ഈശ്വരൻ ഉണ്ട് എന്നു പറയുന്നതും ഇല്ല എന്നു പറയുന്നതും ​​​​​​​ഒരേസമയം നുണയാകുന്നത്​...

ആശയറ്റ മനുഷ്യന് പ്രതീക്ഷയായും അതേ മനുഷ്യന് ചൂഷണം ചെയ്യപ്പെടാനുള്ള ഉപാധിയായും ദൈവത്തിന് നിലനില്പുണ്ട്. അല്പം മാറിനിന്ന് ആലോചിച്ചാൽ ദൈവത്തിന്റെ അസ്തിത്വത്തിലെ ഈ വൈരുദ്ധ്യം എളുപ്പം മനസ്സിലാകും... വിശ്വാസവും യുക്തിയും എന്ന വിഷയത്തിൽ വി. അബ്‌ദുൽ ലത്തീഫ് എഴുതുന്നു...

Truecopy Webzine

കൗമാരകാലത്തോ യൗവനാരംഭത്തിലോ ദൈവവിശ്വാസം നഷ്ടപ്പെടുന്ന ഒരാളെ സംബന്ധിച്ച് തുടക്കത്തിൽ ദൈവവിശ്വാസികളെ വിവരമില്ലാത്ത അന്ധവിശ്വാസികളായാണ് തിരിച്ചറിയുക. ചരിത്രവും സാമൂഹ്യശാസ്ത്രവുമൊക്കെ കുറച്ചുകൂടി പഠിക്കുമ്പോഴാണ് ദൈവം, മതം,വിശ്വാസം തുടങ്ങിയവയുടെ സാമൂഹികമായ നിലനിൽപ്പ് വെളിപ്പെട്ടു തുടങ്ങുന്നത്. സ്വയം ഈശ്വരവിശ്വാസത്തിനു പുറത്തുനിൽക്കുമ്പോഴും ദൈവം, മതം, വിശ്വാസം എന്നിവയുടെ സാമൂഹ്യശാസ്ത്രപരമായ അസ്തിത്വം തിരിച്ചറിയുന്നത് ഈ ഘട്ടത്തിലാണ്. ഈ ഘട്ടത്തിലെത്താത്തവർ കേവലയുക്തിവാദത്തിൽ തുടരും. ആശയറ്റ മനുഷ്യന് പ്രതീക്ഷയായും അതേ മനുഷ്യന് ചൂഷണം ചെയ്യപ്പെടാനുള്ള ഉപാധിയായും ദൈവത്തിന് നിലനില്പുണ്ട്. അല്പം മാറിനിന്ന് ആലോചിച്ചാൽ ദൈവത്തിന്റെ അസ്തിത്വത്തിലെ ഈ വൈരുദ്ധ്യം എളുപ്പം മനസ്സിലാകും. ഭാഷകൾ വ്യത്യസ്ത ഗോത്രങ്ങളായി ചിതറിനിൽക്കുമ്പോഴും ലോകത്തെ എല്ലാ ഭാഷകൾക്കും ചില പൊതുതത്വം നിർദ്ദേശിക്കാൻ കഴിയുന്നതുപോലെ പരസ്പരം എതിരു നിൽക്കുന്ന ദൈവസങ്കല്പങ്ങളിൽപ്പോലും മനുഷ്യജീവിതവുമായി ബന്ധപ്പെട്ട മേല്പറഞ്ഞ സവിശേഷതകൾ കാണാൻ സാധിക്കും. ഭാഷകളെ സംബന്ധിച്ച് ബാഹ്യഘടനയേക്കാൾ ആന്തരഘടനയാണ് ഇങ്ങനെ പൊതുവായി നിൽക്കുന്നത്. യൂണിവേഴ്‌സൽ ഗ്രാമർ എന്ന നോംചോംസ്‌കിയുടെ ആശയമൊക്കെ ഭാഷകളുടെ ആന്തരഘടനയെ അടിസ്ഥാനമാക്കിയുള്ളതാണ്. മതങ്ങളെ സംബന്ധിച്ചും ബാഹ്യമായി പലതായിരിക്കുമ്പോഴും ആന്തരഘടന ഒന്നു തന്നെയായിരിക്കും.

ദൈവസങ്കല്പത്തെ സെമിറ്റിക്, ഹിന്ദു എന്നൊക്കെ വേർതിരിക്കുന്നതുപോലെ പ്രായോഗികമായ ദൈവം, ദാർശനികമായ ദൈവം എന്നും വേർതിരിക്കാൻ സാധിക്കും. പ്രാഥമികഭാവനയിൽ നിൽക്കുന്ന നിത്യസാധാരണ ജീവിതത്തിലെ ദൈവസങ്കല്പം ചെറിയ യുക്തികൊണ്ടുപോലും ചോദ്യം ചെയ്യപ്പെടും. ചോദ്യം ചെയ്യരുത്, അതങ്ങനെയാണ് തുടങ്ങിയ മറ പൊട്ടിച്ച് ദൈവത്തെക്കുറിച്ചുള്ള സന്ദേഹങ്ങൾ മുന്നോട്ടുപോകുമ്പോഴാണ് ദൈവം ദാർശനികസ്വരൂപമായി പ്രത്യക്ഷപ്പെടുന്നത്. സാമൂഹികജീവിതത്തെ കോർത്തുനിർത്തുന്ന ഉൾനൂലായും പ്രപഞ്ച ചൈതന്യമായുമൊക്കെ ദൈവം മാറിമാറിക്കളിക്കുന്നതു കാണാം. എല്ലാ മതങ്ങളിലും വിശ്വാസത്തിന്റെ വ്യത്യസ്തമായ അടരുകൾ കാണുന്നത് ഇതുകൊണ്ടാണ്. ചിന്തയുടെയും ആലോചനയുടെയും അടരുകൾ മാറുന്നതിനനുസരിച്ച് ദൈവസങ്കല്പത്തിലും മാറ്റം വന്നുകൊണ്ടിരിക്കും.

ഇസ്‌ലാമിക തിയോളജിയിൽ കാണുന്ന ശരീഅത്ത്, ത്വരീഖത്ത്, ഹക്കീക്കത്ത് എന്ന സങ്കല്പനം പ്രായോഗിക ദൈവത്തിൽനിന്ന് ദാർശനിക ദൈവത്തിലേക്കുള്ള വളർച്ചയെ അടയാളപ്പെടുത്തുന്ന സങ്കല്പനമാണ്. വിശ്വാസത്തെയും മതത്തെയും പുറമെനിന്ന് നിരീക്ഷിക്കുമ്പോഴാണ് വിശ്വാസത്തിന്റെ ഈ ത്രിത്വം ഇത്തരത്തിൽ അനുഭവവേദ്യമാവുക. മതവിശ്വാസത്തിനകത്തുള്ളവരെ സംബന്ധിച്ച് ഇത് അങ്ങനെയല്ല. ശരീഅത്ത് ബാഹ്യനിയമങ്ങളാകുമ്പോൾ ത്വരീഖത്ത് ദൈവത്തെ ആന്തരികമായിക്കൂടി മനസ്സിലാക്കുന്നതാണ്. ഹഖീഖത്ത് ദൈവത്തെക്കുറിച്ചുള്ള നിഗൂഢമായ ജ്ഞാനം ആർജ്ജിക്കലാണ്. ഇത് മൂന്നും ചേരുമ്പോഴാണ് സമ്പൂർണ്ണമായ വിശ്വാസം എന്നു പറയും. അതേസമയം സാധാരണക്കാർക്ക് ആദ്യഘട്ടം മാത്രം മതിയാവുകയും ചെയ്യും. പ്രാഥമികയുക്തിയിൽ ചോദ്യം ചെയ്യപ്പെടുമ്പോഴും ദാർശനികമായി ദൈവം നിലനിൽക്കുന്നു എന്നു പറയാനല്ല, വിശ്വാസം തന്നെ പല തലങ്ങളിൽ അതിനെ ന്യായീകരിക്കാനുള്ള യുക്തികൾ നിരത്തുന്നു എന്നു വിശദീകരിക്കാനാണ് ഇത് പറയുന്നത്.

മനുഷ്യസമൂഹത്തിന്റെ ഒരുമാതിരിപ്പെട്ട സംഘാടനങ്ങളെയൊക്കെ നിർണയിക്കുന്ന അടിസ്ഥാന ഡിസൈനുകളിലൊന്നാണ് ഏതെങ്കിലുമൊരു ദൈവസങ്കല്പത്തിലൂന്നിയ മതം. മതവിരുദ്ധ/ദൈവവിരുദ്ധപ്രസ്ഥാനങ്ങളുടെ പോലും സംഘാടനം മതങ്ങളുടെ ചട്ടക്കൂട്ടിലാണ്. ഭരണകൂടത്തിനും ജനങ്ങൾക്കുമിടയിൽ മാർക്‌സിസം സങ്കല്പിച്ച ഒന്നാണ് പാർട്ടി. റഷ്യയിൽ ലെനിൻ പാർട്ടി സംഘടിപ്പിച്ചപ്പോൾ അതിന് ക്രിസ്ത്യൻസഭയുടെ രൂപമായിരുന്നുവെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. സംഘടനാ ചട്ടക്കൂടുകളിൽ മാത്രമല്ല, സംഘടനയെ നിലനിർത്തുന്ന പ്രത്യയശാസ്ത്രബോധ്യങ്ങളെ സംബന്ധിച്ചും കേവലവിശ്വാസത്തിലൂന്നിയ ഒരു പ്രാഥമികതലവും അത്യന്തം ദാർശനികമായ ഒരു ഉപരിതലവുമുണ്ട്. നൂറുശതമാനം പ്രത്യയശാസ്ത്രബോധ്യം സംഘടനാസംവിധാനത്തിന്റെ വിവിധ തട്ടുകളിലെ നേതാക്കാന്മാർക്കുപോലും കാണില്ല. ഈ സാഹചര്യത്തിലാണ് പ്രത്യയശാസ്ത്രബോധ്യമുള്ള ആചാര്യന്മാർ ഉണ്ടാകുന്നത്. വർത്തമാനകാലസമസ്യകളെ വിശദീകരിക്കാൻ കഴിയുന്ന കേന്ദ്രനേതൃത്വത്തോടൊപ്പം ചരിത്രത്തെയും ഭാവിയെയും വിശദീകരിക്കാൻ കഴിയുന്ന (ജീവിച്ചിരിക്കുന്നവരോ മരിച്ചുപോയവരോ ആയ) ആചാര്യന്മാർകൂടി ചേർന്നതാണ് പാർട്ടി. പാർട്ടിയുടെ സംഘടനാരൂപത്തിൽ ആചാര്യന്മാരെ കാണാൻ പറ്റില്ലെങ്കിലും ഓർമകളായും ചിത്രങ്ങളായും പ്രതിമകളായും പുഷ്പാർച്ചനകളായും ഈ ആചാര്യസങ്കല്പം ദൈവസങ്കല്പം പോലെ ദൃശ്യസാന്നിധ്യമാണ്.

വിശ്വാസിയും അവിശ്വാസിയുമൊക്കെയടങ്ങുന്ന സമൂഹത്തെ നിലനിർത്തുന്ന ധാർമികത മിക്കപ്പോഴും മതവിശ്വാസയുക്തിയിൽനിന്ന് രൂപപ്പെടുന്നതാകും. കേരളത്തെ മുൻനിർത്തി ആലോചിച്ചാൽ പരസ്പരവൈരുധ്യമുള്ള വിശ്വാസികളും മതമില്ലാത്തവരും പൊതുവെ പിന്തുടരുന്ന ധാർമ്മികതയുടെ ഒരു ചട്ടക്കൂടുണ്ട്. ഇതിനകത്താണ് എല്ലാവരും പെരുമാറുന്നത്. സ്വ-പരജീവിതങ്ങൾ കൂട്ടിമുട്ടാതെ മുന്നോട്ടുപോകുന്നത് ഈ ധാർമിക ചട്ടക്കൂടിനകത്താണ്.

സാമൂഹ്യജീവിതത്തിന്റെ അലകും പിടിയും രൂപപ്പെടുത്തിയത് മതങ്ങൾ മാത്രമാണ് എന്നല്ല പറയുന്നത്. ജീവശാസ്ത്രപരമായും പ്രകൃതിയുമായുള്ള അതിജീവന പോരാട്ടങ്ങളുടെ ഭാഗമായും രൂപപ്പെട്ടതുകൂടിയാണ് സമൂഹത്തെ നിലനിർത്തുന്ന ധാർമികത. ഇതിനെ മതങ്ങൾ സ്വീകരിക്കുകയും അതാതിന്റെ കാഴ്ചപ്പാടുകളിൽ പരിഷ്‌കരിക്കുകയും പിന്നീട് മതമാക്കി മാറ്റുകയും ചെയ്യുന്നുണ്ട്. ആധുനികമായ സാമൂഹികചുറ്റുപാടിൽ ഇത്തരം ധാർമികതകളിൽ പലതും ആവശ്യമില്ലാത്തപ്പോഴും ഒരു നിരീശ്വരവാദ/യുക്തിവാദപ്രസ്ഥാനത്തിന് അതിനെ പൂർണമായി മറികടക്കാനാകാത്തത് മതങ്ങളുണ്ടാക്കിയ ധാർമികതാ ബോധങ്ങളിലാണ് അതിന്റെ സംഘാടനം എന്നതിനാലാണ്. സാമൂഹികമായി രൂപപ്പെടുന്ന പൊതുവിശ്വാസങ്ങളെയും ധാർമികതയെയും മറികടന്ന് സ്വന്തമായ ധാർമ്മികസംഹിത നടപ്പിലാക്കാൻ മതങ്ങൾക്കും കഴിയില്ല. മതങ്ങളും സംഘടിപ്പിക്കപ്പെടുന്നത് ചില പൂർവ്വരൂപങ്ങളിൽനിന്നാണ് എന്നർത്ഥം. പിന്നിൽനിന്ന് വരുന്നതുപോലെ ഇത് മുന്നോട്ടും വളരും.

മതനിയമങ്ങളും വിശ്വാസവുമനുസരിച്ച് മുസ്‌ലിംകൾക്ക് പുനർജന്മമില്ല. അതുകൊണ്ടുതന്നെ അലഞ്ഞുതിരിയുന്ന പരേതാത്മാക്കളെയും പ്രേതങ്ങളെയുമൊന്നും വിശ്വസിക്കുകയോ ഭയപ്പെടുകയോ ചെയ്യേണ്ടതില്ല. കേരളത്തിലെ ഒരു ശരാശരി മുസ്‌ലിമിനെ പരിഗണിച്ചാൽ അയാൾ ഇത്തരം ഭയങ്ങളുള്ള ഒരാളായിരിക്കും. പള്ളിയോടുചേർന്ന ശ്മശാനത്തിൽനിന്ന് ഒരു പ്രേതാത്മാവും ഇറങ്ങിവരില്ലെന്ന് അയാൾ പഠിച്ചുറച്ചതാണെങ്കിലും പാതിരാത്രിക്ക് പള്ളിക്കാട്ടിൽ ഒറ്റയ്ക്കുപോവുന്ന കാര്യം ആലോചിക്കുമ്പോൾ ഭയം വരുന്നത് കേരളത്തിന്റെ പൊതുവിശ്വാസത്തിൽ രൂഢമൂലമായ പ്രേതസങ്കല്പം അയാളിൽനിന്ന് ഇറങ്ങിപ്പോകാത്തതുകൊണ്ടാണ്. അനൈച്ഛികമായ ഇത്തരം വിശ്വാസങ്ങൾ കൂടി ചേർന്നാണ് മതങ്ങൾ. സംഘടിതമതങ്ങൾ വ്യത്യസ്ത സംസ്‌കാരഘടനകൾക്കകത്ത് എങ്ങനെയാണ് അതിന്റെ വിശ്വാസാദർശങ്ങളും ധാർമ്മികതകളും പരിചരിക്കുന്നത് എന്നു നിരീക്ഷിക്കുമ്പോൾ കാണുന്ന വൈവിധ്യങ്ങൾ ചരിത്രത്തിൽനിന്ന് ലംബമാനമായും ചുറ്റുപാടിൽനിന്ന് തിരശ്ചീനമായും വന്നുചേരുന്ന അനൈച്ഛികമായ വിശ്വാസധാരകളുണ്ടാക്കുന്ന കലർപ്പ് വ്യക്തമാകും.

ഈശ്വരൻ ഉണ്ട് എന്നു പറയുന്നതും ഇല്ല എന്നു പറയുന്നതും ഒരേസമയം നുണയാകുന്നത്​...
വി. അബ്ദുൽ ലത്തീഫ് എഴുതിയ ലേഖനത്തിന്റെ പൂർണരൂപം വായിക്കാം
ട്രൂ കോപ്പി വെബ്​സീൻ പാക്കറ്റ്​ 98

Comments