വിദ്യാലയ പരിസരങ്ങളിലെ സദാചാര പോലീസ്‌ സ്‌റ്റേഷനുകൾ

ആൾക്കൂട്ടത്തിന്റെ ആക്രമത്തിന് ഏറ്റവും കൂടുതൽ ഇരയാവുന്നത് കുട്ടികളും സ്ത്രീകളുമാണ്. ചരിത്രത്തിലെവിടെ പരിശോധിച്ചാലും ഈ കണക്ക് ലഭ്യമാണ്. പാർശ്വവത്കൃതരെ അല്ലെങ്കിൽ തിരസ്‌കൃതരെ ഇങ്ങനെ ആണധികാര അഹന്തയുടെയും സദാചാരത്തിന്റെയും നാട്ടുകോടതികളുടെ തീർപ്പുകൾക്ക് വിട്ടുകൊടുക്കേണ്ടതുണ്ടോ. ആധുനിക സമൂഹത്തിന് ഒരിക്കലും ഉൾക്കൊള്ളാനാവാത്തവിധം ആൾക്കൂട്ട മർദ്ദനങ്ങൾ അരങ്ങുവാഴുകയാണ്. അതിനുള്ള കാരണങ്ങൾ എന്തൊക്കെ നിരത്തിയാലും തീരുന്നതല്ല ഇത്തരം സദാചാര ആക്രമണങ്ങളുടെ വ്യാപ്തി.

പൊതു ഇടങ്ങളിലുള്ള ഒളിഞ്ഞു നോട്ടക്കാർ ഇപ്പോൾ സ്‌കൂൾ കോമ്പൗണ്ടുകളിലും സ്‌കൂളിനു പുറത്തെ ബസ്സ്‌റ്റോപ്പുകളിലും നിലയുറപ്പിച്ച് സദാചാര സംരക്ഷണത്തിന്റെ പാഠങ്ങൾ വിദ്യാർത്ഥികളെ അഭ്യസിപ്പിക്കുന്ന കാഴ്ചയാണ് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്. ഇതിൽ ഏറ്റവും ഒടുവിലത്തേതാണ് പാലക്കാട് ജില്ലയിലെ കരിമ്പ ഗവൺമെൻറ്​ ഹയർസെക്കണ്ടറി സ്‌കൂളിൽ നടന്നത്. അതാകട്ടെ സംസ്ഥാനത്തെ സ്‌കൂളുകൾ അടുത്ത അധ്യയന വർഷം മുതൽ മിക്‌സ്ഡ് സ്‌കൂളുകളാക്കി മാറ്റാനുള്ള കർമ്മ പദ്ധതികൾ ആവിഷ്‌കരിക്കണമെന്ന ബാലാവകാശ കമ്മീഷന്റെ ഉത്തരവു വന്ന അടുത്ത ദിവസമാണെന്ന ആകസ്മികതയും ഉണ്ട്.

സ്‌കൂളുകളിൽ സാധാരണ സംഭവിക്കുന്ന അച്ചടക്ക പ്രശ്‌നങ്ങളെ സദാചാരവുമായി ബന്ധപ്പെടുത്തി ആൺ പെൺ സൗഹൃദങ്ങളെ മറ്റൊരു തരത്തിൽ വ്യാഖ്യാനിക്കാനാണ് ഈ സദാചാര സംരക്ഷകർ ശ്രമിക്കുന്നത്. ഇതിന് ഉപോൽബലകമായി ധാരാളം തെളിവുകൾ അവർ നിരത്തും. ബസ്‌ സ്റ്റോപ്പുകളിൽ ആൺകുട്ടികളും പെൺകുട്ടികളും കൂട്ടം കൂടി നിന്ന് സംസാരിക്കുന്നതിന്റെ ലൈവ് വീഡിയോ പകർത്തും. കൂടുതൽ സമയം ബസ് സ്റ്റോപ്പിൽ നിൽക്കുന്നവരെ പ്രത്യേകം നോട്ടമിടും. അവരാണ് സദാചാര കമ്മറ്റിയുടെ അന്തിമ തീർപ്പിന് വിധേയരാകേണ്ടവർ. ഉത്തരേന്ത്യയിലെ കാപ്പു പഞ്ചായത്തുകളുടെ മാതൃകയിൽ നമ്മുടെ നാട്ടിലെ സ്‌കൂളുകളുെട ബസ് സ്‌റ്റോപ്പുകളിൽ ഇത്തരം സദാചാരക്കോടതികൾ പ്രവർത്തിക്കുന്നുണ്ട്.

പനയമ്പാടം ബസ് സ്റ്റോപ്പിൽ ഒരുമിച്ചിരുന്ന് പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾ
പനയമ്പാടം ബസ് സ്റ്റോപ്പിൽ ഒരുമിച്ചിരുന്ന് പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾ

അക്രമാസക്തരായ ഈ കൂട്ടരാണ് ജൂലായ് 22ന് വൈകിട്ട് കരിമ്പ പനയമ്പാടം ബസ് സ്റ്റോപ്പിൽ കുട്ടികൾക്ക് സമീപം ഭീഷണിയുമായി പാഞ്ഞെത്തിയത്. കുട്ടികളോട് സംസാരിച്ചു നിൽക്കുകയായിരുന്ന അധ്യാപകന്റെ സാന്നിധ്യത്തിൽ ഈ അക്രമിക്കൂട്ടം ആൺകുട്ടികളും പെൺകുട്ടികളുമടക്കമള്ള വിദ്യാർത്ഥികളെ മർദ്ദിക്കുകയും അസഭ്യം പറയുകയു ചെയ്തു. അവർ ചെയ്ത കുറ്റം ബസ് സ്റ്റോപ്പിൽ അടുത്തടുത്തിരുന്നു സംസാരിച്ചു എന്നതാണ്. അധ്യാപകൻ അക്രമികളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും അക്രമത്തിൽ നിന്ന് അവർ പിന്മാറിയില്ല. ആൾക്കൂട്ടത്തിന്റെ വിചാരണക്കും മർദ്ദനത്തിനും പാത്രമാകുന്ന ഈ വിദ്യാർത്ഥികൾ ഇവിടെ ഇരകളായി മാറുകയാണ്. ആണധികാരത്തിന്റെയും കൃത്രിമ രക്ഷാകർതൃത്വത്തിന്റെയും ബലിയാടുകളായിത്തീരാൻ വിധിക്കപ്പെട്ടവരായി നമ്മുടെ കുട്ടികൾ മാറുന്നു. ഇത് കേവലം കേരളത്തിലെ കരിമ്പ സ്‌കൂളിൽ മാത്രം സംഭവിക്കുന്ന ഒറ്റപ്പെട്ട കാര്യമല്ല. മിക്ക ഹയർസെക്കണ്ടറി സ്‌കൂളുകളുടെയും മുന്നിലുള്ള ബസ് സ്റ്റോപ്പുകളിലും നിരീക്ഷിച്ചാൽ ഇത്തരം സദാചാരമാമൻമാരുടെ വിളയാട്ടം കാണാൻ കഴിയും. സ്കൂളിലെ ഒരു ആൺകുട്ടി പെൺകുട്ടിയോട് പൊതു ഇടത്തിൽ സംസാരിച്ചു നിന്നാൽ അത് അൽപ്പസമയം നീണ്ടുപോയാൽ ഇവരുടെ ആൺ അഹന്തകളൊക്കെ പുറത്തു ചാടും. കരിമ്പയിലെ സംഭവത്തിനുശേഷം സ്‌കൂളിന്റെ പി.ടി.എ. എക്‌സിക്യുട്ടീവ് അംഗം കുട്ടികൾക്കുനേരെ നടത്തിയ അധിക്ഷേപവും കാണാതിരിക്കാനാവില്ല.

സദാചാര ആക്രമണം നേരിട്ട വിദ്യാർഥികൾക്കെതിരെ മോശം പരാമർശം നടത്തിയ കരിമ്പ സർക്കാർ ഹയർസെക്കൻഡറി സ്​കൂൾ പി.ടി.എ വൈസ്​ പ്രസിഡൻറ്​ എ.എസ്​. ജാഫർ അലി പിന്നീട്​ രാജിവക്കുകയും ചെയ്​തു. ഇയാൾക്കെതിരെ പി.ടി.എ എക്​സിക്യൂട്ടീവ്​ യോഗത്തിൽ വിമർശനമുയർന്ന സാഹചര്യത്തിലായിരുന്നു രാജി.

കുട്ടികൾ അനാശാസ്യപ്രവർത്തനത്തിലാണ് ഏർപ്പെടുന്നതെന്നാണ് അദ്ദേഹം കണ്ടെത്തിയത്. ഇതു പറയാൻ അദ്ദേഹത്തിന് ധൈര്യം സിദ്ധിച്ചത് നമ്മുടെ സമൂഹത്തിൽ അതിശയകരമാം വിധം വേരുറച്ചുപോയ വികലചിന്തയിൽ നിന്നാണ്. ഈ പ്രസ്താവന അദ്ദേഹം ചാനലുകൾക്കു മുന്നിൽ നടത്തുമ്പോൾ അദ്ദേഹത്തിന്റെ ശരീരഭാഷയും ശ്രദ്ധിക്കേണ്ടതായിരുന്നു. കുട്ടികളെ മർദ്ദിക്കാനുള്ള പശ്ചാത്തലമെന്തായിരുന്നുവെന്ന് ന്യായീകരണം ചമക്കുകയായിരുന്നു ഉടനീളം.സംഭവത്തിൽ നേരിട്ടുൾപ്പെട്ടിട്ടില്ലെങ്കിലും ഇദ്ദേഹത്തെപ്പോലുള്ളവരുടെ അറുവഷളൻ ബോധ്യങ്ങളാണ് കുട്ടികൾക്കെതിരായ അക്രമങ്ങൾക്ക് ഒരു പക്ഷേ ഇന്ധനമായിത്തീർന്നിട്ടുണ്ടാവുകയെന്ന് ഊഹിക്കണം.

കോങ്ങാട് എം.എൽ.എ സംഭവസ്ഥലം സന്ദർശിക്കുന്നു
കോങ്ങാട് എം.എൽ.എ സംഭവസ്ഥലം സന്ദർശിക്കുന്നു

നമ്മൾ ലിംഗസമത്വത്തെക്കുറിച്ചും തുല്യതാബോധത്തെക്കുറിച്ചും സംസാരിക്കുമ്പോൾ സദാചാരവാദികൾ ഇതിനെയൊക്കെ പുച്ഛത്തോടെയാണ് കാണുന്നത്. ആണും പെണ്ണും ബയോളജിക്കലി രണ്ടാണെന്നാണ് ഇവരുടെ വാദം. അതുകൊണ്ട് ലിംഗസമത്വമെന്നത് മിഥ്യാധാരണയിൽ നിന്നുടലെടുക്കുന്ന ആശയമാണെന്നും അവർ സമർത്ഥിക്കുന്നു. ഒരു മനുഷ്യന്റെ ജൈവികഘടനയാണോ അയാളുടെ ജീവിതത്തെ നിർണ്ണയിക്കുന്നതെന്നാണ് അവരോടുള്ള മറുചോദ്യം. സ്‌കൂളുകൾ മിക്‌സ്ഡ് ആക്കണമെന്ന ആശയം മുന്നോട്ടുവെച്ച കേരള ബാലാവകാശ കമ്മീഷൻ വിദ്യാർത്ഥികൾക്കിടയിൽ ലിംഗസമത്വം പ്രചരിപ്പിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയ ഉത്തരവ് ഇറക്കുകയുണ്ടായി. "ഇന്ത്യയിലെ വിദ്യാഭ്യാസ കമ്മീഷനുകളുടെ മിക്ക റിപ്പോർട്ടുകളിലും സ്‌കൂൾ വിദ്യാഭ്യാസം സഹ വിദ്യാഭ്യാസം (Co education ) വഴി സാധ്യമായിത്തീർക്കണം എന്ന് എടുത്ത് പറഞ്ഞിട്ടുണ്ട്. കോ-എഡ്യുക്കേഷൻ വഴി വളരുന്ന തലമുറയുടെ ശാരീരിക-മാനസിക-സാമൂഹികവളർച്ചയെ ശരിയായ രീതിയിൽ ക്രമീകരിക്കാൻ കഴിയുന്നു.

അതോടൊപ്പം തന്നെ ലിംഗസമത്വം അതിന്റെ ശരിയായ രീതിയിൽ നടപ്പിലാക്കുന്നതിനും പരസ്പരം അംഗീകരിക്കുന്നതിനും ബഹുമാനിക്കുന്നതിനും നല്ല വ്യക്തിത്വം രൂപവൽക്കരിക്കുന്നതിനും ഇത് സഹായകരമാകുന്നു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മാത്രമായി പ്രത്യേകം പ്രത്യേകം സ്‌കൂളുകൾ പ്രവർത്തിക്കുന്നത് അത്തരം സ്‌കൂളുകളിൽ കുട്ടികൾക്ക് ലിംഗനീതി നിഷേധിക്കപ്പെടുന്നതിന് കാരണമാകുന്നു. കുട്ടികളുടെ മാനസിക-വൈകാരിക സാമൂഹിക ആരോഗ്യം വളർത്തിയെടുക്കാൻ സഹവിദ്യാഭ്യാസം വഴി കഴിയുമെന്നാണ് ഉത്തരവിന് ആധാരമായ ഹർജിയിൽ ഉന്നയിക്കപ്പെട്ടിട്ടുള്ള പ്രധാന കാര്യം. പൊതുതാൽപ്പര്യത്തിന്റെ പരിധിയിലുള്ള ഇത്തരം നിരീക്ഷണങ്ങളൊക്കെ മുൻപെന്നതിനേക്കാളുമേറെ ചർച്ച ചെയ്യുന്ന കാലഘട്ടത്തിലാണ് ആൺ പെൺ വേർതിരിവിന്റെ വാദങ്ങളുയർത്തി സാമൂഹികാന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്നത്. ഇവർ പ്രതിനിധാനം ചെയ്യുന്നത് പ്രതിലോമപരമായ ആശയമാണെന്ന് അവരെ മനസ്സിലാക്കാൻ കഴിയുകയില്ലെന്നതാണ് ഏറ്റവും വലിയ ദുരന്തം. അക്രമവുമായി ബന്ധപ്പെട്ട് സ്‌കൂൾ പ്രിൻസിപ്പൽ നടത്തിയ വിശദീകരണ വീഡിയോയുടെ കീഴിലും സദാചാരവാദികൾ കുരച്ചുചാടുന്നതുകണ്ടു. കുട്ടികൾക്കിത് കിട്ടേണ്ടതാണെന്ന വാദഗതി ഉയർത്തിയാണ് പിൻമാറാൻ ഉദ്ദേശമില്ലെന്ന് ഏതാനും അനുചരന്മാർ പ്രഖ്യാപിക്കുന്നത്. നമ്മുടെ നാട്ടിലെ മത-രാഷ്ട്രീയ പ്രസ്ഥാനങ്ങളിലെ ഏതാനും ചില യുവജനസംഘടനാ പ്രവർത്തകരാണ് ഇത്തരം സദാചാരപോലീസുകാരുടെ കൈകാര്യകർത്താക്കളായി സമൂഹമാധ്യമങ്ങളിൽ വിരാജിക്കുന്നതെന്ന അശ്ലീലവും ഉണ്ട്.

വിവിധ ഗവേഷണ റിപ്പോർട്ടുകളെ ഉദ്ധരിച്ച് ബാലാവകാശ കമ്മീഷൻ റിപ്പോർട്ടിൽ പല പ്രസക്തമായ കാര്യങ്ങളും നിരീക്ഷിക്കുന്നുണ്ട്. സമഭാവനയെക്കുറിച്ചും തുല്യതയെക്കുറിച്ചും ഏറെ വാചാലമാകുന്ന നമ്മുടെ സമൂഹത്തിന് ലിംഗാവബോധത്തിന്റെ കാര്യത്തിൽ യാഥാർത്ഥ്യബോധമില്ല എന്നത് സമകാലീന സംഭവവികാസങ്ങൾ തെളിയിച്ചുകൊണ്ടേയിരിക്കുന്നു. പെൺകുട്ടികൾക്കും സ്ത്രീകൾക്കുമെതിരെയുള്ള അതിക്രമങ്ങളും സൈബറിടങ്ങളിലെ അധിക്ഷേപങ്ങളുമെല്ലാം രോഗാതുരമായ ഒരു മാനസികാവസ്ഥയുടെ ഉൽപ്പന്നങ്ങളാണ്. ആരോഗ്യകരമായ സ്ത്രീ പുരുഷ ബന്ധത്തെക്കുറിച്ചും തുല്യതയെക്കുറിച്ചും ലിംഗസമത്വത്തെക്കുറിച്ചും ശരിയായ കാഴ്ചപ്പാട് സ്‌കൂൾതലത്തിൽതന്നെ കുട്ടികൾക്കുണ്ടാകേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യകതയും അനിവാര്യതയുമാണ്. പരസ്പര ബഹുമാനം, തുല്യത, സഖാത്വം തുടങ്ങിയവയിലധിഷ്ടിതമായ ഒരു സമൂഹസൃഷ്ടിക്കുതകുന്നതാകണം നമ്മുടെ വിദ്യാലയാന്തരീക്ഷം. ഇന്ന് സമൂഹത്തിൽ അപകരകരമാം വിധം നിലനിൽക്കുന്ന സ്ത്രീ വിരുദ്ധതക്കും സദാചാര പോലീസിംഗിനും സ്ത്രീകളുടെ സ്വാതന്ത്ര്യ സീമകളെക്കുറിച്ചുള്ള വികലമായ ബോധ്യങ്ങൾക്കും ഇടനൽകുന്ന മനോഭാവങ്ങളെ തുടച്ചുകളയേണ്ടത് ഒരു പരിഷ്‌കൃത സമൂഹത്തിന്റെ ഉത്തരവാദിത്തമാണ്.

ഇതിന് തടസ്സം നിൽക്കുന്ന ഒട്ടേറെ ഘടകങ്ങൾ നിലവിൽ നമ്മുടെ പഠനപരിസരത്തുണ്ട്. അത് സ്‌കൂൾ കാമ്പസാകാം, ക്ലാസ്സ് മുറികളാവാം, അധ്യാപകരുടെ മനോഭാവമാകാം, പാഠപുസ്തകങ്ങളോ പഠനബോധനരീതികളോ പഠനപ്രക്രിയയോ ആവാം, പഠന പരിസരത്തെ കളിയിടങ്ങളടക്കമുള്ള പൊതുഇടങ്ങൾ പെൺകുട്ടികൾക്ക് നിഷേധിച്ചുകൊണ്ടാവാം, കുടുംബത്തിലും സമൂഹത്തിലുമുള്ള പുരുഷാധിപത്യമനോഭാവം കൂടുതൽ ശക്തമായി സ്‌കൂളെന്ന സാമൂഹിക സ്ഥാപനത്തിലേക്ക് സന്നിവേശിക്കുന്നതുകൊണ്ടാവാം. ആയതിനാൽ ഈ കാര്യത്തിൽ സർക്കാരും വിദ്യാഭ്യാസ വകുപ്പും ആഴത്തിലുള്ള പഠനങ്ങൾ നടത്തണമെന്നും പഠന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ വേണ്ട നടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്നും കമ്മീഷൻ വിലയിരുത്തുന്നു.

വിവിധ പഠന റിപ്പോർട്ടുകളെ കമ്മീഷൻ ഉത്തരവിൽ ഉദ്ധരിച്ചിട്ടുണ്ട്. അതിനു പുറമെ പരിഷത്ത് പ്രസിദ്ധീകരിച്ച "വിദ്യാഭ്യാസ പരിവർത്തനത്തിന് ഒരാമുഖം' എന്ന പുസ്തകവും പരിശോധിക്കപ്പെട്ടിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനം സെക്കണ്ടറി തലത്തിലെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ശാസ്ത്രീയമായ കൗമാര വിദ്യാഭ്യാസം ലഭിക്കുന്നില്ല എന്നതാണ്. പെരുമാറ്റച്ചട്ടങ്ങളിലും ക്ലാസ് റൂം പ്രവർത്തനങ്ങളിലും കാമ്പസ് സംസ്കാരത്തിലും പ്രത്യക്ഷപ്പെടുന്ന ലിംഗപരമായ വിവേചനം ഔപചാരികമായ ലൈംഗിക വിദ്യാഭ്യാസത്തെ അപ്രസക്തമാക്കുന്നു. ലൈംഗികതയെ സംബന്ധിച്ച മിത്തുകളും സാംസ്കാരികമായ വിലക്കുകളുമാണ് കുട്ടികളെ സ്വാധീനിക്കുന്നത്. അവയെ മറികടക്കാൻ കുട്ടികൾ ഉപയോഗിക്കുന്ന തന്ത്രങ്ങൾ പുരുഷമേധാവിത്ത സംസ്കാരത്തിലേക്കും ലൈംഗികമായ രഹസ്യ ജീവിതത്തിലേക്കുമാണ് നയിക്കുന്നത്. ഇത് തുല്യതയിലും സഹവർത്തിത്വത്തിലും അധിഷ്ഠിതമായ സ്ത്രീ പുരുഷ ബന്ധങ്ങളിലേക്കു നയിക്കുന്നതിനു പകരം ലിംഗഭേദത്തെ കൂടുതൽ ശക്തിപ്പെടുത്തുക മാത്രമാണ് ചെയ്യുന്നത്. സാമൂഹ്യമായ പുരുഷാധിപത്യ പ്രവണത പുതിയ തലമുറ ഉൾക്കൊള്ളുകയും ചെയ്യുന്നു എന്ന ഭാഗമാണ്.

ആൾക്കൂട്ടത്തിന്റെ ആക്രമത്തിന് ഏറ്റവും കൂടുതൽ ഇരയാവുന്നത് കുട്ടികളും സ്ത്രീകളുമാണ്. ചരിത്രത്തിലെവിടെ പരിശോധിച്ചാലും ഈ കണക്ക് ലഭ്യമാണ്. പാർശ്വവത്കൃതരെ അല്ലെങ്കിൽ തിരസ്‌കൃതരെ ഇങ്ങനെ ആണധികാര അഹന്തയുടെയും സദാചാരത്തിന്റെയും നാട്ടുകോടതികളുടെ തീർപ്പുകൾക്ക് വിട്ടുകൊടുക്കേണ്ടതുണ്ടോ. ആധുനിക സമൂഹത്തിന് ഒരിക്കലും ഉൾക്കൊള്ളാനാവാത്തവിധം ആൾക്കൂട്ട മർദ്ദനങ്ങൾ അരങ്ങുവാഴുകയാണ്. അതിനുള്ള കാരണങ്ങൾ എന്തൊക്കെ നിരത്തിയാലും തീരുന്നതല്ല ഇത്തരം സദാചാര ആക്രമണങ്ങളുടെ വ്യാപ്തി. എന്തു പ്രകോപനമാണ് കരിമ്പ സ്‌കൂളിലെ വിദ്യാർത്ഥികളെ മർദ്ദിക്കാൻ ഈ സദാചാര മാമൻമാർക്ക് ഉണ്ടായത്. ബസ് സ്റ്റോപ്പിൽ ആൺകുട്ടിയും പെൺകുട്ടിയും ഒരുമിച്ചിരുന്നതാണോ അതോ മറ്റെന്തെങ്കിലുമാണോ? മാമൻമാർക്ക് കണ്ടു നിന്ന് സഹിക്കാൻ കഴിയാതെയാണത്രെ പ്രതികരിച്ചതെന്ന് അവർ പറയുന്നു. പ്രതികരണമെന്നു പറഞ്ഞാൽ വാക്കുകൾ കൊണ്ടുള്ള അശ്ശീല വിക്ഷോഭങ്ങളും കൈക്രിയയുമാണ്. ഒരു പൊതു ഇടത്തിൽ ജനങ്ങൾ നോക്കി നിൽക്കെ കുട്ടികളെ തല്ലാൻ ആരാണ് ഇവർക്ക് ലൈസൻസ് കൊടുത്തത് ?
80 കളിലെയും 90 കളിലെയും ആൺ-പെൺ ഡൈനാമിക്‌സ് വെച്ച് ഇന്നത്തെ വിദ്യാർത്ഥി - വിദ്യാർത്ഥിനി ബന്ധത്തെ വിലയിരുത്തരുതെന്നാണ് ഈ മാമന്മാരോട് പറയാനുള്ളത്. സസൂക്ഷ്മമായി കൈകാര്യം ചെയ്യേണ്ട വിഷയമാണിത്. ഇതിനു മപ്പുറം ആൾക്കൂട്ടം വിധി നിശ്ചയിക്കേണ്ട വിഷയമല്ല ഇത്. കുട്ടികളെ മർദ്ദിച്ചവരെല്ലാവരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരേണ്ടതുണ്ട്. അല്ലെങ്കിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടും.

Comments