നാട്ടിലെ മഴക്കാലം ടിവിയിൽ കണ്ട് ഹാ.. എന്ന് കുളിരു കോരിയിരുന്നൊരു ഗൾഫ് കാലം ഉണ്ടായിരുന്നു.
ഒന്നങ്ങ് പോയെങ്കിൽ
ഊത്ത പിടിച്ചെങ്കിൽ
മഴയിൽ കുളിച്ചെങ്കിൽ
പുതച്ചു കിടന്നെങ്കിൽ
എന്നെല്ലാം ആഗ്രഹിച്ചു നടന്നിരുന്ന കാലം. ആഗ്രഹം മൂത്ത് ഒരു വട്ടം ലീവീന് മഴക്കാലം തെരഞ്ഞെടുത്തു. അക്കുറി ഊത്ത പിടുത്തം മാത്രം നടന്നു.
ബന്ധുവീട്ടിൽ പോയില്ല.
മരാമത്ത് പണി നടന്നില്ല.
ഉത്സവം കൂടിയില്ല.
ടൂറ് പോയില്ല.
അങ്ങനെയിരിക്കെ ഗൾഫിൽത്തന്നെ മഴ ഫീൽ ചെയ്യാൻ ഒരാൾ ഒരു ഐഡിയ പറഞ്ഞുതന്നു. “യു ട്യൂബിൽ ഇടി-മിന്നൽ-പേമാരിയുടെ വീഡിയോ ഉണ്ട്.
ഹെഡ് സെറ്റ് തിരുകുക.
പ്ലേ ചെയ്യുക.
ഏസി 21 ൽ.
ലൈറ്റ് ഓഫ്!
പുതപ്പ് വലിച്ചിട്ട് നാട്ടിലെ മഴയെ ഓർത്തുകൊണ്ട് കണ്ണടച്ചു കിടക്കുക. സെമ്മാ ഫീൽ മച്ചാ…”
സെമ്മാ ഫീൽ അല്ലെങ്കിലും ചുമ്മാ ഒരു ഫീൽ അതിന് ഉണ്ടായിരുന്നു. ഞാനായിട്ട് ചില എൻഹാൻസ്മെന്റുകളും നടത്തി. ജനാലയ്ക്ക് അപ്പുറം ഒരു ലൈറ്റ് ഫിറ്റ് ചെയ്തു. സ്വിച്ച് ഓൺ ചെയ്തു വെച്ചാൽ അത് ഇടയ്ക്കിടെ മിന്നും.
പടപടെ മിന്നും.
ഇടിക്കു ശേഷം മിന്നൽ
മിന്നലിനു ശേഷം ഇടി.
തുടർന്ന് ഇതേപാറ്റേണിൽ കുറച്ചുകൂടി എഴുതിയിരുന്നു. അപ്പോഴാണ് ചെറുപ്പത്തിൽ ഉപ്പുപ്പയുമൊത്ത് വീശാൻ പോയ കാര്യം ഓർത്തത്. വലയുമായി ഉപ്പുപ്പാ മുമ്പേ; ഒരു പുട്ടുകുടവും പിടിച്ചു കൊണ്ട് ഞാൻ പിറകേ. ആദ്യത്തെ വീശിനു പിടിച്ച ആദ്യത്തെ മീനിനെ വലയിൽ നിന്നഴിച്ച് പുട്ടുകുടത്തിൽ നിക്ഷേപിക്കുമ്പോൾ ഉപ്പുപ്പ പറഞ്ഞു:
“എഴുതുമ്പോൾ പാറ്റേൺ ഉണ്ടാക്കരുത്.”
മീൻ പുട്ടുകുടത്തിൽ കിടന്ന് തുള്ളിച്ചാടി.
ഉപ്പുപ്പ ഒന്നുകൂടി പറഞ്ഞു: “ജീവിതം ഋജുവല്ല.”
“ഋജുവോ?”
വലയിൽ നിന്ന് ഒരു കൈ ഫ്രീയാക്കി വായുവിൽ നേരേ ഒരു വരവരച്ച് ഉപ്പുപ്പ പറഞ്ഞു:
“ഋ.. ജു...”
നേരേ എന്നതിന് ഏറ്റവും വളഞ്ഞുപുളഞ്ഞ ഋ, ജ, പിന്നെ ആ മറ്റേ സാനം എല്ലാം ചേർത്ത് വാക്കുണ്ടാക്കിയത് ആരാവും? ഋജു പോലും ഋജുവല്ല എന്നല്ലേ അതിന്റെ അർഥം?
ഉപ്പുപ്പായെ ഓർത്തുകൊണ്ട്, തുടർന്നെഴുതിയ കുറേ ഭാഗങ്ങൾ ഞാൻ ഡിലീറ്റ് ചെയ്യുന്നു. പാറ്റേൺ വേണ്ട.
പറഞ്ഞുവന്ന ഗൾഫ് ജീവിതത്തിന്റെ പേമാരിപർവ്വത്തിൽ എന്റെ റൂം-മേറ്റ് കുമാർ എന്നൊരു ഒറീസാക്കാരൻ ആയിരുന്നു. അവന് അഞ്ചു ദിവസം നൈറ്റ് ഡ്യൂട്ടിയാണ്. രണ്ടു ദിവസം ഓഫ്. കുമാർ റൂമിൽ ഇല്ലാത്ത അഞ്ചു ദിവസവും ലൈറ്റ് മിന്നിച്ച് ഞാൻ ഇടിമിന്നലോടു കൂടിയ മഴ ആസ്വദിക്കും. അല്ലാത്ത രണ്ടു ദിവസങ്ങളിൽ മിന്നലില്ലാത്ത മഴ.
ഇതു കൂടാതെ, വല്ലപ്പോഴും ഇടിയും മിന്നലും മഴയുമില്ലാത്ത, മഴതോർന്ന രാത്രി ആസ്വദിക്കാറുണ്ട്. മഴ തോർന്ന രാത്രിയിൽ ചീവീടുകളുടേയും തവള-മാക്രികളുടേയും ശബ്ദമാണ്. ആ സമയങ്ങളിൽ ഏ സി ഒരു ഡിഗ്രി കൂടി കുറയ്ക്കും. ഇപ്പോൾ 20 ഡിഗ്രി.
എത്രയൊക്കെ ആണെങ്കിലും, എങ്ങനെയൊക്കെ എഫക്റ്റ്സ് കൊണ്ട് എൻഹാൻസ് ചെയ്താലും നാട്ടിലെ മഴയുടെ ഫീൽ കിട്ടാൻ പ്രയാസമാണ്. യു ട്യൂബിലെ മഴയ്ക്ക് ഒരേ ശബ്ദവും ഒരേ ഭാവവുമല്ലേയുള്ളൂ. നാട്ടിലെ മഴ പക്ഷേ അങ്ങനല്ല. ഓരോന്നിനും ഓരോ ശബ്ദമാണ്. മഴയുടെ വരവും പോക്കും വ്യത്യസ്തമാണ്. ഋജുവല്ല. ഇടയ്ക്ക്, മുറ്റത്തെ തെങ്ങിൽ നിന്ന് ഓല വീഴാം. മാവിന്റെ കൊമ്പൊടിഞ്ഞ് നിലം പൊത്താം. അയലത്തെ ഗേറ്റിനരികിൽ ഒരു ഡീസൽ ഓട്ടോ അരകം വെച്ചുകൊണ്ട് വന്നു നിന്നെന്നു വരാം. അങ്ങനെ പലതും സംഭവിക്കാം. യുട്യൂബിലാവട്ടെ, സംഭവിച്ചതു തന്നെ വീണ്ടും സംഭവിക്കുന്നു.
ചെറുപ്പത്തിൽ, മഴയുടെ കുഞ്ഞുങ്ങൾ മേൽക്കൂരയിലെ വിടവുകൾ വഴി വീടിനുള്ളിലേക്ക് നൂണ്ടു കയറുമായിരുന്നു. അവ ചാടി വീഴുന്നിടത്തെല്ലാം ഉമ്മ പാത്രങ്ങൾ വെച്ചുകൊടുക്കും. വലിയ കുഞ്ഞുങ്ങൾക്ക് വലിയ പാത്രം. ചെറിയ കുഞ്ഞുങ്ങൾക്ക് ചെറിയ പാത്രം. കലം, ചട്ടി, മഗ്ഗ്, 10 കൊല്ലമായി എന്ന് ഉമ്മ അഭിമാനത്തോടെ പറയുന്ന ചളുങ്ങിയ ബക്കറ്റ്.. ഇതെല്ലാമങ്ങ് നിരന്നു കഴിയുമ്പോൾ ഞങ്ങൾക്ക് പായ വിരിക്കാനുള്ള സ്ഥലം കുറയും. ഉപ്പുപ്പായ്ക്ക് മാത്രമാണ് കട്ടിലുള്ളത്. അവിടെ ചോരുകയാണെങ്കിൽ കട്ടിൽ പകുതി ഇപ്പുറത്തെ മുറിയിലേക്ക് വലിച്ചിടും. അതോടെ സ്ഥലം വീണ്ടും ചുരുങ്ങും.
ആ രാത്രികളിലെ മഴയുടെ താളം വേറേ ആയിരുന്നു. കൃത്യമായ താളമില്ല. മഴ മുറുകുന്നതിനും കുറയുന്നതിനും അനുസരിച്ച് താളം മാറും. പാത്രങ്ങൾ നിറയുന്നതിനനുസരിച്ചും മാറും. പലപ്പോഴും ചോർച്ച പതിക്കുന്ന ബിന്ദുവിന് മാറ്റം വന്ന് ബക്കറ്റിന്റെ അരികിലും കലത്തിന്റെ കവിളിലും തട്ടി അപശബ്ദമുണ്ടാകും. മഴത്തുള്ളിയുടെ ധൂളികൾ മുഖത്തേക്ക് തെറിച്ച് ഉറക്കം കെട്ടുപോകും. അപശ്രുതി മാത്രമുള്ള മഴയുടെ സംഗീതം കേട്ടുകൊണ്ട് ഞാൻ മുകളിലേക്ക് നോക്കി അങ്ങനെ കിടക്കും. തിരി താഴ്ത്തിവെച്ച റാന്തലിന്റെ ചെറിയ വെട്ടത്തിലും കാണാം, ചില മഴത്തുള്ളികൾ മേൽക്കൂരയുടെ പട്ടികകളിലൂടെ സഞ്ചരിക്കുന്നത്. കുറച്ചു ദൂരം സഞ്ചരിക്കുമ്പോഴേക്കും അവ വലുതാവുകയും ഒടുവിൽ അറ്റു വീഴുകയും ചെയ്യുന്നു. അതേ വഴിയിൽ മറ്റുള്ളവയും സഞ്ചരിക്കുന്നു, അറ്റുവീഴുന്നു.
അപശബ്ദങ്ങൾ ഉണ്ടാകുന്നിടത്തെല്ലാം ഉമ്മ പാത്രങ്ങൾ നീക്കിവെച്ചു കൊടുക്കും. മൂന്നോ നാലോ തവണ കിടക്കയിൽ നിന്ന് എഴുന്നേൽക്കുമ്പോൾ പിറുപിറുക്കും:
“ഒരു വീട് ഉണ്ടാക്കി വെച്ചിരിക്കുന്നത് കണ്ടില്ലേ?”
നവാസിക്കയുടെ പലചരക്കു കട വാങ്ങി പൊളിച്ചെടുത്ത് പുനഃസ്ഥാപിച്ചതായിരുന്നു ഞങ്ങളുടെ വീട്. അതിന്റെ ഉമ്മറത്തെ ഭിത്തി നിരപ്പലകകൾ കൊണ്ടുള്ളതും മേൽക്കൂര ടാർ ഷീറ്റ് കൊണ്ടുള്ളതുമായിരുന്നു. ടാർ ഷീറ്റ് മേഞ്ഞ വീടുകൾ ഓലമേഞ്ഞ വീടുകളേക്കാൾ ഒരു പടി മുന്നിലാണെന്ന സങ്കല്പമായിരുന്നു അക്കാലത്ത്. ഞങ്ങളെല്ലാം അക്കാരണത്താൽ അഭിമാനിച്ചിരുന്നു.
“കാർത്തിക ജംഗ്ഷൻ എത്തുന്നതിനു മുമ്പ് കിഴക്കോട്ട് കിടക്കുന്ന വഴിയിൽ നേരേ പോകുമ്പോൾ കാണുന്ന ഷീറ്റിട്ട വീട്”- ഇങ്ങനെയാണ് അന്ന് വീടിനെ പരിചയപ്പെടുത്തുക.
പക്ഷേ, ചോർച്ചയുടെ കാര്യത്തിൽ അത് ഞങ്ങളെ ചതിച്ചു. ഓല മേഞ്ഞ വീടായിരുന്നെങ്കിൽ രണ്ടു വർഷം കൂടുമ്പോഴെങ്കിലും മഴയ്ക്ക് മുമ്പ് മേയുന്ന ചടങ്ങുണ്ട്. ടാർ ഷീറ്റിൽ പക്ഷേ അങ്ങനെയില്ല. മഴ പെയ്തുകഴിഞ്ഞേ പല ചോർച്ചകളും കണ്ടുപിടിക്കാനാവൂ.
ഓരോ ദിവസത്തേയും മഴയിൽ കണ്ടുപിടിക്കപ്പെടുന്ന ദ്വാരങ്ങളിൽ ഞാനും വാപ്പായും ജ്യേഷ്ഠനും കൂടി പ്ലാസ്റ്റിക്ക് ഷീറ്റ് തിരുകും. അങ്ങനെ തിരുകിത്തിരുകി ഒടുക്കം ഉള്ളിൽ നിന്നു നോക്കുമ്പോൾ അവിടവിടെ ടാർ ഷീറ്റിന്റെ അല്പഭാഗം കാണാമെന്നല്ലാതെ ബാക്കിയെല്ലാം പോളിത്തീൻ റിപ്പയറിംഗ് കൊണ്ട് നിറഞ്ഞിരുന്നു. ഒരു ചോർച്ച അടച്ച് ‘അൽഹംദുലില്ലാഹ്’ എന്ന് ദൈവത്തെ സ്തുതിച്ച് മുകളിലേക്ക് നോക്കുമ്പോഴെല്ലാം തൂമ്പാശ്ശേരിൽ ടെക്സ്റ്റൈൽസ്, രജീഷ് ജ്യുവലേഴ്സ്, Bata എന്നിങ്ങനെ കുറേ പേരുകളും ഞങ്ങൾ വായിച്ചു. ഭാഗ്യം! പുറത്തു നിന്നു നോക്കിയാൽ ഈ പോളിത്തീൻ കവറുകളിൽ പലതിന്റേയും തുമ്പ് മാത്രമേ കാണാനാവൂ. അതിനാൽ അഭിമാനക്ഷതം കുറവായിരുന്നു.
മേൽക്കൂരയിൽ നിന്നെന്നപോലെ ചിലപ്പോഴെല്ലാം മഴയുടെ വകഭേദങ്ങൾ സൈഡിൽ നിന്നും വരും. പനമ്പിലും ചെറ്റയിലും എലികൾ തുരന്നു വെച്ച വൃത്തങ്ങളിലൂടെയും ദ്രവിച്ചുപോയ ഇടങ്ങളിലൂടെയും മഴ നനഞ്ഞ് മിനുങ്ങിയ ചില മാക്രികൾ പ്രാണികളെ തേടി വരും. മഴനനഞ്ഞ് കുതിർന്ന രോമങ്ങളുമായി എലികൾ വാരികളിലൂടെ ഓടിനടക്കും. ഇവയെ തേടി ഫൂഡ് സൈക്കിളും ചവിട്ടി സ്വർണ്ണനിറമുള്ള ചേരകൾ വരും. ഒരു ദിവസം ഷമീറിന്റെ പുതപ്പിനുള്ളിലൂടെ ഒരെണ്ണം ഇഴഞ്ഞു പോയി.
പിറ്റേ ദിവസം വാപ്പായും ഞാനും ഷമീറും കൂടി ചെറ്റയിലെ ദ്വാരങ്ങളിൽ വലുതെല്ലാം അടച്ചു. അയലത്തെ പൂച്ച ഇട്ട ദ്വാരം അടച്ചത് പൊട്ടിപ്പോയ ഒരു കണ്ണാടിയിൽ ബാക്കിയായ കഷണം കൊണ്ടാണ്. കിടക്കുമ്പോൾ ഞാനും ആ മുറിഞ്ഞ കണ്ണാടിയും മുഖാമുഖം നോക്കും.
ഉപ്പുപ്പ പറഞ്ഞു: “ബ്രേക്ക് ദ സൈക്കിൾ.”
“എന്നു വെച്ചാൽ?”
“എന്നുവെച്ചാൽ ബ്രേക്ക് ദ ഫുഡ് സൈക്കിൾ.”
“എന്നുവെച്ചാൽ?”
“എന്നുവെച്ചാൽ, പ്രാണികളെ ഒഴിവാക്കിയാൽ മാക്രി വരില്ല. മാക്രികളേയും എലികളേയും ഒഴിവാക്കിയാൽ ചേര വരില്ല.”
വാപ്പ പറഞ്ഞു: “പ്രാണികളെ ഒഴിവാക്കുന്ന കാര്യം മറന്നേക്കുക. മാക്രികൾ അരകല്ലിന്റെ ഓവുചാലിലൂടെയും കതകുകളുടെ വിടവിലൂടെയും കതക് തുറന്നിടുമ്പോഴും ചാടി അകത്തുവരും. എലികളുടെ കാര്യം പറഞ്ഞാൽ, എത്ര എലികളെ പിടിക്കാൻ ഒരു മനുഷ്യ ജന്മത്തിനാവും? അതുകൊണ്ടുതന്നെ ചേര എങ്ങനെയെങ്കിലും ഞൂണ്ട് വരും. ഇറ്റ് ഈസ് ഹാർഡ് റ്റു ബ്രേക്ക് ദ സൈക്കിൾ.”
കുറച്ചു ദിവസത്തെ ആലോചനകൾക്കു ശേഷം വാപ്പ താൽക്കാലികമായി മറ്റൊരു കാര്യം ചെയ്തു. ഒരു പൂച്ചയെ എവിടെ നിന്നോ എടുത്തുകൊണ്ടുവന്നു. പട്ടിണി ദിനചര്യയായിരുന്ന അത് ഞങ്ങളിൽ നിന്ന് ഓടിപ്പോകാൻ ശ്രമിച്ചില്ല. ഉമ്മ അതിന് മത്തിയും അയലത്തലയും കൊടുത്തു. ഏതാണ്ട് ഒരാഴ്ചയ്ക്കുള്ളിൽ അവനൊരു ഗുമ്മൻ പൂച്ചയായി. അവന് ഞങ്ങൾ ഗുമ്മൻ എന്ന് പേരിട്ടു. ഗുമ്മൻ ഗുമ്മനായതോടെ ഞങ്ങളുമായി പൂർണ്ണമായി ഇണങ്ങി.
മാക്രികൾ ചാടിച്ചാടി വരുമ്പോൾ ഗുമ്മൻ അവറ്റകളെ തട്ടിത്തെറിപ്പിക്കും. ഏതെങ്കിലും മാക്രി വീണ്ടും മുന്നോട്ടു വന്നാൽ ഗുമ്മൻ അവന്റെ മാർജ്ജാരപാദങ്ങൾ കൊണ്ട് ആ മാക്രിയെ അമർത്തിവെക്കുകയും രഹസ്യമാക്കി വെച്ചിരിക്കുന്ന അവന്റെ വെളുത്തു കൂർത്ത നഖങ്ങൾ പുറത്തേക്ക് നീട്ടുകയും ചെയ്യും.
ഗുമ്മന്റെ മ്യാവൂ കേട്ട് എലികൾ വേറെവിടേക്കോ പോയി.
ഗുമ്മനെ ഉമ്മായ്ക്ക് കൂടുതൽ ഇഷ്ടമായി. ഗുമ്മന് കൂടുതൽ മീൻ കിട്ടാൻ തുടങ്ങി. ഗുമ്മൻ കൂടുതൽ ഗുമ്മനായി. ഞങ്ങൾ അവന്റെ പേര് മാറ്റിയില്ല. ഗുമ്മൻ എന്ന പേരിനുള്ളിൽത്തന്നെ കിടന്ന് അവൻ വീർത്തു. മീൻ തിന്നുതിന്ന് അവൻ അയൽപ്പക്കത്തെല്ലാം പോയി കക്കിവെച്ചു.
ഒരു ദിവസം വടക്കേതിലെ തോട്ടുമാടിക്ക് ഗുമ്മൻ ചത്തുകിടന്നു. കൊല്ലപ്പെട്ടതാകാം. അവന്റെ മുഖം അടി കൊണ്ട് കോടിയതുപോലെ കാണപ്പെട്ടു!.
ഗുമ്മന്റെ കാലത്തുതന്നെ പുതിയൊരു വീടിനെപ്പറ്റിയുള്ള ചർച്ച വാപ്പ തുടങ്ങി വെച്ചിരുന്നു. സാമ്പത്തികം വിഷയമായതിനാൽ, കിടക്കാനായി മാത്രം രണ്ടു മുറികളുള്ള ഒരു കെട്ടിടം നിർമ്മിക്കാൻ ഒടുവിൽ തീരുമാനമായി. കുറഞ്ഞ കാലത്തിനുള്ളിൽ അത് യാഥാർഥ്യവുമായി. സിമന്റ് ഭിത്തിയുള്ള ഓടിട്ട രണ്ട് നല്ല മുറികൾ! രണ്ടിലും കട്ടിലുകളുണ്ട്. രണ്ടിലും ഫാനുണ്ട്. രണ്ടിലും അലമാരകളുണ്ട്.
അടുക്കളയും മറ്റും പഴയ വീട്ടിൽ തുടരും.
വീടിന്റെ പണി പൂർത്തിയായ കൊല്ലം ഞങ്ങൾ മഴ വരുന്നതും കാത്തിരുന്നു. കൃത്യം ജൂൺ ആയപ്പോൾ മഴ ഇരമ്പിയെത്തി. കട്ടൻ ചായയും കപ്പയും ഉണക്കമീനും തയ്യാറാക്കി, ചോരാത്ത കൂരയ്ക്കു താഴെ മഴയുടെ കുളിരിൽ ഞങ്ങൾ സൊറ പറഞ്ഞിരിക്കാൻ തുടങ്ങി. കട്ടൻപുരാണങ്ങളിൽ ഉപ്പുപ്പ തന്റെ ആസ്സാം യാത്രകളുടെ അനുഭവങ്ങൾ എരിവും പുളിയും ചേർത്ത് പറഞ്ഞു. ആസാമിൽ തുടങ്ങി ഉപ്പുപ്പ അങ്ങ് ബർമവരെയും പോയി. മഴവെള്ളം ഒഴുകുമ്പോലെ സാധ്യമാകുന്നിടത്തേക്കെല്ലാം ഉപ്പുപ്പയുടെ കഥകൾ ഒഴുകിച്ചെന്നു.
ഗൾഫിലെ റൂമിൽ യു-ട്യൂബിലെ ഇടിമിന്നൽ പേമാരി അനുഭവിച്ചുകൊണ്ട് ബെഡ്ഷീറ്റിനു കീഴെ കണ്ണുമടച്ച് അങ്ങനെ കിടക്കുമ്പോൾ മേൽ പറഞ്ഞ കാര്യങ്ങളെല്ലാം ഞാൻ ഓർക്കും. ബാല്യ/കൗമാര/യൗവന കാലത്തെ കുളിർഭേദങ്ങളുള്ള മഴയും പനിയും കിടുകിടുപ്പും എല്ലാം ഓർക്കും.
ഒരു രാത്രിയിൽ, പുറത്ത് കോരിച്ചൊരിയുന്ന മഴ. ഞങ്ങളുടെയെല്ലാം കയ്യിൽ കട്ടൻ ചായ. ചർച്ചയിൽ എല്ലാമുണ്ട്. പുതിയതും പഴയതും കമ്യൂണിസ്റ്റും കാങ്ക്രസ്സും സുന്നിയും മുജാഹിദും ഉപ്പുപ്പയുടെ ആസ്സാമും എല്ലാം. ഗുമ്മൻ ഉണ്ടായിരുന്നെങ്കിൽ ഞങ്ങളുടെ സന്തോഷത്തിലൂടെ ഉരുമ്മിയുരുമ്മി അവൻ ആ മുറിക്കുള്ളിൽ കറങ്ങി നടന്നേനെ. പാവം! അടികൊണ്ട് കോടിപ്പോയ അവന്റെ മുഖം!
അന്ന്, ആസ്സാം കഥകൾക്കിടയിൽ വാപ്പ രാഷ്ട്രീയം കൊണ്ടുവന്നിട്ട് ഉപ്പുപ്പായുമായി തർക്കത്തിലായി. ഏതോ പരീക്ഷാ പേപ്പർ ചോർന്നതാണ് വിഷയം. തർക്കം കൊടുമ്പിരിക്കൊണ്ടിരിക്കെ കതകിൽ ആരോ മുട്ടൂന്ന ശബ്ദം. വാപ്പാ ചെന്ന് കതക് തുറന്നു.
നോക്കുമ്പോഴുണ്ട് ഒരു ചെറുപ്പക്കാരൻ. അയാളുടെ മുണ്ടും ഷർട്ടും മഴയിൽ കുതിർന്നിരുന്നു. കുറിയ താടിരോമങ്ങളിൽ നിന്നും നെറ്റിയിലേക്ക് വീണ മുടിയിഴകളിൽ നിന്നും മഴയുടെ കുഞ്ഞുങ്ങൾ ഇറ്റുവീഴുന്നു. അയാളുടെ കയ്യിലെ ഗിറ്റാറാണ് ആരും ആദ്യം ശ്രദ്ധിച്ചുപോവുക.
“ആരാ?” - വാപ്പ ചോദിച്ചു.
“ഞാനാണ്. ജോൺസൺ മാഷ്” - വന്നയാൾ പറഞ്ഞു.
“വരൂ..”
അയാൾ മെല്ലെ അകത്തേക്ക് കയറി വാപ്പയുടെ കട്ടിലിന്റെ ഓരത്തിരുന്ന് പാടാൻ തുടങ്ങി.
“തീയിലുരുക്കി തൃത്തകിടാക്കി
ചേലൊത്തൊരു മാലതീർക്കാൻ
ഏതുപൊന്നെന്റെ തട്ടാരേ
ഏതു പൊന്ന് ഏതു പൊന്ന്..”
“കുറച്ചുകൂടെ ഭാവമുള്ള പാട്ടുപാടൂ ജോൺസൺ” - ഉപ്പുപ്പ പറഞ്ഞു.
“അനുരാഗിണീ ഇതാ എൻ കരളിൽ വിരിഞ്ഞ പൂക്കൾ
ഒരു രാഗമാലയായി ഇതു നിന്റെ ജീവനിൽ
അണിയൂ.. അണിയൂ.. അഭിലാഷ പൂർണ്ണിമേ…”
“ഇദ്ദേഹം ഇതുവരെ എവിടെയായിരുന്നു? എന്തുകൊണ്ട് നമ്മുടെ പഴയ വീട്ടിൽ വന്നില്ല?”- പാട്ടിൽ ലയിച്ചിരുന്ന് തലയാട്ടുന്ന വാപ്പയോട് ഉമ്മ കുശുകുശുത്തു.
വാപ്പ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു: “എടീ, ചോരുന്ന വീടുകളിൽ ഇയാൾ പോകാറില്ല.”
“കായലിൻ പ്രഭാത ഗീതങ്ങൾ…
കേൾക്കുമീ തുഷാര മേഘങ്ങൾ…”