ഷഫീക്ക്​ മുസ്​തഫ

എനിക്കിപ്പോൾ എന്റേതായ
​ഒരു ഇസ്​ലാമുണ്ട്

ലോകമെമ്പാടും അനവധി ഇസ്​ലാമുകൾ ഉള്ളതായി കാണാൻ സാധിക്കും. ഇതിൽ എന്റെ ഇസ്​ലാം ഏത് എന്ന കാര്യം എന്നിൽ കൺഫ്യൂഷൻ ഉണ്ടാക്കിയിരുന്നു. പിന്നീട് ഞാനൊരു വെളിപാട് ഉണ്ടാക്കിയെടുത്തു. ലോകത്ത് നൂറുതരം ഇസ്​ലാം ഉണ്ടെങ്കിൽ നൂറ്റൊന്നാമത്തെ തരവും സാധ്യമാണ്.

തുവരെയുള്ള ഓർമകളും അനുഭവങ്ങളും കോർത്തുവെച്ചുനോക്കുമ്പോൾ ഒരു ഘോഷയാത്രയുടെ രൂപമാണ് എന്റെയുള്ളിൽ ഇസ്​ലാമിനുള്ളത്. ഒരു സംഘത്തിൽ നിന്നുതുടങ്ങി വിവിധ കാലങ്ങളിൽ നിന്നും വിവിധ ദേശങ്ങളിൽ നിന്നും പലമാതിരി വേഷഭൂഷാശയവ്യതിയാനങ്ങളുടെ ചെറുതും വലുതുമായ സംഘങ്ങൾ ചേർന്നു ചേർന്ന് നീണ്ടുനീണ്ടുകിടക്കുന്നൊരു ഘോഷയാത്ര! ഇസ്​ലാമിന്റെ ആവിർഭാവ കാലം മുതൽ ഇങ്ങോട്ടുള്ള ബൃഹത്തായ ചരിത്രത്തിനും ഇങ്ങനെയൊരു ഘോഷയാത്രയുടെ ഭാവമാണുള്ളത്. ഈ കുറിപ്പിൽ പക്ഷേ, എന്റെ ഓർമ തുടങ്ങുന്നതു മുതൽ ഇങ്ങോട്ട് ഞാൻ പരിചയിച്ച ഇസ്​ലാമുകളെപ്പറ്റിയാണ് പറയാൻ ഉദ്ദേശിക്കുന്നത്.

എ.പി സുന്നി, ഇ.കെ സുന്നി എന്നിങ്ങനെ രണ്ടുതരം സുന്നികളുണ്ടെന്നും ഞാൻ ആദ്യത്തെ സുന്നിയിലാണെന്നും പിന്നീട് മനസ്സിലായി. ഇ.കെ സുന്നികളുടെ മദ്രസയിലാണ് ഞാൻ പഠിച്ചത്. അതുകൊണ്ട്, ഇ.കെ സുന്നി ആവുക സ്വാഭാവികമായിരുന്നു.

ഘോഷയാത്രയുടെ ആദ്യവരിയിൽ എനിക്ക് കാണാനാവുന്നത് അറബന മുട്ടുകാരുടെ ഒരു സംഘത്തെയാണ്. ചെറുപ്പത്തിൽ എന്റെ നാട്ടിൽ അവർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. മറ്റു സംഘങ്ങളൊന്നും ഇല്ലാതിരുന്നതിനാൽ അവരെ ആരും സുന്നികൾ എന്നു വിളിച്ചിരുന്നില്ല. പിന്നീട്, ജമാഅത്തെ ഇസ്​ലാമി, മുജാഹിദ്, തബ്​ലീഗ്​ തുടങ്ങിയ സംഘങ്ങൾ ഒറ്റയ്ക്കും തെറ്റയ്ക്കും മുളച്ചു തുടങ്ങിയപ്പോഴാണ് ഞാൻ നിലനിൽക്കുന്നത് സുന്നി എന്നു വിളിക്കപ്പെടുന്ന ഒരു സംഘടനയിലാണ് എന്ന് മനസ്സിലാവുന്നത്. അതിൽത്തന്നെ, എ.പി സുന്നി, ഇ.കെ സുന്നി എന്നിങ്ങനെ രണ്ടുതരം സുന്നികളുണ്ടെന്നും ഞാൻ ആദ്യത്തെ സുന്നിയിലാണെന്നും പിന്നീട് മനസ്സിലായി. ഇ.കെ സുന്നികളുടെ മദ്രസയിലാണ് ഞാൻ പഠിച്ചത്. അതുകൊണ്ട്, ഇ.കെ സുന്നി ആവുക സ്വാഭാവികമായിരുന്നു.

ഘോഷയാത്രയുടെ ആദ്യവരിയിൽ എനിക്ക് കാണാനാവുന്നത് അറബന മുട്ടുകാരുടെ ഒരു സംഘത്തെയാണ്. / Photo: Keralaculture.org

എ.പി സുന്നിയും ഇ.കെ സുന്നിയും തമ്മിൽ പ്രകടമായ യാതൊരു വ്യത്യാസവും തോന്നിയിട്ടില്ല. ഈ രണ്ട് ഇനിഷ്യലുകൾ നാട്ടിൽ ആരെയും അന്ന് അലട്ടിയിരുന്നില്ല. മാല, മൗലീദ്, റാത്തീബ്, നേർച്ചകൾ, വയളു പരമ്പരകൾ നബിദിന റാലികൾ തുടങ്ങിയ പരിപാടികൾ ഏതു സംഘം നടത്തിയാലും പങ്കെടുക്കുക, വിജയിപ്പിക്കുക. അതായിരുന്നു സുന്നികളായ ഞങ്ങളുടെ ദൗത്യവും സന്തോഷവും. അങ്ങനെയിരിക്കെയാണ് വേറൊരു ഇസ്​ലാം പാൻറ്​ ധരിച്ച് പ്രത്യക്ഷപ്പെടുന്നത്. ആ ഇസ്​ലാമിനെ ‘ജമാഅത്തെ ഇസ്​ലാമി' എന്ന് അവർ പരിചയപ്പെടുത്തി. പാന്റും ഷർട്ടുമിട്ട് അറബിയിൽ ആയത്തുകളോതി അർഥം പറയുന്ന മൗലവിമാർ ഒരു പുതുമയായിരുന്നു. ഈ സംഘം ഞങ്ങളുടെ നാട്ടിൽ രംഗപ്രവേശം ചെയ്യുന്നത് തൊണ്ണൂറുകളുടെ ആദ്യത്തിലാണ്.അവർ പറഞ്ഞു: ‘മാല, മൗലീദ്, റാത്തീബ്, അല്ലാഹുവിനല്ലാതെയുള്ള നേർച്ചകൾ തുടങ്ങിയ കാര്യങ്ങൾ ബിദ്അത്താണ്. ഇസ്​ലാം സമ്പൂർണ ജീവിതവ്യവസ്ഥയാണ്.'

‘അതെന്താ ബിദ്അത്ത്?'

‘ദീനിൽ ഇല്ലാത്തത് കൂട്ടിച്ചേർക്കൽ.' എന്നിട്ട് അവർ ഒന്നുകൂടി പറഞ്ഞു: ‘കുല്ലു ബിദ്അത്തിൻ ളലാല. കുല്ലു ളലാലത്തിൻ ഫിന്നാർ.'

മാല, മൗലീദ്, റാത്തീബ്, നേർച്ചകൾ, വയളു പരമ്പരകൾ നബിദിന റാലികൾ തുടങ്ങിയ പരിപാടികൾ ഏതു സംഘം നടത്തിയാലും പങ്കെടുക്കുക, വിജയിപ്പിക്കുക. അതായിരുന്നു സുന്നികളായ ഞങ്ങളുടെ ദൗത്യവും സന്തോഷവും.

അതായത്, ദീനിൽ നബിയുടെ കാലത്ത് ഇല്ലാതിരുന്ന മാല, മൗലീദ്, റാത്തീബ് തുടങ്ങിയ ആചാരങ്ങൾ കൂട്ടിച്ചേർക്കുന്നവർ നരകത്തിലാണ്.

സുന്നികൾ കൊണ്ടിളകി: ‘അപ്പോൾ ഞങ്ങളുടെ വാപ്പ- ഉപ്പുപ്പാമാരും അവരുടെ വാപ്പമാരും അതിനും മുമ്പുള്ള തലമുറകളും നരകത്തിലാണോ?'

അതിൽ തുടങ്ങി നാട്ടിൽ വലിയ വാഗ്വാദങ്ങൾ നടന്നു. ‘സമ്പൂർണ ജീവിതവ്യവസ്ഥ' എന്ന ആശയം ജമാഅത്തിന്റെ കടുകട്ടി സാഹിത്യങ്ങളിൽ പരന്നു കിടന്നതിനാൽ സുന്നികൾ ഏറെ രസം പിടിക്കുന്ന കർമശാസ്ത്രത്തിലായിരുന്നു വാഗ്വാദങ്ങളിൽ അധികവും. തറാവീഹ് നമസ്‌കാരത്തിലെ റക്കഅത്തുകളുടെ എണ്ണം, സുബ്ഹി നമസ്‌കാരത്തിലെ കുനൂത്ത്, ഇസ്തിഗാസ (പുണ്യാളന്മാരോടുള്ള പ്രാർഥനകൾ, ഇടതേട്ടം) തുടങ്ങിയ കർമശാസ്ത്ര പ്രശ്‌നങ്ങളിൽ ഒരിക്കലും അവസാനിക്കാത്ത തർക്കങ്ങൾ നടന്നു.

തറാവീഹ് നമസ്‌കാരത്തിലെ റക്കഅത്തുകളുടെ എണ്ണം, സുബ്ഹി നമസ്‌കാരത്തിലെ കുനൂത്ത്, ഇസ്തിഗാസ (പുണ്യാളന്മാരോടുള്ള പ്രാർഥനകൾ, ഇടതേട്ടം) തുടങ്ങിയ കർമശാസ്ത്ര പ്രശ്‌നങ്ങളിൽ ഒരിക്കലും അവസാനിക്കാത്ത തർക്കങ്ങൾ നടന്നു. / Photo: Shafeeq Thamarassery

സുന്നി ഉസ്താദുമാർ അവരുടെ അനുയായികളെ നിരന്തരം ഓർമപ്പെടുത്തി: ‘പ്രിയ മുഅ്മിനീങ്ങളേ കരുതിയിരിക്കുക. പുത്തൻ ഇസ്​ലാമികൾ പാന്റിട്ടും കോട്ടിട്ടും വരും. അതല്ലാതെയും വരും. ആരും വഞ്ചിതരാവരുത്.'

‘പുത്തനിസ്​ലാമികളുടെ' പുത്തൻ ആശങ്ങളോട് ചെറുപ്പക്കാർക്ക് ആകർഷണം തോന്നുക സ്വാഭാവികമായിരുന്നു. അതിന്റെ ഒരു കാരണമായി ഞാൻ കരുതുന്നത്, ജമാഅത്തുകാർ പരമ്പരാഗത സുന്നികളുടെ ആചാരബാഹുല്യങ്ങളെ എടുത്തുകളയുകയും ഇസ്​ലാമിനെ ഭാരക്കുറവോടെ അവതരിപ്പിക്കുകയും ചെയ്തു എന്നതാണ്. ‘ഇനിയിപ്പോൾ അല്ലാഹുവിനെ മാത്രം പരിഗണിച്ചാൽ മതി. മറ്റ് ഔലിയാക്കളോ പുണ്യാത്മാക്കളോ അവരുടെ ആണ്ടുനേർച്ചകളോ ഇല്ല' എന്ന നില. മറ്റൊരു ആകർഷകം ഘടകം, ജമാഅത്തുകാർ കമ്യൂണിസ്റ്റുകാരെപ്പോലെ രാഷ്ട്രീയം പറയുന്നു എന്നതായിരുന്നു. തൊണ്ണൂറുകളിൽ തുടങ്ങി രണ്ടു ദശകങ്ങൾ അവർ മഹാ സമ്മേളനങ്ങൾ നടത്തുകയും അനവധി പ്രഭാഷണങ്ങൾ അവതരിപ്പിക്കുകയും ചെയ്തു.

കണ്ടുശീലിച്ച ഇസ്​ലാമിൽ നിന്ന്​ വ്യത്യസ്തമായി ഇജ്തിഹാദിലൂടെ വികസിക്കുന്ന ഒരു പുതിയ ഇസ്​ലാം. ഈ ഇസ്​ലാം, മുഖ്യധാരാരാഷ്ട്രീയ പ്രസ്ഥാനങ്ങളിലേക്ക് മുസ്​ലിം ചെറുപ്പക്കാർ പോകുന്നത് നിരുത്സാഹപ്പെടുത്തുകയും മുഖ്യധാരയിൽ നിന്നും ചെറുപ്പക്കാരെ അടർത്തിയെടുക്കുകയും ചെയ്തു.

അവരുടെ പ്രഭാഷകർ എല്ലാം പരമ്പരാഗത വഅള് ശൈലി വെടിഞ്ഞ് മുഖ്യധാരാ പ്രഭാഷണരീതി സ്വീകരിച്ചു. അവരുടെ പോഷകസംഘങ്ങൾക്ക് സോളിഡാരിറ്റി, ഫ്രറ്റേണിറ്റി, വെൽഫയർ എന്നിങ്ങനെ ഇസ്​ലാമേതര നാമങ്ങൾ നൽകി. സാമ്രാജ്യത്വം, മുതലാളിത്തം, ഫാഷിസം തുടങ്ങിയ വാക്കുകൾ അവരുടെ കൂടി ഡിക്ഷ്‌നറിയിൽ കയറിപ്പറ്റി.

സോളിഡാരിറ്റി യൂത്ത് മൂവ്‌മെൻറ്​ പുതുസമരങ്ങൾക്ക് രൂപം നൽകി. അവർ പ്രകൃതിയെപ്പറ്റിയും പ്രകൃതിചൂഷണങ്ങളെപ്പറ്റിയും എൻഡോസൽഫാൻ ദുരിതങ്ങളെപ്പറ്റിയും സംസാരിച്ചു. കണ്ടുശീലിച്ച ഇസ്​ലാമിൽ നിന്ന്​ വ്യത്യസ്തമായി ഇജ്തിഹാദിലൂടെ വികസിക്കുന്ന ഒരു പുതിയ ഇസ്​ലാം. ഈ ഇസ്​ലാം, മുഖ്യധാരാരാഷ്ട്രീയ പ്രസ്ഥാനങ്ങളിലേക്ക് മുസ്​ലിം ചെറുപ്പക്കാർ പോകുന്നത് നിരുത്സാഹപ്പെടുത്തുകയും മുഖ്യധാരയിൽ നിന്നും ചെറുപ്പക്കാരെ അടർത്തിയെടുക്കുകയും ചെയ്തു.

ജമാഅത്തെ ഇസ്​ലാമി മാത്രമല്ല, ഇക്കാലയളവിൽ ഏതാണ്ട് എല്ലാ മതസംഘടനകളും കൂടി മുസ്​ലിം ചെറുപ്പക്കാരിൽ ബഹുഭൂരിപക്ഷത്തേയും പങ്കിട്ടെടുക്കുകയും മുഖ്യധാരാമതേതര രാഷ്ട്രീയപ്പാർട്ടികളിൽ മുസ്​ലിം പ്രാതിനിധ്യം തുച്​ഛപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഈ പ്രാതിനിധ്യക്കുറവ് മുഖ്യധാരാ രാഷ്ട്രീയപ്പാർട്ടികളീലെ മുസ്​ലിം ശബ്ദങ്ങളെ വളരെ നേർപ്പിച്ചുകളഞ്ഞു.

സുന്നി ഉസ്താദുമാർ അവരുടെ അനുയായികളെ നിരന്തരം ഓർമപ്പെടുത്തി:‘പ്രിയ മുഅ്മിനീങ്ങളേ കരുതിയിരിക്കുക. / Photo: K R Sunil

എന്തുകൊണ്ടോ, ഞങ്ങളുടെ നാട്ടിൽ മുജാഹിദ് പ്രസ്ഥാനമെത്താൻ വൈകി. ശിർക്ക്, ബിദ്അത്ത് തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് ജമാഅത്തുകാർ ഉഴുതുമറിച്ച നിലം കുറച്ച് വെറുതേ കിടന്നിരുന്നു. അവിടെയണ് മുജാഹിദുകാർ വിത്തിറക്കിയത്. സംസ്ഥാനത്ത്, അംഗസംഖ്യയിൽ ജമാഅത്തിനേക്കാൾ മുന്നിൽ നിൽക്കുന്ന പ്രസ്ഥാനമായിരുന്നു അവിഭക്ത മുജാഹിദ് പ്രസ്ഥാനം. പക്ഷേ, ഞങ്ങളുടെ നാട്ടിൽ അതിന് അധികം ആൾക്കാരെ ലഭിച്ചില്ല.

ഇസ്​ലാമിന്റെ ഘോഷയാത്രയിൽ മുജാഹിദുകളുടെ വേഷഭൂഷാദികളാണ് ഏറ്റവും നിറം കെട്ടതെന്ന് എനിക്കു തോന്നിയത്. ഏറ്റവും കർക്കശമായൊരു ഇസ്​ലാമിന്റെ പ്ലോട്ടിനെയാണ് അവർ അവതരിപ്പിക്കുന്നത്. കേരള മുജാഹിദുകൾക്ക് കാർക്കശ്യമില്ലാത്തത് കക്ഷിരാഷ്ട്രീയത്തിന്റെ കാര്യത്തിൽ മാത്രം. കർമശാസ്ത്രത്തിലാണ് അവർ അധികവും ശ്രദ്ധിക്കുന്നത്. നബിചര്യകളെ ഏറ്റവും കടുപ്പത്തിൽ വ്യാഖ്യാനിക്കുന്നു. ആചാരകർമാദികളിൽ അതു മാത്രം പിന്തുടരുന്നു. അതേസമയം, സുന്നികൾ കർമശാസ്ത്രത്തിൽ കടുംകളറുകൾ ഉള്ളവരാണെങ്കിലും പ്രയോഗത്തിൽ അവർ ലിബറലാണ്. ഐഷ ബീഗത്തിന്റെ കഥാപ്രസംഗശേഷം, ‘സ്ത്രീകളുടെ ശബ്ദം പരിധിയിലധികം ഉയരുന്നതിനെതിരേ' വയളു നടത്താൻ അവർക്ക് ആവും. കർമ്മശാസ്ത്ര കാർക്കശ്യങ്ങളെ ‘ഉൾക്കൊണ്ടുകൊണ്ട് ഒഴിവാക്കാനുള്ള' അവരുടെ മെയ്​വഴക്കം വളരെ സ്വാഭാവികമാണ്.

ഇസ്​ലാമിന്റെ ഘോഷയാത്രയിൽ മുജാഹിദുകളുടെ വേഷഭൂഷാദികളാണ് ഏറ്റവും നിറം കെട്ടതെന്ന് എനിക്കു തോന്നിയത്. ഏറ്റവും കർക്കശമായൊരു ഇസ്​ലാമിന്റെ പ്ലോട്ടിനെയാണ് അവർ അവതരിപ്പിക്കുന്നത്.

കലാസംഗീതനൃത്ത പരിപാടികൾക്ക് എതിരേ സുന്നി പണ്ഡിതരിൽ പലരും പ്രസംഗിക്കുമെങ്കിലും ഉള്ളിൽ അവർ സഹൃദയരാണ്. അതിന്റെ ബഹിർസ്ഫുരണങ്ങളാണ് മാല/റാത്തീബ്/ ഖുത്ത്ബിയ്യത്ത്/ ഹദ്ദാദ്/ ബുർദ്ദ തുടങ്ങിയ സംഗീതാധിഷ്ഠിത/ നൃത്താധിഷ്ഠിത പരിപാടികളിലൂടെ നമുക്ക് കാണാനാവുന്നത്.അവ കുറച്ചുകൂടി ജനകീയവത്കരിക്കപ്പെടുമ്പോൾ വട്ടപ്പാട്ടും കോൽക്കളിയും ദഫ്മുട്ടും ഒപ്പനയും ഒക്കെയുണ്ടാവുന്നു. വഅള് എന്ന് വിളിക്കപ്പെടുന്ന മതപ്രസംഗ പരമ്പരകൾ തന്നെ ഇതര മതസമൂഹങ്ങളിൽ നിലനിൽക്കുന്ന രാത്രിയുത്സവങ്ങളുടേയും കഥപറച്ചിലുകളുടേയും മറ്റൊരു രൂപമാണല്ലോ. സുന്നികളുടെ സ്ഥാനത്ത് മുജാഹിദുകളുടെ സലഫീ പാരമ്പര്യമായിരുന്നു കേരളത്തിലെ മുസ്ലീങ്ങൾക്കെങ്കിൽ ഒരു മാപ്പിളപ്പാട്ടു പോലും മുളയ്ക്കാത്തവണ്ണം ഇവിടുത്തെ മുസ്​ലിം സംസ്‌കാരം വരണ്ടുപോകുമായിരുന്നു.

ഇനി മറ്റൊരു വിഭാഗമുള്ളത് തബ്​ലീഗ്​ ജമാഅത്താണ്. ഈ ലോകത്ത് നടക്കുന്നതൊന്നും അറിയാതെ ജീവിക്കണമെന്ന് ആഗ്രഹിക്കുന്ന അവർ കൊറോണയുടെ സമയത്ത് കുറേ പഴികേട്ടു. കേസും വക്കാണവുമായി.

സുന്നികൾ കർമശാസ്ത്രത്തിൽ കടുംകളറുകൾ ഉള്ളവരാണെങ്കിലും പ്രയോഗത്തിൽ അവർ ലിബറലാണ്. ഐഷ ബീഗത്തിന്റെ കഥാപ്രസംഗശേഷം, ‘സ്ത്രീകളുടെ ശബ്ദം പരിധിയിലധികം ഉയരുന്നതിനെതിരേ' വയളു നടത്താൻ അവർക്ക് ആവും. / Photo: Arun Inham

പണ്ട് ഇന്ദിരാഗാന്ധി തബ്​ലീഗ്​ ജമാഅത്തിനെ നിരീക്ഷിക്കാൻ ഇന്റലിജൻസിനോട് ആവശ്യപ്പെട്ട ഒരു കഥ കേട്ടിട്ടുണ്ട്. നിർദ്ദേശപ്രകാരം ഇന്റലിജൻസുകാർ നീണ്ട വെപ്പുതാടിയൊക്കെ ഫിറ്റ് ചെയ്ത് കുർത്തയും തൊപ്പിയും ധരിച്ച് ജമാഅത്ത് കൂടാൻ പോയി. ക്ലാസുകളെല്ലാം ഒന്നൊഴിയാതെ കേട്ടു. ഇമാം ദുആ ഇരന്നപ്പോൾ ആമീൻ പിടിച്ചു.
‘വ ആഖിർ ദഅവാനാ..'
രാജ്യത്തിന്റെ പല ഭാഗങ്ങളിൽ ജമാഅത്തിനു പോയ ഇന്റലിജൻസുകാർ കുറച്ചു ദിവസങ്ങൾക്കു ശേഷം ഇന്ദിരാഗാന്ധിക്ക് ഇങ്ങനെ റിപ്പോർട്ട് നൽകിയത്രേ:
‘മാഡം ഒരു കാരണവശാലും പേടിക്കണ്ട. തബ്​ലീഗ്​ ജമാഅത്തുകാർ ഭൂമിയിലുള്ള കാര്യങ്ങളൊന്നുമല്ല പറയുന്നത്. ജീവിച്ചിരിക്കുമ്പോൾ ഉള്ളതുമല്ല. മരണാനന്തര ജീവിതത്തെക്കുറിച്ചും സ്വർഗ-നരകങ്ങളിൽ ചെല്ലുമ്പോഴുള്ള കാര്യങ്ങളെക്കുറിച്ചുമാണ് പറയുന്നത്.'
ഈ തബ്​ലീഗ്​ ജമാഅത്തിന് ഇപ്പോഴും എന്തെങ്കിലും മാറ്റമുള്ളതായി അറിവില്ല. അവർ ഭൂമിയിൽ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് വ്യാകുലപ്പെടുന്നേയില്ല.

എനിക്ക് എന്റേതായ ഒരു ഇസ്​ലാമിൽ വിശ്വസിക്കാനും അത് അനുവർത്തിക്കാനും പറ്റും. അതുപ്രകാരം, എനിക്ക് ഇപ്പോൾ എന്റേതായ ഒരു ഇസ്​ലാമുണ്ട്. അതിൽ മറ്റ് ഇസ്​ലാമുകളിൽ നിന്ന്​സ്വാംശീകരിച്ചതും സ്വയം ഇന്റർപ്രെട്ട് ചെയ്തതുമായ കാര്യങ്ങളുണ്ട്.

മേൽ പറഞ്ഞ സംഘങ്ങൾ ഇസ്​ലാമികാശയങ്ങളുടേയും കർമശാസ്ത്രങ്ങളുടേയും അടിസ്ഥാനത്തിൽ രൂപം കൊണ്ടതാണെങ്കിൽ ഇനിയും കുറേ സംഘങ്ങളുള്ളത് സാഹചര്യങ്ങളുടെ ഉത്പന്നങ്ങളാണ്. അവരും അടിസ്ഥാനമാക്കുന്നത് ഇസ്​ലാമിക പ്രമാണങ്ങളെത്തന്നെയാണ്. ഓരോരുത്തരും അവരവർക്ക് ഇണങ്ങുന്ന വിധമുള്ള വ്യാഖ്യാനങ്ങൾ ചമയ്ക്കുന്നെന്നു മാത്രം. അങ്ങനെ നോക്കുമ്പോൾ ലോകമെമ്പാടും അനവധി ഇസ്​ലാമുകൾ ഉള്ളതായി കാണാൻ സാധിക്കും. ഇതിൽ എന്റെ ഇസ്​ലാം ഏത് എന്ന കാര്യം എന്നിൽ കൺഫ്യൂഷൻ ഉണ്ടാക്കിയിരുന്നു. പിന്നീട് ഞാനൊരു വെളിപാട് ഉണ്ടാക്കിയെടുത്തു. ലോകത്ത് നൂറുതരം ഇസ്​ലാം ഉണ്ടെങ്കിൽ നൂറ്റൊന്നാമത്തെ തരവും സാധ്യമാണ്.

എനിക്ക് എന്റേതായ ഒരു ഇസ്​ലാമിൽ വിശ്വസിക്കാനും അത് അനുവർത്തിക്കാനും പറ്റും. അതുപ്രകാരം, എനിക്ക് ഇപ്പോൾ എന്റേതായ ഒരു ഇസ്​ലാമുണ്ട്. അതിൽ മറ്റ് ഇസ്​ലാമുകളിൽ നിന്ന്​സ്വാംശീകരിച്ചതും സ്വയം ഇന്റർപ്രെട്ട് ചെയ്തതുമായ കാര്യങ്ങളുണ്ട്.വിശ്വാസം എന്നെ സംബന്ധിച്ച് വളരെ ലളിതമായ കാര്യമാണ്. പ്രവാചകന്റെ വ്യക്തിത്വത്തെയും അദ്ദേഹം ജീവിച്ചിരുന്ന കാലഘട്ടത്തേയും അന്നത്തെ സാമൂഹികാവസ്ഥകളെയും കുറച്ചെങ്കിലും മനസ്സിലാക്കാമെങ്കിൽ ഹദീസുകളിൽ തൂങ്ങിയുള്ള കടുംപിടുത്തങ്ങളെ ഭയക്കാതെ വിശ്വാസിയായിരിക്കാൻ പറ്റും. അൽപം കോമൺ സെൻസും കൂടിയുണ്ടെങ്കിൽ ഹദീസുകളെ ഒരു ശരാശരി വിശ്വാസിക്കുപോലും വിലയിരുത്താനും നിർദ്ധാരണം ചെയ്യാൻ പറ്റും. ‘ഖുർആൻ പാരായണം സംഗീതാത്മകമായിരിക്കെ പ്രവാചകൻ സംഗീതം വിലക്കുന്നതെങ്ങനെ?' എന്നൊരു ചോദ്യമുണ്ടാവാൻ കോമൺ സെൻസ് മാത്രം മതിയല്ലോ.

Photo: Unsplash

ഇസ്​ലാമിന് പുറത്തുനിന്ന് നോക്കുന്നവർക്ക് ഇസ്​ലാം കാർക്കശ്യങ്ങളുടെ മതമായിരിക്കാം. പക്ഷേ അത് സ്വയം അങ്ങനെ ആയിരുന്നിട്ടില്ല. മുപ്പതുകൊല്ലം മുമ്പ് ഞാൻ കണ്ട ഇസ്​ലാമല്ല ഇന്ന് ഞാൻ കാണുന്ന ഇസ്​ലാം. അന്ന് ഹറാം പട്ടികയിലുണ്ടായിരുന്ന ഒട്ടേറെ കാര്യങ്ങൾ ഇന്ന് ഹലാൽ പട്ടികയിലാണുള്ളത്. അന്ന്, വയളു പറയാൻ വരുന്ന പുരോഹിതർക്ക് ഫോട്ടോയും വീഡിയോയും ചതുർഥിയായിരുന്നു. ഇന്ന്, ജംഗ്ഷനുകൾ തോറും പൂർണകായ ഫ്ലാക്​സ്​ ബോർഡ് വെച്ചെങ്കിലേ പ്രഭാഷകൻ പ്രഭാഷണത്തിന് വരികയുള്ളൂ. കൂടാതെ, പ്രഭാഷണം ഷൂട്ട് ചെയ്ത് യു ട്യൂബിൽ പ്രക്ഷേപണം ചെയ്യുകയും വേണം.
ഈ മാറ്റം ആരെങ്കിലും ഫത്വ പുറപ്പെടുവിച്ച് ഉണ്ടായ മാറ്റമല്ല. കാലം ഒരു മതത്തെ അതിന്റെ വഴിയിൽ വ്യാഖ്യാനിക്കുന്നതാണ്. കാലത്തിന്റെ പിടുത്തത്തിൽ നിന്ന് മുക്തമാകാൻ വെറുതേ ശ്രമിക്കുന്നവരൊക്കെ കുഴഞ്ഞുവീണിട്ടേയുള്ളൂ.
അങ്ങനെനോക്കുമ്പോൾ 1400 കൊല്ലം പഴക്കമുള്ളൊരു മതം അതുകടന്നുവന്ന കാലത്തിനുള്ളിൽക്കിടന്ന് എത്രത്തോളം മാറിയിരിക്കും? എത്രത്തോളം ഇസ്​ലാമുകളെ ഈ പതിനാല് നൂറ്റാണ്ടുകൾ പേറിയിരിക്കും? അതുകൊണ്ട്, എനിക്ക് സ്വന്തമായൊരു ഇസ്​ലാമുണ്ടാവുന്നതിൽ എന്താണ് തെറ്റ്? എനിക്കുമാത്രമല്ല, ചെറുതോ വലുതോ ആയ ഓരോ സമൂഹത്തിനും ഓരോ ഇസ്​ലാമുകൾ ഉണ്ടാവുന്നതിൽ എന്താണ് തെറ്റ്? ​ ▮


ഷഫീക്ക് മുസ്തഫ

കഥാകൃത്ത്​. കുവൈത്തിലും യു.എ.ഇയിലും രണ്ടു പതിറ്റാണ്ട്​ പ്രവാസ ജീവിതം. വിവിധ കമ്പനികളിൽ ഫയർ ഫൈറ്റിംഗ്​ സിസ്​റ്റം ഡിസൈൻ എഞ്ചിനീയറായി ജോലി ചെയ്​തു. കോവിഡ്​കാല പ്രതിസന്ധികൾക്കിടെ നാട്ടിൽ തിരിച്ചെത്തി

Comments