“ഞങ്ങളുടെ പൂർവികർ ജൂതരാണ്, എ.ഡി 345-ൽ മെസോപ്പൊട്ടേമിയയിൽ നിന്നും വന്നവർ. വംശശുദ്ധിയും പാരമ്പര്യവും കാത്തുസൂക്ഷിക്കുന്ന ഞങ്ങൾ ഒരിക്കലും മറ്റ് വിഭാഗങ്ങളിലെ മനുഷ്യരെ വിവാഹം ചെയ്യുകയോ പ്രണയിക്കുകയോ ചെയ്യുകയില്ല. ഞങ്ങളുടെ വംശശുദ്ധി ഞങ്ങൾ കളങ്കപ്പെടുത്തില്ല’’- പത്താം ക്ലാസ്സിൽ ഒപ്പം പഠിച്ചിരുന്ന പെൺകുട്ടിയുടെ നിഷ്കളങ്കമായ അഭിപ്രായം കേട്ട് ഞാൻ ഭയപ്പെട്ടു. ഒരു നിമിഷം ഹിറ്റ്ലറും നാസിസവും വംശശുദ്ധീകരണ സിദ്ധാന്തവും സയണിസവും ആര്യ- ബ്രാഹ്മണ സിദ്ധാന്തവുമെല്ലാം മനസ്സിൽ മിന്നിമറഞ്ഞു.
വംശീയതയും അതുമായി ബന്ധപ്പെട്ട കള്ളചരിത്രങ്ങളും പ്രചരിപ്പിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന മനുഷ്യർ ധാരാളമുള്ള കേരളം, വീട്ടിൽനിന്ന് ലഭിച്ച വംശീയപാഠങ്ങൾ സ്വത്വവാദവും കഥകളും കലർത്തി പറഞ്ഞിരുന്ന കുട്ടികൾ, അവരുടെ ഭാവനയിലെ വംശം - ആൾക്കൂട്ടം. എല്ലാം ഓർമയിൽ തെളിഞ്ഞ വർഷമാണ് 2025. ഒരാൾ ഉൽപ്പത്തിയും വംശശുദ്ധിയും പറഞ്ഞു തുടങ്ങുമ്പോൾ, മറ്റുള്ളവരും മത്സരിച്ച് സ്വന്തം വംശത്തിന്റെ ശുദ്ധിയും മേന്മയും അന്വേഷിച്ചിറങ്ങും. അന്നാണ് ‘വംശീയത’യെ പുരോഗമന മുഖംമൂടിയ്ക്ക് മറവിൽ മലയാളി നടത്തുന്ന മുരൾച്ചയായി ഞാനാദ്യം കേൾക്കുന്നത്.
ഒറ്റയായി ജീവിക്കുമ്പോഴും ഒരു കൂട്ടത്തെ - സ്വന്തം ഗോത്രത്തെ- ശുദ്ധവും മറ്റുള്ളവയെയെല്ലാം അശുദ്ധവും ഇടപഴകാൻ കൊള്ളാത്തതുമായി ചിത്രീകരിക്കുന്ന മാനസികനില രോഗാതുരമായി തുടർന്നു. പക്ഷെ അപ്പോഴും അവർ വ്യക്തികൾ മാത്രമായിരുന്നു. വംശീയതയെന്ന ഭൂതത്തിന്റെ പിടിയിൽ ജീവിച്ചു മരിക്കുന്ന / മരിക്കേണ്ട വ്യക്തികൾ. താൻ ഭാഗമായ ആൾക്കൂട്ടം അവരുടെ ഭാവനകളിൽ മാത്രം ഒത്ത്ചേർന്നു. ആൾക്കൂട്ടങ്ങളായി മാറി അപരമനുഷ്യരെ മർദിച്ചു കൊല്ലുക എന്ന ആചാരം ഭാവനയിൽ മാത്രമായവർ ഒതുക്കി.
കഴിഞ്ഞ പത്ത് കൊല്ലത്തിനുള്ളിൽ കേരളത്തിൽ നടന്ന 5 ആൾക്കൂട്ടക്കൊലപാതകങ്ങളിൽ ഏറ്റവും ഭീകരമായ ഒന്ന് നടന്ന വർഷമാണ് 2025.
കഴിഞ്ഞ പത്ത് കൊല്ലത്തിനുള്ളിൽ കേരളത്തിൽ നടന്ന 5 ആൾക്കൂട്ടക്കൊലപാതകങ്ങളിൽ ഏറ്റവും ഭീകരമായ ഒന്ന് നടന്ന വർഷമാണ് 2025. വംശീയതയാൽ ഭൂതാവിഷ്ടരായ വ്യക്തികൾ തങ്ങളുടെ ഭാവനയിലെ ആൾക്കൂട്ടത്തെ കണ്ടെത്തിയ വർഷം, ആൾക്കൂട്ട കൊലപാതകമെന്ന അവരുടെ ‘ആചാരം’ ഏറ്റവും ഭീകരമായി അനുഷ്ഠിച്ച വർഷം, വംശീയ രാഷ്ട്രീയത്തിന്റെ വക്താക്കൾ തങ്ങളുടെ ഇരകളെ കണ്ടെത്തിയ വർഷം. 2025 മലയാളിയുടെ വംശീയ മുരൾച്ചയുടെ വർഷമായാണ് ഞാൻ കണ്ടെത്തുന്നത്.
“നിങ്ങൾ ബംഗ്ലാദേശിയാണോ?” എന്നാക്രോശിച്ച് ഛത്തീസ്ഗഢ് സ്വദേശിയായ രാം നാരായൺ ഭഗേൽ എന്ന കുടിയേറ്റ തൊഴിലാളിയെ മലയാളി ആൾക്കൂട്ടം മർദ്ദിച്ച് കൊന്നപ്പോൾ പ്രാവർത്തികമായത് വംശീയ രാഷ്ട്രീയമാണ്. തീവ്ര വലതുപക്ഷ വംശീയ രാഷ്ട്രീയം വിശ്വസിക്കുകയും പ്രയോഗിക്കുകയും ചെയ്യുന്ന ആൾക്കൂട്ടങ്ങൾ കേരളത്തിൽ കൂടിവരുന്നുവെന്നും അവർ രാഷ്ട്രീയമായി ശക്തരാകുന്നുമെന്നതിനുള്ള തെളിവാണിത്. വംശീയമായി ചിന്തിക്കുന്ന ആൾക്കൂട്ടങ്ങളുടെ രാഷ്ട്രീയം ശക്തമാകുന്ന ഇടത്തെല്ലാം ബി.ജെ.പി എന്ന വലതുപക്ഷ പാർട്ടിയുടെ സാന്നിധ്യം കാണാം.
രാം നാരായൺ കൊല്ലപ്പെട്ടത് പാലക്കാട് ജില്ലയിലാണ്. തദ്ദേശ തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പി തുടർച്ചയായി പാലക്കാട് നേടിക്കൊണ്ടിരിക്കുന്ന വിജയങ്ങൾ ശ്രദ്ധിക്കുക. ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറുന്ന ഇടങ്ങളിലെല്ലാം വംശീയ രാഷ്ട്രീയത്തിന്റെ പ്രയോഗങ്ങൾ നടപ്പാക്കി കൊണ്ടാണ് ബി.ജെ.പി ഇതുവരെ മുന്നേറിയതും, ഇനി മുന്നേറാനൊരുങ്ങുന്നതും.

ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ വ്യത്യാസമില്ലാതെ എല്ലാ മതവിഭാഗങ്ങളിൽ നിന്നും വലതുപക്ഷ മനോഭാവവും വംശീയ രാഷ്ട്രീയത്തിന്റെ മനോനിലയും ഒരുമിക്കുന്ന ആൾക്കൂട്ടങ്ങളെ അവർ കണ്ടെത്തുന്നു, അല്ലെങ്കിൽ നിർമ്മിച്ചെടുക്കുന്നു. അവരെ ശത്രുക്കളോ മിത്രങ്ങളോ ആക്കി മാറ്റുന്നു. നിലനിൽക്കുന്ന രാഷ്ട്രീയാന്തരീക്ഷത്തെ പൂർണമായും വംശീയമായി വ്യഖ്യാനിക്കുവാൻ ശ്രമിക്കുക വഴി ജനാധിപത്യത്തിന്റെ ഭാഷയെ തന്നെ മാറ്റി തൽസ്ഥാനത്ത് അവർ വലതുപക്ഷ വർഗ്ഗീയ വംശീയ ഭാഷയേയും, രാഷ്ട്രീയത്തേയും പ്രതിഷ്ഠിക്കുന്നു. ഈ ഭാഷയോട് ഇടപെടുന്നവരെ മാത്രം ശത്രുവായും മിത്രമായും കാണുമ്പോൾ ജനാധിപത്യവാദികൾ ഒറ്റപ്പെടുകയും, അരികുവൽക്കരിക്കപ്പെടുകയും ചെയ്യുന്നു. ആൾക്കൂട്ടത്തിന്റെ ഭാഗമാകുക വഴി സമത്വവും, സാഹോദര്യവും പരസ്പര ആശ്രയവും സാധ്യമാകുന്നു എന്ന് മാത്രമല്ല, സ്വത്വം ആധുനിക പരിതസ്ഥിതിയിൽ നിർമിക്കപ്പെടുകയും ചെയ്യുന്നു എന്നത് ആൾക്കൂട്ടങ്ങളുടെ ഭാഗമാകുവാൻ മനുഷ്യരെ നിർബന്ധിതരാക്കുന്നു. മുസ്ലിം, ക്രിസ്ത്യൻ, ഹിന്ദു എന്നീ സ്വത്വങ്ങൾ ആൾക്കൂട്ടങ്ങളായി പുനർനിർവചിക്കപെടുന്ന രാഷ്ട്രീയ പരിസരത്തിൽ ആൾക്കൂട്ടത്തിൽ ചേരുവാൻ വിമുഖത കാട്ടുന്നവർ അപ്രസക്തരാകുന്നു, ആൾക്കൂട്ടത്തിൽ ഭാഗമായവർക്ക് ഒപ്പം തുല്യത ഇല്ലാത്തവരായി മാറുന്നു.
രാഷ്ട്രീയമെന്ന ആശയങ്ങളുടെ സമരത്തെ ശരീരങ്ങൾ തമ്മിലുള്ള ഹിംസാത്മകമായ മത്സരത്തിലേയ്ക്ക് വളർത്തിയെടുക്കുക എന്ന ലക്ഷ്യം കൂടിയാണ് ഓരോ ആൾക്കൂട്ടക്കൊലപാതകവും ലക്ഷ്യം വെക്കുന്നത്.
‘കള്ളൻ’, ‘രാജ്യദ്രോഹി’, ‘അഭയാർത്ഥി’ എന്നിങ്ങനെയുള്ള ചാപ്പകൾ കുത്തി മനുഷ്യരെ ആൾക്കൂട്ടത്തിന് മുൻപിലേക്ക് ഇരകളായി എറിഞ്ഞു കൊടുക്കുന്നതിലും, അവരെ മർദ്ദിച്ച് കൊലപ്പെടുത്തുന്നതിലും വലതുപക്ഷം ഒരേ രീതികൾ തന്നെയാണ് പിൻതുടരുന്നത്. കാലങ്ങളായി പിന്തുടരുന്ന ഒരു ആചാരം പോലെ. അടിസ്ഥാന വർഗ്ഗ മനുഷ്യരെ നീചരായും, മുഖ്യധാരാ മലയാളിസമൂഹത്തിലേക്ക് ഇടിച്ചു കയറുന്ന നുഴഞ്ഞുകയറ്റക്കാരായും മുദ്രകുത്തി, എല്ലാ മലയാളികളുടേയും ഉള്ളിൽ ഒരു അപരനിർമിതിക്ക് തുടക്കം കുറിക്കുവാൻ ബി.ജെ.പിക്ക് സാധ്യമായിട്ടുണ്ട്. അല്ലെങ്കിൽ കാലങ്ങളായി നിലനിന്നുപോകുന്ന അപരനിർമിതിക്ക് ഒരു തുടർച്ച നൽകുവാൻ അവർക്ക് കഴിയുന്നുണ്ട്. യാഥാസ്ഥിതികരായ മതനേതാക്കളും സമുദായനേതാക്കളും ഇതോടൊപ്പം ചേരുമ്പോൾ വംശീയ രാഷ്ട്രീയത്തിന് സാധ്യതയുള്ള മണ്ണായി കേരളം പരുവപ്പെടും.
പരസ്പരം അകലം പാലിക്കുവാനും എന്തെങ്കിലും തരത്തിലുള്ള മനസിലാക്കലുകളെ പൂർണമായും റദ്ദാക്കിക്കളയുന്ന വംശീയ രാഷ്ട്രീയത്തിൽ ഓരോ ആൾക്കൂട്ടവും ഓരോ ഏകമുഖ യൂണിറ്റായി പെരുമാറാനാരംഭിക്കുകയും പരസ്പരം അധികാരത്തിനായി മത്സരിക്കുകയും അപരരുടെ ഉന്മൂലനത്തിനുവേണ്ടിയുള്ള പദ്ധതികൾ മെനയുകയും ചെയ്യും. അപരരെക്കുറിച്ചുള്ള അറിവിനേക്കാൾ കൂടുതൽ ഇവിടെ തെറ്റിദ്ധാരണകൾക്കും മുൻവിധികൾക്കുമാണ് പ്രാധാന്യം. ഛത്തീസ്‌ഗഢ് സ്വദേശിയെ ബംഗ്ലാദേശിയായി മുദ്ര കുത്തുക വഴി ആൾക്കൂട്ടകൊലപാതകങ്ങൾക്ക് ഇരയായി മാറുവാൻ സാധ്യതയുള്ള മനുഷ്യരുടെ ദൃശ്യം ഓരോ മലയാളിയുടെ മനസ്സിലും നിർമിക്കപ്പെടുന്നുണ്ട്.
കേരളത്തിൽ കാലങ്ങളായി സമുദായങ്ങൾക്കിടയിൽ വേരൂന്നി നിൽക്കുന്ന അപരവിദ്വേഷവും, അപരരെക്കുറിച്ചുള്ള അജ്ഞതയും ഇവർ സാംസ്കാരിക മൂലധനമായി ഉപയോഗിക്കുന്നു. വിദ്വേഷത്തിന് തുടർച്ച കണ്ടെത്തുക വഴി ആൾക്കൂട്ടങ്ങൾ പ്രയോഗിക്കുന്ന ഹിംസയ്ക്ക് ചരിത്രപരമായ സാധൂകരണവും അവർ നേടുന്നു. അപരശരീരം തൊഴിലാളിയായി ചൂഷണം ചെയ്യപ്പെടുമ്പോഴും, ആ ശരീരത്തെ ആൾക്കൂട്ടം വംശീയമായി കാണുക ശത്രുവായും, ഭീഷണിയുമായാണ്. രാഷ്ട്രീയമെന്ന ആശയങ്ങളുടെ സമരത്തെ ശരീരങ്ങൾ തമ്മിലുള്ള ഹിംസാത്മകമായ മത്സരത്തിലേയ്ക്ക് വളർത്തിയെടുക്കുക എന്ന ലക്ഷ്യം കൂടിയാണ് ഓരോ ആൾക്കൂട്ടക്കൊലപാതകവും ലക്ഷ്യം വെക്കുന്നത്.

പാലക്കാട്ട് കൊല്ലപ്പെട്ട മനുഷ്യൻ സ്വന്തം ശരീരത്തിൽ ഏറ്റുവാങ്ങിയത് എൺപതോളം മുറിവുകളാണ്. തൃശൂർ മെഡിക്കൽ കോളേജിൽ നടന്ന ഓട്ടോപ്സിയിൽ കണ്ടെത്തിയത്, രാം നാരായൺ ഭീകരമർദ്ദനത്തിനിരയായി എന്നാണ്. തലയ്ക്ക് ഏറ്റ ക്ഷതവും ആന്തരിക രക്തസ്രാവവും മൂലമാണ് അദ്ദേഹം കൊല്ലപ്പെട്ടത്. ഓട്ടോപ്സി നടത്തിയ ഹിതേഷ് ശങ്കർ പറഞ്ഞത്, മർദ്ദനമേൽക്കാത്ത ഒരു ഭാഗം പോലും അയാളുടെ ശരീരത്തിൽ ഇല്ല, എന്നാണ്. മൃഗത്തെ മർദ്ദിക്കുന്നത് പോലെ അയാളെ മർദിച്ച മനുഷ്യർ, അയാളെ മൃഗത്തെ പോലെയോ അതിലും താഴെയോ ആയാണ് മനസിലാക്കുന്നത്.
ആൾക്കൂട്ടത്തെ നേരിടുന്ന, ആൾക്കൂട്ടത്തിന്റെ ഭാഗമാകുവാൻ വിമുഖത കാണിക്കുന്ന വ്യക്തികൾ ജനാധിപത്യത്തിന്റെ ഭാഷ പുതുക്കുന്നത് വരെ ആൾക്കൂട്ടങ്ങളുടെ ഹിംസയും, വംശീയ രാഷ്ട്രീയവും തുടരും.
