Photo: unicef

പോഷകാഹാരത്തോടുള്ളജനാധിപത്യവിരുദ്ധ സമീപനം

നിർബന്ധിത ഭക്ഷ്യ സമ്പുഷ്​ടീകരണം

പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനുള്ള ഒരു പ്രധാന തന്ത്രമെന്ന നിലയിൽ, സമൂഹത്തിന് ദോഷകരമായ കോർപറേറ്റ് നിയന്ത്രിത പരിഹാരമാർഗങ്ങൾ സർക്കാർ ആവേശത്തോടെ പ്രോത്സാഹിപ്പിക്കുമ്പോൾ, വൈവിധ്യമാർന്ന പ്രാദേശികവും പ്രകൃതിദത്തവുമായ പരിഹാരങ്ങൾ അവഗണിക്കപ്പെടുകയും നശിപ്പിക്കപ്പെടുകയും ചെയ്യുന്നു.

പോഷകാഹാരക്കുറവും അനീമിയയും വളരെയധികമുള്ള രാജ്യമാണ് ഇന്ത്യ. അഞ്ചു വയസ്സിന് താഴെയുള്ളവരിൽ പകുതിയിലധികവും വിളർച്ചാപ്രശ്‌നം നേരിടുന്നു. ഗർഭിണികളിൽ പകുതി പേരും അനീമിയ ബാധിതരാണ്. ഇതിനുള്ള കാരണം, കാലങ്ങളായി നമ്മുടെ ആരോഗ്യ- സാമൂഹിക വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നുണ്ട്. വൈവിധ്യമാർന്ന പോഷകമൂല്യങ്ങളുള്ള ഭക്ഷണം ഉൽപ്പാദിപ്പിക്കുകയും ലഭ്യമാക്കുകയും ചെയ്യുക എന്നതുതന്നെയാണ് ഇതിൽ പ്രധാനം. എന്നാൽ, അതിനുവേണ്ട നടപടികളിലേക്ക് കൃത്യമായ ആസൂത്രണത്തോടെ നീങ്ങുന്നതിനുപകരം ഭക്ഷ്യ സമ്പുഷ്​ടീകരണം എന്ന ആധുനികമെന്ന് തോന്നിക്കുന്ന നയത്തിലേക്കാണ് കേന്ദ്ര സർക്കാർ നീങ്ങുന്നത്. 2700 കോടി രൂപയാണ് ഇതിന്​ സർക്കാർ നീക്കിവെച്ചിരിക്കുന്നത്.

ഭക്ഷ്യ സമ്പുഷ്​ടീകരണം എന്നാൽ എന്താണ്?

വിളവെടുപ്പിനുശേഷമുള്ള ഭക്ഷണങ്ങളിൽ പ്രകൃതിദത്തമായി ലഭ്യമല്ലാത്ത രാസ/സിന്തറ്റിക് വിറ്റാമിനുകളും ധാതുക്കളും (അയേൺ, ഫോളിക് ആസിഡ്, അയോഡിൻ, സിങ്ക്, വിറ്റാമിൻ ബി 12, എ, ഡി മുതലായവ) ചേർക്കുന്നതിനെ ഭക്ഷ്യ സമ്പുഷ്​ടീകരണം എന്നുപറയുന്നു. ജനിതക എഞ്ചിനീയറിംഗ് സാങ്കേതികവിദ്യ വഴി സസ്യഇനങ്ങളുടെ പ്രജനനത്തിലൂടെ സമ്പുഷ്​ടീകരിക്കുന്നതിനെ ബയോ ഫോർട്ടിഫിക്കേഷൻ എന്നുവിളിക്കുന്നു.

കുട്ടികളിൽ അനീമിയ പോലെ, പോഷകാഹാരക്കുറവുമായി ബന്ധപ്പെട്ട അവസ്ഥ കൂടുന്നതിനെക്കുറിച്ച് അഭിപ്രായങ്ങൾ വ്യത്യസ്തമാണെങ്കിലും, ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ പോഷകാഹാരക്കുറവ് പ്രധാന പൊതുജനാരോഗ്യ പ്രശ്‌നമാണെന്ന് എല്ലാവർക്കും അറിയാം. മാത്രവുമല്ല, ഗൗരവമേറിയതും ശാസ്ത്രീയവും സുരക്ഷിതവും സുസ്ഥിരവുമായ ഇടപെടലുകളിലൂടെ ഇത്തരം പോഷകാഹാരക്കുറവ് ഗവൺമെന്റുകൾ കൈകാര്യം ചെയ്യണം എന്ന കാര്യത്തിൽ തർക്കവുമില്ല.

പോഷകാഹാരക്കുറവും അനീമിയയും വളരെയധികമുള്ള രാജ്യമാണ് ഇന്ത്യ. അഞ്ചു വയസ്സിന് താഴെയുള്ളവരിൽ പകുതിയിലധികവും വിളർച്ചാപ്രശ്‌നം നേരിടുന്നു. / Photo: unicef

സമ്പുഷ്​ടീകരണം: ആശങ്കകൾ

ഇന്ത്യയിൽ, പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനുള്ള ഒരു പ്രധാന തന്ത്രമെന്ന നിലയിൽ, നമ്മുടെ മുഖ്യ ആഹാരത്തിൽ (അരി, ഗോതമ്പ്, എണ്ണ, ഉപ്പ്, പാൽ) സമ്പുഷ്​ടീകരണം പ്രോത്സാഹിപ്പിക്കാൻ ഇന്ത്യാ ഗവൺമെൻറ്​ തുടക്കമിട്ടുകഴിഞ്ഞു. ഭക്ഷ്യ എണ്ണയും പാലും വിറ്റാമിൻ എ, വിറ്റാമിൻ ഡി എന്നിവയാൽ ശകതിപ്പെടുത്തുന്നു. ഇരുമ്പും അയഡിനും ഉപയോഗിച്ച് ഉപ്പ് ശക്തിപ്പെടുത്തുന്നു. സർക്കാർ ഭക്ഷ്യ പദ്ധതികളെ (പി.ഡി.എസ്, ഐ.സി.ഡി.എസ്, എം.ഡി.എം.എസ്) ആശ്രയിക്കുന്ന പാവപ്പെട്ടവർക്ക് എല്ലാ പ്രായോഗിക ആവശ്യങ്ങൾക്കും അരി സമ്പുഷ്​ടീകരണം നിർബന്ധമാക്കുമെന്നും സർക്കാർ സൂചന നൽകിക്കഴിഞ്ഞു. അതിലൂടെ സർക്കാർ ഭക്ഷ്യപദ്ധതികളിലെ ഭക്ഷ്യ വസ്തുക്കൾ കൃത്രിമമായി ശക്തിപ്പെടുത്തുക എന്ന നയമാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്. അത്തരം വലിയ തോതിലുള്ള, നിർബന്ധിത സമ്പുഷ്​ടീകരണം ഗുരുതര ആശങ്കയുണ്ടാക്കുന്നു.

മൈക്രോ ന്യൂട്രിയൻറ്​ ഫോർമുല ഉപയോഗിച്ച് ഒരു മൈക്രോ ന്യൂട്രിയൻറ്​ ഭക്ഷണത്തിൽ കൂട്ടിച്ചേർക്കുന്നത് എത്ര ഗുണകരമാണ്​ എന്നതിനെ പറ്റി വിദഗ്ദ്ധരുടെ ഇടയിൽതന്നെ വിരുദ്ധാഭിപ്രായങ്ങൾ നിലനിൽക്കുകയാണ്. അതിന് സമഗ്രപഠനം ആവശ്യമാണ്.

യഥാർത്ഥ കമ്യൂണിറ്റി നിയന്ത്രിത പരിഹാരങ്ങൾ അവഗണിക്കപ്പെടുകയും നശിപ്പിക്കപ്പെടുകയും ചെയ്യുന്നു:

സമൂഹത്തിന് ദോഷകരമായ കോർപറേറ്റ് നിയന്ത്രിത പരിഹാരമാർഗങ്ങൾ സർക്കാർ ആവേശത്തോടെ പ്രോത്സാഹിപ്പിക്കുമ്പോൾ, വൈവിധ്യമാർന്ന പ്രാദേശികവും പ്രകൃതിദത്തവുമായ പരിഹാരങ്ങൾ അവഗണിക്കപ്പെടുകയും നശിപ്പിക്കപ്പെടുകയും ചെയ്യുന്നു. ഈ പരിഹാരങ്ങൾ പ്രാഥമികമായി ഭക്ഷണ വൈവിധ്യം വർദ്ധിപ്പിക്കുന്നതിനും പോഷകാഹാരക്കുറവ് അനുഭവിക്കുന്നവർക്ക് മതിയായ കലോറി നൽകുന്നതിനെ പറ്റിയുമാണ് പറയുന്നത്. മൈക്രോ ന്യൂട്രിയൻറ്​ ഫോർമുല ഉപയോഗിച്ച് ഒരു മൈക്രോ ന്യൂട്രിയൻറ്​ ഭക്ഷണത്തിൽ കൂട്ടിച്ചേർക്കുന്നത് എത്ര ഗുണകരമാണ്​ എന്നതിനെ പറ്റി വിദഗ്ദ്ധരുടെ ഇടയിൽതന്നെ വിരുദ്ധാഭിപ്രായങ്ങൾ നിലനിൽക്കുകയാണ്. അതിന് സമഗ്രപഠനം ആവശ്യമാണ്. ഉദാഹരണത്തിന്, ഹീമോഗ്ലോബിൻ സംശ്ലേഷണം നടക്കണമെങ്കിൽ, അതിനാവശ്യമായ എൻസൈമുകൾ, ഗുണമേന്മയുള്ള പ്രോട്ടീനുകൾ, മറ്റ് വിറ്റാമിനുകൾ, അയൺ എന്നിവ ആവശ്യമാണ്. ഭക്ഷണത്തിൽ കൂടുതൽ അയൺ കൂട്ടിചേർക്കുമ്പോൾ ആ അയൺ ശരീരം ആഗിരണം ചെയ്യില്ല, മറിച്ച് അവ ശരീരത്തിൽ ഫെറിറ്റിന്റെ അളവ് കൂട്ടുക മാത്രമാണ് ചെയ്യുന്നത് എന്ന്​ ലഭ്യമായ തെളിവുകളിൽ നിന്ന്​ വ്യക്തമാണ്. ശരീരം ഇത്തരത്തിൽ ഇരുമ്പിനെ ശേഖരിച്ചുവയ്ക്കുന്നത് അപകടകരമാണ്.

Photo: U Civil Protection and Humanitarian Aid, Flickr

ഗവൺമെന്റിന്റെ അരി സമ്പുഷ്​ടീകരണ നയം പോളിഷ് ചെയ്ത വെള്ള അരിയെ മിക്ക പോഷകങ്ങൾക്കും ആശ്രയിക്കേണ്ട പ്രധാന ഭക്ഷണമായി പ്രോത്സാഹിപ്പിക്കുന്നു. ഇടുങ്ങിയ ജനിതകാടിത്തറയിൽനിന്ന് പിറവിയെടുക്കുന്ന വെളുത്ത അരി, എല്ലാത്തിനും അനുയോജ്യമായ പരിഹാരമായി വീക്ഷിക്കാൻ തുടങ്ങിയിരിക്കുന്നു. ‘ഇന്ത്യൻ ഭക്ഷണക്രമത്തിന്റെ ധാന്യവൽക്കരണം' എന്ന് വിളിക്കപ്പെടുന്ന അരി പോലുള്ള ധാന്യങ്ങളുടെ അമിത ഉപഭോഗം യഥാർത്ഥത്തിൽ ഒരു പൊതുജനാരോഗ്യ പ്രശ്‌നമാണ്. അമിതമായ കാർബോഹൈഡ്രേറ്റ്​ ഇൻസുലിൻ പ്രതിരോധം കുറയ്ക്കുകയും അതിന്റെ ഫലമായി, ശരീരത്തിൽ വലിയ തോതിൽ പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയ അപകടസാധ്യത കൂടിയ അവസ്ഥ ഉണ്ടാക്കുകയും ചെയ്യുന്നു. മറുവശത്ത്, പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണങ്ങൾ, തിന, മില്ലറ്റുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ, പോഷകഗുണമുള്ള പരമ്പരാഗത അരി ഇനങ്ങൾ, പകുതി പോളിഷ് ചെയ്തതോ പോളിഷ് ചെയ്യാത്തതോ ആയ അരി, പോഷകങ്ങൾ സംരക്ഷിക്കാൻ പരമ്പരാഗതമായി സംസ്കരിച്ച പ്രധാന ധാന്യങ്ങൾ, പ്രാദേശിക (കൃഷി ചെയ്യാത്ത) പച്ചിലകൾ, വൈവിധ്യമാർന്ന വനവിഭവങ്ങൾ, ദശലക്ഷക്കണക്കിന് അടുക്കളത്തോട്ടങ്ങളിൽ നിന്നും പ്രാദേശികമായി നടത്തുന്ന മറ്റ് ശ്രമങ്ങളിൽ നിന്നും ലഭിക്കുന്ന മറ്റ് വസ്തുക്കൾ തുടങ്ങിയവ ഇത്തരമൊരു നയത്താൽ അവഗണിക്കപ്പെടാനുള്ള സാധ്യത കൂടാനുമിടയുണ്ട്.

പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിന്റെ പേരിലുള്ള ഇറക്കുമതി-ആശ്രിത സമീപനത്താൽ, നമ്മുടെ ഭക്ഷണ ശൃംഖല കൂടുതൽ കോർപറേറ്റ് നിയന്ത്രണത്തിലാകുകയും സമൂഹങ്ങളുടെ കൈകളിൽ നിന്നും പ്രാദേശിക സർക്കാറുകളുടെ കൈകളിൽ നിന്നും ഭക്ഷ്യസുരക്ഷയുടെ നിയന്ത്രണം നഷ്ടപ്പെടുകയും ചെയ്യും.

ഭക്ഷണ സമ്പുഷ്​ടീകരണം ദശലക്ഷക്കണക്കിന് ഡോളർ കോർപറേറ്റ് നിയന്ത്രിത വ്യവസായമാണ്:

സർക്കാർ പ്രോത്സാഹിപ്പിക്കുന്ന വളരെ ഇടുങ്ങിയ സമീപനത്തിൽ, ലാഭം കൊയ്യുന്നത് വൻകിട ബഹുരാഷ്ട്ര കമ്പനികളായിരിക്കും. ഭക്ഷ്യ സമ്പുഷ്​ടീകരണത്തിനുള്ള മൈക്രോ ന്യൂട്രിയന്റുകളുടെ ആഗോള വിതരണം നിയന്ത്രിക്കുന്നത് കുത്തക വ്യവസായമാണ്. സമ്പുഷ്​ടീകരണത്തിനുള്ള മൈക്രോ ന്യൂട്രിയന്റുകൾ ഭൂരിഭാഗവും രാജ്യത്ത് ഉൽപ്പാദിപ്പിക്കപ്പെടാത്തതിനാൽ ഇന്ത്യക്ക് ഇവ ബഹുരാഷ്ട്ര കമ്പനികളിൽ നിന്ന് ഇറക്കുമതി ചെയ്യേണ്ടിവരും. പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിന്റെ പേരിലുള്ള ഇത്തരം ഇറക്കുമതി-ആശ്രിത സമീപനത്താൽ, നമ്മുടെ ഭക്ഷണ ശൃംഖല കൂടുതൽ കോർപറേറ്റ് നിയന്ത്രണത്തിലാകുകയും സമൂഹങ്ങളുടെ കൈകളിൽ നിന്നും പ്രാദേശിക സർക്കാറുകളുടെ കൈകളിൽ നിന്നും ഭക്ഷ്യസുരക്ഷയുടെ നിയന്ത്രണം നഷ്ടപ്പെടുകയും ചെയ്യും.

‘ഇന്ത്യൻ ഭക്ഷണക്രമത്തിന്റെ ധാന്യവൽക്കരണം' എന്ന് വിളിക്കപ്പെടുന്ന അരി പോലുള്ള ധാന്യങ്ങളുടെ അമിത ഉപഭോഗം യഥാർത്ഥത്തിൽ ഒരു പൊതുജനാരോഗ്യ പ്രശ്‌നമാണ്. / Photo: Pexels

കൃത്രിമമായ സംപുഷ്ടീകരണം ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടില്ല, മാത്രമല്ല സുരക്ഷിതമല്ലാത്തതും ആകാം:

മറ്റു രാജ്യങ്ങളിൽ പൊതുവിതരണ കേന്ദ്രം വഴി ഇത്തരം സമ്പുഷ്​ടീകരിച്ച ഭക്ഷണം വിതരണം ചെയ്യ്തിട്ടുണ്ട്. അവ ഭക്ഷിച്ച്​ അവരുടെ പോഷകാഹാര കുറവ് ക്രമീകരിക്കപ്പെട്ടു എന്നതിന്​ യാതൊരു പഠനവും നടന്നിട്ടില്ല. ഇത് ഫലപ്രദമാണെന്ന് ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല. അതുകൊണ്ടുതന്നെ, ഭക്ഷണ പദാർത്ഥത്തിൽ ഇരുമ്പ് അമിത അളവിൽ സമ്പുഷ്​ടീകരിക്കുന്നതിൽ ഗുരുതര ആശങ്കയുണ്ട്. ശ്രദ്ധാപൂർവം നിരീക്ഷിച്ചില്ലെങ്കിൽ അത് വളരെ വിഷലിപ്തമായേക്കാം. സിക്കിൾ സെൽ അനീമിയ, താലിസീമിയ, മറ്റ് ഹീമോഗ്ലോബിനോപ്പതികൾ, അല്ലെങ്കിൽ മലേറിയ, ക്ഷയം പോലുള്ള അണുബാധകൾ ഉള്ളവർക്ക് ഇരുമ്പ് നൽകിയാൽ അവരുടെ ആരോഗ്യം വഷളായേക്കാം. അതായത് ഇരുമ്പിന്റെ വിരുദ്ധ സൂചനകളുള്ളവർക്ക്​ ഇരുമ്പ് സമ്പുഷ്​ടീകരിച്ച ഭക്ഷണം നൽകുന്നത് അപകടസാധ്യത കൂട്ടുന്നു. ഇത്തരത്തിൽ ഒറ്റമൂലി ഉപയോഗിക്കുമ്പോഴുണ്ടാവാൻ സാധ്യതയുള്ള ദോഷവശങ്ങളെക്കുറിച്ച് പഠിക്കാതെയാണ് സമ്പുഷ്​ടീകരിച്ച അരി നൽകുന്നത്. വയനാട്ടിലെ സാമൂഹിക- പരിസ്​ഥിതി പ്രവർത്തകർ ഈ ആശങ്ക പങ്കുവക്കുകയും സർക്കാരിൻ നിവേദനം നൽകുകയും ചെയ്തിരുന്നു.

ഇരുമ്പിന്റെ അളവ് ജനങ്ങളിൽ നിരീക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളും സംവിധാനങ്ങളും ഇല്ലാത്തതിനാൽ, ഇരുമ്പിന്റെ സുരക്ഷിതമായ പരിധി കടക്കുമ്പോൾ അവ തടയാൻ ഒരു മാർഗവുമില്ല. മലേറിയ, ക്ഷയം തുടങ്ങിയ രോഗമുള്ളവർക്ക് അവ കൂടാൻ സാധ്യതയുണ്ട്.

ഭക്ഷ്യ സുരക്ഷ അതോറിറ്റി ഗുരുതരമായ ഈ അപകടസാധ്യത തിരിച്ചറിയുന്നു, എന്നാൽ ഇരുമ്പ് അടങ്ങിയ ഭക്ഷണസാധനങ്ങളുടെ അപകടസാധ്യതകളിൽ നിന്ന് അത്തരം രോഗികളെ സംരക്ഷിക്കുന്നതിനുള്ള നിയമപരമായ നിയന്ത്രണങ്ങൾ മാത്രമാണ് ഇവർ നിർദ്ദേശിച്ചിട്ടുള്ളത്. ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിനുകീഴിൽ പൗരന്മാരുടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കേണ്ടവരാണിവർ. എന്നാൽ നിയമപരമായ ചട്ടങ്ങൾ ഒന്നും തന്നെ ഇക്കാര്യത്തിൽ ഉണ്ടാക്കിയിട്ടില്ല.

ഭക്ഷ്യ സുരക്ഷാ അതോറിറ്റിയുടെ ഫോർട്ടിഫിക്കേഷൻ ഓഫ് ഫുഡ് റെഗുലേഷൻ നിയമം, 2018-ൽ താലിസീമിയ ഉള്ളവർ ഇരുമ്പ് സമ്പുഷ്​ടീകരിച്ച ഭക്ഷണം മെഡിക്കൽ മേൽനോട്ടത്തിൽ മാത്രമേ കഴിക്കാവൂ എന്ന് നിർമാതാക്കൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സിക്കിൾ സെൽ രോഗമുള്ളവർ ഇരുമ്പ് കഴിക്കരുതെന്നും നിർദ്ദേശിക്കുന്നു. കൂടാതെ, ശരീരത്തിൽ ഇരുമ്പിന്റെ അളവ് വർദ്ധിക്കുന്നത് (ഫെറിറ്റിൻ) സാംക്രമികേതര രോഗങ്ങളുടെ വർദ്ധനവുമായി ബന്ധപ്പെട്ടിരിക്കുന്നു. പ്രമേഹം, രക്താതിമർദ്ദം മുതലായവ.

ലോക ഭൂപടം- താലിസീമിയ, സിക്കിൾ സെൽ അനീമിയ എന്നിവയുടെ വിതരണം / Photo: W H O, Dr Sitalakshmi, St Johns, Bangalore, India

ഇരുമ്പിന്റെ അളവ് ജനങ്ങളിൽ നിരീക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളും സംവിധാനങ്ങളും ഇല്ലാത്തതിനാൽ, ഇരുമ്പിന്റെ സുരക്ഷിതമായ പരിധി കടക്കുമ്പോൾ അവ തടയാൻ ഒരു മാർഗവുമില്ല. മലേറിയ, ക്ഷയം തുടങ്ങിയ രോഗമുള്ളവർക്ക് അവ കൂടാൻ സാധ്യതയുണ്ട്. മലേറിയ സ്ഥിരമായി കാണപ്പെടുന്ന സ്ഥലങ്ങളിലെ ആളുകളിൽ ഇത് ഭക്ഷിക്കുന്നതുമൂലം ഇരുമ്പിന്റെ അളവ് കൂടുകയും രോഗപ്രതിരോധശേഷിയെ ബാധിക്കുകയും ചെയ്യും. അയൺ സപ്ലിമെന്റുകൾ ദരിദ്രരായ ജനങ്ങളുടെ ഇടയിൽ മലേറിയക്കുള്ള സാധ്യത ഉണ്ടാക്കും. കൂടാതെ, ബാക്ടീരിയ, വൈറൽ അണുബാധക്ക്​ സാധ്യത കൂട്ടുമെന്നും ആരോഗ്യ വിദഗ്ദ്ധർ സർക്കാറിനെ ഓർമിപ്പിക്കുന്നുണ്ട്.

സമ്പുഷ്​ടീകരണത്തിലേക്കുള്ള ഏതൊരു നീക്കവും ധാർമികവും പാരിസ്ഥിതികവും ആരോഗ്യകരവുമായ ഭക്ഷ്യവിതരണം പ്രോത്സാഹിപ്പിക്കുന്ന സാമൂഹിക സംരംഭങ്ങൾ ഉൾപ്പെടെയുള്ള പ്രാദേശിക ഉപജീവനത്തിന് ഭീഷണിയാകും. ഇത് ചെറുകിട അരിമില്ലുകാരുടെയും ഉപജീവനത്തിന് ഭീഷണിയാണ്.

പ്രാദേശിക ഉപജീവനത്തിന് ഭീഷണി:

നമ്മുടെ ഭക്ഷണത്തിന്റെ ഭൂരിഭാഗവും അസംഘടിത മേഖലയിൽ ഉൽപ്പാദിപ്പിക്കുകയും സംസ്കരിക്കുകയും വിൽക്കുകയും ചെയ്യുന്നത് ചെറുകിട ഇടത്തരം കച്ചവടക്കാരാണ്. മെച്ചപ്പെട്ട സാങ്കേതികവിദ്യകളിലൂടെയും സമ്പ്രദായങ്ങളിലൂടെയും അരി സമ്പുഷ്​ടീകരിക്കാൻ അടിസ്ഥാന സൗകര്യങ്ങളുള്ള ജർമനി, ഫ്രാൻസ്​, നെതർലാൻറ്​, സ്വിസ്​സർലാൻറ്​ എന്നീ രാജ്യങ്ങളിലെ മൈക്രോ ന്യൂട്രിയൻറ്​- ഫുഡ്​ പ്രോസസിംഗ്​ കുത്തക കമ്പനികൾക്ക്​ അരി സമ്പുഷ്​ടീകരണത്തിൽ അനുകൂലമായ വിപണികൾ സൃഷ്ടിക്കാവാൻ കഴിയും. ഇത്തരം സമ്പുഷ്​ടീകരണത്തിലേക്കുള്ള ഏതൊരു നീക്കവും ധാർമികവും പാരിസ്ഥിതികവും ആരോഗ്യകരവുമായ ഭക്ഷ്യവിതരണം പ്രോത്സാഹിപ്പിക്കുന്ന സാമൂഹിക സംരംഭങ്ങൾ ഉൾപ്പെടെയുള്ള പ്രാദേശിക ഉപജീവനത്തിന് ഭീഷണിയാകും. ഇത് ചെറുകിട അരിമില്ലുകാരുടെയും ഉപജീവനത്തിന് ഭീഷണിയാണ്. കേരളത്തിൽ സമീപകാലത്തായി സർക്കാർ സഹായത്തോടെ തന്നെ പ്രാദേശിക അരിമില്ലുകൾ വളർന്നുവരുന്നുണ്ട്. ഇത് പ്രാദേശിക ഭക്ഷ്യോൽപ്പാദനം ഉയർത്തുന്നതിനും ഭക്ഷ്യാധിഷ്ഠിത സംരംഭങ്ങൾ വളരുന്നതിനും ഇടയാക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതിനെയെല്ലാം സാവധാനം ഇല്ലാതാക്കാൻ വികലമായ ഭക്ഷ്യ സുരക്ഷാ നയങ്ങളിലൂടെ സാധിക്കും. ഇത് യഥാർത്ഥ ഭക്ഷ്യ സുരക്ഷയ്ക്ക് ഭീഷണി തന്നെയാണ്.

നയപരമായ തീരുമാനങ്ങൾ താൽപര്യങ്ങളുടെ വൈരുദ്ധ്യത്താൽ നിറഞ്ഞതാണ്:​​​​​​​

Photo: Mayyil Rice Producer Company Facebook Page

ഗവൺമെന്റിന്റെ അരി സമ്പുഷ്​ടീകരണ നീക്കത്തിൽ, വിദേശ കോർപറേറ്റ് ലോബികളുടെ സാന്നിധ്യം വ്യക്തമാണ്. ഭക്ഷ്യ സുരക്ഷാ അതോറിറ്റി പോലുള്ള റെഗുലേറ്ററി ബോഡികളിൽ പോലും അരി സമ്പുഷ്​ടീകരണം പ്രോത്സാഹിപ്പിക്കുന്ന സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നു. ദരിദ്രരായ പ്രാഥമിക പങ്കാളികളെ അറിയിക്കുകയോ കൂടിയാലോചിക്കുകയോ ചെയ്തിട്ടല്ല ഇവർ നയപരമായ തീരുമാനങ്ങൾ എടുക്കുന്നത് എന്നു മാത്രമല്ല, ഈ നിക്ഷിപ്ത താൽപര്യങ്ങൾ നയപരമായ തീരുമാനങ്ങൾ എടുക്കുന്നതിൽ ആനുപാതികമല്ലാത്ത വലിയ സ്വാധീനം ചെലുത്തുകയും ചെയ്യുന്നുണ്ട്​. പ്രാഥമിക പഠനങ്ങളൊന്നും പരസ്യമാക്കിയിട്ടില്ല. വാസ്തവത്തിൽ, പൊതു വിലയിരുത്തലിനോ ചർച്ചയ്‌ക്കോ സൂക്ഷ്മപരിശോധനയ്‌ക്കോ കാത്തുനിൽക്കാതെയാണ് ഇത് നടപ്പാക്കുന്നത്.

വൈവിധ്യമാർന്ന ഭക്ഷണരീതികൾ, പോഷകസമൃദ്ധമായി സംസ്കരിച്ച വസ്തുക്കൾ, വിളകൾ, അഗ്രോ ഇക്കോളജി വളർത്താൻ കഴിയുന്ന കർഷകരുടെ ഇനങ്ങൾ എന്നിങ്ങനെയുള്ള യഥാർത്ഥ ബദലുകൾ, സമ്പുഷ്ടീകരണത്തിലൂടെ ഒഴിവാക്കപ്പെടും.

മുകളിൽ പറഞ്ഞ ആശങ്കകൾ പരിസ്ഥിതി പ്രവർത്തകർ ഗവൺമെന്റിൽ ഉന്നയിച്ചിട്ടുണ്ട്. ഇതിന്​ തൃപ്തികരമോ ശാസ്ത്രീയമായി സ്വീകാര്യമോ ആയ പ്രതികരണങ്ങളൊന്നും ലഭിച്ചിട്ടില്ല. അതിനിടെ, രാജ്യത്തുടനീളമുള്ള നിരവധി ജില്ലകളിലെ എല്ലാ അങ്കണവാടികളെയും ഉൾപ്പെടുത്തി പദ്ധതി നടപ്പാക്കാനുള്ള ശ്രമം നടക്കുന്നു. വൈവിധ്യമാർന്ന ഭക്ഷണരീതികൾ, പോഷകസമൃദ്ധമായി സംസ്കരിച്ച വസ്തുക്കൾ, വിളകൾ, അഗ്രോ ഇക്കോളജി വളർത്താൻ കഴിയുന്ന കർഷകരുടെ ഇനങ്ങൾ എന്നിങ്ങനെയുള്ള യഥാർത്ഥ ബദലുകളെ ഇത് ഒഴിവാക്കുമെന്ന് വ്യക്തമാണ്. പോഷകങ്ങളും മണ്ണിന്റെ ആരോഗ്യനിലയും ചെടിയുടെ പോഷകനിലയും അതുവഴി മനുഷ്യ പോഷണവും നിർണയിക്കുന്നു എന്നത് ഇന്ന് ശാസ്ത്രീയമായിതന്നെ സ്ഥിരീകരിക്കപ്പെട്ട കാര്യമാണ്. അതിനാൽ ഗവൺമെന്റിന്റെ അരി സമ്പുഷ്​ടീകരണം പോഷകാഹാരക്കുറവ് എന്ന പ്രശ്‌നം പരിഹരിക്കാൻ സാധ്യതയില്ല; മറിച്ച് നമ്മുടെ ഭക്ഷ്യസമ്പ്രദായം കോർപറേറ്റുകൾ പിടിച്ചെടുക്കുന്നതിലേക്ക് നയിക്കുകയും ചെയ്യും. ▮


ഉഷ. എസ്.

തണൽ സ്ഥാപക അംഗം, ASHA കിസാൻ സ്വരാജ് സ്റ്റീറിങ്ങ് കമ്മിറ്റി അംഗം, കേരള പരിസ്ഥിതി ഐക്യവേദി കൺവീനർ

Comments