വിശാഖ്​ ശങ്കർ

വിശ്വാസം അതിന്റെ ദൃഷ്ടാന്തങ്ങളെതിരഞ്ഞുകൊണ്ടേയിരിക്കും

വിശ്വാസി സമൂഹം എന്നത് ഒരു ഭൗതികയാഥാർത്ഥ്യമായിരിക്കുന്നിടത്തോളം വിശ്വസത്തെയും അങ്ങനെതന്നെ മനസിലാക്കേണ്ടതുണ്ട്. വൈജ്ഞാനികമായ പരിധികളല്ല, ഭൗതിക യാഥാർത്ഥ്യങ്ങൾ തന്നെയാണ് ഇതിനുപിന്നിൽ പ്രവർത്തിക്കുന്നത് എന്നും.

ശാസ്ത്രവും സാങ്കേതികവിദ്യയുമൊക്കെ ഇത്രകണ്ട് പുരോഗമിച്ചിട്ടും എന്തുകൊണ്ട് നമ്മുടെ സമൂഹത്തിലെ ഭൂരിപക്ഷം മനുഷ്യരും ഇപ്പോഴും വിശ്വാസികൾ ആയിരിക്കുന്നു എന്നത് ദിർഘകാലമായി നിലനിൽക്കുന്ന ചോദ്യമാണ്.

വിശ്വാസത്തിന്റെ പേരിൽ സംഘർഷങ്ങളും രക്തച്ചൊരിച്ചിലും മുതൽ ആ പേരിൽ സംഘടിച്ച് രാഷ്ട്രീയശക്തിയായി തീർന്ന ഒരു ഭൂരിപക്ഷ വിശ്വാസം ഇതര വിശ്വാസങ്ങളെ അന്യവൽക്കരിച്ച് സമൂഹത്തിലെ മുഖ്യധാരയിൽനിന്ന്​ഒറ്റപ്പെടുത്തുന്നതുവരെയുള്ള പ്രവർത്തികളുടെ പശ്ചാത്തലത്തിൽ അത് കൂടുതൽ പ്രസക്തവുമാവുന്നുണ്ട്. അത്തരം ഒരു സാഹചര്യത്തിൽ വിശ്വാസത്തിന്റെ ഉൻമൂലനമാണ് മോചനത്തിന്റെ വഴി എന്നും തോന്നാം. എന്നാൽ എന്തുകൊണ്ടാണ് അത് ഇനിയും നമുക്ക് പ്രാവർത്തികമാക്കാൻ പറ്റാത്തത്?

പല ദൈവങ്ങളിൽ വിശ്വസിക്കുന്ന, പലതരം വിശ്വാസധാരകളിൽ പെട്ടവരൊക്കെയും ഒരുമിച്ചുനിന്നുകൊണ്ട് അതിൽ പൊതുവിൽ നടത്തുന്ന ഒരു വർഗീകരണമാണ് ശരിയായ വിശ്വാസം, അന്ധവിശ്വാസം എന്നത്.

വിശ്വാസം എന്നത് ഒന്നാണോ അതോ പലതാണോ എന്ന ചോദ്യത്തിന്, നമ്മുടേതുപോലെയുള്ള ഒരു ബഹു ജാതി, ബഹു മത, ബഹു ദൈവ സമൂഹത്തിൽ ജീവിക്കുന്ന വിശ്വാസിക്കുപോലും പലതാണ് എന്നേ മറുപടി പറയാൻ പറ്റൂ. ഒപ്പം, അതിൽ എന്റെ വിശ്വാസം എന്നെ രക്ഷിക്കും എന്നും കുട്ടിച്ചേർക്കാം . എന്നാൽ ഇങ്ങനെ പല ദൈവങ്ങളിൽ വിശ്വസിക്കുന്ന, പലതരം വിശ്വാസധാരകളിൽ പെട്ടവരൊക്കെയും ഒരുമിച്ചുനിന്നുകൊണ്ട് അതിൽ പൊതുവിൽ നടത്തുന്ന ഒരു വർഗീകരണമാണ് ശരിയായ വിശ്വാസം, അന്ധവിശ്വാസം എന്നത്. അവിശ്വാസികളാവട്ടെ ഈ വർഗീകരണത്തെയും നിഷേധിക്കുകയും വിശ്വാസങ്ങളൊക്കെയും അന്ധവിശ്വാസംതന്നെ എന്ന് തറപ്പിച്ച് പറയുകയും ചെയ്യും. വിശ്വാസികളുടെ ചിരപുരാതനമായ യുക്തിയിലാവട്ടെ, അവിശ്വാസി എന്ന ഒന്നില്ല, അതൊരു നാട്യം മാത്രമാണ്. അപ്പോൾ, സ്വാഭാവിക തർക്കയുക്തി എന്ന നിലയിൽ അവർ അത് അവതരിപ്പിക്കും. എല്ലാ വിശ്വാസവും അന്ധവിശ്വാസം തന്നെ എന്നതുപോലെ മറ്റൊരു ബ്ലാങ്കറ്റ്​ സ്റ്റേറ്റ്‌മെൻറ്​.

photo: biju ibrahim

വാസ്തവത്തിൽ എല്ലാ വിശ്വാസവും അന്ധവിശ്വാസമാണോ? അവിശ്വാസം എന്നത് വെറും നാട്യം മാത്രമാണോ? മലയാളത്തിലെങ്കിലും ഇത്തരം തർക്കങ്ങൾ കാട് കയറുന്നതിന് നമ്മുടെ ഭാഷയുടെ പരിമിതി ഒരു ഘടകമായി തീരുന്നുണ്ട് . ഭാഷാപരിമിതി എന്നുവച്ചാൽ അതിൽ വ്യവഹരിക്കുന്നവരുടെ, അതായത് നമ്മുടെ പരിമിതി കൂടിയാണ് എന്നതിൽ സംശയമില്ല. കാരണം നമ്മളിൽ കൂടിയല്ലാതെ നമ്മുടെ ഭാഷയ്ക്ക് ഒരു ജീവിതമോ , വികാസപരിണാമങ്ങളോ ഇല്ലല്ലോ.

വിശ്വാസി എന്നുവച്ചാൽ എന്താണ്? വിശ്വസം ഉള്ളവരൊക്കെയും വിശ്വാസികൾ, അതില്ലാത്തവർ അവിശ്വാസികൾ എന്ന രേഖീയമായ നിർവചനം കൊണ്ട് നിങ്ങൾ വിശ്വാസിയാണോ എന്ന ചോദ്യത്തെ അഭിമുഖീകരിക്കാൻ പറ്റുമോ?

വിശ്വസം, ഫെയ്​ത്ത്​, ബിലീഫ്

നാം നമ്മുടെ ദൈനംദിന ഭാഷാവ്യവഹാരങ്ങളിൽ ധാരാളമായി എടുത്ത് ഉപയോഗിക്കുന്ന ഒരു പദമാണ് വിശ്വാസം. എന്നാൽ എത്രത്തോളം കൃത്യതയോടെ എന്ന് ചോദിച്ചാൽ ഉത്തരമില്ല. ആംഗലത്തിലെ ഫെയ്​ത്ത്​, ബിലീഫ്, കോൺഫിഡൻസ്, ട്രസ്റ്റ് തുടങ്ങിയ പദങ്ങൾക്കൊക്കെയും തത്തുല്യമായി നമ്മൾ വിശ്വസം എന്ന വാക്കുപയോഗിക്കുന്നു. കോൺഫിഡൻസ്, ട്രസ്റ്റ് തുടങ്ങിയ പദങ്ങൾക്ക് തത്തുല്യമായാണ് വിശ്വാസത്തെ ഉപയോഗിക്കുന്നത് എങ്കിൽ അത് അതാത് വാചകഘടനയും ഭാഷാപരിസരവും ഒക്കെ മുൻനിർത്തി വേർതിരിച്ച് മനസിലാക്കാം എന്നുവയ്ക്കാം. എന്നാൽ ഫെയ്​ത്ത്​, ബിലീഫ് എന്നീ പദങ്ങളിലേയ്ക്ക് വരുമ്പോൾ അതല്ല അവസ്ഥ. കാരണം, അവ പര്യായങ്ങളല്ല, സൂക്ഷ്മാർത്ഥത്തിൽ വ്യത്യസ്തങ്ങളായ പദങ്ങളാണ്, അവ ആശയതലത്തിൽ തന്നെ വ്യത്യസ്തങ്ങളാണ്.
ബൈബിൾ ഫെയ്​ത്ത്​ എന്ന വിശ്വാസത്തെ ഇങ്ങനെ നിർവചിക്കുന്നു: ‘Now faith is confidence in what we hope for and assurance about what we do not see' (Hebrews 11:1).

photo: pexels.com

മഴയില്ലാത്ത നാട്ടിൽ നോഹ വിശ്വാസം കൊണ്ട് മഴവില്ല് തീർത്തു. അബ്രഹാം ദൈവകല്പന അനുസരിച്ച് കുടുംബത്തെ വിട്ട് യാത്ര തിരിക്കുമ്പോൾ അത് എവിടേയ്ക്ക് എന്നത് അയാൾക്ക് അറിയുമായിരുന്നില്ല. അതാണ് ഫെയ്​ത്ത്​. എന്നാൽ ബിലീഫ് വ്യത്യസ്തമാണ്. ദൈവം ഉണ്ട് എന്ന് വിശ്വസിക്കുന്നതിനെ ബിലീഫ് ഇൻ ഗോഡ് എന്നുപറയാം. എന്നാൽ ദൈവത്തെ വിശ്വസിക്കുകയും നോഹയും അബ്രഹാമും ചെയ്തതുപോലെ ആ വിശ്വസത്തെ പ്രവർത്തിയിലേയ്ക്ക് പരിവർത്തിപ്പിക്കുകയും ചെയ്യുമ്പോൾ അത് ഫെയ്​ത്ത്​ ആവുന്നു. എന്നുവച്ചാൽ പക്ഷെ നമുക്ക് ഈ രണ്ടിനും ഒറ്റ വാക്കേ ഉള്ളൂ.

ഇനി വിശ്വാസി എന്നുവച്ചാൽ എന്താണ്? വിശ്വസം ഉള്ളവരൊക്കെയും വിശ്വാസികൾ, അതില്ലാത്തവർ അവിശ്വാസികൾ എന്ന രേഖീയമായ നിർവചനം കൊണ്ട് നിങ്ങൾ വിശ്വാസിയാണോ എന്ന ചോദ്യത്തെ അഭിമുഖീകരിക്കാൻ പറ്റുമോ? നിങ്ങൾ ഒരു വിശ്വാസിയാണോ എന്ന ചോദ്യത്തിന് അല്ല എന്ന് ഉത്തരം പറയുന്നവർ നമ്മുടെ സമൂഹത്തിലെങ്കിലും ഒരു ന്യൂനപക്ഷമായിരിക്കും. എന്നാൽ അവർക്കുതന്നെയും ആത്മവിശ്വാസം, ശുഭാപ്തി വിശ്വാസം, പരസ്പരവിശ്വാസം തുടങ്ങിയ പല വിശ്വാസങ്ങളിൽ നിന്ന്​ സമ്പുർണ മുക്തി അവകാശപ്പെടാനാവില്ല. അവിശ്വാസികളാണ് എന്നുപറയുന്നവർ ഉദ്ദേശിക്കുന്നത് തങ്ങൾ ദൈവ വിശ്വാസികളല്ല എന്നതുമാത്രമാണ്. വിശ്വാസികളാണ് എന്ന് പറയുന്നവരെ സംബന്ധിച്ചാണെങ്കിൽ കൂടുതൽ സങ്കീർണമാണ് കാര്യങ്ങൾ. തങ്ങൾക്ക് ഉണ്ട് എന്ന് അവർ കരുതുന്ന വിശ്വാസം ഫെയ്​ത്ത്​ ആണോ, കേവലം ബിലീഫ് മാത്രമാണോ എന്നതൊക്കെ അപ്പോൾ പ്രസക്തമായി തീരും.

ഒരു ആദർശ വിശ്വാസിയായി തീരണമെങ്കിൽ നമുക്കുവേണ്ടത് ദൈവകല്പനകളെ അന്ധമായി ഏറ്റെടുത്ത് നടപ്പിലാക്കുക എന്നതാണ്. എന്നുവച്ചാൽ അന്ധമായി വിശ്വസിക്കുകയാണ്. വ്യവസ്ഥകൾവച്ച്, സ്വന്തം യുക്തിയും അറിവും ഉപയോഗിച്ച് ദൈവകല്പനകളെ വിശകലനം ചെയ്യുന്നത് ശരിയായ വിശ്വാസിയുടെ രീതിയല്ല. അപ്പോൾ അന്ധവിശ്വാസം അല്ലേ ശരിയായ വിശ്വാസം?

നമ്മുടെ സമൂഹത്തിൽ ബഹുഭൂരിപക്ഷവും ഒന്നല്ലെങ്കിൽ മറ്റൊരു ദൈവത്തിൽ വിശ്വസിക്കുന്നവരാണ്. എന്നാൽ അവരിൽ ബഹുഭൂരിപക്ഷവും ദൈവമുണ്ടെന്ന് വിശ്വസിക്കുന്നു. എങ്കിലും ദൈവകല്പന അനുസരിച്ച് സ്വന്തം മകനെ ബലി കൊടുക്കാൻ, കുടുംബത്തെ ഉപേക്ഷിച്ച് എവിടേക്കെന്നറിയാത്ത ഒരു യാത്ര പുറപ്പെടാൻ, മഴയേ പെയ്തിട്ടില്ലാത്ത ഇടത്ത് മഴവില്ലുണ്ടാക്കാൻ തക്ക ഫെയ്​ത്തുള്ളവരല്ല. അതായത്, ദൈവത്തിൽ വിശ്വസിക്കുന്ന ഒരു ബിലീവർ ആയിരിക്കുമ്പോഴും ദൈവകല്പനകളെയും അതിന്റെ വരുംവരായ്കകളെയും അവഗണിച്ച് കല്പിച്ച ദൈവത്തിലുള്ള അചഞ്ചല വിശ്വാസം മുൻനിർത്തി അന്ധമായി അനുസരിക്കാൻ പോന്നത്ര ഫെയ്​ത്ത്​ ഇല്ല. അപ്പോൾ വിശ്വാസം ബിലീഫ് എന്ന നിലവിട്ട് ഫെയ്​ത്ത്​ ആവണമെങ്കിൽ, മുകളിൽ പറഞ്ഞവരെ പോലെ ഒരു ആദർശ വിശ്വാസിയായി തീരണമെങ്കിൽ നമുക്കുവേണ്ടത് ദൈവകല്പനകളെ അന്ധമായി ഏറ്റെടുത്ത് നടപ്പിലാക്കുക എന്നതാണ്. എന്നുവച്ചാൽ അന്ധമായി വിശ്വസിക്കുകയാണ്. വ്യവസ്ഥകൾവച്ച്, സ്വന്തം യുക്തിയും അറിവും ഉപയോഗിച്ച് ദൈവകല്പനകളെ വിശകലനം ചെയ്യുന്നത് ശരിയായ വിശ്വാസിയുടെ രീതിയല്ല. അപ്പോൾ അന്ധവിശ്വാസം അല്ലേ ശരിയായ വിശ്വാസം?

എന്താണ് അന്ധവിശ്വാസം?

ഒരു ദൈവവിശ്വാസി ശരിയായ വിശ്വസത്തെയും അന്ധവിശ്വാസത്തെയും തമ്മിൽ വേർതിരിക്കുന്നത് മുകളിൽ നമ്മൾ ചർച്ച ചെയ്ത യുക്തിവച്ചല്ല, മറിച്ച് ശരിയായ ദൈവത്തെ പിന്തുടരുന്നത് ശരിയായ വിശ്വാസവും അല്ലാത്തത് അന്ധവിശ്വാസവും എന്ന നിലയിലാണ്. എന്നാൽ ഇവിടെ ആ വർഗീകരണം സുതാര്യമാവുകയല്ല, കാര്യങ്ങൾ മൊത്തത്തിൽ സങ്കീർണമാവുകയാണ്. ദൈവത്തിൽ വിശ്വസിക്കുക എന്നുവച്ചാൽ വ്യവസ്ഥകൾ വച്ച് സംശയത്തോടെ ചോദ്യങ്ങളുന്നയിച്ച്​വിശ്വസിക്കുക എന്നതല്ല, അചഞ്ചലമായി സംശയഭേദമെന്യേ വിശ്വസിക്കുക എന്നതാണ് എന്ന് നമ്മൾ കണ്ടുകഴിഞ്ഞു. അപ്പോൾ അങ്ങനെ വിശ്വസിക്കുന്നവരിൽ ഒരാളെ ശരിയായ വിശ്വാസിയും മറ്റുള്ളവരെ അന്ധവിശ്വാസികളും എന്ന് എങ്ങനെ വർഗീകരിക്കും?

photo: kr.sunil

ഇവിടെയാണ് മതങ്ങൾ എന്ന വിശ്വാസത്തിന്റെ സംഘടിത രൂപം മുമ്പോട്ടുവരുന്നത്. രാഷ്ട്രീയവും സാമൂഹ്യവും സാംസ്‌കാരികവുമായ മേൽക്കെ നേടിയ മതങ്ങൾ തങ്ങൾ മുന്നോട്ട് വയ്ക്കുന്ന ദൈവങ്ങളിൽ അന്ധമായി വിശ്വസിക്കുന്നത് ശരിയായ വിശ്വാസവും അല്ലാത്തവയിൽ വ്യവസ്ഥകളോടെ (അതായത് ഉദ്ദേശിച്ച കാര്യം നടന്നാൽ വിശ്വസിക്കാം എന്ന നിലയിൽ) സമീപിക്കുന്നതുപോലും അന്ധവിശ്വസാവുമായി പ്രഖ്യാപിക്കുകയാണ്. ഇവിടെ ഒരു സാധാരണ വിശ്വാസിക്ക് വിശ്വാസത്തിൽ എന്ത് അധികാരം, എന്ത് നിർണയാവകാശം?

യുക്തിപദ്ധതി ഒന്നുതന്നെ എന്നിരിക്കെ, ഇതിൽ ഒരു ദൈവത്തിന്റെ കല്പന കേട്ട് മകനെ ബലികൊടുക്കുവാൻ ഒരുങ്ങുന്നത് വിശ്വാസദാർഢ്യവും മറ്റൊരു ദൈവത്തിന്റെ വാക്ക് കേട്ട് ഇത് ചെയ്യുന്നത് അന്ധവിശ്വാസവും എങ്ങനെയാവും? വിശ്വാസം ഒന്നല്ല എന്നതുപോലെതന്നെ വിശ്വാസിയും ഒന്നല്ല എന്നതാണ് വസ്തുത

സാധാരണ വിശ്വാസികൾ ഒരു വിശ്വാസത്തിലേക്ക് അടുക്കുന്നത് വിശ്വാസ ബാഹ്യമായ ഘടകങ്ങൾ പോലും മുൻനിർത്തിയാവാം എന്നതാണ് വസ്തുത. അതായത്, തങ്ങളുടെ വ്യക്തിഗത അതിജീവനത്തിന്റെ നിസ്സഹായതകളിൽ, പരാധിനതകളികൾ ഒറ്റപ്പെട്ട് പോകാതിരിക്കാൻ , സാമൂഹ്യ- രാഷ്ട്രീയ- സാംസ്‌കാരിക അധികാരങ്ങളുടെ ഇറ്റുവീണ് കിട്ടുന്ന പിച്ച പങ്ക് എങ്കിലും നഷ്ടപ്പെടുന്നില്ല എന്നുറപ്പുവരുത്താൻ മനുഷ്യർ തങ്ങളുടെ ജീവിതപരിസരങ്ങളിൽ പ്രബലമായി നിലനിൽക്കുന്ന വിശ്വാസ, മത പദ്ധതികളോട് ഒത്തുനിൽക്കുന്നു. ആചാരങ്ങൾ അനുഷ്ഠിക്കുന്നു. വരിയും കാണിക്കയും വഴിപാടും നൽകുന്നു. എന്നിട്ടും സാമാന്യമായ ഒരു ഭദ്രത നിലനിൽപ്പിൽ, മോഹസമ്പൂർത്തിയിൽ ഇല്ലെന്ന് തോന്നുവർ അതിനായി മുഖ്യധാരാ വിചിത്രം എന്ന് കരുതുന്ന വിശ്വസങ്ങളിലേക്ക് നീങ്ങുന്നു. യുക്തി പദ്ധതി ഒന്നുതന്നെ എന്നിരിക്കെ, ഇതിൽ ഒരു ദൈവത്തിന്റെ കല്പന കേട്ട് മകനെ ബലികൊടുക്കുവാൻ ഒരുങ്ങുന്നത് വിശ്വാസദാർഢ്യവും മറ്റൊരു ദൈവത്തിന്റെ വാക്ക് കേട്ട് ഇത് ചെയ്യുന്നത് അന്ധവിശ്വാസവും എങ്ങനെയാവും?
വിശ്വാസം ഒന്നല്ല എന്നതുപോലെതന്നെ വിശ്വാസിയും ഒന്നല്ല എന്നതാണ് വസ്തുത.

അവിശ്വാസത്തിലെ വിശ്വാസം

ഇനി അവിശ്വാസികൾ എന്ന ഒന്നില്ല, അത് നാട്യം മാത്രമാണ് എന്ന വാദം എടുക്കാം. ഉറക്കത്തിൽ നിന്ന്​ ആരെങ്കിലും പൊടുന്നനെ ഉന്തി താഴെയിട്ടാൽ ഏത് അവിശ്വാസിയും ‘അമ്മേ എന്റെ ദൈവമേ’ (അമ്മ ദൈവമാണല്ലോ) എന്നുവിളിക്കും. അതുകൊണ്ട് എല്ലാവരും ദൈവവിശ്വാസികൾ തന്നെ തുടങ്ങിയ ഭാഷാപരമായ വ്യവഹാര ശീലങ്ങളെ ഇൻബിൽറ്റ് വിശ്വസത്തിന്റെ തെളിവായി കാണുന്ന ലളിത യുക്തി മുതൽ അത് തുടങ്ങുന്നു. മരണം എന്ന, അനുഭവസാക്ഷ്യം നൽകാൻ ആരും മരിച്ചിട്ട് തിരിച്ചുവന്ന നേരനുഭവമില്ലാത്ത ഒരു പ്രതിഭാസം വച്ച് ദൈവജ്ഞാനം, തിരിച്ചറിവില്ലാതെ ആരും മരിക്കില്ല, ആ അന്ത്യനിമിഷത്തിലെങ്കിലും ഏത് അവിശ്വാസിക്കും വെളിപാടുണ്ടാവും തുടങ്ങിയ വാദങ്ങളുമുണ്ട്. അവയെ യുക്തിവച്ചുതന്നെ പ്രതിരോധിക്കാം. എന്നാൽ അതുകൊണ്ടുമാത്രം ഒരു അവിശ്വാസിക്ക് വിശ്വാസമുക്തമായി ജീവിക്കാനാവുമെന്ന് വിശ്വസിക്കാനെങ്കിലും പറ്റുമോ?

photo: abulkalamazad pattanam

വിശ്വാസിയാണോ എന്ന മലയാള ചോദ്യത്തിന് അല്ല എന്നാണ് ഉത്തരമെങ്കിൽ അത് ചോദിക്കുന്ന മലയാളി ഉടനടി എത്തിച്ചേരുന്ന നിഗമനം, അങ്ങനെയെങ്കിൽ അയാൾ യുക്തിവാദി തന്നെ എന്നതാവും. താൻ ഒരു ദൈവവിശ്വാസിയല്ല എന്ന പ്രഖ്യാപനം വഴി അത് പറയുന്ന ആൾ തന്നെപ്പറ്റി മനസിലാക്കുന്നതും പലപ്പോഴും താൻ ഒരു യുക്തിവാദിയാണ് എന്നത് തന്നെയാവും. അപ്പോൾ പിന്നെ എന്താണ് പ്രശ്​നം എന്നുചോദിച്ചാൽ അതിലും പ്രശ്‌നമുണ്ട്.

എന്താണ് യുക്തിവാദം, അഥവാ റാഷണലിസം?

റീസണെന്ന വാക്കിന് യുക്തി എന്നും അർത്ഥമുണ്ട്. ആ നിലയ്ക്ക് റാഷണലിസം യുക്തിവാദമായി. എന്നാൽ റാഷണലിസം എന്നത് ജ്ഞാനമാർഗമായി കാണുന്നത് റീസണും ലോജിക്കും ആണ്. റീസണെന്നാൽ കാരണം. എന്താണിത്തിന്റെ കാരണം എന്ന അന്വേഷണങ്ങളും അതിലൂടെ എത്തിച്ചെരുന്ന നിഗമനങ്ങളുടെ കൈമാറ്റവും ആണ് ജ്ഞാനസമ്പാദനത്തിന്റെ വഴി എന്ന് ലളിതമായി പറയാം. ലോജിക് അല്പം കൂടി സങ്കീർണമാണ്.

റെനേ ദെക്കാർത്തയെ പോലെയുള്ള ആധുനിക യുക്തിചിന്തകരും ഇന്ദ്രിയജ്ഞാനത്തെ സംശയത്തോടെയായിരുന്നു കണ്ടിരുന്നത്. ഇന്ദ്രിയജ്ഞാനം എന്നുവച്ചാൽ കണ്ടും തൊട്ടും മണത്തും രുചിച്ചും മറ്റുമൊക്കെ ഇന്ദ്രിയങ്ങൾ വഴി വസ്തുനിഷ്ഠമായി അനുഭവിച്ചറിയാവുന്ന ജ്ഞാനം. അത് പലപ്പോഴും വഴിതെറ്റിക്കാവുന്നതാണ് .

റീസണെന്നാൽ കാരണം. ലോജിക് എന്നാൽ ശരിയായ കാര്യകാരണബന്ധമെന്നുപറയാം. നിരീക്ഷണത്തിലൂടെ വെളിവാകുന്ന കാര്യങ്ങളും കാരണങ്ങളും തമ്മിൽ ശരിയായ ഒരു പൊരുത്തം രൂപീകരിക്കുന്ന പ്രക്രിയ ആണ് ലോജിക് എന്നും പറയാം. എന്നാൽ എന്താണ് ഇതിന്റെ വഴി? നിരീക്ഷണവും ചിന്തയും. നമ്മൾ കാണുന്നതിനെ കുറിച്ചുള്ള നമ്മുടെ കാര്യകാരണ ചിന്തകളെ ഇതരചിന്തകളുമായി ഉരച്ച് താർക്കിക യുക്തി ഉപയോഗിച്ച് അതാത് കാലത്ത് മേൽകൈ നേരിടുന്ന കാര്യകാരണ ബന്ധമാണ് ആ കാലത്തെ ജ്ഞാനം എന്ന് പറയാം.

തർക്കം, താർക്കികയുക്തി എന്നൊക്കെ കേൾക്കുമ്പോൾ നമുക്ക് പെ​ട്ടെന്ന് ഓർമ വരിക നമ്മുടെ കാലടിക്കാരൻ ശങ്കരനെ ആയിരിക്കും, ആദി ശങ്കരൻ എന്നൊക്കെ അറിയപ്പെടുന്ന ശങ്കരാചാര്യർ. അദ്ദേഹം നിരവധി ജ്ഞാനികളെ തർക്കത്തിൽ തോല്പിച്ച് നടത്തിയ വൈജ്ഞാനിക അശ്വമേഥമൊക്കെ സിനിമ വഴിയെങ്കിലും കേട്ടറിവുള്ളതുകൊണ്ട് പ്രത്യേകിച്ചും. പക്ഷെ അപ്പോൾ ശങ്കരാചാര്യർ ഒരു യുക്തിവാദി ആയിരുന്നു എന്നാണോ?

നാസ്തിക സമൂഹത്തിന്റെ വേരുകൾ ഇവിടെ അന്വേഷിച്ചാൽ വേദകാലഘട്ടത്തിനും മുമ്പേ ഉണ്ടായിരുന്നു എന്നുപറയപ്പെടുന്ന ചാർവ്വാകരിലാവും എത്തുക. ഹെഡോണിസം അഥവാ ഭൗതിക ഉല്ലാസവാദം കേന്ദ്രമാക്കി കർമ, പുനർജന്മ, മോക്ഷ സിദ്ധാന്തങ്ങളെയൊക്കെയും നിരാകരിക്കുകയും ആ അർത്ഥത്തിൽ ഭൗതികവാദയുക്തികൾ മുൻ നിർത്തി ആത്മീയ, അതിഭൗതികവാദ യുക്തികളെ അംഗീകരിക്കാതിരിക്കുകയും ചെയ്ത ഒരു ചിന്താധാരയായിരുന്നു അവരുടേത്. എന്നാൽ അവർ അതിനായി ഉപയോഗിച്ചത് യുക്തിതന്നെയായിരുന്നു. അതായത് ചാർവാകർ എന്ന നാസ്തികതയുടെ മുന്മുറക്കാർ അവരുടെ ‘മത'ത്തിൽ വിശ്വസിക്കുക തന്നെയായിരുന്നു എന്നേ കരുതാനാവൂ.

റാഷണലിസം / എമ്പെരിസിസം

റെനേ ദെക്കാർത്ത

ഇവിടെയാണ് നമ്മൾ പ്രശ്‌നത്തിന്റെ സത്തയിലേക്ക് കടക്കുന്നത്. റെനേ ദെക്കാർത്തയെ പോലെയുള്ള ആധുനിക യുക്തിചിന്തകരും ഇന്ദ്രിയജ്ഞാനത്തെ സംശയത്തോടെയായിരുന്നു കണ്ടിരുന്നത്. ഇന്ദ്രിയജ്ഞാനം എന്നുവച്ചാൽ കണ്ടും തൊട്ടും മണത്തും രുചിച്ചും മറ്റുമൊക്കെ ഇന്ദ്രിയങ്ങൾ വഴി വസ്തുനിഷ്ഠമായി അനുഭവിച്ചറിയാവുന്ന ജ്ഞാനം. അത് പലപ്പോഴും വഴിതെറ്റിക്കാവുന്നതാണ് . കാരണം, അദ്ദേഹം ശരീരത്തെയും മനസിനെയും ഓണ്ടൊളജിക്കലി (സത്താമിമാംസ) വ്യത്യസ്ഥമായവയായി കരുതി. ഈ മനസ് എന്നുപറയുന്നത് ഒരു വ്യത്യസ്ത അവയവമല്ല , ശരീരത്തിന്റെ ഭാഗമായ മസ്തിഷ്‌കത്തിലെ രാസപ്രവർത്തനങ്ങളും നാഡീവിന്യാസവുമായി ബന്ധപ്പെട്ട്​അന്വേഷിക്കേണ്ടുന്ന ഒന്നാണ് എന്ന ധാരണ അന്നത്തെ ഏറ്റവും സന്ദേഹിയായ തത്വചിന്തകനിൽ പോലും ഉണ്ടായിയിരുന്നില്ല . അതിൽ അസ്വാഭാവികമായും ഒന്നും ഉണ്ടായിരുന്നില്ല.

തത്വചിന്തയിൽ നിന്നായിരുന്നു തുടക്കം എന്നതിനാൽ തന്നെ ഫിലോസഫിയെ തത്വചിന്ത എന്നും തത്വശാസ്ത്രം എന്നും വിളിക്കപ്പെടുന്നതൊക്കെ മനസിലാക്കാം. എന്നാൽ റാഷണലിസത്തിൽ തന്നെ എമ്പെരിസിസത്തിന്റെയും വേരുകളുണ്ടായിരുന്നു എന്നത് മനസിലാക്കുക അത്ര എളുപ്പമല്ല. വസ്തുതയാവട്ടെ അതാണുതാനും. പ്ലോറ്റോയും അരിസ്റ്റോട്ടിലും നമ്മൾ പറഞ്ഞുവന്ന ദെക്കാർത്തെയും ഒക്കെ റാഷണലിസ്റ്റ് ചിന്താധാരയുടെ വക്താക്കളാണെങ്കിലും ​പ്ലേറ്റോയുടെ ശിഷ്യനായ അരിസ്‌റോട്ടിലിലും സദാ സന്ദേഹിയായിരുന്ന ദെക്കാർത്തയിലും ഒക്കെ എമ്പെരിസിസത്തിന്റെ വേരുകളും കാണാം. ലളിതമായി പറഞ്ഞാൽ, നിരീക്ഷണം എന്നത് രണ്ടിലും ഉണ്ട്. നിലവിലുള്ള അറിവ് ഉപയോഗിച്ചുള്ള ലോജിക്കൽ സാധ്യതകളെ കുറിച്ചുള്ള അവബോധവും ഈ രണ്ട് ധാരകളിലുമുണ്ട്. വ്യത്യാസം ഇന്ദ്രിയങ്ങളുപയോഗിച്ചുള്ള ജ്ഞാനത്തോടുള്ള സമീപനത്തിലാണ്. ‘cogito, ergo sum' എന്ന ലാറ്റിൻ വാചകത്തെ ‘I think, therefore I am' എന്ന് ആംഗലത്തിലേക്ക് വിവർത്തനം ചെയ്യുമ്പോൾ തത്വചിന്തയുടെ ആദ്യ നാളുകളിൽ ചിന്ത ഇന്ദ്രിയാനുഭവങ്ങൾക്കുമേൽ നേടിയ മേൽക്കൈ മനസിലാവും. എന്നാൽ അത് മൊത്തമായി വേറിട്ട് മാറി നിൽക്കുന്ന ഒന്നായിരുന്നില്ല എന്ന വീണ്ടുവിചാരം പ്ലേറ്റോണിയൻ ചിന്തയുടെ വിശകലനം എന്നുതോന്നിക്കുന്ന അരിസ്റ്റോട്ടിലിന്റെ ചിന്താപദ്ധതിയിൽ ഉൾപ്പെടെയുണ്ട്. പൊതുവായി ഉള്ളത് ‘ചിന്തിക്കുന്നതുകൊണ്ട് ഞാൻ ഉണ്ട് ' എന്ന ധാരണയിൽ ചിന്തയ്ക്ക് ജ്ഞാന സമ്പാദനത്തിന്റെ മറ്റ് ഭൗതികോപാധികൾക്കുമേൽ കൈവരുന്ന ആധിപത്യമാണ് താനും. അതായത്, ഒന്ന് ഒന്നിൽ നിന്ന്​ വേറി​ട്ടോ ഒന്നിനെ സമ്പൂർണമായി റദ്ദ് ചെയ്‌തോ അല്ല അറിവിന്റെ പാരമ്പര്യം നിലനിൽക്കുന്നത്, മനസിലാക്കലും പരിഷ്‌കരിക്കലും വഴിയാണ്.

നിങ്ങൾ നഗ്‌നനേത്രങ്ങൾ കൊണ്ട് നിരീക്ഷിച്ച് ചിന്തയുടെ മൂശയിലിട്ട് താർക്കിക യുക്തി വഴി ഉരുക്കി കണ്ടെത്തുന്ന അറിവായിരിക്കണമെന്നില്ല ആത്യന്തികം എന്ന അവസ്ഥ വന്നു. ഇവിടെ നിന്ന്​നമുക്ക് തുടങ്ങിയ ഇടത്തേക്ക് പോകാം. ദൈവത്തിൽ വിശ്വസിക്കാത്ത ഒരാൾ അവിശ്വാസിയാണോ?

യുക്തിവാദം എമ്പെരിസിസത്തിലേക്ക് വികസിക്കുന്ന വഴി

പൗരാണിക തത്വചിന്തയിൽ പല ഭാഷയിൽ പല യുക്തിപദ്ധതികളിലൂടെ അവതരിപ്പിക്കപ്പെടുന്ന ഒന്നാണ് നമ്മൾ ‘മായ' എന്ന് മനസിലാക്കുന്ന അയാഥാർത്ഥ പ്രതീതി. ഇന്ദ്രിയങ്ങൾകൊണ്ട് അറിയുന്നതല്ല, അതിനും അപ്പുറത്ത് നിൽക്കുന്ന ഒന്നാണ് വാസ്തവം എന്ന സങ്കൽപം പല പൗരാണിക സംസ്‌കാരങ്ങളിലും പല ഭാഷകളിലായി നിലനിൽക്കുന്നുണ്ട്. എന്നാൽ ശാസ്ത്രത്തെ മുമ്പോട്ടുകൊണ്ടുപോയത് അത്തരം തത്വചിന്തയിൽ നിന്നുണ്ടായ രീതിശാസ്ത്രപരമായ വേർപെടലായിരുന്നു എന്നും പറയാം.
ഇന്ദ്രിയക്ഷമതയെ മുൻകാലങ്ങളിൽ വിഭാവനം ചെയ്യാൻ പോലും കഴിയാവുന്നത്ര ഫലപ്രദമാക്കി മാറ്റിയ സൂക്ഷ്മദർശിനി പോലെയുള്ള നിരവധി ഉപകരണങ്ങളുടെ കണ്ടുപിടിത്തവും ഇവിടെ നിർണായകമായി. അങ്ങനെ, എന്താണ് യഥാർത്ഥ ജ്ഞാനം എന്ന ചിരപുരാതന തർക്കവിഷയത്തിൽ നിർണായക വഴിത്തിരിവുണ്ടാവുകയാണ്. നിങ്ങൾ നഗ്‌നനേത്രങ്ങൾ കൊണ്ട് നിരീക്ഷിച്ച് ചിന്തയുടെ മൂശയിലിട്ട് താർക്കിക യുക്തി വഴി ഉരുക്കി കണ്ടെത്തുന്ന അറിവായിരിക്കണമെന്നില്ല ആത്യന്തികം എന്ന അവസ്ഥ വന്നു. ഇവിടെ നിന്ന്​നമുക്ക് തുടങ്ങിയ ഇടത്തേക്ക് പോകാം. ദൈവത്തിൽ വിശ്വസിക്കാത്ത ഒരാൾ അവിശ്വാസിയാണോ?

photo: professional_rationalism

ഒരു എമ്പെരിസിസ്റ്റ് തീർച്ചയായും നാസ്തികൻ കൂടി ആയിരിക്കും. എന്നാൽ നാസ്തികനായതുകൊണ്ടുമാത്രം ആരും ഒരു എമ്പെരിസിസ്റ്റ് ആവുന്നില്ല. ഓൾട്ടർനേറ്റ് മെഡിസിൻ മുതൽ ജൈവ കൃഷിവരെ, ജാതിവ്യവസ്ഥ മുതൽ ആൺ- പെൺ മാത്ര ലിംഗവ്യവസ്ഥവരെയുള്ള വിശ്വസങ്ങൾ നിലനിർത്തികൊണ്ട് ഒരു നാസ്തികന് പരമാവധി യുക്തിവാദിയേ ആകാൻ പറ്റൂ, ശാസ്ത്രവാദിയായ ഒരു എമ്പെരിസിസ്‌റ് ആവാൻ പറ്റില്ല.

ഇനി മറ്റൊരു പ്രധാന ചോദ്യത്തിലേക്ക് വരാം.
ശാസ്ത്രത്തിൽ വിശ്വസം നിഷിദ്ധമാണോ?

ഹാർഡ് സയൻസ് ആൻഡ് സോഫ്റ്റ് സയൻസ്

സയൻസിൽ ഇങ്ങനെയും ഒരു തിരിവ് സാധ്യമാണ്. എന്നാൽ കേവലം വാക്കിന്റെ അർത്ഥം മാത്രം വച്ച് മനസിലാക്കുന്നതുപോലെ, കേൾക്കുമ്പോൾ തോന്നുന്നതുപോലെ കഠിനശാസ്ത്രവും മൃദുശാസ്ത്രവും എന്നല്ല ആ വകതിരിവ്. ഹാർഡ് സയൻസ് എന്നതുകൊണ്ട് കൃത്യവും വസ്തുനിഷ്ഠവും അതുകൊണ്ടുതന്നെ തെറ്റോ ശരിയോ എന്ന് കൃത്യമായി തെളിയിക്കാനാവുന്നവയുമായ ശാസ്ത്ര ഗവേഷണ ശാഖകളെയാണ് അർത്ഥമാക്കുന്നത്. സോഫ്റ്റ് സയൻസ് എന്നത് വസ്തുനിഷ്ഠമായ ഡാറ്റാ കളക്ഷനും ലഭ്യമായതിൽ ഏറ്റവും മികച്ച അതിന്റെ വിശകലന ഉപകരണം ഉപയോഗിച്ചുള്ള പഠനവും നടത്തിയാലും ഭാവിയെ കൃത്യമായി പ്രവചിച്ച് സർവകാല ശരിയെന്ന് ഉറപ്പുവരുത്താനാവുന്ന നിഗമനത്തിലേക്കെത്താൻ പരിമിതിയുള്ളവയെയും. സോഷ്യൽ സയൻസ് എന്ന വിഭാഗത്തിൽ പെടുന്ന രാഷ്ട്ര മീമാംസ, സാമൂഹ്യശാസ്ത്രം തുടങ്ങി ഒരുപരിധിവരെ പുരാവസ്തുശാസ്ത്രം വരെയുള്ള പല വിഷയങ്ങളും ഇതിൽ പെടും.

നാരായണ ഗുരു ബ്രാഹ്​മണിക് ഹെഗിമണിയെ നേരിടാൻ അതിന്റെ തന്നെ ബിംബങ്ങളെ ഉപയോഗിക്കേണ്ടതുണ്ട് എന്ന് വിഭാവനം ചെയ്തു. സംസ്‌കൃതം പഠിച്ച്, കുടുംബത്തെ ഉപേക്ഷിച്ച്, വെള്ളയുടുത്ത സന്യാസിയായി, വിഗ്രഹപ്രതിഷ്ഠ നടത്തി./ photo: Biju Ibrahim

ശാസ്ത്രത്തിന്റെ എമ്പെരിക് ജ്ഞാനാന്വേഷണ വഴികളെ കുറിച്ച് മനനസിലാക്കാക്കുമ്പോൾ അതിൽ ഏറ്റവും പ്രധാനമായ ഒരു വിശേഷണം ഡിസിന്ററെസ്റ്റഡ് അഥവാ താല്പര്യരഹിതം എന്നതാണ്. മറ്റൊന്ന് ഫോഴ്സിഫയബിലിറ്റി അഥവാ തെറ്റ്- ശരി എന്ന് പരീക്ഷണ നിരീക്ഷണങ്ങൾ വഴി വേർതിരിക്കാവുന്ന അന്വേഷണങ്ങൾ എന്നതും. എന്നാൽ മനുഷ്യവംശത്തിന്റെ രാഷ്ട്രീയവും സാമൂഹ്യവും സാംസ്‌കാരികവുമായ പുരോഗമനം എന്ന പൂർവ നിർവചിതമായ ലക്ഷ്യം വച്ച്​ നടക്കുന്ന അന്വേഷണങ്ങൾക്ക് എമ്പെരിക്കൽ ശാസ്ത്രം വഴി കിട്ടിയ ഉൾക്കാഴ്ചകൾ അവലംബിക്കാം എന്നല്ലാതെ ആ വഴി പൂർണമായി സവീകരിക്കാനാവില്ല. കാരണം, അതിൽ താല്പര്യമുണ്ട് എന്നത് തന്നെ.

ശരി- തെറ്റ് എന്ന് കൃത്യമായി വിച്ഛേദിച്ചറിഞ്ഞ് നടപ്പിലാക്കാൻ പറ്റുന്നവയല്ല ദാർശനിക സ്വഭാവമുള്ള രാഷ്ട്രീയ, സാമൂഹ്യ പരിഷ്‌കരണ പദ്ധതികൾ. ഉദാഹരണമായി ജാതിവ്യവസ്ഥയുണ്ടാക്കിയ സാമൂഹ്യ ഉച്ചനീചത്വങ്ങൾ എന്ന ഭൗതിക യാഥാർഥ്യം നേരിടുവാൻ പല വഴികളിൽ ഒന്ന് എന്ന നിലയിൽ, അംബേദ്കർ സംവരണത്തെ കുറിച്ച് ചിന്തിക്കുമ്പോൾ അതിൽ ഫോഴ്സിഫൈയബിലിറ്റി എങ്ങനെ അപ്ലൈ ചെയ്യാൻ പറ്റുമായിരുന്നു? നാരായണ ഗുരു ബ്രാഹ്​മണിക് ഹെഗിമണിയെ നേരിടാൻ അതിന്റെ തന്നെ ബിംബങ്ങളെ ഉപയോഗിക്കേണ്ടതുണ്ട് എന്ന് വിഭാവനം ചെയ്തു. സംസ്‌കൃതം പഠിച്ച്, കുടുംബത്തെ ഉപേക്ഷിച്ച്, വെള്ളയുടുത്ത സന്യാസിയായി, വിഗ്രഹപ്രതിഷ്ഠ നടത്തി. പിന്നീട് ഇനി അമ്പലങ്ങളല്ല, പള്ളികൂടങ്ങൾ പണിയണം എന്ന് അത് തിരുത്തി. ഇത്തരം ദാർശനിക പദ്ധതികളിൽ ഫോഴ്സിഫൈയബിലിറ്റിക്ക് പ്രയോഗസാധ്യതയുണ്ടോ? ഇവിടെയൊക്കെയും ഒരു ദാർശനിക പദ്ധതിക്കും അത് ധനാത്മകമായി പരിണമിക്കും എന്ന പ്രതീക്ഷയ്ക്കും വിശ്വാസത്തിനും ഭൗതികമായി തന്നെ പ്രസക്തിയുണ്ട്.

ശാസ്ത്രസാങ്കേതിക വിദ്യകൾ പ്രത്യയശാസ്ത്രത്തെ നിഷേധിക്കുകയല്ല, അവയെ കൂടുതൽ ശാസ്ത്രിയമാക്കുകയാണ് വേണ്ടത്. എമ്പെരിസിസം തത്വചിന്തയെ നിരാകരിക്കുകയുള്ളൂ, അതിലെ ദർശനങ്ങളെ ശാസ്ത്രീയമായി സമ്പുഷ്ടമാക്കുകയാണ് വേണ്ടത്.

സാമൂഹ്യശാസ്ത്രങ്ങൾ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒന്നും സയൻസ് അല്ല എന്ന് വേണമെങ്കിൽ പറയാം. പക്ഷെ, അപ്പോഴും അവയുടെ ഭൗതികമായ ആവശ്യകത എഴുതിത്തള്ളാനാവില്ല. അതായത്, ശാസ്ത്രസാങ്കേതിക വിദ്യകൾ പ്രത്യയശാസ്ത്രത്തെ നിഷേധിക്കുകയല്ല, അവയെ കൂടുതൽ ശാസ്ത്രിയമാക്കുകയാണ് വേണ്ടത്. എമ്പെരിസിസം തത്വചിന്തയെ നിരാകരിക്കുകയുള്ളൂ, അതിലെ ദർശനങ്ങളെ ശാസ്ത്രീയമായി സമ്പുഷ്ടമാക്കുകയാണ് വേണ്ടത്. രേഖീയമായ ഉൾക്കൊള്ളൽ / നിരാകരണത്തിന്റെ രീതിശാസ്ത്രം എല്ലായിടത്തും ഒരുപോലെ പ്രയോഗിക്കാൻ കഴിയുന്നതല്ല എന്ന് ചുരുക്കം. ഈ ഒരൊറ്റ കാരണം കൊണ്ട് ശാസ്ത്രവും പ്രത്യയശാസ്ത്രവും പരസ്പരം സംഘർഷത്തിൽ ഏർപ്പെടേണ്ട രണ്ടായി മാറേണ്ടതുണ്ടോ?

എന്തുകൊണ്ട് വിശ്വാസം ഉൻമൂലനം ചെയ്യപ്പെടുന്നില്ല?

നമ്മൾ തുടങ്ങിയ ഇടത്തേക്കുതന്നെ മടങ്ങിവന്നാൽ ശാസ്ത്രത്തിലും സാങ്കേതികവിദ്യയിലും കൈവരിക്കാനായ വൻ കുതിച്ചുകയറ്റങ്ങൾക്കുപോലും വിശ്വാസം അപ്രസക്തമാക്കുന്ന ഒരു ഭൗതികാവസ്ഥ സാർവത്രികമായി സൃഷ്ടിക്കാനായിട്ടില്ല എന്നതാണ്, എന്തുകൊണ്ട് വിശ്വാസം ഇനിയും ഇല്ലാതാക്കില്ല എന്ന ചോദ്യത്തിന്റെ ഉത്തരം. സോഫ്റ്റ് സയൻസ് എന്ന് വേണമെങ്കിൽ വിളിക്കാവുന്ന രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളുടെ നമ്മൾ അനുഭവിച്ച ചരിത്രത്തിൽ ഉന്മൂലന സിദ്ധാന്തം വരെയുള്ളവയുണ്ട്. അവയിൽ വിശ്വസിച്ചവരായിരുന്നു അത് പ്രാവർത്തികമാക്കിയത്. അവരുടെ വിശ്വാസം തെറ്റായിരുന്നു എന്ന് പിന്നീട് തെളിയിക്കപ്പെട്ടു. എന്നാൽ അതിൽ ആത്യന്തിക ശരികളില്ലെങ്കിലും കാലികമായ ചില ശരികളുണ്ടായിരുന്നില്ലേ?

photo: Kr.sunil

കുടിയാനും അവരുടെ കുടുംബവും തന്റെ സുഖത്തിനായുള്ള ദൈവദത്ത ഉപകരണങ്ങളാണെന്നും അവനെയും അവന്റെ ഭാര്യയെയും കുഞ്ഞുകുട്ടികളെയും തോന്നുംവിധം ഉപയോഗിക്കുക തനിക്കുകിട്ടിയ ദൈവദത്തമായ പ്രിവിലേജ് ആണെന്നും വിശ്വസിച്ചിരുന്ന ഒരു ജന്മിവർഗത്തിനെതിരെ, അവരുടെ ഉൻമൂലനമാണ്​ മോചനമാർഗം എന്ന വിശ്വാസത്തിലർപ്പിച്ച് പ്രവർത്തിച്ചവർ ഇന്ന് ഫോഴ്സിഫൈയബിൾ അതായത് തെറ്റെന്ന് തെളിയിക്കപ്പെട്ടവർ ആണ്. കാരണം, ഉന്മുലന സിദ്ധാന്തം വഴി ചില ജന്മികളെ അല്ലാതെ ജന്മിത്തത്തെ ഉൻമൂലനം ചെയ്യാൻ അവർക്കായില്ല. ചുഷണം ജന്മിത്തം വഴി ക്വാസി മുതലാളിത്തമായും ക്രോണിക് മുതലാളിത്തമായും രൂപാന്തരപ്പെട്ടാണെങ്കിലും ഇപ്പോഴും നിലനിൽക്കുന്നു. അപ്പോൾ, ഉന്മൂലന സിദ്ധാന്തമല്ല മോചനത്തിന്റെ വഴി എന്ന് നമുക്കിപ്പോൾ പറയാം. എന്നാൽ അന്നത്തെ അവസ്ഥയിൽ അവർ എന്തിനെയായിരുന്നു വിശ്വസിക്കേണ്ടിയിരുന്നത്, എന്തായിരുന്നു ചെയ്യേണ്ടിയിരുന്നത് എന്നതിൽ അന്നവർക്ക് എമ്പെരിക്കലായ ഒരു മാർഗ്ഗ നിർദ്ദേശവും ഇല്ലായിരുന്നു. ഇന്നും ചൂഷണമെന്ന ബൃഹദാഖ്യാനത്തെ നേരിടാൻ രാഷ്ട്രിയവും സാമൂഹ്യവുമായ ദാർശനിക പദ്ധതികളെ ഉള്ളൂ എന്നതും ബാക്കിയാവുകയാണ്.

മതവിശ്വാസത്തെ മാത്രമായി എടുത്താലും ഭൗതികസാഹചര്യങ്ങൾ പണ്ട് മാർക്‌സ് അതിന് നൽകിയ നിർവചനത്തിൽ നിന്ന്​ ഒരുപാടൊന്നും മുമ്പോട്ടുപോയിട്ടില്ല. ‘Religion is the sigh of the oppressed creature, the sentiment of a heartless world and the soul of soulless conditions. it is the opium of the people'. എന്നാൽ മതവിശ്വാസം ഉൾപ്പെടെയുള്ള വിശ്വസങ്ങ​ളൊന്നും മാറ്റങ്ങളില്ലാതെ തുടരുന്നവയുമല്ല. മാറുന്ന ലോകത്തിനനുസരിച്ച്, ശാസ്ത്രത്തിനും സാങ്കേതികവിദ്യയ്ക്കും അനുസരിച്ച് വിശ്വസങ്ങളും പരിണാമവിധേയമാക്കുന്നുണ്ട്. പക്ഷെ അതിന്റെ തോതും വേഗതയും, ആ പ്രക്രിയക്കുള്ളിൽ നടക്കുന്ന മാനുഷികമായ പിടച്ചിലുകളും അതിനുപുറത്ത് നിൽക്കുന്നവർക്ക് കാണാനാവുന്നില്ലെന്നുമാത്രം.
വിശ്വാസി സമൂഹം എന്നത് ഒരു ഭൗതികയാഥാർത്ഥ്യമായിരിക്കുന്നിടത്തോളം വിശ്വസത്തെയും അങ്ങനെതന്നെ മനസിലാക്കേണ്ടതുണ്ട്. വൈജ്ഞാനികമായ പരിധികളല്ല, ഭൗതിക യാഥാർത്ഥ്യങ്ങൾ തന്നെയാണ് ഇതിനുപിന്നിൽ പ്രവർത്തിക്കുന്നത് എന്നും. അത് നിലനിൽക്കുന്നിടത്തോളം വിശ്വാസം ഉൻമൂലനം ചെയ്യേണ്ട ഒരു തമോസാന്നിധ്യമല്ല, വിശ്വാസികൾ ജ്ഞാനത്തെ വേട്ടയാടാൻ നടക്കുന്നവരും അല്ല. മതത്തിന്റെ പേരിൽ നടന്ന യുദ്ധങ്ങളും, വിശ്വാസത്തിന്റെ പേരിൽ നടന്ന അക്രങ്ങളും കൊലപാതങ്ങളും നിറഞ്ഞ ചരിത്രം കാണാതെയല്ല. പക്ഷെ, അതിനുപിന്നിൽ പ്രത്യക്ഷവും പരോക്ഷവുമായി വർത്തിച്ചിരുന്ന അധികാര താല്പര്യങ്ങളെ കാണാൻ ശ്രമിക്കാതെ ആ ചരിത്രത്തിന്റെ മുഴുവൻ പാപഭാരവും അതിൽ ഒരു നിർണായാവകാശവും ഇല്ലാത്ത, ദുർബലരിൽ ദുർബലരുടേതായ വിശ്വാസി സമുഹത്തിൽ ആരോപിക്കുന്നത് നീതിയല്ല.

ശാസ്ത്രത്തിലും സാങ്കേതികവിദ്യയിലും കൈവരിക്കാനായ വൻ കുതിച്ചുകയറ്റങ്ങൾക്കുപോലും വിശ്വാസം അപ്രസക്തമാക്കുന്ന ഒരു ഭൗതികാവസ്ഥ സാർവത്രികമായി സൃഷ്ടിക്കാനായിട്ടില്ല എന്നതാണ്, എന്തുകൊണ്ട് വിശ്വാസം ഇനിയും ഇല്ലാതാക്കില്ല എന്ന ചോദ്യത്തിന്റെ ഉത്തരം.

ചൂഷണത്തിന്റെയും അടക്കിനിർത്തലിന്റെയും പല ഉപകരണങ്ങളിലൊ ഒന്നായി വിശ്വസത്തെയും ഉപയോഗിച്ചിരുന്ന രാഷ്ട്രീയ, പൗരോഹിത്യ അധികാരത്തിന്റെ ഇരകൾ മാത്രമാണവർ. അവരെ സംബന്ധിച്ച്​ ഉണ്ടോ ഇല്ലയോ എന്നതല്ല, തങ്ങളുടെ നിസ്സഹായതകളിൽ കൈത്താങ്ങായി ദൈവം പോലെ ഒരു അതീന്ദ്രിയ ശക്തി ഉണ്ടാവേണ്ടതുണ്ട് എന്നതാണ് പ്രസക്തം. അത് പ്രസക്തമായിരിക്കുന്നിടത്തോളം വിശ്വാസം മനുഷ്യന്റെ അതിജീവനചരിത്രത്തിലുടനീളം അതിന്റെ ദൃഷ്ടാന്തങ്ങളെ തിരഞ്ഞുകൊണ്ടേയിരിക്കും എന്നുതോന്നുന്നു. ▮

Comments