ജയറാം പടിക്കലിനെ വിറപ്പിച്ച കനകച്ചേച്ചി, ലൈബ്രറിയിലെ പ്രണയം

കെ.വേണുവിൻെറ ഓർമ്മകളിൽ ഉമയും അമ്മയും കനകചേച്ചിയും രാജമ്മചേച്ചിയും. എം.ജി.ശശിയുമായുള്ള ദീർഘസംഭാഷണം ‘കെ.വേണുവിൻെറ ജനാധിപത്യ അന്വേഷണങ്ങൾ’ തുടരുന്നു.

കെ.വേണുവിൻെറ ജനാധിപത്യ അന്വേഷണങ്ങൾ - 2

പ്രണയം

എം.ജി.ശശി: കേവിയെ ഒരു ദാർശനികനും പ്രത്യയ ശാസ്ത്ര - രാഷ്ട്രീയ പ്രവർത്തകനുമെന്ന നിലയിൽ മാത്രമാണ് ആളുകൾ കരുതാറുള്ളത്. പക്ഷേ, ഏറെ വൈകാരികതയുള്ള ഒരു വ്യക്തി കൂടിയാണ് കേവി. നേരത്തേ ഉണ്ടായിരുന്ന പ്രണയത്തെക്കുറിച്ച് ആളുകൾ അധികമറിയാത്ത മണിച്ചേച്ചിയുടെ ഒരു കമൻ്റ് ഉണ്ടായിരുന്നല്ലോ. പ്രണയ നൈരാശ്യമോേ വിരഹമോ നഷ്ടബോധമോ ഇപ്പോൾ മനസ്സിലുണ്ടോ? പ്രസ്ഥാനത്തിനോടാണ് പ്രണയം എന്ന നിലപാടിനെക്കുറിച്ച് എന്തു തോന്നുന്നു?

കെ.വേണു: ആ പ്രണയത്തിൻ്റെ ഓർമ്മകൾ അതേപടി സജീവമായി നിലനിർത്തുക എന്നതാണ്. ഉമ എന്നാണ് ആ കുട്ടിയ്ക്ക് ഞാൻ പേരിട്ടത്. ശരിയായ പേര് അതല്ല. ഡിഗ്രിയ്ക്ക് പഠിയ്ക്കണ ഒരു കുട്ടി. താരതമ്യേന നല്ല സൗന്ദര്യവും കഴിവും. ഫിലോസഫിയിലൊക്കെ താല്പര്യമുണ്ട് എന്നതും എന്നെ ആകർഷിച്ചിരുന്നു. പരസ്പരം പരിചയപ്പെടുകയും തമ്മിൽ താല്പര്യമുണ്ടെന്ന് തോന്നുകയുമൊക്കെ ചെയ്തെങ്കിലും അതൊരു പ്രണയജീവിതമായി മാറുകയൊന്നും ഉണ്ടായില്ല. അവര് പിന്നെ വലിയൊരു ഉദ്യോഗസ്ഥനെ കല്യാണം കഴിച്ചുവെന്നാണ് അറിഞ്ഞത്. പക്ഷേ, എന്തെങ്കിലും തരത്തിലുള്ള നഷ്ടബോധമൊന്നും ഒട്ടും തന്നെയില്ല.

കെ. വേണു
കെ. വേണു

എം.ജി.ശശി: വളരെ ത്രില്ലിങ്ങായ ഒരു നോവൽ വായിയ്ക്കണ പോലുള്ള സീക്വൻസുകളിലായി ഈ പ്രണയത്തെക്കുറിച്ച് ആത്മകഥയിൽ എഴുതിയിട്ടുണ്ട്. നിങ്ങള് യൂണിവേഴ്സിറ്റി ലൈബ്രറിയിൽ വെച്ച് കാണുകയും സംസാരിയ്ക്കാൻ വേണ്ടി പുസ്തക റാക്കുകൾക്കിടയിലേയ്ക്ക് നടന്നു പോകുമ്പൊ പൊടുന്നനെ മനസ്സ് മാറി കേവിയിലെ വിപ്ലവകാരി മറ്റൊരു നിലപാടെടുത്തതുമെല്ലാം എങ്ങനെ ഓർക്കുന്നു?

കെ.വേണു: ‘പ്രപഞ്ചവും മനുഷ്യനും’ എഴുതുന്നതിനു മുമ്പുള്ള സമയമാണ്. അന്ന് യുക്തിവാദി പ്രസ്ഥാനത്തിൻ്റെ മീറ്റിംഗുകളിലൊക്കെ പ്രസംഗിയ്ക്കാൻ എന്നെ വിളിയ്ക്കാറുണ്ട്. അങ്ങനെ ഒരു മീറ്റിംഗിൽ വെച്ച് പരിചയപ്പെട്ട ഒരു സീനിയർ സർക്കാർ ഉദ്യോഗസ്ഥന് എന്നെ വലിയ താല്പര്യമായിരുന്നു. പിന്നീട് പലപ്പോഴും, സംസാരിയ്ക്കാനും ഭക്ഷണം കഴിയ്ക്കാനും മറ്റുമായിട്ട് അദ്ദേഹത്തിൻ്റെ വീട്ടിലേയ്ക്ക് എന്നെ വിളിയ്ക്കാറുണ്ട്. അദ്ദേഹത്തിൻ്റെ മക്കളിൽ ഒരാളാണ് ഉമ. ആ കുട്ടിയും ഞാനുമായിട്ട് കൂടുതൽ അടുക്കാൻ ഇടയായി. പുസ്തകങ്ങൾ കൈമാറി. അന്ന് ഞാൻ ഇങ്ക്വിലാബ് മാസിക തൊടങ്ങ്യ സമയാണ്.

വ്യക്തിപരമായ ഒരു താല്പര്യം കൂടി മനസ്സിലുള്ളതുകൊണ്ടാവാം, ഇങ്ക്വിലാബിലേയ്ക്ക് മാവോയുടെ ഒരു ലേഖനം തർജ്ജമ ചെയ്യാൻ ഞാനാ കുട്ട്യേ ഏല്പിച്ചു. അത് പ്രസിദ്ധീകരിയ്ക്കുകയും ചെയ്തു. അങ്ങനെ വേറെ ചെല പുസ്തകങ്ങളും തർജ്ജമയ്ക്കു വേണ്ടി കൈമാറ്റം ചെയ്തു. ഒരു ദിവസം തിരിച്ചു തന്ന പുസ്തകത്തില് ചെറിയൊരു കുറിപ്പിരിയ്ക്കുണൂ. 'നാളെ മൂന്നര മണിയ്ക്ക് ലൈബ്രറീല് വരാമോ, പ്രതീക്ഷിയ്ക്കും' എന്നാണ് എഴുതിയത്. അതെന്നെ വല്ലാതെ ആവേശം കൊള്ളിച്ചു.

എം.ജി.ശശി: പ്രണയമാണോന്ന് കേവി സ്വയം സംശയിച്ചിരിയ്ക്കണ സമയത്തായിരിയ്ക്കും ഈ കുറിപ്പ്.

എം.ജി ശശി
എം.ജി ശശി

കെ.വേണു: അതെ. ഞാൻ താല്പര്യപൂർവം മൂന്നര മണിയ്ക്ക് തന്നെ എത്തി. പറഞ്ഞ പോലെ ആളവിടെ കാത്ത് നിക്ക്ണ്ടായിരുന്നു. പുസ്തകങ്ങൾ സൂക്ഷിച്ച ഹാളിലേയ്ക്ക് കൊറച്ച് നടക്കണം. അങ്ങനെ നടന്നു പോകുന്ന സമയത്താണ് എനിയ്ക്ക് പെട്ടെന്നൊരു തോന്നലുണ്ടായത്. ഞാനീ നക്സലേറ്റ് പ്രസ്ഥാനത്തില് പൂർണ്ണമായിട്ട് മുഴുകുകയാണെങ്കിൽ ഈ കുട്ടീടെ സ്ഥിതി എന്താകും? ഉമയെ കൊലയ്ക്ക് കൊടുക്കലാവില്ലേ അത് എന്നുള്ള ആലോചന അതിശക്തമായി എൻ്റെ മനസ്സിലേയ്ക്ക് കടന്നുവന്നു. പുസ്തക റാക്കുകൾക്കപ്പുറത്തും ഇപ്പുറത്തുമായി നിന്ന് കാമുകീകാമുകന്മാര് പരസ്പരം സംസാരിയ്ക്കുന്നുണ്ട്. അപ്പൊ ഞാനുടനെ 'എന്തിനാ എന്നെ വിളിച്ചേ'ന്ന് ശകാരിയ്ക്കും പോലെ പരുഷമായി ഉമയോട് ചോദിച്ചു. ആ കുട്ടിയുടെ മുഖം വല്ലാതെ വിളറി വെളുത്തു. എന്തോ പറയാൻ വന്നത് ഉമയുടെ തൊണ്ടയിൽ തടഞ്ഞു. പിന്നെ 'ഒന്നൂല്ല്യാ'ന്ന് പറഞ്ഞ് പെട്ടെന്ന് തന്നെ ആ സംഭാഷണം അവസാനിപ്പിച്ചു. അവിടെ നിൽക്കാൻ അശക്തനായ ഞാൻ തിരിച്ചു നടന്നു. റൂമില് വന്നിട്ട് തലയിണേല് തല വെച്ച് കമിഴ്ന്ന് കെടന്ന് ഞാൻ കരഞ്ഞു... പൊട്ടിപ്പൊട്ടിക്കരഞ്ഞു.

(ഇപ്പോൾ ചിരിയോടെയാണ് കെ.വേണുവിത് പറയുന്നത്.)

എം.ജി.ശശി: പ്രണയത്തിൻ്റെ റിയൽ അനുഭവം അല്ലേ.

കെ.വേണു: അതെ.

എം.ജി.ശശി: പ്രണയത്തെക്കുറിച്ച് പൊതുവിൽ കേവി എന്താ പറയുക?

കെ.വേണു: പ്രണയം മനുഷ്യമനസ്സിൻ്റെ നൈസർഗ്ഗികമായ ലോലമായ ഒരു തലമാണ്. എല്ലാവരിലും ഉണ്ടത്. ചിലരിലത് ഏറിയും കുറഞ്ഞും കാണാമെന്നു മാത്രം. ഞാൻ മലയാളം വാരികയില് 'എൻ്റെ ഓർമ്മക്കുറിപ്പുകൾ' എന്ന പേരിലൊരു പരമ്പര എഴുതിയിരുന്നു. 'ഒരന്വേഷണത്തിൻ്റെ കഥ'യുടെ കുറേ ഭാഗങ്ങൾ അതിലാണ് വന്നത്. അതില് ആറാമത്തെയോ ഏഴാമത്തെയോ ലക്കത്തിലാണ് ഈ പ്രണയകഥ വന്നത്. ഞാനത് എഴുതാൻ തൊടങ്ങ്യേ സമയത്താണ് മണിയോടിത് പറയുന്നത്. അങ്ങനെ മണിയ്ക്ക് ആ കുട്ടീടെ ശരിയായ പേരൊക്കെ അറിയാം. 'അയാളാണ് എൻ്റെ കൂടെ ഉണ്ടായിരുന്നെങ്കില് എൻ്റെ അന്വേഷണങ്ങളിലൊക്കെ വേറെ നിലയ്ക്ക് കുറേ സഹകരിച്ചേനേ'ന്ന് ഞാൻ പറഞ്ഞപ്പൊ മണീടെ ഒരു കമൻ്റ് ഉടനെ വന്നു. 'ഓ, ആ പെണ്ണൊന്നും തൻ്റെ കൂടെ ഇങ്ങനെ ബുദ്ധിമുട്ടാനും കഷ്ടപ്പെടാനും നിക്കില്യായിരുന്നൂ'ന്ന്.

എം.ജി.ശശി: അതാണ് മണിച്ചേച്ചി. പക്ഷേ, കേവിയുടെ മനസ്സിൻ്റെ തരളമായ ഒരു വശമാണ് ഈ പ്രണയകഥ.

കെ.വേണു: ഈ അനുഭവം ഉൾപ്പെടുന്ന ലക്കം മലയാളം വാരികയ്ക്ക് മാദ്ധ്യമപ്രവർത്തനായ വേണു ബാലകൃഷ്ണൻ്റെ കയ്യില് കൊടുത്തയച്ചപ്പൊ (വേണു ബാലകൃഷ്ണൻ അന്ന് മലയാളം വാരികയുടെ സബ് എഡിറ്ററോ മറ്റോ ആണ്) ജയചന്ദ്രൻ നായര് വായിച്ചിട്ട് പറഞ്ഞത്രേ, 'എടോ, ഇതൊരു സിനിമയ്ക്കുള്ള കഥയുണ്ടല്ലോ'ന്ന്.

എം.ജി.ശശി: കേവി ആ പ്രണയം ഇപ്പോഴും മനസ്സിൽ സൂക്ഷിയ്ക്കുന്നുണ്ട് അല്ലേ?

കെ.വേണു: ഉണ്ട്. ആ പ്രണയം... അതിപ്പോഴും എൻ്റെ മനസ്സിലുണ്ട്.

അമ്മ

എം.ജി.ശശി: കേവിയെ വളരെയേറെ സ്വാധീനിച്ച ഒരാളാണ് അമ്മ. അമ്മയെക്കുറിച്ച് പറയുമ്പൊ ചെറുപ്പത്തില് അമ്പലത്തില് കൊണ്ടു പോകുന്ന സമയത്ത്, അന്നു തന്നെ ഉണ്ടായിരുന്ന യുക്തിചിന്തയുടെ ഭാഗമായിട്ട്, 'ഈ കല്ലിനെ വണങ്ങാൻ തയ്യാറല്ല' എന്ന് പറയുന്ന കേവി... പക്ഷേ, അതിനോട് ഒരെതിർപ്പും പറയാതെ നിന്ന അമ്മ. അമ്മക്കാലം എന്ന് പറയണ ആ കാലത്തു മുഴുവൻ കേവിയുടെ എല്ലാ പ്രവർത്തനങ്ങൾക്കും മൗന ആശംസകളുമായി കൂടെ നില്ക്കുന്ന അമ്മ. ഇടക്കാലത്ത് അമ്മയ്ക്കുണ്ടായ മാനസിക അസ്വാസ്ഥ്യങ്ങള്... അമ്മയെക്കുറിച്ച് പറയാമോ?

കെ.വേണു: ഞാൻ ഏഴാമത്തെ കുട്ടിയാണ്. എനിയ്ക്ക് മോളില് മൂന്നാണും മൂന്ന് പെണ്ണും. അച്ഛനും അമ്മേം ജന്മി കുടുംബങ്ങളില് പെട്ടവരായിരുന്നു. പക്ഷേ, അച്ഛൻ്റെ സ്വത്തൊന്നും അമ്മേടെ കയ്യില് കിട്ട്ണ്ടായില്ല. അച്ഛൻ വേറൊരു രീതില്ങ്ങനെ നടക്കണ ആളായിരുന്നു. അമ്മ ഒരു പത്താം ക്ലാസുകാരിയാണ്. അന്ന് മെട്രിക്കുലേഷൻ എന്നാ പറയാ. പത്താം ക്ലാസ് വരെയൊക്കെ പെണ്ണുങ്ങള് പഠിയ്ക്കാന്ന്ള്ളത് അന്ന് അപൂർവ്വാ.

ഒരുപാട് പൈസ അധികം കൊടുത്തപ്പൊ ഒരു ജീപ്പുകാരൻ അങ്ങോട്ട് വരാൻ തയ്യാറായി. വളരെ അകലെ വെച്ചന്നെ പോലീസുകാര് വണ്ടി തടഞ്ഞു. ജയറാം പടിക്കലിനെ കണ്ടിട്ടേ ഞാൻ പോകൂന്ന് പറഞ്ഞ് കനകച്ചേച്ചി ഒറ്റയ്ക്കവടെ നില്പായി.
ഒരുപാട് പൈസ അധികം കൊടുത്തപ്പൊ ഒരു ജീപ്പുകാരൻ അങ്ങോട്ട് വരാൻ തയ്യാറായി. വളരെ അകലെ വെച്ചന്നെ പോലീസുകാര് വണ്ടി തടഞ്ഞു. ജയറാം പടിക്കലിനെ കണ്ടിട്ടേ ഞാൻ പോകൂന്ന് പറഞ്ഞ് കനകച്ചേച്ചി ഒറ്റയ്ക്കവടെ നില്പായി.

അമ്മ നന്നായി വായിച്ചിരുന്നു. രാമായണോം മഹാഭാരതോം ഭാഗവതോം ഒക്കെ അമ്മയ്ക്ക് കാണാപ്പാഠമാണ്. ചെറുപ്പകാലത്ത് എനിയ്ക്ക് അതിലെ ഓരോ കഥകൾ, സന്ദർഭങ്ങൾ, സാഹചര്യങ്ങൾ ഒക്കെ അമ്മ പറഞ്ഞു തരും, അതീന്നുള്ള പാഠങ്ങൾ ഉൾപ്പടെ. അതേറ്റവും താഴെയുള്ള മകനെന്ന നിലയ്ക്ക്, പിന്നെ നല്ലോണം പഠിയ്ക്കണ കുട്ടീന്ന്ള്ള പരിഗണനേം വെച്ച് അമ്മ എനിയ്ക്കാ പറഞ്ഞു തര്വാ. പക്ഷേ, അമ്മേടെ പാരമ്പര്യത്തില് കുടുംബപരായിട്ട് തന്നെ മാനസിക രോഗംണ്ട്. അമ്മേടമ്മയ്ക്ക് രോഗണ്ടായിരുന്നു. ചെറിയമ്മയ്ക്കും ഉണ്ടായിരുന്നു. പിന്നെ കൊറേയധികം പ്രാരാബ്ധങ്ങളും വന്നൂന്ന് പറയാം.

അമ്മയ്ക്ക് പാട്ടഭൂമ്യായിട്ട് കിട്ടീത് അമ്മ തന്നെ മുൻകൈയെടുത്ത് കൊണ്ടു നടന്ന് നോക്കി നടത്തി അതിലെ വരുമാനം കൊണ്ടാണ് മക്കളെയൊക്കെ പഠിപ്പിച്ചത്. ചേട്ടൻ രാജനേം ചേച്ചി കനകത്തിനേം പത്താം ക്ലാസ് കഴിഞ്ഞിട്ട് പഠിപ്പിയ്ക്കാൻ അമ്മയ്ക്ക് പറ്റാത്തൊരു സാഹചര്യമുണ്ടായിരുന്നു. ഈ ബുദ്ധിമുട്ടുകളൊക്കെ അമ്മ ഒറ്റയ്ക്കാണ് അനുഭവിച്ചിരുന്നത്. അത് തന്ന്യാണ്ന്ന് തോന്ന്ണൂ അമ്മേനെ ഇങ്ങനെ ഒരു മാനസിക രോഗിയാക്കിയത്.

എനിക്ക് മൂന്നു നാല് വയസ്സുള്ളപ്പഴാണ് അമ്മയ്ക്ക് ആദ്യായിട്ട് മാനസിക അസ്വാസ്ഥ്യം ഉണ്ടാവണത്. അപ്പൊ അമ്മേടെ ആങ്ങളമാര് അമ്മേനെ തറവാട്ടില് കൊണ്ട് നിർത്തി. ഞാനും അമ്മേടെ കൂടെ പോയി ഒരു കൊല്ലം അവടെ നിക്ക്ണ്ടായി. ചികിത്സ ചെയ്ത് കൊറച്ച് കൊറഞ്ഞു. പിന്നെ മൂന്നാല് കൊല്ലം കഴിഞ്ഞിട്ടാണ് വീണ്ടും. പക്ഷേ, വല്യേ അപകടകരായ രീതീലല്ല. കൊറച്ച് ബാലൻസ് ഇല്ലാത്ത പെരുമാറ്റം ന്നേള്ളൂ. പിന്നീട് ഞാനും അമ്മേം മാത്രായിട്ട് ള്ള കാലം ണ്ടായിരുന്നൂ വീട്ടിൽ. ആ സമയത്ത് ഇങ്ങനത്തെ പ്രശ്നങ്ങളൊക്കെ ണ്ടെങ്കിലും ഞങ്ങള് നല്ല രീതിലന്ന്യാ പൊയ്ക്കൊണ്ടിരുന്നേ. ഞാൻ ജയിലിന്ന് വരുന്ന സമയത്തും അമ്മ അതിനെ എതിർത്തിരുന്നില്ല എന്നതാണ്. നാടുഗദ്ദിക നാടകമൊക്കെ കൊണ്ടു നടന്നിരുന്ന ഒരു കാലണ്ടല്ലോ. ഒരു തവണ ഗദ്ദിക ടീം ഞങ്ങടെ വീട്ടില് വന്നിട്ടാണ് ക്യാമ്പ് ചെയ്തിരുന്നത്. അതിന് അമ്മയ്ക്കൊരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. സഹകരിയ്ക്കൊക്കെ ചെയ്യുമായിരുന്നു.

എം.ജി.ശശി: വിപ്ലവ പ്രവർത്തനം എന്നുള്ളത് വ്യക്തിപരമായിട്ട് അപകടാണെന്ന് അറിയുമ്പൊത്തന്നെ അമ്മ എടുത്തിരുന്ന നിലപാട് എന്തായിരുന്നു? പോലീസ് വരുന്നു, അന്വേഷിയ്ക്കുന്നു... അങ്ങനെള്ള കാര്യങ്ങളിലൊക്കെ...

കെ.വേണു: അതാണ്. ഞാൻ ജയിലിന്ന് വന്ന സമയത്തൊക്കെ കൂളായിട്ടാണ് അമ്മ അതിനെ നേരിടണത്. അങ്ങനെ വല്യേ ഒരു സങ്കടോ ഉത്കണ്ഠയോ ഒന്നും ഇല്ലാതെ. അതെനിയ്ക്ക് വല്യേ ആശ്വാസം ണ്ടാക്ക്യേ കാര്യായിരുന്നു.

കനകച്ചേച്ചി

എം. ജി.ശശി: സഹോദരി കനകത്തെക്കുറിച്ച്... കോഴിക്കോട് കനകച്ചേച്ചീടെ വീട്ടില് പോയി താമസിയ്ക്കുകയും അതിനെത്തുടർന്നുണ്ടായ പോലീസ് പ്രശ്നങ്ങളും മറ്റും. ഉണ്ണിയേട്ടനെ (ഭർത്താവിനെ) അന്വേഷിച്ച് കനകച്ചേച്ചി ഒറ്റയ്ക്ക് കക്കയം ക്യാമ്പില് പോയിട്ട് അദ്ദേഹത്തെ മോചിപ്പിച്ച ഒരു കഥയുണ്ടല്ലോ. ആ അനുഭവം വലിയ സന്തോഷവും കരുത്തും തന്നിട്ടുണ്ടാവും അല്ലേ?

ഉണ്ണ്യേട്ടനെ പിടിച്ചു കൊണ്ടോയപ്പൊ മേയറേം സി.എച്ച്.മുഹമ്മദ് കോയേന്യൊക്കെ കനകച്ചേച്ചി പോയിക്കണ്ടു. പക്ഷേ, നക്സലേറ്റ് പ്രശ്നാന്ന് പറഞ്ഞിട്ട് അവരൊക്കെ കയ്യൊഴിഞ്ഞു, പ്രത്യകിച്ച് അടിയന്തരാവസ്ഥേം ആണല്ലോ.
ഉണ്ണ്യേട്ടനെ പിടിച്ചു കൊണ്ടോയപ്പൊ മേയറേം സി.എച്ച്.മുഹമ്മദ് കോയേന്യൊക്കെ കനകച്ചേച്ചി പോയിക്കണ്ടു. പക്ഷേ, നക്സലേറ്റ് പ്രശ്നാന്ന് പറഞ്ഞിട്ട് അവരൊക്കെ കയ്യൊഴിഞ്ഞു, പ്രത്യകിച്ച് അടിയന്തരാവസ്ഥേം ആണല്ലോ.

കെ.വേണു: എൻ്റെ കൂടെ ഉണ്ടായിരുന്ന ചേച്ചിയാണ് കനകം, പ്രത്യേകിച്ച് വിദ്യാഭ്യാസ കാലഘട്ടത്തിലൊക്കെ. ആ നെലയ്ക്ക് മറ്റുള്ളവരേക്കാൾ നല്ലൊരു അടുപ്പം കനകച്ചേച്ച്യോട് ഉണ്ടായിരുന്നു. ആദ്യായിട്ട് ഞാൻ ജയിലിലാ പോണത്. പിന്നെ പൊറത്ത് വന്നിട്ടാ ഒളിവില് പ്രവർത്തിച്ചത്. അന്ന് ജയിൽ ക്യാൻ്റീനില് ഒരു ചായയ്ക്കെന്തോ ചില്ലറക്കാശ് മാത്രേള്ളൂ. അതിനൊക്ക്യായിട്ട് അന്ന് 20 രൂപയാണ് ഒരു തടവുകാരന് ചെലവാക്കാൻ സാധിയ്ക്കുക. ആ പൈസ കനകച്ചേച്ചി കൃത്യായിട്ട് അയച്ചു തരും. കത്തുകളും അയയ്ക്കും.

ജയിലിന്ന് പൊറത്ത് വന്നിട്ട് ഒളിവില്‌ പ്രവർത്തിച്ചോണ്ടിരുന്നപ്പൊ കനകച്ചേച്ചീനെ പോയി കാണും. ചേച്ചി എന്തെങ്കിലും പൈസ കരുതി വെച്ചിട്ട്ണ്ടാവും. വീട്ടിലെ വിശേഷങ്ങളൊക്കെ അറിയ്വേം ചെയ്യാം. അളിയൻ ഉണ്ണ്യേട്ടൻ മാർക്സിസ്റ്റ് പാർട്ടീടെ അനുഭാവി ആണ്. എന്നോട് വല്യേ ഇഷ്ടൊക്കെ ആണെങ്കിലും രാഷ്ട്രീയമായിട്ട് യോജിയ്ക്കില്ല. ഞാനധികോം കനകച്ചേച്ചീനെ കണ്ടങ്ങ് പോകലാ പതിവ്. അടിയന്തരാവസ്ഥക്കാലത്ത് ഞാനവടെ ചെല്ലാറ്ണ്ട്ന്ന് പോലീസിന് എങ്ങന്യോ വിവരം കിട്ടി. അപ്പൊ ഉണ്ണ്യേട്ടൻ്റെ വേറൊരു വീട്ണ്ട് കോഴിക്കോട് കൊറച്ചപ്പറത്ത്. ഞാനവടെ എത്തും. കനകച്ചേച്ചീടെ മകൻ അങ്ങോട്ട് വരും, പൈസേം കൊണ്ട്. കത്തുകള് കൈമാറും.

അപ്പഴാണ് പോലീസുകാര് ചേച്ചീടെ വീട് വളഞ്ഞിട്ട്ണ്ട് അങ്ങോട് വരണ്ടാ ന്ന്ള്ള വിവരൊക്കെ കിട്ടണത്. അങ്ങനെ വീട് വളഞ്ഞിട്ടും പോലീസിന് എന്നെ പിടിയ്ക്കാനായില്ല. പക്ഷേ, കായണ്ണ പോലീസ് സ്റ്റേഷൻ ആക്രമണത്തോടു കൂടി സ്ഥിതി ആകെ മാറി. അപ്പഴും എന്നെ കിട്ടാത്ത സാഹചര്യത്തിലാണ് ഉണ്ണ്യേട്ടനെ പിടിച്ചു കൊണ്ടു പോണത്. ഉണ്ണ്യേട്ടനെ പിടിച്ചു കൊണ്ടോയപ്പൊ മേയറേം സി.എച്ച്.മുഹമ്മദ് കോയേന്യൊക്കെ കനകച്ചേച്ചി പോയിക്കണ്ടു. പക്ഷേ, നക്സലേറ്റ് പ്രശ്നാന്ന് പറഞ്ഞിട്ട് അവരൊക്കെ കയ്യൊഴിഞ്ഞു, പ്രത്യകിച്ച് അടിയന്തരാവസ്ഥേം ആണല്ലോ. അങ്ങന്യാണ് ചേച്ചി ഒറ്റയ്ക്ക് കായണ്ണ പോലീസ് സ്റ്റേഷൻ സ്ഥിതി ചെയ്യണ കൂരാച്ചുണ്ടില് എത്തണത്.

അപ്പുക്കുട്ടൻ വള്ളിക്കുന്ന്
അപ്പുക്കുട്ടൻ വള്ളിക്കുന്ന്

അവടന്നും കൊറേ മുകളില് കക്കയം ഡാമിനോട് ചേർന്ന ക്വാർട്ടേഴ്സുകളിലാണ് പോലീസ് മർദ്ദനം നടക്കണ ക്യാമ്പ്. ഒരുപാട് പൈസ അധികം കൊടുത്തപ്പൊ ഒരു ജീപ്പുകാരൻ അങ്ങോട്ട് വരാൻ തയ്യാറായി. വളരെ അകലെ വെച്ചന്നെ പോലീസുകാര് വണ്ടി തടഞ്ഞു. ജയറാം പടിക്കലിനെ കണ്ടിട്ടേ ഞാൻ പോകൂന്ന് പറഞ്ഞ് കനകച്ചേച്ചി ഒറ്റയ്ക്കവടെ നില്പായി. അപ്പൊ, പിന്നെ ഡി.ഐ.ജി ഒക്കെയായ ലക്ഷ്മണ വന്നു. കനകച്ചേച്ചി അയാളോട് പറഞ്ഞു. എൻ്റെ ഭർത്താവ് ഇവട്യാണ് ഉള്ളത്. വേണൂന് ഞാൻ പൈസ കൊടുക്കാറ്ണ്ട്. വേണു എന്നെ വന്ന് കാണാറൂണ്ട്. എന്നെ ഇവടെ ഇരുത്തിക്കോ. അങ്ങോരെ വിട്. അങ്ങോര് നിരപരാധിയാണ്. അല്ലാതെ ഞാനിവടന്ന് പോവില്ലാന്ന് പറഞ്ഞ് ചേച്ചി അവടെ ഇരുന്നു.

അവസാനം ജയറാം പടിക്കല് വിളിപ്പിച്ച് സംസാരിച്ചിട്ട് ഉണ്ണ്യേട്ടനെ വിട്ടയച്ചു. നക്സലേറ്റ് രാഷ്ട്രീയൊക്കെ ഉപേക്ഷിച്ചാല് നല്ലൊരു ജോലി ശരിയാക്കിക്കൊടുക്കാം ന്ന് ഞാൻ വേണൂനോട് എത്ര പറഞ്ഞതാ എന്നൊക്കെ പടിക്കല് ചേച്ചിയോട് പറയുകയും ചെയ്തു. അടിയന്തരാവസ്ഥയ്ക്ക് ശേഷം ദേശാഭിമാനീല് കനകചേച്ചിയെക്കുറിച്ച് ഈ സ്റ്റോറി അപ്പുകുട്ടൻ വള്ളിക്കുന്ന് എഴുതിയിരുന്നു; 'ചെന്നായ്ക്കൂട്ടത്തിൽപ്പെട്ട മാൻപേട' എന്ന തലക്കെട്ടൊക്കെ ആയിട്ട്.

രാജമ്മച്ചേച്ചി

എം.ജി.ശശി: കുടുംബ ബന്ധം അല്ലെങ്കിൽത്തന്നെയും രാജമ്മച്ചേച്ചിയെക്കുറിച്ച് - പി.ഗോവിന്ദപ്പിള്ളയുടെ ഭാര്യയെക്കുറിച്ച് പറയേണ്ടതുണ്ട്.

ദേശാഭിമാനീല് വരാൻ പറഞ്ഞിട്ട് പി.ജി എന്നെ വിളിപ്പിയ്ക്കാ ചെയ്യണത്. അപ്പൊ തിരുവനന്തപുരത്ത് ദേശാഭിമാനീല് നിക്കണ കൂട്ടത്തില് ഗവേഷണോം നടത്താംന്നാ ഞാൻ ആലോചിച്ചത്.
ദേശാഭിമാനീല് വരാൻ പറഞ്ഞിട്ട് പി.ജി എന്നെ വിളിപ്പിയ്ക്കാ ചെയ്യണത്. അപ്പൊ തിരുവനന്തപുരത്ത് ദേശാഭിമാനീല് നിക്കണ കൂട്ടത്തില് ഗവേഷണോം നടത്താംന്നാ ഞാൻ ആലോചിച്ചത്.

കെ.വേണു: 68-ല് MSc കഴിഞ്ഞിട്ട് പിന്നെ എന്തു ചെയ്യണമെന്ന് എനിയ്ക്ക് വ്യക്തത ഉണ്ടായിരുന്നില്ല. ഗവേഷണത്തിന് പോണം എന്നൊക്കെ ഒരു താല്പര്യമുണ്ട്. ജോലി ചെയ്ത് വീട്ടുകാരെ സഹായിയ്ക്കണം എന്നുമുണ്ട്. അന്ന് ഞാൻ പഠിയ്ക്കണ കാലത്തന്നെ ജനയുഗത്തില് 'ഭഗവത് ഗീത ഇരുപതാം നൂറ്റാണ്ടിൽ' എന്ന പരമ്പര 15 ലക്കങ്ങളായിട്ട് എഴുതിയിരുന്നു. അതുപോലെ മദ്രാസ്സിന്ന്ള്ള അന്വേഷണം മാസിക, പിന്നെ സീരിയസ്സായിട്ട്ള്ള വേറേം ചെല പ്രസിദ്ധീകരണങ്ങള്... അതിലൊക്കെ ഞാൻ എഴുതാറുണ്ട്.

ജനയുഗം വാരികേല് ഞാൻ എഴുതീത് ഗോവിന്ദപ്പിള്ള ശ്രദ്ധിച്ചിരുന്നു. അദ്ദേഹത്തിൻ്റെ ബന്ധുവായിട്ടുള്ള ഒരാള് കനകച്ചേച്ചീടെ ഉണ്ണ്യേട്ടൻ്റെ ബന്ധു കൂടി ആയിരുന്നു. അങ്ങനെ ദേശാഭിമാനീല് വരാൻ പറഞ്ഞിട്ട് പി.ജി എന്നെ വിളിപ്പിയ്ക്കാ ചെയ്യണത്. അപ്പൊ തിരുവനന്തപുരത്ത് ദേശാഭിമാനീല് നിക്കണ കൂട്ടത്തില് ഗവേഷണോം നടത്താംന്നാ ഞാൻ ആലോചിച്ചത്. പുളിമൂടുള്ള ഗോവിന്ദപ്പിള്ളേടെ വീട്ടിലേയ്ക്കാണ് രണ്ടു മൂന്നു തവണ പോകേണ്ടി വന്നത്. അപ്പൊ രാജമ്മച്ചേച്ചീനെ പരിചയപ്പെട്ടു.

വളരെ പെട്ടെന്നു തന്നെ ഒരു ചേച്ചിയെപ്പോലെ നല്ല അടുപ്പമായി. പിന്നെ, കൊറച്ച് കഴിഞ്ഞപ്പഴയ്ക്കും ഞാൻ ദേശാഭിമാനി രാഷ്ട്രീയം വിട്ടിട്ട് നക്സൽ ബാരി നിലപാടിലേയ്ക്ക് നീങ്ങിക്കഴിഞ്ഞിരുന്നു. അപ്പൊ രാജമ്മച്ചേച്ചി നിശ്ചയമായി പറഞ്ഞു. 'നിങ്ങടെ രാഷ്ട്രീയൊന്നും ഇവടെ വേണ്ട. വേണു എന്നും ഇവടെ വരണം.' സാധിയ്ക്കുമ്പഴൊക്കെ - കഴിയുന്നതും ഞാൻ അവിടെ പോവാറുണ്ട്. അന്ന് ഞാൻ ഇങ്ക്വിലാബ് തൊടങ്ങീരുന്നു. അതിന് സാമ്പത്തിക സഹായം വരെ രാജമ്മച്ചേച്ചി ചെയ്യും. പിന്നെ, ജയിലിലിയ്ക്ക് പതിവായി പുസ്തകങ്ങള് എത്തിക്ക്യായിരുന്നു, കത്തെഴുതുമായിരുന്നു. ഇടയ്ക്കൊക്കെ ജയിലില് വന്നു കാണുകയും ചെയ്യുമായിരുന്നു. വളരെ അടുത്ത ബന്ധമായിരുന്നൂ അത്.

(തുടരും)

'കെ.വേണുവിൻെറ ജനാധിപത്യ അന്വേഷണങ്ങൾ' - പരമ്പരയിലെ മുൻ ലേഖനങ്ങൾ വായിക്കാം

Comments