ബിജു ഇബ്രാഹിം / photo:Dileep Ambu

ഞാൻ അവർക്കൊപ്പമാണ്

​യുക്തിയ്ക്കും അപ്പുറം ചിലതുണ്ടെന്ന് തീർത്തും വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. അത് ബോധ്യപ്പെടുന്നത് വിചാരത്തിലും അനുഭവത്തിലും തന്നെയാണ്. യുക്തിവാദികളും, സ്വർഗവാദികളും ഒരേപോലെയാണ് അല്ലാഹുവിനെ ഉള്ളിൽ കൊണ്ടുനടക്കുന്നത് എന്നും തോന്നിയിട്ടുണ്ട്.

.... ഉള്ളേ മരണഭയ മിക്കുളവ മ്മക്കളര ണാക മരണഭവ മില്ലാ മഹേശൻ - ചരണമേ ശാർവർതം ശാർവൊടുതാം ശാവുട്രാൻ ശാവെണ്ണം ശാർവരോ ശാവാ തവർനിത്തർ - ഉള്ളത് നാർപ്പത്, രമണമഹർഷി.

ശരീരത്തിന്​ മറ്റൊരു പേരാണ്​ മരണം. മരണവും ശരീരവും രണ്ടല്ല. ശരീരത്തിൽ നിരന്തരം മരണം നടക്കുന്നുണ്ട്. ശരീരചിന്ത അസ്തമിച്ചാലേ മരണഭയം നീങ്ങുകയുള്ളൂ. ജീവിച്ചിരിക്കുമ്പോൾ തന്നെ ദേഹത്തിന്റെ മിഥ്യാത്വം തെളിഞ്ഞാൽ മാത്രമേ ദേഹാഭിമാനജന്യമായ ഭീതി നീങ്ങുകയുള്ളൂ. വിവേകമുള്ളവരെയും മരണഭയം പിടികൂടി വിഷമിപ്പിക്കുന്നു. വിവേകികൾ അലസമായി കീഴടങ്ങുന്നില്ല. അവർ തീവ്രമായി ഇതിനുള്ള പരിഹാരം തേടുന്നു. മരണത്തിനെ എങ്ങനെ അതിക്രമിക്കാം എന്ന് സദാ വ്യാകുലപ്പെടുന്നു. അത്തരത്തിലുള്ളവർക്ക് ഒരൊറ്റ ആശ്രയസ്ഥാനമേ ​​ഉള്ളൂ. ഭഗവത് സ്വരൂപം. - ഉള്ളത് നാർപ്പത്, രമണമഹർഷി.

ഞാൻ വിശ്വാസിയാണ്​.
അത് സ്വർഗ- നരക സങ്കല്പങ്ങളെ മുൻനിർത്തിയുള്ളതോ കൂലിയുമായി ചേർന്നുനിൽക്കുന്നതോ ആയ വിശ്വാസമല്ല.
അല്ലാഹു എന്ന വെളിച്ചത്തിന്റെ ഉണ്മയുടെ ഒരംശമാണ്​ ഞാൻ എന്ന വികാര വിചാരത്തിലാണ് എന്റെ അന്വേഷണം തുടങ്ങുന്നതുതന്നെ. കുട്ടിക്കാലത്ത് മദ്രസയിൽ പഠിക്കുന്ന സമയം. അവിടെ ഇരിക്കാനുള്ള ഏക എനർജ്ജി വല്ല്യുമ്മ ഉണ്ടാക്കുന്ന പുട്ടും, ഓട്ടടയുമാണ്​. രണ്ടാം ക്ലാസിൽ നിന്നുതന്നെ മദ്രസ പഠനം നിർത്തിയിട്ടുണ്ട്. എന്നാലും ഉപ്പയുടെ വീട്ടിൽ പോകുന്ന സമയത്തുള്ള നിർബന്ധ പള്ളീൽ പോക്ക്, നോമ്പുകാലത്ത് താറാബിയ നിസ്‌ക്കരിക്കുക എന്നൊതൊക്കെ ആവാം ആ കാലത്ത് എന്നെ യുക്തിവാദത്തിലേക്കാകർഷിച്ചത്.
ആകർഷണം മൂത്ത് ഒരു യുക്തിവാദിയുടെ മകളെ പ്രേമിക്കുക കൂടി ചെയ്തു, ഞാൻ. ഒരു വികാരജീവിയായ വിശ്വാസിയാകും എന്ന് ആ സുന്ദരി മുൻകൂട്ടി കണ്ടപോലെ അദ്ദേഹം എന്റെ പ്രേമം നിഷ്‌ക്കരുണം പ്രേമമയ്യത്താക്കി.

യാത്രകളിൽ കാണുന്ന, യുക്തിയുമായി ഒരു ബന്ധവുമില്ലാത്ത കാര്യങ്ങളും അനുഭവങ്ങളും ആദ്യം കൗതുകമായിരുന്നു എനിക്ക്.

കുറച്ചുകാലം യുക്തിവാദത്തിലും, അതിനോടുചേർന്ന മറ്റു പല വാദങ്ങളിലും ഞാൻ സജീവമായിരുന്നു. ഇതിനോടു ചേർന്നുതന്നെയാണ് കുട്ടിക്കാലത്ത് ​കമ്യൂണിസ്റ്റായ വല്ല്യുമ്മ പറഞ്ഞു തന്ന കുട്ടിച്ചാത്തൻ കഥകളും, നാഗകഥകളും, ഒടിയനും ഒക്കെ മനസിൽ ഉറച്ചുപോയത്. ഈ പേടിയിൽ നിന്നാവാം എന്റെ ഉള്ളിലെ പേടി മാറ്റാനുള്ള അന്വേഷണം തുടങ്ങുന്നത്.

പത്താം ക്ലാസ്​ കഴിഞ്ഞപ്പോഴേ അലഞ്ഞുതിരിയൽ എന്റെ കൂടപ്പിറപ്പായി മാറിയിരുന്നു. യാത്രകളിൽ കാണുന്ന, യുക്തിയുമായി ഒരു ബന്ധവുമില്ലാത്ത കാര്യങ്ങളും അനുഭവങ്ങളും ആദ്യം കൗതുകമായിരുന്നു എനിക്ക്. പതുക്കെ എന്റെ ജീവിതത്തിന്റെ ഭാഗമായി ഫോട്ടോഗ്രാഫി വരുന്നു, കേരളത്തിലും പുറത്തും നിരന്തരം യാത്ര ചെയ്യുന്നു, പല മേഖലകളിലെ മനുഷ്യരെ കാണുന്നു.

ചിലർ ചില അനുഭവങ്ങൾ പകർന്നു തരുമ്പോൾ ചിലർ ചില ചിന്തകൾ ഉള്ളിലേക്കിടുന്നു. / Photo: F.B, Biju Ibrahim
ചിലർ ചില അനുഭവങ്ങൾ പകർന്നു തരുമ്പോൾ ചിലർ ചില ചിന്തകൾ ഉള്ളിലേക്കിടുന്നു. / Photo: F.B, Biju Ibrahim

അറിവ് പകരുന്നവരെയെല്ലാം ഗുരുസ്ഥാനത്ത് കാണുന്ന സ്വഭാവമുണ്ടെനിക്ക്. അതിൽ മാക്‌സിയൻ ദർശനത്തിൽനിന്ന് ആത്മീയചിന്തകൾ ഉണർന്നവർ, സൂഫി മാർഗികൾ, നാരായണഗുരു ശിഷ്യപരമ്പരയിലുള്ളവർ,
നാരായണഗുരുവിനെ അക്കാദമിക്കൽ പഠനഭാഗമാക്കുന്നവർ, ഇന്ത്യൻ സന്യാസപാതയിൽ സഞ്ചരിക്കുന്നവർ, അവധൂതർ, യോഗികൾ, മിസ്റ്റിക്കുകൾ എന്നിങ്ങനെ പല മനുഷ്യരെ കണ്ടുമുട്ടുന്നു. ചിലർ ചില അനുഭവങ്ങൾ പകർന്നു തരുമ്പോൾ ചിലർ ചില ചിന്തകൾ ഉള്ളിലേക്കിടുന്നു.

ഒരു നാട്ടിൽ എത്ര ബോധ്യത്തിലും, അല്ലെങ്കിൽ പൊട്ടത്തരത്തിലും യുക്തി പറഞ്ഞാലും ആ നാട്ടിലെ മനുഷ്യർ കളക്റ്റീവ് ആയി ഒരു അവബോധത്തിൽ ഉറച്ചു നിൽക്കുന്നുണ്ടെങ്കിൽ ഞാൻ അവർക്കൊപ്പമാണ്​.

ഇതിനോട് ചേർന്നുതന്നെ ചില ഫോ​ട്ടോഗ്രഫി പ്രൊജക്ടുകൾ ചെയ്യുന്നു. ഞാൻ തീരുമാനിക്കാതെതന്നെ ഇന്ത്യയിലെ മതസമുദായ വൈവിധ്യങ്ങളും, ആത്മീയസ്ഥലങ്ങളും, അതിനോട് ചേർന്നുനിൽക്കുന്ന മനുഷ്യരുമൊക്കെയായി എന്റെ സബ്ജക്ടുകൾ. എന്റെ നാടിന്റെ സൂഫി പാരമ്പര്യമൊക്കെ കുറച്ചുകൂടി ആഴത്തിൽ മനസ്സിലാക്കുന്നത് ഇങ്ങനെയുള്ള പ്രോജക്ടുകൾ ചെയ്തു തുടങ്ങിയശേഷമാണ്.

ഒരു നാട്ടിൽ എത്ര ബോധ്യത്തിലും, അല്ലെങ്കിൽ പൊട്ടത്തരത്തിലും യുക്തി പറഞ്ഞാലും ആ നാട്ടിലെ മനുഷ്യർ കളക്റ്റീവ് ആയി ഒരു അവബോധത്തിൽ ഉറച്ചു നിൽക്കുന്നുണ്ടെങ്കിൽ ഞാൻ അവർക്കൊപ്പമാണ്​. കുത്ത്​ റാതീബിൽ കത്തിയാൽ മുറിവുണ്ടാക്കി, അവറാൻ മൊല്ലാക്ക ഊതിക്കൊടുത്ത്​, അത് സുഖപ്പെട്ടാൽ, ഞാൻ അവർക്കൊപ്പമാണ്. ചോറ്റാനിക്കര ഭഗവതിയുടെ അടുത്ത് സ്ത്രീകൾ തുള്ളി തുള്ളി തുള്ളി സുഖപ്പെടുന്നുണ്ടെങ്കിൽ ഞാൻ അവർക്കൊപ്പമാണ്​.

എന്റെ നാടിന്റെ സൂഫി പാരമ്പര്യമൊക്കെ കുറച്ചുകൂടി ആഴത്തിൽ മനസ്സിലാക്കുന്നത് ഇങ്ങനെയുള്ള പ്രോജക്ടുകൾ ചെയ്തു തുടങ്ങിയശേഷമാണ്. / Photo: F.B, Biju Ibrahim
എന്റെ നാടിന്റെ സൂഫി പാരമ്പര്യമൊക്കെ കുറച്ചുകൂടി ആഴത്തിൽ മനസ്സിലാക്കുന്നത് ഇങ്ങനെയുള്ള പ്രോജക്ടുകൾ ചെയ്തു തുടങ്ങിയശേഷമാണ്. / Photo: F.B, Biju Ibrahim

യുക്തിയ്ക്കും അപ്പുറം ചിലതുണ്ടെന്ന് തീർത്തും വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. അത് ബോധ്യപ്പെടുന്നത് വിചാരത്തിലും അനുഭവത്തിലും തന്നെയാണ്.
യുക്തിവാദികളും, സ്വർഗവാദികളും ഒരേപോലെയാണ് അല്ലാഹുവിനെ ഉള്ളിൽ കൊണ്ടുനടക്കുന്നത് എന്നും തോന്നിയിട്ടുണ്ട്.

എന്റെയുള്ളിലെ വിശ്വാസി അനുകമ്പയിൽ ഉറച്ചുവിശ്വസിക്കുന്നവനാണ്,
അനുകമ്പയിൽ പടച്ചവനെ കാണുന്നവനാണ്.

അതുകൊണ്ടുതന്നെ
രമണമഹർഷിയും ഖോജാ മോയ്‌നുദ്ദീനും
റാബിയയും അൽഫോസാമ്മയും
പ്രൊഫറ്റ് മുഹമ്മദും ജീസസ് ക്രൈസ്റ്റും
അല്ലാഹുവും ശിവനും
എന്നിൽ പ്രിയപ്പെട്ടവരാണ്. ▮


ബിജു ഇബ്രാഹിം

​ ഫോ​ട്ടോഗ്രാഫർ, യാത്രികൻ മ‍ട്ടാഞ്ചേരിയിലെ ഒരു നിശ്ചിത ഭൂപരിധിക്കുള്ളിൽ ജീവിക്കുന്ന വിവിധ കുടിയേറ്റ വിഭാ​ഗങ്ങളുടെ ജീവിതവും അവർ തമ്മിലുള്ള കൊടുക്കൽ വാങ്ങലുകളെയും അതുവഴി മട്ടാഞ്ചേരിയുടെ സാമൂഹിക സവിശേഷതകളെയും സമ​ഗ്രമായി അടയാളപ്പെടുത്തിയ ട്രാൻസെന്റൻസ് എന്ന ബിജു ഇബ്രാഹിമിന്റെ ഫോട്ടോ എക്സിബിഷൻ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Comments