പ്രശാന്ത്​ ഗീത അപുൽ / Photo: Kamalnath

എസ്സൻസ്​ ഓഫ്​ ഹിന്ദുത്വ

കേരളത്തിലെ നാസ്തിക പ്രചാരകർ ആദ്യമേ ചെയ്തത് ഹിന്ദുത്വത്തിന്റെയോ ബ്രാഹ്മണ്യ പുരുഷാധിപത്യത്തിന്റെയോ പ്രശ്‌നങ്ങളെ ആദ്യമേ ചോദ്യങ്ങളിൽനിന്ന് ഒഴിവാക്കുകയാണ്. ആദ്യം യുക്തിവാദ സദസുകളിൽ തുടങ്ങുന്ന ഈ കേവല നാസ്തിക വിമർശനധാര പതുക്കെ സ്വന്തം നിലയ്ക്ക് ശക്തിയാർജ്ജിച്ച് പ്രത്യേക വിഭാഗമായി മാറിനിൽക്കുന്നു.

യുക്തിവാദം പൊതുവെ നാസ്തികത എന്ന് തർജ്ജമ ചെയ്യപ്പെടാറുണ്ട്.

എന്നാൽ, വിശ്വാസത്തിനോടുള്ള യുക്തിവാദത്തിന്റെ ഒരു നിലപാട് മാത്രമാണ് നാസ്തികത. മതപരവും മതേതരവുമായ മറ്റനേകം അന്ധവിശ്വാസങ്ങളിൽ കൂടി യുക്തിപരമായ നിലപാട് സ്വീകരിക്കുക. അത് നിലനിൽക്കുന്ന സാമൂഹിക സാംസ്‌കാരിക സാഹചര്യങ്ങളെ കൂടി കണക്കിലെടുത്തും വേണം.

ഇന്ത്യയിൽ യൂറോപ്യൻ ജ്ഞാനോദയം കടന്നുവരുന്നത് കൊളോണിയൽ ഭരണത്തോടെയാണ്. കച്ചവടതാല്പര്യങ്ങളാണ് യൂറോപ്യൻ ശക്തികളെ നയിച്ചിരുന്നതെങ്കിലും, ആളുകളെ സംസ്‌കരിച്ചെടുക്കാനുള്ള വെള്ളക്കാരുടെ ബാദ്ധ്യത (White Man's Burden) യൂറോപ്യൻ വിദ്യാഭ്യാസം ഇന്ത്യയിൽ തുടങ്ങാൻ കാരണമായി. ഇന്ത്യൻ നവോത്ഥാനത്തിന്റെ ഈറ്റില്ലമായി ബംഗാൾ മാറിയതും, പിതാവായി രാജാറാം മോഹൻ റായ് വരുന്നതും ഈ യൂറോപ്യൻ വിദ്യാഭ്യാസത്തിന്റെ പശ്ചാത്തലത്തിലാണ്. ഇന്ത്യയിൽ നിലനിൽക്കുന്ന പരമ്പരാഗത സംസ്‌കൃത വിദ്യാഭ്യാസത്തിന് ബദലായി ആധുനിക ഗണിതം, ശാസ്ത്രം തുടങ്ങിയവയുടെ വിദ്യാഭ്യാസത്തിന് കമ്പനി സർക്കാർ തുക ചെലവാക്കണം എന്നതായിരുന്നു മോഹൻ റായുടെ പ്രധാന ആവശ്യം.

ഹിന്ദുത്വയ്ക്ക് തന്നെ അടിസ്ഥാനമാകുന്നത് വിവേകാനന്ദന്റെ വ്യഖ്യാനപ്രപഞ്ചമാണ്. ഇതിനെ അടിസ്ഥാനമാക്കിയാണ് സവർക്കർ ഹിന്ദുത്വ എന്ന ആശയം തന്നെ രൂപപെടുത്തുന്നത്. വിവേകാനന്ദൻ രൂപപ്പെടുത്തിയെടുത്ത ഹിന്ദു എന്ന പുത്തൻ മതത്തെ അടിസ്ഥാനമാക്കിയാണ് വി.ഡി. സവർക്കർ ഹിന്ദുത്വ എന്ന ആശയം സൃഷ്ടിക്കുന്നത്.

ഈ വിദ്യാഭ്യാസ രീതി പിന്തുടർന്നുവന്നവരാണ് ആധുനിക ഭാരതത്തിന്​ വിത്തുപാകിയത് എന്ന് വ്യക്തമാണ്. മോഹൻ റായുടെ നവോത്ഥാനം ഒരു സവർണ വിഭാഗത്തിന്റെ പരിഷ്‌കരണത്തിനുമാത്രമേ ഉപകരിച്ചുള്ളൂ എന്നതുകൊണ്ട് അതിനെ ഹിന്ദുമത നവീകരണം എന്നുമാത്രമേ വിളിക്കാൻ കഴിയൂ എന്നൊരു അഭിപ്രായം പല ചരിത്രകാരന്മാരും മുന്നോട്ടുവെക്കുന്നുണ്ട്. എന്നാലും മോഹൻ റായയുടെ സതി നിർമ്മാർജ്ജന പ്രവർത്തനങ്ങൾക്ക് ബ്രാഹ്മണ വിരുദ്ധ സ്വഭാവമുണ്ടായിരുന്നു എന്ന് വ്യക്തമാണ്.

എക ഗ്രന്ഥ സംസ്ഥാപനം

ഇന്ത്യയിൽ ജാതി പ്രവർത്തിക്കുന്നതിൽ സ്ത്രീ- പുരുഷ ബന്ധങ്ങൾക്കും പ്രത്യുൽപാദന ബന്ധങ്ങൾക്കും വലിയ പങ്കുണ്ട് എന്ന് അംബേദ്ക്കർ നീരീക്ഷിക്കുന്നുണ്ട്. ഭർത്താവ് മരിക്കുന്നതിനാൽ, സ്ത്രീ- പുരുഷ അനുപാതത്തിൽ അധികമായി വരുന്ന സ്ത്രീയുടെ ചാരിത്ര്യസംരക്ഷണമാണ് സതിയിലേക്കും നിർബന്ധിത വൈധവ്യത്തിലേക്കും സ്ത്രീയെ തള്ളിവിട്ടത് എന്ന് ജാതിയും അതിന്റെ പ്രവർത്തനവും എന്ന തന്റെ പ്രബന്ധത്തിൽ അംബേദ്ക്കർ നീരീക്ഷിക്കുന്നുണ്ട്​.
എല്ലാ കാലത്തും ‘ശുദ്ധി' കാത്തുസംരക്ഷിക്കുന്നതിന്​ സ്ത്രീയുടെ ചാരിത്ര്യം കാത്തു സൂക്ഷിക്കുക എന്നത് ബ്രാഹ്മണ്യത്തിന്റെ പതിവായിരുന്നു എന്ന് വായിച്ചെടുക്കാം. അംബേദ്ക്കറുടെ ഈ സിദ്ധാന്തം അധികരിച്ചാണ് ഉമ ചക്രവർത്തിയെ പോലുള്ളവർ, ഇന്ത്യയിലെ പുരുഷാധിപത്യം കേവലമായി പുരുഷാധിപത്യം മാത്രമല്ല, അത് ബ്രാഹ്മണ്യവുമായി ചേർന്ന് പ്രവർത്തിക്കുന്ന ബ്രാഹ്മണിക പുരുഷാധിപത്യമാണ് എന്ന നിഗമനത്തിലെത്തുന്നത്. ആ നിലയ്ക്ക് സതിനിർമാർജ്ജന പ്രവർത്തനങ്ങൾ ബ്രാഹ്മണ്യ വിരുദ്ധ പോരാട്ടം കൂടിയായിരുന്നു. തുടർന്ന്, കമ്പനി സർക്കാർ നടത്തിയ പല സാമൂഹിക നിയമ നിർമാണങ്ങളും ബ്രാഹ്മണ്യഘടനയെ പലതരത്തിൽ പ്രകോപിപ്പിച്ചിരുന്നു.
1850 ലെ വിധവാപുനർവിവാഹ നിയമവും മതം മാറിയാലും പൂർവിക സ്വത്ത് നഷ്ടപ്പെടില്ല എന്ന കാസ്റ്റ് ഡിസേബലിറ്റീസ് റിമൂവൽ ആക്ടും (The Caste Disabilities Removal Act, 1850) ഇതിന് നല്ല ഉദാഹരണമാണ്. 1857 ലെ ശിപ്പായി ലഹള പോലും ബ്രാഹ്മണ്യ സംരക്ഷണത്തിനും മതസംരക്ഷണത്തിനും വേണ്ടിയായിരുന്നു എന്നുനീരിക്ഷിക്കുന്ന ചരിത്രകാരന്മാരുണ്ട്.

രാജാറാം മോഹൻ റായ് / Credit: Wikipedia
രാജാറാം മോഹൻ റായ് / Credit: Wikipedia

ഇതേകാലത്ത് ഉയർന്നുവരുന്ന ഫൂലെ പ്രസ്ഥാനവും സ്ത്രീവിദ്യാഭ്യാസത്തിനും ജാതിവിരുദ്ധ പ്രവർത്തനങ്ങൾക്കുമാണ് പരിഗണന നൽകിയത്. 1857 ലെ യുദ്ധത്തിൽ ബ്രീട്ടിഷുകാർ ജയിക്കുന്നതിനെ ‘ദൈവം ശൂദ്രരുടെ കൂടെയാണ്' എന്ന രീതിയിൽ ആഘോഷിക്കുക വഴി സ്വദേശികളായ ഭട്ടുമാരെക്കാൾ ഫുലെ വിശ്വസിച്ചത്, വിദേശീയരായ ബ്രീട്ടീഷുകാരെയായിരുന്നു എന്നതും വ്യക്തമാണ്. ലോകത്തെവിടെയും മതവിശ്വാസങ്ങളെ ചോദ്യം ചെയ്ത് തുടങ്ങുന്ന ജ്ഞാനോദയ വിമർശനം ഇന്ത്യയിൽ ആരംഭിക്കുന്നത്, ബ്രാഹ്മണ്യ വിമർശന പ്രസ്ഥാനമായിട്ടായിരുന്നു എന്നാണ് സൂചിപ്പിക്കുന്നത്.

19-ാം നൂറ്റാണ്ടിന്റെ അവസാനഘട്ടത്തിൽ ലോകത്തിലേക്ക്​ മിതമായെങ്കിലും തുറക്കപ്പെടുന്ന ഇന്ത്യൻ സമൂഹവും ഈ ജ്ഞാനോദയത്തിന്റെ സയൻസിക വിമർശനങ്ങളെ നേരിടുന്നുണ്ട്. ഒരേസമയം, ആധുനികത സൃഷ്ടിക്കുന്ന വിമർശനങ്ങളേയും മറ്റു മതങ്ങളിൽനിന്നുള്ള വിമർശനങ്ങളേയും നേരിടേണ്ടി വരുന്ന ഹിന്ദുമതത്തെ പല തരത്തിൽ പരിഷ്‌കരിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. സെമറ്റിക് മതങ്ങൾ ഉയർത്തുന്ന എകദൈവം, എക ഗ്രന്ഥം തുടങ്ങിയ വിമർശനങ്ങളെ ദയാനന്ദ സരസ്വതിയെ പോലുള്ളവർ നേരിടുന്നത് ‘വേദങ്ങളിലേക്ക് മടങ്ങൂ’ എന്ന എക ഗ്രന്ഥ സംസ്ഥാപനത്തിന് ശ്രമിച്ചുകൊണ്ടാണ്. എന്നാൽ ഈ വിമർശനങ്ങളെ ഫലപ്രദമായി നിഷ്​പ്രഭമാക്കാൻ സാധിച്ചത് വിവേകാനന്ദനാണ് എന്നുപറയാം. ഒരേസമയം മറ്റു മതങ്ങളുടെ ഏകദൈവ, എക ഗ്രന്ഥ, വിഗ്രഹാരാധന വിമർശനങ്ങളേയും, ജ്ഞാനോദയ ആധുനികത ഉയർത്തുന്ന മതവിമർശനങ്ങളായ സഹിഷ്ണുത, ശാസ്ത്രവിമർശനം, സമത്വ, സ്വാതന്ത്ര്യ, സാഹോദര്യ മൂല്യങ്ങളേയും ഫൂലെ പോലുള്ള പ്രസ്ഥാനങ്ങളുയർത്തുന്ന ബ്രാഹ്മണ്യ വിമർശനങ്ങളേയും ഒരുപോലെ നേരിടാൻ പാകത്തിന് പുതിയ ഒരു ഹിന്ദുമതമായി ബ്രാഹ്മണ്യബോധങ്ങളെ പുനർവ്യഖ്യാനം ചെയ്യുന്നുണ്ട് വിവേകാനന്ദൻ. അക്കാലത്തെ ക്രൈസ്തവ- ഇസ്​ലാമേതര വിഭാഗങ്ങളിലെ എല്ലാ വ്യത്യസ്ത ജാതി സമുദായങ്ങളേയും ഹിന്ദു എന്ന ഒറ്റ ഗണത്തിൽ പെടുത്തിയുള്ള കൊളോണിയൽ ഭരണകൂടത്തിന്റെ സെൻസസ് പ്രക്രിയകളും വിവേകാനന്ദന്റെ ഈ വ്യഖ്യാനത്തെ ഒ​ട്ടൊക്കെ സഹായിക്കുന്നുണ്ട്.

എല്ലാ മതത്തേയും കേവലാർത്ഥത്തിൽ ഉൾക്കൊള്ളുന്ന സമത്വപൂർവമായ ഒരു ദൈവിക മത ഭാവനയല്ല വിവേകാനന്ദൻ മുന്നോട്ടുവെച്ചത്. മറിച്ച്, അന്നും ഇന്നും നിലനിൽക്കുന്ന ബ്രാഹ്മണ്യഘടനയ്ക്കനുസരിച്ച് മതങ്ങളെ ക്രമീകരിക്കുക മാത്രമാണ് വിവേകാനന്ദൻ ചെയ്‌തെന്നുകാണാം.

വ്യത്യസ്ത ജാതിസമുദായങ്ങളെ ഒരു കുടക്കീഴിൽ നിർത്തുന്ന രീതിയിൽ വ്യഖ്യാനിക്കാൻ എക ദൈവം, എക ഗ്രന്ഥം, വിഗ്രഹാരാധന വിരുദ്ധം- അനുകൂലം എന്നീ നിലപാടുകൾ സാദ്ധ്യമല്ല. എന്നാൽ ഇതിനെ വിവേകാനന്ദൻ മറികടക്കുന്നത്, വ്യക്തിഗത ദൈവങ്ങളെ സൃഷ്ടിച്ചാണ്. വ്യത്യസ്ത കാലദേശാന്തരത്തിൽ ജീവിക്കുന്നവർക്ക് അവരുടെ പ്രകൃതത്തിനനുസരിച്ച് ഈശ്വരസങ്കല്പം ഉണ്ടാകണമെന്നും അതുകൊണ്ടുതന്നെ ഒന്നിലധികം ഈശ്വരന്മാരുണ്ടായാൽ അത്രയും നല്ലത് എന്നും വിവേകാനന്ദൻ അഭിപ്രായപ്പെടുന്നു. ഒരേ മതം എല്ലാവർക്കും എന്നതിനേക്കാൾ ഒരോ വ്യക്തിക്കും ചേരുന്ന പല മതം എന്ന ആശയമാണ് വിവേകാനന്ദൻ മുന്നോട്ടുവെക്കുന്നത്. ഇത്തരത്തിൽ എക മതമോ എക ദൈവമോ, ഇനി എക ഗ്രന്ഥമോ പോലും ആവശ്യം ഇല്ല എന്ന വാദത്തിലൂന്നിയാണ്​, മറ്റു മതങ്ങളുടെ വിമർശനത്തിനുള്ള മറുപടിയായി വിവേകാനന്ദൻ ഹിന്ദുമതത്തെ വ്യാഖ്യാനിക്കുന്നത്. എന്നാൽ, എല്ലാ മതത്തേയും കേവലാർത്ഥത്തിൽ ഉൾക്കൊള്ളുന്ന സമത്വപൂർവമായ ഒരു ദൈവിക മത ഭാവനയല്ല വിവേകാനന്ദൻ മുന്നോട്ടുവെച്ചത്. മറിച്ച്, അന്നും ഇന്നും നിലനിൽക്കുന്ന ബ്രാഹ്മണ്യഘടനയ്ക്കനുസരിച്ച് മതങ്ങളെ ക്രമീകരിക്കുക മാത്രമാണ് വിവേകാനന്ദൻ ചെയ്‌തെന്നുകാണാം.

സ്വാമി വിവേകാനന്ദൻ / Credit: vedantasociety.net
സ്വാമി വിവേകാനന്ദൻ / Credit: vedantasociety.net

എല്ലാ മതത്തിന്റെയും സത്തയും എല്ലാ ഈശ്വര സങ്കല്പങ്ങളും ഒന്നാണെന്നു പറയുമ്പോഴും, വിവേകാനന്ദനെ സംബന്ധിച്ച്​ ഈശ്വര ആരാധനയും സാക്ഷാത്കാരവും ഒരു യാത്രയോ പരിണാമമോ ആണ്. എറ്റവും താഴ്ന്ന അന്ധവിശ്വാസം മുതൽ എറ്റവും ഉയർന്ന സാക്ഷാൽക്കാരം വരെ നീളുന്ന സത്യത്തിൽനിന്ന് ഉന്നതമായ സത്യത്തിലേക്ക് നീങ്ങുന്ന ഒരു പരിണാമ രൂപരേഖയുണ്ട്. ‘സ്വർഗസ്ഥനായ പിതാവിനോട് പ്രാർത്ഥിക്കൂ’ എന്ന ക്രിസ്തുവചനത്തിലെ ദ്വൈതത്തിൽ തുടങ്ങി, ‘ഞാൻ മുന്തിരിവള്ളിയും നിങ്ങൾ ശാഖകളുമാകുന്നു’ എന്ന വചനത്തിലൂടെ ‘ഞാനും പിതാവും ഒന്നാണ്’ എന്ന വചനത്തിലൂടെ അദ്വൈതത്തിലേക്കെത്തുന്ന, പരിണാമ രൂപരേഖ കാണുന്നു. ദ്വൈതമത പ്രചാരണം എന്ന വലിയ തെറ്റുകൊണ്ട് ഇന്ത്യയിലെ ജനങ്ങൾക്ക്​ആത്യന്തിക സത്യം മനസ്സിലാക്കാൻ സാധിക്കാതെ പോയെന്നും അദ്വൈതമായിരുന്നു അതിനുള്ള ഏകവും എളുപ്പവുമായ വഴി എന്നും പറഞ്ഞു വെക്കുന്നുണ്ട് വിവേകാനന്ദൻ. അത്തരത്തിൽ, മാടൻ മറുത മുതൽ പരബ്രഹ്മം വരെയുള്ള ഈശ്വരസങ്കല്പങ്ങളെ മുഴുവൻ സാധൂകരിക്കുകയും അവയെ ബ്രാഹ്മണ്യ ഘടനക്കനുസൃതമായ ഉച്ചനീചത്വത്തിൽ അടുക്കിവെച്ച് സ്വാംശീകരിക്കുകയുമാണ് വിവേകാനന്ദൻ ചെയ്യുന്നത്. ഈശ്വരാരാധനയുടെ ആദ്യപടിയാണ് വിഗ്രഹാരാധന എന്നും ദൈത്വത്തിൽ തുടങ്ങി അദ്വൈതത്തിലേക്ക് അവസാനിക്കുന്ന വിവിധ ഘട്ടം അതിനുണ്ട് എന്നുമാണ് വിവേകാനന്ദന്റെ കണ്ടെത്തൽ. ഇത്തരത്തിൽ മറ്റു മതവിമർശനങ്ങളായ ഏക ദൈവ- ഗ്രന്ഥ ആശയങ്ങളെയും ഫലപ്രദമായി തന്നെ നേരിടുന്നുണ്ട് വിവേകാനാന്ദൻ.

വർണാശ്രമത്തിന്റെ അസമത്വഘടനയെ അപചയമായോ പുനർക്രമീകരണം വഴി അസമത്വം ഇല്ലാതാക്കാൻ കഴിയുന്ന ഒരു ഘടനാ പ്രശ്‌നമായോ മാത്രമേ വിവേകാനന്ദൻ കാണുന്നുള്ളൂ. സ്മൃതികൾ കാലദേശങ്ങൾക്കുള്ളിൽ പരിമിതമെന്നും അദ്ദേഹം വാദിക്കുന്നു.

വിവേകാനന്ദന്റെ കർമ- വർണ സിദ്ധാന്തം

അബ്രാഹ്മണ്യ പ്രസ്ഥാനങ്ങളുടെ വർണാശ്രമ വിരുദ്ധ വിമർശനങ്ങളെ വിവേകാനന്ദൻ നേരിടുന്നത് വർണാശ്രമത്തെ തന്നെ പുനർവ്യഖ്യാനിച്ചാണ്. മനുഷ്യന്റെ ഒരോ ഊർജ്ജകണവും ഉപയുക്തമാക്കുന്നതിനും ശരീര- ആത്മൈക്യം നേടുന്നതിനും ജന്മദൗത്യം മനസ്സിലാക്കാനും പാരമ്പര്യ തൊഴിലും വർണാശ്രമ ധർമവും സഹായിക്കുന്നു എന്ന അഭിപ്രായം തന്നെയാണ് വിവേകാനന്ദനുള്ളത്.
ജന്മവർണസിദ്ധാന്തത്തിന് ബദലായി കർമ- വർണ സിദ്ധാന്തമാണ് വിവേകാനന്ദൻ മുന്നോട്ടുവെക്കുന്നത്. ബ്രാഹ്മണരാണ് മാനവജാതിയുടെ ആദർശം എന്നും എല്ലാവരെയും ബ്രാഹ്മണരാക്കാനാണ് ഭാരതത്തിൽ പദ്ധതിയുള്ളത് എന്നും വിവേകാനന്ദൻ പറയുന്നു. ഇത്തരത്തിൽ ‘താഴ്​ന്ന’ ജാതിക്കാരെ മുഴുവൻ ബ്രാഹ്മണരായി ‘ഉയർത്തുന്ന'താണ് ഭാരതത്തിന്റെ പദ്ധതി എന്നും വിവേകാനന്ദൻ പറഞ്ഞുവെക്കുന്നു. വർണാശ്രമത്തിന്റെ അസമത്വഘടനയെ അപചയമായോ പുനർക്രമീകരണം വഴി അസമത്വം ഇല്ലാതാക്കാൻ കഴിയുന്ന ഒരു ഘടനാ പ്രശ്‌നമായോ മാത്രമേ വിവേകാനന്ദൻ കാണുന്നുള്ളൂ. സ്മൃതികൾ കാലദേശങ്ങൾക്കുള്ളിൽ പരിമിതമെന്നും അദ്ദേഹം വാദിക്കുന്നു. അതുകൊണ്ടുതന്നെ, ജാതി പോകേണ്ടതില്ല എന്നും ജാതിനിർമാർജ്ജനം എന്നത് തനി അസംബന്ധമാണെന്നും ജാതി നിലനിറുത്തിക്കൊണ്ടുതന്നെ പുതുക്കിയാൽ മാത്രം മതി എന്നും വിവേകാനന്ദൻ വാദിക്കുന്നു. ഇത്തരത്തിൽ ജാതി നിർമാർജ്ജനം തള്ളിക്കളയുകയും ജാതിയെ വർണമായോ ജാതിയുടെ ജന്മസിദ്ധാന്തത്തെ (മാതാപിതാക്കളുടെ ജാതി തന്നെയാണ് കുട്ടികളുടെ ജാതി) കർമസിദ്ധാന്തമായോ മാറ്റി അവതരിപ്പിച്ച് വർണാശ്രമത്തിന്റെ അസമത്വത്തെ ന്യായീകരിക്കുകയാണ് വിവേകാനന്ദൻ ചെയ്യുന്നത്.

താന്താങ്ങളുടെ കർമഫലമായി ലഭിച്ച നീചയോനി ജന്മം അനുഭവിക്കുന്നതിനൊടൊപ്പം ആദർശ ബ്രാഹ്മണ പദം പ്രാപിക്കാനുള്ള ഉദ്യമം കൂടി വൈശ്യ- ശൂദ്രാദി അവർണർ എറ്റെടുക്കേണ്ടതുണ്ട് എന്നതാണ് ഇതിലെ മുഖ്യ പ്രശ്‌നം./ Photo: Shanavas MA
താന്താങ്ങളുടെ കർമഫലമായി ലഭിച്ച നീചയോനി ജന്മം അനുഭവിക്കുന്നതിനൊടൊപ്പം ആദർശ ബ്രാഹ്മണ പദം പ്രാപിക്കാനുള്ള ഉദ്യമം കൂടി വൈശ്യ- ശൂദ്രാദി അവർണർ എറ്റെടുക്കേണ്ടതുണ്ട് എന്നതാണ് ഇതിലെ മുഖ്യ പ്രശ്‌നം./ Photo: Shanavas MA

സത്വ രജോ ഗുണങ്ങളാൽ നിർമിതമായ ശരീരത്താൽ പിറക്കുന്ന ബ്രാഹ്മണ -ക്ഷത്രിയർ ജനനം കൊണ്ടുതന്നെ ശ്രേഷ്ഠരായിരിക്കുകയും, തമോഗുണപ്രധാനികളായ വൈശ്യ- ശൂദ്രാദി അവർണർ കർമത്താൽ പ്രാപിക്കേണ്ട ഒരു പദമായി ബ്രാഹ്മണ്യം ന്യായീകരിക്കപ്പെടുകയും ചെയ്യുന്നു. താന്താങ്ങളുടെ കർമഫലമായി ലഭിച്ച നീചയോനി ജന്മം അനുഭവിക്കുന്നതിനൊടൊപ്പം ആദർശ ബ്രാഹ്മണ പദം പ്രാപിക്കാനുള്ള ഉദ്യമം കൂടി വൈശ്യ- ശൂദ്രാദി അവർണർ എറ്റെടുക്കേണ്ടതുണ്ട് എന്നതാണ് ഇതിലെ മുഖ്യ പ്രശ്‌നം. മാത്രമല്ല, സംസ്‌കാരം എന്ന് വിവേകാനന്ദൻ വിളിക്കുന്ന സഹജമായ ഇത്തരം ‘വാസനകൾ' പൂർവ ജന്മാന്തരങ്ങളിലെ കർമാനുസൃതമായി ശരീരത്തിന്റെ ഓരോ ചലനവും, ഓരോ വിചാരവും, ഓരോ പ്രവൃത്തിയുമായി മനസ്സിൽ മുദ്രണം ചെയ്യപ്പെട്ടവയും മേലിൽ വീണ്ടും ആവിർഭവിക്കാനുള്ള സാധ്യതയോടുകൂടിയതുമാണ്.
സംക്ഷിപ്തമായി പറഞ്ഞാൽ പൂർവ്വജന്മകൃതമായി ലഭിച്ച ‘താഴ്​ന്ന’ ജാതിജന്മവും അതിനുകാരണമായ, ഏതു സമയവും പുനരാവിർഭവിക്കാവുന്ന ചലന- വിചാര- പ്രവൃത്തികളും ഒരോ നീചജാതിക്കാരും പേറുന്നുണ്ട്. ഈ പുനരാവിർഭാവ സാദ്ധ്യതയുള്ള സഹജവാസനയെയാണ് വിവേകാനന്ദൻ സംസ്‌ക്കാരം എന്നുവിളിക്കുന്നത്. അത് ജന്മകൃതമായി ലഭിക്കുന്നതാണ് എന്ന വാദം കർമ ബ്രാഹ്മണ്യ സിദ്ധാന്തം അല്ല, ജന്മബ്രാഹ്മണ്യ സിദ്ധാന്തം തന്നെയാണ് പറഞ്ഞുവെക്കുന്നത്. എന്നാലും, ഇത്തരത്തിൽ അക്കാലത്തുണ്ടാകുന്ന ബ്രാഹ്മണ്യ വിമർശനങ്ങളെ പുകമറ കൊണ്ട് മറയ്ക്കാൻ വിവേകാനന്ദന് സാധിക്കുന്നുണ്ട്.

ഈശ്വര സാക്ഷാൽക്കാരമാണ് ശരിയായ അറിവ് എന്ന വാദത്തോടെ ഭൗതിക സയൻസിനെ പോലും അദ്വൈത വേദാന്തത്തിന് കീഴപ്പെടുത്തുന്ന ബുദ്ധിയാണ് വിവേകാനന്ദൻ സ്വീകരിക്കുന്നത്.

യൂറോപ്യൻ ജ്ഞാനോദയത്തിന്റെ മതവിമർശനങ്ങളെ വിവേകാനന്ദൻ വളരെ എളുപ്പം നേരിടുന്നുണ്ട്. ജ്ഞാനോദയത്തിന്റെ കേന്ദ്ര പ്രമേയമായ മനുഷ്യകേന്ദ്രീകൃത വ്യവസ്ഥ (anthropocentric) വിവേകാനന്ദന്റെ വ്യക്തിഗത ദൈവപരികൽപ്പനയെ വിമർശന വിധേയമാക്കാൻ പര്യാപ്തമല്ല എന്നതാണ് സത്യം. എല്ലാവർക്കും കൂടി ഏക ദൈവം എന്നത്, വിവേകാനന്ദന്റെ ‘എല്ലാവർക്കും അവരവരുടെ ദൈവം’ എന്ന സങ്കല്പത്തിന് വിരുദ്ധമാകുന്നില്ല. ആ നിലയ്ക്ക് നാസ്തികത വിവേകാനന്ദൻ സൃഷ്ടിച്ചുവെക്കുന്ന ഹിന്ദു ദൈവസങ്കല്പത്തെ ഒരുതരത്തിലും വിമർശനവിധേയമാക്കുന്നില്ല. മറ്റു മതങ്ങളെ വിമർശന വിധേയമാക്കുന്ന പ്രപഞ്ചസൃഷ്ടിയോ, മനുഷ്യസൃഷ്ടിയോ ഹിന്ദുമതത്തിന്റെ മാറ്റാൻ കഴിയാത്ത കേന്ദ്ര പ്രമേയമാകാത്തതിനാൽ ആ നിലക്കും ശാസ്ത്രം ഹിന്ദുമതബോധത്തിന് ഇളക്കം തട്ടുന്ന ഒന്നല്ല. ‘എല്ലാ മതത്തിന്റെയും അന്തഃസത്ത ഒന്നായിരുന്നു' എന്ന് പറയുന്നതിലൂടെ സെമറ്റിക്​ മതങ്ങൾ വെച്ചുപുലർത്തുന്ന സ്വമതബാഹ്യമായ അപരമതം എന്ന അസഹിഷ്​ണുത നിറഞ്ഞ ചോദ്യത്തിന് ​ഭംഗിയായി മറുപടി പറയുന്നു വിവേകാനന്ദന്റെ വ്യഖ്യാനങ്ങൾ.

ആധുനിക സയൻസ് ഉന്നയിക്കുന്ന മതവിമർശനത്തെ വിവേകാനന്ദൻ നേരിടുന്നത് മറ്റു മതങ്ങളെ പോലെ സയൻസിനെ പൂർണമായും നിരാകരിച്ചിട്ടല്ല. മറ്റു മതങ്ങൾ ഈശ്വരനാൽ സൃഷ്ടിക്കപ്പെട്ടു എന്ന സൃഷ്ടിവാദം മാത്രം അംഗീകരിച്ച് പരിണാമവാദത്തെ തള്ളിക്കളയുമ്പോൾ, എല്ലാ ജീവികളിലെയും ജീവാത്മാവ് ഒന്നുതന്നെ ആകയാൽ, താഴ്‌ന്ന ജീവികളിൽ നിന്ന് പരിണാമം സിദ്ധിച്ചതാണ് ഉന്നത ജീവികൾ എന്ന് അംഗീകരിക്കുന്നുണ്ട് അദ്ദേഹം. എന്നാൽ പരിണാമ സിദ്ധാന്തത്തെ അംഗീകരിക്കുകയല്ല, മറിച്ച്, ഇന്ത്യൻ പാഠങ്ങളിലെ പരിണാമസിദ്ധാന്തം യുറോപ്യൻ ഭൗതികശാസ്ത്രത്തിലേക്കുകൂടി പ്രയോഗിക്കപ്പെടുന്നതായാണ് വിവേകാനന്ദൻ കാണുന്നത്. സയൻസ് എന്നത് ജ്ഞാനമാർഗ്ഗത്തിനുള്ള വഴിയാണെന്ന് സമ്മതിക്കുമ്പോൾ പോലും അത് കേവലം രണ്ടാംകിട വഴിയാണെന്നും, നമ്മുടെ ദൈനംദിനജീവിതസന്ധാരണത്തിനുവേണ്ട അറിവുകൾ മാത്രമേ സയൻസ് പ്രദാനം ചെയ്യുന്നുള്ളൂ എന്നും അദ്ദേഹം വാദിക്കുന്നു.

1893 ൽ ചിക്കാഗോയിൽ നടന്ന മതസമ്മേളനത്തിൽ സ്വാമി വിവേകാനന്ദൻ / Photo: Wikimedia Commons
1893 ൽ ചിക്കാഗോയിൽ നടന്ന മതസമ്മേളനത്തിൽ സ്വാമി വിവേകാനന്ദൻ / Photo: Wikimedia Commons

ഈശ്വര സാക്ഷാൽക്കാരമാണ് ശരിയായ അറിവ് എന്ന വാദത്തോടെ ഭൗതിക സയൻസിനെ പോലും അദ്വൈത വേദാന്തത്തിന് കീഴപ്പെടുത്തുന്ന ബുദ്ധിയാണ് വിവേകാനന്ദൻ സ്വീകരിക്കുന്നത്. എപ്രകാരമാണോ ഒരു യോഗിയുടെ മനസ്സിൽ നിന്ന് ബ്രഹ്മജ്ഞാനം രൂപപ്പെട്ട് അയാൾക്ക് ഈശ്വരസാക്ഷാൽക്കാരമുണ്ടാകുന്നത്. അതേപ്രകാരം, മനസ്സിൽനിന്ന് ശാസ്ത്രസത്യങ്ങൾ രൂപപ്പെടുന്നതായി വിവേകാനന്ദൻ ന്യൂട്ടന്റെ ഉദാഹരണത്തിലൂടെ വിശദീകരിക്കുന്നുണ്ട്. ഭൂഗുരുത്വതത്വം ന്യൂട്ടൻ ഒരു മൂലയിലിരുന്ന് ചിന്തിച്ചതിന്റെ ഫലമായി സൃഷ്ടിക്കപ്പെട്ടതാണെന്നും പ്രപഞ്ചത്തിലെ അനേകം ജ്ഞാനങ്ങളുടെ അനന്തമായ കലവറയാണ് മനുഷ്യമനസ്സെന്നും വിഭാവനം ചെയ്യുന്നു വിവേകാനന്ദൻ. 20ാം നൂറ്റാണ്ടിൽ ശാസ്ത്രം മതത്തേക്കാൾ കൂടുതൽ ശേഷിയുള്ളതായി മാറിയത് ഫ്രഞ്ച് വിപ്ലവാനന്തര ‘യുക്തിദേവത' ആരാധന മൂലമാണ് എന്നദ്ദേഹം വിലയിരുത്തുന്നു. മറ്റു മതപ്രചാരകർ ചെയ്യുന്നതുപോലെ ശാസ്ത്രവുമായി എറ്റുമുട്ടലിന് വിവേകാനന്ദൻ തയ്യറാകുന്നില്ല. മറിച്ച്, മതജ്ഞാനങ്ങളെ വിമർശനവിധേയമാക്കാൻ ശാസ്ത്രം ഉപയോഗിച്ച് ശാസ്ത്രജ്ഞാനസമ്പാദനത്തിനുള്ള രീതിശാസ്ത്രങ്ങളെ തന്നെ മതജ്ഞാന സമ്പാദനത്തിനുവേണ്ടി പ്രയോഗിക്കാം എന്ന് വ്യാഖ്യാനിക്കുകയാണ്. ഗ്രന്ഥങ്ങളെ ചോദ്യം ചെയ്യാതെ ഗ്രന്ഥങ്ങൾ പഠിക്കുക, വിശ്വസിക്കുക എന്ന സെമറ്റിക് മതരീതി അല്ല, മറിച്ച് നീരിക്ഷണാനുഭവങ്ങളിലൂടെ മതത്തെ അനുഭവിച്ചറിയുക എന്ന ആധുനിക ശാസ്ത്രത്തിന്റെ രീതിശാസ്ത്രമാണ് തന്റേത് എന്നും വിവേകാനന്ദൻ അവകാശപ്പെടുന്നു.

ജാതിഘടന അതേപടി നിലനിൽക്കുന്ന, വിലക്കുകളെ ന്യായീകരിക്കുന്ന ഹിന്ദുമതാടിസ്ഥാനമായ രാഷ്ട്രീയരൂപമായാണ് സവർക്കർ ഹിന്ദുത്വ എന്ന ആശയത്തെ വികസിപ്പിക്കുന്നത്.

ചുരുക്കത്തിൽ, ഹിന്ദുമതമെന്ന തന്റെ പുത്തൻ ആശയപ്രപഞ്ചത്തെ തനിക്കു വേണ്ട രീതിയിൽ വ്യഖ്യാനിച്ച് ഒരേസമയം മറ്റു മതങ്ങളും, ശാസ്ത്രചിന്തയും, ബ്രാഹ്മണ്യവിരുദ്ധ പ്രസ്ഥാനങ്ങളും ഉന്നയിക്കുന്ന വിമർശനങ്ങളെ ഫലപ്രദമായി ചെറുക്കാനും ആ വാദങ്ങളെ ഭാരതമൊട്ടുക്ക് പ്രസരിപ്പിക്കാനും വിവേകാനന്ദന് സാധിച്ചു. പിന്നീട്, ഇന്ത്യയിലെ ഹിന്ദുമത സംസ്‌കാരത്തിനും ഹിന്ദുത്വയ്ക്ക് തന്നെയും അടിസ്ഥാനമാകുന്നത് വിവേകാനന്ദന്റെ ഈ വ്യഖ്യാനപ്രപഞ്ചമാണ്. ഇതിനെ അടിസ്ഥാനമാക്കിയാണ് സവർക്കർ ഹിന്ദുത്വ എന്ന ആശയം തന്നെ രൂപപെടുത്തുന്നത്. വിവേകാനന്ദൻ രൂപപ്പെടുത്തിയെടുത്ത ഹിന്ദു എന്ന പുത്തൻ മതത്തെ അടിസ്ഥാനമാക്കിയാണ് വി.ഡി. സവർക്കർ ഹിന്ദുത്വ എന്ന ആശയം തന്നെ സൃഷ്ടിക്കുന്നത്.

സവർക്കറുടെ ഹിന്ദുത്വ

പുരാതനവും സനാതനവുമായ ബ്രാഹ്മണിക സുവർണ ഭൂതകാലവും സകല മതങ്ങളുടേയും ഭാഷകളുടേയും മാതാവെന്ന് വിശേഷിപ്പിക്കുകയും അതിൽ അഭിമാനിക്കുകയും അഭിരമിക്കുകയും ചെയ്യുന്ന ഒരു പാരമ്പര്യവും ഹിന്ദുത്വ എന്ന ആശയത്തിന്റെ ആദ്യഘട്ടവും അടിസ്ഥാനവുമാണ്. ഈ ആശയത്തെ രാഷ്ട്രീയവൽക്കരിക്കുക എന്നതുമാത്രമാണ് സവർക്കർ ചെയ്‌തെടുക്കുന്നത്. ഇന്ത്യ എന്ന ഭൂഖണ്ഡത്തിലെ ഹൈന്ദവരാജ്യ പാരമ്പര്യങ്ങളെ മാത്രം ചരിത്രമായി വ്യഖ്യാനിച്ച്, മറ്റുള്ള എല്ലാ രാജ്യവംശങ്ങളേയും വിദേശികളും കടന്നാക്രമിച്ചവരുമായി വ്യഖ്യാനിച്ചാണ് ഹിന്ദു ഇന്ത്യ എന്ന സങ്കല്പം സവർക്കർ സൃഷ്ടിക്കുന്നത്. ഇന്ത്യൻ ചരിത്രത്തിലെ ആറ് സുവർണ ഏടുകൾ എന്ന് സവർക്കർ എഴുതുന്നത് ബ്രാഹ്മണ- വൈദിക മത സംസ്ഥാപനങ്ങളെയാണ്. വിദേശിയായ അലക്‌സാണ്ടറെ നേരിട്ട പോറസ് രാജാവിന്റേത് ക്ഷത്രിയധർമമാണെന്നും പുഷ്യമിത്ര ശുംഗൻ ബ്രാഹ്മണ രാജാവാണെന്നും, ചാണക്യന്റേത് വ്യക്തിഗത പ്രതികാരമല്ല, ബ്രഹ്മണ്യവിജയമാണെന്നും വ്യാഖ്യാനിച്ചെടുക്കാൻ സവർക്കർ ശ്രമിക്കുന്നുണ്ട്. ജാതിഘടന അതേപടി നിലനിൽക്കുന്ന, വിലക്കുകളെ ന്യായീകരിക്കുന്ന ഹിന്ദുമതാടിസ്ഥാനമായ രാഷ്ട്രീയരൂപമായാണ് സവർക്കർ ഹിന്ദുത്വ എന്ന ആശയത്തെ വികസിപ്പിക്കുന്നത്.

 വി.ഡി. സവർക്കർ / Photo: savarkarsmarak.com
വി.ഡി. സവർക്കർ / Photo: savarkarsmarak.com

പറയ്യ, ബംഗി, കോലി തുടങ്ങി പ്രത്യേക ജാതികൾക്ക് നിർദ്ദേശിക്കപ്പെട്ട ജോലികൾ ചെയ്യുന്നത് ഭൂമിയിലെ ക്ഷേമവും സ്വർഗീയാനുഗ്രഹവും നേടുന്നതിനുള്ള പാവന മാർഗമായി സവർക്കർ കാണുന്നു. ‘എസൻഷ്യൽസ് ഓഫ് ഹിന്ദുത്വ’ എന്ന ഗ്രന്ഥത്തിൽ സവർക്കർ പറയുന്നത് ശ്രദ്ധിക്കുക: ‘ഭാരതത്തിൽ ബുദ്ധമതം അലയടിക്കുമ്പോൾ പോലും ചാതുർവർണ്യവ്യവസ്ഥ ഇല്ലാതായിട്ടില്ല എന്നുമാത്രമല്ല, വർണവ്യവസ്ഥ സ്ഥാപിക്കുന്നത് മറ്റുള്ളവരിൽനിന്ന്​ തങ്ങളെ മാറ്റിനിറുത്തുന്നതായി പല രാജാക്കന്മാരും ചക്രവർത്തിമാരും മനസ്സിലാക്കിയിരുന്നു. വിദേശീയരും നമ്മളുമായി വേർതിരിക്കാൻ കഴിയുന്ന തരത്തിൽ, വർണവ്യവസ്ഥ നമ്മുടെ ദേശീയതയായി താദാത്മ്യം പ്രാപിച്ചിരുന്നു.'
വർണവ്യവസ്ഥയുടെ ശുദ്ധിസങ്കല്പത്തെ രാഷ്ട്രീയത്തിലേക്കുകൂടി വ്യാപിപ്പിച്ചാണ് സവർക്കറുടെ ഹിന്ദുത്വനിർവചനം മുന്നോട്ടുപോകുന്നത്. ഹിന്ദുരാഷ്ട്ര ദർശൻ എന്ന തന്റെ പുസ്തകത്തിൽ സവർക്കർ ഇങ്ങനെ പറയുന്നു: ‘ഈ പ്രപഞ്ചത്തിൽ നമ്മൾ ഹിന്ദുക്കൾക്ക് നമ്മുടേതായ ഒരു രാജ്യം ഉണ്ടാകേണ്ടതുണ്ട്. ശുദ്ധി എന്നത് കേവലം മതപരമായ ഒരു സങ്കല്പം മാത്രമല്ല, അത് രാഷ്​ട്രീയത്തിലേക്കുകൂടി കടന്നുവരേണ്ടതുണ്ട്. ശുദ്ധിയും സംഘടനയുമായി ചേരുന്നിടത്തുമാത്രമേ അഹിന്ദുക്കൾ പലതരം ഭരണപരിഷ്‌കാരം വഴി നമ്മളിൽ നിന്ന് പിഴിഞ്ഞെടുത്ത അധികാരം തിരിച്ചെടുക്കാനാവൂ.'

എസ്സൻഷ്യൽസ് ഓഫ് ഹിന്ദുത്വ എന്ന പുസ്തകം
എസ്സൻഷ്യൽസ് ഓഫ് ഹിന്ദുത്വ എന്ന പുസ്തകം

ഇത്തരത്തിൽ അഹിന്ദുക്കളെ, വിശിഷ്യ മുസ്​ലിംകളെ, രാഷ്ട്രീയാധികാരത്തിൽ നിന്ന് മാറ്റിനിറുത്തിയും അപരവൽക്കരിച്ചുമാണ് ഹിന്ദുത്വ നിർമാണം സാദ്ധ്യമാകുന്നത്. ഹിന്ദു എന്ന സ്വത്വനിർമിതിയിൽ മുസ്​ലിമിന്റെ അപരവൽക്കരണം അനിവാര്യ ഘടകമാണെന്നുകാണാം. എസൻഷ്യൽസ് ഓഫ് ഹിന്ദുത്വയിൽ തന്നെ സവർക്കർ പറയുന്നു: ‘സിന്ധു മുതൽ ഇന്ത്യാ സമുദ്രം വരെയുള്ള ഭൂപ്രദേശത്തെ അടയാളപ്പെടുത്താമെങ്കിൽ, അത്​ നമ്മുടെ ജന്മഭൂമിയായ ഹിന്ദുക്കളുടെ ദേശം എന്നായിരിക്കും. നമ്മുടെ എതിരാളികൾ നമ്മളെ വെറുത്തത്​ ഹിന്ദുക്കൾ എന്നതിനാൽ മാത്രമാണ്. ആ എതിർപ്പിലാണ് കട്ടക്ക് മുതൽ അട്ടോക്ക് വരെയുള്ള സകല ജാതികളും മതങ്ങളും സമുദായങ്ങളും ഹിന്ദു എന്ന ഒറ്റ സ്വത്വമായി ഉയർന്നുവന്നത്.'

ഇതിൽ നിന്ന്​, മുസ്​ലിംകളെ അപരവൽക്കരിക്കുക എന്നത് ഹിന്ദുത്വ ആശയത്തിന്റെ കേന്ദ്ര പ്രമേയമാണെന്ന് മനസ്സിലാക്കാം. ഹിന്ദുക്കളെ ആകെ എതിർക്കുക എന്ന പ്രമേയം അടിസ്ഥാനമാക്കിയാണ് പിന്നീട് ആന്തരിക ശത്രുക്കളായി ക്രിസ്ത്യാനികളും മുസ്​ലിംകളും, കമ്യൂണിസ്റ്റുകളും അവരോധിക്കപ്പെടുന്നത്.

അവരവുടെ വ്യക്തിഗതദൈവങ്ങളെ അവരവർ പ്രതിരോധിച്ച് കൊള്ളുക എന്നതാണ് ഹിന്ദുമതം പൊതുവിൽ സ്വീകരിക്കുന്ന രീതി. അതുകൊണ്ട്, സെമിറ്റിക് മതങ്ങളിലേതു പോലെ വിമർശനങ്ങളോടുള്ള കൂട്ടായ പ്രതിരോധമോ പ്രത്യാക്രമണമോ ഹിന്ദു മതത്തിൽ നിന്നുണ്ടാകുകയില്ല.

മറച്ചുവെക്കപ്പെടുന്ന വർണാ​ശ്രമം

ഇതുവരെയുള്ള കാര്യങ്ങളെ ഒന്ന് സംഗ്രഹിച്ചാൽ, ഹിന്ദുമതം എന്നത്​ 19-20 നൂറ്റാണ്ടുകളുടെ മാത്രം നിർമിതിയാണെന്നും അന്നുവരെയുണ്ടായിട്ടുള്ള
മതവിമർശനങ്ങളെ പ്രതിരോധിച്ചും, സ്വയം സ്വാംശീകരിച്ചും പുനർവ്യഖ്യാനിച്ചുമാണ്​ ഹിന്ദുമതം സൃഷ്ടിക്കപ്പെട്ടതെന്നും വ്യക്തമാകും. സെമറ്റിക് മതങ്ങളിലേതുപോലെ ഒരു എകദൈവ, എക ഗ്രന്ഥ മതമായല്ല
ഹിന്ദുമതം ആശയവൽക്കരിക്കപ്പെട്ടത് എന്നതുകൊണ്ടുതന്നെ സെമിറ്റിക് മത വിമർശനരീതികൾ ഹിന്ദു മതവിമർശനത്തിന് കാര്യമായ പരിക്ക്​ സൃഷ്ടിക്കുന്നില്ല എന്നും കാണാം. സെമറ്റിക് മതങ്ങളിലേതുപോലെ എല്ലാവർക്കും കൂടിയുള്ള ദൈവ സങ്കല്പം മുന്നോട്ടുവെക്കാത്തതിനാൽ എതെങ്കിലും ദൈവത്തെ വിമർശിക്കുമ്പോൾ പ്രതിരോധിക്കാൻ ഒരു ഹിന്ദു ബാദ്ധ്യസ്ഥനല്ല. അവരവുടെ വ്യക്തിഗതദൈവങ്ങളെ അവരവർ പ്രതിരോധിച്ച് കൊള്ളുക എന്നതാണ് ഹിന്ദുമതം പൊതുവിൽ സ്വീകരിക്കുന്ന രീതി. അതുകൊണ്ട്, സെമിറ്റിക് മതങ്ങളിലേതു പോലെ വിമർശനങ്ങളോടുള്ള കൂട്ടായ പ്രതിരോധമോ പ്രത്യാക്രമണമോ ഹിന്ദു മതത്തിൽ നിന്നുണ്ടാകുകയില്ല. ഹിന്ദുക്കൾ സഹിഷ്ണുതയുള്ളവരാണ് എന്ന ധാരണയാണ് ഇത് സൃഷ്ടിക്കുന്നത്. മതവിമർശനത്തിന്റെ കുന്തമുനകളായ ഇതര മതങ്ങളോടുള്ള അസഹിഷ്ണുത, അശാസ്ത്രീയത, സമത്വ, വ്യക്തി സ്വാതന്ത്ര്യ വിമർശനങ്ങളെല്ലാം ഹിന്ദുമതത്തിന്റെ ഈ ഘടനയും ദൈവ- മത സങ്കൽപങ്ങളും കാരണം ഫലപ്രദമായി പ്രതിരോധിക്കാനോ അതിജീവിക്കാനോ സാധിക്കും. എന്നാൽ ഹിന്ദുമതത്തിന്റെയും ഹിന്ദുത്വത്തിന്റെയും കേന്ദ്രപ്രമേയം എന്നുപറയുന്നത്​, ചാതുർവർണ സിദ്ധാന്തവും വർണാശ്രമ ധർമങ്ങളുമാണ്​ എന്നത് പലപ്പോഴും അവഗണിക്കപ്പെടുകയോ, മറച്ചുവെക്കപ്പെടുകയോ ചെയ്യുന്നു. ഹിന്ദുത്വ എന്ന രാഷ്ട്രീയ മുഖത്തിൽ പോലും പ്രകടമാകുന്ന ഈ വർണാശ്രമധർമങ്ങളും അതിനെ അടിസ്ഥാനമാക്കിയ ബ്രാഹ്മണ്യലോകഘടനയും അതിലധിഷ്ഠിതമായ സംസ്‌കാരവും പലപ്പോഴും വിമർശനവിധേയമാകാതെയിരിക്കുകയും ചെയ്യുന്നു.

കേരളത്തിലെ നവോത്ഥാന ശ്രമങ്ങളൊക്കെ ഇത്തരത്തിൽ നാസ്തിക പ്രസ്ഥാനങ്ങൾ എന്നതിനപ്പുറം ജാതിവിരുദ്ധ പ്രസ്ഥാനങ്ങളായാണ് നിലവിൽ വന്നത്. അയ്യങ്കാളി പ്രസ്ഥാനവും, ശ്രീനാരായണഗുരു പ്രസ്ഥാനവും ജാതിവിരുദ്ധ പ്രസ്ഥാനങ്ങളായാണ് നിലനിന്നത്. ഒരേസമയം ‘ജാതി വേണ്ട മതം വേണ്ട ദൈവം വേണ്ട മനുഷ്യന്' എന്ന മുദ്രവാക്യം ഉയർത്തുമ്പോഴും ‘ജാതി നിർമൂലനത്തിനായി, ജാതി പറയണം, ചോദിക്കണം, ചിന്തിക്കണം' എന്നുപറയുന്ന യുക്തിവാദിയായ സഹോദരൻ അയ്യപ്പന്റെ പ്രസ്ഥാനവും ജാതിവിരുദ്ധപ്രസ്ഥാനമായി തന്നെയാണ് നിലകൊണ്ടത്.

വി.ടി. ഭട്ടതിരിപ്പാട് / Photo: Wikimedia
വി.ടി. ഭട്ടതിരിപ്പാട് / Photo: Wikimedia

വി.ടി. ഭട്ടതിരിപ്പാടിന്റെ നേതൃത്വത്തിൽ നടന്ന നവോത്ഥാന ശ്രമങ്ങളും വിധവാവിവാഹവും ഘോഷാബഹിഷ്‌കരണവും വഴി ബ്രാഹ്മണ്യ പുരുഷാധിപത്യത്തിനെതിരെയാണ് ചോദ്യങ്ങളുയർത്തിയത്. എന്നാൽ സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ, പ്രത്യേകിച്ച് 20-ാം നൂറ്റാണ്ടിന്റെ അവസാനങ്ങളിൽ ഹിന്ദുമത വിമർശനം എന്നത് അന്ധവിശ്വാസ നിർമ്മാർജ്ജനവും, ദിവ്യാത്ഭുത അനാവരണവും, ആൾദൈവ വിമർശനങ്ങളുമായി മാറിയതല്ലാതെ ബ്രാഹ്മണ്യത്തോട് കലഹിച്ചിരുന്നോ എന്നതിൽ സംശയമുണ്ട്.

21-ാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിന്റെ അവസാനമാണ് ഇന്ത്യയിൽ നാസ്തികത ഇന്നുകാണുന്ന രീതിയിൽ പ്രചുരപ്രചാരം നേടുന്നത്. വേൾഡ് ട്രേഡ് സെന്റർ ആക്രമത്തെ തുടർന്ന് യൂറോപ്പിലുണ്ടാകുന്ന സാമൂഹിക ബോധമില്ലാത്ത കേവല നാസ്തികത, സോഷ്യൽ മിഡിയയുടെ വരവോടെ കേരളത്തിലും പ്രചാരത്തിലാകുന്നു. കേരളത്തിലും ലോകത്തെമ്പാടുമായി ചിതറിക്കിടന്ന സമാന മനസ്‌കർ സോഷ്യൽ മീഡിയ വഴി ഒത്തുകൂടുമ്പോൾ സ്വഭാവികമായി നാസ്തികർക്കും ആവശ്യമായ ആശയവിനിമയതലം സാദ്ധ്യമാകുന്നുണ്ട്. ഈ കൂട്ടത്തിൽ ഏറ്റവും ചർച്ച നടക്കുന്നത് ബ്ലോഗുകളിലും, ഓർക്കൂട്ടിലും മറ്റുമാണ്. പിന്നീട് ഈ ചർച്ചകൾ ഫേസ്ബുക്ക് പോലുള്ള മാദ്ധ്യമങ്ങളിലേക്ക് മാറുന്നു. ശേഷം യുട്യൂബിലൂടെയുള്ള വീഡിയോകൾ നാസ്തികതയെ പ്രചരിപ്പിക്കുന്നു. ഈ കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ വിമർശന വിധേയമായ മതം ഇസ്​ലാം ആണ്. ഫേസ്ബുക്കിന്റെ പ്രത്യേകത കൊണ്ടും സോഷ്യൽ മിഡിയയുടെ ട്രോളുകൾ പോലുള്ള സങ്കേതങ്ങളുപയോഗിച്ചും വിശ്വാസി സമൂഹത്തിൽ ചെറിയ രീതിയിൽ പ്രകോപനം സൃഷ്ടിച്ചുതന്നെയാണ് നാസ്തിക പ്രചാരണം മുന്നോട്ടുനീങ്ങിയത്. മേൽ സൂചിപ്പിച്ചതുപോലെ ഗ്രന്ഥത്തെയും ദൈവത്തെയും പ്രവാചകനെയും കാത്തുസൂക്ഷിക്കാനുള്ള ശക്തവും സംഘടിതവുമായ ശ്രമങ്ങൾ സെമറ്റിക് മതങ്ങൾക്കാവശ്യമാണ് എന്നതിനാൽ മുസ്​ലിം സമൂഹം ശക്തമായും തീവ്രമായും ആശയ പ്രത്യാക്രമണം നടത്തി. എന്നാൽ കേരളത്തിലെ നാസ്തിക പ്രചാരകർ ആദ്യമേ ചെയ്തത് ഹിന്ദുത്വത്തിന്റെയോ ബ്രാഹ്മണ്യ പുരുഷാധിപത്യത്തിന്റെയോ പ്രശ്‌നങ്ങളെ ആദ്യമേ ചോദ്യങ്ങളിൽനിന്ന് ഒഴിവാക്കുകയാണ്. ആദ്യം യുക്തിവാദ സദസുകളിൽ തുടങ്ങുന്ന ഈ കേവല നാസ്തിക വിമർശനധാര പതുക്കെ സ്വന്തം നിലയ്ക്ക് ശക്തിയാർജ്ജിച്ച് പ്രത്യേക വിഭാഗമായി മാറിനിൽക്കുന്നു. സി. രവിചന്ദ്രന്റെ നേതൃത്വത്തിൽ തുടങ്ങിയ ഈ നാസ്തികപ്രസ്ഥാനത്തിന്റെ ഇപ്പോഴത്തെ വാദം, തങ്ങൾ നാസ്തികർ മാത്രമാണെന്നും യുക്തിവാദികളല്ലെന്നും ആണ്.

ഒരേസമയം മുന്നാക്കജാതികളുടെ വിദ്യാഭ്യാസ-ജോലി പ്രവേശനങ്ങൾ ജനറൽ വിഭാഗത്തിൽ ഒതുക്കുകയും പിന്നാക്ക ജാതികൾക്കായി പ്രത്യേക അവകാശം നൽകുകയും ചെയ്യുന്ന സംവരണം സമത്വത്തിനെതിരാണ് എന്ന വാദമാണ് രവിചന്ദ്രൻ ഉന്നയിക്കുന്നത്.

പുതുതലമുറ നാസ്​തികർ

ഈ ഘട്ടത്തിൽ യുക്തിവാദം എന്നതിനെ നാസ്തികത എന്ന് തർജ്ജമ ചെയ്ത് അതിന്റെ സാമൂഹിക, മാനവികത തലങ്ങളിൽ നിന്ന് വിച്​ഛേദിച്ചെടുക്കാനാണ് ആദ്യകാല നാസ്തികർ ശ്രമിച്ചത്. ഈ തരത്തിൽ ആദ്യമേ നടന്ന ഒരു ശ്രമമാണ് 2013 കോഴിക്കോട് വെസ്റ്റ് ഹിൽ പോളിടെക്‌നിക്കിൽ സി. രവിചന്ദ്രൻ നടത്തിയ ‘വെളിച്ചപ്പാടിന്റെ ഭാര്യ' എന്ന പ്രഭാഷണം. ഭർത്താവിന്റെ നാസ്തികതയോട് അനുഭാവമില്ലാത്തവരും നാസ്തികത സ്വീകരിക്കുന്നതിൽ അല്പം വിമുഖതയുള്ളവരുമാണ് നാസ്തികരുടെ ഭാര്യമാർ എന്നായിരുന്നു സി. രവിചന്ദ്രന്റെ ആരോപണം. എം.ടിയുടെ നിർമാല്യത്തിൽ, വെളിച്ചപ്പാടിന്റെ സവർണ ദാരിദ്ര്യത്തോട്​ പൊരുത്തപ്പെടാനാകാതെ വെളിച്ചപ്പാടിന്റെ ആസ്തികതയോടും വിശ്വാസത്തിനോടും വെറുപ്പും വിമുഖതയും കാണിക്കുന്ന വെളിച്ചപ്പാടിന്റെ ഭാര്യയോടാണ് യുക്തിവാദികളുടേയും നാസ്തികരുടേയും ഭാര്യമാരെ സി. രവിചന്ദ്രൻ പൊതുവായി ഉപമിച്ചത്. മറ്റൊരുതരത്തിൽ, വനവാസത്തിനായാലും ഭർത്താവിന്റെ കൂടെ യാത്രയാകുന്ന ഭാര്യയെ പോലെയല്ലാത്ത, ഭർത്താവിന്റെ ആസ്തികതയോടും, ത്യാഗമനോഭാവത്തോടും താല്പര്യമില്ലാത്ത ഭാര്യമാരെ കുറിച്ചുള്ള ബ്രാഹ്മണ്യ പുരുഷാധിപത്യ വിലാപമാണ് സി. രവിചന്ദ്രനും കാഴ്ചവെച്ചത്. ഭാര്യ മറ്റൊരു വ്യക്തിയാണെന്നോ അവർക്കും ഭർത്താവിൽനിന്ന് വിഭിന്നമായി വിശ്വാസ-അവിശ്വാസങ്ങളുണ്ടാകമെന്നോ പലപ്പോഴും അത്തരം വിശ്വാസ- അവിശ്വാസങ്ങൾ പ്രകടിപ്പിക്കുന്നതിൽനിന്ന് അവരെ പിന്തിരിപ്പിക്കുന്നത്​ സാമൂഹിക സാഹചര്യങ്ങളാണ് എന്നതോ കണക്കിലെടുക്കാൻ രവിചന്ദ്രൻ തയ്യാറായില്ല. ആ പ്രഭാഷണത്തെ തുടർന്ന് സദസിലെ സ്ത്രീകളടക്കം പ്രതിഷേധിച്ചിട്ടും അത് തിരുത്താനോ പിൻവലിക്കാനോ അദ്ദേഹം തയ്യാറായില്ല. ഇത്തരത്തിൽ നാസ്തികത എന്ന പ്രമേയത്തെ അടയാളപ്പെടുത്തുകയും അതിന് അപ്രമാദിത്യം സ്ഥാപിച്ചെടുക്കുകയും ചെയ്യുകയായിരുന്നു. കേരളത്തിൽ ആദ്യ കാലത്ത് യുക്തിവാദത്തിലുണ്ടായിരുന്ന ബ്രാഹ്മണ്യ വിരുദ്ധ പ്രമേയത്തെ റദ്ദ് ചെയ്യാനാണ് രവിചന്ദ്രൻ ശ്രമിച്ചത്.

സി. രവിചന്ദ്രൻ / Photo: Jain G Gopinath
സി. രവിചന്ദ്രൻ / Photo: Jain G Gopinath

2018 ൽ പാലക്കാട് നടന്ന ‘സംവരണ സമവാക്യങ്ങൾ’ എന്ന പ്രസംഗത്തിലാണ് രവിചന്ദ്രൻ സംവരണ വിരുദ്ധത തുറന്നുപറയുന്നത്. ഈ പ്രസംഗത്തിന്റെ ആകെ തുകയിൽ മെറിറ്റോക്രസിയെ അനുകൂലിക്കുകയും സംവരണത്തെ എതിർക്കുകയും ചെയ്യുന്ന രവിചന്ദ്രൻ ഒരു ‘ഐ.സി.യു കേസ്' എന്ന നിലയ്ക്ക് പട്ടികജാതി / പട്ടികവർഗ സംവരണത്തെ മാത്രം സാമ്പത്തികപരിധി വെച്ച് പിന്തുണക്കുന്നു, അതും നിശ്ചിതകാലയളവിലേക്കുമാത്രം. ഇന്ത്യയിലെ സംവരണം ആത്യന്തികമായി ബ്രാഹ്മണ്യവിരുദ്ധ പദ്ധതിയാണ്. ഒരേസമയം മുന്നാക്കജാതികളുടെ വിദ്യാഭ്യാസ-ജോലി പ്രവേശനങ്ങൾ ജനറൽ വിഭാഗത്തിൽ ഒതുക്കുകയും പിന്നാക്ക ജാതികൾക്കായി പ്രത്യേക അവകാശം നൽകുകയും ചെയ്യുന്ന സംവരണം സമത്വത്തിനെതിരാണ് എന്ന വാദമാണ് രവിചന്ദ്രൻ ഉന്നയിക്കുന്നത്. അതുകൊണ്ട്, ഭരണഘടനാപരമായി സമത്വം നിലനിൽക്കുന്നിടത്ത് സംവരണം പോലുള്ള അവകാശങ്ങൾ സമത്വത്തെ ഇല്ലാതാക്കുന്നു എന്ന വാദമാണ് അദ്ദേഹം ഉന്നയിക്കുന്നത്. ഭരണഘടനയിൽ സമത്വം എഴുതിവെച്ചാൽ മാത്രം സമൂഹിക-രാഷ്ട്രീയ ജീവിതത്തിൽ സമത്വം പൂർത്തികരിക്കുമെന്ന ഈ വാദം വർഷങ്ങളായി ബ്രാഹ്മണ്യം ഉന്നയിക്കുന്ന ഒന്നാണ്. ഇന്ത്യയിൽ നിലനിൽക്കുന്ന ബ്രാഹ്മണ്യ സാമൂഹികഘടന പ്രകാരം ദലിത്- പിന്നാക്ക വിഭാഗക്കാർക്ക് വിദ്യാഭ്യാസത്തിലും തൊഴിലിലും പ്രാതിനിധ്യം കുറവാണ്. ഇതിൽ ഘടനാപരമായ മാറ്റം കൊണ്ടുവരാനുള്ള പ്രവർത്തന പദ്ധതിയാണ് സംവരണം പോലുള്ള പ്രത്യേക അവകാശങ്ങൾ. അതിനെതിരെ സംസാരിക്കുന്ന രവിചന്ദ്രനെ പോലുള്ള നാസ്തിക വാദികൾ, നിലനിൽക്കുന്ന ബ്രാഹ്മണ്യവ്യവസ്ഥയെ കോട്ടം തെറ്റാതെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നത്​.

മുസ്​ലിം അപരവൽക്കരണം എന്ന അജണ്ട

ബ്രാഹ്മണ്യസംരക്ഷണം കഴിഞ്ഞാൽ ഹിന്ദുത്വത്തിന്റെ മറ്റൊരു കേന്ദ്ര പ്രമേയം മുസ്​ലിമിനെ അപരവൽക്കരിക്കുക എന്നതാണ്. നാസ്തികത എന്ന പേരിൽ രവിചന്ദ്രനും അദ്ദേഹം നയിക്കുന്ന എ​സ്സെൻസ്​ ഗ്രൂപ്പും ചെയ്യുന്നത് ഈ അപരവൽക്കരണമാണ്. ഇസ്​ലാം വിമർശനം എന്ന പേരിൽ മുസ്​ലിംകളെ മുഴുവൻ പൈശാചികവൽക്കരിക്കുക എന്നതാണ് ഇതിന്റെ ഒരു രീതി. തങ്ങൾ മതത്തെ എതിർക്കുന്നു എന്ന പേരിൽ വിശ്വാസികളുടേയെല്ലാം ബോധതലത്തിന് പ്രശ്‌നമുണ്ടെന്നും എന്തോ ‘സോഫ്റ്റ് വെയർ' മാറ്റം അനിവാര്യമാണെന്നും രവിചന്ദ്രൻ പ്രചരിപ്പിക്കുന്നു. ഒരു കൂട്ടത്തിൽ പെടുന്നവർക്കൊക്കെ ഒരേ സ്വഭാവമാണ് എന്ന ജാതിയുടെ സാമാന്യവൽക്കരണം പലഘട്ടങ്ങളിൽ രവിചന്ദ്രൻ നടത്തുന്നുണ്ട്. സർക്കാർ ജീവനക്കാരിൽ മുസ്​ലിം പ്രാതിനിധ്യം കുറയാനുള്ള കാരണം, അവർ മുഹമ്മദിന്റെ പാത പിന്തുടർന്ന് കച്ചവടത്തിൽ താല്പര്യം കാണിക്കുന്നതുകൊണ്ടാണ് എന്ന് കൊച്ചിൻ യൂണിവേഴ്​സിറ്റിയിൽ നടന്ന ‘ജാതിപ്പൂക്കൾ' എന്ന പ്രഭാഷണത്തിൽ പറയുന്നുണ്ട്. സച്ചാർ കമ്മിറ്റി അടക്കം പല പഠനങ്ങളിലും വിദ്യാഭ്യാസപരമായും മറ്റും മുസ്​ലിം സമുദായം പിന്തളപ്പെട്ടുപോയ സാമൂഹിക പരിസരം മറന്നാണ് രവിചന്ദ്രൻ മുസ്​ലിംകളുടെ പിന്നാക്കാവസ്ഥയ്ക്ക് അവരെ തന്നെ കുറ്റപ്പെടുത്തുന്നത്. നായയെ കളയാൻ കാറിനുപിറകിൽ കെട്ടി വലിച്ചു കൊണ്ടുപോകുന്ന വ്യക്തി മുസ്​ലിമായതിനാൽ മാത്രം അയാളുടെ മതബോധമാണ് അങ്ങനെ ചെയ്യിച്ചതെന്ന് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അഭിപ്രായപ്പെടുന്ന രവിചന്ദ്രൻ, ആസാമിൽ വെടിയേറ്റുമരിച്ച പ്രതിഷേധക്കാരന്റെ ശരീരത്തിൽ ആനന്ദനൃത്തം ചവിട്ടുന്ന പത്രപ്രവർത്തകനെ അതിനുപ്രേരിപ്പച്ചതെന്താണെന്ന് വ്യക്തമാകാതെ അന്തംവിടുന്നതും കാണാം.

സവർക്കർ നിർദ്ദേശിക്കുന്ന ഹിന്ദുത്വത്തിന്റെ കേന്ദ്രപ്രമേയം എന്നത്
ചാതുർവർണ്യഘടനയുടെ സംരക്ഷണവും, മുസ്​ലിം അപരവൽക്കരണവും ആണെന്ന് സൂചിപ്പിച്ചുവല്ലോ. അതിന് സഹായിക്കുമാറ് തന്റെ നാസ്തിക വിമർശനത്തെ പാകപ്പെടുത്തുന്നുണ്ട് രവിചന്ദ്രൻ

‘വെടിയേറ്റ വൻമരം’ എന്ന പ്രഭാഷണത്തിലാകട്ടെ, മതരാഷ്ട്രീയം നന്നല്ല എന്ന പ്രമേയത്തിന്റെ മറവിൽ ഗാന്ധിയുടെ ന്യൂനപക്ഷപ്രീണനമാണ് ഗോഡ്സെയെ ഗാന്ധിഹത്യയിലേക്ക് നയിച്ചതെന്നും സാധൂകരിച്ചെടുക്കുന്നുണ്ട്. സി.എ.എ- എൻ.ആർ.സി വിഷയത്തിൽ രവിചന്ദ്രന്റെ വിയോജിപ്പ്, അതിൽ മുസ്​ലിം എന്ന ഫിൽറ്ററിനോടു മാത്രമാണ്. പൗരത്വ ഭേദഗതിയോടും, പൗരത്വം തെളിയിക്കുന്നതിലെ രാഷ്ട്രീയ നൈതികതയോടും രവിചന്ദ്രന് പൂർണ യോജിപ്പാണ്.

പൗരത്വഭേദഗതി നിയമത്തിനെതിരായി എറണാകുളത്ത് നടന്ന പ്രതിഷേധത്തിൽ നിന്ന് / Photo: F.B, People's Long March
പൗരത്വഭേദഗതി നിയമത്തിനെതിരായി എറണാകുളത്ത് നടന്ന പ്രതിഷേധത്തിൽ നിന്ന് / Photo: F.B, People's Long March

സവർക്കർ നിർദ്ദേശിക്കുന്ന ഹിന്ദുത്വത്തിന്റെ കേന്ദ്രപ്രമേയം എന്നത്
ചാതുർവർണ്യഘടനയുടെ സംരക്ഷണവും, മുസ്​ലിം അപരവൽക്കരണവും ആണെന്ന് സൂചിപ്പിച്ചുവല്ലോ. അതിന് സഹായിക്കുമാറ് തന്റെ നാസ്തിക വിമർശനത്തെ പാകപ്പെടുത്തുന്നുണ്ട് രവിചന്ദ്രൻ എന്ന് മേൽപ്പറഞ്ഞ ഉദാഹരണത്തിൽ വ്യക്തമാകും. ഇസ്​ലാം മതത്തിന് മറ്റു മതങ്ങളിൽ നിന്ന് സവിശേഷമായ പ്രാകൃതത്വമുണ്ടെന്നും, മുസ്​ലിംകൾ ജനാധിപത്യ സമൂഹത്തിൽ ജീവിക്കാൻ കൊള്ളാത്തവരാണെന്നുമുള്ള ധാരണ കേൾവിക്കാരിൽ സൃഷ്ടിക്കുന്നതിൽ രവിചന്ദ്രൻ വിജയിച്ചിട്ടുണ്ട്. ഇത് കൃത്യമായി ഹിന്ദുത്വ ആശയമാണ്. ഈ ആശയങ്ങൾ ഹിന്ദുത്വം പറയുമ്പോൾ വലതുപക്ഷ ആശയമെന്ന കണക്കിൽ തള്ളിക്കളയുന്നവർ പോലും മതനിരാസത്തിന്റെ മേലങ്കിയിൽ രവിചന്ദ്രൻ പറയുമ്പോൾ സ്വീകരിക്കുന്നതാണ് അപകടം. ഇത്തരം ആശയ പ്രചാരണങ്ങൾക്കായി തന്റെ മുൻവിധികളും തെറ്റുകളും വ്യാഖ്യാന കസർത്തുകളും കൃത്യമായി ഉപയോഗിക്കാൻ രവിചന്ദ്രന് വ്യക്തമായി അറിയാം. ചെങ്കിസ് ഖാൻ മുസ്​ലിം ആകുന്നതും, യൂണിഫോം സിവിൽ കോഡിനെ നിരാകരിക്കുന്ന 21-ാം ലോ കമീഷൻ, പരിഷ്‌കരണത്തിനെ എതിർക്കുന്നു എന്നും തെറ്റിദ്ധരിപ്പിക്കുന്നത് ഇതിനുദാഹരണമാണ്.

രവിചന്ദ്രൻ ഇസ്​ലാമിനെ വിമർശിക്കുന്നതുപോലെ ഹിന്ദുത്വത്തെ വിമർശിക്കുന്നില്ല എന്ന വാദം ഉയരുമ്പോൾ അതിനെ പ്രതിരോധിക്കുന്നത് അദ്ദേഹം എഴുതിയ വാസ്തുലഹരി, പകിട 13, ബീഫും ബീലിഫും തുടങ്ങിയ പുസ്തകങ്ങൾ ചൂണ്ടിക്കാട്ടിയാണ്. വാസ്തുവിദ്യാവിമർശനം, ജ്യോതിഷ വിമർശനം, പശുരാഷ്​ട്രീയം എന്നിവ പ്രമേയമായ ഇത്തരം പുസ്തകങ്ങളോ പ്രഭാഷണങ്ങളോ
ഹിന്ദുത്വ വിമർശനത്തിൽ യാതോരു പങ്കും വഹിക്കുന്നില്ല എന്നതാണ് സത്യം. ഹിന്ദുമതവുമായി ബന്ധപ്പെട്ട ഇത്തരം അന്ധവിശ്വാസങ്ങളെ പ്രതിരോധിക്കാനോ അതിൽ പ്രകോപിതരാകാനോ ഒരു കൂട്ടമായി ഹിന്ദുക്കൾ തയ്യാറാവില്ല എന്നതാണ് സത്യസന്ധമായ അവസ്ഥ. ഈ വിമർശനങ്ങളോക്കെ വിവേകാനന്ദന്റെ കാലത്ത് തന്നെ പ്രതിരോധിക്കപ്പെടുകയോ, സ്വാംശീകരിക്കപ്പെടുകയോ, പുനർവ്യഖ്യാനം ചെയ്യപ്പെടുകയോ ചെയ്തിട്ടുണ്ട്. ഉദാഹരണത്തിന്, ജ്യോതിഷത്തെ കുറിച്ച് വിവേകാനന്ദന്റെ കാഴ്ചപ്പാട് തന്നെ നോക്കാം: ‘നക്ഷത്രങ്ങൾ നമ്മളെ സ്വാധീനിക്കുമെങ്കിൽ നമ്മളെ എന്തിനുകൊള്ളാം. ജ്യോതിഷം പോലുള്ള കാര്യങ്ങൾ ദുർബല മനസ്സിന്റെ ലക്ഷണങ്ങളാണ്. അവ നമ്മളെ സ്വാധീനിക്കുന്ന എന്ന് തോന്നിതുടങ്ങുന്ന നിമഷം നമ്മൾ നല്ലൊരു ഡോക്ടറെ കാണേണ്ടതാണ്.'

ഈ നിലപാടിന് രവിചന്ദ്രന്റെ നിലപാടുമായി യാതൊരു വ്യത്യാസവുമില്ല. അതായത്, വിവേകാനന്ദനെ പോലൊരു ഹിന്ദു സന്യാസിക്കുപോലും നിർദാക്ഷിണ്യം തള്ളിക്കളയാവുന്ന വിമർശനമാണ് ഹിന്ദുത്വ വിമർശനം എന്ന പേരിൽ രവിചന്ദ്രൻ ഉന്നയിക്കുന്നത്. വ്യത്യസ്തവും വിരുദ്ധവുമായ ആശയങ്ങളെ അനുരജ്ഞിപ്പിച്ച് ഉൾക്കൊള്ളാൻ കഴിയുന്ന ഒരു പ്രത്യേക കഴിവ് ഹിന്ദുമത വിശ്വാസത്തിന് സാദ്ധ്യമാണ്. ഏകദൈവം- ബഹു ദൈവം എന്ന ദന്ദ്വം ഒരിക്കലും ഹിന്ദു മതവിശ്വാസത്തിനെ ഇളക്കുന്നില്ല. ഒരേസമയം സർവ്വവ്യാപിയും എന്നാൽ ക്ഷേത്രത്തിലും കുടികൊള്ളുന്നു എന്നുകരുതുന്ന ഈശ്വരസങ്കല്പം രണ്ടു വൈരുദ്ധ്യങ്ങളാണെങ്കിലും അതിനെ അനുരജ്ഞിപ്പിച്ചാണ് ഹിന്ദുമത വിശ്വാസി ഉൾക്കൊള്ളുന്നത്. ഫലജ്യോതിഷ പ്രവചനവും പരിഹാരക്രിയയും രണ്ടു വിരുദ്ധ സംഗതികളാണ്. ജ്യോതിഷ പ്രവചനം മൂലം പരിഹാര ക്രിയ ചെയ്യുന്ന ഒരു ഭക്തനോ ഭക്തക്കോ പ്രവചനം ഫലിച്ചാൽ പരിഹാരക്രിയ പരാജയപ്പെടും എന്നോ പരിഹാരക്രിയ ഫലിച്ചാൽ പ്രവചനം നിഷഫലമാണെന്നോ വിവേചിച്ചറിയാനുള്ള യുക്തിയില്ലായ്മയുണ്ട്. ഇങ്ങനെ എല്ലാതരം വൈരുദ്ധ്യങ്ങളേയും അനുരജ്ഞിപ്പിച്ച്
വിശ്വാസത്തിൽ തുടരുന്ന ഹിന്ദുമതവിശ്വാസികളെ രവിചന്ദ്രന്റെ മതവിമർശനം എതെങ്കിലും തരത്തിൽ സ്വാധീനിച്ചാലും, ഹിന്ദുത്വം എന്ന അതിന്റെ രാഷ്ട്രീയ രൂപത്തിന് യാതൊരു ഇളക്കവുമുണ്ടാക്കുന്നില്ല. നിലനിൽക്കുന്ന ബ്രാഹ്മണ്യ-വർണവ്യവസ്ഥാ ഘടനക്ക്​ ഒരുതരത്തിലും ഇളക്കം വരുത്തുന്നില്ല എന്നുമാത്രമല്ല ആവോളം ഇസ്​ലാം മത വിദ്വേഷം ആളിക്കത്തിക്കുന്നുമുണ്ട് രവിചന്ദ്രന്റെ മതമേലങ്കി അണിഞ്ഞുള്ള വിമർശനങ്ങൾ.

ബ്രാഹ്​മണ പുരുഷാധിപത്യത്തിനുവേണ്ടിയുള്ള കാമ്പയിൻ

ഇന്ത്യയുടെ ബ്രാഹ്മണ്യ സമൂഹ്യഘടനയിൽ നിന്നുകൊണ്ട് ജാതി, മതം, ലിംഗം എന്നീ സ്വത്വങ്ങൾക്കതീതമായി കേവല മനുഷ്യനിലേക്ക് (ഹോമോ സാപിയൻ) എത്തിച്ചേരാനാണ് രവിചന്ദ്രന്റെ ആഹ്വാനം. സ്വത്വത്തിന്റെ പേരിൽ മാത്രം അവഗണിക്കപ്പെടുകയും പാർശ്വവൽക്കരിക്കപ്പെടുകയും ചെയ്യുന്ന മനുഷ്യരുള്ളിടത്ത് ഇത് അസാദ്ധ്യമാണ്​ എന്നുമാത്രമല്ല അനീതികരവും കൂടിയാണ്. സ്ത്രീകൾ, ദലിതർ, പിന്നാക്കക്കാർ, ന്യൂനപക്ഷങ്ങൾ എന്നിവർക്കുള്ള പ്രത്യേക ഭരണഘടനാ അവകാശങ്ങൾക്കെതിരെയുള്ള എതൊരു വാദവും ഈ മനുഷ്യരെ എതിർപക്ഷത്ത് നിലനിർത്തുന്നുണ്ട്. ഇവരെ ഇത്തരത്തിൽ അധീശത്വത്തിലാക്കി നിലനിർത്തേണ്ടത് ബ്രാഹ്മണ്യ പുരുഷാധിപത്യത്തിന്റെ ആവശ്യവുമാണ്. ഇതിനോട് ചേരുന്ന വാദങ്ങളാണ് രവിചന്ദ്രനും ഉന്നയിക്കുന്നത്. ഇത്തരത്തിലാണ് നാസ്തികതയുടെ മുഖംമൂടിയുമായി രവിചന്ദ്രൻ ഹിന്ദുത്വ ആശയങ്ങളുടെ പ്രചാരകനാകുന്നത്. സെമറ്റിക് മതങ്ങളെ നേരിടുന്ന അതേ ആശയ അളവുകോലുകളും ആയുധങ്ങളും ഉപയോഗിച്ച് ഹിന്ദുമതത്തെയോ ഹിന്ദുത്വ എന്ന ആശയത്തെയോ വിമർശനവിധേയമാക്കാൻ സാധിക്കില്ല എന്ന തിരിച്ചറിവാണ് പ്രധാനം. എന്നാൽ ഹിന്ദുത്വത്തിന്റെ ബ്രാഹ്മണ്യഘടനയെയും മുസ്​ലിം അപരവൽ ക്കരണത്തേയും പൂർണമായും പിൻപറ്റുന്ന ഒരു വ്യക്തിക്ക് കമ്യൂണിസ്റ്റുകാരും മുസ്​ലിംകളും പേടിസ്വപ്നമായി മാറുകയും ഒട്ടും ഭയവിഹ്വലതകളില്ലാതെ ബി.ജെ.പിയോട് ചേർന്നുനിൽക്കാനും സാധിക്കും.

ചാതുർവർണ്യത്തെ നുള്ളിനോവിക്കുക പോലും ചെയ്യാതെ മുസ്​ലിം സമൂഹത്തിനോട് വെറുപ്പ് ഉൽപ്പാദിപ്പിച്ച് ബ്രാഹ്മണ്യാധിപത്യം ഉറപ്പിക്കുന്ന സവർക്കറിന്റെ നാസ്തിക വാദത്തിനോടാണ് രവിചന്ദ്രന്റെ നാസ്തികതാവാദം ചേർന്നുനിൽക്കുന്നത്.

താൻ യുക്തിവാദിയല്ല എന്ന് പരസ്യമായി പ്രഖ്യാപിക്കുന്നതുവഴി രവിചന്ദ്രൻ ചെയ്യുന്നത് ഇന്ത്യൻ നവോത്ഥാനത്തിന്റെ ആദ്യകാല വക്താക്കളായ ഫുലെ, അയ്യങ്കാളി, നാരായണഗുരു, സഹോദരൻ അയ്യപ്പൻ, പെരിയാർ തുടങ്ങിയവരുടെ ബ്രാഹ്മണ്യവിരുദ്ധ യുക്തിവാദധാരയെ പൂർണമായി തള്ളുകയും തന്റെ ആശയത്തിൽനിന്ന് വിച്​ഛേദിക്കുകയും ചെയ്യുക എന്നതാണ്. അതേസമയം, ചാതുർവർണ്യത്തെ അംഗീകരിക്കുകയും, ന്യായീകരിക്കുകയും ചെയ്തുകൊണ്ട് നാസ്തികർക്കുപോലും ക്ഷേത്ര പടിക്കെട്ടുക്കളിൽ നിന്ന് ആശയപ്രചാരണം നടത്താൻ കഴിയുന്ന സുവർണ ഭൂതകാലത്തെ സ്വപ്നം കാണുന്ന, ചോദ്യം ചെയ്യാതെ വിശ്വസിക്കുന്ന ആസ്തികനേക്കാൾ ഭേദം നാസ്തികനാണ് എന്നുപറയുന്ന വിവേകാനന്ദന്റെയും നാസ്തിക വാദത്തിന്റെ ധാരയാണ് രവിചന്ദ്രൻ പിൻപറ്റുന്നത്. ചാതുർവർണ്യത്തെ നുള്ളിനോവിക്കുക പോലും ചെയ്യാതെ മുസ്​ലിം സമൂഹത്തിനോട് വെറുപ്പ് ഉൽപ്പാദിപ്പിച്ച് ബ്രാഹ്മണ്യാധിപത്യം ഉറപ്പിക്കുന്ന സവർക്കറിന്റെ നാസ്തിക വാദത്തിനോടാണ് രവിചന്ദ്രന്റെ നാസ്തികതാവാദം ചേർന്നുനിൽക്കുന്നത്.

ഇവിടെ, സി. രവിചന്ദ്രൻ എന്ന വ്യക്തി കേവല ഉദാഹരണം മാത്രമാണ്. അതേ ആശയഗതി തുടരുന്ന മൂവായിരമോ നാലായിരമോ ആളുകൾ പ്രത്യക്ഷത്തിൽ നമ്മുടെ കൺമുമ്പിലുണ്ട്. അതേ ആശയം ഉൾക്കൊള്ളുന്ന എത്രയോ ആളുകൾ ഹിന്ദുത്വ സ്ലീപിങ്ങ് സെല്ലുകൾ പോലെ പ്രവർത്തിക്കുന്നുണ്ടാകും. അവർക്ക് ഒത്തുകൂടാനും പുരോഗമനത്തിന്റെ മുഖംമൂടിയോടുകൂടി ധൈര്യമായി പുറത്തേക്ക് വരാനും സാദ്ധ്യതയൊരുക്കുന്നു എന്നിടത്താണ് രവിചന്ദ്രന്റെ ആശയധാരകളും പ്രസ്ഥാനവും പരിശോധിക്കപ്പെടേണ്ടത്. ▮

Comments