ധാരണപോലും അപരശരീരത്തെ നിന്ദിക്കാനുള്ള യുക്തിയായായാണ് ഉപയോഗിക്കപ്പെടുന്നത്. നവലിബറൽ ഫിറ്റ്നസ് സംസ്കാരം ഇതിനു പ്രേരണയുമാകുന്നു.

ഫിറ്റ്നസ് സമ്പദ്‌വ്യവസ്ഥ
(fitness economy)
ഭാരമുള്ള ശരീരത്തോടെ ജീവിക്കുന്ന വ്യക്തികളോടുള്ള തുറന്ന അവജ്ഞയെ പ്രോത്സാഹിപ്പിക്കുന്ന ഒരു രീതിയായാണ് ഫാറ്റ് ഷെയ്മിംഗ് (fat shaming) പ്രവർത്തിക്കുന്നത്. ഇവർ ആരോഗ്യകരമായ ദേശീയ സംസ്കാരത്തിന് അനുരൂപമല്ലത്തവരാണ്. യോഗ ദേശീയതയുടെ (yoga nationalism) ഫിറ്റ്നസ് ആധികാരികതയാകുമ്പോൾ അമിതവണ്ണം ഒരു മോശം പൗരന്റെ ലക്ഷണമാണ്. അവരെ നിയന്ത്രിക്കുന്നതിനുള്ള ധാർമിക ഉപകരണമാണ് യോഗയും ഫിറ്റ്നസും. ശരീരനിന്ദ ഇതിനായുള്ള സാമൂഹിക പോലീസിംഗ് ഉപാധിയാണ്. കണ്ണിന്റെ നിറം, മുടിയുടെ നിറം, ചർമ്മത്തിന്റെ നിറം തുടങ്ങിയ ശരീരസവിശേഷതകളുമായി സാമ്യമുള്ള വ്യത്യാസത്തിന്റെ ഒരു നിഷ്പക്ഷ വിവരണമായിട്ടാണ് ഫിറ്റ്നസ് ആക്ടിവിസ്റ്റുകൾ ശരീരത്തിന്റെ കൊഴുപ്പിനെ (fat) കാണുന്നത്.
ഉപഭോഗ മുതലാളിത്തത്തിന് അനുരൂപമായ ഫിറ്റ്നസ് ജീവിതത്തെ കാംക്ഷിക്കുന്നവർ, ഭാരമുള്ള ശരീരം അഭികാമ്യമല്ലെന്നോ ആകർഷകമല്ലെന്നോ വിശ്വസിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്നു.
ജൂഡിത്ത് ബട്ലർ, ജൻഡർ ഒരു ആവിഷ്‌കാരമായി (performative) കാണുന്നതു പോലെ ഫാറ്റ് ഷേമിംഗ്, അതിനർത്ഥം നൽകുന്ന ഭാഷയിലൂടെയും പ്രവൃത്തികളിലൂടെയും ആവർത്തിച്ച് നിർമ്മിക്കപ്പെടുന്ന ഒരു നിന്ദയായാണ് പ്രകടമാകുന്നത്. ഫിറ്റ്നസ് സമ്പദ് വ്യവസ്ഥ (fitness economy) സ്വയം നിയന്ത്രിതമായ (self regulating) പൗരരെയാണ് വിഭാവനം ചെയ്യുന്നത്. ഉപഭോഗ മുതലാളിത്തത്തിന് അനുരൂപമായ ഫിറ്റ്നസ് ജീവിതത്തെ കാംക്ഷിക്കുന്നവർ, ഭാരമുള്ള ശരീരം അഭികാമ്യമല്ലെന്നോ ആകർഷകമല്ലെന്നോ വിശ്വസിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്നു. അമിതഭാരമുള്ള വ്യക്തികൾക്ക് ഈ തരത്തിലുള്ള നാണക്കേടുണ്ടാകുന്നത്, അവരുടെ രൂപം സൗന്ദര്യത്തിന്റെയും ആരോഗ്യത്തിന്റെയും ആത്മനിയന്ത്രണരാഹിത്യത്തിന്റെയും അടയാളമായി അംഗീകരിക്കപ്പെടുകയും ആദർശവൽക്കരിക്കപ്പെടുകയും ചെയ്യുന്ന 'മെലിഞ്ഞ' ശരീരവുമായി പൊരുത്തപ്പെടുന്നില്ല എന്നതിനാലാണ്.
ജാതിയുടെയും വംശത്തിന്റെയും അടിസ്ഥാനത്തിലുള്ള കളങ്കപ്പെടുത്തൽ (stigmatization) നീക്കം ചെയ്യണമെന്ന് വാദിക്കുമ്പോൾ തന്നെ, ഇതുമായി അന്തർലീനബന്ധമുള്ള മറ്റുവിധ കളങ്കപ്പെടുത്തൽ തുടരുന്നുമുണ്ട്. ശരീരനിന്ദയ്ക്ക് കാരണമാകുന്ന ട്രാൻസ്‍ഭീതി (trans phobia), അമിതവണ്ണഭീതി (fat phobia), സ്ത്രീവിരുദ്ധത - സമൂഹത്തിൽ വ്യാപരിക്കുന്നു. അസമത്വത്തിനെതിരെ വാചാലരാകുന്ന പുരോഗമനവാദികളാണ് ഇത്തരം കളങ്കപ്പെടുത്തലുകളുടെ നിശ്ശബ്ദപ്രചാരകർ.

ദക്ഷിണേന്ത്യൻ സിനിമകളിലെ പുതുമുഖ അഭിനേത്രിയായ ഗൗരി കൃഷ്ണയെ ഒരു ജേർണലിസ്റ്റ് വാർത്താസമ്മേളനത്തിൽവെച്ച് ശരീര നിന്ദ നടത്തിയപ്പോൾ അവർ തത്സമയം പ്രതികരിച്ചു. ശരീരത്തിന്റെ സൂക്ഷ്മരാഷ്ട്രീയ ബോധമാണ് ഗൗരി കൃഷ്ണയുടെ പ്രതികരണത്തിൽ കേൾക്കാൻ കഴിയുക. ഈ മാറിയ സാമൂഹ്യാവബോധത്തെ മാധ്യമങ്ങളും പിന്തുണച്ചു. സമൂഹത്തിൽ നിശ്ശബ്ദം വ്യാപരിക്കുന്ന നിന്ദകൾ പലപ്പോഴും പ്രതിരോധിക്കപ്പെട്ടു തുടങ്ങിയിരിക്കുന്നു. ഓഫീസ്, ബസ്, ഷോപ്പിംഗ് മാൾ പോലുള്ള പൊതു ഇടങ്ങളിൽ അജ്ഞാതർ അജ്ഞാതരോടു നടത്തുന്ന ശരീരനിന്ദകൾ ശ്രദ്ധിക്കപ്പെടാറില്ല. അതിന്റെ വ്യഥകൾ (trauma) നിന്ദിക്കപ്പെടുന്ന വ്യക്തി ഒറ്റയ്ക്ക് പേറാൻ നിർബന്ധിതമാണ്. സ്വന്തം ശരീരത്തോടുള്ള ആത്മാനുരാഗം പ്രതിരോധാത്മകമായ മൂല്യമായി തീരുന്നു. ശരീരത്തിന്റെ സ്വച്ഛന്ദതയോടൊപ്പം ശരീരങ്ങളുടെ പരസ്പരാശ്രിതമായ (interdependence) ബന്ധങ്ങളും സമീപകാലത്തെ തിരിച്ചറിവുകളാണ്.
എങ്കിലും, എഴുപതുകളിലെയും എൺപതുകളിലെയും പഴഞ്ചൻ സാമൂഹ്യബോധം പുരോഗമനാശയമായി ശരീരത്തിന്റെ യോഗധർമങ്ങളെക്കുറിച്ച് വൃഥാസ്ഥൂലമായ അനുശീലന അഭ്യാസങ്ങൾ ഇപ്പോഴും തുടരുന്നുണ്ട്. ശരീരചിന്തകർ പോലും ശരീരത്തിന്റെ ഫിറ്റ്നസ് വിന്യാസങ്ങളുടെ മിഥ്യാബോധ്യങ്ങളിൽ നിന്ന് നിർമുക്തരല്ല. ലൈംഗികചോദനകളുടെ ഉറവിടമാകുന്ന ഒരു പരിമിതക്ഷേത്രം എന്ന നിലയിൽ ആത്മാവിന്റെ തടവറയിൽ ശരീരത്തെ ഭേദിച്ചിട്ടുണ്ടെങ്കിലും ശരീരത്തിനുമേലുള്ള സൂക്ഷ്മതല സാമൂഹികാധികാരത്തിന്റെ അടിച്ചമർത്തലുകൾ ശരീരചിന്തനത്തിൽ നിന്ന് വഴുതിപ്പോകുന്നു. ശരീരനിന്ദയെ അധിനിവേശപരമായ കുറ്റകൃത്യമായി കാണുന്നതോടൊപ്പം ശരീരങ്ങളുടെ പരസ്പരാശ്രിത്വത്തെ പുൽകിയും ഏകീകൃത ശരീരത്തെക്കുറിച്ചുള്ള അനുകരണാത്മക ബോധ്യങ്ങളെ മറികടന്നും ക്ഷമാപണരഹിതമായ (non- apologetical) സ്വശരീരബോധം സാധ്യമാക്കുന്ന മലയാളിയുടെ പുതുതലമുറ അവബോധം കേരളത്തിന്റെ സൂക്ഷ്മ രാഷ്ട്രീയ മുന്നേറ്റങ്ങൾ വാഗ്ദാനം ചെയ്യുന്ന ഒരു പ്രത്യാശയാണ്.
(അവസാനിക്കുന്നില്ല)
