യാഥാസ്ഥിതിക
ലൈംഗികവ്യവഹാരത്തിലേക്ക്
അടച്ചിട്ട MeToo

‘21-ാം നൂറ്റാണ്ടിലെ ആദ്യ 25 വർഷങ്ങളിലെ മലയാളി’; ദാമോദർ പ്രസാദ് എഴുതുന്ന പരമ്പരയുടെ 18-ാം ഭാഗം.

21-ാം നൂറ്റാണ്ടിലെ
ആദ്യ 25 വർഷങ്ങളിലെ
മലയാളി; ഭാഗം 18

2006-ലാണ് MeToo പ്രസ്ഥാനത്തിന്റെ തുടക്കം. അലബാമയിലെ സെൽമ എന്ന സ്ഥലത്ത് സ്കൂൾ വിദ്യാർത്ഥിനികൾ നേരിട്ട ലൈംഗികപീഡനങ്ങളുടെ അനുഭവങ്ങളറിഞ്ഞ് മനംതകർന്ന തരാനാ ബർക്ക് ‘മൈ സ്‌പേസി’ൽ (My Space) പ്രതികരിച്ചതോടെ സമാനമായ ദുരനുഭവമുള്ളവരും പ്രതികരിക്കാൻ തുടങ്ങി.

2017-ൽ, സിനിമാ നിർമ്മാതാവ് ഹാർവി വെയ്ൻസ്റ്റീനെതിരായ ലൈംഗികാതിക്രമ ആരോപണങ്ങളുമായി ബന്ധപ്പെട്ട ന്യൂയോർക്ക് ടൈംസ് അന്വേഷണത്തിനു ശേഷം, അലീസ മിലാനോയെ പിന്തുടർന്ന് പ്രശസ്തരായ റോസ് മക്ഗൗൺ, ആഷ്ലി ജഡ് എന്നിവർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് വെയ്ൻസ്റ്റീന്റെ ലൈംഗിക കുറ്റകൃത്യങ്ങൾക്കെതിരെ ട്വിറ്ററിൽ പരസ്യമായി ആരോപണങ്ങളുന്നയിക്കപ്പെട്ടു.

ഇത് സർവമേഖലയിലെയും സ്ത്രീകൾ നേരിട്ടിരുന്ന പീഡനത്തിനെതിരായ പരസ്യവിചാരണയായി മാറി. പല പുരുഷബിംബങ്ങളും തകർന്നുവീണു. ലോകം നടുങ്ങി. ആത്മവേദനയിൽ നിന്നും അവകാശബോധത്തിൽ നിന്നും ഒരേപോലെ ഉയർന്ന പ്രതികരണമായിരുന്നു MeToo. മിലാനോയുടെ ആദ്യ ട്വീറ്റിനുശേഷമുള്ള ഒരു വർഷത്തിനുള്ളിൽ, #Me too# ട്വിറ്ററിൽ 90 ദശലക്ഷത്തിലധികം തവണ ഉപയോഗിച്ചു. ബർക്കിന്റെയും മറ്റ് നിരവധി ആക്ടിവിസ്റ്റുകളുടെയും അക്ഷീണപ്രവർത്തനം മൂലം റേപ്പ് സംസ്കാരത്തിനും അതിനടിസ്ഥാനമായ സ്ത്രീവിരുദ്ധതയ്ക്കും എതിരെ ശക്തമായി തുടരുന്ന സ്ത്രീവാദ സാംസ്കാരിക പ്രസ്ഥാനമായി MeToo തുടരുന്നു. ലൈംഗിക കുറ്റകൃത്യ ആരോപണങ്ങളെ വേർതിരിവുകളല്ലാതെ MeToo എന്ന് മാധ്യമങ്ങളും പൊതുസമൂഹവും കണക്കാക്കുന്ന പ്രവണതയുമുണ്ട്.

2017 ഒക്ടോബറിൽ ഇന്ത്യൻ വംശജയായ നിയമ വിദ്യാർത്ഥിനി റായ സർക്കാർ, സ്ത്രീകളെ പീഡിപ്പിച്ചതായി ആരോപിക്കപ്പെടുന്ന പുരുഷ അക്കാദമിക്കുകളുടെ ക്രൗഡ് സോഴ്‌സ്ഡ് ലിസ്റ്റ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. ലൈംഗികാതിക്രമങ്ങളെ ചെറുക്കുന്ന ഒരു വിദ്യാർത്ഥിപ്രസ്ഥാനമായി കാമ്പസുകളിൽ ഇത് മാറി. കുറ്റാരോപിതരുടെ പേരും സംഭവങ്ങളുടെ വിശദാംശങ്ങളും ഒഴിവാക്കിയുള്ള വെളിപ്പെടുത്തലുകൾ ഊഹാപോഹങ്ങൾക്കിടയാക്കുന്നതാണെന്ന വിമർശനവുമുണ്ടായി.

തരാനാ ബർക്ക്അ. ലബാമയിലെ സെൽമ എന്ന സ്ഥലത്ത് സ്കൂൾ വിദ്യാർത്ഥിനികൾ നേരിട്ട ലൈംഗികപീഡനങ്ങളുടെ അനുഭവങ്ങളറിഞ്ഞ് മനംതകർന്ന തരാനാ ബർക്ക് ‘മൈ സ്‌പേസി’ൽ പ്രതികരിച്ചതോടെ സമാനമായ ദുരനുഭവമുള്ളവരും പ്രതികരിക്കാൻ തുടങ്ങി.
തരാനാ ബർക്ക്അ. ലബാമയിലെ സെൽമ എന്ന സ്ഥലത്ത് സ്കൂൾ വിദ്യാർത്ഥിനികൾ നേരിട്ട ലൈംഗികപീഡനങ്ങളുടെ അനുഭവങ്ങളറിഞ്ഞ് മനംതകർന്ന തരാനാ ബർക്ക് ‘മൈ സ്‌പേസി’ൽ പ്രതികരിച്ചതോടെ സമാനമായ ദുരനുഭവമുള്ളവരും പ്രതികരിക്കാൻ തുടങ്ങി.

അക്കാദമിക് സ്ഥാപനങ്ങൾ പ്രതികളെ അവഗണിച്ച് കുറ്റാരോപിതർക്ക് പിന്തുണ നൽകുന്നത്, അതിജീവിതമാരെ കടുത്ത നിസ്സാഹയതയിലേക്കും അമർഷത്തിലേക്കും തള്ളിവിടുന്നതായിരുന്നു. അക്കാദമിക് രംഗത്തെ MeToo പ്രസ്ഥാനം അതേസമയം ഈ മേഖലയിലെ സ്ത്രീ സുരക്ഷയെക്കുറിച്ച് ഗൗരവകരമായ പ്രശ്നങ്ങൾ പുറത്തുകൊണ്ടുവരികയും ചെയ്തു. പരാതി നൽകാനും പരിശോധിക്കാനും പരിഹാരം തേടാനുമുള്ള സംവിധാനം പല സ്ഥാപനങ്ങളിലും ഇല്ല എന്ന് വ്യക്തമായി. അക്കാദമിക് മേഖലയിൽ പല പ്രമുഖർക്കെതിരെയും ആരോപണങ്ങൾ ഉയർത്തുന്നതായിരുന്നു റായ സർക്കാർ പ്രസിദ്ധീകരിച്ച ലിസ്റ്റ്.

ഇന്ത്യൻ മാധ്യമരംഗത്തും MeToo പ്രസ്ഥാനത്തിന്റെ ശക്തമായ അലയൊലികളുണ്ടായി. ഇന്ത്യൻ മാധ്യമപ്രവർത്തനം ഒടുവിൽ അതിന്റെ വൃത്തികെട്ട രഹസ്യം നേരിടാൻ നിർബന്ധിതരായി. ചില പുരുഷ സഹപ്രവർത്തകരും എഡിറ്റർമാരും നടത്തിയ അതിക്രമങ്ങളുടെ വേദനാജനകമായ അനുഭവങ്ങൾ വനിതാ മാധ്യമപ്രവർത്തകർ പങ്കുവെച്ചു. ഇതു പരിശോധിക്കുമ്പോൾ, ലൈംഗിക പീഡനം ഒരു മാധ്യമത്തിന്റെയും എക്സ്ക്ലൂസീവ് വാർത്തയായില്ല എന്നാണ് ദ ഹിന്ദു റിപ്പോർട്ട് ചെയ്തത്. അതായത്, മാധ്യമങ്ങൾ ഇതര മേഖലകളിലെ ലൈംഗിക കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യാനും ചർച്ച ചെയ്യാനും കാണിക്കുന്ന ഉത്സുകത മാധ്യമമേഖലയിലെ സമാന സംഭവങ്ങൾക്ക് നൽകിയില്ല എന്നർഥം. മാധ്യമങ്ങൾ പരസ്പരം കവചം തീർക്കുകയായിരുന്നു. സുപ്രീം കോടതിയുടെ വിശാഖ കേസിലെ നിബന്ധനകൾ മാധ്യമസ്ഥാപനങ്ങൾ നടപ്പാക്കിയിരുന്നില്ല എന്ന നഗ്നസത്യവും വെളിവായി. കുറ്റകരമായ പ്രവൃത്തി ചെയ്തിട്ടും മൗനം അവലംബിച്ച് തന്ത്രപരമായി പിൻവാങ്ങിയവരുണ്ട്. അധികാരബന്ധങ്ങളുടെയും പുരുഷസൗഹൃദങ്ങളുടെയും സംരക്ഷണയിൽ പരിലസിക്കുന്നവരായിരുന്നു ഈ പ്രമുഖർ.

ഫെമിനിസ്റ്റ് പ്രസ്ഥാനം ഉണർത്തിയ അവകാശബോധമാണ് MeToo പ്രസ്ഥാനത്തെ ചലനാത്മകമാക്കിയത് എന്നത് യാഥാർഥ്യമാണ്. എന്നാൽ, MeToo പ്രസ്ഥാനം വ്യതിരിക്തമാകുന്നത്, ഇതൊരു മാധ്യമപ്രസ്ഥാനമായാണ് ആരംഭിച്ചത് എന്നതിനാലും ഇന്നും ആഗോളീയമായി തുടരുന്നു എന്നതിനാലുമാണ്.

ഇന്ത്യൻ മാധ്യമങ്ങളിൽനിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട പ്രധാന സംഭവം പ്രമുഖ എഡിറ്ററും നരേന്ദ്ര മോദി മന്ത്രിസഭയിൽ അംഗവുമായിരുന്ന എം.​ജെ. അക്ബറിനെതിരെ പ്രശസ്ത മാധ്യമ പ്രവർത്തക പ്രിയ രമണി ഉന്നയിച്ച ആരോപണമായിരുന്നു. തന്നെ ലൈംഗികമായി ഉപദ്രവിച്ച അക്ബറുടെ പേര് 2017 ഒക്ടോബർ 8 ന് പ്രിയ രമണി വെളിപ്പെടുത്തിയതോടെ #MeToo പ്രസ്ഥാനം പുതിയ ഉയരത്തിലെത്തി. പ്രിയ രമണിക്കെതിരെ ക്രിമിനൽ അപകീർത്തി ആരോപിച്ച് അക്ബർ കോടതിയെ സമീപിച്ചു. 2021 ഫെബ്രുവരി 17-ന്, ന്യൂദൽഹിയിലെ റോസ് അവന്യൂവിലെ കോടതി പ്രിയ രമണിയെ കുറ്റവിമുക്തയാക്കി. ചരിത്രം സൃഷ്ടിച്ച വിധിയായിരുന്നു അത്. ജോലിസ്ഥലത്തെ ലൈംഗിക പീഡനം പരിഹരിക്കുക എന്ന ലക്ഷ്യത്തിനുവേണ്ടിയുള്ളതായിരുന്നു പ്രിയ രമണിയുടെ വെളിപ്പെടുത്തൽ എന്നും അതിജീവിതമാരുടെ ആഘാതം സമൂഹം മനസ്സിലാക്കണം എന്നും കോടതി പറഞ്ഞു. സംഭവം നടന്ന സമയത്ത്, ജോലിസ്ഥലത്തെ ലൈംഗിക പീഡന പരാതികൾ കൈകാര്യം ചെയ്യാൻ ഒരു സംവിധാനവും ഉണ്ടായിരുന്നില്ല എന്നും കോടതി ചൂണ്ടിക്കാട്ടി.

ആഗോളതലത്തിൽ പ്രൊഫഷണൽ ജീവിതത്തിന്റെ വിവിധ മേഖലകളിൽ MeToo വലിയ സ്വാധീനമുണ്ടാക്കി. വിനോദം, വാർത്ത, രാഷ്ട്രീയം, അക്കാദമിക്, മാധ്യമ മേഖലകളിലെ അതികായർ ലൈംഗികാതിക്രമങ്ങൾക്കായി തങ്ങളുടെ അധികാരം ഉപയോഗിച്ചത് പുറത്തുവന്നു. അവർ ജയിലിലടയ്ക്കപ്പെടുകയോ സ്ഥാനങ്ങളിൽനിന്ന് പുറത്താക്കപ്പെടുകയോ ചെയ്തു.

ഫെമിനിസ്റ്റ് പ്രസ്ഥാനം ഉണർത്തിയ അവകാശബോധമാണ് MeToo പ്രസ്ഥാനത്തെ ചലനാത്മകമാക്കിയത് എന്നത് യാഥാർഥ്യമാണ്. എന്നാൽ, MeToo പ്രസ്ഥാനം വ്യതിരിക്തമാകുന്നത്, ഇതൊരു മാധ്യമപ്രസ്ഥാനമായാണ് ആരംഭിച്ചത് എന്നതിനാലും ഇന്നും ആഗോളീയമായി തുടരുന്നു എന്നതിനാലുമാണ്. നവമാധ്യമത്തിന്റെ ശൃംഖലാധിഷ്ഠിത പൊതുമണ്ഡലത്തിൽ മാത്രമാണ് MeToo പോലെ ആഗോളമായൊരു ഐക്യദാർഢ്യ പ്രസ്ഥാനം സാധ്യമാവൂ.

എം.​ജെ. അക്ബർ, മാധ്യമപ്രവർത്തക പ്രിയ രമണി. പ്രമുഖ എഡിറ്ററും നരേന്ദ്ര മോദി മന്ത്രിസഭയിൽ അംഗവുമായിരുന്ന അക്ബറിനെതിരെ പ്രിയ രമണി ഉന്നയിച്ച ലൈംഗികാരോപണത്തോടെ മീ റ്റൂ ദേശീയ ശ്രദ്ധ നേടി.
എം.​ജെ. അക്ബർ, മാധ്യമപ്രവർത്തക പ്രിയ രമണി. പ്രമുഖ എഡിറ്ററും നരേന്ദ്ര മോദി മന്ത്രിസഭയിൽ അംഗവുമായിരുന്ന അക്ബറിനെതിരെ പ്രിയ രമണി ഉന്നയിച്ച ലൈംഗികാരോപണത്തോടെ മീ റ്റൂ ദേശീയ ശ്രദ്ധ നേടി.

21-ാം നൂറ്റാണ്ടിന്റെ മാധ്യമപരവും അവകാശാധിഷ്ഠിതവുമായ സൂക്ഷ്മ രാഷ്ട്രീയത്തിന്റെ എല്ലാ സവിശേഷതയും ഉൾക്കൊള്ളുന്നതാണ് MeToo പ്രസ്ഥാനം. അഭിപ്രായ പ്രകടന സ്വാതന്ത്ര്യവും അജ്ഞാതത്വവും സാമൂഹിക തിരിച്ചറിവും രാഷ്ട്രീയ കൂട്ടായ്‌മകളും ഒന്നിച്ചുചേരുന്ന ഒരു സന്ദർഭം. 21-ാം നൂറ്റാണ്ടിലെ ഒരു ആഗോള പ്രസ്ഥാനമായി MeToo പ്രസ്ഥാനം മാറിയതിൽ ഒരു പ്രധാന കാരണം, അതിജീവിച്ചവർ അവലംബിച്ച ആവിഷ്‌ക്കാര വ്യതിരിക്തതയാണ്. അതിന്റെ ആഘാതമേൽക്കാത്ത ഒരു അധികാരിയിടവുമില്ല എന്നതാണ് യാഥാർഥ്യം.

ഫെമിനിസ്റ്റ് കാഴ്ചപ്പാടിന് അവലംബമാകാത്ത സാമൂഹിക വിചാരണയ്ക്കും MeToo പ്രസ്ഥാനം തുടക്കം കുറിച്ചു. സാമൂഹിക വിചാരണ അതിജീവിതരുടെ അവകാശത്തേക്കാൾ കൂടുതൽ ഊന്നൽ നൽകിയത് കുറ്റാരോപിതർക്ക് ലഭിക്കേണ്ട അർഹമായതോ ചില ഘട്ടങ്ങളെങ്കിൽ അതിനേക്കാളേറെ കർക്കശമായതോ ആയ ശിക്ഷകളെക്കുറിച്ചാണ്. ഫെമിനിസ്റ്റുകളെ ഒഴിവാക്കി നടന്ന സാമൂഹിക വിചാരണ സദാചാരപരമായ വ്യവഹാരത്തിലൂന്നിയ പ്രതികാരവാഞ്ജയായി മാറുകയായിരുന്നോ എന്നും ന്യായമായി സംശയിക്കേണ്ടതുണ്ട്.

യഥാർത്ഥത്തിൽ, അഭിലാഷങ്ങളെ രാഷ്ട്രീയവൽക്കരിയ്ക്കുകയാണ് നവഫെമിനിസ്റ്റുകൾ ചെയ്തത്. ഇതിന്റെ അലകൾ ട്രാൻസ് പ്രസ്ഥാനത്തിനും പിറവി നൽകി. തന്മകളുടെ സ്വച്ഛന്ദമായ വിസ്ഫോടനമാണ് സംഭവിച്ചത്.

ലൈംഗിക രാഷ്ട്രീയ പ്രസ്ഥാനം
(sexual politics movement)

മാനുവൽ കാസ്റ്റൽസ് The Power of Identity എന്ന പുസ്തകത്തിൽ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിലെ നിർണായക മുന്നേറ്റത്തെക്കുറിച്ചു വിശദീകരിക്കുന്നുണ്ട്. തായ്പേയിൽ നടന്ന ഒരു ഫെമിനിസ്റ്റ് ജാഥയെക്കുറിച്ചാണ് മാനുവൽ കാസ്റ്റൽസ് പറയുന്നത്. 1994 മെയ് 22 ന് തായ്‌പേയിലെ തെരുവുകളിൽ ഫെമിനിസ്റ്റുകൾ ഒരു ലൈംഗിക പീഡന വിരുദ്ധ പരേഡ് സംഘടിപ്പിച്ചു. വിദ്യാർത്ഥികളടക്കം ഏകദേശം 800 സ്ത്രീകൾ കാമ്പസുകളിൽനിന്ന് നഗരമധ്യത്തിലേക്ക് മാർച്ചു ചെയ്തു. മാർച്ചിൽ, ലൈംഗിക വിമോചനത്തെക്കുറിച്ചുള്ള വ്യവഹാരം മുന്നോട്ടുവച്ച ഫെമിനിസ്റ്റ് പണ്ഡിത ഹോ (Josephine Chuen-juei Ho), ‘എനിക്ക് ലൈംഗിക രതിമൂർച്ഛ വേണം, എനിക്ക് ലൈംഗിക പീഡനം വേണ്ട’ എന്ന മുദ്രാവാക്യമാണ് പരിഷ്‌ക്കരിച്ചവതരിപ്പിച്ചത്. മാർച്ചിൽ പങ്കെടുത്തവർ അത് ആവേശത്തോടെ ആവർത്തിച്ചു. പുരുഷാധിപത്യത്തെ ഞെട്ടിച്ച് തായ് പേ തെരുവുകളിൽ അത് ഉച്ചത്തിൽ മുഴങ്ങി. ഇത് പത്രങ്ങളുടെ തലക്കെട്ടുകളിൽ ഇടം നേടി.

ഈ സംഭവം ഫെമിനിസ്റ്റ് പ്രസ്ഥാനത്തിൽ ഒരു അടിസ്ഥാന ചർച്ചയ്ക്ക് തുടക്കമിട്ടു. സ്ത്രീകളുടെ അവസ്ഥ മെച്ചപ്പെടുത്തുന്നതിനും ലിംഗസമത്വം ഉറപ്പിക്കുന്നതിനുമുള്ളതാണ് ഫെമിനിസ്റ്റ് പ്രസ്ഥാനമെന്നും അതിനായുള്ള നിയമസാധുതയും സ്വീകാര്യതയുമാണ് നേടേണ്ടതെന്നുമുള്ള വാദമുയർന്നു. ഒപ്പം, ഹോയുടെ മുദ്രാവാക്യം ലജ്ജാകരമാണെന്നും വിലയിരുത്തലുണ്ടായി. കൂടാതെ, ചില ഫെമിനിസ്റ്റുകൾ പാശ്ചാത്യലോകത്തെ ലൈംഗിക വിമോചനം സ്ത്രീകൾക്കുള്ള കെണിയാണെന്ന് വാദിച്ചു. വാസ്തവത്തിൽ അത് പുരുഷന്മാർക്ക് അനുകൂലമായി പ്രവർത്തിക്കുകയാണെന്നും പകരം, "ശരീരത്തിന്റെ സ്വച്ഛന്ദമായ അവകാശത്തിനായി" പോരാടാനും അവർ നിർദ്ദേശിച്ചു.

ഹോയും ലെസ്ബിയൻ പ്രസ്ഥാനവുമായി ബന്ധപ്പെട്ട മറ്റ് ഫെമിനിസ്റ്റുകളും ലൈംഗിക വിമോചനത്തിനു​ള്ള ഒരു ഫെമിനിസ്റ്റ് സമീപനത്തിനുവേണ്ടിയാണ് നിലകൊണ്ടത്. സ്ത്രീകളുടെയും അവരുടെ ലൈംഗികതയുടെയും വിമോചനം തേടുന്നതാണ് വിമോചക രാഷ്ട്രീയമെന്ന കാര്യത്തിലാണ് അവർ ഊന്നിയത്. അവരുടെ വീക്ഷണത്തിൽ, ലൈംഗിക വിമോചനം പുരുഷാധിപത്യ സംസ്കാരത്തെ വെല്ലുവിളിക്കുന്നതിനുള്ള സമൂലമാർഗമാണ്. അങ്ങനെ ശക്തമായ ലെസ്ബിയൻ ഘടകം ഉൾപ്പെടെയുള്ള ലൈംഗിക വിമോചന സ്ത്രീപ്രസ്ഥാനം യാഥാർഥ്യമായി.

തായ്‍വാനീസ് ഫെമിനിസ്റ്റ് Josephine Chuen-juei Ho. ലൈംഗിക വിമോചനത്തെക്കുറിച്ചുള്ള വ്യവഹാരം മുന്നോട്ടുവച്ച ഹോ, ‘എനിക്ക് ലൈംഗിക രതിമൂർച്ഛ വേണം, എനിക്ക് ലൈംഗിക പീഡനം വേണ്ട’ എന്ന മുദ്രാവാക്യം പരിഷ്‌ക്കരിച്ചവതരിപ്പിച്ചത് ഫെമിനിസ്റ്റ് ഗ്രൂപ്പുകൾക്കിടയിൽ വലിയ ചർച്ചയായി.
തായ്‍വാനീസ് ഫെമിനിസ്റ്റ് Josephine Chuen-juei Ho. ലൈംഗിക വിമോചനത്തെക്കുറിച്ചുള്ള വ്യവഹാരം മുന്നോട്ടുവച്ച ഹോ, ‘എനിക്ക് ലൈംഗിക രതിമൂർച്ഛ വേണം, എനിക്ക് ലൈംഗിക പീഡനം വേണ്ട’ എന്ന മുദ്രാവാക്യം പരിഷ്‌ക്കരിച്ചവതരിപ്പിച്ചത് ഫെമിനിസ്റ്റ് ഗ്രൂപ്പുകൾക്കിടയിൽ വലിയ ചർച്ചയായി.

1995-ൽ, തായ്‌വാൻ സർവകലാശാലയിലെ വനിതാ പഠനഗ്രൂപ്പുകൾ, വിദ്യാർത്ഥി സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കുന്നതിനായി അണിനിരന്ന്, വനിതാ ഡോർമിറ്ററികളിൽ അശ്ലീല സിനിമകൾ പ്രദർശിപ്പിക്കാൻ തുടങ്ങി. അതുപോലെ, വിവിധ കാമ്പസുകളിൽ "സ്ത്രീകളുടെ ലൈംഗികാഭിലാഷ പയനിയറിംഗ് ഫെസ്റ്റിവൽ" (Women's erotic festival) സംഘടിപ്പിക്കപ്പെട്ടു. ഇത് തായ്‌പേയ് സമൂഹത്തെ ഞെട്ടിച്ചു. പരമ്പരാഗത ഫെമിനിസ്റ്റ് നേതാക്കൾക്കിടയിൽ ഏറെ ആശങ്ക സൃഷ്ടിക്കുകയും ചെയ്തു. സ്ത്രീവാദവുമായി ബന്ധപ്പെട്ട് മൂർച്ചയുള്ള ചർച്ചയ്ക്ക് ഇതോടെ തുടക്കമായി.

ഫെമിനിസ്റ്റ് ഉണർവിന്റെയും ലൈംഗിക വിമോചനത്തിന്റെയും ഈ പശ്ചാത്തലത്തിലാണ്, ചൈനീസ് സംസ്കാരത്തിൽ ആഴത്തിൽ വേരൂന്നിയ ഒരു വിലക്ക് ലംഘിച്ച് ലെസ്ബിയൻ, ഗേ പുരുഷ ഗ്രൂപ്പുകൾ പെരുകിയത്. മാനുവൽ കാസ്റ്റൽസ് തൊണ്ണൂറുകളിൽ, പിന്നീട് സ്വവർഗരതി പ്രസ്ഥാനത്തിന് എന്തു സംഭവിച്ചു എന്ന് വിശദീകരിക്കുന്നുണ്ട്. തൊണ്ണൂറുകളിലെ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിലെ ലൈംഗിക വിമോചന രാഷ്ട്രീയത്തിനുള്ള ഊന്നലാണ് ഇവിടെ ശ്രദ്ധേയം. ഇത് പുരുഷാധിപത്യഘടനയെ തകർക്കാൻ പ്രാപ്തമായിരുന്ന ഒന്നായിരുന്നു. സ്ത്രീ ശാക്തീകരണം 'ഗവൺമെന്റൽ' വ്യവഹാരത്തിനപ്പുറം വികസിതമായ ലൈംഗിക രാഷ്ട്രീയ പ്രസ്ഥാനമായി ഉയിർക്കൊണ്ടു. യാഥാസ്ഥിതിക ഫെമിനിസ്റ്റുകൾ ഈ പ്രവണത അരാജക രാഷ്ട്രീയമാണെന്നു വിലയിരുത്തി അകറ്റി നിർത്തി.

യഥാർത്ഥത്തിൽ, അഭിലാഷങ്ങളെ രാഷ്ട്രീയവൽക്കരിയ്ക്കുകയാണ് നവഫെമിനിസ്റ്റുകൾ ചെയ്തത്. ഇതിന്റെ അലകൾ ട്രാൻസ് പ്രസ്ഥാനത്തിനും പിറവി നൽകി. തന്മകളുടെ സ്വച്ഛന്ദമായ വിസ്ഫോടനമാണ് സംഭവിച്ചത്. രാഷ്ട്രീയമായ ഭാവനകൾ വികസിതമായി. ഇത് ഭരണകൂടയുക്തിയെ ലംഘിക്കുക മാത്രമല്ല, ഭരണകൂടം ശരീരങ്ങളുടെയും ലൈംഗികതയുടെയും മേൽ കൈയാളിയിരുന്ന അധികാരം ചോദ്യം ചെയ്യപ്പെട്ടു. വിമോചനത്തിന്റെ രാഷ്ട്രീയം ഭരണനിർവഹണപരമായ ശാക്തീകരണത്തിന്റെ രാഷ്ട്രീയമല്ല. അത്തരമൊരു ഭാവുകത്വപരമായ മാറ്റം പരമ്പരാഗത ഫെമിനിസ്റ്റ് വീക്ഷണത്തിൽ നിന്നുമുള്ള വിച്ഛേദമായിരുന്നു. അത് കാമ്പസുകളിലാണ് വളർന്നത്. സാമൂഹികബന്ധങ്ങളിൽ അത് വിപ്ലവകരമായ മാറ്റം വരുത്തി. ജീവിതവ്യവസ്ഥകളുടെ അടഞ്ഞ ലോകങ്ങളായ ജാതി -ലിംഗ ബന്ധങ്ങളെ വിപ്ലവകരമായി അതിവർത്തിക്കാൻ ഈ ലൈംഗിക രാഷ്ട്രീയത്തിന് സാധിച്ചു.

സാമൂഹിക അസമത്വം കൂടുതലുള്ള സമൂഹത്തിൽ വൈകുന്ന നീതിയും നീതിനിർവഹണത്തിലെ പിഴവുകളും സാമൂഹിക വിചാരണയ്ക്ക് പ്രോത്സാഹനമാകുന്നുണ്ട്. സാമൂഹിക വിചാരണയിൽ മിക്ക

ഫെമിനിസ്റ്റ് പ്രസ്ഥാനവും പ്രയോഗങ്ങളും നടത്തിയ വലിയ കുതിപ്പുകൾ സാമൂഹിക രാഷ്ട്രീയ തലങ്ങളിൽ മാറ്റമുണ്ടാക്കുകയും അതിന്റെ തുടർച്ചകളിൽ യാഥാസ്ഥിതിക നിയമങ്ങൾ മാറ്റിയെഴുതാൻ ഭരണകൂടം നിർബന്ധിതമാകുകയും ചെയ്തു. മാറുന്ന സാമൂഹിക ബന്ധങ്ങൾക്കനുസൃതമായി പുതിയ നിയമങ്ങളുണ്ടാക്കാനുള്ള പ്രേരണകളുണ്ടായി. ഗവൺമെന്റാലിറ്റിയെ (governmentality) അതിവർത്തിക്കുന്ന വിമോചകത്വരയുണ്ടായിരുന്നു ലൈംഗിക രാഷ്ട്രീയത്തിന്റെ ഈ മുന്നേറ്റത്തിന്. മുന്നേറ്റത്തിനിടയിലും പുരുഷാധിപത്യക്രമം ഇതിന്റെ സാധുതയെ ചോദ്യം ചെയ്തുകൊണ്ടേയിരുന്നു.

ഫെമിനിസത്തിന്റെ നാലാം തരംഗത്തിൽ ഉയർന്ന MeToo സ്ത്രീകൾക്കെതിരായ അതിക്രമങ്ങളെ എതിർക്കുന്ന ശക്തമായ ആഗോള പ്രസ്ഥാനമായിരിക്കെ തന്നെ, വ്യവസ്ഥാപിത നിയമങ്ങളുടെ ചട്ടക്കൂടിനകത്തുനിന്ന് ഗവൺമെന്റൽ വ്യവഹാരങ്ങൾക്കും അതിന്റെ ഭാഗമായ ശിക്ഷാ നടപടികൾക്കുമാണ് സാധുത നൽകിയത്. ശരീരത്തിന്റെ സ്വച്ഛന്ദത എന്ന രണ്ടാം തരംഗത്തിലെ ഫെമിനിസ്റ്റ് ആശയത്തിനപ്പുറത്തേക്ക് പുതിയ ലൈംഗിക രാഷ്രീയം ഉന്നയിക്കാൻ MeToo പ്രസ്ഥാനത്തിനു സാധിച്ചോ എന്ന കാര്യം സംശയമാണ്. സദാചാരത്തിന്റെയും വ്യവസ്ഥാപിതമായ നിയമവ്യവഹാരങ്ങളുടെയും അടഞ്ഞ ലോകത്തിലേക്ക് MeToo ഉയർത്തിയ രാഷ്ട്രീയം ആഗിരണം ചെയ്യപ്പെട്ടു. MeToo ഊന്നൽ നൽകിയത്, ലൈംഗികാക്രമണത്തിൽ അധികാരം എങ്ങനെ ഉപാധിയാക്കപ്പെടുന്നുവെന്നാണ്. സ്ഥാപനപരമായും സാമൂഹികവുമായ അധികാരമാണ് ലൈംഗികാക്രമണത്തിനും ഇരകളെ നിശ്ശബ്ദമാക്കാനും ഉപയുക്തമാക്കുന്നത്. MeToo ആ നിലയിൽ വ്യവസ്ഥാപിത അധികാരത്തെ ചോദ്യം ചെയ്‌തെങ്കിലും അസമത്വം നിറഞ്ഞ നിലവിലെ നിയമക്രമത്തിന്റെ ചട്ടക്കൂടിന്റെ അകത്തുനിന്നു തന്നെയാണ് പരിഹാരം തേടിയത്. MeToo- വിന്റെ അനന്തരഫലമെന്ന നിലയിൽ, വിമോചകത്വപരമായ രാഷ്ട്രീയത്തിനുപകരം ശിക്ഷാരാഷ്ട്രീയത്തിനാണ് (Carceral politics) ഊന്നൽ ലഭിച്ചത്. അത് പ്രതിലോമകരമായ പ്രതികാര രാഷ്ട്രീയത്തിന് പ്രേരണയായി.

ഫെമിനിസത്തിന്റെ നാലാം തരംഗത്തിൽ ഉയർന്ന MeToo സ്ത്രീകൾക്കെതിരായ അതിക്രമങ്ങളെ എതിർക്കുന്ന ശക്തമായ ആഗോള പ്രസ്ഥാനമായിരിക്കെ തന്നെ, വ്യവസ്ഥാപിത നിയമങ്ങളുടെ ചട്ടക്കൂടിനകത്തുനിന്ന് ഗവൺമെന്റൽ വ്യവഹാരങ്ങൾക്കും അതിന്റെ ഭാഗമായ ശിക്ഷാ നടപടികൾക്കുമാണ് സാധുത നൽകിയത്.
ഫെമിനിസത്തിന്റെ നാലാം തരംഗത്തിൽ ഉയർന്ന MeToo സ്ത്രീകൾക്കെതിരായ അതിക്രമങ്ങളെ എതിർക്കുന്ന ശക്തമായ ആഗോള പ്രസ്ഥാനമായിരിക്കെ തന്നെ, വ്യവസ്ഥാപിത നിയമങ്ങളുടെ ചട്ടക്കൂടിനകത്തുനിന്ന് ഗവൺമെന്റൽ വ്യവഹാരങ്ങൾക്കും അതിന്റെ ഭാഗമായ ശിക്ഷാ നടപടികൾക്കുമാണ് സാധുത നൽകിയത്.

ലൈംഗിക കുറ്റകൃത്യങ്ങളും
മലയാളികളും

ലൈംഗിക കുറ്റകൃത്യങ്ങൾക്ക് ശിക്ഷാനടപടികൾ അനുചിതമാണെന്ന വാദമല്ല ഉയർത്തുന്നത്. അതിജീവിതകൾക്കും നിയമമാർഗം തന്നെയാണ് അവലംബിക്കാനുള്ളത്. എന്നാൽ അത് സമൂഹത്തിന്റെ സദാചാരമുറിവിളിയല്ല, അതിജീവിതരുടെ തിരുമാനമായിരിക്കും. പല തലങ്ങളിൽ അസമത്വം നിലനിൽക്കുന്ന സമൂഹത്തിൽ അതിജീവിതർക്ക് നീതി ലഭ്യമാകാതെ പോകുന്നുണ്ട്. നിയമനടപടിക്രമത്തിന്റെ സങ്കീർണത മുതൽ വ്യവസ്ഥയുടെ കീഴ്‍വഴക്കങ്ങളും കോടതി വ്യവഹാരങ്ങളും അതിജീവിതരുടെ ജീവിതത്തെ കൂടുതൽ സങ്കീർണമാക്കുന്നു. അതിജീവിതരുടെ വിവരങ്ങൾ വെളിപ്പെടുത്താതിരിക്കുന്നത് സാമൂഹിക നോട്ടങ്ങൾക്ക് വിധേയമാകാതെ സ്വതന്ത്രമായി ജീവിക്കാനാണ്.

കേരളത്തിൽ സദാചാരയുക്തി ഇത് മറയാക്കി പേരും സ്വത്വവും വെളിപ്പെടുത്താതെ തന്നെ അതിജീവിതരെ സമൂഹത്തിനു പരിചയപ്പെടുത്തി. വ്യക്തികളെക്കുറിച്ചുള്ള സമൂഹത്തിന്റെ അഭിപ്രായം രേഖപ്പെടുത്താനാണിത് ചെയ്തത്. നീതിയുടെ നിയമാനുസൃതമാർഗങ്ങളേക്കാൾ മലയാളി വിശ്വാസമർപ്പിക്കുന്നത് സാമൂഹിക വിചാരണയിലാണ്.

ഇതിനൊരു മറുവശമുണ്ട്. സാമൂഹിക അസമത്വം കൂടുതലുള്ള സമൂഹത്തിൽ വൈകുന്ന നീതിയും നീതിനിർവഹണത്തിലെ പിഴവുകളും സാമൂഹിക വിചാരണയ്ക്ക് പ്രോത്സാഹനമാകുന്നുണ്ട്. സാമൂഹിക വിചാരണയിൽ മിക്കപ്പോഴും അതീജീവിതരുടെ ജീവിതമാണ് വലിച്ചിഴക്കപ്പെടുന്നതും ആക്രമിക്കപ്പെടുന്നതും. എല്ലാ വശങ്ങളും കേൾക്കുക എന്ന പേരിൽ, സാമൂഹിക വിചാരണയിൽ കൂടുതലും കേൾക്കപ്പെടുന്നത് ലൈംഗിക കുറ്റകൃത്യം നടത്തിയ ആളുടെ വാദങ്ങളാണ്.

കേരളത്തിൽ അലയടിച്ച MeToo വെളിപ്പെടുത്തലുകളിൽ സാമൂഹിക വിചാരണ ഉൾപ്പെടെയുള്ള ശിക്ഷാനടപടികൾക്കാണ് ഊന്നൽ നൽകപ്പെടുന്നത്. ലൈംഗിക കുറ്റകൃത്യം മാധ്യമങ്ങൾ പ്രത്യേക താല്പര്യത്തോടെയാണ് ചർച്ച ചെയ്യുന്നത്. ഒട്ടുമിക്കപ്പോഴും പുരുഷന്മാരുടെ വാദപ്രതിവാദങ്ങളാണ് ഈ ചർച്ചയിൽ കേൾക്കാറ്. ചർച്ച കൊഴിപ്പിക്കുക എന്നതിലപ്പുറം വിരളമായി മാത്രമേ നീതി ഉറപ്പിക്കുന്നതിലേക്ക് സാമൂഹിക വിചാരണകളാകുന്ന ചർച്ചകൾ നയിക്കാറുള്ളൂ. അതിജീവിതർക്കുതന്നെ ഇത്തരം സാമൂഹിക വിചാരണയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കേണ്ട സ്ഥിതിയാണ്.

സെലിബ്രിറ്റികൾക്കെതിരായ ലൈംഗിക കുറ്റകൃത്യ ആരോപണത്തിൽ സെലിബ്രിറ്റികളെ പ്രതിരോധിക്കാൻ ഒരു സ്ഥിരം സമിതി കേരളത്തിന്റെ സദാചാരവ്യവസ്ഥയുടെ പ്രത്യേകതയാണ്. മാധ്യമങ്ങൾ ‘ഭിന്നാഭിപ്രായ’ത്തിന് ആശ്രയിക്കുന്നത് ഇവരെയാണ്.

സെലിബ്രിറ്റികൾക്കെതിരായ ലൈംഗിക കുറ്റകൃത്യ ആരോപണത്തിൽ സെലിബ്രിറ്റികളെ പ്രതിരോധിക്കാൻ ഒരു സ്ഥിരം സമിതി കേരളത്തിന്റെ സദാചാരവ്യവസ്ഥയുടെ പ്രത്യേകതയാണ്. മാധ്യമങ്ങൾ ‘ഭിന്നാഭിപ്രായ’ത്തിന് ആശ്രയിക്കുന്നത് ഇവരെയാണ്. കോടതികളിൽ കണ്ടുവരാറുള്ള സ്ഥിരം സാക്ഷികൾ എന്ന ഗണത്തിൽപ്പെടുന്നവരാണിവർ. ലൈംഗിക കുറ്റകൃത്യാരോപണങ്ങളിൽ സെലിബ്രിറ്റികൾക്ക് പ്രതിരോധം തീർത്ത് ഇവർ മാധ്യമ സെലിബ്രിറ്റികളാകുന്നതും പിന്നീട് സർവജ്ഞരാകുന്നതും ഒരുപക്ഷെ കേരളത്തിന്റെ മാധ്യമസംസ്കാരത്തിന്റെ സവിശേഷതയാകണം.

ലൈംഗിക കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള സാമൂഹിക വിചാരണയിൽ ഊന്നൽ നൽകപ്പെടുന്നത് ശിക്ഷാ നടപടികൾക്കാണ്. നീതി എന്നാൽ ആത്യന്തികമായി ശിക്ഷാ നടപടിയാണ് എന്നാണ് സാമൂഹിക വിചാരണകളിൽ കാണുന്നത്. വധശിക്ഷയും സാമൂഹിക വിചാരണയിലെ ഒരു ശിക്ഷാനടപടി ആഹ്വാനമാണ്. സാമൂഹിക വിചാരണയ്ക്ക് കാരണമാകുന്നത് സാമൂഹിക അസമത്വമാകണം. അതിജീവിതർക്ക് നിയമാനുസൃത നീതി ഉറപ്പാവില്ല എന്ന ബോധ്യമാകണം സാമൂഹിക വിചാരണ ഇത്ര നീളാനും ശിക്ഷയ്ക്കായുള്ള മുറിവിളിയുയരാനും കാരണം. ആമിയ ശ്രീനിവാസൻ Right to Sex എന്ന പുസ്തകത്തിൽ ശിക്ഷയ്ക്കായി ആവശ്യമുയരുന്ന സാഹചര്യവും മനോഭാവവും വിശദീകരിക്കുന്നുണ്ട് (Amia Srinivasan, Bloomsbury, 2022). അതിവിടെ പകർത്തട്ടെ:

‘‘മീ ടൂ പ്രശ്നവുമായി ബന്ധപ്പെട്ട് ഫെമിനിസ്റ്റുകൾ പൊതുവെ ഭരണകൂടത്തിന്റെ ബലപ്രയോഗ ശക്തികളിൽ (coercive power) വലിയ വിശ്വാസമുള്ളവരാണെന്ന് തോന്നുന്നു. ലൈംഗികാതിക്രമങ്ങൾക്കെതിരെ ബ്രോക്ക് ടർണർ കാണിച്ച താരതമ്യേന നിസ്സാരമായ നിലപാടിൽ അവർ പ്രതിഷേധിച്ചു, ലാറി നാസറിന്റെ വിചാരണയിലെ ജഡ്ജി, അയാൾ ജയിലിൽ ബലാത്സംഗം ചെയ്യപ്പെടുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചപ്പോൾ ആഘോഷിച്ചു. ഹാർവി വെയ്ൻ‌സ്റ്റൈനിനെതിരായ വിധി വന്നപ്പോൾ അവർ അതും ആഘോഷിച്ചു. നിയമത്തിലും സർവകലാശാലാ കാമ്പസുകളിലും ലൈംഗിക സമ്മതത്തെക്കുറിച്ചുള്ള കർശനമായ ധാരണകൾ കൊണ്ടുവരാനുള്ള നീക്കത്തെ അവർ പിന്തുണച്ചു. ഈ സംഭവവികാസങ്ങളെ വിമർശിക്കുന്നവരെ ബലാത്സംഗ ക്ഷമാപണക്കാർ (rape apologists) എന്ന് അപലപിച്ചു. നൂറ്റാണ്ടുകളായി, പുരുഷന്മാർ സ്ത്രീകളെ ആക്രമിക്കുകയും തരംതാഴ്ത്തുകയും മാത്രമല്ല, അതിനുള്ള അവകാശം നടപ്പിലാക്കാൻ ഭരണകൂടത്തിന്റെ ബലപ്രയോഗ ഉപകരണം ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട്. സ്ത്രീകൾക്ക് അവരുടെ രോഷം പ്രകടിപ്പിക്കാനും പ്രതികാരം ചെയ്യാനും അതേ ശക്തി പ്രയോഗിക്കേണ്ട സമയമല്ലേ ഇത്?

 ആമിയ ശ്രീനിവാസൻ.
ആമിയ ശ്രീനിവാസൻ.

തടവുശിക്ഷാനടപടികളുടെ യന്ത്രം പ്രവർത്തനം തുടങ്ങിയാൽ, ആരെയാണ് അത് വെട്ടിവീഴ്ത്തേണ്ടതെന്ന് നിങ്ങൾക്ക് തിരഞ്ഞെടുക്കാൻ കഴിയില്ല. ബുദ്ധിമുട്ടുള്ള തിരഞ്ഞെടുപ്പുകൾ നടത്തേണ്ടതില്ല എന്നല്ല ഇതിനർത്ഥം. അക്രമകാരികളായ ജോൺമാരെ അറസ്റ്റ് ചെയ്യാനാഗ്രഹിക്കുന്ന ലൈംഗികത്തൊഴിലാളികളെപ്പോലെ, തങ്ങളെ പീഡിപ്പിക്കുന്ന പങ്കാളികളെ ജയിലിൽ കാണാനാഗ്രഹിക്കുന്ന ദരിദ്രരായ സ്ത്രീകളുമുണ്ട്. ആരും ശിക്ഷിക്കപ്പെടാൻ അർഹരല്ലെന്നും അക്രമത്തെ ഒരിക്കലും കൂടുതൽ അക്രമത്തിലൂടെ നേരിടരുതെന്നും ശിക്ഷാനടപടികളുടെ ചില എതിരാളികൾ കരുതുന്നു. പക്ഷേ ഫെമിനിസ്റ്റുകൾ വിശുദ്ധരാകേണ്ടതില്ല. അവർ യാഥാർത്ഥ്യബോധമുള്ളവരായിരിക്കണം. ഞാൻ നിർദ്ദേശിക്കുന്നത്, ഒരുപക്ഷേ, ചില പുരുഷന്മാർ ശിക്ഷിക്കപ്പെടാൻ അർഹരാണ്. എന്നാൽ കൂടുതൽ പോലീസിംഗും കൂടുതൽ ജയിലുകളും ആവശ്യപ്പെടുമ്പോൾ അവർ എന്താണ് പ്രവർത്തനക്ഷമമാക്കുന്നതെന്നും ആർക്കെതിരെയാണെന്നും ഫെമിനിസ്റ്റുകൾ ചോദിക്കേണ്ടതുണ്ട്’’.

ശിക്ഷാനടപടികളെക്കുറിച്ചും ലൈംഗിക ബന്ധത്തിലെ സമ്മതത്തെ (consent) കുറിച്ചും സമൂഹത്തിൽ ചർച്ച നടക്കുന്നത് ആരോഗ്യകരമാണ്. സ്ത്രീകൾക്കും കുട്ടികൾക്കും ലിംഗവൈവിധ്യമുള്ളവർക്കെതിരെയും നടക്കുന്ന ലൈംഗികാതിക്രമങ്ങളിൽ അതീജീവിതർക്ക് നീതി ലഭിക്കാതെ പോകുന്നത് നിയമവിചാരണയിലെ അസമത്വത്തെ തന്നെയാണ് പ്രതിഫലിപ്പിക്കുന്നത്. അതേസമയം, സാമൂഹിക വിചാരണ കൊണ്ട് യഥാർത്ഥ അസമത്വം പരിഹരിക്കപ്പെടുകയുമില്ല.

ലൈംഗിക വിമോചനത്തിന്റെ രാഷ്ട്രീയം മിക്കപ്പോഴും MeToo -വിന്റെ സാമൂഹിക വിചാരണയിൽ ഒരു ഘടകമല്ല. ഫെമിനിസ്റ്റുകൾ ഉന്നയിക്കുന്ന ലൈംഗിക രാഷ്ട്രീയം, സാമൂഹിക വിചാരണയിൽ കുറ്റകൃത്യത്തിന്‌ തുല്യമായതും കുറ്റകൃത്യങ്ങളെ പ്രേരിപ്പിക്കുന്നതുമാണ്.

സാമൂഹിക വിചാരണയ്ക്ക് മിക്കപ്പോഴും കാരണമാകുന്നത്‌ ആരെങ്കിലുമൊരാൾ സെലിബ്രിറ്റികളാകുമ്പോഴാണ്. നിത്യജീവിതത്തിലെ അതിക്രമങ്ങളുടെ അനുഭവങ്ങൾ ഇരകൾക്ക് നിയമത്തിന്റെ മാർഗം സങ്കീർണമാക്കുന്നു. സാമൂഹിക വിചാരണയിൽ ഇത് ഒരിക്കലും പരാമർശിക്കപ്പെടാറുപോലുമില്ല. MeToo നേരത്തെ സൂചിപ്പിച്ച പോലെ കൂടുതലും ഊന്നൽ കൊടുത്തത് ശിക്ഷാനടപടികൾക്കാണ്. പ്രതികാര നടപടികളുടെ ആഹ്വാനവും സാമൂഹിക വിചാരണയിൽ മുഴങ്ങി കേൾക്കാറുണ്ട്.

ലൈംഗിക വിമോചനത്തിന്റെ രാഷ്ട്രീയം മിക്കപ്പോഴും MeToo -വിന്റെ സാമൂഹിക വിചാരണയിൽ ഒരു ഘടകമല്ല. ഫെമിനിസ്റ്റുകൾ ഉന്നയിക്കുന്ന ലൈംഗിക രാഷ്ട്രീയം, സാമൂഹിക വിചാരണയിൽ കുറ്റകൃത്യത്തിന്‌ തുല്യമായതും കുറ്റകൃത്യങ്ങളെ പ്രേരിപ്പിക്കുന്നതുമാണ്. സന്മാർഗബദ്ധമായ വിചാരണയുടെ ഫലം കൂടുതൽ അടഞ്ഞ സമൂഹവും അതിലേറെ അടഞ്ഞ സാമൂഹിക ബന്ധങ്ങളുമാണ്. വിമോചനാത്മക ലൈംഗിക രാഷ്ട്രീയം അധികാരബന്ധങ്ങളുടെ ആകെത്തുകയായ, നിയമക്രമത്തിനതീതമായ "പൊറുക്കൽനീതി"യുടെ വിചാരങ്ങൾ ഉയർത്തുന്നത് നിയമാനുസൃത നടപടികളുടെ നിഷേധമായല്ല, പകരം അധികാരബന്ധങ്ങൾ സൃഷ്ടിക്കുന്ന സാമൂഹിക വിചാരണാക്രമം ആത്യന്തികമായി അപരിഹാര്യമായൊരു അടഞ്ഞ സാമൂഹിക വ്യവസ്ഥയെയാണ് സൃഷ്ടിക്കുക എന്ന ഫെമിനിസ്റ്റ് തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാകണം. അടഞ്ഞ സാമൂഹിക ബന്ധങ്ങളെയാണ് യാഥാസ്ഥിതിക സമൂഹം കാംക്ഷിക്കുന്നത്.

ലിംഗരാഷ്ട്രീയത്തിൽ യാഥാസ്ഥിതികത ഗർവമായ സമീപനമായി തന്നെയാണ് മുഖ്യധാരാ മലയാളിസമൂഹം കരുതുന്നത്. MeToo പ്രസ്ഥാനത്തെ കേരളത്തിൽ യാഥാസ്ഥിതിക ലൈംഗിക വ്യവഹാരത്തിലേക്ക് അടച്ചുകളഞ്ഞത് ഈ മനസ്സാണ്.
ലിംഗരാഷ്ട്രീയത്തിൽ യാഥാസ്ഥിതികത ഗർവമായ സമീപനമായി തന്നെയാണ് മുഖ്യധാരാ മലയാളിസമൂഹം കരുതുന്നത്. MeToo പ്രസ്ഥാനത്തെ കേരളത്തിൽ യാഥാസ്ഥിതിക ലൈംഗിക വ്യവഹാരത്തിലേക്ക് അടച്ചുകളഞ്ഞത് ഈ മനസ്സാണ്.

മിക്കപ്പോഴും മലയാളിയുടെ ലൈംഗിക കുറ്റകൃത്യത്തിന്റെ സാമൂഹിക വിചാരണകൾ ‘പുരുഷ കമ്മീഷന്റെ’ വ്യവസ്ഥാപനത്തിനുള്ള വാദത്തിനുള്ള ഇടമായാണ് മാറിയത്. മലയാള മാധ്യമങ്ങളുടെ സാമൂഹിക വിചാരണ കൂടുതൽ അടഞ്ഞതും സ്ത്രീ സ്വാതന്ത്ര്യവിരുദ്ധവും യാഥാസ്ഥിതിക സദാചാരബോധ്യങ്ങളുടെ വ്യവഹാരമായും പരിണമിക്കുന്നു.

21-ാം നൂറ്റാണ്ടിലെ ആദ്യ 25 വർഷങ്ങളിൽ കഴിഞ്ഞ നൂറ്റാണ്ടിന്റെ സാമൂഹികബോധത്തിന്റെ തുടർച്ച എന്ന നിലയ്ക്കുള്ള സാമൂഹികബോധ്യങ്ങളാണ് പ്രകടമായത്. ലിംഗരാഷ്ട്രീയത്തിൽ യാഥാസ്ഥിതികത ഗർവമായ സമീപനമായി തന്നെയാണ് മുഖ്യധാരാ മലയാളിസമൂഹം കരുതുന്നത്. MeToo പ്രസ്ഥാനത്തെ കേരളത്തിൽ യാഥാസ്ഥിതിക ലൈംഗിക വ്യവഹാരത്തിലേക്ക് അടച്ചുകളഞ്ഞത് ഈ മനസ്സാണ്.

(അവസാനിക്കുന്നില്ല).

Comments