ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിന്റെ ഉണ്മയെ അറിയാൻ, കുരിശിലേറ്റിയ ആണിക്കുഴിയടയാളം, കൈവെള്ളയിൽ തൊട്ടുനോക്കണമെന്നാവശ്യപ്പെട്ട തോമായുടെ സംശയബുദ്ധിയെ ചൂണ്ടി, ക്രിസ്തു അനശ്വരമായ ആ വാക്കുകൾ മൊഴിഞ്ഞു: ‘വിശ്വസിച്ചവർ എത്ര ഭാഗ്യവാന്മാർ.'
എന്തായിരുന്നു അതിനർത്ഥം?
പിൽക്കാലത്ത് ബൈബിളിൽനിന്ന് ചീന്തിയെറിഞ്ഞ തോമായുടെ സുവിശേഷത്തോളം ഗഹനമായി, ക്രിസ്തുവിന്റെ തത്വചിന്ത, മറ്റു സുവിശേഷകന്മാരൊന്നും പറഞ്ഞുവച്ചിട്ടില്ലത്രെ. ക്രിസ്തുവിന്റെ ഉണ്മയെ സംശയിച്ച തോമസ് പിൽക്കാലം അനുഭവിച്ച പശ്ചാത്താപദുഃഖം മുഴുവൻ തത്വചിന്തയായി ഘനീഭവിച്ചു. മുപ്പതു വെള്ളിക്കാശിന് ഗുരുവിനെ ഒറ്റിക്കൊടുത്ത ജൂദായുടെ പേടിസ്വപ്നങ്ങളോളം തന്നെ വന്നു തോമായുടെ വിശ്വാസനഷ്ടത്തിന്റെ വേപഥുകളും. വിശ്വാസികളായ ഭാഗ്യവാന്മാർ തത്വചിന്തയുടെ ആ സങ്കടക്കടൽ നീന്തേണ്ടതില്ല എന്ന് വിശുദ്ധ ഖുർആനും പിൻസാക്ഷ്യം പറയുന്നു.
‘സൂക്ഷ്മാലുക്കൾക്ക് ആ ഗ്രന്ഥത്തിൽ സന്ദേഹത്തിന് അവകാശമില്ല' എന്ന് ‘പശു' എന്നു പേരിട്ട ആദ്യ ദീർഘ സൂറയുടെ തലവാചകത്തിൽ പ്രഖ്യാപനം ചെയ്യുമ്പോൾ, സൂക്ഷ്മതയിൽ എത്തിച്ചേരാത്തവർ ഗ്രന്ഥം മുച്ചൂടും സംശയത്തോടെ അപഗ്രഥനം ചെയ്യണം എന്നാണല്ലോ അർത്ഥമാക്കുന്നത്. മാർക്‌സ് പുത്രിയോട് പറഞ്ഞ പ്രകാരം തന്നെ; ‘എല്ലാത്തിനേയും സംശയിക്കുക' എന്ന് ജന്മദിനക്കുറിപ്പായി ജെന്നിയ്ക്ക് എഴുതിക്കൊടുത്ത വരികൾ ഓർക്കുമ്പോൾ, സന്ദേഹവാദികളുടെ സന്ദേശങ്ങളായി മാർക്‌സിസം മലയാളത്തിനെ ഒ. വി. വിജയനോളം സ്വാധീനിച്ചതു കാണാം.
തോമാശ്ലീഹ വന്നു എന്നറിയപ്പെടുന്ന കേരളക്കരയുടെ ഇനിയും കടലെടുത്തിട്ടില്ലാത്ത പാരമ്പര്യങ്ങൾ.
ഇത്തരം സംശയങ്ങൾ, വിശ്വാസനഷ്ടങ്ങൾ തത്വചിന്തയെ ഗർഭം ധരിക്കുന്നുവെന്നും യുക്തിയുടെ കത്തിമുന സമ്മാനിക്കുന്നുവെന്നും ദ്വന്ദചിന്തയുടെ നൂൽപ്പാലത്തിൽ നടക്കുന്ന ഒ. പി. സുരേഷിന്റെ കാവ്യചിന്തേരുകളും അർത്ഥശാസ്ത്രം പണിയുന്നു. തോമായുടെ ഈ സംശയം, ആണിക്കുഴിയിൽ കയ്യിട്ടുനോക്കി ഉണ്മയെ തിരയുന്ന ഈ സൂക്ഷ്മതയാകും, ഏകത്വത്തിന്റെ ഹിന്ദുത്വത്തിന് വഴങ്ങാതെ, മാർക്‌സിസത്തിന്റെ അവസാനത്തെ അഭയകേന്ദ്രമായി മലയാളത്തെ നിലനിർത്തുന്നത്. വിശ്വാസവിശുദ്ധിയിൽ വെള്ളിയാഴ്ച്ച ഗുഡ് ഫ്രൈഡേയാകുമ്പോൾ, മലയാളിയ്ക്ക് അത് സംശയിച്ച തോമായുടെ ദുഃഖവെള്ളിയായിത്തീരുന്നതും മറ്റൊന്നും കൊണ്ടല്ല.
ഭാരതീയനായ നചികേതസിനും ഇത്തരം സംശയങ്ങൾ ഉണർന്നിരുന്നു. പിതാവ് വാജശ്രവസ്സ് മഹാഋഷിയായിരുന്നിട്ടും യാഗത്തിന് മെലിഞ്ഞ പശുക്കളെ ദാനം ചെയ്യുന്നതു കണ്ടുയർന്ന, ‘സ്വർഗസുഖങ്ങൾക്ക് ചാവാലിപ്പശുക്കളാണോ ബലി നൽകുന്നത്' എന്ന സംശയം, ‘ശ്രദ്ധ'യായി നചികേതസിന്റെ ഹൃദയത്തിൽ പ്രവേശിച്ചു എന്ന് കഠോപനിഷത്ത് പറയുന്നു. ശ്രദ്ധയ്ക്ക് ഇവിടെ വിശ്വാസം എന്നാണ് സംസ്‌കൃതം അർത്ഥം കൊടുക്കുന്നത്.
‘ഞാനാര്' എന്ന ചോദ്യമാണ് വിശ്വാസം എന്നതുകൊണ്ട് ഉദ്ദ്യേശം എന്നുവരുന്നു. ഈ സംശയം തന്നെയാണ് വിശ്വാസങ്ങളുടെ അടിത്തറ. അതുകൊണ്ട് ‘നീ സംശയിക്കുക' എന്ന മാർക്‌സ് വചനത്തിൽ ഒരു ശ്രദ്ധയായി വിശ്വാസവും കുടികൊള്ളുന്നുണ്ട്.
തം ഹ കുമാരം സന്തം ദക്ഷിണാസു
നീയമാനാസു ശ്രദ്ധാവിവേശ സോമന്യത.
(യാഗത്തിൽ ഋത്വിക്കുകൾക്ക് കൊടുക്കുവാനുള്ള ദക്ഷിണകൾ കൊണ്ടുപോയിക്കൊണ്ടിരുന്നത് കണ്ടപ്പോൾ കുമാരനായ നചികേതസ്സിന്റെ മനസ്സിൽ ശ്രദ്ധ ആവേശിച്ചു. അവൻ വിചാരിച്ചു...)
ഇങ്ങനെ ചിന്ത ശ്രദ്ധയിൽനിന്നാണ് വരുന്നത് എന്ന് മധുവും നിസാറും അഗമ്പനും സമ്മതിച്ചേക്കും, കാര്യം ഉപനിഷദ് പ്രതിപാദ്യമല്ലേ? ശ്രദ്ധയ്ക്ക് ഒഴുക്കൻ മട്ടിൽ വിശ്വാസം എന്നാണർത്ഥമെന്നും, അത് നമ്മിലുള്ള സ്വയം വിശ്വാസമാണെന്ന നിലയിൽ കാണാമെന്നും, ഏകാഗ്രത എന്ന് അതിന് അർത്ഥം പറയാമെന്നും, മായയിൽ നിന്ന് വ്യത്യസ്തമായ ഉണ്മയിലുള്ള പൂർണശ്രദ്ധ എന്ന
രീതിയിൽ മനസ്സിലാക്കാമെന്നും യോഗികൾ പറയുന്നു. തന്റെ തന്മയെ സംബന്ധിച്ച ആദ്യാനുരാഗമാണ് എല്ലാ ചിന്തകളുടേയും പിതാവെന്ന് രമണമഹർഷിയും ആവർത്തിച്ചുപദേശിക്കുന്നു. ‘ഞാനാര്' എന്ന ചോദ്യമാണ് അപ്പോൾ വിശ്വാസം എന്നതുകൊണ്ട് ഉദ്ദ്യേശം എന്നുവരുന്നു. ഈ സംശയം തന്നെയാണ് വിശ്വാസങ്ങളുടെ അടിത്തറ. ലാ ഷക്ക ഫീഹി ഹുദല്ലിൽ മുത്തഖീം. അതുകൊണ്ട് ‘നീ സംശയിക്കുക' എന്ന മാർക്‌സ് വചനത്തിൽ ഒരു ശ്രദ്ധയായി വിശ്വാസവും കുടികൊള്ളുന്നുണ്ട്. നിഷേധവും നേതിയും വിമൃഷ്ടിയും അതുതന്നെ അർത്ഥമാക്കുന്നു. കാരണം വിശ്വാസം എന്നത് എപ്പോഴും അവിശ്വാസത്തിനൊപ്പമാണ് പുലരുന്നത്. വിശ്വാസത്തിന് എപ്പോഴും സംശയത്തിന്റെ അന്വേഷണത്വര കാണണം.
തത്വചിന്ത വഴിയിൽ തള്ളി യുക്തിഭദ്രതയിൽ എത്തിച്ചേർന്നവർക്കോ, പിന്നെ, തോമായുടേയോ നീത്‌ചേയുടേയോ സംശയത്തിന് അവകാശമില്ല. അപ്പോൾ യുക്തിയിൽ എത്തിച്ചേരുക എന്നാൽ ചിന്തയ്ക്ക് സീൽ വയ്ക്കുക എന്നർത്ഥം കിട്ടുന്നു. ‘അവരുടെ ഹൃദയങ്ങളുടെ മേലും അവരുടെ കേൾവിയുടെ മേലും മുദ്ര വച്ചിരിക്കുന്നു. അവരുടെ ദൃഷ്ടികളുടെ മേലും ഉണ്ട് ഒരു തരം മൂടി.' അപ്രകാരം ‘യുക്തിമുദ്രയിൽ സംശയലേശമില്ലാത്തവരെ നീ താക്കീതു ചെയ്യുന്നതും ചെയ്യാതിരിക്കുന്നതും സമമാണെന്ന്' തിരുദൂതരെ വിശുദ്ധ ഖുർആൻ സമാശ്വസിപ്പിക്കുന്നു. ബോധനം വൃഥാവിലായിപ്പോകാതെ ‘യുക്തിയുടെ യുഗ'ത്തെ വിട്ടുകളയുക എന്ന ആഹ്വാനം. അവർ സ്വന്തം ഗുഹയിൽ ആത്മാഹൂതി നടത്തുകയോ ജനങ്ങളുടെ വിചാരണക്കയറിൽ തൂങ്ങിമരിക്കുകയോ ചെയ്യുന്നിടത്തോളം നമുക്ക് കാത്തിരിപ്പിന്റെ സൂചിമുനയിൽ കയറിയിരിക്കുകയേ നിവൃത്തിയുള്ളൂ.
ഹിറ്റ്‌ലറുടേയും മുസോളിനിയുടേയും തലങ്ങളിലുള്ള ഫാസിസത്തെ പ്രതിരോധിക്കാൻ ഫ്രഞ്ച് ബുദ്ധിജീവികളെ ആഹ്വാനം ചെയ്ത സാർത്രേ അക്കാലത്തെഴുതിയ നോവൽത്രയത്തിൽ ആദ്യത്തേത് ‘യുക്തിയുടെ യുഗം' (ഏജ് ഓഫ് റീസൺ) ആയിരുന്നല്ലോ. പിന്നീട് മുദ്രവെച്ച ഹൃദയമെന്നർത്ഥം പറയാവുന്ന ‘അയേൺ ഇൻ ദ സോളും' തടവുകാരൻ എന്ന ‘റിപ്രീവും' പിറന്നു.
അതുകൊണ്ട് ഏകത്വത്തിന്റെ മുദ്രവെച്ച ഹൃദയങ്ങൾ ഫാഷിസത്തിന്റെ മസ്തിഷ്‌ക
മണലാരണ്യമായൊടുങ്ങാതെ വയ്യ. ഏകത്വത്തിന്റെ ഈ നിർബന്ധ ബുദ്ധിയിൽ നിന്ന് വൈവിധ്യത്തിന്റെ ദെല്യൂസിയൻ ലോകങ്ങളിലേക്ക് നമുക്ക് വിമോചിതമാകാതെ തരമില്ല. ഹിന്ദുവിന്റെ ഇന്ത്യയാകാതെ, ഇന്ത്യയുടെ ഹിന്ദുവായി, ചരിത്രത്തെ ഹാരപ്പൻ സംസ്‌കൃതികളോളം നീട്ടിപ്പിടിച്ചുകൊണ്ട്, അഖണ്ഡഭാരതം ജംബുദ്വീപായി വികസിപ്പിച്ചുകൊണ്ട്, ഒരു ഏഷ്യൻ പരിഹാരത്തിനായി നമുക്ക് കാതോർക്കാം.
ഇബ് ലീസിന്റെ ഒരു കഥകൂടി പറഞ്ഞ്, 1800 വാക്കുകളിൽ തീർക്കണമെന്ന എഡിറ്ററുടെ താക്കീതുള്ള ഈ കുറിപ്പ്, അവസാനിപ്പിക്കാൻ നോക്കാം.
ഇസ്ലാം പിളർന്ന് 72 കഷ്ണങ്ങളായി യുഗപര്യവസാനം കണ്ടതുപോലെ, വൈവിധ്യങ്ങളുടെ ഇന്ത്യയിൽ നിന്ന് ഹിന്ദുത്വത്തെ കണ്ടെടുക്കുന്ന കോർപറേറ്റ് രാഷ്ട്രീയത്തിന്റെ ഭാവിയും മറ്റൊന്നല്ല.
ഇബ്ലീസിന്റെ യഥാർത്ഥ നാമം അസാസീൽ എന്നായിരുന്നു. മാലാഖമാർക്ക് ജ്ഞാനോപദേശങ്ങൾ നൽകിപ്പോന്ന പണ്ഡിതകേസരിയായി അള്ളാഹുവിന്റെ എറ്റവുമടുത്ത ദാസനായിരുന്നു അയാൾ. ജിന്നു വർഗത്തിൽപ്പെടുന്നവനെങ്കിലും മാലാഖമാരുടെ ഗുരുവായിത്തീർന്ന് സ്ഥാനക്കയറ്റം ലഭിച്ചയാൾ. അപ്പോഴാണ് ദൈവത്തിന് തന്നെ അറിയണമെന്നും തന്നെ ആവിഷ്‌ക്കരിക്കണമെന്നും ആഗ്രഹം സിദ്ധിച്ചത്. തന്നെ അറിയാൻ തന്റെ രൂപത്തിലുള്ള ഒരു സൃഷ്ടിയായി മനുഷ്യനെ മണ്ണിൽനിന്ന് സൃഷ്ടിക്കുകയും അതിൽ തന്റെ റൂഹിനെ ശ്വാസമായി ഊതി ജീവാത്മാവായി ചമയ്ക്കുകയും ചെയ്തു. തന്റെ തന്നെ ഈ പ്രതിരൂപത്തെ, തന്നോളം തന്നെ മഹത്വമുള്ള ഈ പ്രതിനിധിയെ, സാഷ്ടാംഗം വണങ്ങാൻ ജിന്നുകളോടും മാലാഖമാരോടും ദൈവം കല്പിച്ചു. ജിന്നുകൾ തീകൊണ്ടും മാലാഖമാർ പ്രകാശം കൊണ്ടുമുള്ളവരാണ്. മനുഷ്യന്റെ പുതിയ സൃഷ്ടി മണ്ണുകൊണ്ടും. എല്ലാവരും ദൈവകൽപന പ്രകാരം മനുഷ്യനായ ആദമിന് ‘സുജൂദ്' ചെയ്തു. എന്നാൽ പണ്ഡിത കേസരിയായ അസാസീലിന് തന്റെ ഉത്കൃഷ്ടത, ‘ബ്രാഹ്മണ്യം', ‘സുവർണത' വിട്ടുകളയാൻ മനസ്സുവന്നില്ല.
‘ഭൂമിയിൽ രക്തം ചിന്താൻ പോകുന്ന, കുഴപ്പങ്ങളുണ്ടാക്കാൻ പോകുന്ന ഈ ജീവിയ്ക്ക്, തീ കൊണ്ട് തീർത്ത, ഉത്കൃഷ്ടനായ, സദാ നിന്നെ ആരാധിക്കുന്ന ഞാൻ വീണു വണങ്ങുകയോ? നടപ്പില്ല.'
ദൈവം പറഞ്ഞു, ‘അസാസീൽ, നിനക്കറിയാത്തത് എനിക്കറിയാം. അവർക്ക് വസ്തുക്കളുടെ നാമങ്ങൾ അറിയാം. അവർ ജ്ഞാനത്തിന്റെ നിധിയെ ഹൃദയത്തിൽ അലങ്കാരമായി പേറുന്നവരാണ്...'
‘ഇല്ല, എനിക്ക് ബോധ്യമില്ല. എന്റെ സുജൂദ് നിനക്കുമാത്രം.'
അങ്ങനെ അസാസീലിന്റെ പാണ്ഡിത്യത്തിന്റെ അഹം അയാളെ കളിമണ്ണു കൊണ്ട് തീർത്ത ആദമിന് തലകുമ്പിടാൻ അനുവദിച്ചില്ല. അയാൾ സംശയാലുവായി. അവിശ്വാസത്തിന്റെ ചഞ്ചലതയ്ക്ക് അടിമപ്പെട്ടു. അയാളുടെ യുക്തിയിൽ, മണ്ണു കൊണ്ട് തീർത്ത മനുഷ്യന്റെ കീഴാളതയിൽ ഒളിച്ചുവച്ച അറിവിന്റെ ആഴക്കടലുകൾ ഒന്നും തെളിഞ്ഞു വന്നില്ല. അയാളിൽ അവ്യക്തത നിറഞ്ഞു. അങ്ങനെ അവ്യക്തത എന്ന് അർത്ഥമുള്ള ഇബ്ലീസ് എന്ന അസ്തിത്വം ലഭിച്ചു. യുക്തിഭദ്രതയിൽ സത്യാന്വേഷണത്തിന്റെ അവസാനം കാണുന്ന, ജ്ഞാനത്തിന്റ സമ്പൂർണത ദർശിക്കാത്ത, കീഴാളതയുടെ സൗന്ദര്യം കാണാത്ത, ഒരു ബ്രാഹ്മണവാദമായി അവിശ്വാസം പിറന്നു.
യുക്തി എത്തിച്ചേരുന്ന പരകോടിയെയാണ് സാർത്രേ ഫാഷിസം എന്നു വിളിച്ചത്. ജ്ഞാനോദയത്തിലെ വൈരുദ്ധ്യങ്ങളാണ് അഡോർണയും ഹോക്കിമറും ഫാഷിസമായി വളരുന്നത് ദർശിച്ചത്. ഹിന്ദുത്വം തേടുന്ന ഏകതയും ഇസ്ലാം തറഞ്ഞുപോയ ഏകത്വവും ഒരേ നാണയക്കിലുക്കമായിത്തീരുന്നതും അങ്ങനെത്തന്നെ. ഏകത്വങ്ങൾക്ക് പിളർപ്പുകളുടെ ഭാവിയെ നേരിട്ടേ മതിയാവൂ. ഇസ്ലാം പിളർന്ന് 72 കഷ്ണങ്ങളായി യുഗപര്യവസാനം കണ്ടതുപോലെ, വൈവിധ്യങ്ങളുടെ ഇന്ത്യയിൽ നിന്ന് ഹിന്ദുത്വത്തെ കണ്ടെടുക്കുന്ന കോർപറേറ്റ് രാഷ്ട്രീയത്തിന്റെ ഭാവിയും മറ്റൊന്നല്ല. തല്ലിപ്പിരിഞ്ഞ് തമ്മിലടിച്ച് കടൽകൊണ്ടുപോയ യാദവകുലം പോലെ, സരയൂനദിയിൽ മുങ്ങിമരിച്ച രാമധർമം പോലെ, സത്യം രക്തസാക്ഷിത്വം വരിച്ച കർബല പോലെ, വിശ്വാസത്തിന്റെ ഭാവി, അവിശ്വാസത്തിന്റെ സാധ്യതകൾ... ▮