വേണം, മലയാളീ കസവ് പർദ്ദകൾ

‘‘അടുത്ത വർഷം കസവു കൊണ്ടുള്ള പർദ്ദ വിപണിയിലിറക്കണം. ഖാദി ബോർഡിന് ഇത് ആലോചിക്കാവുന്നതാണ്. കറുത്ത, നമ്മുടെ കാലാവസ്ഥയ്ക്ക് ഒട്ടും ഇണങ്ങാത്ത കറുത്ത പർദ്ദക്കു പകരം കസവ് പർദ്ദകൾ. 'ഓണം കസവ് പർദ്ദകൾ' എന്ന പരസ്യവുമാവാം. പർദ്ദ കറുപ്പ് നിറത്തിൽ തന്നെ വേണം എന്ന മിത്തിനെ പൊളിച്ചെഴുതണം. പർദ്ദ തന്നെ തന്നെ ഒരു മിത്തല്ലേ?’’

ണം നമ്മുടെ, അതായത് മലയാളികളുടെ, ഹൃദയം കവരുന്ന ഒരു ആഘോഷമാണിന്ന്. കൃത്യമായി പറഞ്ഞാൽ, മുസ്‍ലിം സ്ത്രീകളുടെയും ന്യൂ ജെൻ മുസ്‍ലിം കുട്ടികളുടെയും വമ്പിച്ച ഉത്സവ പങ്കാളിത്തം കൊണ്ടാണ് ഓണത്തിന് ഇപ്പോഴുള്ള ഈ ഇമ്പവും ചാരുതയും ഒക്കെ വന്നത്. മലയാളി സെക്യുലർ മുസ്‍ലിം യൂത്ത് കൾച്ചർ ഓണത്തെ കൈയേൽക്കാൻ തുടങ്ങിയപ്പോൾ ഓണം ഒരു തരത്തിൽ മതാതീമായ മൈത്രിയുടെ ഉത്സാഹപ്പെരുന്നാളായി. എന്തായാലും കള്ളവും ചതിയും എള്ളോളമില്ലാത്ത ഒരു കാലത്തെക്കുറിച്ചാണല്ലൊ ആ മിത്ത്. പല തരം മിത്തുകൾ മുസ്‍ലിംകൾ കൊണ്ടുനടക്കുന്നുണ്ട്. ഒരു തരത്തിൽ പറഞ്ഞാൽ മിത്തുകൾ കൊണ്ടു കോർത്തു വെച്ച മുത്തുമാലയാണ് മതം. മിത്തുകളാണ് അതിൻ്റെ സൗന്ദര്യം. മനുഷ്യ ശരീരത്തിൻ്റെ ഇടതും വലതും ഇരുന്ന് രണ്ടു മാലാഖമാർ മനുഷ്യരുടെ നന്മതിന്മകൾ എഴുതി വെക്കുന്നു എന്ന കാര്യത്തിൽ, ഒരെഴുത്തുകാരൻ, എന്ന നിലയിൽ എനിക്കൊട്ടും സംശയമില്ല. നന്മതിന്മകളുടെ ആ കിത്താബ് പരലോകത്തു വെച്ച് ദൈവസന്നിധിയിൽ ഹാജരാക്കപ്പെടുമെന്ന കാര്യത്തിലും സംശയമില്ല. ദൈവം കഥകൾ ഇഷ്ടപ്പെടുന്നു. കോടാനുകോടി മനുഷ്യരുടെ നന്മ തിന്മകളുടെ കഥകൾ വായിച്ച് ദൈവം അത്ഭുതപ്പെടാതിരിക്കില്ല. ജീവിതത്തിന് അത്ഭുതമെന്ന് വേണമെങ്കിൽ ഒരു പര്യായ പദം കൂടി എഴുതിച്ചേർക്കാം.

ഒരു രാജാവിനെ പാതാളത്തിൽ ചവിട്ടിത്താഴ്ത്തി. വർഷത്തിലൊരിക്കൽ ആ രാജാവ് മനുഷ്യരെ കാണാൻ വരുന്നു. ആ രാജാവ് ജീവിച്ചിരുന്ന കാലത്തെ പ്രജകളല്ല, ന്യൂ ജെൻ പ്രജകളാണ്. കാലമെത്രയോ കടന്നുപോയി. സോഷ്യലിസം എന്ന ആശയം തന്നെ പ്രയോഗതലത്തിൽ കുറ്റിയറ്റു പോയി. 'സോഷ്യൽ മീഡിയ' എന്ന പുതിയൊരു സംഭവം വാക്യത്തിലും പ്രയോഗത്തിലും വന്നു. മൂല്യങ്ങളെ കുറിച്ചുള്ള പുനരെഴുത്തുകളും പുനർവായനകളും വന്നു. ഉദാഹരണത്തിന് നമ്മുടെ കുട്ടിക്കാലത്ത് കേട്ട 'കുണ്ടന്മാർ' എന്ന വാക്കിപ്പോൾ അങ്ങനെ ആരും പ്രയോഗിക്കാറില്ല. വാക്യത്തിൽ അതിന് പുതിയ പ്രയോഗം വന്നു. ലൈംഗികത, സദാചാരം, മാർക്കറ്റിങ്ങ്, ബാങ്കിടപാടുരീതികൾ എല്ലാം മാറി. ഗോട്ടി കൊണ്ടു മൂടിയ കുപ്പിക്കഴുത്തുള്ള സോഡ പോലും മാറി. മാടായിയിൽ സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റ് നടക്കുന്ന ആ പഴയ കാലം ടീം മാനേജർ ഇൻ്റർവെൽ സമയത്ത്, പെരുവിലൽ അമർത്തി സോഡാ കുപ്പികൾ പൊട്ടിക്കുന്നത് കാണേണ്ട കാഴ്ച തന്നെയായിരുന്നു.

ഇപ്പോൾ ഇനി മാറ്റം വരേണ്ടത് മുസ്‍ലിം സ്ത്രീകൾ ധരിക്കുന്ന പർദ്ദയിലാണ്. പർദ്ദ വിപണിയിൽ പല നിറങ്ങളിലും തുണിത്തരങ്ങളിലും തുന്നൽ ഞൊറികൾ കൊണ്ട് അലങ്കരിക്കപ്പെട്ട നിലയിലും പർദ്ദകൾ വരുന്നുണ്ട്. എന്നാലും കറുത്ത പർദ്ദയാണ് കൂടുതലും. ഇന്ന് കണ്ണൂരിലെ പ്രധാനപ്പെട്ട ഒരു മാളിൽ  നിൽക്കുമ്പോൾ ഒരു ദൃശ്യം കണ്ടു. എഴുത്തുകാരുടെ ജന്മസ്വഭാവമായ വായ് നോട്ടമുള്ളതു കൊണ്ടാണ് ആ കാഴ്ച കണ്ടത്.

മൂന്നു പെൺകുട്ടികൾ.
ടീനേജ് പ്രായം.
രണ്ടു പെൺകുട്ടികൾ കസവുസാരി ഉടുത്തിട്ടുണ്ട്. ഒരാൾ പർദ്ദയാണ് ധരിച്ചത്. ആ പെൺകുട്ടി പർദ്ദ അഴിച്ചപ്പോൾ മനോഹരമായ, മറ്റേ കൂട്ടുകാർ ധരിച്ച പോലെ ലങ്കി മറിയുന്ന കസവുസാരി. കസവ് സാരിയുടെ മേൽ പർദ്ദയിട്ടാണ് ആ പെൺകുട്ടി വീട്ടിൽ നിന്നിറങ്ങിയത്. ഊരിയ പർദ്ദ ചുരുട്ടിക്കൂട്ടി ക്രോസ് ബാഗിൽ തിരുകി വെച്ച്, അവർ മൂവരും ഉല്ലാസവതികളായി നടന്നു. പർദ്ദ എന്ന മിത്ത് ആ പെൺകുട്ടി ഊരി എന്നു വേണമെങ്കിൽ പറയാം. വീട്ടിൽ നിന്നുതന്നെ കസവുസാരി ഉടുത്തൊരുങ്ങി പുറത്തിറങ്ങിവരാൻ കഴിയാത്ത ഏത് സാഹചര്യമായിരിക്കാം ആ പെൺകുട്ടി അഭിമുഖീകരിക്കുന്നത്?

മുൻകയ്യും മുഖവുമൊഴിച്ച് മറ്റെല്ലാം മറക്കാതിരുന്നാൽ നോട്ടം കൊണ്ടു മുൾമുനയിൽ നിർത്തുന്ന ഉപ്പ? ഉമ്മ? ആങ്ങള? ഭർത്താവ്?
ആർക്കറിയാം!

എന്തായാലും, അടുത്ത വർഷം കസവു കൊണ്ടുള്ള പർദ്ദ വിപണിയിലിറക്കണം. ഖാദി ബോർഡിന് ഇത് ആലോചിക്കാവുന്നതാണ്. കറുത്ത, നമ്മുടെ കാലാവസ്ഥയ്ക്ക് ഒട്ടും ഇണങ്ങാത്ത കറുത്ത പർദ്ദക്കുപകരം കസവ് പർദ്ദകൾ. 'ഓണം കസവ് പർദ്ദകൾ' എന്ന പരസ്യവുമാവാം. പർദ്ദ കറുപ്പ് നിറത്തിൽ തന്നെ വേണം എന്ന മിത്തിനെ പൊളിച്ചെഴുതണം. പർദ്ദ തന്നെ തന്നെ ഒരു മിത്തല്ലേ?

അങ്ങനെ ഓണത്തെ പുതുക്കണം. വസ്ത്ര സങ്കൽപങ്ങളിൽ പുതുപ്പിറവിയുണ്ടാകണം. ഓണത്തെപ്പറ്റിയുള്ള ഏറ്റവും ലളിതമായ നിർവചനം സദ്യ കൊണ്ട് സ്നേഹം, ഒരുമ 'ഊട്ടി'യുറപ്പിക്കുക എന്നതാണ്. ഇപ്പോൾ സാമ്പ്രദായിക സദ്യക്കുപകരം ബിരിയാണി വിളമ്പുന്നുണ്ട്. വെജിറ്റേറിയൻ സദ്യയ്ക്ക് ഫിഷ് പൊരിച്ചതുമുണ്ട്. ഇതെല്ലാം നാം കണ്ടുകൊണ്ടിരിക്കേ വന്ന മാറ്റങ്ങളാണ്. പർദ്ദയിലും അത്തരം മാറ്റങ്ങൾ വരാൻ സമയമായി.

ഇങ്ങനെയുള്ള മാറ്റങ്ങൾ വരുമ്പോൾ മുസാഫർ നഗറിൽ മുസ്‍ലിം കുട്ടിയെ നോക്കി അടിക്കാൻ പറഞ്ഞ ആ ഹിന്ദു വർഗീയ വൈറസ് ടീച്ചർ കേരളത്തിൽ അവതരിക്കില്ല എന്ന് നിങ്ങൾ കരുതുന്നുണ്ടോ? എനിക്കങ്ങനെ പ്രതീക്ഷയില്ല.
ഓണം പർദ്ദകൾ നിലവിൽ വിപണിയിൽ വന്നാൽ, മുസ്‍ലിം പുരുഷന്മാർ കസവു മുണ്ടുടുത്താൽ പോലും, ഹിന്ദു വർഗീയത എന്ന ദേശീയ പ്രതിഭാസത്തിൻ്റെ തുടർച്ചകൾ മൈത്രി മഴവില്ലഴകായി വിരിയുന്ന കേരളത്തിലും വരാം. പക്ഷെ, മുസ്‍ലിംകൾ അതും കടന്നു പോകും. 


താഹ മാടായി

എഴുത്തുകാരൻ, സ്വതന്ത്ര മാധ്യമപ്രവർത്തകൻ, ജീവചരിത്രകാരൻ. കണ്ടൽ പൊക്കുടൻ, മാമുക്കോയ ജീവിതം, സത്യൻ അന്തിക്കാടിന്റെ ഗ്രാമീണർ, കാരി, പുനത്തിലിന്റെ ബദൽജീവിതം തുടങ്ങിയ പ്രധാന പുസ്​തകങ്ങൾ.

Comments