വർഷങ്ങൾക്കുമുമ്പ് പ്രസിദ്ധീകരിച്ച മമ്മൂട്ടിയുടെ 'ചമയങ്ങളില്ലാതെ' എന്ന പുസ്തകം പ്രകാശനം ചെയ്തത് മോഹൻലാലാണ്. മമ്മൂട്ടിയുടെ പുസ്തകം പ്രകാശിപ്പിക്കാൻ മോഹൻലാലിനും മോഹൻലാലിന്റെ പുസ്തകം പ്രകാശിപ്പിക്കാൻ മമ്മൂട്ടിക്കും കഴിയുന്നത്, ഈഗോ എന്നു പറയുന്ന ഒരു സാധനം ഇവരെ തൊട്ടുതീണ്ടിയിട്ടില്ല എന്നതിന്റെ തെളിവല്ലേ? പല സംസ്ഥാനങ്ങളിലും സൂപ്പർ സ്റ്റാറുകൾ തമ്മിൽ കണ്ടാൽ മിണ്ടാത്ത അവസ്ഥ വരെ ഉണ്ടായിട്ടുണ്ട് എന്ന് പറയപ്പെടുന്നു. എന്നാൽ, കേരളം ഇക്കാര്യത്തിൽ മാതൃകാ സംസ്ഥാനമായി മാറുകയാണ്.
എം.ടി. വാസുദേവൻ നായർ മരണത്തിനുമുമ്പ് ചേർത്തുപിടിച്ച രണ്ടാളുകളാണ് മമ്മൂട്ടിയും മോഹൻലാലും. കാരണം, രണ്ടുപേരും എം.ടിയുടെ കഥാപാത്രങ്ങളാണ്. ആദ്യ കാല എം.ടി സിനിമകളിൽ, എം.ടിയ്ക്ക് മമ്മൂട്ടിയും മോഹൻലാലും വേണ്ടിയിരുന്നു. പിന്നെ, ഈ രണ്ടു നടന്മാരും അവരുടേതായ സാമ്രാജ്യങ്ങളുണ്ടാക്കിയതുകൊണ്ട് അവർക്ക് പിന്നീട് ഒരുമിച്ചുചേരാനായില്ല. എന്നാലും പൊതുസമൂഹത്തെ ശ്രദ്ധിച്ചാലറിയാം, മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ച് ഒരു സിനിമയിൽ വരുന്നു എന്നു പറയുമ്പോൾ അത്യാഹ്ലാദത്തിലാകും ഇപ്പോഴും നമ്മുടെ കേരളം.
എന്തുകൊണ്ടാണ് മമ്മൂട്ടി, മോഹൻലാൽ സിംഹാസനങ്ങൾക്ക് നാലു പതിറ്റാണ്ടായി ഇളക്കം തട്ടാത്തത് എന്ന് ആലോചിക്കേണ്ടതുണ്ട്. അഭിനയം എന്നതിനപ്പുറം ഇവർ രണ്ടുപേരും ജനങ്ങളുടെ ഹൃദയത്തിൽ കൂടുവച്ചിരിക്കുന്നതുകൊണ്ട് എന്നാണ് എന്റെ വിശ്വാസം.

ഒരു ഘട്ടത്തിൽ മോഹൻലാലിനെയും മമ്മൂട്ടിയെയും മതചിഹ്‌നങ്ങളായി ഉപയോഗിക്കാൻ കുത്സിത ശ്രമം നടന്നിട്ടുണ്ട്. അതിനെ മുറിച്ചുകടക്കാൻ കഴിഞ്ഞു എന്നതാണ് ഇവർക്ക് നാൽപ്പതു വർഷമായി നിലനിൽക്കാൻ കഴിഞ്ഞതിന് കാരണം. അതല്ല, ഇവർ രണ്ടുപേരും രണ്ട് കള്ളികൾക്കുള്ളിലായിരുന്നു നിന്നിരുന്നത് എങ്കിൽ, സത്യത്തിൽ അതിന്റെ പേരിൽ തന്നെ കേരളം ധ്രുവീകരിക്കപ്പെട്ടുപോകാനുള്ള സാധ്യതയുണ്ടായിരുന്നു. കാരണം, ഫാൻസ് എന്നത് ഭ്രാന്തമായ അവസ്ഥയാണല്ലോ. അതിനകത്തേക്ക് മതം വേഗത്തിൽ കയറിവരാൻ സാധ്യതയുണ്ട്. മോഹൻലാലിനെ ഹിന്ദു സമൂഹവും മമ്മൂട്ടിയെ മുസ്‌ലിം സമൂഹവും സപ്പോർട്ട് ചെയ്യുന്ന എന്ന ഒരവസ്ഥയുണ്ടാക്കാൻ ഫാൻസ് എന്നു പറയുന്ന സമൂഹത്തിന് സാധിക്കുമായിരുന്നു. പക്ഷെ, ആ ഫാൻസിനെ കേവലം കലാആസ്വാദനത്തിന്റെ തട്ടിൽ മാത്രം നിർത്താനുള്ള നേതൃത്വം ഇവർ രണ്ടുപേരും കൊടുത്തിട്ടുണ്ട്. മാത്രമല്ല, ഈ ഫാൻസ് സമൂഹം ഭിന്നിച്ചുനിൽക്കാതിരിക്കാനാണ് ഇടയ്ക്കിടയ്ക്ക് ഇവർ ഒരുമിക്കുന്നത്.
സത്യത്തിൽ മമ്മൂട്ടിക്കുവേണ്ടി പ്രാർഥനാപൂർവം നിൽക്കുന്ന മോഹൻലാലും മോഹൻലാലിനുവേണ്ടി സ്‌നേഹമസൃണമായി നിൽക്കുന്ന മമ്മൂട്ടിയും ഇവിടുത്തെ ഹിന്ദുവും മുസ്‌ലിമും പരസ്പരപൂരകമാണ് എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് എന്ന് നമുക്ക് പറയാൻ പറ്റും.
മോഹൻലാൽ മമ്മൂട്ടിയെ ചുംബിക്കുന്ന അതിമനോഹരമായ ഒരു ചിത്രമുണ്ട്, ഫാൻസിന്റെ രണ്ട് കള്ളികളെ ലയിപ്പിക്കുന്ന ചുംബനമാണത്. നിങ്ങളും ഞങ്ങളെപ്പോലെ ചുംബിക്കാൻ ശക്തിയുള്ളവരായിരിക്കണം എന്ന സന്ദേശമാണ് ഈ ചിത്രം നൽകുന്നത്. ഈയടുത്ത് പൃഥ്വീരാജ് പറഞ്ഞത്, സ്വന്തം കുടുംബം പറയുന്നതിനപ്പുറം മമ്മൂട്ടി ഒരാളെ സ്‌നേഹത്തോടെ എപ്പോഴും കേൾക്കുന്നുണ്ടെങ്കിൽ അത് മോഹൻലാലിനെയാണ് എന്നാണ്. ‘ഇച്ചാക്കാ’ എന്നാണല്ലോ മമ്മൂട്ടിയെ മോഹൻലാൽ വിളിക്കുക. മമ്മൂട്ടിയുടെ സഹോദരന്മാരാണ് അങ്ങനെ വിളിക്കുക. അങ്ങനെ വിളിക്കാനുള്ള സ്വാതന്ത്ര്യം മോഹൻലാലിന് മമ്മൂട്ടി കൊടുത്തിട്ടുണ്ട്. ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തും സൂപ്പർ സ്റ്റാറുകൾക്കിടയിൽ കാണാൻ പറ്റാത്ത അടുപ്പമാണിത്. മമ്മൂട്ടിക്ക് എന്തെങ്കിലുമൊരു വേദനയുണ്ടെങ്കിൽ അത് ശമിപ്പിക്കാൻ ഞാനിവിടെയുണ്ട് എന്ന് മോഹൻലാലും മോഹൻലാലിന് വിഷമമുണ്ടാകുന്ന സമയത്ത്, 'നിന്നെ ആശ്വസിപ്പിക്കാൻ ഞാനുണ്ട്' എന്ന് മമ്മൂട്ടിയും പറയുന്ന ഒരു സാഹചര്യം. കേരള സ്‌റ്റോറി എന്നൊക്കെ പറഞ്ഞ് പല കഥകളും പ്രചരിപ്പിക്കുമ്പോൾ ഈയൊരു കേരള സ്‌റ്റോറിയാണ് യഥാർത്ഥത്തിൽ ഇന്ത്യയിൽ പ്രചരിപ്പിക്കപ്പെടേണ്ടത് എന്നു തോന്നുന്നു.

സത്യത്തിൽ മമ്മൂട്ടിക്കുവേണ്ടി പ്രാർഥനാപൂർവം നിൽക്കുന്ന മോഹൻലാലും മോഹൻലാലിനുവേണ്ടി സ്‌നേഹമസൃണമായി നിൽക്കുന്ന മമ്മൂട്ടിയും ഇവിടുത്തെ ഹിന്ദുവും മുസ്‌ലിമും പരസ്പരപൂരകമാണ് എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് എന്ന് നമുക്ക് പറയാൻ പറ്റും. അതേസമയം, ഈ മതങ്ങളുടെ ചട്ടക്കൂടിനകത്തല്ല മനുഷ്യബന്ധങ്ങൾ. കാരണം, എല്ലാ മതങ്ങളും അടിസ്ഥാനപരമായി മനുഷ്യബന്ധങ്ങളെ ഊട്ടിയുറപ്പിക്കാൻ വേണ്ടിയാണ് എന്ന അതിമനോഹരമായ സന്ദേശം കൂടി ഇവർ കൊടുക്കുന്നുണ്ട്.
മമ്മൂട്ടിയെയും മോഹൻലാലിനെയും കളം തിരിച്ച് മാറ്റിനിർത്തേണ്ട കാര്യമില്ല. അവരുടെ അതിർത്തികൾ നമ്മൾ നിശ്ചയിച്ചുകൊടുക്കേണ്ടതില്ല, അത് അവർ തന്നെ നിശ്ചയിക്കുന്നതാണ്. അതിനുള്ള സ്വാതന്ത്ര്യം അവർക്ക് കൊടുക്കുമ്പോഴുണ്ടാകുന്ന ഒരു ഗുണം, കേരളത്തിൽ അതിർവരമ്പുകളുണ്ടാക്കി നിർത്തിയിരിക്കുന്ന സങ്കുചിത രാഷ്ട്രീയ- മതചിന്തകൾക്കപ്പുറം മാനവികത എന്ന ആശയത്തെ ഉയർത്തിപ്പിടിക്കലാകും.