മുഹമ്മദ്​ അബ്ബാസ്​

അവിശ്വാസികൾ എന്നോട് പക സൂക്ഷിച്ചില്ല,
വിശ്വാസികൾ ഉള്ളിൽ അതുമാത്രം സൂക്ഷിച്ചു

ദൈവത്തെക്കൊണ്ട് എനിക്കിന്നുവരെ ഒരു ഉപദ്രവമുണ്ടായിട്ടില്ല. ദൈവം എന്റെ ജീവിതത്തിൽ ഇടപെട്ടിട്ടുമില്ല. പക്ഷേ ദൈവത്തിന്റെ സൃഷ്ടാക്കളായ മതങ്ങൾ എപ്പോഴും ഇടപെടുന്നു. ആ ഇടപെടൽ സമ്പത്തില്ലാത്തവന്റെ കാര്യത്തിലാവുമ്പോൾ കൂടുതൽ ക്രൂരമാവുന്നു.

ഭൂമിയിൽ ജീവിക്കാൻ മനുഷ്യന് ദൈവവിശ്വാസമോ മതവിശ്വാസമോ വേണോ എന്ന് ചോദിച്ചാൽ വേണ്ട എന്നുതന്നെയാണ് ഉത്തരം. പക്ഷേ, വേണ്ട എന്ന ആ ഉത്തരത്തിന് എന്റെ ജീവിതപരിസരങ്ങളിൽ ചെറുതല്ലാത്ത വില കൊടുക്കണം. സാമൂഹ്യജീവിയായതുകൊണ്ടും, സമൂഹത്തിലെ ഭൂരിപക്ഷവും ദൈവത്തിന് വോട്ട് ചെയ്യുന്നവരായതുകൊണ്ടും എന്നെപ്പോലെ ഒരു സാധാരണക്കാരൻ ‘വേണം’ എന്ന് ഉത്തരം പറയുന്നതാണ് തടിക്കുനല്ലത്.

മതമെന്നാൽ എനിക്ക്, റമദാനിൽ കിട്ടുന്ന ഒരു നേരത്തെ നല്ല ഭക്ഷണവും, നേർച്ച ചോറും, പെരുന്നാളുകൾക്ക് വഴിതെറ്റിയെത്തിയേക്കാവുന്ന പുതുവസ്ത്രങ്ങളുമാണ്.

തികച്ചും മതവിശ്വാസികളായ മാതാപിതാക്കളുടെ മകനായിട്ടാണ് ജനിച്ചുവളർന്നത്. അതുകൊണ്ടുതന്നെ എന്റെ അനുവാദമില്ലാതെ മുസ്​ലിം നാമവും ഇസ്​ലാം മതവും, ഞാനെന്ന ബോധം ഉറയ്ക്കുന്നതിനും വളരെ മുമ്പേ എന്നിൽ അടിച്ചേൽപ്പിക്കപ്പെട്ടു. അതിനെ തടയാൻ എനിക്കൊരു വഴിയുമില്ലായിരുന്നു. ഞാനും എട്ടുവരെ മദ്രസയിൽ പോയി. അവിടുന്ന് ആകെ പഠിച്ചത് ഖുർആൻ കാണാതെ ഓതാനും, കുറച്ച് അറബി വ്യാകരണവും, പദ്യങ്ങളുമാണ്. പിന്നെ നമസ്‌കാരവും നോമ്പും... അക്കാലത്ത്
മതമെന്നാൽ എനിക്ക്, റമദാനിൽ കിട്ടുന്ന ഒരു നേരത്തെ നല്ല ഭക്ഷണവും, നേർച്ച ചോറും, പെരുന്നാളുകൾക്ക് വഴിതെറ്റിയെത്തിയേക്കാവുന്ന പുതുവസ്ത്രങ്ങളുമാണ്.

ഞാനും എട്ടുവരെ മദ്രസയിൽ പോയി. അവിടുന്ന് ആകെ പഠിച്ചത് ഖുർ ആൻ കാണാതെ ഓതാനും, കുറച്ച് അറബി വ്യാകരണവും, പദ്യങ്ങളുമാണ്. / Photo: Biju Ibrahim

കൗമാരത്തിൽ ഹോട്ടലുകളിലെ എച്ചിൽതുടപ്പുകാരനും വീട്ടുവേലക്കാരനും റോഡ് പണിക്കാരനും ലോട്ടറി വില്പനക്കാരനുമൊക്കെയായതിനാൽ ആ പരിസരങ്ങളിലൊന്നും മതം ഉണ്ടായിരുന്നില്ല. യൗവ്വനാരംഭത്തിലെത്തുമ്പോൾ മലയാളഭാഷയിൽ എഴുതാനും വായിക്കാനും സ്വയം പഠിച്ചുകഴിഞ്ഞിരുന്നു. പക്ഷേ പുസ്തകങ്ങളിലെ അറിവിനെക്കാൾ സ്വന്തം ജീവിതപരിസരങ്ങളിൽ നിന്ന് കിട്ടിയ ചെറിയ ബുദ്ധിയും അതിന്റെ യുക്തിയും കൊണ്ടാണ് ഞാൻ മതത്തെയും ജീവിതത്തെയും നേരിട്ടത്.

ദൈവം ഉണ്ടോ ഉണ്ടില്ലയോ എന്ന് പുസ്തകജീവികൾ തമ്മിൽ തർക്കിക്കുമ്പോൾ, ഞാൻ തർക്കിച്ചത് മനുഷ്യൻ ഉണ്ടോ, അവന്​ ഉണ്ണാൻ കിട്ടുന്നുണ്ടോ, കിട്ടുന്നില്ലെങ്കിൽ എന്തുകൊണ്ട് എന്നൊക്കെയായിരുന്നു. യാന്ത്രികയുക്തിയിൽ രമിച്ച് അതിലൂടെ ഏറെ ദൂരം സഞ്ചരിച്ച എന്റെയാ സുഹൃത്തുക്കൾ ഇന്ന് അവരവരുടെ മതങ്ങളിലെ തീവ്രവിശ്വാസികളാണ് എന്നതും എന്നെ അത്ഭുതപ്പെടുത്തുന്നില്ല. മനുഷ്യൻ എന്നത് യാതൊരു നിർവചനത്തിനും വഴങ്ങാത്ത ഒന്നാണല്ലോ.

പുസ്തകങ്ങളിലെ അറിവിനെക്കാൾ സ്വന്തം ജീവിതപരിസരങ്ങളിൽ നിന്ന് കിട്ടിയ ചെറിയ ബുദ്ധിയും അതിന്റെ യുക്തിയും കൊണ്ടാണ് ഞാൻ മതത്തെയും ജീവിതത്തെയും നേരിട്ടത്.

വിമർശിക്കുന്ന ആളുടെ മതം വിഷയമാവാതെ, എല്ലാ മതത്തെയും എല്ലാവരും വിമർശിച്ച ആ യൗവനാരംഭകാലത്ത് എന്റെ റോൾ എന്നെത്തന്നെ അത്ഭുതപ്പെടുത്തുന്ന ഒന്നായിരുന്നു. വിശ്വാസികളോടൊപ്പം കൂടി ഞാൻ അവിശ്വാസികളോട് തർക്കിച്ചു. അവിശ്വാസികളോടൊപ്പം കൂടി ഞാൻ വിശ്വാസികളുമായി തർക്കിച്ചു. രണ്ടുപക്ഷത്തും ചേർന്നുള്ള ഈ തർക്കങ്ങളെല്ലാം തികച്ചും യുക്തിഭദ്രമായിരുന്നു എന്നതാണ് ഏറ്റവും വലിയ തമാശ. ഇതിന്റെ ഫലമായി വിശ്വാസികൾക്ക് ഞാൻ അവിശ്വാസിയും, അവിശ്വാസികൾക്ക് വിശ്വാസിയുമായി. അത്തരം തർക്കങ്ങളെല്ലാം ഒടുങ്ങുമ്പോൾ, സ്വന്തം കാശു കൊണ്ട് ഇരുപക്ഷത്തുമുള്ള കൂട്ടുകാർക്ക് ചായക്ക് പറയുന്നതും ഞാനായിരുന്നു.

Photo: K R Sunil

അവിശ്വാസികൾ എന്നോട് പക സൂക്ഷിച്ചില്ല. വിശ്വാസികൾ ഉള്ളിൽ അതുമാത്രം സൂക്ഷിച്ചു. ഇസ്​ലാമിനെ വിമർശിക്കുന്ന ഞാൻ നിരീശ്വരവാദിയാണെന്നുപറഞ്ഞ് എന്റെ കല്യാണം മുടക്കുന്നതിൽ വരെ കാര്യങ്ങളെ കൊണ്ടെത്തിച്ചു. അതിന്റെ പേരിൽ ഒരു വെള്ളിയാഴ്ച പള്ളി മുറ്റത്ത് കൂട്ടത്തല്ലുമുണ്ടായി. കല്യാണം മുടക്കാൻ നോക്കിയ ആൾ പുറമേക്ക് മുസ്​ലിംലീഗുകാരനും, അകമേ എൻ.ഡി.എഫുകാരനും ആയിരുന്നു. അന്ന് എന്റെ പക്ഷത്തുനിന്നത് അവിശ്വാസികളല്ല, എന്റെ രക്തബന്ധങ്ങളാണ്. പിറ്റേന്നത്തെ വെള്ളിയാഴ്ച മറ്റ് മഹല്ലുകളിൽ നിന്നുള്ള എൻ.ഡി.എഫുകാർ വന്ന് ഏട്ടന്മാരുടെയെല്ലാം വീടുകളിൽ കയറി ഭീഷണിപ്പെടുത്തി. എന്നെ കോട്ടക്കൽ ബസ്റ്റാൻഡിൽ വച്ച് മർദ്ദിക്കാൻ നോക്കി. ഞാൻ ഖുർ ആനിനെ വിമർശിക്കുന്നു എന്നായിരുന്നു അവരുടെ മുഖ്യ പരാതി. ഖുർആൻ വിമർശനം ഇങ്ങനെ നടുറോഡിൽ വെച്ച് തല്ലിത്തീർക്കേണ്ട വിഷയമായി നിങ്ങൾക്ക് തോന്നുന്നുവെങ്കിൽ അങ്ങനെ ആവാം എന്ന് ഞാനുറപ്പിച്ചു പറഞ്ഞപ്പോൾ അവർ ചെറിയ ഉന്തും തള്ളും കൊണ്ട് തൃപ്തരായി മടങ്ങിപ്പോയി. ഏതാണ്ട് അക്കാലത്താണ് എൻ.ഡി.എഫുകാർ താനൂർ ഔലിയയെ വധിച്ചത്. അതിന് കാരണമായി അവർ പറഞ്ഞത്, ആ മനുഷ്യൻ ഇസ്​ലാമിന് നിരക്കാത്ത മന്ത്രിക്കലും ഊത്തും നടത്തുന്നു എന്നായിരുന്നു.

വെള്ളിയാഴ്ച മറ്റ് മഹല്ലുകളിൽ നിന്നുള്ള എൻ.ഡി.എഫുകാർ വന്ന് ഏട്ടന്മാരുടെയെല്ലാം വീടുകളിൽ കയറി ഭീഷണിപ്പെടുത്തി. എന്നെ കോട്ടക്കൽ ബസ്റ്റാൻഡിൽ വച്ച് മർദ്ദിക്കാൻ നോക്കി. ഞാൻ ഖുർ ആനിനെ വിമർശിക്കുന്നു എന്നായിരുന്നു അവരുടെ മുഖ്യ പരാതി.

അന്ന് ഞങ്ങളുടെ അന്തിച്ചർച്ചയിൽ അത് പറഞ്ഞ എൻ.ഡി.എഫുകാരനോട് ഞാൻ ചോദിച്ചു, ‘എങ്കിൽ നിങ്ങൾ ആദ്യം വെട്ടേണ്ടത് പാണക്കാട്ടെ തങ്ങന്മാരെ അല്ലേ? അവരാണല്ലോ കേരളത്തിലെ മുസ്​ലിംകൾക്കിടയിൽ മന്ത്രിച്ച് ഊതലിന്റെ മൊത്തക്കച്ചവടം നടത്തുന്നത്?'

മതതീവ്രത എപ്പോഴും അതിന്റെ ചോരക്കൈകൾ നീട്ടുന്നത് സമൂഹത്തിലെ താഴെക്കിടയിലുള്ളവരുടെ നേരെയാണ് എന്നതിന്റെ ഒന്നാന്തരം തെളിവായിരുന്നു താനൂർ ഔലിയയുടെ വധം. ആ വൃദ്ധന് ചോദിക്കാനും പറയാനും ആരും ഉണ്ടായിരുന്നില്ല. അതല്ല മന്ത്രിമാരെയടക്കം ഉത്പാദിപ്പിക്കുന്ന പാണക്കാട് തറവാടിന്റെ സ്ഥിതി.

എന്നെ കോട്ടക്കൽ ബസ്റ്റാൻഡിൽ വച്ച് മർദ്ദിക്കാൻ നോക്കി. ഞാൻ ഖുർ ആനിനെ വിമർശിക്കുന്നു എന്നായിരുന്നു അവരുടെ മുഖ്യ പരാതി. / Photo: Pexels

വിശന്നിരിക്കുന്ന ഒരു മനുഷ്യനോട് എനിക്ക് യുക്തിവാദമോ വിശപ്പിന്റെ പരിണാമ വഴികളോ വിശപ്പിന്റെ ശാസ്ത്രീയവശമോ പറയാൻ കഴിയില്ല. അയാൾക്ക് ഭക്ഷണം കൊടുക്കാനേ കഴിയൂ. യാന്ത്രികമായ യുക്തിവാദം അവിടെയാണ് പരാജയപ്പെടുന്നത്. അത് മനുഷ്യന്റെ അടിസ്ഥാന പ്രശ്‌നങ്ങൾക്ക് ഒരു പരിഹാരവും പറയുന്നില്ല. മനുഷ്യന്റെ അടിസ്ഥാനപ്രമേയങ്ങളായ അന്നം, വസ്ത്രം, പാർപ്പിടം എന്നിവയ്ക്ക് മതത്തിന്റെ കയ്യിലും പരിഹാരമില്ല. ഉണ്ടായിരുന്നെങ്കിൽ നൂറ്റാണ്ടുകളുടെ പഴക്കമുള്ള മതങ്ങൾ അത് എന്നേ പരിഹരിക്കേണ്ടതായിരുന്നു.

മതം എപ്പോഴും നിങ്ങളോട് മറ്റൊരു ലോകത്തെക്കുറിച്ച് പറയുന്നു. ഈ ലോകത്തിലെ ജീവിതത്തിലും അതിന്റെ നൂറായിരം പ്രശ്‌നങ്ങൾക്കും മതത്തിന്റെ കയ്യിൽ പരിഹാരമില്ല.11 മാസം അരപ്പട്ടിണി കിടന്നവർ എന്തിനാണ് ഒരു മാസം കൂടി
മുഴുപ്പട്ടിണി കിടക്കുന്നതെന്ന് ചോദിച്ചാൽ, മതം നിങ്ങളോട് പുണ്യത്തെക്കുറിച്ച് പറയും. 12 മാസവും സുഭിക്ഷമായി ഭക്ഷണം കഴിച്ചവരും അതേ പുണ്യം തന്നെ നേടാം, വേണമെങ്കിൽ ദാനധർമം കൊണ്ട് കൂടുതലും നേടാം എന്നിടത്ത് മതം പരിഹാസ്യമാവുന്നു.

നമ്മുടെ രാജ്യത്തെങ്കിലും മതവും ദൈവവും ഇന്ന് ഒന്നാന്തരം വില്ലനാണ്. മനുഷ്യനിൽ വിശ്വാസമുള്ള ഒരാൾക്കും ആ വില്ലന്റെ പക്ഷം ചേരാനാവില്ല.

മതം പറയുന്നത് അപ്പടി അനുസരിച്ച് ജീവിച്ച നിങ്ങളും ഭാര്യയും മരിച്ചുചെന്നാൽ നിങ്ങൾക്ക് സ്വർഗ്ഗത്തിൽ ഹൂറിലീങ്ങളെ കിട്ടുന്നു. നിങ്ങളുടെ ഭാര്യയ്ക്കാവട്ടെ, നിങ്ങളെ മാത്രമേ കിട്ടൂ. ഇത്തരം നൂറായിരം അയുക്തികളുണ്ടായിട്ടും മതം തികച്ചും യുക്തിഭദ്രമായി നിങ്ങളോട് സംസാരിക്കുന്നു. മതം നിങ്ങൾക്ക് കറുപ്പിന്റെ മയക്കം തരുന്നു. ആ മയക്കത്തിൽ നിങ്ങൾ വേദനകളെയും ചോദ്യങ്ങളെയും മറക്കുന്നു.

മതം പിറവികൊണ്ട കാലത്തുതന്നെ മതനിരാശവും പിറവി കൊണ്ടിരിക്കണം. ചാർവാകന്മാർ അതിന് തെളിവാണല്ലോ. മനുഷ്യമസ്തിഷ്‌കത്തിന്റെ ഏറ്റവും സുന്ദരമായ സൃഷ്ടിയായ ദൈവം പിറവികൊണ്ടപ്പോൾ തന്നെ ദൈവനിഷേധവും പിറവി കൊണ്ടിട്ടുണ്ടാവും. വിശ്വസിച്ചും നിരസിച്ചും കലഹിച്ചും കൊന്നും, സ്വന്തം സങ്കല്പമാണ് ഉത്തമമെന്ന നിലവിളിയെ കൊലവിളിയാക്കിയും മനുഷ്യർ ഇത്ര ദൂരം നടന്നെത്തിയിരിക്കുന്നു. നമ്മുടെ രാജ്യത്തെങ്കിലും മതവും ദൈവവും ഇന്ന് ഒന്നാന്തരം വില്ലനാണ്. മനുഷ്യനിൽ വിശ്വാസമുള്ള ഒരാൾക്കും ആ വില്ലന്റെ പക്ഷം ചേരാനാവില്ല.

Photo: Muhammed Fasil

മതത്തെ തള്ളിപ്പറയുമ്പോൾ പകരം മറ്റൊന്ന് വെക്കാനില്ല എന്നതാണ് നാസ്തികതയുടെ പോരായ്മയായി ഈയുള്ളവൻ കാണുന്നത്. ഒരു പരിധിവരെ കമ്യൂണിസം മതത്തിനുപകരം നിൽക്കാനുള്ള ആശയത്തെ അവതരിപ്പിച്ചിട്ടുണ്ട്. പരാജയപ്പെട്ടെങ്കിലും അത് പ്രയോഗിച്ചിട്ടുമുണ്ട്. അന്നവും വസ്ത്രവും പാർപ്പിടവും ഇല്ലാത്തവർക്ക് വെറും നാസ്തികതയേക്കാൾ ആശ്വാസം കമ്യൂണിസം തന്നെയാണ്. അതിനൊരു കർമപരിപാടിയുണ്ട്. അത് ഒരിക്കലും വിശക്കുന്നവരോട് വിശപ്പിന്റെ ശാസ്ത്രീയവശങ്ങളെ കുറിച്ച് പറയില്ല എന്നല്ല, വിശപ്പാറിയിട്ട് പറയും എന്നാണ്. അങ്ങനെ പറഞ്ഞാലേ അത് മണ്ടയിൽ കയറൂ.

നവ നാസ്തികർ, തങ്ങൾ ഇല്ലെന്ന് ഉറച്ചുവിശ്വസിക്കുന്ന ദൈവത്തിനെതിരെ വാദിക്കാൻ ലക്ഷങ്ങൾ ചെലവിടുന്നു, വിദേശയാത്രകൾ നടത്തുന്നു, മഹാസമ്മേളനങ്ങൾ തന്നെ നടത്തുന്നു. ആ സമ്മേളനങ്ങൾ ഇപ്പോൾ ഏതാണ്ട് മതാചാരം പോലെ തന്നെ ആയിട്ടുണ്ട്.

അന്നവും വസ്ത്രവും പാർപ്പിടവും ഇല്ലാത്തവർക്ക് വെറും നാസ്തികതയേക്കാൾ ആശ്വാസം കമ്യൂണിസം തന്നെയാണ്.

ഏതെങ്കിലും നവനാസ്തികൻ തനിക്ക് മതത്തിന്റെ പേരിൽ ലഭിക്കുന്ന ശമ്പളത്തോടുകൂടിയ അവധി വേണ്ടെന്ന് പറഞ്ഞതായി നിങ്ങൾ കേട്ടിട്ടുണ്ടോ? ഏതെങ്കിലും മതവിശ്വാസി തനിക്ക് ശമ്പളമായി കിട്ടുന്ന പണം, മദ്യം വിറ്റും ചൂതാടിയും സർക്കാർ ഉണ്ടാക്കിയെടുക്കുന്നത് കൂടിയാണെന്നുപറഞ്ഞ് നിഷേധിക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ? ഉണ്ടാവില്ല.

ഉള്ളവർക്ക്​ അലങ്കാരവും ഇല്ലാത്തവർക്ക്​ മുൾക്കിരീടവുമായ മതം കൊണ്ട് അപ്പോൾ ആർക്കാണ് ഗുണം? ഉള്ളവർക്കുതന്നെ. മതത്തെ നിങ്ങൾക്ക് രാഷ്ട്രീയമായി ഉപയോഗിക്കാം. രാജ്യങ്ങളുടെ ഭരണം കയ്യടക്കാം. വാക്കുകൾ കൊണ്ട് തീർത്ത ഇതിഹാസ കഥാപാത്രങ്ങളെ ജീവൻ വെപ്പിച്ച് തെരുവിലിറക്കി അധികാരം കൊയ്യാം. ചുരുക്കത്തിൽ മതത്തെ നിങ്ങൾ എങ്ങനെ മേൽപ്പോട്ടിട്ടാലും അത് നാലുകാലിൽ തന്നെ വന്നു വീഴും. അതിന്റെ നഖങ്ങൾ സമൂഹത്തിലെ അടിത്തട്ടിലുള്ളവരുടെ നെഞ്ച് കീറുകയും ചെയ്യും.

കണ്ണംപറമ്പ് ശ്‌മശാനം / Photo: Shafeeq Thamarassery

ചുറ്റും മതവിശ്വാസികളുള്ള ഒരന്തരീക്ഷത്തിൽ മതത്തെ തള്ളിപ്പറഞ്ഞ്​, അതിന്റെ മാലിന്യങ്ങളെ സ്വന്തം വീടിന്റെ പരിസരത്തുനിന്നെങ്കിലും നീക്കം ചെയ്​ത്​ ജീവിക്കുക എന്നത് എല്ലാ അർത്ഥത്തിലും ഒരു പോരാട്ടമാണ്. സമൂഹത്തിലും കുടുംബത്തിലും നിങ്ങൾ ഒറ്റപ്പെടും. ജീവിതദുരിതങ്ങളിൽ നൊന്തുവിളിക്കാൻ ദൈവം പോലും ഉള്ളിലില്ലാത്തവരുടെ നിസ്സഹായത ഈയുള്ളവൻ അനുഭവിച്ച് അറിഞ്ഞതാണ്. ജനനം, വിവാഹം, മരണം... ഇവയിലാണ് ജീവിതത്തിൽ ഒരാൾക്ക് മതത്തെ നേരിട്ട് അഭിമുഖീകരിക്കേണ്ടിവരുന്നത്. ഇതിൽ തന്നെ മരണത്തിൽ നിങ്ങൾ തികച്ചും നിസ്സഹായനാണ്. എന്നെ മതവിധി പ്രകാരം അടക്കം ചെയ്യേണ്ട എന്നെഴുതി ഒപ്പിട്ടു വെച്ചാലും നിങ്ങളുടെ മയ്യത്ത് ബന്ധുക്കൾ ഖബറടക്കാൻ തീരുമാനിച്ചാൽ അവിടെ ഒന്നും ചെയ്യാനില്ല.

എന്റെ മൂന്ന്‌ മക്കളുടെ ജനനസമയത്തും ഭാര്യയുടെ വിശ്വാസമനുസരിച്ച് അവരുടെ കാതിൽ ബാങ്ക് വിളിക്കാൻ എനിക്ക് വുളു എടുത്ത് നിൽക്കേണ്ടിവന്നിട്ടുണ്ട്. പക്ഷേ ഞാൻ അവരുടെ കാതിൽ കൊടുത്ത വാങ്ക്, സ്വയം വേദനിക്കാതെ മറ്റുള്ളവരെ വേദനിപ്പിക്കാതെ നിനക്കീ ഭൂമിയിൽ ജീവിക്കാൻ കഴിയട്ടെ എന്നായിരുന്നു. വിശപ്പിനുമുമ്പിൽ അന്നമാവാത്ത ഒരു ദൈവത്തെയും ഞാനവർക്ക് പരിചയപ്പെടുത്തി കൊടുത്തിട്ടില്ല. പരിചയപ്പെടാൻ ഇട നൽകിയിട്ടുമില്ല.

മരണത്തിൽ നിങ്ങൾ തികച്ചും നിസ്സഹായനാണ്. എന്നെ മതവിധി പ്രകാരം അടക്കം ചെയ്യേണ്ട എന്നെഴുതി ഒപ്പിട്ടു വെച്ചാലും നിങ്ങളുടെ മയ്യത്ത് ബന്ധുക്കൾ ഖബറടക്കാൻ തീരുമാനിച്ചാൽ അവിടെ ഒന്നും ചെയ്യാനില്ല.

മനുഷ്യന്റെ ജീവനും സ്വത്തിനും സ്വാതന്ത്ര്യത്തിനും നേരെ തിരിയാത്തിടത്തോളം, അവരുടെ ഭക്ഷണത്തിലും വസ്ത്രത്തിലും അഭിപ്രായങ്ങളിലും കൈ കടത്താത്തിടത്തോളം എനിക്ക് മതത്തോട് യാതൊരു വിരോധവുമില്ല. പക്ഷേ മതം എപ്പോഴും മനുഷ്യരുടെ ജീവനിലും സ്വത്തിലും സ്വാതന്ത്ര്യത്തിലും അന്നത്തിലും വസ്ത്രത്തിലും പരമാധികാരത്തോടെ കൈ കടത്തുന്നു. അപ്പോൾ എനിക്ക് മതവുമായി കലഹിക്കേണ്ടിവരുന്നു. ദൈവത്തെക്കൊണ്ട് എനിക്കിന്നുവരെ ഒരു ഉപദ്രവമുണ്ടായിട്ടില്ല. ദൈവം എന്റെ ജീവിതത്തിൽ ഇടപെട്ടിട്ടുമില്ല. പക്ഷേ ദൈവത്തിന്റെ സൃഷ്ടാക്കളായ മതങ്ങൾ എപ്പോഴും ഇടപെടുന്നു. ആ ഇടപെടൽ സമ്പത്തില്ലാത്തവന്റെ കാര്യത്തിലാവുമ്പോൾ കൂടുതൽ ക്രൂരമാവുന്നു.

ചെറുപ്പത്തിൽ കാണാതെ പഠിച്ച ഖുർആൻ പിന്നീട്, മുതിർന്നപ്പോൾ ഞാൻ അർത്ഥമറിഞ്ഞ് പഠിച്ചിട്ടുണ്ട്. മറ്റ് മതങ്ങളെയും അവയുടെ വിശുദ്ധ ഗ്രന്ഥങ്ങളെയും പഠിച്ചു. വേദാന്തം പഠിച്ച് വട്ടായി പോയ കാലവും ജീവിതത്തിലുണ്ടായി. നവ നാസ്തികർ മതദേഹത്തിലെ പുട്ടി അടർത്താനായി പണിയെടുത്ത പുസ്തകങ്ങളും വായിച്ചു. പുട്ടി മാത്രമല്ല ചാന്തും കല്ലും വരെ അടർത്തുന്ന, റസ്സലിന്റെയും ഇംഗർ സോളിന്റെയും ഇടമറുകിന്റെയും കോവൂരിന്റെയും പുസ്തകങ്ങളും വായിച്ചു. ഇടമറുകിന്റെ ക്രിസ്തുവും കൃഷ്ണനും ജീവിച്ചിരുന്നില്ല എന്ന പുസ്തകം വായിച്ച് ഞാൻ അമ്പരന്ന് പോയിട്ടുണ്ട്. എത്രയോ പ്രതിഭാശാലികളെ സ്വാധീനിച്ച ക്രിസ്തു, ഈ ഭൂമിയിൽ ജീവിച്ചിരുന്നില്ല എന്ന അദ്ദേഹത്തിന്റെ വാദം, ചില ചിഹ്നങ്ങളുടെയും നാമങ്ങളുടെയും, തെറ്റിയ കാലക്കണക്കിന്റെയും മൂട്ടിൽ പിടിച്ചാണെന്ന് രണ്ടാം വായനയിൽ ബോധ്യപ്പെടുകയും ചെയ്തു. അത് എനിക്ക് വായിക്കാൻ തന്ന സുഹൃത്തിനോട് ഞാൻ പറഞ്ഞു, ‘എനിക്കുവേണ്ട റഫറൻസ് ബുക്കുകളും എന്റെ വീട്ടിലെ ഒരു മാസത്തെ ചെലവും സ്വസ്ഥമായ ഒരു ഇടവും നീയെനിക്ക് ഒരുക്കി തരികയാണെങ്കിൽ, സാക്ഷാൽ കാറൽ മാർക്‌സ് ഈ ഭൂമിയിൽ ജീവിച്ചിരുന്നില്ല എന്ന് ഇതേ യുക്തി വെച്ച് തെളിയിച്ച്, ഞാനൊരു പുസ്തകം എഴുതിത്തരാം.'

മതം എപ്പോഴും മനുഷ്യരുടെ ജീവനിലും സ്വത്തിലും സ്വാതന്ത്ര്യത്തിലും അന്നത്തിലും വസ്ത്രത്തിലും പരമാധികാരത്തോടെ കൈ കടത്തുന്നു. അപ്പോൾ എനിക്ക് മതവുമായി കലഹിക്കേണ്ടിവരുന്നു.

വീമ്പ് പറഞ്ഞതല്ല, ഇടമറുക് ഉപയോഗിച്ച യുക്തിയുടെ അളവുകോൽ ഉപയോഗിച്ച് ഗാന്ധിജി പോലും ഈ ഭൂമിയിൽ ജീവിച്ചിരുന്നില്ല എന്ന് തെളിയിക്കാൻ നിങ്ങൾക്ക് കഴിയും. ഇത്തരം തെളിയിക്കലുകൾ ദൈവത്തിനോ മതത്തിനോ ഒരു പോറൽ പോലും ഏൽപ്പിക്കില്ല എന്നതാണ് സത്യം.

ഭൂമിയിൽ നമുക്ക് ലഭിക്കാത്ത സൗഭാഗ്യങ്ങളുടെ പ്രലോഭനം നീട്ടിയാണ് മതം ഇരയെ പിടിക്കുന്നത്. പിന്നെ മരണമെന്ന നിത്യസത്യത്തെ മുൻനിർത്തിയും. ഇതിൽ മതങ്ങൾ വിഭാവനം ചെയ്യുന്ന സ്വർഗത്തിലെ ഏത് സൗഭാഗ്യവും പണം കൊണ്ട് നമുക്ക് ഭൂമിയിൽ സൃഷ്ടിക്കാം. അങ്ങനെ സൃഷ്ടിച്ച്, ആ ഭൂമിസ്വർഗത്തിൽ ജീവിക്കുന്ന അനേകം സമ്പന്നർ നമുക്കിടയിലുണ്ടല്ലോ. മരണത്തിനപ്പുറം ഒന്നുമില്ലെന്ന് സാധാരണ മനുഷ്യന് ബോധ്യപ്പെടാൻ അവർക്ക് ഭൂമിജീവിതത്തിലെ കഷ്ടപ്പാടുകൾ ആദ്യം തീരേണ്ടതുണ്ട്.

ഒരാൾ മത, ദൈവ വിശ്വാസിയാണ് എന്ന ഒറ്റ കാരണത്താൽ അയാളുടെ ആത്മാഭിമാനത്തെ വരെ പരിഹസിക്കുന്ന യാന്ത്രിക ഭൗതികവാദത്തോട് യോജിക്കാനാവില്ല. / Photo: Biju Ibrahim

ഒരാൾ മത, ദൈവ വിശ്വാസിയാണ് എന്ന ഒറ്റ കാരണത്താൽ അയാളുടെ ആത്മാഭിമാനത്തെ വരെ പരിഹസിക്കുന്ന യാന്ത്രിക ഭൗതികവാദത്തോട് യോജിക്കാനാവില്ല. ഒരാൾക്ക് തന്റെ ദൈവവും മതവുമാണ് ശരി എന്ന് വിശ്വസിക്കാനുള്ള എല്ലാ സ്വാതന്ത്ര്യവും ഉണ്ട്. പക്ഷേ മറ്റൊരാളുടെ ദൈവവും മതവും ശരിയല്ല എന്ന് പറയുകയും വിശ്വസിക്കുകയും അതിനായി പ്രവർത്തിക്കുകയും ചെയ്യുന്നിടത്ത് അയാളോട് നമുക്ക് കലഹിക്കേണ്ടിവരും, തള്ളി മാറ്റേണ്ടിയും വരും.

മതം ഉള്ളിടത്തോളം മതനിരാസവും ഭൂമിയിലുണ്ടാവും. ദൈവസങ്കല്പം ഉള്ളിടത്തോളം നിരീശ്വരവാദവും ഭൂമിയിലുണ്ടാവും. ഇവ രണ്ടും ദുർബലമാവുകയല്ല കൂടുതൽ ശക്തിപ്പെടുകയാണെന്ന് നമ്മളറിയുന്നുണ്ട്, പ്രതിഷേധിക്കുന്നുമുണ്ട്. ഭൗതികവാദിയുടെ ഉറച്ച മണ്ണും ആത്മീയവാദിയുടെ ആകാശവും നഷ്ടമായ ഞാനെന്ന മനുഷ്യന് ഈ വിഷയത്തെക്കുറിച്ച് കൂടുതലായി ഒന്നും എഴുതാൻ അറിയില്ല.

വിശ്വാസമാണോ അവിശ്വാസമാണോ ശരി എന്ന വിഷയത്തിനേക്കാൾ, ആ രണ്ടു വിഭാഗത്തിലും പെട്ടവർക്ക് വസ്ത്രവും പാർപ്പിടവും കിട്ടുന്നുണ്ടോ, ഇല്ലെങ്കിൽ എന്തുകൊണ്ട് കിട്ടുന്നില്ല എന്ന വിഷയത്തിലാണ് ഈയുള്ളവന് താൽപര്യം. ഇരുതല മൂർച്ചയുള്ള വാളായി മതം എന്റെ അന്തരീക്ഷത്തിൽ തെളിഞ്ഞങ്ങനെ നിൽക്കുമ്പോൾ, മനുഷ്യരിൽ മാത്രം വിശ്വസിക്കുന്ന ഞാനെന്ന മനുഷ്യൻ കൂടുതലായി എന്തുപറയാനാണ്? ▮


മുഹമ്മദ്​ അബ്ബാസ്​

മലപ്പുറം ജില്ലയിലെ കോട്ടക്കൽ വലിയപറമ്പിൽ താമസം. പെയിന്റുപണിക്കാരനാണ്. എട്ടാം ക്ലാസുവരെ തമിഴ്‌നാട്ടിൽ പഠിച്ച് ജീവിതവൃത്തി തേടി നാടുവിട്ട് ലോറിയിൽ കയറി മലപ്പുറത്തെത്തി. മലയാളം എഴുതാനും വായിക്കാനും പഠിച്ച് മലയാളത്തിലെയും ലോകസാഹിത്യത്തിലെയും പുസ്തകങ്ങളുടെ വായനയും അവയെക്കുറിച്ചുള്ള എഴുത്തും ലഹരിയായി കൊണ്ടുനടക്കുന്നു. അബ്ബാസിന്റെ വായനയെയും എഴുത്തിനെയും ആവേശത്തോടെ ഏറ്റെടുക്കുന്ന വലിയൊരു വായനാസമൂഹം സമൂഹമാധ്യമങ്ങളിലുണ്ട്. ഒരു പെയിന്റ്പണിക്കാരന്റെ ലോകസഞ്ചാരങ്ങൾ എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments