പുതുനിരീശ്വരവാദികളുടെ നാച്ചുറൽ സെലക്ഷൻ:
സി. രവിചന്ദ്രൻ എന്ന കേസ് സ്റ്റഡി

ജൈവപരിണാമം എന്ന വിഷയത്തിൽ കേരളത്തിലെ നവനാസ്തികർ പ്രചരിപ്പിക്കുന്ന അബദ്ധധാരണകളെയും പ്രതിലോമകരമായ ആശയങ്ങളെയും തുറന്നുകാട്ടുന്നു. സി. രവിചന്ദ്രന്റെ പ്രഭാഷണവും അഭിമുഖങ്ങളുമാണ് ഈ വിമർശനത്തിനാധാരം.

21-ാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിൽ പാശ്ചാത്യ ബൗദ്ധികലോകത്ത് 'അഗ്രസീവാ’യ നാസ്തിക നിലപാടുകളുമായി ഒരു പറ്റം രചയിതാക്കൾ മുന്നോട്ടുവന്നു. സാം ഹാരിസ്, റിച്ചാർഡ് ഡോക്കിൻസ്, ഡാനിയൽ ഡെന്നറ്റ്, ക്രിസ്റ്റഫർ ഹിച്ചൻസ് എന്നിവരാണിവരിൽ പ്രമുഖർ. മതത്തിന്റെയും വിശ്വാസത്തിന്റെയും കടുത്ത വിമർശകർകരായ ഇവർക്ക് ‘പുതിയ നിരീശ്വരവാദികൾ’ അഥവാ ‘നവനാസ്തികർ’ എന്ന ലേബൽ കിട്ടി. അവരുടെ പുസ്തകങ്ങളുടെ ഉള്ളടക്കത്തെയും സ്വാധീനത്തെയും കുറിച്ചുള്ള പത്രവ്യാഖ്യാനങ്ങളിൽ നിന്നാണ് ലേബൽ ഉയർന്നുവന്നത്.

ഇവരോരുത്തരുടെയും പ്രവർത്തനമണ്ഡലങ്ങളും സമീപനരീതികളും വ്യത്യസ്തങ്ങളാണെങ്കിലും മുൻപറഞ്ഞ 'പുതിയ നിരീശ്വരവാദികൾ' പൊതുവായ കുറെ നിലപാടുകളും അനുമാനങ്ങളും പങ്കിടുന്നു. ഇവരുടെ പശ്ചാത്തല സൈദ്ധാന്തിക ചട്ടക്കൂടിൽ തത്വചിന്താപരവും ജ്ഞാനശാസ്ത്രപരവും നൈതികപരവുമായ ഘടകങ്ങളുണ്ടെന്ന് പഠിതാക്കൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഒരു തരത്തിലുള്ള അമാനുഷികമോ ദൈവികമോ ആയ യാഥാർത്ഥ്യമില്ലെന്ന തത്വചിന്താപരമായ കേന്ദ്രതത്വം പുതിയതല്ല. പക്ഷേ സ്വന്തം നിലപാടിനെ തത്വചിന്താപരമെന്നോ മെറ്റാഫിസിക്കൽ എന്ന നിലയിലോ അല്ല, നേരെമറിച്ച് ഭൗതിക യാഥാർത്ഥ്യം എന്ന നിലയിലാണ് നവനാസ്തികവാദികൾ കാണുന്നത്. മതവിശ്വാസം യുക്തിരഹിതമാണെന്ന അവരുടെ പൊതുവായ നിലപാടാണ് ജ്ഞാനശാസ്ത്രപരമായ ഘടകം.

റിച്ചാർഡ് ഡോക്കിൻസ്, ഡാനിയൽ ഡെന്നെറ്റ്, സാം ഹാരിസ്, ക്രിസ്റ്റഫർ ഹിച്ചൻസ്. പാശ്ചാത്യ ബൗദ്ധികലോകത്ത്  'അഗ്രസീവാ’യ നാസ്തിക നിലപാടുകളുള്ള രചയിതാക്കളാണിവർ.
റിച്ചാർഡ് ഡോക്കിൻസ്, ഡാനിയൽ ഡെന്നെറ്റ്, സാം ഹാരിസ്, ക്രിസ്റ്റഫർ ഹിച്ചൻസ്. പാശ്ചാത്യ ബൗദ്ധികലോകത്ത് 'അഗ്രസീവാ’യ നാസ്തിക നിലപാടുകളുള്ള രചയിതാക്കളാണിവർ.

ദൈവവിശ്വാസത്തെക്കുറിച്ചുള്ള വിമർശനങ്ങളിലും വിശ്വാസത്തിന്റെ ഉത്ഭവത്തെയും പരിണാമത്തെയും കുറിച്ചുള്ള അവരുടെ വിശദീകരണങ്ങളിലും സയൻസ് ഗണ്യമായി പ്രയോഗിക്കുന്നു. മതത്തിനെ സയൻസുപയോഗിച്ച് നിഷ്കാസിതമാക്കാം എന്നവർ കരുതുന്നു. ലോകത്തെക്കുറിച്ചുള്ള യഥാർത്ഥ അറിവിനുള്ള ഏക (അല്ലെങ്കിൽ ഏറ്റവും മികച്ച) വഴി 'എമ്പിരിക്കൽ സയൻസ്' മാത്രമാണെന്നത് അവരുടെ പ്രധാന തത്വമാണ്. മതപരമായ വിശ്വാസം ജൈവികപരിണാമത്തിന്റെ ഒരു ഉൽപ്പന്നമായി വിശദീകരിക്കാൻ കഴിയുമെന്നാണ് അവർ അവകാശപ്പെടുന്നത്. മാത്രമല്ല, മതേതരമായ ധാർമികതയുടെയും ശാസ്ത്രീയ കണ്ടുപിടുത്തങ്ങളുടെയും അടിസ്ഥാനത്തിൽ മനുഷ്യർക്ക് സംതൃപ്തമായ ഒരു മതേതരജീവിതം നയിക്കാൻ കഴിയുമെന്ന് അവർ കരുതുന്നു. അതുകൊണ്ട് സാർവത്രികവും വസ്തുനിഷ്ഠവുമായ ഒരു മതേതര ധാർമികത നിലനിൽക്കുന്നു അഥവാ സാദ്ധ്യമാണ് എന്നവർ ഉറപ്പിച്ചുപറയുന്നു. ഈ അനുമാനമാണ് അവരുടെ ചിന്താപദ്ധതിയിൽ കണ്ടെത്താൻ കഴിയുന്ന നൈതിക ഘടകം.

പാശ്ചാത്യ നവനാസ്തികരെ ആശയങ്ങളിലും രീതിയിലും പിൻപറ്റിയും അനുകരിച്ചും കേരളത്തിൽ 'സ്വതന്ത്ര ചിന്തകർ', 'ശാസ്ത്ര പ്രചാരകർ' എന്നൊക്കെ പേരുകളിൽ, വിവിധ രംഗങ്ങളിൽ പ്രവർത്തിക്കുന്നവരുടെ കൂട്ടങ്ങൾ 21ാം നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തിൽ ഉയർന്നുവന്നിട്ടുണ്ട്.

മുൻകാല നിരീശ്വരവാദികളിൽ നിന്ന് ഇക്കൂട്ടരെ വേറിട്ടുനിർത്തുന്നത് ഇതുതന്നെയാവും. മതം, അതിൽതന്നെ മനുഷ്യന് ഹാനികരമാണെന്ന് നിഗമനം ചെയ്യാൻ ഇതുപയോഗിക്കുന്നു. ഒരു 'മോറൽ ഹൈ ഗ്രൗണ്ടിൽ' നവനാസ്തികർ സ്വയം പ്രതിഷ്ഠിക്കുന്നതായി വിമർശകർ ചൂണ്ടിക്കാണിക്കാറുണ്ട്. അതുകൊണ്ടുതന്നെയാവും ഇവർ ധാർമികമായ ഉത്കണ്ഠയാൽ പ്രചോദിതരാകുകയും ആഗോളരംഗത്ത് മതവിശ്വാസങ്ങളുടെ സ്വാധീനത്തെക്കുറിച്ചുള്ള രോഷം പ്രകോപനപരമായി നിരന്തരം പ്രകടിപ്പിക്കുകയും ചെയ്യുന്നതെന്ന് നിരൂപകർ അഭിപ്രായപ്പെടുന്നു. അസാധാരണമാംവിധം 'ഉയർന്ന ആത്മവിശ്വാസത്തോടെ' വിശ്വാസങ്ങളെ മാത്രമല്ല, വിശ്വാസങ്ങളോട് ഏതെങ്കിലും രീതിയിൽ അല്പമെങ്കിലും ഉദാരസമീപനം പുലർത്തുന്നവരെയും ഇവർ രൂക്ഷമായി എതിർക്കുന്നു. പ്രചാരണാത്മകമായ രീതികൾ അവലംബിക്കുന്നു. 'റട്ടറിക്കും പോളമിക്സും' (rhetoric and polemics) മടിയേതുമില്ലാതെ പ്രയോഗിക്കുന്നു. (വാചോടപം, വാഗ്പാടവം, തർക്കബുദ്ധി എന്നൊക്കെ ഏകദേശം തർജ്ജമ ചെയ്യാം). അതുപോലെ നവമാദ്ധ്യമങ്ങളുടെ പ്രചാരണസാദ്ധ്യതകൾ വിരുതോടെ ഉപയോഗിക്കുക ഇവരുടെ രീതിയുടെ അവിഭാജ്യ ഘടകമാണ്. അക്കാദമിക ചർച്ചകളിലെ അതിർവരമ്പുകൾ അവിടെ ബാധകമാവുന്നില്ല. എതിർ നിലപാടുകളോടുള്ള പ്രതികരണങ്ങളിൽ പ്രകോപനപരതയും പരിഹാസപ്രയോഗങ്ങളും ഒക്കെയുണ്ടാകും. പക്ഷേ ഇവരുടെ നിലപാടുകളിലെ വൈരുദ്ധ്യങ്ങളും നൈതികമായ ഇരട്ടത്താപ്പുകളും വിമർശകർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. കഠിന വിമർശനങ്ങൾ പല കോണിൽ നിന്നും ഉയർന്നിട്ടുമുണ്ട്.

ആമുഖമെന്ന നിലയിൽ ഇക്കാര്യങ്ങൾ പറഞ്ഞുകൊണ്ട് തുടങ്ങുന്നുവെന്നേയുള്ളൂ. ലേഖകന്റെ നിലപാടുകൾ വ്യക്തമാക്കാനോ സൈദ്ധാന്തികചർച്ചയിലേക്ക് കടക്കാനോ ഉദ്ദേശിച്ചിട്ടില്ല. കാരണം ഇവിടെ ചർച്ച ചെയ്യാനുദ്ദേശിക്കുന്ന സംഗതി, കുറച്ച് പരിമിതമായ വിഷയം മാത്രമാണ്.

ഒരു കാര്യം കൂടി പറഞ്ഞു കൊണ്ട് വിഷയത്തിലേക്ക് കടക്കാം.

അസാധാരണമാംവിധം 'ഉയർന്ന ആത്മവിശ്വാസത്തോടെ' വിശ്വാസങ്ങളെ മാത്രമല്ല, വിശ്വാസങ്ങളോട് ഏതെങ്കിലും രീതിയിൽ അല്പമെങ്കിലും ഉദാരസമീപനം പുലർത്തുന്നവരെയും നവനാസ്തികർ രൂക്ഷമായി എതിർക്കുന്നു
അസാധാരണമാംവിധം 'ഉയർന്ന ആത്മവിശ്വാസത്തോടെ' വിശ്വാസങ്ങളെ മാത്രമല്ല, വിശ്വാസങ്ങളോട് ഏതെങ്കിലും രീതിയിൽ അല്പമെങ്കിലും ഉദാരസമീപനം പുലർത്തുന്നവരെയും നവനാസ്തികർ രൂക്ഷമായി എതിർക്കുന്നു

പാശ്ചാത്യ നവനാസ്തികരെ ആശയങ്ങളിലും രീതിയിലും പിൻപറ്റിയും അനുകരിച്ചും കേരളത്തിൽ 'സ്വതന്ത്ര ചിന്തകർ', 'ശാസ്ത്ര പ്രചാരകർ' എന്നൊക്കെ പേരുകളിൽ, വിവിധ രംഗങ്ങളിൽ പ്രവർത്തിക്കുന്നവരുടെ കൂട്ടങ്ങൾ 21ാം നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തിൽ ഉയർന്നു വന്നിട്ടുണ്ട്. 'കേരളീയ നവോത്ഥാന' മൂല്യങ്ങൾ സ്വീകരിക്കുന്നവരും മുൻകാല യുക്തിവാദപ്രസ്ഥാനങ്ങളിൽനിന്ന് ഊർജ്ജം ഉൾക്കൊള്ളുന്നവരും ഇതൊക്കെ തള്ളിക്കളയുന്നവരും യുക്തിവാദ- നിരീശ്വര പ്രസ്ഥാനങ്ങളിലുണ്ട്. പക്ഷേ ഇതെല്ലം തള്ളിക്കളയുന്നവരാണ് പ്രബലമായ കൂട്ടമെന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്. പാശ്ചാത്യ നവനാസ്തികത കൃത്യമായി പിൻപറ്റാത്തവരും ഇവരുടെയിടയിലുണ്ടാവാം. ലേഖകന്റെ ഈ നിരീക്ഷണങ്ങൾ അത്ര കൃത്യമായിക്കൊള്ളണമെന്നില്ല. അഭിപ്രായവ്യത്യാസങ്ങൾ പലർക്കുമുണ്ടാകാം. എന്നാൽ നമ്മുടെ ചർച്ചാവിഷയം ഇതുമായി നേരിട്ട് ബന്ധമുള്ളതല്ല.

നാച്ചുറൽ സെലക്ഷൻ അഥവാ
പ്രകൃതി നിർദ്ധാരണം

നാച്ചുറൽ സെലക്ഷൻ അഥവാ പ്രകൃതിനിർദ്ധാരണം എന്ന ശാസ്ത്രീയതത്വത്തെക്കുറിച്ചും പ്രസ്തുത തത്വം കേരളത്തിൽ നവനാസ്തികർ എന്നറിയപ്പെടുന്നവർ ആശയതലത്തിൽ സ്വീകരിക്കുകയും പ്രയോഗിക്കുകയും ചെയ്യുന്ന രീതിയെക്കുറിച്ചുമാണ് ഇവിടെ പ്രതിപാദിക്കുന്നത്.

ജൈവപരിണാമപ്രക്രിയയിലെ സുപ്രധാനമായ ഒരു 'മെക്കാനിസ’മാണ് പ്രകൃതിനിർദ്ധാരണം. ചാൾസ് ഡാർവിനെ പരാമർശിക്കാതെ നമുക്ക് പരിണാമത്തെക്കുറിച്ച് സംസാരിക്കാനാവല്ല. 'ഓൺ ദി ഒറിജിൻ ഓഫ് സ്പീഷീസ് ബൈ മീൻസ് ഓഫ് നാച്ചുറൽ സെലക്ഷൻ' എന്നാണ് ചാൾസ് ഡാർവിന്റെ ജൈവപരിണാമത്തെക്കുറിച്ചുള്ള പ്രശസ്തമായ കൃതിയുടെ തലക്കെട്ട്. ‘പ്രകൃതിനിർദ്ധാരണത്തിലൂടെയുള്ള ജീവിവർഗ്ഗങ്ങളുടെ ഉത്ഭവം’ എന്ന് നമുക്കത് പരാവർത്തനം ചെയ്യാം. പരിണാമത്തെക്കുറിച്ചുള്ള ചില പ്രാഥമിക ധാരണകൾ നേരത്തെ അവതരിപ്പിക്കപ്പെട്ടിരുന്നുവെങ്കിലും ചിട്ടയായും ശാസ്ത്രീയമായും പരിണാമസിദ്ധാന്തം അവതരിപ്പിക്കുന്നതും പ്രക്രിയയുടെ സമഗ്രമായ വിശദീകരണം നൽകുന്നതും 1859-ൽ പ്രസിദ്ധീകരിച്ച ഡാർവിന്റെ കൃതിയിലാണ്. അതിനു മുമ്പേ ഡാർവിൻ- വാലസ് (Alfred Russel Wallace) പ്രബന്ധങ്ങൾ അവതരിപ്പിക്കപ്പെട്ടിരുന്നു. എങ്കിലും വ്യാപകശ്രദ്ധ നേടിയത് ഡാർവിന്റെ ഗ്രന്ഥമാണ്. അതോടെ പ്രകൃതിനിർദ്ധാരണ പ്രക്രിയയുടെ പ്രത്യാഘാതങ്ങൾ കൃത്യമായി സ്പഷ്ടമാക്കപ്പെട്ടു. യഥാർത്ഥത്തിൽ പ്രത്യുൽപാദനത്തിലെ ആപേക്ഷികമേന്മയാണ് പ്രകൃതിനിർദ്ധാരണമായി കാലക്രമത്തിൽ അനുഭവപ്പെടുന്നത്. നിലനിൽക്കുന്ന പരിതസ്ഥിതികളിൽ ഏതെങ്കിലും സ്വഭാവസവിശേഷത അതിജീവനത്തിനും പ്രത്യുല്പാദനത്തിനും അംഗങ്ങൾക്ക് ആപേക്ഷിക മേന്മ നൽകുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്. നിശിതമായ ചില നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലുള്ള അനുമാനങ്ങളിൽനിന്നാണ് പ്രകൃതിനിർദ്ധാരണമെന്ന തത്വത്തിലേക്ക് ഡാർവിനും വാലസും എത്തുന്നത്.
പ്രസ്തുത നിരീക്ഷണങ്ങൾ അഞ്ചെണ്ണമായി ക്രോഡീകരിക്കാം:

പരിണാമത്തെക്കുറിച്ചുള്ള ചില പ്രാഥമിക ധാരണകൾ നേരത്തെ അവതരിപ്പിക്കപ്പെട്ടിരുന്നുവെങ്കിലും ചിട്ടയായും ശാസ്ത്രീയമായും പരിണാമസിദ്ധാന്തം അവതരിപ്പിക്കുന്നതും പ്രക്രിയയുടെ സമഗ്രമായ വിശദീകരണം നൽകുന്നതും 1859-ൽ പ്രസിദ്ധീകരിച്ച ഡാർവിന്റെ കൃതിയിലാണ്.
പരിണാമത്തെക്കുറിച്ചുള്ള ചില പ്രാഥമിക ധാരണകൾ നേരത്തെ അവതരിപ്പിക്കപ്പെട്ടിരുന്നുവെങ്കിലും ചിട്ടയായും ശാസ്ത്രീയമായും പരിണാമസിദ്ധാന്തം അവതരിപ്പിക്കുന്നതും പ്രക്രിയയുടെ സമഗ്രമായ വിശദീകരണം നൽകുന്നതും 1859-ൽ പ്രസിദ്ധീകരിച്ച ഡാർവിന്റെ കൃതിയിലാണ്.

ഒന്ന്: ഒരു ജീവിവർഗ്ഗത്തിന്റെ സഞ്ചയം എക്സ്പൊണൻഷ്യൽ ആയി വർദ്ധിക്കാൻ എല്ലായ്പോഴും സാദ്ധ്യത പേറുന്നു. അതായത്, ഒന്ന് രണ്ടായും രണ്ട് നാലായും നാല് എട്ടായും തലമുറകളിലൂടെ വർദ്ധിക്കാനുളള സാദ്ധ്യത.

രണ്ട്: പക്ഷേ, യഥാർത്ഥത്തിൽ ഒരു ജീവി വർഗ്ഗത്തിന്റെ സംഖ്യ അങ്ങനെ ക്രമാതീതമായി വർദ്ധിക്കുന്നില്ല. നിലനിൽക്കുന്ന സാഹചര്യങ്ങളിൽ എതാണ്ട് സ്ഥിരതയുള്ള നിലയിലേക്ക് ക്രമേണ എത്തുന്നു.

മൂന്ന്: ഒരു ജീവിവർഗ്ഗം നിലനിൽക്കാനും പുഷ്ടിപ്പെടാനുമാവശ്യമായ വിഭവങ്ങൾ മിക്കപ്പോഴും പരിമിതമാണ്.

നാല്: ഒരു ജീവിവർഗ്ഗത്തിന്റെ സഞ്ചയത്തിലെ അംഗങ്ങൾ ഏകരൂപമല്ല. അവ തമ്മിൽ പല സ്വഭാവ സവിശേഷതകളിലും വ്യത്യസ്തകളുണ്ടായിരിക്കും.

അഞ്ച്: സ്വഭാവ സവിശേഷതകൾ പലതും പാരമ്പര്യമായി കൈമാറ്റം ചെയ്യുന്നവയാണ്. അതായത് ജനയിതാക്കളിൽ നിന്ന് സന്തതികളിലേക്ക് കൈമാറുന്നു.

മുൻപറഞ്ഞ നരീക്ഷണങ്ങളെ അടിസ്ഥാനമാക്കി ചില അനുമാനങ്ങളിലെത്താം:

ഒന്ന്: വിഭവപരിമിതിയും മറ്റ് കാരണങ്ങളും മൂലം ഒരു ജീവിവർഗ്ഗത്തിലുണ്ടാകുന്ന എല്ലാ സന്തതികളും നിലനിൽക്കുകയും പ്രത്യുല്പാദനം നടത്തുകയും ചെയ്യുന്നില്ല.

രണ്ട്: ചില അംഗങ്ങളുടെ പാരമ്പര്യസവിശേഷതകൾ അവയ്ക്ക് നിലനിൽക്കാനും പ്രത്യുല്പാദനം നടത്താനും മറ്റുള്ളവയേക്കാൾ കൂടുതൽ പ്രാപ്തി നല്കുന്നു.

മൂന്ന്: നിലനില്പിലും പ്രത്യുല്പാദനത്തിലും അംഗങ്ങൾ തമ്മിലുള്ള വ്യത്യാസം, അടുത്ത തലമുറയിലേക്ക് ചില പാരമ്പര്യസവിശേഷതകൾ കൂടുതലായി കൈമാറാൻ ഇടയാക്കുന്നു. അതായത് അത്തരം സവിശേഷതകളുള്ള അംഗങ്ങളുടെ അനുപാതം വർദ്ധിക്കുന്നു.

ഇത് 'നോൺ- റാൻഡം' ആയ പ്രക്രിയയാണ്. ഒരു തലമുറയിൽനിന്ന് പുതുതലമുറയിലേക്ക് എത്തുമ്പോൾ പ്രയോജനകരമായ സ്വഭാവസവിശേഷതകളുടെ അനുപാതം വർദ്ധിക്കുന്നു. പാരമ്പര്യമായി കൈമാറ്റം ചെയ്യാൻ കഴിയുന്ന സവിശേഷതകളുടെ കാര്യത്തിലേ ഇത്തരം അനുപാത വർദ്ധനവിന് സാദ്ധ്യതയുള്ളൂ എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. തലമുറകൾ കഴിയുമ്പോൾ ഈ അനുപാതം ക്രമേണ വർദ്ധിച്ചു വരുന്നു. തൽഫലമായി തുടക്കത്തിൽ വളരെ കുറച്ച് അംഗങ്ങളിൽ മാത്രമുണ്ടായിരുന്ന സവിശേഷത തലമുറകൾ കഴിയുമ്പോൾ സഞ്ചയത്തിന്റെ പൊതു സവിശേഷതയായി അല്ലെങ്കിൽ മഹാ ഭൂരിപക്ഷത്തിന്റെയും സവിശേഷതയായി മാറുന്നു. പ്രകൃതിനിർദ്ധാരണത്തിലൂടെയുള്ള ജൈവ പരിണാമത്തെ മേൽപറഞ്ഞപോലെ ചുരുക്കി വിവരിക്കാം.

ഒരു തലമുറയിൽനിന്ന് പുതുതലമുറയിലേക്ക് എത്തുമ്പോൾ പ്രയോജനകരമായ  സ്വഭാവസവിശേഷതകളുടെ അനുപാതം വർദ്ധിക്കുന്നു
ഒരു തലമുറയിൽനിന്ന് പുതുതലമുറയിലേക്ക് എത്തുമ്പോൾ പ്രയോജനകരമായ സ്വഭാവസവിശേഷതകളുടെ അനുപാതം വർദ്ധിക്കുന്നു

ചില കാര്യങ്ങൾ പക്ഷേ കുറേക്കൂടി വ്യക്തമാക്കേണ്ടതുണ്ട്.

എങ്ങനെയാണ് ഒരു ജീവിവർഗ്ഗത്തിലെ അംഗങ്ങൾ തമ്മിൽ സ്വഭാവസവിശേഷതകളിൽ വ്യത്യസ്തകളുണ്ടാകുന്നതെന്നോ എങ്ങനെയാണ് സവിശേഷതകൾ തലമുറകളിലേക്ക് കൈമാറ്റം ചെയ്യുന്നതെന്നോ ഡാർവിന്റെ കാലത്ത് ശരിയായ ധാരണയുണ്ടായിരുന്നില്ല. അദ്ദേഹം പുലർത്തിയിരുന്ന ധാരണകൾ അബദ്ധവുമായിരുന്നു. ജനിതകവിജ്ഞാനത്തിന് അടിത്തറയിട്ട മെൻഡലിന്റെ കണ്ടെത്തലുകൾ അക്കാലത്തുണ്ടായെങ്കിലും ഡാർവിൻ അതെക്കുറിച്ച് മനസ്സിലാക്കിയിരുന്നില്ല. ഡി എൻ എ തന്മാത്രകളിലൂടെ പാരമ്പര്യസ്വഭാവം കൈമാറുന്നതൊക്കെ ഇന്ന് വ്യക്തമാണ്. വ്യത്യസ്തതകൾക്ക് കാരണം ജനിതക വ്യതിയാനങ്ങളാണെന്നും അറിയാം. ഡി എൻ എ തന്മാത്രകളിലുണ്ടാകുന്ന 'റാൻഡം മ്യൂട്ടേഷൻസ്' ആണ് ജനിതക വ്യതിയാനം. പ്രത്യേക ലക്ഷ്യമോ ദിശയോ ഇല്ലാത്ത മാറ്റങ്ങൾ. അവയിൽ നല്ല പങ്കും നിലനില്പിനോ പ്രത്യുല്പാദനത്തിനോ സഹായകരമാവില്ലെന്നുമാത്രമല്ല, ഹാനികരവുമാവും. പ്രകൃതിനിർദ്ധാരണം മൂലം ക്രമേണ അവയുടെ അനുപാതം തുലോം കുറയുകയോ ഇല്ലാതാവുകയോ ചെയ്യുന്നു. ചില മാറ്റങ്ങൾ ജീവിയുടെ നിലനില്പിനോ പ്രത്യുല്പാദനത്തിനോ കാര്യമായ ഹാനിയോ പ്രയോജനമോ ചെയ്യുന്നവയാവില്ല. പരിണാമത്തിൽ അവയ്ക്ക് വലിയ പങ്കില്ല. ചുരുക്കം ചിലത് നിലവിലുള്ള പരിതസ്ഥിതികളിൽ നിലനിൽക്കാനും പ്രത്യുല്പാദനം നടത്താനും സഹായകരമാവും. അവ കൂടുതലായി അടുത്ത തലമുറയിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നു. അങ്ങനെ അവയുടെ അനുപാതം വർദ്ധിച്ചുവരുന്നു.

നാച്ചുറൽ സെലക്ഷൻ എന്നത് ഒരു പ്രക്രിയയാണ്. വെറുമൊരു ആകസ്മിക സംഭവമോ അപകടമോ ആയി ചിത്രീകരിക്കാനാവില്ല. തികച്ചും ആകസ്മികമായി നടക്കുന്ന 'റാൻഡം' ആയ ഒരു കാര്യമല്ല നാച്ചുറൽ സെലക്ഷൻ. ഈ വസ്തുതകളെ നിഷേധിക്കുന്ന കഥകളാണ് സി. രവിചന്ദ്രൻ നിരത്തുന്നത്.

ജനിതക വ്യതിയാനങ്ങളുണ്ടാകുന്നത് 'റാൻഡം' ആയാണ്. പ്രത്യേക ദിശയോ ലക്ഷ്യമോ ഇല്ല. തന്മാത്രാതലത്തിൽ ഡി എൻ എയിലാണ് ഇത് സംഭവിക്കുന്നത്. വ്യതിയാനങ്ങളിൽ നിന്നുളവാകുന്ന സവിശേഷതകൾ പ്രതിഫലിക്കുന്നത് അംഗങ്ങളുടെ അഥവാ വ്യക്തികളുടെ തലത്തിലാണ്. നാച്ചുറൽ സെലക്ഷൻ നടക്കുന്നതും വ്യക്തികളുടെ തലത്തിലാണ്. എന്നാൽ സെലക്ഷൻ പ്രക്രിയ 'നോൺ റാൻഡം' ആണ്. നിലവിലുള്ള പരിതസ്ഥിതികളോട് 'അഡാപ്റ്റ്' ചെയ്യാൻ സഹായിക്കുന്ന സവിശേഷതകളാണ് സെലക്ട് ചെയ്യപ്പെടുന്നത്. തീർത്തും ആകസ്മികമായ 'ഭാഗ്യ' സംഭവമല്ല സെലക്ഷൻ. തൽഫലമായുണ്ടാകുന്ന പരിണാമം നടക്കുന്നത് സ്പീഷിസിന്റെ തലത്തിലോ പോപ്പുലേഷന്റെ അഥവാ സഞ്ചയത്തിന്റെ തലത്തിലോ ആണ്. സെലക്ഷന് കാരണമാവുന്ന പരിതസ്ഥിതിയിലെ ഘടകങ്ങളെ 'സെലക്ഷൻ പ്രഷർ' എന്ന് പറയും. അത് വിഭവങ്ങളുടെ പരിമിതി മാത്രമാവില്ല. ഇരപിടിയന്മാരുടെയും രോഗകാരികളുടെയും സാന്നിദ്ധ്യം, ഭൗതിക പരിതസ്ഥിതിയിലുണ്ടാകുന്ന മാറ്റങ്ങൾ തുടങ്ങിയ പലതുമാകാം.

ജനിതക വ്യതിയാനങ്ങളുണ്ടാകുന്നത് 'റാൻഡം' ആയാണ്. പ്രത്യേക ദിശയോ ലക്ഷ്യമോ ഇല്ല. തന്മാത്രാതലത്തിൽ ഡി എൻ എയിലാണ് ഇത് സംഭവിക്കുന്നത്.   Photo : unsplash.com
ജനിതക വ്യതിയാനങ്ങളുണ്ടാകുന്നത് 'റാൻഡം' ആയാണ്. പ്രത്യേക ദിശയോ ലക്ഷ്യമോ ഇല്ല. തന്മാത്രാതലത്തിൽ ഡി എൻ എയിലാണ് ഇത് സംഭവിക്കുന്നത്. Photo : unsplash.com

ഒരു ഉദാഹരണം നൽകുന്നത് ഉചിതമാകുമെന്ന് കരുതുന്നു.
തുറസ്സായ ഒരു പ്രദേശത്തെ ഒച്ചുകളുടെ പോപ്പുലേഷൻ സങ്കല്പിക്കുക. പൊതുവേ ചാരനിറമോ മറ്റോ ആണെന്നുമിരിക്കട്ടെ. ഭൂപ്രദേശത്തിന് തവിട്ടുനിറമാണെന്ന് കരുതുക. ഒച്ചുകളെ ആഹരിക്കുന്ന ഇരപിടിയൻ പക്ഷികളും ഉണ്ടെന്ന് വിചാരിക്കുക. പുതുതലമുറകൾ ഉണ്ടാകുമ്പോൾ ജനിതക വ്യതിയാനങ്ങൾ മൂലം നിറത്തിൽ വൈവിധ്യങ്ങൾ ഉടലെടുക്കുന്നു. ചുരുക്കം ചില ഒച്ചുകൾക്ക് ഭൂപ്രകൃതിയോട് സാമ്യമുള്ള തവിട്ടുനിറം ലഭിക്കുന്നു. കൂട്ടത്തിൽ വേറെയും നിറങ്ങളുള്ളവയുണ്ടാകുന്നു. ഇര പിടിയന്മാർക്ക് തവിട്ടുനിറമുളളവ ഒഴികെ മറ്റുളളവയെ വേഗം തിരിച്ചറിയാനാകുന്നു. അതുകൊണ്ട് തവിട്ടുനിറമുള്ളവ കുറഞ്ഞ തോതിലേ ആഹരിക്കപ്പെടുന്നുള്ളൂ. അടുത്ത തലമുറയിൽ തവിട്ട് നിറമുള്ളവയുടെ അനുപാതം വർദ്ധിക്കുന്നു. ഈ പ്രവണത ആവർത്തിക്കുമ്പോൾ മഹാഭൂരിപക്ഷത്തിന് തവിട്ടുനിറമായി മാറുന്നു. അങ്ങനെ തവിട്ടുനിറം ഒച്ചുകളുടെ പൊതു സവിശേഷതയായി മാറുന്നു. നിറത്തിന്റെ കാര്യത്തിൽ പരിണാമം സംഭവിച്ചു എന്നു പറയാം.

സി. രവിചന്ദ്രൻ സയൻസിന്റെ രീതിയാണ് പിൻതുടരുന്നതെന്ന് അവകാശപ്പെടുന്നുണ്ട്. 'എതിയിസ്റ്റിക് പോയിന്റ് ഓഫ് വ്യൂവിലെ നാച്ചുറൽ സെലക്ഷൻ' എന്നൊക്കെപ്പറയുന്നതിൽ എന്തെങ്കിലും അർത്ഥമുണ്ടെന്ന് തോന്നുന്നില്ല.

ജനറ്റിക് ഡ്രിഫ്റ്റ്

ജൈവപരിണാമത്തെക്കുറിച്ചുള്ള ധാരണകൾ ഡാർവിന്റെ കാലത്തെക്കാൾ വിപുലവും കൃത്യവുമാണെന്ന് സൂചിപ്പിച്ചുവല്ലോ. ജനിതക വ്യതിയാനത്തോടും നാച്ചുറൽ സെലക്ഷനോടുമൊപ്പം മറ്റ് ചില 'മെക്കാനിസങ്ങളും' പരിണാമഗതിയിൽ പ്രാവർത്തികമാകുന്നുണ്ട്. ഭൂമിശാസ്ത്രപരവും പ്രജനനപരവുമായ ഒറ്റപ്പെടൽ, (geographic isolation, reproductive isolation) ജീൻ ഫ്ലോ, ജനറ്റിക് ഡ്രിഫ്റ്റ് തുടങ്ങി പല രീതികളും സംഭാവ്യമാണ്. ജനറ്റിക് ഡ്രിഫ്റ്റിനെക്കുറിച്ച് മാത്രം ഒന്ന് സൂചിപ്പിക്കാം.
ഏതെങ്കിലും ഒരു ജീവിവർഗ്ഗത്തിന്റെ താരതമ്യേന ചെറിയ പോപ്പുലേഷനിലാണ് ഇത് സംഭവിക്കാൻ സാദ്ധ്യത. മുൻപറഞ്ഞ ഉദാഹരണത്തിലെ നിറം എന്ന സവിശേഷതയുടെ കാര്യമെടുക്കാം. ഒരാകസ്മിക സംഭവത്തിലോ അപകടത്തിലോ ഏതെങ്കിലും ഒരു നിറമുള്ള അംഗങ്ങൾ ഇല്ലാതെയാകുകയോ തുലോം കുറയുകയോ ചെയ്തുവെന്ന് കരുതുക. അപ്പോൾ തുടർന്നുവരുന്ന തലമുറകളിൽ അതിന്റെ അനുപാതം വളര കുറയുകയോ ഇല്ലാതെയാകുകയോ ചെയ്യുന്നു. പ്രത്യേക സംഭവമോ അപകടമോ നടക്കണമെന്നുമില്ല. പോപ്പുലേഷനിലെ അംഗസംഖ്യ കുറവാകുമ്പോൾ പ്രജനനത്തിലെ ആകസ്മികതയായി ഇങ്ങനെ സംഭവിക്കാൻ ചെറിയ സാദ്ധ്യതയുണ്ട്. ഇതിനെയാണ് ജനറ്റിക് ഡ്രിഫ്റ്റ് എന്ന് പറയുന്നത്. ആധുനിക ഭാഷയിൽ ഒന്നോ അതിലധികമോ ജീനുകളുടെ പ്രത്യേക പതിപ്പുകൾ ഒരു പോപ്പുലേഷനിൽ ആകസ്മികമായി ഇല്ലാതെയാകുകയോ തുലോം കുറയുകയോ ചെയ്യുന്ന പ്രക്രിയയാണ് ജനറ്റിക് ഡ്രിഫ്റ്റ്‌.

ആധുനിക ഭാഷയിൽ ഒന്നോ അതിലധികമോ ജീനുകളുടെ പ്രത്യേക പതിപ്പുകൾ ഒരു പോപ്പുലേഷനിൽ ആകസ്മികമായി ഇല്ലാതെയാകുകയോ തുലോം കുറയുകയോ ചെയ്യുന്ന പ്രക്രിയയാണ് ജനറ്റിക് ഡ്രിഫ്റ്റ്‌.  / Photo : wikimedia.org
ആധുനിക ഭാഷയിൽ ഒന്നോ അതിലധികമോ ജീനുകളുടെ പ്രത്യേക പതിപ്പുകൾ ഒരു പോപ്പുലേഷനിൽ ആകസ്മികമായി ഇല്ലാതെയാകുകയോ തുലോം കുറയുകയോ ചെയ്യുന്ന പ്രക്രിയയാണ് ജനറ്റിക് ഡ്രിഫ്റ്റ്‌. / Photo : wikimedia.org

നവനാസ്തികരുടെ
ധാരണാപ്പിശകുകൾ

'സ്വതന്ത്ര ചിന്തകനെ’ന്നും ‘ശാസ്ത്ര പ്രചാരകനെ’ന്നും അറിയപ്പെടുന്നയാളാണ് സി. രവിചന്ദ്രൻ. അദ്ദേഹം ഒരു ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നാച്ചുറൽ സെലക്ഷനെക്കുറിച്ച് പരാമർശിച്ചിരുന്നു. അതെക്കുറിച്ചുണ്ടായ ചില വിമർശനങ്ങളോട് പ്രതികരണമെന്ന നിലയിൽ കൂടിയാവണം സുദീർഘമായ പ്രഭാഷണവും പിന്നീട് ഓൺലൈനിൽ തന്നെ നടത്തിയിരുന്നു. ഇവ രണ്ടിലും പ്രകാശിപ്പിച്ച ആശയങ്ങളും വീക്ഷണങ്ങളുമാണ് പരിശോധിക്കുന്നത്. രവിചന്ദ്രൻ ഈ വിഷയത്തിൽ നടത്തിയ വേറെയും പ്രഭാഷണങ്ങളും രചനകളുമുണ്ട്. നവനാസ്തിക ഗ്രൂപ്പുകളോടു ബന്ധപ്പെട്ട് അനുബന്ധ വിഷയങ്ങളിൽ പ്രഭാഷണങ്ങൾ നടത്തുകയും എഴുതുകയും ചെയ്യുന്ന പലരുണ്ട്. അതൊക്കെ പരിശോധിക്കുക എന്ന ഉദ്ദേശ്യമില്ലെന്ന് വ്യക്തമാക്കിക്കൊള്ളട്ടെ.

മേൽപ്പറഞ്ഞ അഭിമുഖത്തിൽ അനുബന്ധമായ ചില വിഷയങ്ങൾക്കിടയിലാണ് നാച്ചുറൽ സെലക്ഷനെക്കുറിച്ച് രവിചന്ദ്രൻ സംസാരിക്കുന്നത്. നാച്ചുറൽ സെലക്ഷൻ എന്താണെന്ന് വ്യക്തമാക്കാൻ ഒരു 'അനലോജി' അഥവാ ദൃഷ്ടാന്തകഥ ഉപയോഗിക്കുന്നു. പെരുമൺ ദുരന്തത്തെ അനുസ്മരിപ്പിക്കുന്ന ഒരു സാങ്കല്പിക കഥ.

തീവണ്ടിയിലെ ഒരു എ സി ബോഗി. ദേശീയ മത്സരത്തിലോ മറ്റോ പങ്കെടുക്കുന്ന വാട്ടർ പോളോ ടീമിലെ അംഗങ്ങളും കൂടാതെ ഒരമ്മയും കുഞ്ഞും മാത്രം ബോഗിയിൽ. തുറക്കാവുന്ന ഒരു ജനാലയൊക്കെയുള്ള എ സി ബോഗിയാണ്. രാത്രി കുഞ്ഞ് കരയുമ്പോൾ കുഞ്ഞിന് ആശ്വാസം നൽകാൻ അമ്മ ജനാലയുടെ അടുത്തെത്തി അത് തുറക്കുന്നു. ട്രെയിൻ പാലത്തിൽ പ്രവേശിക്കുന്നു. പാലം തകരുന്നു. ചില ബോഗികൾ താഴോട്ട് പോകുന്ന വലിയ കുലുക്കത്തിൽ കുട്ടി തെറിച്ചുപോകുന്നു. കൃത്യമായി അല്പം അകലെയുള്ള വൈക്കോൽ കൂനയിൽ തന്നെ വീഴുന്നു. കുഞ്ഞുണ്ടായിരുന്ന എ സി ബോഗിയും പുഴയിലെ വെള്ളത്തിൽ താഴുന്നു. എല്ലാവരും മരിക്കുന്നു. അങ്ങനെ കുട്ടി മാത്രം അപകടത്തിൽ രക്ഷപ്പെടുന്നു. ഇത് നാച്ചുറൽ സെലക്ഷൻ ആണെന്നാണ് രവിചന്ദ്രൻ പറയുന്നത്. ശക്തരല്ല, അതായത് നീന്തൽ വിദഗ്ദ്ധരല്ല അതിജീവിക്കുന്നത്. കുട്ടിയെ രക്ഷിക്കണമെന്നൊരു ലക്ഷ്യം സംഭവഗതികളിൽ കാണാൻ കഴിയില്ല. അതുകൊണ്ട് ഇത് നാച്ചുറൽ സെലക്ഷൻ ആണെന്നാണ് രവിചന്ദ്രൻ പറയാൻ ശ്രമിക്കുന്നത്.

ശക്തർക്ക് ദുർബലരെ കൊന്നുകളായാമെന്ന വാദമെന്ന രീതിയിലാണ് രവിചന്ദ്രൻ സോഷ്യൽ ഡാർവിനിസത്തെ വിശദീകരിക്കുന്നത്.
ശക്തർക്ക് ദുർബലരെ കൊന്നുകളായാമെന്ന വാദമെന്ന രീതിയിലാണ് രവിചന്ദ്രൻ സോഷ്യൽ ഡാർവിനിസത്തെ വിശദീകരിക്കുന്നത്.

പക്ഷേ, ഈ ഉദാഹരണം നാച്ചുറൽ സെലക്ഷനുമായി ഒരു തരത്തിലും ഒത്തുപോകില്ലെന്ന് വളരെ വ്യക്തമാണ്. നാച്ചുറൽ സെലക്ഷൻ എന്നത് ഒരു പ്രക്രിയയാണ്. വെറുമൊരു ആകസ്മിക സംഭവമോ അപകടമോ ആയി ചിത്രീകരിക്കാനാവില്ല. തികച്ചും ആകസ്മികമായി നടക്കുന്ന 'റാൻഡം' ആയ ഒരു കാര്യമല്ല നാച്ചുറൽ സെലക്ഷൻ. നിലവിലെ പരിതസ്ഥിതികളിൽ അതിജീവനത്തിന് മേന്മ നല്കുന്ന, പാരമ്പര്യമായി കൈമാറ്റം ചെയ്യാൻ കഴിയുന്ന സവിശേഷതകളാണ് 'തെരെഞ്ഞെടുക്കപ്പെടുന്നത്'. പരിണാമത്തിനാധാരമായ ജനിതക വ്യതിയാനങ്ങൾ ദിശാരഹിതമായി, 'റാൻഡം' ആയാണ് നടക്കുന്നതെങ്കിലും നാച്ചുറൽ സെലക്ഷൻ അങ്ങനെയല്ല. ഏതാണ് നിലനില്ക്കുന്നത് അല്ലെങ്കിൽ 'തെരെഞ്ഞെടുക്കപ്പെടുന്നത്' എന്നതിൽ പരിതസ്ഥിതികൾക്ക് സുപ്രധാന പങ്കുണ്ട്. അത് നോൺ റാൻഡം ആണ്. നിലനില്പിനും പ്രജനനത്തിനും കൂടുതൽ സഹായകരമാവുന്ന ദിശകളിലേക്കാണ് നാച്ചുറൽ സെലക്ഷൻ വഴി പരിണാമം നീങ്ങുന്നത്.

ഡോക്കിൻസ്, സോഷ്യൽ ഡാർവിനിസത്തെ ശക്തമായി എതിർക്കുന്നയാളാണെന്നും തനിക്കും അതേ നിലപാടാണുള്ളതെന്നും രവിചന്ദ്രൻ അവകാശപ്പെടുന്നുണ്ട്. അത് പക്ഷേ രവിചന്ദ്രന്റെ സാമൂഹ്യവിഷയങ്ങളിലെ നിലപാടുകൾ പരിശോധിച്ച് നിഗമനത്തിലെത്തേണ്ട കാര്യമാണ്.

അത്യത്ഭുതകരമായി രക്ഷപ്പെട്ട കുട്ടി പിന്നീട് 'ഭീമസേനനോ ദുര്യോധനനോ' ആയിക്കൊള്ളട്ടെ, അത് നമുക്ക് ബാധകമല്ല എന്നാണ് രവിചന്ദ്രൻ പറയുന്നത്. നാച്ചുറൽ സെലക്ഷനെക്കുറിച്ചുള്ള അടിസ്ഥാന ധാരണയ്ക്ക് കടകവിരുദ്ധമാണ് ഈ പ്രസ്താവന. നിലനില്പിനും പ്രജനനത്തിനും സഹായകരമാവുന്ന ജനിതക സവിശേഷതകൾ 'തെരെഞ്ഞെടുക്കപ്പെടുന്ന' തുടർപ്രക്രിയയെയാണ് നാച്ചുറൽ സെലക്ഷൻ എന്നുപറയുന്നത്. അത്തരം സവിശേഷതകൾ നാച്ചുറൽ സെലക്ഷന് ബാധകമേയല്ല എന്നാണ് രവിചന്ദ്രൻ പറഞ്ഞു വയ്ക്കുന്നത്.

ഇനി നീന്തൽ വൈദഗ്ദ്ധ്യം എന്നത് ജനിതകമായി കൈമാറ്റം ചെയ്യാൻ കഴിയുന്ന കാര്യമാകണമെന്നുമില്ല. ആർജ്ജിത കഴിവുകൾ അങ്ങനെ അടുത്ത തലമുറയിലേക്ക് കൈമാറുന്നതല്ല. നീന്തലിന് അല്പം കൂടുതൽ അനുയോജ്യമായ പേശീഘടനയുണ്ടാകാൻ സഹായിക്കുന്ന ജനിതക സവിശേഷതയുണ്ടെങ്കിൽ അത് കൈമാറാൻ കഴിയും. വൈദഗ്ദ്ധ്യം പരിശീലനത്തിലൂടെ ആർജ്ജിക്കുന്ന കഴിവാണ്. വെള്ളത്തിൽ പൊടുന്നനെ മുങ്ങുന്ന അടഞ്ഞ വാതിലുകളുള്ള (കുട്ടിക്ക് രക്ഷപ്പെടാൻ പാകത്തിൽ അപ്പോൾ മാത്രം യാദൃച്ഛികമായി തുറന്ന ജനാലയുള്ള) എ സി ബോഗിയിൽ അല്ലെങ്കിൽ തന്നെ നീന്തൽ വൈദഗ്ദ്ധ്യത്തിനെന്ത് പ്രസക്തിയാണുള്ളത്? കേവലം യാദൃച്ഛികമായ ഭാഗ്യനിർഭാഗ്യങ്ങളുടെ കളി എന്നല്ലാതെ മറ്റൊന്നും രവിചന്ദ്രന്റെ തീവണ്ടിയപകടത്തിൽ രക്ഷപ്പെട്ട കുട്ടിയുടെ ഉദാഹരണത്തിൽനിന്ന് അർത്ഥലബ്ധിയുണ്ടാകുന്നില്ല.

ആൽഫ്രഡ് റസ്സൽ വാലസ്  /  Illustration : wsj.com
ആൽഫ്രഡ് റസ്സൽ വാലസ് / Illustration : wsj.com

ഇനി നമുക്ക്, രവിചന്ദ്രൻ പിന്നീട് ഈ വിഷയത്തിൽ നടത്തിയ പ്രഭാഷണത്തിലേക്ക് വരാം. മുൻപറഞ്ഞ അഭിമുഖത്തോട് പല കോണുകളിൽ നിന്നും പ്രതികരണങ്ങളും വിമർശനങ്ങളുമുണ്ടായി എന്നും അവയോടുള്ള പ്രതികരണമെന്ന നിലയിലാണ് ഇപ്പോഴത്തേത് ചെയ്യുന്നതെന്നും പറഞ്ഞുകൊണ്ടാണ് പ്രഭാഷണം ആരംഭിക്കുന്നത്. ഈ വിഷയത്തിൽ പത്ത് വർഷമായി നിരന്തരം പ്രഭാഷണങ്ങൾ നടത്തുകയും ലേഖനങ്ങളും പുസ്തകങ്ങളും എഴുതുകയും ചെയ്തിട്ടുണ്ടെന്നും, തന്നെയുമല്ല മുൻപറഞ്ഞ 'അനലോജി' പലയിടത്തും ഉപയോഗിച്ചിട്ടുണ്ടെന്നും തുടക്കത്തിൽ തന്നെ പറയുന്നുണ്ട്. പക്ഷേ ഒരബദ്ധധാരണയുടെ പഴക്കവും ആവർത്തനവും അതിന് സാധുത നൽകുകയില്ല. 'യുക്തിചിന്ത'യുടെയും 'സ്വതന്ത്രചിന്ത' യുടെയുമൊക്കെ മേഖലകളിൽ പ്രവർത്തിക്കുന്നവരോട് അത് പറയേണ്ട കാര്യമില്ല. ഐൻസ്റ്റീനും ഡാർവിനും ഉൾപ്പടെയുള്ള ശാസ്ത്രജ്ഞരുടെ പല ധാരണകളും തിരുത്തിയാണ് സയൻസ് മുന്നോട്ടുപോയിട്ടുള്ളത്. ഇപ്പോഴും അങ്ങനെ തന്നെയാണ്.

നാസ്തികതയുടെ വീക്ഷണത്തിൽ നിന്നുകൊണ്ടാണ് വിഷയത്തെ സമീപിക്കുന്നതെന്നും തുടക്കത്തിൽ തന്നെ പ്രഭാഷകൻ പറയുന്നുണ്ട്. ഫിസിക്സ് മുതൽ ബയോളജി വരെയുള്ള ശാസ്ത്രവിഷയങ്ങളെ നാച്ചുറൽ സയൻസ് എന്നു പറയാറുണ്ട്. മുമ്പ് നാച്ചുറൽ ഫിലോസഫി എന്നും സയൻസ് അറിയപ്പെട്ടിരുന്നു. പ്രപഞ്ചത്തിലെ പ്രതിഭാസങ്ങളെ വിശദീകരിക്കാൻ പ്രപഞ്ചത്തിന് പുറത്തുനിൽക്കുന്ന അല്ലെങ്കിൽ പ്രപഞ്ചാതീതമായ സങ്കല്പങ്ങളെ കൊണ്ടുവരേണ്ട കാര്യമില്ല എന്നാണ് വിവക്ഷിക്കുന്നത്. അതിന്റെ ആവശ്യമില്ല, അത്രയേയുള്ളൂ. അല്ലാതെ എതിയിസ്റ്റിക്, തിയിസ്റ്റിക്, അഗ്‌നോസ്റ്റിക് വീക്ഷണങ്ങളിലുള്ള വ്യത്യസ്ത സയൻസുകൾ ഇല്ല. ഏത് ശാസ്ത്രസിദ്ധാന്തമാണെങ്കിലും വിശദീകരിക്കുമ്പോഴെല്ലാം നാസ്തികതയ്ക്ക് അനുകൂലമായ തത്വചിന്താപരമായ വാദങ്ങൾ ഉണ്ടാകണമെന്ന ഒരു നിബന്ധനയുമില്ല. അങ്ങനെ സമീപിക്കുന്നത് ശാസ്ത്രീയരീതിയല്ല. പക്ഷേ രവിചന്ദ്രൻ സയൻസിന്റെ രീതിയാണ് പിൻതുടരുന്നതെന്ന് അവകാശപ്പെടുന്നുമുണ്ട്. 'എതിയിസ്റ്റിക് പോയിന്റ് ഓഫ് വ്യൂവിലെ നാച്ചുറൽ സെലക്ഷൻ' എന്നൊക്കെപ്പറയുന്നതിൽ എന്തെങ്കിലും അർത്ഥമുണ്ടെന്ന് തോന്നുന്നില്ല.

നമ്മുടെ പ്രപഞ്ചത്തെപ്പോലെ അനന്തമായ ഇതര പ്രപഞ്ചങ്ങളുണ്ടാകാമെന്ന ചില പരികല്പനകൾ കോസ്മോളജിയിലുണ്ട്.  / Photo: Wikimedia Commons
നമ്മുടെ പ്രപഞ്ചത്തെപ്പോലെ അനന്തമായ ഇതര പ്രപഞ്ചങ്ങളുണ്ടാകാമെന്ന ചില പരികല്പനകൾ കോസ്മോളജിയിലുണ്ട്. / Photo: Wikimedia Commons

അതുപോലെ നാച്ചുറൽ സെലക്ഷൻ എന്നത് ഒരു പൊതുതത്വമാണ് എന്ന് രവിചന്ദ്രൻ പറയുന്നുണ്ട്. ജൈവമേഖലയിൽ മാത്രമല്ല, പ്രപഞ്ചത്തിലെ ഏതാണ്ട് എല്ലാ പ്രതിഭാസങ്ങളിലും പ്രയോഗക്ഷമമായ, സാധുവായ പൊതുതത്വമാണെന്ന് അദ്ദേഹം പ്രസ്താവിക്കുന്നു. ഉപോത്ബലമായി പ്രശസ്തനായ ഒരു നാസ്തിക തത്വചിന്തകനെ ഉദ്ധരിക്കുകയും ഇതര മേഖലകളെ പരാമർശിക്കയും ചെയ്യുന്നുണ്ട്. അതിലേക്ക് പിന്നീട് വരാം.

പക്ഷേ, പറയേണ്ട ഒരു കാര്യമുണ്ട്.
ജീവശാസ്ത്രമേഖലയിലെ നാച്ചുറൽ സെലക്ഷനെക്കുറിച്ചല്ല അഭിമുഖത്തിൽ പരാമർശിക്കുന്നതെന്നും രവിചന്ദ്രൻ പ്രഭാഷണത്തിൽ വ്യക്തമാക്കുന്നു. 'സോഷ്യൽ മൊറാലിറ്റി', ഭയം, അസൂയ തുടങ്ങിയ വികാരങ്ങൾ ഉരുത്തിരിയുന്നതിനെക്കുറിച്ചും ഭാഷകളുടെ ഉല്പത്തിയെക്കുറിച്ചുമൊക്കെ സംസാരിക്കുന്നതിനോടനുബന്ധിച്ചാണ് നാച്ചുറൽ സെലക്ഷനെക്കുറിച്ച് പറയുന്നത്. അല്ലാതെ ജൈവ പരിണാമത്തെക്കുറിച്ചല്ല. കാര്യങ്ങൾ വ്യക്തമാക്കാനായി 'അനലോജി' ഉപയോഗിക്കയും ചെയ്തു. എന്നാണ് രവിചന്ദ്രൻ പ്രഭാഷണത്തിൽ പറയുന്നത്. ഇപ്പറഞ്ഞതിലെ വൈരുദ്ധ്യം വഴിയേ നമുക്ക് പരിേശാധിക്കാം.

ഒരു കാര്യം കൂടി പറയുന്നുണ്ട്. 'അനലോജി' ഉപയോഗിക്കുമ്പോൾ ഒരു സംഗതിയുടെ എല്ലാ വിശദാംശങ്ങളും അതിൽ ഉൾക്കൊള്ളിക്കാനാവില്ല. നേരെമറിച്ച് പ്രധാന ആശയമോ ആശയങ്ങളോ സ്പഷ്ടമാക്കുകയാണ് ചെയ്യുന്നത്. അത് തീവണ്ടിയപകടത്തിന്റെ കഥയിലൂടെ ചെയ്തിട്ടുണ്ടെന്നാണ് രവിചന്ദ്രൻ അവകാശപ്പെട്ടുന്നത്. ബയോളജിയിൽ നാച്ചുറൽ സെലക്ഷന് അതിന്റേതായ മെക്കാനിസമൊക്കെയുണ്ട്. ആദ്യം പൊതു തത്വം പറയണം. പിന്നെ അതാതിന്റെ മേഖലകളിൽ വിശദീകരിക്കണം എന്നൊക്കെയും പറയുന്നുണ്ട്. വിത്തൗട്ട് എജന്റ് , വിത്തൗട്ട് ഡിറക്ഷൻ, ബ്ലൈൻഡ് തുടങ്ങിയ ആംഗലേയ പദപ്രയോഗങ്ങളാണ് നാച്ചുറൽ സെലക്ഷന്റെ പ്രധാന ആശയങ്ങളായി രവിചന്ദ്രൻ എടുത്തുപറയുന്നത്. ഒരുതരം ജാമ്യമെടുക്കാലാണിതൊക്കെയെന്ന് വ്യക്തം. പ്രസ്തുത കഥ എന്തുകൊണ്ട് നാച്ചുറൽ സെലക്ഷൻ എന്ന ജീവശാസ്ത്രസിദ്ധാന്തത്തിന്റെ അടിസ്ഥാന ആശയങ്ങൾക്ക് വിരുദ്ധമാകുന്നു എന്ന് മുമ്പ് വ്യക്തമാക്കിയതാണല്ലോ. ആംഗലേയ പദപ്രയോഗങ്ങൾ യഥാർത്ഥത്തിൽ റിച്ചാഡ് ഡോക്കിൻസ് 'ബ്ലൈൻഡ് വാച്ച് മേക്കർ' എന്ന പുസ്തകത്തിൽ നടത്തിയിട്ടുള്ളതാണ്.

റിച്ചാഡ് ഡോക്കിൻസ് തന്റെ പോപ്പുലർ സയൻസ് പുസ്തകത്തിൽ ചില പദപ്രയോഗങ്ങൾ നടത്തിയതുകൊണ്ട് നാച്ചുറൽ സെലക്ഷൻ 'നോൺ റാൻഡം പ്രോസസ്' അല്ലാതെയാകുന്നില്ല.
റിച്ചാഡ് ഡോക്കിൻസ് തന്റെ പോപ്പുലർ സയൻസ് പുസ്തകത്തിൽ ചില പദപ്രയോഗങ്ങൾ നടത്തിയതുകൊണ്ട് നാച്ചുറൽ സെലക്ഷൻ 'നോൺ റാൻഡം പ്രോസസ്' അല്ലാതെയാകുന്നില്ല.

ഡോക്കിൻസ് തന്റെ പോപ്പുലർ സയൻസ് പുസ്തകത്തിൽ അങ്ങനെ ചില പദപ്രയോഗങ്ങൾ നടത്തിയതുകൊണ്ട് നാച്ചുറൽ സെലക്ഷൻ 'നോൺ റാൻഡം പ്രോസസ്' അല്ലാതെയാകുന്നില്ല. നിലവിലെ സാഹചര്യങ്ങളിൽ നിലനില്പിനെയും പ്രജനനത്തേയും സഹായിക്കുന്ന ജനിതക സവിശേഷതകൾ തന്നെയാണ് 'തെരെഞ്ഞെടുക്കപ്പെടുന്നത്'. അങ്ങനെയുള്ള വ്യതിയാനങ്ങളേതായാലും ശരി തന്നെ. അല്ലാതെയത് കേവല യാദൃച്ഛികതയല്ല. പരിണാമത്തിന്റെ ദിശ മുൻകൂട്ടി പ്രവചിക്കാനാവില്ല, പരിണാമത്തിനടിസ്ഥാനമായ ജനിതക വ്യതിയാനങ്ങൾ 'റാൻഡം' ആണ്, ദിശാരഹിതമാണ് എന്നതൊക്കെ കാര്യമായ എതിർവാദങ്ങൾ ഒന്നുമില്ലാതെ അംഗീകരിക്കപ്പെടുന്ന ശാസ്ത്ര വസ്തുതകൾ തന്നെയാണ്. എന്നാൽ നാച്ചുറൽ സെലക്ഷൻ അങ്ങനെയല്ലെന്നതും അതുപോലെ തന്നെ അംഗീകരിക്കപ്പെടുന്ന ശാസ്ത്രവസ്തുതയാണ്. (തന്നെയുമല്ല മ്യുട്ടേഷനുകൾ പോലും പൂർണ്ണമായി ദിശാരഹിതമായി അഥവാ റാൻഡം ആയല്ല നടക്കുന്നതെന്ന് വ്യക്തമാക്കുന്ന ചില പരീക്ഷണങ്ങളൊക്കെ ഇപ്പോൾ നടന്നിട്ടുണ്ട്. അങ്ങനെ വാദിക്കുന്ന ജീവശാസ്ത്രജ്ഞരുമുണ്ട്. ജീവശാസ്ത്രത്തിലെ സംവാദമേഖലയാണത്. അത് നമുക്ക് വിടാ൦).

സോഷ്യൽ ഡാർവിനിസം

സമൂഹ്യവിഷയങ്ങളുമായി ബന്ധപ്പെട്ട് നാച്ചുറൽ സെലക്ഷൻ വിശദീകരിക്കാൻ ശ്രമിക്കുന്നതു കൊണ്ടാവും 'സോഷ്യൽ ഡാർവിനിസ'ത്തെക്കുറിച്ച് പരാമർശിക്കുന്നുണ്ട് രവിചന്ദ്രൻ. സോഷ്യൽ ഡാർവിനിസം എന്ന പ്രയോഗം കൊണ്ടുദ്ദേശിക്കുന്നതെന്താണെന്ന് ഒന്ന് പരിശോധിച്ചശേഷം രവിചന്ദ്രന്റെ വാദങ്ങളിലേക്ക് വരാം.

ഇതോടനുബന്ധിച്ച് പറയാറുളള ഒരു പ്രയോഗമാണ് 'സർവൈവൽ ഓഫ് ദി ഫിറ്റസ്റ്റ്' അഥവാ അർഹിക്കുന്നവരുടെ അതിജീവനം. ശക്തരുടെ അതിജീവനം എന്നും പറയാറുണ്ട്. ഈ പദപ്രയോഗം ആദ്യമായി നടത്തിയത് ഡാർവിനല്ല. പരിണാമ സിദ്ധാന്തത്തിന്റെ വക്താവും പ്രചാരകനുമൊക്കെയായിരുന്ന ഹെർബർട്ട് സ്പെൻസറാണ്. ഒറിജിൻ ഓഫ് സ്പീഷീസിന്റെ അഞ്ചാം പതിപ്പിൽ ഡാർവിൻ ഈ പദപ്രയോഗം ഉപയോഗിച്ചിട്ടുണ്ട്, എന്നത് ശരിയാണ്. യഥാർത്ഥത്തിൽ ഡാർവീനിയൻ പരിണാമത്തിൽ ‘ഫിറ്റസ്റ്റ്’ എന്നതിന് പ്രജനനവിജയി എന്ന വിവക്ഷയാണുള്ളത്. എന്നാൽ സ്പെൻസറുടെ പ്രയോഗം സോഷ്യൽ ഡാർവിനിസത്തിന്റെ തുടക്കമായും സ്പെൻസറെ തുടക്കക്കാരനുമായി കണക്കാക്കുന്നവരുണ്ട്. എന്തായാലും സോഷ്യൽ ഡാർവിനിസം നിർവ്വചിക്കുക അത്ര എളുപ്പമല്ല. മനുഷ്യസമൂഹത്തിൽ അർഹതപ്പെട്ടവരാണ് മേൽക്കൈ നേടുന്നത്, അത് ഏതു മേഖലയിലാണെങ്കിലും. 'ഇൻഡസ്ട്രിയസ്നെസ്' എന്ന സഹജമായ ഗുണവിശേഷമുള്ളവരാണ് ആ രംഗത്ത് വിജയിക്കുന്നത്. അധികാരവും മേൽക്കോയ്മയുമുള്ള മേഖലകളിലൊക്കെ അങ്ങനെ തന്നെ. അർഹതപ്പെട്ടവരാണ് അതിജീവിക്കുകയും മേൽക്കോയ്മ നേടുകയും ചെയ്യുന്നത്. അതുകൊണ്ട് മേൽക്കോയ്മ നേടുന്നവർ അർഹതപ്പെട്ടവരാണ് എന്നുമുണ്ട്. വ്യത്യസ്ത മനുഷ്യസമൂഹങ്ങൾ തമ്മിലുള്ള ബന്ധത്തിലും ഇതൊക്കെ ബാധകമാണ്. അതുകൊണ്ട് ഏതുതരം യാഥാസ്ഥിതിക താല്പര്യങ്ങളെയും വാഴ്ചകളെയും അധീശത്വത്തെയും ന്യായീകരിക്കാൻ ഇതുപയോഗിക്കാം. അതിനെ എതിർക്കുന്നത് പ്രകൃതിനിയമമായ നാച്ചുറൽ സെലക്ഷന് വിരുദ്ധമാണെന്നും വരും. അതുകൊണ്ട് ആത്യന്തികമായി പരാജയപ്പെടുകയേയുള്ളൂ. യൂജനിക്സിന് ന്യായീകരികരണം ചമക്കാനും ഇത് പ്രയോഗിക്കപ്പെട്ടിട്ടുണ്ട്. യൂജനിക്സ് സന്താനോല്പാദനത്തിനുള്ള അവകാശം സമൂഹത്തിൽ എല്ലാവർക്കുമാവശ്യമില്ല. അധികാരികൾ തീരുമാനിക്കുന്ന സവിശേഷ ഗുണങ്ങളുള്ളവർ മാത്രം സന്താനോല്പാദനം നടത്തിയാൽ മതി എന്നതാണത്. സോഷ്യൽ ഡാർവിനസത്തെക്കുറിച്ച്‌ ചില പൊതു ആശയങ്ങൾ പങ്കുവച്ചെന്നേയുളളൂ. പലരും വ്യത്യസ്ത രീതികളിലാണ് ഇത് വിശദീകരിക്കാറുള്ളത്.

ശക്തർക്ക് ദുർബലരെ കൊന്നുകളായാമെന്ന വാദമെന്ന രീതിയിലാണ് രവിചന്ദ്രൻ സോഷ്യൽ ഡാർവിനിസത്തെ വിശദീകരിക്കുന്നത്. തീർച്ചയായും ഫാഷിസകാലത്തെന്നപോലെ അങ്ങനെയും പ്രയോഗസാദ്ധ്യതയുള്ള അപകടകരമായ ഐഡിയോളജിയാണ് സോഷ്യൽ ഡാർവിനിസം. പക്ഷേ ദുർബലരെ കൊന്നുകളയണമെന്നതിനെ ന്യായീകരിക്കുക മാത്രമല്ല അത്, മുൻപറഞ്ഞതൊക്കെ അതിൽ വരും. ഡോക്കിൻസ് സോഷ്യൽ ഡാർവിനിസത്തെ ശക്തമായി എതിർക്കുന്നയാളാണെന്നും തനിക്കും അതേ നിലപാടാണുള്ളതെന്നും രവിചന്ദ്രൻ അവകാശപ്പെടുന്നുണ്ട്. അത് പക്ഷേ രവിചന്ദ്രന്റെ സാമൂഹ്യവിഷയങ്ങളിലെ നിലപാടുകൾ പരിശോധിച്ച് നിഗമനത്തിലെത്തേണ്ട കാര്യമാണ്. രവിചന്ദ്രന്റെ അവകാശവാദം മുഖവിലക്കെടുക്കണമെന്നില്ല. ഈ ലേഖനത്തിന്റെ വിഷയപരിധിയിൽ പെടാത്തതുകൊണ്ട് അതിലേക്ക് കടക്കുന്നില്ല.

ബയോളജിക്കൽ എവലൂഷനിൽ ഉപയോഗിക്കുന്ന പദാവലിയിലെ പല വാക്കുകളും ആശയക്കുഴപ്പമുണ്ടാക്കുന്നതാണെന്നാണ് സി. രവിചന്ദ്രന്റെ 'വിദഗ്ധാഭിപ്രായം'. യഥാർത്ഥത്തിൽ ആശയക്കുഴപ്പം പദാവലിയുടെ പ്രശ്നമല്ല, നേരെ മറിച്ച് പ്രഭാഷകന്റെ തന്നെ പ്രശ്നമാണെന്ന് വ്യക്തമാണ്.

പദപരിഭാഷ,
കഥകൾ,
ആശയക്കുഴപ്പങ്ങൾ

നാച്ചുറൽ സെലക്ഷൻ എന്ന ആംഗലേയ പ്രയോഗത്തിന്റെ മലയാള പരിഭാഷയെക്കുറിച്ച് ചില അഭിപ്രായങ്ങളും ആശങ്കകളും പങ്കുവച്ചുകൊണ്ട് ചില ആശയങ്ങൾ പ്രഭാഷകൻ മുന്നോട്ട് വയ്ക്കുന്നുണ്ട്. പ്രകൃതിനിർദ്ധാരണം, സ്വാഭാവിക നിർദ്ധാരണം, സ്വാഭാവിക തെരെഞ്ഞെടുപ്പ് എന്നീ മൂന്ന് പ്രയോഗങ്ങളാണ് പരിശോധിക്കുന്നത്. 'പ്രകൃതി' എന്ന് പ്രയോഗിക്കുന്നത് അനുചിതമാണെന്ന് അദ്ദേഹം പറയുന്നു. കാരണം പ്രകൃതിക്ക് ആളത്വം കല്പിച്ച് സാഹിത്യ ഭാഷയിലൊക്കെ പറയുക പതിവാണ്. അതുകൊണ്ട് ബോധപൂർവ്വം പ്രവർത്തിക്കുന്ന ഏജന്റ് ഉണ്ടെന്ന അർത്ഥം വരും.

രവിചന്ദ്രൻ തുടക്കത്തിൽ ഡോക്കിൻസിന്റെ പുസ്തകത്തിന്റെ പരിഭാഷയിൽ അങ്ങനെ പ്രയോഗിച്ചിട്ടുണ്ട്. പക്ഷേ അത് ശരിയായ ഒരു പ്രയോഗമല്ല എന്ന് സ്വയം അഭിപ്രായപ്പെടുന്നു. ഇംഗ്ലീഷിൽ നാച്ചുറൽ എന്നാണ്, അല്ലാതെ നേച്ചർ എന്നല്ല. നേച്ചറിന് നാച്ചുറൽ സെലക്ഷനിൽ കാര്യമൊന്നുമില്ല. അതുകൊണ്ട് അത് 'കട്ട്' ചെയ്ത് മാറ്റുക തന്നെ വേണം. നിർദ്ധാരണം എന്ന വാക്കിലും ഏജൻസിയുടെ പ്രശ്നങ്ങളുണ്ട്. അതുകൊണ്ട് അതും ഒഴിവാക്കണം. പിന്നെ അവശേഷിക്കുന്നത് സ്വാഭാവിക തെരഞ്ഞെടുപ്പ് മാത്രം. തെരഞ്ഞെടുപ്പിലും പ്രശ്നമുണ്ട്. സാദ്ധ്യമായ കാര്യങ്ങളിലൊന്ന് ബോധപൂർവ്വമായി തെരെഞ്ഞെടുക്കുന്ന ആളത്വം എന്നൊരു ധ്വനി വരും എന്നാണ് രവിചന്ദ്രന്റെ അഭിപ്രായം. അതായത് നാച്ചുറൽ സെലക്ഷനിൽ നേച്ചറുമില്ല, ശരിയായ അർത്ഥത്തിൽ തെരെഞ്ഞെടുപ്പുമില്ല. 'റാൻഡം' ആയ, കേവലം യാദൃച്ഛികമായ ഒരു കാര്യമാണ് നാച്ചുറൽ സെലക്ഷൻ. അതാണ് അനലോജിയിലൂടെ വ്യക്തമാക്കിയത്. വിമർശകർ അത് കാണുന്നില്ല. അങ്ങനെ പോകുന്നു വാദങ്ങൾ.

തീവണ്ടിയപകടം യാദൃച്ഛികമാണെന്നത് നമുക്ക് തല്കാലം സ്വീകരിക്കാം. അമ്മയുടെയും കുട്ടിയുടെയും പെരുമാറ്റത്തിൽ ഉദ്ദേശ്യങ്ങളൊന്നുമില്ലായിരുന്നെന്ന് വാദിക്കാൻ കുറെ കാര്യങ്ങൾ പറയുന്നുണ്ട്. കുട്ടിക്ക് അസ്വസ്ഥതയുണ്ടായി, ഒരു ചോദന മൂലം കരയുന്നു. അമ്മ കുട്ടിക്ക് ആശ്വാസം പകരാനായി അറിയാതെ ജനലിനരികിലെത്തി അത് തുറക്കുന്നു. പ്രഭാഷണത്തിലെ ഏറ്റവും 'ഐറണിക്' ആയ പ്രസ്താവനയാണിത്. ‘ആശ്വാസം പകരാൻ’, ‘അറിയാതെ’- ഒരേ വാക്യത്തിലെ രണ്ട് പ്രയോഗങ്ങൾ. അത് നിരൂപിക്കുക എന്ന കർത്തവ്യം മാന്യവായനക്കാർക്ക് വിടുന്നു. ഉണ്ടാകാൻ പോകുന്ന അപകടത്തെക്കുറിച്ചോ ജനൽവഴി കുട്ടി രക്ഷപ്പെടാൻ സാദ്ധ്യതയുണ്ടെന്നോ എന്നൊന്നും കുട്ടിക്കോ അമ്മയ്ക്കോ അറിയില്ലായിരുന്നെന്ന് വ്യക്തം. അത് പറയേണ്ട കാര്യം തന്നെയില്ല. പറയണമെങ്കിൽ തന്നെ നേരിട്ട് പറഞ്ഞാൽ മതി. അതിനുപകരം ഒരു ഉദ്ദേശ്യവുമില്ലാതെയാണ് മനുഷ്യർ പെരുമാറിയതെന്ന് കാണിക്കാൻ സാംഗത്യമില്ലാത്ത വാദങ്ങൾ ഉന്നയിക്കുകയാണ്. അക്കാര്യം വിടാം.

ബയോളജിയിലെ നാച്ചുറൽ സെലക്ഷനിൽ ഉൾപ്പെടുന്ന ജനിതക വ്യതിയാനമോ ജനിതക സവിശേഷത കൈമാറുന്നതോ ഒന്നും തീവണ്ടിക്കഥയിലൂടെ അർത്ഥമാക്കുന്നില്ല. എന്നാൽ നാച്ചുറൽ സെലക്ഷൻ റാൻഡം ആയി നടക്കുന്നു എന്നതിനെ കൃത്യമായി വ്യക്തമാക്കുന്നുണ്ട് എന്നാണ് അദ്ദേഹം തറപ്പിച്ചുപറയുന്നത്. ബ്ലൈൻഡ് പ്രോസസ്സ് ആണ്, റാൻഡം ആയിട്ട് ഒരു സംഗതി വരുന്നു എന്നാണ് വിശദീകരിക്കുന്നത്. ബയോളജിക്കൽ എവലൂഷനിൽ ഇങ്ങനെയല്ല പറയുക എന്നുമുണ്ട്. ബയോളജിക്കൽ എവലൂഷനിലെ നാച്ചുറൽ സെലക്ഷനെ പ്രതിനിധീകരിക്കാൻ തീവണ്ടിക്കഥ കൊണ്ട് കഴിയില്ലെന്ന് പ്രഭാഷകന് സമ്മതിക്കേണ്ടി വരികയാണ്. നമ്മുടെ വാദവും അതുതന്നെ. നാച്ചുറൽ സെലക്ഷൻ റാൻഡം അല്ല എന്നത് നമ്മൾ കണ്ടുകഴിഞ്ഞ കാര്യവുമാണ്. അതിൽനിന്ന് പ്രകൃതിയെ 'കട്ട്' ചെയ്ത് മാറ്റാനുമാവില്ല. രവിചന്ദ്രൻ പറയുന്ന 'നീച്' എന്നതിൽ നിന്ന് പ്രകൃതിയെ എങ്ങനെയാണ് ഒഴിവാക്കുന്നത്? ജീവി അധിവസിക്കുന്ന പരിതസ്ഥിതിയല്ലേ ഉദ്ദേശിക്കുന്നത്? ഇനി രവിചന്ദ്രൻ പറയുന്ന ബയോളജിയിലേതല്ലാത്ത അല്ലെങ്കിൽ അതിനപ്പുറമുള്ള 'പൊതുതത്വ'മായ നാച്ചുറൽ സെലക്ഷൻ എന്ന സംഗതിയുണ്ടോ, അത് റാൻഡം ആണോ എന്നൊക്കെ വഴിയേ പരിശോധിക്കാം.

എന്തായാലും തീവണ്ടിക്കഥയിലൂടെ മനസ്സിലാക്കാൻ കഴിയുന്നത് തികച്ചും യാദൃച്ഛികമായി നടക്കുന്ന സംഭവം, അതിൽ 'ഫോർച്ച്യൂഷ്യസ്' എന്ന് പറയാവുന്ന, അതായത് മഹാഭാഗ്യം മൂലം നടക്കുന്ന രക്ഷപ്പെടൽ ആണ് നാച്ചുറൽ സെലക്ഷൻ എന്നാണ്. അതിന് കൊടുക്കാവുന്ന ഒരു വിശേഷണപദം ആംഗലേയത്തിൽ 'കൺട്രൈവ്ഡ്' (contrived) എന്നു പറയാം. എന്തെല്ലാം 'യാദൃച്ഛികതകളാണ്' കഥയിൽ സൃഷ്ടിച്ചിരിക്കുന്നത്? തുറക്കാവുന്ന ജനാലയുള്ള എ സി ബോഗി, കൃത്യസമയത്തെ കുട്ടിയുടെ കരച്ചിൽ, അമ്മ ജനാല തുറക്കുന്നു, കുട്ടി തെറിക്കുന്നു, കുട്ടിയെ സുരക്ഷിതമാക്കാൻ അവിടെത്തന്നെ വൈക്കോൽ കൂനയുമൊരുക്കിയിരുന്നു.

പ്രകൃതി ബോധപൂർവ്വമെന്ന് പറയാവുന്ന തെരെഞ്ഞെടുപ്പ് നടത്തുന്നു എന്ന് പറഞ്ഞുകൊണ്ട് ഒരാൾ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി പറയുന്ന കുറച്ച് കാര്യങ്ങളുണ്ട്. ചോദ്യകർത്താവ് ആരെന്ന് പ്രഭാഷണത്തിൽനിന്ന് വ്യക്തമല്ല. എന്നുമാത്രമല്ല രവിചന്ദ്രൻ ഉദ്ദേശിക്കുന്നതെന്താണെന്ന് മനസ്സിലാക്കുക ദുഷ്കരമാണ്. വൈരുദ്ധ്യങ്ങളാണ് നിറയെ. 'കോൺഷ്യസ് ആയ ഏജൻസി' പ്രകൃതിയിൽ ആരോപിക്കുന്നത് അർത്ഥശൂന്യമാണെന്ന കാര്യത്തിൽ ഒരു തർക്കവുമില്ല. സയൻസ് അതാണ് പറയുന്നത്. പോളിറ്റ് ബ്യൂറോ കൂടി തീരുമാനിക്കുന്നതല്ല എന്നാണ് 'തെരഞ്ഞെടുപ്പിൽ' 'ആളത്വം' ആരോപിക്കുന്നത് നിഷേധിച്ച് പ്രഭാഷകൻ പറയുന്നത്. അതിപ്പോൾ, പോളിറ്റ് ബ്യൂറോയോ വർക്കിംഗ് കമ്മിറ്റിയോ നവനാസ്തിക കോർ കമ്മറ്റിയോ ഒന്നും കൂടിയല്ല തീരുമാനിക്കുന്നതെന്ന് നമുക്കറിയാവുന്ന കാര്യമാണ്. മനുഷ്യരുടെ ഏതെങ്കിലും പ്രവർത്തി കൊണ്ട് മാറുന്നതല്ല നാച്ചുറൽ സെലക്ഷൻ എന്ന് ആളത്വ നിഷേധത്തിന്റെ ഭാഗമായാവും തറപ്പിച്ചുതന്നെ പറയുന്നുണ്ട്. പിന്നീട് അതിന് കടകവിരുദ്ധമായ പ്രസ്താവന ചെയ്യുന്നു. മനുഷ്യന്റെ പ്രവൃത്തി കൊണ്ട് എവലൂഷനിൽ മാറ്റങ്ങൾ വരില്ല, എന്നൊക്കെ പറയുന്നതിൽ കാര്യമില്ല. അങ്ങനെ മുമ്പ് പറഞ്ഞത് റദ്ദാക്കുന്നു.

എന്താണ് ഇതിൽ നിന്ന് മനസ്സിലാക്കേണ്ടത്? എവലൂഷനിൽ മനുഷ്യന്റെ പങ്ക് വ്യക്തമാക്കാൻ വേണ്ടിയാവും പ്രഭാഷകൻ ഇങ്ങനെ തുടരുന്നു: മനുഷ്യൻ പ്രകൃതിയുടെ ഭാഗമാണ്, പ്രകൃതി തന്നെയാണ്. കുറച്ചുമുമ്പ് നാച്ചുറൽ സെലക്ഷനിൽ നിന്ന് പ്രകൃതിയെ 'കട്ട്' ചെയ്ത് മാറ്റിയതാണ്. ഇപ്പോൾ മനുഷ്യന് എവലൂഷനിൽ പങ്കുണ്ടെന്ന് സ്ഥാപിക്കാൻ മനുഷ്യൻ പ്രകൃതിയുടെ ഭാഗമാണെന്നും പറയുന്നു. അതായത് പ്രകൃതിക്ക് പങ്കില്ല, എന്നാൽ പ്രകൃതിയുടെ ഭാഗമായ മനുഷ്യന് പങ്കുണ്ട്.

ആനകളിൽ കൊമ്പില്ലാത്തവയ്ക്കോ നീളം കുറഞ്ഞ കൊമ്പുള്ളവയ്ക്കോ ആണ് സന്താനോല്പാദനത്തിന് കൂടുതൽ അവസരങ്ങൾ ഉണ്ടാകുന്നത്. / Photo: Unsplash
ആനകളിൽ കൊമ്പില്ലാത്തവയ്ക്കോ നീളം കുറഞ്ഞ കൊമ്പുള്ളവയ്ക്കോ ആണ് സന്താനോല്പാദനത്തിന് കൂടുതൽ അവസരങ്ങൾ ഉണ്ടാകുന്നത്. / Photo: Unsplash


കേൾവിക്കാർക്ക് ആശയക്കുഴപ്പമുണ്ടായില്ലെങ്കിലേ അത്ഭുതമുള്ളൂ. ഇനി അത് തന്നെയാണോ ഉദ്ദേശിക്കുന്നത്? നാച്ചുറൽ സെലക്ഷനെ തടയുന്ന ജീവിയാണ്, പരിണാമത്തിന്റെ ചക്രങ്ങളിൽ കയറിപ്പിടിക്കുന്ന ജീവിയാണ് മനുഷ്യൻ എന്നുമൊക്കെ അഭിപ്രായപ്പെടുന്നുണ്ട്. മനുഷ്യന്റെ ഇടപെടൽ വ്യക്തമാക്കാൻ ആഫ്രിക്കൻ ആനകളുടെ കൊമ്പിന്റെ നീളം കുറയുകയും കൊമ്പ് ഇല്ലാതെയാകുകയും ചെയ്യുന്ന പരിണാമ പ്രക്രിയയെക്കുറിച്ച് പറയുന്നുണ്ട്. വളരെ പ്രസിദ്ധമായ ഉദാഹരണമാണ്. നീളമുള്ള കൊമ്പുള്ള ആനകളെ നിരന്തരം വേട്ടയാടിയതിന്റെ പരിണിത ഫലമാണത്. അപ്പോൾ കൊമ്പില്ലാത്തവയ്ക്കോ നീളം കുറഞ്ഞ കൊമ്പുള്ളവയ്ക്കോ ആണ് സന്താനോല്പാദനത്തിന് കൂടുതൽ അവസരങ്ങൾ ഉണ്ടാകുന്നത്. ആനകളുടെ സംഖ്യ തന്നെ കഴിഞ്ഞ ഒന്നര നൂറ്റാണ്ടുകൊണ്ട് തുലോം കുറഞ്ഞിരിക്കുന്നു എന്നത് മറ്റൊരു കാര്യം.

ഒരു കാർ യാത്രയിൽ ബൽറ്റ് ഉപയോഗിച്ചയാൾ അപകടത്തിൽനിന്ന് രക്ഷപ്പെടുന്നതും ഉപയോഗിക്കാത്തയാളുടെ ജീവൻ നഷ്ടപ്പെടുന്നതുമായ ഉദാഹരണം രവിചന്ദ്രൻ നിരാകരിക്കുന്നു. അത് നാച്ചുറൽ സെലക്ഷനെ വ്യക്തമാക്കാൻ ഉപയോഗിക്കാനാവില്ലെന്ന് പറയുന്നു. എന്നിട്ട് മുമ്പ് പ്രയോഗിച്ചിട്ടുള്ളതാണെന്നു പറഞ്ഞ് കല്ല് മുകളിലേക്ക് വലിച്ചെറിയുന്ന ഉദാഹരണം കൊണ്ടുവരുന്നു. മുകളിലേക്ക് എറിയുന്ന കല്ല് താഴേക്കുതന്നെ വരുന്നു. അത് മുകളിലേക്കുതന്നെ പൊയ്ക്കൊണ്ടിരിക്കയോ വശങ്ങളിലേക്ക് പോകുകയോ ചെയ്യുന്നില്ല. അതാണത്രെ നാച്ചുറൽ സെലക്ഷൻ. കല്ല് വലിച്ചെറിയൽ കഥയെ വിമർശിച്ചവർക്ക് പ്രഭാഷകന്റെ വക പരിഹാസവുമുണ്ട്.

രവിചന്ദ്രന്റെ രണ്ട് അനലോജികൾ പരസ്പരവിരുദ്ധമാണെന്ന് കാണാൻ പ്രയാസമുള്ള കാര്യമല്ല. മുകളിലേക്കെറിഞ്ഞ കല്ല് താഴേക്കുതന്നെ വരുമെന്നത് അനുഭവങ്ങളിൽനിന്ന് മനുഷ്യരുടെ സാമാന്യബോധത്തിന്റെ ഭാഗമായ കാര്യമാണ്. പ്രശ്നത്തെ വേണമെങ്കിൽ ശാസ്ത്രീയമായി സമീപിക്കാം. തുടക്കത്തിൽ 'എസ്ക്കേപ്പ് വെലോസിറ്റി' എന്നുപറയുന്ന കുറഞ്ഞ വേഗതയെങ്കിലുമില്ലെങ്കിൽ കല്ല് താഴോട്ട് തന്നെ വരും. ഒരു മനുഷ്യൻ വലിച്ചെറിയുമ്പോൾ കല്ലിന് 'എസ്ക്കേപ്പ് വെലോസിറ്റി' ഉണ്ടാകാനുള്ള സാദ്ധ്യത തീരെയില്ല. ക്ലാസിക്കൽ ഭൗതികത്തിന്റെ ചട്ടക്കൂടിൽ നിന്നാണ് സമീപിച്ചത്. വേണമെങ്കിൽ ക്വാണ്ടം ബലതന്ത്രം പ്രയോഗിക്കാവുന്നതാണ്. തല്കാലം മുതിരുന്നില്ല. എങ്ങനെയായാലും മുകളിലേക്ക് വലിച്ചെറിയുന്ന കല്ല് താഴേക്ക് വരികയെന്നത് അനിവാര്യമായ പരിണതിയെന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്. ഒരൊറ്റ ദിശയിൽ അനിവാര്യമായ പരിണതിയിലേക്ക് ചലിക്കുന്ന പ്രക്രിയയാണോ അപ്പോൾ നാച്ചുറൽ സെലക്ഷൻ? കേവല യാദൃച്ഛികത, ഭാഗ്യസംഭവം എന്നൊക്കെയാണ് തീവണ്ടിയപകടത്തിൽനിന്ന് മനസ്സിലാക്കാൻ കഴിയുന്നത്. ഇവ പരസ്പരവിരുദ്ധമാണെന്ന് ഒട്ടും തോന്നാത്ത പ്രഭാഷകനെ ശാസ്ത്രപ്രചാരകനെന്നൊക്കെ വിശേഷിപ്പിക്കുന്നത് കുറച്ച് കടുത്ത കൈയാണ് എന്ന് മാത്രം പറയുന്നു.

അതിനുശേഷം അരിപ്പയുടെ ഉദാഹരണമാണ് പറയുന്നത്. തീർച്ചയായും അത് നാച്ചുറൽ സെലക്ഷനെക്കുറിച്ച് പ്രാഥമിക ധാരണ നല്കുന്നതുതന്നെയാണ്. തരിയുടെ വലിപ്പം എന്ന മാനദണ്ഡം ഉപയോഗിച്ച് വേർതിരിക്കൽ അല്ലെങ്കിൽ തെരെഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ഇങ്ങനെ ചില നിബന്ധനകളനുസരിച്ചുള്ള തെരെഞ്ഞെടുപ്പ് തന്നെയാണ് നാച്ചുറൽ സെലക്ഷൻ. ഈ മൂന്ന് ദൃഷ്ടാന്തങ്ങൾ തമ്മിൽ വൈരുദ്ധ്യമൊന്നും പ്രഭാഷകന് കാണാൻ കഴിയുന്നില്ല എന്നത് വിചിത്രമാണ്. അരിപ്പയെ ഇവിടെ തെരഞ്ഞെടുപ്പിന്റെ ഏജന്റായി കാണാം. ഇച്ഛാശക്തിയുള്ള ബോധമുള്ള ഏജൻസി എന്നൊന്നുമർത്ഥമില്ല. നാച്ചുറൽ സെലക്ഷനിലെ ഏജൻസി പ്രഭാഷകൻ പറയുന്ന 'നീച്' ആണെന്ന് പറയുന്നതിൽ വലിയ തെറ്റൊന്നുമില്ല. അതിൽ കോൺഷ്യസ്നെസ് കണ്ടെത്തി വേണമെങ്കിൽ നാസ്തികർക്ക് തർക്കിക്കാം. പക്ഷേ ഇംഗ്ലീഷ് ഭാഷയിൽ ഏജൻസി എന്നതിൽ കോൺഷ്യസ്നെസ് നിർബന്ധമായി ഉണ്ടെന്ന അർത്ഥമൊന്നുമില്ല.

സംജ്ഞകൾ, സങ്കല്പനങ്ങൾ:
സർവ്വത്ര ആശയക്കുഴപ്പം

ബയോളജിക്കൽ എവലൂഷനിൽ ഉപയോഗിക്കുന്ന പദാവലിയിലെ പല വാക്കുകളും ആശയക്കുഴപ്പമുണ്ടാക്കുന്നതാണെന്നാണ് പ്രഭാഷകന്റെ 'വിദഗ്ധാഭിപ്രായം'. യഥാർത്ഥത്തിൽ ആശയക്കുഴപ്പം പദാവലിയുടെ പ്രശ്നമല്ല, നേരെ മറിച്ച് പ്രഭാഷകന്റെ തന്നെ പ്രശ്നമാണെന്ന് വ്യക്തമാണ്. ഏത് വിജ്ഞാനമേഖലയായാലും സാങ്കേതിക പദാവലി പരിചിതമല്ലെങ്കിൽ തുടക്കക്കാർക്ക് ചില പ്രശ്നങ്ങളൊക്കെയുണ്ടാകാം. അത് മറ്റൊരു വിഷയമാണ്. പ്രഭാഷകന്റെ തന്നെ വാക്കുകളിൽ പത്ത് വർഷത്തിലധികമായി അദ്ദേഹം എഴുതുകയും പ്രസംഗിക്കുകയും ചെയ്യുന്ന വിഷയമാണ്. പക്ഷേ പിന്നെയും ആശയക്കുഴപ്പങ്ങൾ തന്നെ ബാക്കി.

സയൻസിന്റെ രീതി പ്രഭാഷകന്റെ താല്പര്യമനുസരിച്ചല്ല വികാസം പ്രാപിച്ചിട്ടുള്ളത്. പ്രതിഭാസങ്ങളിൽനിന്ന് പ്രമാണത്തിലേക്ക് എന്നതാണ് സയൻസിന്റെ രീതി. ശാസ്ത്രപ്രചാരകർ അറിയേണ്ട കാര്യങ്ങളാണിതൊക്കെ.

നാച്ചുറൽ സെലക്ഷന്റെ പൊതുവെയുള്ള ടെക്സ്റ്റ് ബുക്ക് നിർവ്വചനം പ്രഭാഷകൻ അവതരിപ്പിക്കുന്നുണ്ട്: "Differential survival and reproduction because of difference in phenotype’’ എന്നാണത്. എന്നിട്ട്, ഇതല്ല തീവണ്ടിക്കഥയിലൂടെ വ്യക്തമാക്കാൻ ശ്രമിച്ചതെന്നും പറയുന്നു. അപ്പോൾ ബയോളജിയിലെ നാച്ചുറൽ സെലക്ഷന് തന്റെ കഥ പാകമാകില്ലെന്ന് വീണ്ടും പ്രഭാഷകൻ സമ്മതിക്കുകയാണ്. ജനാലയുള്ള എ സി ബോഗിയൊക്കെ കഥയിൽ മറ്റെന്തോ വ്യക്തമാക്കാനാണ് ഉദ്ദേശിച്ചതെന്ന് പറയുന്നു. യാദൃച്ഛികത എന്നാതാവും ഒരുപക്ഷേ. കഥയിൽ അങ്ങനെയൊക്കായാകാമെന്ന സ്വയം ന്യായീകരണവുമുണ്ട്. കഥയിലാകാം. പക്ഷേ അത് നാച്ചുറൽ സെലക്ഷനെ പ്രതിനിധീകരിക്കില്ല എന്നേയുള്ളൂ. വിമർശകർ ഉദ്ദേശിച്ചതല്ല തന്റെ കഥ, മറ്റെന്തോ ആണെന്നാണ് പറയാൻ ശ്രമിക്കുന്നത്. അതെന്താണെന്ന് ഒട്ട് വ്യക്തവുമല്ല. അതിനുശേഷം ജിനോ ടൈപ്പ്, ജീൻ പൂൾ എന്നീ വാക്കുകൾ അർത്ഥം ഗ്രഹിക്കാതെ പല തവണ പ്രയോഗിക്കുന്നു. ജിനോ ടൈപ്പ് എന്നാൽ ജീൻ പൂൾ എന്നൊക്കെയാണ് പറയുന്നത്. ജിനോ ടൈപ്പും ജീൻ പൂളും വളരെ വ്യത്യസ്തമായ രണ്ട് കാര്യങ്ങളെയാണ് പ്രതിനിധീകരിക്കുന്നത്. ജിനോ ടൈപ്പ് എന്നാൽ ഒരു ജീവിയുടെ ജനിതക ഘടന എന്നാണർത്ഥം. ഏതെങ്കിലും ജനിതക സവിശേഷതയ്ക്കും അങ്ങനെ പറയാം. ജീൻ പൂൾ എന്നത് ഒരു ജീവിവർഗ്ഗത്തിന്റെ പോപ്പുലേഷനിലെ എല്ലാ അംഗങ്ങളിലെയും എല്ലാ ജീനുകളുടെയും വ്യത്യസ്ത പതിപ്പുകളെ ചേർത്ത് പറയുന്നതാണ്. ഓരോ ജീനിനും വ്യത്യസ്ത പതിപ്പുകൾ പോപ്പുലേഷനിൽ ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. പക്ഷേ ഈ അർത്ഥവ്യത്യാസമൊന്നും പ്രഭാഷകന് പ്രശ്നമല്ല. ജീവിക്കൊരു ജീൻപൂൾ പോപ്പുലേഷന് ഒരു ജീൻപൂൾ എന്നൊക്കെ പറയുന്നുണ്ട്. ജീവി എന്നതുകൊണ്ട് ജീവിവർഗ്ഗത്തെയാണ് ഉദ്ദേശിച്ചതെന്ന് പറഞ്ഞ് വേണമെങ്കിൽ ഒഴിഞ്ഞുമാറാം.

ഒരു ജീവിയുടെ ജനിതക പദാർത്ഥത്തെ മൊത്തത്തിൽ ജീനോം എന്നാണ് പറയുന്നത്. ഒരേ ജീൻ പൂളാണെങ്കിലും വ്യത്യസ്ത ബാഹ്യരൂപങ്ങളാണ് എന്നും പറയുന്നുണ്ട്. ഒരേ വർഗ്ഗത്തിലെ അല്ലെങ്കിൽ പോപ്പുലേഷനിലെ അംഗങ്ങൾ തമ്മിലുള്ള വ്യത്യാസമാണ് ഉദ്ദേശിക്കുന്നതെങ്കിൽ അവ തമ്മിൽ ഫിനോ ടൈപ്പിൽ (ബാഹ്യരൂപത്തിൽ) മാത്രമല്ല ജിനോ ടൈപ്പിലും വ്യത്യാസമുണ്ടാകും. അതു പോലെ ജീൻ പൂളിന്റെ എക്സ്പ്രഷൻസ് എന്നൊക്കെ പ്രയോഗിക്കുന്നുണ്ട്. ഒരു ജീനോമിന്റെ എക്സ്പ്രഷൻ എന്നു പറഞ്ഞാൽ അത് ആ ജീവിയാണ്. ഒരു ജീനിന്റെ എക്സ്പ്രഷൻ എന്നും പറയാം. ജീൻ പൂളിന്റെ എക്സ്പ്രഷൻ എന്നൊക്കെ പറയുന്നതിന് വലിയ സാംഗത്യമൊന്നുമില്ല. വേണമെങ്കിൽ ഒരു ജീവിവർഗ്ഗത്തെയോ പോപ്പുലേഷനെയോ മൊത്തത്തിൽ ജീൻ പൂളിന്റെ എക്സ്പ്രഷൻ എന്നു പറയാം എന്നേയുള്ളൂ. സയൻസിന്റെ ഓരോ മേഖലയിലും പദാവലിക്ക് നിയതമായ അർത്ഥം അംഗീകരിക്കപ്പെട്ടിട്ടുണ്ടാവും. അത് തെല്ലും മനസ്സിലാക്കാതെയും ഗൗനിക്കാതെയും പ്രയോഗിക്കുന്നത് ആശയക്ലിഷ്ടത സൃഷ്ടിക്കുകേയുള്ളൂ. മുൻപറഞ്ഞ നാച്ചുറൽ സെലക്ഷന്റെ നിർവചനം വിശദീകരിക്കുന്നിടത്തും ആശയവ്യക്തതയില്ലായ്മയുണ്ട്. പോപ്പുലേഷനിലെ അംഗങ്ങൾ തമ്മിലുള്ള ഫിനോടൈപ്പിലെ ചെറിയ വ്യത്യാസങ്ങളിലാണ് ഊന്നൽ. ജനിതകമായ വ്യതിയാനങ്ങൾ കൊണ്ടുവരുന്ന നേരിയ വ്യത്യാസങ്ങൾ എന്നാണ് പറയുന്നത്. അവയ്ക്കിടയിൽ നിലനില്പിലും പ്രജനനത്തിലുമുള്ള നേരിയ വ്യത്യാസങ്ങളാണ് നാച്ചുറൽ സെലക്ഷന്റെ മാനദണ്ഡം. ബോധപൂർവ്വമാണെങ്കിലും അല്ലെങ്കിലും അത് വിട്ടുകളഞ്ഞിരിക്കയാണ്. എന്തായാലും പ്രഭാഷകന്റെ ദിശാരഹിതമായ കേവല യാദൃച്ഛികത എന്ന ആശയത്തോട് അത് യോജിക്കില്ല.

പരിണാമത്തിനടിസ്ഥാനമായ ജനിതക വ്യതിയാനങ്ങൾ 'റാൻഡം' ആണ്,  ദിശാരഹിതമാണ് എന്നതൊക്കെ കാര്യമായ എതിർവാദങ്ങൾ ഒന്നുമില്ലാതെ അംഗീകരിക്കപ്പെടുന്ന ശാസ്ത്ര വസ്തുതകൾ തന്നെയാണ്.
പരിണാമത്തിനടിസ്ഥാനമായ ജനിതക വ്യതിയാനങ്ങൾ 'റാൻഡം' ആണ്, ദിശാരഹിതമാണ് എന്നതൊക്കെ കാര്യമായ എതിർവാദങ്ങൾ ഒന്നുമില്ലാതെ അംഗീകരിക്കപ്പെടുന്ന ശാസ്ത്ര വസ്തുതകൾ തന്നെയാണ്.

പരിണാമത്തിൽ പുതിയ ജീവിവർഗ്ഗങ്ങളുടലെടുക്കുന്ന ‘സ്പീഷിയേഷൻ’ എന്ന പ്രക്രിയയെക്കുറിച്ച് പ്രഭാഷണത്തിൽ പരാമർശിക്കുന്നുണ്ട്. അതുമായി ബന്ധപ്പെട്ട 'ബോട്ടിൽ നെക് എഫക്റ്റ്', 'ജനറ്റിക് ഡ്രിഫ്റ്റ്' എന്നീ പ്രതിഭാസങ്ങളെക്കുറിച്ചും സൂചിപ്പിക്കുന്നുണ്ട്. പക്ഷേ ജനറ്റിക് ഡ്രിഫ്റ്റും നാച്ചുറൽ സെലക്ഷനുമൊന്നും തമ്മിൽ വേർതിരിച്ച് പ്രഭാഷകൻ മനസ്സിലാക്കിയിട്ടുണ്ടോ എന്നുതന്നെ സംശയമാണ്.

കാരണം, തീവണ്ടിയപകടത്തിന്റെ ഉദാഹരണം ജനറ്റിക് ഡ്രിഫ്റ്റിന് യോജിക്കുന്നതാണ്. ജനറ്റിക് ഡ്രിഫ്റ്റ് എന്താണെന്ന് മുമ്പ് സൂചിപ്പിച്ചിട്ടുണ്ടല്ലോ. ആകസ്മികമായ അപകടം മൂലമോ കേവലം യാദൃച്ഛികമായ പ്രതിഭാസമെന്ന നിലയിലോ ഏതെങ്കിലും പ്രത്യേക ജനിതക സവിശേഷതയുളള ജീവികളുടെ അനുപാതം ക്രമാതീതമായി പോപ്പുലേഷനിൽ കുറഞ്ഞുപോകുന്ന അവസ്ഥയാണത്.

തീവണ്ടിക്കഥയിൽ, മരിച്ചുപോകുന്നവരുടെ നീന്തൽ വൈദഗ്ദ്ധ്യം ജനിതകമായി കൈമാറ്റം ചെയ്യാവുന്നതാണോ അല്ലയോ എന്ന ചോദ്യം തൽക്കാലം മാറ്റിവയ്ക്കുക. അപ്പോൾ അത് ജനറ്റിക് ഡ്രിഫ്റ്റിന് യോജിക്കും. പ്രത്യേക സവിശേഷതയുള്ളവർ ആകസ്മികമായി ഇല്ലാതെയാകുന്നു. രക്ഷപ്പെടുന്ന കുട്ടിക്ക് പ്രത്യേകിച്ച് അതിജീവനശേഷിയുടെ ഒരു മാനദണ്ഡവും ബാധകവുമല്ല. അതുകൊണ്ടാണീ ഉദാഹരണം നാച്ചുറൽ സെലക്ഷന് വിരുദ്ധമാകുന്നത്, ജനറ്റിക് ഡ്രിഫ്റ്റിന് ഉദാഹരണമാകുന്നതും.

വായന, തെറ്റിദ്ധാരണ

പെപ്പേർഡ് മോത്ത് എന്നറിയപ്പെടുന്ന ലണ്ടനിലെ നിശാശലഭത്തിന്റെ ഉദാഹരണവും നാച്ചുറൽ സെലക്ഷൻ വ്യക്തമാക്കാൻ പ്രഭാഷണത്തിൽ പരാമർശിക്കുന്നുണ്ട്. 19-ാം നൂറ്റാണ്ടിലെ വ്യവസായ വിപ്ലവത്തെ തുടർന്ന് ശലഭങ്ങളുടെ അധിവാസസ്ഥലങ്ങൾ കരിയും പുകയും പിടിച്ച് ഇരുണ്ടു. അപ്പോൾ ശലഭങ്ങളുടെ നിറം ക്രമേണ ഇരുണ്ടുവന്നു. പിന്നീട് മലിനീകരണം കുറഞ്ഞപ്പോൾ ശലഭങ്ങൾ ഇളം നിറത്തിലുള്ളതായി തിരികെ മാറി. യഥാർഥത്തിൽ ഇരപിടിയന്മാർ ഇളം നിറത്തിലുള്ളവയെ വേഗം തിരിച്ചറിഞ്ഞ് ആഹരിച്ചതുകൊണ്ടാണ് ഇരുണ്ട നിറക്കാർ അക്കാലത്ത് പെരുകിയത്. ഇതേക്കുറിച്ച് വന്ന ജനിതകപഠനം സയൻസ് മാഗസിനിൽ 2011- ൽ പ്രസിദ്ധീകരിച്ചു. അതെക്കുറിച്ചെഴുതിയ ഒരു ലേഖനം നേച്ചർ മാഗസിനിലും അതേസമയത്ത് പ്രസിദ്ധീകരിച്ചിരുന്നു. ലിവർപൂൾ സർവ്വകലാശാലയിലെ ഐലിക് സകേരിയുടെ നേതൃത്വത്തിലാണ് പഠനം നടത്തിയത്. ഏതാണ്ട് 1918 - ലാവും ജനിതകമായി രണ്ടു തരവും തമ്മിൽ വേർതിരിഞ്ഞതെന്നും ജീനോമിലെ ഒരൊറ്റ മ്യൂട്ടേഷനാണ് കാരണമെന്നും പഠനത്തിൽ കണ്ടെത്തി.

പെപ്പേർഡ് മോത്ത് എന്നറിയപ്പെടുന്ന ലണ്ടനിലെ നിശാശലഭത്തിന് സംഭവിച്ച പരിണാമങ്ങളുടെ ഘട്ടങ്ങൾ.
പെപ്പേർഡ് മോത്ത് എന്നറിയപ്പെടുന്ന ലണ്ടനിലെ നിശാശലഭത്തിന് സംഭവിച്ച പരിണാമങ്ങളുടെ ഘട്ടങ്ങൾ.

ഇതോടനുബന്ധിച്ച് 'ജമ്പിംഗ് ഡി എൻ എ' എന്നൊരു പ്രയോഗം രചയിതാക്കൾ നടത്തുന്നുണ്ട്. ഒരു ഡി എൻ എ ഖണ്ഡം ഒരു ജീവിയുടെ ജീനോമിലെ ഒരു സ്ഥാനത്തുനിന്ന് മറ്റൊരു സ്ഥാനത്തേക്ക് മാറ്റി പ്രതിഷ്ഠിക്കപ്പെടുന്നതാണ് സംഗതി. ഒന്നിൽ കൂടുതൽ ജീനുകളും ജീൻ നിയന്ത്രണഭാഗങ്ങളും നോൺ കോഡിംഗ് ഭാഗങ്ങളും ഇതിൽ ഉൾപ്പെടാം. ഒരുമിച്ചായിരിക്കും ഇത് മാറ്റി പ്രതിഷ്ഠിക്കപ്പെടുക. സാധാരണ കോശങ്ങളിൽ ജീനോമിലെ ക്രോമസോമുകൾ ജോടികളായാണ് ക്രമീകരിച്ചിരിക്കുന്നത്. അതായത് മിക്കവാറും ഒരേ പോലെയുള്ള രണ്ട് ക്രോമസോമുകൾ വീതമുണ്ടാകും. ലൈംഗിക പ്രജനനത്തിൽ അണ്ഡ-ബീജകോശങ്ങളുണ്ടാകുന്ന മയോസിസ് എന്ന പ്രക്രിയയുണ്ട്. അപ്പോൾ മുൻപറഞ്ഞ ഒരേപോലെയുള്ള ക്രോമസോമുകൾ തമ്മിൽ ഡി എൻ എ ഖണ്ഡങ്ങൾ കൈമാറും. ഇവയാണ് ജമ്പിംഗ് ഡി എൻ എ അഥവാ ‘ട്രാൻസ്പസോൺസ്’ എന്നറിയപ്പെട്ടുന്നത്. അണ്ഡ- ബീജകോശങ്ങളിൽ പാതി ക്രോമസോമുകൾ മാത്രമേ ഉണ്ടാകയുള്ളൂ എന്നറിയാമല്ലോ. ഒരു ജമ്പിംഗ് പീസ് ഓഫ് ഡി എൻ എ അഥവാ ട്രാൻസ്പസോൺ പ്രതിനിധീകരിക്കുന്ന സ്വഭാവങ്ങൾ ഒരുമിച്ചായിരിക്കും തലമുറകളിൽ നിന്ന് തലമുറകളിലേക്ക് കൈമാറ്റം ചെയ്യുന്നത്. അതാണിതിന്റെ പ്രസക്തി. ഗവേഷകർ ശലഭത്തിന്റെ നിറം തീരുമാനിക്കുന്ന ജീൻ ഉൾപ്പെടുന്ന ട്രാൻസ്പസോൺ കണ്ടെത്തി അതെക്കുറിച്ച് വിവരിക്കുന്നുണ്ട്.

എന്നാൽ പ്രഭാഷണത്തിൽ രവിചന്ദ്രൻ പറയുന്നത് മറ്റൊരു കാര്യമാണ്. 1918-ൽ ഒരു ഡി എൻ എ ജമ്പ് ഉണ്ടായി എന്നാണ് പറയുന്നത്. അതാണത്രെ ഇരുണ്ട നിറം നല്കിയത്. മ്യൂട്ടേഷൻ എന്നാണ് പ്രഭാഷകൻ അർത്ഥമാക്കുന്നതെന്ന് തോന്നുന്നത്. ഒരു നാടകീയതക്ക് ഡി എൻ എ ചാട്ടം എന്നൊക്കെ പറയാമല്ലോ. ഗവേഷണപ്രബന്ധമോ അതെക്കുറിച്ച് വന്ന ലേഖനമോ വായിച്ച് തെറ്റായ ധാരണകളിലേക്ക് പോയതാണെന്ന് വ്യക്തമാണ്.

ആർട്ടിഫിഷ്യൽ സെലക്ഷൻ, ആർട്ടിഫിഷ്യൽ ചിന്ത

നാച്ചുറൽ സെലക്ഷൻ എന്താണെന്ന് കൂടുതൽ വ്യക്തമാക്കാനുള്ള ശ്രമത്തിലാവും അതിനെ ആർട്ടിഫിഷ്യൽ സെലക്ഷനുമായി താരതമ്യം ചെയ്യുകയും ചെയ്യുന്നുണ്ട് പ്രഭാഷകൻ. അതിനിടയിൽ ആഫ്രിക്കൻ ആനയെക്കുറിച്ച് വീണ്ടും ചർച്ച ചെയ്യുന്നുണ്ട്. പക്ഷേ അവിടെയൊരു പ്രശ്നമുണ്ട്. വേട്ടക്കാർ വരുംതലമുറകളിൽ ആനകൾക്ക് കൊമ്പില്ലാതെയാകുകയോ നീളം കുറയുകയോ ചെയ്യുമെന്ന് അറിഞ്ഞുകൊണ്ടോ ആഗ്രഹിച്ചുകൊണ്ടോ അല്ലല്ലോ വേട്ടയാടുന്നത്. അതവിടെ നില്ക്കട്ടെ.
കൃഷിയുടെയും വളർത്തുമൃഗങ്ങളുടെയും കാര്യത്തിലാണ് കൃത്രിമ നിർദ്ധാരണം അഥവാ ആർട്ടിഫിഷ്യൽ സെലക്ഷൻ പ്രസക്തമാവുന്നത്. ചരിത്രാതീതകാലം മുതൽ കർഷകർ ചെയ്തു വരുന്നതാണിത്. മനുഷ്യർക്ക് താല്പര്യമുള്ള പ്രത്യേക ഗുണവിശേഷങ്ങളുള്ള ചെടികളിൽ നിന്നോ മൃഗങ്ങളിൽ നിന്നോ മാത്രം പ്രജനനം നടത്തുന്ന രീതിയാണിത്. ഓരോ തലമുറയിലും ഇത് തുടരുന്നു. അങ്ങനെയാണ് മാംസളമായ പഴങ്ങൾ ഉൾപ്പടെയുള്ള വിളകൾ ഉണ്ടായിവന്നത്. നായ ഉൾപ്പടെയുള്ള വളർത്തുമൃഗങ്ങൾ ഇന്ന് കാണുന്ന രൂപത്തിലായതും അങ്ങനെ തന്നെയാണ്. ഇപ്പോഴും പ്രക്രിയ തുടരുന്നുമുണ്ട്. 'കർഷകർ ജനറ്റിക് എൻജിനിയറിംഗ് ആണ് ചെയ്യുന്നത്’, 'കർഷകൻ ജീനോം എടുത്തുമാറ്റുകയാണ്’, 'ജീൻ പൂൾ എടുത്ത് മാറ്റുകയാണ്’ എന്നൊക്കെയാണ് രവിചന്ദ്രൻ ഇതെക്കുറിച്ച് പറയുന്നത്.

ഡി. ഡി. റ്റി ‘ഔട്ടാ’യത്, എറുമ്പുൾപ്പടെയുളള കീടങ്ങൾ അതിനോട് പ്രതിരോധശേഷി ആർജ്ജിച്ചതുകൊണ്ടാണ് എന്നാണ് രവിചന്ദ്രൻ പറയുന്നത്. വസ്തുതകൾ ഭാഗികമായി മാത്രം പറഞ്ഞ് സ്വന്തം സിദ്ധാന്തത്തിന് ബലം നല്കുന്ന രീതിയാണിത്. പ്രകൃതിയിൽ ദീർഘകാലം നിലനില്ക്കുന്ന ഹാനികരമായ ഒരു ഓർഗാനോ ക്ലോറിൻ മാലിന്യമായതുകൊണ്ടാണ് അതുപേക്ഷിക്കപ്പെടുന്നത്.

എങ്ങനെയാണ് ജീൻ പൂൾ എടുത്തുമാറ്റുക? ജീൻ പൂൾ എന്താണെന്ന് പ്രഭാഷകനറിയില്ലെന്ന് വീണ്ടും വ്യക്തമാക്കിത്തരുന്നു. ഏതെങ്കിലും ഒരു പ്രത്യേക സസ്യത്തിന്റെയോ മൃഗത്തിന്റെയോ ജീനോം അതു പോലെ അടുത്ത തലമുറയിൽ കിട്ടണമെന്ന് താല്പര്യമുണ്ടാകാം. പക്ഷേ ലൈംഗികപ്രജനനത്തിൽ അത് സാദ്ധ്യമാവില്ല. അപ്പോൾ പ്രഭാഷകൻ പറയുന്ന ജീനോം എടുത്തുമാറ്റുക എന്നതും പൂർണ്ണമായി നടക്കുന്ന കാര്യമല്ല. അലൈംഗിക പ്രജനനത്തിൽ മാത്രമേ അതിന് സാദ്ധ്യതയുള്ളൂ. രവിചന്ദ്രന്റെ ഭാഷയിൽ ജീൻ പൂളും ജീനോമും എടുത്തുമാറ്റുന്ന കർഷകന് പക്ഷേ ഒന്നുമറിയില്ല. ഇതൊക്കെ അങ്ങനെ ചെയ്യുന്നുവെന്നേയുള്ളൂ. ജീനോമും ജീൻ പൂളും എന്താണെന്ന് കർഷകനറിയുന്നുണ്ടാവില്ല. പക്ഷേ അറിയാവുന്ന കാര്യങ്ങളുണ്ട്. പാരമ്പര്യമായി കൈമാറ്റം ചെയ്യാവുന്ന സ്വഭാവസവിശേഷതകൾ സസ്യങ്ങൾക്കും ജന്തുക്കൾക്കുമുണ്ട്. കൂട്ടത്തിൽ ഉപകാരപ്രദമായ സവിശേഷതകളുള്ളവയുടെ സന്തതികളെ തെരെഞ്ഞെടുത്താൽ ഈ ഗുണങ്ങൾ വരും തലമുറയിൽ ലഭിക്കാൻ സാദ്ധ്യതയുണ്ട്. അതറിയാവുന്നതുകൊണ്ടാണ് കർഷകർ തലമുറകളായി ഈ പ്രവർത്തനം നടത്തിയിരുന്നത്. കർഷകരുടെ ഇത്തരം അറിവുകളിൽ നിന്നാണ് ജനിതക പഠനത്തിന്റെ തുടക്കം കുറിക്കുന്നതും.

ഒരുപക്ഷേ ഇങ്ങനെയൊക്കെ പറയുന്നത് ചില അബദ്ധധാരണകളുടെ അടിസ്ഥാനത്തിലാവും. പ്രഭാഷകന്റെ ചില വാചകങ്ങൾ ശ്രദ്ധിക്കാം:

'നാച്ചുറലായി നടക്കുന്ന ഒരു കാര്യമാണ് നമ്മൾ ആർട്ടിഫിഷ്യലായി ചെയ്യുന്നത്’.
‘നാച്ചുറലായി നടക്കാത്ത ഒരു കാര്യവും നമുക്ക് ആർട്ടിഫിഷ്യലായി ചെയ്യാൻ പറ്റില്ല’.
'നാച്ചുറലായി നടക്കുന്ന കാര്യം അതിന്റെ റസിപ്പി നോക്കിയിട്ട് ആർട്ടിഫിഷ്യലായി ചെയ്യാൻ പറ്റും’.

ഈ വാചകങ്ങളിൽ നിന്ന് യുക്തിസഹമായ എന്തെങ്കിലും അനുമാനിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. പ്രഭാഷകൻ തുടരുന്നു:
‘എല്ലാം തനിയെയാണ് നടക്കുന്നത്, എല്ലാം നാച്ചുറലായിട്ട് നടക്കുന്നു. ഒരു ഏജന്റില്ല. ഒരു ഡിസൈനുമില്ല. ഒരു പർപസുമില്ല. ഒന്നുമില്ല’.

എന്താണാവോ ഇപ്പറയുന്നതൊക്കെ? മനുഷ്യരുടെ കാർഷികവിളകളോ വളർത്തുമൃഗങ്ങളോ ഒന്നും സ്വാഭാവികമായി, നാച്ചുറലായി ഉണ്ടായതല്ല. മനുഷ്യർ ചില ഉദ്ദേശ്യങ്ങളോടെ പ്രകൃതിയിൽ ഇടപെട്ട് മാറ്റിയെടുത്തതാണ്. രവിചന്ദ്രൻ പറയുന്നതുപോലെ ഒക്കെ നാച്ചുറലായി നടക്കുമെങ്കിൽ മനുഷ്യർ ഇടപെടണ്ടല്ലോ? പെറുക്കിത്തിന്ന് നടന്നാൽ മതിയായിരുന്നു.

പിന്നീട് ഡി. ഡി. റ്റി. ഒഴിവാക്കപ്പെട്ടതിനെക്കുറിച്ച് പറയുന്നു. രവിചന്ദ്രൻ പറയുന്നതനുസരിച്ച് നാച്ചുറൽ ആയി നടന്നതാവും. എറുമ്പുൾപ്പടെയുളള കീടങ്ങൾ അതിനോട് പ്രതിരോധശേഷി ആർജ്ജിച്ചതുകൊണ്ടാണ് ഔട്ട് ആയതെന്നാണ് രവിചന്ദ്രൻ പറയുന്നത്. വസ്തുതകൾ ഭാഗികമായി മാത്രം പറഞ്ഞ് സ്വന്തം സിദ്ധാന്തത്തിന് ബലം നല്കുന്ന രീതിയാണിത്. പ്രകൃതിയിൽ ദീർഘകാലം നിലനില്ക്കുന്ന ഹാനികരമായ ഒരു ഓർഗാനോ ക്ലോറിൻ മാലിന്യമായതുകൊണ്ടാണ് അതുപേക്ഷിക്കപ്പെടുന്നത്. രവിചന്ദ്രൻ പറഞ്ഞ കാരണം കൊണ്ട് ഫലപ്രാപ്തിയും കുറഞ്ഞിരുന്നു. ശ്രദ്ധിക്കണം ഔട്ട് ആകുകയല്ല, ദീർഘമായ പഠനങ്ങൾക്കും ചർച്ചകൾക്കും ശേഷം ബോധപൂർവ്വം ഉപേക്ഷിക്കുകയാണുണ്ടായത്. ഇങ്ങനെയിതവതരിപ്പിക്കുന്നത് ആശയപരമായ നിലപാടുകളുടെ ഭാഗമായി തന്നെയാവണം.

പൊതു തത്വം

ഇനി പ്രഭാഷകൻ തുടക്കത്തിൽ പ്രസ്താവിച്ച ഒരു കാര്യത്തിലേക്ക് ഒരിക്കൽ കൂടി വരാം. ബയോളജിക്കൽ എവലൂഷന്റെ പശ്ചാത്തലത്തിലല്ല നാച്ചുറൽ സെലക്ഷനെക്കുറിച്ച് പറഞ്ഞതെന്നാണ് അത്. ഭയം, അസൂയ തുടങ്ങിയ വികാരങ്ങളും സോഷ്യൽ മൊറാലിറ്റിയുമൊക്കെ ഉരുത്തിരിയുന്നതിനെക്കുറിച്ചും ഭാഷകളുടെ ഉല്പത്തിയെക്കുറിച്ചുമൊക്കെ ചർച്ച ചെയ്യുമ്പോഴാണ് എന്നാണ് വാദം. തന്നെയുമല്ല നാച്ചുറൽ സെലക്ഷൻ എന്നൊരു പൊതുതത്വമുണ്ട്. അത് പ്രപഞ്ചത്തിലെ എല്ലാ പ്രതിഭാസങ്ങൾക്കും ബാധകമാണെന്നുമുണ്ട് പ്രസ്താവന. സാധൂകരണമായി നാസ്തിക ഫിലോസഫറായ ഡാനിയൽ ഡന്നറ്റിന്റെ വാദം ചൂണ്ടിക്കാണിക്കുന്നു. പ്രപഞ്ചത്തിലെ എല്ലാ പ്രതിഭാസങ്ങൾക്കും ബാധകമായ തത്വമൊക്കെ ഒരു ഫിലോസഫർ പറഞ്ഞാൽ മതിയോ? അരിസ്റ്റോട്ടിലിന്റെ കാലമല്ലല്ലോ? തെളിവുകളല്ലേ നയിക്കേണ്ടത്?

ഭയം, പരിണാമം

ഭയം എന്ന വികാരം ഉരുത്തിരിയുന്നത് രവിചന്ദ്രൻ, നാച്ചുറൽ സെലക്ഷൻ ഉപയോഗിച്ച് വിശദീകരിക്കാൻ ശ്രമിക്കുന്നുണ്ട്. പൗരാണിക മനുഷ്യരിൽ ഭയമെന്ന വികാരമുണ്ടായിരുന്നിരിക്കില്ല. ഒരു ‘ന്യൂറൽ മൂവ്’ സംഭവിച്ചു. ജനിതക വ്യതിയാനങ്ങൾ മൂലമെന്നു തന്നെയാവും ഉദ്ദേശിക്കുന്നത്. അങ്ങനെ ഭയമുളളവരും ഇല്ലാത്തവരും ഉണ്ടായി. ഭയമില്ലാത്തവർ കൂടുതലായി അപകടങ്ങളിൽ പെട്ടു. ചെന്ന് കയറിക്കൊടുക്കുന്ന എന്നാണ് പ്രഭാഷകന്റെ പ്രയോഗം. സ്വാഭാവികമായി പിൻതലമുറകളിൽ ഭയമുള്ളവർ കൂടുതലായി അതിജീവിക്കുന്നു. അങ്ങനെ ഭയം മനുഷ്യരുടെ ഒരു പൊതു വൈകാരികഭാവമായി എന്നാണ് രവിചന്ദ്രന്റെ വിശദീകരണം. ഇതൊന്നും ബയോളജിക്കൽ എവലൂഷൻ അല്ല എന്നാണ് തന്റെ തീവണ്ടിക്കഥയെ രക്ഷിച്ചെടുക്കാൻ പറഞ്ഞത്. പക്ഷേ പിന്നീട് അത് തന്നെ ബയോളജിക്കൽ എവലൂഷൻ ഉപയോഗിച്ച് വിശദീകരിക്കാൻ ശ്രമിക്കുന്നു. പരിതാപകരം എന്നല്ലാതെ ഒന്നും പറയാനില്ല.

 മനുഷ്യരിൽ ഉത്കണ്ഠയും ഭയവുമൊക്കെ ഉളവാക്കുന്ന ഹോർമോൺ സർക്യൂട്ടാണ് യുദ്ധസന്നദ്ധതയ്ക്കും കാരണമാവുന്നത്. 'ഫൈറ്റ് ഓർ ഫ്ലൈറ്റ് റസ്പോൺസ് ' എന്നാണ് പറയാറുള്ളത്. അതായത് നവനാസ്തികരുടെ ഓമനസിദ്ധാന്തങ്ങൾ പോലെ ലളിതമല്ല കാര്യങ്ങൾ / Photo : wikimedia.org
മനുഷ്യരിൽ ഉത്കണ്ഠയും ഭയവുമൊക്കെ ഉളവാക്കുന്ന ഹോർമോൺ സർക്യൂട്ടാണ് യുദ്ധസന്നദ്ധതയ്ക്കും കാരണമാവുന്നത്. 'ഫൈറ്റ് ഓർ ഫ്ലൈറ്റ് റസ്പോൺസ് ' എന്നാണ് പറയാറുള്ളത്. അതായത് നവനാസ്തികരുടെ ഓമനസിദ്ധാന്തങ്ങൾ പോലെ ലളിതമല്ല കാര്യങ്ങൾ / Photo : wikimedia.org

ഇനി മനുഷ്യപരിണാമചരിത്രത്തിന്റെ പശ്ചാത്തലത്തിൽ വിശദീകരണം ഒന്ന് പരിശോധിക്കാം.
ഭയം മനുഷ്യർക്ക് മാത്രമല്ല, മൃഗങ്ങൾക്കുമുണ്ട്. ന്യായമായും മനുഷ്യപൂർവ്വികരിലും ഉണ്ടായിരുന്നിരിക്കണം. അങ്ങനെ വരുമ്പോൾ രവിചന്ദ്രന്റെ വിശദീകരണം കുറെക്കൂടി പിറകോട്ട് കൊണ്ടുപോകേണ്ടിവരും. ഇനി വേട്ടയാടിയും പെറുക്കിയെടുത്തും ജീവിച്ചിരുന്ന നമ്മുടെ പൂർവ്വിക മനുഷ്യരെ ആലോചിക്കൂ. ഭയന്നിരുന്നവർക്കെവിടെ ഭക്ഷണം? കമ്പുകളും കൂർത്ത കല്ലുകളും കൊണ്ട് കൂട്ടമായി മാമത്തുകളെ വേട്ടയാടിയിരുന്നവരുടെ പിൻമുറക്കാരാണ് നമ്മൾ. അറിയാത്ത അപകടങ്ങളിലേക്ക് ആഫ്രിക്കയിൽനിന്ന് പുറപ്പെട്ട ഏതാനും ആയിരങ്ങളല്ലേ നമ്മുടെ മുൻഗാമികൾ? നടന്നും നീന്തിയുമൊക്കെ എത്ര തലമുറ എവിടെയൊക്കെ എത്തി? പ്രഭാഷകൻ പറയുന്ന പോലെയുള്ള അതീവ ലളിതമാക്കിയ കഥകളുപയോഗിച്ച് മനുഷ്യന്റെ വൈകാരികവും സാമൂഹികവുമായ പെരുമാറ്റ സവിശേഷതകൾ വിശദീകരിക്കാമെന്നു തോന്നാം. പക്ഷേ പരമാബദ്ധമാണത്. ജനിതകപരവും പരിണാമപരവും സാമൂഹികവും സാംസ്ക്കാരികവും വികാസപരവുമായ വിവിധ ഘടകങ്ങളുടെ സങ്കീർണ്ണമായ പ്രതിപ്രവർത്തനങ്ങളിൽ നിന്നാണ് ഇത്തരം വൈകാരിക പ്രവർത്തനങ്ങളുണ്ടാകുന്നത്. മനുഷ്യരിൽ ഉത്കണ്ഠയും ഭയവുമൊക്കെ ഉളവാക്കുന്ന ഹോർമോൺ സർക്യൂട്ടാണ് യുദ്ധസന്നദ്ധതയ്ക്കും കാരണമാവുന്നത്. 'ഫൈറ്റ് ഓർ ഫ്ലൈറ്റ് റസ്പോൺസ് ' എന്നാണ് പറയാറുള്ളത്. അതായത് നവനാസ്തികരുടെ ഓമനസിദ്ധാന്തങ്ങൾ പോലെ ലളിതമല്ല കാര്യങ്ങൾ.

പാശ്ചാത്യ നവനാസ്തികരുടെ സവിശേഷതയായി പറയപ്പെടുന്ന 'മോറൽ ഹൈ ഗ്രൗണ്ട്' നിലപാടിനൊപ്പം ഒരു 'എപ്പിസ്റ്റമോളജിക്കൽ ഹൈ ഗ്രൗണ്ട്' നിലപാട് കൂടിയുണ്ട് കേരളത്തിലെ അനുകർത്താക്കൾക്ക്. അതുകൊണ്ട് വൈജ്ഞാനിക പ്രചാരണത്തിന്റെ ബാദ്ധ്യതയും അവകാശവും

സർവ്വ മേഖലകളിലും
പ്രയോഗക്ഷമം?

നാച്ചുറൽ സെലക്ഷൻ സർവ്വ മേഖലകളിലും പ്രയോഗക്ഷമമായ ഒരു പൊതു തത്വമാണെന്ന് പറഞ്ഞത് കുറച്ചുകൂടി സൂക്ഷ്മമായി പരിശോധിക്കേണ്ട കാര്യമാണ്.
ആദ്യം പൊതുതത്വം പറയും, പിന്നീട് ബയളോജിയിലും മറ്റ് മേഖലകളിലും പ്രയോഗിക്കും. അത് വ്യത്യസ്തമാണ് എന്നാണ് പ്രഭാഷകൻ പറഞ്ഞുവെക്കുന്നത്. തന്റെ അനലോജി ബയോളജിക്കൽ എവലൂഷന് പറ്റില്ല എന്ന് മനസ്സിലാക്കിക്കൊണ്ടുള്ള ന്യായീകരണം ചമയ്ക്കലാണിതൊക്കെ. സയൻസിന്റെ രീതി പ്രഭാഷകന്റെ താല്പര്യമനുസരിച്ചല്ല വികാസം പ്രാപിച്ചിട്ടുള്ളത്. പ്രതിഭാസങ്ങളിൽനിന്ന് പ്രമാണത്തിലേക്ക് എന്നതാണ് സയൻസിന്റെ രീതി. ശാസ്ത്രപ്രചാരകർ അറിയേണ്ട കാര്യങ്ങളാണിതൊക്കെ. പ്രപഞ്ചത്തിലെ എല്ലാ പ്രതിഭാസങ്ങളിലും പ്രയോഗിക്കാൻ പാകത്തിൽ 'റെഡിമെയ്ഡ്’ പൊതുതത്വമൊന്നും സയൻസിലില്ല. ഉണ്ടെങ്കിലെത്ര നന്നായിരുന്നു. തന്റെ വാദങ്ങളുടെ സാധൂകരണമായി പ്രഭാഷകൻ നാച്ചുറൽ സെലക്ഷൻ ഇതര മേഖലകളിൽ പ്രയോഗക്ഷമമാവുന്ന ഉദാഹരണങ്ങൾ ചൂ ണ്ടിക്കാണിക്കുന്നുണ്ട്. ശാസ്ത്രത്തിൽ നിന്നും ശാസ്ത്രേതര മേഖലകളിൽനിന്നുമുണ്ട് ഉദാഹരണങ്ങൾ. അവയിൽ ചിലത് കൂടി പരിശോധിക്കേണ്ടതുണ്ട്.

ഡാർവിനിയൻ കോസ്മോളജി,
ക്വാണ്ടം ഡാർവിനിസം

കോസ്മോളജിയിലെയും ക്വാണ്ടം ബലതന്ത്രത്തിലെയും ചില ഗവേഷണ മേഖലകളിലാണ് നാച്ചുറൽ സെലക്ഷൻ പ്രയോഗിക്കപ്പെടുന്നുണ്ടെന്ന് പ്രഭാഷകൻ ചൂണ്ടിക്കാണിക്കുന്ന ശാസ്ത്രശാഖകൾ. സൈദ്ധാന്തിക ഗവേഷണത്തിന്റെ അതിരുകളിൽ നില്ക്കുന്ന സാങ്കേതികവും സവിശേഷവുമായ വൈജ്ഞാനികമേഖലകളാണ് ഇവ. പ്രസ്തുത വിഷയങ്ങളിൽ വിശദചർച്ച നമ്മുടെ ലക്ഷ്യത്തിനും പരിധിക്കും പുറത്താണ്. എങ്കിലും ഒന്ന് സ്പർശിച്ച് പോകാൻ ശ്രമിക്കാം.

പ്രപഞ്ചോല്പത്തിയെക്കുറിച്ചുള്ള ബിംഗ് ബാംഗ് സിദ്ധാന്തം ഉടലെടുക്കുന്നത് ഐൻസ്റ്റീന്റെ ജനറൽ റിലേറ്റിവിറ്റിയിൽ നിന്നാണ്. ക്വാണ്ടം ബലതന്ത്രവും ജനറൽ റിലേറ്റിവിറ്റിയും വ്യത്യസ്ത തലങ്ങളിൽ ആവർത്തിച്ച് തെളിയിക്കപ്പെട്ട ശാസ്ത്രസിദ്ധാന്തങ്ങളാണ്. പക്ഷേ ഇവ തമ്മിൽ ചില പൊരുത്തക്കേടുകളുണ്ട്. അതൊക്കെ പരിഹരിച്ച് അവ സംയോജിപ്പിക്കുക എന്നത് സൈദ്ധാന്തിക ഭൗതികത്തിലെ പ്രധാന ഗവേഷണ പ്രഹേളികയാണ്. വ്യത്യസ്ത പരികല്പനകളും സമീപനങ്ങളുമൊക്കെ ഗവേഷകർ പ്രശ്നത്തിൽ സ്വീകരിക്കാറുണ്ട്. 'സ്പെക്യുലേറ്റീവ്' തലങ്ങളുള്ള പരികല്പനകൾ ധാരാളമായി വരാറുള്ള മേഖലയാണിത്.

ലീ സ്മോളിൻ എന്ന കോസ്മോളജിസ്റ്റ് മുന്നോട്ടു വയ്ക്കുന്ന 'ഡാർവിനിയൻ കോസ്മോളജി' എന്നറിയപ്പെടുന്ന പരികല്പനയാണ് രവിചന്ദ്രൻ ചൂണ്ടിക്കാണിക്കുന്നത്. യഥാർത്ഥത്തിൽ ബയോളജിയിലെ ഡാർവിനിയൻ സിദ്ധാത്തിന്റെ ഏകദേശ സാദൃശമുള്ള പരികല്പന പ്രയോഗിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. 'ലൂസ് അനലോജി' എന്ന് ആംഗലേയത്തിൽ പറയാം. ബിഗ് ബാംഗ് സിദ്ധാന്തവും ക്വാണ്ടം സിദ്ധാന്തവും സംയോജിപ്പിക്കുന്നിടത്ത് 'ഡാർവിനിയൻ എവലൂഷൻ' കൂടി കൊണ്ടുവന്ന് സംയോജനം യാഥാർത്ഥ്യമാക്കാനുള്ള കൗതുകകരമായ ശ്രമമാണ് സംഗതി. 'ദി ലൈഫ് ഓഫ് ദി കോസ്മോസ്' എന്നൊരു പുസ്തകം ഈ വിഷയവുമായി ബന്ധപ്പെട്ട് വാട്ടർലൂ സർവ്വകലാശാലയിലെ പ്രൊഫസറായ സ്മോളിൻ എഴുതിയിട്ടുണ്ട്. സ്മോളിന്റെയും മറ്റ് ചിലരുടെയും ചില പ്രബന്ധങ്ങളും വിഷയത്തിൽ വന്നിട്ടുണ്ട്.

നമ്മുടെ പ്രപഞ്ചത്തെപ്പോലെ അനന്തമായ ഇതര പ്രപഞ്ചങ്ങളുണ്ടാകാമെന്ന ചില പരികല്പനകൾ കോസ്മോളജിയിലുണ്ട്. അതുപോലെതന്നെ ബ്ലാക്ക് ഹോളുകളിൽ പ്രപഞ്ചം അമർന്നുപോകുന്നതിന് വിപരീതമായ ഒരു പ്രക്രിയയിൽ നവപ്രപഞ്ചങ്ങൾ ഉണ്ടായിവരാമെന്നും പരികല്പനകൾ മുന്നോട്ട് വയ്ക്കപ്പെട്ടിട്ടുണ്ട്. ഇതാണ് സ്മോളിൻ സ്വീകരിക്കുന്നത്. ഇവിടെയാണ് ഡാർവിനിയൻ സിദ്ധാന്തത്തിന്റെ സദൃശരൂപം പ്രയോഗിക്കുന്നത്. കൂടുതൽ ബ്ലാക്ക് ഹോളുകളുണ്ടാകാൻ സാദ്ധ്യതയുള്ള പ്രപഞ്ചത്തിൽനിന്നാണ് കൂടുതൽ നവപ്രപഞ്ചങ്ങൾ അല്ലെങ്കിൽ പുത്രികാപ്രപഞ്ചങ്ങൾ ഉണ്ടാകാൻ സാദ്ധ്യത. ഡാർവിനിയൻ നാച്ചുറൽ സെലക്ഷനിൽ 'അതിജീവനം' ഉണ്ടാവുന്നത് അത്തരം പ്രപഞ്ചങ്ങൾക്കാവും. അത്തരമൊരു പ്രപഞ്ചത്തിലിരുന്നാവും നമ്മൾ ഇത്തരമൊരു ചോദ്യമുന്നയിക്കുന്നതും ചർച്ച ചെയ്യുന്നതും.

സ്ഥിരാങ്കങ്ങളുടെ മൂല്യങ്ങൾ നമ്മുടെ പ്രപഞ്ചത്തിലേതുപോലെ നിജപ്പെടുമ്പോഴാണ് കൂടുതൽ ബ്ലാക്ക് ഹോളുകൾ ഉണ്ടാകാൻ സാദ്ധ്യത. അപ്പോഴാണ് കൂടുതൽ നവപ്രപഞ്ചങ്ങൾ അവയിൽ നിന്നുണ്ടാകുന്നത്.  / Photo : wikimedia.org
സ്ഥിരാങ്കങ്ങളുടെ മൂല്യങ്ങൾ നമ്മുടെ പ്രപഞ്ചത്തിലേതുപോലെ നിജപ്പെടുമ്പോഴാണ് കൂടുതൽ ബ്ലാക്ക് ഹോളുകൾ ഉണ്ടാകാൻ സാദ്ധ്യത. അപ്പോഴാണ് കൂടുതൽ നവപ്രപഞ്ചങ്ങൾ അവയിൽ നിന്നുണ്ടാകുന്നത്. / Photo : wikimedia.org

'ആന്ത്രോപിക് ക്വസ്റ്റ്യൻ', 'ആന്ത്രോപിക് തത്വം' എന്നൊക്കെ പറയുന്ന ഒരു കാര്യം കൂടി പരിശോധിച്ചാലേ കാര്യങ്ങൾ കുറച്ചു കൂടി വ്യക്തമാകുകയുള്ളൂ. നമ്മുടെ പ്രപഞ്ചം ഇങ്ങനെ നക്ഷത്രക്കൂട്ടങ്ങളായും സൗരയൂഥം പോലെയുളള നക്ഷത്ര- ഗ്രഹ സംവിധാനങ്ങളായും ഉരുത്തിരിയാനും ഇവിടെയൊക്കെ ഇപ്പോഴുള്ളതുപോലെ മൂലകങ്ങളുണ്ടായി വരാനും ഭൂമിയിൽ കാർബൺ അധിഷ്ഠിത ജൈവലോകം ഉണ്ടാകാനും പാകത്തിൽ കൃത്യമായി 'ഡിസൈൻ' ചെയ്ത പോലെ തോന്നാം. ഭൗതികനിയമങ്ങൾ അതനുവദിക്കുന്നു. അടിസ്ഥാന ഭൗതിക സ്ഥിരാങ്കങ്ങൾ എന്നുവിളിക്കുന്ന ചില ഘടകങ്ങളുണ്ട്. അവയുടെ മൂല്യം മുൻപറഞ്ഞ ഡിസൈന് പാകത്തിൽ വളരെ കൃത്യമായി നിജപ്പെടുത്തിയിരിക്കുകായാണെന്ന് തോന്നും. ഗ്രാവിറ്റേഷണൽ കോൺസ്റ്റന്റ്, പ്ലാങ്ക് കോൺസ്റ്റന്റ്, ഹിഗ്ഗ്സ് ഫീൽഡ് കോൺസ്റ്റന്റ് തുടങ്ങിയവ ഉദാഹരണങ്ങളാണ്. ഈ സ്ഥിരാങ്കങ്ങൾ ഇങ്ങനെയായതുകൊണ്ടാണ് പ്രോട്ടോണും ന്യൂട്രോണും തമ്മിൽ പിണ്ഡത്തിൽ നേരിയ വ്യത്യാസമുളളത്. അതുകൊണ്ടാണ് ന്യൂക്ലിയാർ സംയോജനം സാദ്ധ്യമാവുന്നത്. അങ്ങനെയാണ് ഹൈഡ്രജനിൽനിന്ന് ഉയർന്ന മൂലകങ്ങൾ നക്ഷത്രങ്ങളിൽ സൃഷ്ടിക്കപ്പെട്ടുന്നത്. രവിചന്ദ്രൻ പ്രോട്ടോൺ ന്യൂട്രോൺ പിണ്ഡവ്യത്യാസത്തിന്റെ കാര്യം പ്രഭാഷണത്തിൽ പറയുന്നുണ്ട്. എന്തുകൊണ്ട് ഇതൊക്കെ ഇങ്ങനെ നിജപ്പെടുത്തിയിരിക്കുന്നു എന്ന ചോദ്യമാണ് ആന്ത്രോപ്പിക് ക്വസ്റ്റ്യൻ. നമ്മൾ ഇവിടെ ഇങ്ങനെ ഉരുത്തിരിഞ്ഞുവന്നതുകൊണ്ടാണ് ഈ ചോദ്യം ഉണ്ടാകുന്നതെന്നാണ് ഉത്തരം.

ഇനി സ്മോളിനിലേക്ക് വരാം.
സ്ഥിരാങ്കങ്ങളുടെ മൂല്യങ്ങൾ നമ്മുടെ പ്രപഞ്ചത്തിലേതുപോലെ നിജപ്പെടുമ്പോഴാണ് കൂടുതൽ ബ്ലാക്ക് ഹോളുകൾ ഉണ്ടാകാൻ സാദ്ധ്യത. അപ്പോഴാണ് കൂടുതൽ നവപ്രപഞ്ചങ്ങൾ അവയിൽ നിന്നുണ്ടാകുന്നത്. നവപ്രപഞ്ചങ്ങളിലോരോന്നിലും മുൻപറഞ്ഞ സ്ഥിരാങ്കങ്ങൾക്ക് ചെറിയ ചെറിയ വ്യത്യാസങ്ങളുണ്ടാകും. അതാണ് ഇവിടുത്തെ മ്യൂട്ടേഷൻ. അപ്പോൾ അവിടെയൊക്കെ ഭൗതിക നിയമങ്ങൾ വ്യത്യസ്തമാകും. പലതിനും നമ്മുടേത് പോലുള്ള നക്ഷത്രക്കൂട്ടങ്ങളായി വികസിച്ച് വരാനാവില്ല. ഇതുപോലെ മൂലകങ്ങൾ ഉണ്ടാവില്ല. അവയിൽനിന്ന് പുത്രികാപ്രപഞ്ചങ്ങൾ ഉണ്ടാകാനുളള സാദ്ധ്യതയും കുറവാണ്. കാര്യങ്ങൾ എല്ലാം വളരെ കൃത്യമായി വന്ന ഒരു പ്രപഞ്ചത്തിലിരുന്നു നമ്മൾ സംസാരിക്കുന്നു.

ഇവിടുത്തെ പ്രശ്നം, ഒന്നാമതായി തന്റെ പരികല്പനകൾ തെളിവുകളുള്ള ശാസ്ത്രസിദ്ധാന്തമാണെന്ന് സ്മോളിൻ അവകാശപ്പെടുന്നില്ല. സ്പെക്യുലേറ്റീവ് ആയ ഭാഗങ്ങളുണ്ടെന്ന് പറയുകയും അവ ഏതൊക്കെയെന്ന് പുസ്തകത്തിൽ സൂചിപ്പിക്കയും ചെയ്യുന്നുണ്ട്. പരികല്പനകൾ കൂടുതൽ കൃത്യത നേടുമെന്നും പരോക്ഷമായെങ്കിലും തെളിവുകൾ ലഭിക്കുമെന്നും അദ്ദേഹത്തിന് പ്രതീക്ഷയുണ്ടാവാം. പക്ഷേ മുൻപറഞ്ഞ പരികല്പനകളൊക്കെ വിമർശനാത്മകമായി വിലയിരുത്തപ്പെട്ടിട്ടുള്ളതാണ്. പുത്രികാപ്രപഞ്ചങ്ങൾ ഉണ്ടാകുന്നുവെന്നതിന് സൈദ്ധാന്തിക ചട്ടക്കൂട് കൃത്യമായി രൂപീകരിക്കപ്പെട്ടിട്ടില്ലെന്നും പരോക്ഷമായ തെളിവുകൾ പോലും ലഭിക്കാൻ സാദ്ധ്യതയില്ലെന്നും വിമർശനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. അതുപോലെ നമ്മുടെ പ്രപഞ്ചത്തിൽനിന്ന് വ്യത്യസ്തമായ പ്രപഞ്ചങ്ങൾ നിലനില്ക്കുന്നുണ്ടോ എന്ന് പരിശോധിക്കുക സൈദ്ധാന്തികമായി പോലും സാദ്ധ്യമാകുമോ എന്നും സംശയമാണ്. ലേഖകന്റെ അഭിപ്രായത്തിൽ പ്രപഞ്ചത്തെക്കുറിച്ച് ശാസ്ത്രീയമായ ഒരു പുതിയ വിശദീകരണവും നല്കാത്ത, എന്നാൽ കേൾക്കാനിമ്പമുളള ഒരു കഥയാണ് ഡാർവിനിയൻ കോസ്മോളജി.

ക്വാണ്ടം ഡാർവിനിസത്തിന്റെ കഥയും ഏതാണ്ട് ഇതുതന്നെയാണ്. ക്വാണ്ടം ബലതന്ത്രത്തിന്റെ വ്യാഖ്യാനപരവും ജ്ഞാനശാസ്ത്രപരവുമായ ഒരു മേഖലയിലാണ് ഡാർവിനിയൻ സിദ്ധാന്തത്തിന്റെ സദൃശരൂപത്തിലുള്ള പരികല്പനകൾ പ്രയോഗിക്കുന്നത് എന്നുമാത്രം പറയുന്നു. പരോക്ഷമായ ചില പ്രാഥമിക തെളിവുകൾ അവകാശപ്പെട്ടുന്നുമുണ്ട്. അതീവ സാങ്കേതികമായ ചർച്ചയിലേക്ക് കടക്കുന്നില്ല.

രവിചന്ദ്രൻ ഇതൊക്കെ അവതരിപ്പിക്കുന്നത് സുസ്ഥാപിതമായ ശാസ്ത്രസിദ്ധാന്തങ്ങളുടെ രീതിയിലാണ്. ഉപജ്ഞാതാക്കൾക്കുപോലും അങ്ങനെയൊരു അവകാശവാദമില്ല. ബയോളജിക്കൽ എവലൂഷനിൽനിന്ന് സ്വതന്ത്രമായ ഒരു നാച്ചുറൽ സെലക്ഷൻ ഉണ്ടെന്നും അതാണ് തീവണ്ടിക്കഥയിലൂടെ വ്യക്തമാക്കുന്നതെന്നും സ്ഥാപിക്കാനുള്ള വ്യഗ്രതയിലാണ് ഇതൊക്കെ പറയുന്നത്. പക്ഷേ ഡാർവിനിയൻ നാച്ചുറൽ സെലക്ഷനിൽ നിന്ന് പ്രചോദനമുൾക്കൊണ്ട സമാനപരികല്പനകൾ മാത്രമാണിതൊക്കെ. അല്ലാതെ പ്രപഞ്ചത്തിലെ സകല പ്രതിഭാസങ്ങളിലും പ്രയോഗക്ഷമമായ ശാസ്ത്രതത്വമല്ല.

ശാസ്ത്രപ്രചാരണമെന്ന പേരിൽ അറിഞ്ഞോ അറിയാതെയോ കൃത്യതയില്ലായ്മയും അബദ്ധങ്ങളും പ്രചരിപ്പിക്കപ്പെടുന്നു. സയൻസിലെ സങ്കല്പനങ്ങളും സംജ്ഞകളും ഒട്ടും അർത്ഥവ്യക്തതയില്ലാതെയാണ് പ്രയോഗിക്കുന്നത്.

സാമൂഹ്യചരിത്ര വിഷയങ്ങൾ

ചില സാമൂഹ്യചരിത്ര വിഷയങ്ങളിലും രവിചന്ദ്രൻ തന്റെ നാച്ചുറൽ സെലക്ഷൻ പ്രയോഗിക്കുന്നുണ്ട്. രാജ്യങ്ങളും സമൂഹങ്ങളും ഒരു രണ്ടാം ഭാഷ സ്വീകരിക്കുന്നതാണ് ഒരു സന്ദർഭം. സോവിയറ്റ് ചേരിയുടെയും സോവിയറ്റ് യൂണിയന്റെയും തകർച്ചക്കുശേഷം ചേരിയിലുണ്ടായിരുന്ന കിഴക്കൻ യൂറോപ്യൻ രാജ്യങ്ങൾ ഇംഗ്ലീഷ് രണ്ടാം ഭാഷയായി സ്വീകരിച്ച ചരിത്രമാണ് ചൂണ്ടിക്കാണിക്കുന്നത്. മുമ്പ് റഷ്യൻ ഭാഷ സ്വീകരിച്ചിരുന്നവർ അതുപേക്ഷിച്ച് ഇംഗ്ലീഷ് സ്വീകരിച്ചു. ക്ലാസിക്കൽ ഭാഷകളായ ലാറ്റിനോ ഗ്രീക്കോ, ഇനി ജർമനോ അല്ല പോളണ്ടും സെർബിയയുമൊക്കെ സ്വീകരിച്ചത്. ഇത് നാച്ചുറൽ സെലക്ഷനാണെന്നാണ് വാദം. മുമ്പ് റഷ്യൻ ഉപയോഗിച്ചിരുന്നത് നാച്ചുറൽ സെലക്ഷന് വിരുദ്ധമാണെന്നും വ്യംഗ്യം. സംഗതിയുടെ ചരിത്രപരമായ സാധുത നമുക്ക് അങ്ങനെതന്നെ സ്വീകരിക്കാം. ഒരു രണ്ടാം ഭാഷ പഠനത്തിനായി സ്വീകരിക്കാൻ സർക്കാരോ സമൂഹമോ തീരുമാനിക്കുന്നത് പല കാര്യങ്ങൾ പരിഗണിച്ചാണ്. പ്രഭാഷണമദ്ധ്യേ രവിചന്ദ്രൻ പ്രധാനപ്പെട്ട ഒരു ഘടകം പറയുന്നുണ്ട്. പൊളിറ്റിക്കൽ ഇൻഫ്ലൂവൻസ് അഥവാ രാഷ്ട്രീയ സ്വാധീനം. അത് വെറുതെ സ്വാഭാവികമായി ഉണ്ടാകുന്നതാണോ? സോവിയറ്റ് ചേരിയിൽ പെട്ടിരുന്നതുകൊണ്ടാണല്ലോ കിഴക്കൻ യൂറോപ്യൻ രാജ്യങ്ങൾ റഷ്യൻ ഭാഷ സ്വീകരിച്ചിട്ടുണ്ടാവുക. അല്ലെങ്കിൽ നിർബന്ധിതരായത്. ലോകമെമ്പാടും ഇംഗ്ലീഷ് തുടക്കത്തിൽ സ്വീകരിച്ചതെങ്ങനെയാണ്? ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ സ്വാധീനത്തിൽ തന്നെയല്ലേ? ഇനി സാമ്രാജ്യവും രവിചന്ദ്രന്റെ അഭിപ്രായത്തിൽ നാച്ചുറൽ സെലക്ഷനായിരിക്കാം. വിജ്ഞാനത്തിന്റെ ഭാഷ എന്ന നിലയിൽ ജർമ്മൻ ഭാഷയുടെ പ്രാധാന്യം കുറഞ്ഞത് എന്ത് കൊണ്ടാണെന്ന് ചരിത്രം പറഞ്ഞുതരുന്നുണ്ട്. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം അമേരിക്കക്കും ബ്രിട്ടനുമുണ്ടായിരുന്ന മേൽക്കൈ ഇംഗ്ലീഷിന്റെ സ്വീകാര്യത വർദ്ധിപ്പിച്ച ഘടകമാണ്. ഇന്ന് പക്ഷേ ഇംഗ്ലീഷിനെ സാമ്രാജ്യത്വത്തിന്റെ ഭാഷയായൊന്നും കാണേണ്ട കാര്യമേയില്ല. ലോകമെമ്പാടും അത് വിജ്ഞാനത്തിന്റെ ഭാഷയായി മാറിക്കഴിഞ്ഞു.

ക്രിസ്ത്യാനികളുടെ ബൈബിളിൽ നാല് സുവിശേഷങ്ങളാണുള്ളത്. തുടക്കകാലത്ത് മറ്റ് ചിലതൊക്കെയുണ്ടായിരുന്നു. പക്ഷേ ബൈബിൾ ക്രോഡീകരിക്കപ്പെട്ട പ്രക്രിയയിൽ മറ്റുള്ളവ ഒഴിവാക്കി. അതും രവിചന്ദ്രന് നാച്ചുറൽ സെലക്ഷൻ ആണ്. അല്പമെങ്കിലും ചരിത്രബോധമുള്ളവർ കേട്ട് ചിരിക്കുകയേയുള്ളൂ. കൂടുതൽ ചർച്ച ചെയ്യുന്നില്ല. യഥാർഥത്തിൽ ഒരു സാംഗത്യവുമില്ലാത്തയിടങ്ങളിൽ, എന്തെങ്കിലും ഉൾക്കാഴ്ചയ്ക്ക് കാരണമാകുകയോ അർത്ഥോത്പാദനം നടത്തുകയോ ചെയ്യാത്ത നാച്ചുറൽ സെലക്ഷൻ കാർഡ് എടുത്ത് വീശുകയാണ്.

അനുമാനങ്ങൾ

രവിചന്ദ്രന്റെ അഭിമുഖവും പ്രഭാഷണവും പരിശോധിക്കുമ്പോൾ വ്യക്തമാകുന്ന ചില കാര്യങ്ങളുണ്ട്. അവ പറയും മുമ്പേ ഒരു ഡിസ്ക്ലെയിമർ അഥവാ ബാദ്ധ്യതാ നിരാകരണത്തിന്റെ ആവശ്യമുണ്ട്. ഒരു നാസ്തികപ്രചാരകന്റെ ഒറ്റ പ്രഭാഷണവും ഒരഭിമുഖവും വിശകലനം ചെയ്ത് കേരളത്തിലെ നവനാസ്തികരുടെ നിലപാടുകളെക്കുറിച്ച് പൊതു നിഗമനങ്ങൾ നടത്താൻ കഴിയില്ല. ഒരു പ്രത്യേക നാസ്തിക ഗ്രൂപ്പിനെക്കുറിച്ചായാലും അങ്ങനെ തന്നെ. അതുകൊണ്ട് പരിമിതമായ ഒരു 'കേസ് സ്റ്റഡി'യിൽ നിന്നെത്തുന്ന അനുമാനങ്ങളായി കണ്ടാൽ മതി ഇനി പറയുന്ന കാര്യങ്ങൾ.

ഒന്ന്: ശാസ്ത്രപ്രചാരണമെന്ന പേരിൽ അറിഞ്ഞോ അറിയാതെയോ കൃത്യതയില്ലായ്മയും അബദ്ധങ്ങളും പ്രചരിപ്പിക്കപ്പെടുന്നു. സയൻസിലെ സങ്കല്പനങ്ങളും സംജ്ഞകളും ഒട്ടും അർത്ഥവ്യക്തതയില്ലാതെയാണ് പ്രയോഗിക്കുന്നത്.

രണ്ട്: തികച്ചും ആധികാരികമെന്ന മട്ടിൽ ധാരണാപ്പിശകുകളും വൈരുദ്ധ്യങ്ങളും ഒരുതരം ഉപരിപ്ലവയുക്തിയുടെ സഹായത്തോടെ തറപ്പിച്ചു പറയുന്നു.

മൂന്ന്: പാതി വെന്ത ആശയങ്ങൾ മടി കൂടാതെ സാംഗത്യമില്ലാത്ത പല മേഖലകളിലും പ്രയോഗിക്കുന്നു.

നാല്: പാശ്ചാത്യ നവനാസ്തികരുടെ സവിശേഷതയായി പറയപ്പെടുന്ന 'മോറൽ ഹൈ ഗ്രൗണ്ട്' നിലപാടിനൊപ്പം ഒരു 'എപ്പിസ്റ്റമോളജിക്കൽ ഹൈ ഗ്രൗണ്ട്' നിലപാട് കൂടിയുണ്ട് കേരളത്തിലെ അനുകർത്താക്കൾക്ക്. അതുകൊണ്ട് വൈജ്ഞാനിക പ്രചാരണത്തിന്റെ ബാദ്ധ്യതയും അവകാശവും പ്രത്യേകമായി ഉണ്ടെന്ന മട്ടിലാണ് കാര്യങ്ങൾ അവതരിപ്പിക്കുന്നത്.

അങ്ങനെ സകലയിടങ്ങളിലും പ്രയോഗക്ഷമമായ നാച്ചുറൽ സെലക്ഷൻ എന്ന 'ദിവ്യ മന്ത്രം' സയൻസിന്റെ കവചമണിയിച്ച് അവതരിപ്പിക്കുകയാണ് ചെയ്യുന്നത്. ഒരു തരത്തിലുള്ള ബയോളജിക്കൽ ഡിറ്റർമിനിസമാണത്. വിധിവിശ്വാസത്തിന്റെ അപരരൂപം. എല്ലാം ഒരേസമയം തികച്ചും യാദൃച്ഛികവും എന്നാൽ അനിവാര്യവുമായി നടക്കുന്നു എന്നാണ് പറയുന്നത്. അങ്ങനെയൊരു ആശയസംഹിത പിൻപറ്റിയാൽ എന്ത് കാര്യത്തിനും നാച്ചുറൽ സെലക്ഷൻ എന്ന പേരു കൊടുത്താൽ കൃത്യമായ ന്യായീകരണമായി. ഏതുതരം യാഥാസ്ഥിതിക ചിന്തയ്ക്കും മേൽക്കോയ്മാവാദങ്ങൾക്കും ന്യായീകരണങ്ങൾ ചമക്കാൻ എളുപ്പമാവും. താല്പര്യമില്ലാത്തവയെ അതേത് നൈതികനിലപാടായാലും നാച്ചുറൽ സെലക്ഷന് വിരുദ്ധമെന്ന് നാല് ന്യായങ്ങൾ നിരത്തി മുദ്ര കുത്താനും കഴിയും. അതുകൊണ്ട് പ്രതിലോമകരമായ ആശയസംഹിതകളുടെ ബീജാവാപമാണ് ഇത്തരം പ്രഭാഷണങ്ങളിലൂടെ നടക്കുന്നത്.
സയൻസ് മറയാണ്.
പറയുന്നത് പലതും സയൻസല്ലതാനും.

അവലംബം
1.Kettell, S. What’s really new about New Atheism?. Palgrave Commun 2, 16099 (2016). https://doi.org/10.1057/palcomms.2016.99.
2.Stephen LeDrew, Chapter 2 The New Atheism in the book The Evolution of Atheism: The Politics of a Modern Movement. https://doi.org/10.1093/acprof:oso/9780190225179.003.0003, Pages 38–54.
3.Gregory, T.R. Understanding Natural Selection: Essential Concepts and Common Misconceptions. Evo Edu Outreach 2, 156–175 (2009). https://doi.org/10.1007/s12052-009-0128-1.
4.Evelyn Fox Keller, The Century of the Gene, Harvard University Press, 2002.
5.Mary Jane West-Eberhard, Developmental Plasticity and Evolution,OUP, 2003.
6.സി രവിചന്ദ്രൻ, അഭിമുഖം, ചോദ്യം ശരിയല്ല.
7.സ്വാഭാവിക തിരഞ്ഞെടുപ്പ് | Natural Selection | Ravichandran C | RC LIVE, AntiVirus. https://www.youtube.com/watch?v=tqp1HGvl0vI.
8.Dickey Zakaib, G. The peppered moth's dark genetic past revealed. Nature (2011).
9.Van't Hof AE, Campagne P, Rigden DJ, Yung CJ, Lingley J, Quail MA, Hall N, Darby AC, Saccheri IJ. The industrial melanism mutation in British peppered moths is a transposable element. Nature. 2016 Jun 2;534(7605):102-5.
10.Nall, J. (2008). Fundamentalist Atheism and its Intellectual Failures. Humanity & Society, 32(3), 263-280. https://doi.org/10.1177/016059760803200304.
11.Social Darwinism: Misrepresenting Evolution | AMNH, https://www.amnh.org/exhibitions/darwin/evolution-today/social-darwinism.
12.Rudiger Vaas, Is there a Darwinian Evolution of the Cosmos? Some Comments on Lee Smolinüs Theory of the Origin of Universes by Means of Natural Selection Rudiger Vaas, https://arxiv.org/pdf/gr-qc/0205119.
13.George Ellis, "A Darwinian Universe?," Nature, Nature, vol. 387(6634), pages 671-672, 1997.
14. Lee Smolin, The Life of the Cosmos, OUP, 1999.
15.Zurek, W. Quantum Darwinism. Nature Phys 5, 181–188 (2009).


Summary: ജൈവപരിണാമം എന്ന വിഷയത്തിൽ കേരളത്തിലെ നവനാസ്തികർ പ്രചരിപ്പിക്കുന്ന അബദ്ധധാരണകളെയും പ്രതിലോമകരമായ ആശയങ്ങളെയും തുറന്നുകാട്ടുന്നു. സി. രവിചന്ദ്രന്റെ പ്രഭാഷണവും അഭിമുഖങ്ങളുമാണ് ഈ വിമർശനത്തിനാധാരം.


പ്രസാദ് അലക്സ്

കെമിസ്ട്രി അദ്ധ്യാപകൻ, ശാസ്ത്രലേഖകൻ. കെമിസ്ട്രിയിൽ  ഡോക്ടറേറ്റും ബയോ ഇൻഫോമാറ്റിക്സിൽ ബിരുദാനന്തര ഡിപ്ലോമയുമുണ്ട്. 'ലൂക്ക' ഓൺലൈൻ സയൻസ് പോർട്ടലിൻറെ എഡിറ്റോറിയൽ ബോർഡ് അംഗം. ഡ്രഗ് ഡിസൈനിങ്, ജൈവപരിണാമം എന്നീ വിഷയങ്ങളിൽ ഗവേഷണം നടത്തുന്നു. ചുങ്കത്തറ മാർത്തോമാ കോളേജിലെ കെമിസ്ട്രി വിഭാഗം മുൻ മേധാവി. നിരവധി ഗവേഷണപ്രബന്ധങ്ങളും ശാസ്ത്രലേഖനങ്ങളും നാല് ശാസ്ത്രഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. അപ്പോൾ നാം ദൈവത്തിൻറെ മനസ്സറിയും, മാലിന്യ സംസ്കരണവും കാലാവസ്ഥാവ്യതിയാനവും, കോവിഡും കോവിഡാന്തരവും ശാസ്ത്രത്തിൻറെ കണ്ണിലൂടെ, പയർ വള്ളികൾ സ്നേഹിച്ച പാതിരി - ഗ്രിഗർ ജോഹാൻ മെൻഡലിൻറെ ജീവിതകഥ എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments