പത്തുവർഷത്തിനിടെ കേരളത്തിൽ രൂപീകൃതമായ സംഘടനകളിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ് സി. രവിചന്ദ്രന്റെ നേതൃത്വത്തിലുള്ള നാസ്തിക സംഘടന.
സോഷ്യൽ മീഡിയയെ സമർത്ഥമായി ഉപയോഗപ്പെടുത്തി ഏക വ്യക്തി കേന്ദ്രീകൃതമായ സംഘടനാശൈലിയാണ് അതിനുള്ളത്. ഒരാരാധകവൃന്ദത്തെ തനിക്കുചുറ്റും അണിനിരത്തിയുള്ള പ്രവർത്തനരീതി തന്റെ മേൽക്കോയ്മ ചോദ്യം ചെയ്യപ്പെടാതെ നിലനിർത്താൻ സഹായിക്കുന്നു. എല്ലാ മാസവും ഒരോ ജില്ലകളിലും നടത്തുന്ന ‘മിനി ലിറ്റ്മസ്’ ശരിക്കും അനുചരവൃന്ദത്തിന് വീര്യം പകരുന്ന കൂട്ടിച്ചേരലുകളാണ്.
നമ്മുടെ രാജ്യത്തെ അതിസങ്കീർണമായ സാമൂഹ്യ- രാഷ്ട്രീയ വിഷയങ്ങളെ സമീപിക്കാതെ, പ്രത്യേകിച്ച് ഹൈന്ദവ ഫാഷിസത്തെ ഗൗരവമായി സമീപിക്കാതെ, താനൊരു യുക്തിവാദിയല്ല നാസ്തികനാണെന്ന് പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രവർത്തനരീതിക്ക് പുതിയ തലമുറയുടെ പിൻബലമുണ്ടാക്കാൻ കുറെ കൂടി എളുപ്പമാണ്. കാരണം, വലിയ സാമൂഹ്യ ബാധ്യതകൾ ഏറ്റെടുക്കാതെ പുരോഗമനവാദിയാകാം എന്നതാണ് അതിന്റെ മെച്ചം. മാത്രമല്ല നേരിട്ടുള്ള സമരരീതികളൊന്നും അതിന് ആവശ്യമില്ല. വെയിൽ കൊള്ളണ്ട, പൊലീസ് കേസില്ല, ജോലിയെ ബാധിക്കില്ല എന്നിവയാൽ തന്നെ പുതിയ കാലത്തെ യുവാക്കൾ കൂടുതലായി അതിലേക്ക് ആകർഷിക്കപ്പെടും. എത്ര വെള്ള പൂശാൻ ശ്രമിച്ചാലും നവനാസ്തി സംഘടനാത്തലവൻ എടുക്കുന്ന നിലപാടുകൾ- അത് സംവരണത്തിന്റെ കാര്യത്തിലായാലും, യൂണിഫോം സിവിൽ കോഡിന്റെ കാര്യത്തിലായാലും, ജാതീയതയുടെ കാര്യത്തിലായാലും, കമ്യൂണിസ്റ്റ്- ഇസ്ലാം വിരുദ്ധതയുടെ കാര്യത്തിലായാലും ആർ.എസ്.എസ് നിലപാടുകളോട് അടുത്തുനില്ക്കുന്നവയാണ്. അത് ഇന്ത്യയിലെ യുക്തിവാദി പ്രസ്ഥാനങ്ങൾ എടുക്കുന്ന നിലപാടുകളുമായി യോജിക്കുന്നവയുമല്ല.
ഇന്ത്യയിലെയും കേരളത്തിലെയും യുക്തിവാദിസംഘടനകളുടെ ചരിത്രം, വൈദിക ബ്രാഹ്മണ മേധാവിത്വത്തിനും അന്ധവിശ്വാസങ്ങൾക്കും എതിരായ നിരന്തര പോരാട്ടമാണെന്ന് പറയാം. ചാർവാകനും ബുദ്ധനും തന്തൈ പെരിയാറും എം.എൻ. റോയിയും ബാബ സാഹേബ് അംബേദ്കറും സഹോദരനും തുടങ്ങി ഇന്നോളമുളള എല്ലാ യുക്തിവാദികളും ആ പോരാട്ടത്തിന്റെ ഭാഗമാണ്. ഇന്ത്യയിലെ സാമൂഹിക അസമത്വങ്ങളുടെ മൂലകാരണം ജാതിമേൽക്കോയ്മയാണെന്നും അത് താങ്ങിനിർത്തുന്നത് ബ്രാഹ്മണ മതമേധാവിത്വമാണെന്നുമുള്ള തിരിച്ചറിവിൽ നിന്നാണ് ജാതിക്കും ഹിന്ദുത്വത്തിനും എതിരെ സാമൂഹികനീതിക്കായി യുക്തിവാദികൾ തങ്ങളുടെ ജീവിതം മാറ്റിവെച്ചത്. യുക്തിവാദി എന്നാൽ സാമൂഹിക- രാഷ്ടീയ പരിസരങ്ങളിൽ നിരന്തരം ഇടപെടുന്ന ആൾ എന്നാണർത്ഥം. അതിൽനിന്ന് മാറി, നാസ്തികത എന്ന ഒറ്റ ബുദ്ധിയിലേക്ക് അതിന്റെ ഫോക്കസ് മാറ്റുന്നതുതന്നെ നാളത്തെ സംഘികൾക്കുവേണ്ടിയുള്ള ഇന്നത്തെ കരുതലാണ്.
തങ്ങളുടെ ആശായടിത്തറയായ സവർണ ജാതി മേൽക്കോയ്മയെയും വംശശുദ്ധിവാദത്തെയും സങ്കുചിത ദേശീയതയെയും സ്പർശിക്കാത്ത ഏതൊരു ഇടപെടലിനെയും ആർ.എസ്.എസ് എതിർക്കില്ല എന്നുമാത്രമല്ല, വേണ്ട സഹായം ചെയ്തു കൊടുക്കുകയും ചെയ്യും.
ഹിന്ദുത്വ ഏറ്റവും ഭയക്കുന്നത് ചരിത്രത്തെയാണ്. അതുകൊണ്ടാണ് തങ്ങൾക്ക് യാതൊരു പങ്കുമില്ലാത്ത സാമൂഹ്യ പരിഷ്‌കരണ ഇടപെടലുകൾ മായ്ച്ചുകളഞ്ഞ്മിത്തുകൾക്കും നുണകൾക്കുംമേൽ പുതിയ ചരിത്രം നിർമിക്കാനുള്ള ആസൂത്രിത നീക്കം സംഘപരിവാരഭരണകൂടം തുടർച്ചയായി നടത്തുന്നത്. തെളിവുകൾ നയിക്കുന്നവർ പറയുന്നത് എന്താണ്? ജാതി ഒരു പ്രശ്‌നമല്ല, സംവരണം എന്തിനാണ്, ബി.ജെ.പിയെയല്ല ഭയക്കേണ്ടത് കമ്യൂണിസ്റ്റുകളെയും ഇസ്ലാമിനെയും ആണ് എന്നൊക്കെയാണ്. ഇവിടെ ഹിറ്റ്‌ലറുടെയും ഗോൾവാൾക്കറുടെയും മോഹൻ ഭാഗവതിന്റെയും രവിചന്ദ്രന്റെയും ശബ്ദം ഒന്നാകുന്ന അപൂർവ കാഴ്ചയാണ് നമുക്ക് കാണാൻ കഴിയുന്നത്.
സമരോത്സുക യുക്തിവാദത്തിൽ നിന്ന് നാസ്തികത എന്ന സിംഗിൾ ട്രാക്കിലേക്ക്
എ.ടി. കോവൂർ, ഇടമറുക്, ബി. പ്രേമാനന്ദ്, പവനൻ, യു. കലനാഥൻ, സനൽ ഇടമറുക്, ജോൺസൺ ഐരൂർ, എം.സി. ജോസഫ് തുടങ്ങി ഒട്ടേറെ സമുന്നത യുക്തിവാദികളുടെ നേതൃത്വത്തിൽ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരായി കേരളത്തിലെ തെരുവോരങ്ങളിൽ നടത്തിയ പ്രചാരണങ്ങളും ദിവ്യാത്ഭുത അനാവരണ പരിപാടികളും കേരളീയ സമൂഹത്തെ വെളിച്ചത്തിലേക്ക് നയിച്ചു.
1949ൽ യുക്തിവാദി സംഘടനയുടെ രൂപീകരണകാലം മുതൽ ഇന്ത്യയിലങ്ങോളമിങ്ങോളം യുക്തിവാദികൾ നടത്തിയ മുന്നേറ്റങ്ങൾ ചരിത്രത്തിന്റെ ഭാഗമാണ്. തമിഴ്നാട്ടിൽ തന്തൈ പെരിയാർ ജാതീയതക്കും, അന്ധവിശ്വാസങ്ങൾക്കും ബ്രാഹ്മണ്യത്തിനുമെതിരെ നടത്തിയ തീഷ്ണമായ സമരങ്ങൾ വൈദിക ബ്രാഹ്മണമേധാവിത്വത്തിന്റെ അസ്ഥിവാരമിളക്കാൻ പോന്നതായിരുന്നു. കേരളത്തിലെ ബ്രാഹ്മണ മേൽക്കോയ്മക്കുനേരെ പെരിയാർ നടത്തിയ ‘സർജിക്കൽ സ്‌ട്രൈക്കാ’യിരുന്നു വൈക്കം സത്യാഗ്രഹത്തിലെ ഇടപെടലുകൾ. സഹോദരൻ അയ്യപ്പന്റെ നേതൃത്വത്തിൽ അയിത്തത്തിനും ജാതീയതക്കും എതിരെ നടത്തിയ പോരാട്ടങ്ങൾ സാമൂഹ്യ പരിഷ്‌കരണ ശ്രമങ്ങൾക്ക് വേഗം പകർന്നു. പിന്നിടിങ്ങോട്ട് യുക്തിവാദി സംഘത്തിന്റെ ഇടപെടലുകൾ പുരോഗമന കേരളത്തെ ഇന്നത്തെ തലത്തിലേക്കെത്തിക്കുന്നതിൽ വലിയ പങ്ക് വഹിച്ചു. എന്നാൽ, നവനാസ്തികവാദികൾ എന്നു പറയുന്നവർ ഒരിക്കലും ആർ.എസ്.എസിന്റെ ഹിന്ദുത്വ അജണ്ടയെ എതിർക്കാൻ ധൈര്യം കാണിച്ചിട്ടില്ല.
കൽബുർഗിയും ധബോൽക്കറും ഗൗരി ലങ്കേഷും കൊല്ലപ്പെട്ടിടത്താണ് സംഘപരിവാർ ക്ലീൻ ചിറ്റ് രവിചന്ദ്രന് കിട്ടുന്നത്. അത് യാദൃച്ഛിക സംഭവമേയല്ല; മറിച്ച്, ‘ഇയാൾ അപകടകാരിയല്ല, തങ്ങളുടെ മിത്രമാണ്’ എന്ന തിരിച്ചറിവാണ് സംഘപരിവാരത്തിനുള്ളത്.
നരേന്ദ്ര ധബോൽക്കറെയും, കൽബുർഗിയെയും ഗൗരി ലങ്കേഷിനെയും എന്തുകൊണ്ടാണ് സംഘപരിവാരം കൊന്നുകളഞ്ഞതെന്ന് ചിന്തിക്കുമ്പോഴാണ് ‘തെളിവുകൾ നയിക്കട്ടെ’ എന്ന മുദ്രാവാക്യത്തിന്റെ പൊള്ളത്തരം മനസ്സിലാകുക. യുക്തിവാദമെന്ന വൈജ്ഞാനിക പ്രവർത്തനപദ്ധതിയിൽ നിന്ന് നാസ്തികത മാത്രം അടർത്തിമാറ്റി പ്രചരിപ്പിക്കുന്ന രീതി പിന്തുടരുന്നവർ സംഘപരിവാരത്തിന് അടിവളമിടുന്നവരാണ്. സംഘപരിവാരത്തെ സംബന്ധിച്ച് തങ്ങളുടെ ആശായടിത്തറയായ സവർണ ജാതിമേൽക്കോയ്മയെയും വംശശുദ്ധിവാദത്തെയും സങ്കുചിത ദേശീയതയെയും സ്പർശിക്കാത്ത ഏതൊരു ഇടപെടലിനെയും ആർ.എസ്.എസ് എതിർക്കില്ല എന്നുമാത്രമല്ല, വേണ്ട സഹായം ചെയ്തു കൊടുക്കുകയും ചെയ്യും. അതുകൊണ്ടാണ് കേന്ദ്രമന്ത്രിയും ആർ.എസ്.എസ് നേതാവുമടക്കം രവിചന്ദ്രനെ പുകഴ്ത്തുകയും പിന്തുണക്കുകയും ചെയ്തുവരുന്നത്. കൽബുർഗിയും ധബോൽക്കറും ഗൗരി ലങ്കേഷും കൊല്ലപ്പെട്ടിടത്താണ് സംഘപരിവാർ ക്ലീൻ ചിറ്റ് രവിചന്ദ്രന് കിട്ടുന്നത്. ഇതൊരു യാദൃച്ഛിക സംഭവമേയല്ല; മറിച്ച്, ‘ഇയാൾ അപകടകാരിയല്ല, തങ്ങളുടെ മിത്രമാണ്’ എന്ന തിരിച്ചറിവാണ് സംഘപരിവാരത്തിനുള്ളത്.
‘തെളിവുകൾ നയിക്കട്ടെ’ എന്നുപറയുന്നവർ കേരളത്തിൽ നടന്ന ജാതി വിരുദ്ധ- ജന്മിത്വ വിരുദ്ധ പോരാട്ടങ്ങളെ തമസ്‌കരിക്കാനുള്ള ശ്രമങ്ങളും നടത്തുണ്ട്. ജാതിയിൽ താണവർക്ക് മുലക്കരം ചുമത്തിയ അതിക്രൂര നിയമങ്ങൾക്കെതിരെ നങ്ങേലി നടത്തിയ പോരാട്ടത്തെയും രക്തസാക്ഷിത്വത്തെയും ഇവർ നിഷേധിക്കുമ്പോൾ അതിന്റെ രാഷ്ട്രീയം വ്യക്തമാണ്.
കമ്യൂണിസ്റ്റുകളും മുസ്ലിംകളും എന്തുകൊണ്ട് രവിചന്ദ്രന്റെ ടാർജറ്റാകുന്നു?
ഞാൻ യുക്തിവാദിയല്ല, നാസ്തികനാണ് എന്ന് പ്രഖ്യാപിക്കുമ്പോൾ ഒരു യുക്തിവാദിയുടെ സാമൂഹ്യ ഉത്തരവാദിത്വത്തിൽനിന്ന് ഒഴിഞ്ഞുമാറി ‘ദൈവമില്ല’ എന്നുപറയുന്ന സിംഗിൾ ഗിയർ ഓപ്പറേഷനാണ് ഇവർ നടത്തുന്നത്. അത് ഒരു എളുപ്പക്രിയ കൂടിയാണ്. യുക്തിവാദി പ്രവർത്തകരുടെ സാമൂഹ്യ- രാഷ്ടീയ ഉത്തരവാദിത്വത്തിൽനിന്ന് ഒഴിഞ്ഞുമാറുകയും ചെയ്യാം, പുരോഗമനവാദി എന്ന കിരീടം കിട്ടുകയും ചെയ്യും. അതുകൊണ്ടാണ് നവനാസ്തികർ യുക്തിവാദി സംഘം പ്രവർത്തനത്തെ തള്ളിപ്പറയുന്നത്. യുക്തിവാദി സംഘത്തിന്റെ മീറ്റിംഗുകളിൽ ‘മൂന്നും നാലും ഏഴു പേരിൽ നിന്ന് ആയിരങ്ങളിലേക്ക് ഞാൻ മാറ്റി’ എന്ന് നവ നാസ്തികൻ പറയുമ്പോൾ, അത് കഴിഞ്ഞകാല യുക്തിവാദിസംഘം പ്രവർത്തനങ്ങളെ കുറിച്ചുള്ള അറിവില്ലായ്മയോ തമസ്‌കരണമോ ആണ് ഇയാൾ ലക്ഷ്യം വക്കുന്നതെന്ന് തീർച്ച.
ഹിന്ദു മതത്തിലെ അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും നേർക്കുനേർ നിന്നാണ് യുക്തിവാദി സംഘം പൊരുതിയത്. നൂറുകണക്കിന് മനുഷ്യർ പൊരുതിനേടിയ മതേതര സമൂഹത്തിന്റെ സ്‌പേസിൽ നിന്നാണ് നവനാസ്തികർ വിപ്ലവം പറയുന്നത്.
അയിത്തവും ജാതീയതയും അന്ധവിശ്വാസങ്ങളും കെട്ടുപിണഞ്ഞ കാലത്തെ പ്രവർത്തനങ്ങൾ ഒട്ടും സുഖകരമായിരുന്നില്ല. പ്രവർത്തകരുടെ വീട്ടിലേക്കോ പരിപാടി നടക്കുന്ന സ്ഥലത്തോ എത്തിപ്പെടാനുള്ള പെടാപാടുകൾ വലുതായിരുന്നു. പലപ്പോഴും കിലോമീറ്ററുകൾ നടക്കണ്ടി വരും. ഒരു മീറ്റിംഗ് അറിയിക്കാൻ പോസ്റ്റ് കാർഡിനെ ആശ്രയിച്ചിരുന്ന കാലം. ഒരു യുവാവ് യുക്തിവാദി സംഘത്തിലേക്ക് കടന്നുവരുന്നത് ശ്രമകരമായ പണിയായിരുന്നു. ഒരു വ്യക്തിയെ കണ്ടെത്തിയാൽ അയാളുമായി നിരന്തരം നേരിൽ കണ്ട് ഒന്നിലധികം പേരിലേക്ക് ആശയമെത്തിക്കുന്നത് വലിയ അധ്വാനം വേണ്ടിയിരുന്ന പണിയായിരുന്നു. എന്നിട്ടും നഗര- ഗ്രാമവ്യത്യാസമില്ലാതെ സംഘം പ്രവർത്തനം വ്യാപിപ്പിക്കാൻ കഴിഞ്ഞു. അതുകൊണ്ടാണ് പണ്ടുകാലത്തെ സമ്മേളനങ്ങളിലും ദിവ്യാത്ഭുത അനാവരണ പരിപാടികളിലും ആളുകൾ കൂടുതലായി പങ്കെടുത്തിരുന്നത്. പ്രത്യേകിച്ച്, പ്രേമാനന്ദും കോവൂരും ജോൺസൺ ഐരൂരും നടത്തിയ ദിവ്യാത്ഭുത അനാവരണ പരിപാടികളിലും പ്രത്യക്ഷ സമരപരിപാടികളിലും നല്ല ജനപങ്കാളിത്തമുണ്ടായിരുന്നു. കൊടുങ്ങല്ലൂരിലെ തെറിപ്പാട്ടിനെതിരെ പവനന്റെ നേതൃത്വത്തിൽ നടന്ന മാർച്ചിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തിരുന്നു. ക്ഷേത്രാചാരങ്ങളുടെ ഭാഗമായി മനുഷ്യരെ ലോഹക്കൊളുത്തിൽ തൂക്കിയിടുന്ന അനാചാരത്തിനെതിരെ പരസ്യമായി തെരുവിൽ മറുതൂക്കം നടത്തി അതിന്റെ ശാസ്ത്രീയത തുറന്നുകാട്ടി കാമ്പയിൻ നടത്തി. കനലാട്ടം എന്ന ദിവ്യാത്ഭുത തട്ടിപ്പിനെതിനെ നടന്ന പ്രചാരണങ്ങൾ... അങ്ങനെ ഹിന്ദുമതത്തിലെ അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും നേർക്കുനേർ നിന്നാണ് യുക്തിവാദി സംഘം പൊരുതിയത്. നൂറുകണക്കിന് മനുഷ്യർ പൊരുതിനേടിയ മതേതര സമൂഹത്തിന്റെ സ്‌പേസിൽ നിന്നാണ് നവനാസ്തികർ വിപ്ലവം പറയുന്നത്.
ഹിന്ദുത്വയെ തൊടുന്നില്ല എന്ന വിമർശനത്തിന്, താൻ ഇസ്ലാം മതത്തെക്കാൾ കുടുതൽ ഹിന്ദു മതത്തെയാണ് വിമർശിച്ചിട്ടുള്ളതെന്ന് ഇവർ പറഞ്ഞുവക്കുന്നു. അതിനെന്താ, സംഘപരിവാറിനെ സംബന്ധിച്ച് ഹിന്ദു ദൈവങ്ങളെയോ മതത്തെയോ വിമർശിക്കുന്നതിൽ അവർക്ക് എതിർപ്പില്ല. മറിച്ച്, ആർ.എസ്.എസ്മുന്നോട്ടുവക്കുന്ന തീവ്രഹിന്ദുത്വയെയോ സവർണ ജാതി മേൽക്കോയ്മയെയോ ചോദ്യം ചെയ്യാത്ത ഏതൊരു പ്രവർത്തവും ആർ.എസ്.എസിന് പ്രശ്‌നമാകില്ല. അത് ഇവർക്ക് നന്നായി അറിയാവുന്നതുകൊണ്ടാണ് ഹിന്ദുത്വയെ തൊടാതെ മുന്നോട്ടു പോകുന്നത്. അതുകൊണ്ടാണ്, 2002 ൽ നടന്ന ഗുജറാത്ത് വംശഹത്യയെക്കുറിച്ച് ‘തെളിവുകൾ നയിക്കട്ടെ’ എന്നു പറയുന്നവർ മൗനം പാലിക്കുന്നത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ സംഘപരിവാർ ആസൂത്രണം ചെയ്ത് നടപ്പാക്കിയ ഡസൻ കണക്കിന് വർഗീയ ലഹളയെക്കുറിച്ച് ഇവർ മൗനികളാകുന്നത്.
ബാബറി മസ്ജിദ് തകർത്തതിനെ കുറിച്ച് മിണ്ടാതെ കമ്യൂണിസ്റ്റ് ഭീകരതയെക്കുറിച്ച്സംസാരിക്കുന്നത്. അത് വളരെ ബോധപൂർവമാണെന്ന് ഊഹിക്കാം. ചിലപ്പോൾ നമ്മളും അത്തരം ചില പ്രവർത്തികൾ ചെയ്‌തേക്കാം. ഉദാഹരണത്തിന്, നമുക്ക് ഒരു കാര്യം ഒരാളെ ധരിപ്പിക്കണം. അത്, നാം പറഞ്ഞാൽ അയാൾ അത് മുഖവിലക്കെടുക്കില്ല. അപ്പോൾ, നാം എന്തുചെയ്യും? അതുപറയാൻ മറ്റാരാളെ ചുമതലപ്പെടുത്തും. അത്തരം ഒരു പണി കൂടിയാണ് നവനാസ്തികർ എടുക്കുന്നത്.
അതായത്, ആർ.എസ്.എസിന് കേരളത്തിൽ നാളിതുവരെ ഉണ്ടാക്കിയെടുക്കാൻ കഴിയാത്ത ഒരു സാസ്‌കാരിക പരിസരം കേരളത്തിൽ ഉണ്ടാക്കി കൊടുക്കാനുള്ള ഒരാസൂത്രിത പദ്ധതിയാണ് നവനാസ്തികർ ചെയ്യുന്നത്. അതുകൊണ്ടാണ് സംവരണം ഒരു ചെന്നായനീതിയാണെന്ന് രവിചന്ദ്രൻ പറയുന്നത്. അതായത്, മുൻപ് ചെയ്ത പാപത്തിന് ഇപ്പോൾ എന്തിനാണ് പരിഹരമെന്നാണ് ചോദ്യം. നാളിതു വരെ ഏഴോളം പരിപാടികൾ നടത്തിയതിൽ മൂന്നെണ്ണം കമ്യൂണിസ്റ്റ് വിരുദ്ധവും മൂന്നെണ്ണം മുസ്ലിം വിരുദ്ധവുമാണ്, ഒരെണ്ണം ‘ഇന്ത്യ ഹിന്ദുരാഷ്ടമാകുമോ?’ എന്ന തലക്കെട്ടിലും. ഇതിലൂടെ ഒരു കാര്യം വ്യക്തമാണ്. കമ്യൂണിസ്റ്റ് വിരുദ്ധ മനോഭാവവും മുസ്ലിം വിരുദ്ധമനോഭാവവും കേരളീയ യുവത്വത്തിന്റെ മസ്തിഷ്‌കത്തിലേക്ക് തിരുകിക്കയറ്റുക എന്ന അജണ്ടയാണ് നടപ്പിലാക്കുന്നത്. ഇത് ആർ.എസ്.എസിനെ സംബന്ധിച്ച് സന്തോഷം നല്കുന്നതാണ്.
നാസ്തിക സമ്മേളനത്തെ തുടർന്ന് ഉയർന്നുവന്ന ചില പ്രസ്താവനകളോട് പ്രതികരണമാരാഞ്ഞപോൾ കേരളത്തിലെ ഒരു പ്രമുഖ യുക്തിവാദി പറഞ്ഞത്, ഇവർ പൂർണമായും വലതുപക്ഷ വ്യതിയാനം സംഭവിച്ച ആളുകളാണെന്നാണ്. അതുകൊണ്ടാണ്, സോഷ്യലിസത്തെയും കമ്യൂണിസത്തെയും തള്ളിപ്പറഞ്ഞ് വലതുപക്ഷ ആശയങ്ങളുടെ പ്രചാരകരാകുന്നത്. മുൻകാല യുക്തിവാദി സംഘം പ്രവർത്തകരുടെ ത്യാഗങ്ങളെ വിസ്മൃതിയിലാക്കാനുള്ള നവനാസ്തിക കൂട്ടത്തിന്റെ പ്രവർത്തനങ്ങൾ വിജയം കാണില്ലെന്നും അദ്ദേഹം പറഞ്ഞു. ▮