ഒരേ ആകാശം പങ്കിടുന്ന വ്യത്യസ്ത ദേശങ്ങൾ

"യുദ്ധങ്ങളും ശത്രുതയും അകറ്റി നിർത്തലുകളും സമ്മാനിച്ച വെറുപ്പിന്റെ തീരാ മുറിവുകൾ ഉണക്കട്ടെ ഓരോ ദുരിത കാലവും! അതിർത്തികളടക്കാനും, യുദ്ധം നടത്താനും, വെറുപ്പ് വിതറാനും, അയിത്തം കാണിക്കാനുമല്ല സോഷ്യൽ ഡിസ്റ്റൻസിങ്ങിന്റെ കാലത്ത് മനുഷ്യൻ പഠിക്കേണ്ടത് ഹൃദയങ്ങളെ കൂട്ടിപ്പിടിക്കാനാണ്"- നസീ മേലേതിൽ എഴുതുന്നു

പുതുവർഷ അവധിയാലസ്യങ്ങൾ കഴിഞ്ഞു ജപ്പാനിൽ തിരിച്ചെത്തിയത് ജനുവരി പകുതിയോടെയായിരുന്നു. ജോലിത്തിരക്കുകളുടെ ആദ്യയാഴ്ച്ച കഴിഞ്ഞാണ് ചൈനയിൽ പടർന്നു പിടിച്ച ഒരു മഹാമാരിയെ കുറിച്ചു കേട്ടത്. ജനുവരി 23-ന് വൈകുന്നേരമാണ് പ്രിയപ്പെട്ടൊരു ചൈനീസ് കൂട്ടുകാരി കോഫീ കഴിക്കാൻ ക്ഷണിച്ചത്. അകലെ കണ്ണാടി ജാലകങ്ങളുടെ കോൺക്രീറ്റ് കാട്ടിലേക്ക് നോക്കി , പതുങ്ങിയ ശബ്ദത്തിൽ പറഞ്ഞു- "നസീ, ഞാൻ ഇന്ന് രാത്രി ഫ്‌ലൈറ്റിൽ നാട്ടിൽ പോകുന്നു, ചൈനീസ് പുതുവത്സരം കഴിഞ്ഞു കാണാം ' - ആദ്യമായൊരു വിദേശ രാജ്യത്ത് ഒറ്റയ്ക്ക് വന്നു ഒരു കൊല്ലത്തിനു ശേഷം അവധിയ്ക്ക് പോകുന്ന എല്ലാ സന്തോഷവും അവളുടെ ഇളം മുഖത്തുണ്ടായിരുന്നു. കണ്ണുകളിൽ നിറഞ്ഞ സന്തോഷം! ആദ്യമായി കേരളത്തിലേക്ക് അവധിക്കു പോന്നപ്പോൾ, ലാൻഡ് ചെയ്യുന്നതിന് തൊട്ടു മുന്നേ താഴെ നാട്ടു പച്ചപ്പ് കണ്ടു കണ്ണ് നിറഞ്ഞ പണ്ടത്തെ എന്നെ വെറുതെ ഓർത്തു.

മൂന്നു ദിവസം കഴിഞ്ഞു തിങ്കളാഴ്ച്ച കണ്ടപ്പോൾ പിറകെ ഓടി വന്നു കർശനനിയന്ത്രണത്തിലായ അവളുടെ ഗ്രാമത്തെ കുറിച്ചും വീട്ടു തടങ്കലിലായ വൃദ്ധരായ മാതാപിതാക്കളെ കുറിച്ചും, വീട്ടിൽ ഭക്ഷണ സാധനങ്ങൾ തീർന്നതിനെ കുറിച്ചും പറഞ്ഞവൾ വിഷണ്ണയായി.

നാട്ടിലെ പ്രിയപ്പെട്ടവർക്കായി വാങ്ങിയ സമ്മാനപ്പൊതികളെ കുറിച്ച് പറയുകയായിരുന്നു അവൾ . മാനേജീരിയൽ ജോലിയുടെ ആദ്യ പാഠമായി പണ്ടേ പഠിച്ച "ആരുടേയും വ്യക്തിപരമായ കാര്യങ്ങളിൽ വെറുതെ ഇടപെടരുത് ' എന്ന തത്വം ഒരു മാത്ര മറന്ന് "ഇന്ന് തന്നെ പോകണോ , ടിക്കറ്റ് മാറ്റാൻ വല്ല സാധ്യതയും ഉണ്ടോ ' എന്ന ചോദ്യത്തിന് മുന്നിൽ പകച്ചൊരു നോട്ടം മാത്രമായിരുന്നു മറുപടി. പിന്നെ ഇടറിയ ശബ്ദത്തിൽ പൊന്നും വില കൊടുത്ത് വാങ്ങിയ ടിക്കറ്റിനെ കുറിച്ച് പറഞ്ഞു. കൂടുതലൊന്നും പറയാതെ ഞാൻ വാക്കുകൾ വിഴുങ്ങി തിരിച്ചു നടന്നു.

പിന്നെയും മൂന്നു ദിവസം കഴിഞ്ഞു തിങ്കളാഴ്ച്ച കണ്ടപ്പോൾ പിറകെ ഓടി വന്നു കർശനനിയന്ത്രണത്തിലായ അവളുടെ ഗ്രാമത്തെ കുറിച്ചും വീട്ടു തടങ്കലിലായ വൃദ്ധരായ മാതാപിതാക്കളെ കുറിച്ചും, വീട്ടിൽ ഭക്ഷണ സാധനങ്ങൾ തീർന്നതിനെ കുറിച്ചും പറഞ്ഞവൾ വിഷണ്ണയായി. ഓരോന്ന് പറഞ്ഞത് അറം പറ്റിയതോർത്ത് മെട്രോ ട്രെയിൻ പാളത്തിലേക്ക് നോക്കി ഞാൻ കുറ്റബോധത്തോടെ നിൽക്കുമ്പോൾ , കണ്ണുകൾ നിറച്ചവൾ, യാത്ര മാറ്റി വെക്കാൻ നിർബന്ധിച്ചതിന് കൈ പിടിച്ചു ഇടറിയ ശബ്ദത്തിൽ നന്ദി പറഞ്ഞ് എതിർ വശത്തു വന്ന ട്രെയിനിൽ കയറിപ്പോയി.

ഇടക്ക് മെസ്സഞ്ചറിൽ നാട്ടിലേക്ക് ഭക്ഷണം ഓർഡർ ചെയ്യാനുള്ള ഓൺലൈൻ സൈറ്റുകളുടെ അന്വേഷണം, പിന്നെയൊരിക്കൽ വി ചാറ്റിൽ കിട്ടിയ വീട്ടിനുള്ളിലിരുക്കുന്ന അവളുടെ അച്ഛനമ്മമാരുടെ ചിത്രം, യന്ത്രമനുഷ്യനെ പോലെ മുഴുവൻ മൂടി വന്ന ഡെലിവറി ബോയ്, റോഡിലൂടെ ഡിസ്ഇൻഫെക്റ്റന്റ് വിതറിപ്പോയ ട്രക്ക്, അവളുടെ മുറ്റത്തു വിരിഞ്ഞ പുതിയ പൂ, അവളുടെ ഗ്രാമത്തിൽ അകാലത്തിൽ മരിച്ചു പോയ പ്രിയപ്പെട്ടവർ, ഒക്കെ അറിയിക്കുന്നുണ്ടായിരുന്നു. മിക്കപ്പോഴും മറുപടിയില്ലാതെ ചങ്കിൽ അസ്ത്രം തറച്ച പോലെ ഞാൻ കേട്ട് നിന്നു. ജനുവരി 29 ന് വുഹാനിൽ നിന്ന് 206 പൗരന്മാരെ ജപ്പാൻ തിരിച്ചു കൊണ്ട് വന്നതിൽ 12 പേര് വൈറസ് ബാധിതരായിരുന്നു.

ജപ്പാൻ ചൈനയിലേക്ക് സംഭാവന ചെയ്ത

മാസ്‌കുകളുടെ പെട്ടിയിൽ കുറിച്ചിട്ട വാക്കുകൾ

പിന്നീടൊരിക്കൽ ഫെബ്രുവരിയിൽ വീണ്ടുംകണ്ടപ്പോൾ ചൈനീസ് ട്വിറ്ററായ

വെബ്ലിയോയിൽ വൈറലായ ഒരു പോസ്റ്റ് കാണിച്ചു തന്നു. കാഞ്ചി എന്ന ലിപിയിലെ അക്ഷരങ്ങൾ നോക്കി ഗണിച്ചെടുക്കാൻ നോക്കുമ്പോൾ അവളത് വിവരിച്ചു തന്നു. ഡൊമസ്റ്റിക് കേസുകൾ കൂടി വരുമ്പോഴും ജപ്പാൻ ചൈനയിലേക്ക് സംഭാവന ചെയ്ത മാസ്‌കുകളുടെ പെട്ടിയിൽ കുറിച്ചിട്ട വാക്കുകളായിരുന്നു അത് . 山川异域 风月同天 - അഥവാ

"ഒരേ ആകാശക്കീഴിലെ കാറ്റും നിലാവും പങ്കിടുന്ന നദികളും മലകളും വേർതിരിച്ച വ്യത്യസ്ത ദേശങ്ങൾ നമ്മൾ '. ശിഥില ബന്ധങ്ങളുടെ, അതിർത്തി കലഹങ്ങളുടെ, യുദ്ധ കലഹങ്ങളുടെ കയ്പ്പു വീണ ജാപ്പനീസ് ചൈനീസ് ബന്ധ ചരിത്രങ്ങൾക്കിടയിൽ , കെട്ട മഹാമാരിക്കാലത്ത് ചൈനക്കാർ ആഘോഷിച്ച, പ്രകീർത്തിച്ച ഒരു വാർത്തയായിരുന്നു അത്. 1300 വർഷങ്ങൾക്കു മുമ്പൊരു ജാപ്പനീസ് രാജകുമാരൻ ചൈനീസ് പുരോഹിതനയച്ച ഈ ചൈനീസ് കവിതാ ശകലം വായിച്ചാണത്രെ അദ്ദേഹം ജപ്പാനിൽ വരാൻ തീരുമാനിച്ചതും പിന്നീട് സമൂഹങ്ങൾ അടുത്തതും ജപ്പാനിൽ ബുദ്ധമതം പ്രചാരത്തിൽ വന്നതും.

പ്രസവാവധിയിലായിരുന്ന പ്രിയപ്പെട്ട ഒരു ചൈനീസ് വംശജയായ കൂട്ടുകാരി അവളുടെ മൂന്നു മാസം പ്രായമായ കുട്ടിയെ വീട്ടിലിട്ട് ലോകമെമ്പാടുമുള്ള നിരവധി ആരോഗ്യ പ്രവർത്തകർക്കൊപ്പം അമേരിക്കയിലെ കോവിഡ് വാർഡിൽ ഡ്യൂട്ടിയിലുമുണ്ടായിരുന്നു.

മാർച്ച് ആദ്യമായതോടെ ജപ്പാനിലും വൈറസ് പകർച്ച പതിയെ കൂടി വരികയും സ്‌കൂളുകൾ അടക്കുകയും, ജോലി വീട്ടിലിരുന്നു ചെയ്യാനാരംഭിക്കുകയും ചെയ്തു. WHO-യിലും വാർത്തകളിലും ലോകമെമ്പാടുമുള്ള രാജ്യങ്ങളിലെ വൈറസ് ബാധ സ്ഥിതിവിവര കണക്കുകളും, ഇന്ത്യയിലെ- കേരളത്തിലെ ലോക്ക്ഡൗണും, ഇറ്റലിയിലെയും , സ്‌പെയിനിലെയും, ഗൾഫ് രാജ്യങ്ങളിലെയും, പാരിസിലേയും, അമേരിക്കയിലെയും ഭീതി ജനകമായ വാർത്തകൾ, മരണങ്ങൾ കണ്ടാശങ്കപ്പെട്ട്, മാസങ്ങളാണ് കടന്നു പോയത്. പല ഭൂഖണ്ഡങ്ങളിൽപെട്ട പ്രിയപ്പെട്ടവരെയോർത്ത്, വിശ്വസിക്കാൻ പറ്റാത്ത അവസ്ഥകൾ കണ്ട്, മരവിച്ചു പോയ മനസ്സുമായി പകച്ചിരുന്ന ദിവസങ്ങളുമുണ്ടായിട്ടുണ്ട്.

മാസ്‌കിനു ചെറുതായി ക്ഷാമം നേരിടുന്ന ജപ്പാനിൽ ഈ കഴിഞ്ഞ മാസങ്ങളിൽ കണ്ട ചില വാർത്തകളിൽ "ഹൃദയം നിറഞ്ഞ നന്ദി ' എന്നെഴുതിയ ബോക്‌സും പിടിച്ച് മാസ്‌ക് വിതരണം ചെയ്ത മുഖം മൂടിയിട്ട വുഹാൻകാരിയായ ഒരു പെൺകുട്ടിയുണ്ട്, ജപ്പാൻ അങ്ങോട്ട് കൊടുത്തിതിന്റെ ഇരട്ടിയായി തിരിച്ചു നൽകിയ ലോക്കൽ ചൈനീസ് തദ്ദേശീയ സ്ഥാപനങ്ങളുണ്ട്. പ്രസവാവധിയിലായിരുന്ന പ്രിയപ്പെട്ട ഒരു ചൈനീസ് വംശജയായ കൂട്ടുകാരി അവളുടെ മൂന്നു മാസം പ്രായമായ കുട്ടിയെ വീട്ടിലിട്ട് ലോകമെമ്പാടുമുള്ള നിരവധി ആരോഗ്യ പ്രവർത്തകർക്കൊപ്പം അമേരിക്കയിലെ കോവിഡ് വാർഡിൽ ഡ്യൂട്ടിയിലുമുണ്ടായിരുന്നു.

ചുറ്റു പാടും നിറയെ സാകുറ എന്നറിയപ്പെടുന്ന പ്രതീക്ഷയുടെ ചെറിപൂക്കൾ വിരിഞ്ഞു. വസന്തത്തിൽ ഓർക്കാപ്പുറത്തൊരു മഞ്ഞു പെയ്തത് ഇളം പിങ്ക് പൂക്കളിൽ തങ്ങി നിന്നു. ഇല കൊഴിഞ്ഞ മരങ്ങളിൽ തളിരിലകൾ വന്നു, മാനം മൂടി, മഴ പെയ്തു, ഇടക്കൊരു മഴവില്ലും വന്നു. രോഗവ്യാപനവും മരണങ്ങളും ഇനിയെന്ന് നാടു കാണുമെന്ന ചിന്തകളും ഭീതിപ്പെടുത്തി.

ഇടയ്ക്കിടെ വാർത്തകളിൽ നിറഞ്ഞ കോൺസ്പിരസി തിയറികളെ കുറിച്ചും , ജൈവ യുദ്ധങ്ങളെക്കുറിച്ചുമല്ല ഞാനോർത്തത്. മറിച്ച് ജ്യുവിഷ് കുട്ടിയെ ദത്തെടുത്ത ഫ്രാങ്ക് ഫർട്ടിലെ എന്റെ മുൻ സഹപ്രവർത്തകനെ കുറിച്ചും, പാകിസ്ഥാനി ചെറുക്കനെ പ്രണയിച്ചു സ്വന്തമാക്കിയ കൂർഗി പെൺകുട്ടിയെ കുറിച്ചും, ഹിരോഷിമ ബ്രാഞ്ചിൽ ജോലി ചോദിച്ചു വാങ്ങി വാരാന്ത്യങ്ങളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന അമേരിക്കൻ കൂട്ടുകാരനെ കുറിച്ചും, കൽക്കട്ടയിൽ പോയി മദർ തെരേസയുടെ ചാരിറ്റിയിൽ ആറു മാസം പാവങ്ങളെ സേവിച്ച ചൈനക്കാരനായ സഹപ്രവർത്തകനെ കുറിച്ചും, രണ്ടാം ലോക മഹായുദ്ധ കാലത്തെ കൊടും ക്രൂരതക്കഥകൾക്കുമിപ്പുറം സംസ്‌കാരവും ഭക്ഷണവും ഇഷ്ടപ്പെട്ട് വർഷങ്ങളായി ജപ്പാനിൽ ജീവിക്കുന്ന ചൈനക്കാരെ, കൊറിയക്കാരെക്കുറിച്ചും, ചൈനയിൽ, ഇറ്റലിയിൽ, ഫ്രാൻസിൽ, അറേബ്യയിൽ, ആഫ്രിക്കയിൽ ഒക്കെ കണ്ട നല്ല മനുഷ്യരെക്കുറിച്ചുമാണ്. ഒരിക്കൽ വൈകി ഷാങ്ഹായിൽ നിന്നും ബെയ്ജിങ്ങിലേക്കുള്ള ബുള്ളറ്റ് ട്രെയിൻ യാത്രയിൽ വിശന്നിരിക്കുമ്പോൾ അടുത്ത് വന്നിരുന്നു ചിരിച്ച് ഒരു മുളമ്പാത്രത്തിൽ നിറയെ ഡമ്പ്‌ലിങ്‌സ് (ഒരു ചൈനീസ് ഭക്ഷണം ) -മായി ആംഗ്യ ഭാഷയിൽ കഴിക്കാൻ നിർബന്ധിച്ച അപരിചിതരായ ചൈനീസ് കുടുംബത്തിന്റെ സ്‌നേഹത്തെ കുറിച്ചുമാണ്.

യുദ്ധങ്ങളും ശത്രുതയും അകറ്റി നിർത്തലുകളും സമ്മാനിച്ച വെറുപ്പിന്റെ തീരാ മുറിവുകൾ ഉണക്കട്ടെ ഓരോ ദുരിത കാലവും! അതിർത്തികളടക്കാനും, യുദ്ധം നടത്താനും , വെറുപ്പ് വിതറാനും, അയിത്തം കാണിക്കാനുമല്ല സോഷ്യൽ ഡിസ്റ്റൻസിങ്ങിന്റെ കാലത്ത് മനുഷ്യൻ പഠിക്കേണ്ടത് ഹൃദയങ്ങളെ കൂട്ടിപ്പിടിക്കാനാണ്. അല്ലെങ്കിലും നമ്മളൊക്കെ വളരെ കുറച്ചു കാലം മാത്രം ഭൂമിയിൽ വിരുന്നു വന്ന ആകാശക്കീഴിലെ ഒരേ കാറ്റും ഒരേ നിലാവും കൊള്ളുന്ന പല ദേശങ്ങളിൽ ജീവിക്കുന്ന പച്ച മനുഷ്യർ മാത്രമല്ലേ ?

Comments