കെ. കരുണാകരൻ, പിണറായി വിജയൻ.

അതികായരുടെ രാഷ്ട്രീയം,
‘കൾട്ട് നേതൃത്വ’ത്തിലേക്ക് കേരളവും

‘21-ാം നൂറ്റാണ്ടിലെ ആദ്യ 25 വർഷങ്ങളിലെ മലയാളി’; ദാമോദർ പ്രസാദ് എഴുതുന്ന പരമ്പരയുടെ 14-ാം ഭാഗം.

21-ാം നൂറ്റാണ്ടിലെ
ആദ്യ 25 വർഷങ്ങളിലെ
മലയാളി; ഭാഗം 14

നീണ്ടൊരു ഇടവേളയ്ക്കുശേഷം രാഷ്ടീയരംഗത്ത് അതികായർ വീണ്ടും പ്രത്യക്ഷപ്പെടുകയാണ്. കഴിഞ്ഞ നൂറ്റാണ്ടിന്റെ ഇടവേളകളിൽ പല രാജ്യങ്ങളിലും കൾട്ട് രാഷ്ട്രീയനേതാക്കളും ഭരണാധികാരികളും ഉയിരെടുത്തുവെങ്കിലും രാഷ്ട്രീയ അതികായർ അധികാരത്തിലേക്ക് വരുന്നത് ഒരു പ്രതിഭാസമാകുന്നത് ഈയൊരു നൂറ്റാണ്ടിന്റെ 25 വർഷങ്ങളിലാണ്.

കഴിഞ്ഞ നൂറ്റാണ്ടിൽ ഏറെക്കുറെ പൊതുസമ്മതരായ കൾട്ട് നേതാക്കളും ജനപിന്തുണയില്ലാത്ത ഏകാധിപതികളും ‘ദുശ്ശാസകരും’ പട്ടാളമേധാവികളും ജനാധിപത്യമാർഗങ്ങളിലൂടെയും അട്ടിമറികളിലൂടെയും ആഭ്യന്തര യുദ്ധങ്ങളിലൂടെയും അധികാരത്തിലേറിയിട്ടുണ്ട്. കഴിഞ്ഞ നൂറ്റാണ്ടിലെ സ്വേച്ഛാധിപതികളായ ഭരണാധികാരികളിൽനിന്ന് 21-ാം നൂറ്റാണ്ടിലെ ഏകാധിപത്യസ്വഭാവമുള്ള അതികായരായ രാഷ്ട്രത്തലവന്മാരും നേതാക്കളും പ്രാഥമികമായും വ്യത്യസ്തരായിരിക്കുന്നത്, ഇവർ പൊതുതെരഞ്ഞെടുപ്പുകളിലൂടെയാണ് അധികാരത്തിലെത്തിയത് എന്നതിനാലാണ്. ഔപചാരിക ജനാധിപത്യത്തിന്റെ എല്ലാ മാമൂലുകളെയും തങ്ങൾക്കനുകൂലമാക്കിയാണ് അവർ അധികാരത്തിലേറിയത്. ജനപിന്തുണയുടെ കാര്യത്തിൽ പൂർണമായ പൊതുസമ്മതി അവർക്കൊരിക്കലും ഉണ്ടായിരുന്നില്ലെങ്കിലും ഭൂരിപക്ഷാത്മകയുടെ പ്രതിനിധികൾ എന്ന നിലയ്ക്കാണ് അവരുടെ വാഴ്‌വ്. ജനങ്ങൾക്കിടയിൽ വിഭാഗീയത സൃഷ്ടിക്കുന്നതാണ് ഈ ഭൂരിപക്ഷാത്മകത. പുതിയ അതികായരുടെ രാഷ്ട്രീയം പ്രസ്തുത വിഭാഗീയതയെ മുൻനിർത്തി രൂപപ്പെടുത്തപ്പെട്ടതാണ്.

ജനാധിപത്യത്തിന്റെ മുഖ്യസ്രോതസ്സുകളെ അടച്ചും വ്യവസ്ഥാപിതമായ ഉപാധികളെ പിടിച്ചടക്കിയുമാണ് അധികാരത്തിൽ അതികായർ സ്ഥാനമുറപ്പിക്കുന്നത്.

തെരഞ്ഞെടുപ്പുജനാധിപത്യത്തെ നിർണയിക്കുന്ന വ്യവസ്ഥാപിത ഘടകങ്ങളെ മാനിപ്പുലേറ്റ് ചെയ്യാനുതകുംവിധം രൂപപ്പെടുത്തതാണ് അതികായരുടെ വിഭാഗീയ (divisive) രാഷ്ട്രീയം. ഏകാധിപത്യരീതികൾ അവലംബിക്കുമ്പോൾ തന്നെ ജനാധിപത്യപ്രതീതി നിലനിർത്താൻ അവർ ഉപയുക്തമാക്കുന്നത്, വ്യാജമായ ജനാധിപത്യ അന്തരീക്ഷത്തെയാണ്. അതേസമയം, പ്രതിപക്ഷ രാഷ്ട്രീയത്തെ ചിതറിപ്പിക്കാനും നിരർത്ഥകമാക്കാനുമുള്ള ജനാധിപത്യ വിരുദ്ധ രീതികൾ അവലംബിക്കുകയും ചെയ്യും.

അതികായർ മാധ്യമങ്ങളുടെയും ആരാധക വൃന്ദങ്ങളുടെയും പരിപാലനത്തിലൂടെ അതീത വ്യക്തിത്വങ്ങളായി സ്വയം സ്ഥാപിതമാകാൻ പരിശ്രമിക്കുമ്പോഴും പ്രതിപക്ഷരാഷ്ട്രീയത്തെ നേരിടാൻ വിമുഖത കാണിക്കുന്നു. ജനാധിപത്യത്തിന്റെ മുഖ്യസ്രോതസ്സുകളെ അടച്ചും വ്യവസ്ഥാപിതമായ ഉപാധികളെ പിടിച്ചടക്കിയുമാണ് അധികാരത്തിൽ ഇവർ സ്ഥാനമുറപ്പിക്കുന്നത്. എല്ലാ സ്വേച്ഛാധിപതികളെപോലെയും വേട്ടയാടൽ വിഭ്രാന്തി (persecution mania) അവരെ ജനാധിപത്യദ്വേഷികളാക്കുമ്പോൾ തന്നെ, ജനാധിപത്യ ഉപാധികളിലൂടെ തങ്ങൾക്കനുകൂലമായി സഹതാപം സൃഷ്ടിക്കാനും ശ്രമിക്കുന്നു. എതിരാളികളോട് വിദ്വേഷജനകമായ ശത്രുത പ്രകടിപ്പിക്കുന്നു, പ്രതിപക്ഷ പ്രക്ഷോഭങ്ങളോട് അനുചരവൃന്ദത്തെക്കൊണ്ട് തീവ്രമായി പ്രതികരിപ്പിക്കുന്നു. അതികായരുടെ രാഷ്ട്രീയത്തിന് പ്രതീകാത്മക ഹിംസ യഥാർത്ഥ ഹിംസപോലെ തന്നെ ഒഴിവാക്കാൻ പറ്റാത്തതാണ്. എക്കാലത്തെയും ഏകാധിപതികളെപ്പോലെ അതികായരുടെ സിംഹാസനവും രക്തം ഉറ കൂടിയതാണ്.

ചൈനീസ് അധിപൻ ഷി ജിൻപിങ് ലോകത്തിൽ അവശേഷിക്കുന്ന ഒരു കമ്മ്യൂണിസ്റ്റ് പാർട്ടി ഏകാധിപത്യത്തെയാണ് നയിക്കുന്നത്.
ചൈനീസ് അധിപൻ ഷി ജിൻപിങ് ലോകത്തിൽ അവശേഷിക്കുന്ന ഒരു കമ്മ്യൂണിസ്റ്റ് പാർട്ടി ഏകാധിപത്യത്തെയാണ് നയിക്കുന്നത്.

ഇന്ന് പല രാജ്യങ്ങളിലും അധികാരത്തിലുള്ള അതികായർ (strongmen) തമ്മിൽ ഏറെ സാദൃശ്യമുണ്ട്. രാഷ്ട്രീയ നിലപാടുകളിലെ വ്യത്യസ്തതയെക്കാൾ ഈ സാദൃശ്യമാണ് പ്രകടം. ഇരരാഷ്ട്രീയത്തെ വിദഗ്ദ്ധമായി ഉപയോഗിക്കുന്നവരാണിവർ. സ്വയം ഇരയായി പ്രത്യക്ഷപ്പെടുക മാത്രമല്ല, താൻ പ്രതിനിധാനം ചെയ്യുന്ന ജനസമൂഹം ഇരകളാണെന്ന വ്യാജപ്രതീതിയും ഇവർ രാഷ്ട്രീയ പ്രചാരണങ്ങളിലൂടെ സൃഷ്ടിച്ചെടുക്കും. ഇരകളായ ജനസമൂഹത്തിനുവേണ്ടി പ്രതികാരം ചെയ്യാൻ നിയുക്തരായവർ എന്ന തോന്നലും സൃഷ്ടിക്കും. അതിനാധാരമായി സ്വേച്ഛാധിപത്യപരമായ പ്രതികാരാത്മക നടപടികൾ നിർവഹിക്കുന്നുമുണ്ട്. വംശീയ രാഷ്ട്രീയ ദേശീയാഭിമാനത്തെ പ്രതികാരവാഞ്‌ഛയുടെ ഭാഷയിൽ അവർ അനുസ്യൂതമായി പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നു.

പ്രത്യയശാസ്ത്രത്തിന്റെ നിരാകരണമല്ല, പകരം വൈകാരികമായ രാജ്യസ്നേഹവും മുതലാളിത്ത വികസനവും എന്ന സാമാന്യ രാഷ്ട്രീയമാണ് അതികായരുടെ പ്രവർത്തനപരിപാടികളെ നയിക്കുന്നത്.

21-ാം നൂറ്റാണ്ടിലെ അതികായർ പ്രത്യയശാസ്ത്രവ്യക്തിത്വങ്ങളല്ല. ഇതിനർഥം അവർ ഏതെങ്കിലും പ്രത്യയശാസ്ത്രത്താൽ നയിക്കപ്പെടുന്നില്ല എന്നതല്ല. ചൈനീസ് അധിപൻ ഷി ജിൻപിങ് ലോകത്തിൽ അവശേഷിക്കുന്ന ഒരു കമ്മ്യൂണിസ്റ്റ് പാർട്ടി ഏകാധിപത്യത്തെയാണ് നയിക്കുന്നത്. മാത്രമല്ല, ഡെങ്ങിനുശേഷവും ഷിക്കു മുമ്പുമുണ്ടായിരുന്ന കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കളിൽനിന്ന് വ്യതിരിക്തമായി മാവോയുടെ പ്രത്യയശാസ്ത്രത്തോട് കൂടുതൽ ആഭിമുഖ്യം പുലർത്തുന്നു.

ഇന്ത്യയിൽ പ്രധാനമ​ന്ത്രി നരേന്ദ്ര മോദി ഹിന്ദുത്വ പ്രത്യയശാസ്ത്രത്താൽ പ്രചോദിതനാണ്. പ്രത്യയശാസ്ത്രത്തിന്റെ നിരാകരണമല്ല, പകരം വൈകാരികമായ രാജ്യസ്നേഹവും മുതലാളിത്ത വികസനവും എന്ന സാമാന്യ രാഷ്ട്രീയമാണ് അതികായരുടെ പ്രവർത്തനപരിപാടികളെ നയിക്കുന്നത്. ഇതിൽ, മുതലാളിത്ത വികസനമുന്നേറ്റങ്ങൾക്കും അത് നടപ്പിലാക്കാൻ അവർക്ക് സാധ്യമായ വ്യക്തിഗത ഇച്ഛാശക്തിയ്ക്കും അതികായനേതൃത്വം സ്ഥിരമായ ഊന്നൽ നൽകുന്നു. ആരാധകവൃന്ദം ഇതേറ്റുപാടുന്നു.

അതികായരായ നേതാക്കൾക്ക് സവിശേഷ നിർവചനമില്ല. 20-ാം നൂറ്റാണ്ടിന്റെ ആരംഭം മുതൽ ഇതുവരെ മൂന്ന് ദുരധികാര (autocratic) തരംഗങ്ങളെപ്പറ്റി രാഷ്ട്രതന്ത്രവിദഗ്ദ്ധർ പറയുന്നുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വേച്ഛാധിപതികളിൽ അധികംപേരും പ്രത്യയശാസ്ത്രഭരണകൂടങ്ങളെ പ്രതിനിധാനം ചെയ്തവരാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വേച്ഛാധിപതികളിൽ അധികംപേരും പ്രത്യയശാസ്ത്രഭരണകൂടങ്ങളെ പ്രതിനിധാനം ചെയ്തവരാണ്.

ഒന്നാം തരംഗം ഒന്നാം ലോക മഹായുദ്ധം മുതൽ രണ്ടാം ലോകമഹായുദ്ധം വരെയുള്ള ഘട്ടം. ഫ്രാങ്കോ, ഹിറ്റ്‌ലർ, മുസോളിനി, സ്റ്റാലിൻ, ടോജോ എന്നിവരാണ് ഈ ഘട്ടത്തിലെ ഏകാധിപത്യത്തെ പ്രതിനിധീകരിക്കുന്നത്. വിൻസ്റ്റൺ ചർച്ചിൽ പാർലമെന്ററി സംവിധാനത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ടതാണെങ്കിലും ഏകാധിപത്യ പ്രവണതയും വംശീയതയും പ്രകടിപ്പിക്കുന്നതിൽ ഒട്ടും പിന്നിലായിരുന്നില്ല. ഈ ഘട്ടത്തിലെ സ്വേച്ഛാധിപതികളിൽ അധികംപേരും പ്രത്യയശാസ്ത്രഭരണകൂടങ്ങളെ പ്രതിനിധാനം ചെയ്തവരാണ്. പ്രത്യയശാസ്ത്രത്തിന്റെ സാർവദേശീയവിജയമാണ് അവർ ലക്ഷ്യം വെച്ചത്.

രണ്ടാം ഘട്ട ദുരധികാരികൾ അറുപതുകൾക്കു ശേഷം ഉയർന്നുവന്ന പട്ടാളമേധാവികളോ അധികാരം പിടിച്ചടക്കിയവരോ ആണ്. അതിൽ ലാറ്റിനമേരിക്കൻ രാജ്യങ്ങളിലെ ദുരധികാരികൾ സി ഐ എ പാവകളായിരുന്നു. ഇറാനിലെ ഷാ മറ്റൊരു ഉദാഹരണം. ഇന്ത്യയിലും ഈ ഘട്ടത്തിൽ ദുരധികാര പ്രവണതകൾ പ്രതിഫലിച്ചു, അതാണ് ഇന്ദിരാഗാന്ധിയുടെ ഹ്രസ്വകാലത്തേക്കുള്ളതെങ്കിലും ജനാധിപത്യപ്രവർത്തനത്തെ അട്ടിമറിച്ച അടിയന്തരാവസ്ഥ.

ജനാധിപത്യത്തെ സമഗ്രാധികാരത്തിനനുകൂലമായി പുനർക്രമീകരിക്കുക എന്നതാണ് ദുരധികാര പ്രവണതയുടെ മറ്റൊരു സുപ്രധാന ലക്ഷണം.

ഈ ഘട്ടത്തിലെ ദുരധികാരത്തിന് ഒരു പൊതുപ്രവണതയുണ്ടായിരുന്നു. രാഷ്ട്രീയ പ്രത്യയശാസ്ത്രത്താൽ നയിക്കപ്പെട്ട സ്വേച്ഛാധിപത്യമായിരുന്നില്ല ഇതൊന്നും. ആഗോള ശീതസമരത്തിന്റെയും ഇരുധ്രുവലോകത്തിന്റെയും ഉൽപ്പന്നം കൂടിയായിരുന്നു രണ്ടാംഘട്ട ഓട്ടോക്രസി.

ദുരധികാരത്തിന്റെ മൂന്നാംഘട്ടം ആരംഭിക്കുന്നത് ഈ നൂറ്റാണ്ടിന്റെ പകുതിയോടെയാണ്. ലിബറൽ ജനാധിപത്യം ആന്തരിക പ്രതിസന്ധി നേരിടുന്നതോടെയാണ് ഏകാധിപത്യപ്രവണതയുള്ള ഭരണാധികാരികൾക്കായുള്ള മുറവിളി ഉയരുന്നത്. പ്രത്യയശാസ്ത്രപരമായ വീക്ഷണഗതിയേക്കാൾ വംശീയ- വൈകാരിക രാഷ്ട്രീയത്തിനാണ് മൂന്നാം ഘട്ടത്തിലെ സ്വേച്ഛാധിപതികൾ പ്രാധാന്യം നൽകുന്നത്. ക്ലാസിക്കൽ ഫാഷിസത്തോടും സ്റ്റാലിനിസത്തോടും സാദൃശ്യം പുലർത്തുമ്പോൾ തന്നെ അതിൽനിന്ന്, ഭിന്നമായ ചില പ്രവണതകളും പ്രകടമാക്കുന്നുണ്ട്. വ്യക്തികേന്ദ്രിത പ്രതിച്ഛായാ നിർമാണം ദുരധികാരത്തിന്റെ സവിശേഷ പ്രവണതയാണ്. ക്‌ളാസിക്കൽ ഫാഷിസവും സ്റ്റാലിനിസവുമായി സാദൃശ്യപ്പെടുന്ന അതികായ പരിവേഷം മാധ്യമങ്ങളുടെയും പുതിയ സംവേദന ഉപാധികളിലൂടെയുമാണ് ഈ പ്രതിച്ഛായ ഊട്ടിയുറപ്പിക്കുന്നത്.

വിൻസ്റ്റൺ ചർച്ചിൽ പാർലമെന്ററി സംവിധാനത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ടതാണെങ്കിലും ഏകാധിപത്യ പ്രവണതയും വംശീയതയും പ്രകടിപ്പിക്കുന്നതിൽ ഒട്ടും പിന്നിലായിരുന്നില്ല.
വിൻസ്റ്റൺ ചർച്ചിൽ പാർലമെന്ററി സംവിധാനത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ടതാണെങ്കിലും ഏകാധിപത്യ പ്രവണതയും വംശീയതയും പ്രകടിപ്പിക്കുന്നതിൽ ഒട്ടും പിന്നിലായിരുന്നില്ല.

സ്വയമൊരു സെലിബ്രിറ്റി സ്റ്റാറ്റസ് കാംക്ഷിക്കുന്നവരാണ് മൂന്നാം ഘട്ടത്തിലെ സ്വേച്ഛാധികാരികൾ. സെലിബ്രിറ്റി സ്റ്റാറ്റസ് എന്നാൽ വെള്ളിത്തിരനായകരുടെ പ്രതിച്ഛായയുമായി ഒത്തുപോകാനുളള തീവ്രശ്രമം. അതിനായി അവർ പ്രധാനമായും അവലംബിക്കുന്നത് മാച്ചോ (Macho) പ്രതിച്ഛായയാണ്. ആണത്തപ്രകടനവും അധികാര ഗർവിഷ്ടതയും സ്വന്തം സംഘടനാനേതാക്കളിൽ നിന്നു വേറിട്ട് ഉയരെ നിൽക്കാനും അങ്ങനെ പരിലാളിക്കപ്പെടാനും, തങ്ങളുടെ സാമൂഹിക പ്രതിച്ഛായെ അവർ മിനുക്കിയെടുക്കുന്നു.

അതികായരും
സ്വേച്ഛാധികാര
പോപ്പുലിസവും

പ്രശസ്ത സാംസ്കാരിക നിരൂപകൻ സ്റ്റുവേർട്ട് ഹാൾ രൂപപ്പെടുത്തിയതാണ് Authoritarian populism എന്ന പരികല്പന. എൺപതുകളിലെ മാർഗരറ്റ് താച്ചറുടെ ഏകാധിപത്യശൈലിയെ വിശദീകരിക്കാനാണ് ഈ പരികല്പന രൂപപ്പെടുത്തിയത്. 21-ാം നൂറ്റാണ്ടിലെ ഏകാധിപത്യ പ്രവണതകളുള്ള ഇടതും വലതുമായ എല്ലാ ഭരണാധികാരികളും ഇതിന്റെ പ്രയോക്താക്കളാണ്. യാഥാസ്ഥിതികമായ സാമൂഹിക- രാഷ്ട്രീയ ശക്തികളുടെ പിന്തുണയോടെ ഭരണകൂടാധികാരത്തെ "സ്വേച്ഛാധിപത്യത്തിലേക്ക്" പരിവർത്തിപ്പിക്കുകയാണ് അവർ ചെയ്തത്. മധ്യവർഗജനങ്ങളിൽ പ്രതിലോമകരമായ പ്രതിസന്ധിബോധം കൃത്രിമമായി സൃഷ്ടിച്ചാണ് സ്വേച്ഛാധികാരം സ്ഥാപിച്ചെടുക്കുന്നത്. മാധ്യമ പിന്തുണയോടെ സ്വേച്ഛാധികാരത്തിന് മധ്യവർഗ ജനവിഭാഗങ്ങളിൽ ജനപ്രിയസമ്മതി നേടിയെടുക്കുന്നു. മധ്യവർഗബോധത്തിൽ അതികായചിത്രം സ്ഥാപിച്ചെടുക്കാൻ ചലച്ചിത്ര നായകരുടെ ട്രോപുകളെ (tropes ) ഉപയോഗിക്കുന്നു. നെഞ്ചളവുള്ളയാൾ, ധൈര്യശാലി, ഏതു പ്രതികൂല പ്രതിസന്ധിയെയും ഒറ്റയ്ക്ക് നേരിടാൻ കരുത്തുള്ള വ്യക്തി തുടങ്ങി ആരാധകവൃന്ദം നായകപരിവേഷത്തിന്റെ പ്രതിച്ഛായ രാഷ്ട്രീയനേതൃത്വത്തിന് നൽകുന്നു. പ്രത്യയശാസ്ത്ര കീഴ് വഴക്കങ്ങൾ ഉപേക്ഷിച്ച് തികച്ചും വ്യക്തികേന്ദ്രിതമായ പ്രതിച്ഛായാനിർമാണത്തിനാണ് തുനിയുന്നത്. ചരിത്രനിരപേക്ഷമാണ് ഈ പ്രതിച്ഛായാനിർമിതി എന്നു മാത്രമല്ല, അത് പരിഹാസ്യമാംവിധം മൈത്തിക (mythic) സ്വഭാവമാർജ്ജിക്കുകയും ചെയ്യുന്നു. ഉദാഹരണത്തിന്, രാഷ്ട്രീയ നേതാവ് ഒരു ജൈവസൃഷ്ടിയല്ല, ദൈവസൃഷ്ടിയാണെന്ന അനുമാനങ്ങൾ.

‘ഞാൻ ജനമാണ്’ (I am the People) എന്ന സമീപനമാണ് അതികായർക്ക്. ഇത്, ‘ഞാനാണ് ഭരണകൂടം’ (I am the State) എന്ന 20-ാം നൂറ്റാണ്ടിലെ സ്വേച്ഛാധികാരപ്രമത്തതയിൽ നിന്ന് തുലോം വ്യത്യസ്തമാണ്.

ശക്തനായ ഒരു നേതാവിനെ കേന്ദ്രീകരിച്ചാണ് സമകാലികമായ സ്വേച്ഛാധിപത്യ ജനപ്രിയത (authoritarian populism) നിലകൊള്ളുന്നത്. വികസനവാദത്തിനും മുതലാളിത്ത അനുകൂല സമീപനങ്ങൾക്കും അനുസരിച്ച് ഭരണകൂടത്തിന്റെ വ്യവസ്ഥാപിതനിയമങ്ങൾ മാറ്റിയെഴുതാനും തന്നിഷ്ടപ്രകാരം (arbitrary) ഭരണം നിർവഹിക്കാനുമാണ് അതികായ നേതാക്കൾ തങ്ങളുടെ സ്വേച്ഛാധികാര ജനകീയതയെ അടിസ്ഥാനമാക്കുന്നത്. അതിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറാവാതിരിക്കുകയാണ് അവരുടെ ഇച്ഛാശക്തിയുടെ മേന്മയായി ആരാധകവൃന്ദം പ്രചരിപ്പിക്കുക.

മാർഗരറ്റ് താച്ചർ. പ്രശസ്ത സാംസ്കാരിക നിരൂപകൻ സ്റ്റുവേർട്ട് ഹാൾ രൂപപ്പെടുത്തിയതാണ് Authoritarian populism എന്ന പരികല്പന. എൺപതുകളിലെ മാർഗരറ്റ് താച്ചറുടെ ഏകാധിപത്യശൈലിയെ വിശദീകരിക്കാനാണ് ഈ പരികല്പന രൂപപ്പെടുത്തിയത്.
മാർഗരറ്റ് താച്ചർ. പ്രശസ്ത സാംസ്കാരിക നിരൂപകൻ സ്റ്റുവേർട്ട് ഹാൾ രൂപപ്പെടുത്തിയതാണ് Authoritarian populism എന്ന പരികല്പന. എൺപതുകളിലെ മാർഗരറ്റ് താച്ചറുടെ ഏകാധിപത്യശൈലിയെ വിശദീകരിക്കാനാണ് ഈ പരികല്പന രൂപപ്പെടുത്തിയത്.

ജനാധിപത്യത്തിന്റെ തടസ്സങ്ങൾ മറികടന്നും എതിരഭിപ്രായങ്ങളെ അവഗണിച്ചും അടിച്ചമർത്തുകയും ചെയ്തും 'പൊതു' താല്പര്യാർത്ഥം വികസനം നടപ്പാക്കുക അല്ലെങ്കിൽ രാജ്യക്ഷേമകരമായ പദ്ധതികൾ നടപ്പാക്കുക എന്നതാണ് അവർ സ്വന്തം അധികാരത്തിന്റെ സാക്ഷാത്ക്കാരമായി പ്രതിപാദിക്കുന്നത്. ഏണസ്റ്റ് ലക്ലോ (Ernsto Laclau) നിർവചിക്കുന്നതുപോലെ ജനമെന്ന ശൂന്യമായ സൂചകത്തെ മുൻനിർത്തിയാണ് സമഗ്രാധികാരികൾ ജനസമ്മതിയുണ്ടെന്ന അർത്ഥത്തിൽ അധികാരം കൈയാളുന്നത്. തെരഞ്ഞെടുക്കപ്പെടുക എന്നത്, ജനത്തിന്റെ മാൻഡേറ്റ് താൻ വിഭാവനം ചെയ്യുന്ന എല്ലാ വികസനപ്രവർത്തനങ്ങൾക്കുമുള്ള സർവകാലികമായ സമ്മതിയായാണ് അനുമാനിക്കപ്പെടുന്നത്. വ്യവസ്ഥാപിതമായ സ്ഥാപനങ്ങളും മാനദണ്ഡങ്ങളും, അതായത് ജനാധിപത്യത്തിന്റെ സ്വീകൃതമായ എല്ലാ പ്രക്രിയകളും തടസ്സമെന്ന നിലയ്ക്ക് വ്യാഖ്യാനിക്കപ്പെടുന്നു. ജനാധിപത്യത്തെ സമഗ്രാധികാരത്തിനനുകൂലമായി പുനർക്രമീകരിക്കുക എന്നതാണ് ദുരധികാര പ്രവണതയുടെ മറ്റൊരു സുപ്രധാന ലക്ഷണം.

‘ഞാൻ ജനമാണ്’ (I am the People) എന്ന സമീപനമാണ് അതികായർക്ക്. ഇത്, ‘ഞാനാണ് ഭരണകൂടം’ (I am the State) എന്ന 20-ാം നൂറ്റാണ്ടിലെ സ്വേച്ഛാധികാരപ്രമത്തതയിൽ നിന്ന് തുലോം വ്യത്യസ്തമാണ്. നവലിബറൽ സാമ്പത്തിക പരിഷ്‌ക്കാരങ്ങൾ ഭരണകൂടത്തെ ടെക്നോക്രാസിക്ക് വിധേയപ്പെടുത്തി. ടെക്നോക്രാറ്റുകൾ തികച്ചും സാങ്കേതികമായാണ് പദ്ധതികൾ വിഭാവനം ചെയ്തത്. ജനക്ഷേമത്തിൽ നിന്ന് ഭരണകൂടം അകലുന്നതിലേക്കാണ് ഇത് നയിച്ചത്. സാമ്പത്തിക അന്തരം സമൂഹത്തിൽ വലിയ അസ്വാസ്ഥ്യങ്ങൾക്ക് വഴിവെച്ചു. മധ്യവർഗം ഉൾപ്പെടെ വലിയൊരു വിഭാഗം ഭരണത്തിൽനിന്ന് അന്യവൽക്കരിക്കപ്പെട്ടു.

അതേസമയം, ടെക്നോക്രസി നിയന്ത്രിച്ചിരുന്ന സർക്കാരിനെതിരെ വ്യാപക അഴിമതിആരോപണങ്ങൾ ഉയർന്നുവരാൻ തുടങ്ങി. രാജ്യത്തിന്റെ മേന്മ മങ്ങുന്നുവെന്നൊരു ആശയവും കൂട്ടത്തിൽ പ്രചരിക്കപ്പെട്ടു. സർക്കാർ സംവിധാനങ്ങളുടെ കാര്യക്ഷമതയും നഷ്ടപ്പെടാൻ തുടങ്ങി. ജനം നിരാശരാകുന്ന ഘട്ടമാണ് അതികായർക്ക് കടന്നുവരാനുള്ള സന്ദർഭം. അഴിമതി, കെടുകാര്യസ്ഥത, തൊഴില്ലായ്മ തുടങ്ങിയ പ്രശ്നങ്ങളെ ഏറ്റെടുത്തുകൊണ്ടാണ് സ്വേച്ഛാധികാര പോപ്പുലിസ്റ്റുകൾ അധികാരത്തിലേക്ക് മത്സരിക്കുക. പ്രശ്ന പരിഹാരത്തിന് പതിവുപോലെ ന്യൂനപക്ഷങ്ങളും കുടിയേറ്റക്കാരുമാണ് കുറ്റക്കാർ. തൊഴിലും ജീവിതവും അപഹരിക്കുന്ന അവരെ പുറത്താക്കി രാജ്യത്തിന്റെ മഹിമ തിരിച്ചുപിടിക്കുക എന്നത് സ്വേച്ഛാധികാര പോപ്പുലിസ്റ്റുകളായ രാഷ്ട്രീയ നേതാക്കളുടെ സ്ഥിരം തന്ത്രമാണ്. തെരഞ്ഞെടുപ്പുകളിലൂടെ തന്നെയാണ് അവർ അധികാരത്തിനായി മത്സരിക്കുന്നതും പരമാധികാര സ്ഥാനങ്ങളിൽ അവരോധിതമാകുന്നതും. ജനാധിപത്യ സ്ഥാപനങ്ങളെ പിടിച്ചടക്കിയാണ് അവർ മുന്നേറുന്നത്. ഐജാസ് അഹമ്മദിന്റെ വിവരണം കടമെടുത്താൽ, ലിബറൽ സ്ഥാപനങ്ങളിലൂടെയുള്ള ലോംഗ് മാർച്ചിലൂടെ അവർ ഭരണഘടനാധിഷ്ഠിതസ്ഥാപനങ്ങളെ തങ്ങളുടെ വരുതിയിലാക്കുന്നു. ജനാധിപത്യം തന്നെയാണ് അട്ടിമറിക്കപ്പെടുന്നത് എന്നതിനാൽ, ജനാധിപത്യസംവിധാനം തങ്ങൾക്ക് വിധേയമാകുന്ന കാലത്തോളം ജനാധിപത്യത്തിന്റെ പ്രതീതി നിലനിർത്തപ്പെടുകയും ചെയ്യും.

അഡോൾഫ് ഹിറ്റ്‌ലർ, ബനിറ്റോ മുസോളിനി. ഒന്നാം തരംഗം ഒന്നാം ലോക മഹായുദ്ധം മുതൽ രണ്ടാം ലോകമഹായുദ്ധം വരെയുള്ള ഘട്ടം. ഫ്രാങ്കോ, ഹിറ്റ്‌ലർ, മുസോളിനി, സ്റ്റാലിൻ, ടോജോ എന്നിവരാണ് ഈ ഘട്ടത്തിലെ ഏകാധിപത്യത്തെ പ്രതിനിധീകരിക്കുന്നത്.
അഡോൾഫ് ഹിറ്റ്‌ലർ, ബനിറ്റോ മുസോളിനി. ഒന്നാം തരംഗം ഒന്നാം ലോക മഹായുദ്ധം മുതൽ രണ്ടാം ലോകമഹായുദ്ധം വരെയുള്ള ഘട്ടം. ഫ്രാങ്കോ, ഹിറ്റ്‌ലർ, മുസോളിനി, സ്റ്റാലിൻ, ടോജോ എന്നിവരാണ് ഈ ഘട്ടത്തിലെ ഏകാധിപത്യത്തെ പ്രതിനിധീകരിക്കുന്നത്.

ഇലക്ടറൽ ഓട്ടോക്രസി

രാഷ്ട്രീയ ചിന്തകനും തെരഞ്ഞെടുപ്പ് വിശകലന വിദഗ്ദ്ധനുമായ യോഗേന്ദ്ര യാദവ് നീരിക്ഷിക്കുന്നത്, ജനാധിപത്യവും ഏകാധിപത്യവും ചേരുന്ന പുതിയ സങ്കര (hybrid) രാഷ്ട്രീയവ്യവസ്ഥയാണ് ലോകത്തിൽ നിലവിൽ വന്നിരിക്കുന്നത് എന്നാണ്. തുർക്കിയിലെ തയ്യിബ് ഉർദുഗാൻ, ഇന്ത്യയിലെ നരേന്ദ്ര മോദി, ഹംഗറിയിലെ വിക്ടർ ഓർബൻ, ചൈനയിലെ ഷി ജിൻപിങ്, ഇസ്രായേലിലെ ബെഞ്ചമിൻ നെതന്യാഹു, അർജന്റീനയിലെ ജാവിയർ മിലി, റഷ്യയിലെ വ്ലാദിമിർ പുടിൻ, അമേരിക്കയി​ലെ ഡോണൾഡ് ട്രംപ്, യൂറോപ്യൻ രാഷ്ട്രങ്ങളിലെ വലതുപക്ഷ ഭരണകർത്താക്കൾ - എല്ലാവരും തെരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വരികയും ഭരണഘടനയെ നിഷ്പ്രഭമാക്കി നിയമത്തെയും സ്ഥാപനങ്ങളെയും ആയുധവൽക്കരിച്ചുമാണ് സമഗ്രാധികാര ഭരണവ്യവസ്ഥ നിലനിർത്തുന്നത്.

തെരഞ്ഞെടുപ്പ് ജനാധിപത്യത്തെ വംശീയ പ്രചാരണ ആയുധമാക്കിയാണ് ഇവർ ഭൂരിപക്ഷം നേടുന്നത്. ഉർദുഗാൻ ഒഴിച്ച് ബാക്കിയുള്ളവർ മുസ്ലിം വിരുദ്ധ നിലപാട് പ്രഖ്യാപിച്ചിട്ടുള്ളവരാണ്. വിമതശബ്ദങ്ങളെ നിഷ്ഠൂരമായി അടിച്ചമർത്താൻ കരിനിയമങ്ങൾ പ്രയോഗിക്കുകയും നിയമത്തെ ആയുധവൽക്കരിക്കുകയും ചെയ്യുന്നു. പ്രതിപക്ഷ രാഷ്ട്രീയത്തെ ജനാധിപത്യത്തിന്റെ ബാധ്യതയായി കാണുന്ന ഇവർ, പ്രതിപക്ഷ രാഷ്ട്രീയപാർട്ടികളെ ഭിന്നിപ്പിക്കുന്നു. മൂലധന വികസനത്തിനനുകൂലമായ സമീപനം സ്വീകരിക്കുന്നതോടൊപ്പം ചങ്ങാത്ത മുതലാളിത്തത്തിനും കോർപറേറ്റ് പ്രഭുത്വവാഴ്ചയ്ക്കും അസ്ഥിവാരമിടുന്നു. ന്യൂനപക്ഷ സമൂഹങ്ങളെ സംശയാസ്പദ പൗരരായി കാണുന്ന നിയമങ്ങൾക്ക് രൂപം നൽകുന്നു. സ്വേച്ഛാധിപത്യ ഭരണകൂടങ്ങളിൽ, നിയമസാധുത ഉറപ്പാക്കൽ എന്നത് അവ്യക്തമായിരിക്കും. അവിടെ സ്വേച്ഛാധിപതികൾ ജനകീയ പരമാധികാരത്തിന്റെ ആത്യന്തിക പ്രകടനമായി തെരഞ്ഞെടുപ്പ് വിജയത്തെയാണ് മാനദണ്ഡമാക്കുന്നത്. തെരഞ്ഞെടുപ്പ് വിജയം പിഴയ്ക്കാതിരിക്കാൻ സമ്മതിദായകരെ തന്നെ രൂപപ്പെടുത്തുന്നു. ജനം ഭരണാധികാരികളെ തെരഞ്ഞെടുക്കുന്ന പ്രാതിനിധ്യ ജനാധിപത്യരീതികൾക്കുപകരം സമ്മതിദായകരായ ജനത്തെ തന്നെ സൃഷ്ടിക്കുന്ന തലതിരിഞ്ഞ പ്രാതിനിധ്യ ജനാധിപത്യമാർഗങ്ങളാണ് അവലംബിക്കപ്പെടുന്നത്. തെരഞ്ഞെടുപ്പ് ഭൂരിപക്ഷം സമം ജനകീയപരമാധികാരം സമം തെരഞ്ഞെടുക്കപ്പെട്ട ഏകാധിപത്യം എന്നിങ്ങനെ വ്യവസ്ഥാപിതമാകുന്നു.

ദേശം അല്ലെങ്കിൽ നാട് എന്നാൽ രാഷ്ട്രത്തലവൻ തന്നെയാകുന്നു. രാഷ്ട്രത്തോടുള്ള ആദരവ് സമം രാഷ്ട്രതലവനോടുള്ള ആദരവ് ആയി മാറുന്നു.

ജനാധിപത്യ രാജ്യങ്ങളെക്കുറിച്ച് പഠിക്കുകയും വിലയിരുത്തുകയും ചെയ്യുന്ന സ്വീഡനിലെ വി- ഡെം ഇൻസ്റ്റിറ്റ്യൂട്ട് ഈ വർഷം ഇന്ത്യയെ "തെരഞ്ഞെടുപ്പ് സ്വേച്ഛാധിപത്യം" ആയി തരംതിരിച്ചു. 2014- ലെ ബി ജെ പിയുടെ പ്രാരംഭ തെരഞ്ഞെടുപ്പ് വിജയത്തെ ജനാധിപത്യ സ്വാതന്ത്ര്യങ്ങളുടെ തകർച്ചയുടെ തുടക്കമായി റിപ്പോർട്ട് വിലയിരുത്തി. യു എ പി എയെ പാർട്ടി ആയുധമാക്കുന്നതിനെയാണ് ഉദാഹരണമായി ചൂണ്ടിക്കാട്ടിയത്. കഴിഞ്ഞ വർഷം, മാസികയുമായി ബന്ധപ്പെട്ട ഗവേഷണ സ്ഥാപനമായ ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റ്, ജനാധിപത്യ സൂചികയിൽ ഇന്ത്യയുടെ റാങ്കിംഗ് രണ്ടു സ്ഥാനം താഴ്ത്തി. ‘ജനാധിപത്യ തിരിച്ചടി’യും (democratic backsliding) പൗരസ്വാതന്ത്ര്യത്തിനെതിരായ ‘അടിച്ചമർത്തലുകളു’മാണ് ഈ ഇടിവിന് കാരണമായി അവർ കണ്ടെത്തിയത്.

തെരഞ്ഞെടുപ്പ് സ്വേച്ഛാധിപത്യത്തെയും മത്സരാധിഷ്ഠിത ഏകാധിപത്യത്തെയും ഏകാധിപത്യ ജനകീയതയെയും ഊട്ടിയുറപ്പിക്കുന്ന വിരസ (banal) ദേശീയതയുടെ ആധികാരികതയെക്കുറിച്ചുകൂടി മനസ്സിലാക്കേണ്ടതുണ്ട്. മൈക്കിൾ ബില്ലിംഗിന്റെ ദേശീയതയെകുറിച്ചുള്ള പഠനത്തിൽ ഉപയോഗപ്പെടുത്തുന്ന പരികല്പനയാണ് വിരസ ദേശീയത (banal nationalism) എന്നത്. ദൈനംദിന ദിനചര്യകളിൽ ദേശീയത പുനർനിർമ്മിക്കപ്പെടുന്നു. ഇത് "ബോധപൂർവ തിരിച്ചറിവില്ലാതെ തന്നെ ദേശരാഷ്ട്രത്തെക്കുറിച്ച് ഓർമപ്പെടുത്തിക്കൊണ്ടിരിക്കുന്നു".

രാഷ്ട്രീയ ചിന്തകനും തെരഞ്ഞെടുപ്പ് വിശകലന വിദഗ്ദ്ധനുമായ യോഗേന്ദ്ര യാദവ് നീരിക്ഷിക്കുന്നത്, ജനാധിപത്യവും ഏകാധിപത്യവും ചേരുന്ന പുതിയ സങ്കര (hybrid) രാഷ്ട്രീയവ്യവസ്ഥയാണ് ലോകത്തിൽ നിലവിൽ വന്നിരിക്കുന്നത് എന്നാണ്.
രാഷ്ട്രീയ ചിന്തകനും തെരഞ്ഞെടുപ്പ് വിശകലന വിദഗ്ദ്ധനുമായ യോഗേന്ദ്ര യാദവ് നീരിക്ഷിക്കുന്നത്, ജനാധിപത്യവും ഏകാധിപത്യവും ചേരുന്ന പുതിയ സങ്കര (hybrid) രാഷ്ട്രീയവ്യവസ്ഥയാണ് ലോകത്തിൽ നിലവിൽ വന്നിരിക്കുന്നത് എന്നാണ്.

മൈക്കൾ ബില്ലിംഗ് വിരസദേശീയതയെക്കുറിച്ചു വിവരിക്കുന്നത് ഇപ്രകാരമാണ്: "രാഷ്ട്രീയ ചർച്ചകൾക്കും സാംസ്കാരിക ഉൽപ്പന്നങ്ങൾക്കും പത്രങ്ങളുടെ ദൈനംദിന ഘടനയ്ക്കുപോലും ദേശീയത തുടർച്ചയായ ഒരു പശ്ചാത്തലം നൽകുന്നു. സമാനമായി, നിരവധി രീതികളിൽ, രാഷ്ട്രങ്ങളുടെ ലോകത്ത്, തങ്ങളുടെ ദേശീയയുടെ സ്ഥാനത്തെക്കുറിച്ച് പൗരരെ ദിവസവും ഓർമപ്പെടുത്തുന്നു".

ദൈനംദിനാടിസ്ഥാനത്തിൽ ബോധപൂർവ സ്‌മരണയിലൂടെയല്ലാതെ തന്നെ ദേശീയതയെക്കുറിച്ചു ഓർമപ്പെടുത്തുന്നത് വിരസ ദേശീയതയുടെ പ്രതീകാത്മക മുഖങ്ങളിലൂടെയാണ്. രാഷ്ട്രനേതാവിന്റെ പ്രതിച്ഛായ ഈ ദൈനംദിന ദേശീയതയുടെ ഓർമയാകുന്നു. ദേശം അല്ലെങ്കിൽ നാട് എന്നാൽ രാഷ്ട്രത്തലവൻ തന്നെയാകുന്നു. രാഷ്ട്രത്തോടുള്ള ആദരവ് സമം രാഷ്ട്രതലവനോടുള്ള ആദരവ് ആയി മാറുന്നു. ദേശീയത അനുദിനക്രമത്തിൽ എപ്പോഴുമുള്ള ഓർമപ്പെടുത്തലാകുന്നു. ദേശത്തെ ഒരു ഭരണാധികാരിനാട് എന്ന് പേരിട്ടാൽ അതും സമാനമായ അനുഭവമാകുന്നു. ഒരു സർക്കാരിന്റെ വികസന പദ്ധതിക്കെതിരെയുള്ള നിലപാട് ഈ വിരസ ദേശീയതയുടെ (banal nationalism) നാടിനെതിരായ പ്രവർത്തനമാണ്.

സംസ്ഥാനതല കൾട്ട് സ്റ്റാറ്റസിൽനിന്ന് ദേശീയ നേതൃത്വത്തിലേക്ക് ഉയർന്ന ഒരേയൊരു നേതാവ് നരേന്ദ്ര മോദിയാണ്.

21-ാം നൂറ്റാണ്ടിൽ പ്രത്യക്ഷമായ അതികായർ (strongman) വിരസദേശീയതയെ മുൻനിർത്തി തെരഞ്ഞെടുപ്പ് വൈകാരികത മൂർച്ഛിപ്പിക്കുന്ന തെരഞ്ഞെടുപ്പ് തന്ത്രങ്ങളിലൂടെ അധികാരത്തിൽ വരികയും കേവലാധികാരം സ്ഥാപിക്കുകയും ചെയ്യുന്നു. അഴിമതിവിരുദ്ധത, രാജ്യാഭിമാനം, സൈനികവൽക്കരണം എന്നിങ്ങനെയുള്ള പോപ്പുലിസ്റ്റ് നടപടികളിലൂടെ സ്വേച്ഛാധികാര ജനപ്രിയത അടിച്ചേൽപ്പിക്കുന്നു. തികച്ചും വ്യക്തികേന്ദ്രിതവും നിയമാതീതമായ ആർബിറ്ററി അധികാരത്തിന്റെ പ്രയോഗങ്ങളിലൂടെയാണ് ഭരണനിർവഹണം നടത്തുന്നത്. പരമ്പരാഗത മാധ്യമങ്ങളുടെയും സമൂഹമാധ്യമങ്ങളുടെയും വിദഗ്ദ്ധമായ മാനിപുലേഷനിലൂടെ തെരഞ്ഞെടുപ്പ് ജനാധിപത്യത്തിൽ അനുകൂലവിധി സമ്പാദിക്കാൻ പ്രചാരണത്തിനും പ്രവർത്തനങ്ങൾക്കും ധാരാളമായി പണം വിനിയോഗിക്കുന്നു. ഇതിനോട് കിടപിടിക്കാൻ സാധിക്കാത്തവിധം പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളെ ദുർബലപ്പെടുത്തിയിട്ടുമുണ്ട്.

ഇന്ത്യൻ രാഷ്ട്രീയവും
കൾട്ട് വ്യക്തിത്വങ്ങളും

ഇന്ത്യൻ രാഷ്ട്രീയവ്യവസ്ഥ പൂർണമായും ഏകാധിപത്യത്തിലേക്ക് വീണിട്ടില്ലെങ്കിലും അതിന്റെ പ്രവണതകൾ മുമ്പേ ദൃശ്യമായിരുന്നു. 1970 മുതൽ 77 വരെ ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസും കേന്ദ്രഭരണവും ആഗോളീയമായി ഉയർന്നുവന്ന സമഗ്രാധിപത്യത്തിന്റെ രണ്ടാം ഘട്ടത്തിലെ പ്രത്യേകതകൾ പ്രകടമാക്കി. സ്വാതന്ത്ര്യാനന്തരം ജവഹർലാൽ നെഹ്‌റുവിന്റെ നേതൃത്വത്തിലുള്ള ഭരണസംവിധാനം, നെഹ്‌റുവിന് അന്ന് ലഭിച്ച ജനപിന്തുണവെച്ച്, ഏകാധിപത്യ സംവിധാനത്തിലേക്ക് വഴുതാതിരിക്കാൻ ഒരു കാരണം, പുതുതായി പിറന്ന രാഷ്ട്രത്തിന്റെ സ്വപ്നങ്ങളെ നയിക്കാൻ ഭരണഘടനയുണ്ടായിരുന്നു എന്നതിനാലാണ്. രാഹുൽ ഡേ People's Constitution എന്ന പുസ്തകത്തിൽ ഇത് വിശദീകരിക്കുന്നുണ്ട്.

രണ്ടാമത്തെ കാരണം, ദേശീയ പ്രസ്ഥാനത്തിന്റെയും ഗാന്ധിയൻ രാഷ്ട്രീയത്തിന്റെയും പുതുലോക പ്രത്യാശകളെ ആന്തരികവൽക്കരിച്ച നെഹ്രുവിന്റെ ജനാധിപത്യത്തോടുള്ള പ്രതിബദ്ധതയാണ്.

1970 മുതൽ 77 വരെ ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസും കേന്ദ്രഭരണവും ആഗോളീയമായി ഉയർന്നുവന്ന സമഗ്രാധിപത്യത്തിന്റെ രണ്ടാം ഘട്ടത്തിലെ പ്രത്യേകതകൾ പ്രകടമാക്കി.
1970 മുതൽ 77 വരെ ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസും കേന്ദ്രഭരണവും ആഗോളീയമായി ഉയർന്നുവന്ന സമഗ്രാധിപത്യത്തിന്റെ രണ്ടാം ഘട്ടത്തിലെ പ്രത്യേകതകൾ പ്രകടമാക്കി.

മൂന്നാമത്തെ കാരണം, ദേശീയ പ്രസ്ഥാനത്തിന്റെ മൂല്യങ്ങൾ ഇന്ത്യൻ രാഷ്ട്രീയത്തിൽ പ്രബലമായി നിലനിന്നിരുവെന്നതാണ്. ഇതിനൊപ്പം, എ.കെ. ഗോപാലന്റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് പാർലമെന്ററി പ്രതിപക്ഷം ജനാധിപത്യസംവാദങ്ങൾക്ക് ഊർജം പകർന്നിരുന്നു. പക്ഷെ, അറുപതുകളോടെ ഇന്ത്യയിൽ പതിയെ നിരാശ പടരാൻ തുടങ്ങി. ചൈനയുമായുള്ള യുദ്ധത്തിനുശേഷം നെഹ്‌റു രാഷ്ട്രീയത്തിൽനിന്ന് നിഷ്ക്രമിച്ചു. അടുത്ത തലമുറ കോൺഗ്രസ് നേതാക്കൾ നെഹ്‌റു നൽകിയ പ്രതീക്ഷകൾ പുലർത്താനോ പരിപാലിക്കാനോ കെല്പുള്ളവയായിരുന്നില്ല. ഈ ഘട്ടത്തോടെ, ഒരു ഇടവേളയ്ക്കുശേഷം ഹിന്ദു വലതുപക്ഷ രാഷ്ട്രീയം വീണ്ടും തലപൊക്കാൻ തുടങ്ങി. ഈ ഘട്ടത്തിലാണല്ലോ, പിളർപ്പിനുശേഷമുള്ള കോൺഗ്രസിന് ഇന്ദിരാഗാന്ധി നേതൃത്വം നൽകുന്നത്.

ഇന്ത്യയിൽ കൾട്ട് വ്യക്തിത്വരാഷ്ട്രീയം രൂപപ്പെടുന്നത് അറുപതുകൾ അവസാനത്തോടെയാണ്. എല്ലാ രാഷ്ട്രീയ പാർട്ടികളിലും പ്രസ്ഥാനങ്ങളിലും വലുതും ചെറുതുമായ കൾട്ടുകൾ ഉയർന്നുവന്നു. തീവ്ര ഇടതു രാഷ്ട്രീയത്തിലും ഇതുതന്നെ കാണാം. ചെയർമാൻ മാവോയുടെ കൾട്ട് നേതൃത്വമാതൃക പിന്തുടർന്ന് നക്സലൈറ്റ് രാഷ്ട്രീയത്തിലും ചാരുമജ്ജുംദാർ കൾട്ട് സ്വഭാവമുള്ള നേതാവായാണ് ബഹുമാനിക്കപ്പെട്ടിരുന്നത്. അധികാര കേന്ദ്രീകരണവും സ്വയംശരിവാദവും വിശ്വസ്തരായ അനുചരവൃന്ദവും തീർത്തും വ്യക്തികേന്ദ്രിത രാഷ്ട്രീയവുമാണ് കൾട്ട് വ്യക്തിത്വരാഷ്ട്രീയത്തെ നിർണയിക്കുന്നത്. ഇതിനർത്ഥം കൾട്ട് വ്യക്തിത്വങ്ങൾക്ക് രാഷ്ട്രീയമില്ലെന്നോ പ്രത്യയശാസ്ത്രപരമോ പക്ഷപാതിത്വമില്ലെന്നോ അല്ല. പ്രതിച്ഛായാനിർമിതിക്കാവശ്യമുള്ള രാഷ്ട്രീയ പ്രത്യയശാസ്ത്രപക്ഷപാതിത്വങ്ങൾ അവർ പ്രകടമാക്കിയിരുന്നു.

ജവഹർലാൽ നെഹ്‌റു. ചൈനയുമായുള്ള യുദ്ധത്തിനുശേഷം നെഹ്‌റു രാഷ്ട്രീയത്തിൽനിന്ന് നിഷ്ക്രമിച്ചു. അടുത്ത തലമുറ കോൺഗ്രസ് നേതാക്കൾ നെഹ്‌റു നൽകിയ പ്രതീക്ഷകൾ പുലർത്താനോ പരിപാലിക്കാനോ കെല്പുള്ളവയായിരുന്നില്ല.
ജവഹർലാൽ നെഹ്‌റു. ചൈനയുമായുള്ള യുദ്ധത്തിനുശേഷം നെഹ്‌റു രാഷ്ട്രീയത്തിൽനിന്ന് നിഷ്ക്രമിച്ചു. അടുത്ത തലമുറ കോൺഗ്രസ് നേതാക്കൾ നെഹ്‌റു നൽകിയ പ്രതീക്ഷകൾ പുലർത്താനോ പരിപാലിക്കാനോ കെല്പുള്ളവയായിരുന്നില്ല.

വിവിധ സംസ്ഥങ്ങളിലും രാഷ്ട്രീയരംഗത്ത് കൾട്ട് വ്യക്തിത്വങ്ങൾ ഉയർന്നുവരുന്നതും ഇന്ദിരാ ഗാന്ധിയുടെ ഉയർച്ചയ്‌ക്കുശേഷമാണ്. തമിഴ്നാട്ടിൽ എം. ജി. രാമചന്ദ്രൻ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കടന്നുവന്നത് വെള്ളിത്തിരയിലെ താരപദവിയുടെ സ്വാധീനം ഉപയോഗപ്പെടുത്തിയാണ്. തമിഴ് രാഷ്ട്രീയത്തിൽ ഈ പ്രവണത ഇപ്പോഴും ഒരളവിൽ തുടരുന്നു. എഴുപതുകളുടെ അവസാനത്തോടെയാണ് ദക്ഷിണേന്ത്യക്കാരോടുള്ള കടുത്ത വിരോധം മുൻനിർത്തിയും മറാഠാ ദേശീയവാദമുയർത്തിക്കാട്ടിയും ബാൽ താക്കറെ സ്വയമൊരു അധികാരകേന്ദ്രമാകുന്നത്. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പ്രധാന ശില്പികളിലൊരാളാണ് ബാൽ താക്കറെ. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ തീവ്രമുഖമായിരുന്നു എൺപതുകളിലും തൊണ്ണൂറുകളിലും താക്കറെ.

പിന്നീട് ഉയർന്നുവന്ന സംസ്ഥാനതല കൾട്ട് നേതാക്കൾക്ക് ദേശീയ പ്രതിച്ഛായ തുലോം പരിമിതമായിരുന്നു. 21-ാം നൂറ്റാണ്ടിലേക്ക് പ്രവേശിക്കാൻ പോകുന്ന ഇന്ത്യയെക്കുറിച്ചുള്ള പ്രതീക്ഷ ഉയർത്തിക്കാട്ടാൻ പരിശ്രമിച്ച നേതാവായിരുന്നു രാജീവ്ഗാന്ധി എങ്കിലും കൾട്ട് സ്റ്റാറ്റസിലേക്ക് ഉയിർക്കൊണ്ടില്ല. പ്രധാനമായും ബൊഫോഴ്‌സ് അഴിമതി ആരോപണവും പാർട്ടിക്കകത്തെ വിമതരാഷ്ട്രീയവും ഇടതും വലതും സംയുക്തമായി ചേർന്ന പ്രതിപക്ഷ രാഷ്ട്രീയവും രാജീവ് ഗാന്ധിയുടെ ഉയർച്ചയെ പരിമിതപ്പെടുത്തി. അതേസമയം, സംസ്ഥാനതലത്തിൽ ഒരുനിര കൾട്ട് നേതാക്കൾ ഉയർന്നുവരികയും ചെയ്തു. ആന്ധ്രയിൽ എൻ. ടി. ആർ, തമിഴ്നാട്ടിൽ ജയലളിത, ബിഹാറിൽ ലാലു, അല്പകാലത്തിനുശേഷം ബംഗാളിൽ മമത. കമ്മ്യൂണിസ്റ്റ് പാർട്ടി ദീർഘകാലം ബംഗാൾ ഭരിച്ചിട്ടും ദേശീയാംഗീകാരമുള്ള നേതാവായിരുന്നിട്ടും ജ്യോതിബസുവിന് കൾട്ട് സ്റ്റാറ്റസ് ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന് പ്രധാനമന്ത്രിസ്ഥാനം വന്നുചേർന്ന അവസരത്തിൽ പാർട്ടി ദേശീയനേതൃത്വത്തിന് അതിന് തടസ്സം നിൽക്കാനായത് അതുകൊണ്ടാണ്. കൾട്ട് നേതാവായിരുന്നുവെങ്കിൽ സംഘടനയുടെമേൽ അദ്ദേഹത്തിന് തന്റെ അപ്രമാദിത്വം സ്ഥാപിക്കാനാകുമായിരുന്നു. വി. എസ്. അച്യുതാനന്ദന് കേരളത്തിൽ ഇടതുപക്ഷ അനുഭാവികളുടെ ഇടയിൽ കൾട്ട് സ്റ്റാറ്റസ് ഉണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന്റെ കൾട്ട് സ്റ്റാറ്റസിനെ പാർട്ടി എതിർത്തിരുന്നു.

സംസ്ഥാനതല കൾട്ട് സ്റ്റാറ്റസിൽനിന്ന് ദേശീയ നേതൃത്വത്തിലേക്ക് ഉയർന്ന ഒരേയൊരു നേതാവ് നരേന്ദ്ര മോദിയാണ്. മാധ്യമങ്ങൾ, സംഘ് പരിവാർ സംഘടനാ സംവിധാനം, കോർപറേറ്റുകൾ എന്നിവയുടെ പിൻബലത്തോടെ നരേന്ദ്ര മോദി ‘ഹിന്ദു ഹൃദയ സാമ്രാട്ട്’ എന്ന നിലയിലും ‘വികസന നായകൻ’ എന്ന നിലയ്ക്കും പ്രതിച്ഛായ നിർമിച്ചെടുക്കുകയായിരുന്നു. അതിൽ സംഘ് പരിവാർ രാഷ്ട്രീയവും നരേന്ദ്ര മോദിയും വ്യക്തിപരമായി വിജയിച്ചുവെന്നുപറയാം. മാധ്യമങ്ങളിലൂടെ ആസൂത്രിതമായി സൃഷ്ടിച്ചെടുത്തതാണ് മോദിയുടെ പ്രതിച്ഛായ. പബ്ലിക്ക് റിലേഷൻസും കോർപറേറ്റ് ഇമേജ് നിർമാണവും ഇതിൽ കാര്യമായ പങ്കുവഹിച്ചിട്ടുണ്ട്.

തമിഴ്നാട്ടിൽ എം. ജി. രാമചന്ദ്രൻ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കടന്നുവന്നത് വെള്ളിത്തിരയിലെ താരപദവിയുടെ സ്വാധീനം ഉപയോഗപ്പെടുത്തിയാണ്.
തമിഴ്നാട്ടിൽ എം. ജി. രാമചന്ദ്രൻ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കടന്നുവന്നത് വെള്ളിത്തിരയിലെ താരപദവിയുടെ സ്വാധീനം ഉപയോഗപ്പെടുത്തിയാണ്.

കൾട്ട് സ്റ്റാറ്റസ് ഒരു അർദ്ധ സ്വേച്ഛാധിപത്യത്തിനു കാരണമാകുന്നു. വ്യവസ്ഥാപിത ഘടനയ്ക്കതീതമായ വ്യക്തിത്വമായും അവതാരപുരുഷനുമായാണ് അവർ സങ്കല്പിക്കപ്പെടുന്നത്. തികച്ചും ആർബിറ്റററി ആയ തീരുമാനങ്ങൾ എടുക്കാനും അവ അടിച്ചേൽപ്പിക്കാനും ജനാധിപത്യത്തിന്റെ അടിസ്ഥാനമാനദണ്ഡങ്ങളെ എളുപ്പം മറികടക്കാനും ഈ അതീതപ്രതിച്ഛായ സഹായകമാകുന്നു. വെള്ളിത്തിരനായകരെ പോലെ larger than life പ്രതിച്ഛായാനിർമിതി പൗരസമൂഹത്തിനുമേലുള്ള രാഷ്ട്രീയാതീതമായ അധീശത്വത്തെ ലക്‌ഷ്യം വെച്ചുള്ളതാണ്.

നരേന്ദ്ര മോദിയുടെ ഇച്ഛാശക്തിപ്രകടനം ഒരളവിൽ പിണറായി വിജയനിലും കാണാം. അതികായൻ എന്ന പ്രതിച്ഛായ പാർട്ടി സംവിധാനത്തിന്റെയും പി ആർ പ്രവർത്തങ്ങളുടെയും കൂടി സൃഷ്ടിയാണ്.

ജനാധിപത്യവ്യവസ്ഥയും വ്യക്തിത്വ കൾട്ടും തമ്മിൽ നിതാന്ത സംഘർഷത്തിലാണ്. അതീതവ്യക്തിത്വങ്ങൾക്ക് ജനാധിപത്യ മര്യാദകൾ അവരുടെ ഇച്ഛാശക്തി പ്രവർത്തനത്തിന് വിഘാതമാണ്. അതേസമയം ഭരണഘടനയോടുള്ള ഔപചാരിക പ്രതിബദ്ധത നിലനിർത്താതിരിക്കാനും സാധിക്കില്ല. ഇത് വൈരുധ്യമാത്മക സാഹചര്യം (paradoxical situation) സൃഷ്ടിക്കുന്നു. ഇതിനുള്ള സമഗ്രാധിപത്യപരമായ പരിഹാരമെന്നു പറയുന്നത് ഭരണഘടനാസ്ഥാപനങ്ങളുടെ മേൽ വ്യക്തിഗത നിയന്ത്രണമുണ്ടായിരിക്കുക എന്നതാണ്.

കൾട്ട് നേതൃത്വത്തിന്റെ മറ്റൊരു പ്രതിസന്ധി, പിൻഗാമി രാഷ്ട്രീയത്തെക്കുറിച്ചുള്ള വ്യക്തതയില്ലായ്മയാണ്. കുടുംബരാഷ്ട്രീയത്തെ മുൻനിർത്തി പ്രവർത്തിക്കുന്ന കൾട്ട് നേതാക്കൾക്ക് സ്വാഭാവികമായും മക്കൾ രാഷ്ട്രീയമാണ് പഥ്യമെങ്കിലും ബഹുജനപ്രസ്ഥാനങ്ങളുടെ നേതൃത്വത്തിലുള്ളവർക്ക് ഈയൊരു മാർഗം എളുപ്പം അവലംബിക്കാൻ പറ്റില്ല. ബഹുജനപാർട്ടികൾ പ്രത്യേകിച്ച്, പ്രത്യയശാസ്ത്രാധിഷ്ഠിത കേഡർ പാർട്ടികളാണെങ്കിൽ. അതുകൊണ്ട് ദീർഘകാലം അധികാരത്തിൽ തുടരുന്നതിനെ പാർട്ടി സംവിധാനത്തെക്കൊണ്ട് അംഗീകരിപ്പിച്ചെടുക്കുക എന്നത് കൾട്ട് നേതാക്കളുടെയും അനുചരവൃന്ദങ്ങളുടെയും പ്രധാന ദൗത്യമാണ്.

കമ്മ്യൂണിസ്റ്റ് പാർട്ടി ദീർഘകാലം ബംഗാൾ ഭരിച്ചിട്ടും ദേശീയാംഗീകാരമുള്ള നേതാവായിരുന്നിട്ടും ജ്യോതിബസുവിന് കൾട്ട് സ്റ്റാറ്റസ് ഉണ്ടായിരുന്നില്ല.
കമ്മ്യൂണിസ്റ്റ് പാർട്ടി ദീർഘകാലം ബംഗാൾ ഭരിച്ചിട്ടും ദേശീയാംഗീകാരമുള്ള നേതാവായിരുന്നിട്ടും ജ്യോതിബസുവിന് കൾട്ട് സ്റ്റാറ്റസ് ഉണ്ടായിരുന്നില്ല.

കൾട്ട് രാഷ്ട്രീയം
കേരളത്തിൽ

കൾട്ട് രാഷ്ട്രീയത്തെ മാറ്റിനിർത്തുന്ന ചരിത്രമാണ് കേരളത്തിനുണ്ടായിരുന്നത്. മലയാളി തങ്ങളുടെ രാഷ്ട്രീയ പ്രബുദ്ധതയ്ക്ക് നിദാനമായി കണ്ടതും അതീത വ്യക്തിത്വങ്ങളിൽനിന്നുള്ള അകലം പാലിക്കലാണ്. അതികായർ എന്ന പ്രതിച്ഛായാനിർമിതികളോടുള്ള അനാദരവും മലയാളി പുലർത്തി. മലയാളികൾക്ക് ഇതിഹാസ തുല്യരായ രാഷ്ട്രീയനേതാക്കളുണ്ടായിരുന്നു. അതിനേക്കാളുപരി, മലയാളിയുടെ ആദരവിന് പാത്രമായ ശ്രീനാരായണഗുരുവും അയ്യൻകാളിയും അത്ര എളുപ്പം എത്തിപ്പിടിക്കാൻ പറ്റാത്തൊരു മാതൃകയും സൃഷ്ടിച്ചിരുന്നു. രാഷ്ട്രീയത്തിലാണെങ്കിൽ ജനകീയത കൊടിയടയാളമാക്കിയ നേതാക്കൾ മലയാളികളുടെ മനസ്സിൽ സ്ഥാനം വഹിക്കുമ്പോഴും അവർ സാധാരണക്കാരിൽ സാധാരണക്കാരായി ജീവിച്ചവരായിരുന്നു. ത്യാഗോജ്ജ്വല ജീവിതമാണ് അവരോടുള്ള പ്രത്യേകമായ ആദരവിന്റെ സുപ്രധാന ഘടകവും.

വി. എസ്. അച്യുതാനന്ദന് കേരളത്തിൽ ഇടതുപക്ഷ അനുഭാവികളുടെ ഇടയിൽ കൾട്ട് സ്റ്റാറ്റസ് ഉണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന്റെ കൾട്ട് സ്റ്റാറ്റസിനെ പാർട്ടി എതിർത്തിരുന്നു.

രാഷ്ട്രീയത്തിൽ കൾട്ട് എന്ന് പറയാൻ പറ്റില്ലെങ്കിലും എ.കെ.ജിയും വി.എസും ജനകീയ നേതാക്കളായിരുന്നു. ഇവരുടെ ജനകീയതയുടെ അടിസ്ഥാനം പ്രതിച്ഛായാനിർമിതിയായിരുന്നില്ല. പ്രക്ഷോഭമുഖങ്ങളിൽ അടിസ്ഥാന ജനവിഭാഗത്തോടൊപ്പം നിന്ന് അഞ്ചലമായി നടത്തിയ പോരാട്ടങ്ങൾക്കുള്ള അംഗീകാരമായിരുന്നു. അതിനാൽ കൾട്ട് എന്ന വിലയിരുത്തലിനുതകുന്നതല്ല അവരുടെ രാഷ്ട്രീയ വ്യക്തിതത്വം. അവരൊന്നും അതികായരായിരുന്നില്ല.

കൾട്ട് അല്ലെങ്കിലും അതികായരാഷ്ട്രീയത്തിന്റെ ചെറിയ പതിപ്പ് ആദ്യമായി കേരളത്തിൽ കണ്ടത് കെ. കരുണാകരനിലാണ്. അദ്ദേഹം പക്ഷെ മാധ്യമ പരിലാളന ഏറ്റുവാങ്ങിയ നേതാവല്ലെന്നു മാത്രമല്ല പ്രത്യേകമായ പി.ആർ സംവിധാനവും അദ്ദേഹത്തിന്റെ മുഖംമിനുപ്പിക്കാനുണ്ടായിരുന്നില്ല.

കേരളത്തിൽ അതികായനേതൃത്വത്തിന്റെ ആദ്യ അനുഭവം പ്രദാനം ചെയ്യുന്നത് പിണറായി വിജയനാണ്. അദ്ദേഹം അധികാരത്തിലുള്ള കാലം വലതുപക്ഷ അതികായനേതാക്കളുടെ അധികാര ആരോഹണത്തിന്റെ കാലവുമാണ്. ആഗോള അതികായ നേതാക്കളുടെ നീണ്ടനിര ഇക്കാലത്ത് കാണാം. നരേന്ദ്ര മോദിയുടെ ഇച്ഛാശക്തിപ്രകടനം ഒരളവിൽ പിണറായി വിജയനിലും കാണാം. അതികായൻ എന്ന പ്രതിച്ഛായ പാർട്ടി സംവിധാനത്തിന്റെയും പി ആർ പ്രവർത്തങ്ങളുടെയും കൂടി സൃഷ്ടിയാണ്. അദ്ദേഹത്തിന്റെ ഏറ്റവും വലിയ മേന്മയായി അവതരിപ്പിക്കുന്നത്, തീരുമാനമെടുത്താൽ വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കാനുള്ള ഇച്ഛാശക്തിയാണ്. ജനാധിപത്യത്തിൽ വിട്ടുവീഴ്ച നീതിയുക്തമാണെങ്കിൽ അതൊരു അപരാധമല്ലെന്നു മാത്രമല്ല, സമവായത്തിന് സാധ്യത തുറക്കുന്നതുമാണ്. പാർലമെന്ററി ജനാധിപത്യത്തിൽ നൈതികമായ സമവായം ഒരു മൂല്യമാണ്. ഉൾക്കൊള്ളൽജനാധിപത്യത്തിൽ സംവാദസാധ്യത എപ്പോഴും തുറന്നിടുക എന്നത് പ്രധാനമാണ്.

പിണറായി വിജയൻ. കേരളത്തിൽ അതികായനേതൃത്വത്തിന്റെ ആദ്യ അനുഭവം പ്രദാനം ചെയ്യുന്നത് പിണറായി വിജയനാണ്. അദ്ദേഹം അധികാരത്തിലുള്ള കാലം വലതുപക്ഷ അതികായനേതാക്കളുടെ അധികാര ആരോഹണത്തിന്റെ കാലവുമാണ്.
പിണറായി വിജയൻ. കേരളത്തിൽ അതികായനേതൃത്വത്തിന്റെ ആദ്യ അനുഭവം പ്രദാനം ചെയ്യുന്നത് പിണറായി വിജയനാണ്. അദ്ദേഹം അധികാരത്തിലുള്ള കാലം വലതുപക്ഷ അതികായനേതാക്കളുടെ അധികാര ആരോഹണത്തിന്റെ കാലവുമാണ്.

അതികായർ ജനാധിപത്യത്തിന്റെ അടിസ്ഥാനപ്രേരണയായ സംവാദാത്മകതയോട് വിമുഖതയുള്ളവരാണ്. അവർ മാധ്യമങ്ങളെ തുറന്നു സമീപിക്കുന്നതിൽ തല്പരരല്ല. ചോദ്യങ്ങൾ ഇഷ്ടപ്പെടാറില്ല. ജനാധിപത്യത്തിൽ ഒരു ഭരണാധികാരിക്ക് ആവശ്യം വേണ്ടത് കേൾക്കാനുള്ള സന്നദ്ധതയും അക്കൗണ്ടബിലിറ്റിയുമാണ്. ഇത് രണ്ടും ഒരു സ്വീകൃതമൂല്യമായി അതികായർ കാണുന്നില്ല. ജനാധിപത്യത്തിന്റെ അടിസ്ഥാനമൂല്യങ്ങളെ ഇച്ഛാശക്‌തി​യ്ക്ക് തുരങ്കംവെയ്ക്കുന്ന ഒന്നായാണ് അവർ വീക്ഷിക്കുന്നത്. സർവാതീതരാണ് എന്ന ബോധ്യം അവർ ഇടയ്ക്കിടെ പ്രകടിപ്പിക്കും. ഇന്ത്യൻ ജനാധിപത്യത്തിന്റ ആധാരശിലയായ ഭരണഘടനയോടും ഭരണഘടനാ സംവിധാനത്തോടുമല്ല, പകരം, അവരുടെ രാഷ്ട്രീയ പാർട്ടിയോടും അല്ലെങ്കിൽ പരിവാറിനോടുമാണ് പ്രാഥമിക കൂറ് എന്നും അതിനെ മാത്രമേ ഭയമുള്ളൂ എന്നും അതികായർ വിളംബരം ചെയ്യും. വാസ്തവത്തിൽ സംഘടനയും സംവിധാനവും പരിപൂർണമായി തന്റെ ഇച്ഛയ്ക്ക് കീഴപ്പെടുമ്പോൾ പിന്നെ സംഘടനയെക്കുറിച്ചുള്ള ഭയമോ ആദരവോ അപ്രസക്തമാണ്.

കേരള സംസ്ഥാന രൂപീകരണത്തിനുശേഷം 70 വർഷം കഴിഞ്ഞു. മലയാളികൾ അനേകം നേതാക്കളെ കണ്ടു, പരിചയപ്പെട്ടു, സ്നേഹിച്ചു, എതിർത്തു. അവരിൽ കെ. കരുണാകരനിൽ മാത്രം അതികായന്റെ സ്വഭാവം അല്പസ്വല്പം മലയാളികൾ കണ്ടു. പക്ഷെ, 21-ാം നൂറ്റാണ്ടിന്റെ രണ്ടാം പാദത്തിലാണ് മലയാളിക്ക് അതികായൻ എന്ന നിലയ്ക്കുള്ള ഒരു രാഷ്ട്രീയ നേതാവിനെ / ഭരണാധികാരിയെ പരിചയപ്പെടാനും അറിയാനും കഴിഞ്ഞത്.

തീർച്ചയായും ഈ കാലത്തിലെ വലതുപക്ഷ അതികായരുമായി ബോധതലത്തിലോ അബോധതലത്തിലോ ഇവരെ സാദൃശ്യപ്പെടുത്താൻ പ്രേരണയുണ്ടാകും. കാരണം രാഷ്ട്രീയ വലതുപക്ഷം അവരുടെ മാസ്മരികതയ്ക്കായി ഉപജീവിക്കുന്ന പലതും അതികായ പ്രതിച്ഛായാ രൂപീകരണത്തിനുകൂടി ഉപയോഗപ്പെടുത്തുന്നുണ്ട്.

(അവസാനിക്കുന്നില്ല).

Comments