ജർമനിയിൽ പോയാൽ
പണി കിട്ടുമോ?

‘‘ഇൻസുലേറ്റഡ് ഡെലിവറി ബാഗുകളുമായി സൈക്കിൾ ചവിട്ടുന്ന ദക്ഷിണേഷ്യൻ പുരുഷന്മാരെ ബെർലിൻ പോലുള്ള നഗരങ്ങളിൽ വ്യാപകമായി കാണാം. അവരിൽ ഭൂരിഭാഗവും സ്റ്റുഡന്റ് വിസയിലാണ് എത്തിയത്. കൂടാതെ പഞ്ചാബി, ഹിന്ദി, ഉറുദു, മലയാളം, തെലുങ്ക് ഭാഷകൾ ഫാസ്റ്റ് ഫുഡ് റെസ്റ്റോറൻ്റുകളുടെ അടുക്കളകളിൽ നിന്ന് ഉയർന്നുവരുന്നത് കേൾക്കാം’’- ബർലിനിൽനിന്ന് അജു ജോൺ എഴുതുന്നു.

മുനിസിപ്പാലിറ്റി അധികൃതരുടെ ശേഷിക്കതീതമായി മഞ്ഞ് എല്ലായിടത്തും കുന്നുകൂടികിടക്കുന്നു. നടപ്പാതകളിലെ ഐസിൽ തെന്നിവീണ് കയ്യും കാലും ഉടിഞ്ഞവർ ഡോക്ടർമാരുടെ ശ്രദ്ധയ്ക്കായി നീണ്ട കാത്തിരിപ്പിലാണ്. ജർമനിയുടെ തലസ്ഥാനനഗരത്തെ സംബന്ധിച്ച് സമീപവർഷങ്ങളിലെ ഏറ്റവും കഠിനമായ, വിറയ്ക്കുന്ന ജനുവരിയായിരുന്നു കടന്നുപോയത്. കറുത്ത ജാക്കറ്റും തൊപ്പിയും ഗ്ലൗസുമണിഞ്ഞ് തനി ബെർലിൻകാരനായി പുലർച്ചെ ആറുമണിയടുപ്പിച്ച് ട്രെയിന് കാത്തിരിക്കുകയാണ് ഇരിഞ്ഞാലക്കുടക്കാരനായ 39 വയസ്സുകാരൻ ശബരീഷ്. നഗരത്തിന് വെളിയിലുള്ള അത്യാധുനിക ഫാക്ടറിയാണ് ലക്ഷ്യം. ഒന്നരമണിക്കൂർ സഞ്ചരിക്കണം അവിടെയെത്താൻ.

ഫാക്ടറിയിലെ തൊഴിലാളികളും ഉദ്യോഗസ്ഥരും ഉച്ചഭക്ഷണത്തിന് പോകുന്ന ക്യാൻ്റീനിൽ പാത്രം വൃത്തിയാക്കുകയാണ് ശബരീഷിന് ഇന്ന് ജോലി. ഒരു ദിവസത്തെ പണിക്ക് 100 യൂറോയാണ് കൂലി. തൊഴിൽസമയം മാത്രം കണക്കുകൂട്ടിയാൽ പോലും നിയമാനുസൃത മിനിമം വേതനത്തിൽ താഴെയാണ് ഈ തുക. പണമായിട്ടാണ് അത് ലഭിക്കുക. ജോലിക്കരാർ ഇല്ല. പിരിച്ചുവിട്ടാൽ തർക്കിക്കാനുമാവില്ല. ഒരു ശരാശരി ജർമൻ തൊഴിലാളിയും ഇങ്ങനെ ജോലി ചെയ്യാറില്ല.

തൊഴിൽ എന്നാൽ ഇവിടെ സാധാരണഗതിയിൽ ഉപജീവനമാർഗമല്ല, മറിച്ച് ആരോഗ്യക്ഷേമ ഇൻഷൂറൻസ്, തൊഴിലില്ലായ്മാ ഇൻഷൂറൻസ്, പെൻഷൻ എന്നിവയിലേക്ക് എത്തിച്ചേരാനുള്ള മാർഗം കൂടിയാണ്. ശമ്പളവും ആനുകൂല്യങ്ങളും മുതലാളിമാരുമായി ചർച്ച ചെയ്യാൻ യൂണിയനുകൾ സജീവമാണ്. നിയമത്തിനതീതമായി പിരിച്ചുവിട്ടാൽ ലേബർ കോടതിയിൽ കേസ് കൊടുക്കാം. തൽക്കാലം ശബരീഷിന് ഇതൊന്നുമില്ല. കരാറില്ലാതെ ക്യാഷിൽ പ്രതിഫലം വാങ്ങി ചെയ്യുന്ന ഇത്തരം തൊഴിലിനെ ഇവിടെ ഷ്വാർസ്സാർബൈട്ട് (‘കറുത്ത തൊഴിൽ’) എന്നാണ് വിളിക്കുക. അധികൃതരുടെ ശ്രദ്ധയിൽ പെടാതെ ധാരാളം പണം സമ്പാദിക്കാൻ വേണ്ടിയല്ല ശബരീഷ് കൊടും തണുപ്പിൽ സ്റ്റേഷനിൽ കാത്തുനിൽക്കുന്നത്, വേറെ നിവൃത്തിയില്ലാത്തതുകൊണ്ടാണ്.

ജർമനിയുടെ തലസ്ഥാനനഗരത്തെ സംബന്ധിച്ച്, സമീപവർഷങ്ങളിലെ ഏറ്റവും വിറയ്ക്കുന്ന ജനുവരിയായിരുന്നു കഴിഞ്ഞുപോയത്.
ജർമനിയുടെ തലസ്ഥാനനഗരത്തെ സംബന്ധിച്ച്, സമീപവർഷങ്ങളിലെ ഏറ്റവും വിറയ്ക്കുന്ന ജനുവരിയായിരുന്നു കഴിഞ്ഞുപോയത്.

2025 ജൂലൈയിലാണ് ശബരീഷ് ബെർലിനിലെത്തുന്നത്. അതിനുമുൻപ് തിരുവനന്തപുരത്തെ ടെക്നോപാർക്കിൽ വർഷങ്ങളോളം ജോലി ചെയ്തിരുന്നു. ആദ്യം കാനഡയിലേക്ക് കുടിയേറാനാണ് ആഗ്രഹിച്ചിരുന്നത്. ഇരു രാജ്യങ്ങൾക്കുമിടയിലുള്ള നയതന്ത്രസംഘർഷങ്ങൾ രൂക്ഷമായപ്പോഴാണ് ജർമനിയുടെ ഓപ്പർച്യുണിറ്റി കാർഡിനെക്കുറിച്ച് (“ഷാൻസെക്കാർട്ടെ”) കേട്ടത്. ജർമ്മനിയിലെ വിദഗ്ധ തൊഴിലാളികളുടെ കുറവ് പരിഹരിക്കുന്നതിന് 2024 ജൂണിൽ തുടങ്ങിവച്ച, നിലവിലുള്ള പല തടസ്സങ്ങളും മാനദണ്ഡങ്ങളും നീക്കിയ വിസയായിരുന്നു ഇത്. ജർമ്മനിയിൽ ജോലി വാഗ്ദാനം ലഭിക്കാതെയോ ജർമ്മൻ ഭാഷയിൽ പ്രാവീണ്യമില്ലാതെയോ ഒരാൾക്ക് അപേക്ഷിക്കാം. ജോലിപരിചയമാണ് പ്രധാനം. അതോടൊപ്പം, ഒരു യൂറോപ്യൻ ബാങ്കിൽ ഏകദേശം 12,000 യൂറോയുടെ (ഏകദേശം 13 ലക്ഷം രൂപ) നിക്ഷേപിക്കണം. ജർമ്മനിയിലെ ജീവിതച്ചെലവുകൾ സ്വന്തമായി വഹിക്കാൻ കഴിയുമെന്നതിന് തെളിവിയിട്ടാണ് ഈ ബ്ലോക്ക്ഡ് അക്കൗണ്ട്. ഈ വഴി ഒരാൾക്ക് ഒരു വർഷം വരെ ജർമ്മനിയിൽ താമസിച്ച് ജോലി അന്വേഷിക്കാം. അതോടൊപ്പം ആഴ്ചയിൽ 20 മണിക്കൂർ വരെ ജോലി ചെയ്യാനും കഴിയും.

കുടുംബാംഗങ്ങളുടെ ആഭരണവും ഭൂമിയും പൊതുമേഖലാബാങ്കിൽ നിക്ഷേപിച്ചാണ് ശബരീഷ് ബ്ലോക്ക്ഡ് അക്കൗണ്ടിലേക്കാവശ്യമുള്ള പണം ശേഖരിച്ചത്. ആയിരക്കണിക്കിന് ‘ഇൻ്റിയ’ക്കാരെപ്പോലെ 2025- ൽ ശബരീഷും വന്നിറങ്ങി. മാസങ്ങൾക്കുശേഷം, നൂറുകണക്കിന് ജോലികൾക്ക് അപേക്ഷിച്ചിട്ടും, തൻ്റെ ടെക്നോപാർക്കിലെ ജോലിപരിചയത്തിനുചിതമായ ഒരു ജോലിയും കിട്ടിയിട്ടില്ല.

മറിച്ച്, ജർമ്മൻ രാഷ്ട്രീയ സമ്പദ്‌വ്യവസ്ഥയിൽ നിലനിൽക്കുന്ന പ്രതിസന്ധിയാണ് ശബരീഷിനെ വരവേറ്റത്. ഉക്രെയ്‌നിലെ റഷ്യൻ അധിനിവേശത്തെത്തുടർന്ന് ഇന്ധനലഭ്യതയിലും പ്രതിരോധമേഖലയിലുമുള്ള അനിശ്ചിതത്വവും, നിർമ്മാണമേഖലയിലെ തൊഴിൽനഷ്ടങ്ങളും, കഴിഞ്ഞ 10 വർഷത്തിലെ ഏറ്റവും കൂടിയ തൊഴിലില്ലായ്മാനിരക്കും, കുടിയേറ്റ വിരുദ്ധ രാഷ്ട്രീയത്തിൻ്റെ തെരഞ്ഞെടുപ്പു വിജയങ്ങളും, അമേരിക്കയുടെ നയതന്ത്രനയങ്ങളിലെ മാറ്റങ്ങളുമെല്ലാം ഇതിൻ്റെ ഭാഗമാണ്.

ഈ സാഹചര്യത്തിൽ ഓപ്പർച്യുണിറ്റി കാർട് മുഖേന എത്തിയവർക്ക് തക്കതായ ജോലി ലഭിച്ചില്ല. ജർമ്മനിയിൽ ഓപ്പർച്യുണിറ്റി കാർടിൻ്റെ കാലാവധിക്കുശേക്ഷം സ്ഥിരമായി താമസിക്കണമെങ്കിൽ അത്തരമൊരു ജോലി കിട്ടണം. ജനുവരിയിൽ ‘ഇൻ്റിയ’ സന്ദർശിച്ച ജർമൻ ചാൻസലർ ഫ്രീട്രിക്ക് മേർസ് തൻ്റെ രാജ്യം ‘ഇൻ്റിയ’യിൽനിന്നുള്ള വിദഗ്ദ്ധരുടെ കുടിയേറ്റത്തെ സ്വാഗതം ചെയ്യുന്നുവെന്ന് വ്യക്തമാക്കിയെങ്കിലും ജർമൻ കമ്പനികൾ തദ്ദേശീയ ജോലിപരിചയത്തിനും ജർമൻ ഭാഷയിൽ ആശയവിനിമയം നടത്താനുമുള്ള കഴിവിനുമാണ് മുൻഗണന നൽകുന്നത്.

ഇൻസുലേറ്റഡ് ഡെലിവറി ബാഗുകൾ വഹിച്ച് സൈക്കിൾ ചവിട്ടുന്ന ദക്ഷിണേഷ്യൻ പുരുഷന്മാരെ ഇപ്പോൾ ബെർലിൻ പോലുള്ള നഗരങ്ങളിൽ വ്യാപകമായി കാണാം.
ഇൻസുലേറ്റഡ് ഡെലിവറി ബാഗുകൾ വഹിച്ച് സൈക്കിൾ ചവിട്ടുന്ന ദക്ഷിണേഷ്യൻ പുരുഷന്മാരെ ഇപ്പോൾ ബെർലിൻ പോലുള്ള നഗരങ്ങളിൽ വ്യാപകമായി കാണാം.

ശബരീഷിന് വിസയുടെ കാലാവധിയിൽ ഇനി വെറും അഞ്ചു മാസം മാത്രം ബാക്കി. പണം നൽകി ജോലി നേടാൻ വരെ ഇപ്പോൾ തയാറാണ്. കിട്ടിയ ഡിഷ് വാഷറുടെ ജോലിയാണ് ആകെ ആശ്രയം. ഇദ്ദേഹത്തേ പോലുള്ള വിദഗ്ദ്ധ വിദേശ തൊഴിലാളികളെ ജർമനിയിലേയ്ക്ക് ആകർഷിക്കാനായി രൂപകൽപന ചെയ്ത ഓപ്പർച്യുണിറ്റി കാർട് വിസ ഇന്ന് അതേ ആളുകളെ ജർമനിയിലെ അസുരക്ഷിതവും, കുറഞ്ഞ വേതനമുള്ളതും, ലേബർ നിയമങ്ങളോടുള്ള അനാദരവ് നിറഞ്ഞതുമായ ഫുഡ് ഡെലിവറി, ഫാസ്റ്റ് ഫുഡ്, ലോജിസ്റ്റിക്സ് മേഖലകളിൽ തൊഴിൽ ചെയ്യാനുള്ള ആഹ്വാനമായി പ്രവർത്തിക്കുന്നു. ഇൻസുലേറ്റഡ് ഡെലിവറി ബാഗുകൾ വഹിച്ച് സൈക്കിൾ ചവിട്ടുന്ന ദക്ഷിണേഷ്യൻ പുരുഷന്മാരെ ഇപ്പോൾ ബെർലിൻ പോലുള്ള നഗരങ്ങളിൽ വ്യാപകമായി കാണാം. അവരിൽ ഭൂരിഭാഗവും സ്റ്റുഡന്റ് വിസയിലാണ് എത്തിയതെങ്കിലും പലരും മേൽപ്പറഞ്ഞ ഓപ്പർച്യുണിറ്റി കാർട് മുഖേന വന്നവരാണ്. കൂടാതെ പഞ്ചാബി, ഹിന്ദി, ഉറുദു, മലയാളം, തെലുങ്ക് ഭാഷകൾ ഫാസ്റ്റ് ഫുഡ് റെസ്റ്റോറൻ്റുകളുടെ അടുക്കളകളിൽ നിന്ന് ഉയർന്നുവരുന്നത് കേൾക്കാം. ഇത്തരം ജോലികൾ ശബരീഷിനെ പോലെയുള്ള പുതിയ കുടിയേറ്റക്കാർക്ക് തീർച്ചയായും ഒരു അതിജീവന മാർഗമാണ്. അതേസമയം ജർമനിയിലെ താൽക്കാലിക താമസം സ്ഥിരവും സുരക്ഷിതവുമാക്കാൻ ആവശ്യമുള്ള ജർമൻ ഭാഷാപ്രാപ്തി നേടുന്നതിനും, കൂടിയ ശമ്പളമുള്ള ജോലി അന്വേഷിക്കുന്നതിനും, ഉദ്യോഗസംബന്ധമായി പരസ്പരബന്ധങ്ങൾ സ്ഥാപിക്കുന്നതിനും ഇവ തടസ്സമാകുന്നു.

ജോലി കിട്ടിയില്ലെങ്കിൽ ജർമനിയിലെ താൽക്കാലിക താമസം സ്റ്റുഡന്റ് വിസയിലൂടെ രണ്ടു വർഷത്തേക്ക് നീട്ടണോ അതോ കുടിയേറ്റസ്വപ്നം മാറ്റിവച്ച് തിരിച്ച് നാട്ടിലേക്ക് മടങ്ങണോ എന്ന് ആലോചിക്കുകയാണ് ഇപ്പോൾ ശബരീഷ്. മൂന്നുവയസ്സുകാരി മകൾക്ക് അച്ഛൻ എത്രയും പെട്ടെന്ന് തിരിച്ചു വരണമെന്നാണ് ആഗ്രഹം.


Summary: Migration to Germany, Aju John writes from Berlin. Political and social conditions in Germany and students migration.


അജു ജോൺ

നിയമോപദേഷ്ടാവും ബെർലിനിലെ ഹംബോൾട്ട് സർവകലാശാലയിലെ ഗവേഷക വിദ്യാർത്ഥിയുമാണ്. യൂറോപ്യൻ എഥ്നോളജി ഇൻസ്റ്റിറ്റ്യൂട്ടിലും ബെർലിൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മൈഗ്രേഷനിലും ഡോക്ടറൽ പഠനം നടത്തുന്നു. ബെർലിനിലെ ദക്ഷിണേഷ്യൻ ഫുഡ് ഡെലിവറി തൊഴിലാളികളുടെ ജീവിതത്തെക്കുറിച്ചാണ് ഗവേഷണം. Migrant Worker and Student Canteen എന്ന ഒരു കൂട്ടായ്മക്കും നേതൃത്വം നൽകുന്നു.

Comments