"I should call Mr. Jeremy a genius of bourgeois stupidity'
Karl Marx, Das Kapital, vol. I. Footnote to Chapter XXII.
കേരളത്തിലെ നവയുക്തിവാദികളിൽ പ്രമുഖനായ സി. രവിചന്ദ്രൻ ഹിന്ദുത്വ രാഷ്ട്രീയത്തെ അനുകൂലിച്ച് നടത്തിയ ചില പരാമർശങ്ങൾ വിവാദമായിരിക്കുന്നു. യുക്തിവാദികളെ കൂടെ പാർട്ടിയിലേക്ക് ആകർഷിക്കണമെന്ന് കേരളത്തിൽ വെച്ച് ബി.ജെ.പി. കേന്ദ്ര അധ്യക്ഷൻ പറഞ്ഞതിനോട് കൂട്ടിച്ചേർത്തായിരുന്നു രവിചന്ദ്രന്റെ പ്രസംഗങ്ങളും ചർച്ച ചെയ്യപ്പെട്ടത്. രവിചന്ദ്രന്റെ പ്രസംഗങ്ങളിലെ ഓരോ വാചകവും അടർത്തിമാറ്റി അദ്ദേഹം സംഘപരിവാർ അനുകൂലിയാണെന്ന് സ്ഥാപിക്കുന്ന നിരവധി നിരീക്ഷണങ്ങൾ ഈ കാലത്ത് വന്നു. എന്നാൽ ഇത് രവിചന്ദ്രന്റെ നിലപാടുകളുടെയോ, രഹസ്യ അജണ്ടകളുടെയോ മാത്രം പ്രശ്നം എന്ന് കരുതാനാകില്ല. നവയുക്തിവാദികളിൽ തന്നെയുള്ള രവിചന്ദ്രൻ വിമർശകരേക്കാൾ നവയുക്തിവാദത്തിന്റെ യുക്തിയോട് ചേർന്ന് നിൽക്കുന്നത് രവിചന്ദ്രന്റെ നിലപാടുകളാണ്. അതിനാൽ രവിചന്ദ്രന്റെ ഈ നിലപാടുകൾ നവയുക്തിവാദത്തിന്റെ സ്വാഭാവികമായ പരിണിതിയാണ്. അതുകൊണ്ട് തന്നെ ഒരു വ്യക്തിയുടെ പരിമിതി എന്നതിനപ്പുറം കേരളത്തിൽ സമീപകാലത്ത് വലിയ സ്വീകാര്യത നേടിയ നവയുക്തിവാദം എന്ന "വ്യവസ്ഥാ സംരക്ഷക' ആശയത്തിന്റെ വിമർശമാണ് ഉയർന്നു വരേണ്ടത്.
സോവിയറ്റ് യൂണിയനിലെയും ഈസ്റ്റേൺ കമ്യൂണിസ്റ്റ് ബ്ലോക്കിലെയും പ്രതിവിപ്ലവങ്ങളോടെ മുതലാളിത്ത ചിന്തകർ യുക്തിവാദത്തെ "നിരീശ്വരവാദികളായ കമ്മ്യുണിസ്റ്റുകളുടെ' ഒരു ചിന്താ പദ്ധതി എന്ന നിലയിൽ കാണുന്നത് അവസാനിപ്പിച്ചു. തൊണ്ണൂറുകൾക്ക് ശേഷം പരമ്പരാഗത മതനിഷേധ യുക്തിവാദവും പുതിയ അസ്തിത്വപ്രതിസന്ധിയിൽപ്പെട്ടു. 2001 ലെ വേൾഡ് ട്രേഡ് സെന്റർ അക്രമവും തുടർന്നുള്ള അഫ്ഗാൻ, ഇറാഖ് അധിനിവേശവും തീർത്ത പുതിയ രാഷ്ട്രീയ അന്തരീക്ഷത്തിലാണ് നവയുക്തിവാദം കാലുറപ്പിക്കുന്നത്. അഫ്‌ഗാനിലെയും ഇറാഖിലെയും അമേരിക്കൻ അധിനിവേശത്തിനെതിരെ ദശലക്ഷങ്ങളുടെ പ്രതിഷേധമാണ് പാശ്ചാത്യ രാജ്യങ്ങളിൽ ഉൾപ്പെടെ നടന്നത്. ഈ അധിനിവേശത്തിനനുകൂലമായ യുക്തിയായി മുതലാളിത്ത ചിന്തകർ കൂട്ടുപിടിച്ചത് സ്ത്രീവിരുദ്ധവും, ജനാധിപത്യ വിരുദ്ധവുമായ ബാർബേറിയൻ മുസ്‍ലിം ഗോത്രങ്ങളിലേക്ക് ജനാധിപത്യവും ആധുനികതയും കയറ്റുമതി ചെയ്യാനുള്ള ചരിത്രദൗത്യമാണ് അഫ്‌ഗാനിലും ഇറാഖിലും അമേരിക്കയും നാറ്റോയും നിർവഹിക്കുന്നത്' എന്നതായിരുന്നു. ഇതിനായി ബൂർഷ്വാ ലിബറൽ ഫെമിനിസത്തെയും നവയുക്തിവാദത്തെയും പരമാവധി തങ്ങളുടെ സാംസ്കാരിക വ്യവസായ മാധ്യമങ്ങളിലൂടെ അവർ ഉപയോഗിച്ചു.
നവയുക്തിവാദം പ്രധാനപ്പെട്ട ഒരു ചിന്താപദ്ധതിയായി ലിബറൽ മാധ്യമങ്ങളിൽ നിറഞ്ഞു. റിച്ചാർഡ് ഡോക്കിൻസ്, ഡാനിയൽ ഡെന്നെറ്റ് , സാം ഹാരിസ് , ക്രിസ്റ്റഫർ ഹിച്ചൻസ് തുടങ്ങിയവരായിരുന്നു ഈ നവയുക്തിവാദത്തിന്റെ പ്രയോക്താക്കളിൽ പ്രമുഖർ. "ഇസ്‌ലാമും പാശ്ചാത്യ ലോകവും പരസ്പര നശീകരണത്തിന്റെ അറ്റത്തു നിൽക്കുന്ന ഒരു ലോകം ഉണ്ടാകാതിരിക്കണമെങ്കിൽ ക്രിസ്ത്യാനികൾ തങ്ങളുടെ വിശ്വാസത്തെ അവഗണിച്ചതു പോലെ മുസ്‌ലീംകളും തങ്ങളുടെ വിശ്വാസത്തെ അവഗണിയ്ക്കാൻ തയാറാകണം' എന്നായിരുന്നു ഈ ഘട്ടത്തിൽ സാം ഹാരിസ് ആവശ്യപ്പെട്ടത്. ബുർഖ ധരിച്ച മുസ്‍ലിം സ്ത്രീകളെ ഒരു വേസ്റ്റ് ബിന്നിനോടായിരുന്നു ഡോക്കിൻസ് ഉപമിച്ചത്. ഒരർഥത്തിൽ കൊളോണിയൽ കാലത്തെ "വെള്ളക്കാരന്റെ ഭാര(white mans burden)'ത്തിന്റെ ആധുനിക രൂപമാണ് നവയുക്തിവാദികൾ ഉയർത്തിയത്. ഇവരുടെ ചിന്താപദ്ധതിയാകട്ടെ കേവല മതനിഷേധ യുക്തിവാദത്തിൽ നിന്ന് വിഭിന്നമായി "സോഷ്യോ ബയോളജിയിലും അതിന്റെ ഉത്പന്നമായ പരിണാമ മനഃശാസ്ത്രത്തിലും' കേന്ദ്രീകരിച്ച ഒന്നാണ്. ആൺകോയ്മ, വെളുത്തവന്റെ അധീശത്വം തുടങ്ങിയ സകല പിന്തിരിപ്പൻ നിലപാടുകൾക്കും സാധുത നൽകുന്ന ജൈവനിർണയവാദമാണ് സോഷ്യോബയോളജി.
പത്തൊൻപതാം നൂറ്റാണ്ടിന്റെ അന്ത്യത്തോടെ യൂറോപ്പിൽ അതിശക്തമായ ട്രേഡ്‌യൂണിയൻ മുന്നേറ്റവും , വിപ്ലവ സംഘാടനവും നടന്നു. മുതലാളിത്ത വളർച്ചയുടെ ഈ ഉയർന്ന ഘട്ടത്തിൽ ശാസ്ത്രസാങ്കേതിക വിദ്യയുടെ വികാസത്തെ പ്രതീക്ഷയോടെ കാണാനും കൂടുതൽ മെച്ചപ്പെട്ട ഒരു ചൂഷണരഹിത ലോകം സാധ്യമാണെന്നും ജനങ്ങൾ, പ്രത്യേകിച്ച് തൊഴിലാളികൾ തിരിച്ചറിയാൻ തുടങ്ങി. ഇതിനെ നേരിടാൻ അതുവരെ സാധ്യമായിരുന്ന സംഘടിത മതത്തിന്റെയോ അടിച്ചമർത്തലുകളുടെയോ സാധ്യത പരിമിതമായ ഘട്ടത്തിലാണ് മുതലാളിത്തത്തെ ഒരു സ്വാഭാവിക (natural) സംവിധാനമായി അവതരിപ്പിക്കാനുള്ള മുതലാളിത്ത ചിന്തകരുടെ ശ്രമങ്ങൾ ആരംഭിക്കുന്നത്. അതിനായി അക്കാലത്ത് നിലനിന്നിരുന്ന പ്രകൃതിശാസ്ത്ര ചിന്തകളെ സാമൂഹികശാസ്ത്ര ചിന്തകളുമായി ബന്ധപ്പെടുത്തി അവതരിപ്പിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. അതിൽ ഏറ്റവും പ്രധാനമായിരുന്നു ഹെർബർട്ട് സ്പെൻസറുടെ സിദ്ധാന്തങ്ങൾ. ഡാർവിൻ പരിണാമസിദ്ധാന്തം അവതരിപ്പിക്കുന്നതിനു മുൻപേ തന്നെ ലാമാർക്കിയൻ സിദ്ധാന്തത്തെ ആസ്പദമാക്കി സ്‌പെൻസർ "അർഹതയുള്ളവരുടെ അതിജീവനം' എന്ന സിദ്ധാന്തത്തെ സാമൂഹികമായി അവതരിപ്പിച്ചു. പിന്നീട് ഡാർവിൻ ജീവജാതികളുടെ പരിണാമത്തെ വിശദീകരിച്ചപ്പോൾ അതിനെ വികലമാക്കി സാമൂഹിക വികാസത്തിന്റെയും നിയമങ്ങളാക്കി അവതരിപ്പിക്കാൻ ഈ സാമൂഹിക ഡാർവിനിസ്റ്റുകൾ തയാറായി. മുതലാളിത്ത വികാസത്തിൽ വലിയ സംരംഭങ്ങൾ അതിജീവിക്കുകയും ചെറുകിട / കുടിൽ വ്യവസായങ്ങൾ നശിക്കുകയും ചെയ്യുന്ന അവസ്ഥയെ അർഹതയുള്ളവരുടെ അതിജീവനമായി അവർ അവതരിപ്പിച്ചു. ഒരു തൊഴിലാളി മാനേജറായി സ്ഥാനക്കയറ്റം നേടുന്നത് ഇണചേരാനുള്ള മത്സരത്തിൽ ഒരു ശക്തനായ കടുവ അശക്തരായ കടുവകളെ തോൽപ്പിക്കുന്നതിനു തുല്യമായി വ്യാഖ്യാനിച്ചു. അതായത് മുതലാളിത്ത സമൂഹത്തിലെ ചൂഷണത്തിനും ദുരിതങ്ങൾക്കും കാരണം വ്യക്തിപരമായ നിങ്ങളുടെ അതിജീവനശേഷിയുടെ കുറവാണ് എന്ന് സ്ഥാപിക്കുവാനാണ് ഈ സാമൂഹിക ഡാർവിനിസ്റ്റുകൾ ശ്രമിച്ചത്.
നവയുക്തിവാദികളുടെ സാമൂഹികജൈവശാസ്ത്രത്തിന് നവീനമായ ഒരു യുക്തിയും അവർക്ക് മുന്നോട്ട് വെക്കാനില്ല. ലിംഗപരവും വംശീയവുമായ മേധാവിത്വത്തെ പോലും ഈ സിദ്ധാന്തത്തിലൂടെ ന്യായീകരിക്കാനാണ് പലപ്പോഴും ഇവർ തയാറാകുന്നതും. ബൗദ്ധികശേഷിയെ അളക്കാമെന്നും അത്തരം അളവുകളിൽ കറുത്തവർ ഉൾപ്പെടെയുള്ളവർ പിന്നോക്കം ആണെന്നും ചാൾസ് മുറെയെ പോലുള്ളവർ പ്രസ്താവിക്കുകയുണ്ടായി. സമാനമായ ശബ്ദത്തിൽ ഡോക്കിൻസ് പറഞ്ഞത് "സാർവ്വത്രികമായ സ്വാർത്ഥത നിറഞ്ഞ ഒരു ലോകം ജീവിക്കാൻ ഒട്ടും മെച്ചപ്പെട്ടതാകില്ല പക്ഷേ, നിർഭാഗ്യവശാൽ നിങ്ങൾ എത്ര തള്ളിപ്പറഞ്ഞാലും അത് സത്യമല്ലാതാകുന്നില്ല' എന്നായിരുന്നു. 1976 ൽ പുറത്തിറങ്ങിയ സെൽഫിഷ് ജീനിൽ നിന്നാണ് പ്രസ്തുത പരാമർശം. ബ്രിട്ടനിലും അമേരിക്കയിലും നവലിബറലിസത്തിന്റെ സൈദ്ധാന്തിക ന്യായീകരണങ്ങൾക്കായി മുതലാളിത്ത ചിന്തകർ രംഗത്തിറങ്ങിയ കാലത്തായിരുന്നു ഈ എഴുത്തും എന്നത് യാദൃശ്ചികമല്ല. പിന്നീട് "സമൂഹം എന്നൊന്നില്ല മറിച്ച് വ്യക്തികൾ മാത്രമേ ഉള്ളൂ' എന്ന് നവലിബറലിസത്തിന്റെ ഏറ്റവും പ്രധാന പ്രയോക്താവായ മാർഗരറ്റ് താച്ചർ പറയുന്നത് കൂടി കൂട്ടിവായിച്ചാലേ ഇത് പൂർണമാകൂ. സാമൂഹികമായ മുന്നേറ്റം എന്നൊന്നില്ലെന്നും പകരം നിർദാക്ഷിണ്യം പരസ്പരം മത്സരിക്കുന്ന വ്യക്തികൾ മാത്രമേ ഉള്ളൂ എന്നും അതിൽ "അർഹതയുള്ളവർ' അതിജീവിക്കുമെന്നുമുള്ള ഇത്തരമൊരു സിദ്ധാന്തത്തെ മുന്നോട്ട് വെക്കുന്നതിലൂടെ അക്രമോത്സുകമായ നവലിബറൽ ചൂഷണത്തെ സ്വാഭാവികവത്കരിക്കുകായാണിവിടെ. 80 കളിൽ തന്നെ സ്റ്റീഫൻ ജെഗോൾഡിനെ പോലുള്ള ജൈവശാസ്ത്രജ്ഞർ പൊളിച്ചടുക്കിയ സാമൂഹിക ജൈവവാദമെന്ന പുളിച്ചു നാറിയ സിദ്ധാന്തത്തെ പുതിയ കുപ്പിയിൽ അവതരിപ്പിക്കുക മാത്രമാണ് കേരളത്തിലെ വിക്കിപീഡിയ നവയുക്തിവാദികൾ.
സാമൂഹിക വികാസത്തിന് ജൈവപരിണാമത്തിന്റെ നിയമങ്ങളെ വികലമായി പ്രയോഗിക്കുന്നതിലൂടെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റേത് ഒരു സ്വാഭാവിക നിർധാരണമായി (നാച്ചുറൽ സെലക്ഷനെ അങ്ങനെയാണ് അവർ വായിക്കുന്നത്) അവതരിപ്പിക്കാവുന്നതേയുള്ളൂ. അതുകൊണ്ട് വ്യത്യസ്തവും പരസ്പര സംഘർഷത്തിൽ ഏർപ്പെട്ടതുമായ രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളിൽ അർഹതയുള്ള ഹിന്ദുത്വം അതിജീവിക്കുന്നു അഥവാ സ്വാഭാവിക തെരഞ്ഞെടുപ്പായി മാറുന്നു. സത്യത്തിൽ പരിണാമശാസ്ത്രവും സാമൂഹിക ശാസ്ത്രവും ഈ നവയുക്തിവാദികളുടെ കോഗ്നീഷന് പുറത്തൂടെ പറന്നുപോയി എന്നതാണ് അവരുടെ ഭാഷയിൽ തന്നെ നൽകാവുന്ന പരിമിതമായ വിശദീകരണം.
മനുഷ്യ ചരിത്രത്തിലെ മഹാഭൂരിപക്ഷ സമയവും മനുഷ്യർ പരസ്പര സഹകരണത്തിന്റെയും കൂട്ടായ ഇടപെടലിന്റെയും അടിസ്ഥാനത്തിലാണ് അതിജീവിച്ചു മുന്നേറിയതെന്നും കഴിഞ്ഞ മുന്നൂറോ നാനൂറോ വർഷത്തെ മുതലാളിത്ത അനുഭവത്തെ മാത്രം അടിസ്ഥാനമാക്കിയാണ് നവയുക്തിവാദം ""മനുഷ്യപ്രകൃതിയെ'' അവതരിപ്പിക്കുന്നതെന്നും അവർ തിരിച്ചറിയുന്നതേയില്ല. മനുഷ്യർ പ്രകൃതിയിൽ ബോധപൂർവം ഇടപെടുകയും അതിലൂടെ ഉത്പാദനം നടത്തുകയും ഈ പ്രക്രിയയിലൂടെ സ്വയം മാറുകയും പ്രകൃതിയെ മാറ്റുകയും ചെയ്യുന്നു. ഈ അധ്വാന പ്രക്രിയയാണ് അറിവ് സൃഷ്ടിക്കുന്നത്, ഇതാകട്ടെ വൈയക്തികമായ ഒന്നല്ല എല്ലാ അറിവുകളും സാമൂഹികമായ ഉത്പന്നമാണ്. ഈ അറിവുകളുടെ അമൂർത്ത രൂപമാണ് യുക്തിയായി മാറുന്നത്. എന്നാൽ തികച്ചും പുതിയ മൂർത്ത സാഹചര്യങ്ങളെ നേരിടേണ്ടി വരുമ്പോൾ ഈ യുക്തി ചിലപ്പോൾ പ്രതിസന്ധിയിൽ ആകും. അപ്പോൾ പുതിയ അറിവിലേക്കും അത് പരിഷ്കരിക്കപ്പെട്ട യുക്തിയിലേക്കും മുന്നേറുന്നു. അതായത് യുക്തി എന്നത് അമൂർത്തമായ ഒരാശയമായി മനുഷ്യമനസ്സിൽ താനേ ഉണ്ടാകുന്ന ഒന്നല്ല മറിച്ച് അറിവിന്റെ വികാസപ്രക്രിയയിൽ നിരന്തരമായി പരിഷ്കരിക്കപ്പെടുന്ന ഒന്നാണ്. അറിവാകട്ടെ സാമൂഹികമായ അധ്വാനത്തിന്റെ ഉത്പന്നവുമാണ്. ഈ അടിസ്ഥാന യുക്തിയാണ് നവയുക്തിവാദികൾക്ക് ഇല്ലാതെ പോകുന്നത്. യുക്തിയെ കേവലമായ ഒരാശയമായി കാണുന്നതിലൂടെ അത് ആശയവാദത്തിന്റെ തലത്തിലേക്ക് മാറുകയും ചെയ്യുന്നു. രണ്ടു ലക്ഷത്തോളം വർഷം നീളുന്ന മനുഷ്യ ചരിത്രത്തിൽ എന്തുകൊണ്ട് കഴിഞ്ഞ അഞ്ഞൂറ് വർഷത്തിനിടയിൽ ശാസ്ത്രസാങ്കേതിക വിദ്യയിലും, ആരോഗ്യ മേഖലയിലും എല്ലാം അഭൂതപൂർവമായ വളർച്ചയുണ്ടായി? അത് അറിവിന്റെ സ്വാഭാവികമായ സഞ്ജയപ്രക്രിയ ആണോ? എന്തുകൊണ്ട് ആ വികാസത്തിന്റെ മുഖ്യകേന്ദ്രങ്ങളായി യൂറോപ്പും പിന്നീട് അമേരിക്കയും മാറി? ശാസ്ത്രസാങ്കേതിക വിദ്യയിലെ അഭൂതപൂർവമായ വളർച്ചക്കിടയിലും എന്തുകൊണ്ടാണ് മഹായുദ്ധങ്ങളും, ചൂഷണവും, ദാരിദ്ര്യവും ഒരുവശത്ത് പെരുകുകയും മറുവശത്ത് ഒരു ചെറുന്യൂനപക്ഷം അതിന്റെ ഗുണഫലങ്ങൾ മുഴുവൻ കൈയടക്കുകയും ചെയ്യുന്നത് ? ഇത്തരം ചോദ്യങ്ങളോട് സംവദിക്കാൻ നവയുക്തിവാദത്തിന്റെ ലളിത യുക്തിക്ക് കഴിയില്ലാ എന്നതാണ് അതിന്റെ പ്രധാന പരിമിതി.
തന്റെ "ഗോഡ് ഈസ് നോട്ട് ഗ്രേറ്റ്' എന്ന പുസ്തകത്തിൽ ഹിച്ചെൻസ് പറയുന്നു "ടെലിസ്കോപ്പിനും മൈക്രോസ്കോപ്പിനും നന്ദി, ഇന്ന് മതം പ്രധാനപ്പെട്ട ഒന്നിന്റെയും വിശദീകരണത്തിന് ആവശ്യമല്ലാതായിരിക്കുന്നു.' ക്വാണ്ടം മെക്കാനിക്സ് മുതൽ ന്യൂറോ സയൻസ് വരെയുള്ള സകല ശാസ്ത്രത്തെയും ഉപയോഗിച്ച് മതവിശ്വാസത്തെ "പൊളിക്കാനും' വിശ്വാസികളെ പരിഹസിക്കാനുമാണ് നവയുക്തിവാദികളുടെ ഊർജ്ജത്തിന്റെ ഭൂരിഭാഗവും വിനിയോഗിക്കപ്പെടുന്നത്. എന്നാൽ ഈ യുക്തിവാദികളും , "എല്ലാ ശാസ്ത്രവും ഞങ്ങളുടെ പുസ്തകത്തിലുണ്ടെന്നു' പറയുന്ന ചില മതപണ്ഡിതരും ഒഴികെ മഹാഭൂരിപക്ഷം വിശ്വാസികളും പ്രപഞ്ചപ്രതിഭാസങ്ങളുടെ വിശദീകരണം എന്ന നിലക്കല്ല മതവിശ്വാസത്തെ ആശ്രയിക്കുന്നത്.
എന്തുകൊണ്ടാണ് ബഹുഭൂരിപക്ഷം വരുന്ന അധ്വാനിക്കുന്ന ജനങ്ങൾ, കർഷകർ, കർഷകത്തൊഴിലാളികൾ എല്ലാം മതവിശ്വാസത്തിന്റെ ചങ്ങലക്കെട്ടിൽ കുടുങ്ങിക്കിടക്കുന്നത്? "അവരുടെ അജ്ഞത' എന്നതാകും യുക്തിവാദത്തിന്റെ ഉത്തരം. അതിനാൽ അവരിലേക്ക് യുക്തിപകരുക അവരെ ബോധവാന്മാരാക്കുക എന്നതാകും അവരുടെ പരിഹാര മാർഗം. ഇതൊരു ഉപരിപ്ലവമായ ആശയവാദമാണ്. മതങ്ങളുടെ വേരിനെയോ അതിന്റെ ഭൗതികതലത്തെയോ സ്പർശിക്കുവാൻ ഈ വാദത്തിനാകില്ല. ആധുനിക സമൂഹങ്ങളിൽ മതത്തിന്റെ വേര് കിടക്കുന്നത് സാമൂഹിക പരിതഃസ്ഥിതിയിലാണ്. മുതലാളിത്തത്തിന്റെ വന്യമായ അക്രമോത്സുക ചൂഷണങ്ങളിൽ നിസ്സഹായനായ മനുഷ്യർ ഓരോ നിമിഷവും ഭീകരമായ കഷ്ടപ്പാടും, വന്യമായ വേദനയും അനുഭവിക്കാൻ നിർബന്ധിതരാകുന്നു. ഈ മുതലാളിത്ത ചൂഷണ ശക്തികളെക്കുറിച്ച് അവർ നേരിട്ട് അന്യരുമായിരിക്കും. അതുകൊണ്ട് ഈ നിസ്സഹായാവസ്ഥയോടുള്ള അവരുടെ പ്രതികരണം ഒരേ സമയം വിശ്വാസത്തിന്റെയും ഭയത്തിന്റെയും പ്രതീക്ഷയുടെയും തലങ്ങൾ ആവശ്യപ്പെടുന്നു. അതാണ് അവരെ മതങ്ങളിൽ ബന്ധിപ്പിച്ചു നിർത്തുന്നത്. അല്ലാതെ നവയുക്തിവാദികൾ കരുതുന്നത് പോലെ ബിഗ്‌ബാംഗ് എങ്ങനെയുണ്ടായി എന്ന അന്വേഷണത്തിന്റെ ഉത്തരം തേടിയൊന്നുമല്ല മഹാഭൂരിപക്ഷവും വിശ്വാസത്തിൽ എത്തുന്നത്. എന്നാൽ ഇതേ സംഘടിത മതം തന്നെ ബഹുഭൂരിപക്ഷത്തിനു മേലുള്ള ചൂഷണത്തെ സാധൂകരിക്കുകയും അതിനു ന്യായം ചമക്കുകയും ഇഹലോകത്തിലെ നരകതുല്യ ജീവിതത്തിനു പ്രതിഫലമായി പരലോകത്തെ സ്വർഗ്ഗം വാഗ്ദാനം ചെയ്യുകയും യഥാർഥ ചൂഷക വർഗ്ഗത്തെ സംരക്ഷിക്കുകയും ചെയ്യുന്നു. അതുകൊണ്ട് ഇഹലോകത്തെ കഷ്ടജീവിതത്തിന്റെ കാരണങ്ങളെ തിരിച്ചറിയുകയും അതിനെ തച്ചുതകർക്കാനുള്ള പ്രവർത്തനത്തിൽ ഏർപ്പെടുകയും ചെയ്യുന്നതിലൂടെയാണ് മതത്തിന്റെ ആവശ്യത്തെ ദൈനംദിന ജീവിതത്തിൽ മുറിച്ചുകടക്കാനാകൂ. അതാകട്ടെ നവയുക്തിവാദികളുടെ ഗിരിപ്രഭാഷണങ്ങളിലൂടെയും ബോധവത്കരണത്തിലൂടെയുമല്ല മറിച്ച് രാഷ്ട്രീയ പോരാട്ടത്തിലൂടെയാണ് സാധ്യമാകുക.
ഡ്യുറിംഗിനെതിരെയിൽ ഏംഗൽസ് പറയുന്നു "മനുഷ്യർക്ക് സ്വന്തം ജീവിതത്തെ നിയന്ത്രിക്കുന്ന ബാഹ്യശക്തികളുടെ വികലമായ പ്രതിഫലനങ്ങളാണ് എല്ലാ മതങ്ങളും, ഇഹലോകശക്തികൾ പരലോകശക്തികളായി മാറുന്ന പ്രതിഫലനം'. പ്രാചീന മനുഷ്യനെ സംബന്ധിച്ച് പ്രകൃതി ശക്തികളെയായിരുന്നു ഭയക്കാനുണ്ടായിരുന്നത് എന്നാൽ വർഗ്ഗസമൂഹത്തിന്റെ വികാസത്തോടെ മേൽകീഴ്‍ബന്ധങ്ങളും അവയുടെ ചൂഷണങ്ങളും ആരംഭിച്ചു . ഈ ഘട്ടത്തിലാണ് മനുഷ്യർ പ്രകൃതിശക്തികളെയെന്ന പോലെ സാമൂഹികശക്തികളെയും ഭയക്കാനും ഭയപ്പെടുത്താനും ഉപയോഗിക്കാൻ ആരംഭിക്കുന്നത് എന്നാൽ ഈ ശക്തികളുടെ സ്രോതസ്സ് അവർ തിരിച്ചറിയുന്നുമില്ല. അങ്ങനെ മതങ്ങൾ ഈ സാമൂഹികശക്തികളുടെ പ്രതിഫലനവുമായി മാറുന്നു. ബുദ്ധമതം, ഇസ്‌ലാം, ക്രിസ്ത്യാനിറ്റി തുടങ്ങിയവയെല്ലാം അതാത് ഘട്ടങ്ങളിലെ സാമൂഹിക സംഘർഷങ്ങളോടുള്ള ബഹുജനങ്ങളുടെ പ്രതികരണങ്ങളുടെ കൂടെ ഉത്പന്നങ്ങളാണ്. നവയുക്തിവാദികൾ ഈ സാമൂഹിക സാഹചര്യത്തെ പരിഗണിക്കുന്നേയില്ല മറിച്ച് അജ്ഞരായ ജനങ്ങൾ സ്വമേധയാ മതങ്ങളെ പിന്തുടരുന്നുവെന്ന ലളിതയുക്തിയാണ് അവിടെ പ്രവർത്തിക്കുന്നത്. ആധുനിക ഇന്ത്യയിൽ ഉയർന്നുവരുന്ന ആൾ ദൈവങ്ങളും കോർപ്പറേറ്റ് ലോകത്തെ മധ്യവർഗ്ഗത്തിന്റെ ജീവിതപ്രതിസന്ധികളെ സമർഥമായി ചൂഷണം ചെയ്യുന്ന ശ്രീ ശ്രീയെയും ജഗ്ഗി വാസുദേവിനെയും പോലുള്ള ആധുനിക അവതാരങ്ങളും മേൽസൂചിപ്പിച്ച അതേ സാമൂഹിക പ്രതിസന്ധിയുടെ ഉത്പന്നങ്ങളാണ്.
നവയുക്തിവാദം അഭിസംബോധന ചെയ്യുന്നത് അമൂർത്തമായ മനുഷ്യൻ എന്ന വിഭാഗത്തെയാണ്. മനുഷ്യൻ എന്നത് സാമൂഹിക ബന്ധങ്ങളുടെ ഉത്പന്നമാണ്. അതിൽ നിന്നും അടർത്തിമാറ്റിയ അമൂർത്തമായ ഒരു മനുഷ്യൻ ഇല്ല. അവൻ(ൾ) ജീവിക്കുന്ന സമൂഹം, ഭരണകൂടം, വ്യവസ്ഥാ ഇതെല്ലാം ചേർന്നാണ് മനുഷ്യനെ സൃഷ്ടിക്കുന്നത്. എന്നാൽ നവയുക്തിവാദമാകട്ടെ വിശ്വാസത്തെയും വിശ്വാസിയെയും ഈ സാമൂഹിക വ്യവസ്ഥാ ചുറ്റുപാടിൽ നിന്നും അടർത്തിമാറ്റി അമൂർത്തമായ ഒന്നായി പ്രതിഷ്ഠിക്കുന്നു. വിശ്വാസം ആവശ്യമായി വരുന്ന സാമൂഹിക വ്യവസ്ഥയെ അത് പരിഗണിക്കുന്നേ ഇല്ല. മനുഷ്യരിൽ ശാസ്ത്രബോധം സൃഷ്ടിക്കണമെങ്കിൽ വിശ്വാസം നൽകുന്ന മിഥ്യാ പ്രതീക്ഷയേയും ആനന്ദത്തെയും ആശ്രയിക്കുന്ന അവസ്ഥ ഇല്ലാതാകണം. അതിനാകട്ടെ മനുഷ്യരിൽ കഷ്ടതയും നിരാശയും നിറയ്ക്കുന്ന വ്യവസ്ഥിതിയെ തുറന്നു കാട്ടുകയും യഥാർഥ ആനന്ദവും പ്രതീക്ഷയും സാധ്യമാകുന്ന വ്യവസ്ഥിതിക്കായുള്ള പോരാട്ടത്തെ ശക്തിപ്പെടുത്തുകയും വേണം. മാർക്സിന്റെ ഭാഷയിൽ സ്വർഗത്തിനെതിരായ വിമർശനത്തെ ഭൂമിക്കെതിരായ വിമർശനവും, മതത്തിനെതിരായ വിമർശനത്തെ ചൂഷകവർഗ്ഗത്തിനെതിരായ വിമർശനവും, ദൈവശാസ്ത്രത്തിനെതിരായ വിമർശനത്തെ ചൂഷകരാഷ്ട്രീയത്തിനെതിരായ വിമർശനവുമാക്കി മാറ്റണം. വിശ്വാസിയുടെ മിഥ്യാപ്രതീക്ഷകളെ പോലും പരിഹസിച്ചും, നിലനിൽക്കുന്ന ചൂഷകവ്യവസ്ഥക്ക് ന്യായീകരണങ്ങൾ ചമച്ചും മുന്നേറുന്ന നവയുക്തിവാദത്തിന് അതിനുള്ള കഴിവുണ്ടാകില്ല. അവർക്ക് ചെയ്യാനാകുന്നത് നിലനിൽക്കുന്ന സമൂഹത്തെ സ്വാഭാവിക വ്യവസ്ഥയായും ചൂഷണത്തെ അർഹതയുള്ളവരുടെ അതിജീവനമായും വ്യഖ്യാനിച്ച് ഭരണവർഗ്ഗങ്ങൾക്ക് വേണ്ടി ഗിരിപ്രഭാഷണങ്ങൾ നടത്തി ആനന്ദമടയുക എന്നത് മാത്രമാണ്, ഇന്ത്യൻ സാഹചര്യത്തിൽ അതിന്റെ സ്വാഭാവിക പരിണാമമാണ് നവലിബറൽ-ഹിന്ദുത്വത്തിന്റെ കോടാലിക്കൈയാകുക എന്നത്. അതാണ് ഇപ്പോൾ സംഭവിക്കുന്നതും.