മാരത്തോൺ, പുരാതനഗ്രീസ് മുതൽ മോഡേൺ കായികട്രാക്ക് വരെ

“രാജ്യസ്നേഹനിർഭരമായിരുന്ന ഓട്ടം ഏതൻസും കടന്ന് ഗ്രീക്ക് ചരിത്രത്താളുകളിലൂടെ മോഡേൺ സ്പോർട്സ് ട്രാക്കുകളിലേക്കാണ് എത്തിയത്. യുദ്ധം നടന്ന നഗരം ജീരകച്ചെടി (Marathon) കളാൽ സമൃദ്ധമായിരുന്നു. കേരം നിറഞ്ഞ ഇടം കേരളമായതുപോലെ ആ നഗരം മാരത്തോൺ എന്നറിയപ്പെട്ടു,” ഡോ. പ്രസന്നൻ പി.എ. ഓസ്ട്രേലിയയിൽ നിന്ന് എഴുതുന്ന കോളം Good Evening Friday തുടരുന്നു.

Good Evening Friday - 28

ത്ര ആദിമമല്ലാത്ത എന്നുവെച്ചാൽ അതിപുരാതനമല്ലാത്ത ഒരു കാലത്ത് ഗ്രീസിനെ പേർഷ്യൻ രാജാവായ ദാരിയസ് ആക്രമിച്ചു. കരുത്തരായ പേർഷ്യക്കാരും കരുത്തിനൊട്ടും കുറവില്ലാത്ത ഗ്രീക്കുകാരും തമ്മിൽ സംഭ്രമഭീകരമായ യുദ്ധം നടന്നു. തുടർച്ചയായി തോറ്റുകൊണ്ടിരുന്നവർ ഫൈനലിൽ ജയിക്കുന്നത് പോലെ യുദ്ധത്തിൽ ഗ്രീസ് ജയിച്ചു. ജയിച്ച വിവരം തലസ്ഥാനമായ ഏതൻസിൽ അറിയിക്കാൻ Pheidippides എന്ന ഭടൻ 240 കിലോമീറ്റർ ഓടി. ഓട്ടത്തിനൊടുവിൽ 'നമ്മൾ ജയിച്ചു' എന്ന് പറഞ്ഞ് തീർന്നതും അയാൾ കുഴഞ്ഞ് വീണ് മരിച്ചു.

രാജ്യസ്നേഹനിർഭരമായിരുന്ന ആ ഓട്ടം ഏതൻസും കടന്ന് ഗ്രീക്ക് ചരിത്രത്താളുകളിലൂടെ മോഡേൺ സ്പോർട്സ് ട്രാക്കുകളിലേക്കാണ് എത്തിയത്. യുദ്ധം നടന്ന നഗരം ജീരകച്ചെടി (Marathon) കളാൽ സമൃദ്ധമായിരുന്നു. കേരം നിറഞ്ഞ ഇടം കേരളമായതുപോലെ ആ നഗരം മാരത്തോൺ എന്നറിയപ്പെട്ടു. Pheidippides-നെ കുറിച്ചുള്ള കഥകളിൽ നിന്നാണ് ദീർഘദൂര ഓട്ടം ആ നഗരത്തിന്റെ പേരിലുള്ള ഒരു മത്സരമായി ഒളിംപിക്സിൽ മാറുന്നത്. പിന്നീടത് പല നഗരങ്ങളിലും ഒളിമ്പിക്സില്ലാത്തപ്പോഴും ഒരു ആഘോഷം പോലെ സംഘടിപ്പിക്കപ്പെട്ടു.

1896 ഒളിമ്പിക്സിൽ 40 കിലോമീറ്റർ Spyridon Louis എന്ന ആട്ടിടയൻ 2:58:50 സമയം കൊണ്ട് ഓടി മരത്തോണിനുള്ള ആദ്യത്തെ സ്വർണ്ണമെഡൽ നേടി. കെനിയക്കാരൻ Eliud Kipchoge രണ്ടായിരത്തി ഇരുപതിലെ ടോക്കിയോ ഒളിംപിക്സിൽ 2:01:09 കൊണ്ടാണ് ഇപ്പോഴത്തെ ദൂരമായ 42.195 കിലോമീറ്റർ ഓടിയത്. രണ്ട് മണിക്കൂർ മുപ്പത്തിയഞ്ച് സെക്കൻഡ് കൊണ്ട് ഓടിയ മറ്റൊരു കെനിയക്കാരൻ Kelvin Kiptum ആണ് ലേറ്റസ്റ്റ് മാരത്തൺ സെൻസേഷൻ.

1983 മുതൽ ഏതൻസ് മുതൽ സ്പാർട്ട വരെയുടെ 246 കിലോ മീറ്റർ ഓടുന്ന സ്പാർട്ടത്തലോൺ മത്സരവും ആരംഭിച്ചു. 2023 ൽ Fotis Zisimopoulos എന്ന ചങ്ങാതി പുരുഷ വിഭാഗത്തിലും (19h55m09s) സയന്റിസ്റ്റ് കൂടിയായ Camille Herron എന്ന ഒക്കലാഹോമ സുന്ദരി വനിതാ വിഭാഗത്തിലും (22h35m31s) ആ ദൂരം ഓടി റെക്കോർഡിട്ടു. അബോട്ട്വേൾഡ് മാരത്തൺ മേജേഴ്സ് ( Abbott World Marathon Majors ) എന്നത് ലോകത്തെ ആറ് പ്രമുഖ മാരത്തണുകൾ ഉൾപ്പെട്ട ചാമ്പ്യൻഷിപ്പ് ശൈലിയിലുള്ള ഒരു പരമ്പരയാണ്.

 മാരത്തോൺ നഗരം
മാരത്തോൺ നഗരം

ടോക്കിയോ, ബോസ്റ്റൺ, ചിക്കാഗോ, ന്യൂയോർക്ക്, ലണ്ടൻ, ബെർലിൻ എന്നിവയാണ് ആ മാരത്തോൺ മേജേഴ്‌സ്. ഇതിൽ ബോസ്റ്റൺ മാരത്തോണിൽ പങ്കെടുക്കണമെങ്കിൽ ഓരോ ഏജ് ഗ്രൂപ്പിനുമായി നിശ്ചയിക്കപ്പെട്ടിട്ടുള്ള സമയത്തിനുള്ളിൽ ഓടാൻ കഴിയുമെന്ന് മുൻപേ തെളിയിച്ചിട്ടുണ്ടാകണം. ഉദാഹരണത്തിന് 18-34 വയസ്സ് വിഭാഗത്തിൽ മത്സരിക്കണമെങ്കിൽ പുരുഷന്മാർ 42.195 കിലോമീറ്റർ മൂന്ന് മണിക്കൂറിനുള്ളിൽ ഓടിയവരായിരിക്കണം. 128 കൊല്ലമായി തുടരുന്നതിന്റെ ഗമയാണ് ബോസ്റ്റൺ മാരത്തോണിന്.

ചരിത്ര വീഥികളിലേക്ക് ഇനി സ്വല്പം ബയോളജി വരട്ടെ.

നടക്കുന്നതിലേക്കുള്ള പരിശ്രമം 6–7 മില്യൺ വർഷങ്ങൾ മുമ്പേ തുടങ്ങിയിരുന്നെങ്കിലും നടന്നു എന്നതിന് വ്യക്തമായ തെളിവ് കണ്ടെത്തിയിട്ടുള്ളത് Australopithecus afarensis എന്ന് വിളിക്കപ്പെടുന്ന മനുഷ്യപൂർവ്വികരിലാണ്. അതിന് പിന്നെയും 2-3 മില്യൺ വർഷങ്ങൾ എടുത്തു. നാല് കാലിൽ നടക്കുന്നതിനേക്കാൾ കുറഞ്ഞ ഊർജ്ജം മതി രണ്ട് കാൽ നടത്തതിന്, മാത്രമല്ല സാധനങ്ങൾ കൊണ്ട് പോകാനും ടൂൾസ് ഉപയോഗിക്കാനും കൈകൾ സ്വതന്ത്രവുമായി. കാടുകൾ കുറഞ്ഞ് പുൽമേടുകൾ കൂടിയപ്പോൾ ദൂരക്കാഴ്ച സാദ്ധ്യമാക്കാനാണ് മനുഷ്യൻ ഇരുകാലികളായി മാറിയതെന്നാണ് മറ്റൊരു തിയറി. ആ പുറംകാഴ്ച്ചകൾ പുത്തൻ ഉൾകാഴ്ച്ചകൾ നൽകി.

സാമൂഹ്യജീവിതം (To live in a group, you need to understand the group), ആശയങ്ങളും ഉദ്ദേശങ്ങളും ഭാവനകളും സങ്കൽപ്പങ്ങളും പങ്കുവെക്കേണ്ടിവന്നപ്പോൾ വികസിച്ച ഭാഷ (“Words gave humans a second reality — one made of symbols and ideas), ഭക്ഷണത്തെ പോഷകമാക്കിയ പാചകം (Fire fed the brain), പാരിസ്ഥിതികമായ വെല്ലുവിളികളെ അതിജീവിക്കാൻ വേണ്ടിവന്ന ആസൂത്രണത്തിന്റെയും വിശകലനത്തിന്റെയും സഞ്ചാരത്തിന്റെയും ആവശ്യകത (Unstable environments selected for stable minds), സംസ്ക്കാരത്തിന്റെ ഉല്പത്തി (Culture is the software that reshaped the hardware) എന്നീ വൈവിദ്ധ്യമാർന്ന ഘടകങ്ങളോടൊപ്പം രണ്ടുകാലിലുള്ള നടത്തം (Bipedalism) മസ്തിഷ്കവികാസത്തിലേക്ക് നയിച്ചു എന്നതാണ് എനിക്കിഷ്ടപ്പെട്ട പരിണാമപ്രതിഭാസം (Tools shaped the brain that shaped the tools).

ഓടാൻ പിന്നെയും സമയമെടുത്തു എന്നാണ് ഒരു നരവംശശാസ്ത്രപഠനം പറയുന്നത്. നടത്തം തുടങ്ങി രണ്ട് മില്യൺ വർഷങ്ങൾ കഴിഞ്ഞാണ് ഓടാനാവശ്യമായ അക്കിലിസ് ടെൻഡൻ വികസിച്ചത്. ഇത്രയും ഇലാസ്റ്റിക് ഗുണമുള്ളതും സ്പ്രിങ് പോലെ പ്രവർത്തിക്കുന്നതും മാംസപേശിക്ക് ആനുപാതികമായ നീളമുള്ളതുമായ അക്കിലിസ് ടെൻഡൻ (ഉപ്പൂറ്റിക്ക് മേലെയുള്ള പേശീതന്തു) മനുഷ്യർക്ക് മാത്രമേയുള്ളൂ. മാംസ്യം കിട്ടാനുള്ള മത്സരമാണ് ആദിമ മനുഷ്യനെ ഓടാൻ നിർബന്ധിതനാക്കിയത്. മസ്തിഷ്കം വികസിക്കാൻ തുടങ്ങിയതോടെ ഭക്ഷണത്തിൽ കലോറിയും, പ്രോട്ടീനും ധാരാളമായി വേണ്ടി വന്നു. വേട്ടയാടാൻ ഓട്ടം ആവശ്യമായിരുന്നു (അല്പം അതിലളിതവൽക്കരണമാണെങ്കിലും, Running was the tool, Protein was the prize, Survival was the goal എന്ന് പറയാം)

ബോസ്റ്റൺ മാരത്തോൺ
ബോസ്റ്റൺ മാരത്തോൺ

അടുത്തത്,

ഓട്ടത്തിന്റെ സംഗീതാത്മകവും മധുരതരവുമായ നിർവചനമാകട്ടെ.

“Running is the most accessible, and the cheapest, organised sport” പറഞ്ഞത് അക്കാഡമീഷനും, എഴുത്തുകാരനും, എഡിറ്ററും, റണ്ണറുമായ റോജർ റോബിൻസൻ.

ഇതിനൊക്കെ പുറമെ,

2007-2008-ൽ ഓസ്ട്രേലിയൻ പ്രൈവറ്റ് ഹെൽത്ത് ഇൻഷുറൻസ് കമ്പനി മെഡിബാങ്കും മൊണാഷ് യൂണിവേഴ്സിറ്റിയും കൂടി നടത്തിയ പഠനമനുസരിച്ച് ഭൂരിപക്ഷം ഓസ്ട്രേലിയൻസും ഒരു ദിവസം മുപ്പത് മിനിറ്റ് വെച്ച് മിതമായ രീതിയിൽ വ്യായാമം ചെയ്താൽ ഹെൽത്ത് റിലേറ്റഡ് എക്സ്പെൻസ് ഒരു കൊല്ലം 1.5 ബില്യൺ ഡോളേഴ്സ് കുറക്കാമെന്നാണ്.

റെഗുലർ ഫിസിക്കൽ ആക്ടിവിറ്റി മനുഷ്യന്റെ ഇമ്മ്യൂണിറ്റിയും, കാർഡിയോവാസ്ക്യൂലർ ഹെൽത്തും ധിഷണശക്തിയും വർധിപ്പിക്കുമെന്നും ക്യാൻസർ ഡിമെൻഷ്യ പോലുള്ള രോഗങ്ങൾ ഒരു പരിധി വരെ കുറക്കുമെന്നും സയന്റിഫിക് പഠനങ്ങൾ അനുദിനം തെളിയിച്ചുകൊണ്ടേയിരിക്കുന്ന ഈ വേളയിൽ,

വർഷംതോറും ആളുകൾ ഓടുന്ന ഒരു പാട് മാരത്തോണുകൾ ഓസ്ട്രേലിയയിലും ഉണ്ട്. അതിൽ ഒന്ന് സംഘടിക്കപ്പെടുന്നത് ഗ്രേറ്റ് ഓഷ്യൻ റോഡിലാണ്. ഗ്രേറ്റ് ഓഷ്യൻ റോഡിനെ കുറിച്ച് രണ്ട് പാരഗ്രാഫ് പറയേണ്ടിയിരിക്കുന്നു.

വിക്ടോറിയ സംസ്ഥാനത്ത് ടോർക്വേ മുതൽ അലൻസ്‌ഫോർഡ് വരെ ഏകദേശം 243 കിലോമീറ്റർ തിരിവും വളവുമായി കിടക്കുകയാണ്, തീരദേശഡ്രൈവിന് പ്രശസ്തസുന്ദരമായ (scenic and iconic) ഗ്രേറ്റ് ഓഷ്യൻ റോഡ്. തെക്കൻ സമുദ്രത്തിന്റെ വിശാലമായ ചക്രവാളങ്ങൾക്കും ജൈവവൈവിദ്ധ്യങ്ങളാൽ സമൃദ്ധമായ ഒട്ട്‌വേ മഴക്കാടുകൾക്കും ഇടയിലൂടെ ഏറെ നിമ്നോന്നതമായ സഞ്ചാരപഥം. ചില കയറ്റങ്ങൾക്ക് സമുദ്രനിരപ്പിൽ നിന്ന് 100 മുതൽ 150 മീറ്റർ വരെ ഉയരം വരും.

കടൽത്തിരകളും കാറ്റും ചേർന്ന് 20-25 മില്യൺ വർഷങ്ങൾ കൊണ്ട് ചുണ്ണാമ്പ് ഭിത്തികളിൽ കൊത്തിയെടുത്ത ട്വൽവ് അപ്പൊസിൽസ് (Twelve Apostles) എന്ന് വിളിക്കുന്ന ശിലാ ഉദ്യാനം ഗ്രേറ്റ് ഓഷ്യൻ റോഡ് തീരുന്നതിന് തൊട്ടുമുമ്പുള്ള ഒരു മാസ്മരിക കാഴ്ചയാണ്. കഴിഞ്ഞ ദിവസം ഗ്രേറ്റ് ഓഷ്യൻ റോഡിലൂടെ 11000 വിഭിന്ന ദേശക്കാർക്കൊപ്പം ഞാനും നിഷയും കൂടി ഓടിയ 23 കിലോമീറ്റർ ഹാഫ് മാരത്തണിന്റെ പശ്ചാത്തലത്തിലാണീ മാരത്തൺ കുറിപ്പ്.

Cheers!


Summary: History of Marathon from ancient Greece Athens to modern sports tracks, history biology and some experiences. Dr Prasannan PA's Good Evening Friday column continues.


ഡോ. പ്രസന്നൻ പി.എ.

ആസ്​ത്രേലിയയിലെ വിക്​ടോറിയയിലുള്ള ലാട്രോബ്​ റീജ്യനൽ ആശുപത്രിയിൽ 16 വർഷമായി റിഹാബിലിറ്റേഷൻ മെഡിസിനിൽ കൺസൽട്ടൻറ്​ ഫിസിഷ്യൻ.

Comments