21-ാം നൂറ്റാണ്ടിലെ
ആദ്യ 25 വർഷങ്ങളിലെ
മലയാളി; ഭാഗം 21
▮
മലയാളിയുടെ ഭൂഖണ്ഡാന്തര സഞ്ചാരങ്ങൾക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ടെങ്കിലും മലയാളിയുടെ സാർവദേശീയഭാവനകൾ ചിറകുവിരിക്കാൻ തുടങ്ങിയത് കഴിഞ്ഞ നൂറ്റാണ്ടിലെ എഴുപതുകളോടടുപ്പിച്ചും അതിനുശേഷവുമാകണം.
കലയിലും സാഹിത്യത്തിലും രാഷ്ട്രീയ ആധുനികതയുടെ പ്രവേശനത്തിനുശേഷമാണ് യഥാർത്ഥ സാർവദേശീയവാദം മലയാളിക്ക് അനുഭവപ്പെടാൻ തുടങ്ങിയത്. സോവിയറ്റ് യുണിയനുമായുള്ള മാനസിക അടുപ്പവും അതുപോലെത്തന്നെ വിരോധവും വളരെമുമ്പ് പ്രകടമായിരുന്നുവെങ്കിലും, സാർവദേശീയതയും വിമോചനരാഷ്ട്രീയവും ആധുനികതയുടെ അനുഭവമേഖലകളിലൂടെ കടന്നുവരുന്നത്, കേരളം ലാറ്റിനമേരിക്കൻ ഉപഭൂഖണ്ഡത്തെ 'കണ്ടെത്തി’യതിനെ തുടർന്നാണ്. മലയാളി ലാറ്റിനമേരിക്കയെ കണ്ടെത്തിയത് സാഹിത്യത്തിലൂടെയും ഫുട്ബോളിലൂടെയുമാണ്. ജനകീയ പരിവേഷമുണ്ടായിരുന്നു, ലാറ്റിനമേരിക്കയുമായുള്ള മലയാളിയുടെ അഭിമുഖത്തിന്.
അറുപതുകളിൽ സാഹിത്യത്തിൽ പരിലസിച്ച അന്യതാബോധവും സംത്രാസവുമൊക്ക സാർവദേശീയമായിരുന്നില്ലേ എന്നൊരു ചോദ്യമുയരാം. കാഫ്ക, കാമു, സാർത്ര് എന്നിവരുടെ സ്വാധീനമാണ് ഇതിൽ പ്രധാനം. ഫ്രഞ്ച് അസ്തിത്വവാദത്തിന്റെ വകഭേദമാണ് സാഹിത്യത്തിൽ പ്രകടമായത്. കാമുവിന്റെ രാഷ്ട്രീയ ഉൾക്കാഴ്ചയോ സാർത്രിന്റെ മാർക്സിസ്റ്റ് അവബോധമോ ഉൾക്കൊള്ളാത്ത ഉപരിപ്ലവ അസ്തിത്വവാദമാണ് മലയാളഭാവനയിൽ അടരാടിയത്. മനുഷ്യാവസ്ഥയെക്കുറിച്ച് ഉൾക്കാമ്പുള്ള ദർശനം അവതരിപ്പിക്കാൻ സാധിച്ചിരുന്നോ എന്നത് സംശയമാണ്. പൗരസ്ത്യവാദപരമായ അനുഭവതലം കൂടിയുള്ള അസ്തിത്വദർശനമാണ് വ്യാപരിച്ചത്. സാമൂഹികവും രാഷ്ട്രീയവുമായ നിരാശാഭംഗമായാണ്, അന്യതാബോധം പ്രകടമായത്.
21-ാം നൂറ്റാണ്ടിലെ
ആദ്യ 25 വർഷങ്ങളിലെ
മലയാളി; മറ്റ് ഭാഗങ്ങൾ വായിക്കാം, കേൾക്കാം
എന്നാൽ ലാറ്റിനമേരിക്കൻ സാഹിത്യവും ഫുട്ബോളുമായുള്ള ബന്ധം രാഷ്ട്രീയ ആധുനികതയെ പ്രസരിപ്പുള്ളതാക്കി. ദേശീയതയുടെ ഇടുങ്ങിയ ബോധ്യങ്ങളിൽനിന്ന് വിമോചന അനുഭവത്തിന്റെ സാർവദേശീയതലങ്ങളിലേക്ക് മലയാളിമനസ്സ് വികസിതമായി. ഇത് സംഭവിച്ചത് എഴുപതുകൾക്കു ശേഷമാണ്. അതിന് മറ്റൊരു കാരണം, ഗൾഫ് പ്രവാസമാണ്.
സാർവദേശീയത ആഗോളീകരണത്തിനെതിരായ ഇടതുപക്ഷ രാഷ്ട്രീയമാണ്. പലസ്തീൻ വിമോചനപ്രസ്ഥാനങ്ങളോട് മലയാളി ഐക്യപ്പെടുന്നത് ഈ ഘട്ടത്തിലാണ്. സാർവദേശീയ ഇടതുപക്ഷ വിമോചനപ്രസ്ഥാനങ്ങളും ഫുട്ബോളും ലാറ്റിനമേരിക്കൻ ഉപഭൂഖണ്ഡവുമായി മലയാളിയെ കൂടുതൽ അടുപ്പിച്ചു. വിമോചനദൈവശാസ്ത്രത്തിന്റെ ഉദയവും ലാറ്റിനമേരിക്കൻ രാജ്യങ്ങളിലാണല്ലോ. ഇതു പറയുമ്പോൾ, അറുപതുകളുടെ അവസാനത്തോടെ അന്താരാഷ്ട്ര ഫുട്ബോളിൽനിന്ന് വിരമിച്ച പെലെ കേരളത്തിൽ ഒരു താരമായിരുന്നുവെന്ന വസ്തുത കൂടി ഓർക്കാം.
എന്നാൽ ആ സമയത്ത് മലയാളികളുടെ വായനാലോകത്ത് ലാറ്റിനമേരിക്കൻ സാഹിത്യം സ്വാധീനമുണ്ടാക്കി എന്നതിന് തെളിവില്ല. ലാറ്റിനമേരിക്കൻ സാഹിത്യത്തിലെ പ്രധാന കൃതികൾ അപ്പോഴേക്കും പുറത്തുവന്നിരുന്നു. ബിബ്ലിയോഗ്രാഫിക് ഡേറ്റ നോക്കുകയാണെങ്കിൽ പ്രധാന കൃതികളുടെ ഇംഗ്ലീഷ് വിവർത്തനം പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു.

ലാറ്റിനമേരിക്കൻ ഫുട്ബോൾ പോലെ കരിബീയൻ ക്രിക്കറ്റ് മലയാളികളിൽ അത്ര സ്വാധീനം ചെലുത്തിയിട്ടില്ല എന്നുവേണം മനസ്സിലാക്കാൻ. വിൻഡീസ് താരങ്ങളോട് ആരാധനയുണ്ടായിരുന്നു എങ്കിലും അവർ ജനപ്രിയരായിരുന്നില്ല. സി. എൽ. ആർ. ജയിംസിന്റെ സാംസ്കാരിക വിശകലനം "ബീയോണ്ട് ദ ബോർഡർ" അക്കാലത്ത് വായിക്കപ്പെട്ടിരിക്കാം, പക്ഷെ അതിന്റെ സ്വാധീനം കാണാനില്ല. സാംസ്കാരിക വിമർശനത്തിന്റയും പോസ്റ്റ് കോളോണിയലിസത്തിന്റെയും പ്രാരംഭ രചനയായി മാർക്സിസ്റ്റായ സി.എൽ.ആർ. ജയിംസിന്റെ രചനയെ കാണാം.
ക്രിക്കറ്റ് ജനപ്രിയമാകുന്നത് എൺപതുകളോടെയാണ്. 1983-ൽ വിൻഡീസിനെതിരായ ലോകകപ്പ് വിജയം ഇന്ത്യക്ക് അഭിമാനകരമായ നേട്ടമുണ്ടാക്കി. കപിൽദേവ് സൃഷ്ടിച്ച അത്ഭുതം പ്രചോദനപ്രദമായിരുന്നു. ക്രിക്കറ്റിലേക്ക് വഴിതിരിച്ചുവിട്ടത് ഈ വിജയമാണ്. കപിൽദേവിലെ ദേവിന്റെ അർഥം മനസ്സിലാകാത്ത ഇംഗ്ലണ്ട് പത്രപ്രവർത്തകരാണ് പഴയ കൊളോണിയൽ രാജ്യത്തിന്റെ വിജയത്തെ ഒരാന്തലോടെ 'കപിൽസ് ഡെവിൾസ്' എന്നു വിളിച്ചത്. ദേവിന്റെ നേരെ വിപരീതമാണല്ലോ ഡെവിൾസ്. സൽമാൻ റുഷ്ദിയുടെ 'പാതിരാസന്തതികൾ' ഇന്ത്യയുടെ ലോകകപ്പിനെക്കാൾ രണ്ടുവർഷം മൂപ്പുള്ളതാണെങ്കിലും പോപ്പുലർ സംസ്കാരത്തിന്റെ അനുഭവതലത്തിൽനിന്നു നോക്കുകയാണെങ്കിൽ പോസ്റ്റ് കൊളോണിയലിസം പിറന്നത് പാതിരാസന്തതികളുടെ പ്രസിദ്ധീകരണത്തോടെയല്ല, 83- ലെ ലോകകപ്പ് ജയത്തോടെയാണ്. Empire Strikes Back എന്നതാണ് അന്വർത്ഥമാക്കിയത്.
കേരളത്തിൽ തീർച്ചയായും ഈ വിജയത്തിന്റെ പ്രതിഫലനമുണ്ടായിക്കാണണം. മലയാളിയായ സുനിൽ വത്സൻ ടീമംഗമായിരുന്നുവെങ്കിലും കേരളത്തിന്റെ രഞ്‌ജി ടീമിനെയല്ല പ്രതിനിധാനം ചെയ്തിരുന്നത്.
ഇന്ത്യൻ ഇംഗ്ലീഷ് സാഹിത്യമാണെങ്കിലും ക്രിക്കറ്റാണെങ്കിലും- രണ്ടു പിറവിയും വരേണ്യമായിരുന്നു. ഇന്ത്യയുടെ വൈവിധ്യമാർന്ന ഭാഷാ- സാംസ്കാരിക ദേശീയതകളിൽ ഇതിന്റെ അനുരണനം പതുക്കെയായിരുന്നു. ക്രിക്കറ്റ് പരിശീലനത്തിന്റെ ബ്രാഹ്മണിക് സ്വഭാവം കേരളത്തിലും ഭിന്നമായിരുന്നില്ല. അതുകൊണ്ട് സാർവ്വദേശീയതയേക്കാൾ ദേശീയതയാണ് ക്രിക്കറ്റ് വിജയത്തിലൂടെ പ്രചോദിപ്പിക്കപ്പെട്ടത്. ഇന്നും കഥ വ്യത്യസ്തമല്ല.
തൊണ്ണൂറുകളുടെ പകുതിവരെയെങ്കിലും ക്രിക്കറ്റ് കേരളത്തിൽ നഗരകേന്ദ്രിത സ്പോർട്സായിരുന്നു. എൺപതുകളിൽ കേരളത്തിലങ്ങോളമിങ്ങോളം ട്രെയിനിൽ യാത്ര ചെയ്തവർ പാടത്തും തുറസ്സായ സ്ഥലങ്ങളിലും ഹിന്ദുത്വം കടന്നുവരാത്ത അമ്പലമൈതാനങ്ങളിലും കൂടുതൽ കണ്ടിട്ടുണ്ടാവുക വോളിബാളാണ്, അല്ലെങ്കിൽ പന്തുകളി. എൺപതുകളിലെ സ്കൂൾകാലങ്ങളിൽ തുണിപ്പന്ത് കളിക്കാത്തവർ കുറവായിരിക്കും. മുമ്പും അതുതന്നെയാകണം സ്ഥിതി. അഞ്ചാം നമ്പർ ഫുട്ബോൾ വിലപിടിച്ച വസ്തുവായിരുന്നു.

മാർകേസും മറഡോണയും
മലയാളി സാർവദേശീയതയും
ലാറ്റിനമേരിക്കൻ വിപ്ലവകാരിയായ ഫിദൽ കാസ്ട്രോയോടുള്ള മാർകേസിന്റെയും മറഡോണയുടെയും ആത്മബന്ധം സുപ്രസിദ്ധമാണ്. ഇതിൽ മറഡോണയോടും മാർകേസിനോടും സംഘ്പരിവാറുകാർ ഒഴികെയുള്ള മലയാളികളുടെ ആരാധന സവിശേഷമാണ്. മലയാളിയുടെ രാഷ്ട്രീയ ആധുനികതയുമായി ബന്ധപ്പെട്ട അനുഭവലോകമാണിത്. ഫിദൽ കാസ്ട്രോയ്ക്ക് തന്നോടുണ്ടായിരുന്ന സ്നേഹാഭിമുഖ്യത്തെക്കുറിച്ച് മറഡോണ എഴുതിയിട്ടുണ്ട്. മറഡോണ മയക്കുമരുന്ന് ദുരുപയോഗത്തിനിരയായപ്പോൾ, ക്യൂബയുടെ പ്രശസ്തമായ ആരോഗ്യസൗകര്യങ്ങൾ മറഡോണയ്ക്ക് തുറന്നുകൊടുക്കാൻ കാസ്ട്രോ ഇടപെട്ടു. ഈ ഇടപെടലാണ് മറഡോണയുടെ ജീവൻ രക്ഷിച്ചതെന്ന് പറയപ്പെടുന്നു. മറഡോണ ഇതിനെക്കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്: "അദ്ദേഹം എനിക്ക് പിതാവിനെപ്പോലെയായിരുന്നു’’.
മറഡോണ, മാർകേസ്, കാസ്ട്രോ എന്നിവരിലൂടെ മലയാളിയുടെ സർവദേശീയത രാജ്യാതിർത്തിയും കടന്ന് ലാറ്റിനമേരിക്കൻ ഭാവനയോടും വിപ്ലവസംസ്കാരത്തോടും ഐക്യപ്പെട്ടു.
മലയാളികളുടെ ഫുട്ബാൾ ഭ്രമത്തിന് പതിറ്റാണ്ടുകളുടെ ചരിത്രമുണ്ടെങ്കിലും 86-ലെ ലോകകപ്പാണ് ഫുട്ബോളിനെ ഭ്രാന്തമായ ആവേശമാക്കിയത്. 26 വയസ്സുള്ള ഡീഗോ മറഡോണയാണ് ആ ആവേശം വിതറിയത്. ഏതാണ്ട് സമാനമായ കാലത്താണ് പ്രൊഫ. എസ്. വേലായുധന്റെ "ഏകാന്തതയുടെ നൂറു വർഷങ്ങളു’’ടെ തർജ്ജമ മലയാളത്തിൽ വരുന്നത്. ക്യൂബൻ വിപ്ലവവും ചെഗുവേരയും തീവ്രഇടതുപക്ഷ രാഷ്ട്രീയത്തിന്റെ സ്വാധീനമായിക്കഴിഞ്ഞിരുന്നു. യഥാർത്ഥത്തിൽ, വ്യവസ്ഥാപിത കമ്മ്യൂണിസ്റ്റ് പാർട്ടികൾ അപ്പോഴും, ചെയുടെ ഗറില്ലാപോരാട്ടം മാവോയിസ്റ്റ് വിപ്ലവമാതൃകയാണ് എന്ന അനുമാനത്തിൽ അകൽച്ച നിലനിർത്തുകയാണുണ്ടായത്. ചെ മുഖ്യധാരാ കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് സ്വീകാര്യമാകുന്നത് എം. എ. ബേബി, സി. പി. ജോൺ എന്നിവർ യുവജന വിദ്യാർത്ഥി നേതൃത്വത്തിൽ വന്നതോടെയാണ്.
83- ലെ ലോകകപ്പ് ക്രിക്കറ്റിന്റെ കാര്യം സൂചിപ്പിച്ചുവല്ലോ. നഗരകേന്ദ്രിതവരേണ്യ പശ്ചാത്തലമുള്ള ക്രിക്കറ്റ് ആസ്വാദകർ റേഡിയോവിലാണ് ഈ കളിയുടെ കമന്ററി കേട്ടത്. പക്ഷെ, സെമിയിൽ സിംബാബ് വേക്കെതിരെ കപിൽദേവ് 175 റൺ സ്കോർ ചെയ്ത കളി കേരളത്തിലെ ക്രിക്കറ്റ് ആസ്വാദകർ കേട്ടതായി രേഖപ്പെടുത്തിക്കണ്ടിട്ടില്ല. നിർണായകമായ ഈ സെമിവിജയം BBC ലൈവ് ടെലികാസ്റ്റ് ചെയ്തില്ല. കപിലിന്റെ ഈ തകർപ്പൻകളിയാണ് 83-ലെ ലോകകപ്പിലേക്ക് ശ്രദ്ധ തിരിച്ചുവിട്ടതെന്ന് അക്കാലത്തെ ക്രിക്കറ്റ് നീരിക്ഷകർ സൂചിപ്പിക്കുന്നു. ടെസ്റ്റ് ക്രിക്കറ്റ് തന്നെയായിരുന്നു അന്ന് മുഖ്യ ഇനം.

83- ലെ വിജയം ഇന്ത്യയിൽ ക്രിക്കറ്റിന്റെ ത്വരിത വളർച്ചയ്ക്ക് കാരണമായെങ്കിലും കേരളത്തിൽ ക്രിക്കറ്റ് നഗരകേന്ദ്രിത കാമ്പസുകളിൽ ഒതുങ്ങി നിന്നു. 85- ലെ ഷാർജ കപ്പാണ് ദൂരദർശൻ ആദ്യമായി ലൈവ് ചെയ്ത ലോകകപ്പ്. ഇതാണ് കേരളത്തിൽ ക്രിക്കറ്റിന് വർദ്ധിത പ്രേക്ഷകസമൂഹത്തെ സൃഷ്ടിച്ചത്. യഥാർത്ഥത്തിൽ ഉപഭോഗമേഖലയുടെ വികാസമാണ് ഇതുവഴി സാധ്യമായത്.
ഈ സമയത്തുതന്നെയാണ് ലോകകപ്പ് ഫുട്ബോൾ ലൈവും ലഭ്യമാകുന്നത്. റെക്കോർഡ് ചെയ്ത കളികളുടെ സംപേക്ഷണവും ലൈവിന്റെ അതേ ആസ്വാദ്യതയോടെയാണ് മലയാളികൾ കണ്ടിട്ടുണ്ടാവുക. മറഡോണയുടെ മാന്ത്രിക പന്താട്ടം മാന്ത്രിക റിയലിസത്തെ വെല്ലുന്നതായിരുന്നു. ഒരുപക്ഷെ, രാത്രിയുടെ രണ്ടാം യാമം കഴിഞ്ഞും നന്നേ പുലർച്ചയ്ക്കും കാത്തിരുന്നു കളി കാണുന്ന ശീലം അന്നുമുതലാകണം മലയാളിക്ക് അനുഭഭവേദ്യമായിതുടങ്ങിയത്.
കഥകളിയെ മുൻനിർത്തി 'മലയാളിയുടെ രാത്രികൾ' എന്ന കെ. സി. നാരായണന്റെ ലേഖനം മലയാളിയുടെ ഉന്മേഷഭരിതമായ ഈ പന്തുകളിയനുഭവങ്ങളുടെ രാത്രികളെ വിസ്മരിച്ചുകളഞ്ഞു. അരണ്ടവെളിച്ചത്തിൽ അറിഞ്ഞ കഥയുടെ പുനരാട്ടങ്ങൾ കാണുന്ന പോലെയല്ലല്ലോ നിറഞ്ഞ ഗാലറിയിൽ നിന്നുള്ള ആരവങ്ങൾക്കൊപ്പം അപ്രതീക്ഷതത്വങ്ങളെയും അനിശ്ചിതത്വങ്ങളെയും പ്രതീക്ഷിച്ചുള്ള കാൽപന്തുകളികാണൽ. ഉദ്വേഗഭരിതമായ അനുനിമിഷങ്ങളിലൂടെ കടന്നുപോകുമ്പോൾ ബ്രസീലിന്റെ ‘മൊട്ട’ റൊണാൾഡോയ്ക്കു വേണ്ടിയാണ് മഖാമിൽ നേർച്ച. എന്താണത്? കരുവാരക്കുണ്ടിലെ മലയാളി ദേശാതിർത്തികളെ മറികടന്ന് സാർവദേശീയമായ അനുഭവവിതാനത്തിലേക്ക് പ്രവേശിക്കുകയാണ്.
ക്രിക്കറ്റ് ഒരിക്കലും സാർവലൗകിക അനുഭവം പ്രദാനം ചെയ്യുന്നില്ല. വ്യക്തിപരമായി എനിക്ക് ഏറ്റവും പ്രിയപ്പെട്ട കളിയാണ് ക്രിക്കറ്റ്. കളിച്ചതും ക്രിക്കറ്റാണ്. സിനദിൻ സിദാനുശേഷം, കുറ്റസമ്മതത്തോടെ പറയട്ടെ, ഫുട്ബോൾ കളിക്കാരോട് എനിക്ക് ആവേശവും ആരാധനയും ഇല്ല. ക്രിക്കറ്റ് പിന്നെയും പിന്തുടർന്നു.
21-ാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ പിറന്ന പുതുതലമുറ പങ്കിടുന്ന ഫുട്ബോൾ അറിവുകളാണ് നമ്മെ അപ്‌ഡേറ്റാക്കുന്നത്. സാല, മ്പാപ്പേ, വിനിസിയസ് ജൂനിയർ -ഇവരുടെ കളിയിൽ ആകാംക്ഷ സൃഷ്ടിക്കുന്നത് പുതുതലമുറക്കാരുടെ പ്രതികരണങ്ങളാണ്. ഫുട്ബോളാണ് പുതുതലമുറക്കാർക്ക് ക്രിക്കറ്റിനേക്കാൾ പ്രിയമെന്നു തോന്നുന്നു. ദേശീയതകൾ തമ്മിലുള്ള ക്രിക്കറ്റ് മത്സരത്തേക്കാൾ അവർ കാണുന്നത് IPL ആണെന്നുതോന്നുന്നു. അല്ലെങ്കിൽതന്നെ ദേശീയ ക്രിക്കറ്റ് സാംസ്കാരിക ദേശീയവാദികൾ കൈയടക്കിയ മണ്ഡലമാണ്. ദേശീയതയുടെ ചതുരവൃത്തത്തിനകത്താണ് കളിയുടെ പ്രേക്ഷകഭാവന രൂപപ്പെട്ടിരിക്കുന്നത് എന്നതിനാൽ, അത് യുദ്ധപ്രതീതിയുടെ അനുഭവമാണ് പലപ്പോഴും സൃഷ്ടിച്ചത്.

പാക്കിസ്ഥാൻ അന്താരാഷ്ട്ര ക്രിക്കറ്റ് ടീമായിരിക്കെ തന്നെ, ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും അപരവിദ്വേഷത്തെ തീവ്രമാക്കാൻ ഈ രണ്ടു രാജ്യങ്ങൾ തമ്മിലുള്ള ക്രിക്കറ്റ് മാച്ച് ഉപകരണമാക്കപ്പെടുന്നു. ഇന്ത്യൻ കളിക്കാരോട് ആരാധനയുണ്ടായാൽ മാത്രം പോരാ, രാജ്യസ്നേഹം തെളിയിക്കണം എന്ന മട്ടിലുള്ള ക്രിക്കറ്റിലെ സാംസ്കാരിക ദേശീയതാവാദികളുടെ രാജ്യസ്നേഹവാദം യഥാർത്ഥത്തിൽ ക്രിക്കറ്റിനോടുണ്ടാകേണ്ട സഹജമായ ആവേശത്തിന് മങ്ങലേൽപ്പിച്ചു.
സ്കൂൾ കാലത്ത് ക്രിക്കറ്റിൽ അങ്ങേയറ്റം രാജ്യസ്നേഹിയായിരുന്നു ഞാൻ. ചേതൻ ശർമ്മ എറിഞ്ഞ ഫുൾ ടോസ്സായ അവസാന പന്തിൽ ജാവേദ് മിയാൻദാദ് ആറിലേക്കടിച്ചുപൊക്കിയ പന്ത് സൃഷ്ടിച്ച നിരാശാഭംഗം പിന്നീടും കുറേക്കാലം നിന്നു. സോവിയറ്റു യൂണിയൻ വീഴുന്നതിനും മുമ്പായിരുന്നു അത്. ഏതായാലും കടുത്ത ദേശീയതാവികാരം പതുക്കെ അയഞ്ഞുവന്നത് ഈ നിരാശാഭംഗത്തിനുശേഷമാണ്. പിൽക്കാലത്ത് ബാഷാരത് പീറിന്റെ കാശ്മീരിനെക്കുറിച്ചുള്ള "കർഫ്യു രാത്രികൾ" (curfewed nights) എന്ന പുസ്തകത്തിൽ കശ്മീരിലെ ഏതാണ്ട് ഇതേ പ്രായത്തിലുള്ള ഒരു കൗമാരക്കാരൻ കടന്നുപോയ വ്യത്യസ്ത അനുഭവം വിവരിക്കുന്നുണ്ട്.
ഫുട്ബോൾ സാമ്രാജ്യത്വവിരുദ്ധ പ്രതിബോധത്തിനു കാരണമാകുന്നത്, ലാറ്റിനമേരിക്കൻ ഉപഭൂഖണ്ഡത്തിൽനിന്നുള്ള അമേരിക്കൻ വിരുദ്ധ പ്രതികരണങ്ങൾ മൂലമാണ്. അതിന്റെ വക്താവായിരുന്നു മറഡോണ. മറഡോണയോടുള്ള മലയാളിയുടെ പ്രിയമാണ്, മറഡോണയുടെ പ്രകൃതത്തിനോ അഭിരുചിക്കോ ഒരുപക്ഷെ ഒത്തുചേരാത്ത ജ്വല്ലറി പരസ്യത്തിൽ പോലും മറഡോണയെ അവതരിപ്പിക്കാൻ ബോബി ചെമ്മണ്ണൂരിനെ പ്രേരിപ്പിച്ചിട്ടുണ്ടാവുക. മറഡോണയുടെ ധീരമായ രാഷ്ട്രീയനിലപാടുകൾ മെസ്സി പിന്തുടർന്നിട്ടില്ല. മെസ്സി മലയാളി ഫുട്ബാൾ പ്രേമികളുടെ ആരാധനാബിംബമാണെങ്കിലും അത് പന്തുകളിയുടെ പരിവട്ടത്തിൽ ഒതുങ്ങുന്നതാണ്.
ക്ലബ് ഫുട്ബോളിലേക്ക് കൂടുതലായി മലയാളികൾ ആകൃഷ്ടരാകുന്നത് 21-ാം നൂറ്റാണ്ടിനുശേഷമാണ്. മാത്രമല്ല, യൂറോ കപ്പും കോപ അമേരിക്കയുമൊക്കെ ഫുട്ബോൾ പ്രേക്ഷക സമൂഹത്തെ സൃഷ്ടിച്ചത് കേരളത്തിൽ കഴിഞ്ഞ 20 വർഷത്തിനകമാണ്. മറഡോണ സൃഷ്ടിച്ച ആവേശം, മില്ലേനിയൽ തലമുറക്കാരുടെ ഗൃഹാതുരത്വം വെച്ച് ചോദിക്കട്ടെ, സമകാലികരായ മറ്റേതെങ്കിലും പന്തുകളിക്കാർ സൃഷ്ടിച്ചിട്ടുണ്ടോ? കാൽപന്തുകളിയുടെ ഏറ്റവും ഉത്കൃഷ്ടനായ മാന്ത്രികനെക്കുറിച്ച് ഉറുഗ്വേക്കാരനായ ഇടതുപക്ഷ ചിന്തകനും ഫുട്ബോൾ ചരിത്രകാരനുമായ എഡ്‌വേർഡോ ഗാലിയാനോ കുറിച്ച വാക്കുകൾ ഉദ്ധരിക്കട്ടെ:
“മറഡോണ സംസാരിക്കുമ്പോൾ നിയന്ത്രണാതീതനാണ്, പക്ഷേ കളിക്കുമ്പോൾ അതിലും കൂടുതലാണ്. ഒരിക്കലും ആവർത്തിക്കാത്ത തന്ത്രങ്ങൾക്കായി അത്ഭുതങ്ങളുടെ ഈ ഉപജ്ഞാതാവ് സ്വപ്നം കാണുന്ന പൈശാചികതന്ത്രങ്ങൾ ആർക്കും പ്രവചിക്കാൻ കഴിയില്ല. അവൻ വേഗതയുള്ളവനല്ല, കുറിയ കാലുള്ള ഒരു കാളയെപ്പോലെയാണ്, പക്ഷേ അവൻ പന്ത് കാലിൽ തുന്നിച്ചേർക്കുന്നു, അവന്റെ ശരീരം മുഴുവൻ കണ്ണുകളുണ്ട്. അവന്റെ അക്രോബാറ്റിക്സ് മൈതാനത്തെ പ്രകാശിപ്പിക്കുന്നു. ശത്രുക്കളുടെ ആയിരക്കണക്കിന് കാലുകൾ അവനെ വലയം ചെയ്യുമ്പോൾ, ദൂരെ നിന്ന് അസാധ്യമായ പാസിലൂടെ അവന് ഒരു മത്സരം ജയിക്കാൻ കഴിയും. അവൻ മുകളിലേക്ക് ഡ്രിബിൾ ചെയ്യാൻ തീരുമാനിക്കുമ്പോൾ ആർക്കും തടയാൻ കഴിയില്ല. പരാജയത്തെ വെറുക്കുകയും എല്ലാ വിനോദങ്ങളെയും വിലക്കുകയും ചെയ്യുന്ന ഇന്നത്തെ ലോകത്തിലെ തണുത്ത ഫുട്ബോളിൽ, ഫാന്റസിയും ഫലപ്രദമാകുമെന്ന് തെളിയിച്ച ചുരുക്കം ചിലരിൽ ഒരാളായിരുന്നു ആ മനുഷ്യൻ’’.

ആഗോളവത്കൃത കളിപ്പോര്
സാർവദേശീയത സോഷ്യലിസ്റ്റ് ലോകവീക്ഷണമാണ് എന്നു സൂചിപ്പിച്ചുവല്ലോ. ഭിന്നമായ ദേശീയതകളും ദേശീയസ്വത്വങ്ങളും സഹവർത്തിത്വത്തോടെയും സമത്വഭാവനയോടെയും ഐക്യദാർഢ്യത്തോടെയും ജീവിക്കുന്ന ലോകവ്യവസ്ഥയാണ് സാർവ്വദേശീയത. എന്നാൽ മുതലാളിത്ത സങ്കൽപനമാണ് ആഗോളീകരണം. വിപണിസമ്പദ് വ്യവസ്ഥയുടെ വ്യാപനവും വ്യവസ്ഥാപനവുമാണിത്. പാശ്ചാത്യ മുതലാളിത്ത വിപണിയുടെ അധിനിവേശമാണ് ഇന്ന് ലോകത്തിൽ പ്രാബല്യത്തിലുള്ള ആഗോളീകരണം. കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനദശകത്തോടെ സാർവദേശീയത ഓർമയായി. അതിനുപകരം ഉപയോഗത്തിലുള്ളതാണ് ആഗോളീകരണം.
വിപണിസമ്പദ് വ്യവസ്ഥയിലേക്ക് എന്തിനെയും ആഗിരണം ചെയ്യും എന്നതാണ് ആഗോളീകരണത്തിന്റെ മറ്റൊരു സവിശേഷത. ലാഭകരമല്ലാത്തതൊന്നും വിപണിക്ക് ആവശ്യമില്ല. അവ പുറന്തള്ളാനുള്ളതാണ്. അതേസമയം, അപാരമായ നവീകരണക്ഷമതയുള്ളതിനാൽ എന്തിനെയും ഏതിനെയും വിപണിസമ്പദ് വ്യവസ്ഥയുടെ യുക്തിയിലേക്ക് അതിനു പിടിച്ചെടുക്കാൻ സാധിക്കും.
കലയും കായികമത്സരങ്ങളും വിപണിയുടെ യുക്തിക്കനുസരിച്ചാണ് പ്രവർത്തിക്കുന്നത്. ദേശരാഷ്ട്രങ്ങളാണ് ലോകകപ്പിൽ മത്സരിക്കുന്നതെങ്കിലും ദേശീയതകൾ തമ്മിലുള്ള മത്സരങ്ങളുടെ വീറും വാശിയും അവശേഷിക്കുന്നില്ല. അതല്ല, ഇനി മൂലധനത്തിന്റെ വ്യാപനത്തിന് ദേശീയതകൾ തമ്മിലുള്ള തീവ്ര മത്സരമാണ് വേണ്ടതെങ്കിൽ, വിപണിയുടെ യുക്തി പ്രവർത്തിക്കുക അപ്രകാരമായിരിക്കും.
21-ാം നൂറ്റാണ്ടിന്റെ കഴിഞ്ഞ 25 വർഷത്തിനുള്ളിൽ ഫുട്ബോൾ വിപണിസമ്പദ് വ്യവസ്ഥ ആഗോളവൽക്കരിക്കപ്പെട്ടു. ലോകകപ്പ് ഉത്സവക്കാലമെന്നത് ലക്ഷം കോടികൾ വിറ്റുവരവുള്ള വിപണിയുടെകൂടി ഉത്സവകാലമാണ്. ഫുട്ബോൾ സാർവത്രിക പ്രതിഭാസമാകുന്നതിനാൽ ഇതിന്റെ വൈപുല്യം ഭൂഖണ്ഡങ്ങളെ അതിവർത്തിക്കുന്നതാണ്. കഴിഞ്ഞ 25 വർഷത്തിനുള്ളിൽ ഫുട്ബോൾ കളിയുടെ ഉപഭോഗം (consumption) നാനാവിധ ഉൽപ്പന്നങ്ങളും സേവനങ്ങളുമായി ബന്ധപ്പെട്ടതാണ്. ഈ ഉപഭോഗപരതയാണ് ആഘോഷമായി പ്രകടമാകുന്നത്. കൂറ്റൻ ഫ്ലെക്സ് മുതൽ ഇൻസ്റ്റലേഷൻ വരെയും ജേഴ്‌സി മുതൽ ബൂട്ടും ബോളും വരെയുള്ള ഉപഭോഗവസ്തുക്കളും ലോകകപ്പിനോട് ബന്ധപ്പെട്ട ഹോസ്പിറ്റാലിറ്റി സേവനങ്ങളുമൊക്കെയായി പുതിയ മേഖലകളിലേക്ക് വിപുലമാകുകയാണ്, ലോകകപ്പ് സീസൺ.
കേരളത്തിൽ ഫുട്ബോളിനും ആനയ്ക്കുമാണ് ഏറ്റവും കൂടുതൽ ഫ്ലക്സുകൾ അടിക്കുന്നത്. പണം മുതൽ ബിരിയാണി വരെയുള്ള ചെറുതും വലുതുമായ ബെറ്റുകൾ ഡിജിറ്റൽ മാധ്യമങ്ങൾ വഴി നടക്കുന്നു. ഇത് മുമ്പുമുണ്ടായിരുന്നുവെങ്കിലും പരിമിതവൃത്തത്തിൽ ഒതുങ്ങി നിൽക്കുന്നതായിരുന്നു. ഇന്നത് ബെറ്റിങ് പ്രഫഷണലിസമായി മാറിയിട്ടുണ്ട്. ടീമിന്റെയും കളിക്കാരുടെയും ഗ്രൗണ്ടിന്റെയും പേരിൽ മാത്രമല്ല, ഗോളുകളുടെയും കോർണറുകളുടെയും ഫ്രീ കിക്കിന്റെയും ഫൗളിന്റെയും ചുവന്നകാർഡിന്റെയും എണ്ണത്തിലുമെല്ലാം ബെറ്റിങ്ങ് നടക്കുന്നു.

മലബാറിൽ ഫുട്ബോൾഭ്രാന്ത് കാലാതീത പ്രതിഭാസമായിരിക്കെ തന്നെ, കൂടുതൽ പ്രകടനപരത വരുന്നത് ലോകകപ്പ് സീസണിലാണ്. ലിംഗഭേദമന്യേ യുവാക്കൾ അതിൽ പൂർണമായും ആമഗ്നരാകുന്നതുകണ്ടാണ് ഒരു മത സംഘടനയിലെ പുരോഹിതർ, ‘ഫുട്ബോൾ ഭരണ’ത്തിനെതിരെ താക്കീത് പുറപ്പെടുവിച്ചത്. പോർച്ചുഗൽ അധിനിവേശരാഷ്ട്രമാണെന്നും 16-ാം നൂറ്റാണ്ടിൽതന്നെ വിശ്വാസനിന്ദ നടത്തുന്ന രാജ്യമാണെന്നും പോർച്ചുഗൽ താരം റൊണാൾഡോവിനോടുള്ള ആരാധന ഒഴിവാക്കണമെന്നുമായിരുന്നു നിർദേശം.
2022-ലെ ലോകകപ്പ് സമയത്ത് മതസംഘടനയുടെ പരിസരത്തുതന്നെ ആൺപെൺഭേദമേന്യ വലിയ മോണിറ്ററിൽ അർദ്ധരാത്രി കളി കാണുന്നത് കാണാനിടയായി. ഇവരൊന്നും വിശ്വാസം വിട്ടുവന്നവരല്ല. ഫുട്ബോൾ എന്നത് അവർക്ക് ഒരനുഭവമാണ്. പറുദീസയിലും സെവൻസിനേയും ഫൈവ്സിനേയും ടർഫ് ഫുട്ബോളിനെയും അർജന്റീനയെയും ബ്രസീലിനെയും പ്രതീക്ഷിക്കുന്ന മനുഷ്യർ, അവരുടെ വിശ്വാസം ദൃഢമായിരിക്കെതന്നെ, കാൽപന്തുകളിയുടെ അനുഭവമാന്ത്രികതയും ആത്മാവിൽ വഹിക്കുന്നവരാണ്.
മലയാളിയുടെ സാർവദേശീയ പരിപ്രേക്ഷ്യം തന്നെയാണ് ഇതിലും പ്രകടമാകുന്നത്. തൊണ്ണൂറുകളുടെ ഒടുക്കം മുതൽ ഇതരഭാഷാ സിനിമകളേക്കാൾ ഇറാൻ സിനിമകൾക്ക് കേരളത്തിൽ വലിയ സ്വാധീനമുണ്ടാക്കാനായിട്ടുണ്ട്. മലയാളികൾ ഏറെ കണ്ട സിനിമയാണ് ജാഫർ പനാഹിയുടെ "ഓഫ്സൈഡ്". മലയാളത്തിൽ നല്ല പോലെ കണ്ട മറ്റൊരു അന്താരാഷ്ട്ര ചിത്രമാണ് The Cup. ടിബറ്റൻ ബുദ്ധിസ്റ്റ് ആശ്രമത്തിൽ ലോകകപ്പ് ഫുട്ബോൾ കാണാനുള്ള ബുദ്ധഭിക്ഷുവിദ്യാത്ഥികളുടെ തത്രപ്പാടുകളാണ് പ്രമേയം. ഇറാനിയൻ സിനിമയുടെ സരളപ്രതിപാദനം മലപ്പുറത്തെ ഫുട്ബോൾ സംഘാടനത്തിന്റെ പശ്ചാത്തലത്തിൽ ആവിഷ്‌ക്കരിച്ച സിനിമയാണ് സക്കരിയയുടെ "സുഡാനി ഫ്രം നൈജീരിയ". മാർകേസ് ഒഴിച്ചാൽ ലാറ്റിനമേരിക്കൻ എഴുത്തുകാരോട് അത്രന്നെ പ്രിയം മലയാളികൾ കാണിച്ചിട്ടില്ല എന്നതുപോലെയാണ് ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ നിന്നുള്ള ഫിലിം മേക്കേഴ്സിനോടും.
ഫിലിം സൊസൈറ്റി പ്രസ്ഥാനകാലത്ത് ഏറെ പ്രദർശിപ്പിക്കപ്പെട്ടതും ചർച്ച ചെയ്യപ്പെട്ടതുമായ ഫുട്ബോൾ സിനിമയാണ് സോൾട്ടാൻ ഫാബ്രിയുടെ "ടു ഹാഫ് ടൈമ്സ് ഇൻ ഹെൽ’’ എന്ന നാസി വിരുദ്ധ ചലച്ചിത്രം. ഫിലിം സൊസൈറ്റികൾ രാഷ്ട്രീയബോധ്യവും നവീന ഭാവുകത്വമുള്ള പ്രേക്ഷകസമൂഹത്തെയാണ് സൃഷ്ടിച്ചത്.
എന്നാൽ, ചലച്ചിത്രോത്സവങ്ങൾ ഫിലിം സൊസൈറ്റി പ്രവർത്തങ്ങളെ കുറേകൂടി വിപുലപ്പെടുത്തും എന്ന ധാരണ അസ്ഥാനത്തായി. അത് ഒരു ഘട്ടം കഴിഞ്ഞപ്പോൾ വാണിജ്യ സിനിമക്കാരുടെയും രാഷ്ട്രീയ പരാന്നഭോജികളുടെയും കൈകളിലായി.
ഇവെന്റിസം (eventism) ഫുട്ബോളിനെയും ബാധിച്ചിട്ടുണ്ട്. ഫ്രാൻസിൽ കുടിയേറ്റക്കാരായ കളിക്കാരാണ് ഭൂരിപക്ഷം ടീമംഗങ്ങളും. എന്നാൽ, കുടിയേറ്റ വിരുദ്ധ രാഷ്ട്രീയത്തിനെതിരെ പരസ്യനിലപാട് സ്വീകരിക്കാൻ പൊതുവെ അവർ വിമുഖത കാണിക്കുന്നു. യൂറോപ്യൻ രാജ്യങ്ങളിൽ ശക്തമായ കുടിയേറ്റ വിരുദ്ധ നിയമങ്ങൾ നടപ്പാക്കുമ്പോൾ, കുടിയേറ്റ പശ്ചാത്തലമുള്ള ദേശീയ കളിക്കാരുടെ പ്രതിഷേധത്തിന് വലിയ പ്രാധാന്യമുണ്ട്.
2022-ൽ ഫ്രഞ്ച് ടീമിനെ ലോകകപ്പ് ഫൈനലിലേക്ക് നയിച്ച ടീമിൽ വ്യത്യസ്ത പശ്ചാത്തലമുള്ള കളിക്കാരായിരുന്നു കൂടുതലും. അവരിൽ പലരും ആഫ്രിക്കയിലെ മുൻ ഫ്രഞ്ച് കോളനികളിൽ വേരുകളുള്ളവരാണ്. ഉദാഹരണത്തിന്, ലോകകപ്പിന്റെ ഗോൾഡൻ ബൂട്ട് അവാർഡ് നേടിയ മ്പാപ്പെ, അൾജീരിയൻ അമ്മയ്ക്കും കാമറൂണിയൻ പിതാവിനും ഫ്രാൻസിൽ പിറന്ന വ്യക്തിയാണ്.
2026- ലോകകപ്പിൽ ഇറാന്റെ മാത്രമല്ല, അറബ് രാജ്യങ്ങളുടെ പ്രതിനിധാനം ശ്രദ്ധേയമാണ്. ജോർദാൻ യോഗ്യത നേടി. സൗദി അറേബ്യ, മൊറോക്കോ, ഈജിപ്ത്, അൾജീരിയ, ടുണീഷ്യ, ഖത്തർ എന്നീ ടീമുകളുണ്ട്. ലണ്ടൻ മുതൽ ഗൾഫ് വരെ വ്യാപിച്ചുകിടക്കുന്ന ഒരു പ്രവാസിസമൂഹത്തിൽ ചിതറിക്കിടക്കുന്ന ആരാധകർക്കായി അറബ് സാന്നിധ്യമുണ്ട്.
നമുക്ക് കൂടുതൽ അടുപ്പമുള്ള അറബ് രാജ്യങ്ങളെക്കാൾ, ബ്രസീലിനും അർജന്റീനയ്ക്കും കേരളത്തിലുള്ള ജനപ്രിയതയുടെ കാരണമായി ചൂണ്ടിക്കാണിക്കാവുന്നത്, സാമ്രാജ്യത്വവിരുദ്ധ രാഷ്ട്രീയത്തോടുള്ള അനുഭാവമാണ്. പക്ഷെ മറന്നുകൂടാൻ പാടില്ലാത്ത ഒരു യാഥാർഥ്യമുണ്ട്; അർജന്റീനയിലെ ക്രൂരരായ സൈനിക ഭരണകൂടം ആഗോളതലത്തിൽ അതിന്റെ പ്രതിച്ഛായ പുനഃസ്ഥാപിക്കാൻ 1978-ലെ ഫിഫ ലോകകപ്പ് വിജയമാണ് ആയുധമാക്കിയത്. സ്പോർട്സ് വാഷിംഗ് (sports washing) എന്നാണ് ഇതിനെ വിളിക്കുന്നത്. ടൂർണമെന്റ് നടക്കുന്ന വേളയിൽപോലും ജനങ്ങളെ അകാരണമായി തടവിലിടുകയും കൂട്ടക്കൊല നടത്തുകയും ചെയ്യുകയായിരുന്നു.

1934-ലെ ലോകകപ്പും ബെനിറ്റോ മുസ്സോളിനി ഫാഷിസത്തിന്റെ ലോകാംഗീകാരത്തിനായാണ് ഉപയോഗപ്പെടുത്തിയത്. മനുഷ്യരെ ത്രില്ലടിപ്പിക്കുന്ന കളിയായതുകൊണ്ട്, ഇതുപോലുള്ള ചില വസ്തുതകൾ ശ്രദ്ധിക്കപ്പെടണമെന്നില്ല.
കഴിഞ്ഞ 25 വർഷമായി സാർവദേശീയതക്കുപകരം ആഗോളീകൃതവിപണിയും ഫിഫയുടെ കുത്തകാധികാര ടെക്നോക്രസിയും പരിപൂർണമായും ലോകകപ്പ് ഫുട്ബോളിനെ കീഴടക്കിയിരിക്കുകയാണ്. ആരാധകർ കളിയുടെ വിസ്‌മയത്തുമ്പിൽ അതെല്ലാം മറക്കുന്നു. അവർക്കുവേണ്ടത്, അൽഭുതകരമായ ഒരു ഫ്രീകിക്കിൽ നിന്നുള്ള മായാജാലഗോൾ മാത്രം.
എഡ്വേർഡോ ഗലിയാനോയുടെ വാക്കുകൾ തന്നെയാണ് ആവർത്തിക്കാനുള്ളത്:
"കളി ഒരു കെട്ടുകാഴ്ചയായി മാറിയിരിക്കുന്നു, കുറച്ച് നായകന്മാരും ധാരാളം കാണികളും മാത്രമേയുള്ളൂ, ആ കെട്ടുകാഴ്ച ലോകത്തിലെ ഏറ്റവും ലാഭകരമായ ബിസിനസ്സുകളിൽ ഒന്നായി മാറിയിരിക്കുന്നു. കളിക്കാൻ വേണ്ടിയല്ല, മറിച്ച് അതിനെ തടസ്സപ്പെടുത്താൻ വേണ്ടിയാണ് ഇത് സംഘടിപ്പിച്ചിരിക്കുന്നത്. പ്രൊഫഷണൽ സ്പോർട്സിന്റെ അതിവേഗതയും ക്രൂരമായ ശക്തിയുമുള്ള ഒരു ഫുട്ബോൾ അടിച്ചേൽപ്പിക്കുകയാണിന്ന്. അത് സന്തോഷത്തെ നിരാകരിക്കുകയും ധൈര്യത്തെ നിരോധിക്കുകയും ചെയ്യുന്നു.
ഭാഗ്യവശാൽ, ഏറെ കാലത്തിനിടയിൽ, കളിക്കളത്തിൽ, കഥ മാറ്റിവെച്ച്, എതിർവശത്തെ മുഴുവനും വിസ്‌മയിപ്പിച്ച്, റഫറിയെയും സ്റ്റാൻഡുകളിലെ ജനക്കൂട്ടത്തെയും മറികടന്ന് ഡ്രിബിൾ ചെയ്യുന്ന ധിക്കാരിയായ ഒരു റാഡിക്കലിനെ നിങ്ങൾക്ക് കാണാൻ കഴിയും. സ്വാതന്ത്ര്യത്തിന്റെ വിലക്കപ്പെട്ട സാഹസികതയെ സ്വീകരിക്കുന്നതിന്റെ തീവ്രാസക്തമായ (carnal) ആനന്ദത്തിനായി ശ്വാസംമുട്ടി, അവൻ ചിറകിലേക്ക് ഉയരും. ഒരു വശത്ത് മഹത്വത്തിന്റെ പറുദീസയും മറുവശത്ത് നാശത്തിന്റെ അഗാധപാതാളവും നമ്മെ കാത്തിരിക്കുന്നു". (എഡ്‌വേർഡോ ഗാലിയാനോ, വെയിലിലും നിഴലിലും ഫുട്ബോൾ, 2018).
