21-ാം നൂറ്റാണ്ടിലെ
ആദ്യ 25 വർഷങ്ങളിലെ
മലയാളി; ഭാഗം 13
▮
ദണ്ഡനം.
വംശഹത്യയുടെ കത്തിക്ക് പ്രായഭേദമില്ല
യുവത്വവും ബലവുമുള്ള
പഠിപ്പുള്ള പുരുഷന്മാരെ
തട്ടിക്കൊണ്ടുപോയി പീഡനത്തിനിരയാക്കി ശവകുഴിയിലേക്ക് അയക്കുന്നു.
എന്നെയും അച്ഛനെയും വിവസ്ത്രരാക്കി
കൈകൾ ബന്ധിച്ച്
ഞങ്ങളെ തൂക്കിനിർത്തി.
'ഞാൻ പറയുന്നപോലെ പറ’,
സൈനികൻ ഭീഷണി മുഴക്കി.
ഞങ്ങളുടെ നാവുകൾക്ക്
നുണ പറയാൻ പറ്റുമായിരുന്നില്ല.
‘ഞങ്ങൾ ഭീകരവാദികളാണ്’ എന്നാണ്
അവർക്ക് ഞങ്ങൾ
കുറ്റസമ്മതം നടത്തേണ്ടിയിരുന്നത്.
അവർ എന്റെ അച്ഛന്റെ താടിയിലെ
ഓരോ രോമവും പറിച്ചെടുത്തു.
അവർ എന്റെ ലിംഗത്തിന്
ലൈറ്റർ ഉപയോഗിച്ച് തീ കൊളുത്തി.
അച്ഛന്റെ കണ്ണുകൾ അടഞ്ഞുപോയി.
എന്റെ അച്ഛന്റെ ഭൂമിയിലാണ്
ഈ ജയിൽ പണിതിരിക്കുന്നത്.
നിർബന്ധിത ജോലിക്കിടെ
അദ്ദേഹം നിർമ്മിച്ച ജയിൽ.
പീഡനത്തിനിരയായി അച്ഛൻ മരിച്ചപ്പോൾ
എന്നെ അവർ വർഷങ്ങളോളം ജയിലിലടച്ചു.
(മയ്യു അലി, Eradication, A poet at the heart of the Rohingya Genocide)
▮
റോഹിംഗ്യൻ കവിയും ആക്ടിവിസ്റ്റുമായ മയ്യു അലിയുടെ അഭയാർത്ഥിയാതനാനുഭവങ്ങളുടെയും ഓർമകളുടെയും പുസ്തകത്തിൽ ചേർത്തിട്ടുള്ള വരികളാണ് മുകളിൽ. അതിജീവിച്ചയാളുടെ സാക്ഷ്യപത്രം എന്ന നിലയ്ക്ക് മയ്യു അലിയുടെ ഓർമകളും പ്രതിഫലനങ്ങളും താൻ ജനിച്ചുവീണ മ്യാന്മറിലെ ആരാഖാൻ പ്രവിശ്യയിൽ അനുഭവിച്ച റോഹിംഗ്യൻ വംശഹത്യയുടെ അപൂർവവും ഹൃദയസ്പർശിയുമായ നേരിട്ടുള്ള വിവരണമാകുന്നു.
മലയാളികൾക്ക് ലഭിച്ച ഭൂവിസ്തൃതിയുടെ പ്രത്യേകതയാലും നമ്മൾ സ്വയം നിർമിച്ച ചരിത്രത്താലും ആധുനിക സാമൂഹികജീവിത വ്യവസ്ഥകൊണ്ടും, പിന്നെ ഏതോ മഹാഭാഗ്യത്താലും, അഭയാർഥിജനത അനുഭവിച്ച യാതന നമുക്ക് അനുഭവിക്കേണ്ടിവന്നിട്ടില്ല. നമ്മുടെ അനുഭവസീമകൾക്കപ്പുറമായിരുന്നു അത്തരം പീഡാനുഭവങ്ങൾ.
വ്യക്തിഗതമായ അനുഭവങ്ങൾക്കന്യമായിരുന്നു എന്നതുകൊണ്ട്, മനുഷ്യാനുഭവങ്ങളെ ഉൾക്കൊള്ളാനും അതിനോട് ഐക്യപ്പെടാനും ഒന്നും തടസ്സമാകുന്നില്ല, നമ്മുടെ ചരിത്ര- വർണ്ണ- വംശ ബോധമല്ലാതെ. മനുഷ്യർ മനുഷ്യത്വം നഷ്ടപ്പെടുത്തുന്നത് അവരവരുടെ വ്യക്തിഗതമായ ഇംഗിതങ്ങളുടെ അടിസ്ഥാനത്തിലോ അവർ ചെന്നു പറ്റുന്ന രാഷ്ട്രീയപ്രത്യയശാസ്ത്രത്തിന്റെ വെളിച്ചത്തിലോ അല്ലെങ്കിൽ വംശീയമായ തുറകളിൽ വെച്ചോ ആണ്. മനുഷ്യത്വം വീണ്ടെടുക്കുന്നത്, മനുഷ്യരും പ്രകൃതിയും നേരിടുന്ന വംശനാശകരമായ പീഡനത്തിനെതിരെ ഐക്യപ്പെടുമ്പോഴാണ്. അല്ലാതെ, തികച്ചും വ്യക്തിഗതമായ സ്വാർത്ഥലോഭമോഹങ്ങളുടെ അടിസ്ഥാനത്തിലുള്ള നവലിബറൽ ഭോഷ്ക്കായ ഹാപ്പിനെസ്സ് പ്രോജക്റ്റുകളിൽ ആകൃഷ്ടരാകുമ്പോഴല്ല. പ്രത്യയശാസ്ത്ര -രാഷ്ട്രീയ -വംശീയ കൊലകൾ വംശാവബോധത്തോടെ ന്യായീകരിക്കുകയും അതേസമയം അത്യന്താധുനികമായ ഹാപ്പിനെസ്സ് പ്രൊജക്റ്റിനെ പുൽകുകയും ചെയ്യുന്നത് ആധുനികപൂർവമായ മാനസികവിച്ഛേദം വ്യക്തികൾക്ക് സംഭവിച്ചതുകൊണ്ടാകാം. അഭയാർത്ഥികൾ ലോകത്തിൽ അവശേഷിക്കുന്നിടത്തോളം ഏതെങ്കിലും സവിശേഷ ജനസമൂഹത്തിനു മാത്രമായി ഹാപ്പിനെസ്സ് അനുഭവിക്കാനാകുന്നു എന്നതിനെ രാഷ്ട്രീയചിന്തയുടെ നിലവാരശൂന്യതയുടെ സാക്ഷിപത്രമായി കാണാം.

‘സന്തുഷ്ട രാഷ്ട്ര’ത്തിന് മാതൃകയായ ഭൂട്ടാനിലെ ലോത്ഷാംപ ന്യൂനപക്ഷവിഭാഗങ്ങൾ നേരിടുന്ന വിവേചനത്തിനും പൗരത്വനിഷേധത്തിനും എതിരെ മനുഷ്യാവകാശത്തിനുവേണ്ടിയുള്ള ഐക്യരാഷ്ട്ര സംഘടന എതിർപ്പ് അറിയിച്ചിട്ടുണ്ട്. ഭൂട്ടാന്റെ ‘സന്തുഷ്ടരാഷ്ട്ര പദവി’യുടെ ഇരുണ്ട വശം വെളിപ്പെടുന്നത്, നേപ്പാളി സംസാരിക്കുന്ന വംശീയ ജനങ്ങളോടുള്ള ഭൂട്ടാൻ രാജ്യാധികാരത്തിന്റെ പെരുമാറ്റത്തിലാണ്.
1990-കളിൽ, ഭൂട്ടാൻ സർക്കാർ ആയിരക്കണക്കിന് ആളുകളുടെ പൗരത്വം എടുത്തുകളയാൻ പ്രചാരണം ആരംഭിച്ചു, ഇത് കൂട്ടത്തോടെ പുറത്താക്കപ്പെടുന്നതിനും വ്യാപക മനുഷ്യാവകാശ ലംഘനങ്ങൾക്കും കാരണമായി. ഭൂട്ടാന്റെ ലബ്ധപ്രതിഷ്ഠമായ ‘സന്തുഷ്ടി’ക്ക് വിഘാതമായ ഒരു അസന്തുഷ്ട ന്യൂനപക്ഷ വിഭാഗം നിലനിൽക്കുന്നുവെന്നത് ഇൻഡക്സ് മാർക്കിൽ താഴെപ്പോകാൻ കാരണമാകും എന്നതിനാൽ അവരെ പുറന്തള്ളി, ‘സാധാരണത്വം’ വീണ്ടെടുക്കുക എന്നതായിരുന്നു പോംവഴി.
അഭയാർത്ഥിപ്രതിസന്ധി അവസാനിക്കാത്ത ദുരിതാനുഭവമായി 21-ാം നൂറ്റാണ്ടിലും തുടരുന്നു. 2012 മുതൽ 2015 വരെ ഏകദേശം 1,70,000 റോഹിംഗ്യൻ മുസ്ലീങ്ങൾ മ്യാൻമറിലെ പീഡനങ്ങളിൽ നിന്നും ബംഗ്ലാദേശിലെ അഭയാർത്ഥി ക്യാമ്പുകളിൽ നിന്നും മനുഷ്യക്കടത്തുകാരുടെ ബോട്ടുകളിൽ പലായനം ചെയ്തു. 2015 മെയിൽ തായ്‌ലൻഡ്, മലേഷ്യ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിൽനിന്ന് പുറന്തള്ളപ്പെട്ട 8,000 റോഹിംഗ്യകളെ പുറംകടലിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. അന്നേരം ലോകജനത ‘ഞെട്ടൽ’ രേഖപ്പെടുത്തിയെങ്കിലും 2025-ൽ ഇത് ആവർത്തിച്ചു. 70 റോഹിംഗ്യൻ അഭയാർത്ഥികളുമായി മ്യാന്മറിൽനിന്ന് യാത്രതിരിച്ച ബോട്ട് തായ്‌ലാൻഡ് തീരത്ത് അപകടത്തിൽ പെട്ട് 21 പേരാണ് മരിച്ചത്.
റോഹിംഗ്യൻ അഭയാർഥികളുടെ നിരാലംബ അവസ്ഥ ഇ. സന്തോഷ്കുമാറിന്റെ "തപോമയിയുടെ അച്ഛനി"ലും ജലീലിയോവിന്റെ "റങ്കൂൺ സാറാപ്പി"ലും പ്രതിനിധീകരിക്കപ്പെട്ടു.
മ്യാൻമറിൽ, റോഹിംഗ്യ എന്ന വാക്ക് തന്നെ നിരോധിച്ചിരിക്കുന്നു. 1982-ൽ റോഹിംഗ്യകളുടെ പൗരത്വം നിഷേധിക്കുന്ന നിയമം പാസാക്കി. അതോടെ മുസ്ലിം ജനസംഖ്യയെ പൂർണമായും തുടച്ചുനീക്കുന്നതിന് നടപടി തുടങ്ങി
മ്യാൻമറിൽ, റോഹിംഗ്യ എന്ന വാക്ക് തന്നെ നിരോധിച്ചിരിക്കുന്നു. 1982-ൽ റോഹിംഗ്യകളുടെ പൗരത്വം നിഷേധിക്കുന്ന നിയമം പാസാക്കി. അതോടെ മുസ്ലിം ജനസംഖ്യയെ പൂർണമായും തുടച്ചുനീക്കുന്നതിന് നടപടി തുടങ്ങി. അവരുടെ ഭൂമി പിടിച്ചടക്കി, കൃഷിശേഖരങ്ങൾ കത്തിച്ചു, ഗ്രാമങ്ങൾ തുടച്ചുനീക്കി, പള്ളികൾ തകർത്തു, സ്ത്രീകളെയും പെൺകുട്ടികളെയും ബലാത്സംഗം ചെയ്തു, പുരുഷന്മാരെ കൊന്നു. ഒരു സൂചനയും അവശേഷിക്കാതിരിക്കാനായിരുന്നു കൂട്ടക്കൊല. ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച്, 2017 ആഗസ്റ്റ് ആയപ്പോഴേക്കും 7,40,000 ത്തോളം റോഹിംഗ്യകളെ അയൽരാജ്യമായ ബംഗ്ലാദേശിലേക്ക് പുറന്തള്ളി.
അഭയാർത്ഥികളെ ‘അനിച്ഛാപൂർവ്വകമായ കുടിയേറ്റക്കാർ’ (involuntary migrants) എന്നാണ് വിശേഷിപ്പിക്കുന്നത്. അവർ സ്വന്തം നാട്ടിൽ നിന്നും പുതിയ സമൂഹങ്ങളിലേക്ക് കുടിയേറാൻ നിർബന്ധിതരാകുന്നു. പുതിയ സമൂഹങ്ങളിൽ അവർക്ക് കടുത്ത പ്രതിബന്ധം നേരിടേണ്ടിവരുന്നു. അവർക്ക് സാംസ്കാരിക സ്വാച്ഛന്ദ്യം, മതസ്വാതന്ത്ര്യം, സാമ്പത്തിക സ്വാശ്രയത്വം, രാഷ്ട്രീയനില, ശാരീരിക സുരക്ഷ, ആരോഗ്യസംരക്ഷണം എന്നിവ ലഭ്യമല്ല. നിലനില്പിനായി അഭയം നൽകുന്ന രാജ്യത്തെയും അതുമായി ബന്ധപ്പെട്ട ഏജൻസികളെയും അവർക്ക് പൂർണ്ണമായും ആശ്രയിക്കേണ്ടിവരുന്നു. അഭയാർത്ഥികൾക്കുവേണ്ടി പ്രവർത്തിക്കുന്ന യു.എൻ സംഘടനയുടെ കാർഡാണ് സ്വന്തം അസ്തിത്വം നിർണയിക്കാനുള്ള രേഖ.

‘‘തപോമയിയുടെ അച്ഛനി"ൽ ദൽഹിയിലെ അഭയാർത്ഥി ക്യാമ്പിൽ റോഹിംഗ്യകൾ അഭിമുഖീകരിക്കുന്ന നിരാശ്രയാവസ്ഥ വിവരിക്കുന്നുണ്ട്. കോരിച്ചൊരിയുന്ന മഴയും അതിനെത്തുടർന്നുള്ള പ്രളയവും ക്യാമ്പിലെ ജീവിതത്തെ ചിതറിച്ചു. അതിനുശേഷം പലതും കത്തിനശിച്ചു, അവരുടെ അസ്തിത്വത്തിനാധാരമായ രേഖകളെല്ലാം. ഒപ്പം, അഭയാർഥികൾക്കെതിരെ വിദ്വേഷ പ്രചാരണവുമുണ്ടായിരുന്നു. എവിടെയും അഭയാർത്ഥികൾ അഭിമുഖീകരിക്കുന്ന പ്രതിസന്ധി സന്തോഷ് കുമാർ വരച്ചിടുന്നു:
"അയാൾ സൂചിപ്പിക്കുന്നത് ഐക്യരാഷ്ട്രസഭയുടെ അഭയാർത്ഥികൾക്കായി പ്രവർത്തിക്കുന്ന വിഭാഗമായ UNHCR -ൽ നിന്നു കിട്ടുന്ന കാർഡിനെക്കുറിച്ചാണ്. അവരുടെ കേന്ദ്രത്തിൽ (അഭയാർത്ഥികൾ) രജിസ്റ്റർ ചെയ്യുമ്പോൾ കിട്ടുന്ന രേഖയാണത്. ഓരോ അഭയാർത്ഥിയുടെ കൈയിലും ഉണ്ടാവും അത്തരമൊരു കാർഡ്. അതുകൊണ്ട് വലിയ കാര്യമുണ്ടോ എന്നു ചോദിച്ചാൽ, ഇല്ല. കാരണം, ഇന്ത്യ ആ രേഖ അംഗീകരിക്കുന്നില്ല. ഐക്യരാഷ്ട്രസഭയുടെ അത്തരം ഉടമ്പടികളിൽ രാജ്യം പങ്കാളിയല്ല. പക്ഷെ, ഈ മനുഷ്യരെ സംബന്ധിച്ച് അതു മാത്രമേയുള്ളൂ. ആര് എന്തു ചോദിച്ചാലും എടുത്തുകാട്ടാൻ ലാമിനേറ്റ് ചെയ്ത ആ ഒരൊറ്റ കാർഡ് മാത്രം. അധികം പേർക്കും സ്വയം വായിക്കാനാവാത്ത ചില അക്ഷരങ്ങൾ, തെളിച്ചമില്ലാത്ത ഒരു ഫോട്ടോഗ്രാഫ്, നാഡിമിഡിപ്പുപോലെ, ഭൂമിയിൽ ജീവിച്ചിരിക്കുന്നു എന്നതിനുള്ള തെളിവ്’’.
സന്തോഷ്കുമാർ വിവരിക്കുന്നതുപോലെ, നിഴലുപോലെ ഭാരരാഹിത്യമുള്ളവർ. അവരുടെ മുഖങ്ങളിൽ നിസ്സംഗത മാത്രം. ഏതോ പ്രാചീനകാലത്തുനിന്നും മണ്മറഞ്ഞുപോയവരെപോലെ. അതൊരു പരേതാവസ്ഥയാണ്. അഭയാർഥികളുടേത് പരേതജീവിതമാകുന്നു. അത് പരിപൂർണമായ ക്ഷതാവസ്ഥയാണ് (vulnerable). ക്ഷതാവസ്ഥ അല്ലെങ്കിൽ വ്രണനീയത പ്രകൃതിയുടെ സൃഷ്ടിയല്ല. മറിച്ച്, സാമൂഹിക ഉൽപ്പന്നമാണ്.
അഭയാർഥികളുടെ തത്തുല്യ അവസ്ഥ അനുഭവിക്കുന്നുണ്ട്, സമൂഹം പുറന്തള്ളിയ ട്രാൻസ്ജൻഡറുകളും അരികുവൽക്കരിക്കപ്പെട്ട മനുഷ്യരും, അവർ പിറന്നുവീണ മണ്ണിൽ തന്നെ.
ഒരു അഭയാർത്ഥി നിരന്തരം ബാഹ്യസമ്മർദ്ദത്താൽ നിരാലംബമാകുന്ന വ്യക്തിയാണ്. അതിന് സാമൂഹികവും സാമ്പത്തികവും സാംസ്കാരികവും മതപരവും ദേശീയവുമായ കാരണങ്ങളുണ്ടാകാം. ലോകത്തിലെ ഏറ്റവും പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷങ്ങളിൽ ഒന്നായാണ് റോഹിംഗ്യൻ ജനത കണക്കാക്കപ്പെട്ടിരുന്നത്. ഇ. സന്തോഷ്കുമാർ നോവലിൽ നിരീക്ഷിക്കുന്നതുപോലെ, "സാധുക്കളായ മനുഷ്യരെ ബുദ്ധിമുട്ടിക്കാനുള്ള അവകാശത്തെയാണ് നാം പലപ്പോഴും അധികാരമെന്ന പേരിട്ടു വിളിക്കുന്നതെന്നു തോന്നും. അതിനുള്ള കേന്ദ്രങ്ങളാണ് മിക്കവാറും എല്ലാ ഓഫീസുകളും".
അഭയാർഥികളുടെ തത്തുല്യ അവസ്ഥ അനുഭവിക്കുന്നുണ്ട്, സമൂഹം പുറന്തള്ളിയ ട്രാൻസ്ജൻഡറുകളും അരികുവൽക്കരിക്കപ്പെട്ട മനുഷ്യരും, അവർ പിറന്നുവീണ മണ്ണിൽ തന്നെ. ദൈനംദിനജീവിതത്തിൽ എപ്പോഴും സംഭവിക്കാവുന്ന ക്ഷതസാധ്യതയാണ് (hazard) മറ്റു തരത്തിലുള്ള അടിച്ചമർത്തലുകളിൽനിന്ന് വ്രണനീയതയെ (vulnerable) വ്യത്യസ്തമാക്കുന്നത്. വൾനറബിലിറ്റിയുടെ കാഴ്ചപ്പാടിൽ, അസമത്വത്തിന്റെ ഉറവിടം സാമൂഹികക്രമങ്ങളും അത് നടപ്പാക്കാൻ രൂപപ്പെടുത്തിയ സ്ഥാപനങ്ങളുമാണ്. സ്റ്റേറ്റിന്റെ ഇടപെടലുകളിലൂടെ തന്നെയാണ് ക്ഷതാവസ്ഥയ്ക്ക് ഒരുപരിധിവരെ പരിഹാരം കാണാനാവുക.

ക്ഷതസാധ്യതയും (vulnerability) ജൈവരാഷ്ട്രീയവും
അഭയാർത്ഥികളുടെ സങ്കീർണമായ സന്ദിഗ്ധാവസ്ഥ മാത്രമല്ല ക്ഷതസാധ്യത എന്നതുകൊണ്ട് വിവക്ഷിക്കപ്പെടുന്നത്. നിരാലംബ വാർധക്യ ജീവിതങ്ങളുടെ ദുർബലാവസ്ഥയും ക്ഷതസാധ്യതയ്ക്ക് നിദാനമാണ്. ട്രാൻസ്ജൻഡറുകൾ അനുഭവിക്കുന്ന സാമൂഹിക അന്യവൽക്കരണവും അവകാശനിഷേധവും ഒറ്റപ്പെടുത്തലും അവരെ വ്രണിതമാക്കുന്നു. സാമൂഹികാധികാരവുമായി ബന്ധപ്പെട്ട ജ്ഞാന-ധാർമിക വ്യവസ്ഥകൾ അടിച്ചേൽപ്പിക്കുന്ന ശ്രേണീബദ്ധമായ ക്രമീകരണങ്ങൾ വ്രണിതാവസ്ഥയെ സങ്കീർണമാക്കുന്നു. ഈ ജനവിഭാഗങ്ങൾ സമൂഹത്തിന്റെ കരുതൽ മേഖലയിൽനിന്ന് അന്യാധീനപ്പെടുന്നു, അതുവഴി പരിപൂർണമായ അപമാനവീകരണത്തിനും വിധേയമാകുന്നു.
അഭയാർഥികളുടെ ദൈന്യതയും വയോജനങ്ങളുടെ ആലംബഹീനമായ ജീവിതവും മനുഷ്യത്വത്തെക്കുറിച്ചുള്ള മനുഷ്യരിലെ സ്വയം പ്രതിഫലനത്തിന്റെ അവസരങ്ങളാകുന്നു. അത്തരം സന്ദിഗ്തകളിൽമാത്രം കടന്നുവരുന്നതാണ് മനുഷ്യത്വത്തെക്കുറിച്ചുള്ള ആത്മപ്രതിഫലനങ്ങൾ എന്നതാണ് ഖേദകരം. ഇതിൽ കാപട്യം ഉള്ളടങ്ങിയിട്ടുണ്ടെന്നു മുഹമ്മദ് എൽ. കുർദ് പറയുന്നു. സ്വന്തം വാസപ്രദേശത്തുതന്നെ അഭയാർഥികളാക്കപ്പെടുന്ന പലസ്തീൻ ജനതയോടുള്ള അനുതാപസമീപനങ്ങളിൽ ഈ കാപട്യം പ്രകടമാകുന്നു എന്നാണ് മുഹമ്മദ് എൽ കുർദ്, Perfect Victims, and the politics of appeal എന്ന പുസ്തകത്തിൽ വിവരിക്കുന്നത്. മനുഷ്യത്വം അന്യമായ മനുഷ്യരെ സംബന്ധിച്ച്, പൗരത്വം എന്നത് ചരിത്രപരമായി പൊള്ളയായ ഔപചാരികതയാണ് എന്നാണ് മുഹമ്മദ് എൽ. കുർദ് പറയുക.
"മനുഷ്യനെ നിർവചിക്കുന്നത് സിവിലിയൻ വിഭാഗത്തിൽ പെടുന്ന ഒരാളായോ അല്ലെങ്കിൽ ഒരു പ്രത്യേക വർഗത്തെപോലെ ആശയവിനിമയം ചെയ്യുന്ന ഒരാളായോ അതുമല്ലെങ്കിൽ രാഷ്ട്രീയ ഏജൻസിയോ സൈനികശേഷിയോ ഇല്ലാത്തതായി കരുതപ്പെടുന്ന ഒരാളായോ ആണ്. ഇതൊന്നുമല്ലെങ്കിൽ, അസാധാരണനായ ഒരാളായോ, അല്ലെങ്കിൽ അസാധാരണവും ഹിംസാത്മകവുമായ വിധിക്ക് കീഴപ്പെടുത്തപ്പെട്ട ഒരാളായോ, അല്ലെങ്കിൽ ഭരണവർഗവുമായി പൊരുത്തപ്പെടുന്നതോ അവർക്ക് ഒരു അപകടവും ഉണ്ടാക്കാത്തതോ ആയ വിശ്വാസവ്യവസ്ഥയുള്ള ഒരാളായോ മനുഷ്യനെ നിർവചിക്കുന്നു.
മനുഷ്യനാവുക എന്നാൽ പൂർവകല്പിതമായ വ്യവസ്ഥകൾക്ക് വിധേയമാവുക".
ഇന്ത്യ വിഭജനത്തിനുശേഷം കേരളം മാത്രമല്ല പൊതുവിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് അഭയാർഥിപ്രവാഹം കാണേണ്ടിവന്നിട്ടില്ല.
മനുഷ്യത്വം ഈ നിലയിൽ ഒരു ജനവിഭാഗത്തെ എല്ലാം തികഞ്ഞ ഇരയായി സങ്കല്പിക്കുന്നു (perfect victims). വ്രണനീയർ തികഞ്ഞ ഇരകളായാണ് വ്യവഹരിക്കപ്പെടുന്നത്. ഇവരിൽനിന്ന് കർതൃത്വം ശൂന്യമാക്കപ്പെടുന്നു. വ്രണനീയത ഇരസങ്കല്പത്തിനെതിരെ പ്രവർത്തിക്കുന്നു.
ലിബറൽ രാഷ്ട്രീയത്തിന് വൾനറബ്ൾ ജനവിഭാഗം ഒന്നുകിൽ യഥാർത്ഥ ഇരകളോ അല്ലെങ്കിൽ ഭീകരവാദികളോ ആണ്. അവർക്ക് എന്തെങ്കിലും നിർവാഹകത്വം (agency) ലഭിക്കണമെങ്കിൽ രണ്ടാമത്തെ വിധം മാത്രമായിരിക്കണം. വർഗാടിസ്ഥാനത്തിൽ രാഷ്ട്രീയം നിർണയിക്കുന്ന ഇടതുപക്ഷക്കാരെ സംബന്ധിച്ച്, ലുമ്പൻ ജനസമൂഹത്തിന് സമാനമാണ് നിരാലംബർ. അവർക്കാകെയുള്ള അസ്തിത്വം ഗുണഭോക്താക്കൾ എന്ന നിലയ്ക്ക് മാത്രമാണ്. അവർക്ക് സാമൂഹ്യമാറ്റത്തിൽ ഗണ്യമായ പങ്കില്ലാത്തതിനാൽ അവർ രാഷ്ട്രീയ പ്രയോഗത്തിന്റെ പുറത്തുനിൽക്കുന്നവരാണ്. ഉദാരവാദികളെ പോലെ തന്നെ ഇടതുപക്ഷവും വ്രണിതജനതയെ സംശയാസ്പദ ജനക്കൂട്ടമായാണ് കാണുന്നത്. വിധ്വംസകതയിലേക്ക് തിരിയാൻ സാധ്യത കൂടുതലുള്ള ജനവിഭാഗമായാണ് ഇടതുപക്ഷവും വീക്ഷിക്കുന്നത്.
സാമൂഹികനിർവാഹകത്വത്തിനു പ്രേരകമായ ഒരു ഘടകവും ഉദാരവാദ- ഇടതുപക്ഷ കാഴ്ചപ്പാടിൽ വ്രണനീയരായ ജനതയ്ക്കില്ല. ജൈവാധികാരം എന്ന ആശയത്തിൽ നിന്നാണ് ജൈവരാഷ്ട്രീയം എന്ന ആശയം ഉരുത്തിരിയുന്നത്. ഒരു ജനസംഖ്യയുടെ ഭൗതികവും രാഷ്ട്രീയവുമായ ശരീരങ്ങളിൽ ഭരണകൂട അധികാരം പ്രയോഗിക്കുന്ന രീതികളെയാണ് ഇത് സൂചിപ്പിക്കുന്നത്. അത് ഒരു ജനസംഖ്യയുടെ മേൽ ഒരു നിയന്ത്രണ ഉപകരണമായി പ്രവർത്തിക്കുന്നു.

ക്ഷതാവസ്ഥയെ മൂർച്ഛിപ്പിക്കുന്നതാണ് ആധുനികമായ സർവൈലൻസ് വ്യവസ്ഥയുടെ ജൈവാധികാരം. വ്രണിതാവസ്ഥ സാധാരണയായി ക്ഷതസാധ്യത, പ്രതിരോധശേഷി (resilience), മാനസികാരോഗ്യം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇതിനെ അതിവർത്തിക്കാനും സ്വയംഭാവന ചെയ്യാനും പുതു അഭിലാഷങ്ങളെ സാർത്ഥകമാക്കാനുള്ള തീവ്ര ഇച്ഛകൾ പ്രകടമാണ്. അഭയാർത്ഥികളിൽ അന്തർലീനമായ പ്രതിരോധശേഷിഘടകത്തെക്കുറിച്ച് മയ്യു അലി വിശദീകരിക്കുന്നത് ഇപ്രകാരമാണ്:
"ക്രമേണ എനിക്ക് മനസ്സിലായി, യുവ റോഹിംഗ്യകൾക്ക് എഴുതാനാഗ്രഹമുണ്ടെന്ന്. എങ്കിലും എങ്ങനെ തുടങ്ങണമെന്ന് അവർക്ക് ആശങ്കയുണ്ടായിരുന്നു. … അവരുടെ ഭാവനയും ശൈലിയും വികസിപ്പിക്കുന്നതിനുള്ള പരിശീലന നൽകി ഞാനവരെ പ്രോത്സാഹിപ്പിച്ചു...
കല നമ്മളെ മോചിപ്പിച്ചു, അത് നമ്മെ സ്വതന്ത്രരാക്കുകയും ചങ്ങലബന്ധനത്തിൽ നിന്ന് മോചിപ്പിക്കുകയും ചെയ്തു. നമ്മൾ എഴുതിയപ്പോൾ, നമുക്ക് ക്യാമ്പുകൾ വിട്ട് മറ്റൊരു ജീവിതം സങ്കൽപ്പിക്കാൻ കഴിഞ്ഞു. പ്രതീക്ഷയുടെ സമുദ്രത്തിൽ, പ്രകാശമാനമായും, ഭൂതകാലഭാരങ്ങളിൽനിന്ന് മോചിതരായും നമുക്ക് സഞ്ചരിക്കാനാകും. നമുക്ക് നേതാക്കൾ, രാഷ്ട്രീയക്കാർ, ബിസിനസ് നേതാക്കൾ, ഫുട്ബോൾ കളിക്കാർ എന്നിവരാകാം. എഴുത്ത് -സാധ്യതകളുടെ ഒരു ലോകം സമ്മാനിച്ചു. വാക്കുകളുടെ ഒഴുക്കിൽ നമ്മൾ സ്വയം അകന്നുപോകേണ്ടിവന്നു - വിഷമിക്കാതെ, അമിത ബുദ്ധിവ്യയം ചെയ്യാതെ, നമ്മൾ എന്തായിരിക്കണമെന്ന് സ്വപ്നം കാണണമെന്ന് സ്വതന്ത്രമായി സങ്കൽപ്പിക്കാനായി".
ജൈവാധികാരത്തിനു വെളിയിൽ വ്രണനീയത വിഭാവനം ചെയ്യപ്പെടേണ്ടതുണ്ട്. അപാരമായ ഒരു പ്രതിരോധശേഷിയാണ് വ്രണനീയതയുടെ സവിശേഷത. അത് അതിജീവനത്തിന് പുതിയ കരുത്തു നൽകുന്നു. ഇര എന്ന നിലയിൽ നിന്ന് മാറി മുഖ്യധാരാസമൂഹം അതിജീവിത എന്ന സാധ്യത പൊതുബോധ്യത്തിലേക്ക് സ്വീകരിച്ചപ്പോൾ അതുവരെ നിലനിന്നിരുന്ന നിയമ -രാഷ്ട്രീയ കാഴ്ചപ്പാട് മാറുകയായിരുന്നു. ഈ നിലയിൽ സാമൂഹ്യ ഉല്പന്നമായ വ്രണനീയതയിലും നാളിതുവരെയുള്ള നിയമ- രാഷ്‌ടീയ വ്യവഹാരങ്ങളിലും കാതലായ മാറ്റം വരുന്നു.
ഇതര സംസ്ഥാനങ്ങളിൽ നിന്നുമുള്ള തൊഴിലാളികളോട് ഒരു അർദ്ധ നിസ്സംഗ സമീപനമാണ് പൊതുവെ മലയാളിസമൂഹം പുലർത്തുന്നത്. അദൃശ്യമായ അതിർവരമ്പ് നിലനിൽക്കുന്നുണ്ട്. അത് സംഘർഷങ്ങളെ ലഘൂകരിക്കുന്നുണ്ടാകാം.
മലയാളിക്ക്
വ്രണിതർ
21-ാം നൂറ്റാണ്ടിന്റെ ആദ്യ 25 വർഷങ്ങളിലെ മലയാളിയുടെ ജീവിതാവസ്ഥയുമായി വ്രണിതജീവിതങ്ങൾക്ക് എന്തെങ്കിലും ബന്ധമുണ്ടോ? ആദ്യമേ സൂചിപ്പിച്ചപോലെ അഭയാർഥികളുടെ വ്രണിതാവസ്ഥ മലയാളികളുടെ അനുഭവങ്ങളിലില്ല. അപരജീവിതത്തെക്കുറിച്ചുള്ള പ്രതിപാദനങ്ങളിൽ മലയാളികൾ അഭയാർത്ഥികളോട് ഐക്യപ്പെട്ടു. ഇന്ത്യ വിഭജനത്തിനുശേഷം കേരളം മാത്രമല്ല പൊതുവിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് അഭയാർഥിപ്രവാഹം കാണേണ്ടിവന്നിട്ടില്ല. യുദ്ധങ്ങളിലും സമാന ദുരന്തങ്ങളിലും വീടും നാടും നഷ്ടപ്പെട്ട് പലായനം ചെയ്യുന്നവരുടെ വ്രണിതാനുഭവങ്ങൾ മലയാളി ഐക്യദാർഢ്യ പ്രതിപാദങ്ങളിലെ പുനരാവിഷ്‌ക്കാരം മാത്രമായിരുന്നു. ലാറ്റിനമേരിക്കൻ ഏകാധിപതികളുടെ വിചിത്രജീവിതവും മതിഭ്രമങ്ങളും വായിച്ചുനടുങ്ങിയ മലയാളിക്ക് ഏകാധിപത്യപ്രവണത എന്താണെന്ന് ഒരു പരിധിവരെ അനുഭവിക്കാനിടയായി എന്നതാണ് ഒരു പുതിയ അനുഭവം. സമീപകാലങ്ങളിൽ കോവിഡിനെ തുടർന്ന് രാജ്യമെമ്പാടും നിന്ന് റിപ്പോർട്ട് ചെയ്ത കുടിയേറ്റ തൊഴിലാളികളുടെ പലായനങ്ങളുടെയും അവർ അനുഭവിച്ച യാതനകളുടെയും ഉള്ളുലയ്ക്കുന്ന അനുഭവങ്ങൾ കേരളത്തിന് താരതമ്യേന അന്യമായ അനുഭവമായിരുന്നു. ‘അതിഥി തൊഴിലാളികൾ’ എന്ന നിലയിൽ കേരളം അന്തർ സംസ്ഥാന തൊഴിലാളികളോട് ഏറെ അനുഭാവം ആ ഘട്ടത്തിൽ പുലർത്താൻ ശ്രമിച്ചിരുന്നു.
ഈയൊരു അനുഭവം യാഥാർഥ്യമാണെങ്കിലും ദശലക്ഷം വരുന്ന കേരളത്തിലെ കുടിയേറ്റ തൊഴിലാളികളുടെ ദൈനംദിനദൈന്യത പലപ്പോഴും സമൂഹത്തിന്റെ ശ്രദ്ധ കിട്ടാതെ പോകുന്നു. കേരളത്തിന്റെ രാഷ്ട്രീയകാലാവസ്ഥ ഭിന്നമായതിനാലാകണം, ‘അനധികൃത കുടിയേറ്റക്കാർ’ എന്നാരോപിച്ച് കുടിയേറ്റ തൊഴിലാളികൾ ആക്രമിക്കപ്പെടാത്തത്. എന്നിരിക്കലും, ഇതര സംസ്ഥാനങ്ങളിൽ നിന്നുമുള്ള തൊഴിലാളികളോട് ഒരു അർദ്ധ നിസ്സംഗ സമീപനമാണ് പൊതുവെ മലയാളിസമൂഹം പുലർത്തുന്നത്. അദൃശ്യമായ അതിർവരമ്പ് നിലനിൽക്കുന്നുണ്ട്. അത് സംഘർഷങ്ങളെ ലഘൂകരിക്കുന്നുണ്ടാകാം.
മറ്റൊരു കാരണം; തദ്ദേശീയരുടെ തൊഴിൽ അപഹരണം പ്രാധാന്യമുള്ള വിഷയമായിട്ടില്ല. ഇതും സംഘർഷസാധ്യത കുറയ്ക്കുന്നു. സാംസ്കാരികമായ ഇടകലർച്ചകൾ അത്ര തന്നെ ദൃശ്യമല്ല. എങ്കിലും മലയാളികൾ അടക്കിപ്പിടിച്ച വിദ്വേഷം നിലനിർത്തുന്നുന്നുണ്ടോ എന്നു സംശയിക്കണം. കേരളത്തിൽ നടന്ന ആൾക്കൂട്ട കൊലകളിൽ കൊല്ലപ്പെട്ടിട്ടുള്ളത് ഏറ്റവും വ്രണിതരായവരാണ്. ഛത്തീസ്ഗഡിൽ നിന്നുള്ള 31 വയസ്സുള്ള തൊഴിലാളി രാംനാരായൺ ബാഗേലിനെ ആൾക്കൂട്ടം ആക്രമിച്ചുകൊന്നു. കഴിഞ്ഞ പത്ത് വർഷത്തിനിടെ സംസ്ഥാനത്ത് കുടിയേറ്റ തൊഴിലാളിയെ ആൾക്കൂട്ടം കൊലപ്പെടുത്തുന്ന അഞ്ചാമത്തെ സംഭവമാണിത്.

മാധ്യമ റിപ്പോർട്ടുകളനുസരിച്ച്, ആൾക്കൂട്ടം രാംനാരായൺ ബാഗേലിനെ വളഞ്ഞുവെച്ച്, ‘നിങ്ങൾ ബംഗ്ലാദേശിയാണോ’ എന്നാക്രോശിച്ചു. കള്ളനാണെന്ന് മുദ്രകുത്തി തല്ലിക്കൊന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ, അദ്ദേഹത്തിന്റെ ശരീരത്തിൽ 80- ലധികം പരിക്ക് കണ്ടെത്തിയതായി രേഖപ്പെടുത്തിയിട്ടുണ്ട്. മോഷ്ടിച്ച സാധനങ്ങളൊന്നും രാംനാരായന്റെ പക്കൽനിന്ന് കണ്ടെത്തിയില്ല.
വ്രണിതജനവിഭാഗങ്ങളോട് മലയാളി സമൂഹത്തിന്റെ മാത്രമല്ല രാഷ്ട്രീയ പാർട്ടികളുടെയും നേതൃത്വത്തിന്റെയും പ്രവത്തകരുടെയും സമീപനവും നിഷേധാത്മകമാണെന്നു മാത്രമല്ല ആക്രമണത്തെ പ്രോത്സാഹിപ്പിക്കുന്നതുമാണ്. കേരളീയ പൊതുബോധ്യത്തിന്റെ ഏറ്റവും ഹീനമായ ആക്രമണത്തിനിരകളായത് ഗോത്ര സമൂഹമാണ്. അവരുടെ അവകാശങ്ങൾ ഒന്നൊന്നായി കവർന്നുവെന്നു മാത്രമല്ല, അവർക്കെതിരെ മർദ്ദനവും പീഡനവും അഴിച്ചുവിടാൻ യാതൊരു മടിയും കാണിച്ചിട്ടില്ല. ആദിവാസികൾക്കു നേരെയുള്ള അതിക്രമങ്ങൾ അവരോടുള്ള സഹതാപമാക്കി മുതലെടുക്കാൻ മറക്കാത്ത രാഷ്ട്രീയ പാർട്ടികൾ, ആദിവാസി ഗോത്രങ്ങളുടെ അവകാശപ്രശ്നങ്ങളിൽ നേരെ വിപരീത സമീപനമാണ് കൈക്കൊള്ളാറ്. ഗോത്രജനതയോടുള്ള നിഷേധാത്മകത അവർ നടത്തുന്ന സ്വതന്ത്ര സംഘാടനത്തോടുള്ള എതിർപ്പയാണ് പ്രകടമാവുക.
കമ്മ്യൂണിസ്റ്റ് പാർട്ടികളുൾപ്പെടെ ഇടതും വലതുമായ എല്ലാ മുഖ്യധാരാ പാർട്ടികളുടെയും രാഷ്ട്രീയ ഇരട്ടമുഖം വെളിവാകുന്നത് വ്രണിതജനവിഭാഗങ്ങൾ അവകാശങ്ങൾക്കായി സമരം ചെയ്യുമ്പോഴാണ്.
സാമ്പത്തികമായും സാമൂഹികമായും നിരാലംബരായ ജനവിഭാഗങ്ങളുടെ സാമൂഹിക കർതൃത്വമോ നിർവാഹകത്വമോ മുഖ്യ രാഷ്ട്രീയ സമൂഹം അംഗീകരിക്കാറില്ല. ഗോത്രസമൂഹത്തിന്റെ സ്വയം നിർവാഹകത്വം നിഷേധിച്ച്, അവരെ മറയാക്കി, ഭരണകൂടത്തോട് യുദ്ധം പ്രഖ്യാപിച്ച തീവ്രഇടതുപക്ഷവും അടിസ്ഥാനപരമായി മേൽപ്പറഞ്ഞ സമീപനത്തിന്റെ തുടർച്ച തന്നെയാണ്. കമ്മ്യൂണിസ്റ്റ് പാർട്ടികളുൾപ്പെടെ ഇടതും വലതുമായ എല്ലാ മുഖ്യധാരാ പാർട്ടികളുടെയും രാഷ്ട്രീയ ഇരട്ടമുഖം വെളിവാകുന്നത് വ്രണിതജനവിഭാഗങ്ങൾ അവകാശങ്ങൾക്കായി സമരം ചെയ്യുമ്പോഴാണ്. ഗുണഭോക്തൃപദവി വരെ രാഷ്ട്രീയ പാർട്ടികൾ അംഗീകരിക്കും. സർക്കാർ കനിഞ്ഞു നൽകുന്ന ആനുകൂല്യങ്ങൾ സ്വീകരിക്കുകയും ഭരിക്കുന്ന പാർട്ടിക്ക് വോട്ടുബാങ്കായി നിൽക്കുകയുമാണ് വ്രണിതരിൽ നിന്ന് മുഖ്യധാരാരാഷ്ട്രീയം പ്രതീക്ഷിക്കുന്നത്. അവകാശസമരങ്ങളിലേക്ക് പ്രവേശിച്ചാൽ സർക്കാർ എല്ലാ ഹിംസാത്മക യന്ത്രങ്ങളും പുറത്തെടുക്കും. അപമാനവീകരിക്കുകയും അവഹേളിക്കുകയും ചെയ്യുക എന്നതാണ് ആദ്യം പ്രകടമാക്കുന്ന ഹിംസ. അതൊരു ഭീഷണിയാണ്. അതു കണ്ടു നടുങ്ങി പിന്മാറിയില്ലെങ്കിൽ അടുത്തതായി ഭരണകൂടഹിംസ തന്നെ പ്രയോഗിക്കാൻ മടിക്കില്ല. അവകാശസമരങ്ങളോടുള്ള അവഗണയാണ് പ്രതീതിഹിംസയായി (virtual violence) ആദ്യം പ്രകടമാകുന്നത്. ആശ വർക്കർമാരുടെ സമരത്തോടുള്ള എൽ ഡി എഫ് സർക്കാരിന്റെ സമീപനത്തിൽ ഇതു വ്യക്തമായതാണ്.

മലയാളികൾ ഉള്ളാലെ ഭയപ്പെടുന്ന വ്രണിതാവസ്ഥ പ്രകൃതിക്ഷോഭങ്ങളാണ്. സമീപകാലങ്ങളിലെ നടുക്കുന്ന പ്രകൃതിദുരന്തത്തിന്റെ അനുഭവങ്ങൾ ഭീഷണയാഥാർഥ്യമായി മലയാളികളുടെ മുമ്പിലുണ്ട്. ഇന്ന് ലോകത്തിലെ പലായനീയരിൽ വലിയൊരു വിഭാഗം കാലാവസ്ഥാ അഭയാർഥികളാണ്. വീടും നാടും നഷ്ടപ്പെട്ട് ഉറ്റവരും ഉടയവരും ചിതറിപ്പോയി അനാഥരാക്കപ്പെട്ടവരുടെ സന്ദിഗ്ധാവസ്ഥ മലയാളിക്ക് മനസ്സിലാക്കാൻ പറ്റും. ട്രോമയോളം പോന്ന അസ്തിത്വപ്രതിസന്ധിയാണ് ഇത് അവരിൽ സൃഷ്ടിക്കുന്നത്. ഓർമനഷ്ടവും സ്വത്വഭ്രംശവും ട്രോമയ്ക്ക് കാരണമാകുന്നു. ഏറ്റവും ആഘാതകരമായ സാഹചര്യങ്ങളിൽ ആത്മബോധം എന്ന കേന്ദ്ര അച്ചുതണ്ടിൽ നിന്നുമുള്ള തെന്നിവീഴ്ച മറവിരോഗത്തിന് സമാനമായി വ്യക്തിത്വതകർച്ചയിലേക്കു നയിച്ചേക്കാം.
കാലാവസ്ഥാ അരക്ഷിതാവസ്ഥ ഏറെ ആശങ്കകൾക്ക് വഴിവെയ്ക്കുന്നതാണ്. കാലാവസ്ഥാമാറ്റം ആഗോളീകരണത്തെക്കാളുപരി, ഒരു പ്ലാനെറ്ററി യാഥാർഥ്യമാണ്. ഇതിനെ അഭിമുഖീകരിക്കാനും അതിവർത്തിക്കാനും മലയാളികൾ കാലാവസ്ഥാ സാക്ഷരതയും വ്രണിതാവസ്ഥയെക്കുറിച്ചുള്ള അനിവാര്യമായ പുനർബോധനവും നേടേണ്ടിയിരിക്കുന്നു. പുനർബോധനം എന്നുപറയുമ്പോൾ, ഐക്യദാർഢ്യത്തിന്റെ സാഹിതീയ പ്രതിപാദനങ്ങൾക്കപ്പുറം, സാമൂഹികശരീരത്തിലെ ഒരു വേദനയായി അതിനെ തിരിച്ചറിയണം. വ്രണനീയത പരിഹരിക്കാൻ സാമൂഹികനീതിയും നിയമവും രാഷ്ട്രീയ തീരുമാനങ്ങളും പരസ്പരം ബന്ധപ്പെട്ടു നിൽക്കുന്ന ഇടങ്ങൾ കണ്ടെത്തുകയും വേണം.
(അടിക്കുറിപ്പ്: ജെ. ദേവിക Vulnerability- യെ ക്ഷതസാധ്യത എന്നാണ് മൊഴിമാറ്റം ചെയ്തിരിക്കുന്നത്. പ്രൊഫ. നിസ്സാർ അഹമ്മദ് വ്രണനീയത എന്നുമാണ്. രണ്ടും അതിന്റെ ഭിന്നമായ പ്രയോഗസാധ്യതകളും ഇവിടെ ഉപയോഗിച്ചിട്ടുണ്ട്).
(അവസാനിക്കുന്നില്ല).
