തൊപ്പിയുടെ തൊപ്പി ഊരിക്കാത്തവര്‍

കുട്ടി ഫാന്‍സ് നിര്‍മ്മിക്കുന്ന വെര്‍ച്വൽ മനസ്സ്

ഹായ് ഫ്രണ്ട്സ്, സ്‌കൂളീന്ന് വന്നപ്പഴാണ്ട്ടാ അറിയണത്. മുത്തേ ഇത് സീനാവൂട്ടോ. വീട്ടിലെ സീന്‍ ഡാര്‍ക്കാവൂട്ടോ. ഞാന്നാളെ സ്‌കൂളി പോകൂല്ല. തൊപ്പീന്റെ ഫാന്‍സ് വേറെ ലെവലാണ്. ഞങ്ങള്‍ പ്രതിഷേധിക്കും'.

യു റ്റ്യൂബർ നൗഫല്‍ എന്ന തൊപ്പിയുടെ അറസ്റ്റിനോട് ഒരു അഞ്ചാം ക്ലാസ്സുകാരന്റെ പ്രതികരണമാണിത്.

നമ്മുടെ വീട്ടിലെ കുഞ്ഞു വാവകള്‍ എന്നു കരുതിയിരുന്ന സ്‌കൂള്‍ കുട്ടികള്‍ ഈ ഗെയിമറിനു വേണ്ടി നിരത്തിലിറങ്ങിരിക്കുന്നു. പ്രതികരണങ്ങളുടെ പരമ്പരയാണ് ഈ സംഭവത്തിനുശേഷം നമ്മള്‍ കണ്ടത്. പ്രതികരിച്ചേ മതിയാവൂ എന്ന നിലക്കായി പലരും. കാരണം, അയാളുടെ അറസ്റ്റിലൂടെ, മുതിര്‍ന്നവരുടെ സാമൂഹ്യ- രാഷ്ട്രീയ- കലാലോകം അറിയാത്ത മറ്റൊരു വെര്‍ച്വൽ ലോകം യാഥാര്‍ഥ്യത്തിലേക്ക് വന്നിറങ്ങുകയായിരുന്നു. തൊപ്പിയുടെ കലാവിരുത് പുറംലോകം അറിയുകയും അത് ക്രമസമാധാനത്തെയും വാഹനഗതാഗതത്തെയും ബാധിക്കുകയും ചെയ്തപ്പോഴാണ്, പുതിയ തലമുറയുടെ മൂല്യച്യുതിയെയും സാംസ്‌കാരിക അധഃപതനത്തെയും പറ്റിയുമുള്ള ചര്‍ച്ചകള്‍ വീണ്ടും ഉയിര്‍ത്തെണീറ്റത്. ഇതൊരു കാലികമായ (സീസണല്‍) പ്രവണതയാണ്. നമ്മുടെ യുവ തലമുറ അല്ലെങ്കില്‍ നമ്മുടെ ചെറിയ മക്കള്‍ ഇതാ നമ്മുടെ പിടിവിട്ട്​ നമുക്ക് പരിചിതമല്ലാത്ത മറ്റെന്തിലേക്കൊക്കെയോ എത്തിപ്പെടുന്നു എന്ന ആധിയും ആശങ്കയും ഒരുതരം പാരന്റല്‍ സ്‌ട്രെസ്സ് ആണ്. ഇതുവരെ അവരെ മര്യാദ പഠിപ്പിക്കാന്‍ ഉപയോഗിച്ച രീതിശാസ്ത്രങ്ങളൊന്നും തന്നെ പ്രയോജനപ്പെടാതെ പോകുന്നു, സ്വയം മര്യാദ പഠിച്ച അല്ലെങ്കില്‍, സ്വന്തം മാതാപിതാക്കള്‍ മര്യാദ പഠിപ്പിക്കാന്‍ ഉപയോഗിച്ച വഴികളും ഫലിക്കാതെ പോകുന്നു, അവരുടെ ഭാഷ മനസ്സിലാവാതെ പോകുന്നു, എന്നിങ്ങനെ ഇനി എന്തുതന്നെ ചെയ്യണം എന്നറിയാതെ കഴിയുന്ന ഒരു പാരന്റല്‍ തലമുറയുടെ ഉത്കണ്ഠ ഈ ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന മിക്കവരിലും കാണാം. സദാചാര ചിന്തകളെ സംബന്ധിച്ച ഏറ്റക്കുറച്ചിലുകള്‍ ഇത്തരം ആലോചനകളില്‍ മുഖ്യമായി വരുന്നുമുണ്ട്. പക്ഷെ, ഇത് പഴയ ചര്‍ച്ചകളില്‍ നിന്ന് അല്പം കൂടെ കടന്ന കൈയാണ്. ഇത്രയും കാലം യുവതലമുറയുടെ മൂല്യച്യുതിയെപ്പറ്റി വാചാലരായവരൊക്കെ നിരത്തിലിറങ്ങിയ സ്‌കൂള്‍ കുട്ടികളുടെ ശക്തവും ധീരവുമായ 'തൊപ്പി- കീ ജയ്' വിളികള്‍ കേട്ട്​ അത്ഭുതപ്പെട്ടു.

മലപ്പുറത്ത് കട ഉദ്ഘാടനത്തിന് എത്തിയ മി. തൊപ്പിയെക്കാണാനുള്ള ആള്‍ക്കൂട്ടം. / Photo: Cinehoods Media

ഈ ലേഖനം രണ്ടു കാര്യങ്ങളാണ് മുന്‍പോട്ടു വെക്കുന്നത്. ഒന്ന്, നമ്മുടെ കണ്‍മുന്നിലുള്ള, നമ്മുടെയൊപ്പം താമസിക്കുന്ന, നമുക്ക് എപ്പോഴും ലഭ്യമായ ചെറിയ മനുഷ്യരുടെ മറ്റൊരു ലോകത്തെ എങ്ങനെ മനസ്സിലാക്കണം.
രണ്ടാമതായി, പുതിയ ഫാന്‍സിന്റെ ലോകമെങ്ങനെ നിര്‍മ്മിക്കപ്പെടുന്നെന്നും അവരിലേക്ക് എങ്ങനെ എത്തിപ്പെടാമെന്നുമാണ്.

ഇമ്മിണി ബല്യ ചെറിയ ലോകങ്ങള്‍

‘ഞങ്ങക്ക് ക്ലാസില്ല. ക്ലാസുണ്ടെങ്കി തന്നെ ഞങ്ങള്‍ ക്ലാസീ പോകൂല്ല. തൊപ്പീനെ കാണാന്‍ വരും’.
‘തൊപ്പീന്റെ തെറിവിളിയും കണ്ടെന്റുമാണ് എനിക്കേറ്റോം ഇഷ്ടം.’

പല നിലയ്ക്കും വളരെ വലിയ അകലം സൂക്ഷിക്കുന്ന തലമുറകളാണ് ഓരോ വീട്ടിലും കണ്ടു വരുന്നത്. അവരുടെ കാഴ്ചകള്‍, ആശയവിനിമയം, ഭാഷ എന്നിവയെല്ലാം പരസ്പരം അപരിചിതവും വ്യത്യസ്തവുമായിരിക്കുന്ന സാഹചര്യമാണുള്ളത്. തൊപ്പി എന്ന പ്രശ്നം​ എന്താണെന്നു പോലും മനസ്സിലാക്കാനാവാത്ത ബഹുഭൂരിപക്ഷം ‘മുതിര്‍ന്നവര്‍’ നമ്മുടെ ഇടയിലുണ്ട്. മഹാമാരിക്കാലത്തിന് മുന്‍പ്, നമ്മുടെ നാട്ടില്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ ഇത്രയധികം വ്യാപകമായിരുന്നില്ലല്ലോ. സൂക്ഷമമായി നോക്കിയാല്‍, മഹാമാരിക്കുശേഷം, പൂര്‍വാധികം ഉഷാറോടെ, അതുവരെ തടഞ്ഞുവെക്കപ്പെട്ട എല്ലാ ആഗ്രഹങ്ങളെയും പൂര്‍ത്തീകരിക്കാന്‍ ഇറങ്ങി തിരിച്ചിരിക്കുന്നത് തൊപ്പിയുടെയോ അയാള്‍ക്ക് ചുറ്റും തടിച്ചു കൂടുന്ന സ്‌കൂള്‍ കുട്ടികളുടെയോ തലമുറ മാത്രമല്ല. ഇവരെ കൈകാര്യം ചെയ്യാന്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള മുതിര്‍ന്നവരുടെ ലോകവും അറിഞ്ഞോ അറിയാതെയോ വളരെ വലിയ തോതില്‍ മാറ്റപ്പെട്ടിട്ടുണ്ട്.

നമ്മുടെ ചുറ്റുമുള്ള സാഹിത്യത്തിലും സിനിമയിലും വാര്‍ത്തകളിലും വീട്ടകങ്ങളിലും നിരന്തരമായി അക്രമാസക്തമായ ഉള്ളടക്കങ്ങള്‍ കടന്നുകൂടുന്നുണ്ടെന്നുള്ളതും ശ്രദ്ധിക്കപ്പെടേണ്ടതാണ്. അവയുടെ വായനക്കും കാഴ്ചക്കും ജനപ്രീതി ലഭിക്കുന്നു എന്നതുതന്നെ ഉള്ളടക്കങ്ങളുടെ ഉത്പാദകരോട് താദാത്മ്യം പ്രാപിക്കാന്‍ പ്രേക്ഷകര്‍ക്ക് കഴിയുന്നു എന്നതാണല്ലോ സൂചിപ്പിക്കുന്നത്. ലോക്ക്ഡൗണ്‍ കാലത്തിന്റെ രണ്ടു വര്‍ഷത്തിലധികം സാങ്കേതിക വിദ്യ നല്‍കിയ സാങ്കല്പിക (virtual) ലോകങ്ങളുടെ തുറവിയില്‍ നവീകരിക്കപ്പെട്ട് നമ്മള്‍ സ്വായത്തമാക്കിയത് ഇതുവരെ അനുഭവിക്കപ്പെട്ടിട്ടില്ലാത്ത വെല്ലുവിളികളാണ്.

കുടുംബാംഗങ്ങള്‍ ഒന്നിച്ചിരുന്നു കാണുന്ന തരത്തിലുള്ള ഒന്നും തന്നെ ഇല്ലാതായതോടെ ഒരേ വീട്ടില്‍ വ്യത്യസ്തങ്ങളായ സ്‌ക്രീനുകളും പേഴ്സണല്‍ ലോകങ്ങളും ഓണ്‍ ചെയ്യപ്പെട്ടു. എല്ലാവരും കണ്ടന്റ് ക്രിയേറ്റേഴ്സും ഇമാജിനറി ഓഡിയന്‍സുമായി.

ഓരോ മാധ്യമങ്ങളുടെയും പ്രേക്ഷകര്‍ പ്രായത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിക്കപ്പെട്ടു. ഈ വിഭജനം ഓരോ വ്യക്തികളുടെയും സ്വഭാവത്തെയും പെരുമാറ്റരീതികളെയും ദൈനംദിന ജീവിതത്തെയും മാറ്റിമറിച്ചു. മുഖ്യധാരാ മാധ്യമങ്ങളുടെ ജനപ്രിയതയെ പകരം വെക്കുന്ന തരത്തില്‍ സാമൂഹ്യ മാധ്യമങ്ങളും യുട്യൂബ് ചാനലുകളും കടന്നുവന്നു. കുടുംബാംഗങ്ങള്‍ ഒന്നിച്ചിരുന്നു കാണുന്ന തരത്തിലുള്ള ഒന്നും തന്നെ ഇല്ലാതായതോടെ ഒരേ വീട്ടില്‍ വ്യത്യസ്തങ്ങളായ സ്‌ക്രീനുകളും പേഴ്സണല്‍ ലോകങ്ങളും ഓണ്‍ ചെയ്യപ്പെട്ടു. എല്ലാവരും കണ്ടന്റ് ക്രിയേറ്റേഴ്സും ഇമാജിനറി ഓഡിയന്‍സുമായി. അവരവരുടെ ടെക്‌നോളോജിക്കല്‍ ഉപകരണങ്ങളില്‍ അവര്‍ നടത്തുന്ന കൗതുകകരമായ ഈ പരീക്ഷണങ്ങള്‍ സ്വന്തം കുടുംബങ്ങളില്‍ പങ്കുവെക്കപ്പെടണമെന്നു നിര്‍ബന്ധമില്ല. രഹസ്യാത്മകമായ സ്വന്തം ലോകങ്ങളിലേക്കും, അതിനോട് സമരസപ്പെടുന്ന ഗ്രൂപ്പുകളിലേക്കും എത്തിപ്പെടുന്ന ഓരോ കുട്ടിയും (മുതിര്‍ന്നവരും) പിന്നീട് വളരെ വേഗം പ്രലോഭിപ്പിക്കപ്പെടുന്നു. ഒരു സാങ്കല്പിക ലോകത്തിന്റെ പക്ഷംചേരലും അതിന്റെ മൂല്യങ്ങളോട് ഒന്നിച്ചുനില്‍ക്കലും യാഥാര്‍ഥ്യ ലോകത്തിന്റെ ആവശ്യങ്ങള്‍ക്ക് ഒട്ടും യോജിക്കാത്തതായി മനസ്സിലാക്കപ്പെടുമ്പോള്‍ പ്രതിസന്ധികളുണ്ടാവുക സ്വാഭാവികമാണ്. അതിനു ശേഷം ആളുകളില്‍ പൊതുവായി നിരീക്ഷിക്കപ്പെട്ട മാനസിക അസ്വാസ്ഥ്യങ്ങള്‍, കടുത്ത സാമൂഹ്യ ഏകാന്തത, ആത്മഹത്യകള്‍, ഹിംസാത്മകമായ സംഭവങ്ങള്‍ ഇവയൊക്കെ വ്യക്തികേന്ദ്രീകൃതമായി മാത്രം കണക്കാക്കുകയും അവയെ സമഗ്രമായ നിലയില്‍ സമീപിക്കാതെയും തുടരുന്നു.

Photo:Unicef

സ്വത്വ പ്രതിസന്ധി (ഐഡന്റിറ്റി ക്രൈസിസ് ) എന്ന വികാസപരമായ പരിണാമഘട്ടത്തിലാണ് കൗമാരകാലം. ഈ കാലം ഇന്നത്തെ സാഹചര്യത്തില്‍ പത്തു വയസ്സോടടുപ്പിച്ചു തന്നെ തുടങ്ങുന്നുണ്ടെന്ന നിലയ്ക്ക് ശാരീരികവും മാനസികവുമായ മാറ്റങ്ങള്‍ കുട്ടികള്‍ പ്രകടിപ്പിക്കുന്നുണ്ട്. വികാസസംബന്ധമായി നോക്കുമ്പോള്‍, നിര്‍ണ്ണായകമായ ഒരു സവിശേഷ പരിവര്‍ത്തനം സംഭവിക്കുന്ന പ്രായമാണിത്. കുട്ടികളില്‍ നിന്നും മുതിര്‍ന്നവരിലേക്കുള്ള ഈ പരിണാമം നിരന്തരമായ പിന്തുണ വേണ്ട കാലഘട്ടമാണ്.

ശരിയായ  മാർഗോപദേശം ലഭിച്ചും അനുഭവങ്ങളെ സ്വാംശീകരിച്ചും മുതിരാനുള്ള അവസരം ഇപ്പോൾ കുട്ടികൾക്ക് ലഭിക്കുന്നില്ല. ഇതിനു കാരണങ്ങള്‍ പലതാണ്. ഒന്നാമത്തെ കാരണം, കൗമാരക്കാലത്തിന്റെ പ്രത്യേകതകളെയും ആവശ്യങ്ങളെയും മനസ്സിലാക്കി ഓരോരുത്തര്‍ക്കും വേണ്ട പ്രൊഫഷണല്‍ പിന്തുണ കൊടുക്കാനുള്ള പരിശീലനം നേടിയവരുടെ ദൗര്‍ലഭ്യമാണ്. അവര്‍ക്കു വേണ്ടത്​ അവര്‍ താനേ എവിടെ നിന്നെങ്കിലും കണ്ടെത്തിക്കോളുമെന്ന അജ്ഞരായ മുതിര്‍ന്നവരുടെ മനോഭാവമാണ് മറ്റൊന്ന്. സ്വന്തം വളര്‍ച്ചക്കും വികാസത്തിനും ഉതകുന്ന തരത്തില്‍ വഴികാട്ടികളാവാന്‍ മാത്രം മുതിര്‍ന്നവര്‍ക്ക് അര്‍ഹതയില്ലെന്നും അഥവാ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നവരെ വകവെക്കാതെ പ്രതിരോധികളാവുന്ന കുട്ടികളുടെ മനോഭാവവും കാര്യങ്ങളെ വഷളാക്കുന്നുണ്ട്. ഇവയുടെ പരിണതഫലം, അവരുടെ സമപ്രായക്കാര്‍ ജനസമ്മതിയുള്ള ആരെയെങ്കിലുമൊക്കെ മാതൃകകളാക്കുമ്പോള്‍, അവരുടെ കഴിവുകളെക്കുറിച്ചു അല്പം പോലും ആലോചിക്കാതെ ആ ട്രെന്‍ഡിനു പിറകെ പോകുന്നു എന്നുള്ളതും കൂടെയാണ്. കൂട്ടുകാരുടെ അംഗീകാരത്തെ (peer group acceptance) ഏറ്റവും പ്രധാനമായി കരുതുന്ന ആ പ്രായത്തില്‍ ഇത് അത്ര വലിയ അതിശയമുള്ള കാര്യമൊന്നുമല്ല.

Mr.Thoppi യൂട്യൂബ് ചാനല്‍

അതേസമയം, ചെറുപ്പകാലത്തുണ്ടാവുന്ന ട്രോമകളും, നിരന്തരമായ അശ്രദ്ധയും, കടുത്ത അവഗണനകളും, ഒരു വ്യക്തിയുടെ കൗമാര-യൗവന കാലത്തെ അസാധാരണവും അനാരോഗ്യകരവുമാക്കി തീര്‍ക്കുന്നുണ്ട്. ഓണ്‍ലൈന്‍ സെന്‍സേഷനലുകളായി മാറുന്ന പലരും ഒരുപക്ഷേ ഇത്തരമൊരു വഴിത്തിരിവിലൂടെ കടന്നു പോയവരായിരിക്കാമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. അവരുടെ സവിശേഷമായ കഴിവുകളെ തിരിച്ചറിയാനും വേണ്ടത്ര ശ്രദ്ധ കൊടുക്കാനും മാതാപിതാക്കള്‍ ഉള്‍പ്പെടുന്ന പ്രിയപ്പെട്ടവര്‍ക്ക് കഴിയാതെ പോയി എന്നുള്ളതും അവരെ വ്യത്യസ്തരാക്കുന്നു. ശരി- തെറ്റുകളെ വ്യക്തികേന്ദ്രീകൃതമായി മനസ്സിലാക്കുകയും, സ്വന്ത സന്തോഷങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും കൂടുതല്‍ (മാത്രം?) പ്രാധാന്യം നല്‍കുകയും ചെയ്യുന്ന പുതിയ തലമുറയെ ഒരു തരത്തിലും മനസ്സിലാക്കാന്‍ പഴയ സങ്കേതങ്ങള്‍ കൊണ്ട് മാത്രം കഴിയുമെന്ന് തോന്നുന്നില്ല. അവരിലേക്ക് ഇറങ്ങിച്ചെന്ന്​ അവരെ അറിയുക എന്നതൊന്നും അത്ര നിസ്സാരമായി സാധ്യമാകാവുന്ന സംഗതികളുമല്ല.

തൊപ്പിയെ പോലെയുള്ള പലതരം സ്വാധീനങ്ങളിലേക്കു എത്തിപ്പെടുന്ന കുട്ടികളുടെ വെര്‍ച്വൽ ലോകത്തേക്ക് കടന്നുചെല്ലുകയെന്നത്, തുറന്ന മനസ്സോടെ മുതിര്‍ന്നവരുടെ മുന്‍വിധികളേയും മൂല്യങ്ങളെയും മരവിപ്പിച്ചുകൊണ്ട്, വേണ്ടിവന്നാല്‍ പ്രൊഫഷണല്‍ പിന്തുണ ഉറപ്പാക്കിയും ചെയ്യേണ്ട ശ്രമകരമായ തുടക്കമാണ്. കുട്ടികള്‍ സ്വന്തമാക്കുന്ന വെര്‍ച്യുല്‍ സ്വത്വത്തിനെ, യാഥാര്‍ഥ്യ സ്വത്വബോധമാക്കി മാറ്റിയെടുക്കാനുള്ള പ്രക്രിയ സ്‌കൂളുകളിലും വീടുകളിലും നിന്ന് തന്നെ തുടങ്ങേണ്ടതാണ് .

ചെറുപ്പകാലത്തുണ്ടാവുന്ന ട്രോമകളും, നിരന്തരമായ അശ്രദ്ധയും, കടുത്ത അവഗണനകളും, ഒരു വ്യക്തിയുടെ കൗമാര-യൗവന കാലത്തെ അസാധാരണവും അനാരോഗ്യകരവുമാക്കി തീര്‍ക്കുന്നുണ്ട്. ഓണ്‍ലൈന്‍ സെന്‍സേഷനലുകളായി മാറുന്ന പലരും ഒരുപക്ഷേ ഇത്തരമൊരു വഴിത്തിരിവിലൂടെ കടന്നു പോയവരായിരിക്കാമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

തൊപ്പിക്കാരാവാനുള്ളവരെപ്പറ്റി

‘തൊപ്പി മുത്താണ്, അടിപൊളിയാണ്’.
‘തൊപ്പി വളരേ നല്ല മനുഷ്യനാണ്’
‘പുള്ളി എത്ര ചീത്ത പറഞ്ഞാലും പുള്ളി അത് കണ്ട്രോള്‍ ചെയ്യണ്ട്, സ്ത്രീകളെയൊക്കെ അവോയിഡ് ചെയ്യണ്ട്, മാസ്സ് ഡയലോഗ് അടിക്കണ്ട്’.

തൊപ്പിയോടുള്ള പ്രതികരണങ്ങള്‍ തുടരുകയാണ് കുഞ്ഞുങ്ങള്‍. ഇവരിലധികവും ആണ്‍കുട്ടികളാണ്. വളരെ വിജയകരമായി വീഡിയോ ഗെയിം കളിക്കുന്ന, അസഭ്യം വാരി അവയെല്ലാം വിശദീകരിക്കുന്ന നൗഫലിനെ അവര്‍ ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തിയിരിക്കുകയാണ്. തൊപ്പിയുടെ ഫോളോവേഴ്‌സെന്ന മാനസികമായി ഒന്നിച്ചു നില്‍ക്കുന്ന, തൊപ്പിയുടെ എന്തു വിജയത്തിലും അത്യന്തം സന്തോഷിക്കുന്ന ഒരു സംഘമാണവര്‍. തൊപ്പിയുടെ ഓരോ വാക്കും ചെയ്തികളും വമ്പിച്ച കൈയടിയോടെയാണവര്‍ സ്വീകരിക്കുന്നത്. തൊപ്പിയുടെ ചാനലിനെ മാതൃകയാക്കിയും അയാളെ ഒരു സെലിബ്രിറ്റി ആക്കിയും എന്തായിരുന്നു ഈ കുരുന്നു ഫാന്‍സ് ചെയ്തു കൊണ്ടിരിക്കുന്നത്? ഫാന്‍സിന്റെ മാനസിക ലോകം എങ്ങനെയുള്ളതാണ്? ഒരു വ്യക്തിയെ അല്ലെങ്കില്‍ ഒരു ഐഡിയോളോജിയെ കണ്ണുമടച്ചു പിന്തുടരാന്‍ എങ്ങനെയാണ് സാധിക്കുന്നത്?

തൊപ്പിയെക്കുറിച്ച് പ്രാദേശിക മാധ്യമങ്ങളോട് സംസാരിക്കുന്ന ആരാധകരായ കുട്ടികള്‍

ഫാന്‍സിന്റെ മനഃശ്ശാസ്ത്രത്തെക്കുറിച്ചുള്ള പഠനങ്ങള്‍ 1970- കളിലാണ് തുടങ്ങിയതെന്ന് പറയാം. അമേരിക്കയിലെ ഒരു യൂണിവേഴ്‌സിറ്റി ഫുട്‌ബോള്‍ ടീം വിജയിച്ചത് മുതല്‍ അവിടുത്തെ വിദ്യാര്‍ഥികള്‍ ആ യൂണിവേഴ്‌സിറ്റിയുടെ പേരും ലോഗോയുമുള്ള ടീഷര്‍ട്ടുകള്‍ ധരിക്കാന്‍ തുടങ്ങി. ഇത് നിരീക്ഷിച്ച റോബര്‍ട്ട് സിയാല്‍ഡിനി എന്ന മനഃശാസ്ത്രജ്ഞന്‍ ഈ പെരുമാറ്റത്തെ BIRGing, or 'basking in reflected glory' എന്ന് വിളിക്കാന്‍ തുടങ്ങി. നമ്മളെല്ലാവരും എന്തിലെങ്കിലും ഭാഗമായിരിക്കാന്‍ ആഗ്രഹിക്കുന്നവരാണ്. നമ്മള്‍ അംഗങ്ങളായിരിക്കുന്ന ടീം ജയിക്കുമ്പോള്‍ അത് നമ്മുടെ തന്നെ വിജയമായി കണ്ട് അതില്‍ അങ്ങേയറ്റം സന്തോഷിക്കാനും അഭിമാനിക്കാനും ശ്രമിക്കുന്നു. അവരുടെ വിജത്തില്‍ യാതൊരു പങ്കും വഹിച്ചില്ലെങ്കിലും, പതിയെപ്പതിയെ മാനസികമായി നമ്മള്‍ ആ ടീമോ അല്ലെങ്കില്‍ വ്യക്തിയോ ആയി മാറുന്നു. ടീമിന്റെ തോല്‍വിയെ CORFing, or 'cutting off reflected failure' എന്ന നിലക്ക്, പ്രകടിപ്പിക്കാതെയുമിരിക്കുന്നു. പൊതുവെ നമുക്ക് തോന്നുന്ന ‘ഫീല്‍ ഗുഡ്’ എന്ന മാനസികാവസ്ഥയെ സ്ഥിരമാക്കി നിര്‍ത്താനാണ് ഇത്തരം ബന്ധങ്ങള്‍ സഹായിക്കുക.

റോബര്‍ട്ട് സിയാല്‍ഡിനി

ഒരേ ചരിത്രവും ലക്ഷ്യവും സ്വപ്നവും സ്വത്വവും പങ്കു വെക്കുന്ന ഒരു ഗ്രൂപ്പിന്റെ ഭാഗമാകുന്നത് അവരവരുടെ സന്തോഷകരമായ നിലനില്‍പ്പിനെ സ്വാധീനിക്കുന്നുണ്ട്. മൈക്കിള്‍ ബോണ്ട് (2023) തന്റെ പുസ്തകത്തില്‍ ഫാന്‍ഡം നല്‍കുന്ന സന്തോഷങ്ങളെക്കുറിച്ചു പ്രതിപാദിക്കുന്നുണ്ട്. പങ്കുവെക്കപ്പെടുന്ന സാംസ്‌കാരിക ബന്ധങ്ങള്‍ ഒരു വ്യക്തിക്ക്, ജീവിതത്തിന്​ അര്‍ത്ഥവും ലക്ഷ്യവും ഉണ്ടാക്കാന്‍ സഹായിക്കുന്നുണ്ട്. മെച്ചപ്പെട്ട മാനസികക്ഷേമവും കുറ്റബോധമില്ലാതെയുള്ള സ്വയം പ്രകടനശ്രമങ്ങളും സാധൂകരിക്കപ്പെടുന്നത് ഇത്തരം കൂട്ടങ്ങളുടെ ഭാഗമാവുമ്പോഴാണ്. ഇതിന് മറ്റൊരു വൈകാരിക വശമുണ്ട്. നിങ്ങള്‍ എത്ര മാത്രം സ്വയം ആ ഗ്രൂപ്പിലേക്കു മുതല്‍മുടക്കുന്നോ അത്രയധികം വൈകാരിക വിക്ഷോഭത്തിന് അടിപ്പെടേണ്ടി വരുന്നുണ്ട്. ഇവിടെ, തൊപ്പിയുടെ അറസ്റ്റിനെ താങ്ങാനാവാതെ പൊട്ടിത്തെറിക്കുന്ന കുട്ടികള്‍ അവര്‍ ഇത്ര നാളും കരുതിപ്പോന്ന ശരികളെ ചേര്‍ത്തുപിടിക്കാന്‍ ശ്രമിക്കുകയാണ്. ജീവിതത്തില്‍ മറ്റെന്തിനേക്കാള്‍ പ്രാധാന്യം ബിലോങ്ങിങ് അഥവാ ഒന്നിനോട് ചേര്‍ന്നുനില്‍ക്കുക എന്നതാണെന്ന് ഇവര്‍ പ്രകടമാക്കുന്നു. ഫാന്‍സിനെ തെറി പറയുന്ന തൊപ്പിയെ കാണാനും കൂടെയാണ് അവര്‍ റോഡ് ഗതാഗതം തടസ്സപ്പെടുത്തിയതെന്നും കാണുമ്പോള്‍ ഫാന്‍ഹുഡിന്റെ പാരമ്യം വ്യക്തമാവും.

Yujia Gao

വീടിന്റെയോ നാടിന്റെയോ അടഞ്ഞ ലോകത്തുനിന്ന് തൊപ്പി അവര്‍ക്ക് അതിരുകളില്ലാത്ത അനുഭവ ലോകം സമ്മാനിക്കുകയാണ്. നിങ്ങള്‍ക്കുവേണ്ടത് പറയാനും ചെയ്യാനും നിങ്ങളുടെ ചുറ്റുപാടില്‍ കഴിയില്ലെങ്കിലും അത് ചെയ്തുകാണിക്കുക വഴി സ്വന്തം ആഗ്രഹങ്ങള്‍ സാധുവാക്കപ്പെടുന്നു. വീഡിയോ ഗെയിമുകളിലൂടെ ഒരുതരം പങ്കാളിത്ത സംസ്‌കാരം (participatory culture) ഉടലെടുത്തു വരുന്നുണ്ട് (Yujia Gao, 2021). നവ മാധ്യമങ്ങളുടെ വരവോടെ ഫാന്‍ഡം എന്ന ഉപസംസ്‌കാരം യുവതലമുറയെ ഒന്നിക്കാനുള്ള ഒരു വേദി കൂടെയായി. അത് കൊണ്ടാണ് ഫാന്‍സിന്റെ മനശ്ശാസ്ത്രത്തെ പറ്റിയുള്ള ചര്‍ച്ചകളും പഠനങ്ങളും സാമൂഹ്യ- സാംസ്‌കാരിക-മാധ്യമ വിശകലനം കൂടെയാവുന്നത്. തൊപ്പിക്ക് അസഭ്യം പറയുന്നതില്‍ ‘കൺട്രോൾ’ ഉണ്ടെന്നും, സ്ത്രീകളെ അവോയിഡ് ചെയ്യുന്നുവെന്നും, കുട്ടി ഫാന്‍സ് പറയുമ്പോള്‍ നമ്മള്‍ ആശ്ചര്യപ്പെടുന്നു. അതിനുകാരണം, ഗ്രൂപ്പുകളില്‍ ഇടപെടുന്നവരുടെ ധാര്‍മ്മിക നിലവാരം ഗ്രൂപ്പ് തീരുമാനിക്കുന്നതുകൊണ്ടും ആ ഗ്രൂപ്പിന് പുറത്തുള്ളവര്‍ക്ക് അതൊട്ടും പരിചിതമല്ലാത്തതു കൊണ്ടുമാണ്.

മുതിര്‍ന്ന ഫാന്‍സിന്റെ സവിശേഷതകളെ സ്വതന്ത്രമായ തിരഞ്ഞെടുപ്പുകളായി മനസ്സിലാക്കാമെങ്കില്‍ കുട്ടിഫാന്‍സിന്റെ പെരുമാറ്റങ്ങളെ വികാസപരമായ ആവശ്യങ്ങളായി വേണം കരുതാന്‍. നേതൃത്വ പാടവം, ബുദ്ധി സാമര്‍ഥ്യം, കോണ്‍ഫിഡന്‍സ്, ചുറുചുറുക്ക് എന്നിങ്ങനെ പല കഴിവുകളുമുള്ള കുട്ടികള്‍ക്ക് അവയെ പരുവപ്പെടുത്തിയെടുക്കാന്‍ വേണ്ട സഹായം നല്‍കാവുന്നതാണ്. വിവേചനപൂര്‍ണ്ണമായ ഈ പരിശീലനം വലിയൊരു തോതില്‍ അവര്‍ക്കു വേണ്ട ശ്രദ്ധയും കരുതലും നല്‍കും.

നിങ്ങള്‍ എത്ര മാത്രം സ്വയം ആ ഗ്രൂപ്പിലേക്കു മുതല്‍മുടക്കുന്നോ അത്രയധികം വൈകാരിക വിക്ഷോഭത്തിന് അടിപ്പെടേണ്ടി വരുന്നുണ്ട്. ഇവിടെ, തൊപ്പിയുടെ അറസ്റ്റിനെ താങ്ങാനാവാതെ പൊട്ടിത്തെറിക്കുന്ന കുട്ടികള്‍ അവര്‍ ഇത്ര നാളും കരുതിപ്പോന്ന ശരികളെ ചേര്‍ത്തുപിടിക്കാന്‍ ശ്രമിക്കുകയാണ്.

നിരത്തിലിറങ്ങി പ്രതിഷേധിക്കുന്ന ഈ കുട്ടികളെ അവരുടെ വഴിക്കു വിടുന്നതാണോ അതോ 'അടക്കമില്ലാത്ത' ഇത്തരം പെരുമാറ്റത്തെ നിയന്ത്രിക്കുകയാണോ വേണ്ടതെന്ന തരത്തിലുള്ള ആശയക്കുഴപ്പങ്ങള്‍ ചുറ്റുമുണ്ട്. എന്നാല്‍, ഇവരുടെ സമാന്തര ലോക സംസ്‌കാരത്തെ അടുത്തറിയാനുള്ള പരിശ്രമം നടത്തേണ്ടത് എന്തുകൊണ്ടും വളരെ പ്രധാനമാണ്. സ്ത്രീവിരുദ്ധതയും അക്രമവും തെറിവിളിയും നടത്തുന്ന തൊപ്പിയെ വാനോളം പുകഴ്ത്തുന്ന ഈ കുട്ടികളുടെ സെന്‍സിബിലിറ്റി എന്താണ് നിര്‍ണയിക്കുന്നത്? ഈ പ്രായത്തില്‍ അവര്‍ എന്തിന്റെയൊക്കെ ഭാഗമാകേണ്ടതുണ്ടെന്നും, അവര്‍അതിന്റെയൊന്നും ഭാഗമാകാതെയിരിക്കുന്നതെന്തു കൊണ്ടാണെന്നും പരിശോധിക്കേണ്ടതുണ്ട്. മുതിര്‍ന്നവരുടെ ലോകം യാതൊരു തരത്തിലും സ്വാഭാവികമായി പങ്കുവെക്കപ്പെടാതിരിക്കുന്ന കുട്ടികളുടെ സാമൂഹ്യനിരീക്ഷണവും കാഴ്ചപ്പാടുകളും മനസ്സിലാക്കപ്പെടേണ്ടതുണ്ട്. ഇതിനെയൊന്നും ഒരു പൊതുഅഭിപ്രായമായി കരുതാതെ, ഈ കുട്ടികളുടെ ആവശ്യങ്ങള്‍ മനസ്സിലാക്കി അതിനുവേണ്ട രീതിയിലുള്ള മാറ്റങ്ങള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വീടുകളിലും ക്രമീകരിക്കേണ്ടതുണ്ട്.

References:
1.Michael Bond (2023), Fans: A journey into the psychology of belonging. Welldoing.
2.Yujia Gao (2021), Motivation of Fan Behavior Under the Influence of Psychology and New Media. Proceedings of the 2021 International Conference on Culture, Design and Social Development. DOI: 10.2991/assehr.k.220109.069


റ്റിസി മറിയം തോമസ്

എഴുത്തുകാരി, കേരള സർവകലാശാല മനഃശാസ്ത്ര വിഭാഗത്തിൽ അസിസ്​റ്റൻറ്​ പ്രൊഫസർ. ജെൻഡർ സ്​റ്റഡീസ്​, സോഷ്യൽ- കൾചറൽ സൈക്കോളജി, മാനസികാരോഗ്യം തുടങ്ങിയ മേഖലകളിൽ ഗവേഷണം നടത്തുന്നു. ​​​​​​​ഇറങ്ങിനടപ്പ്​, പെൺവഴി(എഡിറ്റർ), പെണ്ണിര (എഡിറ്റർ) എന്നിവ പ്രധാന കൃതികൾ.

Comments