വര്‍ഗീയതക്ക് വാഴാനാകാത്ത
കോഴിക്കോടന്‍ അനുഭവമാണ് തളി

കോഴിക്കോട് നഗരത്തിന്റെ നടുവിലാണ് തളി മഹാദേവ ഷേത്രം. കച്ചവടക്കാരുടെയും തൊഴിലാളികളുടെയും ആര്‍ട്ടിസ്റ്റുകളുടേയും നഗരത്തില്‍, എല്ലാത്തരം മനുഷ്യര്‍ക്കും ഒരുപോലെ ഇടമുള്ള കോഴിക്കോടന്‍ സാമൂഹികതയില്‍, പാളയം മാര്‍ക്കറ്റില്‍ നിന്നും നോക്കിയാല്‍ കാണുന്ന ദൂരത്ത് നില്‍ക്കുന്ന ഈ പൈതൃക ക്ഷേത്രത്തിന് കോഴിക്കോടിനോളം തന്നെ പഴക്കമുണ്ട്. സാമൂതിരി ഭരണകാലത്ത് 14 -ാം നൂറ്റാണ്ടിലാണ് തളി മഹാദേവ ഷേത്രം ഇന്ന് കാണുന്ന വാസ്തുശില്പ മികവോടെ നിര്‍മ്മിക്കപ്പെടുന്നത്. പിന്നീട് പല ഘട്ടങ്ങളിലായി ഈ പൗരാണിക ക്ഷേത്രം കേന്ദ്രീകരിച്ച് ജലാശയം, വിദ്യാലയം, തെരുവുകള്‍, തമിഴ് ബ്രാഹ്‌മണ സമൂഹമുള്‍പ്പെടെ വിവിധ ജാതി മത വിഭാഗങ്ങള്‍ എന്നിവയുള്‍ക്കൊള്ളുന്ന ജനപഥം വികസിച്ചു വന്നു. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ബഹുസ്വരതയുടെയും മതനിരപേക്ഷതയുടെയും പ്രതീകമായി തളി നിലകൊണ്ടു.

കോഴിക്കോടന്‍ മുഖമായ തളി ക്ഷേത്രത്തെയും അവിടുത്തെ സാംസ്‌കാരിക വൈവിധ്യങ്ങളെയും സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് തളി പൈതൃക സംരക്ഷണപദ്ധതി സര്‍ക്കാര്‍ ആവിഷ്‌കരിച്ചത്. ക്ഷേത്രത്തിനടുത്തുള്ള കണ്ടംകുളം ജൂബിലി ഹാള്‍ പുതുക്കി പണിതപ്പോള്‍ അതിന് തളി ക്ഷേത്രത്തിന്റെ മാതൃക നല്‍കുകയും കേരളത്തിന്റെ സ്വാതന്ത്ര്യ സമരപോരാട്ടങ്ങളുടെ കോഴിക്കോടന്‍ മുഖങ്ങളിലൊരാളായിരുന്ന മുഹമ്മദ് അബ്ദുറഹ്‌മാന്‍ സാഹിബിന്റെ പേര് നല്‍കുകയും ചെയ്തു. അതോടെ, കോര്‍പറേഷന്‍ ക്ഷേത്രപരിസരത്തെ ഇസ്ലാമികവല്‍ക്കരിക്കുകയാണ് എന്ന വര്‍ഗീയ പ്രചാരണവുമായി സംഘപരിവാര്‍ രംഗത്തെത്തി. അതിഥി തൊഴിലാളികളുടെ ജീവന്‍ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ക്കിടെ മരണപ്പെട്ട ഓട്ടോറിക്ഷ തൊഴിലാളി നൗഷാദിന്റെ സ്മരണയില്‍ നിര്‍മിച്ച പാര്‍ക്കിന് മേലും ഇവര്‍ വര്‍ഗീയത ആരോപിച്ചു.

തളിയുടെ ബഹുസ്വര പൈതൃകത്തിലേക്കും അത് ഏകമുഖമാക്കാന്‍ നടത്തുന്ന നീക്കങ്ങളിലേക്കും തളി സംരക്ഷണ പദ്ധതിയുടെ ലക്ഷ്യത്തിലേക്കും ഒരു അന്വേഷണം.

Comments