PHOTO: John Mathew / flickr

വൻ നഗരങ്ങളിലും കടൽ കടന്നും
കലാശം ചവിട്ടുന്ന മുത്തപ്പൻ

മലയിറക്കത്തിന്റെയും മലകയറ്റത്തിന്റെയും സാംസ്കാരിക ഊർജമായിരിക്കണം ഇന്ന് മുത്തപ്പനെ മലയാളികളുള്ള പ്രത്യേകിച്ച്, വടക്കേ മലബാറുകാരുള്ള ദേശത്തിലേക്ക് പറിച്ചുനടുവാൻ സാധിക്കുന്നത്. ഇന്ത്യയിലെ വൻ നഗരങ്ങളായ മുംബെയിലും ഡൽഹിയിലും ചെന്നൈയിലും മുത്തപ്പന്റെ മടപ്പുര പണിയുകയും ദേശത്ത് എന്നിങ്ങനെയാണോ മുത്തപ്പനെ കെട്ടിയാടുന്നത്, അവ്വിധം അവിടങ്ങളിലും മുത്തപ്പൻ തന്റെ കലാശം ചവിട്ടുന്നുണ്ട്- ഡോ. രാജേഷ് കോമത്ത് എഴുതുന്നു.

തെയ്യപ്രപഞ്ചത്തിന്റെ ഏറ്റവും ജനകീയ ദൈവസങ്കല്പമാണ് മുത്തപ്പൻ. മുത്തപ്പൻ എന്ന ശബ്ദം അർത്ഥമാക്കുന്നതുപോലെ മുതിർന്ന, പ്രായമുള്ള കാരണവർ, മറ്റെല്ലാം അപ്പൻമാരിലും മൂത്തയാൾ എന്നിങ്ങനെ മനസ്സിലാക്കിയാലും മുത്തപ്പന്റെ ആരൂഡം മനസ്സിലാക്കാം.

മുത്തശ്ശിയും മുതുമുത്തശ്ശിയും നമ്മുടെ കുുടംബജീവിതത്തിലുള്ളതുപോലെ മുത്തച്ഛനും മുതുമുത്തച്ഛനും ഏതൊരു പിൻതുടർച്ചാ പാരമ്പര്യ സമൂഹത്തിലുമുണ്ട്. ഒരു പരമ്പരയെ ഓർക്കുന്ന കണ്ണികളായി ഇത്തരം സങ്കല്പങ്ങൾ, സ്ഥാനരൂപങ്ങൾ ഇന്നും നമ്മുടെ ജീവിതത്തിൽ സജീവസാന്നിധ്യമായി നിലനിൽക്കുന്നു. പരമ്പര എന്നത് നമുക്ക് അറിയാൻ കഴിയാത്ത കാലത്തും എഴുത്തും വായനയും ഇല്ലാതിരുന്ന കാലത്തും അതിനുശേഷമുള്ള ജീവിതഘട്ടങ്ങളിലും കൈമാറിവരുന്ന പെരുമാറ്റ രീതികളെയും ആരാധനാരൂപങ്ങളെയും അർത്ഥമാക്കുന്നു.

ആധുനിക മനുഷ്യൻ ലിഖിതരൂപത്തിൽ പൂർവ്വികരുടെ ഓർമ്മകൾ അവശേഷിപ്പിക്കാൻ സൂക്ഷിക്കുകയും ഓർമയിൽ നിലനിർത്തുകയും ചെയ്യുന്നത് ശവക്കല്ലറകൾ പണിതും പഴയ ചിത്രങ്ങൾ സൂക്ഷിച്ചുമാണ്. ഈ സൂക്ഷിപ്പിന് മനുഷ്യന്റെ സംസ്കാരത്തിന്റെ വളർച്ചയുടെ ഘട്ടങ്ങൾ അടയാളപ്പെടുത്തുന്ന ശീലമുണ്ട്. ചില സമ്പന്ന വീടുകളിൽ പോയാൽ അവരുടെ മൂന്നോ നാലോ തലമുറകൾക്കപ്പുറത്തുള്ള കാരണവൻമാരുടെയും മുത്തശ്ശിമാരുടെയും ഫോട്ടോഗ്രാഫുകൾ ഫ്രെയിം ചെയ്ത് ചുമരുകളിൽ തൂക്കിയിട്ടുണ്ടാവും. അല്ലെങ്കിൽ ആൽബങ്ങളിൽ സൂക്ഷിച്ചിരിക്കും. ഈ ആൽബങ്ങൾ ഒരു ഓർമപ്പെടുത്തലും ചരിത്രസൂക്ഷിപ്പുകളുമാണ്. ഇതുപോലെ മനുഷ്യരുടെ ജീവിതത്തിന്റെ പഴമയെ സൂക്ഷിക്കുന്ന ഒരു അനുഷ്ടാനരൂപമാണ് മുത്തപ്പൻ. പൂർവികാരാധനയുടെ ആൽബമാണിത്. അതുകൊണ്ട് മനുഷ്യഭേദങ്ങളില്ലാതെ മുത്തപ്പൻ എന്ന സങ്കല്‍പം നമ്മുടെ ഓർമയിലും ചരിത്രത്തിലുമുണ്ട്.

ഈ നിത്യസാന്നിധ്യമാണ് മുത്തപ്പനെ ജനകീയനാക്കുന്നത്. മുത്തപ്പൻ തെയ്യമായി കെട്ടിയാടുമ്പോൾ ആ തെയ്യം കാണുന്നവരുടെയൊക്കെ മുതുമുത്തച്ഛന്റെ അംശമാണ് കെട്ടിയാടപ്പെടുന്നത്. കളിയാട്ടരൂപം പഴയ മനസ്സുകളുടെ തിരുശേഷിപ്പുകളാണ്. ആധുനിക മനുഷ്യൻ ആൽബത്തിലൂടെ സൂക്ഷിക്കുമ്പോൾ പൂർവ്വികരുടെ കഥയും ഓർമയും അവരുടെ ഇഷ്ടങ്ങളും രുചിയും നിറവും മണവും അനുഷ്ഠാനരൂപത്തിൽ പൂർവ്വികർ സൂക്ഷിക്കുകയും പിൻതുടർച്ചക്കാർ അത് തുടരുകയും ചെയ്യുന്നതിന്റെ അടിസ്ഥാനത്തിലാണ് മുത്തപ്പൻ നിത്യസാന്നിധ്യവും ജനകീയവുമാകുന്നത്.

മുത്തപ്പൻ ദൈവത്തിന്റെ വാഹനം ഒരു നായയാണ്. അതിനാൽ നായാട്ടു ജീവിത്തിന്റെ തുടർച്ചകൾ ഈ ആരാധനാരൂപത്തിൽ കാണാം.
മുത്തപ്പൻ ദൈവത്തിന്റെ വാഹനം ഒരു നായയാണ്. അതിനാൽ നായാട്ടു ജീവിത്തിന്റെ തുടർച്ചകൾ ഈ ആരാധനാരൂപത്തിൽ കാണാം.

തെയ്യം കെട്ടുന്ന എല്ലാ സമുദായത്തിലും ഇന്നും നടക്കുന്ന മുതിർച്ചകളാണ് അകത്ത് വെക്കുക എന്നത്. വിശേഷപ്പെട്ട ദിവസങ്ങളിൽ അവരുടെ പൂർവ്വികർക്കായി അവർക്കിഷ്ടപ്പെട്ട വിഭവങ്ങൾ വാഴയിലയിലാക്കി നിവേദിക്കുകയും നിവേദിച്ച അകം അടയ്ക്കുകയും ചെയ്യുന്നു. ഈ സമയത്ത് പൂർവ്വികരായ മുത്തപ്പൻമാർ വന്ന് അവരുടെ ഇഷ്ടവിഭവങ്ങൾ കഴിക്കുന്നു എന്നാണ് വിശ്വാസം. ഇത്തരം അകത്ത് വെച്ചുകൊടുക്കലുകൾ ഏത് സമൂഹ കുടുംബജീവിതത്തിലും നമുക്ക് കാണാം. കർക്കിടകവാവിന് ബലിയിടുന്നതും ഒരർത്ഥത്തിൽ ഈ പൂർവ്വികരുമായുള്ള ബന്ധമാണ്. അവർ കാക്കയുടെ രൂപത്തിൽ വന്ന് നമ്മൾ നിവേദിച്ച വിഭവങ്ങൾ വന്നുകഴിക്കുന്നു എന്നതാണ് വിശ്വാസം. മനുഷ്യന്റെ ഈ പൂർവ്വികാരാധനയുടെ കെട്ടിയാട്ടമാണ് മുത്തപ്പൻ തെയ്യം. അതുകൊണ്ടുതന്നെ എന്നോ ജീവിച്ച് പുതിയ തലമുറയ്ക്ക് തന്റെ അധ്വാനവും സിദ്ധിയും പകർന്ന രക്തബന്ധത്തിന്റെ തുടർച്ചയാണ് മുത്തപ്പൻ. അത് വെറും മനുഷ്യലോകം മാത്രമായുള്ള ബന്ധമല്ല.

പ്രകൃതി, കൃഷി, മറ്റ് ജന്തുക്കൾ എന്നിവയുമായൊക്കെ മുത്തപ്പൻ മനുഷ്യജീവിതത്തെ കോർത്തെടുക്കുന്നു. മുത്തപ്പൻ ദൈവത്തിന്റെ വാഹനം ഒരു നായയാണ്. അതിനാൽ നായാട്ടു ജീവിത്തിന്റെ തുടർച്ചകൾ ഈ ആരാധനാരൂപത്തിൽ കാണാം. മുത്തപ്പൻ തെയ്യത്തിന്റെ ഐതീഹ്യത്തിൽ ഏറ്റവും പ്രകടമായി വരുന്ന ദേശം മലമുകളിലാണ്. മലയിലെ ജീവിതം അവിടങ്ങളിലെ അടിയാളരുടെയും ആദിവാസികളുടെയും ജീവിതം മുത്തപ്പന്റെ അനുഷ്ഠാനം സൂക്ഷിക്കുന്നുണ്ട്. ജനനം- ജീവിതം- യൗവനം- വാർധക്യം- മരണം- മരണാനന്തരം സംഭവിക്കുന്ന ജീവിതഘട്ടങ്ങളെയെല്ലാം ചിത്രീകരിക്കുന്ന സമഗ്ര മനുഷ്യജീവിതമാണ് മുത്തപ്പൻ. അതുകൊണ്ടുതന്നെ മുത്തപ്പൻ ഒരാളല്ല. അനേകം മുത്തപ്പൻമാരുടെ പ്രതീകമാണത്. അതിന് മറ്റ് അമ്മ മാതാവായും ബന്ധമുണ്ട്. കരിങ്കാത്തി, പുള്ളിക്കാത്തിയമ്മ, കുഞ്ഞാർകുറത്തിയമ്മ, പലതരം ഭഗവതിമാർ മുത്തപ്പനാരാധനയിൽ കടന്നുപോകുന്നുണ്ട്. തടുത്തുണ്ട മുത്തപ്പൻ, തുമ്പമല മുത്തപ്പൻ, തൂവക്കാരി മുത്തപ്പൻ, പുരളിമല മുത്തപ്പൻ, പെലോയി മുത്തപ്പൻ എന്നിങ്ങനെയുള്ള വിവിധ പേരിലുള്ള മുത്തപ്പൻമാരെ മലമുകളിലുള്ള മനുഷ്യ സംസ്കാരം ആരാധിക്കുന്നുണ്ട്. ചിലപ്പോൾ അതിന് കെട്ടിയാട്ട രൂപമില്ലായിരിക്കും. തന്നിലും അവരെ ആരാധിക്കാനുള്ള ക‌ർമങ്ങൾ നടത്താറുണ്ട്.‌

മനുഷ്യന്റെയും അവരുടെ കുലത്തിന്റെയും പെറ്റുപെരുകലിൽ മുത്തപ്പനും മുത്തശ്ശിമാരും രൂപപ്പെടുത്തിയ സംസ്കാരത്തിന്റെ കെട്ടിയാട്ടമാണ് മുത്തപ്പൻ തെയ്യം. ലോകചരിത്രത്തിൽ ഇത്തരത്തിലുള്ള പൂർവ്വികാരാധനയുടെ എണ്ണമറ്റ രൂപങ്ങളുണ്ട്. ഇന്ത്യയിൽ സജീവമായ ശൈവ- കാളീ സങ്കൽപ്പത്തിലും ഈ അനുഷ്ഠാനരൂപങ്ങളുടെ നിറപ്പകിട്ട് കാണാം. നമ്മുടെ സർപ്പാരാധനയിലുമുണ്ട് മൂത്ത സർപ്പവും ഇളയ സർപ്പവും. സർപ്പാരാധനയും മനുഷ്യരും ജന്തുക്കളും പെറ്റുപെരുകുന്നതിന്റെ പ്രതീകങ്ങളാണ്. എണ്ണമറ്റ കാളീസങ്കൽപങ്ങളും നമ്മെ എത്തിക്കുന്നത് രക്തത്തിന്റെ പകർന്നാട്ടമായാണ്. രക്തബന്ധങ്ങളുടെ കണ്ണിയിൽ ചേർക്കുന്ന അവിടെ ചേർന്നും പിണങ്ങിയും പോയ എണ്ണമറ്റ അമ്മമാർ സമ്മേളിക്കുന്നിടം കൂടിയാണ് കാളിസേവയും കാളിയാട്ടവും. മുത്തപ്പന് ഇത്രമാത്രം പ്രാധാന്യം കിട്ടിയിട്ടുണ്ടാവുക പിതൃമേൽക്കോയ്മയുടെ സമൂഹഘടനയിലാവണം. മുത്തപ്പൻ തെയ്യമായി ആടുന്നത് വടക്കേ മലബാറിലെ പൊടിക്കളത്തിലും മടപ്പുരയിലുമാണ്. തിയ്യനായ മടയൻ മുത്തപ്പന്റെ പ്രധാന കർമിയായി വരുന്നു. കള്ളും റാക്കും മുത്തപ്പന് പ്രിയം. കള്ള് ചെത്തുകയും കുടിക്കുകയും ചെയ്യുന്ന ധാരാളം നിമിഷങ്ങൾ മുത്തപ്പന്റെ ഐതീഹ്യത്തിലുണ്ട്. മുത്തപ്പന് അമ്പും വില്ലുമുണ്ട്. കള്ളരിയുന്ന കത്തിയുണ്ട്. വേട്ടയാടലിന്റെയും പടവെട്ടിയതിന്റെയും ആൺകരുത്ത് മുത്തപ്പനിൽ ദർശിക്കാം. അതുകൊണ്ടുതന്നെ ഒരു ജനതയെ ആക്രമണത്തിൽ നിന്ന് രക്ഷിക്കുകയും അവരുടെ ആഹാരത്തിന് തടസ്സമാകുന്നതിനെ ഇല്ലാതാക്കുകയും ചെയ്ത ഒരു വീരൻ മുത്തപ്പനിലുണ്ട്.

നമ്മുടെ സർപ്പാരാധനയിലുമുണ്ട് മൂത്ത സർപ്പവും ഇളയ സർപ്പവും. സർപ്പാരാധനയും മനുഷ്യരും ജന്തുക്കളും പെറ്റുപെരുകുന്നതിന്റെ പ്രതീകങ്ങളാണ്.
നമ്മുടെ സർപ്പാരാധനയിലുമുണ്ട് മൂത്ത സർപ്പവും ഇളയ സർപ്പവും. സർപ്പാരാധനയും മനുഷ്യരും ജന്തുക്കളും പെറ്റുപെരുകുന്നതിന്റെ പ്രതീകങ്ങളാണ്.

വടക്കേ മലബാറിലെ വീരാരാധനയുടെ ഉറവിടം മുത്തപ്പിൽ നമുക്ക് കാണാം. അതുകൊണ്ടുകൂടിയാണ് മുത്തപ്പൻ തെയ്യം ജനകീയനാകുന്നത്. അതോടൊപ്പം മുത്തപ്പൻ കൂടുതലായും കെട്ടിയാടുന്നത് ഏത് തൊഴിലിലും ഏർപ്പെടുന്ന തൊഴിൽ കൂട്ടങ്ങളിലാണ്. സാധാരണ മനുഷ്യന്റെ നിത്യജീവിതത്തിൽ അദ്ധ്വാനത്തിന്റെ കായബലം മുത്തപ്പനിൽ ദർശിക്കാം. അദികാരഘടനയിൽ എന്നും താഴെയുള്ളവന്റെ ജീവിതത്തുടിപ്പാണ് മുത്തപ്പനിലൂടെ ആവരണം ചെയ്യുന്നത്. അതുകൊണ്ടായിരിക്കണം മധ്യകാല സമൂഹത്തിന്റെ സ്വരൂപവാഴ്ചാ നിയന്ത്രണങ്ങൾക്കപ്പുറം സഞ്ചരിക്കാൻ മുത്തപ്പൻ തെയ്യത്തിന് കഴിയുന്നത്. അതിന്റെ ജീവിക്കുന്ന തെളിവാണ് റയിൽവേ സ്റ്റേഷനുകളിൽ ഉണ്ടായിവന്ന റയിൽവേ മടപ്പുരകൾ. കോളണിയൻ അധിനിവേശകാലത്ത് രൂപപ്പെട്ട തീവണ്ടിപ്പാതകളുണ്ടാക്കാൻ കൈത്തൊഴിലിലേർപ്പെട്ടിരുന്ന കൂലിപ്പണിക്കാർ ചില മാസങ്ങളിൽ പണിക്കെത്താത്തത് അന്വേഷിച്ചപ്പോഴാണ് ഇവർ മുത്തപ്പൻ തെയ്യത്തിന്റെ അനുഗ്രഹത്തിനായി അവരവരുടെ ദേശത്ത് പോകുന്നത് മനസ്സിലാക്കിയത്. തൊഴിലാളികൾ ഇങ്ങനെ പോകാതിരിക്കാൻ അവർ ​തൊഴിലെടുക്കുന്നിടത്തിൽത്തന്നെ മുത്തപ്പൻ പൊടിക്കളമൊരുക്കുകയും അത് കാലക്രമത്തിൽ മടപ്പുരകളായി മാറിയതിന്റെ ചരിത്രവഴിയാണ് റെയിൽവേ മുത്തപ്പൻമാർ. പണിയിലേർപ്പെട്ടിരുന്ന തൊഴിലാളികളുടെ ആഗ്രഹം പൂർത്തീകരിക്കപ്പെട്ടാലും അവർ മുത്തപ്പന് മുതിർച്ചിക്കും. അന്യദേശത്തുനിന്ന് മറ്റൊരു ദേശത്ത് പറിച്ചുനടപ്പെട്ട മനുഷ്യരുടെ അഭയകേന്ദ്രവുമായിരിക്കണം മുത്തപ്പൻ തെയ്യം. ഒരു ദേശം മറ്റൊരു ദേശത്തിനോട് പറയുന്ന ജീവിതകഥയാണ് മുത്തപ്പൻ. അതുകൊണ്ടു കൂടിയാവണം മുത്തപ്പൻ ദേശങ്ങൾ താണ്ടി വടക്കുംകൂറും തെക്കുംകൂറും വഴക്കങ്ങൾക്കപ്പുറം സഞ്ചരിച്ചത്.

ഈ തെയ്യത്തിന്റെ അനുഷ്ഠാനപാഠത്തിൽ ഏറ്റവും നിർണായക അനുഷ്ഠാനമാണ് മലകീക്കലും മലകേറ്റലും. മുത്തപ്പനെ മലയിൽനിന്നിറക്കി ഇടദേശത്ത് കൊണ്ടുവരണം. കൊണ്ടിറക്കിയ മുത്തപ്പനെ മലനാട്ടിലേക്ക് കയറ്റിവിടുകയും ചെയ്യണം. നാട്ടിനും തറക്കും ഗുണം വരുത്തിയിട്ട് മുത്തപ്പൻ മലയ്ക്കുമുകളിൽ പോകുന്നു. മലമുകളിൽ നിന്ന് മനുഷ്യർ ഇടനാട്ടിലും ഇടദേശത്തും വന്നിറങ്ങി പണിയെടുത്തും വാർത്തും ജീവിച്ചതിന്റെ രേഖാചിത്രമാണ് ഈ അനുഷ്ഠാനം വെളിവാക്കുന്നത്. ഇടദേശത്തെ മനുഷ്യർ മലനാട്ടിലും പോയതിന്റെയും കുടിയേറ്റത്തിന്റെയും കുടിയിറക്കത്തിന്റെയും ചരിത്രമാണ് മുത്തപ്പന്റെ അനുഷ്ഠാനം. മലമുകളിലുള്ളവർ അവിടെയും ഇടനാട്ടിലുള്ളവർ അവിടെയും മാത്രം ജീവിച്ച ചരിത്രമല്ല നമ്മുടേതെന്ന് സാരം.

തൊഴിലാളികൾ പോകാതിരിക്കാൻ അവർ ​തൊഴിലെടുക്കുന്നിടത്തിൽത്തന്നെ മുത്തപ്പൻ പൊടിക്കളമൊരുക്കുകയും അത് കാലക്രമത്തിൽ മടപ്പുരകളായി മാറിയതിന്റെ ചരിത്രവഴിയാണ് റെയിൽവേ മുത്തപ്പൻമാർ.
തൊഴിലാളികൾ പോകാതിരിക്കാൻ അവർ ​തൊഴിലെടുക്കുന്നിടത്തിൽത്തന്നെ മുത്തപ്പൻ പൊടിക്കളമൊരുക്കുകയും അത് കാലക്രമത്തിൽ മടപ്പുരകളായി മാറിയതിന്റെ ചരിത്രവഴിയാണ് റെയിൽവേ മുത്തപ്പൻമാർ.

മലയിടദേശങ്ങൾ തമ്മിലുള്ള കൊണ്ടുകൊടുക്കലുകൾ, കൈമാറ്റ വ്യവസ്ഥകൾ, വിഭവവിതരണ രൂപങ്ങൾ എന്നിവ മുത്തപ്പനിലൂടെ ഒരു ചരിത്രപാഠമാകുന്നു. അനുഷ്ഠാനത്തിലെ ഉണക്കമീൻ സാന്നിദ്ധ്യം മനുഷ്യരുടെ കടലിനോടും കായലിനോടുമുള്ള ബന്ധം അടയാളപ്പെടുത്തുന്നു. മലമുകളിലെ പനംകള്ളും ഇടദേശത്തെ തെങ്ങിൻകള്ളും ഒരുപോലെ മുത്തപ്പന്റെ ഇഷ്ടപാനീയമാകുന്നു. മലയിറക്കത്തിന്റെയും മലകയറ്റത്തിന്റെയും സാംസ്കാരിക ഊർജമായിരിക്കണം ഇന്ന് മുത്തപ്പനെ മലയാളികളുള്ള പ്രത്യേകിച്ച്, വടക്കേ മലബാറുകാരുള്ള ദേശത്തിലേക്ക് പറിച്ചുനടുവാൻ സാധിക്കുന്നത്. ഇന്ത്യയിലെ വൻ നഗരങ്ങളായ മുംബെയിലും ഡൽഹിയിലും ചെന്നൈയിലും മുത്തപ്പന്റെ മടപ്പുര പണിയുകയും ദേശത്ത് എന്നിങ്ങനെയാണോ മുത്തപ്പനെ കെട്ടിയാടുന്നത്, അവ്വിധം അവിടങ്ങളിലും മുത്തപ്പൻ തന്റെ കലാശം ചവിട്ടുന്നുണ്ട്. കടലുകൾതാണ്ടി ഭൂമിയുടെ മറ്റൊരു ഭാഗത്ത് ജീവിക്കുന്നവരിലും മുത്തപ്പൻ കടൽതാണ്ടി പോകുന്നതിന്റെയും വർത്താമാന ചരിത്രം നമ്മുടെ മുന്നിലുണ്ട്.

ദേശകാല വ്യത്യാസങ്ങളില്ലാതെ മുത്തപ്പൻ അതിന്റെ കോലപ്പെരുമ പുതിയ ദേശങ്ങളിലും സന്നിവേശിപ്പിച്ച് അവിടങ്ങളിലും മലകയറ്റലും മലയിറക്കലും എന്ന പ്രക്രിയക്ക് അനുഷ്ഠാനഭാഷ നൽകുന്നു. നമ്മളിലോരോരുത്തരിലുമുള്ള ഒരു മുത്തപ്പനെ നിരന്തരം അഴിച്ചുവിടുന്ന അനുഷ്ഠാനരൂപകമായി മുത്തപ്പൻ വർത്തിക്കുന്നു. ഈ തുറന്ന മുത്തപ്പൻ പ്രകൃതമായിരിക്കണം മുത്തപ്പന് എവിടെയും പൊടക്കളം തീർക്കാമെന്ന അനുഷ്ഠാനഭാഷ കൈവന്നത്. പാലുള്ള മരത്തിന്റെ കീഴിൽ മുത്തപ്പനെ വിളിച്ചുവരുത്താം. മുത്തപ്പന് കോമരമില്ല. മടയനാണ് പരികർമി. അതിനുപോലും ചെറുജന്മ വേലിക്കെട്ടുകളില്ല. വീട്ടിലും നാട്ടിലും ദേശത്തും കാട്ടിലും മലമുകളിലും മലയിടുക്കിലും മുത്തപ്പന് പൊടിക്കളമൊരുക്കാം. അതുകൊണ്ട് മുത്തപ്പൻ ഒരു ചിത്രമാണ്. അലഞ്ഞുതിരിഞ്ഞുനടന്ന് ഒരു ബിന്ദു അനേകം ബിന്ദുക്കളോട് സംവദിച്ച് കൂട്ടുകൂടി ചേർന്നുണ്ടായിവന്ന മനുഷ്യസംസ്കാരത്തിന്റെ ചിത്രമാണ് മുത്തപ്പൻ. അത് നമ്മൾ ഓരോരുത്തരുമാണ്.

Comments